ഭാഗം 9
നമ്മുടെ പ്രപഞ്ചത്തിൽ പല തരത്തിലുള്ള ജീവജാലങ്ങൾ ഉണ്ട്, ഇതിൽ പുണ്യജന്മം എന്ന് പറയുന്നത് മനുഷ്യജന്മം തന്നെ.ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള കഴിവും മനുഷ്യനു തന്നെ.
എന്നാൽ നമ്മുടെ യൊക്കെ മനസ്സ് ഓരോന്നു കണക്കുകൾ കൂട്ടിയും, കുറച്ചും ഭാവിയിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കും.ദൈവം ഒന്ന് എഴുതി വെച്ചിട്ടുണ്ട് എന്ന് ഓർക്കാതെ എന്തൊക്കയാ പ്രതീക്ഷകളും, മോഹങ്ങളും.അവസാനം ദൈവ തീരുമാനം നടക്കും. അതും നമ്മുടെ കർമ ഫലം. ഇതൊന്നുമറിയാതെ മനസ്സിനെ വിഭ്രാന്തിയിൽ പെടുത്തി ചുഴലിക്കാറ്റടിപ്പിച്ചു എവിടെയൊക്കെ കൊണ്ട് പോയിട്ടുണ്ടാകും.
ഈ ഭൂമിയും, ഭൂമിയിൽ വസിക്കുന്ന ആൾക്കാരും, എന്തിന് പറയുന്നു, നിലാവും, സൂര്യനും, ചന്ദ്രനും സംഗീതവും, എല്ലാമെല്ലാം തന്നോട് ശത്രുതയാണെന്ന് തോന്നിയ നാളുകൾ. ആ നാളുകളോട് വിട പറയാൻ തന്റെ യൗവനം മുഴുവൻ ബലികൊടുക്കേണ്ടി വന്നു. സ്നേഹത്തിന്റെ കൈ വിലങ്ങ് സ്വയം സൃഷ്ടിച്ചതായിരുന്നു. മോഹത്തെ ചങ്ങല കൊണ്ട് ബന്ധിപ്പിച്ചത് ശരിക്കും സ്വാർത്ഥത ആയിരുന്നോ. അറിയൂല, ഒന്നും അറിയൂല... എല്ലാ ബന്ധനങ്ങളേയും അപ്പൂപ്പൻ താടിയെ പോലെ പറത്തി വിട്ടപ്പോ സമാധാനം കിട്ടിയോ അതും അറിയില്ല.
ഈ സാറക്ക് പിന്നെ എന്താ അറിയാ... സാറ സ്വയം ചോദിച്ചു. ആത്മാവിൽ നിന്ന് ഒഴുകിയെത്തിയ സ്നേഹപ്രണയ മന്ത്രങ്ങളെ കുറിച്ചാണോ?. മനസ്സും, ശരീരവും, കൗമാരം വിട്ട് യൗവനത്തിലെത്തിയപ്പോൾ പട്ടുപാവാടയെയും, കുപ്പികളെയും സ്നേഹിച്ചു, സ്നേഹത്തിലേക്കുള്ള പറുദീസക്കുവേണ്ടി ആത്മാവ് തേങ്ങി.
സാറയും, റോസും നാദസ്വരങ്ങൾ മീട്ടിയത് ഒരേ വീണ കമ്പികളിൽ ആയിരുന്നു.രാവുകളും, പകലുകളും ഒരേ സുഖദുഃഖങ്ങൾ പങ്കിട്ട് ഒരേ മനസ്സ് മാത്രമല്ല ഒരേ ശരീരം എന്ന് വേണമെങ്കിലും പറയാം. അങ്ങനെ എപ്പോഴേ ആ സാഗരം ദിശ മാറി ഒഴുകി. ആത്മചൈതന്യത്തിന്റെ ആഴങ്ങളിലേക്കുള്ള രഹസ്യം തേടിയുള്ള യാത്രയിൽ നിഗൂഢമായ പ്രണയം കരിമഷികണ്ണുകളോടെ ആദ്യം തൊട്ടുണർത്തിയത് സാറയെ ആയിരുന്നു എന്നായിരുന്നു സാറ വിചാരിച്ചിരുന്നത്.പ്രീഡിഗ്രി കഴിഞ്ഞ് സാറ ഡിഗ്രിക്കും, റോസ് ടി ടി സി ക്കും ചേർന്നു. റോസിന്റെ ക്ലാസ്സ്‌മേറ്റ് ആയ ഹാരിസിന്റെ കൂടെ റോസ് ഒളിച്ചോടിയപ്പോൾ ആണ് എല്ലാവരും അമ്പരന്നത്. സകലരെയും ദുഃഖത്തിൽ ആക്കി റോസ് പോയത് ഒരു അന്യ മതക്കാരെന്റെ കൂടെ യായിരുന്നു. വീട്ടുകാർക്ക് റോസിന്റെ ഈ നീക്കം വല്ലാത്തൊരു ഷോക്ക് ആയിരുന്നു. ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അന്യ മതം അതൊരു പ്രശ്നം അല്ലായിരുന്നു. എന്നാൽആരും ഒന്നും അറിഞ്ഞില്ലല്ലോ. വിവാഹജീവിതം വരുമ്പോൾ, ഇവരെ എങ്ങിനെ വേർപ്പെടുത്തും എന്ന് മുതിർന്നവർക്ക് ഒരു സംസാരം ഉണ്ടായിരുന്നു.എന്നാൽ ഇത് വീട്ടുകാർക്ക് വല്ലാത്തൊരു ആത്മാഭിമാന പ്രശ്‌നം ഉടലെടുത്തു.. ആർക്കും ആർക്കും ഇതൊന്നും അംഗീകരിക്കാൻ കഴിഞ്ഞില്ല, അങ്ങനെയാണ് അവര് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് .വേറെ നിവൃത്തിയില്ലായിരുന്നു. തലച്ചോറ് മരവിച്ച നിമിഷങ്ങൾ,ഐക്കരയാകെ ഇളകി മറിഞ്ഞു.വിഷം അകത്തു ചെന്ന ഉടനെ സാറ കുറെ ഛർദിച്ചു. ചെയ്തത് ഉൽകിടലത്തോടെ ഓർത്ത് ഉറക്കെ നിലവിളിച്ചു. പിന്നെ ചാച്ചന്റെയും, അമ്മച്ചിയുടെയേയും അടുത്ത് തളർന്ന് വീണു. നിലവിളികേട്ട് ആളുകൾ ഓടികൂടിയപ്പോഴേക്കും, രണ്ട് ജീവനുകൾ കൂട് വിട്ട് പറന്ന് പോയിരുന്നു. ജീവിതത്തിന്റെയും, മരണത്തിന്റെയും നൂൽ പാലത്തിലൂടെ കുറെ നേരം സഞ്ചരിച്ചു. നൃത്തം ചവിട്ടി, പാട്ടുപാടി. ആകാശത്തിലൂടെ മേഘങ്ങൾ പോലെ ഒഴുകി നടന്നു. അവസാനം ഡോക്ടഴ്‌സ്ന്റെയും, ഐക്കരയുള്ളവരുടെയും , പ്രയത്നം കൊണ്ട് സാറ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
ഡിപ്പ്രെഷനിലൂടെ ആയിരുന്നു സാറയുടെ രണ്ടാം ജന്മം, മനസ്സിന് വല്ലാത്ത ക്ഷതം ഏറ്റിരുന്നു. ആരോടും ഒന്നും മിണ്ടാതെ ശൂന്യതയിലേക്ക് നോക്കി ഒരേയിരിപ്പ്. മനസ്സും, ശരീരവും പെർഫെക്ട് ആയി കിട്ടാൻ എന്തായാലും കുറച്ച് സമയം എടുക്കും. അമ്പിചാച്ചനോട്ടും, മറിയം അമ്മച്ചിയോടുമായി ഡോക്ടർ പറഞ്ഞു. "നിങ്ങളെല്ലാവരും സാറയുടെ കൂടെ നിൽക്കണം, സ്നേഹം കൊടുക്കണം."
"ഞങ്ങളുടെ കുഞ്ഞിനെ രക്ഷപെടുത്താൻ, ഞങ്ങളുടെ ജീവനുള്ളടൊത്തോളം കാലം ഞങ്ങൾ ഒപ്പം ഉണ്ടാകും." അമ്പിചാച്ചാ കരയുകയായിരുന്നു.ഒരു ഞെട്ടിൽ വിരിഞ്ഞ പുഷ്പങ്ങൾ പോലെ യായിരുന്നു അമ്പിചാച്ചയും, പൗലോസ്ചാച്ചയും, മമ്മാലിക്കയും, അതിൽ ഇപ്പോ അമ്പിചാച്ചൻ മാത്രം ബാക്കിയായി.
സ്നേഹം ഒരു ഔഷധമായി സാറയുടെ ഹൃദയയത്തിലെത്തിയപ്പോ ഉള്ളിന്റെ ഉള്ളിൽ ശ്വാസം കിട്ടാത്ത നെടുവീർ പ്പുകളൊക്കെ വഴി മാറി പതുക്കെ കിളിർക്കാൻ തുടങ്ങി.കൂടുതൽ അല്ലുവിന്റെയും, ക്രിസ്റ്റീയുടെയും സാന്നിധ്യം . അമ്പിച്ചാച്ചനും, മറിയമ്മച്ചിയും, സാറയെ ഒരു കൈ കുഞ്ഞിന്റെ കരുതലോടെ പരിപാലിച്ചു.
