ഭാഗം - 7
ഏതാനും സമയം ഷമീർ നിശബ്ദനായി കസേരയിൽ അങ്ങനെയിരുന്നു. അതുകഴിഞ്ഞു മെല്ലെ എഴുന്നേറ്റു ഇടനാഴിയിലേയ്ക്ക് ചെന്നു. അവിടെ ഇരുന്നുകൊണ്ട് ശബാന കുഞ്ഞിനെ കളിപ്പിക്കുകയാണ്. ഒരു നിമിഷം അവൻ അത് നോക്കിനിന്നു. എന്നിട്ട് ഒന്നും പറയാതെ വീണ്ടും ബെഡ്റൂമിലേയ്ക്ക് തിരികെ നടന്നു. എന്നിട്ട് പഴയതുപോലെ കസേരയിൽ ചാരി കൈ നെറ്റിയിലൂന്നി അങ്ങനെയിരുന്നു.
"ഇനിയിപ്പോൾ മോളേ നോക്കാൻ ഒരു വേലക്കാരിയെ വെക്കാം."
റൂമിലേയ്ക്ക് കടന്നുവന്നുകൊണ്ട് ശബാന ഷമീർ കേൾക്കാനായി പറഞ്ഞു.
"അതെന്തിനാ?"
ഷമീർ മുഖമുയർത്തിക്കൊണ്ട് ചോദിച്ചു.
"ഇന്നത്തെപ്പോലെ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ. എല്ലായിടത്തും എപ്പോഴും എന്റെ കൈ എത്തണമെന്നില്ലല്ലോ... ബാപ്പയെയും ഉമ്മയെയും ബുദ്ധിമുട്ടിക്കാനും ആവില്ല. അപ്പോൾ പിന്നെ..."
വാശി തീർക്കാണെന്നതുപോലെ ശബാന പറഞ്ഞു.
"ഓ നീ ഇപ്പോഴും അതിന്റെ പിന്നിൽ കടിച്ചുതൂങ്ങുകയാണോ?"
സഹികെട്ടിട്ടെന്നവണ്ണം ഷമീർ ചോദിച്ചു.
"ഞാൻ പറഞ്ഞതാണോ കുറ്റം... നിങ്ങൾ കാണിക്കുന്നതിനു കുറ്റം ഇല്ലല്ലോ. എല്ലാരുംകൂടി നോക്കിയാലെ കുട്ടികളെ വളർത്തിയെടുക്കാനാവൂ... ഷെമിമോളെ പ്രസവിച്ചത് ഞാനാണല്ലോ അല്ലെ. അപ്പോൾ പിന്നെ?"
എല്ലാത്തിന്റെയും അവസാനമേന്നോണം മറുപടി പറഞ്ഞിട്ട് തറപ്പിച്ചുനോക്കി അവൾ മുറിവിട്ടുപോയി.
ഷമീർ ഒന്നും പറഞ്ഞില്ല. അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുവന്നു. അവൻ അത് തുണികൊണ്ട് തുടച്ചുനീക്കി. ആരും അത് കണ്ടില്ലെന്നുമാത്രം.
ഏതാനുംമാസം കൂടി കടന്നുപോയി. അധ്യായനവർഷം അവസാനിക്കാറായിരിക്കുന്നു. അവസാനഘട്ട റിവിഷനിലാണ് എല്ലാവരും.
പതിവുപോലെ അന്നും ശബാനയും സമദും കണ്ടുമുട്ടി.
"കോളേജുവിട്ടാൽ പിന്നെ എന്താ ശബാനയുടെ പ്ലാൻ?"
സമദ് ചോദിച്ചു.
"ഒന്നും തീരുമാനിച്ചിട്ടില്ല... ജോലിക്ക് ശ്രമിക്കണം. കിട്ടിയാൽ പോണം. അത്രയുമേ ഇപ്പോൾ പറയാനാവൂ..."
"പിന്നെ കോളേജുവിട്ടാൽ സമദിനെ കാണാൻ പറ്റാതാവും. തൽക്കാലം അതൊന്നും ഇപ്പോൾ നമുക്ക് ആലോചിക്കേണ്ട. ഉള്ള സന്തോഷം കൂടെ ഇല്ലാതാവും."
അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"ആ പിന്നെയെ ഈ വരുന്ന ആഴ്ച ഷെമിമോളുടെ ജന്മദിനമാണ്. വലിയ പ്രോഗ്രാമൊന്നുമില്ല. എന്നാലും സമദ് വരണം."
"അത് വേണോ... ഞാൻ എന്തുപറഞ്ഞാണ് അവിടെ വരിക?"
"തീർച്ചയായും വരണം. ഈ നാട്ടിലുള്ള എന്റെ ഏക സുഹൃത്താണെന്നും ... സഹപാടിയാണെന്നും ഞാൻ എല്ലാരോടും പറയും."
ഓരോ ദിവസവും കടന്നുപോകുംതോറും തന്റെ മനസ്സ് വല്ലാതെ ആസ്വസ്തമാകുന്നത് ഷമീർ അറിഞ്ഞു. ശബാന പലപ്പോഴും തന്നെ മനപ്പൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുന്നതുപോലെ ഒരു തോന്നൽ. ചില സമയങ്ങളിൽ അവളുടെ വാശിയും, ദേഷ്യവും, സംസാരവുമൊക്കെ തന്നെ മനഃപൂർവ്വം വേദനിപ്പിക്കാൻ വേണ്ടിയാണെന്നൊരു തോന്നൽ. എങ്കിലും എല്ലാം സഹിച്ചുകൊണ്ട് അവൻ മുന്നോട്ടുപോയി.
ഷെമിമോളുടെ ജന്മദിനം വന്നെത്തി. ഒരു ഞായറാഴ്ച ദിവസമായിരുന്നു അത്. എല്ലാവർക്കുമുള്ള പുത്തനുടുപ്പുകൾ ശബാനയും ഷമീറും കൂടി വാങ്ങിക്കൊണ്ടുവന്നു. കൂട്ടത്തിൽ ഏതാനും ബലൂണുകളും, തോരണങ്ങളും, മോളുടെ പേരെഴുതിയ ബെർത്ഡേ കേക്കും ഉണ്ടായിരുന്നു. ഷമീറും കുടുംബാംഗങ്ങളും ചേർന്ന് അതൊക്കെയും വീട്ടിൽ അലങ്കരിച്ചു. ഉച്ചയോടുകൂടി ശബാനയുടെ ബാപ്പയും, ഉമ്മയും വന്നെത്തി. ഒപ്പം ഷമീറിന്റെ ഏതാനും അടുത്ത സുഹൃത്തുക്കളും വന്നുചേർന്നു. ഈ സമയം ഫോണിൽ വിളിച്ച് ശബാന ഒരിക്കൽക്കൂടി സമദിനെ ബർത്ത്‌ഡേയുടെ കാര്യം ഓർമിപ്പിച്ചു. എല്ലാവരെയും, സ്വീകരിക്കാനും, വിരുന്നൂട്ടാനുമൊക്കെ ശബാന മുന്നിട്ടുനിന്നു. അവൾ ഇന്ന് വളരെയേറെ സന്തോഷത്തിലാണെന്നു ഷമീറിന് തോന്നി.
ഒരുമണിയോടുകൂടി സമദ് എത്തി. ബൈക്ക് ഗെയിറ്റ് കടന്നപ്പോഴേ ശബാന മുറ്റത്ത് ഓടിയെത്തി. അവൾ തന്നെ അവനെ കൈ കൊടുത്തു സ്വീകരിച്ചു. ബ്ലൂ കളർ ജീൻസും, ചെക്ക് ഷർട്ടുമായിരുന്നു സമദിന്റെ വേഷം. അവന്റെ കൈയിൽ ഷെമിമോൾക്കുള്ള ബർത്ത്‌ഡേ ഗിഫ്റ്റ് ഉണ്ടായിരുന്നു.
വളരെയധികം ആവേശത്തോടെ ശബാന അവനെ അകത്തേയ്ക്ക് ക്ഷണിക്കുകയും മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തുകയും ചെറുത്തു.
"ഇതെന്റെ സുഹൃത്താണ്. ഞങ്ങൾ ഒരുമിച്ചാണ് ഡിഗ്രിക്ക് പഠിച്ചത്. പേര് സമദ്. ഇപ്പോൾ കോളേജിനടുത്ത് മൊബൈൽ ഷോപ്പ് നടത്തുന്നു."
