ഭാഗം 9
ഓട്ടുകമ്പനിക്ക് മുന്നിൽ ഒരു ചെറിയ ഓഫീസ് ഉണ്ടായിരുന്നു. ഫോർമാൻ ദിവാകരേട്ടന്റെ കയ്യിൽ ബോബി മാണി സാർ തന്നു വിട്ട എഴുത്തു ഏൽപ്പിച്ചു പുതിയ രണ്ടു തൊഴിലാളികൾ കൂടി വരുന്നുണ്ടെന്ന് തലേന്നു തന്നെ മാത്തച്ചൻ മുതലാളി പറഞ്ഞു ഏൽപ്പിച്ചിരുന്നു. ഒഴിവുള്ള സെക്ഷനിലേക്ക് രണ്ടു പേരെയും നിയമിക്കാനും അനുമതിയും കൊടുത്തിരുന്നു. ഫയലിൽ രണ്ടു പേരുടെയും പേരും അഡ്രെസും എഴുതി രെജിസ്റ്റർ ചെയ്തു വച്ചിട്ട് ദിവാകരേട്ടൻ ഇരുവരെയും അകത്തേക്ക് കൂട്ടികൊണ്ട് പോയി. വിശാലമായ പറമ്പ് നിറഞ്ഞു കിടക്കുകയാണ് മാത്തച്ചൻ മുതലാളിയുടെ അന്നബ്രിക്സ് എന്ന ആ ഓട്ട് കമ്പനി.
"ദിവാകരേട്ടാ ഞങ്ങൾക്കിതൊന്ന് ചുറ്റി നടന്നു കാണാൻ പറ്റോ? "
ജോസൂട്ടിയുടെതാണ് ചോദ്യം.
"ഇപ്പഴോ ? അതിനൊക്കെ ഉച്ചക്ക് വിശ്രമിക്കാനുള്ള സമയം ഉണ്ട്. അപ്പോൾ കണ്ടാൽ മതി. ജോലിക്ക് വന്നതല്ലേ പണി എടുക്കാൻ നോക്ക് "
മുന്നിലായി വലതു വശത്തു ആദ്യം കാണുന്നത് കാർപെന്റെർ ഏരിയ ആണ്. ഒരു ഈർച്ച മില്ലും കൂട്ടത്തിൽ സെറ്റ് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. ചൂളയിലേക്ക് ആവശ്യമായ മരങ്ങൾ ആറിഞ്ച് നീളത്തിൽ മുറിച്ചു അട്ടിഅടുക്കി വച്ചിട്ടുണ്ട്. പെട്ടന്ന് കത്തുന്നത് കൊണ്ടും ചൂട് കൂടുതൽ ഉള്ളത് കൊണ്ടും റബ്ബർ മരങ്ങളാണ് ഇവിടെ കൂടുതലും ഉപയോഗിക്കുന്നത്. രണ്ടു തൊഴിലാളികൾ അവിടെ അത് കോടാലിക്ക് കൊത്തി കീറി ഇടുന്നുണ്ടായിരുന്നു. മറ്റൊരാൾ കീറിയിടുന്ന വിറകുകൾ തല ചുമടായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയി അടുക്കുന്നു. പച്ച ഓടുകൾ സെറ്റ് ചെയ്തു വയ്ക്കാനുള്ള അച്ചുകൾ രണ്ടു ആശാരിമാർ ഇരുന്നു തടിയിൽ പണിതെടുക്കുന്നത് കാണാം. പഴയ അച്ചുകൾ മെയിന്റൻസ് പണിക്കായി അവരുടെ അടുത്ത് കൂട്ടി ഇട്ടിട്ടുണ്ടായിരുന്നു.
"ഇവിടുത്തെ തൊഴിലാളികൾ എല്ലാ സെക്ഷനുകളിലും മാറി മാറി നിൽക്കേണ്ടി വരും. അത് കൊണ്ട് എല്ലാ പണിയും അറിഞ്ഞിരിക്കണം. കാരണം ഒരാൾ വന്നില്ലെങ്കിലും അടുത്തതിലേക്ക് ആളെ മാറ്റി ഇടുന്നതിനു വേണ്ടിയാണ്. ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യമേ പറഞ്ഞേക്കണം . "
മുന്നിൽ നടക്കുന്നതിനിടയിൽ ദിവാകരേട്ടൻ കാര്യങ്ങൾ വിശദമായി പറയുന്നുണ്ടായിരുന്നു.
