മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം - 16

ബെയറർ ബില്ല് കൊണ്ടുവന്നു. ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് ഡിസ്‌പ്ലെയിൽ തെളിഞ്ഞുനിന്ന ഭാര്യയുടെയും, മകളുടെയും ഫോട്ടോയിലേയ്ക്ക് ഒരിക്കൽക്കൂടി നോക്കിയിട്ട് ഫോൺ ഓഫാക്കി പോക്കറ്റിൽ വെച്ചിട്ട്... ഷമീർ എഴുന്നേറ്റുപോയി കൈ കഴുകി... തുടർന്ന് ബില്ല് പേ ചെയ്തു.

"എങ്കിൽ നമുക്ക് ഇറങ്ങാം..."

അവൻ റൈഹാനയെ നോക്കി പറഞ്ഞു.

"ഉം... പോകാം."

അവൾ ടവ്വലിൽ നനഞ്ഞ കൈ തുടച്ചിട്ട് എഴുന്നേറ്റ് അവനൊപ്പം പുറത്തേയ്ക്ക് നടന്നു.

"ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരുമൊന്ന് മയങ്ങാൻ കിടക്കും. ആ ഒരു ഉറപ്പിലാണ് ഞാൻ ഇത്രനേരവും ചിലവഴിച്ചത്. ഉറക്കമുണരുമ്പോൾ അവിടെ എത്തണം. ഇല്ലെങ്കിൽ പിന്നെ അതുമതി ഇന്നത്തേയ്ക്ക്. നിന്റെയൊരു കല്യാണത്തിനുപോക്ക് എന്നുംപറഞ്ഞു തുടങ്ങും... എരികേറ്റാൻ വീട്ടുകാരും കൂടും."

അവൾ മുഖത്തെ മാസ്ക് വലിച്ച് നേരെയിട്ടുകൊണ്ട് പുറത്തേയ്ക്ക് നടക്കുമ്പോൾ ആവലാതിയോടെ പറഞ്ഞു.

അവനൊരുനിമിഷം അവളെ സ്നേഹത്തോടെ നോക്കി. ആ കണ്ണുകളിലെ ആകുലത അവനെ നൊമ്പരപ്പെടുത്തി .

"ഒരു പരിധിവരെ മാസ്ക് ഉപകാരമായി അല്ലേ... പെട്ടെന്ന് ആരും തിരിച്ചറിയില്ലല്ലോ?"

"അത് സത്യമാണ്..."

അവൾ പുഞ്ചിരിതൂകി.

"എങ്കിൽ ഇനി വൈകണ്ട പുറപ്പെടാം. എങ്ങനെയാണ് മടങ്ങുക... എന്റെയൊപ്പം വീടുവരെ കാറിൽ വരുന്നോ... ഞാൻ കൊണ്ടുവിടട്ടെ?"

അവൻ കുസൃതിയോടെ അവളെനോക്കി.

"അതുവേണോ... വേണ്ടാ. ഞാൻ ഒരു ഓട്ടോറിക്ഷ പിടിച്ചു പോയ്കൊള്ളാം. എന്നെ ഓട്ടോസ്റ്റാൻഡിൽ വിട്ടാൽ മതി."

അവൾ ചിരിച്ചു.

കൂൾബാറിന്റെ മുറ്റത്തുനിന്ന വാകമരത്തിലെ ഞെട്ടറ്റപൂക്കളിൽ ചിലത് അവളുടെ തലയിലെ തട്ടത്തിൽ വന്നുപതിച്ചു.

അതാ... കൂൾബാറിന്റെ കൗണ്ടറിലിരിക്കുന്ന പെൺകുട്ടി അസൂയയോടെയെന്നവണ്ണം തങ്ങളെനോക്കുന്നു.

ഇരുവരും കാറിൽ കയറി. നഗരത്തിലെ ചുട്ടുപഴുത്ത ടാറിങ് റോഡിലെ പൊടിപടലങ്ങൾക്കിടയിലൂടെ ഓട്ടോറിക്ഷ സ്റ്റാൻഡ് ലക്ഷ്യമാക്കി കാറ് പാഞ്ഞു.

