ഭാഗം - 2
തന്റെ അടുത്തുകിടക്കുന്നത് തന്റെ ഭർത്താവാണെന്ന കാര്യം അവൾ നടുക്കത്തോടെ ഓർത്തു. ഇന്നുമുതൽ തന്റെ ശരീരം അവനുകൂടി അവകാശപ്പെട്ടതാണ്. വിശപ്പുബാധിച്ച ഒരു ചെന്നായയെപ്പോലെ അവൻ ഇടക്കൊക്കെ തന്റെ ശരീരത്തെ ഭക്ഷിച്ചുകൊണ്ടിരിക്കും.
ഇനി അവന്റെ കാമവിശപ്പടക്കാനുള്ള ഉപകരണം കൂടിയാണ് താൻ. തന്റെ കന്യാകത്വം നഷ്ട്ടപ്പെട്ടു കഴിഞ്ഞു. പഴയ ശബാന ഇനിയില്ല. അവൾ ബെഡ്‌ഡിൽ ചിതറിക്കിടന്ന വസ്ത്രങ്ങൾ മെല്ലെ എടുത്തണിഞ്ഞു. എന്നിട്ട് പുതപ്പു വലിച്ച് ശരീരത്തിലിട്ടുകൊണ്ട് ഓരോന്നാലോചിച്ചു കിടന്നു. കഴിഞ്ഞുപോയ പലതും ആലോചിച്ചു. ഒടുവിലെപ്പോഴോ കണ്ണുകളിൽ മയക്കം വന്നുമൂടി. നല്ല ക്ഷീണം ഉണ്ടായിരുന്നു.
ഉറക്കത്തിൽ നീലവാനിലെ പൂർണ്ണചന്ദ്രനെപ്പോലെ സമദിന്റെ രൂപം തെളിഞ്ഞുവന്നു. ഒരുപാട് ദിനങ്ങളായി അവനോട് പറയാൻ കരുതിവെച്ചതൊക്കെയും അവൾ സ്വപ്നത്തിൽ മൊഴിഞ്ഞു. താലികെട്ടിയ ഭർത്താവ് അരികിൽ കിടന്നിട്ടും, അവന്റെ കരുത്താർന്ന കരങ്ങൾ ശരീരത്തെ പുണർന്നുകിടന്നിട്ടും തിരിച്ചൊന്നു പുണരാൻ അവൾക്ക് തോന്നാതിരുന്നതെന്തുകൊണ്ടാണ്? അയാൾ തന്റെ ഭർത്താവാണെന്ന് അംഗീകരിക്കാൻ ഇനിയും മനസ്സിന് കഴിയാത്തതുകൊണ്ടാണോ?
സമദ്, നിന്നെ ഞാൻ എത്രയോവട്ടം ഇറുക്കെ പുണർന്നിരിക്കുന്നു. ആ നിമിഷങ്ങളൊക്കെയും എന്നെ വല്ലാതെ രോമാഞ്ചമണിയിച്ചിരുന്നു. എന്നിട്ടും ഇപ്പോൾ എന്തുകൊണ്ട് എനിക്ക് അതിനൊന്നുമാവുന്നില്ല.
ചോദ്യങ്ങൾ മനസ്സിന്റെ ഉള്ളറയിൽ തണുത്തുറഞ്ഞുകിടന്നു. മനസ്സിന് ഉത്തരം കണ്ടെത്താനാവുന്നില്ല. പതിയെപ്പതിയെ അത് മനസ്സിനെ അലട്ടാൻ തുടങ്ങി.
തണുപ്പിന്റെ ലഹരിയിൽ എ സി യുടെ കുളിരേറ്റ് ശബാന മയങ്ങി. സമദ് സ്വപ്നത്തിൽനിന്നും മറഞ്ഞുപോയി. ശബാനയുടെ വിവാഹരാത്രി അങ്ങനെ കടന്നുപോയി.
കാറിന്റെ മുൻസീറ്റിൽ ഷമീറിനോട് തൊട്ടുരുമ്മി ഇരിക്കുമ്പോൾ താനാദ്യമായിട്ടാണ് ഒരു പുരുഷനൊപ്പം ഇങ്ങനെ യാത്രചെയ്യുന്നതെന്ന് അവൾ ഓർത്തു. അവൾക്കത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരുന്നു.
