ഭാഗം - 15
"ഷമീറിന് എന്നോട് നല്ല വെറുപ്പ് ഉണ്ടാകുമല്ലേ... സോറി. എല്ലാം എന്റെ അതിമോഹം കൊണ്ട് സംഭവിച്ചതാണ്. എന്റെ കൂട്ടുകാർക്കൊക്കെ നിന്നെ എന്തിഷ്ടമായിരുന്നെന്നോ... അവരൊക്കെ എന്നെ ഒരുപാട് നിർബന്ധിച്ചതാണ് നിന്നെ വിവാഹം കഴിക്കാൻ. പക്ഷേ, ഞാൻ സമ്പത്തിന്റെയും ജോലിയുടേയുമൊക്കെ പിറകേ പോയി. കുടുംബജീവിതത്തിൽ എന്തിനെക്കാളും വലുത് പരസ്പരം സ്നേഹിക്കുന്ന മനസ്സാണെന്നു ഞാൻ അറിയാതെപോയി."
അവൾ ചായകപ്പിലേയ്ക്ക് മുഖം കുനിച്ചിരുന്ന് ഒരു നിശ്വാസമുതിർത്തു.
"ഏയ്... റൈഹാനയുടെ ഭാഗത്ത് തെറ്റുണ്ടെന്നു ഞാൻ പറയില്ല. അന്നത്തെ ആ പരിതസ്ഥിതിയിൽ ഏതൊരുപെൺകുട്ടിയും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമൊക്കെയേ നീയും ചെയ്തുള്ളൂ. പഠിപ്പുണ്ടായിട്ടും നല്ലൊരു ജോലിക്ക് ശ്രമിക്കാതെ കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു നടന്ന എന്നെ ഒരുപെൺകുട്ടിയും ഇഷ്ടപ്പെടില്ല. ജോലി മാത്രമോ അന്ന് നല്ലൊരു വീടുപോലും എനിക്കുണ്ടായിരുന്നില്ലല്ലോ... അന്ന് അത് നടക്കാതിരുന്നത് നിന്റെ ഭാഗ്യമെന്നുവേണം പറയാൻ."
അവൻ ചായകുടിച്ചു.
ഏതാനും നിമിഷത്തെ നിശബ്ദത ഇരുവർക്കുമിടയിൽ വന്നുചേർന്നു. അവൾ ഒരുമാത്ര ജീവിതത്തിലെ പിന്നിട്ട നാളുകളിലേയ്ക്ക് തിരിഞ്ഞുനോക്കി.
കുടുംബത്തിലെ ഇളയസന്തതി ആയതുകൊണ്ടുതന്നെ ഒരുപാട് ലാളനകൾ ഏറ്റാണ് വളർന്നത്. അടിച്ചുപൊളിച്ചു കടന്നുപോയ സ്കൂൾ കോളേജു പഠനകാലങ്ങൾ. ആൺകുട്ടികളും അവരുമായുള്ള പ്രണയബന്ധങ്ങളുമൊക്കെ ഒരു നേരമ്പോക്ക് മാത്രമായിരുന്നു. ഒന്നിനും ഒരു സീരിയസ്സ്നസ് കൊടുത്തിരുന്നില്ല. എന്നിട്ടും ഒരുനാൾ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഷമീറുമായുള്ള സൗഹൃദം പ്രണയമായി മാറിയപ്പോൾ... മറ്റുള്ളതിൽ നിന്നെല്ലാം ഒരു പ്രത്യേകത ഈ ബന്ധത്തിനുള്ളതുപോലെ തോന്നി. അവനും തന്നെ ജീവനുതുല്യം സ്നേഹിക്കുന്നെന്നറിഞ്ഞപ്പോൾ ഒരുമാത്ര ഞെട്ടിപ്പോയി. പിന്നെങ്ങനെ ഇതിൽനിന്ന് ഒഴിവാകാം എന്നതായി ചിന്ത. ഒടുവിൽ ഓരോരോ ന്യായങ്ങൾ പറഞ്ഞ് അവനെ ഒഴിവാക്കി. പിന്നീട് മറ്റൊരാളുമൊത്ത് ജീവിതം തുടങ്ങുമ്പോൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല... അവന്റെ ഓർമകൾ ഒരുശാപം കണക്കെ ജീവിതത്തിൽ പിന്തുടരുമെന്ന്. ഓർമ്മകൾക്ക് വിടനല്കിക്കൊണ്ട് അവൾ ചോദിച്ചു.