"എല്ലാ അർത്ഥത്തിലും സന്തോഷകരമായ ഒരു ജീവിതം ആർക്കും ഉണ്ടാവില്ലല്ലോ അല്ലേ... കുറേയൊക്കെ സ്നേഹവും, പിണക്കവും, അകൽച്ചയും, ദേഷ്യവും, വാശിയും, സംശയവുമൊക്കെ കൂടിക്കലർന്നതാണല്ലോ മനുഷ്യ ജീവിതം."

അവൾ കാറിന്റെ സീറ്റിലിരുന്ന് മുഖം അവന്റെ തോളിന്റെ വശത്തേയ്ക്ക് തിരിച്ചുകൊണ്ട് പറഞ്ഞു.

"അതെ, അതാണ് ജീവിതം... അല്ലാത്തതിന് ജീവിതമെന്നു പറയാനാവില്ലല്ലോ!"

അവൻ കാറിന്റെ കണ്ണാടിയിൽ പതിഞ്ഞ അവളുടെ മുഖം നോക്കിക്കൊണ്ട് ഒരു ധീർഘനിശ്വാസത്തോടെ പറഞ്ഞു.

നഗരത്തിന്റെ ഒഴിഞ്ഞകോണുകൾ പിന്നിട്ട് തിരക്കുപിടിച്ച സ്ഥലത്തെ കവലയിലെത്തിയപ്പോൾ സൈഡുചേർത്ത് അവൻ കാറ് നിറുത്തി.

"ഇതാ... ഓട്ടോസ്റ്റാൻഡ് എത്തി. ഇറങ്ങിക്കോളൂ..."

അപ്പോഴാണ് അവൾ അറിഞ്ഞത് കാറ് സ്റ്റാൻഡിലെത്തിയെന്ന്. അവൾ മറ്റേതോ ലോകത്ത് മുഴുകിയിരിക്കുകയായിരുന്നു അതുവരെ. കാറിൽ നിന്നിറങ്ങി സൈഡിലേയ്ക്ക് മാറിനിന്നുകൊണ്ട് അവൾ അവനെനോക്കി. ഒരുപാട് നാളുകളായി ആഗ്രഹിച്ചിരുന്ന കാര്യം നിറവേറ്റിയതുപോലെ അവളുടെ മുഖം സന്തോഷമണിഞ്ഞിരുന്നു.

"ആദ്യമായി നമ്മൾ കണ്ടുമുട്ടിയ നിമിഷം എന്നും ഞാൻ മനസ്സിൽ ഓർക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നില്ലേ... ഇന്നുമുതൽ ആ ഓർമ്മകൾ ഞാൻ മനസ്സിൽ നിന്നും മായ്ച്ചുകളയുകയാണ്. പകരം ഒരുപാടുകാലങ്ങൾക്കുശേഷം നമ്മൾ പരസ്പരം കണ്ടുമുട്ടിയ, ഹൃദയങ്ങൾ പങ്കുവെച്ച ഈ നിമിഷങ്ങൾ ഞാൻ മനസ്സിൽ എഴുതിച്ചേർക്കുന്നു. നഷ്ടപ്രണയവും നൊമ്പരങ്ങളും ഞാൻ മറക്കുന്നു... പകരം പുതിയ ഓർമ്മകൾ മനസ്സിൽ ചേർക്കുന്നു എന്ന്. ഇനിമുതൽ പുതിയ ഈ ഓർമ്മകൾ... ഈ നിമിഷങ്ങൾ മതിയെനിക്ക്."

എതൊക്കെയാണ് ഇവൾ പറയുന്നത് എന്നഭാവത്തിൽ അവൻ അവളെനോക്കി.

മനസ്സിലുള്ളതത്രയും പങ്കുവെച്ചുകഴിഞ്ഞതുകൊണ്ടോ എന്തോ അവളുടെ മുഖം വീണ്ടും ചുവന്നുതുടുത്തു. കണ്ണുകളിൽ വീണ്ടും ആ പഴയ കുസൃതി വിളങ്ങിനിന്നു.

"ഇനി ഇതുപോലെ നമ്മൾ കണ്ടുമുട്ടുമോ?"

"അറിയില്ല..."

അവൻ മെല്ലെ പറഞ്ഞു.

ഓട്ടോസ്റ്റാൻഡിൽ നിരന്നുകിടക്കുന്ന ഓട്ടോറിക്ഷകളിൽ ഇരുന്നുകൊണ്ട് ആളുകൾ തങ്ങളെ ശ്രദ്ധിക്കുന്നതുപോലെ അവൾക്കു തോന്നി. പരിഭ്രമത്തോടെ അവൾ പറഞ്ഞു.