മനസ്സിന്റെ ഉള്ളിലും, പുറത്തുമായി ഒരു വേലിക്കെട്ട്. അതിനിടയ്ക്കുകൂടി കുറച്ചുമാത്രം പ്രകാശം കടന്നുപോകുന്നു. ഇടയ്ക്ക് ആ വെളിച്ചം മറഞ്ഞുപോകുന്നു. അപ്പോൾ തോന്നിപ്പോകും അത് നിലയ്ക്കുമെന്ന്. അതാണ് നല്ലതെന്ന് തൊന്നും. പക്ഷേ, വീണ്ടും പഴയതുപോലെ ആകുമ്പോൾ ഭയംകൂടും.
ഒരുപാട് വഴികൾ, ചെറുതും വലുതുമായ നിരവധി വാഹനങ്ങളുടെ തിരക്ക്. ഇടക്കെപ്പോഴോ ഷമീറിന്റെ കൈ കാറിന്റെ സീറ്റിലിരുന്ന ശബാനയുടെ കൈയിൽ പതിഞ്ഞു. അറിയാതെയെന്നവണ്ണം അവൾ കൈ പിൻവലിച്ചുപോയി. ഈ സമയം ഷമീർ തന്റെ ഇടതു കൈ അവളുടെ വലതുകയിൽ അമർത്തിപ്പിടിച്ചു. നിർവികാരതയോടെയും, ആസ്വസ്ഥതയോടെയും അവൾക്ക് അത് ആസ്വദിക്കാതെ നിർവാഹമില്ലെന്നായി. അധികം വൈകാതെ കാർ ഭർതൃഗൃഹത്തിലെത്തി.
ശാരീരികബന്ധം പലപ്പോഴും പുരുഷന്മാർക്ക് അവരുടെ കഴിവ് തെളിയിക്കൽ കൂടിയാണെന്ന് കൂട്ടുകാരികളിൽ ആരോ പറഞ്ഞത് ശബാന ഓർത്തു. അത് സത്യമാണെന്ന് രണ്ടുദിവസം കൊണ്ട് അവൾക്ക് മനസ്സിലാവുകയും ചെയ്തു. അറിയാതെതന്നെ തന്റെ ശരീരം ഭർത്താവിനു മുന്നിൽ കാലുകൾ അകത്തി വിധേയയായി കൊടുക്കുന്നതും, മനസ്സില്ലാമനസ്സോടോടെയാണെങ്കിലും അവന്റെ പൗരുഷത്തെ വേദനയോടെ തന്റെ അരക്കെട്ടിന്റെ ആഴങ്ങളിലേയ്ക്ക് സ്വീകരിക്കുന്നതും അവൾ മനസ്സിലോർത്തു.
മധുവിധുദിനങ്ങളിൽ ഭർത്താവിനൊപ്പം എവിടെയും പോകാൻ ശബാനയ്ക്ക് താൽപ്പര്യമുണ്ടാരുന്നില്ല. എങ്കിലും ഭർത്താവിന്റെ നിർബന്ധത്തിനുവഴങ്ങി അവൾക്ക് പലയിടത്തും പോകേണ്ടി വന്നു. താമസിക്കേണ്ടിവന്നു. ആഴ്ച അവസാനങ്ങളിൽ അടുത്തുള്ള സ്ഥലങ്ങളിലൊക്കെ ചുറ്റാൻ പോകുന്നത് പതിവായി. എന്നാൽ ഇതൊന്നും തന്റെ പൂർണമായ സമ്മതപ്രകാരമല്ലെന്നുള്ള ചിന്ത അവളിൽ നിറഞ്ഞുനിന്നു. ഷമീർ വല്ലാത്ത സന്തോഷത്തിലായിരുന്നു. ഒരുനാൾ പാർക്കിൽ ഇരിക്കുമ്പോൾ അവൻ അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തുപറഞ്ഞു.
"ഇനി എത്രയും വേഗം നമുക്കിടയിലേയ്ക്ക് ഒരാളെകൂടി കൊണ്ടുവരണം. ഒരു കുഞ്ഞിനെ."
അവൾ മറുപടിയൊന്നും പറഞ്ഞില്ല. നിർവികാരയായി അവനെ നോക്കുക മാത്രം ചെയ്തു.
ഇരുവരുടേം വീട്ടുകാരും, ബന്ധുക്കളും, കൂട്ടുകാരും, നാട്ടുകാരുമൊക്കെ ഷമീറിന്റെയും, ശബാനയുടെയും സ്നേഹത്തിൽ സന്തോഷം കൊണ്ടു. വളരെ സ്നേഹത്തോടെയാണ് ഇരുവരും അവർക്കുമുന്നിൽ ജീവിച്ചത്. അല്ല അഭിനയിച്ചത്.
