ഭാഗം -10
ഒരു ഭർത്താവ് തന്റെ ഭാര്യയോട് നിനക്ക് മാറ്റാരോടെങ്കിലും അടുപ്പമുണ്ടോയെന്ന് ചോദിക്കുന്നത് ഏതവസരത്തിലാണ്. അതും വളരെ ശാന്തമായി, താഴ്മയോടെ... തന്റെ ഭർത്താവിന് എങ്ങനെ ഇത്ര സമാധാനത്തോടെ ഇടപെടാൻ കഴിയുന്നു. ശബാനയ്ക്ക് അത്ഭുതം തോന്നി.
ഒരാൾ ഒരു മതിൽക്കെട്ട് തകർത്തുകൊണ്ട് പരിക്കേറ്റ ശരീരവുമായി മറ്റൊരിടത്തേയ്ക്ക് ഓടിയണയാൻ ശ്രമിക്കുന്നതെപ്പോഴായിരിക്കും? മതിൽക്കെട്ടിനുള്ളിലെ സ്നേഹത്തിന്റെ കുറവ് മൂലമോ? അതോ മതിലിനു പുറത്തെ സ്നേഹാധിക്യം കൊണ്ടോ?
ഷമീർ നെഞ്ചിൽ കൈവെച്ചുകൊണ്ട് കസേരയിൽ ചാരിക്കിടന്നു. തന്റെ കുടുംബജീവിതം എവിടേയ്ക്കാണ് നിയന്ത്രണമറ്റുപോകുന്നതെന്ന് അവൻ ഭയപ്പെട്ടു. ബ്രോക്കർ വഴി ശബാനയുടെ വിവാഹാലോചന വന്നതും, ഫോട്ടോ കണ്ടമാത്രയിൽ തന്നെ പെണ്ണിനെ ഇഷ്ടമായതും, പൊയിക്കണ്ട് വിവാഹമുറപ്പിച്ചതും, വിവാഹം നടന്നതുമൊക്കെ ഒരു നിറംമങ്ങിയ ചിത്രംപോലെ അവന്റെ മനസ്സിൽ തെളിഞ്ഞു. എവിടെയാണ് തനിക്ക് തെറ്റുപറ്റിയതെന്ന് അവൻ ആലോചിക്കാൻ തുടങ്ങി. വിവാഹം കഴിഞ്ഞിന്നോളം ശബാനയുടെ സ്വാതന്ത്ര്യത്തിൽ അമിതമായി കടന്നുകയറിയിട്ടില്ല. ഭാര്യയ്ക്ക് വളരെയധികം സ്വാതന്ത്ര്യം നൽകിയിരുന്ന ഒരു ഭർത്താവായിരുന്നു താൻ. പിന്നെ എവിടെവെച്ചാണ് തനിക്ക് തെറ്റുപറ്റിയത്? എത്ര ചിന്തിച്ചിട്ടും ഷമീറിന് ഒരുത്തരം കണ്ടെത്താനായില്ല.
ഈ രാത്രികൂടി കഴിഞ്ഞാൽ ഇന്നത്തെ ദിവസം അവസാനിച്ചുകൊണ്ട് നാളെ പുതിയ പുലരി വിടരും. പക്ഷേ, മനസ്സിൽ കടന്നുകൂടിയ ചിന്തകൾ മനസ്സിനെവിട്ടുപോകില്ല. ചിന്തകൾക്ക് രാവെന്നോ പകലെന്നോ ഇല്ല. ഏതുസമയത്തും അത് മനുഷ്യനൊപ്പം ഉണ്ടാവും.
