മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

Vishnu madhavan

ഭാഗം 1 

പുതുമഴ പെയ്തു തുടങ്ങിയാൽ പോളയുടെ വക്കിൽ ആളനക്കമാകും. ഊത്തപിടുത്തക്കാർ ചൂണ്ടയും കൈവലയും ഒറ്റാലുമായി ഇറങ്ങുകയായി. പിന്നെ മത്സരമാണ്. ആർക്കാണ് കൂടുതൽ മീൻ കിട്ടുക?
അതിനായി കാത്തിരിക്കുകയാണ് ഓരോരുത്തരും.

മഴ പെയ്തു കലങ്ങിയ വെള്ളത്തിന് മീതെ കൈ വണ്ണയുടെ വലിപ്പമുള്ള കൈതക്കോര പുളച്ചു നീന്തുന്നത് കണ്ടതോടെ ചൂണ്ട വലിച്ചെറിഞ്ഞു ബോബി കലുങ്കിൽ നിന്നും താഴേക്കു ചാടി. വെള്ളിമുത്തുകൾ പോലെ മഴ പൊഴിഞ്ഞു വീഴുന്ന പോളയിലെ വെള്ളക്കെട്ടിലേക്ക് അവൻ ഊളിയിട്ടു.

"ബോബീ... ഡാ ബോബിയേ... " ജോസൂട്ടി അല്പം ആകുലതയോടെ നീട്ടി വിളിച്ചു.
"പോളക്ക് താഴെ പുതയലാണ് . നീ കേറിക്കേ..." അവന്റെ ഓർമപ്പെടുത്തലൊന്നും ബോബി കേട്ടില്ല.
" പോയി മുങ്ങട്ടെടാ നിനക്കെന്നാ? ഇതോടെ തീരട്ടെ നായ"
കലുങ്കിന്റെ അപ്പുറം കൈതക്കാടിന് സമീപത്ത് നിന്ന് ചൂണ്ട എറിയുന്ന കുട്ടാപ്പിയുടെ കലിപ്പിന്റെ സ്വരം ജോസൂട്ടി കേട്ടു.
അവന്റെ കണ്ണ് അവിടേക്ക് പാറി.
"ഒന്ന് പോയെടാ. "
കുട്ടാപ്പിയെ താക്കീതിന്റെ സൂചനയോടെ, സൂക്ഷിച്ചു നോക്കിയിട്ട് ജോസൂട്ടി മുഖം തിരിച്ചു.
വെള്ളകെട്ടിലേക്ക് ബോബിയ്ക്കായി കണ്ണുകൾ പരതി.
"ഓ അവനെ പറഞ്ഞാ നിന്റെ കുണ്ടി ആണല്ലോ പൊള്ളുന്നേ..."
പതിയെ പറഞ്ഞുകൊണ്ട് കുട്ടാപ്പി പുച്ഛിച്ചു ചിരിച്ചു.
അവൻ പറഞ്ഞത് ശരിയാണ് .
ഇരുപത്തിയേഴ് വയസ് വരെ ഊട്ടി വളർത്തിയ അപ്പനോടും അമ്മച്ചിയോടുമാണോ അതോ ബോബിയോടാണോ പ്രതിബദ്ധതയും കൂറുമെന്ന് ആരെങ്കിലും ചോദിച്ചാൽ ജോസൂട്ടി ബോബിയുടെ പേര് പറയും.
അത്രയും ആത്മബന്ധവും ഇഷ്ടവുമാണ് അവന് അവന്റെ പ്രിയപ്പെട്ട കൂട്ടുകാരനോട്.
രാത്രിയിൽ ഉറങ്ങാൻ വേണ്ടി ഇരുവഴി പിരിയുന്നത് വരെയും ബോബിയുടെ നിഴൽ പോലെ ജോസൂട്ടിയും ഉണ്ടാവും.
എവിടെയും.

 

ഒരിക്കൽ പോലും ഇരുവരും വഴക്കിടുന്നത് കലഞ്ഞൂരിൽ ആരും കണ്ടിട്ടില്ല. ഒരാളെ തൊട്ടാൽ മറ്റേ ആളുടെ രക്തം തിളയ്ക്കും. അത്രയും ഇഴുകിചേർന്നിരിക്കുന്നു രണ്ടു പേരുടെയും ജീവിതവഴികൾ
മറ്റൊരു പ്രത്യേകത, വട്ടചിലവിനുള്ള തുട്ടൊപ്പിക്കാൻ അല്ലറ ചില്ലറ അലുക്കുലുത്ത പണികൾ ചെയ്യുമെന്നല്ലാതെ സ്ഥിരമായി ഒരു ജോലിയില്ലെന്നുള്ളതാണ്. അതിനുള്ള മനസില്ല എന്ന് പറയുന്നതാവും ശരി .
കലഞ്ഞൂരിലെ യുവാക്കൾക്കിടയിൽ അലസതയുടെ പ്രതീകമായി രണ്ടു പേർ. അതായിരുന്നു ബോബിയും ജോസൂട്ടിയും.

നിമിഷങ്ങൾ! 
ഹുങ്കാര ശബ്ദത്തോടെ വെള്ളം മുകളിലേക്ക് ഉയർന്നു വന്നു. ചിതറിയ സ്ഫടികക്കഷ്ണം പോലെ ചുറ്റും തെറിക്കുന്ന ജലകണികകൾക്കിടയിലൂടെ ബോബിയുടെ രൂപം കാണായി. പിടയുന്ന മുഴുത്ത രണ്ടു കൈതക്കോരകളെയും ഉയർത്തി പിടിച്ചു വിജയിയെ പോലെ അവൻ ഒച്ചവച്ചു ചിരിക്കുന്നുണ്ടായിരുന്നു.
"ന്നാടാ പിടിച്ചോ "
അവൻ അത് ജോസൂട്ടിക്ക് നേരെ എറിഞ്ഞു. ഒരെണ്ണം കൃത്യം അവന്റ കയ്യിലും മറ്റൊന്ന് മണ്ണിലും വീണു പിടഞ്ഞു. വെള്ളത്തിലൂടെ തുടിച്ചു നീന്തി ബോബി കുട്ടാപ്പി നിൽക്കുന്ന കൈതക്കാടിനോട് ചേർന്ന് പണ്ടാരോ വെട്ടിയൊതുക്കിയ പടികൾ പിടിച്ചു കയറി. കുട്ടാപ്പി അടിമുടി നോക്കുന്നത് കണ്ടു അവൻ കണ്ണുരുട്ടി പല്ല് കടിച്ചു. 
"എന്നാടാ മര ഊളെ ? "
ഒന്നുമില്ലെന്ന് ദയനീയ ഭാവത്തിൽ ചുമൽ കുലുക്കി ചുണ്ടും നാവും കൊണ്ട് കുട്ടാപ്പി ഒരു ശബ്ദം പുറപ്പെടുവിച്ചു.
ബോബിയോട് മുട്ടാൻ അവൻ ഒന്ന് മടിക്കും.
അതിന് കാരണം ഉണ്ട്.
ബോബിയുടെ ഒരേയൊരു പെങ്ങൾ ലില്ലിയെ വഴിയിൽ കമന്റടിച്ചതാണ് തുടക്കം.
അവന്റെ ഒറ്റ അടിയിൽ കുട്ടാപ്പിയുടെ ഇടതുവശത്തെ അണപ്പല്ല് തെറിച്ചു പോയി.
അന്ന് ഒപ്പം ഉണ്ടായിരുന്ന ആരൊക്കെ തടഞ്ഞിട്ടും
വീടിനു താഴെ കണ്ടത്തിനോട് ചേർന്നുള്ള റോഡിലെ കലുങ്ക് മുതൽ ഇട തോടിനു അപ്പുറത്തെ കള്ള്ഷാപ്പിന് അടുത്തുള്ള ഫുട്ബാൾ ഗ്രൗണ്ട് വരെ റോഡിലൂടെ അടിച്ചും വലിച്ചിഴച്ചും കൊണ്ട് പോയി.
ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ചിരുന്ന ബോബിയുടെ കൂട്ടുകാരാണ് അന്ന് അവനെ ബലമായി പിടിച്ചു വച്ചതും ഓടി രക്ഷപ്പെടാൻ കുട്ടാപ്പിക്ക് വഴി ഒരുക്കിയതും.
അതിൽ പിന്നെ വഴിയിൽ ലില്ലിയെ കണ്ടാൽ കുട്ടാപ്പിയുടെ മനസ്സിൽ ഭയം കലർന്ന വെറുപ്പ് നുരയും. കഴുത്ത് ഉളുക്കിയത് പോലെ മുഖം മറുവശത്തേക്ക് തിരിച്ചു നടന്നുപോകും.
അപ്പോഴേക്കും ഈർക്കിലിൽ കൊരുത്ത മറ്റു മീനുകൾക്കൊപ്പം ശ്വാസം കിട്ടാതെ പിടഞ്ഞുചത്ത കൈതകോരകളെയും കോർത്തു ജോസൂട്ടി അവരുടെ അടുത്തേക്ക് വന്നു.
"പോവാടാ ". ബോബി സൈക്കിളിലേക്ക് കയറി കഴിഞ്ഞു.
പിന്നിലേക്ക് കയറി ഇരിക്കുന്നതിനിടയിൽ ജോസൂട്ടി വിളിച്ചു പറഞ്ഞു.
" കുട്ടാപ്പിയെ നേരം ഇരുട്ടാറായിട്ടാ. ചുമ്മാ കുറ്റി അടിച്ചു നിന്ന് നേരം കളയാതെ ലൂയീപാപ്പന്റെ പീടികേന്ന് രണ്ടു മുള്ളനും വാങ്ങി വീട്ടിലേക്കു വിട്ടോ. അത്താഴത്തിനു ഉണക്കമീനെങ്കിലും ചുട്ടു തിന്നാം."
സൈക്കിൾ മുന്നോട്ട് എടുക്കുന്നതിനിടയിൽ വലിയ തമാശ ഒന്നുമില്ലെങ്കിലും അത് കേട്ട് ബോബി ആർത്തു ചിരിച്ചു.
ഇരുവരും പോകുന്നതും നോക്കി നിന്ന് കുട്ടാപ്പി പല്ല് ഞെരിച്ചു.
ഒപ്പം ബോബിയുടെ മുഖം പൊത്തിയുള്ള അടിയിൽ പൊഴിഞ്ഞു പോയ പല്ലിന്റെ വിടവിൽ നാവ് കൊണ്ട് ഒന്ന് പരതി.

 