"ഒരു ബുദ്ധിമുട്ടും ഇല്ല. "
ബോബിയും ജോസൂട്ടിയും എന്തിനും തയ്യാർ.
" മണിമേസ്തിരി ദേ ഇയാളെ കൂടെ കൂട്ടത്തിൽ നിർത്തിക്കോ."
ജോസൂട്ടിയെ ചൂണ്ടി ദിവാകരേട്ടൻ ആശാരിയോട് പറഞ്ഞിട്ട് ബോബിയെ വിളിച്ചു കൊണ്ട് പിന്നിലേക്ക് നടന്നു.
കൂട്ടുകാരനോട് ഒന്ന് യാത്ര പറയാനുള്ള സമയം കൂടി ബോബിക്ക് കിട്ടിയില്ല.
തിരിഞ്ഞു ദയനീയമായി ഒന്ന് നോക്കിയിട്ട് അവൻ അസ്ത്രം വിട്ടത് പോലെ മുന്നിൽ പാഞ്ഞു പോകുന്ന ദിവാകരേട്ടന്റെ പിന്നാലെ പോയി.
കമ്പിനിക്ക് പിന്നിലായി പുഴയോരത്തോട് ചേർന്ന്,
ഓടിന് കൂടുതൽ കളർ കൊടുക്കുന്ന മഞ്ഞ കളിമണ്ണും അലൂമിനിയം കണ്ടന്റ് കൂടുതൽ നിറഞ്ഞ പശിമയുള്ള കറുത്ത കളിമണ്ണും കൂട്ടി ഇട്ടിരിക്കുന്നത് കാണാമായിരുന്നു.
അവിടെ നിന്നാണ് രണ്ടു മണ്ണും പ്രത്യേക അനുപാതത്തിൽ കുഴച്ചെടുത്ത് കൺവെയർ ബെൽറ്റ് വഴി ഫാക്ടറിക്കുള്ളിലേക്ക് കടത്തി വിടുന്നത്.
" ദിവാകരേട്ടാ പുതിയ പണിക്കാരൻ ആന്നോ? "
ചെളി കുഴക്കുന്ന തൊഴിലാളികളുടെ ഇടയിൽ നിന്നും ആരുടെയോ ചോദ്യം.
"ആടാ..." പറഞ്ഞിട്ട് അകത്തേക്ക് കയറാതെ പുറത്തെ വരാന്ത വഴി അയാൾ പിന്നിലേക്ക് നടന്നു
ആരാണ് ചോദിച്ചതെന്ന് കൂടി ബോബി കണ്ടില്ല.
ചൂളക്ക് പിന്നിൽ ഓട് ചുട്ടെടുത്ത് അടുക്കി വച്ചിരിക്കുന്ന ഹാളിൽ അയാൾ ചെന്നു നിന്നു.
കുറച്ചു ജോലിക്കാർ അവിടെ ഉണ്ടായിരുന്നു.
ഓടുകൾ തട്ടി നോക്കി തരം തിരിച്ചു മാറ്റി വയ്ക്കുന്നുണ്ട്.
ഉപയോഗശുന്യമായ പൊട്ടിയ ഓടുകൾ ഒരു വശത്തേക്കും , നല്ല ഓടുകൾ ചക്രം പിടിപ്പിച്ച പലകയിൽ അടുക്കി മറ്റൊരിടത്തേക്ക് തള്ളി കൊണ്ട് പോകുന്നു.
മൊത്തത്തിൽ ആകെയൊരു ബഹളം.
അതിൽ ഒരാളോട് ബോബിയെ കൂടി കൂട്ടത്തിൽ നിർത്തിക്കോളാൻ നിർദേശിച്ചിട്ട് ദിവാകരേട്ടൻ ഫാക്ട്ടറിക്കുള്ളിലേക്ക് നടന്നു മറഞ്ഞു.
പുതിയ ജോലി.
പുതിയ ആളുകൾ.
ജോസൂട്ടിയും കൂടെയില്ല.
