ഇന്നത്തെ സൂര്യന്റെ ചൂടിന് പതിവിലേറെ ചൂടുള്ളതുപോലെ. ആ ചൂട് ഒരുതരം പൊള്ളലുണ്ടാക്കിത്തീർത്തുകൊണ്ടിരുന്നു. ആ ചൂടിൽ മൊട്ടിട്ടുവന്ന വിയർപ്പുകണങ്ങൾ ഓഡിറ്റോറിയത്തിന്റെ മുറ്റത്തും അകത്തുമായി കൂടിനിന്നവരുടെയും, വിശേഷങ്ങൾ പങ്കുവെക്കുന്നവരുടെയും മുഖത്ത് നനവിന്റെ രൂപത്തിൽ പടർന്നിറങ്ങിക്കൊണ്ടിരുന്നു. അകന്നുപോയ ബന്ധങ്ങൾ, സൗഹൃദങ്ങൾ ഒക്കെയും വിളക്കിച്ചേർക്കുന്ന തിരക്കിലാണ് ചിലർ. പ്രത്യേകിച്ചും സ്ത്രീകൾ.
ഓഡിറ്റോറിയത്തിന്റെ അകത്തേക്കുള്ള നടക്കല്ലുക്കൾ കയറിയെത്തുന്നവരെ പുഞ്ചിരിയോടെ സ്വീകരിച്ചുകൊണ്ട് പെണ്ണിന്റെ ബാപ്പ കവാടത്തിൽ തന്നെ നിൽക്കുന്നുണ്ട്. മേശപ്പുറത്തു നിറച്ചുവെച്ചിരിക്കുന്ന പേപ്പർ ഗ്ലാസുകൾ അതിവേഗം കാലിയാകുകയും അതോടൊപ്പം നിറയ്ക്കുകയും ചെയ്യുന്നുണ്ട്. ഒഴിഞ്ഞ ഗ്ലാസുകൾ ബേസ്റ്റ് കവറിൽ നിക്ഷേപിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
"പെണ്ണ് പഠിക്കുവല്ലായിരുന്നോ?"
ചെറുക്കന്റെ ഭാഗത്തുനിന്നും വന്ന പ്രായമായ കാരണവർ അടുത്തുനിന്ന സമപ്രായക്കാരനോട് ചോദിച്ചു.
"അതെ, അവൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുവാരുന്നു. വിവാഹത്തിനുവേണ്ടി ഒരാഴ്ചത്തെ അവധിക്ക് വന്നതാണ്. ഞാനും അവളെ ശരിക്കൊന്നു കണ്ടില്ല. ഇനിയിപ്പോൾ ചെറുക്കന്റെ വീട്ടിൽനിന്ന് കോളേജിൽ പോകാനാണ് തീരുമാനമെന്നാണ് അറിഞ്ഞത്."
പെണ്ണിന്റെ ബന്ധുവായ കാരണവർ വിവരങ്ങൾ ധരിപ്പിച്ചു.
നാട്ടുകാരും, വീട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളുമായി ആയിരത്തോളം വരുന്ന ആളുകളുടെ സാന്നിധ്യത്തിൽ 'ഷമീർ' അഞ്ചുപവൻ സ്വർണം മഹർകൊടുത്തുകൊണ്ട് തന്റെ ജീവിതസഖിയായി 'ശബാനയെ' സ്വീകരിച്ചു.
ഇടുക്കിയിൽ നിന്നു തന്റെ വീടും, ഗ്രാമവും, നാട്ടുകാരെയുമൊക്കെ വിട്ടുകൊണ്ട് എറണാകുളത്തേയ്ക്ക് താൻ എന്നെന്നേക്കുമായി മാറാൻ പോകുന്ന സ്ഥാനമാറ്റത്തേക്കുറിച്ച് ശബാന ചിന്തിച്ചു. ആളും, ബഹളവും, ക്യാമറയും, ഫ്ലാഷും ഒക്കെയുള്ള ഹാളിനുനടുവിൽ സ്റ്റേജിൽ നിന്നുകൊണ്ട് തന്റെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചോർത്തു അവൾ.
ഷമീറിന്റെ മണവാട്ടിയായി വരുന്ന പെണ്ണിന്റെ സൗന്ദര്യം വിലയിരുത്താനായി അക്ഷമയോടെ കാത്തുനിന്ന ചെറുക്കന്റെ കൂട്ടരായ പെണ്ണുങ്ങൾ അവളെനോക്കി അവളുടെ മൊഞ്ചുകണ്ട് വെള്ളമിറക്കുകയും, കുശലങ്ങൾ പറയുകയും ചെയ്തുകൊണ്ടിരുന്നു. ചിലരാവട്ടെ അസൂയയോടെ ചുണ്ടുകൾ കടിച്ചമർത്തികൊണ്ട് നിന്നു. ഈ സമയം ഷമീർ ശബാനയുടെ കൈയിൽ ആരും കാണാതെ ഒന്നമർത്തി നുള്ളി.
ഇപ്പോൾ കത്തിയാളിക്കൊണ്ടിരിക്കുന്ന വെയിൽ പതിവിലും ചൂടുള്ളതാണെന്ന് ശബാനയ്ക്ക് തോന്നി. വെയിലിന്റെ ചൂട് മാത്രമല്ല ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തന്നെയും പതിവിനുവിപരീതമാണ്. അല്ലെങ്കിൽ ഈ വിവാഹം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലല്ലോ. ജീവിതത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്ന ഒരു കാര്യം. അതോ താൻ ഇതുവരെ സ്വപ്നം കണ്ടിട്ടില്ലാത്ത വിധത്തിൽ. ഇന്നത്തെ രാത്രികൂടി കഴിഞ്ഞാൽ താൻ ഷമീറിന്റെ വീട്ടിലായിരിക്കും. ഇന്നത്തെ ഒരുരാത്രി അതോ ആദ്യരാത്രിയുടെ ആകുലതകളിൽ തീർന്നുപോകും. ഇനി മറ്റൊരുജില്ലയിലെ മറ്റൊരു വീട്ടിലാണ് തന്റെ ഊണും ഉറക്കവുമൊക്കെ.
പതിവില്ലാതെ തെളിഞ്ഞ വെയിലിന് കട്ടികൂടിവന്നുകൊണ്ടിരുന്നു. അതിന്റെ പ്രകാശരശ്മികൾ തുള്ളിക്കളിച്ചുകൊണ്ടിരുന്നു. അതിനനുസരിച്ച് വെയിലിന്റെ തിളക്കവും ചൂടും കൂടിവന്നു. അതൊന്നാകെ ഭൂമിയുടെ മാറിലേയ്ക്ക് തീപടർത്തിക്കൊണ്ട് പതിച്ചുകൊണ്ടിരുന്നു. പുൽനാമ്പുകൾക്കിടയിലൂടെ അരിച്ചിറങ്ങി വേരുകളെ ചൂടണിയിച്ചുകൊണ്ടിരുന്നു.
'സമദ്' നോടല്ലാതെ മറ്റൊരു പുരുഷനോടും തനിക്ക് ഇന്നേവരെ ഇഷ്ടമോ, ആസക്തിയോ തോന്നിയിട്ടില്ല എന്ന കാര്യം പലപ്പോഴും അവളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നെയത് അഭിമാനമായി. എന്നാൽ ഇന്നത് ഭയമായി മാറിയിരിക്കുന്നു. ഷമീർ, സമദിനേക്കാളും സുന്ദരനാണ്. പക്ഷേ, അവന്റെ സൗന്ദര്യത്തിന് തന്റെ മനസ്സിൽ അല്പംപോലും സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നവൾ ഓർത്തു.
പതിവില്ലാത്തവിധം തെളിഞ്ഞ വെയിൽ സസ്യങ്ങളെപ്പോലെതന്നെ ജീവജാലങ്ങളെയും വെറുപ്പിച്ചു. വെയിലേറ്റുവാടിയ കിളികളും, ശലഭങ്ങളും തണലുപറ്റി ക്ഷീണമകറ്റി. ഓഡിറ്റോറിയത്തിന്റെ മുറ്റത്തുനിൽക്കുന്ന വാകമരത്തിന്റെ ഇലയുടെ തണലിൽ പരവേഷമകറ്റുന്ന കിളികൾ. എല്ലാവരും മുഷിപ്പിലാണ്.
വെയിൽ പയ്യെ ചാഞ്ഞു. പ്രകൃതിയിൽ പ്രകാശം പയ്യെ മങ്ങി. അതിന്റെ മാറ്റമെന്നവണ്ണം നേരിയ തണുപ്പ് പ്രകൃതിയിൽ വ്യാപിച്ചുതുടങ്ങി. അവളുടെ ഉള്ളം ചുട്ടുപിടഞ്ഞുകൊണ്ടിരുന്നു. പൂമുഖത്തുനിന്നും അവൾ മെല്ലെ കിടപ്പുമുറിയിലേയ്ക്ക് നടന്നു. വസ്ത്രങ്ങൾ മാറ്റിയുടുത്തുകൊണ്ട് കണ്ണാടിക്ക് മുന്നിൽ നിൽകുമ്പോൾ അവൾ അറിയാതെ സമദിനെ ഓർത്തുപോയി.
എന്റെ പ്രിയതമാ എവിടെയാണ് നീ? എത്രനാളായി ഒന്ന് നേരിൽ കണ്ടിട്ട്? പരസ്പരം ഹൃദയംതുറന്നൊന്നു സംസാരിച്ചിട്ട്? സ്നേഹം പങ്കുവെച്ചിട്ട്? തന്റെ ഹൃദയാന്തരാത്മാവിൽ കുടിയിരുത്തിയിട്ടുള്ള സമദിനെ കുറിച്ച് അവൾ എന്നും ഓർക്കും.
ശബാനയുടെ ക്‌ളാസ്‌മേറ്റിൽ അനേകം ആൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നു ആദ്യമൊക്കെ സമദ്. പ്ലസ്ടൂ പടനകാലത്ത് ഒരു ചാറ്റൽ മഴയത്ത് ക്‌ളാസിലേയ്ക്ക് വന്നുകയറിയ സഹപാഠി. പക്ഷേ, അധികം വൈകാതെ നാണം കുണുങ്ങിയായ നാട്ടിൻപുറത്തുകാരിയായ ശബാനയോട് അവൻ കൂടുതൽ ഇടപഴകി. സംസാരിച്ചു, ചിരിച്ചു, കളിയാക്കി. ബുക്കുകളും, മിട്ടായികളും, ഫുഡ്ഡുമൊക്കെ കൈമാറി. പതിയെപ്പതിയെ മറ്റുകൂട്ടുകാർ അവരെ റോമിയോ ജൂലിയറ്റ് എന്നപേരിൽ വിളിച്ചു തുടങ്ങി. പുറമേ സുഹൃത്തുക്കളോട് അനിഷ്ടം കാണിക്കുമ്പോഴും, അവരോടെല്ലാം ഇതുപറഞ്ഞുകൊണ്ട് വഴക്കിടുമ്പോഴും, അവരൊന്നും അറിയാതെ ഹൃദയത്തിന്റെ അടിത്തട്ടിൽ അവൾ അവന്റെ പേരും രൂപവും വളരെ രഹസ്യമായി ഒളിച്ചുവെച്ചു. ആ പ്രണയം കോളേജുപഠനകാലത്തും തുടർന്നുകൊണ്ടിരുന്നു.
ബിരിയാണി വെക്കാൻ വന്ന 'റഷീദ്ക്ക' പൈസ വാങ്ങിക്കാൻ വന്നിട്ടുണ്ട്. മാളിയേക്കലെ ഹാജിയാരുടെ ഏകമകളുടെ കല്യാണത്തിന് ബിരിയാണി വെച്ചുകൊണ്ട് ചെറുക്കൻ വീട്ടിൽനിന്നും വന്നവരുടെ ഇടയിൽ പേരെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റഷീദ്ക്ക. ബിരിയാണിയെ പുകഴ്ത്തിക്കൊണ്ട് ഒരുപാടുപേര് പാചകപ്പുരയിൽ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ബിരിയാണി ഇതുവരെ കഴിച്ചതിൽ വെച്ചേറ്റവും മികച്ചതായിരുന്നു എന്നതാണ് അവരുടെയൊക്കെയും അഭിപ്രായം. ഇനി ഒരുപാട് ഓർഡറുകൾ കിട്ടുമെന്ന് റഷീദ്ക്ക മനസ്സിലുറപ്പിച്ചു. അതുകൊണ്ടുതന്നെ പറഞ്ഞതിൽ നിന്നും ആയിരം രൂപ കുറച്ചുമേടിച്ചുകൊണ്ട് അദ്ദേഹം യാത്രപറഞ്ഞുപോയി.
ഇതുകണ്ടുകൊണ്ട് നിന്ന ശബാനയിൽ നിന്നും ഒരു നെടുവീർപ്പുതിർന്നു. ബാൽക്കണിയിൽ നിന്നും അവൾ മെല്ലെ ബെഡ്റൂമിലേയ്ക്ക് തിരികെ നടന്നു.
പകൽ പൂർണ്ണമായും വിടപറഞ്ഞുകഴിഞ്ഞു. സന്ധ്യമയങ്ങി. നിമിഷങ്ങൾ കടന്നുപോകവേ സന്ധ്യ രാത്രിക്ക് വഴിയൊരുക്കി.
"മോളേ... ശബാനാ."
ഇളയുമ്മയുടെ വിളികേട്ട് അവൾ തിരിഞ്ഞുനോക്കി.
"ഇങ്ങോട്ട് വന്നേ..."
അവൾ ഇളയുമ്മക്കൊപ്പം അടുക്കളയിലേയ്ക്ക് നടന്നു.
"സമയം ഒരുപാടായി. മോള് ഈ പാലുംകൊണ്ട് മുറിയിലേയ്ക്ക് ചെല്ലൂ."
വിവാഹദിവസം രാത്രി എല്ലാ പെണ്ണുങ്ങളും തന്നെപ്പോലെയായിരിക്കും എന്നവൾക്ക് തോന്നി. എന്തോ പുതിയൊരു സ്ഥലത്തേയ്ക്ക് യാത്രചെയ്യാനൊരുങ്ങാതുപോലെ ഒരു യന്ത്രപ്പാവകണക്കെ ചലിക്കുകയാവും. എല്ലാത്തിനോടും അവർക്ക് ഭയമായിരിക്കും. ഹൃദയത്തിൽ ഭയത്തിന്റെ പെരുമ്പറ മുഴങ്ങുമ്പോഴും അത് പുറത്തുകാണിക്കാതെ ചലിക്കുകയാവും അവർ.
പാലുമായി അവൾ മുറിയിൽ കടന്നു. വാതിൽ ചാരി.
"ശബനാ... വരൂ... ഇരിക്കൂ..."
മുണ്ടും, ഷർട്ടും ധരിച്ചുകൊണ്ട് ബെഡ്ഢിലിരുന്ന ഷമീർ പറഞ്ഞു.
അവളിരുന്നു.
ഫാൻ അതിവേഗം കറങ്ങിയിട്ടും അവളുടെ ശരീരം ചുട്ടുപൊള്ളിക്കൊണ്ടിരുന്നു. ഫാനിന്റെ ശബ്ദം നിശബ്ദതയിൽ ഭീതിജനിപ്പിച്ചുകൊണ്ടിരുന്നു. അവൾ തലകുനിച്ചിരുന്നു. അത് നാണം കൊണ്ടല്ല ഭയം കൊണ്ടും, കുറ്റബോധം കൊണ്ടുമൊക്കെയാണെന്ന് അവൾക്ക് മനസ്സിലായി.
"കോളേജിലൊക്കെ പഠിച്ച ശബാനയ്ക്ക് ഇത്രയ്ക്ക് നാണമോ?"
പുഞ്ചിരിച്ചുകൊണ്ട് ഷമീർ ചോദിച്ചു.
അവൾ ഒന്നും മിണ്ടിയില്ല. പകൽ മുഴുവൻ അടുത്തുകഴിഞ്ഞതുകൊണ്ട് അവന്റെ സംസാരത്തോടും പെരുമാറ്റത്തോടും അവൾക്ക് ഒരു പരിചിതത്വം തോന്നി.
"നമുക്ക് കിടന്നാലോ... നല്ല ക്ഷീണമുണ്ടാവും. സമയവും ഒരുപാടായി."
"ഉം..."
അവൾ മൂളി. അത്രയും ശബ്ദം മാത്രമാണ് അവളിൽ നിന്നും പുറത്തുവന്നുള്ളൂ.
ലൈറ്റണഞ്ഞു. അരണ്ടപ്രകാശത്തിൽ രണ്ടു മനുഷ്യശരീരങ്ങൾ നിഴൽനാടകമാടി.
നഗ്നമായ ശരീരങ്ങൾ. വിറയ്ക്കുന്ന ചുണ്ടുകൾ. നിർവൃതിയിലാണ്ടുപോയ നയനങ്ങൾ. അനങ്ങിക്കൊണ്ടിരിക്കുന്ന ചുമലുകൾ. തുള്ളിത്തുളുമ്പുന്ന നഗ്നമായ മാറിടങ്ങൾ. അഴിച്ചെറിയപ്പെട്ട വസ്ത്രങ്ങൾ. ചുംബനപ്പൂക്കൾ വർഷിച്ചുകൊണ്ട് പാഞ്ഞുനടക്കുന്ന ചുണ്ടുകൾ. ആവേശത്തോടെ ചലിക്കുന്ന കൈവിരലുകൾ. ഒരാൾക്ക് അടങ്ങാത്ത ആവേശമാണെങ്കിൽ, മറ്റേയാൾക്ക് വല്ലാത്ത നിർവികാരത. ഒടുവിൽ ആവേശം അടക്കിക്കൊണ്ട് അവൻ തളർന്നുവീണു.
നിദ്ര, ഗാഡനിദ്ര. തണുപ്പിന്റെ പിടിയിലമർന്ന രാത്രിയിൽ പുതപ്പിന്റെ തലോടലേറ്റുകൊണ്ട് ശബാനയെ കെട്ടിപ്പുണർന്നുകിടന്ന് ഷമീർ മയങ്ങി.
ശബാന ഉറങ്ങാതെ നെടുവീർപ്പുകളുമായി കിടന്നു. അവളുടെ മനസ്സിൽ സമദ് നിറഞ്ഞുനിന്നു.
തുടരും...
ഭാഗം - 2
തന്റെ അടുത്തുകിടക്കുന്നത് തന്റെ ഭർത്താവാണെന്ന കാര്യം അവൾ നടുക്കത്തോടെ ഓർത്തു. ഇന്നുമുതൽ തന്റെ ശരീരം അവനുകൂടി അവകാശപ്പെട്ടതാണ്. വിശപ്പുബാധിച്ച ഒരു ചെന്നായയെപ്പോലെ അവൻ ഇടക്കൊക്കെ തന്റെ ശരീരത്തെ ഭക്ഷിച്ചുകൊണ്ടിരിക്കും.
ഇനി അവന്റെ കാമവിശപ്പടക്കാനുള്ള ഉപകരണം കൂടിയാണ് താൻ. തന്റെ കന്യാകത്വം നഷ്ട്ടപ്പെട്ടു കഴിഞ്ഞു. പഴയ ശബാന ഇനിയില്ല. അവൾ ബെഡ്‌ഡിൽ ചിതറിക്കിടന്ന വസ്ത്രങ്ങൾ മെല്ലെ എടുത്തണിഞ്ഞു. എന്നിട്ട് പുതപ്പു വലിച്ച് ശരീരത്തിലിട്ടുകൊണ്ട് ഓരോന്നാലോചിച്ചു കിടന്നു. കഴിഞ്ഞുപോയ പലതും ആലോചിച്ചു. ഒടുവിലെപ്പോഴോ കണ്ണുകളിൽ മയക്കം വന്നുമൂടി. നല്ല ക്ഷീണം ഉണ്ടായിരുന്നു.
ഉറക്കത്തിൽ നീലവാനിലെ പൂർണ്ണചന്ദ്രനെപ്പോലെ സമദിന്റെ രൂപം തെളിഞ്ഞുവന്നു. ഒരുപാട് ദിനങ്ങളായി അവനോട് പറയാൻ കരുതിവെച്ചതൊക്കെയും അവൾ സ്വപ്നത്തിൽ മൊഴിഞ്ഞു. താലികെട്ടിയ ഭർത്താവ് അരികിൽ കിടന്നിട്ടും, അവന്റെ കരുത്താർന്ന കരങ്ങൾ ശരീരത്തെ പുണർന്നുകിടന്നിട്ടും തിരിച്ചൊന്നു പുണരാൻ അവൾക്ക് തോന്നാതിരുന്നതെന്തുകൊണ്ടാണ്? അയാൾ തന്റെ ഭർത്താവാണെന്ന് അംഗീകരിക്കാൻ ഇനിയും മനസ്സിന് കഴിയാത്തതുകൊണ്ടാണോ?
സമദ്, നിന്നെ ഞാൻ എത്രയോവട്ടം ഇറുക്കെ പുണർന്നിരിക്കുന്നു. ആ നിമിഷങ്ങളൊക്കെയും എന്നെ വല്ലാതെ രോമാഞ്ചമണിയിച്ചിരുന്നു. എന്നിട്ടും ഇപ്പോൾ എന്തുകൊണ്ട് എനിക്ക് അതിനൊന്നുമാവുന്നില്ല.
ചോദ്യങ്ങൾ മനസ്സിന്റെ ഉള്ളറയിൽ തണുത്തുറഞ്ഞുകിടന്നു. മനസ്സിന് ഉത്തരം കണ്ടെത്താനാവുന്നില്ല. പതിയെപ്പതിയെ അത് മനസ്സിനെ അലട്ടാൻ തുടങ്ങി.
തണുപ്പിന്റെ ലഹരിയിൽ എ സി യുടെ കുളിരേറ്റ് ശബാന മയങ്ങി. സമദ് സ്വപ്നത്തിൽനിന്നും മറഞ്ഞുപോയി. ശബാനയുടെ വിവാഹരാത്രി അങ്ങനെ കടന്നുപോയി.
കാറിന്റെ മുൻസീറ്റിൽ ഷമീറിനോട് തൊട്ടുരുമ്മി ഇരിക്കുമ്പോൾ താനാദ്യമായിട്ടാണ് ഒരു പുരുഷനൊപ്പം ഇങ്ങനെ യാത്രചെയ്യുന്നതെന്ന് അവൾ ഓർത്തു. അവൾക്കത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരുന്നു.
മനസ്സിന്റെ ഉള്ളിലും, പുറത്തുമായി ഒരു വേലിക്കെട്ട്. അതിനിടയ്ക്കുകൂടി കുറച്ചുമാത്രം പ്രകാശം കടന്നുപോകുന്നു. ഇടയ്ക്ക് ആ വെളിച്ചം മറഞ്ഞുപോകുന്നു. അപ്പോൾ തോന്നിപ്പോകും അത് നിലയ്ക്കുമെന്ന്. അതാണ് നല്ലതെന്ന് തൊന്നും. പക്ഷേ, വീണ്ടും പഴയതുപോലെ ആകുമ്പോൾ ഭയംകൂടും.
ഒരുപാട് വഴികൾ, ചെറുതും വലുതുമായ നിരവധി വാഹനങ്ങളുടെ തിരക്ക്. ഇടക്കെപ്പോഴോ ഷമീറിന്റെ കൈ കാറിന്റെ സീറ്റിലിരുന്ന ശബാനയുടെ കൈയിൽ പതിഞ്ഞു. അറിയാതെയെന്നവണ്ണം അവൾ കൈ പിൻവലിച്ചുപോയി. ഈ സമയം ഷമീർ തന്റെ ഇടതു കൈ അവളുടെ വലതുകയിൽ അമർത്തിപ്പിടിച്ചു. നിർവികാരതയോടെയും, ആസ്വസ്ഥതയോടെയും അവൾക്ക് അത് ആസ്വദിക്കാതെ നിർവാഹമില്ലെന്നായി. അധികം വൈകാതെ കാർ ഭർതൃഗൃഹത്തിലെത്തി.
ശാരീരികബന്ധം പലപ്പോഴും പുരുഷന്മാർക്ക് അവരുടെ കഴിവ് തെളിയിക്കൽ കൂടിയാണെന്ന് കൂട്ടുകാരികളിൽ ആരോ പറഞ്ഞത് ശബാന ഓർത്തു. അത് സത്യമാണെന്ന് രണ്ടുദിവസം കൊണ്ട് അവൾക്ക് മനസ്സിലാവുകയും ചെയ്തു. അറിയാതെതന്നെ തന്റെ ശരീരം ഭർത്താവിനു മുന്നിൽ കാലുകൾ അകത്തി വിധേയയായി കൊടുക്കുന്നതും, മനസ്സില്ലാമനസ്സോടോടെയാണെങ്കിലും അവന്റെ പൗരുഷത്തെ വേദനയോടെ തന്റെ അരക്കെട്ടിന്റെ ആഴങ്ങളിലേയ്ക്ക് സ്വീകരിക്കുന്നതും അവൾ മനസ്സിലോർത്തു.
മധുവിധുദിനങ്ങളിൽ ഭർത്താവിനൊപ്പം എവിടെയും പോകാൻ ശബാനയ്ക്ക് താൽപ്പര്യമുണ്ടാരുന്നില്ല. എങ്കിലും ഭർത്താവിന്റെ നിർബന്ധത്തിനുവഴങ്ങി അവൾക്ക് പലയിടത്തും പോകേണ്ടി വന്നു. താമസിക്കേണ്ടിവന്നു. ആഴ്ച അവസാനങ്ങളിൽ അടുത്തുള്ള സ്ഥലങ്ങളിലൊക്കെ ചുറ്റാൻ പോകുന്നത് പതിവായി. എന്നാൽ ഇതൊന്നും തന്റെ പൂർണമായ സമ്മതപ്രകാരമല്ലെന്നുള്ള ചിന്ത അവളിൽ നിറഞ്ഞുനിന്നു. ഷമീർ വല്ലാത്ത സന്തോഷത്തിലായിരുന്നു. ഒരുനാൾ പാർക്കിൽ ഇരിക്കുമ്പോൾ അവൻ അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തുപറഞ്ഞു.
"ഇനി എത്രയും വേഗം നമുക്കിടയിലേയ്ക്ക് ഒരാളെകൂടി കൊണ്ടുവരണം. ഒരു കുഞ്ഞിനെ."
അവൾ മറുപടിയൊന്നും പറഞ്ഞില്ല. നിർവികാരയായി അവനെ നോക്കുക മാത്രം ചെയ്തു.
ഇരുവരുടേം വീട്ടുകാരും, ബന്ധുക്കളും, കൂട്ടുകാരും, നാട്ടുകാരുമൊക്കെ ഷമീറിന്റെയും, ശബാനയുടെയും സ്നേഹത്തിൽ സന്തോഷം കൊണ്ടു. വളരെ സ്നേഹത്തോടെയാണ് ഇരുവരും അവർക്കുമുന്നിൽ ജീവിച്ചത്. അല്ല അഭിനയിച്ചത്.
രാപ്പകലുകൾ മാറിമാറി വന്നു. വെയിലിന്റെ കാടിന്യമേറിയ പകലുകൾ, തണുപ്പ് പകർന്നുകൊണ്ട് മഞ്ഞു പെയ്തിറങ്ങുന്ന രാത്രികൾ, കാറ്റ്, നിലാവ്, അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ഏതൊ സുഹൃത്തിന്റെ കൂടെ പുറത്ത് ചുറ്റിയടിച്ചിട്ട് അന്നൽപ്പം വൈകിയാണ് ഷമീർ വീട്ടിൽ തിരിച്ചെത്തിയത്. അവൻ ചെറുതായി മദ്യപിച്ചിരുന്നു. അവന്റെ വേച്ചുവേച്ചുള്ള നടത്തവും, സംസാരവും കണ്ടപ്പോൾ തന്നെ ശബാനയ്ക്ക് മനസ്സിലായി അവൻ മദ്യപിച്ചിട്ടുണ്ടെന്ന്. അവൾക്കതൊരു പുതിയ അറിവായിരുന്നു.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പതിവുപോലെ അവൻ ചുംബിക്കാനായി അവളെ സമീപിച്ചു. പതിവുള്ള സിഗരറ്റിന്റെ ഗന്ധത്തിനൊപ്പം മദ്യത്തിന്റെ ഗന്ധം കൂടി ആയപ്പോൾ അവൾക്ക് വല്ലാത്ത വെറുപ്പുണ്ടായി. താൻ ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല ഭർത്താവിനോപ്പം ശയിയിക്കുന്നത്. അതിന്റെകൂടെ ഇതുകൂടി അവൾക്ക് സഹിക്കാനാവുന്നതല്ല. അവൾ അത് പ്രകടിപ്പിക്കുക തന്നെ ചെയ്തു. മുഖം തിരിച്ചുകൊണ്ടവൾ പറഞ്ഞു.
"നിങ്ങൾ മദ്യപിക്കുമെന്ന് ഞാൻ കരുതിയില്ല."
"ഓ അതോ വല്ലപ്പോഴും സുഹൃത്തുക്കളുമായി കൂടുമ്പോൾ മാത്രം. പറ്റിപ്പോയി. വിട്ടുകളയൂ..."
അവൾ അത് കേട്ടതായിഭാവിക്കാതെ തിരിഞ്ഞുകിടന്നു. അതുകണ്ട് ഷമീറിന് ദേഷ്യം വന്നു. അവൻ സ്വരം കടുപ്പിച്ച് അവളെ നോക്കി ചോദിച്ചു.
"ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ... നീ ശരിക്കും എന്നെ സ്നേഹിക്കുന്നുണ്ടോ... അതോ?"
അവളുടെ ഉള്ളിൽ വല്ലാത്തൊരു നടുക്കമുണ്ടായി. അത് ഹൃദയത്തെ പിളർത്തികൊണ്ട് ചുടുരക്തമൊഴുക്കി. അത് ശരീരമാകെ പടർന്നിറങ്ങി. ഇപ്പോൾ താൻ ഹൃദയം നിലച്ചു മരിക്കുമെന്ന് അവൾക്ക് തോന്നി.
"എന്താ നിങ്ങൾ അങ്ങനെ ചോദിച്ചേ?"
"എനിക്ക് അങ്ങനെ തോന്നി. ഞാൻ ഒന്നും മറച്ചുവെക്കുന്നില്ല. നീ അങ്ങനെയല്ലെന്നൊരു തോന്നൽ."
വെറുപ്പ് കലർന്ന ശബ്ദത്തിൽ പറഞ്ഞുനിറുത്തിയിട്ട് അവൻ അവൾക്കരികിലായി മുഖം തിരിഞ്ഞുകിടന്നു.
ആദ്യമായിട്ടാണ് ഷമീർ അവളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്.
തനിക്ക് ഭർത്താവിനെ സ്നേഹിക്കാൻ കഴിയുന്നില്ല എന്നത് എന്തുകൊണ്ടാണെന്നോർത്തു കഴിയുകയായിരുന്നു ഇത്രദിവസവും. ഇപ്പോഴിതാ ഭർത്താവ് തന്നെ അത് മനസ്സിലാക്കിക്കൊണ്ട് ഇങ്ങോട്ട് ചോദിച്ചിരിക്കുന്നു.
ഒരുപരിധിവരെ നാടകാഭിനയമാണ് കുടുംബജീവിതത്തിൽ പലരും നടത്തുന്നത്. സ്റ്റേജും, മേക്കപ്പും, കർട്ടനും ഒന്നുമില്ലാത്ത അഭിനയം. മുഖംമൂടിവെച്ചുകൊണ്ട് ശരിക്കുള്ള മുഖം മറ്റുള്ളവരിൽ നിന്നും മറച്ചുപിടിച്ചുകൊണ്ടുള്ള അഭിനയം. ജീവിതാവസാനംവരെയും തുടരുന്ന ഒന്ന്. ഒരുപരിധിവരെ ഷമീറും അഭിനയിക്കുകയായിരുന്നില്ലേ ഇത്രനാളും? ശരീരസുഖത്തിനുവേണ്ടി മാത്രമായിരുന്നില്ലേ ഇത്രദിവസവും തന്നെ സ്നേഹിച്ചതും, സന്തോഷിപ്പിച്ചതുമൊക്കെ. മദ്യപാനം പോലെ പലതും തന്നിൽ നിന്നു മറച്ചുവെക്കുകയായിരിക്കില്ലേ?
ശബാനയുടെ രാത്രികൾ ഇപ്പോൾ ഇങ്ങനെയാണ്. പകൽമുഴുവൻ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങൾ. രാത്രിയിൽ അതിന്റെ ഉത്തരം കണ്ടെത്താനാവാതെയുള്ള നെടുവീർപ്പുകൾ. ഉറക്കത്തിലും അത് തുടരുന്നു. ഒടുവിൽ ശൂന്യതയിൽ ചെന്ന് വഴിമുട്ടിനിന്നിട്ട് ഉത്തരംകിട്ടാതെ തിരിച്ചുമടങ്ങേണ്ടുന്ന അവസ്ഥ.
ചിന്തകൾ കാടുകയറി കുന്നിന്റെ നിറുകയിലെത്തി വിജയം കൈവരിക്കാറാകുമ്പോഴേക്കും രാത്രി കഴിഞ്ഞു നേരം പുലർന്നിട്ടുണ്ടാകും.
പതിവുപോലെ അന്നും ഇരുൾവിട്ടകന്നുകൊണ്ട് ദിനചര്യകൾക്ക് തുടക്കം കുറിക്കാനായി പ്രകാശരശ്മികൾ പടർത്തിക്കൊണ്ട് സൂര്യൻ ഉദിച്ചുയർന്നു. അത് ഉയർന്നു തെളിച്ചം കൂടി. പിന്നെ കത്തിജ്വലിച്ചുകൊണ്ട് അതിന്റെ യാത്ര തുടർന്നു.
തലദിവസത്തെ ഇഷ്ടക്കേടിന്റെ ലക്ഷണമൊന്നും ഉറക്കമുണർന്നപ്പോൾ ഷമീറിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. മധ്യാസക്തിയിലാവും രാത്രി അവൻ അങ്ങനൊക്കെ സംസാരിച്ചതെന്ന് ശബാനയ്ക്ക് തോന്നി. അങ്ങനെ കരുതിക്കൊണ്ടുതന്നെയാണ് അവൾ അവനെ സമീപിച്ചതും, ഇടപഴകിയതും ചായ കൊടുത്തതുമൊക്കെ. അവൻ അത് സന്തോഷത്തോടെ വാങ്ങി കുടിക്കുകയും ചെയ്തു.
മദ്യം മനുഷ്യനെ എങ്ങനെയെല്ലാം മാറ്റുന്നു എന്നോർത്ത് അവൾക്ക് അത്ഭുതം തോന്നി. ചിന്തയും, പ്രവർത്തിയും, സംസാരവുമെല്ലാം എത്രപെട്ടെന്നാണ് മാറിമറിയുന്നത്. ഒരുതരം പരകായപ്രവേഷം പോലെ ആളാകെ മാറുന്നു. ഇനി അതെല്ലാം മദ്യത്തിന്റെ മാത്രം പ്രവർത്തനമായിരുന്നോ? എന്തെങ്കിലുമൊക്കെ സംശയങ്ങൾ ഷമീറിന്റെ ഉള്ളിൽ ഉടലെടുക്കാൻ തുടങ്ങിയതുകൊണ്ടായിരിക്കില്ലേ അവൻ അങ്ങനൊക്കെ സംസാരിച്ചത്?
വീണ്ടും അവളുടെ ഹൃദയത്തിൽ ഒരു നടുക്കമുണ്ടായി. അത് ഹൃദയത്തെ പിളർത്തിക്കൊണ്ട് ചുടുരക്‌തമൊഴുക്കി. അത് ശരീരമാകെ പടർന്നിറങ്ങി. ഇപ്പോൾ താൻ ഹൃദയം നിലച്ചു മരിക്കുമെന്ന് അവൾക്ക് വീണ്ടും തോന്നി.
തുടരും...
