mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Molly George)

"നീനാ .. ഇന്നും ഞാനാ സ്വപ്നം കണ്ടു. 

"ഓ.. ഇന്നലെ കണ്ടതിൻ്റെ ബാക്കിയാണോ?"

"ബാക്കിയാണോ എന്ന് ചോദിച്ചാൽ  ആ വീടും, പരിസരവും, വീട്ടിലേക്കുള്ള വഴിയും പുഴയും അവിടെയുള്ള തൊഴുത്തും ഒക്കെ ഞാൻ സ്വപ്നം കണ്ടു."

"എൻ്റെ  പ്രിയേ നീ ഇങ്ങനെ  എന്നും  സ്വപ്നം കാണുന്നത് എങ്ങനാടീ, എനിക്കൂടെ ഒന്നു പറഞ്ഞു തരുമോ?" 

"നീനാ.. എല്ലാമറിയുന്ന നീ ഇങ്ങനെ പറയുന്നതാ എനിക്ക്  സങ്കടം. ഒരാഴ്ച മുൻപ് വരെ ഞാൻ എന്നെങ്കിലും നിന്നോട് സ്വപ്നത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? ഇല്ലല്ലോ.. ഒരാഴ്ചയായിട്ടേയുള്ളൂ ഞാൻ ഇങ്ങനെ അടുപ്പിച്ച് സ്വപ്നം കാണാൻ തുടങ്ങിയിട്ട്.  ഒരു വീടും ആ വീട്ടിൽ ഉള്ള ആൾക്കാരെയും തന്നെ സ്വപ്നം കാണുന്നത് എന്താണാവോ?"

"നീ നിൻ്റെ അമ്മയോട് പറഞ്ഞോ?"

"ഇല്ല..അമ്മയോട് പറഞ്ഞാൽ  അമ്മയ്ക്ക് സങ്കടമാവും. അമ്മ പേടിക്കും." 

"ഞാൻ   ഒന്നാലോചിച്ചു നോക്കട്ടെ. എന്താ ഇതിനൊരു പോം വഴിയെന്ന്?"

ചൂണ്ടുവിരൽ കവിളിൽ ചേർത്തു വെച്ച് നീന ഗഗനമായ ചിന്തയിൽ മുഴുകി.  ഇടയ്ക്കിടെ ആകാശത്തേയ്ക്കു നോക്കുകയും എന്തൊക്കെയോ കൈ കൊണ്ട്  ആംഗ്യം കാണിക്കുകയും ചെയ്തു കൊണ്ടിരുന്നു.

പ്ലസ്ടു വിദ്യാർത്ഥിനികളായ പ്രിയദർശിനിയും  നീനാസുന്ദറും അടുത്ത ചങ്ങാതിമാരാണ്. ഒരാഴ്ചയായി പ്രിയ ആകെ ടെൻഷനിലാണ്. നീന അരികിലെത്തിയാലുടൻ അവൾ  അന്നു കണ്ട സ്വപ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതും വളരെ വിചിത്രമായ സ്വപ്നം. സ്വപ്നത്തിൽ പ്രിയ ഒരു ഭാര്യയാണ്. ഭർത്താവും രണ്ടു മക്കളുമുള്ളവൾ. ഭർത്താവ് ജോയിച്ചന്  വയസ് അൻപതിനോടടുത്ത്. മൂത്തത് മോൻ  മാർട്ടിൻ. ഇളയത് മരിയമോൾ.  ഒരു മാസത്തിനുള്ളിൽ അവളുടെ വിവാഹമാണ്.  മരിയയുടെ വിവാഹത്തിനു മുൻപായി പ്രിയ ആ വീട്ടിലേയ്ക്കു ചെല്ലണമെന്ന്   ഭർത്താവ് ആവശ്യപ്പെടുന്നു.   അടുത്ത ദിവസങ്ങളിൽ  മക്കളും അതു തന്നെ  ആവശ്യപ്പെടുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ആ വീടും പരിസരവുമെല്ലാം അവൾ നേരിട്ടെന്നതു പോലെ സ്വപ്നത്തിൽ കാണുന്നു. ഓരോ ദിവസത്തെയും സ്വപ്ന വിശേഷങ്ങൾ എല്ലാം അവൾ നീനയെ വിശദമായി അറിയിക്കാറുണ്ട്.  സ്ക്കൂൾ കോമ്പൗണ്ടിലെ ഗുൽമോഹർ മരച്ചുവട്ടിലെ അരമതിലിൽ ഇരുന്നു കൊണ്ട് നീന ചോദിച്ചു.

