ഭാഗം - 14
റൈഹാനയുടെ ഭാഗത്തുനിന്നുള്ള മറുപടിയുംകാത്ത് പാതിരാവുകളിൽ തുറന്നിട്ടജനാലയിലൂടെ നിലാവുംനോക്കി കിടന്ന ദിനങ്ങൾ ആഴ്ചകളും മാസങ്ങളും കടന്നുപോയപ്പോൾ അവൻ പലവട്ടം ഫോണിലൂടെയും മറ്റുമായി അവളോട് കാര്യമുണർത്തിച്ചു. ഒന്നിനും അവൾ വ്യക്തമായ മറുപടി തരാഞ്ഞപ്പോൾ അവൾ കമ്പ്യൂട്ടർ പഠിക്കുന്ന സ്ഥലത്ത് പോയി അവളെ നേരിട്ടുകണ്ടു. ടൗണിലെ ബേക്കറിഷോപ്പിൽ കയറി കോഫി കുടിച്ചുകൊണ്ട് വിവാഹക്കാര്യത്തേക്കുറിച്ചും മറ്റുപലതിനേയും കുറിച്ചും സംസാരിച്ചു.
ഒരുപാടുനേരം സംസാരിച്ചിട്ടും, പലവട്ടം ഓർമ്മപ്പെടുത്തിയിട്ടും, വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് അവൾ അനുകൂലമായി ഒന്നും പറഞ്ഞില്ല.
'കുറച്ചുകൂടി പഠിക്കണം, കഴിയുംപോലെ ഒരു ജോലിക്ക് ശ്രമിക്കണം. പിന്നെ സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ലാതെ ജീവിതം മികച്ചതാക്കി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? ഷമീറിനും ആഗ്രഹമില്ലേ നല്ലൊരു ജോലി വേണമെന്ന്?'
അവളുടെ ആ ചോദ്യങ്ങൾ ന്യായമാണെന്ന് അവനുതോന്നി. അതിലുപരി ഈ കാരണങ്ങൾ പറഞ്ഞ് അവൾ തന്നെ മനപ്പൂർവ്വം ഒഴിവാക്കുകയാണെന്നും അവന് മനസ്സിലായി. പിന്നീട് ഇരുവരും തമ്മിൽ അകന്നു. വൈകാതെ പരസ്പരം യാതൊരു ബന്ധവുമില്ലാതായി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവൻ കേട്ടു... അവളുടെ വിവാഹം ആയെന്നും ഏതോ ഒരു സമ്പന്നനായ ഗൾഫുകാരനാണ് അവളെ വിവാഹം കഴിക്കാൻ പോകുന്നതെന്നുമൊക്കെ. പിന്നീട് അവളുടെ ക്ഷണപ്രകാരം വിവാഹത്തിൽ പങ്കെടുക്കാൻ അവൻ പോവുകയും ചെയ്തു.
എന്തൊക്കെത്തന്നെയായാലും ആദ്യപ്രണയം സമ്മാനിച്ച നോവ്... മറ്റു വിവാഹലോചനകൾ സ്വീകരിക്കാനോ, വിവാഹം കഴിക്കണമെന്നു ചിന്തിക്കാനോ അവന് തോന്നിയില്ല. അങ്ങനെ അവൻ വിവാഹം കഴിക്കുമ്പോൾ വർഷങ്ങൾ കടന്നുപോയിരുന്നു.
ഓഡിറ്റോറിയത്തിലേയ്ക്ക് ആളുകൾ കൂട്ടമാറ്റും ഒറ്റയായും വന്നുനിറയാൻ തുടങ്ങി. അവൻ മൊബൈൽ എടുത്തുനോക്കി. സമയം പതിനൊന്നര ആവുന്നു. എന്തേ ഇതുവരെ അവൾ വരാത്തത്. ഇനി വരാതിരിക്കുമോ... വരുമെന്ന് തന്നെ കളിപ്പിക്കാൻ പറഞ്ഞതാണെങ്കിലോ... ഏയ് വരാതിരിക്കില്ല. രാവിലെയും കൂടി വാട്സാപ്പിൽ സന്ദേശം അയച്ചതാണ് ഓഡിറ്റോറിയത്തിൽ വരുമ്പോൾ കാണാമെന്ന്.
