ഭാഗം - 12
ആ വർഷത്തിലെ ഒരു പകൽ കൂടി അവസാനിക്കുന്നതിന്റെ അടയാളമേന്നോണം പടിഞ്ഞാറ് സൂര്യൻ അസ്തമയത്തിനൊരുങ്ങിക്കഴിഞ്ഞു. വൈകുന്നേരമായതുകൊണ്ട് പാർക്കിൽ ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. കൂടുതലും കുടുംബമായിട്ട് വന്നിട്ടുള്ളവരാണ്. അവരെ സന്തോഷിപ്പുച്ചുകൊണ്ടെന്നവണ്ണം ഒരിളംകാറ്റ് മെല്ലെ വീശിക്കൊണ്ടിരുന്നു. കിളികളും മറ്റും കൂടണയാനായി പാറിനടന്നു.
"സാർ... മലര് വേണോ?"
വെളുത്തുമെലിനുടെ ഒരു പയ്യൻ ഷമീറിനെ നോക്കി ഒച്ചയുയർത്തി ചോദിച്ചു.
"ങ്‌ഹേ..."
അവൻ ഓർമ്മയിൽ നിന്നും മുക്തനായിക്കൊണ്ട് ഞെട്ടലോടെയെന്നവണ്ണം മുഖം തിരിച്ച് അവനെനോക്കി.
"സാർ... മലരോ, കടലയോ എന്തെങ്കിലും വേണമോ?"
പയ്യൻ വീണ്ടും അവനെനോക്കി ആവേശത്തോടെ ചോദിച്ചു.
"വേണ്ടാ... ഇപ്പോൾ ഒന്നും വേണ്ടാ." അവൻ പറഞ്ഞു.
വാച്ചിൽ നോക്കിയപ്പോൾ സമയം ആറുമണിയാകുന്നു.
ശബാനയെ ടൗണിൽ കൊണ്ടുവിട്ടിട്ട് തിരികെ നഗരത്തിൽ വന്ന് ചുത്തിരിഞ്ഞ താനിതുവരെ വീട്ടിൽ പോയിട്ടില്ല എന്ന് അവൻ അപ്പോഴാണ് ചിന്തിച്ചത്.
അവൻ അവിടെനിന്നും എഴുന്നേറ്റ് മെല്ലെ നടന്നു. പാർക്കിനുവെളിയിലെത്തി വഴിയരികിലെ കടയിൽനിന്ന് ഒരുകുപ്പി വെള്ളം വാങ്ങിക്കൊണ്ട് പകുതി കുടിച്ചിട്ട് ബാക്കികൊണ്ട് മുഖം കഴുകിയിട്ട് കാറിൽ കയറി വീട്ടിലേയ്ക്ക് തിരിച്ചു.
ശബാന ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ടാകുമെന്ന് ഷമീറിന് അറിയാമായിരുന്നു. പൂമുഖത്തേയ്ക്ക് നടന്നപ്പോൾ ഷെമിമോൾ അടുത്തേയ്ക്ക് ഓടിവന്നു. മകളെ അവൻ എടുത്ത് തോളിൽ വെച്ചു.
"ബാപ്പ എന്താ ഉമ്മിയുടെ കൂടെ വരാതിരുന്നേ. ഉമ്മി വന്നിട്ട് കുറേ നേരമായല്ലോ. അകത്തു കിടക്കുവാണ്."
അവൾ ഷമീറിനോട് ചോദിച്ചു.
"അതുപിന്നെ ബാപ്പയ്ക്ക് ഒരു സ്ഥലത്ത് പോകാനുണ്ടായിരുന്നു. അതുകൊണ്ടാണ് വൈകിയത്."
പുഞ്ചിരിവരുത്തികൊണ്ട് അവൻ പറഞ്ഞു.
"ബാപ്പ ഇന്ന് വഴക്ക് പറഞ്ഞോ ഉമ്മിയെ?"
"ഇല്ലല്ലോ... എന്താ മോള് അങ്ങനെ ചോദിച്ചേ?"
"ഉമ്മി കരയുന്നത് കണ്ടു... ചോദിച്ചപ്പോ തലവേദന ആണെന്ന് പറഞ്ഞു."
"ആണോ... സാരമില്ല. കിടന്നോട്ടെ... മാറിക്കോളും."
അവൻ മോളെ ചേർത്തുപിടിച്ചു.
പതിവുപോലെ അത്താഴം എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിച്ചത്. മുഖം വല്ലാതിരിക്കുന്നതിനെക്കുറിച്ച് വീട്ടുകാർ ചോദിച്ചപ്പോൾ ശബാന തലവേദനയാണെന്ന് കള്ളം പറഞ്ഞു.
