ഭാഗം -11
ചുരിദാർ ധരിച്ച ഒരു പെൺകുട്ടി ഷമീറിനും ശബാനയ്ക്കും അരികിൽ വന്നുകൊണ്ട് ചോദിച്ചു.
"സാർ... എന്താ കഴിക്കാൻ വേണ്ടത്?"
"രണ്ട് ഓറഞ്ചുജ്യൂസ്..."
ഷമീർ പറഞ്ഞു.
"ഓക്കേ സാർ..."
അവൾ ഓർഡർ എടുത്തിട്ട് തിരികെ നടന്നുപോയി.
ഷമീർ ശബാനയുടെ മുഖത്തേയ്ക്ക് നോക്കി. സംസാരിച്ചു തുടങ്ങാമല്ലേ എന്ന മട്ടിൽ. പക്ഷേ, അവൾ ഒന്നും പറയാതെ അവനെ നോക്കാതെ മുഖം കുമ്പിട്ടിരുന്നു. ഏതാനുംനിമിഷം കടന്നുപോയി.
ഈ സമയം പെൺകുട്ടി ഇരുവർക്കും മുന്നിൽ ജ്യൂസ് കൊണ്ടുവന്ന് വെച്ചു.
"സാർ ഇനി എന്തെങ്കിലും വേണോ?"
"വേണ്ടാ... താങ്ക്സ്."
ഷമീർ അവളെനോക്കി പുഞ്ചിരിതൂകി.
"ശബാന ജ്യൂസ് കുടിക്കൂ... എന്നിട്ടാവാം ഇനി സംസാരം."
മെല്ലെ ശാന്തമായി അവൻ പറഞ്ഞു.
അവൾ ജ്യൂസ് മെല്ലെ കുടിച്ചു.
"ശബാനയുടെ സ്കൂൾ പഠനകാലത്തേക്കുറിച്ചൊക്കെ എനിക്കറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. അന്നത്തെ സുഹൃത്തുക്കൾ, അവരുടെ പേരുകൾ ഒക്കെ."
ഷമീർ സംസാരത്തിന് തുടക്കമിട്ടു.
"അങ്ങനെ എടുത്തുപറയത്തക്ക സൗഹൃദങ്ങൾ ഒന്നും എനിക്കുണ്ടായിരുന്നില്ല. ഞാൻ എപ്പോഴും ഒറ്റയ്ക്കായിരുന്നു സ്കൂളിൽ പോകുന്നതും, വരുന്നതുമൊക്കെ. അധികം ആരുമായും കൂട്ടുകൂടാൻ ബാപ്പയും അനുവദിച്ചിരുന്നില്ല."
ശബാന മെല്ലെ മറുപടി നൽകി.
"കോളേജിൽ പഠിക്കുന്ന കാലത്ത് ശബാനയ്ക്ക് ആരോടെങ്കിലും അതിരുവിട്ട അടുപ്പമുണ്ടായിട്ടുണ്ടോ?"
ഷമീർ വീണ്ടും ചോദിച്ചു.
"ഇല്ല, എനിക്ക് അങ്ങനെ ആരോടും അടുപ്പം തോന്നിയിട്ടില്ല. ചിലരൊക്കെ പ്രണയാഭ്യർത്ഥനയുമായി വന്നിട്ടുണ്ട്. പക്ഷേ, ഞാനവരോടൊക്കെ ദേഷ്യപ്പെടുക്കുകയും വഴക്കുണ്ടാക്കുകയുമൊക്കെ ചെയ്‌തിട്ടുണ്ട്."
ശബാനയുടെ മറുപടി ആത്മാർത്ഥതനിറഞ്ഞതാണെന്ന് ഷമീറിന് തോന്നിയില്ല.
"ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഏതെങ്കിലും ആൺകുട്ടികളുമായിട്ട് പ്രണയം ഉണ്ടായിട്ടുണ്ടോ? സത്യം പറയണം."
"ഉണ്ടായിട്ടുണ്ട്... എന്റെ ക്ലാസ്മേറ്റായ സമദിനോട്."
"സമദ് ഇപ്പോൾ എവിടെയാണ്? അന്ന് മോളുടെ ബെർത്ത്ഡേയ്ക്ക് വന്ന ആ സമദാണോ?"
