mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 6

കോളേജ് ബസ്സിൽൽ നിന്നു വീട്ടു പടിക്കൽ ഇറങ്ങുമ്പോഴേ ദേവു കണ്ടു തുറന്നിട്ടിരിക്കുന്ന ഗേറ്റും, പോർച്ചിലും മുറ്റത്തുമായി കിടക്കുന്ന നാലഞ്ചു ആഡംബരക്കാറുകളും.

"ആരായിരിക്കും? അച്ഛന്റെ ഓഫീസിൽ നിന്ന് ആരെങ്കിലുമായിരിക്കും. അല്ലെങ്കിൽ സന്ദീപേട്ടന്റെ വീട്ടുകാരായിരിക്കും."
      
ഏതായാലും ദേവു അടുക്കള വശത്തു കൂടിയാണ് അകത്തു കടന്നത്. അടുക്കളയിൽ അമ്മിണി ചേച്ചി തിരക്കിട്ട പണിയിലാണ്. ഒരു ചെറിയ ഓട്ടുരുളി നിറയെ ഉണ്ണിയപ്പം ഉണ്ടാക്കി വച്ചിരിക്കുന്നു. പരിപ്പുവടയുടെ മൊരിഞ്ഞ ഗന്ധം എങ്ങും പരന്നിരിക്കുന്നു.

"ആരാ അമ്മിണി ചേച്ചീ വന്നിരിക്കുന്നത്?"ദേവിക ചോദിക്കുന്നതു കേട്ടുകൊണ്ടാണ് അമ്മ വന്നത്. 

"ആഹാ...!ദേവു വന്നോ. നീ പുറകിൽക്കൂടിയാണോ കയറിയത്?സന്ദീപിന്റെ അച്ഛനുമമ്മയും കസിൻസും കൂട്ടുകാരുമൊക്കെ കുഞ്ഞിനെ കാണാൻ വന്നിരിക്കുന്നു. വേഗം കുളിച്ചിട്ടു വരൂ ദേവൂ. അവർക്കു ചായ കൊടുക്കണം."
 
അമ്മ പറഞ്ഞു. ദേവു വേഗം കുളിമുറിയിലേക്കു പോയി. കുളിച്ചു വേഷം മാറി വന്നപ്പോഴേക്കും അമ്മിണി ചേച്ചി പലഹാരങ്ങൾ പ്ലേറ്റുകളിൽ നിരത്തിയിരുന്നു. മധുരം ചേർക്കാത്തതും ചേർത്തതുമായ ചായ വെവ്വേറെ കെറ്റിലുകളിൽ വച്ചിരുന്നു.

ഒരു കടും നീല ചുരീദാറായിരുന്നു ദേവിക ധരിച്ചിരുന്നത്. ആ നിറം അവൾക്കു നന്നേ ഇണങ്ങുന്നുണ്ടായിരുന്നു. നീളൻമുടി ഒരു ഉണങ്ങിയ ടൗവ്വൽ ഉപയോഗിച്ച് പുറകിൽ കെട്ടിവെച്ചിരുന്നു.
    
"ദേവൂട്ടീ..ആ മുടിയൊന്ന് അഴിച്ചു വിടർത്തിയിട്ടേ.." അമ്മിണി പറഞ്ഞു.
"അല്ലെങ്കിൽ അതു മുഴുവൻ ജഡപിടിച്ചു കൊഴിഞ്ഞു പോകും. ഇപ്പൊ ആർക്കും ഇത്രേം നല്ല മുടിയില്ല. എല്ലാവരും ഫാഷനു പുറകെയല്ലേ? തോളൊപ്പം മുറിച്ചിടും."

അമ്മിണി പറഞ്ഞപ്പോൾ ദേവു  പുറത്തേക്കു പോയി. മുടി നന്നായി വിടർത്തിയിട്ടു. പിന്നെ കുളിപ്പിന്നലിട്ടു. മുടിയുടെ തുമ്പൊന്നു കെട്ടിയിട്ടു. അപ്പോഴേക്കും അമ്മ വന്നു. അമ്മയുടെ കയ്യിൽ അതിഥികൾ കൊണ്ടുവന്ന പലഹാരങ്ങളും പഴവർഗ്ഗങ്ങളുമടങ്ങുന്ന വലിയ പാക്കറ്റ് ഉണ്ടായിരുന്നു.
  
"അമ്മിണീ ഇതെല്ലാം ഒന്നൊതുക്കി വച്ചോ. ഞങ്ങൾ അവർക്കു ചായ കൊടുക്കട്ടെ", അമ്മ പറഞ്ഞു.