ബോബിക്ക് തലയ്ക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
ചെമ്മൺപാതയോട് ചേർന്നുള്ള തെങ്ങിൻതോപ്പിലെ വൈകുന്നേരത്തെ ചീട്ട് കളി സംഘത്തിൽ കുട്ടാപ്പിയും ഉണ്ടായിരുന്നു.
നാട്ടുവഴിയിലൂടെ റെജിയുടെ 80s മോഡൽ റോയൽ എൻഫീൽഡ് വരുന്നതിന്റെ കട കട ശബ്ദം കേട്ട് വട്ടം ചുറ്റി ഇരുന്ന കളിക്കാർ മൊത്തം നോക്കി.
ബുള്ളറ്റ് വന്നു കളിക്കാരുടെ നേരെ എതിരെ റോഡ് സൈഡിൽ നിന്നു.
" ബോബിടെ കയ്യീന്ന് മേടിച്ചു കെട്ടീട്ട് നിന്റെ കൂട്ടുകാരനൊരു കുഴപ്പവുമില്ലല്ലോടാ കുട്ടാപ്പി..."
അടുത്തിരുന്ന ആളുടെ കമന്റ് കേട്ട് കുട്ടാപ്പി ഒന്നും മിണ്ടിയില്ല.
ചുറ്റും ഇരുന്നവർ അത് കേട്ട് ചിരിച്ചു.
" ബോബിയുടെ നാടൻ അടിയിൽ പട്ടാളക്കാരൻ പഞ്ഞിപ്പാല് ഛർദിച്ചെന്നാ കണ്ടു നിന്നവർ പറയുന്നേ "
റോഡിൽ നിന്നും ഹോൺ മുഴങ്ങുന്നു.
അങ്ങോട്ട് ചെല്ലാനുള്ള സിഗ്നൽ ആണ്.
വരുന്നു എന്ന രീതിയിൽ കുട്ടാപ്പി കൈ ഉയർത്തി കാണിച്ചു.
" ടാ വാവച്ചാ ഇതൊന്ന് പിടിച്ചേടാ. "
കൈയിലെ ചീട്ട് പിന്നിൽ ഇരുന്നവന്റെ കയ്യിൽ പിടിപ്പിച്ചിട്ട് കുട്ടാപ്പി എണീറ്റു.
" കുട്ടാപ്പി നീ കളി നിർത്തിയെങ്കിൽ പറഞ്ഞിട്ട് പോണം. " കളിക്കാരിൽ ഒരാൾ ഓർമിപ്പിച്ചു.
" ഇല്ല. ദേ വരുന്നു. "
അഴിഞ്ഞ കൈലി അരയിൽ ഉറപ്പിച്ചു കൊണ്ട് അവൻ റെജിയുടെ സമീപത്തേക്ക് ചെന്നു.
" നീ വന്നിട്ടുണ്ടെന്ന് കുറച്ചു മുന്നെയാ അറിഞ്ഞേ. എന്നിട്ട് പുറത്തേക്കൊന്നും കണ്ടില്ലല്ലോന്ന് ആലോചിക്കുവാരുന്നു ഞാൻ ."
" ഇന്നലെ കുറച്ചു പ്രശ്നം ഉണ്ടായി."
" ഞാൻ അറിഞ്ഞു. "
" അപ്പോഴേക്കും അതിവിടെ എത്തിയോ? "
" നിന്നെ അവനെടുത്ത് കണ്ടത്തിലടിച്ചെന്നൊക്കെയാ ഇവിടൊക്കെ വാർത്ത പരന്നേക്കുന്നെ. "
" അതേ പോലെ തിരിച്ചും കൊടുത്തിട്ടുണ്ട്... "
റെജി വീറോടെ പറഞ്ഞു.
കുട്ടാപ്പിയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നും കാണാത്തത് കൊണ്ട് അവൻ സംശയത്തിൽ നോക്കി.
"നീ അവന്റെ സെറ്റായോ ? "
" അതിന് ഞാൻ ഒരിക്കൽ കൂടി ജനിക്കണം. "
" പിന്നെ അവനിട്ടു കൊടുത്തെന്ന് പറഞ്ഞിട്ടും നിന്റെ മുഖത്തെന്നാ ഒരു വൈക്ലബ്യം ?"