സാറയുടെ ഉള്ളിലെ സങ്കടം മുഴുവൻ പലപ്പോഴും അല്ലുവിന്റെ മുന്നിൽ സാറ തുറക്കും.അല്ലു ബാംഗ്ലൂരിൽ എഞ്ചിനീയർ പഠനം കഴിഞ്ഞ് ജോലിക്ക്ശ്രമിക്കുമ്പോഴായിരുന്നു. സാറയുടെ കുടുംബത്തിന്റെ ദുർവിധി. പിന്നെ അല്ലു നാട്ടിൽ തന്നെ നിൽക്കുകയാണുണ്ടായത്. കുട്ടിയും കോലും കളിച്ചും, ഗോലി കളിച്ചും എത്ര കുട്ടി പട്ടാളങ്ങളായിരുന്നു കോർട്ടിൽ. ഒരേ മനസ്സും, ശരീരവുമായി ആൺ പെൺ ഭേദമില്ലാതെ എത്ര ലാഘവത്തോടെയായിരുന്നു ഓരോ കളിയും, മനസ്സിന്റെ ഉള്ളറയിൽ സൂക്ഷിച്ച മൂകാനുരാഗയായവരും ഉണ്ട്. വല്ലാത്തൊരു സുഖമാണിതിന്.അങ്ങിനെഎപ്പോഴാആണ്, സാറയുടെ മനസ്സിലും അല്ലു കടന്നു കൂട്ടിയത്.
ഒരിക്കൽ സാറ മുഖവുര കൂടാതെ അല്ലുവെന്ന അമലിനോട് പറഞ്ഞു. 'അമൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു, എപ്പോഴണെന്നോ, എന്നോ, അറിയില്ല. നീയില്ലാതെ എനിക്ക് വയ്യ."
എന്ത് പറയണമെന്നറിയാതെ അമൽ തരിച്ചിരുന്നു പോയി. പിന്നെ പതുക്കെ പറഞ്ഞു, എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ, ഞാൻ നിന്നോടൊപ്പം ഉണ്ട്. ആദ്യം നിന്റെ അസുഖമൊന്ന് മാറട്ടെ, സമാധാനമായിരിക്കൂ.
അമൽ നേരെ തൊടിയിലേക്ക് ഇറങ്ങി. എത്രയോ കാലങ്ങളായി മനസ്സിൽ അടക്കിവെച്ചിരിക്കുന്ന ആ കണ്ണീര് പ്രവാഹം മുഴുവൻ ആ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഇരുന്നു പെയ്തു തീർത്തു.എവിടെ നിന്നോ വന്നു തഴുകിയ തണുത്ത കാറ്റിന്റെ കരങ്ങൾ തട്ടി മാറ്റാതെ അയാൾ വിധേനയായി ഇരുന്നു. ദൈവത്തിന്റെ വിധിയെന്ന കണക്കുപുസ്തകതന്റെ താളുകൾ വെറുതെ മറിച്ചു കൊണ്ട് ആരോടും പരിഭവമില്ലാതെ തന്റെ എല്ലാമെല്ലാമായിരുന്ന കൂട്ടുകാരിയുടെ കൂടെ ജീവിതം പങ്കിടാൻ തീരുമാനിച്ചു.
ഐക്കര ഗ്രാമം ദത്തെടുത്ത സാറ എന്ന കൊച്ചു സുന്ദരിയെ അമലിന്റെ കൈകളിൽ എൽപ്പിക്കുമ്പോൾ എല്ലാവരുടെയും ഉള്ളൊന്ന് തേങ്ങിയെങ്കിലും, അതിനേക്കാൾ ഇരട്ടി സന്തോഷം കൊണ്ട്പൂകി ആ മംഗളകർമം സന്തോഷതോടും, ഭംഗിയുമായി നടന്നു.