സമദ് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. എന്നിട്ട് സോഫയിൽ ഇരുന്നു. ശബാബ അവന് ജ്യൂസ് കൊണ്ടുവന്നുകൊടുത്തു. അത് കുടിച്ചുകഴിഞ്ഞപ്പോൾ അവൾ എല്ലാവരോടുമായി പറഞ്ഞു.
"ഇനി നമുക്ക് കേക്ക് മുറിക്കാം."
ഷമീറിന്റെ മാതാപിതാക്കളും, ശബാനയുടെ മാതാപിതാക്കളും, ഷമീറിന്റെ സുഹൃത്തുക്കളും, സമദും ഒക്കെ ടേബിളിന് ചുറ്റും നിന്നുകൊണ്ട് ഹാപ്പിബർത്ത്ഡേ പറഞ്ഞു. ഷമീറും ശബാനയും ചേർന്ന് ഷെമിമോളുടെ കൈ പിടിച്ച് കേക്ക് മുറിച്ചു. ഷെമിമോൾ സന്തോഷത്തോടെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. സമദ് ഇതെല്ലാം മൊബൈലിൽ ഒപ്പിയെടുത്തു. ഷെമിമോൾ കേക്കെടുത്ത് ഷമീറിനും, ഷബാനയ്ക്കും കൊടുത്തു. ഷമീർ എല്ലാവർക്കും കേക്ക് എടുത്തുകൊടുത്തു. ശബാന ഈ സമയം കേക്കെടുത്ത് സമദിന് കൊടുത്തു. അതിനുശേഷം സമദ് കേക്കെടുത്ത് ഷെമിമോൾക്ക് കൊടുത്തു. ഇതുകണ്ടുകൊണ്ടുനിന്ന ഷമീറിന് എന്തൊക്കെയോ അസ്വസ്ഥത തോന്നി. തുടർന്ന് എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു. ശബാന ആദ്യം മോളുടെ പ്ളേറ്റിലും, പിന്നെ സമദിന്റെ പ്ളേറ്റിലും ബിരിയാണി വിളമ്പി. ഇതൊക്കെക്കണ്ടുകൊണ്ട് ആസ്വസ്ഥനായി ഷമീർ ഇരുന്നു.
ഭക്ഷണം കഴിഞ്ഞ് എല്ലാവരോടും യത്രപറഞ്ഞു സമദ് മടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ ശബാനയുടെ മാതാപിതാക്കളും മടങ്ങി. ഷമീറിന്റെ സുഹൃത്തുക്കൾ അതിനുമുൻപ് പോയിരുന്നു. ശബാന ഒരുപാട് സന്തോഷിച്ച ഷെമിമോളുടെ ജന്മദിനം അങ്ങനെ കഴിഞ്ഞു.
ഷെമിമോളുടെ ജന്മദിനത്തിൽ പങ്കെടുക്കാനെത്തിയ സമദിനെ ഷമീറിന് ഒട്ടും ഇഷ്ടമായില്ല. അതെന്തുകൊണ്ടാണെന്ന് അവന് എത്രയാലോചിച്ചിട്ടും മനസ്സിലായതുമില്ല. ശബാനയും സമദും അതിരുവിട്ട് ഇടപഴകുന്നതുപോലൊരു തോന്നൽ. പലപ്പോഴും രാത്രികളിൽ ശബാന ആരുമായോ ചാറ്റ് ചെയ്യുന്നത് അവൻ കണ്ടിരുന്നു. സമദ് ഗൾഫിൽ നിന്നും ജോലി മതിയാക്കി നാട്ടിലെത്തി കോളേജിനടുത്ത് കട തുടങ്ങിയതുമുതലാണ് ശബാന തന്നിൽനിന്നും കൂടുതൽ അകലാൻ തുടങ്ങിയതെന്ന് ഷമീർ മനസ്സിലോർത്തു. വീട്ടിലിരുന്നിട്ട് വല്ലാത്ത അസ്വസ്ഥത തോന്നിയപ്പോൾ അവൻ കാറുമെടുത്ത് പുറത്തേയ്ക്ക് പോയി.
"എന്താ ഷമീർ മോളുടെ ജന്മദിനമായിട്ട് നീ ഇന്ന് ഒരു ഉന്മേഷവുമില്ലാതെ?"
