ഭാഗം - 4
കോളേജുവിട്ട് എല്ലാരും പോയത്തീർന്നിട്ടും ശബാനയും സമദും ആ വാകമരത്തണലിൽ നിന്നു. സായാഹ്നവെയിൽ ഇരുവരുടേയും മുഖത്ത് സ്വർണ്ണവർണ്ണം വാരിവിതറിക്കൊണ്ടിരുന്നു.
"നോക്കൂ നമ്മൾ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഈ വാകമരം പൂവിട്ടു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ... ഇന്നത് പടർന്നുപന്തലിച്ച് പൂക്കളാൽ സമൃദ്ധമായിരിക്കുന്നു."
ശബാന സ്വയം മറന്ന് ആനന്ദത്തിൽ മുഴുകി സമദിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
"ശരിയാണ് ഞാനോർക്കുന്നു... പൂക്കൾ വിടരുന്നതും നോക്കി ഒരുപാട് ദിനങ്ങൾ നമ്മൾ ഇതിന്റെ ചുവട്ടിൽ ഇരുന്നിട്ടുണ്ട്."
സമദ് കഴിഞ്ഞുപോയ നല്ല നാളുകളെ ഓർമിച്ചെടുത്തുകൊണ്ട് മറുപടി നൽകി.
അവൾ മെല്ലെ പുഞ്ചിരിച്ചു... നഷ്ടബോധത്തിന്റെ ചിരി.
ഒടുവിൽ ആ ചിരി മാഞ്ഞു... പകരം മുഖത്ത് നിരാശനിറഞ്ഞു. കണ്ണിൽനിന്നും നീർക്കണങ്ങൾ പിറവികൊണ്ടു. അത് കവിളുകളെ ചൂടണിയിച്ചുകൊണ്ട് ഒഴുകിയിറങ്ങി.
"ജീവിതം ഒരുതരം അഭിനയമാണ് മോളേ... മറ്റുള്ളവർക്കുവേണ്ടി നമ്മൾ പലപ്പോഴും അഭിനയിക്കേണ്ടി വരുന്നു. നിന്റെ സങ്കടം എനിക്ക് മനസ്സിലാവും. പക്ഷേ, എന്തുചെയ്യാം?"
ഈ സമയം ശബാനയുടെ മൊബൈലിലേയ്ക്ക് അവളെ അന്വേഷിച്ചുകൊണ്ട് ഭർത്താവിന്റെ കോൾ വന്നു.
"നീ എവിടെയാണ്? ഞാൻ കോളേജിനുമുന്നിൽ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് സമയം എത്രയായി."
ഭർത്താവിന്റെ ദേഷ്യം കലർന്ന ശബ്ദം അവളുടെ കാതിൽ വന്നലച്ചു.
ശബാനയുടെ മുഖത്ത് ഒരു ഞെട്ടൽ പിറവികൊണ്ടു. മുഖം വിളറി. അവൾ സമദിന്റെ അടുക്കൽ നിന്നും പിറകോട്ട് അകന്നുമാറി.
"ഭർത്താവാണ് വിളിച്ചത് അല്ലെ? വരൂ... നമുക്ക് പോകാം."
സമദ് പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു.
ഇരുവരും ഗെയിറ്റിനുനേർക്ക് നടന്നു.
"നമ്മളെ ഒരുമിച്ച് എന്തായാലും ഷമീർ കാണണ്ട. നീ പൊയ്ക്കോളൂ... നിങ്ങൾ പോയിട്ട് ഞാൻ വന്നോളാം."
സമദ് കോളേജു ബിൽഡിങ്ങിന്റെ പിന്നിൽ മറഞ്ഞുനിന്നുകൊണ്ട് പറഞ്ഞു.
"ഞാൻ പോട്ടെ... വിളിക്കണം."
ശബാന യാത്ര പറഞ്ഞിട്ട് മുഖം തുടച്ചുകൊണ്ട് നടന്നുനീങ്ങി.