ഭാഗം - 3
അള്ളാഹുവിന്റെ മുന്നിൽ നീറുന്ന മനസ്സുമായി ശബാന തലകുമ്പിട്ടിരുന്നു. ഭർത്താവിനെ സ്നേഹിക്കാൻ കഴിയാത്തത്തിൽ അവൾക്ക് വല്ലാത്ത സങ്കടമുണ്ടായി. അവൾ തേങ്ങി. കണ്ണുനീർ ധാരധാരയായി ഒഴുകിയിറങ്ങി. ആരും കണ്ടില്ല. ആരും അവളെ ആശ്വസിപ്പിച്ചില്ല.
ഷമീറിനെ ഇഷ്ടപ്പെടണം എന്ന് അവൾ ആത്മാർഥമായി മനസ്സുകൊണ്ട് ആഗ്രഹിച്ചു. അവൾ അവനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അവന്റെ ഇഷ്ടങ്ങൾ കണ്ടെത്താനും, അതിനനുസരിച്ച് പ്രവർത്തിക്കാനും ശ്രമിച്ചു. അവന് ഇഷ്ടപ്പെട്ട ആഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതിലും, അവന്റെ ഇഷ്ടവസ്ത്രങ്ങൾ ഒരുക്കിക്കൊടുക്കുന്നതിലും അവൾ ശ്രദ്ധവെച്ചുതുടങ്ങി.
അങ്ങനെ ഏതാനും ദിവസങ്ങൾ കടന്നുപോയി. ശബാനയിലുണ്ടായ മാറ്റം ഉൾക്കൊണ്ടിട്ടെന്നവണ്ണം അന്ന് രാത്രി കിടക്കുമ്പോൾ ഷമീർ അവളെ കെട്ടിപ്പുണർന്നുകൊണ്ട് കാതിൽ മന്ത്രിച്ചു.
"ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതുപോലെ ഇനി എത്രയും വേഗം നമുക്കിടയിലേയ്ക്ക് മൂന്നാമതൊരാളെ കൊണ്ടുവരണം. അതായത് താൻ ഒരു ഉമ്മയാവണമെന്ന്."
അവൻ അവളെ കെട്ടിപ്പുണർന്നു ചുംബിച്ചുകൊണ്ട് അവളുടെ വയറ്റിൽ ജീവന്റെ വിത്തുപാകാനൊരുങ്ങി.
താനൊരു കുഞ്ഞിനെ പ്രസവിക്കണം എന്നാണ് ഭർത്താവ് പറയുന്നത്. ഭർത്താവിനെ ഇനിയും പൂർണ്ണമായും ഉൾക്കൊള്ളാനും, സ്നേഹിക്കാനും കഴിയാത്ത താനെങ്ങനെ അയാളുടെ കുഞ്ഞിന്റെ ഉമ്മയാകും? ഇപ്പോൾ താൻ ചെയ്തുകൊണ്ടിരിക്കുന്നതുതന്നെ വലിയ തെറ്റാണ്... ഭർത്താവിനുമുന്നിൽ ഇഷ്ട്ടം നടിക്കുകയാണ്. ഇഷ്ടപ്പെടാൻ ശ്രമിക്കുകയാണ്. ഇപ്പോൾ ഈ ബന്ധപ്പെടുന്നതുപോലും ഇഷ്ടമില്ലാത്തൊരാൾക്ക് മറ്റെന്തിനൊക്കെയോ വേണ്ടി ശരീരം വിൽക്കുന്നതുപോലെയാണ്. എന്നാൽ പൂർണ്ണമായും അങ്ങനെ പറയാനുമാവില്ല. കാരണം താൻ ശരീരം വിൽക്കുകയാണെങ്കിൽ തനിക്ക് പണം കിട്ടുമായിരുന്നു. ഇതിപ്പോൾ വേറുതെ ഒരുതരം കിഴടങ്ങൽ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നിർവചിക്കാനാവാത്ത എന്തിന്റെയൊക്കെയോ പേരിൽ ഒരു അടിമയെ കണക്കെ ആയിതീർന്നുകൊണ്ട് ജീവിതം മുന്നോട്ട് തള്ളിവിടുകയാണ്. അടിമയ്ക്ക് എതിർക്കാനുള്ള കഴിവില്ല. കരയാനുള്ളനുള്ള കഴിവുണ്ട്. പക്ഷേ, അത് ആയുസ്സ് അവസാനിക്കുമ്പോൾ മാത്രം. ജീവൻ വെടിയും. ശരീരം നിശ്ചലമാകും. പിന്നെ മണ്ണിൽ അലിഞ്ഞുചേരും. അതേ താനൊരു അടിമ മാത്രമാണ്. ഒരു നേരംപോക്കിനായി അള്ളാഹു ഭൂമിയിൽ അയച്ച അടിമ. കാരണമില്ലാതെ ഉടമസ്ഥനുവേണ്ടി ജോലിയെടുക്കുന്ന കീഴടങ്ങിക്കൊണ്ടിരിക്കുന്ന അടിമ.
ഏതാനുംദിവസങ്ങൾകൂടി കടന്നുപോയി. കടുത്ത ഉഷ്ണത്തിന് ശമനം വരുത്തിക്കൊണ്ട് വേനൽ മഴ ഭൂമിയിലേയ്ക്ക് പെയ്തിറങ്ങി. മണ്ണും മരങ്ങളും സന്തോഷിച്ചു. കിളികളും, മൃഗങ്ങളും സന്തോഷത്താൽ പാറിനടന്നു. മഴപെയ്തു തണുത്ത മണ്ണിൽ നിന്നും കാലങ്ങളായി മോചനംകാത്തു കിടന്ന വിത്തുകൾ ആമോധത്തോടെ മുളപൊട്ടി. വീണ്ടും വെയിൽ തെളിഞ്ഞു. ഭൂമി വരണ്ടുണങ്ങാൻ തുടങ്ങി.
ഇതേപോലെതന്നെ ശബാനയുടെ വയറ്റിലും മാറ്റങ്ങൾ സംഭവിച്ചു. ഷമീർ നിക്ഷേപിച്ച ബീജം അവളുടെ വയറ്റിൽ ജീവന്റെ തുടിപ്പായി മാറി. അതിന്റെ അടയാളങ്ങൾ ശരീരം കാണിച്ചുതുടങ്ങി. ഷമീറിനോട് അവൾക്ക് വെറുപ്പ് തോന്നി. അയാൾ കാരണം താൻ ഒരമ്മയാകാൻ പോകുന്നു. ഭർത്താവിനെപ്പോലും ശരിക്ക് സ്നേഹിക്കാൻ കഴിയാത്ത താനെങ്ങനെ ജനിക്കുന്ന കുഞ്ഞിനെ ശരിക്കു സ്നേഹിക്കും. അതായിരുന്നു അവളുടെ ചിന്ത. തന്റെ ഇഷ്ടങ്ങളെ മറികടന്നു പ്രവർത്തിക്കുന്നവരോട് അവൾക്ക് പണ്ടേ വെറുപ്പായിരുന്നു. ആ ഒരു സ്വഭാവം ഇപ്പോഴും ഉള്ളതുകൊണ്ടാവാം ഉള്ളിൽ ഒരു ജീവൻ മൊട്ടിട്ടകാര്യം അവൾ ഭർത്താവിനോട് പറഞ്ഞില്ല.
തന്റെ ആശങ്കയും, ദുഃഖവുമൊക്കെ അവൾ അള്ളാഹുവിനോട് മാത്രം പറഞ്ഞു. രാത്രി സമയങ്ങളിൽ നമസ്കരിച്ചും, ഓതിയും അവൾ ഉള്ളിലെ ആകുലതകൾ അകറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു.
"നീയൊരു ഉമ്മയാകാൻ പോകുന്നു. അത് നിന്റെമാത്രം കഴിവുകൊണ്ടല്ല. അള്ളാഹുവിന്റെ തീരുമാനം കൊണ്ടാണ്. അതിന് കാരണക്കാരൻ നിന്റെ ഭർത്താവും. അതുകൊണ്ട് നീ മൂടിവെച്ച രഹസ്യം നിന്റെ ഭർത്താവിനെ അറിയിക്കേണ്ടത് നിന്റെ കടമയാണ്. നിനക്ക് ജീവൻ നിലനിർത്താൻ ഭക്ഷണം തരുന്നത് അവനാണ്. നാളെ നിന്നെയും നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനേയും നോക്കേണ്ടത് അവനാണ്. നീ നിന്റെ വയറ്റിൽ പുതിയൊരു ജീവൻ ഉടലെടുത്ത കാര്യം ഭർത്താവിനോട് പറയുക. അല്ലാത്തപക്ഷം നിന്റെ ദുഖങ്ങൾക്ക് അറുതിയുണ്ടാവില്ല."
ശബാന ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. അവൾ ചുറ്റും നോക്കി. എങ്ങും നിശബ്ദത. ഇരുട്ട്. ഫാൻ കറങ്ങുന്നുണ്ട്. ഫാനിന്റെ കാറ്റുകൊണ്ട് ആടിയുലയുന്ന ജനൽ കർട്ടനുകൾ. അടുത്തു കിടന്നുറങ്ങുന്ന ഭർത്താവ്. മറ്റൊന്നുമില്ല. താൻ കണ്ടതും കേട്ടതുമൊക്കെ ഒരു സ്വപ്നം മാത്രമായിരുന്നു എന്ന് മനസ്സിലാക്കാൻ അവൾക്ക് അധികസമയം വേണ്ടി വന്നില്ല. അവൾ വല്ലാതെ കിതച്ചു.
ഈ സമയം ഉറക്കമുണർന്നുകൊണ്ട് ഷമീർ അവളെ നോക്കി.
"എന്താ എന്തുപറ്റി?"
ഏയ് ഒന്നുമില്ല എന്ന് പറയണമെന്ന് അവൾക്ക് തോന്നി. എങ്കിലും അവൾ ഇങ്ങനെ പറഞ്ഞു.
"ഞാനൊരു സ്വപ്നം കണ്ടു."
"ആണോ എന്തായിരുന്നു സ്വപ്നം?"
"ഞാൻ ഗർഭിണിയാണെന്ന്."
"ഉവ്വോ... ഇത് വെറും സ്വപ്നം മാത്രമാണോ... അതോ?"
അവൻ അവളുടെ കൈ കവർന്നുകൊണ്ട് ചോദിച്ചു.
"സ്വപ്നം മാത്രമല്ല... കുറച്ചുദിവസമായി എനിക്കും തോന്നിത്തുടങ്ങിയിട്ട്."
"എന്നിട്ടെന്താ എന്നോട് പറയാതിരുന്നേ?"
"അതുപിന്നെ ഉറപ്പായിട്ട് പറയാമെന്നുകരുതി."
അവൾ മുഖം കുനിച്ചുകൊണ്ട് പറഞ്ഞു.
സന്തോഷത്താൽ ഷമീറിന്റെ മുഖം വിടർന്നു. അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.
"നമുക്ക് നാളെത്തന്നെ ഒരു ഡോക്ടറെ കാണണം."
അവൻ സന്തോഷത്താൽ വീണ്ടും അവളെ കെട്ടിപ്പുണർന്നു ചുംബിച്ചു.
രാവിലെതന്നെ ഷമീർ അവളെയും കൂട്ടിക്കൊണ്ട് ഡോക്ടറെ പൊയിക്കണ്ട് ഗർഭിണിയാണെന്ന് ഉറപ്പുവരുത്തുകയും, അവൻ തന്നെ ഈ വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ശബാനയുടെ വീട്ടിലേയ്ക്കും അവൻ ഈ വിവരം വിളിച്ചറിയിച്ചു.
ദിവസങ്ങൾ കടന്നുപോകവേ ശബാനയുടെ വയറിന്റെ വലിപ്പം കൂടിവന്നുകൊണ്ടിരുന്നു. കവിളും, മറ്റും തുടുത്തു. ഷമീർ അവളുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവെക്കാൻ തുടങ്ങി.
അവളെ കോളേജിൽ കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതുമൊക്കെ അവൻ നേരിട്ടായി. അതിനായി അവൻ ജോലിക്കിടയിൽ സമയം കണ്ടെത്തി. ജോലികളിലൊക്കെ അവളെ സഹായിക്കാൻ തുടങ്ങി. ഇതൊക്കെ താൻ തനിയെ ചെയ്തുകൊള്ളാമെന്ന അവളുടെ വാക്കുകളെ അവൻ എതിർത്തു. അവന്റെ ആകുലത കണ്ട് അവൾക്ക് സങ്കടം തോന്നി. തനിക്ക് അതിനുമാത്രം ക്ഷീണമോ, ബുദ്ധിമുട്ടോ ഒന്നുംതന്നെ ഇല്ലെന്ന് അവൾ അവനോട് പറഞ്ഞു.
ഇതിനിടയിൽ ഒരുദിവസം അവളെ തേടി സമദ് കോളേജിൽ എത്തി. വല്ലാത്തൊരു അത്ഭുതം അവളെ ആകെ പരവശയാക്കി. താൻ ഗർഭിണിയാണെന്ന കാര്യം പോലും മറന്നുകൊണ്ട് അവൾ അവനെ ആവേശത്തോടെ കെട്ടിപ്പിടിച്ചുകൊണ്ട് സ്വീകരിച്ചു.
"എത്രനാളായി നിന്നെയൊന്നു കണ്ടിട്ട്?"
"നിന്നെ ഒരുപാട് മിസ് ചെയ്തു എനിക്ക്."
ശബാന ആവേശത്തോടെ അവനോട് പറഞ്ഞു.
"നീ ഗർഭിണിയാണെന്ന് ഞാനറിഞ്ഞു. അതാണ് ഇപ്പോൾത്തന്നെ വന്നത്. ഈ അവസ്ഥയിൽ നിന്നെയൊന്നു കാണാൻ."
അവൻ പൊട്ടിച്ചിരിച്ചു.
"എങ്ങനെ അറിഞ്ഞു?"
വിസ്മയത്തോട് ശബാന ചോദിച്ചു.
"നാട്ടിൽ വന്നപ്പോൾ ഞാൻ പഴയ കൂട്ടുകാരെ ഒക്കെ സന്ദർശിച്ചിരുന്നു. അവരിൽ ആരോ പറഞ്ഞതാ. അപ്പോൾ ത്തന്നെ തീരുമാനിച്ചു. നിന്നെ കാണണമെന്ന്. ഇന്നാണ് സമയം കിട്ടിയത്. നേരെ ഇങ്ങോട്ട് തിരിച്ചു. അങ്ങനെ നിന്റെ മുമ്പിലെത്തി."
ശബാന നന്ദിയോടെ അവനെ നോക്കി. അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.
പ്ലാസ്ടൂ, ഡിഗ്രി പഠനകാലത്തെ വിശേഷങ്ങൾ ഒന്നൊന്നായി ഓർത്തെടുത്ത് അവൾ പങ്കുവെച്ചു. ഉച്ചയ്യ്ക്ക് ശേഷമുള്ള ക്ലാസിന് ശബാന കയറിയില്ല. ഡിഗ്രി പഠനത്തിന് ശേഷം പെട്ടെന്നൊരുനാൾ അപ്രതീക്ഷിതമായി ജോലി തേടി സമദ് ഗൾഫിലേയ്ക്ക് പറക്കുകയായിരുന്നു. ഒടുവിൽ നീണ്ട രണ്ടുവർഷത്തിന് ശേഷം അവൻ തന്നെ കാണാൻ വന്നിരിക്കുന്നു. അവൾക്ക് സന്തോഷം അടക്കാനായില്ല.
വെയിലിന്റെ ചൂടിന് കടുപ്പം കുറഞ്ഞുവന്നു. സൂര്യൻ അതിന്റെ ഓട്ടത്തിന്റെ അവസാന ഘട്ടമായ പടിഞ്ഞാറേധിക്കിലേയ്ക്ക് എത്താറായി. കോളേജുവിട്ട് കുട്ടികളും, അധ്യാപകരുമൊക്കെ പോയിത്തുടങ്ങി. ഒടുക്കം ഏതാനും കുട്ടികളും, പ്യൂണും മാത്രമായി.
ശബാനയും സമദും കോളേജുമുറ്റത്തെ ഒഴിഞ്ഞകോണിലെ മരച്ചുവട്ടിൽ അപ്പോഴും സംസാരിച്ചുകൊണ്ട് നിന്നു.
തുടരും...
ഭാഗം - 4
കോളേജുവിട്ട് എല്ലാരും പോയത്തീർന്നിട്ടും ശബാനയും സമദും ആ വാകമരത്തണലിൽ നിന്നു. സായാഹ്നവെയിൽ ഇരുവരുടേയും മുഖത്ത് സ്വർണ്ണവർണ്ണം വാരിവിതറിക്കൊണ്ടിരുന്നു.
"നോക്കൂ നമ്മൾ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഈ വാകമരം പൂവിട്ടു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ... ഇന്നത് പടർന്നുപന്തലിച്ച് പൂക്കളാൽ സമൃദ്ധമായിരിക്കുന്നു."
ശബാന സ്വയം മറന്ന് ആനന്ദത്തിൽ മുഴുകി സമദിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
"ശരിയാണ് ഞാനോർക്കുന്നു... പൂക്കൾ വിടരുന്നതും നോക്കി ഒരുപാട് ദിനങ്ങൾ നമ്മൾ ഇതിന്റെ ചുവട്ടിൽ ഇരുന്നിട്ടുണ്ട്."
സമദ് കഴിഞ്ഞുപോയ നല്ല നാളുകളെ ഓർമിച്ചെടുത്തുകൊണ്ട് മറുപടി നൽകി.
അവൾ മെല്ലെ പുഞ്ചിരിച്ചു... നഷ്ടബോധത്തിന്റെ ചിരി.
ഒടുവിൽ ആ ചിരി മാഞ്ഞു... പകരം മുഖത്ത് നിരാശനിറഞ്ഞു. കണ്ണിൽനിന്നും നീർക്കണങ്ങൾ പിറവികൊണ്ടു. അത് കവിളുകളെ ചൂടണിയിച്ചുകൊണ്ട് ഒഴുകിയിറങ്ങി.
"ജീവിതം ഒരുതരം അഭിനയമാണ് മോളേ... മറ്റുള്ളവർക്കുവേണ്ടി നമ്മൾ പലപ്പോഴും അഭിനയിക്കേണ്ടി വരുന്നു. നിന്റെ സങ്കടം എനിക്ക് മനസ്സിലാവും. പക്ഷേ, എന്തുചെയ്യാം?"
ഈ സമയം ശബാനയുടെ മൊബൈലിലേയ്ക്ക് അവളെ അന്വേഷിച്ചുകൊണ്ട് ഭർത്താവിന്റെ കോൾ വന്നു.
"നീ എവിടെയാണ്? ഞാൻ കോളേജിനുമുന്നിൽ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് സമയം എത്രയായി."
ഭർത്താവിന്റെ ദേഷ്യം കലർന്ന ശബ്ദം അവളുടെ കാതിൽ വന്നലച്ചു.
ശബാനയുടെ മുഖത്ത് ഒരു ഞെട്ടൽ പിറവികൊണ്ടു. മുഖം വിളറി. അവൾ സമദിന്റെ അടുക്കൽ നിന്നും പിറകോട്ട് അകന്നുമാറി.
"ഭർത്താവാണ് വിളിച്ചത് അല്ലെ? വരൂ... നമുക്ക് പോകാം."
സമദ് പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു.
ഇരുവരും ഗെയിറ്റിനുനേർക്ക് നടന്നു.
"നമ്മളെ ഒരുമിച്ച് എന്തായാലും ഷമീർ കാണണ്ട. നീ പൊയ്ക്കോളൂ... നിങ്ങൾ പോയിട്ട് ഞാൻ വന്നോളാം."
സമദ് കോളേജു ബിൽഡിങ്ങിന്റെ പിന്നിൽ മറഞ്ഞുനിന്നുകൊണ്ട് പറഞ്ഞു.
"ഞാൻ പോട്ടെ... വിളിക്കണം."
ശബാന യാത്ര പറഞ്ഞിട്ട് മുഖം തുടച്ചുകൊണ്ട് നടന്നുനീങ്ങി.
ശബാന നടന്നുനീങ്ങുമ്പോൾ സമദ് എന്തോ പറഞ്ഞെങ്കിലും അവൾ കേട്ടില്ല. അല്ലെങ്കിൽ കേട്ടിട്ടും മറുപടി പറയാൻ നിന്നില്ല. ഈ സമയം ക്ഷമ നശിച്ചിട്ടെന്നോണം ഷമീറിന്റെ കോൾ വീണ്ടും അവളുടെ ഫോണിലേയ്ക്ക് വന്നുകൊണ്ടിരുന്നു. ഗെയിറ്റുകടന്നു വേഗത്തിൽ നടന്നുകൊണ്ട് അവൾ കാറിൽ കയറി.
"എന്താ ഇത്ര വൈകിയത്?"
ഷമീർ അവളെ നോക്കി.
"കുറച്ച് നോട്ട് എഴുതാനുണ്ടായിരുന്നു."
"എല്ലാരും പോയല്ലോ... അതൊന്നും നീ കണ്ടില്ലേ?"
"എനിക്ക് കുറച്ചുദിവസം കോളേജിൽ വരാൻ കഴിഞ്ഞില്ലല്ലോ... അതുകൊണ്ട് കുറച്ചൊക്കെ എഴുതിവെക്കാമെന്നു കരുതി."
ഷമീർ ഒന്നമർത്തി മൂളിയിട്ട് കാർ സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു. പിന്നെ ശബാന ഒന്നും മിണ്ടിയില്ല. അവൾക്ക് ഷമീറിനോട് ദേഷ്യം തോന്നുന്നുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കാൻ കടന്നുവന്നവൻ. ഇപ്പോഴിതാ തന്റെ വയറ്റിലൊരു ജീവൻ കൂടി നിക്ഷേപിച്ചിരിക്കുന്നു. എന്നിട്ട് അതൊന്നും പോരാഞ്ഞിട്ട് തന്നോട് ദേഷ്യപ്പെടുക കൂടി ചെയ്യുന്നു.
"എന്തേലും കഴിക്കുന്നുണ്ടോ?"
യാത്രക്കിടയിൽ ഷമീർ ഒരുനിമിഷം അവളെ നോക്കി ചോദിച്ചു.
"എനിക്കൊന്നും വേണ്ട."
അൽപ്പം കടുപ്പിച്ചെന്നവണ്ണം അവൾ മറുപടി പറഞ്ഞു.
ദിവസങ്ങൾ കടന്നുപോയി. ശബാനയുടെ വയറിന് വലുപ്പം കൂടിക്കൊണ്ടിരുന്നു. അതിനുള്ളിൽ പിറവിയെടുത്ത ജീവന്റെ തുടിപ്പ് വലുതായിക്കൊണ്ടിരുന്നു. അതിന് രൂപം വന്നു. കൈകാലുകൾ വന്നു. നിറം വന്നു. മുടിവന്നു. എല്ലാം തികഞ്ഞൊരു മനുഷ്യക്കുഞ്ഞായി അത് രൂപം പ്രാപിച്ചുകൊണ്ടിരുന്നു.
ഇതിനിടയിൽ മിക്കവാറും ദിവസങ്ങളിൽ സമദ് അവളെ വിളിക്കുകയും ഇരുവരും തമ്മിൽ രഹസ്യമായി ഹൃദയം കൈമാറുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. അവസാനമായി വിദേശത്തേയ്ക്ക് മടങ്ങുന്നതിന്റെ തലേദിവസം സമദ് അവളെ കാണാൻ കോളേജിൽ വന്നിരുന്നു. ഇപ്പോൾ മാസം ഒന്നു കഴിഞ്ഞിരിക്കുന്നു. അവൾ ഇപ്പോൾ കോളേജിൽ പോകുന്നില്ല. പ്രസവം അടുത്തുവരുന്നു.
"സമദ് എന്റെ പ്രിയനേ... എവിടെയാണ് നീ? എന്നെപ്പോലെ നീയും എന്നെ ഓർക്കുന്നുണ്ടാകുമോ ഇപ്പോൾ? എന്നെയൊന്നു കാണാൻ.... എനിക്കൊന്നു കാണാൻ എന്നാണ് ഇനി നീ വരിക? ഇനി നീ വരുമ്പോൾ ഞാൻ നിന്റെ ആ പഴയ ശബാനയല്ല, ഷമീറിന്റെ വെറും ഭാര്യയുമല്ല, മറിച്ച് ഒരു കുഞ്ഞിന്റെ ഉമ്മ കൂടിയായിരിക്കും ഞാൻ. ഒരു പുതിയ ജീവന് ഞാൻ പിറവികൊടുക്കാൻ തയ്യാറായിക്കഴിഞ്ഞു. എന്റെ പഴയ തുടിപ്പും, മിനുപ്പുമെല്ലാം അവസാനിക്കാൻ പോകുന്നു. പകരം പുതിയ തുടിപ്പുകളും, മിനിപ്പുകളും എന്നിൽ ഉടലെടുക്കാൻ പോകുന്നു. ഭാര്യ എന്നതിൽ നിന്നും ഉമ്മ എന്നനിലയിൽ ഞാൻ കൂടുതൽ ബന്ധനസ്ഥയാകാൻ പോകുന്നു. ഒരിക്കലും അറുത്തുമാറ്റാൻ കഴിയാത്തവിധം ബന്ധനങ്ങൾ എന്നിൽ സംഭവിക്കാൻ പോകുന്നു. പലവിധ കുരുക്കുകളിൽ ഞാൻ അകപ്പെടാൻ പോകുന്നു. ഞാൻ തടിക്കും, എന്റെ അവയവത്തിന്റെ ഭംഗി നഷ്ടമാകും. മുടിയിഴകൾ നരയ്ക്കും. ഒരു പക്ഷേ, ഇനി നമ്മൾ തമ്മിൽ കണ്ടുമുട്ടുമോ എന്നുപോലും അറിയില്ല."
അവളുടെ ചിന്താകുലമായ മനസ്സ് പലവിധചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു. ഇനി ഒന്നും ഓർക്കാൻ വയ്യ. മനസ്സ് വിങ്ങുന്നു. ശരീരം തളരുന്നു. കാലുകൾ ബന്ധിക്കപ്പെടുന്നു. എല്ലാം പൊട്ടിച്ചെറിഞ്ഞുകൊണ്ട് എഴുന്നേറ്റോടിപ്പോകണമെന്നുണ്ട്. പക്ഷേ, ശരീരത്തിന് കഴിവില്ല. പിന്നെയുള്ള ഏകമാർഗം എല്ലാം ഉള്ളിലൊതുക്കി മരിച്ചുജീവിക്കുക എന്നതാണ്. മരിക്കുന്നതുവരെ ഇങ്ങനെ ജീവിക്കുക.
ദിവസങ്ങൾ പിന്നെയും കടന്നുപോയി. പ്രസവത്തിനായി ശബാനയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ശബാനയേക്കാൾ മനോവേദനയുമായി ഷമീർ ഹോസ്പിറ്റലിലെ പ്രസവമുറിക്കു മുന്നിൽ കാത്തിരുന്നു.
പ്രകാശം നിറഞ്ഞ ഈ ലോകം കാണാൻ, അവിടെ പാറിനടക്കുന്ന കിളികളെയും, ചിത്രശലഭങ്ങളെയും കാണാൻ, മഴ കാണാൻ, വെയില് കാണാൻ, ആകാശവും ഭൂമിയും കാണാൻ, മരങ്ങളെയും ചെടികളെയും കാണാൻ, അതിൽ ഇടപഴകി ജീവിക്കുവാൻ, ലോകത്തിലെ കോടാനുകോടി മനുഷ്യരിൽ ഒരാളാവാൻ, ജീവിത യാത്രയ്ക്കു തുടക്കമിട്ടുകൊണ്ട് ശബാനയുടെ ഗർഭപാത്രത്തിൽ നിന്നും പത്തുമാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ആ കുഞ്ഞുജീവൻ പുറത്തേയ്ക്ക് വന്നു.
ഓമനത്വം നിറഞ്ഞ ഒരു പെൺകുഞ്ഞ്.
പിന്നീടുള്ള മൂന്നുമാസക്കാലം ശബാനയുടെ ചുറ്റുമുള്ള കാഴ്ചകളും, കെട്ടുപാടുകളും മാറി. ഒരിക്കൽ നഷ്ടപ്പെട്ടുപോയ ആ നല്ല ഓർമ്മകളിലേയ്ക്കും, കാഴ്ചകളിലേയ്ക്കും, അനുഭവങ്ങളിലേയ്ക്കുമൊക്കെ അവൾ വീണ്ടും തിരികെയെത്തി. ആകാശം മുട്ടുന്ന ഫ്ലാറ്റുകളുടെയും, മാലിന്യം നിറഞ്ഞ തെരുവുകളുടെയും, രാവെന്നോ പകലെന്നോ ഇല്ലാതെ ചോരകുടിക്കാനെത്തുന്ന കൊതുകുകളുടെയും, തിരക്കുപിടിച്ച റോഡുകളുടെയും നാട്ടിൽ നിന്നവൾ... സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധമൂറുന്ന കാറ്റുനിറഞ്ഞ, വനാന്തരങ്ങളെ തഴുകിയെത്തുന്ന ശുദ്ധവായുനിറഞ്ഞ, ജലസംഭരണികളുടെ കേന്ദ്രമായ ജന്മനാട്ടിലേയ്ക്ക് അവൾ എത്തിപ്പെട്ടു. സ്വന്തം ഗ്രഹത്തിൽ അവൾ മാതാപിതാക്കളുടെയും, ബന്ധുക്കളുടെയും, അയൽക്കാരുടേയുമൊക്കെ സ്നേഹത്തിലും, കരുതലിലും പെട്ട് വീർപ്പുമുട്ടി. ഹാജിയാരും, ഭാര്യയും തങ്ങൾ ഒരു വല്യൂപ്പയും, വല്ലുമ്മയും ആയതിൽ ഏറെ സന്തോഷിച്ചു.
കുഞ്ഞ് കണ്ണുതുറന്നു നോക്കി. പരിചയഭാവത്തിൽ മോണകാട്ടി പുഞ്ചിരിച്ചു. അവളുടെ മുടിവെട്ടി. പേരിട്ടു. 'ഷെമീമ' ഷെമിയെന്ന ചുരുക്കപ്പേരിൽ അവളെ എല്ലാരും വിളിച്ചുതുടങ്ങി. ഷെമീർ ആഴ്ചയിലൊരിക്കൽ വന്ന് മകളെയും ഉമ്മയെയും കണ്ട് തിരിച്ചുപോയി.
ദിവസങ്ങൾ കടന്നുപോയി. കുഞ്ഞ് പതിയെ കമഴാനും, ചിരിക്കാനും, ഒച്ചവെക്കാനുമൊക്കെ തുടങ്ങി. മകളുടെ ജനനം ശബാനയെ വല്ലാതെ മാറ്റിയെടുത്തു. ബാപ്പയുടെയും, ഉമ്മയുടേയുമൊക്കെ ആഹ്ലാദത്തിൽ അവൾ എല്ലാം മറന്നു. അപ്പോഴും ഇന്നല്ലെങ്കിൽ നാളെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് കുഞ്ഞിനേയും കൊണ്ട് പോകേണ്ടിവരുമെന്ന ഓർമ്മ അവൾക്ക് ദുഃഖം പകർന്നു. എന്നാലും ഒഴിച്ചുകൂടാനാവാത്ത ഒന്നിനെക്കുറിച്ചോർത്തു ദുഃഖിച്ചിട്ട് ഫലമില്ലല്ലോ... ഒടുവിൽ ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങേടുന്ന ദിവസം വന്നെത്തി. ഷമീറിനോപ്പം കുഞ്ഞിനേയും കൊണ്ട് വീട്ടുകാർക്കൊപ്പം അവൾ ഭർതൃ ഗൃഹത്തിലേയ്ക്ക് യാത്ര തിരിച്ചു. വീട്ടിൽ അവരെ കൊണ്ടാക്കിയിട്ട് ബാപ്പയും ഉമ്മയും നിറകണ്ണുകളോടെ യാത്രയായി.
തുടരും...
ഭാഗം - 5
കുഞ്ഞിനെ നോക്കാനും വീട്ടിലെ സഹായത്തിനുമൊക്കെയായി ഒരു ജോലിക്കാരിയെ വെക്കാമെന്ന് ഷമീർ പറഞ്ഞെങ്കിലും തല്ക്കാലം അതുവേണ്ടെന്ന് ശബാന തീരുമാനിച്ചു. ഏതായാലും ഈ വർഷത്തെ ക്ലാസ്സ് പോയി. പിന്നെ കുഞ്ഞിനെ നോക്കൽ അല്ലാതെ എന്താണ് തനിക്ക് ജോലി. ഒടുവിൽ ശബാനയുടെ തീരുമാനത്തെ ഷമീറും അനുകൂലിച്ചു.
വീട്ടിലെ തിരക്കുകളിൽ നിന്നും വിട്ടൊഴിഞ്ഞു മാറ്റാരുമായും അധികം ചങ്ങാത്തമില്ലാതെ തങ്ങളുടേതായ ഒരു ലോകത്തെ ശബാനയും, ഷെമിമോളും കണ്ടെത്തി. അവിടെയെല്ലാം ഏകാന്തമായിരുന്നു. ആ ഏകാന്തതയെ അവർ വാചാലമാക്കി. പരസ്പരം സംസാരിച്ചു, ചിരിച്ചും, കളിച്ചും അവർ അവിടെ തങ്ങളുടേതായ മറ്റാർക്കും അവകാശപ്പെടാനാവാത്ത ഒരു പുതിയലോകം ഉണ്ടാക്കിയെടുത്തു.
ഷെമീമയ്ക്ക് ആറുമാസം പ്രായമായി. അവൾ ഉമ്മയെയും, ബാപ്പയെയും കണ്ടറിഞ്ഞു സന്തോഷിച്ചു. പുഞ്ചിരിച്ചു. മോണകൊണ്ട് കടിച്ചും, ചുണ്ടുകൾകൊണ്ട് നുണഞ്ഞുമൊക്കെ ഇക്കിളിപ്പെടുത്തി. മെല്ലെ ശബ്ദമുണ്ടാക്കി.
മുടങ്ങിപ്പോയ പഠനം വീണ്ടും തുടരണമെന്ന് ആഗ്രഹമുണ്ടായെങ്കിലും കോളേജിൽ പോകുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി ശബാനയ്ക്ക് തോന്നി. ഒരുപാട് നാളുകളായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന വേദനയ്ക്കൊക്കെയും കുറച്ചൊരു ശമനം ഉണ്ടായതുപോലെ. ഗർഭിണിയായ സമയത്ത് അവൾക്ക് അതിന് കാരണക്കാരനായ ഷമീറിനോടും, വയറ്റിൽ മൊട്ടിട്ട അവന്റെ ജീവനോടുമൊക്കെ വല്ലാത്ത വെറുപ്പ് തോന്നിയിരുന്നു. എന്നാൽ ഏതാനും മാസങ്ങൾകൊണ്ട് അവളുടെ മനസ്സിന്റെ കാഴ്ചപ്പാടുകൾ അപ്പാടെയും മാറിയിരിക്കുന്നു. ഇതുവരെ ഇല്ലാതിരുന്ന വികാരങ്ങളൊക്കെയും ജന്മമെടുത്തിരിക്കുന്നു. പുതിയൊരു ശബാനയായി അവൾ മാറി. അങ്ങനൊരാളെയാണ് ഷമീർ ആഗ്രഹിച്ചിരുന്നതെന്ന് അവൾ മനസ്സിലാക്കിയതുപോലെ.