"സമദ് അതുതന്നെയാണ്. ഇവിടെത്തന്നെയുള്ളതാണ്. കുറച്ചുനാൾ ഗൾഫിലായിരുന്നു. ഇപ്പോൾ ഇവിടെ മൊബൈൽ ഷോപ്പ് നടത്തുന്നു എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ?"
"അവൻ വിവാഹിതനല്ലല്ലേ?"
"അല്ല..."
"എന്തുതരം അടുപ്പമായിരുന്നു സമദും നീയും തമ്മിൽ... മാനസികം മാത്രമോ അതോ ശാരീരികമായ അടുപ്പമായിരുന്നോ?"
"ശാരീരികമായിട്ടൊന്നും ഉണ്ടായിട്ടില്ല. മാനസികമായി ഒരുപാട് ഞങ്ങൾ അടുത്തുപോയിരുന്നു. ഞങ്ങൾ തമ്മിൽ പരസ്പരം കൈപിടിച്ചുകൊണ്ട് ഒരുപാട് സംസാരിക്കുമായിരുന്നു. അപ്പോഴൊക്കെ വല്ലാത്തൊരു സുരക്ഷിതത്വം എനിക്ക് തോന്നിയിരുന്നു."
നിരാശനിറഞ്ഞ ശബ്ദത്തിലായിരുന്നു ശബാനയുടെ മറുപടി.
"നിങ്ങൾ രണ്ടുപേരും ഒരേ ക്‌ളാസിലായിരുന്നോ?"
"അതെ..."
"ഇത്രയൊക്കെ അടുപ്പമായിരുന്നിട്ടും പിന്നെന്തിനാണ് നിങ്ങൾ തമ്മിൽ പിരിഞ്ഞത്?"
"ഡിഗ്രി കഴിഞ്ഞപ്പോൾ വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം അവൻ ഗൾഫിലേയ്ക്ക് പോയി. പി ജി ക്ക് ഒരുമിച്ച് പഠിക്കണമെന്നാഗ്രഹിച്ചിരുന്ന എനിക്ക് അത് താങ്ങാനവുമായിരുന്നില്ല. തുടർന്ന് പഠിക്കണമെന്നുപോലും എനിക്ക് തോന്നിയില്ല. പക്ഷേ, വീട്ടുകാരും ഒപ്പം കൂട്ടുകാരുമൊക്കെ നിർബന്ധിച്ചപ്പോൾ വീണ്ടും ഇതേകോളേജിൽ തന്നെ പി ജി ക്ക് ചേർന്നു."
പറഞ്ഞിട്ട് ശബാന മുഖം കുനിച്ചിരുന്നു. അവളുടെ മുഖം ദുഖമയമായിത്തീർന്നു. ഈ അവസ്ഥകണ്ട ഷമീറും വല്ലാതായിക്കഴിഞ്ഞിരുന്നു.
"എന്നാണ് നിങ്ങൾ തമ്മിൽ അവസാനമായി കണ്ടത്?"
അവന്റെ ശബ്ദം ഇടറിയിരുന്നു.
"രണ്ടുദിവസം മുൻപ്... പാർക്കിൽ വെച്ച്."
"ഓ ഞാൻ മറന്നുപോയി."
ഷമീർ പറഞ്ഞു.
അവന്റെ ഹൃദയത്തിൽ ഒരു തീക്കൊള്ളി പുളഞ്ഞിറങ്ങി. അത് ശരീരത്തിലാകമാനം പൊള്ളൽ തീർത്തുകൊണ്ട് ഞരമ്പിലൂടെ പാഞ്ഞുനടന്നു. അതിന്റെ ചൂടിൽ അവന്റെ കണ്ണും, കാതുമൊക്കെ പൊള്ളിപ്പിടഞ്ഞു.
ഈ സമയം ശബാന വീണ്ടും പറഞ്ഞുതുടങ്ങി.
