ഭാഗം 2
സാറയുടെ കണ്ണുകൾ കലങ്ങി വരുന്നുണ്ടായിരുന്നു. ദേഷ്യം കൊണ്ട് ആ മുഖം ചുവന്നു. റോസ് ആവട്ടെ കരച്ചിലും, സ്കൂൾ വിട്ടിട്ട് കുറെ നേരമായി, അപ്രതീക്ഷിതമായി പെയ്ത മഴയായത് കാരണം ഇവർ രണ്ട് പേരും ഒരു കടത്തിണ്ണയിൽ കയറി നിന്നു.
മഴയുടെ ആരവം കുറച്ചൊന്നു നിലച്ചപ്പോ ഇവർ റോഡിലേക്ക് ഇറങ്ങിയതായിരുന്നു. അപ്പോൾ ഏതോ ഒരുത്തൻ വെള്ളം തെറിപ്പിച്ചു കൊണ്ട് തന്റെ കാറിൽ പറന്നു പോയി. രണ്ട്പേരുടെയും ഉടുപ്പ് മുഴുവൻ ചെളിവെള്ളം പരന്നു. പിന്നെയെങ്ങിനെ ഇവർക്ക് ദേഷ്യം വരാതിരിക്കും.
ഒരേ ഞെട്ടിൽ വിരിഞ്ഞ രണ്ട് ഇരട്ടകൾ ആണെങ്കിലും മനോഹരമായ രണ്ട് വ്യത്യസ്‌ഥ പുഷ്പമാണവർ. ഐക്കരയാകെ ഈ കൊച്ചു സുന്ദരികളുടെ കിളിമൊഴിയും, പാദസ്പർശനവും ഏറ്റ് കുളിര് കൊണ്ടു. രൂപം പോലെ തന്നെ സ്വഭാവത്തിലുമുണ്ട് ഇവർക്ക് വ്യത്യസ്ഥത. റോസിന് മുടി രണ്ട് ഭാഗവും പിന്നിയിട്ട് മുന്നിലേക്ക് ഇടാൻ ആണ് താല്പര്യം. എന്നാൽ സാറ മുടി ഒരിക്കലും കെട്ടി വെക്കില്ല. കളിക്കൂട്ടുകാരായ അല്ലുവും, ക്രിസ്റ്റിയുമൊക്കെ സാറയെ ഐക്കര യിലുള്ള 'യക്ഷി' എന്നാണ് വിളിക്കുക. പട്ടു പാവാടയും, ബ്ലൗസും ആണ് ഇവരുടെ സ്ഥിരം വേഷം. ഇതിൽ സാറക്ക് ഇഷ്‌ടം കടുത്ത നിറത്തോട് ആണെങ്കിൽ, റോസിന് നേരെ മറിച്ചും.കുഞ്ഞു കല്ലുകളോട്കൂടിയ ജിംകി കമ്മൽ, ഡ്രെസ്സിന്റെ കളർ അനുസരിച്ചു കുപ്പി വളകൾ മുത്തുമാലകൾ, ഇതിൽ ഒരു പ്രത്യേകത ഉണ്ട്.സാറയുടെ ആഭരണത്തിന്റെ അതേ കളർ ആഭരണമേ റോസ് അണിയാറുള്ളു... സാറയുടെ നിഴൽ ആയി എന്നും റോസ് ഉണ്ടാകും, ഇഷ്‌ടാനുഷ്‌ടങ്ങൾ വ്യത്യസ്‌ഥമാണെങ്കിലും രണ്ട് പേർക്കും പിരിഞ്ഞിരിക്കാൻ പ്രയാസമാണ്. റോസ് കരഞ്ഞത് സാറക്ക് സഹിച്ചില്ല ഇതാണ് സാറക്ക് ദേഷ്യം വരാൻ കാരണം.
"ചാച്ചനെവിടെ മക്കളെ..."
ഇവരുടെ തൊട്ടടുത്തു താമസിക്കുന്ന അയൽവാസി അമ്പിചാച്ചൻ ഇവരുടെ രക്ഷക്കെത്തി.
"എന്നും ചാച്ചനുണ്ടാവുമല്ലൊ നിങ്ങളെ കൂടെ, ഞാൻ വീട്ടിൽ എത്തിക്കാം." അമ്പിചാച്ചൻ പറഞ്ഞു.
"വേണ്ടാ അമ്പിചാച്ചാ.... ഞങ്ങൾ പൊയ്ക്കോളാം."