എല്ലാ സ്ത്രീ പുരുഷന്മാരും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ കീഴടങ്ങുകയോ, കീഴടക്കുകയോ ഒക്കെ ചെയ്യുന്നവരാണ്. ചിലർ മറ്റുചിലരുടെ കീഴിൽ അടങ്ങിക്കഴിയാൻ ആഗ്രഹിക്കുമ്പോൾ... ചിലർ മറ്റുചിലരെ കീഴടക്കി നിർത്താൻ ആഗ്രഹിക്കുന്നു. ഇനി ചിലരാവട്ടെ ഇതിനൊന്നും തയ്യാറാകാതെ സ്വതന്ത്രമായി നടക്കാൻ ആഗ്രഹിക്കുന്നു. അപ്പോഴാവട്ടെ കിഴടക്കാനുള്ള ശ്രമങ്ങൾ നടക്കുകയും പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. ശബാനയിപ്പോൾ സ്വയം കീഴടങ്ങിക്കൊടുക്കുന്ന ഒരു സാധാരണ ഭാര്യയായി മാറിയിരിക്കുന്നു. തനിക്ക് ഈ ഒരു മാറ്റം ഉണ്ടാകുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. വേറെ പലതും ആഗ്രഹിച്ചിരുന്നു. അതൊക്കെയും ഒരു സാധാരണ പെണ്ണിന്റെ ആഗ്രഹങ്ങൾ മാത്രമായിരുന്നു.
അമ്മയായി തീർന്ന സമപ്രായക്കാരായ പെൺകുട്ടികളോട് ശബാനയ്ക്ക് പലപ്പോഴും സഹതാപം തോന്നിയിട്ടുണ്ട്. അവരുടെ ശരീരഭംങ്ങിക്ക് ഉടവ് വന്നുഭവിച്ചതോർത്തുകൊണ്ട്. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞെങ്കിലും ഉടനേയൊന്നും ഇങ്ങനൊരു മാറ്റത്തിന് ഒരുങ്ങില്ലെന്ന തീരുമാനത്തോടെ ശരീരഭംങ്ങി നിലനിർത്താനായി ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ പെട്ടന്ന് ഗർഭിണിയാവുകയും, പ്രസവിക്കുകയുമൊക്കെ ചെയ്തപ്പോൾ അവൾ വല്ലാതെ സങ്കടം കൊണ്ടു. പക്ഷേ, പ്രസവം കഴിഞ്ഞപ്പോൾ തന്റെ ഭംഗി വർധിച്ചതുകണ്ട് അവൾ അത്ഭുതം കൊണ്ടു.
"അള്ളാഹുവേ എന്തിനുവേണ്ടിയാണ് ഇനി ഈ സൗന്ദര്യം."
"എന്തായാലും ഷമീറിനുവേണ്ടി ആയിരിക്കില്ല."
അവളുടെ ഉള്ളം മന്ത്രിച്ചു.
"പിന്നെ ഇനിയും ആർക്കുവേണ്ടിയാണ്?"
അവൾ നടുക്കത്തോടെ ആലോചിച്ചു.
ശബാനയുടെ സൗന്ദര്യവർധനവിൽ ഇതിനോടകം തന്നെ ഷമീർ സന്തോഷവാനായിതീർന്നിരുന്നു. തന്റെ സ്നേഹവും കരുതലുമെല്ലാം അവൾക്ക് പകർന്നുകൊടുക്കണമെന്ന് അവൻ ആഗ്രഹിക്കുകയും ചെയ്തു. പലപ്പോഴും അവൻ അതിന് ശ്രമിക്കുകയും, ശബാന അതിന് നിന്നുകൊടുക്കുകയും ചെയ്തു. ഒരു ഭാര്യയായി, കുഞ്ഞിന്റെ ഉമ്മയായി ഒക്കെ മാത്രം കരുതിക്കൊണ്ട്.
ഏതാനുംമാസങ്ങൾ കടന്നുപോയി. വേനൽ പോയി വർഷം വന്നു. പ്രകൃതിനനഞ്ഞുകുതിർന്നു. മണ്ണിൽ വീണുറഞ്ഞിരുന്ന വിത്തുകൾ തലയുയർത്തി എഴുന്നേറ്റുകൊണ്ട് ഭൂമിയിൽ തങ്ങളുടെ ആധിപത്യം ആരംഭിച്ചു. ദിവസങ്ങൾ പോകവേ അവർ തന്റെ കടമകൾ നിറവേറ്റാനൊരുങ്ങി. ചിലർ മൊട്ടിട്ടു, ചിലർ കായായി, ചിലർ പൂവായി. അതിൽനിന്നുള്ള സുഗന്ധവും, അതിന്റെ ഭംഗിയും എങ്ങും പരന്നു. ഒരു ഓണക്കാലം കൂടി വന്നെത്താറായി.
മുടങ്ങിപ്പോയ കോഴ്സ് പൂർത്തിയാക്കാനായി ശബാന വീണ്ടും കോളേജിൽ ജോയിൻ ചെയ്തു. മോളെ വീട്ടിൽ ബാപ്പയ്ക്കും, ഉമ്മയ്ക്കും ഒപ്പം തനിച്ചാക്കി പോകുന്നതിന്റെ ആധി അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. പക്ഷേ, കൂട്ടുകാർക്കൊപ്പം പുതിയ അന്തരീക്ഷത്തിലേയ്ക്ക് മടങ്ങിയെത്തിയപ്പോൾ അവൾ അതൊക്കെയും മറന്നു. അത് മാത്രമല്ല പി ജി ക്‌ളാസിലെ കുട്ടികളുടെ ലീഡറായി അവൾ മാറുകയും ചെയ്തു. ക്‌ളാസിന്റെ ഇടവേളകളിൽ കൂട്ടുകാർക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ഇടക്കൊക്കെ അവൾ ഫോണെടുത്ത് ആധിയോടെ വീട്ടിലേയ്ക്ക് വിളിച്ച് മോളുടെ കാര്യം അന്വേഷിച്ചുകൊണ്ടിരുന്നു.
"മോള് വിഷമിക്കണ്ട. സമാധാനമായിട്ട് ഇരിക്കൂ... ഷെമി മോൾക്ക് ഇവിടെ ഒരു കുറവുമില്ല."
എന്ന് അമ്മായിഅമ്മയുടെ മറുപടി കാതിൽ വന്ന് തട്ടുമ്പോൾ ചെറുതാണെങ്കിലും ഒരു ആശ്വാസം അവളിൽ ഉടലെടുക്കും.
അന്ന് പതിവുപോലെ ക്ലാസ് കഴിഞ്ഞു ദൃതിയിൽ പുറത്തിറങ്ങി ഗെയ്റ്റിനുനേർക്ക് നടക്കുകയായിരുന്നു അവൾ. പുസ്തകങ്ങളടങ്ങിയ ബാഗും തോളിലിട്ടുകൊണ്ട് വേഗത്തിൽ മുന്നോട്ടു നടക്കുമ്പോഴാണ് പെട്ടെന്ന് ഒരു പരിചിത ശബ്ദം പിന്നിൽ നിന്നും വിളിച്ചത്.
"ശബാനാ..."
അവൾ തിരിഞ്ഞുനോക്കി.
നീല ജീൻസും, വെള്ളം ഫുൾകൈ ഷർട്ടും ധരിച്ചുകൊണ്ട് സമദ് നടന്നുവരുന്നു. അരികിലെത്തിക്കൊണ്ട് അവൻ ഷബാനയ്കുനേരെ കൈ നീട്ടി.
"എന്താടോ അത്ഭുതത്തോടെ നോക്കുന്നെ?"
ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു.
"വിശ്വാസം വരുന്നില്ലേ... ഞാൻ ഇന്നലെ വൈകിട്ട് എത്തി."
അവൻ പറഞ്ഞു.
"ഇന്നാ മോൾക്ക് കുറച്ച് ചോക്ലേറ്റാണ്."
അവൻ ഇടതുകൈയിലിരുന്ന കവറ് അവൾക്കുനേരെ നീട്ടി.
"ആഹാ ഞാനോർത്തു എനിക്കുള്ള എന്തേലും ആയിരിക്കുമെന്ന്."
അവൾ ചിരിച്ചു.
"നിനക്കുള്ളത് പിന്നെ... ഇപ്പോൾ ഇത് പിടിച്ചോളൂ... "
"എന്തായാലും മോൾക്ക് കൊണ്ടുവന്നതല്ലേ. ഞാൻ സ്വീകരിച്ചില്ലെന്നു വരരുതല്ലോ."
അവൾ അത് വാങ്ങി ബാഗിൽ വെച്ചു.
"എന്തൊക്കെയുണ്ട് വിശേഷങ്ങൾ. യാത്ര സുഖമായിരുന്നോ? എന്താ വന്നിട്ട് വിളിക്കാതിരുന്നേ... ഞാൻ വിളിച്ചിട്ട് കിട്ടിയതുമില്ല."
അവൾ പരിഭവം പറഞ്ഞു.
"യാത്രയൊക്കെ സുഖമായിരുന്നു. നിനക്കൊരു സർപ്രൈസാവട്ടെ എന്നുകരുതിയാണ് വിളിച്ചു പറയാതിരുന്നേ... ഹസ്ബൻഡിനും മോൾക്കും സുഖമാണോ?"
അവൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
"സുഖം..."
അവൾ പുഞ്ചിരിച്ചു.
"എങ്കിൽ സമയം വൈകണ്ട... ഭർത്താവ് വിളിക്കാൻ കാത്ത് നിൽക്കുന്നുണ്ടാവും. ഇനി നാളെ കാണാം. ഞാൻ പോകുന്നു."
ശബാനയോട് യാത്ര പറഞ്ഞിട്ട് സമദ് പുറത്തേയ്ക്ക് നടന്നു.
കാറിനുള്ളിലിരുന്നുകൊണ്ട് വീട്ടിലേയ്ക്ക് പോകുമ്പോൾ സമദിനെ കുറിച്ചുള്ള ചിന്തയായിരുന്നു അവളുടെ മനസ്സുനിറച്ചും. അതുവരെയുണ്ടായിരുന്ന മകളെക്കുറിച്ചുള്ള ചിന്ത അവളെ വിട്ടുപോയിരുന്നു.
"തന്റെ മകൾ കരഞ്ഞിട്ടുണ്ടാകുമോ, ബാപ്പയും, ഉമ്മയും അവളുടെ കുസൃതി കൊണ്ട് മടുത്തിട്ട് അവളോട് ദേഷ്യപ്പെട്ടിട്ടുണ്ടാകുമോ?"
അവൾ പതിവായി ചിന്തിക്കുന്നതൊന്നും അന്ന് അവളെ അലട്ടിയില്ല.
കാർ പോർച്ചിൽ ചെന്നുനിൽക്കുമ്പോൾ അവൾ സാധാരണ വേഗം അകത്തേയ്ക്ക് ഓടിക്കയറുന്നതാണ്. എന്നാൽ ഇന്ന് അവൾ മെല്ലെ അകത്തേയ്ക്ക് നടന്നു.
അവളുടെ ഈ മാറ്റം ഷമീർ ശ്രദ്ധിച്ചെങ്കിലും ഒന്നും ചോദിച്ചില്ല. ക്ഷീണം ഉണ്ടാവും. അതാവും ഇങ്ങനെ... അവൻ വിചാരിച്ചു.
ഷെമിമോള് ഹാളിൽ ഇരുന്ന് കളിക്കുകയായിരുന്നു. ബാപ്പയും, ഉമ്മയും അവൾക്കരികിൽ തന്നെ ഇരിപ്പുണ്ട്.
"മോള് ബഹളമുണ്ടാക്കിയോ?"
അവൾ എന്തെങ്കിലും ചോദിക്കണമല്ലോ എന്നതുപോലെ ചോദിച്ചു.
"ഏയ്... ഒരു കുഴപ്പവുമുണ്ടാക്കിയില്ല. ഉച്ചയ്ക്കുശേഷം കിടന്നുറങ്ങി. ഇപ്പോൾ എഴുന്നേറ്റതേയുള്ളൂ..."
ഉമ്മാ സന്തോഷത്തോടെ മറുപടി നൽകി.
ശബാന മുറിയിലെ ചെന്ന് ഡ്രസ്സുമാറി. എന്നിട്ട് ഫ്രിഡ്ജ് തുറന്നു കുറച്ചു വെള്ളമെടുത്തു കുടിച്ചു.
ബാപ്പയ്ക്കും, ഉമ്മയ്ക്കും മോളേ ജീവനാണ്. ഷെമിമോൾക്ക് തന്നേക്കാൾ അടുപ്പം അവരോടാണ്. ഇപ്പോൾ അത് കുറച്ചുകൂടി കൂടുതലായിട്ടുണ്ട്. അതേതായാലും നന്നായി. സമാധാനമായിട്ട് തനിക്ക് കോളേജിൽ പോകാമല്ലോ അവൾ ആശ്വസിച്ചു.
ചായ കുടിക്കുന്നതിനിടയിൽ ശബാന സമദിനെക്കുറിച്ചോർത്തു. പാവം നിഷ്കളങ്കൻ. സുന്ദരൻ, സൽസ്വഭാവി അധികം ആരുമായി സൗഹൃദമില്ലാത്ത പ്രകൃതം. തന്നെ ജീവനായിരുന്നു. എന്നിട്ടും...!
ഈ സമയം അവൾക്കരികിലേയ്ക്ക് ഷമീർ കടന്നുവന്നു. തുടർന്ന് അവരിരുവരും ഒരുമിച്ചിരുന്നു ചായകുടിച്ചു. തുടർന്ന് ഷെമി മോളോട് തമാശ പറഞ്ഞും, ചിരിച്ചും, കളിച്ചും അവളുടെ കരച്ചിലും, ബഹളവുമൊക്കെയായി അങ്ങനെ ഒരുദിവസം കൂടി കടന്നുപോയി.
തുടരും...
ഭാഗം - 6
സമദിന് തന്റെ വകയായിട്ട് എന്തെങ്കിലും കൊടുക്കണം. അവൻ തനിക്ക് വരുമ്പോഴൊക്കെ മറക്കാതെ ഗിഫ്റ്റ് കൊണ്ടുവന്നു തരുന്നതാണ്. രാത്രിയിൽ ഉറങ്ങാൻ കിടക്കവേ ശബാന ആലോചിച്ചു.
എന്താണിപ്പോൾ നൽകുക? എന്തായാലും രാവിലെ ആലോചിക്കാം എന്ന് കരുതിക്കൊണ്ട് അവൾ മെല്ലെ കണ്ണുകൾ ഇറുക്കെയടച്ചു.
അന്ന് കോളേജിൽ പോകാൻനേരം മെറൂൺ കളറിലുള്ള ചുരിദാരാണ് ശബാന ദരിച്ചത്. അതിന് പ്രത്യേകകാരണം ഉണ്ട്. സമദിന്റെ ഇഷ്ടകളറാണത്. കോളേജിലേയ്ക്ക് പുറപ്പെടാനിറങ്ങിയപ്പോഴാണ് സമദിന് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കുന്ന കാര്യം അവൾ ഓർത്തത്. അവന് നാരങ്ങാമിട്ടായികൾ ഇഷ്ട്ടം ആണ്. കഴിഞ്ഞദിവസം വാങ്ങിയത് കുറച്ചു റൂമിലിരിപ്പുണ്ട്. അവൾ അതെടുത്ത് ബാഗിനുള്ളിൽ വെച്ചു. തൽക്കാലം ഇതുമതിയാകും.
യാത്രാവേളയിലെല്ലാം ഇളവെയിൽ വർണ്ണം തീർത്തുകൊണ്ടിരുന്നു. ശാന്തസുന്ദരമായ അന്തരീക്ഷം. ഇന്നലെ വൈകിട്ട് വാടി തലതാഴ്ത്തി നിന്നിരുന്ന ചെടികളൊക്കെയും പുലർച്ചെയായപ്പോൾ തലയുയർത്തി നിൽക്കുന്നു. അവയൊക്കെയും അസൂയയോടെ തന്നെനോക്കി കുശുകുശുക്കുന്നതായി അവൾക്ക് തോന്നി.
മഴക്കാലം വിട്ടുപോയിട്ടില്ലാത്തതിനാൽ റോഡിലെ കുഴികളിലൊക്കെയും കുറച്ചേ മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ആളുകൾ തിരക്കിട്ട് വാഹനത്തിലും, അല്ലാതെയും പോകുന്നുണ്ട്. കോളേജിൽ യൂത്തുഫെസ്റ്റിവൽ തുടങ്ങാറായിട്ടുണ്ട്. കുട്ടികളൊക്കെയും അതിന്റെ തിരക്കിലാണ്.
കോളേജിന്റെ ഗെയ്റ്റിനുമുന്നിൽ കാർ നിറുത്തി ഇറങ്ങി ഭർത്താവിന് റ്റാറ്റ കൊടുത്തു യാത്ര പറഞ്ഞു. ഗെയിറ്റ് കടക്കാനൊരുങ്ങുമ്പോൾ സമദ് ദൂരെനിന്നും നടന്നുവരുന്നതവൾ കണ്ടു. ബാഗിനുള്ളിൽ കരുതിയിരുന്ന സമ്മാനം അവൾ പുറത്തെടുത്തുകൊണ്ട് അവനെ നോക്കി നിന്നു.
"ശബാനാ..."
അവൻ വിളിച്ചു.
"സമദ്, വന്നിട്ട് ഒരുപാട് നേരമായോ?"
അവൾ പുഞ്ചിരിയോടെ അവനെ നോക്കി.
"ഇല്ല, ഇപ്പോൾ എത്തിയതേയുള്ളൂ..."
അവൻ ചിരിച്ചു.
"ഇന്നാ ഇത് സ്വീകരിക്കൂ... എന്റെ വക ചെറിയൊരു മധുരം."
സമദ് പുഞ്ചിരിയോടെ അത് വാങ്ങി.
"നീ ഇത് മറന്നിട്ടില്ല അല്ലെ?"
അവൻ കുസൃതിയുടെ അവളെ നോക്കി.
"അതുപിന്നെ... നിനക്കായി വാങ്ങിയതൊന്നുമല്ല. വീട്ടിൽ ഉണ്ടായിരുന്നതാണ്. കണ്ടപ്പോൾ എന്തെങ്കിലും തരണമെന്ന് തോന്നി."
ശബാന താൻ അറിഞ്ഞുകൊണ്ട് ചെയ്തല്ലെന്നു വരുത്തിതീർക്കാൻ ശ്രമിച്ചു.
"ഉം പിന്നെ എനിക്കറിഞ്ഞുകൂടെ... ഞാൻ ഇന്നലെ ചോക്ലേറ്റ് തന്നതിന് പകരം വീട്ടിയതാണെന്ന്. എന്തായാലും എനിക്കിഷ്ടമായി. ഒരുപാട് നാളായി ഇത് കഴിച്ചിട്ട്."
അവൻ പറഞ്ഞു.
"നിന്റെ പുതിയ ചുരിദാർ നന്നായിട്ടുണ്ട്. കളറിനെക്കുറിച്ച് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ... ഇതും അറിയാതെ സംഭവിച്ചുപോയതാണോ?"
അവൻ ഒളികണ്ണിട്ട് അവളെ നോക്കി.
"ഒന്ന് പോ സമദ്."
ശബാനയ്ക്ക് ഇപ്പോഴും ആ പഴയ മൊഞ്ചുണ്ട്. നുണക്കുഴി വിടരുന്ന തുടുത്തകവിളുകളും, നിഷ്കളങ്കത നിറഞ്ഞ വിടർന്ന കണ്ണുകളും, ചുരുണ്ട മുടിയുമെല്ലാം പഴയതുപോലെതന്നെയുണ്ട്. അവൾ അന്നും ഇന്നും സുന്ദരിതന്നെ. കാലം അവളുടെ ഭംഗിക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. സമദ് മനസ്സിലോർത്തു.
"എന്താ എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നെ?"
അവൾ ചോദിച്ചു.
"ഏയ് വെറുതെ.... നിന്റെ ഭംഗി കൂടിയതല്ലാതെ കുറഞ്ഞില്ലല്ലോ എന്നോർത്ത് അസൂയകൊണ്ടതാണ്."
അവൻ ചിരിച്ചു. അവളും.
"ങ്ഹാ പിന്നെയെ ഒരു വിശേഷമുണ്ട്. ഞാൻ ഇനി വിദേശത്തേയ്ക്ക് മടങ്ങിപ്പോകുന്നില്ല. ഇവിടെ ചെറിയൊരു മൊബൈൽ ഷോപ്പ് തുടങ്ങാനാണ് തീരുമാനം. ഇവിടെയെന്നുപറഞ്ഞാൽ ഈ കോളേജുപടിക്കൽ തന്നെ. എന്താ കൊള്ളാമോ? എന്താണ് നിന്റെ അഭിപ്രായം."
"സത്യമാണോ നീ പറഞ്ഞത്... ആണെങ്കിൽ അടിപൊളിയായിരിക്കും."
അവൾ വിശ്വാസം വരാത്തതുപോലെ മിഴികളുയർത്തി അവനെ നോക്കി.
"പിന്നെ സത്യമല്ലാതെ... തന്നോട് ഞാൻ വെറുംവാക്ക് പറയുമോടോ?"
അവൻ അവളുടെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി.
ഒരാഴ്ചക്കുള്ളിൽ തന്നെ സമദ് മൊബൈൽ ഷോപ്പ് ഉൽഘാടനം ചെയ്തു. ഈ സമയം കൊണ്ടുതന്നെ ശബാന അവനുമായി പഴയതുപോലെ വീണ്ടും സ്നേഹത്തിലായി. കൂടുതൽ സമയം അവൾ സമദുമായി പങ്കിടാൻ ആഗ്രഹിച്ചു. രാവിലെയും, വൈകിട്ടും, ഇടവേളകളിലും, ക്ലാസ് കട്ട് ചെയ്തുമൊക്കെ അവൾ അവനുമായി കണ്ടുമുട്ടി സംസാരിച്ചു. ഉച്ചസമയങ്ങളിൽ ശബാന കോളേജിൽ നിന്നിറങ്ങിവരുന്ന സമയം നോക്കി അവനും കടയിൽ നിന്നിറങ്ങി അവളോടൊപ്പം കൂടിച്ചേർന്നുകൊണ്ട് സമയം ചിലവഴിച്ചു.
സമദ് വീണ്ടും തന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്തോടെ താനൊരു വർണ്ണശലഭമായി മാറുന്നതുപോലെ ശബാനയ്ക്ക് തോന്നി. ഒരുകാലത്ത് തനിക്ക് നഷ്ടമായതൊക്കെയും ആണ് ഇപ്പോൾ സമദിലൂടെ ഇരട്ടിയായി തിരിച്ചുകിട്ടുന്നത്.
ജീവിതം പലപ്പോഴും ഒരു വസന്തത്തെപ്പോലെയാണ്. ആ വസന്തത്തെ വരവേൽക്കാനായി ഒരുങ്ങിനിൽക്കുന്ന ചെടികളാണ് മനുഷ്യർ. സമയമാകുമ്പോൾ അത് തളിർക്കുകയും, പൂക്കുകയും, കായ്‌ക്കുകയുമൊക്കെ ചെയ്യുന്നു. ദൈവത്തിന്റെ വികൃതികൾ.
സമദിനെ അള്ളാഹുവാണ് തന്നിലേയ്ക്ക് മടക്കിയെത്തിച്ചതെന്ന് ശബാന കരുതി. അവൾ തന്റെ സ്നേഹമപ്പാടെയും അവന് പകർന്നുനൽകാനായി മനസ്സുകൊണ്ട് കൊതിച്ചു. ക്ലാസുകളിലോ, പഠനത്തിലോ, കൂട്ടുകാരിലോ, ഒന്നുംതന്നെ ശബാന ശ്രദ്ധ വെച്ചില്ല. ആ കാര്യങ്ങളിലൊക്കെയും അവൾ അജ്ഞയായിമാറിക്കൊണ്ടിരുന്നു. അതിൽ അവൾക്ക് ഒട്ടുംതന്നെ കുറ്റബോധം തോന്നിയില്ല.
ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയി. മഴ മാറി വേനൽ വന്നു. മഞ്ഞുപെയ്യുന്ന രാവുകളിൽ മഞ്ഞുതുള്ളികളേറ്റ് പൂക്കളും, ചെടികളുമൊക്കെ കുളിരണിയുമ്പോൾ ശബാനയും തന്റെ പ്രിയനെയോർത്ത് കുളിരുകൊണ്ടു. അവളുടെ മനസ്സിലും ഒരു മഞ്ഞുകാലം പെയ്തിറങ്ങുകയായിരുന്നു. വർഷം വേനലിനു വഴിമാറിക്കൊടുക്കുന്ന ആ വസന്തകാലത്ത് സമദും, ശബാനയും കൂടുതൽ അടുത്തു. മനസ്സുകൾ പരസ്പരം അറിഞ്ഞു. മറ്റുള്ളവർ അറിയാതെ പലപ്പോഴും അവർ ഒരുമിച്ചുചേർന്നു. ഷെമിമോൾ മെല്ലെ നടക്കുകയും, സംസാരിക്കുകയുമൊക്കെ ചെയ്തുതുടങ്ങി. ദിവസങ്ങൾ പിന്നെയും കടന്നുപോയി.
ഷമീറിനെയും, ഷെമിമോളെയും പോലെതന്നെ അല്ലെങ്കിൽ അതിനേക്കാളുപരി തനിക്ക് ഒഴിവാക്കാൻ അകറ്റിനിറുത്താൻ കഴിയാത്ത ഒന്നാണ് സമദിന്റെ സമീപ്യവും, സ്നേഹവുമെന്ന് ശബാന തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിനെ അവൾ മനസ്സിൽ ഉറപ്പിച്ചുവെച്ചു. ഒരുനിമിഷം ഷമീറിന്റെ സ്ഥാനം തന്റെ ജീവിതത്തിൽ എന്താണെന്ന് അവൾ തന്റെ മനസാക്ഷിയോടുതന്നെ ചോദിച്ചു നോക്കി. പ്രത്യേകിച്ച് ഒരുസ്ഥാനവും കല്പിച്ചുകൊടുക്കാനാവുന്നില്ല. തന്റെ കഴുത്തിൽ മഹർ അണിയിച്ച ആൾ, തന്റെ കുഞ്ഞിന്റെ ബാപ്പ... അതിലുപരി എന്തുസ്ഥാനം. പക്ഷേ, അതല്ലേ ഏറ്റവും വലിയ സ്ഥാനം. അതെ, അങ്ങനാണ് കേൾക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളത്. പക്ഷേ, തനിക്ക് അങ്ങനെ കരുതാനാവുന്നില്ല. വെറും ഭർത്താവ്, മകളുടെ പിതാവ് ഷമീറിനെ അങ്ങനെയൊക്കെ കാണാനേ തനിക്ക് കഴിയുന്നുള്ളൂ. എന്നുമുതലാണ് തനിക്ക് വീണ്ടും ഇങ്ങനെ തോന്നിത്തുടങ്ങിയത്?
ഷമീർ തന്നെ നിഖാഹ് കഴിച്ച പുരുഷനാണ്. തന്നിലെ സ്ത്രീത്വത്തെ ഉണർത്തിയവൻ. തനിക്കൊരു മകളെ തന്നുകൊണ്ട് തന്നിലെ മാതൃത്വത്തെ ഉണർത്തിയവനാണ്. താനൊരു പുരുഷനെ അറിഞ്ഞത് അവനിലൂടെയാണ്. എല്ലാം ശരിതന്നെ. എന്നുകരുതി ആ മനുഷ്യനെ മാത്രം സ്നേഹിച്ചുകൊള്ളണം എന്നുണ്ടോ? അവൾ ചിന്തിച്ചു.
ദിവസങ്ങൾ കടന്നുപോകാവേ ശബാന ആളാകെ മാറി. യാതൊരു കാരണവും കൂടാതെ അവൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഷമീറിനോട് ദേഷ്യപ്പെടാനും കയർത്തു സംസാരിക്കാനും തുടങ്ങി. ഒരു ഞായറാഴ്ചദിവസം ശാബാന ഡ്രസ്സുകൾ തേയ്ക്കുകയായിരുന്നു. ഷെമിമോൾ ഷമീറിനോപ്പം കട്ടിലിൽ ഇരുന്നുകൊണ്ട് കളിക്കുകയാണ്. ഈ സമയം ഷമീറിനെ ആരോ കാണാൻ വന്നു. അവൻ ശബാനയോടു വിവരം പറഞ്ഞിട്ട് പെട്ടന്ന് മുറിവിട്ട് പുറത്തേക്കിറങ്ങി പോയി. ഈ സമയം മോള് കട്ടിലിൽ നിന്നും താഴെ വീണുകരയാൻ തുടങ്ങി. അതുകണ്ട് ശബാനയുടെ മുഖം കറുത്തു. കുഞ്ഞിനെ എടുത്ത് ആശ്വസിപ്പിച്ചുകൊണ്ട് അവൾ വായിൽതോന്നിയതൊക്കെയും വിളിച്ചുപറഞ്ഞു.
"കുഞ്ഞ് ഒരാളുടെ മാത്രമാണോ.... എല്ലാരുംകൂടി നോക്കിയാലല്ലേ അതിനെ വളർത്തിയെടുക്കാനാവൂ... ഞാൻ വന്നപ്പോൾ കൊണ്ടുവന്നതൊന്നുമല്ലല്ലോ ഇങ്ങനെ കാണിക്കാൻ."
"അതിനിപ്പോൾ എന്തുണ്ടായി... ഞാൻ എന്തുചെയ്തില്ലെന്നാണ്?"
അവിടേയ്ക്ക് തിരികെയെത്തിയ ഷമീർ നിസ്സഹായതയോടെ ചോദിച്ചു.
"ഞാൻ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടില്ലായിരുന്നോ. ഞാൻ വന്നിട്ട് നിങ്ങൾക്ക് പോകാരുന്നല്ലോ... കുഞ്ഞിനേക്കാൾ പ്രധാനം കൂട്ടുകാരാണല്ലോ."
അവൾ ശബ്ദമുയർത്തി. അവളുടെ മുഖം ചുവന്നുതുടുത്തു.
"അതുപിന്നെ ഞാൻ..."
"വേണ്ട... ഒന്നും പറയണ്ട. നിങ്ങൾക്ക് ഒന്നിനും കഴിയില്ലെന്ന് പറഞ്ഞാൽ മതിയല്ലോ."
കുഞ്ഞിനെ ആശ്വസിപ്പിച്ച് തോളിൽ കിടത്തിക്കൊണ്ട് അവൾ മുഖം വെട്ടിത്തിരിച്ചുകൊണ്ട് മുറിവിട്ട് നടന്നുപോയി.
തുടരും....
ഭാഗം - 7
ഏതാനും സമയം ഷമീർ നിശബ്ദനായി കസേരയിൽ അങ്ങനെയിരുന്നു. അതുകഴിഞ്ഞു മെല്ലെ എഴുന്നേറ്റു ഇടനാഴിയിലേയ്ക്ക് ചെന്നു. അവിടെ ഇരുന്നുകൊണ്ട് ശബാന കുഞ്ഞിനെ കളിപ്പിക്കുകയാണ്. ഒരു നിമിഷം അവൻ അത് നോക്കിനിന്നു. എന്നിട്ട് ഒന്നും പറയാതെ വീണ്ടും ബെഡ്റൂമിലേയ്ക്ക് തിരികെ നടന്നു. എന്നിട്ട് പഴയതുപോലെ കസേരയിൽ ചാരി കൈ നെറ്റിയിലൂന്നി അങ്ങനെയിരുന്നു.
"ഇനിയിപ്പോൾ മോളേ നോക്കാൻ ഒരു വേലക്കാരിയെ വെക്കാം."
റൂമിലേയ്ക്ക് കടന്നുവന്നുകൊണ്ട് ശബാന ഷമീർ കേൾക്കാനായി പറഞ്ഞു.
"അതെന്തിനാ?"
ഷമീർ മുഖമുയർത്തിക്കൊണ്ട് ചോദിച്ചു.
"ഇന്നത്തെപ്പോലെ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ. എല്ലായിടത്തും എപ്പോഴും എന്റെ കൈ എത്തണമെന്നില്ലല്ലോ... ബാപ്പയെയും ഉമ്മയെയും ബുദ്ധിമുട്ടിക്കാനും ആവില്ല. അപ്പോൾ പിന്നെ..."
വാശി തീർക്കാണെന്നതുപോലെ ശബാന പറഞ്ഞു.
"ഓ നീ ഇപ്പോഴും അതിന്റെ പിന്നിൽ കടിച്ചുതൂങ്ങുകയാണോ?"
സഹികെട്ടിട്ടെന്നവണ്ണം ഷമീർ ചോദിച്ചു.
"ഞാൻ പറഞ്ഞതാണോ കുറ്റം... നിങ്ങൾ കാണിക്കുന്നതിനു കുറ്റം ഇല്ലല്ലോ. എല്ലാരുംകൂടി നോക്കിയാലെ കുട്ടികളെ വളർത്തിയെടുക്കാനാവൂ... ഷെമിമോളെ പ്രസവിച്ചത് ഞാനാണല്ലോ അല്ലെ. അപ്പോൾ പിന്നെ?"
എല്ലാത്തിന്റെയും അവസാനമേന്നോണം മറുപടി പറഞ്ഞിട്ട് തറപ്പിച്ചുനോക്കി അവൾ മുറിവിട്ടുപോയി.
ഷമീർ ഒന്നും പറഞ്ഞില്ല. അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുവന്നു. അവൻ അത് തുണികൊണ്ട് തുടച്ചുനീക്കി. ആരും അത് കണ്ടില്ലെന്നുമാത്രം.
ഏതാനുംമാസം കൂടി കടന്നുപോയി. അധ്യായനവർഷം അവസാനിക്കാറായിരിക്കുന്നു. അവസാനഘട്ട റിവിഷനിലാണ് എല്ലാവരും.
പതിവുപോലെ അന്നും ശബാനയും സമദും കണ്ടുമുട്ടി.
"കോളേജുവിട്ടാൽ പിന്നെ എന്താ ശബാനയുടെ പ്ലാൻ?"
സമദ് ചോദിച്ചു.
"ഒന്നും തീരുമാനിച്ചിട്ടില്ല... ജോലിക്ക് ശ്രമിക്കണം. കിട്ടിയാൽ പോണം. അത്രയുമേ ഇപ്പോൾ പറയാനാവൂ..."
"പിന്നെ കോളേജുവിട്ടാൽ സമദിനെ കാണാൻ പറ്റാതാവും. തൽക്കാലം അതൊന്നും ഇപ്പോൾ നമുക്ക് ആലോചിക്കേണ്ട. ഉള്ള സന്തോഷം കൂടെ ഇല്ലാതാവും."
അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"ആ പിന്നെയെ ഈ വരുന്ന ആഴ്ച ഷെമിമോളുടെ ജന്മദിനമാണ്. വലിയ പ്രോഗ്രാമൊന്നുമില്ല. എന്നാലും സമദ് വരണം."
"അത് വേണോ... ഞാൻ എന്തുപറഞ്ഞാണ് അവിടെ വരിക?"
"തീർച്ചയായും വരണം. ഈ നാട്ടിലുള്ള എന്റെ ഏക സുഹൃത്താണെന്നും ... സഹപാടിയാണെന്നും ഞാൻ എല്ലാരോടും പറയും."
ഓരോ ദിവസവും കടന്നുപോകുംതോറും തന്റെ മനസ്സ് വല്ലാതെ ആസ്വസ്തമാകുന്നത് ഷമീർ അറിഞ്ഞു. ശബാന പലപ്പോഴും തന്നെ മനപ്പൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുന്നതുപോലെ ഒരു തോന്നൽ. ചില സമയങ്ങളിൽ അവളുടെ വാശിയും, ദേഷ്യവും, സംസാരവുമൊക്കെ തന്നെ മനഃപൂർവ്വം വേദനിപ്പിക്കാൻ വേണ്ടിയാണെന്നൊരു തോന്നൽ. എങ്കിലും എല്ലാം സഹിച്ചുകൊണ്ട് അവൻ മുന്നോട്ടുപോയി.