ശബാന നടന്നുനീങ്ങുമ്പോൾ സമദ് എന്തോ പറഞ്ഞെങ്കിലും അവൾ കേട്ടില്ല. അല്ലെങ്കിൽ കേട്ടിട്ടും മറുപടി പറയാൻ നിന്നില്ല. ഈ സമയം ക്ഷമ നശിച്ചിട്ടെന്നോണം ഷമീറിന്റെ കോൾ വീണ്ടും അവളുടെ ഫോണിലേയ്ക്ക് വന്നുകൊണ്ടിരുന്നു. ഗെയിറ്റുകടന്നു വേഗത്തിൽ നടന്നുകൊണ്ട് അവൾ കാറിൽ കയറി.
"എന്താ ഇത്ര വൈകിയത്?"
ഷമീർ അവളെ നോക്കി.
"കുറച്ച് നോട്ട് എഴുതാനുണ്ടായിരുന്നു."
"എല്ലാരും പോയല്ലോ... അതൊന്നും നീ കണ്ടില്ലേ?"
"എനിക്ക് കുറച്ചുദിവസം കോളേജിൽ വരാൻ കഴിഞ്ഞില്ലല്ലോ... അതുകൊണ്ട് കുറച്ചൊക്കെ എഴുതിവെക്കാമെന്നു കരുതി."
ഷമീർ ഒന്നമർത്തി മൂളിയിട്ട് കാർ സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു. പിന്നെ ശബാന ഒന്നും മിണ്ടിയില്ല. അവൾക്ക് ഷമീറിനോട് ദേഷ്യം തോന്നുന്നുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കാൻ കടന്നുവന്നവൻ. ഇപ്പോഴിതാ തന്റെ വയറ്റിലൊരു ജീവൻ കൂടി നിക്ഷേപിച്ചിരിക്കുന്നു. എന്നിട്ട് അതൊന്നും പോരാഞ്ഞിട്ട് തന്നോട് ദേഷ്യപ്പെടുക കൂടി ചെയ്യുന്നു.
"എന്തേലും കഴിക്കുന്നുണ്ടോ?"
യാത്രക്കിടയിൽ ഷമീർ ഒരുനിമിഷം അവളെ നോക്കി ചോദിച്ചു.
"എനിക്കൊന്നും വേണ്ട."
അൽപ്പം കടുപ്പിച്ചെന്നവണ്ണം അവൾ മറുപടി പറഞ്ഞു.
ദിവസങ്ങൾ കടന്നുപോയി. ശബാനയുടെ വയറിന് വലുപ്പം കൂടിക്കൊണ്ടിരുന്നു. അതിനുള്ളിൽ പിറവിയെടുത്ത ജീവന്റെ തുടിപ്പ് വലുതായിക്കൊണ്ടിരുന്നു. അതിന് രൂപം വന്നു. കൈകാലുകൾ വന്നു. നിറം വന്നു. മുടിവന്നു. എല്ലാം തികഞ്ഞൊരു മനുഷ്യക്കുഞ്ഞായി അത് രൂപം പ്രാപിച്ചുകൊണ്ടിരുന്നു.
ഇതിനിടയിൽ മിക്കവാറും ദിവസങ്ങളിൽ സമദ് അവളെ വിളിക്കുകയും ഇരുവരും തമ്മിൽ രഹസ്യമായി ഹൃദയം കൈമാറുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. അവസാനമായി വിദേശത്തേയ്ക്ക് മടങ്ങുന്നതിന്റെ തലേദിവസം സമദ് അവളെ കാണാൻ കോളേജിൽ വന്നിരുന്നു. ഇപ്പോൾ മാസം ഒന്നു കഴിഞ്ഞിരിക്കുന്നു. അവൾ ഇപ്പോൾ കോളേജിൽ പോകുന്നില്ല. പ്രസവം അടുത്തുവരുന്നു.