"എങ്കിൽ ഇനി യാത്ര പറച്ചിലില്ല. ഞാൻ പോകുന്നു. ചെന്നിട്ട് വിളിക്കാം. എന്തൊക്കെയോ ഇനിയും പറയാനുള്ളതുപോലെ ഒരു തോന്നൽ. അല്ല പറയാനുണ്ട്. നേരിട്ടുപറയാനാവാതെ ഉള്ളിലൊതുക്കിയ പലതും."

അവന്റെ മാസ്കണിഞ്ഞ മുഖത്തെ മിഴികളുടെ ആഴങ്ങളിലേയ്ക്ക് നോക്കി അവൾ വേദനകലർന്നൊരു ചിരിചിരിച്ചു.

എന്തിനാണ് ആ മിഴികൾ നിറഞ്ഞതെന്നു ചോദിക്കണമെന്ന് തോന്നിയെങ്കിലും വേണ്ടെന്ന് അവൻ തീരുമാനിച്ചു. പണ്ടും ഇതുപോലെ ആയിരുന്നല്ലോ. നിസ്സാരക്കാരണങ്ങൾക്ക് അവളുടെ മിഴികൾ നിറഞ്ഞിരുന്നു. അവളുടെ ആർദ്രമിഴികളിലൂറിയ നീർക്കണങ്ങൾ അവന്റെ ഹൃദയത്തിലെ തുടിപ്പുകളുടെ ഓളങ്ങളായി.

ചുവപ്പ് ചുരിദാറണിഞ്ഞു ചിത്രശലഭം പോലെ പാറിനടന്ന വെളുത്തുമെലിഞ്ഞൊരു പെൺകുട്ടിയെക്കുറിച്ച് അവൻ ഒരിക്കൽക്കൂടി ഓർത്തു. പിന്നീട് വിധിയുടെ വിളയാട്ടം കണക്കെ ആ പൂമ്പാറ്റ തന്നെവിട്ട് മറ്റുപൂക്കൾ തേടി അകന്നുപോയതും.

ആത്മനൊമ്പരങ്ങളിലൂടെ കടന്നുപോയ നാളുകളിൽ നീറി നീറി ആർജിച്ചെടുത്ത മനക്കരുത്തുമായി ഒരിക്കൽക്കൂടി അവളെനോക്കി യാത്രപറഞ്ഞിട്ട് അവൻ കാറ് സ്റ്റാർട്ടാക്കി നഗരവീഥിയിലെ തിരക്കുകളിലൂടെ വീട് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി.

അപ്പോൾ അവന്റെ മനസ്സുനിറച്ചും റൈഹാന വീട്ടിലെത്തിയിട്ട് തന്നെ വിളിക്കുമോ? അങ്ങനെ വിളിക്കുമ്പോൾ അവൾക്ക് എന്തൊക്കെയാവും തന്നോട് ഇനിയും പറയാനുണ്ടാവുക എന്നീ ചിന്തകളായിരുന്നു. അവൾ പറഞ്ഞതുപോലെ അവളോട്‌ നേരിട്ട് പറയാനാവാതെ തന്റെ ഉള്ളിൽ അടക്കിവെച്ചതൊക്കെയും തുറന്നുപറയണമെന്ന് അവന്റെ മനസ്സിനൊരു തോന്നൽ.


പുതിയ തീരുമാനങ്ങളുമായി അടിമുടി മാറിയ ശബാന സമദിനൊപ്പം താമസം തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. ശരീരവും മനസ്സും ഒരുപോലെ ഒത്തുചേരുന്ന സുഖനിർവൃതിയിൽ മോഹസാഫല്യത്തിൽ ഇരുവരും അലിഞ്ഞുചേർന്നിട്ട് എഴുദിവസങ്ങൾ. ഇങ്ങനെയൊക്കെയാണെങ്കിലും മിക്കപ്പോഴും ശബാന ഷമീറിനെയും, ഷെമി മോളെയും കുറിച്ചോർത്തു സങ്കടപ്പെട്ടുകൊണ്ടിരുന്നു. അവളുടെ ഓർമ്മകളിൽ അത് വല്ലാത്ത നീറ്റൽ പടർത്തിക്കൊണ്ടിരുന്നു.