അത്താഴം കഴിഞ്ഞു മുറിയിലെത്തിയിട്ടും സമദിനെ കാണാൻ പോയതിനെക്കുറിച്ച് ഷമീർ ഒന്നും ചോദിച്ചില്ല.
പതിവില്ലാത്തവിധം ഒരു തണുത്തകാറ്റ് തണുപ്പുകാലത്തിന്റെ വിടവാങ്ങലെന്നോണം ജനാലയെയും, കർട്ടനുകളെയും തഴുകിക്കൊണ്ട് മുറിയിലേയ്ക്ക് വീശിയടിച്ചുകൊണ്ടിരുന്നു. സാധാരണ പതിവില്ലാത്തതാണ് ഈ തണുത്ത കാറ്റ്. പക്ഷേ, ഇന്ന് എന്തോ... അതുണ്ടായി.
ഷെമിമോൾ ഉറങ്ങിയതും ശബാന അവളെ പുതപ്പുകൊണ്ട് പുതപ്പിച്ചു. ഷമീർ ജനാലക്കരികിലിട്ട കസേരയിൽ ഇരിക്കുകയാണ്. അവൾ അവനരികിലെത്തി. ലൈറ്റിന്റെ പ്രകാശത്തിൽ ഷമീറിന്റെ മുഖം വെക്തമായി കാണാം. ആ മുഖത്തേയ്ക്ക് നോക്കാനാവാതെ തല കുനിച്ചുനിന്നുകൊണ്ട് ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു.
"എനിക്ക് സമദിനൊപ്പം പോകണം... ഇനിയും ഇവിടെ തുടരാൻ എനിക്കാവില്ല."
ഷമീർ ഒന്നും മിണ്ടിയില്ല. ഇതുവരെയും വീശിയിരുന്ന തണുത്തകാറ്റിന് പെട്ടെന്ന് ചൂടുപിടിച്ചതുപോലെ തോന്നി. ആ കാറ്റ് അവന്റെ ശരീരത്തെയും, മനസ്സിനെയും ചുട്ടുപൊള്ളിച്ചു.
ശബാന അവന്റെ മറുപടിക്ക് കാത്തെന്നവണ്ണം ചുമരിൽ ചാരി നിശ്ചലം നിന്നു.
"ശബാന ഇപ്പോൾ കിടന്നുറങ്ങിക്കോളൂ... എപ്പോഴാണ് പോകേണ്ടതെന്നു വെച്ചാൽ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കോളൂ."
തിരയനക്കം ഇല്ലാതെ ശാന്തമായൊഴുകുന്ന ഒരു പുഴയുടെ ശാന്തതയോടെയാണ് അവൻ പറഞ്ഞത്.
പഠനംകഴിഞ്ഞ് ജോലി കണ്ടെത്തി സുഹൃത്തുക്കളും, യാത്രകളും മാത്രം മനസ്സിലേറ്റിക്കൊണ്ട് നടന്ന സമയത്താണ് വിവാഹമെന്ന ബന്ധനത്തിലൂടെ ജീവിതത്തിന് ഒരു ഉത്തരവാദിത്വബോധം ഉണ്ടാക്കിത്തീർക്കാൻ വീട്ടുകാർ തീരുമാനിച്ചത്. കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിച്ചുനടന്ന പിന്നീടുള്ള ദിനങ്ങളിൽ ഒരു കൂട്ടുകാരിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. അത്യാവശ്യം സമ്പത്തുള്ള, വിദ്യാഭ്യാസവും ജോലിയുമുള്ള യുവാവിന് കല്ല്യാണാലോചനകളുടെ തിരക്കായിരുന്നു. സമ്പത്തിലുപരി കുടുംബമഹിമയും, പെൺകുട്ടിയുടെ സൗന്ദര്യവുമൊക്കെയാണ് വീട്ടുകാർ ശ്രദ്ധിച്ചത്. അതിനിടയിലാണ് ശബാന കടന്നുവരുന്നത്. ഇടുക്കിയിലുള്ള നല്ല കുടുംബത്തിൽ ജനിച്ച വിദ്യാഭ്യാസവും, സൗന്ദര്യവുമുള്ള അവളെ എല്ലാവർക്കും ഇഷ്ടമായി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. വലിയ ആഘോഷത്തോടെതന്നെ വിവാഹം നടന്നു. എന്നാൽ ശബാന ഒരിക്കലും തന്നെ ആത്മാർഥമായി സ്നേഹിക്കുന്നില്ലെന്ന കാര്യം അധികം വൈകാതെ ഷമീർ തിരിച്ചറിഞ്ഞുതുടങ്ങി. ആ തിരിച്ചറിവ് അവനെ വല്ലാതെ തകർത്തുകളഞ്ഞു.
