mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 8

ടൗണിൽ കടന്നു ജയമോഹന്റെ കാർ വലതുവശത്തേയ്ക്ക് തിരിഞ്ഞു. കുറച്ചുദൂരം മുന്നോട്ടുപോയിട്ട് ബാർ എന്ന ബോർഡിനുമുന്നിലായി പാർക്കിംഗ് ഏരിയയിൽ കാർ നിറുത്തി. ഇരുവരും ഇറങ്ങി. ജയമോഹന്റെ പിന്നാലെ ചുറ്റും പരിചയക്കാർ ആരെങ്കിലും കാണുന്നുണ്ടോ എന്ന് പരിഭ്രമിച്ചുകൊണ്ട് ഷമീർ സ്റ്റെപ്പുകൾ കയറി മുകളിലത്തെ നിലയിലേയ്ക്ക് നടന്നു. ജയമോഹനാണ് എല്ലാത്തിനും ഓർഡർ കൊടുത്തത്. ഷമീർ രണ്ട് പെഗ്ഗ് ബ്രാണ്ടി കുടിച്ചു. ജയമോഹൻ അത് നാലു പെഗ്ഗ് വരെയാക്കി.

"എടോ നമ്മൾ ഈ കൊണ്ടാക്ടറന്മാർ വല്ല്യ അഭിമാനികളാണല്ലേ... എപ്പോഴും അഭിമാനം നോക്കണം. അതുകൊണ്ട് എന്താ കാര്യം? വല്ലവന്റേം മുഖസ്തുതി കിട്ടിയിട്ടെന്താ കാര്യം... കുറച്ചു പേര് കിട്ടും. അല്ലാതെന്താ. ജീവിതം സുഖിക്കാനുള്ളതാണെടോ."

ജയമോഹൻ ഒച്ച കൂട്ടിയും കുറച്ചും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു. അവന്റെ നാവുകൾ കുഴഞ്ഞുതുടങ്ങിയിരിക്കുന്നു. ഈ സമയം ബില്ലുമായി ബെയറർ എത്തി.

"സാറേ ബില്ല്..."

"ഹലോ ബെയറർ... ഇത് ഷമീർ, എന്റെ സുഹൃത്താണ്. ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഒന്ന് നോക്കിവെച്ചോളൂ... ഞാനില്ലാത്തപ്പോൾ ഇവിടേയ്ക്ക് വരണമെന്ന് തോന്നിയാൽ വരും. വേണ്ടതുപോലെ എല്ലാം ചെയ്തേക്കാണം. മനസ്സിലായോ?"

വെളുത്തുമെലിഞ്ഞ സുന്ദരനായ യൂണിഫോം ധരിച്ച ആ യുവാവിനെ നോക്കി ജയമോഹൻ പറഞ്ഞു.

"അതിനെന്താ... ഞാൻ നോക്കിക്കോളാം. ഇവിടെ വരുമ്പോൾ എന്നെ അന്വേഷിച്ചാൽ മതി. പേര് ഒന്ന് പറഞ്ഞുകൊടുത്തേക്ക്."

പുതിയൊരു ഇരയെ കിട്ടിയ സന്തോഷത്തോടെ അവൻ പറഞ്ഞു. ജയമോഹൻ പണം നൽകി. സ്റ്റെപ്പിറങ്ങി ഇരുവരും കാറിനരികിലെത്തി.

"ഷമീർ ഒരുപാട് നാളുകൂടിയിട്ട് കഴിച്ചതല്ലേ? നിനക്ക് പ്രശ്നം ഒന്നുമില്ലല്ലോ? വണ്ടി ഓടിക്കാല്ലോ അല്ലെ?"

മുഖം ചുളിച്ചുകൊണ്ട് ജയമോഹൻ അവനെ നോക്കി.

"ഏയ്‌ എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ ഓടിച്ചോളാം."

പറഞ്ഞിട്ട് അവൻ അകത്തുകടന്നിരുന്നു കാർ സ്റ്റാർട്ടാക്കി. ജയമോഹൻ കയറി. കാർ മുന്നോട്ടു നീങ്ങി.