ഷെമിമോളുടെ ജന്മദിനം വന്നെത്തി. ഒരു ഞായറാഴ്ച ദിവസമായിരുന്നു അത്. എല്ലാവർക്കുമുള്ള പുത്തനുടുപ്പുകൾ ശബാനയും ഷമീറും കൂടി വാങ്ങിക്കൊണ്ടുവന്നു. കൂട്ടത്തിൽ ഏതാനും ബലൂണുകളും, തോരണങ്ങളും, മോളുടെ പേരെഴുതിയ ബെർത്ഡേ കേക്കും ഉണ്ടായിരുന്നു. ഷമീറും കുടുംബാംഗങ്ങളും ചേർന്ന് അതൊക്കെയും വീട്ടിൽ അലങ്കരിച്ചു. ഉച്ചയോടുകൂടി ശബാനയുടെ ബാപ്പയും, ഉമ്മയും വന്നെത്തി. ഒപ്പം ഷമീറിന്റെ ഏതാനും അടുത്ത സുഹൃത്തുക്കളും വന്നുചേർന്നു. ഈ സമയം ഫോണിൽ വിളിച്ച് ശബാന ഒരിക്കൽക്കൂടി സമദിനെ ബർത്ത്‌ഡേയുടെ കാര്യം ഓർമിപ്പിച്ചു. എല്ലാവരെയും, സ്വീകരിക്കാനും, വിരുന്നൂട്ടാനുമൊക്കെ ശബാന മുന്നിട്ടുനിന്നു. അവൾ ഇന്ന് വളരെയേറെ സന്തോഷത്തിലാണെന്നു ഷമീറിന് തോന്നി.
ഒരുമണിയോടുകൂടി സമദ് എത്തി. ബൈക്ക് ഗെയിറ്റ് കടന്നപ്പോഴേ ശബാന മുറ്റത്ത് ഓടിയെത്തി. അവൾ തന്നെ അവനെ കൈ കൊടുത്തു സ്വീകരിച്ചു. ബ്ലൂ കളർ ജീൻസും, ചെക്ക് ഷർട്ടുമായിരുന്നു സമദിന്റെ വേഷം. അവന്റെ കൈയിൽ ഷെമിമോൾക്കുള്ള ബർത്ത്‌ഡേ ഗിഫ്റ്റ് ഉണ്ടായിരുന്നു.
വളരെയധികം ആവേശത്തോടെ ശബാന അവനെ അകത്തേയ്ക്ക് ക്ഷണിക്കുകയും മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തുകയും ചെറുത്തു.
"ഇതെന്റെ സുഹൃത്താണ്. ഞങ്ങൾ ഒരുമിച്ചാണ് ഡിഗ്രിക്ക് പഠിച്ചത്. പേര് സമദ്. ഇപ്പോൾ കോളേജിനടുത്ത് മൊബൈൽ ഷോപ്പ് നടത്തുന്നു."
സമദ് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. എന്നിട്ട് സോഫയിൽ ഇരുന്നു. ശബാബ അവന് ജ്യൂസ് കൊണ്ടുവന്നുകൊടുത്തു. അത് കുടിച്ചുകഴിഞ്ഞപ്പോൾ അവൾ എല്ലാവരോടുമായി പറഞ്ഞു.
"ഇനി നമുക്ക് കേക്ക് മുറിക്കാം."
ഷമീറിന്റെ മാതാപിതാക്കളും, ശബാനയുടെ മാതാപിതാക്കളും, ഷമീറിന്റെ സുഹൃത്തുക്കളും, സമദും ഒക്കെ ടേബിളിന് ചുറ്റും നിന്നുകൊണ്ട് ഹാപ്പിബർത്ത്ഡേ പറഞ്ഞു. ഷമീറും ശബാനയും ചേർന്ന് ഷെമിമോളുടെ കൈ പിടിച്ച് കേക്ക് മുറിച്ചു. ഷെമിമോൾ സന്തോഷത്തോടെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. സമദ് ഇതെല്ലാം മൊബൈലിൽ ഒപ്പിയെടുത്തു. ഷെമിമോൾ കേക്കെടുത്ത് ഷമീറിനും, ഷബാനയ്ക്കും കൊടുത്തു. ഷമീർ എല്ലാവർക്കും കേക്ക് എടുത്തുകൊടുത്തു. ശബാന ഈ സമയം കേക്കെടുത്ത് സമദിന് കൊടുത്തു. അതിനുശേഷം സമദ് കേക്കെടുത്ത് ഷെമിമോൾക്ക് കൊടുത്തു. ഇതുകണ്ടുകൊണ്ടുനിന്ന ഷമീറിന് എന്തൊക്കെയോ അസ്വസ്ഥത തോന്നി. തുടർന്ന് എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു. ശബാന ആദ്യം മോളുടെ പ്ളേറ്റിലും, പിന്നെ സമദിന്റെ പ്ളേറ്റിലും ബിരിയാണി വിളമ്പി. ഇതൊക്കെക്കണ്ടുകൊണ്ട് ആസ്വസ്ഥനായി ഷമീർ ഇരുന്നു.
ഭക്ഷണം കഴിഞ്ഞ് എല്ലാവരോടും യത്രപറഞ്ഞു സമദ് മടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ ശബാനയുടെ മാതാപിതാക്കളും മടങ്ങി. ഷമീറിന്റെ സുഹൃത്തുക്കൾ അതിനുമുൻപ് പോയിരുന്നു. ശബാന ഒരുപാട് സന്തോഷിച്ച ഷെമിമോളുടെ ജന്മദിനം അങ്ങനെ കഴിഞ്ഞു.
ഷെമിമോളുടെ ജന്മദിനത്തിൽ പങ്കെടുക്കാനെത്തിയ സമദിനെ ഷമീറിന് ഒട്ടും ഇഷ്ടമായില്ല. അതെന്തുകൊണ്ടാണെന്ന് അവന് എത്രയാലോചിച്ചിട്ടും മനസ്സിലായതുമില്ല. ശബാനയും സമദും അതിരുവിട്ട് ഇടപഴകുന്നതുപോലൊരു തോന്നൽ. പലപ്പോഴും രാത്രികളിൽ ശബാന ആരുമായോ ചാറ്റ് ചെയ്യുന്നത് അവൻ കണ്ടിരുന്നു. സമദ് ഗൾഫിൽ നിന്നും ജോലി മതിയാക്കി നാട്ടിലെത്തി കോളേജിനടുത്ത് കട തുടങ്ങിയതുമുതലാണ് ശബാന തന്നിൽനിന്നും കൂടുതൽ അകലാൻ തുടങ്ങിയതെന്ന് ഷമീർ മനസ്സിലോർത്തു. വീട്ടിലിരുന്നിട്ട് വല്ലാത്ത അസ്വസ്ഥത തോന്നിയപ്പോൾ അവൻ കാറുമെടുത്ത് പുറത്തേയ്ക്ക് പോയി.
"എന്താ ഷമീർ മോളുടെ ജന്മദിനമായിട്ട് നീ ഇന്ന് ഒരു ഉന്മേഷവുമില്ലാതെ?"
വൈകിട്ട് പുറത്തുവെച്ചു കണ്ടപ്പോൾ കാറിൽ ചാരിയിരുന്നുകൊണ്ട് ആസ്വസ്ഥതയോടെ തലമുടിയിൽ കൈവിരലുകൾ കൊരുത്തുവലിച്ചുകൊണ്ടിരുന്ന ഷമീറിനെ നോക്കി സുഹൃത്ത് 'ജയമോഹൻ' ചോദിച്ചു.
"ഏയ് ഒന്നുമില്ല. രാവിലെ തുടങ്ങിയ തിരക്കല്ലേ. വല്ലാത്ത ക്ഷീണം. നമുക്ക് ടൗണിൽ പോയി ഓരോന്നു വീശിയാലോ? ചെറുതൊരെണ്ണം കഴിക്കാൻ ആഗ്രഹം."
"അതെന്താ പതിവില്ലാത്തൊരു തോന്നൽ... നിർബന്ധിച്ചാൽ പോലും അങ്ങനൊരു ശീലം ഇല്ലാത്തതാണല്ലോ നിനക്ക്. നീ കഴിക്കുമോ?"
"ഒന്നുരണ്ടുവട്ടം കഴിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞതോടെ അത് നിറുത്തി."
"പിന്നെ ഇപ്പോഴെന്താ... പെട്ടെന്നൊരു മാറ്റം?"
"എന്താണെന്നറിയില്ല... ഇന്നൊരാഗ്രഹം. മോളുടെ ജന്മദിനമല്ലേ... അതിന്റെ സന്തോഷമാവും."
"ആണോ... ആഗ്രഹം തോന്നിയാൽ പിന്നെ അത് നിറവേറ്റാതിരിക്കുന്നത് എങ്ങനാ... പ്രത്യേകിച്ചും ഈ കാര്യത്തിൽ."
ജയമോഹൻ പുഞ്ചിരിയോടെ പറഞ്ഞു.
"എങ്കിൽ നമുക്ക് നേരെ ടൗണിലേയ്ക്ക് വിടാം."
സ്ഥിരം മദ്യപാനത്തിന് ഒരു കൂട്ട് കിട്ടിയ സന്തോഷത്തോടെ ജയമോഹൻ പറഞ്ഞു.
ഇരുവരും കാറിൽ നേരെ ടൗണിലേയ്ക്ക് തിരിച്ചു. കാറു നീങ്ങിതുടങ്ങിയപ്പോൾ സീറ്റിൽ ചാരിയിരുന്നുകൊണ്ട് ഷമീർ ശബാനയെക്കുറിച്ചോർത്തു. അവൾ കാണിക്കുന്ന അകൽച്ച അവനെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.
ഒരുവന് തന്റെ എല്ലാശീലങ്ങളും ഉൾക്കൊണ്ടുകൊണ്ട് പരസ്പരം സ്നേഹിച്ചു മുന്നോട്ടുപോകാൻ കഴിയുന്ന മറ്റൊരാളെ കണ്ടെത്തുക എന്നത് അപൂർവ്വമായേ സംഭവിക്കാറുള്ളൂ. അങ്ങനെയൊരാളെ കണ്ടെത്തിയാൽ അതുവരെ ഇഷ്ടപ്പെട്ടിരുന്നതിനെയൊക്കെയും വലിച്ചെറിഞ്ഞുകൊണ്ട് ഇഷ്ടപ്പെട്ടതിന്റെ പിന്നാലെ പോകുന്നതാണ് സമൂഹത്തിൽ സാധാരണം. അവസരത്തിനൊത്തു മാറാൻ കഴിയുന്നതാണല്ലോ മനുഷ്യമനസ്സ്. ധൈവം അങ്ങനെയാണ് മനുഷ്യനെ പടച്ചിരിക്കുന്നതും.
സമദെന്ന പഴയ സുഹൃത്തിനെ കണ്ടുമുട്ടിയതുകൊണ്ടാവാം ശബാന തന്നോട് അകൽച്ച കാണിക്കുന്നത്. തൽക്കാലം താൻ മനസ്സിലാക്കിയതൊന്നും അവൾ അറിയണ്ട. ഷമീർ മനസ്സിൽ തീരുമാനിച്ചു. അവന്റെയുള്ളിൽ നിന്നും ഒരു ദീർഘനിശ്വാസം ഉതിർന്നു.
തുടരും...
ഭാഗം - 8
ടൗണിൽ കടന്നു ജയമോഹന്റെ കാർ വലതുവശത്തേയ്ക്ക് തിരിഞ്ഞു. കുറച്ചുദൂരം മുന്നോട്ടുപോയിട്ട് ബാർ എന്ന ബോർഡിനുമുന്നിലായി പാർക്കിംഗ് ഏരിയയിൽ കാർ നിറുത്തി. ഇരുവരും ഇറങ്ങി. ജയമോഹന്റെ പിന്നാലെ ചുറ്റും പരിചയക്കാർ ആരെങ്കിലും കാണുന്നുണ്ടോ എന്ന് പരിഭ്രമിച്ചുകൊണ്ട് ഷമീർ സ്റ്റെപ്പുകൾ കയറി മുകളിലത്തെ നിലയിലേയ്ക്ക് നടന്നു. ജയമോഹനാണ് എല്ലാത്തിനും ഓർഡർ കൊടുത്തത്. ഷമീർ രണ്ട് പെഗ്ഗ് ബ്രാണ്ടി കുടിച്ചു. ജയമോഹൻ അത് നാലു പെഗ്ഗ് വരെയാക്കി.
"എടോ നമ്മൾ ഈ കൊണ്ടാക്ടറന്മാർ വല്ല്യ അഭിമാനികളാണല്ലേ... എപ്പോഴും അഭിമാനം നോക്കണം. അതുകൊണ്ട് എന്താ കാര്യം? വല്ലവന്റേം മുഖസ്തുതി കിട്ടിയിട്ടെന്താ കാര്യം... കുറച്ചു പേര് കിട്ടും. അല്ലാതെന്താ. ജീവിതം സുഖിക്കാനുള്ളതാണെടോ."
ജയമോഹൻ ഒച്ച കൂട്ടിയും കുറച്ചും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു. അവന്റെ നാവുകൾ കുഴഞ്ഞുതുടങ്ങിയിരിക്കുന്നു. ഈ സമയം ബില്ലുമായി ബെയറർ എത്തി.
"സാറേ ബില്ല്..."
"ഹലോ ബെയറർ... ഇത് ഷമീർ, എന്റെ സുഹൃത്താണ്. ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഒന്ന് നോക്കിവെച്ചോളൂ... ഞാനില്ലാത്തപ്പോൾ ഇവിടേയ്ക്ക് വരണമെന്ന് തോന്നിയാൽ വരും. വേണ്ടതുപോലെ എല്ലാം ചെയ്തേക്കാണം. മനസ്സിലായോ?"
വെളുത്തുമെലിഞ്ഞ സുന്ദരനായ യൂണിഫോം ധരിച്ച ആ യുവാവിനെ നോക്കി ജയമോഹൻ പറഞ്ഞു.
"അതിനെന്താ... ഞാൻ നോക്കിക്കോളാം. ഇവിടെ വരുമ്പോൾ എന്നെ അന്വേഷിച്ചാൽ മതി. പേര് ഒന്ന് പറഞ്ഞുകൊടുത്തേക്ക്."
പുതിയൊരു ഇരയെ കിട്ടിയ സന്തോഷത്തോടെ അവൻ പറഞ്ഞു. ജയമോഹൻ പണം നൽകി. സ്റ്റെപ്പിറങ്ങി ഇരുവരും കാറിനരികിലെത്തി.
"ഷമീർ ഒരുപാട് നാളുകൂടിയിട്ട് കഴിച്ചതല്ലേ? നിനക്ക് പ്രശ്നം ഒന്നുമില്ലല്ലോ? വണ്ടി ഓടിക്കാല്ലോ അല്ലെ?"
മുഖം ചുളിച്ചുകൊണ്ട് ജയമോഹൻ അവനെ നോക്കി.
"ഏയ് എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ ഓടിച്ചോളാം."
പറഞ്ഞിട്ട് അവൻ അകത്തുകടന്നിരുന്നു കാർ സ്റ്റാർട്ടാക്കി. ജയമോഹൻ കയറി. കാർ മുന്നോട്ടു നീങ്ങി.
ഒരു ഞായറാഴ്ചകൂടി കടന്നുപോകാനൊരുങ്ങുകയാണ്. മാലിന്യം മണക്കുന്ന കറ്റേറ്റ്, ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പൽ കേട്ട്, ജോലികഴിഞ്ഞുപോകുന്ന മനുഷ്യരുടെ കലമ്പൽ കേട്ട്, തട്ടുകടയിൽ നിന്നുയിരുന്ന ഭക്ഷണത്തിന്റെ ഗന്ധമേറ്റ് മടുപ്പകറ്റാനായി എല്ലാരും വീടണയാനായി പരക്കം പായുകയാണ്. അവർക്കെല്ലാം വീട്ടിലെത്തിയാൽ ഭക്ഷണം കഴിച്ച് കിടന്നുറങ്ങാനാകും.
പക്ഷേ, തനിക്കോ... എത്രയുംവേഗം കാറോഡിച്ചു വീട്ടിലെത്തണം ഭക്ഷണം കഴിക്കണം. ആരോടും ഒന്നും പറയാതെ ആരെയും ഒന്നുമറിയിക്കാതെ കിടന്നുറങ്ങണം. ഇതാണ് ഷമീറിന്റെ ആഗ്രഹം. തനിക്ക് അതിന് കഴിയുമോ അവൻ ചിന്തിച്ചു.
അന്നു പതിവിലധികം ചൂടായിരുന്നു വെയിലിന്. മണ്ണും മരങ്ങളും പൊള്ളിപ്പിടഞ്ഞു. മണ്ണിന്റെ മാറ് വിണ്ടുകീറി. അതിൽ ചവിട്ടിക്കൊണ്ട് ശബാനയും, സമദും നടന്നു. സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു. കോളേജു ഗ്രൗണ്ടിൽ ആരും എത്തിയിട്ടില്ല. ഫുട്ബോളും, ബോളീബോളുമൊക്കെ കളിക്കാനായി സ്ഥിരം ആളുകൾ എത്തിച്ചേരുന്നതേയുള്ളൂ. കോളേജുമുറ്റത്തെ വാകമരങ്ങൾക്ക് ചുവട്ടിൽ മാത്രം ഏതാനുംപേര് സംസാരിച്ചു നിൽക്കുന്നുണ്ട്. ചൂടിന് അശ്വാസം പകർന്നുകൊണ്ട് ഇടയ്ക്കൊക്കെ വീശാറുള്ള ഇളംകാറ്റ് മെല്ലെ വീശി. ശബാനയുടെ കൈയിൽ പിടിച്ചുകൊണ്ട് സമദ് അമർത്തി ചുംബിച്ചു. എന്നിട്ട് ആ കൈ നെഞ്ചോടുചേർത്തു മുറുക്കെപിടിച്ചു. ശബാനയ്ക്ക് കൈ വലിച്ചെടുക്കാനായില്ല. ഏതാനും നിമിഷത്തെ അവന്റെ ഹൃദയമിടിപ്പുകൾ ശബാനയുടെ കൈയിൽ പതിഞ്ഞു. അവൻ കൈയിലെ പിടി മെല്ലെ വിട്ടു.
"എന്താ സമദ് ഇത്... ആരെങ്കിലും കാണില്ലേ?"
"ശബാന ഞാനൊന്നു പറയട്ടെ?"
അവൻ അവളെ ഉറ്റുനോക്കി ചോദിച്ചു.
"ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്നെയും. പിന്നെ നമുക്ക് ഒരുമിച്ചാൽ എന്താ?"
ഭൂമി വട്ടം കറങ്ങുന്നതുപോലെ. ചുറ്റുമുള്ളതൊന്നും കാണുവാനും കേൾക്കുവാനും കഴിയുന്നില്ല. കാതിൽ ഒരു ഇരമ്പൽ മാത്രം. ഏതാനും കിളികൾ ദൂരെനിന്നും പറന്നുവന്നു മുന്നിലൂടെ കടന്നുപോയി. അതിൽ ചില കിളികൾ കൂടണയാനെന്നവണ്ണം അടുത്തുള്ള വലിയ മരത്തിലേയ്ക്ക് ചേക്കേറി.
"ഞാൻ കാര്യമാണ് പറഞ്ഞത്. ഷമീറിനെ സ്നേഹിക്കാൻ നിനക്ക് കഴിയുന്നില്ല. അവനോടൊപ്പം ഒരുമുറിയിൽ ഒരുമിച്ചുകിടക്കാൻ പോലും നിന്റെ മനസ്സ് അനുവദിക്കുന്നില്ല. പിന്നെ എങ്ങനെയോ ഒരു കുട്ടിയുണ്ടായി. അതൊക്കെ സ്വഭാവികം."
പറഞ്ഞിട്ട് സമദ് മറുപടിക്കായി അവളെ നോക്കി.
പിന്നെ അധികമൊന്നും കേൾക്കാനും, പറയാനും നിൽക്കാതെ ശബാന മുന്നോട്ടു നടന്നു. വേനലിന്റെ കാടിന്യയത്താൽ പൊള്ളിപ്പിടഞ്ഞ മണ്ണിന് അവളുടെ അമർത്തിയുള്ള ചവിട്ടുകൾ കൂടുതൽ വേദന പടർത്തി. എങ്ങനെയോ നടന്നു ഗെയ്‌റ്റിനരികിലെത്തി തുടർന്ന് പാർക്കിംഗ് ഏരിയയിലേയ്ക്ക് ചെന്നുകൊണ്ട് തന്റെ ആക്ടീവയിൽ കയറി സ്റ്റാർട്ട് ചെയ്തു ഓടിച്ചുപോയി.
ഒരു മെഴുകുതിരിപോലെ തന്റെ ശരീരം ഉരുകിയൊലിക്കുകയാണ്. ഹൃദയവേദനയുടെ ചൂടേറ്റ് അത് സ്വയം ഉരുക്കുകയാണ്. ഉരുകിയൊലിക്കുന്ന മെഴുകു പടർന്നിറങ്ങി തന്റെ രക്തയോട്ടം നിലയ്ക്കുന്നു. ശരീരം തളരുന്നു. കണ്ണിൽ ഇരുട്ട് കയറുന്നു. ശ്വാസം പിടയുന്നു. വണ്ടി പോർച്ചിൽ നിറുത്തിക്കൊണ്ട് അവൾ നിറകണ്ണുകൾ തുടച്ചു.
"ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്നെയും. നമുക്ക് ഒരുമിച്ചുകൂടെ?"
സമദിന്റെ യാഥാർഥ്യം നിറഞ്ഞ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. എങ്ങനെ സമദിന് ഇത് തന്നോട് പറയാൻ തോന്നി. താൻ ഒരു ഭാര്യയാണ്. ഒരമ്മയാണ്. അതൊക്കെയും അവൻ മറന്നു.
വണ്ടി സ്റ്റാൻഡിൽ വെച്ചിട്ട് അവൾ വീടിനുള്ളിലേയ്ക്ക് നടന്നു. ഉമ്മി വരുന്നതുകണ്ട് ഹാളിൽ കളിച്ചുകൊണ്ടിരുന്ന ഷെമിമോൾ അവിടേയ്ക്ക് ഓടിവന്നു.
"ഉമ്മി എന്താ ഇത്രനേരം വരാതിരുന്നേ?"
അവൾ ചുമരിലെ ക്ളോക്കിൽ നോക്കി. സമയം പതിവിലും വൈകിയിട്ടുണ്ട്.
"ഈയിടെയായി മോളെന്നും വൈകിയാണ് വരുന്നത്."
ഷമീറിന്റെ ഉമ്മാ പരിഭവം പോലെ പറഞ്ഞു.
"അതുപിന്നെ ഞാൻ..."
എന്തെങ്കിലും പറയാനാവാതെ അവൾ മുറിയിലേയ്ക്ക് നടന്നു. എന്നിട്ട് കട്ടിലിൽ ഇരുന്നുകൊണ്ട് തല കയ്യിൽ താങ്ങി കുമ്പിട്ടിരുന്നു കരഞ്ഞു.
ഒരു നല്ല ഭാര്യയ്ക്ക്, ഒരു നല്ല ഉമ്മയ്ക്ക് എങ്ങനെയാണ് മറ്റൊരാളുടെ കാമുകിയും ഭാര്യയും ആവാൻ കഴിയുക? സമദുമായി വീണ്ടും അടുത്തുപോയതാണ് തെറ്റ്. അതുകൊണ്ടാണല്ലോ അവൻ അങ്ങനെ പറഞ്ഞത്. ഇതിനുവേണ്ടിയാണോ അവൻ തന്നോട് അടുത്ത് പെരുമാറിയത്. പലപ്പോഴും താൻ അവന് പൂർണ്ണസ്വാതന്ത്ര്യം നൽകിയിരുന്നല്ലോ. ഒന്നും പാടില്ലായിരുന്നു. എല്ലാം തെറ്റായിപ്പോയി.
"എന്താ ഉമ്മിക്ക് പറ്റിയത്?"
ശബാനയുടെ കരഞ്ഞുകൊണ്ടുള്ള ഇരിപ്പുകണ്ട് ഷെമിമോൾ അടുത്തുവന്ന് ചോദിച്ചു.
അവൾ ഒന്നും മിണ്ടിയില്ല. മുഖത്ത് പുഞ്ചിരിവരുത്താൻ ശ്രമിച്ചുകൊണ്ട് അവളെ നോക്കിയിരുന്നു. ഷെമിമോൾ കുറച്ചുനേരം അവളെ നോക്കി നിന്നിട്ട് പുഞ്ചിരിയോടെ വീണ്ടും പുറത്തേയ്ക്ക് ഓടിപ്പോയി.
ഏതാനും ദിവസങ്ങളായി ഷമീർ മദ്യപിച്ചാണ് രാത്രി വീട്ടിലെത്തുന്നത്. ഷെമിമോളുടെ ജന്മദിനത്തിന്റെ അന്നുമുതൽക്കാണ് തന്റെ ഭർത്താവ് ഈ ദുശീലം ആവർത്തിക്കാൻ തുടങ്ങിയതെന്ന് അവൾ മനസ്സിലോർത്തു. അവന്റെ സംസാരവും മറ്റും വളരെ കുറഞ്ഞിരിക്കുന്നു. പലപ്പോഴും ശബാന അത് മറികടന്നുകൊണ്ട് അവനോട് മിണ്ടാനും ശ്രമിച്ചില്ല.
ഇന്നും പതിവുപോലെ ഷമീർ മദ്യപിച്ചുവന്നു കിടന്നതാണ്. ആഹാരം കഴിക്കുകയോ മിണ്ടുകയോ ചെയ്തില്ല. വന്നു വസ്ത്രം മാറി ഷെമിമോളെ നോക്കി കുറച്ചുനേരമിരുന്നു. പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തുകൊണ്ട് കിടന്നുറങ്ങി.
ചൂടണിഞ്ഞ ഒരു രാക്കാറ്റ് ജനാലയിലൂടെ കടന്നുവന്ന് അവളെ തഴുകി. എസിയുടെ കുളിർമ്മയുണ്ടായിട്ടും ആ കാറ്റ് തന്നെ വല്ലാതെ ചുട്ടുപൊള്ളിക്കുന്നതായി അവൾക്കു തോന്നി. വെന്തുപിടയുന്ന മനസ്സും, ശരീരവും കുളിരണിയുന്നതിനായി ജനാലകൾ തുറന്നിട്ടുകൊണ്ട് അവൾ ജനാലക്കരികിൽ ചെന്നുനിന്നു.
സമദ് പറഞ്ഞതൊക്കെയും അവളുടെ കാതിൽ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. അവൻ പറഞ്ഞതൊക്കെ ശരിയാണ്. അതുകൊണ്ടാണ് ഷമീറിനെ ഇത്രകാലമായിട്ടും ആത്മാർഥമായി സ്നേഹിക്കാൻ കഴിയാത്തതും. ഇത്രകാലമായിട്ടും ഷമീറിന്റെ ഒരു പുണരലോ, ചുംബനമോ ഒന്നും തന്നെ രോമാഞ്ചം കൊള്ളിക്കാത്തതും അതുകൊണ്ടാവണം. എന്നാൽ സമദ് എപ്പോഴൊക്കെയോ തന്റെ വികാരങ്ങളെ തൊട്ടുണർത്തിതതായി താൻ അറിഞ്ഞിട്ടുണ്ട്. അവനെ കാണാൻ മനസ്സ് ആഗ്രഹിച്ചിരുന്നതും സത്യമാണ്. രാത്രിയിൽ പലപ്പോഴും മനസ്സ് അവനൊപ്പം സ്വപ്നാടനം നടത്തിയതും സത്യമാണ്. ഇപ്പോൾ ഒരിക്കൽ നഷ്ടപ്പെട്ടുപോയ സ്നേഹത്തിന്റെ വിടവിലേയ്ക്കാണ് സമദ് തിരികെക്കയറിയിരിക്കുന്നത്. ആ സ്ഥലമാണ് അവൻ കയ്യടക്കിയത്. താൻ അറിയാതെയാണ് ഇതൊക്കെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമദ് നൽകിയ ചുംബനത്തിനായി തന്റെ മനസ്സ് വീണ്ടും കൊതിക്കുന്നതായി അവൾ തിരിച്ചറിഞ്ഞു. തന്റെ മനസ്സ് പാതിയും സമദിന് സ്വന്തമായിക്കഴിഞ്ഞിരിക്കുന്നു.
തുടരും...
ഭാഗം - 9
ഒരാഴ്ച ശബാന കോളേജിൽ പോയില്ല. സമദിനെ നേരിടാൻ അവൾക്കാകുമായിരുല്ല. അവന്റെ മുന്നിൽ തലയുയർത്തി ചെന്നുനിൽക്കാനാവില്ല. എന്ന തോന്നൽ അവളെ വല്ലാതെ ആസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. കോളേജിൽ പോകാത്തതിന് കാരണമായി നല്ല സുഖമില്ല എന്നതാണ് അവൾ ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞത്.
മഴമാറി വേനൽകടന്നുവന്നു. ജനുവരിയും കടന്നു ഫെബ്രുവരിയിലെത്തിനിന്നു. വസന്തം പ്രകൃതിയെ പുണർന്നുനിന്നു. മഞ്ഞുകണങ്ങൾ ആകാശത്തുനിന്നും പെയ്തിറങ്ങി. മരങ്ങളൊക്കെയും ഇലപൊഴിച്ചു പുതിയ തളിർപ്പിനായി കാത്തിരുന്നു. ആരാധനാലയങ്ങളിലൊക്കെയും പെരുന്നാളും, ഉത്സവവും കോടിയേറി.
ഏതാനും ദിവസം കഴിഞ്ഞപ്പോൾ മനസ്സുമാറി ശബാന വീണ്ടും കോളേജിൽ പോകാൻ തുടങ്ങി. സമദിന്റെ കടയ്ക്കുമുന്നിൽ വണ്ടി നിറുത്താനോ, അവിടെ ഇറങ്ങാനോ, അവനെ കാണാനോ അവൾ തയ്യാറായില്ല. ഏതാനും നാളുകൾകൂടി കഴിഞ്ഞാൽ ക്ലാസ് അവധിയാകും. അതുവരെ എങ്ങനെയും പിടിച്ചുനിന്നെ പറ്റൂ.
ആ വർഷത്തെ അവസാന അധ്യയന ദിനങ്ങളിൽ കുട്ടികൾ ഓരോരുത്തരായി കൂട്ടുകാർക്ക് ട്രീറ്റ് നടത്തി. ശബാനയുടെ വകയും വേണമെന്നവർ വാശിപിടിച്ചു. അതിനവർ തിരഞ്ഞെടുത്തത് സമദിന്റെ കടയുടെ അടുത്തുള്ള ബേക്കറിയും. പെൺകുട്ടികളുടെ ബഹളത്തിനിടയിൽ തന്നെനോക്കി സങ്കടമൂറിനിന്ന സമദിനെ അവൾ ശ്രദ്ധിച്ചു. അവന്റെ ആ ഭാവം, ആ നിശബ്ദത ശബാനയെ വല്ലാതെ വേദനിപ്പിച്ചു. ഒടുക്കം പാർട്ടികഴിഞ്ഞു പിരിയാൻ നേരം അവൾ അവന്റെ അടുക്കൽ ചെന്നുകൊണ്ട് ഇത്രദിവസവും മിണ്ടാതെ ഒഴിഞ്ഞുമാറി നടന്നതിന് സോറി പറഞ്ഞു. സമദിന്റെ മുഖത്ത് സന്തോഷം വിടരുന്നത് അവൾ കണ്ടു. കൂട്ടുകാരെ മറന്നുകൊണ്ട് അവൾ അവനെനോക്കി ചിരിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ കോളേജില്ലാത്ത ദിവസങ്ങളിലും ശബാന അവിടെ ചെന്നു. സമദ് കടയിൽ നിന്ന് പുറത്തിറങ്ങി. ഇരുവരുംകൂടി കോളേജുമുറ്റത്തെ വാകമരത്തണലിലൂടെ നടന്നു. മരച്ചുവട്ടിലിരുന്നുകൊണ്ട് കോഴിഞുവീണ പൂക്കൾ പെറുക്കിയെടുത്തുകൊണ്ട് കൈവെള്ളയിൽ വെച്ച് ഊതിവിട്ടു. കിളികളുടെ കലപില ശബ്ദം കേട്ടാസ്വദിച്ചു. മരങ്ങളെ തഴുകിയെത്തിയ ഇളംകാറ്റിനെ മാറോടുചേർത്തു. സമദിന്റെ ഹൃദയത്തിൽ അവൾക്കുമാത്രമായി ഒരിടം അവൾ കണ്ടെത്തി. ഞായറാഴ്ച പോലും ശബാന സമദിനെ കാണാനെത്തി. കോളേജിനുമുന്നിലെ പാർക്കിലെ മരത്തണലിൽ അവർ സമയം ചിലവഴിച്ചു. ഷമീറിന്റെയും, വീട്ടുകാരുടെയും ചോദ്യങ്ങൾ അവൾ കേട്ടില്ലെന്ന് നടിച്ചു. തന്റെ മനസ്സിലുള്ളത് തുറന്നുപറഞ്ഞ സമദിനോട് അവൾക്ക് ഇഷ്ട്ടം കൂടുകയായിരുന്നു. അന്ന് അവൻ അത് തുറന്നുപറഞ്ഞത് എത്ര നന്നായെന്ന് അവൾ മനസ്സിലോർത്തു.
ശബാനയുടെ അനാവശ്യയാത്രകളും, സമദുമായുള്ള സൗഹൃദവുമൊക്കെ ഷമീറിനെ കൂടുതൽ ആസ്വസ്ഥനാക്കി. പക്ഷേ, ഇതാരോടും തുറന്നുപറയാനാവാതെ അവൻ വല്ലാതെ ഉഴറിക്കൊണ്ടിരുന്നു. മദ്യം കൊണ്ടുപോലും തന്റെ മനസ്സിലെ തീയണയ്ക്കാൻ കഴിഞ്ഞില്ലെന്ന് അവനോർത്തു. താൻ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കേണ്ടുന്ന സമയം വന്നെത്തിയിരിക്കുന്നു എന്ന് അവന് തോന്നി. തന്റെ ഭാര്യയ്ക്ക് സമദുമായി അടുപ്പമുണ്ടെന്ന് അവന് ഉറപ്പായിക്കഴിഞ്ഞിരുന്നു.
ഏതാനുംദിവസം കഴിയുമ്പോൾ പരീക്ഷയാകും. അതുകഴിഞ്ഞാൽ കോളേജ് അടയ്ക്കും. ആഘോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും നാളുകൾ എന്നെന്നേക്കുമായി അവസാനിക്കും. കാലം പിന്നെയും മുന്നോട്ടു പോകും. പതിയെപ്പതിയെ ആ നല്ല നാളുകൾ മനസ്സിൽ ഓർമ്മകൾ മാത്രമായി അവശേഷിക്കും. കുറേക്കഴിയുമ്പോൾ ആ ഓർമ്മകളും നിലച്ചുപോകും. അതോടെ എന്നെന്നേക്കുമായി ഈ നല്ലനാളുകൾ വിസ്‌മൃതിയിലാകും. പരസ്പരം സംസാരിച്ചുകൊണ്ട് പാർക്കിൽ ഇരിക്കുമ്പോൾ രണ്ടുപേരുടേയും മനസ്സിൽ ഇതായിരുന്നു ചിന്ത.
കാറ്റിൽ പാറിക്കളിച്ച ശബാനയുടെ മുടിയിഴകൾ നേരേയാക്കികൊണ്ട് സമദ് പറഞ്ഞു.
"എത്ര സുന്ദരമായ നിമിഷങ്ങളായിരുന്നു കഴിഞ്ഞുപോയതൊക്കെയും."
"അതെ..."
ശബാന പറഞ്ഞു.
"ഏതാനുംദിവസം കൂടി കഴിഞ്ഞാൽ പരീക്ഷ. പിന്നെ എന്നെന്നേക്കുമായി ഇവിടുത്തോട് ഒരു യാത്രപറച്ചിൽ. അല്ലെ?"
