ഭാഗം - 3
അള്ളാഹുവിന്റെ മുന്നിൽ നീറുന്ന മനസ്സുമായി ശബാന തലകുമ്പിട്ടിരുന്നു. ഭർത്താവിനെ സ്നേഹിക്കാൻ കഴിയാത്തത്തിൽ അവൾക്ക് വല്ലാത്ത സങ്കടമുണ്ടായി. അവൾ തേങ്ങി. കണ്ണുനീർ ധാരധാരയായി ഒഴുകിയിറങ്ങി. ആരും കണ്ടില്ല. ആരും അവളെ ആശ്വസിപ്പിച്ചില്ല.
ഷമീറിനെ ഇഷ്ടപ്പെടണം എന്ന് അവൾ ആത്മാർഥമായി മനസ്സുകൊണ്ട് ആഗ്രഹിച്ചു. അവൾ അവനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അവന്റെ ഇഷ്ടങ്ങൾ കണ്ടെത്താനും, അതിനനുസരിച്ച് പ്രവർത്തിക്കാനും ശ്രമിച്ചു. അവന് ഇഷ്ടപ്പെട്ട ആഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതിലും, അവന്റെ ഇഷ്ടവസ്ത്രങ്ങൾ ഒരുക്കിക്കൊടുക്കുന്നതിലും അവൾ ശ്രദ്ധവെച്ചുതുടങ്ങി.
അങ്ങനെ ഏതാനും ദിവസങ്ങൾ കടന്നുപോയി. ശബാനയിലുണ്ടായ മാറ്റം ഉൾക്കൊണ്ടിട്ടെന്നവണ്ണം അന്ന് രാത്രി കിടക്കുമ്പോൾ ഷമീർ അവളെ കെട്ടിപ്പുണർന്നുകൊണ്ട് കാതിൽ മന്ത്രിച്ചു.
"ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതുപോലെ ഇനി എത്രയും വേഗം നമുക്കിടയിലേയ്ക്ക് മൂന്നാമതൊരാളെ കൊണ്ടുവരണം. അതായത് താൻ ഒരു ഉമ്മയാവണമെന്ന്."
അവൻ അവളെ കെട്ടിപ്പുണർന്നു ചുംബിച്ചുകൊണ്ട് അവളുടെ വയറ്റിൽ ജീവന്റെ വിത്തുപാകാനൊരുങ്ങി.
താനൊരു കുഞ്ഞിനെ പ്രസവിക്കണം എന്നാണ് ഭർത്താവ് പറയുന്നത്. ഭർത്താവിനെ ഇനിയും പൂർണ്ണമായും ഉൾക്കൊള്ളാനും, സ്നേഹിക്കാനും കഴിയാത്ത താനെങ്ങനെ അയാളുടെ കുഞ്ഞിന്റെ ഉമ്മയാകും? ഇപ്പോൾ താൻ ചെയ്തുകൊണ്ടിരിക്കുന്നതുതന്നെ വലിയ തെറ്റാണ്... ഭർത്താവിനുമുന്നിൽ ഇഷ്ട്ടം നടിക്കുകയാണ്. ഇഷ്ടപ്പെടാൻ ശ്രമിക്കുകയാണ്. ഇപ്പോൾ ഈ ബന്ധപ്പെടുന്നതുപോലും ഇഷ്ടമില്ലാത്തൊരാൾക്ക് മറ്റെന്തിനൊക്കെയോ വേണ്ടി ശരീരം വിൽക്കുന്നതുപോലെയാണ്. എന്നാൽ പൂർണ്ണമായും അങ്ങനെ പറയാനുമാവില്ല. കാരണം താൻ ശരീരം വിൽക്കുകയാണെങ്കിൽ തനിക്ക് പണം കിട്ടുമായിരുന്നു. ഇതിപ്പോൾ വേറുതെ ഒരുതരം കിഴടങ്ങൽ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നിർവചിക്കാനാവാത്ത എന്തിന്റെയൊക്കെയോ പേരിൽ ഒരു അടിമയെ കണക്കെ ആയിതീർന്നുകൊണ്ട് ജീവിതം മുന്നോട്ട് തള്ളിവിടുകയാണ്. അടിമയ്ക്ക് എതിർക്കാനുള്ള കഴിവില്ല. കരയാനുള്ളനുള്ള കഴിവുണ്ട്. പക്ഷേ, അത് ആയുസ്സ് അവസാനിക്കുമ്പോൾ മാത്രം. ജീവൻ വെടിയും. ശരീരം നിശ്ചലമാകും. പിന്നെ മണ്ണിൽ അലിഞ്ഞുചേരും. അതേ താനൊരു അടിമ മാത്രമാണ്. ഒരു നേരംപോക്കിനായി അള്ളാഹു ഭൂമിയിൽ അയച്ച അടിമ. കാരണമില്ലാതെ ഉടമസ്ഥനുവേണ്ടി ജോലിയെടുക്കുന്ന കീഴടങ്ങിക്കൊണ്ടിരിക്കുന്ന അടിമ.