ഒരു ഞായറാഴ്ചകൂടി കടന്നുപോകാനൊരുങ്ങുകയാണ്. മാലിന്യം മണക്കുന്ന കറ്റേറ്റ്, ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പൽ കേട്ട്, ജോലികഴിഞ്ഞുപോകുന്ന മനുഷ്യരുടെ കലമ്പൽ കേട്ട്, തട്ടുകടയിൽ നിന്നുയിരുന്ന ഭക്ഷണത്തിന്റെ ഗന്ധമേറ്റ് മടുപ്പകറ്റാനായി എല്ലാരും വീടണയാനായി പരക്കം പായുകയാണ്. അവർക്കെല്ലാം വീട്ടിലെത്തിയാൽ ഭക്ഷണം കഴിച്ച് കിടന്നുറങ്ങാനാകും.

പക്ഷേ, തനിക്കോ... എത്രയുംവേഗം കാറോഡിച്ചു വീട്ടിലെത്തണം ഭക്ഷണം കഴിക്കണം. ആരോടും ഒന്നും പറയാതെ ആരെയും ഒന്നുമറിയിക്കാതെ കിടന്നുറങ്ങണം. ഇതാണ് ഷമീറിന്റെ ആഗ്രഹം. തനിക്ക് അതിന് കഴിയുമോ അവൻ ചിന്തിച്ചു.

അന്നു പതിവിലധികം ചൂടായിരുന്നു വെയിലിന്. മണ്ണും മരങ്ങളും പൊള്ളിപ്പിടഞ്ഞു. മണ്ണിന്റെ മാറ് വിണ്ടുകീറി. അതിൽ ചവിട്ടിക്കൊണ്ട് ശബാനയും, സമദും നടന്നു. സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു. കോളേജു ഗ്രൗണ്ടിൽ ആരും എത്തിയിട്ടില്ല. ഫുട്ബോളും, ബോളീബോളുമൊക്കെ കളിക്കാനായി സ്ഥിരം ആളുകൾ എത്തിച്ചേരുന്നതേയുള്ളൂ. കോളേജുമുറ്റത്തെ വാകമരങ്ങൾക്ക് ചുവട്ടിൽ മാത്രം ഏതാനുംപേര് സംസാരിച്ചു നിൽക്കുന്നുണ്ട്. ചൂടിന് അശ്വാസം പകർന്നുകൊണ്ട് ഇടയ്ക്കൊക്കെ വീശാറുള്ള ഇളംകാറ്റ് മെല്ലെ വീശി. ശബാനയുടെ കൈയിൽ പിടിച്ചുകൊണ്ട് സമദ് അമർത്തി ചുംബിച്ചു. എന്നിട്ട് ആ കൈ നെഞ്ചോടുചേർത്തു മുറുക്കെപിടിച്ചു. ശബാനയ്ക്ക് കൈ വലിച്ചെടുക്കാനായില്ല. ഏതാനും നിമിഷത്തെ അവന്റെ ഹൃദയമിടിപ്പുകൾ ശബാനയുടെ കൈയിൽ പതിഞ്ഞു. അവൻ കൈയിലെ പിടി മെല്ലെ വിട്ടു.

"എന്താ സമദ് ഇത്... ആരെങ്കിലും കാണില്ലേ?"

"ശബാന ഞാനൊന്നു പറയട്ടെ?"

അവൻ അവളെ ഉറ്റുനോക്കി ചോദിച്ചു.

"ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്നെയും. പിന്നെ നമുക്ക് ഒരുമിച്ചാൽ എന്താ?"

ഭൂമി വട്ടം കറങ്ങുന്നതുപോലെ. ചുറ്റുമുള്ളതൊന്നും കാണുവാനും കേൾക്കുവാനും കഴിയുന്നില്ല. കാതിൽ ഒരു ഇരമ്പൽ മാത്രം. ഏതാനും കിളികൾ ദൂരെനിന്നും പറന്നുവന്നു മുന്നിലൂടെ കടന്നുപോയി. അതിൽ ചില കിളികൾ കൂടണയാനെന്നവണ്ണം അടുത്തുള്ള വലിയ മരത്തിലേയ്ക്ക് ചേക്കേറി.

"ഞാൻ കാര്യമാണ് പറഞ്ഞത്. ഷമീറിനെ സ്നേഹിക്കാൻ നിനക്ക് കഴിയുന്നില്ല. അവനോടൊപ്പം ഒരുമുറിയിൽ ഒരുമിച്ചുകിടക്കാൻ പോലും നിന്റെ മനസ്സ് അനുവദിക്കുന്നില്ല. പിന്നെ എങ്ങനെയോ ഒരു കുട്ടിയുണ്ടായി. അതൊക്കെ സ്വഭാവികം."

പറഞ്ഞിട്ട് സമദ് മറുപടിക്കായി അവളെ നോക്കി.