ഒരു സർക്കസ്സ് അഭ്യാസിയെ പോലെ ചെറിയ വരമ്പിലൂടെ ബോബി സൈക്കിൾ പായിച്ചു. കൈതോട്ടിൽ നിന്ന് പോച്ചകഴുകുന്ന വറീതേട്ടൻ നൂന്ന് നോക്കുമ്പോൾ തലയ്ക്കു മുകളിലൂടെ തോടിനു കുറുകെ സൈക്കിൾ കുതിച്ചു ചാടി വരമ്പിലൂടെ പാഞ്ഞു പോകുന്നത് ഒരു മിന്നായം പോലെ കണ്ടു. പേടിച്ചിട്ട് അയാൾ തലയിൽ കൈ വച്ചു നിലവിളിച്ചു. " നശൂലങ്ങള്...! ശവപ്പറമ്പിലേക്കാന്നോ ഇവനെയൊക്കെ കെട്ടിയെടുക്കുന്നെ...."
നിഴലും വെളിച്ചവും ഇണചേരുന്ന ഇടവഴിയിലെ ചെമ്മൺപാത പിന്നിട്ടു ബോബിയുടെ ഓട് മേഞ്ഞ വീടിന് മുന്നിൽ സൈക്കിൾ ചെന്നു നിന്നു. മുൻവശത്ത് നിന്നും ഇറങ്ങുന്നതിനിടയിൽ ബോബി ഓർമിപ്പിച്ചു.
"വീട്ടിൽ കേറി പൊരുന്ന ഇരിക്കാതെ പെട്ടന്ന് വന്നേക്കണം." 
" ദേ എത്തി. ഒരു തൊട്ടി വെള്ളം തലവഴി ഒഴിക്കണം ഈ നനഞ്ഞ ഉടുപ്പൊന്ന് മാറണം. അത്രേ ഉള്ളു."
ജോസൂട്ടിയുടെ കയ്യിൽ നിന്നും ഈർക്കിലിൽ കോർത്ത മീൻ വാങ്ങി ബോബി സൈക്കിൾ പോകാൻ വഴി ഒഴിഞ്ഞു നിന്നു.
ജോസൂട്ടിയുടേതാണ് ഹെർക്കുലിസിന്റെ ആ പഴയ സൈക്കിൾ. എവിടെ പോയാലും ഇരുവരുടെയും ഒപ്പം ആ സൈക്കിളും ഉണ്ടാവും. അത് അവരുടെ ജീവിതയാത്രയിൽ അലിഞ്ഞു ചേർന്ന് കഴിഞ്ഞിരിക്കുന്നു.
റോഡിൽ നിന്നും ഒരാൾ പൊക്കത്തിനുള്ള കയ്യാലയിൽ വെട്ടിയൊരുക്കിയ പടികൾ കയറി, കിണറ്റിൻ കരയുടെ പിന്നിലൂടെ ബോബി അടുക്കളപ്പുറത്ത് എത്തുമ്പോൾ പൊളിഞ്ഞു തുടങ്ങിയ കട്ടിളവാതിലിനു താഴെ കാടികലത്തിൽ ഒരു പട്ടി തലയിട്ട് നിൽക്കുന്നു. ഒച്ചയിടാതെ താഴേക്കു കുനിഞ്ഞു ബോബി ഒരു കല്ലെടുത്തു.
ഏറു കൊണ്ടത് കൃത്യം പട്ടിയുടെ ചന്തിക്ക് തന്നെ . വലിയ വായിലെ നിലവിളിച്ചു കൊണ്ട് അത് പിന്നാമ്പുറത്തേക്ക് ഓടി.
"ലില്ലീ... എടി ലില്ലീ... "
അവൻ വാതിലിൽ ഇടിച്ചു വിളിച്ചു.
"പൊളിക്കണ്ട. തുറക്കുവാ " ലില്ലി വന്നു വാതിൽ തുറന്നു. " എന്നാ? "
" ഇന്നാടി. കുരുമുളക് തേച്ച് വറുക്ക്. "
ലില്ലിയുടെ തലക്ക് പിന്നിൽ പെണ്ണമ്മയുടെ മുഖം പ്രത്യക്ഷപ്പെട്ടു.
" വറുക്കാൻ എണ്ണയും മുളകും നിന്റെ അപ്പനിവിടെ വാങ്ങിച്ചോണ്ട് വച്ചേക്കുന്നാ? "
" ഓ തള്ള ഇവിടെ ഉണ്ടാരുന്നാ? "
"ഇല്ലടാ. ഞാൻ ചത്തു. "
" എന്നിട്ട് ഇപ്പോ എന്നതാ ഇവിടെ? "
"ശവക്കുഴീന്ന് എണീറ്റു വന്നതാ. എന്നാടാ ഇഷ്ടപെട്ടില്ല്യോ ? "
" യ്യോ തൃപ്തിയായേ... "
ബോബി നനഞ്ഞ ഷർട്ട് ഊരി മുറ്റത്തെ അയയിലേക്കിട്ടു.
ഒരു തോർത്ത് അരയിൽ ചുറ്റി അടിയിൽ നിന്നും ചെളി പുരണ്ട മുണ്ട് വലിച്ചൂരി അതും അയയിലേക്ക് എറിഞ്ഞു കിണറ്റിൻ കരയിലേക്ക് നടന്നു.
" ബോബി... നീ അവിടൊന്നു നിന്നെ. നിന്റെ ഉദ്ദേശം എന്നതാ ? "
പെണ്ണമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നു.
" ഒന്ന് കുളിക്കണം. കവല വരെ പോണം. അത്രേ ഉള്ളു. "
തൊട്ടി കിണറ്റിലേക്ക് ഇറക്കി അവൻ വെള്ളം മുകളിലേക്ക് വലിച്ചു കയറ്റി.
" ദേ എന്നെകൊണ്ട് നീ പോക്കണംകേട് പറയിക്കരുത്."
പല്ല് ഞെരിച്ചു വിരൽ ചൂണ്ടി പെണ്ണമ്മ ഓർമിപ്പിച്ചു.
വെള്ളം തലയ്ക്കു മീതെ ഒഴിച്ചിട്ടു ബോബി വീണ്ടും തൊട്ടി കിണറ്റിലേക്ക് ഇട്ടു.
കപ്പിയിലൂടെ ചൂളം കുത്തി തൊട്ടി വെള്ളത്തിലേക്ക് ചെന്നിടിച്ചു ഒന്ന് വട്ടം ചുറ്റി മുങ്ങി.
വലിച്ചു കയറ്റിയ വെള്ളം നിറഞ്ഞ തൊട്ടി കിണറ്റുകരയുടെ മുകളിൽ വച്ചിട്ട് ഒരു കുമ്പിൾ വെള്ളം വായിൽ കൊണ്ട് തുപ്പി കളഞ്ഞ് ബോബി തിരിഞ്ഞു അമ്മച്ചിയെ നോക്കി.
" ഇപ്പൊ എന്നതാ പ്രശ്നം? "
" പെരുങ്ങോട്ട്കരക്കാരോട് ഞാൻ എന്നാ പറയണം. നീയും നിന്റെ അപ്പനും ഇങ്ങനെ തെക്കും വടക്കും നടന്നാ ഈ കല്യാണം എങ്ങനെ നടക്കുംന്നാ ? "
"അതാന്നോ ഇപ്പൊ ഇവിടുത്തെ വലിയ പ്രശ്നം "
നിസാരമായി എന്തോ കേട്ടത് പോലെ ചിരിച്ചു കൊണ്ട് അലക്ക് കല്ലിന്റെ മേലെ നിന്നും സോപ്പെടുത്ത് അവൻ ദേഹത്ത് പതപ്പിച്ചു.
പിന്നെ തിരിഞ്ഞു നിന്നിട്ട് പറഞ്ഞു.
" പെണ്ണമ്മോ ചുമ്മാ നിക്കാണ്ട് ഈ നടുവൊന്ന് തേച്ചു തന്നെ... "
ഇടുപ്പിൽ കൈകുത്തി അവജ്ഞയോടെ അവർ മുഖം തിരിച്ചു .
പിന്നിൽ അനക്കം ഒന്നും കാണാഞ്ഞിട്ട് ബോബി തിരിഞ്ഞു നോക്കി.
കടന്നൽ കുത്തേറ്റ പോലെ അമ്മച്ചിയുടെ മുഖം വീർത്തിരിക്കുന്നു.
" ഹ ! ഇതൊക്കെ അപ്പനോട് പറയാൻമേലെ."
ഒരു നിമിഷം അടിമുടി അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അവർ വെട്ടിതിരിഞ്ഞു നടന്നു.
" അമ്മച്ചി ഈ മീനൊന്ന് വെട്ടി കഴുകിക്കെ. ഞാൻ വറുത്തോളാം. "
മൺ ചട്ടിയിൽ മീനുമായി ലില്ലി മുന്നിൽ.
"എടുത്തു ആ വളക്കുഴിയിലോട്ട് എറിയടി പെണ്ണേ. മീനും കൂട്ടി ചോറുണ്ണാത്ത കുറവേ ഇവിടുള്ളൂ. പത്തിരുപത്തേഴു വയസായി ഇപ്പോഴും പിള്ളാരെകൂട്ട് തോട്ടിലും ആറ്റിലും ചാടി കള്ളചോറും ഉണ്ട് നടക്കുന്നു. ഇങ്ങനെ ഒരെണ്ണം എന്റെ വയറ്റിൽ തന്നെ വന്നു കുരുത്തല്ലോ എന്റീശോയെ..."
അടുക്കളയിൽ പാത്രങ്ങൾ നിലത്തു വീഴുന്ന ഒച്ച കേട്ടു .
പെണ്ണമ്മയുടെ അരിശം ശത്രുപക്ഷത്തു നിൽക്കുന്ന കരിപിടിച്ച പാത്രങ്ങളോട് തീർക്കുന്നതാണ്.
മൂക്ക് പിഴിഞ്ഞു മുണ്ടിന്റെ കോന്തലയിൽ തുടച്ചു കൊണ്ട് അവർ പതംപറഞ്ഞു.
"അപ്പനെ കൊണ്ട് കാൽ കാശിന് കൊള്ളുകേലെങ്കിൽ പകരം ആൺമക്കള് തുണകാണുമെന്നാ. ഇവിടെ രണ്ടും തോന്നിയ വഴിക്ക്. വയസാം കാലത്ത് വയ്യാത്ത നടുവും വച്ചോണ്ട് പോയിരുന്നു ചെമ്മീൻ തൊലിച്ചാ എല്ലാത്തിനും മൂക്ക് മുട്ടെ കേറ്റാനുള്ള വക ഞാൻ ഒപ്പിക്കുന്നത് . അത് വല്ലോം ഇവനൊക്കെ അറിയണോ. എന്റെ അന്തോണീസ് പുണ്യാളാ ഇങ്ങനെ ഇവറ്റകളുടെ ഇടയിൽ കിടന്നു കാളവലിപ്പിക്കാതെ നല്ല നേരത്തിന് എന്നെ അങ്ങ് എടുത്തോണേ..."
കുളി കഴിഞ്ഞു മുറ്റത്തെ അയയിൽ തോർത്ത് വിരിക്കുമ്പോൾ താഴെ കുരണ്ടിപലകയിട്ടിരുന്നു മീൻ ഉരച്ചു കഴുകുന്ന ലില്ലിയോട് ബോബി പറഞ്ഞു.
" നീ വിഷമിക്കണ്ടടി ലില്ലി... നിന്റെ കല്യാണം ഈ കരക്കാരെയൊക്കെ വിളിച്ചു കൂട്ടി നമ്മുടെ പള്ളിയിൽ വച്ച് അന്തസായി ഇച്ചായി നടത്തും. അന്ന് മുത്തുകുടയും വടക്കേകര പിള്ളേരുടെ ബാൻഡ് മേളവും എല്ലാം കൂടി ഞാനൊന്ന് കൊഴിപ്പിക്കും. പിന്നെ നിന്റെ മിന്നു കൈ മാറുന്നത് ആരാന്നാ.... ദേ ഇങ്ങോട്ട് നോക്കിയേടി...നമ്മുടെ പള്ളിവികാരി കാഞ്ഞിരത്തിലച്ചനല്ല . മെത്രാനെ ഞാൻ ഇറക്കും. നീ നോക്കിക്കോ. "
"ഓ അങ്ങനൊരു പൂതിയൊന്നും എനിക്കില്ലിച്ചായി. "
പെങ്ങൾ തന്നെ ആക്കിയതാണോ എന്ന സംശയത്തിൽ ബോബി അവളെ ഒന്ന് ഉഴിഞ്ഞു നോക്കി.
പിന്നെ അകത്തേക്ക് കയറി.
അപ്പോൾ മുറ്റത്തു നിന്ന് ആരുടെയോ വിളി കേട്ട് പെണ്ണമ്മ പുറത്തേക്ക് ഇറങ്ങി ചെന്നു.
അതിരിലെ കറിവേപ്പിൽ നിന്നും സതി ഇല പൊട്ടിച്ചെടുക്കുന്നു.
"എന്നതാ സതി ? "
ചട്ടയിൽ പറ്റിപിടിച്ച കരി തട്ടി തൂത്തു കൊണ്ട് പെണ്ണമ്മ ചോദിച്ചു.
"ഞാൻ കുറച്ചു വേപ്പില പൊട്ടിക്കാൻ വന്നതാ ചേട്ടത്തി...നിങ്ങളെ ആരെയും പുറത്തു കണ്ടില്ല. എന്നാ ഒരു തളർച്ച പോലെ.? "
"ഓ വയസായില്യോ."
"ഇന്ന് ചെമ്മീൻ കമ്പനിയിൽ പോയില്ലേ? "
" നേരത്തെ ഇറങ്ങി. അച്ചനെ കാണാൻ പള്ളി വരെ പോയി."
"എന്റെ ഷർട്ട് എവിടെ......? "
അകത്തു നിന്ന് ബോബിയുടെ ഒച്ച കേട്ടു
" തുടങ്ങി... " അസഹ്യതയോടെ പെണ്ണമ്മ പിറുപിറുത്തു.
"ബോബി ആന്നോ? " സതി ചോദിച്ചു.
"പിന്നല്ലാതെ ആരാ ഇവിടെ ഇങ്ങനെ ഒച്ചയിടാൻ . രാത്രി ഉദ്യോഗത്തിന് പോകാനുള്ള ബഹളമാ. അത് കൊണ്ട് വന്നിട്ട് വേണോലോ രാവിലെ ഇവിടെ അരി മേടിക്കാൻ. "
അവരുടെ വാക്കുകളിൽ മകനോടുള്ള അമർഷം നുരഞ്ഞു.
"നിങ്ങൾക്കെന്നതാ ചെവി കേൾക്കത്തില്യോ. എന്റെ ഷർട്ട് എവിടേന്ന്....? "
വീണ്ടും ബോബിയുടെ ഒച്ച.
"ദേണ്ടെ ഇപ്പോ പുറത്തേക്ക് ഇറങ്ങി പോയി. പെട്ടന്ന് ചെന്നാട്ടെ ഇല്ലെങ്കിൽ അത് കള്ള് ഷാപ്പിൽ കേറി ഇരിക്കും..."
അകത്തേക്ക് നോക്കി പെണ്ണമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.
പിന്നെ അവന്റെ ശബ്ദം ഒന്നും കേട്ടില്ല.
"ലില്ലിടെ കല്യാണ കാര്യം എന്തായി ചേട്ടത്തി? "
"ഓ എന്നാ ആവാനാ. അവർക്ക് പത്തു പവനായിട്ട് സ്വർണവും, മനസമ്മതത്തിന് മുന്നേ ഇരുപത്തയ്യായിരം രൂപയും കൊടുക്കണം. എവിടുന്നെടുത്തു കൊടുക്കും. അങ്ങനെ ഒരു ചിന്ത ഇവിടെ അപ്പനും ഇല്ല മോനും ഇല്ല. വിൽക്കാനോ പണയം വയ്ക്കാൻ ഒരു തരി പൊന്നില്ല. ആകെ ഉള്ളത് ഈ അഞ്ചു സെന്റും പൊട്ടിപ്പൊളിഞ്ഞു വീഴാറായ ഈ വീടുമാ ."
"ഈ ബോബിക്ക് എന്തേലും പണിക്ക് പോകാൻമേലെ? "
സതിയുടെ ആ ചോദ്യം കേട്ടാണ് ബോബി പുറത്തേക്ക് ഇറങ്ങി വന്നത്.
"ഇപ്പോതന്നെ പോണോ അതോ രാവിലെ പോയാ മതിയോ ? "
മുഖം ചുളിച്ചു കനത്ത സ്വരത്തിൽ അവൻ ചോദിച്ചു.
അവന്റെ ചോദ്യം കേട്ട് അവർ അബദ്ധം പറ്റിയ മട്ടിൽ നോക്കി.
അവൻ ചീറി കൊണ്ട് ചെന്നു.
"നിങ്ങളെ ഇപ്പൊ എന്നാത്തിനാ പെണ്ണുമ്പിള്ളേ ഇങ്ങോട്ട് കെട്ടി എടുത്തേ...സന്ധ്യനേരത്ത് വീട്ടിലെങ്ങും ഇരിക്കാന്മേലെ ? "
മറുപടി ഇല്ലാതെ സതി പതറി നിന്നു.
"ആദ്യം അവനോന്റെ കുടുംബത്തെ കാര്യങ്ങൾ നേരെ നോക്ക്. എന്നിട്ട് മതി നാട്ടുകാരുടെ വീട്ടിലെ കുറ്റോം കുറവും കണ്ടു പിടിക്കാൻ ഇറങ്ങുന്നത്. കേട്ടല്ലോ ? "
"എന്നാടാ അവള് പറഞ്ഞെ കുറ്റം? "
പെണ്ണമ്മ ഏറ്റു പിടിച്ചു.
അവൻ അവരെ ശ്രദ്ധിച്ചില്ല.
"ബാക്കി ഉള്ളോന്റെ മനസമാധാനം കളയാനായിട്ട് ഓരോന്ന് വന്നു കേറിക്കോളും. ഈ വരുന്നതൊക്കെ എന്റെ മേത്തോട്ട് കേറുന്ന എന്നാത്തിനാന്നാ...?"
ബോബി നിന്ന് പല്ല് ഞെരിച്ചു.
അപ്പോ റോഡിൽ നിന്നും സൈക്കിളിന്റെ ബെൽ കേട്ടു.
ജോസൂട്ടി എത്തിയതിന്റെ സിഗ്നൽ ആണ്.
"ഞാൻ പോണു പെണ്ണമ്മ ചേടത്തി. ഇനി ഇവിടെ നിന്നാലെ നിങ്ങടെ മോന്റെ സമാധാനം ഞാൻ കാരണം പോവും. "
മുഖം കൂർപ്പിച്ച് സതി വെട്ടിത്തിരിഞ്ഞു നടന്നു.
"ഓ ചെന്നാട്ടെ. ഒരു പഞ്ചായത്ത് മെമ്പറ് ഇറങ്ങിയിരിക്കുന്നു. ഫൂ ! "
ബോബി നിലത്തേക്ക് തുപ്പി.
"നിനക്കെന്നാത്തിന്റെ കഴപ്പാടാ...നിന്നെ കൊണ്ടോ പ്രയോജനം ഇല്ല. അയലത്തുകാരുടെ മെക്കിട്ട് കേറി അവരെ കൂടി നീ വെറുപ്പിക്കോ...? "
"അത് കേൾപ്പിക്കാനാണല്ലോ നാട്ടുകാരെ വിളിച്ചു നിർത്തി മക്കള്ടെ കുറ്റം പറഞ്ഞു രസിക്കുന്നത്... ഈ വീട് കൊണം പിടിക്കാത്തതിന്റെ ഒരേയൊരു കാരണം ഇതുകൊണ്ട് തന്നാ. "
"അതേടാ ഞാൻ കാരണമാ ഗതി പിടിക്കാത്തെ. അല്ലാതെ നിന്നെക്കൊണ്ട് കൊള്ളാഞ്ഞിട്ടല്ല. "
"എന്റെ വായിലിരിക്കുന്നത് കേൾക്കാതെ ഒന്ന് കേറി പോ തള്ളേ... "
ഷർട്ടിന്റെ കൈ തെറുത്തു വച്ചു കൊണ്ട് അവൻ റോഡിലേക്ക് ഇറങ്ങി.


