mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 19

ദേവികയുടെ കരച്ചിൽ കണ്ട് എല്ലാവർക്കും വിഷമമായി. ദേവരാജൻ മകളെ ചേർത്തു പിടിച്ചു. ജയയും  എഴുന്നേറ്റു അവളുടെ അടുത്തേയ്ക്കു വന്നു. കൊച്ചു കുട്ടിയെ പ്പോലെ ദേവിക ഏങ്ങലടിച്ചു കരഞ്ഞു.
അപ്പോഴേക്കും ഉണ്ണിക്കുട്ടനും അവരുടെയടുത്തേക്കു വന്നു. അവന്റെ മുഖവും മ്ലാനമായിരുന്നു.

"ദേവൂ... കരയാതിരിക്ക്!" അവൻ പറഞ്ഞു.
"അച്ഛൻ പോയി വേഷം മാറി ഫ്രഷ് ആയിട്ടു വരൂ. ബാക്കി ഞാൻ പറയാം. അമ്മേ ഞങ്ങൾ ഊണു കഴിച്ചിട്ടില്ല. ശ്രീരാഗിന്റെ അമ്മ തന്ന കാപ്പി കുടിച്ചതാണ്", ഉണ്ണിക്കുട്ടൻ പറഞ്ഞു.
"എന്നാൽ ഊണു വിളമ്പട്ടേ മോനേ?" അമ്മ ചോദിച്ചപ്പോൾ അവൻ വേണ്ടെന്ന് തലയാട്ടി.
"ഇനി ഇത്രയും സമയമായില്ലേ? എനിക്കൊരു ചായ മതി", അവൻ പറഞ്ഞു.
"എനിക്കും ഊണു വെണ്ട. കടുപ്പത്തിൽ ഒരു ചായ തന്നാൽ മതി" ദേവരാജനും പറഞ്ഞു. "എന്നാൽ ഞാൻ പോയി വേഷം മാറ്റട്ടെ"
ദേവരാജൻ മുറിയിലേക്കു പോയി.

അമ്മ അടുക്കളയിലേക്ക് പോകാനെഴുന്നേറ്റപ്പോൾ ദേവു കരഞ്ഞു.
"പോകല്ലേ അമ്മേ... ശ്രീയേട്ടൻ എന്തു പറഞ്ഞുവെന്ന് പറയൂ ഏട്ടാ." ദേവു പറഞ്ഞു.
"മോളേ...ഒട്ടും നല്ല വാർത്തയല്ല പറയാനുള്ളത്. ശ്രീരാഗിന്റെ ഇടതു കണ്ണിന്റെ കാഴ്ച പൂർണ്ണമായി തിരിച്ചു കിട്ടുമോ എന്ന കാര്യം സംശയമാണ്. അപകടം നടന്നു രണ്ടു മാസത്തോളം മിലിട്ടറി ഹോസ്പിറ്റലിൽ ആയിരുന്നു. കണ്ണിന് ഒരു സർജറി കഴിഞ്ഞു. ചിലപ്പോൾ ഒരു സർജറി കൂടി വേണ്ടി വന്നേക്കാം."
ദേവുവിന്റെ കാര്യവും ശ്രീരാഗ് ചോദിച്ചു.
"എക്സാം കഴിഞ്ഞില്ലേ..? ദേവൂട്ടിക്കു സുഖമല്ലേ?"എന്നു ചോദിച്ചപ്പോൾ ശ്രീരാഗിന്റെ സ്വരം വിറച്ചിരുന്നു.
"ഞങ്ങൾ വന്ന കാര്യം പറഞ്ഞപ്പോൾ അവൻ സങ്കടം കൊണ്ടു വിങ്ങിപ്പൊട്ടി...! ദേവികയുടെ എക്സാം കഴിയുമ്പോൾ വിവാഹലോചനയുമായി വരാൻ കാത്തിരിക്കുകയായിരുന്നു അവർ."
ശ്രീക്കുട്ടൻ തന്നെഎടുത്ത തീരുമാനമാണ് ദേവികയെ വിളിക്കണ്ട എന്നുള്ളത് എന്ന് ശ്രീരാഗിന്റെ അമ്മ പറഞ്ഞു.
"ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു. എന്റെ മകൾ ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ അവൾക്ക് വളരെ നല്ല ഒരു വിവാഹലോചന വന്നു. അപ്പോഴാണ് അവൾ പറയുന്നത് അവൾ ശ്രീയേട്ടനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന്. അവൾ അവളുടെ അമ്മയോടു പോലും ഒന്നും പറഞ്ഞിരുന്നില്ല." എന്ന് അച്ഛൻ പറഞ്ഞു.