രാപ്പകലുകൾ മാറിമാറി വന്നു. വെയിലിന്റെ കാടിന്യമേറിയ പകലുകൾ, തണുപ്പ് പകർന്നുകൊണ്ട് മഞ്ഞു പെയ്തിറങ്ങുന്ന രാത്രികൾ, കാറ്റ്, നിലാവ്, അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ഏതൊ സുഹൃത്തിന്റെ കൂടെ പുറത്ത് ചുറ്റിയടിച്ചിട്ട് അന്നൽപ്പം വൈകിയാണ് ഷമീർ വീട്ടിൽ തിരിച്ചെത്തിയത്. അവൻ ചെറുതായി മദ്യപിച്ചിരുന്നു. അവന്റെ വേച്ചുവേച്ചുള്ള നടത്തവും, സംസാരവും കണ്ടപ്പോൾ തന്നെ ശബാനയ്ക്ക് മനസ്സിലായി അവൻ മദ്യപിച്ചിട്ടുണ്ടെന്ന്. അവൾക്കതൊരു പുതിയ അറിവായിരുന്നു.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പതിവുപോലെ അവൻ ചുംബിക്കാനായി അവളെ സമീപിച്ചു. പതിവുള്ള സിഗരറ്റിന്റെ ഗന്ധത്തിനൊപ്പം മദ്യത്തിന്റെ ഗന്ധം കൂടി ആയപ്പോൾ അവൾക്ക് വല്ലാത്ത വെറുപ്പുണ്ടായി. താൻ ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല ഭർത്താവിനോപ്പം ശയിയിക്കുന്നത്. അതിന്റെകൂടെ ഇതുകൂടി അവൾക്ക് സഹിക്കാനാവുന്നതല്ല. അവൾ അത് പ്രകടിപ്പിക്കുക തന്നെ ചെയ്തു. മുഖം തിരിച്ചുകൊണ്ടവൾ പറഞ്ഞു.
"നിങ്ങൾ മദ്യപിക്കുമെന്ന് ഞാൻ കരുതിയില്ല."
"ഓ അതോ വല്ലപ്പോഴും സുഹൃത്തുക്കളുമായി കൂടുമ്പോൾ മാത്രം. പറ്റിപ്പോയി. വിട്ടുകളയൂ..."
അവൾ അത് കേട്ടതായിഭാവിക്കാതെ തിരിഞ്ഞുകിടന്നു. അതുകണ്ട് ഷമീറിന് ദേഷ്യം വന്നു. അവൻ സ്വരം കടുപ്പിച്ച് അവളെ നോക്കി ചോദിച്ചു.
"ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ... നീ ശരിക്കും എന്നെ സ്നേഹിക്കുന്നുണ്ടോ... അതോ?"
അവളുടെ ഉള്ളിൽ വല്ലാത്തൊരു നടുക്കമുണ്ടായി. അത് ഹൃദയത്തെ പിളർത്തികൊണ്ട് ചുടുരക്തമൊഴുക്കി. അത് ശരീരമാകെ പടർന്നിറങ്ങി. ഇപ്പോൾ താൻ ഹൃദയം നിലച്ചു മരിക്കുമെന്ന് അവൾക്ക് തോന്നി.
"എന്താ നിങ്ങൾ അങ്ങനെ ചോദിച്ചേ?"
"എനിക്ക് അങ്ങനെ തോന്നി. ഞാൻ ഒന്നും മറച്ചുവെക്കുന്നില്ല. നീ അങ്ങനെയല്ലെന്നൊരു തോന്നൽ."
വെറുപ്പ് കലർന്ന ശബ്ദത്തിൽ പറഞ്ഞുനിറുത്തിയിട്ട് അവൻ അവൾക്കരികിലായി മുഖം തിരിഞ്ഞുകിടന്നു.
ആദ്യമായിട്ടാണ് ഷമീർ അവളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്.
തനിക്ക് ഭർത്താവിനെ സ്നേഹിക്കാൻ കഴിയുന്നില്ല എന്നത് എന്തുകൊണ്ടാണെന്നോർത്തു കഴിയുകയായിരുന്നു ഇത്രദിവസവും. ഇപ്പോഴിതാ ഭർത്താവ് തന്നെ അത് മനസ്സിലാക്കിക്കൊണ്ട് ഇങ്ങോട്ട് ചോദിച്ചിരിക്കുന്നു.