പിന്നെ അധികമൊന്നും കേൾക്കാനും, പറയാനും നിൽക്കാതെ ശബാന മുന്നോട്ടു നടന്നു. വേനലിന്റെ കാടിന്യയത്താൽ പൊള്ളിപ്പിടഞ്ഞ മണ്ണിന് അവളുടെ അമർത്തിയുള്ള ചവിട്ടുകൾ കൂടുതൽ വേദന പടർത്തി. എങ്ങനെയോ നടന്നു ഗെയ്‌റ്റിനരികിലെത്തി തുടർന്ന് പാർക്കിംഗ് ഏരിയയിലേയ്ക്ക് ചെന്നുകൊണ്ട് തന്റെ ആക്ടീവയിൽ കയറി സ്റ്റാർട്ട് ചെയ്തു ഓടിച്ചുപോയി.

ഒരു മെഴുകുതിരിപോലെ തന്റെ ശരീരം ഉരുകിയൊലിക്കുകയാണ്. ഹൃദയവേദനയുടെ ചൂടേറ്റ് അത് സ്വയം ഉരുക്കുകയാണ്. ഉരുകിയൊലിക്കുന്ന മെഴുകു പടർന്നിറങ്ങി തന്റെ രക്തയോട്ടം നിലയ്ക്കുന്നു. ശരീരം തളരുന്നു. കണ്ണിൽ ഇരുട്ട് കയറുന്നു. ശ്വാസം പിടയുന്നു. വണ്ടി പോർച്ചിൽ നിറുത്തിക്കൊണ്ട് അവൾ നിറകണ്ണുകൾ തുടച്ചു.

"ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്നെയും. നമുക്ക് ഒരുമിച്ചുകൂടെ?"

സമദിന്റെ യാഥാർഥ്യം നിറഞ്ഞ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. എങ്ങനെ സമദിന് ഇത് തന്നോട് പറയാൻ തോന്നി. താൻ ഒരു ഭാര്യയാണ്. ഒരമ്മയാണ്. അതൊക്കെയും അവൻ മറന്നു.

വണ്ടി സ്റ്റാൻഡിൽ വെച്ചിട്ട് അവൾ വീടിനുള്ളിലേയ്ക്ക് നടന്നു. ഉമ്മി വരുന്നതുകണ്ട് ഹാളിൽ കളിച്ചുകൊണ്ടിരുന്ന ഷെമിമോൾ അവിടേയ്ക്ക് ഓടിവന്നു.

"ഉമ്മി എന്താ ഇത്രനേരം വരാതിരുന്നേ?"

അവൾ ചുമരിലെ ക്ളോക്കിൽ നോക്കി. സമയം പതിവിലും വൈകിയിട്ടുണ്ട്.

"ഈയിടെയായി മോളെന്നും വൈകിയാണ് വരുന്നത്."

ഷമീറിന്റെ ഉമ്മാ പരിഭവം പോലെ പറഞ്ഞു.

"അതുപിന്നെ ഞാൻ..."

എന്തെങ്കിലും പറയാനാവാതെ അവൾ മുറിയിലേയ്ക്ക് നടന്നു. എന്നിട്ട് കട്ടിലിൽ ഇരുന്നുകൊണ്ട് തല കയ്യിൽ താങ്ങി കുമ്പിട്ടിരുന്നു കരഞ്ഞു.

ഒരു നല്ല ഭാര്യയ്ക്ക്, ഒരു നല്ല ഉമ്മയ്ക്ക് എങ്ങനെയാണ് മറ്റൊരാളുടെ കാമുകിയും ഭാര്യയും ആവാൻ കഴിയുക? സമദുമായി വീണ്ടും അടുത്തുപോയതാണ് തെറ്റ്. അതുകൊണ്ടാണല്ലോ അവൻ അങ്ങനെ പറഞ്ഞത്. ഇതിനുവേണ്ടിയാണോ അവൻ തന്നോട് അടുത്ത് പെരുമാറിയത്. പലപ്പോഴും താൻ അവന് പൂർണ്ണസ്വാതന്ത്ര്യം നൽകിയിരുന്നല്ലോ. ഒന്നും പാടില്ലായിരുന്നു. എല്ലാം തെറ്റായിപ്പോയി.

"എന്താ ഉമ്മിക്ക് പറ്റിയത്?"

ശബാനയുടെ കരഞ്ഞുകൊണ്ടുള്ള ഇരിപ്പുകണ്ട് ഷെമിമോൾ അടുത്തുവന്ന് ചോദിച്ചു.