ഭാഗം 2 

കുപ്പിയിലെ കള്ള് കാലി ആയപ്പോൾ വർഗീസ് മാപ്ല ഷാപ്പിലെ പണിക്കാരനോട് ഒരു കുപ്പി കൂടി എടുത്തു വരാൻ നിർദേശിച്ചു.
" വർഗീസെ നിനക്കെന്നാടാ ലോട്ടറി അടിച്ചാ..." അടുത്തിരുന്നു നാരങ്ങഅച്ചാർ തൊട്ട് നാവിൽ വക്കുന്നതിനിടയിൽ ലാസർ മൂപ്പീന്നിന്റെ ചോദ്യം കേട്ട് എതിരെ ഇരുന്നു കള്ള് മോന്തുന്ന അവറാച്ചൻ പരിഹസിച്ചു ചിരിച്ചു :

"അവന്റെ പെണ്ണുമ്പിള്ളക്ക് ശമ്പളം കിട്ടി കാണും..."
"അതേടാ നാറി ഞാൻ എന്റെ പെണ്ണുമ്പിള്ളേട ചെലവിനാ കള്ള് മോന്തുന്നെ അതിന് നിനക്കെന്നാ ഇത്ര ചൊരുക്ക്. നിന്റെ കുണ്ടി കഴക്കുന്ന."
വർഗീസ് മാപ്ല ചീറി.
"പെണ്ണുമ്പിള്ള ചെമ്മീൻ കുത്തി ഉണ്ടാക്കുന്ന കാശിനു കള്ളും വാങ്ങി മോന്തിയെച്ചു കുത്തി ഇരുന്നു വീര വാദം പറയുന്ന കെട്ടില്ലേ ചെറ്റ. അപ്പനും കണക്കാ മോനും കണക്കാ. അതെങ്ങനേണ് കാർന്നോരെ കണ്ടല്ലേ ചെറുക്കൻ പഠിക്കുന്നെ..."
ഷാപ്പിൽ ഇരിക്കുന്നവർ മൊത്തം കളിയാക്കുന്ന മട്ടിൽ ചിരിക്കുന്നു.
വർഗീസ് മാപ്ലയുടെ രക്തം തിളച്ചു.
"എന്നേം എന്റെ മോനേം നീ ഒണ്ടാക്കാൻ നിക്കണ്ട. അവന്റെ ഒരു കൊണവതിയാരം. എന്റെ പെണ്ണുമ്പിള്ള ചെമ്മീൻ കമ്പനിയിൽ പോകുന്നുണ്ടെങ്കിലേ അത് മാനം മര്യാദയ്ക്ക് പണി എടുക്കാനാ അല്ലാതെ നിന്റെ കെട്ട്യോളെ കൂട്ട് ഗൾഫിൽ പോയി കണ്ടവന്മാരുടെ കൂടെ കെടന്ന് കാശ് കൊണ്ട് വരുവല്ല."
അവറാച്ചന്റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് കുറച്ചു നാൾ ഗൾഫിൽ ജോലി ചെയ്തിരുന്നു.
എന്ത് ജോലി എന്നൊന്നും ആർക്കും അറിയില്ല.
അതെന്തായാലും കൈ നിറയെ കാശുമായാണ് അവർ നാട്ടിൽ എത്തിയത്.
" ഫ! പുണ്ടച്ചിമോനെ പോക്രിത്തരം പറയുന്ന... !"
മേശ തള്ളി മാറ്റി ഒറ്റ കുതിപ്പിന് അവറാച്ചൻ മുന്നോട്ടു ചാടി വന്നു വർഗീസ് മാപ്ലയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപിടിച്ചു വലിച്ചുയർത്തി.
അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളുമായി.
ഷാപ്പിലെ പണിക്കാരും കള്ള് മോന്താൻ വന്നവരും ഒക്കെ കൂടെ ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റാൻ നോക്കുമ്പോഴാണ് ബോബിയും ജോസൂട്ടിയും എത്തിയത്.
അപ്പന്റെ ഒച്ച കേട്ട് ബോബി അവരുടെ ഇടയിലേക്ക് പാഞ്ഞു കയറി
മകനെ കണ്ട് വർഗീസ് മാപ്ല പെട്ടന്ന് കരഞ്ഞു.
" എടാ മോനെ ഈ നാറി നിന്റെ അമ്മച്ചിയെ പറഞ്ഞത് കേട്ടില്യോടാ...കൊല്ലടാ കള്ളനായേ..."
അവറാച്ചനെ പിടിച്ചു വലിച്ചു അടുത്ത ബെഞ്ചിലേക്ക് ചായ്ച്ച് അയാളുടെ കഴുത്തിൽ കൈ അമർത്തിപ്പിടിച്ചു ബോബി അലറി.
"ന്റെ അപ്പനെ തൊട്ടാൽ കുത്തി മലർത്തും ഞാൻ പന്നി.... !"
"ഡാ ബോബി നീ അയാളെ അങ്ങോട്ട് വിട്ടേ... വിടാൻ "
ജോസൂട്ടിയും മൂന്നാല് പേരും ചേർന്ന് ബോബിയെ ബലമായി പിടിച്ചു വലിച്ചു തള്ളി കൊണ്ട് പോയി ഒരു ബെഞ്ചിലേക്ക് ഇരുത്തി.
അവരുടെ ഇടയിൽ ഇരുന്നു ബോബി ദേഷ്യം കൊണ്ട് കിതച്ചു.
"അവറാച്ചോ നിങ്ങളിങ്ങോട്ട് വന്നേ... ഇങ്ങോട്ട് വരാൻ. "
ഒരാൾ അവറാച്ചനെ വലിച്ചു പുറത്തേക്ക് കൊണ്ട് പോയി.
"നിങ്ങളെന്നാത്തിനാണ് ആവശ്യം ഇല്ലാതെ അവർടെ കുടുംബകാര്യത്തിലൊക്കെ ഇടപെടുന്നെ ? "
"ആ നാറി പറഞ്ഞത് നീ കേട്ടില്യോടാ . എന്റെ പെണ്ണുമ്പിള്ള കണ്ടവന്മാരോട് കിടക്കാൻ പോയതാണെന്ന്. "
"അതിനിപ്പോ എന്താണ് ? "
"ഫ കുരുപ്പേ കയ്യീന്ന് വിട് . നീയും അവന്റെ സെറ്റാ അല്ല്യോ. "
"തുടങ്ങി വച്ചത് ആരാ. നിങ്ങളല്യോ? വർഗീസ് മാപ്ല ജയിക്കാൻ വേണ്ടി പറഞ്ഞതാണ്ന്ന്."
അവറാച്ചന്റെ കണ്ഠം ഇടറി.
"എന്നാലും അങ്ങനെ ഒക്ക പറയാവോ. അവള് ഗൾഫിൽ കിടന്നു കഷ്ടപെട്ടാ കുറച്ചു കാശ് സമ്പാദിച്ചത്. അല്ലാതെ കാൽ കാശിന് ഗതിയില്ലാത്ത ഇവനൊക്കെ പറയുമ്പോലെ...."
അവർ ഇരുളിലേക്ക് നടന്നു മറഞ്ഞു.
തന്നെ തടഞ്ഞു വച്ചവരുടെ ഇടയിൽ നിന്നും ബോബി എണീറ്റു വന്നു.
"അപ്പനെന്ത് കാര്യത്തിനാണ് ഇങ്ങനെ നാട്ടുകാരുടെ മെക്കിട്ട് കേറണത്. മര്യാദക്ക് കുടിച്ചേച്ച് ഇരുട്ടും മുന്നേ വീട്ടിൽ പൊകാമ്പാടില്ലേ "
"പോകുവാടാ ചെറുക്കാ. "
വർഗീസ് മാപ്ല എണീറ്റു.
അഴിഞ്ഞു പോകാൻ തുടങ്ങിയ മുണ്ട് അരയിൽ ഉറപ്പിച്ചു.
പിന്നെ ആടിയാടി പുറത്തേക്ക് നടന്നു
"എടാ ബോബിയെ..."
വാതിൽ പടിയിൽ പിടിച്ചു അയാൾ തിരിഞ്ഞു നിന്നു.
"മുതുപാതിരാ വരെ ഇരിക്കാതെ അങ്ങ് വന്നേക്കണം. നിന്റെ അമ്മച്ചി വിഷമിക്കും. "
അയാളുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു.
"അപ്പൻ ഒന്ന് പോയെ. "
ആ രംഗം കണ്ടിരുന്ന ഒരാൾ പതിയെ പിറുപിറുത്തു.
"നല്ല അപ്പനും മോനും. "

 