'എന്തെങ്കിലും കാര്യമായി സംസാരിക്കാനുണ്ടെങ്കിൽ പുറത്തെവിടെയെങ്കിലും വെച്ച് പിന്നീട് വിശദമായി കാണാം.'
എന്നുപറഞ്ഞപ്പോൾ... അവൾ പറഞ്ഞത്...
'അതുവേണ്ട വെറുതേ ഒന്നുകണ്ടാൽ മാത്രം മതി... അത് അവസാനമായി കണ്ടുപിരിഞ്ഞ സ്ഥലത്തുവെച്ച് തന്നെയാവട്ടെ...'
എന്നാണ് അവൾ പറഞ്ഞത്.
നീണ്ട ആറുവർഷത്തെ അകൽച്ചയ്ക്കുശേഷം എന്തിനാണ് ഇപ്പോൾ തന്നെ കാണണമെന്ന് അവൾക്ക് തോന്നിയത്. സുന്ദരനും, സുമുഖനും, സമ്പന്നനുമായ ഭർത്താവും കുട്ടികളുമൊക്കെയായി കഴിയുന്ന അവൾക്ക് ഇപ്പോൾ തന്നെ കണ്ടിട്ട് എന്താണ് ആവശ്യം? അവന്റെയുള്ളിൽ പലവിധചിന്തകൾ കാടുകയറി.
കവാടത്തിന്റെ മുന്നിൽ വന്നുനിന്ന കാറിനുള്ളിൽ നിന്ന് ഒരു മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങിയ കല്യാണപ്പെണ്ണ് ഇറങ്ങി ഓഡിറ്റോറിയത്തിലേയ്ക്ക് കയറിപ്പോയി. അവൾക്കൊപ്പം പൂക്കളിലെ സൗരഭ്യം നുകരാൻ പൂമ്പാറ്റകളെന്നോണം വേറെയും കുറേ തരുണീമണികൾ. ഈ നയനമനോഹരമായ കാഴ്ച നോക്കി ആസ്വദിച്ചുകൊണ്ട് നിൽക്കവേ പിന്നിൽനിന്ന് ഒരു വിളികേട്ടു.
"ഹലോ..."
ആകാംഷയോടെ തിരിഞ്ഞുനോക്കുമ്പോൾ ചുണ്ടിലൊളിപ്പിച്ച ആ പഴയ മന്ദഹാസവുമായി റൈഹാന. ഉയർന്നുപൊങ്ങിയ ഹൃദയമിടിപ്പുകൾക്കിടയിൽ ഉള്ളിൽ നിന്നൊരു വിളിയുണർന്നു.
"അള്ളാഹുവേ..."
ഏഴുവർഷങ്ങൾക്കുമുൻപ് ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ പോയപ്പോൾ കണ്ട ചുരിദാറണിഞ്ഞ മെലിഞ്ഞുണങ്ങിയ ആ പെണ്ണാണോ തന്റെ മുന്നിൽ നിൽക്കുന്നത്. അവൾ പഴയതിലും സുന്ദരിയായിരിക്കുന്നു. തടിച്ചുരുണ്ട്... കവിളുകളൊക്കെ ചുവന്നുതുടുത്ത്... കണ്ണുകളിൽ വല്ലാത്ത തിളക്കം. വിലകൂടിയ മെറൂൺകളർ ചുരിദാറാണ് അവൾ അണിഞ്ഞിരിക്കുന്നത്.