" അത് സന്ധ്യക്ക് രണ്ടു അന്തികള്ള് മോന്താനുള്ള കാശ് ഇതുവരെ ആയിട്ടില്ല. അതിന്റെയാ. നീ കുപ്പി ഒന്നും കൊണ്ട് വന്നില്യോ ? "
" ഉണ്ട്. രാത്രി വീട്ടിലോട്ട് ഇറങ്ങ്. നമുക്ക് തോട്ടത്തിൽ ഇരിക്കാം. "
അപ്പോൾ റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ലില്ലി നടന്നു വരുന്നത് കാണായി.
അവളെ ആകെയൊന്ന് നോക്കിയിട്ട് റെജി ചോദിച്ചു.
" അത് ലില്ലി അല്ല്യോടാ. ബോബിടെ പെങ്ങള് ? "
ഒരു നോട്ടം എറിഞ്ഞു പെട്ടന്ന് മുഖം മാറ്റി കുട്ടാപ്പി അമർത്തി ഒന്ന് മൂളി.
" ഇവളങ്ങ് ചരക്കായല്ലോടാ....."
റെജിയുടെ മുഖം വിടരുന്നതും , കണ്ണുകളിൽ കൊതി നിറയുന്നതും നോക്കി കുട്ടാപ്പി ഓർമിപ്പിച്ചു.
" ആ വെളുത്ത നിറം മാത്രേ ഉള്ളൂ. വെറും കൂറ സ്വഭാവം ആന്നേ ."
എന്തോ ചിന്തിച്ച് അവൻ പതിയെ കവിൾ തടവി.
ആരെയും ശ്രദ്ധിക്കാതെ ലില്ലി റോഡിന്റെ മറുവശം പറ്റി നടന്നു പോകുന്നത് നോക്കി മുണ്ട് മേലേക്ക് ഒതുക്കി വച്ചു തുടയിൽ താളം പിടിച്ചിരുന്നിട്ട് റെജി കുട്ടാപ്പിയോട് പറഞ്ഞു.
" എന്നാ നിന്റെ കളി നടക്കട്ടെ. നമുക്ക് രാത്രി കാണാം. "
കിക്കർ അടിച്ചു അവൻ ഒരു കള്ള ചിരിയോടെ വണ്ടി സ്റ്റാർട്ട് ചെയ്തു.
മുന്നോട്ട് പോകാതെ, ലില്ലി പോയ വഴി ആ ബുള്ളറ്റ് പുക ഊതി പാഞ്ഞു പോകുന്നത് കുട്ടാപ്പി നോക്കി നിന്നു.
ഉച്ചക്കാണ് ബോബിക്ക് ജോസൂട്ടിയെ ഒന്ന് കാണാൻ പറ്റിയത്.
" ടാ എന്തേലും കഴിക്കണ്ടേ? " ജോസൂട്ടി ചോദിച്ചു.
" ഓ എനിക്ക് വേണ്ടടാ. "
" അതെന്നാ? "
അവൻ ബോബിക്ക് അരുകിൽ ഇരുന്നു.
"എനിക്കിവിടെ ശരി ആവുമെന്ന് തോന്നുന്നില്ല. "
ബോബി മടുപ്പോടെ പറയുന്നത് കേട്ടപ്പോൾ ജോസൂട്ടി ശാസിച്ചു.
" എടാ അതിനും മാത്രം കഷ്ടപ്പാടൊന്നും ഇവിടെ ഇല്ലല്ലോ. കൂട്ടത്തിൽ നിന്നാൽ പോരായോ ? "
" എനിക്കെന്തോ വല്ലാതെ. നീയും അടുത്തില്ല. പരിചയം ഇല്ലാത്ത ആളുകളും. എന്നാ ചെയ്യാണമെന്ന് അറിയത്തില്ല. കിളിയെ പിടിച്ചു കൂട്ടിലിട്ട അവസ്ഥയാ. "
" അത് ആദ്യമായതോണ്ട് തോന്നുന്നതാ. കുറച്ചു ദിവസം കഴിയുമ്പോൾ നമ്മൾ ഇവിടവുമായി പൊരുത്തപ്പെടും. ഉറപ്പാ. നീ ഇപ്പൊ ഒന്ന് സമാധാനപ്പെട്. "
ബോബിയുടെ മുഖം തെളിയാത്തത് കൊണ്ട് ജോസൂട്ടി അവന്റെ കയ്യിൽ അമർത്തി പിടിച്ചു.