ചൂടായ എണ്ണയിലേക്ക് അരപ്പ് പുരട്ടി വച്ച മീൻ കഷ്ണങ്ങൾ ഓരോന്നായി നിരത്തി ഇടുകയുമായിരുന്നു ലില്ലി .
അപ്പോഴാണ് മുറ്റത്തു നിന്നും " പെണ്ണമ്മോ " എന്നുള്ള അപ്പന്റെ നീട്ടിയുള്ള വിളി കേട്ടത്.
അവൾ കാത്തോർത്തു.
" വന്നോ കാലൻ." പിറുപിറുത്തു കൊണ്ട് പെണ്ണമ്മ പുറത്തേക്കുള്ള വാതിൽക്കലേക്ക് ചെന്നു.
വർഗീസ് മാപ്ല തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു.
"എടി പെണ്ണമ്മോ... "
" പെണ്ണമ്മ ചത്തു ! നിങ്ങളീ സന്ധ്യക്ക് കുടിച്ചു കൂത്താടി കേറി വരുന്നത് ഈ വീട് മുടിക്കാനാന്നോ. അല്ല എനിക്ക് അറിയാൻമേലാഞ്ഞ് ചോദിക്കുവാ. വയറു നിറഞ്ഞെങ്കിൽ ആ ഷാപ്പിലെങ്ങാനും പണ്ടാരം അടങ്ങാൻ പാടില്ലേ . എന്നാത്തിനാ ഇങ്ങോട്ട് കെട്ടി എടുക്കുന്നെ...? "
വർഗീസ് മാപ്ല അത് കേൾക്കാത്ത മട്ടിൽ ചോദിച്ചു.
"ലില്ലി എന്തിയെടി ? "
അവർക്ക് വിറഞ്ഞു കേറി : "പ്രായപൂർത്തിയായ ഒരു പെൺകൊച്ചു ഈ വീട്ടിൽ ഉണ്ടെന്ന് വല്ല വിചാരോ ഉണ്ടോ നിങ്ങൾക്ക്. അതിനെ കെട്ടിച്ചു വിടാൻ നിങ്ങള് അപ്പനും മോനും ഉദ്ദേശം ഇല്ലേ. അതോ അതിങ്ങനെ ജീവിതകാലം മൊത്തം നിങ്ങൾക്ക് രണ്ടിനും വെച്ച് വിളമ്പി ഇവിടെ കഴിഞ്ഞോട്ടേന്നാണോ..."
അത് കേട്ട് ലില്ലി അടുപ്പിനു മുന്നിൽ നിന്നും പ്രധാന മുറിയിലേക്കുള്ള വാതിൽക്കൽ ചെന്നു വിളിച്ചു.
"അമ്മച്ചീ..."
" അവള് കുഞ്ഞല്യോടി അതിനും മാത്രം പ്രായം ഒന്നും ആയിട്ടില്ലല്ലോ..."
" ദേ എനിക്കെന്റെ നാക്ക് ചൊറിഞ്ഞോണ്ട് വരുന്നുണ്ട്... ഓരോ മുട്ടാ പോക്കും പറഞ്ഞോണ്ട് നടക്കുവാ... പെങ്കൊച്ചിനെ കെട്ടിച്ചു വിടാൻ പാങ്ങില്ലാത്ത കാര്യം കാഞ്ഞിരത്തിലച്ചനെ ചെന്നൊന്ന് കണ്ട് പറയാൻ നിങ്ങളോട് ഞാൻ എത്ര തവണ പറഞ്ഞതാ . എന്നിട്ട് അച്ചനെ ചെന്നൊന്ന് കാണാനോ ഇതിന് വേണ്ടുന്ന നീക്ക് പോക്ക് ചെയ്യാനോ നിങ്ങൾക്ക് സമയം ഇല്ല. അതെങ്ങനെ പള്ളിയിൽ കേറില്ലല്ലോ. എന്നിട്ട് അതിനും ജോലിയും കളഞ്ഞിട്ട് ഞാൻ ഓടണം."
" അച്ചൻ എന്നാ പറഞ്ഞടി ? "
" ചെന്ന് തിരക്ക്. നിങ്ങളിത് ആരെ കെട്ടിക്കാനാ ഈ ഇറങ്ങി പോണേ. വല്ല പ്രയോജനവും ഉണ്ടെങ്കിൽ വേണ്ടില്ല ? "
"അമ്മച്ചീ..."
ലില്ലി താക്കീത് പോലെ കടുപ്പിച്ചു വിളിച്ചു.
" എന്നാടി? "
"ഇങ്ങോട്ടൊന്നു വന്നേ..."
"എന്നാത്തിനാ? "
"ഇങ്ങോട്ട് വരാൻ. "
പെണ്ണമ്മ അവളുടെ അടുത്തേക്ക് ചെന്നു.
"എന്നാ? "
"അമ്മച്ചിക്കിത് എന്തിന്റെ കേടാ... അപ്പൻ വന്നു കേറുമ്പോ തുടങ്ങോലോ...."
" ഒരു കുപ്പൻ...! " പെണ്ണമ്മ പല്ല് ഞരിച്ചു.
" ലില്ലിയെ കഴിക്കാൻ എന്നാ ഉണ്ടടി ? "
തിണ്ണയിൽ നിന്ന് വർഗീസിന്റെ ഒച്ച കേട്ടു.
" മീൻ വറുക്കാനിട്ടേക്കുവാ അപ്പാ. ദേ ഇപ്പോ വിളമ്പാം. "
അവൾ വിളിച്ചു പറഞ്ഞു.
" മീനും ചോറും കൂടി കുഴച്ചുരൂട്ടി അങ്ങേരുടെ അണ്ണാക്കിലോട്ട് വച്ചു കൊടുക്കടി... തിന്നിട്ട് എവിടേലും മറിയട്ട് . ജോലി എടുത്തു ഷീണിച്ചു വന്നേക്കുവല്ലേ..."
പെണ്ണമ്മയ്ക്ക് കലി തീരുന്നില്ല.
" അമ്മച്ചി ഒന്ന് മിണ്ടാണ്ടിരിക്കാവോ."
" ഒന്ന് പോയെടി അവിടുന്ന്..."
" ആ എന്നാ ചെന്ന് നടത്ത്."
ദേഷ്യപ്പെട്ട് അവൾ അടുപ്പിനടുത്തേക്ക് തിരിച്ചു പോയി.
" ലില്ലിയെ മീൻ എവിടുന്നാടി ? "
വീണ്ടും തിണ്ണയിൽ നിന്നും വർഗീസിന്റെ ചോദ്യം.
"ഇച്ചായി കൊണ്ട് വന്നതാ..."
മീൻ ഇളക്കി ഇടുന്നതിനിടയിൽ ലില്ലി വിളിച്ചു പറഞ്ഞു.
" ഓ... വീട്ടു കാര്യങ്ങള് അന്വേഷിക്കുന്നൊരാള്..."
അമർഷത്തോടെ പിറുപിറുത്തു കൊണ്ട് പെണ്ണമ്മ മുറിയിലേക്ക് കയറി പോയി.

 



"ജോസൂട്ടി...ആകെ മൊത്തത്തിൽ പ്രശ്നം ആന്നല്ലോടാ "
ഷാപ്പിൽ നിന്നും ഇറങ്ങി സൈക്കിളിൽ വീട്ടിലേക്കു പോകുമ്പോൾ ബോബി പറഞ്ഞു.
" അത് കഴിഞ്ഞില്യോ . ഇനി എന്നാത്തിനാ അതിനെ പറ്റി ആലോചിക്കുന്നേ? "
" എന്നാ കഴിഞ്ഞെന്ന് ? "
"ഷാപ്പിലെ തല്ലും പിടിയുടെ കാര്യം അല്യോ നീ പറയുന്നേ? "
" അതല്ലടാ. ലില്ലിടെ കല്യാണകാര്യം. വീട്ടിൽ കേറി ചെല്ലാൻമേല അമ്മച്ചി വെടിച്ചില്ലു പോലെ നിൽക്കുവാ. എന്നാ ഇപ്പോ ചെയ്യുന്നേ. പത്തു പവനും ഇരുപത്തി അയ്യായിരം രൂപയും എങ്ങനെ ഉണ്ടാക്കും. ഇനി വല്ലിടത്തും കക്കാനും മോഷ്ടിക്കാനും പോയാലെ കാര്യം നടക്കൂ..."
" അത് നല്ലതാ. ഇനി ആ ഒരു പേര് കൂടിയേ ബാക്കി വരാൻ ഉള്ളു..."
" എന്നാ നീയൊരു വഴി പറ."
" പറയട്ടെ ? "
" പറഞ്ഞോ..."
" വീട്ടിൽ സമ്മതിക്കോന്ന് അറിയത്തില്ല. എന്നാലും ചോദിച്ചു നോക്കാം. "
" എന്നതാ ? "
" വീടിന്റേം പറമ്പിന്റേം ആധാരം. "
ബോബി സൈക്കിൾ നിർത്തി മുഖം തിരിച്ചു നോക്കി.
"നിന്റെ വീടിന്റെയോ ? "
"ആ. "
" നിന്റെ അപ്പന്റെ അടുത്തോ? "
"ആന്ന്... "
" ഒരു കുപ്പി അല്ലെ അടിച്ചുള്ളു അപ്പളേക്കും നീ ഫിറ്റായാ? "
ബോബി തമാശയിൽ ചിരിച്ചു.
" ഒന്ന് പോയേടാ. ഞാനേ സീരിയസ് ആയിട്ട് പറഞ്ഞതാ."
ബോബി വീണ്ടും സൈക്കിൾപെഡൽ ചവിട്ടി ഉരുട്ടി.
" ഇതും പറഞ്ഞു അങ്ങോട്ട് കേറി ചെന്നേച്ചാ മതി... നിന്റപ്പനുണ്ടല്ലോ കാളവർക്കി റബ്ബർ വെട്ടുന്ന കത്തിക്ക് നിന്റെ ദേഹം മൊത്തം വരഞ്ഞു മസാല തേച്ചു പൊരിക്കും...കള്ളടിക്കാനുള്ള കാശ് ഒപ്പിക്കാൻ വീട്ടീന്ന് ഒട്ടുകറ അടിച്ചുമാറ്റുമ്പോലെ എളുപ്പമല്ലിത്. അറിയാലോ ഒരിക്കൽ കോഴിഫം തുടങ്ങാൻ നിന്റെ വീടിന്റെ ആധാരം ചോദിച്ചോണ്ട് നീ ചെന്നത്. പിന്നെ ഒരാഴ്ച കഴിഞ്ഞല്യോ നിന്നെ വീട്ടിൽ കേറ്റിയേ . ഇത് കുറഞ്ഞത് രണ്ട് വർഷം എങ്കിലും കഴിയേണ്ടി വരും."
പോസ്റ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കുറച്ചു മുന്നിലായി മൂന്നു പേർ കുറുവടിയും കയ്യിലിട്ട് കറക്കി നടുവഴിയിൽ നിൽക്കുന്നത് കണ്ട് ഒന്നൂടെ ഒന്ന് സൂക്ഷിച്ചു നോക്കി ബോബി പറഞ്ഞു.
" നമുക്കിട്ടൊരു ചെറിയ പണി മൂന്ന് ആൾ രൂപത്തിൽ റോഡുമേൽ നിൽപ്പുണ്ടല്ലോ ജോസൂട്ടി..."
"എവിടെ? "
ജോസൂട്ടി മുഖം എത്തിച്ചു നോക്കി.
അടുക്കുന്തോറും റോഡിലെ മുഖങ്ങൾ വ്യക്തമായി തെളിഞ്ഞു തുടങ്ങി.
പക്ഷെ ആളെ മനസിലാവാതെ ബോബി സംശയത്തിൽ ജോസൂട്ടിയോട് ചോദിച്ചു.
" എടാ ആ ചുവപ്പ് ടീഷർട്ട് ഇട്ടേക്കുന്നവൻ അവറാച്ചന്റെ പെങ്ങടെ മോനല്യോ...? "
"ആന്ന്. ഇവൻ ബാംഗ്ലൂർ ഏതാണ്ട് പഠിക്കാൻ പോയതാണല്ലോ. അപ്പളേക്കും പഠിച്ചേച്ച് തിരിച്ചു വന്നോ? "
ജോസൂട്ടി സംശയം പ്രകടിപ്പിച്ചു.
"അപ്പൊ കൊട്ടേഷൻ ആണ്. മറ്റേ രണ്ടെണ്ണത്തിനെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോടാ ."
" ഫ്രഡ്സ് ആയിരിക്കും. "
"ഫ്രഡ്സ് ഇന്ന് തൂറി വലയും "
ബോബി ഈണത്തിൽ പറയുന്നത് കേട്ട് ജോസൂട്ടി ചിരിച്ചു.
സൈക്കിൾ അടുത്തപ്പോൾ നടുവിൽ നിന്നവൻ കുറച്ചു മുന്നോട്ട് കയറി ഇരുവശത്തേക്കും കൈ വിടർത്തി വഴി തടഞ്ഞു.
" എന്നതാ മക്കളെ കുറ്റികമ്പും വേലി പത്തല്മൊക്കെആയിട്ട്. പാതിരായ്ക്ക് ആരുടെ അതിരേൽ വേലികെട്ടാൻ ഇറങ്ങിയതാ? "
"ഷാപ്പ് നിന്റെ അപ്പന്റെ വക ആണോടാ? "
അവറാച്ചന്റെ പെങ്ങളുടെ മോന്റെ ആണ് ചോദ്യം.
സൈക്കിളിൽ മുന്നോട്ട് ആഞ്ഞിരുന്നു ബോബി മറുപടി പറഞ്ഞു.
" അതെ. എന്റെ അപ്പന്റെ വകയാ. എന്നാടാ നിനക്ക് വേണോ. ഒരു കാര്യം ചെയ് രാവിലെ ഒരു ലക്ഷം രൂപയുമായി വീട്ടിലേക്കു പോര് ഷാപ്പ് നിന്റെ പേരിൽ ഞാൻ എഴുതി തരാം. "
" നാളെ എഴുത്തു നടക്കത്തില്ല ബോബി... " ജോസൂട്ടി പെട്ടന്ന് ഇടക്ക് കയറി.
" അതെന്നാ? "
" ഇവന്മാർ ആശുപത്രിന്ന് ഇറങ്ങാൻ കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കും. പിന്നെങ്ങനാ? "
"ഓ അത് ശരിയാണല്ലോ. ഞാനത് ഓർത്തില്ല. എടാ അവറാച്ചന്റെ പെങ്ങട മോനെ...എഴുത്തു ഒരു മാസം കഴിഞ്ഞു നടത്തിയാ മതിയോ ? കുഴപ്പംല്ലല്ലോ...? "
"സംസാരിച്ചു നിൽക്കാതെ അടിച്ചു വീഴ്ത്തു റോബിനെ."
കൂട്ടത്തിൽ ഒരുത്തൻ അലറി
റോബിൻ കുറുവടി ഉയർത്തും മുന്നേ മിന്നൽ വേഗത്തിൽ സൈക്കിൾ എടുത്തുയർത്തി ബോബി അവന്മാരുടെ നേരെ എറിഞ്ഞു.
രണ്ടു പേർ അലച്ചു തല്ലി നിലത്തു വീണു.
ഒഴിഞ്ഞു മാറിയ ഒരുത്തൻ കുറുവടി ഓങ്ങി മുന്നോട്ടു കുതിച്ചു വന്നു.
അവനെ വടി ഉൾപ്പെടെ കൂട്ടിപിടിച്ചു ബോബി താഴേക്കു എറിഞ്ഞു.
റോഡ് സൈഡിലെ പൊന്തയും മറിച്ചു അവൻ താഴേ തോട്ടിലേക്ക് ഉരുണ്ടു പോയി.
ഇരുട്ടിൽ അവന്റെ നിലവിളി കേട്ടു.
റോഡിൽ വീണു കിടക്കുന്ന ഒരുത്തന്റെ മുഖം ജോസൂട്ടി നിലത്തിട്ട് ഉരച്ചു.
അവൻ വേദനിച്ചു കാറി കരഞ്ഞപ്പോൾ ജോസൂട്ടി മുരണ്ടു.
"മിണ്ടരുത് മാക്കാനെ...കുത്തിക്കഴപ്പ് നെറുകുംതലേൽ കേറിയപ്പോ ഞങ്ങടെ മെക്കിട്ടു കേറാൻ ഇറങ്ങിയതല്യോടാ ഊളെ... ഇന്ന് നിന്റെ മുപ്പത്തിരണ്ട് പല്ലും ഞാൻ റോഡുമേൽ നിരത്തും. "
ഈ സമയം അവറാച്ചന്റെ അനന്തിരവൻ റോബിന്റെ ചന്തി നോക്കി ബോബി കുറുവടിക്ക് പ്രഹരിക്കുകയായിരുന്നു.
ഓരോ അടിയിലും അവൻ തുള്ളിച്ചാടി പോയി.
ഒടുവിൽ നിവർത്തികെട്ട് അവൻ കരഞ്ഞു കൊണ്ട് ഓടി.
ബോബി പിന്നാലെ ഓടിച്ചിട്ട് അടിച്ചു.
ഇരുട്ടിൽ നിന്നും അവന്റെ ചെവിക്ക് പിടിച്ചു വലിച്ചു കൊണ്ട് വരുമ്പോഴേക്കും ജോസൂട്ടി മറ്റവനെ ഒരു പരുവം ആക്കി കഴിഞ്ഞിരുന്നു.
"എടാ കൊച്ചു കഴുവേറിട മോനെ... " റോബിന്റെ ചെവിയിൽ നിന്നും പിടി വിടാതെ വട്ടം തിരിച്ചു തനിക്ക് മുന്നിൽ നിർത്തിയിട്ട് ബോബി ചോദിച്ചു.
" ആരാടാ നിന്നെയൊക്കെ കമ്പും തടിയും തന്ന് പറഞ്ഞു വിട്ടത്. അവറാച്ചൻ ആന്നോ. ആണെങ്കിൽ നാളെ ഇതിന്റെ ബാക്കി ഞങ്ങൾ അയാൾക്കിട്ട് കൊടുത്തോളാം... എടാ മരമാക്രി കൊട്ടേഷൻ പിടിച്ചിട്ട് വരുമ്പോൾ നട്ടെല്ല് മൂത്ത നാലെണ്ണത്തിനെ കൂടെ കൊണ്ട് വരണമെന്ന് ഇന്നാട്ടുകാരൻ ആയിട്ടും നിനക്ക് അറിയാന്മേലെ? "
അപ്പോൾ താഴെ തോട്ടിൽ നിന്നും വലിയ വായിലെ നിലവിളിച്ചു കൊണ്ട് പൊന്തയിൽ പിടിച്ചു പിടിച്ചു അടുത്തവൻ കേറി വന്നു.
എല്ലാവരും ഒരേ സമയം അവിടേക്ക് നോക്കി.
" എടാ റോബിനെ എന്നെ പാമ്പ് കടിച്ചടാ. വേഗം എന്നെ ഏതെങ്കിലും ആശുപത്രി കൊണ്ട് പോടാ... ഞാനിപ്പോ ചാവും."
"എവിടെ നോക്കട്ടെ..."
കാലിൽ പിടിച്ചു കുന്തി കുന്തി അവൻ വന്നപ്പോൾ ജോസൂട്ടി അടുത്ത് ചെന്നിരുന്നു പരിശോധിച്ചു.
" എടാ ബോബി. ഇത് കൂടിയ ഇനം ഏതാണ്ടാ. കടിച്ചു പറിച്ചേക്കുന്നു..."
ബോബിയെ നോക്കി കണ്ണിറുക്കി ജോസൂട്ടി പറഞ്ഞു.
അത് കേട്ട് ചെറുക്കന്റെ നിയന്ത്രണം വിട്ടു.
" അയ്യോ.... ഞാനിപ്പോ ചാവും... റോബിനേ....നീ എന്നതാടാ ഈ നോക്കി നിക്കുന്നെ...എന്നെ ഏതെങ്കിലും ആശുപത്രിയിൽ എത്തിക്കടാ..."
ചോദിക്കാതെ തന്നെ റോബിന്റെ ചുവന്ന ടീഷർട്ട് ബോബി വലിച്ചൂരി എടുത്തു.
അത് കീറി എടുത്തു കടിയേറ്റ കാലിന്റെ മുകളിലായി വലിച്ചിറുക്കി കെട്ടി.
എന്നിട്ട് എണീറ്റു റോബിനോട് പറഞ്ഞു.
" എടാ റോബിനേ ദാ ഈ കാണുന്ന കണ്ടം വഴി ഓടിയാൽ ഒരു പത്തു മിനിറ്റ് കൊണ്ട് വിഷവൈദ്യരുടെ വീട്ടിൽ എത്താം...വേഗം രണ്ടും കൂടി കൂട്ടുകാരനെ ചുമന്നോ. "
" വാടാ.. " റോബിൻ വിളിച്ചു.
" എടുത്തോണ്ട് ഓടടാ... " ബോബി അടിക്കാൻ കയ്യോങ്ങി.
അടികൊള്ളാതെ ഒഴിഞ്ഞു മാറി കൊണ്ട് രണ്ടു പേരും ചേർന്ന് അവനെ താങ്ങിപിടിച്ചു കണ്ടത്തിലേക്കിറങ്ങി ഇരുട്ടിലേക്ക് ഓടി.
അത് കണ്ടു ബോബിയും ജോസൂട്ടിയും ഒരേപോലെ ചിരിച്ചു പോയി.