"എനിക്കൊരു ശങ്കയുണ്ടായിരുന്നു വരാതിരിക്കുമോ എന്ന്. എന്നെക്കാത്ത് നിൽക്കുകയായിരുന്നല്ലേ... ഒരുനിമിഷം ഷമീറിനെ കണ്ടിട്ട് എനിക്ക് മനസ്സിലായില്ല. തടിച്ചുരുണ്ട് താടിയൊക്കെ വെച്ച്..."
അവൾ കുസൃതിയോടെ അവനെ നോക്കി.
"കാലത്തിനൊത്ത് കോലം മാറണ്ടേ..."
അവൻ ചിരിച്ചു.
"പിന്നെ വേണം... എന്തായാലും ഈ ന്യൂ ലുക്ക് നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടമായി."
അവൾ വീണ്ടും ചിരിച്ചു.
നെറ്റിയിലേയ്ക്ക് ഇറങ്ങിയുള്ള മുടിയിഴകളിലേയ്ക്കും, തുടുത്തകവിളുകളിലേയ്ക്കും, വലതുചുണ്ടിനോട് ചേർന്നുള്ള മറുകിലേയ്ക്കുമൊക്കെ... അവനൊരുനിമിഷം നോക്കി. ആ ചിരിയും, നോട്ടവും, സംസാരവും എല്ലാം പഴയതുപോലെ ഒട്ടും മാറ്റമില്ല.
"എന്തേ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നെ... ഞാൻ ഒരുപാട് മാറിയിട്ടുണ്ടോ?"
"ഏയ് ഇല്ല... അൽപ്പം തടിച്ചിട്ടുണ്ട് അത്രമാത്രം. പിന്നെയേ, എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്?"
"കാണണമെന്നുപറഞ്ഞത് വെറുതേ കാണാൻ മാത്രം. ഇതുപോലെ പരസ്പരം നോക്കി വല്ല മാറ്റങ്ങളും വന്നിട്ടുണ്ടോ എന്നറിയാൻ..."
അവൾ വീണ്ടും ചിരിച്ചു.
"പോകാൻ ദൃതിയൊന്നുമില്ലല്ലോ അല്ലേ... ഞാൻ ജസ്റ്റ് വിവാഹവേദിയിലൊന്നു മുഖം കാണിച്ചിട്ട് വരാം. എന്നിട്ടാവാം വിശേഷങ്ങൾ പങ്കിടുന്നത്. അതുവരെ എനിക്കുവേണ്ടി ക്ഷമിക്കുമല്ലോ അല്ലേ?"
അവളുടെ നോട്ടത്തിൽ കുസൃതി നിറഞ്ഞുനിന്നു.
"ഓ... പിന്നെന്താ... ഇത്രനേരം കാത്തുനിന്ന എനിക്ക് അൽപനേരം കൂടി ക്ഷമിക്കാൻ യാതൊരു മടിയുമില്ല."
അവൻ പുഞ്ചിരി തൂകി.
അവൾ ഓഡിറ്റോറിയത്തിലേയ്ക്ക് കയറി. അൽപം ഭക്ഷണം കഴിച്ചെന്നുവരുത്തിയിട്ട് സുഹൃത്തിനെ കണ്ട് വിഷ് ചെയ്തിട്ട് പുറത്തിറങ്ങി.
"എന്തൊക്കെ പ്രശ്നങ്ങൾ തരണം ചെയ്തിട്ടാണ് ഞാൻ ഇപ്പോൾ ഇവിടെ എത്തിച്ചേർന്നതെന്നറിയാമോ... ഇക്കാ ഇപ്പോഴും കൂടി ഫോണിലേയ്ക്ക് വിളിച്ചതേയുള്ളൂ. കല്ല്യാണത്തിൽ പങ്കെടുത്തിട്ട് വേഗത്തിൽ മടങ്ങിയെത്തണം. സുഹൃത്തുക്കളുമായി കിന്നാരം പറഞ്ഞുകൊണ്ട് നിൽക്കരുതെന്നും പറഞ്ഞ്. ആള് നാട്ടിൽ തന്നെയുണ്ട്. കുട്ടികളെ ഇക്കയുടെ മാതാപിതാക്കളെ ഏൽപ്പിച്ചിട്ടാണ് ഞാൻ വന്നത്. അവർക്കും ഇഷ്ടമല്ല ഞാൻ പുറത്തുപോകുന്നതും മറ്റും. വാ നമുക്ക് പോകാം. ഇവിടെനിന്ന് സംസാരിക്കേണ്ട... കല്യാണത്തിന് വന്നിട്ടുള്ളവരിൽ പരിചയക്കാർ ആരെങ്കിലും കാണും."