"ഇനി അവളോട് എന്നെ മറന്നേക്കാൻ പറയൂ ദേവൂട്ടിയുടെ അച്ഛാ. ദേവുവിന് ഞാൻ ചേരില്ല. അതാണ്‌ ഞാനവളെ വിളിക്കാത്തത്." എന്നാണു ശ്രീരാഗ് പറഞ്ഞത്. നിനക്ക് ഇപ്പോൾ വന്നിരിക്കുന്ന വിവാഹം  നടടക്കട്ടെയെന്നാണ് ശ്രീരാഗിന്റെ അഭിപ്രായം. ഏട്ടൻ പറഞ്ഞതു കേട്ടപ്പോൾ ദേവു ചെവികൾ പൊത്തിക്കൊണ്ട് കരഞ്ഞു. "ഇല്ല..., ശ്രീയേട്ടൻ അങ്ങനെ പറയില്ല. എന്നെ മറക്കാൻ ശ്രീയേട്ടന്നു കഴിയില്ല. എന്നോട് അത്ര ഇഷ്ടമുണ്ട്. എനിക്കങ്ങോട്ടും. ഞങ്ങളെ തമ്മിൽ പിരിക്കാൻ ആർക്കും കഴിയില്ല." അവൾ വാശിയോടെ പറഞ്ഞു.

അപ്പോഴേക്കും വേഷം മാറി മേലുകഴുകി ദേവരാജൻ ഊണു മുറിയിലേക്കു വന്നു. ചായ എടുക്കാനായി അമ്മ അടുക്കളയിലേക്ക് പോയപ്പോൾ അവൾ അച്ഛന്റെ തോളിൽ മുഖമമർത്തി തേങ്ങിക്കരഞ്ഞു.
"മോളേ... യാഥാർഥ്യം ഉൾക്കൊള്ളണം" ദേവരാജൻ പറഞ്ഞു. "ഇനിയും വളരെ നാളത്തെ ചികിത്സ ആവശ്യമാണ്‌ ശ്രീരാഗിന്. അത്രയും നാൾ നിന്റെ വിവാഹം നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല. ശ്രീരാഗിന്റെ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടുമോ എന്നും ഉറപ്പില്ല. അറിഞ്ഞുകൊണ്ട് ഒരു ആപത്തിലേക്ക് എന്റെ മകളെ തള്ളിയിടാൻ അച്ഛൻ തയ്യാറല്ല ദേവൂട്ടീ..."

"വിവാഹം കഴിഞ്ഞിട്ടാണ് ഇങ്ങനെ വന്നതെങ്കിലോ അച്ഛാ? അപ്പോൾ നമ്മൾ ഈ കാരണം പറഞ്ഞു ബന്ധം വേണ്ടെന്നു വയ്ക്കുമോ?" ദേവു കണ്ണീരോടെ ചോദിച്ചു.
"ഏട്ടനും ചിന്തിച്ചു നോക്കണം. അപകടം ആർക്കും എപ്പോഴും സംഭവിക്കാം. ആപത്തിൽ ഉപേക്ഷിക്കുന്നത് നല്ല മനുഷ്യർക്കു ചേരുന്നതാണോ?" അവൾ ഏട്ടനോടും ചോദിച്ചു.
ഉണ്ണിക്കുട്ടനും ഉത്തരം മുട്ടി.

