ഭാഗം 22
റോസ് ടി ടി സി ക്ക് പഠിക്കുമ്പോൾ അവളുടെ ക്ലാസ്സ് മേറ്റ് ഒരു ഉഷാകുമാരി ഉണ്ടായിരുന്നു. ഉഷാകുമാരി പാവപ്പെട്ട കുടുംബത്തിൽ പിറന്ന കുട്ടിയായിരുന്നു. അങ്ങനെ ഒരു ദിവസം അവളുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം കണ്ടു തുടങ്ങി.
നല്ല വസ്ത്രം ധരിക്കാനും തുടങ്ങി.
കാന്റീനിൽ പോയി റോസിന്റെ കൂടെ ഫുഡ് ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ ഉഷാകുമാരി റോസിനോട് പറഞ്ഞു.
"റോസ് ഇന്ന് എന്റെ വകയാണ് നിനക്കുള്ള ഭക്ഷണം."
"നിന്റെ ചേട്ടന് ജോലികിട്ടിയോ? കിട്ടിയിട്ടിട്ടുണ്ടെങ്കിൽ പണം വെറുതെ കളയേണ്ട.ഒരു പാട് ബാധ്യതകൾ ഉള്ളതല്ലേ... മിച്ചം വെക്കാൻ പറയൂ..." റോസ് പറഞ്ഞു.
ഉഷാകുമാറി ഒരു പുച്ഛസ്വരം പുറപ്പെടുപ്പിച്ചു. എന്നിട്ട് പറഞ്ഞു. "ജോലി അതും എന്റെ ഏട്ടന്. എന്റെ വീട്ടിൽ ദാരിദ്ര്യം തന്നെയാടീ, ഇത് എനിക്ക് പ്രഭു തന്ന പൈസയാ..."
"എന്തിന്?"റോസ് ചോദിച്ചു.
"അതോ എനിക്കു ഒരു ബിസിനസ് ഒക്കെ തരപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ വീട്ടിനനട്ത്ത് ഒരേ പ്രായത്തിൽ ഉള്ള കുറച്ചു പിള്ളേർ ഉണ്ട്, അവർക്ക് സാധനം എത്തിച്ചു കൊടുക്കുന്നത് ഞാനാണ്."
"എന്ത് സാധനമാടീ..."റോസ് നിഷ്കളങ്കയോടെ ചോദിച്ചു.
"നീയാരോടും പറയരുത്,എനിക്ക് ശരിക്കും അറിയൂല, അത് കഞ്ചാവാണെന്ന് തോന്നുന്നു."
റോസ് ഞെട്ടിപ്പോയി. "ഏ... കഞ്ചാവോ!അതും ആ കുട്ടികൾക്ക് ദൈവമേ..." റോസ് അറിയാതെ വിളിച്ചു പോയി.
സ്വന്തം മക്കൾക്ക് വിഷം കൊടുത്തു കൊന്ന അമ്മയെ കണ്ടത് പോലെ റോസ്, ഉഷാകുമാരിയുടെ മുഖത്തേക്ക് നോക്കി പേടിയോടെ തുറിച്ചു നോക്കിയിരുന്നു.പിന്നെ ആരോടും ഒന്നും പറയാതെ കാന്റീൻ വിട്ടു പോയി.
രണ്ട് ദിവസം കഴിഞ്ഞ് ഒരു വലിയ വാർത്ത പുറത്തായി. പ്രഭുവിനെയും, ഉഷാകുമാരിയെയും പോലീസ് പിടിച്ചു.
പട്ടിണി കാലത്ത് ഉഷാകുമാരിക്ക് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. ജോലി കിട്ടിയിട്ട് അമ്മയെ നന്നായി നോക്കണം, ചേട്ടന് ചെറിയ ഒരു ജോല് വാങ്ങിച്ചു കൊടുക്കണം, അനിയത്തിയെ കെട്ടിച്ചു വിടണം. അപ്പോൾ റോസ് ചോദിക്കും. നിനക്ക് കല്യാണം ഒന്നും വേണ്ടേ...
എല്ലാവരെയും ഒന്ന് കരക്കെത്തിച്ചിട്ട് എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ നിർബന്ധം ഒന്നും ഇല്ല,എല്ലാവരും നന്നായി കഴിയണം അത്രയേ ഉള്ളൂ... ആ ഉഷാകുമാരിയാണ് ഇപ്പോൾ... അറെസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോൾ,എത്രയാൾക്കാരാണ് അവളെ മുഖത്തേക്ക് കാർക്കിച്ചു തുപ്പാൻ ഉണ്ടായിരുന്നത്.
പ്രലോഭങ്ങൾ നമുക്ക് ചുറ്റും ഒരുപാട് ഉണ്ടാകും. ഉഷാകുമാരി, ഈ കെണിയിൽ പെട്ടത്, പണത്തെക്കാളും പ്രഭുവിന്റെ സ്നേഹത്തിനു വേണ്ടിയായിരുന്നു. സ്നേഹത്തിനു വേണ്ടിയുള്ള ദാഹം അത് മനുഷ്യസഹജമാണ്, എന്നാൽ അതിനുള്ളിലെ നെല്ലും, പതിരും വേർതിരിചെടുക്കാൻ ആർക്കും കഴി യാറില്ല.വിചിന്തനം വരുമ്പോഴേക്കും പിടിക്കപ്പെടുകയും കുറ്റവാളി എന്ന മുദ്ര ചാർത്തിയിട്ടുണ്ടാകും. ഒരിക്കൽ നമ്മളിൽ കയറി കൂടിയ കളങ്കത്തിന്റെ കറ ജീവിതകാലം മുഴുവൻ നമ്മെ വേട്ടയാടി കൊണ്ടിരിക്കും.ഓരോ രക്ഷിതാക്കളും അവരുടെ കുഞ്ഞിനെ എത്ര പ്രതീക്ഷയോടെയാണ് വളർത്തുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ലഹരി ഉപയോഗിച്ചു തുടങ്ങിയവരുടെ ഭാവി എന്തായി തീരുമാനം. ഓരോ അമ്മമാരുടെയും നെഞ്ചത്തടിയുടെ രോദനങ്ങൾ എവിടെയും നമുക്ക് കേൾക്കാം. പഠിച്ചു വലിയ ഉദോഗസ്ഥനൊന്നും ആവണ്ട. മനുഷ്യനായാൽ മതി.
മകനെ... മകൻ എന്റെ ജീവാനാണ്... ഓരോ അച്ഛനമ്മമാരുടെ മനസ്സ് ഇതാണ്... ഊണിലും, ഉറക്കത്തിലും മക്കളുടെ മുഖമായിരിക്കും മനസ്സിൽ. എത്ര വലുതായാലും താരാട്ടിന്റെ ഈണമായിരിക്കും ചുണ്ടിൽ. ഇങ്ങനെ സ്നേഹിക്കുന്ന കുട്ടികളെ കപട സ്നേഹം അഭിനയിച്ചു കൊണ്ട് തല്ലി കെടുത്തുമ്പോൾ ഓരോ അമ്മമാരുടെയും ശാപം വിടാതെ പിന്തുടരും. ഓർക്കുക. റോസ് തന്റെ മനസ്സിന്റെ ചിന്തകൾ അടച്ചു വെച്ചു.
തുടരും...