അവൾ ഗെയ്റ്റിന് പുറത്തേയ്ക്ക് നടന്നു.
കാറ് സ്റ്റാർട്ടാക്കി അവളെ മുന്നിൽ കയറ്റിക്കൊണ്ട് ഓഡിറ്റോറിയത്തിന്റെ സൈഡിലുള്ള റോഡിലൂടെ അവൻ കാറ് പായിച്ചു. ആളുകളേയും വാഹനങ്ങളേയും മറികടന്ന് കാറ് മുന്നോട്ട് നീങ്ങുമ്പോൾ അവളുടെ കണ്ണുകളിലെ പരിഭ്രമത്തിന്റെ തിരതള്ളൽ അവൻ കണ്ണാടിയിലൂടെ നോക്കിക്കണ്ടു.
"എന്താ... ഭയമുണ്ടോ... കാണണമെന്ന് പറഞ്ഞപ്പോഴുള്ള ആ ധൈര്യമൊക്കെ ചോർന്നുപോയോ?"
അവനൊന്നു ചിരിച്ചു.
"വഴിയിലെങ്ങാനും പരിചയക്കാരുണ്ടാകുമോ... എന്നൊരു പേടി."
സ്പ്പീഡിലോടുന്ന കാറിനൊപ്പം അവളുടെ മിഴികൾ ചുറ്റുവട്ടത്തെ തിരക്കുകളിൽ പരതിക്കൊണ്ടിരുന്നു.
"ശബാനയും മോളും സുഖമായിരിക്കുന്നോ... അവളിപ്പോൾ കോളേജിൽ പോകുന്നുണ്ടോ?"
ഇല്ല എന്ന അർത്ഥത്തിൽ അവൻ ചുമൽ കൂച്ചി.
"എന്നെക്കാണാൻ വന്നപ്പോൾ അവളെക്കൂടി കൂട്ടാമായിരുന്നു... ഞാൻ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞുകൂടായിരുന്നോ?"
അവൾ കുണുങ്ങി ചിരിച്ചു.
"എങ്കിൽ നന്നായേനെ... എന്റെ കുടുംബകാര്യത്തിൽ ഇന്നുതന്നെ ഒരു തീരുമാനം ആയേനെ."
അവൻ ഉള്ളിലെ സങ്കടം മറച്ചുവെച്ചുകൊണ്ട് പറഞ്ഞിട്ട് ഒരു ദീർഘനിശ്വാസമുതിർത്തു.
ഈ സമയം കാറ് നഗരത്തിന്റെ ഒഴിഞ്ഞകോണിലുള്ള ഒരു കോഫീ സെന്ററിന്റെ മുന്നിൽ ചെന്നുനിന്നു.
"ആഹാ... ഞാനുദ്ദേശിച്ച സ്ഥലത്തുതന്നെ വന്നുനിന്നു. ഈ കോഫീ ഹൗസ് അങ്ങനെ മറക്കാനാവില്ലല്ലോ... അല്ലേ?"
പറഞ്ഞുനിറുത്തിയ അവളുടെ ചുണ്ടിൽ കഴിഞ്ഞകാല ഓർമ്മകളുടെ അയവിറക്കൽ എന്നപോലെ ഒരു പുഞ്ചിരി വിടർന്നു.