ഒരുപരിധിവരെ നാടകാഭിനയമാണ് കുടുംബജീവിതത്തിൽ പലരും നടത്തുന്നത്. സ്റ്റേജും, മേക്കപ്പും, കർട്ടനും ഒന്നുമില്ലാത്ത അഭിനയം. മുഖംമൂടിവെച്ചുകൊണ്ട് ശരിക്കുള്ള മുഖം മറ്റുള്ളവരിൽ നിന്നും മറച്ചുപിടിച്ചുകൊണ്ടുള്ള അഭിനയം. ജീവിതാവസാനംവരെയും തുടരുന്ന ഒന്ന്. ഒരുപരിധിവരെ ഷമീറും അഭിനയിക്കുകയായിരുന്നില്ലേ ഇത്രനാളും? ശരീരസുഖത്തിനുവേണ്ടി മാത്രമായിരുന്നില്ലേ ഇത്രദിവസവും തന്നെ സ്നേഹിച്ചതും, സന്തോഷിപ്പിച്ചതുമൊക്കെ. മദ്യപാനം പോലെ പലതും തന്നിൽ നിന്നു മറച്ചുവെക്കുകയായിരിക്കില്ലേ?
ശബാനയുടെ രാത്രികൾ ഇപ്പോൾ ഇങ്ങനെയാണ്. പകൽമുഴുവൻ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങൾ. രാത്രിയിൽ അതിന്റെ ഉത്തരം കണ്ടെത്താനാവാതെയുള്ള നെടുവീർപ്പുകൾ. ഉറക്കത്തിലും അത് തുടരുന്നു. ഒടുവിൽ ശൂന്യതയിൽ ചെന്ന് വഴിമുട്ടിനിന്നിട്ട് ഉത്തരംകിട്ടാതെ തിരിച്ചുമടങ്ങേണ്ടുന്ന അവസ്ഥ.
ചിന്തകൾ കാടുകയറി കുന്നിന്റെ നിറുകയിലെത്തി വിജയം കൈവരിക്കാറാകുമ്പോഴേക്കും രാത്രി കഴിഞ്ഞു നേരം പുലർന്നിട്ടുണ്ടാകും.
പതിവുപോലെ അന്നും ഇരുൾവിട്ടകന്നുകൊണ്ട് ദിനചര്യകൾക്ക് തുടക്കം കുറിക്കാനായി പ്രകാശരശ്മികൾ പടർത്തിക്കൊണ്ട് സൂര്യൻ ഉദിച്ചുയർന്നു. അത് ഉയർന്നു തെളിച്ചം കൂടി. പിന്നെ കത്തിജ്വലിച്ചുകൊണ്ട് അതിന്റെ യാത്ര തുടർന്നു.
തലദിവസത്തെ ഇഷ്ടക്കേടിന്റെ ലക്ഷണമൊന്നും ഉറക്കമുണർന്നപ്പോൾ ഷമീറിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. മധ്യാസക്തിയിലാവും രാത്രി അവൻ അങ്ങനൊക്കെ സംസാരിച്ചതെന്ന് ശബാനയ്ക്ക് തോന്നി. അങ്ങനെ കരുതിക്കൊണ്ടുതന്നെയാണ് അവൾ അവനെ സമീപിച്ചതും, ഇടപഴകിയതും ചായ കൊടുത്തതുമൊക്കെ. അവൻ അത് സന്തോഷത്തോടെ വാങ്ങി കുടിക്കുകയും ചെയ്തു.
മദ്യം മനുഷ്യനെ എങ്ങനെയെല്ലാം മാറ്റുന്നു എന്നോർത്ത് അവൾക്ക് അത്ഭുതം തോന്നി. ചിന്തയും, പ്രവർത്തിയും, സംസാരവുമെല്ലാം എത്രപെട്ടെന്നാണ് മാറിമറിയുന്നത്. ഒരുതരം പരകായപ്രവേഷം പോലെ ആളാകെ മാറുന്നു. ഇനി അതെല്ലാം മദ്യത്തിന്റെ മാത്രം പ്രവർത്തനമായിരുന്നോ? എന്തെങ്കിലുമൊക്കെ സംശയങ്ങൾ ഷമീറിന്റെ ഉള്ളിൽ ഉടലെടുക്കാൻ തുടങ്ങിയതുകൊണ്ടായിരിക്കില്ലേ അവൻ അങ്ങനൊക്കെ സംസാരിച്ചത്?
വീണ്ടും അവളുടെ ഹൃദയത്തിൽ ഒരു നടുക്കമുണ്ടായി. അത് ഹൃദയത്തെ പിളർത്തിക്കൊണ്ട് ചുടുരക്‌തമൊഴുക്കി. അത് ശരീരമാകെ പടർന്നിറങ്ങി. ഇപ്പോൾ താൻ ഹൃദയം നിലച്ചു മരിക്കുമെന്ന് അവൾക്ക് വീണ്ടും തോന്നി.
തുടരും...