ദേവികയും അമ്മയും കൂടി ചായയും പലഹാരങ്ങളുമായി ചെല്ലുമ്പോൾ ഊണു മുറിയിൽ അച്ഛന്റെയൊപ്പം എല്ലാവരും ഇരുന്നു കഴിഞ്ഞിരുന്നു. ചായ ഒഴിച്ചു കൊടുക്കുമ്പോൾ എല്ലാ കണ്ണുകളും തന്നിലാണെന്നതിൽ ദേവുവിനൊരു സങ്കോചം തോന്നി.

"ദേവുവിതെപ്പോൾ വന്നു?"
സന്ദീപേട്ടന്റ അമ്മ അവളോട് ചോദിച്ചു.

"ഞാൻ പുറകു വശത്തുകൂടിയാണ് കയറി വന്നത്."
അവൾ അവർക്കൊരു മധുരമായ പുഞ്ചിരി സമ്മാനിച്ചു.

"ഇതാണാട്ടോ ദേവിക. വിദ്യയുടെ അനിയത്തി. എം.ബി.എപഠിക്കുന്നു"അമ്മ അവളെ എല്ലാവർക്കുമായി പരിചയപ്പെടുത്തി.

"ഏതു കോളേജിലാണ്? ഏതു സെമെസ്റ്റർ ആണ്"എക്സാം എന്നാണ്." ഇങ്ങനെ പല ചോദ്യങ്ങൾക്കും  ദേവിക മറുപടി പറഞ്ഞു. അപ്പോഴാണ് മറ്റൊരാൾ ചോദിച്ചത്, "എന്റെ അനിയത്തി ദേവികയുടെ ക്ലാസ്സിലായിരിക്കുമല്ലോ.. കൃഷ്ണപ്രിയയെ അറിയുമോ?"

"ഉവ്വല്ലോ.. പ്രിയ എന്റെ ഫ്രണ്ടാണ്. ഞങ്ങൾ അടുത്തടുത്താണ് ഇരിക്കുന്നത്." ചോദിച്ചയാളിനെ  നോക്കി ദേവിക മറുപടി പറഞ്ഞു.

"ഇവർ എന്റെ ഫ്രണ്ട്‌സ് ആണ്. ഇവൻ അർജ്ജുൻ"ചോദിച്ചയാളെ സന്ദീപ് അവൾക്കു പരിചയപ്പെടുത്തി.
"ഇവൻ ഹരിശങ്കർ. ഞങ്ങൾ മൂന്നുപേരും ഒന്നിച്ചു പഠിച്ചു. ഇപ്പോൾ ഒന്നിച്ചു ജോലി ചെയ്യുന്നു."അടുത്തിരുന്ന ആളെയും സന്ദീപ് പരിചയപ്പെടുത്തി. ദേവിക രണ്ടുപേർക്കും പുഞ്ചിരി സമ്മാനിച്ചു.
  
"ഇതെല്ലാം ഇവിടെ ഇപ്പോൾ ഉണ്ടാക്കിയതാണ് അല്ലേ ജയേ?" ഉണ്ണിയപ്പം കഴിക്കുമ്പോൾ സന്ദീപേട്ടന്റെ അമ്മ, തന്റെ അമ്മയോടു ചോദിച്ചു. "അതിന്റെ സ്വാദ് പ്രത്യേകം അറിയാം.
ഇപ്പോഴെല്ലാടത്തും ബേക്കറി പലഹാരങ്ങളല്ലേ?"അവർ പറഞ്ഞു. 
 
"ഞങ്ങൾ കഴിയുമെങ്കിൽ ഇവിടെത്തന്നെ ഉണ്ടാക്കും."അമ്മ പറഞ്ഞു. 
"ഞാൻ ബേക്കറി പലഹാരങ്ങൾ അധികം പ്രൊമോട്ട് ചെയ്യാറില്ല. ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കും. ആരോഗ്യത്തിനു ഇത്രേം ഹാനികരമായ വസ്തുക്കൾ. ഇപ്പോഴത്തെ കുട്ടികൾക്ക് ബേക്കറി മതിയല്ലോ."
അച്ഛൻ പറയുന്നു.
   
സംസാരത്തിനിടയിൽ ദേവിക മെല്ലെ അവിടെ നിന്നും പിൻവാങ്ങി. പിന്നീട് അവർ പോയപ്പോൾ സന്ധ്യയായി. എന്നാൽ അന്നു രാത്രിയിൽ എല്ലാവരും അത്താഴത്തിനിരുന്നപ്പോൾ സന്ദീപ് പറഞ്ഞ വാർത്ത കെട്ട് ദേവിക ഞെട്ടിപ്പോയി.

(തുടരും )

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