ശബാനയ്ക്ക് ഉറക്കം വന്നില്ല. അവളുടെ മനസ്സുനിറച്ചും സമദിന്റെ മുഖമായിരുന്നു. ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയിരിക്കുമ്പോൾ അവൾ സമദുമായി ചിലവഴിച്ച നിമിഷങ്ങളെക്കുറിച്ചോർക്കുകയായിരുന്നു. എത്ര സുന്ദര നിമിഷങ്ങളായിരുന്നു അത്. താൻ മറ്റൊരാളായി മാറുന്നതുപോലെ. സമദിന് മാത്രമേ തന്നെ സന്തോഷവതിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന സത്യം അവൾ തിരിച്ചറിഞ്ഞു. സമദ് തന്നെ വിളിച്ചിരിക്കുന്നു... അവനൊപ്പം ജീവിക്കാൻ. ഷമീറിനോട് താൻ എന്ത് പറയും? ഷെമിമോളോട് എന്തുപറഞ്ഞു മനസ്സിലാക്കും? കുടുംബക്കാരും, സമൂഹവും തന്നെ എന്തുപേരിട്ടു വിളിക്കും? തന്റെ കുടുംബത്തിൽ ബാപ്പയെയും, ഉമ്മയെയും ആളുകൾ കളിയാക്കി കൊല്ലും. ഒരുപക്ഷെ, മാനക്കേട് മൂലം അവർ ജീവിതം തന്നെ അവസാനിപ്പിച്ചെന്നു വരും.
ഉറങ്ങാതെ കണ്ണടച്ച് ഓർമ്മകളിൽ മുഴുകി കിടക്കുകയായിരുന്നു ഷമീർ. ഇടയ്ക്കെപ്പോഴോ അവൻ കണ്ണുകൾ തുറന്നുനോക്കുമ്പോൾ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയിരിക്കുന്ന ശബാനയെ കണ്ടു.
"ചിന്തിച്ചു തീർന്നെങ്കിൽ കിടന്നുകൂടെ?"
അപ്രതീക്ഷിതമായി ഷമീറിന്റെ ശബ്ദം പെട്ടെന്ന് കേട്ടപ്പോൾ ശബാന ഒരുനിമിഷം ഞെട്ടി. കണ്ണുനീർ നനവ്‌പറ്റിയ മുഖം ശാളിന്റെ തുമ്പുകൊണ്ട് തുടച്ചു. എന്നിട്ട് മെല്ലെ എഴുന്നേറ്റുചെന്ന് കട്ടിലിൽ ഷെമിമോളോട് ചേർന്ന് കിടന്നു.
സമദുമായി വീണ്ടും അടുത്തതിൽപിന്നെ ശബാന ഷമീറിനോട് ശാരീരികമായി ബന്ധം പുലർത്തിയിട്ടില്ല. ഷമീർ അതിനായി സമീപിക്കുമ്പോഴൊക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് അവൾ ഒഴിഞ്ഞുമാറി. പിന്നെ അത് സ്ഥിരമായി. അതോടെ ഷമീർ അവളെ സമീപിക്കാതെ കിടന്നുറങ്ങാൻ തുടങ്ങി.
"ശബാനാ..."
ഷമീർ വിളിച്ചു.
"ഉം..."
അവൾ മൂളി.
ശാന്തമായി ഒരു വിളി, അതിലും ശാന്തമായി ഒരു മറുപടി... മൂളൽ.
"നിന്റെ മനസ്സിൽ കടന്നുകൂടിയവൻ ആരാണ്... എന്നേക്കാൾ മികച്ചവൻ?"
വളരെ ശാന്തമായാണ് അവൻ അത് ചോദിച്ചത്.
"മികച്ചവനാണോ... ആയിരിക്കണമല്ലോ അല്ലെങ്കിൽ പിന്നെ..."
"സമദ് തന്നെയല്ലേ?"
ഷമീർ ചിരിച്ചുകൊണ്ട് ചോദിച്ചു.
ശബാന മൗനം പാലിച്ചുകിടന്നു.
"എനിക്ക് മനസ്സിലാവും."
രണ്ടു കുഞ്ഞുങ്ങൾ ജന്മമെടുത്തു. അവർ വളർന്നു വലുതായി. അവർ കോളേജിലെത്തി. പരസ്പരം പ്രണയിച്ചു. രണ്ടു ചിത്രശലഭങ്ങളെപ്പോലെ അവർ പാറിനടന്നു. പരസ്പരം തേൻന്നുകർന്നു. അതിൽ ഒരു ചിത്രശലഭം അതിന്റെ ഇണയെ വഞ്ചിച്ചു.
ഷമീറിന് വല്ലാതെ വെറുപ്പ് തോന്നി.
"ഒരു പിഴച്ചവളെയാണല്ലോ ഞാൻ... വിവാഹം കഴിച്ചത്."