 


 

അപ്പനും അമ്മയും കിടന്നിട്ടും ലില്ലി അവളുടെ ഇച്ചായിയെ കാത്തു കുറച്ചു നേരം കൂടി ഇരുന്നു.
പിന്നെ വാതിൽ അടച്ചു കിടക്കാൻ തുനിയുമ്പോൾ മുറ്റത്തു ബോബിയുടെ വിളി കേട്ടു.
അവൾ ചെന്ന് വാതിൽ തുറന്നു.
" അപ്പനും അമ്മച്ചിയും കിടന്നോടി. "
"ആം കിടന്നു. ഇച്ചായിക്ക് ചോറ് വിളമ്പട്ടെ? "
"ജോസൂട്ടിയും ഉണ്ട്. നീ ഇങ്ങോട്ട് എടുത്തോ. "
ബോബി തിണ്ണയിൽ ഇരുന്നപ്പോൾ ജോസൂട്ടിയും അടുത്ത് വന്നിരുന്നു.
ലില്ലി അടുക്കളയിലേക്ക് ചെന്നു.
രണ്ടു പ്ളേറ്റിലേക്ക് ചോറും കറിയും വിളമ്പി വറുത്ത മീൻ രണ്ടായി പകുത്തു ചോറിന്റെ സൈഡിലേക്ക് വച്ചു മുൻവശത്തേക്ക് ചെന്നു.
" നീ കിടന്നോടി. ഇതൊക്ക ഞാൻ എടുത്തു വച്ചോളാം. "
അടുത്ത് ലില്ലി നോക്കി നിൽക്കുന്നത് കണ്ടു ബോബി പറഞ്ഞു.
മൂളികേട്ട് കൊണ്ട് അവൾ അകത്തേക്ക് കയറി പോയി.
നിമിഷ നേരം കൊണ്ട് ജോസൂട്ടി പാത്രം കാലിയാക്കി.
അവൻ എച്ചിൽ പ്ളേറ്റ് എടുക്കാൻ തുനിഞ്ഞപ്പോൾ ബോബി വിലക്കി.
" അവിടെ വച്ചോടാ. അതൊക്കെ അവള് രാവിലെ കഴുകിക്കോളും. "
വായും കയ്യും കഴുകാൻ ജോസൂട്ടി കിണറ്റിൻ കരയിലേക്ക് ചെന്നപ്പോൾ അടുക്കള വാതിലിന്റ അടുത്ത് നിന്ന് ലില്ലിയുടെ ശബ്ദം കേട്ടു.
"ശ്ശസ്സ്...."
"എന്നാടി? "
പതിയെ എന്ന് അവൾ ആംഗ്യം കാണിച്ചിട്ട് കൈ കാട്ടി അടുത്തേക്ക് വിളിച്ചു.
ബോബി കാണുന്നുണ്ടോ എന്ന് മുൻവശത്തേക്ക് നോക്കി കൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു.
" എന്നാ? " കാറ്റൂതുന്ന ഒച്ചയിൽ ജോസൂട്ടി ചോദിച്ചു.
നാലായി മടക്കിയ ഒരു വെള്ള പേപ്പർ കഷ്ണം അവൾ അവന്റെ നേരെ നീട്ടി.
" ഇതെന്നതാ? "
അവൻ സംശയത്തിൽ നോക്കി.
മറുപടി പറയാതെ അവൾ അത് അവന്റെ കയ്യിൽ പിടിപ്പിച്ചു.
" ഇച്ചായി കാണരുത്. വീട്ടിൽ ചെന്നിട്ട് നോക്കിയാൽ മതി..."
ഓർമിപ്പിച്ചിട്ട് അവൾ തിരിഞ്ഞു നടന്നു കഴിഞ്ഞു.
പേപ്പർ കഷ്ണം കയ്യിൽ പിടിച്ചു ജോസൂട്ടി ഇരുളിൽ അന്തംവിട്ടു നിന്നു.


ഭാഗം 3

രണ്ടോ മൂന്നോ പ്രാവശ്യം ജോസൂട്ടി വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് സാറാമ്മ വന്നു വാതിൽ തുറന്നു കൊടുത്തത്.
" എന്താ ഇങ്ങ് പോന്നെ കൂട്ടുകാരന്റെ അവിടെ പായും തലയിണയും ഒന്നും ഇല്ലാരുന്നോ? "
" രണ്ടും ഉണ്ട്. എന്നാലും എന്റെ സാറാ കൊച്ചിനെ കാണാതെ ഞാൻ എങ്ങനെ ഉറങ്ങും? "