സമദ് അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
"സമദ് പിന്നെയും ഇവിടെ ഉണ്ടാവില്ലേ... ഈ കാഴ്ചകളൊക്കെ ആസ്വദിച്ചുകൊണ്ട്. കുട്ടികളോട് കൂട്ടുകൂടിക്കൊണ്ട്."
"ശരിയാണ് പക്ഷേ, നീയില്ലാതെ.... എന്ത് സന്തോഷം. പരീക്ഷകഴിഞ്ഞാൽ പിന്നെ നീ ഇവിടേയ്ക്ക് വരില്ലേ?"
സമദ് ചോദിച്ചു.
"പിന്നെ വരാതിരിക്കാൻ എനിക്കാവുമോ... പക്ഷേ, എങ്ങനെ? എന്തുപറഞ്ഞുകൊണ്ട് വരും?അതാണിപ്പോൾ ഞാൻ ആലോചിക്കുന്നത്."
സമദിന്റെ ചോദ്യം കേട്ട് ഭയപ്പെട്ടതുപോലെ അവൻ പറഞ്ഞു.
ഒരിളം കാറ്റ് വീശി. പൂക്കളുടെ ഗന്ധം അപ്പോൾ മൂക്കിലേയ്ക്ക് അടിച്ചുകയറി.
"എങ്ങനെവന്നാലും വേണ്ടില്ല... എനിക്ക് നിന്നെ കാണണം."
എന്തുപറയണമെന്നറിയാതെ ശബാന ഇരുന്നു. അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.
"എന്റെ വീട്ടുകാർ എന്നെ വിവാഹത്തിന് നിർബന്ധിക്കുന്നു. ഞാൻ പിടികൊടുക്കില്ല. അങ്ങനെ സംഭവിച്ചാൽ പിന്നെ ഞാൻ ഒരിക്കലും പൂവണിയാത്ത നമ്മുടെ പ്രണയത്തെ ഓർത്തുകൊണ്ട് നെഞ്ചുനീറ്റി ജീവിതവസാനംവരെയും കഴിയേണ്ടിവരും. നിന്നെപ്പോലെ... മറ്റൊരാളെ വഞ്ചിച്ചുകൊണ്ടൊരു ജീവിതം എനിക്ക് വയ്യ."
ശബാനയ്ക്ക് ഒന്നും പറയാനായില്ല. താനും സമ്മദും അധികം വൈകാതെ പിരിയേണ്ടിവരുമെന്നോർത്തപ്പോൾ അവൾക്ക് ഹൃദയം നിലയ്ക്കുന്നതുപോലെ തോന്നി.
"വരൂ... നമുക്ക് പോകാം. ഇനിയും എനിക്ക് ഇങ്ങനെ നിൽക്കാനാവില്ല."
ശബാന എഴുന്നേറ്റ് തിരിഞ്ഞുനടക്കാനൊരുങ്ങി. പെട്ടെന്ന് സമദ് അവളുടെ കൈയിൽ കടന്നുപിടിച്ചു.
"നിനക്ക് എന്നെവിട്ട് പോകാതിരിക്കാനാകുമോ?"
ശബാന മുഖം തിരിച്ച് അവനെ നോക്കി.
അവൻ മുഖം കുനിച്ചു. എന്നിട്ട് വീണ്ടും ചോദിച്ചു.
"എനിക്കൊപ്പം വരാമോ... എന്റെ പെണ്ണായി. ഇപ്പോൾ ഉള്ളതെല്ലാം ഇട്ടെറിഞ്ഞുകൊണ്ട്. എല്ലാവരോടും സത്യം പറഞ്ഞിട്ട്... അവരുടെയൊക്കെ അറിവോടുകൂടി."
"സമദ്... നീയെന്തൊക്കെയാണ് ഈ പറയുന്നത്?"
ശബാനയുടെ ശബ്ദം പരിധിവിട്ടുയർന്നുപോയി.
"ഇതല്ലാതെ നമ്മൾ തമ്മിൽ പിരിയാതിരിക്കാൻ ഞാൻ നോക്കിയിട്ട് വേറെ മാർഗമൊന്നും ഇല്ല. ഷെമിമോളെ വിട്ടുകിട്ടുമെങ്കിൽ നമുക്ക് കൊണ്ടുപോകാം. ദൂരെ എവിടേക്കെങ്കിലും നമുക്ക് പോകാം."
"നിർത്തൂ നിന്റെ ഭ്രാന്ത് പറച്ചിൽ. ഞാൻ പോകുന്നു."
ഇടർച്ചയോടെ പറഞ്ഞിട്ട് അവനെനോക്കി കൈ വീശികാണിച്ചുകൊണ്ട് അവൾ നടന്നകന്നു. അവളുടെ കാൽപ്പാതങ്ങൾ ഇടറുന്നുണ്ടായിരുന്നു. ചുരിദാറിന്റെ ഷാളുകൊണ്ട് നിറമിഴികൾ തുടച്ചുകൊണ്ട് മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്നുനോക്കി അവൾ നടന്നു. വെയിൽ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇളംകാറ്റ് മെല്ലെ വീശുന്നുണ്ട്. ആ കാറ്റേറ്റുകൊണ്ട് ഏതാനും ആളുകൾ പാർക്കിലൂടെ നടന്നുപോയി. പാർക്കിനുമുന്നിൽ ഫാൻസി കട നടത്തുന്ന പരിചയക്കാരിയായ ചേച്ചി വരാന്തയിൽ നിന്നുകൊണ്ട് അവളെ നോക്കി ചോദിച്ചു.
"എന്താ മോളേ... കണ്ണ് നിറഞ്ഞിരിക്കുന്നെ?"
അവളൊന്നും മിണ്ടിയില്ല. മുഖത്തൊരു പുഞ്ചിരിവിരിയിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുകൊണ്ട് മുന്നോട്ടു നടന്നു.
ഏതാനും നിമിഷം അവളുടെ പോക്കു നോക്കിനിന്നിട്ട് ചേച്ചി കടയ്ക്കുള്ളിലേയ്ക്ക് കയറിപ്പോയി.
ശബാന വീട്ടിലെത്തുമ്പോൾ ഷമീർ എത്തിച്ചേർന്നിരുന്നു.
"ശബാന നീ ഇന്ന് എവിടെപ്പോയതായിരുന്നു?"
കലികയറിപോലുള്ള അവന്റെ ചോദ്യം കേട്ടിട്ടും അത് പ്രതീക്ഷിച്ചിരുന്നതുകൊണ്ടുതന്നെ അവൾ ഒട്ടും ഭയന്നില്ല.
അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു മുറിയിലേയ്ക്ക് കയറി.
"നിന്നോടാണ് ഞാൻ ചോദിച്ചത്. നീയിന്ന് എന്തിനാണ് പാർക്കിൽ പോയത്? ഇന്ന് ഒഴിവുദിവസമല്ലേ... കോളേജും ഇല്ലാരുന്നല്ലോ?"
അവളൊന്നു ഞെട്ടി. താൻ പാർക്കിലേയ്ക്കാണ് പോയതെന്ന് ഷമീർ അറിഞ്ഞിരിക്കുന്നു.
"നിന്നെ ഇന്ന് കോളേജിന് മുന്നിലുള്ള പാർക്കിൽ വെച്ചു കണ്ടെന്ന് ഒരാൾ പറഞ്ഞു. എന്തായിരുന്നു പ്രോഗ്രാം അവിടെ?"
അവന്റെ വാക്കുകളിൾ സംശയവും, ദേഷ്യവും, കുറ്റപ്പെടുത്തലുമൊക്കെ ചേർന്നതാണെന്ന് ശബാനയ്ക്ക് മനസ്സിലായി.
"ഞാൻ പോയിരുന്നു. കോളേജ് അവസാനിക്കുന്നതിന്റെ ഒരു ഫങ്ഷൻ ഉണ്ടാരുന്നു കൂട്ടുകാരുടെ വക. അത് കഴിഞ്ഞപ്പോൾ കുറച്ചുസമയം വെറുതേ പാർക്കിൽ പോയിരുന്നു. നേരത്തേ പറയാൻ പറ്റിയില്ല."
പറഞ്ഞിട്ട് ഒരു തെറ്റുകാരിയെപ്പോലെ അവന് മുഖം കൊടുക്കാതെ അവൾ അകത്തേയ്ക്ക് കടന്നു. ഷമീർ അവളുടെ പിന്നാലെ ചെന്നു.
"ശബാന നിനക്കെന്തുപറ്റി?"
അവൾ ഒന്നും മറുപടി പറഞ്ഞില്ല.
"കുറേ നാളുകളായി ഞാൻ കാണുന്നു... നിന്റെ പ്രവർത്തിയിലും, സംസാരത്തിലുമൊക്കെയുള്ള ഈ മാറ്റം. നിനക്ക് മാറ്റാരെങ്കിലുമായി ബന്ധമുണ്ടോ?"
അവൾ ഒന്നും മിണ്ടാതെ ജനാലക്കരികിൽ കിടന്ന കസേരയിൽ ചെന്നിരുന്നുകൊണ്ട് പുറത്തേയ്ക്ക് മിഴികൾ പായിച്ചു. നിസംഗത ഭാവിച്ചു.
തുടരും...
ഭാഗം -10
ഒരു ഭർത്താവ് തന്റെ ഭാര്യയോട് നിനക്ക് മാറ്റാരോടെങ്കിലും അടുപ്പമുണ്ടോയെന്ന് ചോദിക്കുന്നത് ഏതവസരത്തിലാണ്. അതും വളരെ ശാന്തമായി, താഴ്മയോടെ... തന്റെ ഭർത്താവിന് എങ്ങനെ ഇത്ര സമാധാനത്തോടെ ഇടപെടാൻ കഴിയുന്നു. ശബാനയ്ക്ക് അത്ഭുതം തോന്നി.
ഒരാൾ ഒരു മതിൽക്കെട്ട് തകർത്തുകൊണ്ട് പരിക്കേറ്റ ശരീരവുമായി മറ്റൊരിടത്തേയ്ക്ക് ഓടിയണയാൻ ശ്രമിക്കുന്നതെപ്പോഴായിരിക്കും? മതിൽക്കെട്ടിനുള്ളിലെ സ്നേഹത്തിന്റെ കുറവ് മൂലമോ? അതോ മതിലിനു പുറത്തെ സ്നേഹാധിക്യം കൊണ്ടോ?
ഷമീർ നെഞ്ചിൽ കൈവെച്ചുകൊണ്ട് കസേരയിൽ ചാരിക്കിടന്നു. തന്റെ കുടുംബജീവിതം എവിടേയ്ക്കാണ് നിയന്ത്രണമറ്റുപോകുന്നതെന്ന് അവൻ ഭയപ്പെട്ടു. ബ്രോക്കർ വഴി ശബാനയുടെ വിവാഹാലോചന വന്നതും, ഫോട്ടോ കണ്ടമാത്രയിൽ തന്നെ പെണ്ണിനെ ഇഷ്ടമായതും, പൊയിക്കണ്ട് വിവാഹമുറപ്പിച്ചതും, വിവാഹം നടന്നതുമൊക്കെ ഒരു നിറംമങ്ങിയ ചിത്രംപോലെ അവന്റെ മനസ്സിൽ തെളിഞ്ഞു. എവിടെയാണ് തനിക്ക് തെറ്റുപറ്റിയതെന്ന് അവൻ ആലോചിക്കാൻ തുടങ്ങി. വിവാഹം കഴിഞ്ഞിന്നോളം ശബാനയുടെ സ്വാതന്ത്ര്യത്തിൽ അമിതമായി കടന്നുകയറിയിട്ടില്ല. ഭാര്യയ്ക്ക് വളരെയധികം സ്വാതന്ത്ര്യം നൽകിയിരുന്ന ഒരു ഭർത്താവായിരുന്നു താൻ. പിന്നെ എവിടെവെച്ചാണ് തനിക്ക് തെറ്റുപറ്റിയത്? എത്ര ചിന്തിച്ചിട്ടും ഷമീറിന് ഒരുത്തരം കണ്ടെത്താനായില്ല.
ഈ രാത്രികൂടി കഴിഞ്ഞാൽ ഇന്നത്തെ ദിവസം അവസാനിച്ചുകൊണ്ട് നാളെ പുതിയ പുലരി വിടരും. പക്ഷേ, മനസ്സിൽ കടന്നുകൂടിയ ചിന്തകൾ മനസ്സിനെവിട്ടുപോകില്ല. ചിന്തകൾക്ക് രാവെന്നോ പകലെന്നോ ഇല്ല. ഏതുസമയത്തും അത് മനുഷ്യനൊപ്പം ഉണ്ടാവും.
ശബാനയ്ക്ക് ഉറക്കം വന്നില്ല. അവളുടെ മനസ്സുനിറച്ചും സമദിന്റെ മുഖമായിരുന്നു. ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയിരിക്കുമ്പോൾ അവൾ സമദുമായി ചിലവഴിച്ച നിമിഷങ്ങളെക്കുറിച്ചോർക്കുകയായിരുന്നു. എത്ര സുന്ദര നിമിഷങ്ങളായിരുന്നു അത്. താൻ മറ്റൊരാളായി മാറുന്നതുപോലെ. സമദിന് മാത്രമേ തന്നെ സന്തോഷവതിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന സത്യം അവൾ തിരിച്ചറിഞ്ഞു. സമദ് തന്നെ വിളിച്ചിരിക്കുന്നു... അവനൊപ്പം ജീവിക്കാൻ. ഷമീറിനോട് താൻ എന്ത് പറയും? ഷെമിമോളോട് എന്തുപറഞ്ഞു മനസ്സിലാക്കും? കുടുംബക്കാരും, സമൂഹവും തന്നെ എന്തുപേരിട്ടു വിളിക്കും? തന്റെ കുടുംബത്തിൽ ബാപ്പയെയും, ഉമ്മയെയും ആളുകൾ കളിയാക്കി കൊല്ലും. ഒരുപക്ഷെ, മാനക്കേട് മൂലം അവർ ജീവിതം തന്നെ അവസാനിപ്പിച്ചെന്നു വരും.
ഉറങ്ങാതെ കണ്ണടച്ച് ഓർമ്മകളിൽ മുഴുകി കിടക്കുകയായിരുന്നു ഷമീർ. ഇടയ്ക്കെപ്പോഴോ അവൻ കണ്ണുകൾ തുറന്നുനോക്കുമ്പോൾ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയിരിക്കുന്ന ശബാനയെ കണ്ടു.
"ചിന്തിച്ചു തീർന്നെങ്കിൽ കിടന്നുകൂടെ?"
അപ്രതീക്ഷിതമായി ഷമീറിന്റെ ശബ്ദം പെട്ടെന്ന് കേട്ടപ്പോൾ ശബാന ഒരുനിമിഷം ഞെട്ടി. കണ്ണുനീർ നനവ്‌പറ്റിയ മുഖം ശാളിന്റെ തുമ്പുകൊണ്ട് തുടച്ചു. എന്നിട്ട് മെല്ലെ എഴുന്നേറ്റുചെന്ന് കട്ടിലിൽ ഷെമിമോളോട് ചേർന്ന് കിടന്നു.
സമദുമായി വീണ്ടും അടുത്തതിൽപിന്നെ ശബാന ഷമീറിനോട് ശാരീരികമായി ബന്ധം പുലർത്തിയിട്ടില്ല. ഷമീർ അതിനായി സമീപിക്കുമ്പോഴൊക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് അവൾ ഒഴിഞ്ഞുമാറി. പിന്നെ അത് സ്ഥിരമായി. അതോടെ ഷമീർ അവളെ സമീപിക്കാതെ കിടന്നുറങ്ങാൻ തുടങ്ങി.
"ശബാനാ..."
ഷമീർ വിളിച്ചു.
"ഉം..."
അവൾ മൂളി.
ശാന്തമായി ഒരു വിളി, അതിലും ശാന്തമായി ഒരു മറുപടി... മൂളൽ.
"നിന്റെ മനസ്സിൽ കടന്നുകൂടിയവൻ ആരാണ്... എന്നേക്കാൾ മികച്ചവൻ?"
വളരെ ശാന്തമായാണ് അവൻ അത് ചോദിച്ചത്.
"മികച്ചവനാണോ... ആയിരിക്കണമല്ലോ അല്ലെങ്കിൽ പിന്നെ..."
"സമദ് തന്നെയല്ലേ?"
ഷമീർ ചിരിച്ചുകൊണ്ട് ചോദിച്ചു.
ശബാന മൗനം പാലിച്ചുകിടന്നു.
"എനിക്ക് മനസ്സിലാവും."
രണ്ടു കുഞ്ഞുങ്ങൾ ജന്മമെടുത്തു. അവർ വളർന്നു വലുതായി. അവർ കോളേജിലെത്തി. പരസ്പരം പ്രണയിച്ചു. രണ്ടു ചിത്രശലഭങ്ങളെപ്പോലെ അവർ പാറിനടന്നു. പരസ്പരം തേൻന്നുകർന്നു. അതിൽ ഒരു ചിത്രശലഭം അതിന്റെ ഇണയെ വഞ്ചിച്ചു.
ഷമീറിന് വല്ലാതെ വെറുപ്പ് തോന്നി.
"ഒരു പിഴച്ചവളെയാണല്ലോ ഞാൻ... വിവാഹം കഴിച്ചത്."
അൽപ്പം കടുപ്പിച്ചെന്നോണം പറഞ്ഞിട്ട് അവൻ എഴുന്നേറ്റ് മുറിക്ക് പുറത്തേയ്ക്ക് നടന്നു.
ശബാനയുടെ മനസ്സ് വെന്തുരുകുകയാണ്. അതിന്റെ ചൂടിൽ ആന്തരികാവയവങ്ങൾ ചുട്ടുപൊള്ളുന്നു. സർവവും വേവുകയാണ്. കരളു പൊള്ളി. ആ രക്തം കണ്ണുനീരായി പുറത്തേയ്ക്ക് വന്നു.
മണിക്കൂർ ഒന്നായിട്ടും ഷമീർ മുറിയിലേയ്ക്ക് തിരികെ വന്നില്ല. അവൻ പുറത്തെവിടെയെങ്കിലും കിടന്നിട്ടുണ്ടാവുമെന്ന് അവൾ കരുതി. പുലർച്ചെയാകുമ്പോൾ എന്തുചെയ്യുമെന്നറിയാതെ അവൾക്ക് ചെറിയ ഭയം തോന്നി. ഇനി എങ്ങനെ ഈ വീട്ടിൽ കഴിഞ്ഞുകൂടും? മോൾക്കൊപ്പം എങ്ങനെ കഴിയാനാവും? ഷമീറിന്റെ പെരുമാറ്റം ഏതുവിധമാവും? താൻ ഭർത്താവിനോട് കാര്യങ്ങൾ തുറന്നുസമ്മതിച്ചത് നന്നായി. എന്നായാലും അറിയാനുള്ളതാണല്ലോ എല്ലാം. കാരണം സമ്മദുമായി വീണ്ടും അടുപ്പത്തിലായതിനുശേഷം ഒരുതവണപോലും തനിക്ക് ഷമീറിനെ തൃപ്തിപ്പെടുത്താനായിട്ടില്ല. അതുകൊണ്ടുതന്നെ സംശയാലുവായ അവൻ തന്നെ ചോദ്യം ചെയ്‌തെന്നുവരും. ചിലപ്പോൾ മാനസിക രോഗത്തിന് ചികിത്സ തേടിയെന്നുവരും. അന്നറിയുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഈ തുറന്നുപറച്ചിൽ.
ചിന്തകളും ഓർമ്മകളും കൂടി ഒരുപാട് ദൂരം സഞ്ചരിച്ചിട്ട് യാത്ര അവസാനിപ്പിച്ചു. അപ്പോൾ ആ രാത്രി വിടപറഞ്ഞുകഴിഞ്ഞിരുന്നു. ഒട്ടും സന്തോഷമില്ലാത്ത ഒരു പ്രഭാതം. തലേ രാത്രി ചെന്നുകിടന്ന സെറ്റിയിൽ നിന്ന് ഷമീർ മെല്ലെ എഴുന്നേറ്റു. തുടർന്ന് ബെഡ്റൂമിലേയ്ക്ക് നടന്നു. വാതിൽ ചാരിയിട്ടേയുള്ളൂ. ശബാനയും, ഷെമിമോളും ഉറക്കത്തിലാണ്. അവൻ മെല്ലെ നടന്നു ശബാനയുടെ മുന്നിലെത്തി. ഒരുനിമിഷം അവളുടെ മുഖത്തേയ്ക്ക് അവൻ സൂക്ഷിച്ചുനോക്കി. തലേരാത്രി ഒഴുകിയിറങ്ങിയ കണ്ണുനീർതുള്ളികൾ കവിളിൽ ഉണങ്ങിപ്പിടിച്ചിരിക്കുന്നു. കവിളും, മുഖവുമൊക്കെ വാടിയിരിക്കുന്നു. ശബാനയെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് ഓർക്കാൻപോലും ഷമീറിന് കഴിഞ്ഞില്ല. ശബാന തന്റെയാണ്. തന്റെ പ്രിയ പത്നിയാണ്. ഷെമിമോളുടെ ഉമ്മയാണ്. എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അതൊക്കെയും ക്ഷമിച്ചുകൊണ്ട് അവളെ ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവരണം. അവൻ മനസ്സിൽ കണക്കുകൂട്ടി.
ശബാന കണ്ണുകൾ തുറന്നു. തന്റെ അടുക്കൽ നിൽക്കുന്ന ഷമീറിനെ കണ്ടതും അവൾ മുഖം തിരിച്ചു. ഒന്നും മിണ്ടാൻ നിൽക്കാതെ അവൻ മുറിക്ക് പുറത്തേയ്ക്ക് പോയി. ഒരുമാത്ര ശബാനയ്ക്ക് തന്നെ നോക്കാൻ മടിയുണ്ടാകുമെന്ന് ഷമീറിന് തോന്നി.
പിറ്റേദിവസം ഷമീർ ജോലിക്ക് പോയില്ല. ശബാന മുറിയിലും അടുക്കളയിലുമായി കഴിഞ്ഞുകൂടി. ഷെമി മോൾക്ക് ഭക്ഷണം കൊടുത്തതും കുളിപ്പിച്ചതും മറ്റും ഉമ്മയാണ്.
അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി.
"ശബാന നാളെ നീ എന്റെയൊപ്പം പുറത്തു വരണം. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്."
രാത്രി മുറിയിലേയ്ക്ക് കടന്നുവന്ന ശബാനയോട് ഷമീർ പറഞ്ഞു.
അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ഒന്നും സംസാരിക്കാതെ പോയിക്കിടന്നു. പിറ്റേന്ന് രാവിലെ കാപ്പികുടിയും മറ്റും കഴിഞ്ഞ് ഡ്രസ്സുമാറി ഷെമിമോളോട് യാത്ര പറഞ്ഞുകൊണ്ട് ഷമീറും, ശബാനയും കാറിൽ കയറി.
പതിവിലേറെ ചൂടുള്ള ഒരു ദിവസമായിരുന്നു അന്ന്. നഗരത്തിൽ അന്നുവരെ കാണാത്തവിധം പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. തിരക്കൊഴിഞ്ഞ റോഡിലൂടെ സഞ്ചരിച്ച് തിരക്കുള്ള റോഡിൽ കയറി വീണ്ടും തിരക്കൊഴിഞ്ഞ സ്ഥലത്തെത്തി കാർ നിന്നു.
"ഇന്ന് വർക്കിങ്ങ് ഡേ ആണ്... ജോലിക്ക് പോകണ്ടേ?"
ഷമീറിനെ ശ്രദ്ധിക്കാതെ ശബാന ചോദിച്ചു.
"ഉച്ചകഴിഞ്ഞ് പോകാം."
ഷമീർ മറുപടി പറഞ്ഞു.
തിരക്കിൽ നിന്നൊഴിഞ്ഞ് അവരെത്തിയത് പാർക്കിലെ കോഫീ ഷോപ്പിലെ ഒഴിഞ്ഞ കോണിലുള്ള ബെഞ്ചിലാണ്.
"എനിക്ക് നിന്നോട് സംസാരിക്കാനുള്ളത് ഭർത്താവായിട്ടല്ല... ഒരു നല്ല സുഹൃത്ത് എന്നനിലയിലാണ്."
ഷമീർ പറഞ്ഞുതുടങ്ങിയപ്പോൾ ശബാന മുഖം കുനിച്ചിരുന്നു. അവൻ അവളോട് ചേർന്നിരുന്നുകൊണ്ട് കൈയിൽ കൈവെച്ചു.
"നമുക്ക് എല്ലാം തുറന്നു സംസാരിക്കാം അല്ലെ?"
വാകമരത്തിനുചുവട്ടിലെ ഇരിപ്പിഡത്തിൽ ഇരുവരും മുഖാമുഖം ഇരുന്നു. പാർക്കിനു ചുറ്റുമുള്ള പുൽമൈതാനിയിൽ ഒത്ത നടുക്കായി ഒരു ഗാർഡൻ. അതിലെ പൂക്കളിൽ തേൻ നുകാരനായി പാറിനടക്കുന്ന ചിത്രശലഭങ്ങൾ. ഒഴിവുദിനമല്ലാത്തതുകൊണ്ട് പാർക്കിൽ ഇന്ന് സന്ദർശകർ കുറവാണ്.
തുടരും...
ഭാഗം -11
ചുരിദാർ ധരിച്ച ഒരു പെൺകുട്ടി ഷമീറിനും ശബാനയ്ക്കും അരികിൽ വന്നുകൊണ്ട് ചോദിച്ചു.
"സാർ... എന്താ കഴിക്കാൻ വേണ്ടത്?"
"രണ്ട് ഓറഞ്ചുജ്യൂസ്..."
ഷമീർ പറഞ്ഞു.
"ഓക്കേ സാർ..."
അവൾ ഓർഡർ എടുത്തിട്ട് തിരികെ നടന്നുപോയി.
ഷമീർ ശബാനയുടെ മുഖത്തേയ്ക്ക് നോക്കി. സംസാരിച്ചു തുടങ്ങാമല്ലേ എന്ന മട്ടിൽ. പക്ഷേ, അവൾ ഒന്നും പറയാതെ അവനെ നോക്കാതെ മുഖം കുമ്പിട്ടിരുന്നു. ഏതാനുംനിമിഷം കടന്നുപോയി.
ഈ സമയം പെൺകുട്ടി ഇരുവർക്കും മുന്നിൽ ജ്യൂസ് കൊണ്ടുവന്ന് വെച്ചു.
"സാർ ഇനി എന്തെങ്കിലും വേണോ?"
"വേണ്ടാ... താങ്ക്സ്."
ഷമീർ അവളെനോക്കി പുഞ്ചിരിതൂകി.
"ശബാന ജ്യൂസ് കുടിക്കൂ... എന്നിട്ടാവാം ഇനി സംസാരം."
മെല്ലെ ശാന്തമായി അവൻ പറഞ്ഞു.
അവൾ ജ്യൂസ് മെല്ലെ കുടിച്ചു.
"ശബാനയുടെ സ്കൂൾ പഠനകാലത്തേക്കുറിച്ചൊക്കെ എനിക്കറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. അന്നത്തെ സുഹൃത്തുക്കൾ, അവരുടെ പേരുകൾ ഒക്കെ."
ഷമീർ സംസാരത്തിന് തുടക്കമിട്ടു.
"അങ്ങനെ എടുത്തുപറയത്തക്ക സൗഹൃദങ്ങൾ ഒന്നും എനിക്കുണ്ടായിരുന്നില്ല. ഞാൻ എപ്പോഴും ഒറ്റയ്ക്കായിരുന്നു സ്കൂളിൽ പോകുന്നതും, വരുന്നതുമൊക്കെ. അധികം ആരുമായും കൂട്ടുകൂടാൻ ബാപ്പയും അനുവദിച്ചിരുന്നില്ല."
ശബാന മെല്ലെ മറുപടി നൽകി.
"കോളേജിൽ പഠിക്കുന്ന കാലത്ത് ശബാനയ്ക്ക് ആരോടെങ്കിലും അതിരുവിട്ട അടുപ്പമുണ്ടായിട്ടുണ്ടോ?"
ഷമീർ വീണ്ടും ചോദിച്ചു.
"ഇല്ല, എനിക്ക് അങ്ങനെ ആരോടും അടുപ്പം തോന്നിയിട്ടില്ല. ചിലരൊക്കെ പ്രണയാഭ്യർത്ഥനയുമായി വന്നിട്ടുണ്ട്. പക്ഷേ, ഞാനവരോടൊക്കെ ദേഷ്യപ്പെടുക്കുകയും വഴക്കുണ്ടാക്കുകയുമൊക്കെ ചെയ്‌തിട്ടുണ്ട്."
ശബാനയുടെ മറുപടി ആത്മാർത്ഥതനിറഞ്ഞതാണെന്ന് ഷമീറിന് തോന്നിയില്ല.
"ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഏതെങ്കിലും ആൺകുട്ടികളുമായിട്ട് പ്രണയം ഉണ്ടായിട്ടുണ്ടോ? സത്യം പറയണം."
"ഉണ്ടായിട്ടുണ്ട്... എന്റെ ക്ലാസ്മേറ്റായ സമദിനോട്."
"സമദ് ഇപ്പോൾ എവിടെയാണ്? അന്ന് മോളുടെ ബെർത്ത്ഡേയ്ക്ക് വന്ന ആ സമദാണോ?"
"സമദ് അതുതന്നെയാണ്. ഇവിടെത്തന്നെയുള്ളതാണ്. കുറച്ചുനാൾ ഗൾഫിലായിരുന്നു. ഇപ്പോൾ ഇവിടെ മൊബൈൽ ഷോപ്പ് നടത്തുന്നു എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ?"
"അവൻ വിവാഹിതനല്ലല്ലേ?"
"അല്ല..."
"എന്തുതരം അടുപ്പമായിരുന്നു സമദും നീയും തമ്മിൽ... മാനസികം മാത്രമോ അതോ ശാരീരികമായ അടുപ്പമായിരുന്നോ?"
"ശാരീരികമായിട്ടൊന്നും ഉണ്ടായിട്ടില്ല. മാനസികമായി ഒരുപാട് ഞങ്ങൾ അടുത്തുപോയിരുന്നു. ഞങ്ങൾ തമ്മിൽ പരസ്പരം കൈപിടിച്ചുകൊണ്ട് ഒരുപാട് സംസാരിക്കുമായിരുന്നു. അപ്പോഴൊക്കെ വല്ലാത്തൊരു സുരക്ഷിതത്വം എനിക്ക് തോന്നിയിരുന്നു."
നിരാശനിറഞ്ഞ ശബ്ദത്തിലായിരുന്നു ശബാനയുടെ മറുപടി.
"നിങ്ങൾ രണ്ടുപേരും ഒരേ ക്‌ളാസിലായിരുന്നോ?"
"അതെ..."
"ഇത്രയൊക്കെ അടുപ്പമായിരുന്നിട്ടും പിന്നെന്തിനാണ് നിങ്ങൾ തമ്മിൽ പിരിഞ്ഞത്?"
"ഡിഗ്രി കഴിഞ്ഞപ്പോൾ വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം അവൻ ഗൾഫിലേയ്ക്ക് പോയി. പി ജി ക്ക് ഒരുമിച്ച് പഠിക്കണമെന്നാഗ്രഹിച്ചിരുന്ന എനിക്ക് അത് താങ്ങാനവുമായിരുന്നില്ല. തുടർന്ന് പഠിക്കണമെന്നുപോലും എനിക്ക് തോന്നിയില്ല. പക്ഷേ, വീട്ടുകാരും ഒപ്പം കൂട്ടുകാരുമൊക്കെ നിർബന്ധിച്ചപ്പോൾ വീണ്ടും ഇതേകോളേജിൽ തന്നെ പി ജി ക്ക് ചേർന്നു."
പറഞ്ഞിട്ട് ശബാന മുഖം കുനിച്ചിരുന്നു. അവളുടെ മുഖം ദുഖമയമായിത്തീർന്നു. ഈ അവസ്ഥകണ്ട ഷമീറും വല്ലാതായിക്കഴിഞ്ഞിരുന്നു.
"എന്നാണ് നിങ്ങൾ തമ്മിൽ അവസാനമായി കണ്ടത്?"
അവന്റെ ശബ്ദം ഇടറിയിരുന്നു.
"രണ്ടുദിവസം മുൻപ്... പാർക്കിൽ വെച്ച്."
"ഓ ഞാൻ മറന്നുപോയി."
ഷമീർ പറഞ്ഞു.
അവന്റെ ഹൃദയത്തിൽ ഒരു തീക്കൊള്ളി പുളഞ്ഞിറങ്ങി. അത് ശരീരത്തിലാകമാനം പൊള്ളൽ തീർത്തുകൊണ്ട് ഞരമ്പിലൂടെ പാഞ്ഞുനടന്നു. അതിന്റെ ചൂടിൽ അവന്റെ കണ്ണും, കാതുമൊക്കെ പൊള്ളിപ്പിടഞ്ഞു.
ഈ സമയം ശബാന വീണ്ടും പറഞ്ഞുതുടങ്ങി.
"എന്റെ കുട്ടിക്കാലം ഏകാന്തത നിറഞ്ഞതായിരുന്നു. ബാപ്പ എപ്പോഴും ബിസ്സിനസ്സും, കൃഷിയുമൊക്കെയായി തിരക്കിലായിരുന്നു. ഉമ്മാ വാപ്പയെ സഹായിച്ചും വീട്ടുജോലികളിൽ മുഴുകിയുമൊക്കെ തിരക്കിലാരുന്നു. ഒറ്റമോളായ ഞാൻ പലപ്പോഴും വീട്ടിൽ തനിച്ചായിരുന്നു. അടുത്തൊന്നും എന്റെ സമപ്രായക്കാരായ കുട്ടികൾ ഉണ്ടായിരുന്നില്ല. ഉള്ളയിടത്തേക്കാവട്ടെ ബാപ്പയും ഉമ്മയും എന്നെ വിട്ടതുമില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് ഒരു ആൺകുട്ടി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. അന്നെനിക്ക് അവനോട് ദേഷ്യവും വെറുപ്പുമൊക്കെ തോന്നി. അതിലുപരി ഭയവും. അവനോടു മാത്രമല്ല അതിനുശേഷം എന്നോട് അടുക്കാൻ ശ്രമിച്ച ആൺകുട്ടികളോടൊക്കെയും ഒരു വല്ലാത്ത അകൽച്ചയും, ഭയവുമൊക്കെ എന്നെ പിന്നോട്ടുവലിച്ചുകൊണ്ടിരുന്നു പലപ്പോഴും. പക്ഷേ, കോളേജിലെത്തി സമദുമായി കണ്ടുമുട്ടിയതോടെ എന്റെ അവസ്ഥക്ക് മുഴുവൻ മാറ്റം സംഭവിക്കുകയായിരിന്നു."
ശബാന പറഞ്ഞുനിറുത്തിയിട്ട് ടേബിളിലിരുന്ന ജ്യൂസെടുത്ത് ഒരിരക്ക് കുടിച്ചു.
"ഞാൻ നിന്നെ പെണ്ണുകാണാൻ വന്നപ്പോൾ എന്തായിരുന്നു നിന്റെ മനസ്സിൽ?"
"സമദൊഴികെയുള്ള പുരുഷന്മാരോടുള്ള ഇഷ്ടക്കുറവ് അന്നുമുണ്ടായിരുന്നു. പിന്നെ കരുതി എല്ലാം മാറുമെന്ന്. എന്നാൽ പിന്നീടുള്ള ഓരോ നിമിഷവും ഭയമായിരുന്നു. വിവാഹം നടക്കരുതേ എന്ന് മനംനൊന്തു പ്രാർത്ഥിച്ചു. വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഈ വിവാഹത്തിൽ നിന്നും രക്ഷപ്പെടാനായി സ്വയം ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും ആലോചിച്ചുപോയിട്ടുണ്ട് ഞാൻ. വിവാഹശേഷമുള്ള ഓരോ നിമിഷങ്ങളും നെഞ്ചിൽ തീക്കനൽ എടുത്തുവെച്ചതുപോലെയായിരുന്നു."