ചില പറവകൾ നീലാകാശത്തെ തൊട്ടുരുമ്പികൊണ്ട് വായുവിൽ കൂടെ മത്സരിച്ചു ഓട്ടം നടത്തും. എന്നാൽ ചിലത് അന്നം തേടിയുള്ള യാത്ര തല്ക്കാലം അവസാനിപ്പിച്ചു കൊണ്ട് ചിറകുമുളക്കാത്ത കുഞ്ഞുങ്ങൾക്കുള്ള അന്നം ശേഖരിച്ചു കൂടണയുന്നു.
സാറക്ക് പറവകളെ കാണുമ്പോൾ അമ്പിചാച്ചനെയാണ് ഓർമ വന്നത്. അയാൾ തന്റെ തയ്യൽ കട സ്കൂൾ വിടുന്ന നേരത്ത് അടക്കും. പിന്നെ അയാളുടെ രണ്ട് പിള്ളേർക്ക് വേണ്ടിയുള്ള പലഹാരമായി വീട്ടിലേക്ക് പുറപ്പെടും. പിന്നെ അവിടെ ഒരു ഉത്സവമാണ്. കൂട്ടത്തിൽ സാറക്കും, റോസിനും കരുതിയിട്ടുണ്ടാകും.
"മറിയേ...ഇന്ന് കപ്പയും, മീനുവാടീ....ആ കത്തിയും, ചെരുവയുമിങ്ങടുത്തെ ഞാൻ വൃത്തിയാക്കി തരാം."ഇത് കേൾക്കുമ്പോഴേക്കും, സാറയുടെയും, റോസിന്റെയും, വായിൽ കപ്പലോട്ടം തുടങ്ങിയിട്ടുണ്ടാകും. അല്ലുവിനും,മറിയമ്മച്ചിക്കൊന്നും കപ്പയോട് വലിയ താല്പര്യം ഒന്നും ഇല്ല. അച്ചൂതേട്ടന്റെ ചായകടയിൽനിന്ന് കൊണ്ടുവരുന്ന, ഉണ്ട,ബോണ്ട,മുട്ടപ്പം, പഴം പൊരി, എന്നീ പലതരം പലഹാരങ്ങൾ ഉണ്ട്, എന്താ അതിന്റെ ഒരു സ്വാദ്. ആ ഹോട്ടലിന്റെ മുന്നിൽ കൂടി പോയാൽ മതി , അത് അകത്താക്കിയ പ്രതീതിയാണ്. ഒരു ദിവസം എത്ര തിന്നും എന്നൊന്നും ചോദിച്ചാൽ ഒരു കണക്കുമില്ല. കയ്യിൽ എന്തെങ്കിലും തടഞ്ഞാൽ ഓടും കടയിലേക്ക്, നാണയങ്ങൾ ആണെങ്കിലോ, പെട്ടിക്കടയിലേക്ക് ഓടും, കടിച്ചാപൊട്ടി, പല്ലിമേൽഒട്ടി. കുക്കീസ്, പാരീസ് മിഠായി, പലതരം കടലകൾ. നാലൊരു ബിരിയാണി തിന്നതിനേക്കാൾ ടേസ്റ്റിൽ ഇവയൊക്കെ കൊറിച്ചു നടക്കും. മായം ഒട്ടും ഇല്ലാത്ത, സ്നേഹം ചാലിച്ചു ഉണ്ടാക്കുന്ന ഓരോ രുചി കൂട്ടും, തട്ടി പൊത്തി ഓരോ പലഹാരങ്ങാകും ഉണ്ടാക്കുമ്പോൾ, ഉണ്ടാക്കുന്നവരുടെയും, കഴിക്കുന്നവരുടെയും മനസ്സും, ശരീരവും നിറയും.
"മീൻ വെട്ടിയോടി മറിയെ....."അമ്പിച്ചാച്ചൻ അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു.
"മീൻ വെട്ടി കഴുകി, അടുപ്പത്തായി. ഇങ്ങൾ എന്ത് സ്വപ്നം കണ്ട് കൊണ്ടിരിക്ക്യാ..."മറിയമ്മച്ചി അതേ ഊക്കിൽ പറഞ്ഞു.
നിന്റെ മലപ്പുറം സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിയെടീ... അമ്പിചാച്ചൻ കപ്പയും കൊണ്ട് അടുക്കളയിൽ എത്തിയിരുന്നു.
"എന്നിട്ട് ഇങ്ങൾ മൂക്കുമുട്ടെ തിന്നുന്നത് കാണാലോ,"മറിയമ്മച്ചിക്ക് ശുണ്ഠികേറി.