"ഷമീറിന് ഓർമ്മയുണ്ടോ... നമ്മൾ ആദ്യമായി കണ്ടുമുട്ടിയ ദിനം... ഞാൻ ഇന്നും ഓർക്കുന്നുണ്ട്. അപ്പോഴെല്ലാം നിന്റെ നന്മക്കായി പ്രാർത്ഥിക്കാറുമുണ്ട്."
"ആണോ... ഞാനതൊക്കെ മറന്നുപോയിരിക്കുന്നു."
അവൻ നിസ്സാരമട്ടിൽ പറഞ്ഞു.
അവന്റെ മറുപടിയിൽ അവളുടെ വാക്കുകൾ ഒലിച്ചുപോയി. അവൾ വിളറിയ പുഞ്ചിരിയോടെ അവനെനോക്കി.
"ഇന്ന് മാർച്ച്മാസം പതിനാറാം തിയതി. ഈ ദിവസത്തിന്റെ പ്രത്യേകത അറിയുമോ... ഇന്നെന്റെ വിവാഹവാർഷികമാണ്. ആറുവർഷങ്ങൾക്കുമുൻപ് ഇതേ ദിവസമാണ് അവസാനമായി നമ്മൾ തമ്മിൽ കണ്ടത്. എന്റെ വിവാഹത്തിന്റെ അന്ന്... അൽപം മുൻപ് നമ്മൾ കല്ല്യാണത്തിനുപോയ ഓഡിറ്റോറിയത്തിൽ വെച്ച്. അന്ന് എനിക്ക് മംഗളങ്ങൾ നേർന്നുകൊണ്ട് നീ പോയപ്പോൾ എന്റെ ഹൃദയം വല്ലാതെ പിടഞ്ഞുപോയി. വർഷങ്ങൾക്കുശേഷം വീണ്ടും അതേദിവസം അതെ ഓഡിറ്റോറിയത്തിൽ വെച്ച് കൂട്ടുകാരിയുടെ വിവാഹം വന്നപ്പോൾ നിന്നെക്കുറിച്ച് ഞാൻ ഓർത്തു. ഒന്നുകൂടി കാണണമെന്ന് തോന്നി. അതാണ് അവിടെ തന്നെ വരാൻ പറഞ്ഞത്."
അവൾ അവന്റെ മിഴികളിലേയ്ക്ക് നോക്കി.
അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി ചിരിതൂകുമ്പോൾ അവൻ മനസ്സിൽ ഓർക്കുകയായിരുന്നു. കഴിഞ്ഞതൊക്കെയും ഇവൾ എത്രകൃത്യമായി ഓർത്തിരിക്കുന്നുവെന്ന്. എന്തിനാണത്?
"ഒരുകാര്യം ഞാൻ ചോദിക്കട്ടെ... ഷമീറിന് എന്നെ പിരിയാൻ കഴിയാഞ്ഞിട്ട് തന്നെയാണോ... ഞാൻ അവഗണിച്ചു നടന്നിട്ടും അന്ന് കമ്പ്യൂട്ടർ ക്ലാസിന്റെ മുന്നിൽവന്ന് എന്നെ കണ്ടതും അവസാനതീരുമാനം എന്തെന്ന് ചോദിച്ചതുമൊക്കെ?"
ചായ കുടിച്ച ഗ്ലാസ് അവൾ ടേബിളിന്റെ സൈഡിലേയ്ക്ക് ഒതുക്കിവെച്ചു.
അവനൊരുനിമിഷം മിണ്ടാതെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി അങ്ങനെതന്നെയിരുന്നു. അവളുടെ വാക്കുകളിൽ എത്രമാത്രം ആത്മാർത്ഥത ഉണ്ടെന്ന് അവൻ നോട്ടത്തിലൂടെ അളന്നെടുക്കുകയായിരുന്നു.
"റൈഹാനയെ പിരിയാൻ കഴിയാഞ്ഞിട്ടൊന്നുമല്ല അന്ന് അങ്ങനെ വന്ന് ചോദിച്ചത്. അതിനുമാത്രം അടുപ്പമൊന്നും നമ്മൾതമ്മിൽ ഉണ്ടായിരുന്നില്ലല്ലോ? അവസാനമായി നിന്റെ തീരുമാനം എന്തെന്ന് അറിയണമെന്ന് തോന്നി. അതിനും മുൻപേ നിന്റെ തീരുമാനം ഇതായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എന്നിട്ടും ആദ്യമായി നിന്നെ കണ്ടുമുട്ടിയ നിമിഷം എന്റെ മനസ്സിൽ പതിഞ്ഞ നിന്റെ ചിത്രം എന്നിൽ ചെറിയൊരു പ്രതീക്ഷ ബാക്കിനിറുത്തിയിരുന്നു. അതാണ് ഒരിക്കൽക്കൂടി നിന്നോട് ചോദിച്ച് ഉറപ്പുവരുത്താൻ വന്നത്."