വൈകിട്ട് പുറത്തുവെച്ചു കണ്ടപ്പോൾ കാറിൽ ചാരിയിരുന്നുകൊണ്ട് ആസ്വസ്ഥതയോടെ തലമുടിയിൽ കൈവിരലുകൾ കൊരുത്തുവലിച്ചുകൊണ്ടിരുന്ന ഷമീറിനെ നോക്കി സുഹൃത്ത് 'ജയമോഹൻ' ചോദിച്ചു.
"ഏയ് ഒന്നുമില്ല. രാവിലെ തുടങ്ങിയ തിരക്കല്ലേ. വല്ലാത്ത ക്ഷീണം. നമുക്ക് ടൗണിൽ പോയി ഓരോന്നു വീശിയാലോ? ചെറുതൊരെണ്ണം കഴിക്കാൻ ആഗ്രഹം."
"അതെന്താ പതിവില്ലാത്തൊരു തോന്നൽ... നിർബന്ധിച്ചാൽ പോലും അങ്ങനൊരു ശീലം ഇല്ലാത്തതാണല്ലോ നിനക്ക്. നീ കഴിക്കുമോ?"
"ഒന്നുരണ്ടുവട്ടം കഴിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞതോടെ അത് നിറുത്തി."
"പിന്നെ ഇപ്പോഴെന്താ... പെട്ടെന്നൊരു മാറ്റം?"
"എന്താണെന്നറിയില്ല... ഇന്നൊരാഗ്രഹം. മോളുടെ ജന്മദിനമല്ലേ... അതിന്റെ സന്തോഷമാവും."
"ആണോ... ആഗ്രഹം തോന്നിയാൽ പിന്നെ അത് നിറവേറ്റാതിരിക്കുന്നത് എങ്ങനാ... പ്രത്യേകിച്ചും ഈ കാര്യത്തിൽ."
ജയമോഹൻ പുഞ്ചിരിയോടെ പറഞ്ഞു.
"എങ്കിൽ നമുക്ക് നേരെ ടൗണിലേയ്ക്ക് വിടാം."
സ്ഥിരം മദ്യപാനത്തിന് ഒരു കൂട്ട് കിട്ടിയ സന്തോഷത്തോടെ ജയമോഹൻ പറഞ്ഞു.
ഇരുവരും കാറിൽ നേരെ ടൗണിലേയ്ക്ക് തിരിച്ചു. കാറു നീങ്ങിതുടങ്ങിയപ്പോൾ സീറ്റിൽ ചാരിയിരുന്നുകൊണ്ട് ഷമീർ ശബാനയെക്കുറിച്ചോർത്തു. അവൾ കാണിക്കുന്ന അകൽച്ച അവനെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.
ഒരുവന് തന്റെ എല്ലാശീലങ്ങളും ഉൾക്കൊണ്ടുകൊണ്ട് പരസ്പരം സ്നേഹിച്ചു മുന്നോട്ടുപോകാൻ കഴിയുന്ന മറ്റൊരാളെ കണ്ടെത്തുക എന്നത് അപൂർവ്വമായേ സംഭവിക്കാറുള്ളൂ. അങ്ങനെയൊരാളെ കണ്ടെത്തിയാൽ അതുവരെ ഇഷ്ടപ്പെട്ടിരുന്നതിനെയൊക്കെയും വലിച്ചെറിഞ്ഞുകൊണ്ട് ഇഷ്ടപ്പെട്ടതിന്റെ പിന്നാലെ പോകുന്നതാണ് സമൂഹത്തിൽ സാധാരണം. അവസരത്തിനൊത്തു മാറാൻ കഴിയുന്നതാണല്ലോ മനുഷ്യമനസ്സ്. ധൈവം അങ്ങനെയാണ് മനുഷ്യനെ പടച്ചിരിക്കുന്നതും.
സമദെന്ന പഴയ സുഹൃത്തിനെ കണ്ടുമുട്ടിയതുകൊണ്ടാവാം ശബാന തന്നോട് അകൽച്ച കാണിക്കുന്നത്. തൽക്കാലം താൻ മനസ്സിലാക്കിയതൊന്നും അവൾ അറിയണ്ട. ഷമീർ മനസ്സിൽ തീരുമാനിച്ചു. അവന്റെയുള്ളിൽ നിന്നും ഒരു ദീർഘനിശ്വാസം ഉതിർന്നു.
തുടരും...