"സമദ് എന്റെ പ്രിയനേ... എവിടെയാണ് നീ? എന്നെപ്പോലെ നീയും എന്നെ ഓർക്കുന്നുണ്ടാകുമോ ഇപ്പോൾ? എന്നെയൊന്നു കാണാൻ.... എനിക്കൊന്നു കാണാൻ എന്നാണ് ഇനി നീ വരിക? ഇനി നീ വരുമ്പോൾ ഞാൻ നിന്റെ ആ പഴയ ശബാനയല്ല, ഷമീറിന്റെ വെറും ഭാര്യയുമല്ല, മറിച്ച് ഒരു കുഞ്ഞിന്റെ ഉമ്മ കൂടിയായിരിക്കും ഞാൻ. ഒരു പുതിയ ജീവന് ഞാൻ പിറവികൊടുക്കാൻ തയ്യാറായിക്കഴിഞ്ഞു. എന്റെ പഴയ തുടിപ്പും, മിനുപ്പുമെല്ലാം അവസാനിക്കാൻ പോകുന്നു. പകരം പുതിയ തുടിപ്പുകളും, മിനിപ്പുകളും എന്നിൽ ഉടലെടുക്കാൻ പോകുന്നു. ഭാര്യ എന്നതിൽ നിന്നും ഉമ്മ എന്നനിലയിൽ ഞാൻ കൂടുതൽ ബന്ധനസ്ഥയാകാൻ പോകുന്നു. ഒരിക്കലും അറുത്തുമാറ്റാൻ കഴിയാത്തവിധം ബന്ധനങ്ങൾ എന്നിൽ സംഭവിക്കാൻ പോകുന്നു. പലവിധ കുരുക്കുകളിൽ ഞാൻ അകപ്പെടാൻ പോകുന്നു. ഞാൻ തടിക്കും, എന്റെ അവയവത്തിന്റെ ഭംഗി നഷ്ടമാകും. മുടിയിഴകൾ നരയ്ക്കും. ഒരു പക്ഷേ, ഇനി നമ്മൾ തമ്മിൽ കണ്ടുമുട്ടുമോ എന്നുപോലും അറിയില്ല."
അവളുടെ ചിന്താകുലമായ മനസ്സ് പലവിധചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു. ഇനി ഒന്നും ഓർക്കാൻ വയ്യ. മനസ്സ് വിങ്ങുന്നു. ശരീരം തളരുന്നു. കാലുകൾ ബന്ധിക്കപ്പെടുന്നു. എല്ലാം പൊട്ടിച്ചെറിഞ്ഞുകൊണ്ട് എഴുന്നേറ്റോടിപ്പോകണമെന്നുണ്ട്. പക്ഷേ, ശരീരത്തിന് കഴിവില്ല. പിന്നെയുള്ള ഏകമാർഗം എല്ലാം ഉള്ളിലൊതുക്കി മരിച്ചുജീവിക്കുക എന്നതാണ്. മരിക്കുന്നതുവരെ ഇങ്ങനെ ജീവിക്കുക.
ദിവസങ്ങൾ പിന്നെയും കടന്നുപോയി. പ്രസവത്തിനായി ശബാനയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ശബാനയേക്കാൾ മനോവേദനയുമായി ഷമീർ ഹോസ്പിറ്റലിലെ പ്രസവമുറിക്കു മുന്നിൽ കാത്തിരുന്നു.
പ്രകാശം നിറഞ്ഞ ഈ ലോകം കാണാൻ, അവിടെ പാറിനടക്കുന്ന കിളികളെയും, ചിത്രശലഭങ്ങളെയും കാണാൻ, മഴ കാണാൻ, വെയില് കാണാൻ, ആകാശവും ഭൂമിയും കാണാൻ, മരങ്ങളെയും ചെടികളെയും കാണാൻ, അതിൽ ഇടപഴകി ജീവിക്കുവാൻ, ലോകത്തിലെ കോടാനുകോടി മനുഷ്യരിൽ ഒരാളാവാൻ, ജീവിത യാത്രയ്ക്കു തുടക്കമിട്ടുകൊണ്ട് ശബാനയുടെ ഗർഭപാത്രത്തിൽ നിന്നും പത്തുമാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ആ കുഞ്ഞുജീവൻ പുറത്തേയ്ക്ക് വന്നു.
ഓമനത്വം നിറഞ്ഞ ഒരു പെൺകുഞ്ഞ്.
