ഇന്നത്തെ സൂര്യന്റെ ചൂടിന് പതിവിലേറെ ചൂടുള്ളതുപോലെ. ആ ചൂട് ഒരുതരം പൊള്ളലുണ്ടാക്കിത്തീർത്തുകൊണ്ടിരുന്നു. ആ ചൂടിൽ മൊട്ടിട്ടുവന്ന വിയർപ്പുകണങ്ങൾ ഓഡിറ്റോറിയത്തിന്റെ മുറ്റത്തും അകത്തുമായി കൂടിനിന്നവരുടെയും, വിശേഷങ്ങൾ പങ്കുവെക്കുന്നവരുടെയും മുഖത്ത് നനവിന്റെ രൂപത്തിൽ പടർന്നിറങ്ങിക്കൊണ്ടിരുന്നു. അകന്നുപോയ ബന്ധങ്ങൾ, സൗഹൃദങ്ങൾ ഒക്കെയും വിളക്കിച്ചേർക്കുന്ന തിരക്കിലാണ് ചിലർ. പ്രത്യേകിച്ചും സ്ത്രീകൾ.
ഓഡിറ്റോറിയത്തിന്റെ അകത്തേക്കുള്ള നടക്കല്ലുക്കൾ കയറിയെത്തുന്നവരെ പുഞ്ചിരിയോടെ സ്വീകരിച്ചുകൊണ്ട് പെണ്ണിന്റെ ബാപ്പ കവാടത്തിൽ തന്നെ നിൽക്കുന്നുണ്ട്. മേശപ്പുറത്തു നിറച്ചുവെച്ചിരിക്കുന്ന പേപ്പർ ഗ്ലാസുകൾ അതിവേഗം കാലിയാകുകയും അതോടൊപ്പം നിറയ്ക്കുകയും ചെയ്യുന്നുണ്ട്. ഒഴിഞ്ഞ ഗ്ലാസുകൾ ബേസ്റ്റ് കവറിൽ നിക്ഷേപിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
"പെണ്ണ് പഠിക്കുവല്ലായിരുന്നോ?"
ചെറുക്കന്റെ ഭാഗത്തുനിന്നും വന്ന പ്രായമായ കാരണവർ അടുത്തുനിന്ന സമപ്രായക്കാരനോട് ചോദിച്ചു.
"അതെ, അവൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുവാരുന്നു. വിവാഹത്തിനുവേണ്ടി ഒരാഴ്ചത്തെ അവധിക്ക് വന്നതാണ്. ഞാനും അവളെ ശരിക്കൊന്നു കണ്ടില്ല. ഇനിയിപ്പോൾ ചെറുക്കന്റെ വീട്ടിൽനിന്ന് കോളേജിൽ പോകാനാണ് തീരുമാനമെന്നാണ് അറിഞ്ഞത്."
പെണ്ണിന്റെ ബന്ധുവായ കാരണവർ വിവരങ്ങൾ ധരിപ്പിച്ചു.
നാട്ടുകാരും, വീട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളുമായി ആയിരത്തോളം വരുന്ന ആളുകളുടെ സാന്നിധ്യത്തിൽ 'ഷമീർ' അഞ്ചുപവൻ സ്വർണം മഹർകൊടുത്തുകൊണ്ട് തന്റെ ജീവിതസഖിയായി 'ശബാനയെ' സ്വീകരിച്ചു.
ഇടുക്കിയിൽ നിന്നു തന്റെ വീടും, ഗ്രാമവും, നാട്ടുകാരെയുമൊക്കെ വിട്ടുകൊണ്ട് എറണാകുളത്തേയ്ക്ക് താൻ എന്നെന്നേക്കുമായി മാറാൻ പോകുന്ന സ്ഥാനമാറ്റത്തേക്കുറിച്ച് ശബാന ചിന്തിച്ചു. ആളും, ബഹളവും, ക്യാമറയും, ഫ്ലാഷും ഒക്കെയുള്ള ഹാളിനുനടുവിൽ സ്റ്റേജിൽ നിന്നുകൊണ്ട് തന്റെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചോർത്തു അവൾ.
ഷമീറിന്റെ മണവാട്ടിയായി വരുന്ന പെണ്ണിന്റെ സൗന്ദര്യം വിലയിരുത്താനായി അക്ഷമയോടെ കാത്തുനിന്ന ചെറുക്കന്റെ കൂട്ടരായ പെണ്ണുങ്ങൾ അവളെനോക്കി അവളുടെ മൊഞ്ചുകണ്ട് വെള്ളമിറക്കുകയും, കുശലങ്ങൾ പറയുകയും ചെയ്തുകൊണ്ടിരുന്നു. ചിലരാവട്ടെ അസൂയയോടെ ചുണ്ടുകൾ കടിച്ചമർത്തികൊണ്ട് നിന്നു. ഈ സമയം ഷമീർ ശബാനയുടെ കൈയിൽ ആരും കാണാതെ ഒന്നമർത്തി നുള്ളി.