കുറുമ്പോടെ അവരുടെ താടിയിൽ പിടിച്ചൊന്ന് കുലുക്കിയിട്ട് അവൻ അകത്തേക്ക് കയറി.
" ഒരു അമ്മച്ചി സ്നേഹി..." സാറാമ്മ പരിഭവത്തോടും ശാസനയോടും തുടർന്നു. "എടാ ആകെയുള്ളൊരു കുഞ്ഞാ നീ. ഇങ്ങനെ കാളയടിച്ചു നടക്കാതെ സന്ധ്യപ്രാർത്ഥന സമയത്തെങ്കിലും വീട്ടിൽ കേറികൂടായോ നിനക്ക്. നാട്ടുകാരെ കൊണ്ട് പറയിക്കാനായിട്ട്. "
" തുടങ്ങി . ഇനി ഇത് കേട്ട് ഇപ്പൊ കാളവർക്കി എണീറ്റ് വരും. വെടികെട്ടിനുള്ള കതിന നിറയ്ക്കാതെ ഒന്ന് പോയി കിടന്നുറങ്ങമ്മച്ചി.. "
അത് ഇഷ്ടപ്പെടാതെ സാറാമ്മ അവന്റെ പിന്നാലെ ചെന്നു തോളിൽ ഒന്ന് കൊടുത്തു.
" രാവിലെ എണീറ്റു റബ്ബറ് വെട്ടിക്കോണം.കേട്ടല്ലോ. നിന്റെ അപ്പൻ പനിപിടിച്ചു പുതച്ചു മൂടി കിടപ്പാ. ഇനി വെളുപ്പിലത്തെ മഞ്ഞും കൊണ്ട് പനി ഇരട്ടിച്ച് കിടപ്പിലായാൽ ഇവിടുത്തെ കാര്യങ്ങൾ എല്ലാം ആര് നോക്കും. നിന്നെ വകകണ്ടൊന്നും ജീവിക്കാൻ ഒക്കുകേല."
" ഞാൻ വെട്ടിക്കോളാം. "
അവൻ മുറിയിൽ ചെന്നു വാതിൽ അടക്കുമ്പോൾ സാറാമ്മ വിളിച്ചു ചോദിച്ചു.
" ചോറൊന്നും വേണ്ടേ. "
" ഞാൻ കഴിച്ചതാ. "
പറഞ്ഞിട്ട് അവൻ സാക്ഷ വലിച്ചിട്ടു.
കട്ടിലിലേക്ക് വന്നിരുന്നു.
വഴിയിൽ നിന്നൊന്നും തുറന്നു നോക്കാൻ ധൈര്യപ്പെടാത്ത ആ വലിയ രഹസ്യം അവൻ പോക്കറ്റിൽ നിന്നും പുറത്തെടുത്തു.
അത്ര വൃത്തി ഒന്നും ഇല്ലാത്ത കൈപ്പടയിൽ എന്തൊക്കെയോ കുനുകുനാ എഴുതി പിടിപ്പിച്ചിരിക്കുന്നു.
ലില്ലിയുടെ സുന്ദരവദനം വരികൾക്ക് മീതെ തെളിഞ്ഞു വന്നു.
'ജോസൂട്ടി... ഇതൊരു പ്രേമലേഖനം ഒന്നുമല്ല. എനിക്കതൊന്നും എഴുതാൻ അറിയത്തില്ലന്നേ . മനസിലുള്ളത് തുറന്നു പറയാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടാ ഇങ്ങനൊരു കത്തെഴുതാൻ മെനക്കെടുന്നത്. കാര്യം ഇത്രേ ഉള്ളൂ. എനിക്ക് ജോസൂട്ടിയേ ഇഷ്ടമാ . എന്റെ ജീവിതത്തിൽ ഒരു കല്യാണം ഉണ്ടെങ്കിൽ അത് ജോസൂട്ടിയുമായിട്ടേ ഉള്ളു. പെരിങ്ങോട്ട് കരക്കാരുടെ കല്യാണാലോചന നിങ്ങളെല്ലാരും കൂടെ നടത്താനാ ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. അത് നടക്കത്തില്ല. അതുമായി മുന്നോട്ട് പോവാനാണ് നിങ്ങളുടെയൊക്കെ പ്ലാനെങ്കിൽ കല്യാണത്തിന്റെ തലേന്ന് ഞാൻ ഇറങ്ങി ജോസൂട്ടിയുടെ വീട്ടിലോട്ട് വരും. ഇല്ലെങ്കിൽ അതിന് മുന്നേ ജോസൂട്ടി ഇത് ഇയാൾടെ വീട്ടിലും ഞങ്ങടെ ഇവിടെയും അറിയിച്ച് ഒരു തീരുമാനം ഉണ്ടാക്കണം. ആരൊക്കെ കൊടുവാളെടുത്താലും ജോസൂട്ടി വന്നു വിളിച്ചാ ഞാൻ കൂടെ ഇറങ്ങി വരും. ചത്താലും ജീവിച്ചാലും ജോസൂട്ടിക്കൊപ്പം. അത് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു. ഇനി എനിക്ക് ജോസൂട്ടിയുടെ തീരുമാനം മാത്രം അറിഞ്ഞാ മതി. '
കത്ത് വായിച്ചു കുറച്ചു നേരം അവൻ കണ്ണും മിഴിച്ചു ഇരുന്നു.
ഇതെന്തൊക്കെയാണ് ഈ പെണ്ണ് എഴുതി കൂട്ടി വച്ചേക്കുന്നത്.
തന്നോട് ഇഷ്ടം ആണെന്ന്.
ഇതെപ്പോ തുടങ്ങി ?
ബോബിയുടെ പെങ്ങളെ മറ്റൊരു കണ്ണിൽ കണ്ടിട്ടില്ല.
അവൾക്ക് ഇങ്ങനെ ഒരു ഇഷ്ടം തോന്നുന്ന യാതൊന്നും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല.
പിന്നെ എന്ത് കണ്ടിട്ടാണ് ?
കുറച്ചു കൂടുതൽ സ്വാതന്ത്ര്യത്തോടെ പെരുമാറുന്നതിന് ഈ പെണ്ണെന്തിനാണ് മറ്റൊരു അർത്ഥം കണ്ടു പിടിച്ചേക്കുന്നേ?
ഒരു നിമിഷം ചിന്തിച്ചിരുന്നിട്ട് അവൻ എണീറ്റു വന്നു അലമാരയിൽ പതിച്ചിരുന്ന കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം രൂപം അളന്നളന്ന് നോക്കി.
പൊന്തകാട് പോലെയുള്ള മുടി കൈ കൊണ്ട് മാടി ഒതുക്കി വച്ചു.
മുഖത്ത് എന്തൊക്കെയോ കുറവുകൾ ഉണ്ടെന്ന് അവനു തന്നെ തോന്നി.
ബീഡി വലിച്ചു കറുത്തു കരുവാളിച്ച ചുണ്ടുകൾ കണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ.
മേൽചുണ്ടും കീഴ്ചുണ്ടും മാറി മാറി കടിച്ചുവലിച്ചു സുന്ദരമാക്കാൻ ശ്രമിച്ചു.
വെയിൽ കൊണ്ട് നിറം മങ്ങിയ മുഖത്ത് അവൻ പതിയെ വിരലോടിച്ചു നോക്കി.
പിന്നെ കുറച്ചു പൗഡർ എടുത്തു മുഖത്ത് തേച്ചു പിടിച്ചു.
പോരാ !
തൃപ്തി വരാതെ കുറച്ചു കൂടുതൽ പൗഡർ വാരി പൊതിഞ്ഞു മുഖത്തെ കറുപ്പ് മറയ്ക്കാൻ നോക്കി.
ചുണ്ടുകൾ വീണ്ടും ഒന്ന് നനച്ചു ചുവപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ആകെയൊന്ന് നോക്കി.
ജോസൂട്ടിക്ക് ശരിക്കും സങ്കടം വന്നു.
ഈ കാട്ടുമാക്കാനേ ആണോ ലില്ലി സ്നേഹിക്കുന്നത് .
ആദ്യമായി തന്റെ രൂപത്തോട് ജോസൂട്ടിക്ക് ദേഷ്യം തോന്നി.
ലില്ലി സുന്ദരി ആണ്.
ആര് കണ്ടാലും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടും.
പെണ്ണൊന്ന് മനസ് വച്ചാ കിണ്ണം പോലത്തെ ചെറുക്കനെ ഈ ഇടവകയിൽ നിന്നുതന്നെ അവൾക്ക് സ്വന്തമാക്കാൻ കഴിയും.
എന്നിട്ടും അവൾ തന്നെ തിരഞ്ഞു പിടിക്കണമെങ്കിൽ എന്തൊക്കെയോ പ്രത്യേകതകൾ തനിക്ക് ഉണ്ടെന്നല്ലേ.
ലില്ലിയുടെ സുന്ദര രൂപം ജോസൂട്ടി തന്നോട് ചേർത്ത് നിർത്തി നോക്കി.
ഒരു കുളിരു പടരുന്നുണ്ടോ ?
ഉണ്ട്. കുളിരു മാത്രമല്ല അടിമുടി പൂത്തുലയുകയാണ്.
മച്ചിൽ നിന്നും പല വർണങ്ങളിൽ പൂക്കൾ പൊഴിഞ്ഞു വീഴുന്ന പോലെ.
പൊടുന്നനെ ബോബിയുടെ രൂപം ജോസൂട്ടിക്കും ലില്ലിക്കും ഇടക്ക് തെളിഞ്ഞു തെളിഞ്ഞു വന്നു.
ആ ഒരൊറ്റ ചിന്തയോടെ ജോസൂട്ടി അടിമുടി തളർന്നു പോയി.
ഒരമ്മയുടെ വയറ്റിൽ ജനിച്ചില്ലെന്ന് മാത്രേ ഉള്ളു. ബോബി തന്റെ കൂടപ്പിറപ്പാണ്.
അവന്റെ കുടുംബത്ത് കേറി നെറികേട് കാണിക്കാൻ പാടില്ല.
ആര് ക്ഷമിച്ചാലും അവൻ തന്നോട് ക്ഷമിക്കില്ല.
അവൻ ഒപ്പമില്ലാത്ത ഒരു നിമിഷത്തെ കുറിച്ച് പോലും തനിക്ക് ചിന്തിക്കാൻ ആവില്ല.
അപ്പോൾ ആയുഷ്ക്കാലം ശത്രു ആവുന്നത് താൻ എങ്ങനെ സഹിക്കും.
വേണ്ട. ഒന്നും വേണ്ട.
ബോബിയെക്കാൾ വലുതല്ല തനിക്ക് ലില്ലിയുടെ സ്നേഹം.
നാളെ തന്നെ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം.
ലൈറ്റ് അണച്ചു അവൻ കട്ടിലിൽ കമിഴ്ന്നു വീണു.

 



മുട്ട ഇടാനുള്ള ഇടം തിരഞ്ഞു വീടിന്റെ പിന്നാമ്പുറത്തും അവിടുന്ന് അടുക്കളയിലേക്കും കൊക്കികൊണ്ട് നടന്ന പുള്ളികോഴിയെ ലില്ലി ഓടിച്ചിട്ട് പിടിച്ചു.
" നല്ലൊന്നാന്തരം കൂട് നിനക്ക് വേണ്ടി ഇച്ചായി ഇവിടെ പണിതിട്ടിട്ടും എന്നാത്തിനാടി നീ അടുപ്പ് പാതകത്തിന് അടിയിലോട്ട് നൂണ്ട് കേറുന്നേ. ഇവിടെ മുട്ട ഇട്ടാൽ നിനക്ക് തൃപ്തി വരത്തില്ല്യോ ? കേറങ്ങോട് ."
കോഴിയെ കൂട്ടിലാക്കി അവൾ വാതിൽ അടച്ചു.
ആടിനെ അഴിച്ചു റോഡരുകിലെ പ്ലാവിൽ കൊണ്ട് കെട്ടി.
" കയ്യാലയിൽ നിന്നും താഴേക്കൊന്നും എടുത്തു ചാടിയേക്കല്ലേടി... നിനക്ക് കുടിക്കാനുള്ളത് ഞാനിപ്പോ കൊണ്ട് തരാം. കേട്ടോ "
ആടിന്റെ താടിയിൽ പിടിച്ചുയർത്തി ലില്ലി വാത്സല്യത്തോടെ പറയുമ്പോൾ വർഗീസ് മാപ്ലയുടെ വിളി കേട്ടു.
അവൾ മുൻവശത്തേക്ക് ചെന്നു.
അയാൾ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു.
" അപ്പൻ എണീറ്റോ. ഞാൻ കട്ടൻ എടുക്കാം."
പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് പോയി.
കട്ടൻ ചൂടാക്കി ഗ്ലാസിലേക്ക് പകർന്നു വീണ്ടും മുൻവശത്തേക്ക് ചെന്നു.
" നിന്റെ അമ്മച്ചി പോയോടി ? "
ഗ്ലാസ് വാങ്ങുമ്പോൾ അയാൾ ചോദിച്ചു.
" പോയി. "
" ബോബി എന്തിയെ? "
" പുറത്തോട്ട് ഇറങ്ങി..."
" എനിക്കവനോട് ഒരു കാര്യം പറയാൻ ഉണ്ടാരുന്നല്ലോ. "
" അതിനെന്താണ് ഗൾഫിലോട്ട് ഒന്നും അല്ലല്ലോ പോയത്. ഇങ്ങോട്ട് വരത്തില്യോ..."
" ഉം... " അയാൾ ഒന്ന് മൂളി.
" അപ്പൻ പല്ല് തേച്ചിട്ട് വാ ഞാൻ കാപ്പി എടുക്കാം. "
" എനിക്കൊന്ന് കുളിക്കണം നീ കുറച്ചു വെള്ളം ചൂടാക്കിയിട്..."
ചെറിയ ഒരു കലം വെള്ളം നന്നായി തിളപ്പിച്ച് പാകത്തിന് തണുത്ത വെള്ളം ചേർത്ത് മറപ്പുരയിലെ വലിയ ചരുവത്തിൽ നിറച്ചിട്ടിട്ട് ലില്ലി പോയി വർഗീസ് മാപ്ലയെ വിളിച്ചു.
തലയിൽ പൊത്തിയ എണ്ണയുടെ ബാക്കി വിരലിൽ പറ്റിപിടിച്ചിരുന്നത് നെഞ്ചിലാകെ തേച്ചുകൊണ്ട് അയാൾ എണീറ്റു.
"മോളെ ലില്ലി... "
" എന്നാപ്പാ? "
" നിനക്ക് അപ്പനോട് ദേഷ്യം ഉണ്ടോടി. "
" എന്നാത്തിന് ? "
" നിന്റെ അമ്മ പറയുമ്പോലെ നിന്റെ കല്യാണം നടത്താനുള്ള പൈസ കണ്ടെത്താതെയും , വീടിനും നാടിനും കൊള്ളാതെയും ഇങ്ങനെ തന്നിഷ്ടത്തിന് നടക്കുന്നതിന്. "
" അപ്പനിത് എന്നാത്തിന്റെ കേടാണ്. പോയി കുളിച്ചിട്ട് വാ ഞാൻ കഴിക്കാനുള്ളത് എടുത്ത് വയ്ക്കട്ടെ..."
അവൾ അടുക്കളയിലേക്ക് കയറി പോയി.
അയാൾ കുളിച്ചു വന്നപ്പോൾ രാവിലത്തെ വെള്ളപ്പവും കടലകറിയും ലില്ലി മേശ മേലേക്ക് എടുത്തു വച്ചിരുന്നു.
വർഗീസ് മാപ്ല മുറിയിൽ നിന്നും ഉടുത്തൊരുങ്ങി ഇറങ്ങി വരുന്നത് കണ്ടു ലില്ലി അമ്പരന്ന് നോക്കി.
" ഈ പുത്തനൊക്കെ ഇട്ട് അപ്പനിത് ഇങ്ങോട്ടാണ്? "
" കോഴിക്കോട് വരെ "
" എന്നാത്തിന്? "
" ഹക്കീം മുതലാളിയെ ഒന്ന് കാണണം . പണ്ട് കുറേ കാലം മുതലാളിയുടെ തടിമില്ലിൽ പണിയെടുത്തതല്യോ... എന്തെങ്കിലും സഹായിക്കാൻ പറ്റുമോന്ന് ചോദിക്കട്ടെ. "
" അമ്മച്ചിയോടോ ഇച്ചായിയോടോ പറയാതെ തനിച്ചു അത്രേം ദൂരം പോവാനോ. "
" ബസേൽ ഇവിടുന്ന് ഒരാറ് മണിക്കൂർ യാത്ര. ഒന്നുറങ്ങി എണീക്കുമ്പളേക്കും അങ്ങെത്തുമടി. പോരാത്തതിന് എനിക്കറിയാൻമേലാത്ത സ്ഥലം ഒന്നും അല്ലല്ലോ. കുറച്ച് വൈകിയാലും ഞാൻ ഇന്ന് തന്നെ ഇങ്ങ് വരും. പെണ്ണമ്മയോടും ബോബിയോടും നീ പറഞ്ഞിരുന്നാൽ മതി. "
" വർഷം ഇത്രയും കഴിഞ്ഞതല്ല്യോ . അപ്പനിപ്പോ അവിടെ ജോലിയും ചെയ്യുന്നില്ല. അപ്പൊ പിന്നെ ആരെങ്കിലും ഇത്രയും പൈസ വെറുതെ തരോ? "
അവൾ പിന്തിരിപ്പിക്കാൻ നോക്കി.
വർഗീസ് മാപ്ല പതിയെ ചിരിച്ചു.
"നമുക്കൊന്ന് ശ്രമിച്ചു നോക്കാടി..."
അപ്പൻ തീരുമാനിച്ചു കഴിഞ്ഞെന്ന് ലില്ലിക്ക് മനസിലായി.
പിന്നെ അവൾ അതേ പറ്റി മറുത്തൊന്നും മിണ്ടിയില്ല.