മറിയമ്മച്ചി മലപ്പുറംകാരിയാണെന്ന് മാത്രമല്ല. ഒരു മുസ്ലിം കൂടിയാണ്. രണ്ട് പേരും സ്നേഹം മൂത്ത് മലപ്പുറത്ത് നിന്ന് വയനാട്ടിൽ എത്തിയതാണ്.
എന്തൊരു ചേലായിരുന്നെന്നോ!മറിയത്തെ കാണാൻ, കസവു തട്ടവും, ചൈനാസിൽക്ക് പാവാടയുമൊക്കെയുടുത്തു പതിനാലാംരാവ് ഉദിച്ചത്പോലെ,രണ്ട് ഭാഗത്തുനിന്ന് മുൻവശത്തേക്ക് പിന്നിയിട്ട കാർകൂന്തലിൽ നിന്ന് നിർഗമിക്കുന്ന കസ്തൂരിമണത്തിന്റെ ഗന്ധം ഏവരെയും മനംമയക്കിയിരുന്നു.പിന്നെയെങ്ങിനെ ആംബ്രോസ് വീഴാതിരിക്കും. നാല് ആങ്ങളമാർക്ക് ഒരേ ഒരു പെങ്ങളായ മറിയത്തെയുംകൊണ്ട് നാടു വിട്ടത് അവരെങ്ങിനെ സഹിക്കും. നാട്ടുകാർക്ക് പറഞ്ഞു നടക്കാൻ വിഷയമായെങ്കിലും, ആര് പ്രേമിച്ചാൽ എന്ത്,ഒളിച്ചോടിയാൽ എന്ത്, മിശ്ര വിവാഹം പലതും നടക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിൽ അധികമാൾക്കാരും കൈകടത്താറില്ല. എന്നാൽ വീട്ടുകാർക്ക് അങ്ങിനെ ഒന്നും അല്ലല്ലോ? മറിയത്തിന്റെ ഉമ്മ ബോധം കെട്ടു വീഴുന്നു. വാപ്പയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നു. അടിയും, വഴക്കും, കേസും, എന്തൊക്കെ സംഭവിച്ചിട്ടും, ആംബ്രോസ്, മറിയ പ്രണയം പാതിവഴിക്ക് നിന്നില്ല, അത് എപ്പോഴും പൂത്തുലഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. മറിയം ആരും അറിയാതെ മുസ്ലിം ആചാരപ്രകാരം ജീവിച്ചു. ഇത് ആംബ്രോസിനെ വളരെയേറെ വിഷമിച്ചെങ്കിലും, പിന്നീട് പരാതി ഒന്നും പറഞ്ഞില്ല. എന്നാൽ അല്ലുവിനെയും, ക്രിസ്റ്റിയെയും, വേദ ക്ലാസ്സുകളിൽ പഠിപ്പിക്കാൻ മറിയത്തിന് ഒരു എതിർപ്പും ഇല്ലായിരുന്നു.
"അമ്പിചാച്ചാ....ക്രിസ്റ്റിയെ ഒന്ന് വിളിക്കുമോ?"അത് ചീരു ആണ്, ചീരുവിന്റെ ഒന്നാം ക്ലാസ്സിൽ ഇപ്പോ ചേർന്ന മോൾക്ക് അക്ഷരം പറഞ്ഞു കൊടുക്കണം, കൂട്ടത്തിൽ ചീരുവിനും പഠിക്കണം, ചീരുവിന് പഠിച്ചു കളക്ടർ ആകാനൊന്നും അല്ലാട്ടോ, തന്റെ ശരീരം കിട്ടാൻ വേണ്ടി സ്നേഹം നടിച്ചു പറ്റിച്ച ആളോട് പകരം ചോദിക്കണം, അതിന് നാലക്ഷരം പഠിക്കണമെന്നാണ് ചീരുവിന്റെ വാദം.