ശരീരം വെറും ഇഷ്ടത്തിനൊത്തു ചലിക്കുന്ന ഉപകരണങ്ങൾ മാത്രമായിത്തീർന്നപ്പോൾ അന്തരാത്മാവ് മനസ്സിന്റെ ആഴങ്ങളിൽ വേരുറച്ചുപോയ ബന്ധങ്ങളിൽ തറച്ചുനിന്നു. ജീവിതവും, പ്രണയവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയാനുള്ള കഴിവ് ശബാനയ്ക്ക് ഇപ്പോഴും ആയിട്ടില്ലെന്ന് സമദിന് മനസ്സിലായി.

"എന്തുപറ്റി ശബാന?"

അവൻ അത് തുറന്നുചോദിക്കുക തന്നെ ചെയ്‌തു.

"സമദിനെ ഞാൻ വീണ്ടും കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു..."

അവൾ മുഖം പൊത്തി പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു.

"എന്തുണ്ടായി... പെട്ടെന്ന് ഇങ്ങനെ തോന്നാൻ?"

അപ്രതീക്ഷിതമായ അവളുടെ മറുപടിയിൽ അവൻ അത്ഭുതം കൊണ്ടു.

"എനിക്കറിയില്ല സമദ്. എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന്. എനിക്ക് സമദിനെ പിരിയാനാവില്ല. അതുപോലെതന്നെ എനിക്ക് എന്റെ ഭർത്താവിനെയും, മോളെയും മറക്കാനുമാവുന്നില്ല. എന്റെ ഈ നശിച്ച ജന്മംകൊണ്ട് വേദനയും, അപമാനവും സഹിച്ച് ജീവിക്കേണ്ടി വന്ന ആ പാവങ്ങളുടെ മുഖം എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എന്നാൽ നീയില്ലാതെ ഒരുനിമിഷം പോലും ഇനിയെനിക്ക് ജീവിക്കാനുമാവില്ല."

ശബാന കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

"ഷമീറിനോട് ഇപ്പോൾ ശബാനയ്ക്ക് തോന്നുന്നത് പൂർണ്ണതയില്ലാത്ത ഒരുതരം സ്നേഹമാണ്. സഹതാപത്തിൽ നിന്നും പിറവിയെടുത്ത ഒരിഷ്ടം. മോളുടെ കാര്യവും അങ്ങനെതന്നെ. അവിടെ ഒരിക്കലും യതാർത്ഥ പ്രണയവും, സ്നേഹവും ഒന്നുമില്ല."

സമദ് പുഞ്ചിരിയോടെ പറഞ്ഞു.

"ശരിയായിരിക്കാം... പക്ഷേ, അതൊന്നും കണ്ടില്ലെന്നുനടിച്ചു കഴിയാൻ എനിക്കാവുന്നില്ല. ഇപ്പോൾ തോന്നുന്നു ഇതൊന്നും വേണ്ടായിരുന്നെന്ന്. എല്ലാം ഉള്ളിലൊതുക്കി സമദിനെ കണ്ടുമുട്ടാതെ ജീവിച്ചാൽ മതിയായിരുന്നു. അള്ളാഹുവേ... എന്തൊരു പാപിയാണ് ഞാൻ."

"എന്നോട് നീ ഇങ്ങനെയൊന്നും സംസാരിക്കരുത്. എനിക്കതു താങ്ങാനാവില്ല."

സമദ് അവളുടെ കരം കവർന്നുകൊണ്ട് ഇടർച്ചയോടെ പറഞ്ഞു.

ശബാന സമദിന്റെ കൈകൾ ചേർത്തുപിടിച്ചു. അവൻ അവളെ കെട്ടിപ്പുണർന്നു.

"എന്താ സമദ് നമ്മുടെ ജീവിതം ഇങ്ങനെയായിപ്പോയെ? ഞാൻ എല്ലാം മറന്നുകൊണ്ട് പുതിയൊരു ജീവിതത്തിനു തയ്യാറെടുത്താണ് നിനക്കൊപ്പം ഇറങ്ങിവന്നത്. എന്നാൽ ഓരോദിവസവും കടന്നുപോകുംതോറും എനിക്കതിനു കഴിയാതെ വരുന്നു. ഞാൻ മൂലം എന്റെ ഭർത്താവും, മോളും, വീട്ടുകാരും... നാളെ എന്റെ ഷെമി മോൾ വളർന്നു വലുതാകുമ്പോൾ അവൾക്ക് എല്ലാം മനസ്സിലാവില്ലേ. എല്ലാം അറിയുമ്പോൾ അവൾ ശപിക്കില്ലേ ഈ ഉമ്മയെ?"