"എന്റെ കുട്ടിക്കാലം ഏകാന്തത നിറഞ്ഞതായിരുന്നു. ബാപ്പ എപ്പോഴും ബിസ്സിനസ്സും, കൃഷിയുമൊക്കെയായി തിരക്കിലായിരുന്നു. ഉമ്മാ വാപ്പയെ സഹായിച്ചും വീട്ടുജോലികളിൽ മുഴുകിയുമൊക്കെ തിരക്കിലാരുന്നു. ഒറ്റമോളായ ഞാൻ പലപ്പോഴും വീട്ടിൽ തനിച്ചായിരുന്നു. അടുത്തൊന്നും എന്റെ സമപ്രായക്കാരായ കുട്ടികൾ ഉണ്ടായിരുന്നില്ല. ഉള്ളയിടത്തേക്കാവട്ടെ ബാപ്പയും ഉമ്മയും എന്നെ വിട്ടതുമില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് ഒരു ആൺകുട്ടി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. അന്നെനിക്ക് അവനോട് ദേഷ്യവും വെറുപ്പുമൊക്കെ തോന്നി. അതിലുപരി ഭയവും. അവനോടു മാത്രമല്ല അതിനുശേഷം എന്നോട് അടുക്കാൻ ശ്രമിച്ച ആൺകുട്ടികളോടൊക്കെയും ഒരു വല്ലാത്ത അകൽച്ചയും, ഭയവുമൊക്കെ എന്നെ പിന്നോട്ടുവലിച്ചുകൊണ്ടിരുന്നു പലപ്പോഴും. പക്ഷേ, കോളേജിലെത്തി സമദുമായി കണ്ടുമുട്ടിയതോടെ എന്റെ അവസ്ഥക്ക് മുഴുവൻ മാറ്റം സംഭവിക്കുകയായിരിന്നു."
ശബാന പറഞ്ഞുനിറുത്തിയിട്ട് ടേബിളിലിരുന്ന ജ്യൂസെടുത്ത് ഒരിരക്ക് കുടിച്ചു.
"ഞാൻ നിന്നെ പെണ്ണുകാണാൻ വന്നപ്പോൾ എന്തായിരുന്നു നിന്റെ മനസ്സിൽ?"
"സമദൊഴികെയുള്ള പുരുഷന്മാരോടുള്ള ഇഷ്ടക്കുറവ് അന്നുമുണ്ടായിരുന്നു. പിന്നെ കരുതി എല്ലാം മാറുമെന്ന്. എന്നാൽ പിന്നീടുള്ള ഓരോ നിമിഷവും ഭയമായിരുന്നു. വിവാഹം നടക്കരുതേ എന്ന് മനംനൊന്തു പ്രാർത്ഥിച്ചു. വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഈ വിവാഹത്തിൽ നിന്നും രക്ഷപ്പെടാനായി സ്വയം ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും ആലോചിച്ചുപോയിട്ടുണ്ട് ഞാൻ. വിവാഹശേഷമുള്ള ഓരോ നിമിഷങ്ങളും നെഞ്ചിൽ തീക്കനൽ എടുത്തുവെച്ചതുപോലെയായിരുന്നു."
ശബാനയുടെ ശബ്ദമിടറി. കണ്ണുകൾ നിറഞ്ഞുതൂവി.
കൂടുതലൊന്നും ഇനി ചോദിക്കേണ്ടെന്ന് ഷമീറിന് തോന്നി.
ഇനിയെന്താണ് ചെയ്യേണ്ടത്? ഷമീർ ആലോചിച്ചു. ഒരു ഭർത്താവെന്നനിലയിൽ മുന്നിലിരിക്കുന്ന ഭാര്യയെ വിസ്തരിച്ചുകഴിഞ്ഞു. അവളെ തന്നോട് ചേർത്തുനിറുത്തണമെന്ന ആഗ്രഹം അസ്ഥാനത്താവുകയാണോ? തീരുമാനമെടുക്കാൻ ശബാനയെ സ്വസ്ഥമായി വിടുന്നതാണ് ഉചിതം. ഭർത്താവാണെങ്കിൽ പോലും തനിക്ക് എങ്ങനെയാണ് ഭാര്യയുടെ ഇത്തരം കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുക?
ഷമീർ തന്റെ അവസ്ഥയെ ഒരുമാത്ര സ്വയം ശപിച്ചു. സ്വന്തഭാര്യയുടെ മനസ്സുതന്നെ ചികഞ്ഞെടുക്കാൻ ശ്രമിക്കുക. അവളെ ചോദ്യം ചെയ്തുകൊണ്ട് അവളുടെ കഴിഞ്ഞകാലം കണ്ടെത്തുക. അവളുടെ പ്രവർത്തികൾക്ക് വിലയിടുക. എന്തെല്ലാമാണ് തന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. ഷമീർ മെല്ലെ എഴുന്നേറ്റ് നടന്നു. വാകമരത്തിന്റെ ചുവട്ടിൽ ചെന്നുനിന്നുകൊണ്ട് ഒരു സിഗരറ്റിനു തീ കൊളുത്തി. ശബാന അപ്പോഴും കരഞ്ഞുകൊണ്ടിരുന്നു. ഒരിളംകാറ്റ് വീശിയടിച്ചു. അതേറ്റുകൊണ്ട് ഒരു കുടുംബം പാർക്കിലൂടെ നടന്നുവന്നു. അവർ ചിരിച്ചും കളിച്ചും ഷമീറിന് മുന്നിലൂടെ കടന്നുപോയി.