ടേബിളിനുമുകളിൽ കൈകൾ ചേർത്ത് അതിന്റെ ഉള്ളിലേയ്ക്ക് തന്നെ നോട്ടമയച്ചിരുന്ന അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ... കഴിഞ്ഞകാല ഓർമ്മകളിലേയ്ക്ക് ഒരുനിമിഷം മടങ്ങിപ്പോയ അവന് മനസ്സിലായി അത് കുറ്റബോധത്തിന്റെ കണ്ണുനീരാണെന്ന്.
"ഷമീറിന് എന്നോട് വെറുപ്പില്ലേ?"
അവൾ പൊടുന്നനെ മൗനം ഭഞ്ചിച്ചു.
"എന്തിന്... അതിന്റെ ആവശ്യം ഇല്ലല്ലോ... എന്താ അങ്ങനൊരു ചോദ്യം... കുറ്റബോധം തോന്നുന്നുണ്ടോ?"
"ഉണ്ട് ഒരുപാട്... പക്ഷേ, എന്നോട് വെറുപ്പില്ലെന്നറിയുമ്പോൾ എനിക്ക് ആശ്വാസമുണ്ട്. അതിലേറെ സന്തോഷവും. സമയം ഒരുപാട് ആയോ... നമുക്ക് മടങ്ങിയാലോ?"
"മടങ്ങാം... ഭയക്കണ്ട... സമയം അധികമൊന്നും ആയിട്ടില്ല."
അവൻ വാച്ചിലേയ്ക്ക് നോക്കിക്കൊണ്ട് മെല്ലെ പറഞ്ഞു.
"ആണോ... എങ്കിൽ നമുക്ക് കുറച്ചുകൂടി സംസാരിച്ചിരിക്കാം. ഒരുപാടുകാലംകൂടി പരസ്പരം കണ്ടതല്ലേ... കാണണമെന്ന് പറയുമ്പോൾ വെറുതേ ഒന്ന് കാണാൻ മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ... പക്ഷേ, ഇപ്പോൾ... എന്തൊക്കെയോ ഒരുപാട് പറയാനുള്ളതുപോലെ."
അവൾ അവനെനോക്കി പുഞ്ചിരിതൂകി.
"റൈഹാനയുടെ കുടുംബജീവിതത്തിൽ ഇടയ്ക്ക് എന്തൊക്കെയോ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ ഉണ്ടായെന്നും... കുറച്ചുനാൾ വീട്ടിൽ വന്നുനിന്നതായും ഒക്കെ കേട്ടിരുന്നു... എന്തായിരുന്നു സംഭവം? വിരോധമില്ലെങ്കിൽ അറിഞ്ഞാൽ കൊള്ളാമായിരുന്നു."
"ങ്ഹാ... അതോ... അതൊക്കെ ഷമീർ അറിഞ്ഞിരുന്നോ...അതിനെക്കുറിച്ച് എന്താണിപ്പോൾ പറയുക... വെറുതേ ഓരോരോ കാരണങ്ങൾ പറഞ്ഞുകൊണ്ടുള്ള സൗന്ദര്യപ്പിണക്കങ്ങൾ. ഞാൻ ആദ്യമേ പറഞ്ഞില്ലേ... ഇക്കാ ആളൊരു പാവമാണെങ്കിലും ദേഷ്യവും, എടുത്തുചാട്ടവുമൊക്കെ കൂടുതലാണ്. പിന്നെ ചില ആണുങ്ങൾക്കുള്ളതുപോലെ ഭാര്യയെന്നാൽ വീട്ടിൽ തന്നെ ജോലിയെടുത്ത് ഒതുങ്ങിക്കഴിയണ്ട യന്ത്രമാണെന്നുള്ള പിടിവാശിയും. നിസ്സാരകാര്യം മതി പുള്ളിക്കാരന് ദേഷ്യം വരാൻ. വീടുവിട്ട് ഞാൻ എവിടേയും പോകുന്നത് ഇഷ്ടമല്ല... എന്റെ വീട്ടിലാണെങ്കിൽ കൂടിയും. എപ്പോഴും കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെ കഴിഞ്ഞോണം. ചെറിയ സംശയരോഗംവും ഉണ്ടെന്ന് വെച്ചോളൂ... ഇക്കാടെ വീട്ടുകാരും ഇതേ ചിന്താഗതിക്കാരാണ്. പിന്നെ അദ്ദേഹത്തിന് ചില രഹസ്യബന്ധങ്ങളും ഉണ്ടായിരുന്നു. ഒരിക്കൽ അവധിക്കു വന്നപ്പോൾ ഇതും പറഞ്ഞ് വഴക്കുണ്ടായി. അന്ന് അതിന്റെപേരിൽ പിണങ്ങി ഞാൻ കുറച്ചുനാൾ വീട്ടിൽ വന്നുനിന്നു. പിന്നീട് പുള്ളിക്കാരൻ തന്നെ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി."