പിന്നീടുള്ള മൂന്നുമാസക്കാലം ശബാനയുടെ ചുറ്റുമുള്ള കാഴ്ചകളും, കെട്ടുപാടുകളും മാറി. ഒരിക്കൽ നഷ്ടപ്പെട്ടുപോയ ആ നല്ല ഓർമ്മകളിലേയ്ക്കും, കാഴ്ചകളിലേയ്ക്കും, അനുഭവങ്ങളിലേയ്ക്കുമൊക്കെ അവൾ വീണ്ടും തിരികെയെത്തി. ആകാശം മുട്ടുന്ന ഫ്ലാറ്റുകളുടെയും, മാലിന്യം നിറഞ്ഞ തെരുവുകളുടെയും, രാവെന്നോ പകലെന്നോ ഇല്ലാതെ ചോരകുടിക്കാനെത്തുന്ന കൊതുകുകളുടെയും, തിരക്കുപിടിച്ച റോഡുകളുടെയും നാട്ടിൽ നിന്നവൾ... സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധമൂറുന്ന കാറ്റുനിറഞ്ഞ, വനാന്തരങ്ങളെ തഴുകിയെത്തുന്ന ശുദ്ധവായുനിറഞ്ഞ, ജലസംഭരണികളുടെ കേന്ദ്രമായ ജന്മനാട്ടിലേയ്ക്ക് അവൾ എത്തിപ്പെട്ടു. സ്വന്തം ഗ്രഹത്തിൽ അവൾ മാതാപിതാക്കളുടെയും, ബന്ധുക്കളുടെയും, അയൽക്കാരുടേയുമൊക്കെ സ്നേഹത്തിലും, കരുതലിലും പെട്ട് വീർപ്പുമുട്ടി. ഹാജിയാരും, ഭാര്യയും തങ്ങൾ ഒരു വല്യൂപ്പയും, വല്ലുമ്മയും ആയതിൽ ഏറെ സന്തോഷിച്ചു.
കുഞ്ഞ് കണ്ണുതുറന്നു നോക്കി. പരിചയഭാവത്തിൽ മോണകാട്ടി പുഞ്ചിരിച്ചു. അവളുടെ മുടിവെട്ടി. പേരിട്ടു. 'ഷെമീമ' ഷെമിയെന്ന ചുരുക്കപ്പേരിൽ അവളെ എല്ലാരും വിളിച്ചുതുടങ്ങി. ഷെമീർ ആഴ്ചയിലൊരിക്കൽ വന്ന് മകളെയും ഉമ്മയെയും കണ്ട് തിരിച്ചുപോയി.
ദിവസങ്ങൾ കടന്നുപോയി. കുഞ്ഞ് പതിയെ കമഴാനും, ചിരിക്കാനും, ഒച്ചവെക്കാനുമൊക്കെ തുടങ്ങി. മകളുടെ ജനനം ശബാനയെ വല്ലാതെ മാറ്റിയെടുത്തു. ബാപ്പയുടെയും, ഉമ്മയുടേയുമൊക്കെ ആഹ്ലാദത്തിൽ അവൾ എല്ലാം മറന്നു. അപ്പോഴും ഇന്നല്ലെങ്കിൽ നാളെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് കുഞ്ഞിനേയും കൊണ്ട് പോകേണ്ടിവരുമെന്ന ഓർമ്മ അവൾക്ക് ദുഃഖം പകർന്നു. എന്നാലും ഒഴിച്ചുകൂടാനാവാത്ത ഒന്നിനെക്കുറിച്ചോർത്തു ദുഃഖിച്ചിട്ട് ഫലമില്ലല്ലോ... ഒടുവിൽ ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങേടുന്ന ദിവസം വന്നെത്തി. ഷമീറിനോപ്പം കുഞ്ഞിനേയും കൊണ്ട് വീട്ടുകാർക്കൊപ്പം അവൾ ഭർതൃ ഗൃഹത്തിലേയ്ക്ക് യാത്ര തിരിച്ചു. വീട്ടിൽ അവരെ കൊണ്ടാക്കിയിട്ട് ബാപ്പയും ഉമ്മയും നിറകണ്ണുകളോടെ യാത്രയായി.
തുടരും...