അവൾ വീണ്ടും പൊട്ടിക്കരഞ്ഞു.

"ശബാന നിന്റെ മനസ്സിനെ കുറ്റബോധം അത്രമേൽ അലട്ടുന്നുണ്ടോ... ഉണ്ടെങ്കിൽ നീ തിരികെ പൊയ്ക്കോളൂ... നിന്റെ ഭർത്താവും, വീട്ടുകാരും നിന്നെ സ്വീകരിക്കുമെങ്കിൽ ഇനിയുള്ളകാലം നീ സന്തോഷത്തോടെ ജീവിക്കൂ..."

സമദ് അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

"എന്തൊക്കെയാണ് സമദ് നീ പറയുന്നത്?"

ഞെട്ടലോടെ ശബാന ചോദിച്ചു.

"കാര്യമാണ് ഞാൻ പറഞ്ഞത്. ജീവിതത്തിൽ ശരീരസുഖത്തേക്കാൾ പ്രധാനപ്പെട്ടതാണ് മാനസിക സുഖം. അതില്ലാത്ത ജീവിതം മരണത്തിനു തുല്ല്യമാണ്. ഇങ്ങനെ തുടർന്നാൽ നമ്മൾ രണ്ടുപേരും വഴക്കിട്ടുപിരിയേണ്ടിവരും. ഇല്ലെങ്കിൽ ഒരുമിച്ച്‌ ആത്മഹത്യ ചെയ്യേണ്ടി വരും. അതുകൊണ്ട് ഇഷ്ടത്തോടെതന്നെയാണ് ഞാൻ പറയുന്നത്. ശബാന പൊയ്ക്കോളൂ... ഇപ്പോഴാണെങ്കിൽ അധികമാരും ഒന്നും അറിഞ്ഞിട്ടില്ല. ട്രെയ്‌നിങ്ങുമായി ബന്ധപ്പെട്ട് നീ പോയിരിക്കുകയാണെന്നല്ലേ വീട്ടിലും, നാട്ടിലുമൊക്കെ പറഞ്ഞിട്ടുള്ളത്."

ഈ ഉറച്ച നിലപാട് മുൻപൊന്നും സമദിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ശബനയ്ക്ക് തോന്നി.

സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, പ്രണയത്തിന്റെയുമെല്ലാം ദിവസങ്ങൾക്കുശേഷമുള്ള ഒരു ദിനം. നിശബ്ദത തളംകെട്ടിയ ദിനം. വീട്ടിൽ നിന്നും കൊണ്ടുവന്നതൊക്കെയും തിരികെ കൊണ്ടുപോകാനായി ശബാന ബാഗിനുള്ളിൽ അടുക്കിവെച്ചു.

"ഞാൻ പോകട്ടെ സമദ്..."

ശബാന മുഖം കുനിച്ചുനിന്നുകൊണ്ട് സമദിന്റെ അനുവാദത്തിനായി കാതോർത്തു.

"ശബാന സമാധാനമായിട്ട് പോകൂ... ഷമീർ നിന്നെ കാത്തിരിക്കുന്നുണ്ടാവും. അയാൾ നല്ലവനാണ്. ജീവനുതുല്യം നിന്നെ സ്നേഹിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ തെറ്റുകളൊക്കെ പൊറുത്തുകൊണ്ട് അവൻ നിന്നെ സ്വീകരിക്കും. പിന്നെ ഇനിയൊരിക്കലും നീ എന്നെ വിളിക്കരുത്. കാണാൻ ശ്രമിക്കുകയുമരുത്. ഞാൻ ഉടൻതന്നെ എന്റെ വീദേശത്തുള്ള ജോലിസ്ഥലത്തേയ്ക്ക് മടങ്ങുകയാണ്. നിനക്ക് നല്ലത് വരാൻ ഞാൻ പ്രാർത്ഥിക്കാം."