ശബാനയുടെ ശബ്ദമിടറി. കണ്ണുകൾ നിറഞ്ഞുതൂവി.
കൂടുതലൊന്നും ഇനി ചോദിക്കേണ്ടെന്ന് ഷമീറിന് തോന്നി.
ഇനിയെന്താണ് ചെയ്യേണ്ടത്? ഷമീർ ആലോചിച്ചു. ഒരു ഭർത്താവെന്നനിലയിൽ മുന്നിലിരിക്കുന്ന ഭാര്യയെ വിസ്തരിച്ചുകഴിഞ്ഞു. അവളെ തന്നോട് ചേർത്തുനിറുത്തണമെന്ന ആഗ്രഹം അസ്ഥാനത്താവുകയാണോ? തീരുമാനമെടുക്കാൻ ശബാനയെ സ്വസ്ഥമായി വിടുന്നതാണ് ഉചിതം. ഭർത്താവാണെങ്കിൽ പോലും തനിക്ക് എങ്ങനെയാണ് ഭാര്യയുടെ ഇത്തരം കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുക?
ഷമീർ തന്റെ അവസ്ഥയെ ഒരുമാത്ര സ്വയം ശപിച്ചു. സ്വന്തഭാര്യയുടെ മനസ്സുതന്നെ ചികഞ്ഞെടുക്കാൻ ശ്രമിക്കുക. അവളെ ചോദ്യം ചെയ്തുകൊണ്ട് അവളുടെ കഴിഞ്ഞകാലം കണ്ടെത്തുക. അവളുടെ പ്രവർത്തികൾക്ക് വിലയിടുക. എന്തെല്ലാമാണ് തന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. ഷമീർ മെല്ലെ എഴുന്നേറ്റ് നടന്നു. വാകമരത്തിന്റെ ചുവട്ടിൽ ചെന്നുനിന്നുകൊണ്ട് ഒരു സിഗരറ്റിനു തീ കൊളുത്തി. ശബാന അപ്പോഴും കരഞ്ഞുകൊണ്ടിരുന്നു. ഒരിളംകാറ്റ് വീശിയടിച്ചു. അതേറ്റുകൊണ്ട് ഒരു കുടുംബം പാർക്കിലൂടെ നടന്നുവന്നു. അവർ ചിരിച്ചും കളിച്ചും ഷമീറിന് മുന്നിലൂടെ കടന്നുപോയി.
കണ്ണുകൾകൊണ്ട് കാണാനാവാത്തതും, ചെവികൊണ്ട് കേൾക്കാൻ കഴിയാത്തതുമായ എന്തൊക്കെയോ തനിക്ക് മുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഷമീറിന് തോന്നി. ശബാന പരപുരുഷസ്നേഹിയായ പെണ്ണാണ്. ഭർത്താവല്ലാത്ത മറ്റൊരു പുരുഷനിൽ തന്റെ സന്തോഷം കണ്ടെത്താൻ അവൾ ആഗ്രഹിക്കുന്നു. പുൽനാമ്പുകളൊന്നുമില്ലാത്ത വെറും ഇലപൊഴിഞ്ഞ മരങ്ങളെ മാത്രം നിലനിർത്തുന്ന വരണ്ടുണങ്ങിയ ഒരു ഭൂമിമാത്രമായി മാറിയിരിക്കുന്നു താൻ.
ഷമീർ തിരികെ വന്ന് ശബാനയ്ക്ക് മുന്നിലിരുന്നു. ഈ സമയം ശബാന മുഖമുയർത്തി അവനെ നോക്കിക്കൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
"ഞാൻ ഷമീറിനെ ഒരുപാട് വേദനിപ്പിച്ചു."
അവൾ ഷമീറിന്റെ കൈക്കുനേരെ തന്റെ കരങ്ങൾ നീട്ടി.
"ഞാൻ സമദിനെ ചെന്നു കണ്ട് സംസാരിച്ചു നോക്കട്ടെ?"
ശബാന സങ്കടമൂറിയ ഷമീറിന്റെ മിഴികളിലേയ്ക്ക് നോക്കി ചോദിച്ചു.
അവളുടെ ശബ്ദം വല്ലാതെ നേർത്തുപോയിരുന്നു. ഷമീറിന്റെ ഉള്ളം വല്ലാതെ പിടയുവാൻ തുടങ്ങി. ഇളകിമറിയുന്ന ഒരു കടൽപോലെ അത് പ്രഷുബ്ധമായി.
ശബാന സമദിനെ കണ്ട് സംസാരിച്ചു നോക്കട്ടെയെന്ന്. എന്തിന്?
അവനിലെ ഭർത്താവ് ഉണരുന്നു. പക്ഷേ, എതിർക്കാൻ കഴിയുന്നില്ല. തനിക്ക് ഒന്നും പറയാനില്ല. ഇപ്പോൾ താനൊരു ഭർത്താവ് മാത്രമല്ല. ശബാനയുടെ മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ ചോദിച്ചറിയാൻ വന്ന ഒരു അന്വേഷകൻ കൂടിയാണ്.
പോകാമെന്ന് അവൻ മുഖംകൊണ്ട് ആഗ്യം കാണിച്ചു.
ഉടൻതന്നെ ഷമീറും ശബാനയും പാർക്കിൽ നിന്നും യാത്ര തിരിച്ചു. കോളേജിനുമുന്നിലെത്തിയപ്പോൾ ഷമീർ കാർ നിറുത്തി. ശബാന കാറിൽ നിന്നിറങ്ങി. സമദിനെ കാണുന്നതിനായി. താനെന്തിനാണ് ഇപ്പോൾ സമദിനെ കാണുന്നത് അറിയില്ല. പക്ഷേ, കാണാതിരിക്കാനും പറ്റില്ലല്ലോ? അവൾ സമദിന്റെ ഷോപ്പിലേയ്ക്ക് നടന്നു. അവളെ കണ്ടതും ഉടൻതന്നെ ഷോപ്പ് പൂട്ടി അവൻ ഇറങ്ങി. ഇരുവരുംകൂടി കാറിൽ കയറി അടുത്തുള്ള സമദിന്റെ വീട്ടിലേയ്ക്ക് തിരിച്ചു.
തുടരും...
ഭാഗം - 12
ആ വർഷത്തിലെ ഒരു പകൽ കൂടി അവസാനിക്കുന്നതിന്റെ അടയാളമേന്നോണം പടിഞ്ഞാറ് സൂര്യൻ അസ്തമയത്തിനൊരുങ്ങിക്കഴിഞ്ഞു. വൈകുന്നേരമായതുകൊണ്ട് പാർക്കിൽ ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. കൂടുതലും കുടുംബമായിട്ട് വന്നിട്ടുള്ളവരാണ്. അവരെ സന്തോഷിപ്പുച്ചുകൊണ്ടെന്നവണ്ണം ഒരിളംകാറ്റ് മെല്ലെ വീശിക്കൊണ്ടിരുന്നു. കിളികളും മറ്റും കൂടണയാനായി പാറിനടന്നു.
"സാർ... മലര് വേണോ?"
വെളുത്തുമെലിനുടെ ഒരു പയ്യൻ ഷമീറിനെ നോക്കി ഒച്ചയുയർത്തി ചോദിച്ചു.
"ങ്‌ഹേ..."
അവൻ ഓർമ്മയിൽ നിന്നും മുക്തനായിക്കൊണ്ട് ഞെട്ടലോടെയെന്നവണ്ണം മുഖം തിരിച്ച് അവനെനോക്കി.
"സാർ... മലരോ, കടലയോ എന്തെങ്കിലും വേണമോ?"
പയ്യൻ വീണ്ടും അവനെനോക്കി ആവേശത്തോടെ ചോദിച്ചു.
"വേണ്ടാ... ഇപ്പോൾ ഒന്നും വേണ്ടാ." അവൻ പറഞ്ഞു.
വാച്ചിൽ നോക്കിയപ്പോൾ സമയം ആറുമണിയാകുന്നു.
ശബാനയെ ടൗണിൽ കൊണ്ടുവിട്ടിട്ട് തിരികെ നഗരത്തിൽ വന്ന് ചുത്തിരിഞ്ഞ താനിതുവരെ വീട്ടിൽ പോയിട്ടില്ല എന്ന് അവൻ അപ്പോഴാണ് ചിന്തിച്ചത്.
അവൻ അവിടെനിന്നും എഴുന്നേറ്റ് മെല്ലെ നടന്നു. പാർക്കിനുവെളിയിലെത്തി വഴിയരികിലെ കടയിൽനിന്ന് ഒരുകുപ്പി വെള്ളം വാങ്ങിക്കൊണ്ട് പകുതി കുടിച്ചിട്ട് ബാക്കികൊണ്ട് മുഖം കഴുകിയിട്ട് കാറിൽ കയറി വീട്ടിലേയ്ക്ക് തിരിച്ചു.
ശബാന ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ടാകുമെന്ന് ഷമീറിന് അറിയാമായിരുന്നു. പൂമുഖത്തേയ്ക്ക് നടന്നപ്പോൾ ഷെമിമോൾ അടുത്തേയ്ക്ക് ഓടിവന്നു. മകളെ അവൻ എടുത്ത് തോളിൽ വെച്ചു.
"ബാപ്പ എന്താ ഉമ്മിയുടെ കൂടെ വരാതിരുന്നേ. ഉമ്മി വന്നിട്ട് കുറേ നേരമായല്ലോ. അകത്തു കിടക്കുവാണ്."
അവൾ ഷമീറിനോട് ചോദിച്ചു.
"അതുപിന്നെ ബാപ്പയ്ക്ക് ഒരു സ്ഥലത്ത് പോകാനുണ്ടായിരുന്നു. അതുകൊണ്ടാണ് വൈകിയത്."
പുഞ്ചിരിവരുത്തികൊണ്ട് അവൻ പറഞ്ഞു.
"ബാപ്പ ഇന്ന് വഴക്ക് പറഞ്ഞോ ഉമ്മിയെ?"
"ഇല്ലല്ലോ... എന്താ മോള് അങ്ങനെ ചോദിച്ചേ?"
"ഉമ്മി കരയുന്നത് കണ്ടു... ചോദിച്ചപ്പോ തലവേദന ആണെന്ന് പറഞ്ഞു."
"ആണോ... സാരമില്ല. കിടന്നോട്ടെ... മാറിക്കോളും."
അവൻ മോളെ ചേർത്തുപിടിച്ചു.
പതിവുപോലെ അത്താഴം എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിച്ചത്. മുഖം വല്ലാതിരിക്കുന്നതിനെക്കുറിച്ച് വീട്ടുകാർ ചോദിച്ചപ്പോൾ ശബാന തലവേദനയാണെന്ന് കള്ളം പറഞ്ഞു.
അത്താഴം കഴിഞ്ഞു മുറിയിലെത്തിയിട്ടും സമദിനെ കാണാൻ പോയതിനെക്കുറിച്ച് ഷമീർ ഒന്നും ചോദിച്ചില്ല.
പതിവില്ലാത്തവിധം ഒരു തണുത്തകാറ്റ് തണുപ്പുകാലത്തിന്റെ വിടവാങ്ങലെന്നോണം ജനാലയെയും, കർട്ടനുകളെയും തഴുകിക്കൊണ്ട് മുറിയിലേയ്ക്ക് വീശിയടിച്ചുകൊണ്ടിരുന്നു. സാധാരണ പതിവില്ലാത്തതാണ് ഈ തണുത്ത കാറ്റ്. പക്ഷേ, ഇന്ന് എന്തോ... അതുണ്ടായി.
ഷെമിമോൾ ഉറങ്ങിയതും ശബാന അവളെ പുതപ്പുകൊണ്ട് പുതപ്പിച്ചു. ഷമീർ ജനാലക്കരികിലിട്ട കസേരയിൽ ഇരിക്കുകയാണ്. അവൾ അവനരികിലെത്തി. ലൈറ്റിന്റെ പ്രകാശത്തിൽ ഷമീറിന്റെ മുഖം വെക്തമായി കാണാം. ആ മുഖത്തേയ്ക്ക് നോക്കാനാവാതെ തല കുനിച്ചുനിന്നുകൊണ്ട് ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു.
"എനിക്ക് സമദിനൊപ്പം പോകണം... ഇനിയും ഇവിടെ തുടരാൻ എനിക്കാവില്ല."
ഷമീർ ഒന്നും മിണ്ടിയില്ല. ഇതുവരെയും വീശിയിരുന്ന തണുത്തകാറ്റിന് പെട്ടെന്ന് ചൂടുപിടിച്ചതുപോലെ തോന്നി. ആ കാറ്റ് അവന്റെ ശരീരത്തെയും, മനസ്സിനെയും ചുട്ടുപൊള്ളിച്ചു.
ശബാന അവന്റെ മറുപടിക്ക് കാത്തെന്നവണ്ണം ചുമരിൽ ചാരി നിശ്ചലം നിന്നു.
"ശബാന ഇപ്പോൾ കിടന്നുറങ്ങിക്കോളൂ... എപ്പോഴാണ് പോകേണ്ടതെന്നു വെച്ചാൽ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കോളൂ."
തിരയനക്കം ഇല്ലാതെ ശാന്തമായൊഴുകുന്ന ഒരു പുഴയുടെ ശാന്തതയോടെയാണ് അവൻ പറഞ്ഞത്.
പഠനംകഴിഞ്ഞ് ജോലി കണ്ടെത്തി സുഹൃത്തുക്കളും, യാത്രകളും മാത്രം മനസ്സിലേറ്റിക്കൊണ്ട് നടന്ന സമയത്താണ് വിവാഹമെന്ന ബന്ധനത്തിലൂടെ ജീവിതത്തിന് ഒരു ഉത്തരവാദിത്വബോധം ഉണ്ടാക്കിത്തീർക്കാൻ വീട്ടുകാർ തീരുമാനിച്ചത്. കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിച്ചുനടന്ന പിന്നീടുള്ള ദിനങ്ങളിൽ ഒരു കൂട്ടുകാരിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. അത്യാവശ്യം സമ്പത്തുള്ള, വിദ്യാഭ്യാസവും ജോലിയുമുള്ള യുവാവിന് കല്ല്യാണാലോചനകളുടെ തിരക്കായിരുന്നു. സമ്പത്തിലുപരി കുടുംബമഹിമയും, പെൺകുട്ടിയുടെ സൗന്ദര്യവുമൊക്കെയാണ് വീട്ടുകാർ ശ്രദ്ധിച്ചത്. അതിനിടയിലാണ് ശബാന കടന്നുവരുന്നത്. ഇടുക്കിയിലുള്ള നല്ല കുടുംബത്തിൽ ജനിച്ച വിദ്യാഭ്യാസവും, സൗന്ദര്യവുമുള്ള അവളെ എല്ലാവർക്കും ഇഷ്ടമായി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. വലിയ ആഘോഷത്തോടെതന്നെ വിവാഹം നടന്നു. എന്നാൽ ശബാന ഒരിക്കലും തന്നെ ആത്മാർഥമായി സ്നേഹിക്കുന്നില്ലെന്ന കാര്യം അധികം വൈകാതെ ഷമീർ തിരിച്ചറിഞ്ഞുതുടങ്ങി. ആ തിരിച്ചറിവ് അവനെ വല്ലാതെ തകർത്തുകളഞ്ഞു.
ഇതുവരെയുണ്ടായിരുന്ന മനസ്സിലെ ദുഃഖം വഴിമാറി മറ്റൊരു ദുഃഖത്തിന് തുടക്കമിടുന്നത് അവൻ പതിയെ മനസ്സിലാക്കി. ഒരു വിവാഹിതനായ പുരുഷന് അവന്റെ കുടുംബപ്രശ്നങ്ങൾ മറ്റൊരാളോട് പങ്കിടുക എന്നത് വല്ലാത്ത പ്രയാസമുള്ള കാര്യമാണ്. അങ്ങനെ പങ്കുവെച്ചാൽ തന്നെ അത് മറ്റുള്ളവർ വിശ്വസിച്ചുകൊള്ളണമെന്നോ, പരിഹാരം കണ്ടെത്തിക്കൊള്ളണമെന്നോ ഇല്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള ഒരു പ്രശ്നത്തിന് മറ്റൊരാൾക്ക് എങ്ങനെ പരിഹാരമുണ്ടാക്കാൻ കഴിയും?
തന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണാണ് ശബാന. മനസ്സും ശരീരവും ആദ്യമായി പങ്കുവെച്ചത് അവളുമായിട്ടാണ്. എന്നാൽ അവൾക്ക് തന്റെ മനസ്സും ശരീരവും വേണ്ടാത്ത അവസ്ഥയിലാണ്. നിങ്ങൾ എപ്പോൾ പറയുന്നോ അപ്പോൾ ഞാൻ എല്ലാം ഉപേക്ഷിച്ചു പോയ്കോളാം എന്ന മട്ടിലാണ് അവൾ തനിക്കൊപ്പം ജീവിക്കുന്നതെന്ന് അവന് മനസ്സിലായി. മനസ്സും ശരീരവും ഒന്നായിതീരുമ്പോഴാണ് സന്തോഷം പിറവിയെടുക്കുന്നതെന്ന് ഷമീർ പലപ്പോഴും കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും അതനുഭവിക്കാനുള്ള യോഗം അവനുണ്ടായിട്ടില്ല. യഥാർത്ഥ ശരീരസുഖം എന്തെന്ന് അവൻ ഇതുവരെ അറിഞ്ഞിട്ടില്ല. ഇരുവരും യുവത്വമായിരുന്നതുകൊണ്ടുമാത്രം, അല്ലെങ്കിൽ കല്യാണം കഴിഞ്ഞ ആധ്യനാളുകളിലുള്ള സ്നേഹപ്രകടനങ്ങൾ എന്നതുകൊണ്ടുമാത്രം, ഇണയുടെ ഇഷ്ടക്കേട് സമ്പാദിക്കേണ്ട എന്ന ചിന്ത ഒന്നുകൊണ്ടുമാത്രം ഒരു മോള് പിറന്നു. പലപ്പോഴും ഭാര്യയുടെ പെരുമാറ്റത്തിൽ വെറുപ്പ് തോന്നിയിട്ടുണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി കഴിയുകയാണ് ചെയ്തിട്ടുള്ളത്. പ്രശ്നങ്ങൾ ഉണ്ടാക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് എല്ലാം കണ്ടില്ലെന്നുനടിച്ചത്. എന്നിട്ടിപ്പോൾ ഭാര്യയ്ക്ക് മറ്റൊരുവനോട് ബന്ധമുണ്ടെന്നറിഞ്ഞപ്പോഴുള്ള നടുക്കം തന്നെ തളർത്തിയിരിക്കുന്നു. അവൾക്ക് തന്നോടുണ്ടായിരുന്ന അകൽച്ചയുടെ കാരണം എന്താണെന്നറിഞ്ഞപ്പോൾ ഇനിയങ്ങോട്ട് എന്തുചെയ്യണമെന്നറിയാതെ ദുഃഖത്തിലാണ്ടുപോയ അവസ്ഥ.
രാവും പകലും മാറിവരുന്നതുപോലെ ഒരിടത്തുനിന്നും വിട്ടുപിരിഞ്ഞ് മറ്റൊരിടത്തു താമസം തുടങ്ങുമ്പോൾ നാളെമുതൽ ശബാന ഈ വീട്ടിൽ ആരുമല്ലാതാവുകയാണ്. അവൾ ഷമീറിന്റെ ഭാര്യയല്ലാതാവുകയാണ്. ഷെമിമോളുടെ ഉമ്മയല്ലാതാവുകയാണ്. മരുമകളെന്ന സ്ഥാനം ഉപേക്ഷിക്കുകയാണ്. ബാപ്പയുടെയും, ഉമ്മയുടെയും, ബന്ധുക്കളുടെയും, നാട്ടുകാരുടേയുമൊക്കെ ഇഷ്ടക്കേട് സമ്പാദിക്കാനൊരുങ്ങുകയാണ്. കൂടെനടന്ന കൂട്ടുകാരുടെ പരിഹാസത്തിന് ഇരയാവാൻ ഒരുങ്ങുകയാണ്. സമദ് എന്ന പ്രിയകാമുകനുമുന്നിൽ അഭയം തേടാൻ ഒരുങ്ങുകയാണ്.
നഗരത്തിൽ കാർണിവൾ എത്തിയതിന്റെ അറിയിപ്പുമായി വാഹനം വഴിയിലൂടെ കടന്നുപോകുന്നുണ്ട്. കഴിഞ്ഞവർഷം ഇതേസമയം ശബാനയുമൊരുമിച്ച് കാർണിവൽ കാണാൻ പോയത് ഷമീർ ഒരുനിമിഷം ഓർത്തു. കാർണിവലിന്റെ അറിയിപ്പ് നോക്കിനിൽക്കുന്ന അയൽക്കാരെ നോക്കി അവൻ മുറ്റത്തുനിൽക്കുകയാണ്.
"ഷമീർ നിങ്ങൾ പോകുന്നുണ്ടോ കാർണിവലിന്?"
അയൽവാസിയായ ഇക്കാ വിളിച്ചു ചോദിച്ചു.
"ഇല്ല, നാളെ ശബാന ഒരു ജോലിയുടെ ട്രെയ്നിങ്ങുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ വരെ പോവുകയാണ്. അതിന്റെ തയ്യാറെടുപ്പിലാണ്."
അവൻ മറുപടി പറഞ്ഞു.
"എന്നാലും ഇത് വല്ലാത്ത അവസ്ഥയായിപ്പോയി... ഇത്രേം ദൂരത്തേയ്ക്ക് ആ പെങ്കൊച്ചിനെ തനിച്ച് ട്രെയ്‌നിംഗിന് വിടുക എന്ന് പറഞ്ഞാൽ?"
അയൽവക്കത്തെ ഇത്താ പറഞ്ഞു.
"അത് സാരമില്ല. നല്ലൊരു കാര്യത്തിനല്ലേ. ഒരുമാസം കഴിയുമ്പോൾ ഇങ്ങോട്ട് തിരിച്ചുവരാല്ലോ. ഇഷ്ടമുണ്ടെങ്കിൽ തുടരുകയും ആവാം."
ഷമീർ പുഞ്ചിരിയോടെ പറഞ്ഞു.
"അതുശരിയാണ്... അപ്പോൾ പിന്നെ പ്രശ്നം ഇല്ല."
ആ സ്ത്രീ പറഞ്ഞു.
"അതെ..."
ഷമീർ പറഞ്ഞു.
"എന്ന ശരി... പിന്നെ കാണാം."
അവർ വീട്ടിനുള്ളിലേയ്ക്ക് തിരികെ പോകാനൊരുങ്ങിക്കൊണ്ട് പറഞ്ഞു.
"ശരി ഇത്താ..."
അവൻ പറഞ്ഞു.
ഇതെല്ലാം കേട്ടുകൊണ്ട് ശബാന പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു.
അവൾ ഷമീറിനെ നോക്കി.
"ആളുകളോട് ഓരോരോ കള്ളങ്ങൾ പറഞ്ഞു മടുത്തുവല്ലേ?"
അവൾ ചോദിച്ചു.
"കള്ളമല്ല... സത്യമാണ് ഞാൻ പറഞ്ഞത്. നീ ദൂരെയൊരിടത്ത് ജോലിതേടി പോകുന്നു എന്നാണ് ഞാൻ എല്ലാരോടും പറഞ്ഞിട്ടുള്ളത്. ഞാൻ വിശ്വസിക്കുന്നതും അതുതന്നെയാണ്. അല്ലെങ്കിലും അങ്ങനെ കരുതാനെ എനിക്ക് കഴിയൂ. നീ എന്നെ ഉപേക്ഷിച്ചുപോയി എന്നുവിശ്വസിക്കാൻ എനിക്ക് കഴിയില്ല. ആരോടും ഇത് പറയണ്ട. ആരും ഒന്നും തൽക്കാലം അറിയണ്ട. എന്റെ വീട്ടുകാരും, നിന്റെ വീട്ടിലുള്ളവരും ആരും. നിനക്ക് ഒരു കമ്പനിയിൽ ട്രയ്‌നിംഗ്. അത്രമാത്രം പറഞ്ഞാൽ മതി എല്ലാരോടും."
ഷമീറിന്റെ ശബ്ദമിടറി.
തുടരും...
ഭാഗം - 13
ശബാന സ്വയം ശപിച്ചു.
ഷമീറിനെപ്പോലൊരു ഭർത്താവിനെ വേദനിപ്പിക്കേണ്ടി വരുന്നതിന്റെ ശാപം എക്കാലവും തനിക്കുണ്ടാകുമെന്ന് അവൾ വിശ്വസിച്ചു. തനിക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും മികച്ച ഭർത്താവാണ് ഷമീർ. എന്നിട്ടും... ഇതിലും ഭേദം മരിക്കുന്നതായിരുന്നു. ആരും ഒന്നും അറിയാതെ ഒരു ആത്മഹത്യായായിരുന്നു നല്ലത്. എല്ലാം ഷമീറിനോട് തുറന്നുപറഞ്ഞ് പിരിയാനൊരുങ്ങിയ സ്ഥിതിക്ക് ഇനി അവനൊപ്പം ജീവിതം തുടരാനാവില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. തന്റെ മനസ്സ് അതിന് സമ്മതിക്കുകയുമില്ല. അതുകൊണ്ടാണല്ലോ എല്ലാം അവസാനിപ്പിച്ചുകൊണ്ട് അവസാനം സമദിനൊപ്പം പോകാൻ തീരുമാനിച്ചത്.
ശബാന കഴുത്തിൽ കിടന്ന മഹർമാല ഊരിയെടുത്തു.
"ഇനിമുതൽ എനിക്ക് ഇത് വേണ്ടാ... ഇതണിയാൻ ഞാൻ അർഹയല്ല. എനിക്ക് അതിനുള്ള യോഗ്യതയില്ലാതായിരിക്കുന്നു."
അവൾ ആദ്യമായി ഷമീറിനെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു.
എന്നാൽ ഷമീർ സങ്കടപ്പെട്ടില്ല. തന്റെ ദുഃങ്ങളെല്ലാം അവൻ നേരത്തേ അനുഭവിച്ചു കഴിഞ്ഞിരുന്നു. സങ്കടപ്പെട്ടും, കരഞ്ഞും, ചിന്തിച്ചും. ഇനിയൊരിക്കലും തന്റെ മനസ്സിനെ സങ്കടത്തിന്റെ ആഴക്കടലിൽ മുക്കിക്കളയില്ലെന്ന് അവൻ നിശ്ചയിച്ചു. ശബാനയെ വിവാഹം കഴിച്ചതിനുശേഷം താൻ ഒരുപാട് സങ്കടപ്പെട്ടിരുന്നു. മനോവേദനയുടെ ആഴങ്ങളിൽ മുങ്ങിത്താണിരുന്നു. പക്ഷേ, അതൊന്നും താൻ ആരോടും പങ്കുവെച്ചില്ല.
മഹർമാല അവൾ ഷമീറിനെ ഏൽപ്പിച്ചു. തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതെന്തോ കൈയിൽ ഏറ്റുവാങ്ങേണ്ടിവന്നതുപോലെ അവൻ നിന്നു വിയർത്തു.
"മോളോട് എന്ത് പറയും? അവൾ ഉമ്മയെ തിരക്കില്ലേ?"
ശബാന ചോദിച്ചു.
"അതൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല. നിന്റെ ഇഷ്ടം നടക്കട്ടെ. നാളെ പ്രായമാകുമ്പോൾ അവൾക്ക് എല്ലാം മനസ്സിലാകും. അന്ന് അവൾക്ക് ഇഷ്ടമുള്ളതുപോലെ അവൾ തീരുമാനിക്കട്ടെ. അതുവരെ അവളെ ഞാൻ പൊന്നുപോലെ നോക്കും."
ഷമീറിന്റെ വാക്കുകളിൽ വല്ലാത്ത മനോധൈര്യം നിറഞ്ഞുനിന്നു.
"എല്ലാം അവസാനിക്കാൻ പോകുമ്പോഴും സമചിത്തതയോടെ നിങ്ങൾ കാണിക്കുന്ന ഈ ശാന്തത അതെന്നെ കൊല്ലുന്നതിനു തുല്യമാണ്. ഈ നിമിഷം എല്ലാം അവസാനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഹൃദയം പൊട്ടി മരിച്ചിരുന്നുവെങ്കിൽ എന്ന്..."
കഴിഞ്ഞുപോയ നാളുകളിലെ ഓർമ്മകൾ പുതുക്കിക്കൊണ്ടെന്നോണം നെടുവീർപ്പുകൾ നിറഞ്ഞ നിദ്രാവിഹീനമായ ഒരു രാത്രികൂടി കടന്നുപോയി. എങ്ങും നിശബ്ദത കളിയാടി. മെല്ലെ ഒരു കുളിർകാറ്റ് മുറിയിലേയ്ക്ക് വീശിയടിച്ചു. എല്ലാവരും ഉറക്കത്തിലാണ്ടു കഴിഞ്ഞു. ഷെമിമോൾ ഉറക്കമായി. ശബാന നിശ്ചലയായി കട്ടിലിൽ ചാരി ഓർമ്മകളിൽ മുഴുകി അങ്ങനെ ഇരുന്നു.
എല്ലാം ചിന്തകൾക്കും അവസാനം കുറിച്ചുകൊണ്ട് പുലരി പിറന്നു. പുതിയദിവസം കടന്നുവന്നു.
"എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് ശബാന ഇറങ്ങാനൊരുങ്ങുമ്പോൾ ഷെമിമോൾ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ചോദിച്ചു..."
"ഉമ്മി പോയിട്ട് എപ്പോഴാ വരിക? ഉമ്മി പോകണ്ടാ..."
"ഉമ്മി പോയിട്ട് അധികം വൈകാതെ തിരിച്ചുവരാം മോളേ. മോള് കരയാതെ, വഴക്കുണ്ടാക്കാതെ ഇരിക്കണം."
മകളെ ചേർത്തുപിടിച്ചു ചുംബിച്ചുകൊണ്ട് ശബാന പറഞ്ഞു. എന്നിട്ട് മുഖം തുടച്ചുകൊണ്ട് തിരിഞ്ഞുനോക്കാതെ ബാഗും തൂക്കി നടന്നുനീങ്ങി.
കൊച്ചിയിലുള്ള സമദിന്റെ വീട്ടിലേയ്ക്കാണ് ശബാന പോയത്. ഹൗസിങ് കോളനിയിലെ സമദിന്റെ വീടിനുമുന്നിൽ അവൾ ഓട്ടോനിറുത്തി ഇറങ്ങി. ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട് സമദ് ഇറങ്ങിവന്നു. ശബാന വിളിച്ചറിയിച്ചതനുസരിച്ച് അവളുടെ വരവും കാത്ത് നോക്കിയിരിക്കുകയായിരുന്നു അവൻ. അവൻ ശബാനയുടെ കൈ പിടിച്ചു ബാഗുകൾ വാങ്ങിക്കൊണ്ട് അകത്തേയ്ക്ക് ക്ഷണിച്ചു. രണ്ടുദിവസം മുൻപ് താൻ ഇവിടെ വന്നുപോയത് ശബാന മനസ്സിലോർത്തു.
"എന്താ മടിച്ചു നിൽക്കുന്നെ വരൂ... ഇവിടെ മറ്റാരുമില്ല. കഴിഞ്ഞദിവസം വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നില്ലേ... അവരൊക്കെ മലപ്പുറത്ത് ഒരു കല്യാണത്തിന് പോയിരിക്കുവാണ്. രണ്ടുദിവസം കഴിഞ്ഞേ വരൂ... അപ്പോഴേക്കും നമ്മൾ ഇവിടം വിട്ടിരിക്കും."
ഒട്ടും ശങ്കയില്ലാതെ, കുറ്റബോധം ഇല്ലാതെ ശബാന അവനൊപ്പം അകത്തേയ്ക്ക് നടന്നു. കാരണം താനിപ്പോൾ പഴയ ശബാനയല്ല. പൂർണ്ണമായും മറ്റൊരുവളാണെന്ന ചിന്ത അവൾക്കുണ്ടായിരുന്നു.
പകലിന്റെ ചൂടിന് ശമനം വരുത്തിക്കൊണ്ട് സൂര്യൻ അസ്തമയത്തിനൊരുങ്ങിയിരിക്കുന്നു.അസ്തമയത്തിനൊരുങ്ങി നിൽക്കുന്ന അതിന്റെ നിറത്തിന് പതിവിലും ചുവപ്പുള്ളതുപോലെ. അസ്‌തമിക്കാൻ മടിയുള്ളതുപോലെ അത് ആകാശക്കോണിൽ ഏതാനുനേരം മടിച്ചുനിന്നു. ഒടുവിൽ കടലിന്റെ ആഴങ്ങളിലേയ്ക്ക് മുങ്ങിത്താണു.
സമദിന്റെയും, ശബാനയുടെയും ആദ്യരാത്രി. ആകാശത്ത് തലയുയർത്തി പ്രഭചൊരിഞ്ഞുകൊണ്ട് ചന്ദ്രൻ കടന്നുവന്നു. സമയം കടന്നുപോകവേ ആദ്യരാത്രി ആഘോഷിക്കുന്ന മുറിയിലേയ്ക്ക് ചന്ദ്രന്റെ പ്രഭ ജനാലയിലൂടെ എത്തിനോക്കി. അവിടെ മുറിക്കുള്ളിൽ ഫാനിന്റെ കാറ്റിൽ പെട്ട് വസ്ത്രങ്ങൾ ഇളകിമാറുന്നതും, രണ്ടുമനുഷ്യർ ഇക്കിളിപ്പെട്ടു പുളയുന്നതും നോക്കിനിന്നു.
തന്റെ ശരീരത്തിന് കോരിത്തരിക്കുവാനും, മറ്റൊരാൾക്ക് അത് പകർന്നുകൊടുക്കുവാനും കഴിയുമെന്ന സത്യം ശബാനയെ സന്തോഷിപ്പിച്ചു. രണ്ടുദിവസം മുൻപ് ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഇങ്ങനൊരു തീരുമാനം താൻ എടുക്കില്ലായിരുന്നു എന്നകാര്യം അവളോർത്തു.
നഗരമധ്യത്തിലുള്ള ആ ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് ബൈക്ക് നിറുത്തി ഇറങ്ങുമ്പോൾ ഷമീറിന്റെ മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ഒരു പിടച്ചിൽ അനുഭവപ്പെട്ടു. ആറുവർഷങ്ങൾക്കുമുൻപ് 'റൈഹാനയുടെ' വിവാഹത്തിൽ പങ്കെടുത്തുകൊണ്ട് ഈ ഓഡിറ്റോറിയാം വിട്ടുപോകുമ്പോഴുണ്ടായ അതെ പിടച്ചിൽ. ബൈക്ക് ഒതുക്കിവെച്ചിട്ട് ബലൂണുകൾകൊണ്ട് അലങ്കരിച്ച ഓഡിറ്റോറിയത്തിന്റെ കവാടത്തിലേയ്ക്ക് നടന്നു. ഒരേനിറത്തിലുള്ള ഡ്രസ്സുകൾ അണിഞ്ഞ ക്യാറ്ററിംഗ് ഗ്രൂപ്പിലെ ചെറുപ്പക്കാർ, വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വിവിധപ്രായത്തിലുള്ള വേറെയും ആളുകൾ.
ചെറുക്കനും പെണ്ണിനും ഇരിക്കാനായി അലങ്കരിക്കപ്പെട്ടുള്ള സ്റ്റേജിനുനേർക്ക് നോക്കി അവനൊരുനിമിഷം നിന്നു. കണ്ണുകൾ മെല്ലെ അടച്ചു... ഓർമ്മകൾ ഹൃദയാന്തരത്തിൽ കുളിര് പടർത്തുന്നു.