ഇപ്പോൾ കത്തിയാളിക്കൊണ്ടിരിക്കുന്ന വെയിൽ പതിവിലും ചൂടുള്ളതാണെന്ന് ശബാനയ്ക്ക് തോന്നി. വെയിലിന്റെ ചൂട് മാത്രമല്ല ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തന്നെയും പതിവിനുവിപരീതമാണ്. അല്ലെങ്കിൽ ഈ വിവാഹം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലല്ലോ. ജീവിതത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്ന ഒരു കാര്യം. അതോ താൻ ഇതുവരെ സ്വപ്നം കണ്ടിട്ടില്ലാത്ത വിധത്തിൽ. ഇന്നത്തെ രാത്രികൂടി കഴിഞ്ഞാൽ താൻ ഷമീറിന്റെ വീട്ടിലായിരിക്കും. ഇന്നത്തെ ഒരുരാത്രി അതോ ആദ്യരാത്രിയുടെ ആകുലതകളിൽ തീർന്നുപോകും. ഇനി മറ്റൊരുജില്ലയിലെ മറ്റൊരു വീട്ടിലാണ് തന്റെ ഊണും ഉറക്കവുമൊക്കെ.
പതിവില്ലാതെ തെളിഞ്ഞ വെയിലിന് കട്ടികൂടിവന്നുകൊണ്ടിരുന്നു. അതിന്റെ പ്രകാശരശ്മികൾ തുള്ളിക്കളിച്ചുകൊണ്ടിരുന്നു. അതിനനുസരിച്ച് വെയിലിന്റെ തിളക്കവും ചൂടും കൂടിവന്നു. അതൊന്നാകെ ഭൂമിയുടെ മാറിലേയ്ക്ക് തീപടർത്തിക്കൊണ്ട് പതിച്ചുകൊണ്ടിരുന്നു. പുൽനാമ്പുകൾക്കിടയിലൂടെ അരിച്ചിറങ്ങി വേരുകളെ ചൂടണിയിച്ചുകൊണ്ടിരുന്നു.
'സമദ്' നോടല്ലാതെ മറ്റൊരു പുരുഷനോടും തനിക്ക് ഇന്നേവരെ ഇഷ്ടമോ, ആസക്തിയോ തോന്നിയിട്ടില്ല എന്ന കാര്യം പലപ്പോഴും അവളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നെയത് അഭിമാനമായി. എന്നാൽ ഇന്നത് ഭയമായി മാറിയിരിക്കുന്നു. ഷമീർ, സമദിനേക്കാളും സുന്ദരനാണ്. പക്ഷേ, അവന്റെ സൗന്ദര്യത്തിന് തന്റെ മനസ്സിൽ അല്പംപോലും സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നവൾ ഓർത്തു.
പതിവില്ലാത്തവിധം തെളിഞ്ഞ വെയിൽ സസ്യങ്ങളെപ്പോലെതന്നെ ജീവജാലങ്ങളെയും വെറുപ്പിച്ചു. വെയിലേറ്റുവാടിയ കിളികളും, ശലഭങ്ങളും തണലുപറ്റി ക്ഷീണമകറ്റി. ഓഡിറ്റോറിയത്തിന്റെ മുറ്റത്തുനിൽക്കുന്ന വാകമരത്തിന്റെ ഇലയുടെ തണലിൽ പരവേഷമകറ്റുന്ന കിളികൾ. എല്ലാവരും മുഷിപ്പിലാണ്.
വെയിൽ പയ്യെ ചാഞ്ഞു. പ്രകൃതിയിൽ പ്രകാശം പയ്യെ മങ്ങി. അതിന്റെ മാറ്റമെന്നവണ്ണം നേരിയ തണുപ്പ് പ്രകൃതിയിൽ വ്യാപിച്ചുതുടങ്ങി. അവളുടെ ഉള്ളം ചുട്ടുപിടഞ്ഞുകൊണ്ടിരുന്നു. പൂമുഖത്തുനിന്നും അവൾ മെല്ലെ കിടപ്പുമുറിയിലേയ്ക്ക് നടന്നു. വസ്ത്രങ്ങൾ മാറ്റിയുടുത്തുകൊണ്ട് കണ്ണാടിക്ക് മുന്നിൽ നിൽകുമ്പോൾ അവൾ അറിയാതെ സമദിനെ ഓർത്തുപോയി.