" ഡാ നമ്മളിവിടെ വന്നതിന്റെ ഉദ്ദേശം എന്നതാ? "
ബോബി മിണ്ടിയില്ല.
" പറ. "
" ഹ അതു നിനക്ക് അറിയത്തില്യോ? "
"നീ അത് മറന്നു പോയിട്ടൊന്നും ഇല്ലല്ലോ. അപ്പോൾ പിന്നെ കുറച്ചു കഷ്ടപെട്ടാലും സാരമില്ലെന്ന് വച്ചേക്കണം . ഇത് കളഞ്ഞിട്ടു പോയാൽ മറ്റൊരു ജോലി കാര്യം പറഞ്ഞു മെമ്പറുടെ അടുത്തേക്ക് ചെല്ലാൻ പറ്റുകേല. ഞാൻ ഇന്നലെ രാത്രി കൂടി അമ്മച്ചിയോട് എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു വച്ചേക്കുവാ. രണ്ടു ദിവസം കൂടി കഴിഞ്ഞു അപ്പനോട് പറഞ്ഞു ആധാരം മേടിച്ചു താരാന്നാ അമ്മച്ചി ഏറ്റേക്കുന്നെ. അപ്പൊ ഇതും കളഞ്ഞേച്ചു ചെന്നാൽ ആ വഴി കൂടി അടയത്തില്യോ. പിന്നെന്നാ വേറൊരു വഴി ? നീ പറ. "
ബോബി ധർമ്മസങ്കടത്തിൽ പെട്ടത് പോലെ മുഖം കുടഞ്ഞു.
" ഒരു രണ്ടു മൂന്ന് ദിവസം കൂടി നീ മനസ് കല്ലാക്കി നിൽക്ക്. അത് കഴിയുമ്പോൾ നമ്മളും ഇവരുടെ കൂട്ടത്തിൽ ഒരാളായി മാറും. അതുവരെയൊക്കെയേ ഈ മടുപ്പൊക്കെ തോന്നത്തുള്ളൂ. അതല്ല ചാടി പോണമെന്നു തോന്നിയാൽ ലില്ലിയുടെ മുഖം മാത്രം നീ ആലോചിച്ചാൽ മതി. അവളുടെ കാര്യങ്ങൾ ഒക്കെ നോക്കാൻ നീ അല്ലാതെ വേറെ ആരാടാ ഉള്ളെ? "
ബോബി മുഖം ഉയർത്തി നോക്കി.
അവന്റെ കണ്ണിൽ ചുവപ്പ് പടരുന്നത് ജോസൂട്ടി കണ്ടു.
" നീയൊന്ന് ആലോചിച്ചു നോക്ക്. അപ്പനോ ഇറങ്ങി പോയി. അമ്മച്ചി മാത്രം വിചാരിച്ചാ കൂട്ടിയാൽ കൂടോ. അപ്പൊ പിന്നെ നീ അല്ലേ ഇതിനൊക്കെ മുൻകൈ എടുക്കേണ്ടേ . ലില്ലിയുടെ കല്യാണം നമുക്ക് നടത്തണം . ഇപ്പോ അത് മാത്രം ആയിരിക്കണം നിന്റെ ചിന്ത. അപ്പൊ പിന്നെ ഇതൊന്നും വലിയ ഭാരമായി നിനക്ക് തോന്നുകേല ."
കൈകൾ കൊണ്ട് ബോബി മുഖം അമർത്തി തുടച്ചു.
പിന്നെ ചിരിയോടെ ജോസൂട്ടിയുടെ തോളിൽ കയ്യിട്ടു.
" വാ നമുക്കെന്തെങ്കിലും കഴിച്ചിട്ട് വരാം. രണ്ടു മണിക്ക് വീണ്ടും ജോലിക്ക് കേറേണ്ടതല്യോ..."
അവൻ പറയുന്നത് കേട്ടു ജോസൂട്ടിയും ചിരിച്ചു പോയി.
ലില്ലിയെ കടന്നു മുന്നോട്ടു ഓടിയ ബുള്ളറ്റ് ആളൊഴിഞ്ഞ ഭാഗത്തായി റെജി ഒതുക്കി നിർത്തി ഇറങ്ങി നിന്നു.