"അതിനു വിവാഹം കഴിഞ്ഞില്ലല്ലോ മോളേ..., നമ്മുടെ പരദേവതമാരുടെ അനുഗ്രഹം കൊണ്ടാണ് എന്റെ മോൾ ആപത്തിൽ നിന്നും രക്ഷപ്പെട്ടത്." ദേവരാജൻ പറഞ്ഞപ്പോൾ ദേവു കണ്ണീർ തുടച്ച് തലയുയർത്തി അച്ഛനെ നോക്കി.
"അതാണോ നീതി? ദൈവങ്ങൾ നീതിയില്ലായ്മ ചെയ്യില്ല.
ശ്രീയേട്ടൻ സുഖം പ്രാപിച്ചു വരട്ടെ. അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ചയും തിരിച്ചു കിട്ടും. പരദേവതമാർക്ക് എന്നും തിരിവച്ചു പ്രാർത്ഥിക്കുന്നത് ഞാനല്ലേ അച്ഛാ.?" അവൾ ചോദിച്ചു. ദേവരാജന് മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല.

അമ്മ ചായയും, ശർക്കരയും തേങ്ങയും അകത്തു വച്ച ഇലയടയുമായി വന്നപ്പോഴും ദേവരാജൻ മകളെ ചേർത്തു പിടിച്ചിരിക്കുകയായിരുന്നു. ഏട്ടൻ എഴുന്നേറ്റു കപ്പുകളിലേക്കു ചായ പകരുന്നതും അമ്മ പ്ലേറ്റുകളിൽ ഇലയടയും ഏത്തക്കായ ഉപ്പേരിയും വിളമ്പുന്നത് ദേവു നിർവ്വികാരമായി നോക്കിയിരുന്നു. പിന്നെ എല്ലാവരോടുമായി പറഞ്ഞു.. "ഏട്ടന്റെ വിവാഹം ആദ്യം നടക്കട്ടെ. ഞാൻ ശ്രീയേട്ടനെ മാത്രമേ കല്യാണം കഴിക്കൂ. എന്തു സംഭവിച്ചാലും ഞാൻ മറ്റൊരു കല്യാണത്തിന് സമ്മതിക്കില്ല. അതിനുള്ള സ്വാതന്ത്ര്യമെങ്കിലും എനിക്കു തരണം." അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.

"അതിന് നമ്മളല്ലല്ലോ വേണ്ടെന്നു തീരുമാനിച്ചത്. ശ്രീരാഗ്‌ തന്നെയല്ലേ... ദേവൂട്ടിക്കു വേറെ വിവാഹം ആലോചിക്കാൻ പറഞ്ഞത്?" ദേവരാജൻ ദുർബ്ബലമായി  വാദിച്ചു. അത് ശ്രീയേട്ടൻ എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടു പറഞ്ഞതാണ്. അതിലും സ്നേഹം എനിക്ക് അങ്ങോട്ടുമുണ്ട്. ഞാൻ ഒരിക്കലും എന്തു വന്നാലും ശ്രീയേട്ടനെ ഉപേക്ഷിക്കില്ല." അവൾ വീണ്ടും പറഞ്ഞു.
ദേവരാജൻ അദ്‌ഭുതത്തോടെ കേട്ടിരുന്നു. താൻ ഇത്രയും നാൾ കൊച്ചുകുട്ടിയെപ്പോലെ ലാളിച്ചു കൊണ്ടിരുന്ന തന്റെ മകൾ... അവൾ എത്ര മാത്രം വളർന്നിരിക്കുന്നു. എത്ര വേഗത്തിലാണ് അവൾ ഉറച്ച തീരുമാനം കൈക്കൊണ്ടത്? അവൾ പറയുന്നതു തന്നെയാണു ശരിയെന്നും ദേവരാജനു തോന്നി. ഉണ്ണിക്കുട്ടനും അദ്‌ഭുതമായിരുന്നു. ദേവുവിന് ശ്രീരാഗിനോട് ഇത്ര ആത്മ ബന്ധമുണ്ടായിരുന്നോ? തന്റെ അനിയത്തി പറയുന്നതാണ് ന്യായം. ആത്മാർത്ഥമായ സ്നേഹമാണ് അവൾക്കുള്ളത്. ശ്രീരാഗിനും അവളോട് അങ്ങനെ തന്നെയാണ്.     ഹൃദയവേദനയോടെയാണ് ദേവുവിനു വന്നിരിക്കുന്ന ആലോചന നടത്തിക്കൊള്ളാൻ ശ്രീരാഗ് പറഞ്ഞത്.

ഈ പ്രശ്നത്തിന് എന്താണൊരു പരിഹാരം എന്നാണ് അവൻ ചിന്തിച്ചത്
(തുടുരും )

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