അൽപ്പം കടുപ്പിച്ചെന്നോണം പറഞ്ഞിട്ട് അവൻ എഴുന്നേറ്റ് മുറിക്ക് പുറത്തേയ്ക്ക് നടന്നു.
ശബാനയുടെ മനസ്സ് വെന്തുരുകുകയാണ്. അതിന്റെ ചൂടിൽ ആന്തരികാവയവങ്ങൾ ചുട്ടുപൊള്ളുന്നു. സർവവും വേവുകയാണ്. കരളു പൊള്ളി. ആ രക്തം കണ്ണുനീരായി പുറത്തേയ്ക്ക് വന്നു.
മണിക്കൂർ ഒന്നായിട്ടും ഷമീർ മുറിയിലേയ്ക്ക് തിരികെ വന്നില്ല. അവൻ പുറത്തെവിടെയെങ്കിലും കിടന്നിട്ടുണ്ടാവുമെന്ന് അവൾ കരുതി. പുലർച്ചെയാകുമ്പോൾ എന്തുചെയ്യുമെന്നറിയാതെ അവൾക്ക് ചെറിയ ഭയം തോന്നി. ഇനി എങ്ങനെ ഈ വീട്ടിൽ കഴിഞ്ഞുകൂടും? മോൾക്കൊപ്പം എങ്ങനെ കഴിയാനാവും? ഷമീറിന്റെ പെരുമാറ്റം ഏതുവിധമാവും? താൻ ഭർത്താവിനോട് കാര്യങ്ങൾ തുറന്നുസമ്മതിച്ചത് നന്നായി. എന്നായാലും അറിയാനുള്ളതാണല്ലോ എല്ലാം. കാരണം സമ്മദുമായി വീണ്ടും അടുപ്പത്തിലായതിനുശേഷം ഒരുതവണപോലും തനിക്ക് ഷമീറിനെ തൃപ്തിപ്പെടുത്താനായിട്ടില്ല. അതുകൊണ്ടുതന്നെ സംശയാലുവായ അവൻ തന്നെ ചോദ്യം ചെയ്‌തെന്നുവരും. ചിലപ്പോൾ മാനസിക രോഗത്തിന് ചികിത്സ തേടിയെന്നുവരും. അന്നറിയുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഈ തുറന്നുപറച്ചിൽ.
ചിന്തകളും ഓർമ്മകളും കൂടി ഒരുപാട് ദൂരം സഞ്ചരിച്ചിട്ട് യാത്ര അവസാനിപ്പിച്ചു. അപ്പോൾ ആ രാത്രി വിടപറഞ്ഞുകഴിഞ്ഞിരുന്നു. ഒട്ടും സന്തോഷമില്ലാത്ത ഒരു പ്രഭാതം. തലേ രാത്രി ചെന്നുകിടന്ന സെറ്റിയിൽ നിന്ന് ഷമീർ മെല്ലെ എഴുന്നേറ്റു. തുടർന്ന് ബെഡ്റൂമിലേയ്ക്ക് നടന്നു. വാതിൽ ചാരിയിട്ടേയുള്ളൂ. ശബാനയും, ഷെമിമോളും ഉറക്കത്തിലാണ്. അവൻ മെല്ലെ നടന്നു ശബാനയുടെ മുന്നിലെത്തി. ഒരുനിമിഷം അവളുടെ മുഖത്തേയ്ക്ക് അവൻ സൂക്ഷിച്ചുനോക്കി. തലേരാത്രി ഒഴുകിയിറങ്ങിയ കണ്ണുനീർതുള്ളികൾ കവിളിൽ ഉണങ്ങിപ്പിടിച്ചിരിക്കുന്നു. കവിളും, മുഖവുമൊക്കെ വാടിയിരിക്കുന്നു. ശബാനയെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് ഓർക്കാൻപോലും ഷമീറിന് കഴിഞ്ഞില്ല. ശബാന തന്റെയാണ്. തന്റെ പ്രിയ പത്നിയാണ്. ഷെമിമോളുടെ ഉമ്മയാണ്. എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അതൊക്കെയും ക്ഷമിച്ചുകൊണ്ട് അവളെ ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവരണം. അവൻ മനസ്സിൽ കണക്കുകൂട്ടി.