ഏതാനുംദിവസങ്ങൾകൂടി കടന്നുപോയി. കടുത്ത ഉഷ്ണത്തിന് ശമനം വരുത്തിക്കൊണ്ട് വേനൽ മഴ ഭൂമിയിലേയ്ക്ക് പെയ്തിറങ്ങി. മണ്ണും മരങ്ങളും സന്തോഷിച്ചു. കിളികളും, മൃഗങ്ങളും സന്തോഷത്താൽ പാറിനടന്നു. മഴപെയ്തു തണുത്ത മണ്ണിൽ നിന്നും കാലങ്ങളായി മോചനംകാത്തു കിടന്ന വിത്തുകൾ ആമോധത്തോടെ മുളപൊട്ടി. വീണ്ടും വെയിൽ തെളിഞ്ഞു. ഭൂമി വരണ്ടുണങ്ങാൻ തുടങ്ങി.
ഇതേപോലെതന്നെ ശബാനയുടെ വയറ്റിലും മാറ്റങ്ങൾ സംഭവിച്ചു. ഷമീർ നിക്ഷേപിച്ച ബീജം അവളുടെ വയറ്റിൽ ജീവന്റെ തുടിപ്പായി മാറി. അതിന്റെ അടയാളങ്ങൾ ശരീരം കാണിച്ചുതുടങ്ങി. ഷമീറിനോട് അവൾക്ക് വെറുപ്പ് തോന്നി. അയാൾ കാരണം താൻ ഒരമ്മയാകാൻ പോകുന്നു. ഭർത്താവിനെപ്പോലും ശരിക്ക് സ്നേഹിക്കാൻ കഴിയാത്ത താനെങ്ങനെ ജനിക്കുന്ന കുഞ്ഞിനെ ശരിക്കു സ്നേഹിക്കും. അതായിരുന്നു അവളുടെ ചിന്ത. തന്റെ ഇഷ്ടങ്ങളെ മറികടന്നു പ്രവർത്തിക്കുന്നവരോട് അവൾക്ക് പണ്ടേ വെറുപ്പായിരുന്നു. ആ ഒരു സ്വഭാവം ഇപ്പോഴും ഉള്ളതുകൊണ്ടാവാം ഉള്ളിൽ ഒരു ജീവൻ മൊട്ടിട്ടകാര്യം അവൾ ഭർത്താവിനോട് പറഞ്ഞില്ല.
തന്റെ ആശങ്കയും, ദുഃഖവുമൊക്കെ അവൾ അള്ളാഹുവിനോട് മാത്രം പറഞ്ഞു. രാത്രി സമയങ്ങളിൽ നമസ്കരിച്ചും, ഓതിയും അവൾ ഉള്ളിലെ ആകുലതകൾ അകറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു.
"നീയൊരു ഉമ്മയാകാൻ പോകുന്നു. അത് നിന്റെമാത്രം കഴിവുകൊണ്ടല്ല. അള്ളാഹുവിന്റെ തീരുമാനം കൊണ്ടാണ്. അതിന് കാരണക്കാരൻ നിന്റെ ഭർത്താവും. അതുകൊണ്ട് നീ മൂടിവെച്ച രഹസ്യം നിന്റെ ഭർത്താവിനെ അറിയിക്കേണ്ടത് നിന്റെ കടമയാണ്. നിനക്ക് ജീവൻ നിലനിർത്താൻ ഭക്ഷണം തരുന്നത് അവനാണ്. നാളെ നിന്നെയും നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനേയും നോക്കേണ്ടത് അവനാണ്. നീ നിന്റെ വയറ്റിൽ പുതിയൊരു ജീവൻ ഉടലെടുത്ത കാര്യം ഭർത്താവിനോട് പറയുക. അല്ലാത്തപക്ഷം നിന്റെ ദുഖങ്ങൾക്ക് അറുതിയുണ്ടാവില്ല."