ഒന്നും പറയാനാവാതെ ഏതാനും നിമിഷം നിശബ്ദയായി കണ്ണുനീരൊഴുക്കിക്കൊണ്ട് നിന്നിട്ട് ശബാന അവിടെനിന്ന് ഇറങ്ങിനടന്നു 

വീട്ടിലേയ്ക്ക് മടങ്ങാനായി ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ ശബാന പലതും ഓർത്തു. ഷമീർ ഇപ്പോൾ വീട്ടിലുണ്ടാകുമോ? താൻ തിരികെ ചെല്ലുമ്പോൾ എന്തായിരിക്കും അവന്റെ പ്രതികരണം? അവൻ തന്നെ സ്വീകരിക്കുമോ... അതോ ആട്ടിപായിക്കുമോ? സ്വീകരിച്ചാൽ താൻ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണാവും. കോളേജു പഠനം അവസാനിപ്പിച്ചുകൊണ്ട് ഇനിയുള്ളകാലം ഷമീറിന്റെ ഇഷ്ടത്തിനൊത്ത് ഉത്തമ ഭാര്യയായി ജീവിക്കും. മറിച്ചായാൽ അവനെ കുറ്റം പറയാതെ ഇറങ്ങി പോകണം. എങ്ങോട്ടെന്നറിയില്ല. എങ്ങോട്ടെങ്കിലും. എന്നാൽ തന്നെയും മനസ്സിലെ അതിരുവിട്ട ചിന്തകളെയും, വികാരങ്ങളേയുമൊക്കെ അടക്കിനിർത്താൻ ശ്രമിക്കണം. തന്റെ മോൾക്ക് വേണ്ടിയെങ്കിലും ഇനിയുള്ളകാലം നല്ലൊരു ജീവിതം നയിക്കണം.

അപ്പോഴും സമദ് ബാക്കിയാവുന്നു. താൻ മോഹങ്ങളും, പ്രണയവും നൽകി വഞ്ചിക്കുകയായിരുന്നില്ലേ അവനെ? അതെ, പക്ഷേ, ഇനിയൊരിക്കലും അവനെ കാണുവാനാകില്ല. അത് ഉറപ്പിച്ചുകഴിഞ്ഞതാണ്. അത് തീരുമാനിച്ചുകൊണ്ടാണ് അവിടെനിന്നും ഇറങ്ങിയത്. അവനും അത് പറഞ്ഞുകഴിഞ്ഞു. വീട്ടിലേയ്ക്ക് നേരിട്ട് കയറിചെന്നിട്ട് ഷമീർ തന്നെ സ്വീകരിച്ചില്ലെങ്കിൽ? വീട്ടുകാരുടെയും, മോളുടെയും, അയൽക്കാരുടേയുമൊക്കെ മുന്നിൽ വെച്ച്‌ അവൻ തന്നെ ആട്ടിയിറക്കിയാൽ? വീട്ടിലേയ്ക്ക് കയറിച്ചെല്ലുന്നതിനുമുൻപ് ഷമീറിനെ ഒന്ന് വിളിച്ചുനോക്കാൻ അവൾ തീരുമാനിച്ചു.

വല്ലാത്ത ആത്മസങ്കർഷങ്ങളുടെ ഇടയിൽ പെട്ടന്ന് ശബാന ഉഴറി. അവൾ വഴിയരികിൽ ഒതുങ്ങിനിന്നുകൊണ്ട് ഷമീറിന്റെ നമ്പർ ഡയൽ ചെയ്തു.

"ഹലോ...."

"ങ്ഹാ നീയോ... എന്താ ഈ സമയത്ത് അപ്രതീക്ഷിതമായി ഒരു വിളി?"

ഷമീറിന്റെ ശബ്ദം അവളുടെ കാതിൽ വന്നുതട്ടി.

"അതുപിന്നെ ഞാൻ...."

അവൾ ഒരുനിമിഷം എന്തുപറഞ്ഞു തുടങ്ങണമെന്നറിയാതെ വിക്കി.

"ഹലോ... എന്തിനാണിപ്പോൾ വിളിച്ചതെന്ന് പറയൂ... ഞാൻ കുറച്ചു തിരക്കിലാണ്. എന്തെങ്കിലും പറയാനാണെങ്കിൽ വേഗം വേണം."

ഷമീറിന്റെ പരുക്കൻ ശബ്ദം.