ശബാന കണ്ണുകൾ തുറന്നു. തന്റെ അടുക്കൽ നിൽക്കുന്ന ഷമീറിനെ കണ്ടതും അവൾ മുഖം തിരിച്ചു. ഒന്നും മിണ്ടാൻ നിൽക്കാതെ അവൻ മുറിക്ക് പുറത്തേയ്ക്ക് പോയി. ഒരുമാത്ര ശബാനയ്ക്ക് തന്നെ നോക്കാൻ മടിയുണ്ടാകുമെന്ന് ഷമീറിന് തോന്നി.
പിറ്റേദിവസം ഷമീർ ജോലിക്ക് പോയില്ല. ശബാന മുറിയിലും അടുക്കളയിലുമായി കഴിഞ്ഞുകൂടി. ഷെമി മോൾക്ക് ഭക്ഷണം കൊടുത്തതും കുളിപ്പിച്ചതും മറ്റും ഉമ്മയാണ്.
അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി.
"ശബാന നാളെ നീ എന്റെയൊപ്പം പുറത്തു വരണം. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്."
രാത്രി മുറിയിലേയ്ക്ക് കടന്നുവന്ന ശബാനയോട് ഷമീർ പറഞ്ഞു.
അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ഒന്നും സംസാരിക്കാതെ പോയിക്കിടന്നു. പിറ്റേന്ന് രാവിലെ കാപ്പികുടിയും മറ്റും കഴിഞ്ഞ് ഡ്രസ്സുമാറി ഷെമിമോളോട് യാത്ര പറഞ്ഞുകൊണ്ട് ഷമീറും, ശബാനയും കാറിൽ കയറി.
പതിവിലേറെ ചൂടുള്ള ഒരു ദിവസമായിരുന്നു അന്ന്. നഗരത്തിൽ അന്നുവരെ കാണാത്തവിധം പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. തിരക്കൊഴിഞ്ഞ റോഡിലൂടെ സഞ്ചരിച്ച് തിരക്കുള്ള റോഡിൽ കയറി വീണ്ടും തിരക്കൊഴിഞ്ഞ സ്ഥലത്തെത്തി കാർ നിന്നു.
"ഇന്ന് വർക്കിങ്ങ് ഡേ ആണ്... ജോലിക്ക് പോകണ്ടേ?"
ഷമീറിനെ ശ്രദ്ധിക്കാതെ ശബാന ചോദിച്ചു.
"ഉച്ചകഴിഞ്ഞ് പോകാം."
ഷമീർ മറുപടി പറഞ്ഞു.
തിരക്കിൽ നിന്നൊഴിഞ്ഞ് അവരെത്തിയത് പാർക്കിലെ കോഫീ ഷോപ്പിലെ ഒഴിഞ്ഞ കോണിലുള്ള ബെഞ്ചിലാണ്.
"എനിക്ക് നിന്നോട് സംസാരിക്കാനുള്ളത് ഭർത്താവായിട്ടല്ല... ഒരു നല്ല സുഹൃത്ത് എന്നനിലയിലാണ്."
ഷമീർ പറഞ്ഞുതുടങ്ങിയപ്പോൾ ശബാന മുഖം കുനിച്ചിരുന്നു. അവൻ അവളോട് ചേർന്നിരുന്നുകൊണ്ട് കൈയിൽ കൈവെച്ചു.
"നമുക്ക് എല്ലാം തുറന്നു സംസാരിക്കാം അല്ലെ?"
വാകമരത്തിനുചുവട്ടിലെ ഇരിപ്പിഡത്തിൽ ഇരുവരും മുഖാമുഖം ഇരുന്നു. പാർക്കിനു ചുറ്റുമുള്ള പുൽമൈതാനിയിൽ ഒത്ത നടുക്കായി ഒരു ഗാർഡൻ. അതിലെ പൂക്കളിൽ തേൻ നുകാരനായി പാറിനടക്കുന്ന ചിത്രശലഭങ്ങൾ. ഒഴിവുദിനമല്ലാത്തതുകൊണ്ട് പാർക്കിൽ ഇന്ന് സന്ദർശകർ കുറവാണ്.
തുടരും...