ആൾതിരക്കില്ലാത്ത ഒഴിഞ്ഞകോണിലെ ടേബിളിനുമുന്നിൽ ഇരുവരും ഇരുന്നു. ഏതാനുംനിമിഷം ഇരുവരും മുഖത്തോട് മുഖം നോക്കി മിണ്ടാതെ അങ്ങനെ ഇരുന്നു.
"പറയൂ... എന്തൊക്കെയുണ്ട് വിശേഷങ്ങൾ... ഹസ്ബൻഡ് എങ്ങനെ സുഖമായിരിക്കുന്നോ... ഇനി ഗൾഫിലേയ്ക്ക് പോകുന്നില്ലേ?"
"ആർക്കറിയാം... പോകുന്നുണ്ടെന്നും ഇല്ലെന്നുമൊക്കെ പറയുന്നുണ്ട്. ഒരുതരം പ്രത്യേക സ്വഭാവമാണ്. വല്ലാത്തെ ദേഷ്യവും, വാശിയും ഒക്കെയുണ്ട് ആൾക്ക്. ദാ ഇതാണ് ആൾ."
ലാഘവത്തോടെ പറഞ്ഞിട്ട് അവൾ കൈയിലിരുന്ന ഫോൺ അവനുനേരെ നീട്ടി.
അവൻ ഫോൺവാങ്ങി നോക്കി. സ്‌ക്രീനിൽ സുമുഖനായ ഭർത്താവിന്റെയും, രണ്ടു പെൺകുട്ടികളുടെയും ചിത്രം. ആൾ ഗൗരവക്കാരനാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവന് തോന്നി.
"കൊള്ളാം... ഹസ്ബൻഡ് ഇപ്പോഴും സുന്ദരൻ ആണ്. കുട്ടികൾ റൈഹാനയെ പോലുണ്ട്."
അവൻ ഫോൺ തിരികെ കൊടുത്തു.
"ആണോ... എല്ലാരും പറയുന്നത് മക്കൾക്ക് അദ്ദേഹത്തിന്റെ ഛായയാണെന്നാണ്."
അവൾ ചിരിച്ചു.
"പിന്നെ... ഷമീറിന്റെ വൈഫിന്റെ ഫോട്ടോ കാണിച്ചില്ലല്ലോ... എവിടെ കാണട്ടെ."
അവൻ ഫോൺ ഓണാക്കി ഗ്യാലറിയിൽ നിന്ന് ഭാര്യയും മോളും ഒന്നിച്ചുള്ള ഒരു ചിത്രമെടുത്ത് അവളെ കാണിച്ചു.
"കൊള്ളാം... സുന്ദരിതന്നെ. കണ്ണുകളിൽ പ്രണയം ഒളിപ്പിച്ചുവെച്ചതുപോലെയുണ്ട്. എന്നെക്കാളും സുന്ദരിതന്നെ. മോൾ ശരിക്കും ഷമീർ തന്നെ."
"ങ്ഹാ സുന്ദരിയൊക്കെത്തന്നെയാണ്. സൗന്ദര്യം ഉണ്ടായതുകൊണ്ട് മാത്രം കാര്യമായില്ലല്ലോ... സ്വഭാവവും നന്നാവണ്ടേ... ദേഷ്യവും, വാശിയും, തന്നിഷ്ടവുമൊക്കെയാണ് എപ്പോഴും."
പറഞ്ഞിട്ട് ഉള്ളിലെ സങ്കടം മറച്ചുവെച്ചുകൊണ്ട് അവൻ മെല്ലെ പുഞ്ചിരിച്ചു.
"ആണോ... അതൊക്കെ ഇന്ന് സർവ്വസാധാരണയല്ലേ... എന്തായാലും എന്റെയത്ര മോശമായിരിക്കില്ല അവൾ."
ഫോണിലെ ചിത്രത്തിലേയ്ക്ക് വീണ്ടും നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
അവൻ മറുപടിയൊന്നും പറഞ്ഞില്ല. ടേബിളിൽ ഇരുന്ന കോഫി എടുത്ത് ഒരിരക്ക് കുടിച്ചു.
തുടരും...