കണ്ണുകൾകൊണ്ട് കാണാനാവാത്തതും, ചെവികൊണ്ട് കേൾക്കാൻ കഴിയാത്തതുമായ എന്തൊക്കെയോ തനിക്ക് മുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഷമീറിന് തോന്നി. ശബാന പരപുരുഷസ്നേഹിയായ പെണ്ണാണ്. ഭർത്താവല്ലാത്ത മറ്റൊരു പുരുഷനിൽ തന്റെ സന്തോഷം കണ്ടെത്താൻ അവൾ ആഗ്രഹിക്കുന്നു. പുൽനാമ്പുകളൊന്നുമില്ലാത്ത വെറും ഇലപൊഴിഞ്ഞ മരങ്ങളെ മാത്രം നിലനിർത്തുന്ന വരണ്ടുണങ്ങിയ ഒരു ഭൂമിമാത്രമായി മാറിയിരിക്കുന്നു താൻ.
ഷമീർ തിരികെ വന്ന് ശബാനയ്ക്ക് മുന്നിലിരുന്നു. ഈ സമയം ശബാന മുഖമുയർത്തി അവനെ നോക്കിക്കൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
"ഞാൻ ഷമീറിനെ ഒരുപാട് വേദനിപ്പിച്ചു."
അവൾ ഷമീറിന്റെ കൈക്കുനേരെ തന്റെ കരങ്ങൾ നീട്ടി.
"ഞാൻ സമദിനെ ചെന്നു കണ്ട് സംസാരിച്ചു നോക്കട്ടെ?"
ശബാന സങ്കടമൂറിയ ഷമീറിന്റെ മിഴികളിലേയ്ക്ക് നോക്കി ചോദിച്ചു.
അവളുടെ ശബ്ദം വല്ലാതെ നേർത്തുപോയിരുന്നു. ഷമീറിന്റെ ഉള്ളം വല്ലാതെ പിടയുവാൻ തുടങ്ങി. ഇളകിമറിയുന്ന ഒരു കടൽപോലെ അത് പ്രഷുബ്ധമായി.
ശബാന സമദിനെ കണ്ട് സംസാരിച്ചു നോക്കട്ടെയെന്ന്. എന്തിന്?
അവനിലെ ഭർത്താവ് ഉണരുന്നു. പക്ഷേ, എതിർക്കാൻ കഴിയുന്നില്ല. തനിക്ക് ഒന്നും പറയാനില്ല. ഇപ്പോൾ താനൊരു ഭർത്താവ് മാത്രമല്ല. ശബാനയുടെ മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ ചോദിച്ചറിയാൻ വന്ന ഒരു അന്വേഷകൻ കൂടിയാണ്.
പോകാമെന്ന് അവൻ മുഖംകൊണ്ട് ആഗ്യം കാണിച്ചു.
ഉടൻതന്നെ ഷമീറും ശബാനയും പാർക്കിൽ നിന്നും യാത്ര തിരിച്ചു. കോളേജിനുമുന്നിലെത്തിയപ്പോൾ ഷമീർ കാർ നിറുത്തി. ശബാന കാറിൽ നിന്നിറങ്ങി. സമദിനെ കാണുന്നതിനായി. താനെന്തിനാണ് ഇപ്പോൾ സമദിനെ കാണുന്നത് അറിയില്ല. പക്ഷേ, കാണാതിരിക്കാനും പറ്റില്ലല്ലോ? അവൾ സമദിന്റെ ഷോപ്പിലേയ്ക്ക് നടന്നു. അവളെ കണ്ടതും ഉടൻതന്നെ ഷോപ്പ് പൂട്ടി അവൻ ഇറങ്ങി. ഇരുവരുംകൂടി കാറിൽ കയറി അടുത്തുള്ള സമദിന്റെ വീട്ടിലേയ്ക്ക് തിരിച്ചു.
തുടരും...