വയനാട് ചുരത്തിലേക്കുള്ള വാതിൽ തുറക്കുന്നത് അടിവാരം എന്ന സ്ഥലത്ത് നിന്നാണ്.പിന്നെ കോടമഞ്ഞുകൾ മന്ദം തൂകി ഒഴുകിയിറങ്ങുന്ന മനോഹരമായ കാഴ്ചയോടൊപ്പം, പ്രകൃതി പച്ചപട്ടുടുത്തു നിൽക്കുന്നത് പോലെയുള്ള വൃക്ഷകൂട്ടങ്ങളുടെ നൃത്തവും, സംഗീതവും വല്ലാത്തൊരു അനിഭൂതിയിൽ ആറാടി, ലയിച്ചിരിക്കുമ്പോൾ, കുന്നിൻ ചെരുവിലോക്കൊന്ന് മിഴികൾ എറിഞ്ഞാൽ, മേഘകൂട്ടങ്ങളുടെ പറുദീസയുടെ വാതയാനങ്ങൾ തുറക്കുകയായി. മഞ്ഞു മലകൾ, ഐസ് ഗോപുരം പോലെയും,കാടും, മേടും,കാട്ടാറുകളും, നേർത്ത സംഗീതത്തിന്റെ ഒളിമിന്നൽ, കാനനചോലയെ ഒരു വെള്ളികൊട്ടാരം പോലെയും, അതിന്റെ സുഖ സുഷുപ്തിയിൽ മതി മറന്നിരിക്കുന്ന രാഞ്ജിയെയും, തോഴിമാരെയും പോലെ ഒരു നിമിഷം നമ്മുടെ ഒക്കെ ഉള്ളിലേക്ക് മിന്നൽ പിളരും.
വയനാടിന്റെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമ പ്രദേശത്ത് നിന്ന്, ഏകദേശം അഞ്ചു കിലോമീറ്റർ യാത്രചെയ്താൽ 'ഐക്കര'എന്ന അധികം ചെറുതല്ലാത്ത ഒരു ഗ്രാമത്തിലേക്ക് എത്തുകയായി.'ഐക്കര' പ്രാദേശത്തുള്ളവർ,വളരെ നിശ്കളങ്കരാണ്, പരസ്പരം പ്രാണൻ കൊടുത്ത് അങ്ങോട്ടും, എങ്ങോട്ടും, സ്നേഹിക്കുന്നു, ആരും കൊലപാതികളോ ,മോഷ്ട്ടാക്കളോ ആയി ആരും ജനിക്കുന്നില്ല, സാഹചര്യമാണ് അവരെ ഓരോ കുറ്റ കൃത്യത്തിലേക്കും നയിക്കുന്നത്, എന്നാൽ ഐക്കരയിൽ അങ്ങനെ ഒരു സാഹചര്യവും ഇല്ല. മനുഷ്യരല്ലേ, ചിലയിടത്ത് ചില കുശുമ്പും, കുന്നായ്മയുമൊക്കെ തല പൊക്കിയാലും, മിക്കയാൾക്കാർക്കും സ്നേഹിക്കാനും, സഹായിക്കാനുമുള്ള നല്ല മനസ്സ് ഉണ്ടായിരുന്നു. പലപ്പോഴും ഏതെങ്കിലും വീട്ടിൽ എന്തെങ്കിലും തരത്തിൽ ആപത്ത് ഉണ്ടായാൽ മാത്രമേ ജനങ്ങളുടെ നന്മ എത്രമാത്രം ഉണ്ട് എന്ന് മനസ്സിലാവുകയുള്ളൂ. എന്നാൽ ഐക്കര അങ്ങിനെയല്ല, ആവശ്യങ്ങൾ അറിഞ്ഞ് എപ്പോഴും പരസ്പരം സഹായിക്കുന്ന മനസ്സുകളുടെ ഉടമകളായിരുന്നു മിക്കയാൾക്കാരും.
സാറയുടെയും,റോസിന്റെയും അപ്പനും അമ്മച്ചിയുമായ പൗലോസും, ത്രേസ്യാമ്മയും, ഐക്കര മുഴുവൻ പടർന്നു പിടിച്ച നിറസാന്നിധ്യമാണ്. ഒരേ ഒരു പ്രശ്നമേ ഉള്ളൂ. ഇവരുടെ വേരുകൾ ആരും ചോദിക്കാൻ പാടില്ല. ചോദിച്ചാൽ ദേഷ്യമോ,ശുണ്ഠിയോ ഒന്നും അല്ല, മൗനിയാകും, പിന്നെയാ കണ്ണുകൾ കലങ്ങും. ഉള്ള വേരിൽ ഉറപ്പിച്ചാണ് ജീവിതം കൊയ്തത്. കുറച്ചു ഭൂമി വാങ്ങി വയനാട്ടിലേക്ക് കയറുമ്പോൾ എല്ലാ ബന്ധങ്ങളും കത്തി ചാമ്പൽ ആയി. ഇപ്പോ ഇതാ കണ്ണിലെ കൃഷ്ണമണികളായ റോസും, സാറയും, അവർ പടർന്നു കയറി കൊള്ളും. രാവും, പകലും കൃഷി ഇറക്കി പണി എടുത്ത് പൊന്നു വിളയിക്കുന്നത് സാറക്കും, റോസിനും വേണ്ടി മാത്രമാണ്.
തുടരും...