ഇതുവരെയുണ്ടായിരുന്ന മനസ്സിലെ ദുഃഖം വഴിമാറി മറ്റൊരു ദുഃഖത്തിന് തുടക്കമിടുന്നത് അവൻ പതിയെ മനസ്സിലാക്കി. ഒരു വിവാഹിതനായ പുരുഷന് അവന്റെ കുടുംബപ്രശ്നങ്ങൾ മറ്റൊരാളോട് പങ്കിടുക എന്നത് വല്ലാത്ത പ്രയാസമുള്ള കാര്യമാണ്. അങ്ങനെ പങ്കുവെച്ചാൽ തന്നെ അത് മറ്റുള്ളവർ വിശ്വസിച്ചുകൊള്ളണമെന്നോ, പരിഹാരം കണ്ടെത്തിക്കൊള്ളണമെന്നോ ഇല്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള ഒരു പ്രശ്നത്തിന് മറ്റൊരാൾക്ക് എങ്ങനെ പരിഹാരമുണ്ടാക്കാൻ കഴിയും?
തന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണാണ് ശബാന. മനസ്സും ശരീരവും ആദ്യമായി പങ്കുവെച്ചത് അവളുമായിട്ടാണ്. എന്നാൽ അവൾക്ക് തന്റെ മനസ്സും ശരീരവും വേണ്ടാത്ത അവസ്ഥയിലാണ്. നിങ്ങൾ എപ്പോൾ പറയുന്നോ അപ്പോൾ ഞാൻ എല്ലാം ഉപേക്ഷിച്ചു പോയ്കോളാം എന്ന മട്ടിലാണ് അവൾ തനിക്കൊപ്പം ജീവിക്കുന്നതെന്ന് അവന് മനസ്സിലായി. മനസ്സും ശരീരവും ഒന്നായിതീരുമ്പോഴാണ് സന്തോഷം പിറവിയെടുക്കുന്നതെന്ന് ഷമീർ പലപ്പോഴും കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും അതനുഭവിക്കാനുള്ള യോഗം അവനുണ്ടായിട്ടില്ല. യഥാർത്ഥ ശരീരസുഖം എന്തെന്ന് അവൻ ഇതുവരെ അറിഞ്ഞിട്ടില്ല. ഇരുവരും യുവത്വമായിരുന്നതുകൊണ്ടുമാത്രം, അല്ലെങ്കിൽ കല്യാണം കഴിഞ്ഞ ആധ്യനാളുകളിലുള്ള സ്നേഹപ്രകടനങ്ങൾ എന്നതുകൊണ്ടുമാത്രം, ഇണയുടെ ഇഷ്ടക്കേട് സമ്പാദിക്കേണ്ട എന്ന ചിന്ത ഒന്നുകൊണ്ടുമാത്രം ഒരു മോള് പിറന്നു. പലപ്പോഴും ഭാര്യയുടെ പെരുമാറ്റത്തിൽ വെറുപ്പ് തോന്നിയിട്ടുണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി കഴിയുകയാണ് ചെയ്തിട്ടുള്ളത്. പ്രശ്നങ്ങൾ ഉണ്ടാക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് എല്ലാം കണ്ടില്ലെന്നുനടിച്ചത്. എന്നിട്ടിപ്പോൾ ഭാര്യയ്ക്ക് മറ്റൊരുവനോട് ബന്ധമുണ്ടെന്നറിഞ്ഞപ്പോഴുള്ള നടുക്കം തന്നെ തളർത്തിയിരിക്കുന്നു. അവൾക്ക് തന്നോടുണ്ടായിരുന്ന അകൽച്ചയുടെ കാരണം എന്താണെന്നറിഞ്ഞപ്പോൾ ഇനിയങ്ങോട്ട് എന്തുചെയ്യണമെന്നറിയാതെ ദുഃഖത്തിലാണ്ടുപോയ അവസ്ഥ.
രാവും പകലും മാറിവരുന്നതുപോലെ ഒരിടത്തുനിന്നും വിട്ടുപിരിഞ്ഞ് മറ്റൊരിടത്തു താമസം തുടങ്ങുമ്പോൾ നാളെമുതൽ ശബാന ഈ വീട്ടിൽ ആരുമല്ലാതാവുകയാണ്. അവൾ ഷമീറിന്റെ ഭാര്യയല്ലാതാവുകയാണ്. ഷെമിമോളുടെ ഉമ്മയല്ലാതാവുകയാണ്. മരുമകളെന്ന സ്ഥാനം ഉപേക്ഷിക്കുകയാണ്. ബാപ്പയുടെയും, ഉമ്മയുടെയും, ബന്ധുക്കളുടെയും, നാട്ടുകാരുടേയുമൊക്കെ ഇഷ്ടക്കേട് സമ്പാദിക്കാനൊരുങ്ങുകയാണ്. കൂടെനടന്ന കൂട്ടുകാരുടെ പരിഹാസത്തിന് ഇരയാവാൻ ഒരുങ്ങുകയാണ്. സമദ് എന്ന പ്രിയകാമുകനുമുന്നിൽ അഭയം തേടാൻ ഒരുങ്ങുകയാണ്.