എന്റെ പ്രിയതമാ എവിടെയാണ് നീ? എത്രനാളായി ഒന്ന് നേരിൽ കണ്ടിട്ട്? പരസ്പരം ഹൃദയംതുറന്നൊന്നു സംസാരിച്ചിട്ട്? സ്നേഹം പങ്കുവെച്ചിട്ട്? തന്റെ ഹൃദയാന്തരാത്മാവിൽ കുടിയിരുത്തിയിട്ടുള്ള സമദിനെ കുറിച്ച് അവൾ എന്നും ഓർക്കും.
ശബാനയുടെ ക്‌ളാസ്‌മേറ്റിൽ അനേകം ആൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നു ആദ്യമൊക്കെ സമദ്. പ്ലസ്ടൂ പടനകാലത്ത് ഒരു ചാറ്റൽ മഴയത്ത് ക്‌ളാസിലേയ്ക്ക് വന്നുകയറിയ സഹപാഠി. പക്ഷേ, അധികം വൈകാതെ നാണം കുണുങ്ങിയായ നാട്ടിൻപുറത്തുകാരിയായ ശബാനയോട് അവൻ കൂടുതൽ ഇടപഴകി. സംസാരിച്ചു, ചിരിച്ചു, കളിയാക്കി. ബുക്കുകളും, മിട്ടായികളും, ഫുഡ്ഡുമൊക്കെ കൈമാറി. പതിയെപ്പതിയെ മറ്റുകൂട്ടുകാർ അവരെ റോമിയോ ജൂലിയറ്റ് എന്നപേരിൽ വിളിച്ചു തുടങ്ങി. പുറമേ സുഹൃത്തുക്കളോട് അനിഷ്ടം കാണിക്കുമ്പോഴും, അവരോടെല്ലാം ഇതുപറഞ്ഞുകൊണ്ട് വഴക്കിടുമ്പോഴും, അവരൊന്നും അറിയാതെ ഹൃദയത്തിന്റെ അടിത്തട്ടിൽ അവൾ അവന്റെ പേരും രൂപവും വളരെ രഹസ്യമായി ഒളിച്ചുവെച്ചു. ആ പ്രണയം കോളേജുപഠനകാലത്തും തുടർന്നുകൊണ്ടിരുന്നു.
ബിരിയാണി വെക്കാൻ വന്ന 'റഷീദ്ക്ക' പൈസ വാങ്ങിക്കാൻ വന്നിട്ടുണ്ട്. മാളിയേക്കലെ ഹാജിയാരുടെ ഏകമകളുടെ കല്യാണത്തിന് ബിരിയാണി വെച്ചുകൊണ്ട് ചെറുക്കൻ വീട്ടിൽനിന്നും വന്നവരുടെ ഇടയിൽ പേരെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റഷീദ്ക്ക. ബിരിയാണിയെ പുകഴ്ത്തിക്കൊണ്ട് ഒരുപാടുപേര് പാചകപ്പുരയിൽ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ബിരിയാണി ഇതുവരെ കഴിച്ചതിൽ വെച്ചേറ്റവും മികച്ചതായിരുന്നു എന്നതാണ് അവരുടെയൊക്കെയും അഭിപ്രായം. ഇനി ഒരുപാട് ഓർഡറുകൾ കിട്ടുമെന്ന് റഷീദ്ക്ക മനസ്സിലുറപ്പിച്ചു. അതുകൊണ്ടുതന്നെ പറഞ്ഞതിൽ നിന്നും ആയിരം രൂപ കുറച്ചുമേടിച്ചുകൊണ്ട് അദ്ദേഹം യാത്രപറഞ്ഞുപോയി.
ഇതുകണ്ടുകൊണ്ട് നിന്ന ശബാനയിൽ നിന്നും ഒരു നെടുവീർപ്പുതിർന്നു. ബാൽക്കണിയിൽ നിന്നും അവൾ മെല്ലെ ബെഡ്റൂമിലേയ്ക്ക് തിരികെ നടന്നു.
പകൽ പൂർണ്ണമായും വിടപറഞ്ഞുകഴിഞ്ഞു. സന്ധ്യമയങ്ങി. നിമിഷങ്ങൾ കടന്നുപോകവേ സന്ധ്യ രാത്രിക്ക് വഴിയൊരുക്കി.
"മോളേ... ശബാനാ."
ഇളയുമ്മയുടെ വിളികേട്ട് അവൾ തിരിഞ്ഞുനോക്കി.
"ഇങ്ങോട്ട് വന്നേ..."
അവൾ ഇളയുമ്മക്കൊപ്പം അടുക്കളയിലേയ്ക്ക് നടന്നു.
"സമയം ഒരുപാടായി. മോള് ഈ പാലുംകൊണ്ട് മുറിയിലേയ്ക്ക് ചെല്ലൂ."