"പ്രിയാ.. നമുക്കൊരു കാര്യം ചെയ്താലോ?   ഒരു ദിവസം ആ വീട്ടിലേക്ക് ഒന്നു പോയാലോ?"

"അയ്യോ.. അങ്ങോട്ടോ? അതു വേണ്ട."

"എന്തേ.. നിൻ്റെ കെട്ട്യോനേയും മക്കളേയും നിനക്ക് കാണണമെന്നില്ലേ?"

"നീനാ..." അൽപ്പം ദേഷ്യത്തിൽ തന്നെ  പ്രിയ വിളിച്ചു.

"സോറി മോളൂ .. ഞാനൊരു തമാശ പറഞ്ഞതല്ലേ!"

"നീനാ...  നീ പറയും പോലെ ആദ്യമൊക്കെ എൻ്റെ തോന്നലാവാം എന്നു ഞാൻ കരുതി. പക്ഷേ  ഞാൻ കണ്ടതെല്ലാം സത്യം തന്നെയാണ്. എല്ലാ ദിവസവും ആ മനുഷ്യൻ്റെ മുഖം ഞാൻ കാണുന്നു. അയാളാകെ എന്തോ വലിയ  സങ്കടത്തിലാണ്.  മകളുടെയും മകൻ്റെയും ആശങ്കകളും അവരുടെ മുഖത്ത് കാണാം.  വീടും, പരിസരവും എനിക്ക് നല്ല പരിചിതമായി തോന്നുന്നു.   ഞാനാ വീട്ടിലെ ജോലികളൊക്കെ ചെയ്യുന്നതായും കാണുന്നു. ശരിക്കും പറഞ്ഞാൽ  ഒരു ചമ്മന്തി  അരയ്ക്കാൻ പോലും അറിഞ്ഞു കൂടാത്ത  ഞാൻ എന്നും  അവർക്ക് കപ്പയും,  ഇറച്ചിക്കറിയും,  മീൻ കറിയും   ഉണ്ടാക്കി കൊടുക്കുന്നു.   തന്നെയുമല്ല എല്ലാ ദിവസവും ഞങ്ങൾ അവിടെ സന്ധ്യ പ്രാർത്ഥന ചൊല്ലുകയും, 'നിത്യ വിശുദ്ധയാം കന്യാമറിയമേ..' എന്ന പാട്ടുപാടുകയും ചെയ്യും. 53 മണി ജപമാല, ഞാനാണ് ആ  പ്രാർത്ഥന നയിക്കുന്നത്. "

"ഓഹോ.. നിനക്ക് 53 മണി ജപമാല ഒക്കെ ചൊല്ലാനറിയാമോ? കേൾക്കട്ടെ."

 "അളവില്ലാത്ത സകല നന്മ സ്വരൂപനായിരിക്കുന്ന  സർവ്വേശ്വരാ കർത്താവേ.. എളിയവരും നന്ദിയറ്റ ..."  പ്രിയ യാതൊരു തടസവുമില്ലാതെ വെള്ളം പോലെ ചൊല്ലുവാൻ തുടങ്ങി.

 "മതി മതി.. നീ ഇത് എങ്ങനെ പഠിച്ചു?"