 



റബ്ബർ മരത്തിൽ നിന്നും ചുരത്തുന്ന പാൽ ഒഴുകി വീണു നിറഞ്ഞ ചിരട്ട ബക്കറ്റിലേക്ക് ചരിച്ചു വീഴ്ത്തുന്നതിനിടയിൽ ബോബിയോട് ജോസൂട്ടി പറഞ്ഞു.
" നീ വിഷമിക്കാതെടാ ബോബി. നമുക്ക് എന്തെങ്കിലും വഴി നോക്കാം. ഇന്നലെ രാത്രി ഞാൻ നിന്നോട് പറഞ്ഞ കാര്യം ഇല്യോ. അത് ഞാൻ ഉള്ളിലെ കള്ളിന്റെ ബലത്തിൽ തട്ടിയതല്ല. ഇന്നീ മെനക്കെട്ടു ചെയ്യുന്ന പണിയെല്ലാം അപ്പനേം അമ്മച്ചിയേം കയ്യിലെടുക്കാനുള്ള അടവല്യോ . ഇത് കണ്ടിട്ടെങ്കിലും ഞാൻ മര്യാദക്കാരൻ ആയെന്ന് അവർക്ക് തോന്നിക്കോട്ടെ. എന്നിട്ട് വേണം എനിക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ. "
മൺതിട്ടയിൽ താഴേക്ക് കാലിറക്കി ഇരിക്കുന്ന ബോബി കാര്യം മനസിലാവാതെ നോക്കി.
"'എടാ പൊട്ടാ വീടിന്റേം പറമ്പിന്റേം ആധാരം അപ്പന്റേ കയ്യീന്ന് മേടിക്കുന്ന കാര്യം ആണ് ഞാനീ പറയുന്നേ. എന്നാടാ നീ ഇവിടെങ്ങും അല്യോ ? "
അത് കേട്ടിട്ടും തെളിയാത്ത മുഖത്തോടെ ബോബി പറഞ്ഞു .
"അതൊന്നും നടപ്പിനുള്ള കാര്യം അല്ല. നീ വേറെ എന്തെങ്കിലും വഴി പറ. "
" നിന്റെ കരിനാക്കെടുത്തു വളയ്ക്കാതെ. ആദ്യം ഞാനീ പാലൊന്ന് ഉറയൊഴിച്ചിട്ട് അമ്മച്ചിയോട് സംസാരിക്കട്ടെ. തല്ക്കാലം നീ ഇവിടെങ്ങാനും ഇരിക്ക്. "
ജോസൂട്ടി റബ്ബർ പാൽ നിറഞ്ഞ ബക്കറ്റുകൾ തൂക്കി തട്ടുകൾ ഇറങ്ങി താഴേക്കു പോയി.
"പെട്ടന്ന് വന്നേക്കണം. "
ബോബി വിളിച്ചു പറഞ്ഞു
." ആടാ. ദേ വരുന്നു. "
കുറച്ചു നേരം ഇരുന്നു മടുത്തപ്പോൾ ബോബി എണീറ്റു അങ്ങിങ്ങ് നടന്നു.
ഒരു മഞ്ഞ ചേര പൊഴിഞ്ഞു വീണു കിടക്കുന്ന കരിയിലകൾക്ക് മീതെ ഇഴഞ്ഞു പോകുന്നത് കണ്ടു.
ഒരു ഉരുളൻ കല്ലെടുത്ത് ഉന്നം പിടിച്ചു എറിഞ്ഞെങ്കിലും അതിന്റെ മേലെ കൊണ്ടില്ല.
അപകടം മണത്ത് അസ്ത്രം വിട്ടത് പോലെ അത് താഴേക്കു പാഞ്ഞു പോയി.
മുണ്ട് മാടി കുത്തി അവൻ ഇരുന്ന തട്ടിലൂടെ മുന്നോട്ടു നടന്നു.
റബ്ബർ തോട്ടത്തിന് കിഴക്ക് വശം താഴെ വിശാലമായ പാടശേഖരം ആണ്.
ജോലിക്കാർ അങ്ങിങ്ങ് പണിയെടുക്കുന്നത് കാണാമായിരുന്നു.
പാടത്തിന് അക്കരെ തട്ട് തട്ടായുള്ള
തെങ്ങിൻ തോപ്പിലൂടെ കിഴക്കൻ കാറ്റ് വീശി അടിച്ചു വരുന്നുണ്ടായിരുന്നു.
തെങ്ങോലകൾ കാറ്റ് പിടിച്ചു ആടി ഉലയുന്നു.
കുറച്ചു നേരം നെഞ്ചിൽ കൈകൾ പിണച്ചു വച്ചു അവൻ വെറുതെ നോക്കി നിന്നു.
പിന്നെ മടുത്തത് പോലെ ഒരു ശബ്ദം ഉണ്ടാക്കികൊണ്ട് വീണ്ടും തിരിച്ചു നടന്നു പഴയ സ്ഥലത്തു വന്നിരുന്നു.
മുകളിലെ റോഡിലൂടെ ഒരു ജീപ്പ് ഇരമ്പി കയറി പോകുന്ന ഒച്ച കേട്ടു.
സമയം കടന്നു പോയികൊണ്ടിരുന്നു.
ഒടുവിൽ ഇരുന്നിരുന്നു ബോബിയുടെ നിയന്ത്രണം വിട്ടു.
" ഈ നാറി ഇത് എവിടെ പോയി കിടക്കേണ് "
അപ്പൊ താഴെ നിന്നും ജോസൂട്ടിയുടെ കൂക്കി വിളി കേട്ടു.
ബോബി അവിടേക്ക് ശ്രദ്ധിച്ചു.
"എന്നാടാ....? "
അവൻ വിളിച്ചു ചോദിച്ചു.
" ഇറങ്ങി വാ... "
ജോസൂട്ടി കൈ മാടി വിളിക്കുന്നു.
ബോബി തട്ടുകൾ ചാടി ചാടി താഴേക്കു ഇറങ്ങി ചെന്നു.
" നീ ഇത് എവിടെ പോയി കിടക്കേരുന്നു "
" വീട്ടിൽ സംസാരിച്ചു സമ്മതിപ്പിക്കണ്ടേ. ഇതൊക്കെ എന്നാ അത്ര എളുപ്പമുള്ള കാര്യാന്നോ ? "
" എന്നിട്ട് എന്തായി. നിന്റെ അപ്പൻ സമ്മതിച്ചോ? "
ബോബി ആകാംഷയോടും ഉത്സാഹത്തോടും ചോദിച്ചു.
" നിന്നോട് എന്തോ സംസാരിക്കണമെന്ന്. "
" എന്ത് സംസാരിക്കാൻ? "
" അതൊന്നും എനിക്കറിയത്തില്ല. "
" ചീത്ത വിളിക്കാനാന്നോടാ ? "
"അതൊന്നുമല്ല. നീ വാ... "
ജോസൂട്ടി നടന്നു കഴിഞ്ഞു.
ബോബി ശങ്കിച്ചാണ് അവന്റെ പിന്നാലെ ചെന്നത്.
കാണുമ്പോഴൊക്കെ ജോസൂട്ടിയുടെ അപ്പൻ പിടിച്ചു നിർത്തി ഉപദേശിക്കുന്നത് കൊണ്ട് അവൻ അങ്ങനെയിങ്ങനെ ഒന്നും ഇങ്ങോട്ട് വരാറില്ല.
ഇതിപ്പോ ഒഴിയാൻ പറ്റാത്ത ആവശ്യം ആയിപ്പോയി.
വരാന്തയിലെ കസേരയിൽ വർക്കി ഇരിപ്പുണ്ടായിരുന്നു.
അടുത്ത് സാറാമ്മയും.
ബോബിയെ കണ്ടു സാറാമ്മ അകത്തേക്ക് ക്ഷണിച്ചു.
"ഇങ്ങോട്ട് കേറി ഇരിക്ക് ബോബി. "
അവർക്കൊരു പുഞ്ചിരി സമ്മാനിച്ചിട്ട് കസേരയിൽ ഇരിക്കാതെ അവൻ അര പ്ളേസിലേക്ക് കയറി ഇരുന്നു.
"ഞാൻ ചായ എടുക്കാം."
സാറാമ്മ അകത്തേക്ക് പോയി.
ജോസൂട്ടി ഭിത്തിയിൽ ചാരി എന്താണ് അപ്പന്റെ തീരുമാനം എന്നറിയാൻ നോക്കി നിന്നു.
ഒരു നിമിഷം കഴിഞ്ഞാണ് വർക്കി ബോബിയുടെ മുഖത്ത് നോക്കി സംസാരിച്ചു തുടങ്ങിയത്.
പനി പിടിച്ചു ആളുടെ ഒച്ച അടഞ്ഞിരുന്നു.
" ജോസൂട്ടി കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞു. നിങ്ങടെ ആ അഞ്ച് സെന്റ് ബാങ്കിൽ വച്ചിട്ട് കല്യാണാവശ്യത്തിനുള്ള മുഴുവൻ പണവും എടുക്കാൻ പറ്റുകേലെന്നും അവൻ പറഞ്ഞു. ഒരു പെങ്കൊച്ചിന്റെ കല്യാണകാര്യം അല്ല്യോ . അത് മാത്രം ആലോചിച്ചിട്ടാണ് ഈ വസ്തു വച്ചിട്ട് ലോൺ എടുത്തു തരാം എന്ന് ഞാൻ തീരുമാനിച്ചത്. "
ബോബിയുടെയും ജോസൂട്ടിയുടെയും മുഖം ഒരേ പോലെ വിടർന്നു.
"പക്ഷെ ലോൺ എടുത്താ മാത്രം പോരല്ലോ. തിരിച്ചടക്കണ്ടേ ? "
ബോബി ഉത്സാഹത്തോടെ മുന്നോട്ടു ഒന്നിളകി ഇരുന്നു.
" അച്ചായൻ പേടിക്കണ്ട ഞാനത് ഏതുവിധേനയും അടച്ചു തീർത്തോളാം."
" എങ്ങനെ ആണെന്നാണ് എന്റെ ചോദ്യം. ബോബിക്ക് ഇപ്പൊ കാര്യമായ ജോലി ഒന്നുമില്ല. പെണ്ണമ്മചേട്ടത്തിയുടെ വരുമാനം കൊണ്ട് വീട്ട് ചിലവും ലോൺ അടവും എല്ലാം കൂടി നടക്കില്ലല്ലോ."
അതിലൊരു പരിഹാസച്ചുവ ഉണ്ടെന്ന് ബോബിക്ക് തോന്നി.
അവൻ ജോസൂട്ടിയെ ഒന്ന് നോക്കി.
കാര്യത്തിന്റെ ഗതി മനസിലായ ജോസൂട്ടി വർക്കിക്ക് നേരെ തിരിഞ്ഞു.
" അപ്പനിത് എന്നാ വർത്താനം ആണീ പറയുന്നേ? "
" നീ മിണ്ടരുത് ." വർക്കി മകനെ വിലക്കി.
അപ്പൊ ചായയുമായി സാറാമ്മ ഇറങ്ങി വന്നു.
എല്ലാവരുടെയും മുന്നിൽ അവർ ഓരോ ഗ്ലാസ് കൊണ്ട് വന്നു വച്ചു.
വർക്കി തുടർന്നു.
"ഞാൻ പറയുന്നത് ബോബിക്ക് മനസിലായി കാണുമല്ലോ. ആ കാണുന്ന റബ്ബറും ഈ വീട് നിക്കുന്ന സ്ഥലവും എല്ലാം കൂടെ ചേർത്ത് ഒരൊറ്റഏക്കറാ. ഒറ്റ പ്രമാണം. എന്നാ ആയാലും ജോസൂട്ടി പറഞ്ഞ കണക്കനുസരിച്ച് ഏകദേശം ഒരു ലക്ഷം രൂപ എങ്കിലും കല്യാണ ചിലവിന് വേണ്ടി വരത്തില്യോ. നിങ്ങളിത് തിരിച്ചടച്ചില്ലെങ്കിൽ എന്റെ കിടപ്പാടം പോകുന്ന ഏർപ്പാടാ. അതുകൊണ്ട് ആദ്യം ബോബി പോയി ഒരു ജോലി കണ്ടു പിടിക്ക് ലോൺ അടച്ചു തീർക്കാനുള്ള കഴിവ് ബോബിക്ക് ഉണ്ടെന്ന് എനിക്ക് ബോധ്യപ്പെടണം. എന്നിട്ട് നമുക്ക് ബാക്കിയുള്ള കാര്യങ്ങൾ നോക്കാം."
വിളക്കണയും പോലെ ബോബിയുടെ മുഖം മങ്ങി.
"എന്നായാലും ഇവിടെ വരെ വന്നതല്യോ . ചായ കുടിച്ചിട്ട് പോയാ മതി. "
പുഞ്ചിരിയോടെ വർക്കി പറഞ്ഞു നിർത്തി.
പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു.
ഇനി ചായ അല്ല പച്ചവെള്ളം ഇറങ്ങില്ല.
പെട്ടന്ന് ആരോടും ഒന്നും പറയാതെ മുറുകിയ മുഖത്തോടെ ബോബി എണീറ്റു പുറത്തേക്ക് നടന്നു.
അത് കണ്ടതോടെ ജോസൂട്ടിയുടെ സമനില തെറ്റി.
അവൻ വർക്കിക്ക് നേരെ ഇരച്ചു ചെന്നു.
"അപ്പന് കൊടുക്കാൻ മനസില്ലാരുന്നേൽ അതെന്നോട് പറഞ്ഞാൽ പോരാരുന്നോ...?"
മകൻ ദേഷ്യം കൊണ്ട് വിറക്കുന്നത് കണ്ടു സാറാമ്മ വന്നു അനുനയിപ്പിക്കുമ്പോലെ അവന്റെ കയ്യിൽ പിടിച്ചു.
അവൻ കൈ കുതറിച്ചു. "എനിക്കും ബോബിക്കും ജോലി ഇല്ലാണ്ടിരിക്കുവാന്ന് അപ്പന് അറിയാവുന്ന കാര്യം ആണല്ലോ. അല്ലേ. ഏതുവിധേനയും ലോൺ അടച്ച് തീർത്തോളാമെന്ന് അവൻ വാക്ക് പറഞ്ഞതല്യോ... പിന്നെന്നാത്തിനാ കൂടുതൽ ചികയുന്നേ. വെറുതെ അവനെ വിളിച്ചു അപമാനിച്ചു വിട്ടപ്പോ അപ്പന് സമാധാനം ആയോ. അല്ല എനിക്ക് അറിയാന്മേലാഞ്ഞ് ചോദിക്കുവാ .അപ്പനിത് എന്തിന്റെ കേടായിരുന്നു? "
" ജോസൂട്ടി സംസാരം ഇവിടെ നിർത്തിക്കോ. ഞാൻ നിന്റെ അപ്പനാ അല്ലാതെ നീ എന്റെ അപ്പനാവാൻ നോക്കരുത് ? "
വർക്കി ഓർമിപ്പിച്ചു.
" കോപ്പ്... " പല്ല് ഞെരിച്ചു കൊണ്ട് അവൻ ചാടി പുറത്തേക്ക് ഇറങ്ങി പോയി.
ആധിയോടെ അത് നോക്കി നിന്ന സാറാമ്മ ഭർത്താവിന് നേരെ തിരിഞ്ഞു.
"അവൻ പറഞ്ഞതിൽ എന്നാ തെറ്റ് നിങ്ങൾക്കിത് കൊടുക്കാൻ ഉദ്ദേശം ഇല്ലാരുന്നേ അത് പറഞ്ഞാ പോരാരുന്നോ. വെറുതെ ആ ചെറുക്കനെ വിളിച്ചു വരുത്തി നാണം കെടുത്തി വിടേണ്ട കാര്യം എന്നാ ? ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. നിവർത്തിയില്ലാത്ത ഒരു പെങ്കൊച്ചിന്റെ കല്യാണകാര്യവാ . ഒരു പെൺകുഞ്ഞിനെ ദൈവം നമുക്ക് തന്നില്ല. പകരം ഒരു കൊച്ചിന്റെ കല്യാണം നടത്തി വിടാനുള്ള ചുമതലയാണ് കർത്താവ് നമ്മളെ ഏൽപ്പിച്ചിരിക്കുന്നെ. ഇത് അങ്ങനെ കണ്ടാൽ മതി. മുട്ടാപോക്ക് പറഞ്ഞു അവസാനം ദൈവകോപം വരുത്തി വച്ചേക്കരുത്. "
" എടി സാറാമോ... നമ്മുടെ മോനെ നന്നാക്കി എടുക്കാൻ നീയും ഞാനും തലകുത്തി നിന്ന് നോക്കിയിട്ട് ഇതുവരെ കഴിഞ്ഞോ. എത്രയിടത്താടി ജോലി ശരിയാക്കിയിട്ട് നമ്മളവനെ പറഞ്ഞു വിടാൻ നോക്കിയത്. എന്നിട്ട് അവൻ പോയോ. അനുസരിച്ചോ. ഇല്ലല്ലോ. സ്ഥിരമായി ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടാ ഇവന്മാരിങ്ങനെ കള്ളും കുടിച്ചും ചീട്ടും കളിച്ചും നാട്ടുകാരുടെ മെക്കിട്ട് കേറിയും താന്തോന്നികളായി നടക്കുന്നെ. ബോബിക്ക് അവന്റെ പെങ്ങളോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ എന്തെങ്കിലും ജോലി കണ്ടുപിടിച്ചു അവനിവിടെ വന്നിരിക്കും. പിന്നെ ബോബി തനിച്ചു എവിടെയെങ്കിലും പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. എന്തെങ്കിലും ജോലിക്ക് അവൻ പോകുന്നെങ്കിൽ ജോസൂട്ടിയെ കൂട്ടിയെ പോകൂ. അപ്പൊ നമ്മൾ വിചാരിച്ചിടത്ത് കാര്യങ്ങൾ എത്തില്ലേ. നീ ഒന്ന് ആലോചിച്ചു നോക്കടി. "
പറഞ്ഞു നിർത്തിയിട്ടു വർക്കി സാറാമ്മയുടെ മുഖത്തേക്ക് നോക്കി.
ഭാര്യയുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വരുന്നത് അയാൾ കണ്ടു.
" ആ പെണ്ണമ്മ ചേട്ടത്തിയുടെ സങ്കടം കണ്ടാൽ മനുഷ്യരായിട്ടുള്ളവർ സഹിക്കുകേല. അന്നേ ഞാൻ കരുതി ഇരുന്നതാ.. ഇപ്പോ കർത്താവായിട്ടാണ് ഇങ്ങനെ ഒരു അവസരം കൊണ്ട് വന്നു നമ്മുടെ മുന്നിൽ വച്ചു തന്നേക്കുന്നേ. ഇപ്പോ നമ്മളൊന്ന് ശ്രമിച്ചാൽ ഈ രണ്ടെണ്ണത്തിനെയും എവിടെയെങ്കിലും ജോലിക്ക് കയറ്റാം. എനിക്ക് ഉറപ്പുണ്ട് ഒരു ജോലിയൊക്കെ ആയിക്കഴിഞ്ഞാൽ ഇതുങ്ങള് നന്നായിക്കോളും. "
മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും മനസ് കൊണ്ട് ഭർത്താവിന്റെ തീരുമാനത്തോട് സാറാമ്മയും യോജിച്ചു കഴിഞ്ഞിരുന്നു.