വിവാഹദിവസം രാത്രി എല്ലാ പെണ്ണുങ്ങളും തന്നെപ്പോലെയായിരിക്കും എന്നവൾക്ക് തോന്നി. എന്തോ പുതിയൊരു സ്ഥലത്തേയ്ക്ക് യാത്രചെയ്യാനൊരുങ്ങാതുപോലെ ഒരു യന്ത്രപ്പാവകണക്കെ ചലിക്കുകയാവും. എല്ലാത്തിനോടും അവർക്ക് ഭയമായിരിക്കും. ഹൃദയത്തിൽ ഭയത്തിന്റെ പെരുമ്പറ മുഴങ്ങുമ്പോഴും അത് പുറത്തുകാണിക്കാതെ ചലിക്കുകയാവും അവർ.
പാലുമായി അവൾ മുറിയിൽ കടന്നു. വാതിൽ ചാരി.
"ശബനാ... വരൂ... ഇരിക്കൂ..."
മുണ്ടും, ഷർട്ടും ധരിച്ചുകൊണ്ട് ബെഡ്ഢിലിരുന്ന ഷമീർ പറഞ്ഞു.
അവളിരുന്നു.
ഫാൻ അതിവേഗം കറങ്ങിയിട്ടും അവളുടെ ശരീരം ചുട്ടുപൊള്ളിക്കൊണ്ടിരുന്നു. ഫാനിന്റെ ശബ്ദം നിശബ്ദതയിൽ ഭീതിജനിപ്പിച്ചുകൊണ്ടിരുന്നു. അവൾ തലകുനിച്ചിരുന്നു. അത് നാണം കൊണ്ടല്ല ഭയം കൊണ്ടും, കുറ്റബോധം കൊണ്ടുമൊക്കെയാണെന്ന് അവൾക്ക് മനസ്സിലായി.
"കോളേജിലൊക്കെ പഠിച്ച ശബാനയ്ക്ക് ഇത്രയ്ക്ക് നാണമോ?"
പുഞ്ചിരിച്ചുകൊണ്ട് ഷമീർ ചോദിച്ചു.
അവൾ ഒന്നും മിണ്ടിയില്ല. പകൽ മുഴുവൻ അടുത്തുകഴിഞ്ഞതുകൊണ്ട് അവന്റെ സംസാരത്തോടും പെരുമാറ്റത്തോടും അവൾക്ക് ഒരു പരിചിതത്വം തോന്നി.
"നമുക്ക് കിടന്നാലോ... നല്ല ക്ഷീണമുണ്ടാവും. സമയവും ഒരുപാടായി."
"ഉം..."
അവൾ മൂളി. അത്രയും ശബ്ദം മാത്രമാണ് അവളിൽ നിന്നും പുറത്തുവന്നുള്ളൂ.
ലൈറ്റണഞ്ഞു. അരണ്ടപ്രകാശത്തിൽ രണ്ടു മനുഷ്യശരീരങ്ങൾ നിഴൽനാടകമാടി.
നഗ്നമായ ശരീരങ്ങൾ. വിറയ്ക്കുന്ന ചുണ്ടുകൾ. നിർവൃതിയിലാണ്ടുപോയ നയനങ്ങൾ. അനങ്ങിക്കൊണ്ടിരിക്കുന്ന ചുമലുകൾ. തുള്ളിത്തുളുമ്പുന്ന നഗ്നമായ മാറിടങ്ങൾ. അഴിച്ചെറിയപ്പെട്ട വസ്ത്രങ്ങൾ. ചുംബനപ്പൂക്കൾ വർഷിച്ചുകൊണ്ട് പാഞ്ഞുനടക്കുന്ന ചുണ്ടുകൾ. ആവേശത്തോടെ ചലിക്കുന്ന കൈവിരലുകൾ. ഒരാൾക്ക് അടങ്ങാത്ത ആവേശമാണെങ്കിൽ, മറ്റേയാൾക്ക് വല്ലാത്ത നിർവികാരത. ഒടുവിൽ ആവേശം അടക്കിക്കൊണ്ട് അവൻ തളർന്നുവീണു.
നിദ്ര, ഗാഡനിദ്ര. തണുപ്പിന്റെ പിടിയിലമർന്ന രാത്രിയിൽ പുതപ്പിന്റെ തലോടലേറ്റുകൊണ്ട് ശബാനയെ കെട്ടിപ്പുണർന്നുകിടന്ന് ഷമീർ മയങ്ങി.
ശബാന ഉറങ്ങാതെ നെടുവീർപ്പുകളുമായി കിടന്നു. അവളുടെ മനസ്സിൽ സമദ് നിറഞ്ഞുനിന്നു.
തുടരും...