രാത്രി വൈറ്റിൽ ഗോൾഡൻ പൂക്കളുള്ള സാരിയുടുത്ത് കൊണ്ട് അമലിന്റെ അരികിൽ സാറ ഇരുന്നു. വിഷാദഛായ നിറഞ്ഞ ആമുഖം പതുക്കെ കയ്യിലെടുത്തു കൊണ്ട് അമൽ മൊഴിഞ്ഞു."നിന്റെ മിഴിനീർ പ്രവാഹത്തിന് തടയണ തീർക്കാൻ സമയമായി മോളെ. ഇനി നീ സങ്കടപെടരുത്. ദൈവം വിചാരിക്കുന്നത് മാത്രമേ സം ഭവിക്കുകയുള്ളൂ, എല്ലാം നല്ലതിനായിരിക്കാം. നമ്മൾ യാത്ര തുടങ്ങുകയാണ്. ഞാൻ നിന്റേതും നീ എന്റേതുമായ നിമിഷങ്ങൾ. എല്ലാ സുഖദുഖങ്ങളും ഒന്നിച്ചു പങ്കു വെച്ചു കൊണ്ട് തന്നെ നമുക്ക് തുഴയാം.ഞാൻ നിന്നോടൊപ്പം ഉണ്ട്, നീ എന്നോടൊപ്പവും ഉണ്ടായിരികില്ലേ?" അമലിന്റെ നനഞ്ഞ വാക്കുകൾ കേട്ട് സാറ തല കുലുക്കി.
പിന്നീടുള്ള ഓരോ നിമിഷവും സാറയും, അമലും ഹൃദയത്തിന്റെ മാന്ത്രികചുഴിയിൽ പരസ്പരം സ്നേഹം പകർന്നു ഈണമിട്ടു. ബാംഗ്ലൂരിൽ ജോലി ശരിയായതിനാൽ സാറയെ വിട്ട് പോകാൻ അമലിന് ഒട്ടും താല്പര്യമില്ലായിരുന്നു.
"ഞാനിവിടെ ചാച്ചന്റെയും, അമ്മച്ചിയേയുംകൂടെ നിൽക്കാം അമൽ .നീ ജോലി കളയണ്ട "സാറ പറഞ്ഞു.
"അപ്പൊ നിനക്ക് എന്നെ പിരിയാൻ പറ്റുമോ," അമലിന്റെ ചോദ്യം കേട്ട് സാറക്ക് ചിരി വന്നു.
"എടാ എപ്പോഴും നമുക്ക് ഒന്നിച്ചിരിക്കാൻ പറ്റുമോ?അപ്പോൾ നമുക്ക് സ്നേഹിക്കാൻ പറ്റുമോ. നീ ദൂരേക്ക് പോ". സാറ കുസൃതിയോടെ പറഞ്ഞു.
"നോക്ക് സാറാ... വിവാഹം കഴിഞ്ഞാൽ പിന്നെ പിരിഞ്ഞു താമസിക്കരുത്. അതാണ് എന്റെ ഫിലോസഫി. നിന്നെ ഞാൻ അങ്ങോട്ട് കൊണ്ട് പോകും."
ചാച്ചനും, അമ്മച്ചിക്കും ഇത് തന്നെയായിരുന്നു അഭിപ്രായം. "ഏതായാലും ആറു മാസങ്ങൾ കൊണ്ട് നമുക്കവിടെ സെറ്റിൽഡ് ആവാം 'എന്ന് പറഞ്ഞുകൊണ്ട് അമൽ യാത്രയായി.
അമലുമായി പിരിയാൻ സാറക്ക് ഒട്ടും താല്പര്യമില്ലാതിരുന്നു. വല്ലാത്തൊരു ശ്വാസംമുട്ടലും, ഒറ്റപ്പെടലും. റൂമിലേക്ക് കയറിയും, ഇറങ്ങിയും ആകെ വെപ്രാളപെട്ട അവസ്ഥ. മാനസിക സമ്മർദ്ദംകൂടി ശരീരത്തിലേക്ക് ബാധിക്കമോ എന്ന ഭയവും ഇരട്ടിച്ചു. ഏകാശ്വാസം അമലിന്റെ ലെറ്റർ വരുമ്പോളാണ്, സാറക്ക് കുറെ കാര്യങ്ങൾ എഴുതാനുണ്ടാകും. ഒരു ദിവസംവന്ന ലെറ്റർ വായിച്ച സാറ തുള്ളി ചാടി.
"അമൽ വരുന്നു, തന്നെ ബാംഗ്ലൂരിലേക്ക് കൊണ്ട് പോകാൻ." അത് കേട്ടപ്പോൾ ചാച്ചൻക്കും, അമ്മച്ചിക്കും സന്തോഷമായി.
"മോളെ നമുക്കെല്ലാവർക്കും കൂടി പള്ളിയിൽ പോയി പ്രാർത്ഥിക്കാം. മോളെ ദൈവം കൈവിടില്ല." അമ്മച്ചി സാറയുടെ കവിളിൽ ഒരു മുത്തം നൽകി കൊണ്ട് പറഞ്ഞു.
തുടരും...