ശബാന ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. അവൾ ചുറ്റും നോക്കി. എങ്ങും നിശബ്ദത. ഇരുട്ട്. ഫാൻ കറങ്ങുന്നുണ്ട്. ഫാനിന്റെ കാറ്റുകൊണ്ട് ആടിയുലയുന്ന ജനൽ കർട്ടനുകൾ. അടുത്തു കിടന്നുറങ്ങുന്ന ഭർത്താവ്. മറ്റൊന്നുമില്ല. താൻ കണ്ടതും കേട്ടതുമൊക്കെ ഒരു സ്വപ്നം മാത്രമായിരുന്നു എന്ന് മനസ്സിലാക്കാൻ അവൾക്ക് അധികസമയം വേണ്ടി വന്നില്ല. അവൾ വല്ലാതെ കിതച്ചു.
ഈ സമയം ഉറക്കമുണർന്നുകൊണ്ട് ഷമീർ അവളെ നോക്കി.
"എന്താ എന്തുപറ്റി?"
ഏയ് ഒന്നുമില്ല എന്ന് പറയണമെന്ന് അവൾക്ക് തോന്നി. എങ്കിലും അവൾ ഇങ്ങനെ പറഞ്ഞു.
"ഞാനൊരു സ്വപ്നം കണ്ടു."
"ആണോ എന്തായിരുന്നു സ്വപ്നം?"
"ഞാൻ ഗർഭിണിയാണെന്ന്."
"ഉവ്വോ... ഇത് വെറും സ്വപ്നം മാത്രമാണോ... അതോ?"
അവൻ അവളുടെ കൈ കവർന്നുകൊണ്ട് ചോദിച്ചു.
"സ്വപ്നം മാത്രമല്ല... കുറച്ചുദിവസമായി എനിക്കും തോന്നിത്തുടങ്ങിയിട്ട്."
"എന്നിട്ടെന്താ എന്നോട് പറയാതിരുന്നേ?"
"അതുപിന്നെ ഉറപ്പായിട്ട് പറയാമെന്നുകരുതി."
അവൾ മുഖം കുനിച്ചുകൊണ്ട് പറഞ്ഞു.
സന്തോഷത്താൽ ഷമീറിന്റെ മുഖം വിടർന്നു. അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.
"നമുക്ക് നാളെത്തന്നെ ഒരു ഡോക്ടറെ കാണണം."
അവൻ സന്തോഷത്താൽ വീണ്ടും അവളെ കെട്ടിപ്പുണർന്നു ചുംബിച്ചു.
രാവിലെതന്നെ ഷമീർ അവളെയും കൂട്ടിക്കൊണ്ട് ഡോക്ടറെ പൊയിക്കണ്ട് ഗർഭിണിയാണെന്ന് ഉറപ്പുവരുത്തുകയും, അവൻ തന്നെ ഈ വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ശബാനയുടെ വീട്ടിലേയ്ക്കും അവൻ ഈ വിവരം വിളിച്ചറിയിച്ചു.
ദിവസങ്ങൾ കടന്നുപോകവേ ശബാനയുടെ വയറിന്റെ വലിപ്പം കൂടിവന്നുകൊണ്ടിരുന്നു. കവിളും, മറ്റും തുടുത്തു. ഷമീർ അവളുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവെക്കാൻ തുടങ്ങി.