പിന്നെ ആരെങ്കിലും കണ്ടാൽ സംശയം തോന്നാത്ത രീതിയിൽ ടയറിന്റെ ഭാഗത്തായി കുത്തി കുത്തി ഇരുന്നു.
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വളവ് തിരിഞ്ഞു ലില്ലി നടന്നു വരുന്നത് കാണായി.
വലതു കയ്യിലെ സഞ്ചി ഇടതു കയ്യിലേക്ക് മാറ്റി പിടിച്ച് അവൾ ഊർന്ന് പോയ ഷാൾ ഒതുക്കി വച്ചു.
ലില്ലി ഒരു മാലഖയെ പോലെ സുന്ദരി ആണെന്ന് റെജിയ്ക്ക് തോന്നി.
ഇളം റോസ് നിറത്തിൽ വെള്ളപൂക്കൾ നിറഞ്ഞ ആ ചുരിദാർ പെണ്ണിന് നന്നായി ചേരുന്നു.
ആ നടത്തത്തിന് പോലുമുണ്ട് ഒരു പ്രത്യേക ചന്തം.
മുൻപെങ്ങും ഇവളെ കാണാഞ്ഞിട്ടാണോ അതോ താൻ ശ്രദ്ധികാത്തത് കൊണ്ടാണോ?
അവൾ അടുത്തേക്ക് വരുന്തോറും അരക്കെട്ടിൽ നിന്നും മേലേക്ക് ഒരു തരിപ്പ് കേറി വരുന്ന പോലെ.
തിടുക്കത്തിൽ അവൻ എണീറ്റ് ബുള്ളറ്റ് ഓണാക്കാതെ ചുമ്മാ കിക്കർ അടിച്ചു കൊണ്ട് നിന്നു.
" ലില്ലി..."
അവൾ അടുത്ത് എത്തിയപ്പോൾ റെജി വിളിച്ചു.
അവൾ മുഖം തിരിച്ചു നോക്കി.
" എന്നെ അറിയത്തില്യോ? "
" പിന്നെ...റെജി അല്യോ. ചക്കാലക്കലെ...? "
അവൾ സൗഹൃദത്തിൽ ചിരിച്ചു.
" അതേ. "
" എന്നാ വന്നേ? "
" രണ്ടു ദിവസായി. "
" വണ്ടിക്ക് എന്നാ പറ്റിയതാ? "
" എന്തോ ഒരു സ്റ്റാർട്ടിങ് ട്രെബിൾ. "
" പുതിയ ഒന്ന് മേടിക്കാൻ മേലെ. പൂത്ത കാശുണ്ടല്ലോ. " അവൾ തമാശയിൽ ചിരിച്ചു.
അത് ആസ്വദിക്കുമ്പോലെ ചിരിയോടെ അവൻ പറഞ്ഞു.
" പുതിയത് ഒരെണ്ണം വാങ്ങണം. പക്ഷെ അത് കല്യാണം കഴിഞ്ഞിട്ട് മതീന്ന് വിചാരിച്ചു. കെട്ടി കേറി വരുന്ന പെണ്ണിന്റെ ഇഷ്ടം കൂടിയൊക്കെ നോക്കീട്ട്.... അവൾക്ക് കാറിന്റെ മുന്നിൽ ഇരുന്നാണോ സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നാണോ യാത്ര ചെയ്യാൻ താല്പര്യം എന്ന് കൂടി അറിഞ്ഞിട്ട്. "
" അത് നല്ലതാ. അത് വരെ ഉന്താൻ ഈ ഒടങ്കൊല്ലിയൊക്കെ മതി..."
അവൾ ചിരിയോടെ യാത്ര പറഞ്ഞു നടന്നു പോയി.
" ഹോ... എന്നാ മുതലാ ഇത് "
അറിയാതെ റെജി മനസ്സിൽ പറഞ്ഞു പോയി.
"കെട്ടുന്നെങ്കിൽ ഇതുപോലൊരു ഇടിവെട്ട് ചരക്കിനെ തന്നെ കെട്ടണം "
മന്ത്രിച്ചു കൊണ്ട് അവൻ വണ്ടിയിലേക്ക് കയറി ഇരുന്നു.