മെല്ലെ പുറത്തിറങ്ങി ചുറ്റുപാടും വീക്ഷിച്ചു. അവൾ എത്തിച്ചേർന്നിട്ടുണ്ടോ... ഉണ്ടാവില്ല. പറഞ്ഞസമയം ആയിട്ടില്ല. പത്തുമണിക്ക് വീട്ടിൽനിന്നിറങ്ങും എന്നാണ് പറഞ്ഞത്. നേരത്തേ ഇറങ്ങാൻ കഴിയില്ലത്രേ... അത്രമേൽ ജോലി വീട്ടിൽ ഉണ്ട്.
വിവിധവർണ്ണങ്ങളിലുള്ള ഡ്രസ്സുകൾധരിച്ച പെൺകുട്ടികൾ പൊട്ടിച്ചിരിച്ചും, വർത്തമാനം പറഞ്ഞും, ഫോണിൽ സെൽഫിയെടുത്തുമെല്ലാം ആസ്വദിച്ചുകൊണ്ട് മുന്നിലൂടെ കടന്നുപോയി. കുട്ടികളുമായി വന്ന രണ്ടു സ്ത്രീകൾ കുട്ടികളുടെ വസ്ത്രങ്ങളിലെ ചുളിവുകളും, മുഖത്തെ വിയർപ്പുകണങ്ങളുമൊക്കെ തൂത്ത് വൃത്തിയാക്കുന്നു.
ക്യാറ്ററിഗ്കാർ വാഹനത്തിൽനിന്ന് എന്തൊക്കെയോ എടുത്തുകൊണ്ട് ടേബിളിൽ സെറ്റുചെയ്യാനായി കൊണ്ടുപോകുന്നുണ്ട്. അവൻ മെല്ലെ ഗെയിറ്റിനുനേർക്ക് നടന്നു. കട്ടടൈൽ വിരിച്ച മുറ്റത്തിനരികിലെ വാകമരത്തണലിൽ നിൽക്കവേ... അതുവഴി നടന്നുവന്ന ഒരു പെൺകുട്ടി നോക്കി ചിരിച്ചപ്പോൾ... അവനൊന്നു വിസ്മയിച്ചു. ഇതവളാണോ 'റൈഹാന...' ആകാംഷയോടെ അവൾ അടുത്തെത്തുന്നതും കാത്ത് പുഞ്ചിരിയോടെ നിൽക്കുമ്പോൾ അവൾ മുന്നിലൂടെ വന്ന് തൊട്ടപ്പുറത്തുനിന്ന യുവാവിന്റെ അടുക്കലേയ്ക്ക് പോയി.
ഉച്ചവെയിലിന്റെ ചൂടിന് ആശ്വാസം പകർന്നുകൊണ്ട് ഇളംകാറ്റ് വീശിയടിച്ചപ്പോൾ വാകമരത്തിൽ നിന്ന് പൂക്കൾ ഉതിർന്നുവീണു. നീണ്ട ആറുവർഷത്തിനുശേഷം വാട്സാപ്പിൽ വന്ന ഒരു സന്ദേശം.
'സഹപാഠിയുടെ കല്യാണത്തിൽ പങ്കെടുക്കാൻ ടൗണിലെ ഓഡിറ്റോറിയത്തിൽ വരുന്നുണ്ട്. കഴിയുമെങ്കിൽ അവിടെവരെ വരണം... ഒന്നുകാണണം.'
സന്ദേശത്തിന് മറുപടിയായി കാണാം എന്ന് മറുപടിയെഴുതി അയക്കുമ്പോൾ... കാണുന്നത് എന്തിനെന്നുപോലും ചോദിച്ചില്ല. ഇത്രയുംകാലം പരസ്പര ബന്ധങ്ങൾ ഒന്നുംതന്നെയില്ലാതിരുന്നിട്ടും ഈ ഒരു വിളിക്കായി... ഒരു കണ്ടുമുട്ടലിനായി അവൻ കാത്തിരിക്കുകയായിരുന്നോ.!
ഈ സമയം ഒരു ഓട്ടോറിക്ഷ അവന്റെ അരികിലായി കവാടത്തിനുമുന്നിൽ വന്നുനിന്നു. അവളാകുമോ... ഓട്ടോയിൽ വന്നത്... ആകാംഷയോടെ നോക്കുമ്പോൾ... ഓട്ടോയുടെ പിന്നിൽ നിന്ന് സാരിയുടുത്ത തടിച്ചൊരു സ്ത്രീയും, മകളും പുറത്തിറങ്ങി പൈസകൊടുത്തിട്ട് ഓഡിറ്റോറിയത്തിനുനേർക്ക് ഗൗരവത്തിൽ നടന്നുപോയി. കൊടുത്ത കൂലി കുറഞ്ഞുപോയിട്ടോ എന്തോ... ഓട്ടോ ഡ്രൈവർ പുച്ഛത്തോടെ ഒരുനിമിഷം അവരെനോക്കിയിട്ട് ഓട്ടോ സ്റ്റാർട്ടാക്കി ഓടിച്ചുപോയി.
ഒരുപാടുകാലത്തെ ഷമീറിന്റെ പ്രണയിനിയൊന്നുമായിരുന്നില്ല റൈഹാന. പഠനം കഴിഞ്ഞ് കൺസ്ട്രക്ഷൻ ജോലിയുമായി നടന്നകാലത്തെ ഒരു കണ്ടുമുട്ടൽ. സൗഹൃദം സ്ഥാപിക്കൽ. അന്ന് അവൾ ഡിഗ്രിക്ക് പഠിക്കുകയാണ്. ആദ്യകാഴ്ചയിൽ തന്നെ എന്തുകൊണ്ടോ ഒരു മായാത്തചിത്രമായി അവൾ അവന്റെ മനസ്സിൽ പതിയുകയായിരുന്നു. പരിചയപ്പെടൽ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ സൗഹൃദം ഇഷ്ടത്തിന് വഴിമാറിയപ്പോൾ... വിവാഹം കഴിക്കുന്നതിനു സമ്മതമാണോ... ആണെങ്കിൽ ആ വിവരം വീട്ടിൽ അറിയിക്കട്ടെ എന്ന് അവളോട് ചോദിക്കുകയും ചെയ്തു.
'ഇപ്പോൾ വേണ്ടാ... കുറച്ചുനാൾ കഴിയട്ടെ. സമയമാകുമ്പോൾ ഞാൻ പറയാം എന്നിട്ടുമതി.'
അവൾ അന്ന് പുഞ്ചിരിയോടെ മറുപടി നൽകി.
തുടരും...
ഭാഗം - 14
റൈഹാനയുടെ ഭാഗത്തുനിന്നുള്ള മറുപടിയുംകാത്ത് പാതിരാവുകളിൽ തുറന്നിട്ടജനാലയിലൂടെ നിലാവുംനോക്കി കിടന്ന ദിനങ്ങൾ ആഴ്ചകളും മാസങ്ങളും കടന്നുപോയപ്പോൾ അവൻ പലവട്ടം ഫോണിലൂടെയും മറ്റുമായി അവളോട് കാര്യമുണർത്തിച്ചു. ഒന്നിനും അവൾ വ്യക്തമായ മറുപടി തരാഞ്ഞപ്പോൾ അവൾ കമ്പ്യൂട്ടർ പഠിക്കുന്ന സ്ഥലത്ത് പോയി അവളെ നേരിട്ടുകണ്ടു. ടൗണിലെ ബേക്കറിഷോപ്പിൽ കയറി കോഫി കുടിച്ചുകൊണ്ട് വിവാഹക്കാര്യത്തേക്കുറിച്ചും മറ്റുപലതിനേയും കുറിച്ചും സംസാരിച്ചു.
ഒരുപാടുനേരം സംസാരിച്ചിട്ടും, പലവട്ടം ഓർമ്മപ്പെടുത്തിയിട്ടും, വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് അവൾ അനുകൂലമായി ഒന്നും പറഞ്ഞില്ല.
'കുറച്ചുകൂടി പഠിക്കണം, കഴിയുംപോലെ ഒരു ജോലിക്ക് ശ്രമിക്കണം. പിന്നെ സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ലാതെ ജീവിതം മികച്ചതാക്കി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? ഷമീറിനും ആഗ്രഹമില്ലേ നല്ലൊരു ജോലി വേണമെന്ന്?'
അവളുടെ ആ ചോദ്യങ്ങൾ ന്യായമാണെന്ന് അവനുതോന്നി. അതിലുപരി ഈ കാരണങ്ങൾ പറഞ്ഞ് അവൾ തന്നെ മനപ്പൂർവ്വം ഒഴിവാക്കുകയാണെന്നും അവന് മനസ്സിലായി. പിന്നീട് ഇരുവരും തമ്മിൽ അകന്നു. വൈകാതെ പരസ്പരം യാതൊരു ബന്ധവുമില്ലാതായി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവൻ കേട്ടു... അവളുടെ വിവാഹം ആയെന്നും ഏതോ ഒരു സമ്പന്നനായ ഗൾഫുകാരനാണ് അവളെ വിവാഹം കഴിക്കാൻ പോകുന്നതെന്നുമൊക്കെ. പിന്നീട് അവളുടെ ക്ഷണപ്രകാരം വിവാഹത്തിൽ പങ്കെടുക്കാൻ അവൻ പോവുകയും ചെയ്തു.
എന്തൊക്കെത്തന്നെയായാലും ആദ്യപ്രണയം സമ്മാനിച്ച നോവ്... മറ്റു വിവാഹലോചനകൾ സ്വീകരിക്കാനോ, വിവാഹം കഴിക്കണമെന്നു ചിന്തിക്കാനോ അവന് തോന്നിയില്ല. അങ്ങനെ അവൻ വിവാഹം കഴിക്കുമ്പോൾ വർഷങ്ങൾ കടന്നുപോയിരുന്നു.
ഓഡിറ്റോറിയത്തിലേയ്ക്ക് ആളുകൾ കൂട്ടമാറ്റും ഒറ്റയായും വന്നുനിറയാൻ തുടങ്ങി. അവൻ മൊബൈൽ എടുത്തുനോക്കി. സമയം പതിനൊന്നര ആവുന്നു. എന്തേ ഇതുവരെ അവൾ വരാത്തത്. ഇനി വരാതിരിക്കുമോ... വരുമെന്ന് തന്നെ കളിപ്പിക്കാൻ പറഞ്ഞതാണെങ്കിലോ... ഏയ് വരാതിരിക്കില്ല. രാവിലെയും കൂടി വാട്സാപ്പിൽ സന്ദേശം അയച്ചതാണ് ഓഡിറ്റോറിയത്തിൽ വരുമ്പോൾ കാണാമെന്ന്.
'എന്തെങ്കിലും കാര്യമായി സംസാരിക്കാനുണ്ടെങ്കിൽ പുറത്തെവിടെയെങ്കിലും വെച്ച് പിന്നീട് വിശദമായി കാണാം.'
എന്നുപറഞ്ഞപ്പോൾ... അവൾ പറഞ്ഞത്...
'അതുവേണ്ട വെറുതേ ഒന്നുകണ്ടാൽ മാത്രം മതി... അത് അവസാനമായി കണ്ടുപിരിഞ്ഞ സ്ഥലത്തുവെച്ച് തന്നെയാവട്ടെ...'
എന്നാണ് അവൾ പറഞ്ഞത്.
നീണ്ട ആറുവർഷത്തെ അകൽച്ചയ്ക്കുശേഷം എന്തിനാണ് ഇപ്പോൾ തന്നെ കാണണമെന്ന് അവൾക്ക് തോന്നിയത്. സുന്ദരനും, സുമുഖനും, സമ്പന്നനുമായ ഭർത്താവും കുട്ടികളുമൊക്കെയായി കഴിയുന്ന അവൾക്ക് ഇപ്പോൾ തന്നെ കണ്ടിട്ട് എന്താണ് ആവശ്യം? അവന്റെയുള്ളിൽ പലവിധചിന്തകൾ കാടുകയറി.
കവാടത്തിന്റെ മുന്നിൽ വന്നുനിന്ന കാറിനുള്ളിൽ നിന്ന് ഒരു മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങിയ കല്യാണപ്പെണ്ണ് ഇറങ്ങി ഓഡിറ്റോറിയത്തിലേയ്ക്ക് കയറിപ്പോയി. അവൾക്കൊപ്പം പൂക്കളിലെ സൗരഭ്യം നുകരാൻ പൂമ്പാറ്റകളെന്നോണം വേറെയും കുറേ തരുണീമണികൾ. ഈ നയനമനോഹരമായ കാഴ്ച നോക്കി ആസ്വദിച്ചുകൊണ്ട് നിൽക്കവേ പിന്നിൽനിന്ന് ഒരു വിളികേട്ടു.
"ഹലോ..."
ആകാംഷയോടെ തിരിഞ്ഞുനോക്കുമ്പോൾ ചുണ്ടിലൊളിപ്പിച്ച ആ പഴയ മന്ദഹാസവുമായി റൈഹാന. ഉയർന്നുപൊങ്ങിയ ഹൃദയമിടിപ്പുകൾക്കിടയിൽ ഉള്ളിൽ നിന്നൊരു വിളിയുണർന്നു.
"അള്ളാഹുവേ..."
ഏഴുവർഷങ്ങൾക്കുമുൻപ് ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ പോയപ്പോൾ കണ്ട ചുരിദാറണിഞ്ഞ മെലിഞ്ഞുണങ്ങിയ ആ പെണ്ണാണോ തന്റെ മുന്നിൽ നിൽക്കുന്നത്. അവൾ പഴയതിലും സുന്ദരിയായിരിക്കുന്നു. തടിച്ചുരുണ്ട്... കവിളുകളൊക്കെ ചുവന്നുതുടുത്ത്... കണ്ണുകളിൽ വല്ലാത്ത തിളക്കം. വിലകൂടിയ മെറൂൺകളർ ചുരിദാറാണ് അവൾ അണിഞ്ഞിരിക്കുന്നത്.
"എനിക്കൊരു ശങ്കയുണ്ടായിരുന്നു വരാതിരിക്കുമോ എന്ന്. എന്നെക്കാത്ത് നിൽക്കുകയായിരുന്നല്ലേ... ഒരുനിമിഷം ഷമീറിനെ കണ്ടിട്ട് എനിക്ക് മനസ്സിലായില്ല. തടിച്ചുരുണ്ട് താടിയൊക്കെ വെച്ച്..."
അവൾ കുസൃതിയോടെ അവനെ നോക്കി.
"കാലത്തിനൊത്ത് കോലം മാറണ്ടേ..."
അവൻ ചിരിച്ചു.
"പിന്നെ വേണം... എന്തായാലും ഈ ന്യൂ ലുക്ക് നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടമായി."
അവൾ വീണ്ടും ചിരിച്ചു.
നെറ്റിയിലേയ്ക്ക് ഇറങ്ങിയുള്ള മുടിയിഴകളിലേയ്ക്കും, തുടുത്തകവിളുകളിലേയ്ക്കും, വലതുചുണ്ടിനോട് ചേർന്നുള്ള മറുകിലേയ്ക്കുമൊക്കെ... അവനൊരുനിമിഷം നോക്കി. ആ ചിരിയും, നോട്ടവും, സംസാരവും എല്ലാം പഴയതുപോലെ ഒട്ടും മാറ്റമില്ല.
"എന്തേ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നെ... ഞാൻ ഒരുപാട് മാറിയിട്ടുണ്ടോ?"
"ഏയ് ഇല്ല... അൽപ്പം തടിച്ചിട്ടുണ്ട് അത്രമാത്രം. പിന്നെയേ, എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്?"
"കാണണമെന്നുപറഞ്ഞത് വെറുതേ കാണാൻ മാത്രം. ഇതുപോലെ പരസ്പരം നോക്കി വല്ല മാറ്റങ്ങളും വന്നിട്ടുണ്ടോ എന്നറിയാൻ..."
അവൾ വീണ്ടും ചിരിച്ചു.
"പോകാൻ ദൃതിയൊന്നുമില്ലല്ലോ അല്ലേ... ഞാൻ ജസ്റ്റ് വിവാഹവേദിയിലൊന്നു മുഖം കാണിച്ചിട്ട് വരാം. എന്നിട്ടാവാം വിശേഷങ്ങൾ പങ്കിടുന്നത്. അതുവരെ എനിക്കുവേണ്ടി ക്ഷമിക്കുമല്ലോ അല്ലേ?"
അവളുടെ നോട്ടത്തിൽ കുസൃതി നിറഞ്ഞുനിന്നു.
"ഓ... പിന്നെന്താ... ഇത്രനേരം കാത്തുനിന്ന എനിക്ക് അൽപനേരം കൂടി ക്ഷമിക്കാൻ യാതൊരു മടിയുമില്ല."
അവൻ പുഞ്ചിരി തൂകി.
അവൾ ഓഡിറ്റോറിയത്തിലേയ്ക്ക് കയറി. അൽപം ഭക്ഷണം കഴിച്ചെന്നുവരുത്തിയിട്ട് സുഹൃത്തിനെ കണ്ട് വിഷ് ചെയ്തിട്ട് പുറത്തിറങ്ങി.
"എന്തൊക്കെ പ്രശ്നങ്ങൾ തരണം ചെയ്തിട്ടാണ് ഞാൻ ഇപ്പോൾ ഇവിടെ എത്തിച്ചേർന്നതെന്നറിയാമോ... ഇക്കാ ഇപ്പോഴും കൂടി ഫോണിലേയ്ക്ക് വിളിച്ചതേയുള്ളൂ. കല്ല്യാണത്തിൽ പങ്കെടുത്തിട്ട് വേഗത്തിൽ മടങ്ങിയെത്തണം. സുഹൃത്തുക്കളുമായി കിന്നാരം പറഞ്ഞുകൊണ്ട് നിൽക്കരുതെന്നും പറഞ്ഞ്. ആള് നാട്ടിൽ തന്നെയുണ്ട്. കുട്ടികളെ ഇക്കയുടെ മാതാപിതാക്കളെ ഏൽപ്പിച്ചിട്ടാണ് ഞാൻ വന്നത്. അവർക്കും ഇഷ്ടമല്ല ഞാൻ പുറത്തുപോകുന്നതും മറ്റും. വാ നമുക്ക് പോകാം. ഇവിടെനിന്ന് സംസാരിക്കേണ്ട... കല്യാണത്തിന് വന്നിട്ടുള്ളവരിൽ പരിചയക്കാർ ആരെങ്കിലും കാണും."
അവൾ ഗെയ്റ്റിന് പുറത്തേയ്ക്ക് നടന്നു.
കാറ് സ്റ്റാർട്ടാക്കി അവളെ മുന്നിൽ കയറ്റിക്കൊണ്ട് ഓഡിറ്റോറിയത്തിന്റെ സൈഡിലുള്ള റോഡിലൂടെ അവൻ കാറ് പായിച്ചു. ആളുകളേയും വാഹനങ്ങളേയും മറികടന്ന് കാറ് മുന്നോട്ട് നീങ്ങുമ്പോൾ അവളുടെ കണ്ണുകളിലെ പരിഭ്രമത്തിന്റെ തിരതള്ളൽ അവൻ കണ്ണാടിയിലൂടെ നോക്കിക്കണ്ടു.
"എന്താ... ഭയമുണ്ടോ... കാണണമെന്ന് പറഞ്ഞപ്പോഴുള്ള ആ ധൈര്യമൊക്കെ ചോർന്നുപോയോ?"
അവനൊന്നു ചിരിച്ചു.
"വഴിയിലെങ്ങാനും പരിചയക്കാരുണ്ടാകുമോ... എന്നൊരു പേടി."
സ്പ്പീഡിലോടുന്ന കാറിനൊപ്പം അവളുടെ മിഴികൾ ചുറ്റുവട്ടത്തെ തിരക്കുകളിൽ പരതിക്കൊണ്ടിരുന്നു.
"ശബാനയും മോളും സുഖമായിരിക്കുന്നോ... അവളിപ്പോൾ കോളേജിൽ പോകുന്നുണ്ടോ?"
ഇല്ല എന്ന അർത്ഥത്തിൽ അവൻ ചുമൽ കൂച്ചി.
"എന്നെക്കാണാൻ വന്നപ്പോൾ അവളെക്കൂടി കൂട്ടാമായിരുന്നു... ഞാൻ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞുകൂടായിരുന്നോ?"
അവൾ കുണുങ്ങി ചിരിച്ചു.
"എങ്കിൽ നന്നായേനെ... എന്റെ കുടുംബകാര്യത്തിൽ ഇന്നുതന്നെ ഒരു തീരുമാനം ആയേനെ."
അവൻ ഉള്ളിലെ സങ്കടം മറച്ചുവെച്ചുകൊണ്ട് പറഞ്ഞിട്ട് ഒരു ദീർഘനിശ്വാസമുതിർത്തു.
ഈ സമയം കാറ് നഗരത്തിന്റെ ഒഴിഞ്ഞകോണിലുള്ള ഒരു കോഫീ സെന്ററിന്റെ മുന്നിൽ ചെന്നുനിന്നു.
"ആഹാ... ഞാനുദ്ദേശിച്ച സ്ഥലത്തുതന്നെ വന്നുനിന്നു. ഈ കോഫീ ഹൗസ് അങ്ങനെ മറക്കാനാവില്ലല്ലോ... അല്ലേ?"
പറഞ്ഞുനിറുത്തിയ അവളുടെ ചുണ്ടിൽ കഴിഞ്ഞകാല ഓർമ്മകളുടെ അയവിറക്കൽ എന്നപോലെ ഒരു പുഞ്ചിരി വിടർന്നു.
ആൾതിരക്കില്ലാത്ത ഒഴിഞ്ഞകോണിലെ ടേബിളിനുമുന്നിൽ ഇരുവരും ഇരുന്നു. ഏതാനുംനിമിഷം ഇരുവരും മുഖത്തോട് മുഖം നോക്കി മിണ്ടാതെ അങ്ങനെ ഇരുന്നു.
"പറയൂ... എന്തൊക്കെയുണ്ട് വിശേഷങ്ങൾ... ഹസ്ബൻഡ് എങ്ങനെ സുഖമായിരിക്കുന്നോ... ഇനി ഗൾഫിലേയ്ക്ക് പോകുന്നില്ലേ?"
"ആർക്കറിയാം... പോകുന്നുണ്ടെന്നും ഇല്ലെന്നുമൊക്കെ പറയുന്നുണ്ട്. ഒരുതരം പ്രത്യേക സ്വഭാവമാണ്. വല്ലാത്തെ ദേഷ്യവും, വാശിയും ഒക്കെയുണ്ട് ആൾക്ക്. ദാ ഇതാണ് ആൾ."
ലാഘവത്തോടെ പറഞ്ഞിട്ട് അവൾ കൈയിലിരുന്ന ഫോൺ അവനുനേരെ നീട്ടി.
അവൻ ഫോൺവാങ്ങി നോക്കി. സ്‌ക്രീനിൽ സുമുഖനായ ഭർത്താവിന്റെയും, രണ്ടു പെൺകുട്ടികളുടെയും ചിത്രം. ആൾ ഗൗരവക്കാരനാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവന് തോന്നി.
"കൊള്ളാം... ഹസ്ബൻഡ് ഇപ്പോഴും സുന്ദരൻ ആണ്. കുട്ടികൾ റൈഹാനയെ പോലുണ്ട്."
അവൻ ഫോൺ തിരികെ കൊടുത്തു.
"ആണോ... എല്ലാരും പറയുന്നത് മക്കൾക്ക് അദ്ദേഹത്തിന്റെ ഛായയാണെന്നാണ്."
അവൾ ചിരിച്ചു.
"പിന്നെ... ഷമീറിന്റെ വൈഫിന്റെ ഫോട്ടോ കാണിച്ചില്ലല്ലോ... എവിടെ കാണട്ടെ."
അവൻ ഫോൺ ഓണാക്കി ഗ്യാലറിയിൽ നിന്ന് ഭാര്യയും മോളും ഒന്നിച്ചുള്ള ഒരു ചിത്രമെടുത്ത് അവളെ കാണിച്ചു.
"കൊള്ളാം... സുന്ദരിതന്നെ. കണ്ണുകളിൽ പ്രണയം ഒളിപ്പിച്ചുവെച്ചതുപോലെയുണ്ട്. എന്നെക്കാളും സുന്ദരിതന്നെ. മോൾ ശരിക്കും ഷമീർ തന്നെ."
"ങ്ഹാ സുന്ദരിയൊക്കെത്തന്നെയാണ്. സൗന്ദര്യം ഉണ്ടായതുകൊണ്ട് മാത്രം കാര്യമായില്ലല്ലോ... സ്വഭാവവും നന്നാവണ്ടേ... ദേഷ്യവും, വാശിയും, തന്നിഷ്ടവുമൊക്കെയാണ് എപ്പോഴും."
പറഞ്ഞിട്ട് ഉള്ളിലെ സങ്കടം മറച്ചുവെച്ചുകൊണ്ട് അവൻ മെല്ലെ പുഞ്ചിരിച്ചു.
"ആണോ... അതൊക്കെ ഇന്ന് സർവ്വസാധാരണയല്ലേ... എന്തായാലും എന്റെയത്ര മോശമായിരിക്കില്ല അവൾ."
ഫോണിലെ ചിത്രത്തിലേയ്ക്ക് വീണ്ടും നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
അവൻ മറുപടിയൊന്നും പറഞ്ഞില്ല. ടേബിളിൽ ഇരുന്ന കോഫി എടുത്ത് ഒരിരക്ക് കുടിച്ചു.
തുടരും...
ഭാഗം - 15
"ഷമീറിന് എന്നോട് നല്ല വെറുപ്പ് ഉണ്ടാകുമല്ലേ... സോറി. എല്ലാം എന്റെ അതിമോഹം കൊണ്ട് സംഭവിച്ചതാണ്. എന്റെ കൂട്ടുകാർക്കൊക്കെ നിന്നെ എന്തിഷ്ടമായിരുന്നെന്നോ... അവരൊക്കെ എന്നെ ഒരുപാട് നിർബന്ധിച്ചതാണ് നിന്നെ വിവാഹം കഴിക്കാൻ. പക്ഷേ, ഞാൻ സമ്പത്തിന്റെയും ജോലിയുടേയുമൊക്കെ പിറകേ പോയി. കുടുംബജീവിതത്തിൽ എന്തിനെക്കാളും വലുത് പരസ്പരം സ്നേഹിക്കുന്ന മനസ്സാണെന്നു ഞാൻ അറിയാതെപോയി."
അവൾ ചായകപ്പിലേയ്ക്ക് മുഖം കുനിച്ചിരുന്ന് ഒരു നിശ്വാസമുതിർത്തു.
"ഏയ്... റൈഹാനയുടെ ഭാഗത്ത് തെറ്റുണ്ടെന്നു ഞാൻ പറയില്ല. അന്നത്തെ ആ പരിതസ്ഥിതിയിൽ ഏതൊരുപെൺകുട്ടിയും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമൊക്കെയേ നീയും ചെയ്തുള്ളൂ. പഠിപ്പുണ്ടായിട്ടും നല്ലൊരു ജോലിക്ക് ശ്രമിക്കാതെ കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു നടന്ന എന്നെ ഒരുപെൺകുട്ടിയും ഇഷ്ടപ്പെടില്ല. ജോലി മാത്രമോ അന്ന് നല്ലൊരു വീടുപോലും എനിക്കുണ്ടായിരുന്നില്ലല്ലോ... അന്ന് അത് നടക്കാതിരുന്നത് നിന്റെ ഭാഗ്യമെന്നുവേണം പറയാൻ."
അവൻ ചായകുടിച്ചു.
ഏതാനും നിമിഷത്തെ നിശബ്ദത ഇരുവർക്കുമിടയിൽ വന്നുചേർന്നു. അവൾ ഒരുമാത്ര ജീവിതത്തിലെ പിന്നിട്ട നാളുകളിലേയ്ക്ക് തിരിഞ്ഞുനോക്കി.
കുടുംബത്തിലെ ഇളയസന്തതി ആയതുകൊണ്ടുതന്നെ ഒരുപാട് ലാളനകൾ ഏറ്റാണ് വളർന്നത്. അടിച്ചുപൊളിച്ചു കടന്നുപോയ സ്കൂൾ കോളേജു പഠനകാലങ്ങൾ. ആൺകുട്ടികളും അവരുമായുള്ള പ്രണയബന്ധങ്ങളുമൊക്കെ ഒരു നേരമ്പോക്ക് മാത്രമായിരുന്നു. ഒന്നിനും ഒരു സീരിയസ്സ്നസ് കൊടുത്തിരുന്നില്ല. എന്നിട്ടും ഒരുനാൾ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഷമീറുമായുള്ള സൗഹൃദം പ്രണയമായി മാറിയപ്പോൾ... മറ്റുള്ളതിൽ നിന്നെല്ലാം ഒരു പ്രത്യേകത ഈ ബന്ധത്തിനുള്ളതുപോലെ തോന്നി. അവനും തന്നെ ജീവനുതുല്യം സ്നേഹിക്കുന്നെന്നറിഞ്ഞപ്പോൾ ഒരുമാത്ര ഞെട്ടിപ്പോയി. പിന്നെങ്ങനെ ഇതിൽനിന്ന് ഒഴിവാകാം എന്നതായി ചിന്ത. ഒടുവിൽ ഓരോരോ ന്യായങ്ങൾ പറഞ്ഞ് അവനെ ഒഴിവാക്കി. പിന്നീട് മറ്റൊരാളുമൊത്ത് ജീവിതം തുടങ്ങുമ്പോൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല... അവന്റെ ഓർമകൾ ഒരുശാപം കണക്കെ ജീവിതത്തിൽ പിന്തുടരുമെന്ന്. ഓർമ്മകൾക്ക് വിടനല്കിക്കൊണ്ട് അവൾ ചോദിച്ചു.
"ഷമീറിന് ഓർമ്മയുണ്ടോ... നമ്മൾ ആദ്യമായി കണ്ടുമുട്ടിയ ദിനം... ഞാൻ ഇന്നും ഓർക്കുന്നുണ്ട്. അപ്പോഴെല്ലാം നിന്റെ നന്മക്കായി പ്രാർത്ഥിക്കാറുമുണ്ട്."
"ആണോ... ഞാനതൊക്കെ മറന്നുപോയിരിക്കുന്നു."
അവൻ നിസ്സാരമട്ടിൽ പറഞ്ഞു.
അവന്റെ മറുപടിയിൽ അവളുടെ വാക്കുകൾ ഒലിച്ചുപോയി. അവൾ വിളറിയ പുഞ്ചിരിയോടെ അവനെനോക്കി.
"ഇന്ന് മാർച്ച്മാസം പതിനാറാം തിയതി. ഈ ദിവസത്തിന്റെ പ്രത്യേകത അറിയുമോ... ഇന്നെന്റെ വിവാഹവാർഷികമാണ്. ആറുവർഷങ്ങൾക്കുമുൻപ് ഇതേ ദിവസമാണ് അവസാനമായി നമ്മൾ തമ്മിൽ കണ്ടത്. എന്റെ വിവാഹത്തിന്റെ അന്ന്... അൽപം മുൻപ് നമ്മൾ കല്ല്യാണത്തിനുപോയ ഓഡിറ്റോറിയത്തിൽ വെച്ച്. അന്ന് എനിക്ക് മംഗളങ്ങൾ നേർന്നുകൊണ്ട് നീ പോയപ്പോൾ എന്റെ ഹൃദയം വല്ലാതെ പിടഞ്ഞുപോയി. വർഷങ്ങൾക്കുശേഷം വീണ്ടും അതേദിവസം അതെ ഓഡിറ്റോറിയത്തിൽ വെച്ച് കൂട്ടുകാരിയുടെ വിവാഹം വന്നപ്പോൾ നിന്നെക്കുറിച്ച് ഞാൻ ഓർത്തു. ഒന്നുകൂടി കാണണമെന്ന് തോന്നി. അതാണ് അവിടെ തന്നെ വരാൻ പറഞ്ഞത്."
അവൾ അവന്റെ മിഴികളിലേയ്ക്ക് നോക്കി.
അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി ചിരിതൂകുമ്പോൾ അവൻ മനസ്സിൽ ഓർക്കുകയായിരുന്നു. കഴിഞ്ഞതൊക്കെയും ഇവൾ എത്രകൃത്യമായി ഓർത്തിരിക്കുന്നുവെന്ന്. എന്തിനാണത്?
"ഒരുകാര്യം ഞാൻ ചോദിക്കട്ടെ... ഷമീറിന് എന്നെ പിരിയാൻ കഴിയാഞ്ഞിട്ട് തന്നെയാണോ... ഞാൻ അവഗണിച്ചു നടന്നിട്ടും അന്ന് കമ്പ്യൂട്ടർ ക്ലാസിന്റെ മുന്നിൽവന്ന് എന്നെ കണ്ടതും അവസാനതീരുമാനം എന്തെന്ന് ചോദിച്ചതുമൊക്കെ?"
ചായ കുടിച്ച ഗ്ലാസ് അവൾ ടേബിളിന്റെ സൈഡിലേയ്ക്ക് ഒതുക്കിവെച്ചു.
അവനൊരുനിമിഷം മിണ്ടാതെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി അങ്ങനെതന്നെയിരുന്നു. അവളുടെ വാക്കുകളിൽ എത്രമാത്രം ആത്മാർത്ഥത ഉണ്ടെന്ന് അവൻ നോട്ടത്തിലൂടെ അളന്നെടുക്കുകയായിരുന്നു.
"റൈഹാനയെ പിരിയാൻ കഴിയാഞ്ഞിട്ടൊന്നുമല്ല അന്ന് അങ്ങനെ വന്ന് ചോദിച്ചത്. അതിനുമാത്രം അടുപ്പമൊന്നും നമ്മൾതമ്മിൽ ഉണ്ടായിരുന്നില്ലല്ലോ? അവസാനമായി നിന്റെ തീരുമാനം എന്തെന്ന് അറിയണമെന്ന് തോന്നി. അതിനും മുൻപേ നിന്റെ തീരുമാനം ഇതായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എന്നിട്ടും ആദ്യമായി നിന്നെ കണ്ടുമുട്ടിയ നിമിഷം എന്റെ മനസ്സിൽ പതിഞ്ഞ നിന്റെ ചിത്രം എന്നിൽ ചെറിയൊരു പ്രതീക്ഷ ബാക്കിനിറുത്തിയിരുന്നു. അതാണ് ഒരിക്കൽക്കൂടി നിന്നോട് ചോദിച്ച് ഉറപ്പുവരുത്താൻ വന്നത്."
ടേബിളിനുമുകളിൽ കൈകൾ ചേർത്ത് അതിന്റെ ഉള്ളിലേയ്ക്ക് തന്നെ നോട്ടമയച്ചിരുന്ന അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ... കഴിഞ്ഞകാല ഓർമ്മകളിലേയ്ക്ക് ഒരുനിമിഷം മടങ്ങിപ്പോയ അവന് മനസ്സിലായി അത് കുറ്റബോധത്തിന്റെ കണ്ണുനീരാണെന്ന്.
"ഷമീറിന് എന്നോട് വെറുപ്പില്ലേ?"
അവൾ പൊടുന്നനെ മൗനം ഭഞ്ചിച്ചു.
"എന്തിന്... അതിന്റെ ആവശ്യം ഇല്ലല്ലോ... എന്താ അങ്ങനൊരു ചോദ്യം... കുറ്റബോധം തോന്നുന്നുണ്ടോ?"
"ഉണ്ട് ഒരുപാട്... പക്ഷേ, എന്നോട് വെറുപ്പില്ലെന്നറിയുമ്പോൾ എനിക്ക് ആശ്വാസമുണ്ട്. അതിലേറെ സന്തോഷവും. സമയം ഒരുപാട് ആയോ... നമുക്ക് മടങ്ങിയാലോ?"
"മടങ്ങാം... ഭയക്കണ്ട... സമയം അധികമൊന്നും ആയിട്ടില്ല."
അവൻ വാച്ചിലേയ്ക്ക് നോക്കിക്കൊണ്ട് മെല്ലെ പറഞ്ഞു.