അവളെ കോളേജിൽ കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതുമൊക്കെ അവൻ നേരിട്ടായി. അതിനായി അവൻ ജോലിക്കിടയിൽ സമയം കണ്ടെത്തി. ജോലികളിലൊക്കെ അവളെ സഹായിക്കാൻ തുടങ്ങി. ഇതൊക്കെ താൻ തനിയെ ചെയ്തുകൊള്ളാമെന്ന അവളുടെ വാക്കുകളെ അവൻ എതിർത്തു. അവന്റെ ആകുലത കണ്ട് അവൾക്ക് സങ്കടം തോന്നി. തനിക്ക് അതിനുമാത്രം ക്ഷീണമോ, ബുദ്ധിമുട്ടോ ഒന്നുംതന്നെ ഇല്ലെന്ന് അവൾ അവനോട് പറഞ്ഞു.
ഇതിനിടയിൽ ഒരുദിവസം അവളെ തേടി സമദ് കോളേജിൽ എത്തി. വല്ലാത്തൊരു അത്ഭുതം അവളെ ആകെ പരവശയാക്കി. താൻ ഗർഭിണിയാണെന്ന കാര്യം പോലും മറന്നുകൊണ്ട് അവൾ അവനെ ആവേശത്തോടെ കെട്ടിപ്പിടിച്ചുകൊണ്ട് സ്വീകരിച്ചു.
"എത്രനാളായി നിന്നെയൊന്നു കണ്ടിട്ട്?"
"നിന്നെ ഒരുപാട് മിസ് ചെയ്തു എനിക്ക്."
ശബാന ആവേശത്തോടെ അവനോട് പറഞ്ഞു.
"നീ ഗർഭിണിയാണെന്ന് ഞാനറിഞ്ഞു. അതാണ് ഇപ്പോൾത്തന്നെ വന്നത്. ഈ അവസ്ഥയിൽ നിന്നെയൊന്നു കാണാൻ."
അവൻ പൊട്ടിച്ചിരിച്ചു.
"എങ്ങനെ അറിഞ്ഞു?"
വിസ്മയത്തോട് ശബാന ചോദിച്ചു.
"നാട്ടിൽ വന്നപ്പോൾ ഞാൻ പഴയ കൂട്ടുകാരെ ഒക്കെ സന്ദർശിച്ചിരുന്നു. അവരിൽ ആരോ പറഞ്ഞതാ. അപ്പോൾ ത്തന്നെ തീരുമാനിച്ചു. നിന്നെ കാണണമെന്ന്. ഇന്നാണ് സമയം കിട്ടിയത്. നേരെ ഇങ്ങോട്ട് തിരിച്ചു. അങ്ങനെ നിന്റെ മുമ്പിലെത്തി."
ശബാന നന്ദിയോടെ അവനെ നോക്കി. അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.
പ്ലാസ്ടൂ, ഡിഗ്രി പഠനകാലത്തെ വിശേഷങ്ങൾ ഒന്നൊന്നായി ഓർത്തെടുത്ത് അവൾ പങ്കുവെച്ചു. ഉച്ചയ്യ്ക്ക് ശേഷമുള്ള ക്ലാസിന് ശബാന കയറിയില്ല. ഡിഗ്രി പഠനത്തിന് ശേഷം പെട്ടെന്നൊരുനാൾ അപ്രതീക്ഷിതമായി ജോലി തേടി സമദ് ഗൾഫിലേയ്ക്ക് പറക്കുകയായിരുന്നു. ഒടുവിൽ നീണ്ട രണ്ടുവർഷത്തിന് ശേഷം അവൻ തന്നെ കാണാൻ വന്നിരിക്കുന്നു. അവൾക്ക് സന്തോഷം അടക്കാനായില്ല.
വെയിലിന്റെ ചൂടിന് കടുപ്പം കുറഞ്ഞുവന്നു. സൂര്യൻ അതിന്റെ ഓട്ടത്തിന്റെ അവസാന ഘട്ടമായ പടിഞ്ഞാറേധിക്കിലേയ്ക്ക് എത്താറായി. കോളേജുവിട്ട് കുട്ടികളും, അധ്യാപകരുമൊക്കെ പോയിത്തുടങ്ങി. ഒടുക്കം ഏതാനും കുട്ടികളും, പ്യൂണും മാത്രമായി.
ശബാനയും സമദും കോളേജുമുറ്റത്തെ ഒഴിഞ്ഞകോണിലെ മരച്ചുവട്ടിൽ അപ്പോഴും സംസാരിച്ചുകൊണ്ട് നിന്നു.
തുടരും...