"ആണോ... സ്നേഹക്കൂടുതലുകൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ എന്നുവേണമെങ്കിൽ പറയാമല്ലേ.?"
അവൻ പുഞ്ചിരിച്ചു.
"അങ്ങനാണോ... ആർക്കറിയാം... ഇതെന്തായാലും വല്ലാത്തൊരു അവസ്ഥയായിപ്പോയി. പിന്നെ ഷമീറിന്റെ കുടുംബജീവിതത്തിലും എന്തൊക്കെയോ സൗന്ദര്യപ്പിണക്കങ്ങൾ ഉള്ളതായി സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി... അതെന്താണ്?"
അവളുടെ ചോദ്യം കേട്ട് അവനൊരുനിമിഷം ഞെട്ടി. തന്റെ കുടുംബപ്രശ്നങ്ങൾ ഒരിക്കലും റൈഹാന അറിയുമെന്ന് അവൻ കരുതിയതല്ല. മുഖത്തെ ഞെട്ടൽ മറച്ചുപിടിച്ചുകൊണ്ട് അവൻ മെല്ലെ പുഞ്ചിരിതൂകി.
"എന്റെ കാര്യവും ഏതാണ്ട് റൈഹാനയുടേത് പോലെതന്നെയാണ്. ശബാനയ്ക്ക് ഓരോ സമയത്ത് ഓരോരോ ശീലങ്ങളാണ്. അത് അനുവധിച്ചുകൊടുത്തില്ലെങ്കിൽ പിന്നെ അതുമതി പ്രശ്നങ്ങൾ ഉണ്ടാകാൻ. ഒരുമിച്ചുള്ള യാത്രകൾ, ഒരുമിച്ചുള്ള ഭക്ഷണം, ഒരുമിച്ചുള്ള പാർട്ടികൾ ഇതിനോടൊന്നും അവൾക്കൊരു താല്പര്യവുമില്ല. പിന്നെ അവൾക്ക് മറ്റൊരു ദുസ്വഭാവംകൂടിയുണ്ട്... റൈഹാനയുടെ ഭർത്താവിനുള്ളതുപോലെ അതിരുവിട്ട ചില സൗഹൃദങ്ങൾ. അവൾ മറ്റൊരു പുരുഷനോട് അതിരുവിട്ട് സംസാരിക്കുന്നതോ, ഇടപഴകുന്നതോ, അവരുടെ വീട്ടിൽ പോകുന്നതോ ഒന്നും ചോദിക്കുന്നത് അവൾക്കിഷ്ടമല്ല. എപ്പോഴും അവളുടെ ഫോണും ചാറ്റുമൊക്കെ രഹസ്യമായിരിക്കും. എന്തെങ്കിലും രഹസ്യഇടപാടുകൾ നടക്കുന്നുണ്ടോ എന്ന് തോന്നും."
"അള്ളാഹുവേ... അത് വല്ലാത്തൊരു അവസ്ഥയാണല്ലോ."
"ഏയ്... കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അവൾക്ക് എന്നെയും മോളെയും ജീവനാണ്. ഒരുനിമിഷംപോലും പിരിഞ്ഞിരിക്കാൻ കഴിയില്ല. ഈ സ്നേഹക്കൂടുതൽ തന്നെയാവാം അവളെ വാശിക്കാരിയാക്കുന്നതും. എന്തായാലും ഇണങ്ങിയും പിണങ്ങിയും രണ്ടുവർഷങ്ങൾ കടന്നുപോയി. ഇതിനിടയിൽ മോളുണ്ടായി." അവൻ പറഞ്ഞുനിറുത്തി.
"ഒരുതരത്തിൽ പറഞ്ഞാൽ നമ്മൾ രണ്ടാളുടേയും ജീവിതം ഏതാണ്ട് ഒരുപോലെയൊക്കെത്തന്നെയാണ്. എല്ലാം വിധി അല്ലാതെന്താണ്."
അവൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞിട്ട് എഴുന്നേറ്റുപോയി കൈ കഴുകി.
തുടരും....