"ആണോ... എങ്കിൽ നമുക്ക് കുറച്ചുകൂടി സംസാരിച്ചിരിക്കാം. ഒരുപാടുകാലംകൂടി പരസ്പരം കണ്ടതല്ലേ... കാണണമെന്ന് പറയുമ്പോൾ വെറുതേ ഒന്ന് കാണാൻ മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ... പക്ഷേ, ഇപ്പോൾ... എന്തൊക്കെയോ ഒരുപാട് പറയാനുള്ളതുപോലെ."
അവൾ അവനെനോക്കി പുഞ്ചിരിതൂകി.
"റൈഹാനയുടെ കുടുംബജീവിതത്തിൽ ഇടയ്ക്ക് എന്തൊക്കെയോ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ ഉണ്ടായെന്നും... കുറച്ചുനാൾ വീട്ടിൽ വന്നുനിന്നതായും ഒക്കെ കേട്ടിരുന്നു... എന്തായിരുന്നു സംഭവം? വിരോധമില്ലെങ്കിൽ അറിഞ്ഞാൽ കൊള്ളാമായിരുന്നു."
"ങ്ഹാ... അതോ... അതൊക്കെ ഷമീർ അറിഞ്ഞിരുന്നോ...അതിനെക്കുറിച്ച് എന്താണിപ്പോൾ പറയുക... വെറുതേ ഓരോരോ കാരണങ്ങൾ പറഞ്ഞുകൊണ്ടുള്ള സൗന്ദര്യപ്പിണക്കങ്ങൾ. ഞാൻ ആദ്യമേ പറഞ്ഞില്ലേ... ഇക്കാ ആളൊരു പാവമാണെങ്കിലും ദേഷ്യവും, എടുത്തുചാട്ടവുമൊക്കെ കൂടുതലാണ്. പിന്നെ ചില ആണുങ്ങൾക്കുള്ളതുപോലെ ഭാര്യയെന്നാൽ വീട്ടിൽ തന്നെ ജോലിയെടുത്ത് ഒതുങ്ങിക്കഴിയണ്ട യന്ത്രമാണെന്നുള്ള പിടിവാശിയും. നിസ്സാരകാര്യം മതി പുള്ളിക്കാരന് ദേഷ്യം വരാൻ. വീടുവിട്ട് ഞാൻ എവിടേയും പോകുന്നത് ഇഷ്ടമല്ല... എന്റെ വീട്ടിലാണെങ്കിൽ കൂടിയും. എപ്പോഴും കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെ കഴിഞ്ഞോണം. ചെറിയ സംശയരോഗംവും ഉണ്ടെന്ന് വെച്ചോളൂ... ഇക്കാടെ വീട്ടുകാരും ഇതേ ചിന്താഗതിക്കാരാണ്. പിന്നെ അദ്ദേഹത്തിന് ചില രഹസ്യബന്ധങ്ങളും ഉണ്ടായിരുന്നു. ഒരിക്കൽ അവധിക്കു വന്നപ്പോൾ ഇതും പറഞ്ഞ് വഴക്കുണ്ടായി. അന്ന് അതിന്റെപേരിൽ പിണങ്ങി ഞാൻ കുറച്ചുനാൾ വീട്ടിൽ വന്നുനിന്നു. പിന്നീട് പുള്ളിക്കാരൻ തന്നെ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി."
"ആണോ... സ്നേഹക്കൂടുതലുകൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ എന്നുവേണമെങ്കിൽ പറയാമല്ലേ.?"
അവൻ പുഞ്ചിരിച്ചു.
"അങ്ങനാണോ... ആർക്കറിയാം... ഇതെന്തായാലും വല്ലാത്തൊരു അവസ്ഥയായിപ്പോയി. പിന്നെ ഷമീറിന്റെ കുടുംബജീവിതത്തിലും എന്തൊക്കെയോ സൗന്ദര്യപ്പിണക്കങ്ങൾ ഉള്ളതായി സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി... അതെന്താണ്?"
അവളുടെ ചോദ്യം കേട്ട് അവനൊരുനിമിഷം ഞെട്ടി. തന്റെ കുടുംബപ്രശ്നങ്ങൾ ഒരിക്കലും റൈഹാന അറിയുമെന്ന് അവൻ കരുതിയതല്ല. മുഖത്തെ ഞെട്ടൽ മറച്ചുപിടിച്ചുകൊണ്ട് അവൻ മെല്ലെ പുഞ്ചിരിതൂകി.
"എന്റെ കാര്യവും ഏതാണ്ട് റൈഹാനയുടേത് പോലെതന്നെയാണ്. ശബാനയ്ക്ക് ഓരോ സമയത്ത് ഓരോരോ ശീലങ്ങളാണ്. അത് അനുവധിച്ചുകൊടുത്തില്ലെങ്കിൽ പിന്നെ അതുമതി പ്രശ്നങ്ങൾ ഉണ്ടാകാൻ. ഒരുമിച്ചുള്ള യാത്രകൾ, ഒരുമിച്ചുള്ള ഭക്ഷണം, ഒരുമിച്ചുള്ള പാർട്ടികൾ ഇതിനോടൊന്നും അവൾക്കൊരു താല്പര്യവുമില്ല. പിന്നെ അവൾക്ക് മറ്റൊരു ദുസ്വഭാവംകൂടിയുണ്ട്... റൈഹാനയുടെ ഭർത്താവിനുള്ളതുപോലെ അതിരുവിട്ട ചില സൗഹൃദങ്ങൾ. അവൾ മറ്റൊരു പുരുഷനോട് അതിരുവിട്ട് സംസാരിക്കുന്നതോ, ഇടപഴകുന്നതോ, അവരുടെ വീട്ടിൽ പോകുന്നതോ ഒന്നും ചോദിക്കുന്നത് അവൾക്കിഷ്ടമല്ല. എപ്പോഴും അവളുടെ ഫോണും ചാറ്റുമൊക്കെ രഹസ്യമായിരിക്കും. എന്തെങ്കിലും രഹസ്യഇടപാടുകൾ നടക്കുന്നുണ്ടോ എന്ന് തോന്നും."
"അള്ളാഹുവേ... അത് വല്ലാത്തൊരു അവസ്ഥയാണല്ലോ."
"ഏയ്... കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അവൾക്ക് എന്നെയും മോളെയും ജീവനാണ്. ഒരുനിമിഷംപോലും പിരിഞ്ഞിരിക്കാൻ കഴിയില്ല. ഈ സ്നേഹക്കൂടുതൽ തന്നെയാവാം അവളെ വാശിക്കാരിയാക്കുന്നതും. എന്തായാലും ഇണങ്ങിയും പിണങ്ങിയും രണ്ടുവർഷങ്ങൾ കടന്നുപോയി. ഇതിനിടയിൽ മോളുണ്ടായി." അവൻ പറഞ്ഞുനിറുത്തി.
"ഒരുതരത്തിൽ പറഞ്ഞാൽ നമ്മൾ രണ്ടാളുടേയും ജീവിതം ഏതാണ്ട് ഒരുപോലെയൊക്കെത്തന്നെയാണ്. എല്ലാം വിധി അല്ലാതെന്താണ്."
അവൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞിട്ട് എഴുന്നേറ്റുപോയി കൈ കഴുകി.
തുടരും....
ഭാഗം - 16
ബെയറർ ബില്ല് കൊണ്ടുവന്നു. ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് ഡിസ്‌പ്ലെയിൽ തെളിഞ്ഞുനിന്ന ഭാര്യയുടെയും, മകളുടെയും ഫോട്ടോയിലേയ്ക്ക് ഒരിക്കൽക്കൂടി നോക്കിയിട്ട് ഫോൺ ഓഫാക്കി പോക്കറ്റിൽ വെച്ചിട്ട്... ഷമീർ എഴുന്നേറ്റുപോയി കൈ കഴുകി... തുടർന്ന് ബില്ല് പേ ചെയ്തു.
"എങ്കിൽ നമുക്ക് ഇറങ്ങാം..."
അവൻ റൈഹാനയെ നോക്കി പറഞ്ഞു.
"ഉം... പോകാം."
അവൾ ടവ്വലിൽ നനഞ്ഞ കൈ തുടച്ചിട്ട് എഴുന്നേറ്റ് അവനൊപ്പം പുറത്തേയ്ക്ക് നടന്നു.
"ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരുമൊന്ന് മയങ്ങാൻ കിടക്കും. ആ ഒരു ഉറപ്പിലാണ് ഞാൻ ഇത്രനേരവും ചിലവഴിച്ചത്. ഉറക്കമുണരുമ്പോൾ അവിടെ എത്തണം. ഇല്ലെങ്കിൽ പിന്നെ അതുമതി ഇന്നത്തേയ്ക്ക്. നിന്റെയൊരു കല്യാണത്തിനുപോക്ക് എന്നുംപറഞ്ഞു തുടങ്ങും... എരികേറ്റാൻ വീട്ടുകാരും കൂടും."
അവൾ മുഖത്തെ മാസ്ക് വലിച്ച് നേരെയിട്ടുകൊണ്ട് പുറത്തേയ്ക്ക് നടക്കുമ്പോൾ ആവലാതിയോടെ പറഞ്ഞു.
അവനൊരുനിമിഷം അവളെ സ്നേഹത്തോടെ നോക്കി. ആ കണ്ണുകളിലെ ആകുലത അവനെ നൊമ്പരപ്പെടുത്തി .
"ഒരു പരിധിവരെ മാസ്ക് ഉപകാരമായി അല്ലേ... പെട്ടെന്ന് ആരും തിരിച്ചറിയില്ലല്ലോ?"
"അത് സത്യമാണ്..."
അവൾ പുഞ്ചിരിതൂകി.
"എങ്കിൽ ഇനി വൈകണ്ട പുറപ്പെടാം. എങ്ങനെയാണ് മടങ്ങുക... എന്റെയൊപ്പം വീടുവരെ കാറിൽ വരുന്നോ... ഞാൻ കൊണ്ടുവിടട്ടെ?"
അവൻ കുസൃതിയോടെ അവളെനോക്കി.
"അതുവേണോ... വേണ്ടാ. ഞാൻ ഒരു ഓട്ടോറിക്ഷ പിടിച്ചു പോയ്കൊള്ളാം. എന്നെ ഓട്ടോസ്റ്റാൻഡിൽ വിട്ടാൽ മതി."
അവൾ ചിരിച്ചു.
കൂൾബാറിന്റെ മുറ്റത്തുനിന്ന വാകമരത്തിലെ ഞെട്ടറ്റപൂക്കളിൽ ചിലത് അവളുടെ തലയിലെ തട്ടത്തിൽ വന്നുപതിച്ചു.
അതാ... കൂൾബാറിന്റെ കൗണ്ടറിലിരിക്കുന്ന പെൺകുട്ടി അസൂയയോടെയെന്നവണ്ണം തങ്ങളെനോക്കുന്നു.
ഇരുവരും കാറിൽ കയറി. നഗരത്തിലെ ചുട്ടുപഴുത്ത ടാറിങ് റോഡിലെ പൊടിപടലങ്ങൾക്കിടയിലൂടെ ഓട്ടോറിക്ഷ സ്റ്റാൻഡ് ലക്ഷ്യമാക്കി കാറ് പാഞ്ഞു.
"എല്ലാ അർത്ഥത്തിലും സന്തോഷകരമായ ഒരു ജീവിതം ആർക്കും ഉണ്ടാവില്ലല്ലോ അല്ലേ... കുറേയൊക്കെ സ്നേഹവും, പിണക്കവും, അകൽച്ചയും, ദേഷ്യവും, വാശിയും, സംശയവുമൊക്കെ കൂടിക്കലർന്നതാണല്ലോ മനുഷ്യ ജീവിതം."
അവൾ കാറിന്റെ സീറ്റിലിരുന്ന് മുഖം അവന്റെ തോളിന്റെ വശത്തേയ്ക്ക് തിരിച്ചുകൊണ്ട് പറഞ്ഞു.
"അതെ, അതാണ് ജീവിതം... അല്ലാത്തതിന് ജീവിതമെന്നു പറയാനാവില്ലല്ലോ!"
അവൻ കാറിന്റെ കണ്ണാടിയിൽ പതിഞ്ഞ അവളുടെ മുഖം നോക്കിക്കൊണ്ട് ഒരു ധീർഘനിശ്വാസത്തോടെ പറഞ്ഞു.
നഗരത്തിന്റെ ഒഴിഞ്ഞകോണുകൾ പിന്നിട്ട് തിരക്കുപിടിച്ച സ്ഥലത്തെ കവലയിലെത്തിയപ്പോൾ സൈഡുചേർത്ത് അവൻ കാറ് നിറുത്തി.
"ഇതാ... ഓട്ടോസ്റ്റാൻഡ് എത്തി. ഇറങ്ങിക്കോളൂ..."
അപ്പോഴാണ് അവൾ അറിഞ്ഞത് കാറ് സ്റ്റാൻഡിലെത്തിയെന്ന്. അവൾ മറ്റേതോ ലോകത്ത് മുഴുകിയിരിക്കുകയായിരുന്നു അതുവരെ. കാറിൽ നിന്നിറങ്ങി സൈഡിലേയ്ക്ക് മാറിനിന്നുകൊണ്ട് അവൾ അവനെനോക്കി. ഒരുപാട് നാളുകളായി ആഗ്രഹിച്ചിരുന്ന കാര്യം നിറവേറ്റിയതുപോലെ അവളുടെ മുഖം സന്തോഷമണിഞ്ഞിരുന്നു.
"ആദ്യമായി നമ്മൾ കണ്ടുമുട്ടിയ നിമിഷം എന്നും ഞാൻ മനസ്സിൽ ഓർക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നില്ലേ... ഇന്നുമുതൽ ആ ഓർമ്മകൾ ഞാൻ മനസ്സിൽ നിന്നും മായ്ച്ചുകളയുകയാണ്. പകരം ഒരുപാടുകാലങ്ങൾക്കുശേഷം നമ്മൾ പരസ്പരം കണ്ടുമുട്ടിയ, ഹൃദയങ്ങൾ പങ്കുവെച്ച ഈ നിമിഷങ്ങൾ ഞാൻ മനസ്സിൽ എഴുതിച്ചേർക്കുന്നു. നഷ്ടപ്രണയവും നൊമ്പരങ്ങളും ഞാൻ മറക്കുന്നു... പകരം പുതിയ ഓർമ്മകൾ മനസ്സിൽ ചേർക്കുന്നു എന്ന്. ഇനിമുതൽ പുതിയ ഈ ഓർമ്മകൾ... ഈ നിമിഷങ്ങൾ മതിയെനിക്ക്."
എതൊക്കെയാണ് ഇവൾ പറയുന്നത് എന്നഭാവത്തിൽ അവൻ അവളെനോക്കി.
മനസ്സിലുള്ളതത്രയും പങ്കുവെച്ചുകഴിഞ്ഞതുകൊണ്ടോ എന്തോ അവളുടെ മുഖം വീണ്ടും ചുവന്നുതുടുത്തു. കണ്ണുകളിൽ വീണ്ടും ആ പഴയ കുസൃതി വിളങ്ങിനിന്നു.
"ഇനി ഇതുപോലെ നമ്മൾ കണ്ടുമുട്ടുമോ?"
"അറിയില്ല..."
അവൻ മെല്ലെ പറഞ്ഞു.
ഓട്ടോസ്റ്റാൻഡിൽ നിരന്നുകിടക്കുന്ന ഓട്ടോറിക്ഷകളിൽ ഇരുന്നുകൊണ്ട് ആളുകൾ തങ്ങളെ ശ്രദ്ധിക്കുന്നതുപോലെ അവൾക്കു തോന്നി. പരിഭ്രമത്തോടെ അവൾ പറഞ്ഞു.
"എങ്കിൽ ഇനി യാത്ര പറച്ചിലില്ല. ഞാൻ പോകുന്നു. ചെന്നിട്ട് വിളിക്കാം. എന്തൊക്കെയോ ഇനിയും പറയാനുള്ളതുപോലെ ഒരു തോന്നൽ. അല്ല പറയാനുണ്ട്. നേരിട്ടുപറയാനാവാതെ ഉള്ളിലൊതുക്കിയ പലതും."
അവന്റെ മാസ്കണിഞ്ഞ മുഖത്തെ മിഴികളുടെ ആഴങ്ങളിലേയ്ക്ക് നോക്കി അവൾ വേദനകലർന്നൊരു ചിരിചിരിച്ചു.
എന്തിനാണ് ആ മിഴികൾ നിറഞ്ഞതെന്നു ചോദിക്കണമെന്ന് തോന്നിയെങ്കിലും വേണ്ടെന്ന് അവൻ തീരുമാനിച്ചു. പണ്ടും ഇതുപോലെ ആയിരുന്നല്ലോ. നിസ്സാരക്കാരണങ്ങൾക്ക് അവളുടെ മിഴികൾ നിറഞ്ഞിരുന്നു. അവളുടെ ആർദ്രമിഴികളിലൂറിയ നീർക്കണങ്ങൾ അവന്റെ ഹൃദയത്തിലെ തുടിപ്പുകളുടെ ഓളങ്ങളായി.
ചുവപ്പ് ചുരിദാറണിഞ്ഞു ചിത്രശലഭം പോലെ പാറിനടന്ന വെളുത്തുമെലിഞ്ഞൊരു പെൺകുട്ടിയെക്കുറിച്ച് അവൻ ഒരിക്കൽക്കൂടി ഓർത്തു. പിന്നീട് വിധിയുടെ വിളയാട്ടം കണക്കെ ആ പൂമ്പാറ്റ തന്നെവിട്ട് മറ്റുപൂക്കൾ തേടി അകന്നുപോയതും.
ആത്മനൊമ്പരങ്ങളിലൂടെ കടന്നുപോയ നാളുകളിൽ നീറി നീറി ആർജിച്ചെടുത്ത മനക്കരുത്തുമായി ഒരിക്കൽക്കൂടി അവളെനോക്കി യാത്രപറഞ്ഞിട്ട് അവൻ കാറ് സ്റ്റാർട്ടാക്കി നഗരവീഥിയിലെ തിരക്കുകളിലൂടെ വീട് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി.
അപ്പോൾ അവന്റെ മനസ്സുനിറച്ചും റൈഹാന വീട്ടിലെത്തിയിട്ട് തന്നെ വിളിക്കുമോ? അങ്ങനെ വിളിക്കുമ്പോൾ അവൾക്ക് എന്തൊക്കെയാവും തന്നോട് ഇനിയും പറയാനുണ്ടാവുക എന്നീ ചിന്തകളായിരുന്നു. അവൾ പറഞ്ഞതുപോലെ അവളോട് നേരിട്ട് പറയാനാവാതെ തന്റെ ഉള്ളിൽ അടക്കിവെച്ചതൊക്കെയും തുറന്നുപറയണമെന്ന് അവന്റെ മനസ്സിനൊരു തോന്നൽ.
പുതിയ തീരുമാനങ്ങളുമായി അടിമുടി മാറിയ ശബാന സമദിനൊപ്പം താമസം തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. ശരീരവും മനസ്സും ഒരുപോലെ ഒത്തുചേരുന്ന സുഖനിർവൃതിയിൽ മോഹസാഫല്യത്തിൽ ഇരുവരും അലിഞ്ഞുചേർന്നിട്ട് എഴുദിവസങ്ങൾ. ഇങ്ങനെയൊക്കെയാണെങ്കിലും മിക്കപ്പോഴും ശബാന ഷമീറിനെയും, ഷെമി മോളെയും കുറിച്ചോർത്തു സങ്കടപ്പെട്ടുകൊണ്ടിരുന്നു. അവളുടെ ഓർമ്മകളിൽ അത് വല്ലാത്ത നീറ്റൽ പടർത്തിക്കൊണ്ടിരുന്നു.
ശരീരം വെറും ഇഷ്ടത്തിനൊത്തു ചലിക്കുന്ന ഉപകരണങ്ങൾ മാത്രമായിത്തീർന്നപ്പോൾ അന്തരാത്മാവ് മനസ്സിന്റെ ആഴങ്ങളിൽ വേരുറച്ചുപോയ ബന്ധങ്ങളിൽ തറച്ചുനിന്നു. ജീവിതവും, പ്രണയവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയാനുള്ള കഴിവ് ശബാനയ്ക്ക് ഇപ്പോഴും ആയിട്ടില്ലെന്ന് സമദിന് മനസ്സിലായി.
"എന്തുപറ്റി ശബാന?"
അവൻ അത് തുറന്നുചോദിക്കുക തന്നെ ചെയ്‌തു.
"സമദിനെ ഞാൻ വീണ്ടും കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു..."
അവൾ മുഖം പൊത്തി പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു.
"എന്തുണ്ടായി... പെട്ടെന്ന് ഇങ്ങനെ തോന്നാൻ?"
അപ്രതീക്ഷിതമായ അവളുടെ മറുപടിയിൽ അവൻ അത്ഭുതം കൊണ്ടു.
"എനിക്കറിയില്ല സമദ്. എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന്. എനിക്ക് സമദിനെ പിരിയാനാവില്ല. അതുപോലെതന്നെ എനിക്ക് എന്റെ ഭർത്താവിനെയും, മോളെയും മറക്കാനുമാവുന്നില്ല. എന്റെ ഈ നശിച്ച ജന്മംകൊണ്ട് വേദനയും, അപമാനവും സഹിച്ച് ജീവിക്കേണ്ടി വന്ന ആ പാവങ്ങളുടെ മുഖം എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എന്നാൽ നീയില്ലാതെ ഒരുനിമിഷം പോലും ഇനിയെനിക്ക് ജീവിക്കാനുമാവില്ല."
ശബാന കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
"ഷമീറിനോട് ഇപ്പോൾ ശബാനയ്ക്ക് തോന്നുന്നത് പൂർണ്ണതയില്ലാത്ത ഒരുതരം സ്നേഹമാണ്. സഹതാപത്തിൽ നിന്നും പിറവിയെടുത്ത ഒരിഷ്ടം. മോളുടെ കാര്യവും അങ്ങനെതന്നെ. അവിടെ ഒരിക്കലും യതാർത്ഥ പ്രണയവും, സ്നേഹവും ഒന്നുമില്ല."
സമദ് പുഞ്ചിരിയോടെ പറഞ്ഞു.
"ശരിയായിരിക്കാം... പക്ഷേ, അതൊന്നും കണ്ടില്ലെന്നുനടിച്ചു കഴിയാൻ എനിക്കാവുന്നില്ല. ഇപ്പോൾ തോന്നുന്നു ഇതൊന്നും വേണ്ടായിരുന്നെന്ന്. എല്ലാം ഉള്ളിലൊതുക്കി സമദിനെ കണ്ടുമുട്ടാതെ ജീവിച്ചാൽ മതിയായിരുന്നു. അള്ളാഹുവേ... എന്തൊരു പാപിയാണ് ഞാൻ."
"എന്നോട് നീ ഇങ്ങനെയൊന്നും സംസാരിക്കരുത്. എനിക്കതു താങ്ങാനാവില്ല."
സമദ് അവളുടെ കരം കവർന്നുകൊണ്ട് ഇടർച്ചയോടെ പറഞ്ഞു.
ശബാന സമദിന്റെ കൈകൾ ചേർത്തുപിടിച്ചു. അവൻ അവളെ കെട്ടിപ്പുണർന്നു.
"എന്താ സമദ് നമ്മുടെ ജീവിതം ഇങ്ങനെയായിപ്പോയെ? ഞാൻ എല്ലാം മറന്നുകൊണ്ട് പുതിയൊരു ജീവിതത്തിനു തയ്യാറെടുത്താണ് നിനക്കൊപ്പം ഇറങ്ങിവന്നത്. എന്നാൽ ഓരോദിവസവും കടന്നുപോകുംതോറും എനിക്കതിനു കഴിയാതെ വരുന്നു. ഞാൻ മൂലം എന്റെ ഭർത്താവും, മോളും, വീട്ടുകാരും... നാളെ എന്റെ ഷെമി മോൾ വളർന്നു വലുതാകുമ്പോൾ അവൾക്ക് എല്ലാം മനസ്സിലാവില്ലേ. എല്ലാം അറിയുമ്പോൾ അവൾ ശപിക്കില്ലേ ഈ ഉമ്മയെ?"
അവൾ വീണ്ടും പൊട്ടിക്കരഞ്ഞു.
"ശബാന നിന്റെ മനസ്സിനെ കുറ്റബോധം അത്രമേൽ അലട്ടുന്നുണ്ടോ... ഉണ്ടെങ്കിൽ നീ തിരികെ പൊയ്ക്കോളൂ... നിന്റെ ഭർത്താവും, വീട്ടുകാരും നിന്നെ സ്വീകരിക്കുമെങ്കിൽ ഇനിയുള്ളകാലം നീ സന്തോഷത്തോടെ ജീവിക്കൂ..."
സമദ് അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
"എന്തൊക്കെയാണ് സമദ് നീ പറയുന്നത്?"
ഞെട്ടലോടെ ശബാന ചോദിച്ചു.
"കാര്യമാണ് ഞാൻ പറഞ്ഞത്. ജീവിതത്തിൽ ശരീരസുഖത്തേക്കാൾ പ്രധാനപ്പെട്ടതാണ് മാനസിക സുഖം. അതില്ലാത്ത ജീവിതം മരണത്തിനു തുല്ല്യമാണ്. ഇങ്ങനെ തുടർന്നാൽ നമ്മൾ രണ്ടുപേരും വഴക്കിട്ടുപിരിയേണ്ടിവരും. ഇല്ലെങ്കിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യേണ്ടി വരും. അതുകൊണ്ട് ഇഷ്ടത്തോടെതന്നെയാണ് ഞാൻ പറയുന്നത്. ശബാന പൊയ്ക്കോളൂ... ഇപ്പോഴാണെങ്കിൽ അധികമാരും ഒന്നും അറിഞ്ഞിട്ടില്ല. ട്രെയ്‌നിങ്ങുമായി ബന്ധപ്പെട്ട് നീ പോയിരിക്കുകയാണെന്നല്ലേ വീട്ടിലും, നാട്ടിലുമൊക്കെ പറഞ്ഞിട്ടുള്ളത്."
ഈ ഉറച്ച നിലപാട് മുൻപൊന്നും സമദിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ശബനയ്ക്ക് തോന്നി.
സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, പ്രണയത്തിന്റെയുമെല്ലാം ദിവസങ്ങൾക്കുശേഷമുള്ള ഒരു ദിനം. നിശബ്ദത തളംകെട്ടിയ ദിനം. വീട്ടിൽ നിന്നും കൊണ്ടുവന്നതൊക്കെയും തിരികെ കൊണ്ടുപോകാനായി ശബാന ബാഗിനുള്ളിൽ അടുക്കിവെച്ചു.
"ഞാൻ പോകട്ടെ സമദ്..."
ശബാന മുഖം കുനിച്ചുനിന്നുകൊണ്ട് സമദിന്റെ അനുവാദത്തിനായി കാതോർത്തു.
"ശബാന സമാധാനമായിട്ട് പോകൂ... ഷമീർ നിന്നെ കാത്തിരിക്കുന്നുണ്ടാവും. അയാൾ നല്ലവനാണ്. ജീവനുതുല്യം നിന്നെ സ്നേഹിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ തെറ്റുകളൊക്കെ പൊറുത്തുകൊണ്ട് അവൻ നിന്നെ സ്വീകരിക്കും. പിന്നെ ഇനിയൊരിക്കലും നീ എന്നെ വിളിക്കരുത്. കാണാൻ ശ്രമിക്കുകയുമരുത്. ഞാൻ ഉടൻതന്നെ എന്റെ വീദേശത്തുള്ള ജോലിസ്ഥലത്തേയ്ക്ക് മടങ്ങുകയാണ്. നിനക്ക് നല്ലത് വരാൻ ഞാൻ പ്രാർത്ഥിക്കാം."
ഒന്നും പറയാനാവാതെ ഏതാനും നിമിഷം നിശബ്ദയായി കണ്ണുനീരൊഴുക്കിക്കൊണ്ട് നിന്നിട്ട് ശബാന അവിടെനിന്ന് ഇറങ്ങിനടന്നു
വീട്ടിലേയ്ക്ക് മടങ്ങാനായി ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ ശബാന പലതും ഓർത്തു. ഷമീർ ഇപ്പോൾ വീട്ടിലുണ്ടാകുമോ? താൻ തിരികെ ചെല്ലുമ്പോൾ എന്തായിരിക്കും അവന്റെ പ്രതികരണം? അവൻ തന്നെ സ്വീകരിക്കുമോ... അതോ ആട്ടിപായിക്കുമോ? സ്വീകരിച്ചാൽ താൻ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണാവും. കോളേജു പഠനം അവസാനിപ്പിച്ചുകൊണ്ട് ഇനിയുള്ളകാലം ഷമീറിന്റെ ഇഷ്ടത്തിനൊത്ത് ഉത്തമ ഭാര്യയായി ജീവിക്കും. മറിച്ചായാൽ അവനെ കുറ്റം പറയാതെ ഇറങ്ങി പോകണം. എങ്ങോട്ടെന്നറിയില്ല. എങ്ങോട്ടെങ്കിലും. എന്നാൽ തന്നെയും മനസ്സിലെ അതിരുവിട്ട ചിന്തകളെയും, വികാരങ്ങളേയുമൊക്കെ അടക്കിനിർത്താൻ ശ്രമിക്കണം. തന്റെ മോൾക്ക് വേണ്ടിയെങ്കിലും ഇനിയുള്ളകാലം നല്ലൊരു ജീവിതം നയിക്കണം.
അപ്പോഴും സമദ് ബാക്കിയാവുന്നു. താൻ മോഹങ്ങളും, പ്രണയവും നൽകി വഞ്ചിക്കുകയായിരുന്നില്ലേ അവനെ? അതെ, പക്ഷേ, ഇനിയൊരിക്കലും അവനെ കാണുവാനാകില്ല. അത് ഉറപ്പിച്ചുകഴിഞ്ഞതാണ്. അത് തീരുമാനിച്ചുകൊണ്ടാണ് അവിടെനിന്നും ഇറങ്ങിയത്. അവനും അത് പറഞ്ഞുകഴിഞ്ഞു. വീട്ടിലേയ്ക്ക് നേരിട്ട് കയറിചെന്നിട്ട് ഷമീർ തന്നെ സ്വീകരിച്ചില്ലെങ്കിൽ? വീട്ടുകാരുടെയും, മോളുടെയും, അയൽക്കാരുടേയുമൊക്കെ മുന്നിൽ വെച്ച് അവൻ തന്നെ ആട്ടിയിറക്കിയാൽ? വീട്ടിലേയ്ക്ക് കയറിച്ചെല്ലുന്നതിനുമുൻപ് ഷമീറിനെ ഒന്ന് വിളിച്ചുനോക്കാൻ അവൾ തീരുമാനിച്ചു.
വല്ലാത്ത ആത്മസങ്കർഷങ്ങളുടെ ഇടയിൽ പെട്ടന്ന് ശബാന ഉഴറി. അവൾ വഴിയരികിൽ ഒതുങ്ങിനിന്നുകൊണ്ട് ഷമീറിന്റെ നമ്പർ ഡയൽ ചെയ്തു.
"ഹലോ...."
"ങ്ഹാ നീയോ... എന്താ ഈ സമയത്ത് അപ്രതീക്ഷിതമായി ഒരു വിളി?"
ഷമീറിന്റെ ശബ്ദം അവളുടെ കാതിൽ വന്നുതട്ടി.
"അതുപിന്നെ ഞാൻ...."
അവൾ ഒരുനിമിഷം എന്തുപറഞ്ഞു തുടങ്ങണമെന്നറിയാതെ വിക്കി.
"ഹലോ... എന്തിനാണിപ്പോൾ വിളിച്ചതെന്ന് പറയൂ... ഞാൻ കുറച്ചു തിരക്കിലാണ്. എന്തെങ്കിലും പറയാനാണെങ്കിൽ വേഗം വേണം."
ഷമീറിന്റെ പരുക്കൻ ശബ്ദം.
പേടിയോടും, പരിഭ്രമത്തോടും കൂടി ശബാന എല്ലാം അവനോട് തുറന്നുപറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ ഷമീർ പറഞ്ഞു.
"ശബാന എന്നോട് ക്ഷമിക്കൂ... നീ എല്ലാം മനസ്സിലാക്കി തിരികെ വരാനൊരുങ്ങിയതിൽ സന്തോഷമുണ്ട്. പക്ഷേ, നീ വൈകിപ്പോയിരിക്കുന്നു. ഞാൻ മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ഇന്ന് അതിനെക്കുറിച്ച് നിന്നോട് പറയാനിരിക്കുകയായിരുന്നു. എന്നെപ്പോലെ തന്നെ വിവാഹിതയും ഒരു കുട്ടിയുടെ ഉമ്മയുമായ എന്റെ പഴയ ഒരു പ്രണയിനിയായ റൈഹാനയുമായി. അവളും എന്നെപ്പോലെ തന്നെ തുല്ല്യദുഖിതയാണ്. അവളുടെ ഭർത്താവും മുൻ കാമുകിക്കൊപ്പം ജീവിതം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ എല്ലാം സംസാരിച്ചു തീരുമാനിച്ചുകഴിഞ്ഞു. ഇനി വീട്ടുകാരോട് കാര്യം പറഞ്ഞു മനസ്സിലാക്കണം. അതുകഴിഞ്ഞാൽ വിവാഹം രജിസ്റ്റർ ചെയ്യണം. നമ്മുടെ ബന്ധം മനസ്സുകൊണ്ട് വേർപെട്ടുകഴിഞ്ഞതാണല്ലോ. ബാക്കിക്കുള്ള പേപ്പറുകൾ ഞാൻ നാളെത്തന്നെ നിനക്ക് അയക്കുന്നുണ്ട്. നമുക്ക് സന്തോഷത്തോടെ പിരിയാം. അതുകൊണ്ട് ദയവായി ഇനി എന്റെ വീട്ടിലേയ്ക്ക് വരരുത്."
ഫോൺ കട്ടായി.
ഏതാനുംസമയം അവൾ ഫോണും പിടിച്ചുകൊണ്ട് എന്തുചെയ്യണമെന്നറിയാതെ അങ്ങനെ നിന്നും. ആത്മസംഘർഷംകൊണ്ട് കണ്ണുകളിൽ ഇരുട്ടുബാധിച്ച അവൾക്ക് ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല.
താനിനി എന്തുചെയ്യും? ഷമീർ തന്നെ സ്വീകരിക്കില്ല. അവൻ മറ്റൊരുവൾക്കൊപ്പം ജീവിതം തുടങ്ങാൻ തീരുമാനിച്ചുകഴിഞ്ഞു. അതിന് അവനെ തെറ്റ് പറയാനാവില്ല. പാവം ഇനിയെങ്കിലും ഒരു നല്ലജീവിതം ഉണ്ടാകട്ടെ. സമദ് അവനെയും ഇനി കാണാനാവില്ല. അവിടേയ്ക്ക് തിരിച്ചുചെല്ലാനും കഴിയില്ല. അല്ലെങ്കിലും എന്തിന് തന്നെപോലൊരുവൾക്ക് വേണ്ടി അവൻ അവന്റെ ജീവിതം കളയണം. എല്ലാം മറന്നുകൊണ്ട് അവനും ഒരു പുതിയ ജീവിതം തുടങ്ങട്ടെ.
അവൾ കരഞ്ഞില്ല. അവളുടെ സ്വബോധം നശിച്ചുതുടങ്ങിയിരുന്നു. അവൾ വേച്ചുവേച്ചു മുന്നോട്ടു ചുവടുകൾ വെച്ചു. അവളുടെ കണ്ണിൽ തൊട്ടരികിലൂടെ ശാന്തമായൊഴുകുന്ന പുഴ തെളിഞ്ഞുനിന്നു. സ്വബോധവും മനോനിയന്ത്രണവും നഷ്ടപ്പെട്ട അവൾ മുന്നിലൂടെ പതഞ്ഞൊഴുകുന്ന ആ പുഴയുടെ ആഴങ്ങളിലേയ്ക്ക് എടുത്തുചാടി.
(അവസാനിച്ചു.)