പേടിയോടും, പരിഭ്രമത്തോടും കൂടി ശബാന എല്ലാം അവനോട് തുറന്നുപറഞ്ഞു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ ഷമീർ പറഞ്ഞു.

"ശബാന എന്നോട് ക്ഷമിക്കൂ... നീ എല്ലാം മനസ്സിലാക്കി തിരികെ വരാനൊരുങ്ങിയതിൽ സന്തോഷമുണ്ട്. പക്ഷേ, നീ വൈകിപ്പോയിരിക്കുന്നു. ഞാൻ മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ഇന്ന് അതിനെക്കുറിച്ച് നിന്നോട് പറയാനിരിക്കുകയായിരുന്നു. എന്നെപ്പോലെ തന്നെ വിവാഹിതയും ഒരു കുട്ടിയുടെ ഉമ്മയുമായ എന്റെ പഴയ ഒരു പ്രണയിനിയായ റൈഹാനയുമായി. അവളും എന്നെപ്പോലെ തന്നെ തുല്ല്യദുഖിതയാണ്. അവളുടെ ഭർത്താവും മുൻ കാമുകിക്കൊപ്പം ജീവിതം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ എല്ലാം സംസാരിച്ചു തീരുമാനിച്ചുകഴിഞ്ഞു. ഇനി വീട്ടുകാരോട് കാര്യം പറഞ്ഞു മനസ്സിലാക്കണം. അതുകഴിഞ്ഞാൽ വിവാഹം രജിസ്റ്റർ ചെയ്യണം. നമ്മുടെ ബന്ധം മനസ്സുകൊണ്ട് വേർപെട്ടുകഴിഞ്ഞതാണല്ലോ. ബാക്കിക്കുള്ള പേപ്പറുകൾ ഞാൻ നാളെത്തന്നെ നിനക്ക് അയക്കുന്നുണ്ട്. നമുക്ക് സന്തോഷത്തോടെ പിരിയാം. അതുകൊണ്ട് ദയവായി ഇനി എന്റെ വീട്ടിലേയ്ക്ക് വരരുത്."

ഫോൺ കട്ടായി.

ഏതാനുംസമയം അവൾ ഫോണും പിടിച്ചുകൊണ്ട് എന്തുചെയ്യണമെന്നറിയാതെ അങ്ങനെ നിന്നും. ആത്മസംഘർഷംകൊണ്ട് കണ്ണുകളിൽ ഇരുട്ടുബാധിച്ച അവൾക്ക് ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല.

താനിനി എന്തുചെയ്യും? ഷമീർ തന്നെ സ്വീകരിക്കില്ല. അവൻ മറ്റൊരുവൾക്കൊപ്പം ജീവിതം തുടങ്ങാൻ തീരുമാനിച്ചുകഴിഞ്ഞു. അതിന് അവനെ തെറ്റ് പറയാനാവില്ല. പാവം ഇനിയെങ്കിലും ഒരു നല്ലജീവിതം ഉണ്ടാകട്ടെ. സമദ് അവനെയും ഇനി കാണാനാവില്ല. അവിടേയ്ക്ക് തിരിച്ചുചെല്ലാനും കഴിയില്ല. അല്ലെങ്കിലും എന്തിന് തന്നെപോലൊരുവൾക്ക് വേണ്ടി അവൻ അവന്റെ ജീവിതം കളയണം. എല്ലാം മറന്നുകൊണ്ട് അവനും ഒരു പുതിയ ജീവിതം തുടങ്ങട്ടെ.

അവൾ കരഞ്ഞില്ല. അവളുടെ സ്വബോധം നശിച്ചുതുടങ്ങിയിരുന്നു. അവൾ വേച്ചുവേച്ചു മുന്നോട്ടു ചുവടുകൾ വെച്ചു. അവളുടെ കണ്ണിൽ തൊട്ടരികിലൂടെ ശാന്തമായൊഴുകുന്ന പുഴ തെളിഞ്ഞുനിന്നു. സ്വബോധവും മനോനിയന്ത്രണവും നഷ്ടപ്പെട്ട അവൾ മുന്നിലൂടെ പതഞ്ഞൊഴുകുന്ന ആ പുഴയുടെ ആഴങ്ങളിലേയ്ക്ക് എടുത്തുചാടി.

(അവസാനിച്ചു.)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