അവൾ ഒന്നും മിണ്ടിയില്ല. മുഖത്ത് പുഞ്ചിരിവരുത്താൻ ശ്രമിച്ചുകൊണ്ട് അവളെ നോക്കിയിരുന്നു. ഷെമിമോൾ കുറച്ചുനേരം അവളെ നോക്കി നിന്നിട്ട് പുഞ്ചിരിയോടെ വീണ്ടും പുറത്തേയ്ക്ക് ഓടിപ്പോയി.

ഏതാനും ദിവസങ്ങളായി ഷമീർ മദ്യപിച്ചാണ് രാത്രി വീട്ടിലെത്തുന്നത്. ഷെമിമോളുടെ ജന്മദിനത്തിന്റെ അന്നുമുതൽക്കാണ് തന്റെ ഭർത്താവ് ഈ ദുശീലം ആവർത്തിക്കാൻ തുടങ്ങിയതെന്ന് അവൾ മനസ്സിലോർത്തു. അവന്റെ സംസാരവും മറ്റും വളരെ കുറഞ്ഞിരിക്കുന്നു. പലപ്പോഴും ശബാന അത് മറികടന്നുകൊണ്ട് അവനോട് മിണ്ടാനും ശ്രമിച്ചില്ല.

ഇന്നും പതിവുപോലെ ഷമീർ മദ്യപിച്ചുവന്നു കിടന്നതാണ്. ആഹാരം കഴിക്കുകയോ മിണ്ടുകയോ ചെയ്തില്ല. വന്നു വസ്ത്രം മാറി ഷെമിമോളെ നോക്കി കുറച്ചുനേരമിരുന്നു. പിന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുത്തുകൊണ്ട് കിടന്നുറങ്ങി.

ചൂടണിഞ്ഞ ഒരു രാക്കാറ്റ് ജനാലയിലൂടെ കടന്നുവന്ന് അവളെ തഴുകി. എസിയുടെ കുളിർമ്മയുണ്ടായിട്ടും ആ കാറ്റ് തന്നെ വല്ലാതെ ചുട്ടുപൊള്ളിക്കുന്നതായി അവൾക്കു തോന്നി. വെന്തുപിടയുന്ന മനസ്സും, ശരീരവും കുളിരണിയുന്നതിനായി ജനാലകൾ തുറന്നിട്ടുകൊണ്ട് അവൾ ജനാലക്കരികിൽ ചെന്നുനിന്നു.

സമദ് പറഞ്ഞതൊക്കെയും അവളുടെ കാതിൽ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. അവൻ പറഞ്ഞതൊക്കെ ശരിയാണ്. അതുകൊണ്ടാണ് ഷമീറിനെ ഇത്രകാലമായിട്ടും ആത്മാർഥമായി സ്നേഹിക്കാൻ കഴിയാത്തതും. ഇത്രകാലമായിട്ടും ഷമീറിന്റെ ഒരു പുണരലോ, ചുംബനമോ ഒന്നും തന്നെ രോമാഞ്ചം കൊള്ളിക്കാത്തതും അതുകൊണ്ടാവണം. എന്നാൽ സമദ് എപ്പോഴൊക്കെയോ തന്റെ വികാരങ്ങളെ തൊട്ടുണർത്തിതതായി താൻ അറിഞ്ഞിട്ടുണ്ട്. അവനെ കാണാൻ മനസ്സ് ആഗ്രഹിച്ചിരുന്നതും സത്യമാണ്. രാത്രിയിൽ പലപ്പോഴും മനസ്സ് അവനൊപ്പം സ്വപ്നാടനം നടത്തിയതും സത്യമാണ്. ഇപ്പോൾ ഒരിക്കൽ നഷ്ടപ്പെട്ടുപോയ സ്നേഹത്തിന്റെ വിടവിലേയ്ക്കാണ് സമദ് തിരികെക്കയറിയിരിക്കുന്നത്. ആ സ്ഥലമാണ് അവൻ കയ്യടക്കിയത്. താൻ അറിയാതെയാണ് ഇതൊക്കെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമദ് നൽകിയ ചുംബനത്തിനായി തന്റെ മനസ്സ് വീണ്ടും കൊതിക്കുന്നതായി അവൾ തിരിച്ചറിഞ്ഞു. തന്റെ മനസ്സ് പാതിയും സമദിന് സ്വന്തമായിക്കഴിഞ്ഞിരിക്കുന്നു.

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