നഗരത്തിൽ കാർണിവൾ എത്തിയതിന്റെ അറിയിപ്പുമായി വാഹനം വഴിയിലൂടെ കടന്നുപോകുന്നുണ്ട്. കഴിഞ്ഞവർഷം ഇതേസമയം ശബാനയുമൊരുമിച്ച് കാർണിവൽ കാണാൻ പോയത് ഷമീർ ഒരുനിമിഷം ഓർത്തു. കാർണിവലിന്റെ അറിയിപ്പ് നോക്കിനിൽക്കുന്ന അയൽക്കാരെ നോക്കി അവൻ മുറ്റത്തുനിൽക്കുകയാണ്.
"ഷമീർ നിങ്ങൾ പോകുന്നുണ്ടോ കാർണിവലിന്?"
അയൽവാസിയായ ഇക്കാ വിളിച്ചു ചോദിച്ചു.
"ഇല്ല, നാളെ ശബാന ഒരു ജോലിയുടെ ട്രെയ്നിങ്ങുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ വരെ പോവുകയാണ്. അതിന്റെ തയ്യാറെടുപ്പിലാണ്."
അവൻ മറുപടി പറഞ്ഞു.
"എന്നാലും ഇത് വല്ലാത്ത അവസ്ഥയായിപ്പോയി... ഇത്രേം ദൂരത്തേയ്ക്ക് ആ പെങ്കൊച്ചിനെ തനിച്ച് ട്രെയ്‌നിംഗിന് വിടുക എന്ന് പറഞ്ഞാൽ?"
അയൽവക്കത്തെ ഇത്താ പറഞ്ഞു.
"അത് സാരമില്ല. നല്ലൊരു കാര്യത്തിനല്ലേ. ഒരുമാസം കഴിയുമ്പോൾ ഇങ്ങോട്ട് തിരിച്ചുവരാല്ലോ. ഇഷ്ടമുണ്ടെങ്കിൽ തുടരുകയും ആവാം."
ഷമീർ പുഞ്ചിരിയോടെ പറഞ്ഞു.
"അതുശരിയാണ്... അപ്പോൾ പിന്നെ പ്രശ്നം ഇല്ല."
ആ സ്ത്രീ പറഞ്ഞു.
"അതെ..."
ഷമീർ പറഞ്ഞു.
"എന്ന ശരി... പിന്നെ കാണാം."
അവർ വീട്ടിനുള്ളിലേയ്ക്ക് തിരികെ പോകാനൊരുങ്ങിക്കൊണ്ട് പറഞ്ഞു.
"ശരി ഇത്താ..."
അവൻ പറഞ്ഞു.
ഇതെല്ലാം കേട്ടുകൊണ്ട് ശബാന പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു.
അവൾ ഷമീറിനെ നോക്കി.
"ആളുകളോട് ഓരോരോ കള്ളങ്ങൾ പറഞ്ഞു മടുത്തുവല്ലേ?"
അവൾ ചോദിച്ചു.
"കള്ളമല്ല... സത്യമാണ് ഞാൻ പറഞ്ഞത്. നീ ദൂരെയൊരിടത്ത് ജോലിതേടി പോകുന്നു എന്നാണ് ഞാൻ എല്ലാരോടും പറഞ്ഞിട്ടുള്ളത്. ഞാൻ വിശ്വസിക്കുന്നതും അതുതന്നെയാണ്. അല്ലെങ്കിലും അങ്ങനെ കരുതാനെ എനിക്ക് കഴിയൂ. നീ എന്നെ ഉപേക്ഷിച്ചുപോയി എന്നുവിശ്വസിക്കാൻ എനിക്ക് കഴിയില്ല. ആരോടും ഇത് പറയണ്ട. ആരും ഒന്നും തൽക്കാലം അറിയണ്ട. എന്റെ വീട്ടുകാരും, നിന്റെ വീട്ടിലുള്ളവരും ആരും. നിനക്ക് ഒരു കമ്പനിയിൽ ട്രയ്‌നിംഗ്. അത്രമാത്രം പറഞ്ഞാൽ മതി എല്ലാരോടും."
ഷമീറിന്റെ ശബ്ദമിടറി.
തുടരും...