"നീനാ സത്യമായിട്ടും ഞാൻ പഠിച്ചിട്ടില്ല. ഞാൻ ഇന്നലെ സന്ധ്യാപ്രാർത്ഥന ചൊല്ലുന്നത് സ്വപ്നത്തിൽ കണ്ടതാണ്. പക്ഷേ അത് അങ്ങനെ  കാണാതെ പഠിച്ചു എന്ന് എനിക്കറിയില്ല."

"പ്രിയാ.. ഞാനൊരു പോംവഴി  പറയാം. നീ അത് അനുസരിച്ചാൽ മാത്രം മതി."

 "എന്താ പോംവഴി ?" പ്രിയ ഉദ്വേഗത്തോടെ ചോദിച്ചു. 

"ശനിയാഴ്ച സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങാം. നമുക്ക്  അവിടെ പോയി ആ വീടും പരിസരവും ഒക്കെ കണ്ടിട്ട് തിരിച്ചു പോരാം. ഇനി  നമ്മളെ ആരേലും കണ്ടാൽ പോലും നീ ആരെന്ന് അവർ  തിരിച്ചറിയില്ല."

"അതു വേണോ നീനാ?" ആശങ്കയോടെ പ്രിയ ചോദിച്ചു.

"നീ ഇനി ഒന്നും പറയേണ്ട.  ശനിയാഴ്ച കുറച്ചു നേരത്തെ വീട്ടിൽ നിന്നും ഇറങ്ങണം.  എട്ടു മണിയുടെ ബസിന് പോകാം.

ഞാൻ ഗൂഗിളിൽ നോക്കി അങ്ങോട്ടുള്ള റൂട്ട് ഒക്കെ ഒന്ന് പഠിക്കട്ടെ."

"നീനാ വഴിയൊക്കെ എനിക്കറിയാം. നീലഗിരി  മേരിമാതാ പള്ളി ജംഗ്ഷനിൽ ബസിറങ്ങി കുമാരേട്ടൻ്റെ ചായക്കട കഴിഞ്ഞ്  വലത്തോട്ടുള്ള വഴിയേ പോണം. അവിടുന്ന് രണ്ടു ഫർലോംഗ് ദൂരം മാത്രം."

ചിരപരിചിതയെപ്പോലെ അവൾ പറഞ്ഞു. 

"നീലഗിരിയ്ക്ക് ഇവിടുന്ന് ഏകദേശം അറുപത് കിലോമീറ്റർ ദൂരം കാണും."

കഴിഞ്ഞ ദിവസം ഗൂഗിളിൽ സേർച്ചു ചെയ്ത വിവരങ്ങൾ മറച്ചു വച്ചു കൊണ്ട് നീന പറഞ്ഞു.

"അറുപതൊന്നുമില്ല.. കൃത്യം അൻപത്തിരണ്ടുകിലോ മീറ്റർ." കൃത്യതയോടെ പ്രിയ പറഞ്ഞു.

നീന എല്ലാം ശാസ്ത്രീയമായ തെളിവുകളോടെ പറഞ്ഞാലും അതിനെയെല്ലാം സ്വപ്നദർശനത്തിൻ്റെ അറിവിൽ പ്രിയ ഖണ്ഡിയ്ക്കും. അവൾ പറയുന്നതെല്ലാം ശരിയായി തന്നെ  നീനയ്ക്കും തോന്നാറുണ്ട്. 

പക്ഷേ.. അവളുടെ സംസാരം കേട്ടതു കൊണ്ട്  മനസിൽ കേട്ടു പതിഞ്ഞ ആ നാടും വീടും വീട്ടുകാരേയും കാണാൻ വല്ലാത്ത കൊതി തോന്നുന്നു. തൻ്റെ സ്വപ്നങ്ങൾക്ക് ഒരുത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ പ്രിയ നീനയെ അനുസരിക്കാൻ തയ്യാറായി. ശനിയാഴ്ച നീലഗിരിയ്ക്ക് പോകാനുറച്ച് അവർ പിരിഞ്ഞു.

തുടരും 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