ഭാഗം 4

ഇടവഴിയിലൂടെ ഓടിക്കയറി ജോസൂട്ടി മുകളിലെ റോഡിൽ എത്തി നിന്ന് കിതപ്പടക്കുമ്പോൾ സൈക്കിളിൽ ബോബി കയറ്റം കയറി വന്നു. അവനെ കാണാത്ത മട്ടിൽ മുന്നോട്ട് നീങ്ങുമ്പോൾ ഹാൻഡിലിൽ പിടിച്ചു ജോസൂട്ടി സൈക്കിൾ നിർത്തിച്ചു.
" വഴീന്ന് മാറടാ !" മുറുകിയ മുഖത്തോടെ ബോബി കൽപിച്ചു.
"എടാ ഞാൻ പറയുന്നത് നീയൊന്ന് കേൾക്കടാ... "
"നീ ഒരു കോപ്പും പറയണ്ട. നിന്റെ അപ്പന്റേം അമ്മച്ചീടെ മുന്നിൽ നാണം കെടുത്താൻ ആരുന്നോ നീ എന്നെ അങ്ങോട് ക്ഷണിച്ചേ. ആന്നോ. അതോ ചായ കുടിക്കാൻ നിവർത്തി ഇല്ലാത്തവനാണ് ഞാനെന്ന് കരുതീട്ടോ. നാട്ടിൽ ഉള്ളവരെയെല്ലാം ഉപദേശിച്ചു നേരെ ആക്കാൻ നിന്റെ അപ്പനാരാടാ മെത്രാനച്ചനോ. അതോ പള്ളി വികാരിയോ. എന്നാ ആന്നേലും അങ്ങേരോട് പോയി പറഞ്ഞേക്ക് റബ്ബർ വെട്ട് നിർത്തി നാളെ മുതൽ ളോഹ ഇട്ടിറങ്ങാൻ. ഒരു ഉപദേശി. ഭൂ !"
പറഞ്ഞു നിർത്തി ബോബി കിതച്ചു.
ഒരു നിമിഷം കഴിഞ്ഞാണ് ജോസൂട്ടി ശബ്ദിച്ചത്.
" കഴിഞ്ഞോ. ഇനി എനിക്ക് സംസാരിക്കാവോ? "
" എനിക്കൊരു പുണ്ണാക്കും കേൾക്കണ്ട . നീ വഴീന്ന് മാറിക്കോ ഇല്ലെങ്കിൽ ചവിട്ടി എടുത്തു ഞാൻ താഴെ തോട്ടത്തിൽ കളയും. "
ജോസൂട്ടിയുടെ മുഖഭാവം മാറി വരുന്നത് ബോബി കണ്ടു.
തുറിച്ച് ഒന്ന് നോക്കിയിട്ട് അവൻ സൈക്കിളിന്റെ മുന്നിൽ നിന്നും റോഡ് സൈഡിലേക്ക് ഒഴിഞ്ഞു മാറി നിന്നു.
അത് പേടിച്ചിട്ടല്ലെന്ന് ബോബിക്ക് നന്നായി അറിയാം.
ജോസൂട്ടി പിണങ്ങി കഴിഞ്ഞു.
അനുനയിപ്പിച്ചു പിണക്കം മാറ്റാനുള്ള മാനസികാവസ്ഥ അല്ലാത്തത് കൊണ്ട് അവൻ സൈക്കിൾ മുന്നോട്ട് ചവിട്ടി.
പക്ഷെ മുന്നോട്ടു നീങ്ങുതോറും നെഞ്ചിലൊരു കനം.
ജോസൂട്ടിയിൽ നിന്നും ദൂരം കൂടുന്നതിന് അനുസരിച്ചു ആ കനം കൂടി കൂടി താങ്ങാൻ പറ്റാതാവുന്നു.
ഒടുവിൽ രക്ഷയില്ലാതെ സൈക്കിൾ നിർത്തി അവൻ തിരിഞ്ഞു നോക്കി.
കൈകൾ നെഞ്ചിൽ പിണച്ചു വച്ചു തലകുമ്പിട്ട് വെടികുറ്റി പോലെ അകലെയായി ജോസൂട്ടി നിൽക്കുന്നുണ്ട്.
ബോബി സൈക്കിൾ തിരിച്ചു അവന്റെ മുന്നിൽ കൊണ്ട് ചെന്നു നിർത്തി.
" വാടാ. "
അനക്കമില്ല.
" എടാ വാ. വന്നു കേറാൻ. "
ബോബി സ്വരം കടുപ്പിച്ചു.
ജോസൂട്ടി മുഖം ഉയർത്തി നോക്കി.
" ഞാൻ പറയുന്നത് കേൾക്കാനുള്ള ക്ഷമ ഉണ്ടെങ്കിൽ മാത്രം. "
" ആ." അസഹ്യതയോടെ ബോബി സമ്മതിച്ചു.
ചിരിയോടെ ജോസൂട്ടി മുന്നോട്ട് വന്നു.
"സൈക്കിൾ ഞാൻ ചവിട്ടും. നീ ഇറങ്ങി പിന്നിലേക്ക് ഇരിക്ക്. "
ബോബി അനുസരിച്ചു.
മുന്നോട്ടു നീങ്ങുമ്പോൾ ജോസൂട്ടി പറഞ്ഞു.
" എടാ ബോബി നമുക്ക് ലില്ലിടെ കല്യാണം നടത്തണ്ടേ? "
"വേണം "
" നമ്മൾ എത്രയൊക്കെ തലകുത്തി മറിഞ്ഞാലും നീ പറയുന്ന ഒരു ലക്ഷം ഒറ്റയടിക്ക് ഒപ്പിക്കാൻ പറ്റുകേലെന്ന് നിനക്കും എനിക്കും നന്നായി അറിയാം. ആന്നെ ? എന്നാ പിന്നെ അപ്പൻ പറയുന്നത് കേട്ടാലെന്ന. വീടിന്റെ ആധാരം തരാൻ അപ്പൻ ഒരുക്കമാ ഒരേ ഒരു കരാർ മാത്രം നീ ജോലിക്ക് പോണം. അത് തല പോകുന്ന കേസൊന്നും അല്ലല്ലോ. മാത്രം അല്ല നീ ഒറ്റക്കല്ല നമ്മൾ ഒരുമിച്ചാ പോകുന്നേ. രണ്ടു പേരും കൂടി ജോലി ചെയ്തു മാസ അടവ് കൃത്യമായി അടക്കുന്നു. എന്നാടാ നടക്കത്തില്യോ .? "
" അതിപ്പോ നമുക്ക് നല്ലൊരു ജോലി ആര് തരും? "
" അതിനൊക്കെ വഴി കണ്ടിട്ടുണ്ട് നീ വാ . "
ചെമ്മൺ പാതയിലൂടെ സൈക്കിൾ ഓടി ചെന്നു നിന്നത് മെമ്പർ മാണി സാറിന്റെ വീടിന് മുന്നിൽ.
മെമ്പറുടെ മോൻ മുറ്റത്തിരുന്നു കളിക്കുന്നുണ്ട്.
" മക്കളെ അപ്പനില്ല്യോടാ " ജോസൂട്ടി വിളിച്ചു ചോദിച്ചു.
ചെറുക്കൻ ഉണ്ടെന്നു തലയാട്ടി.
" നീ ഇറങ്ങ്. "
പിന്നിലിരുന്ന ബോബിയോട് പറഞ്ഞിട്ട് സൈക്കിൾ സ്റ്റാൻഡിൽ നിർത്തി ജോസൂട്ടി മുറ്റത്തേക്ക് ചെന്നു.
" ഒന്ന് വിളിച്ചേടാ . "
ചെറുക്കൻ അകത്തേക്ക് ഓടി കയറി പോയി.
അല്പം കഴിഞ്ഞപ്പോ മാണിസാർ ഇറങ്ങി വന്നു.
" ജോസൂട്ടിയോ എന്നാടാ വിശേഷം? "
ജോസൂട്ടി തിരിഞ്ഞു ബോബിയെ കൂടി വിളിച്ചു ഒപ്പം നിർത്തി.
" ബോബിയും ഉണ്ടാരുന്നോ. രണ്ടു പേരും കൂടി രാവിലെ എന്നതാ പരിപാടി? "
ജോസൂട്ടി വിശദീകരിച്ചു.
" മെമ്പറ് അന്നൊരു ജോലി കാര്യം പറഞ്ഞില്ലായിരുന്നോ ഓട്ട് കമ്പനിയിലോ മറ്റോ. ആ ഒഴിവ് ഇപ്പോഴും ഉണ്ടോ ? "
" ആർക്കാ? "
" ഞങ്ങൾക്ക്. "
" അന്ന് ബോബിയല്യോ പറഞ്ഞെ ആ പണിക്ക് താല്പര്യം ഇല്ലെന്ന്. എന്നിട്ടിപ്പോ ? "
മെമ്പർ ബോബിക്ക് നേരെ വിരൽ ചൂണ്ടി ചോദിച്ചു.
" പിന്നീട് അതേ പറ്റി ഞങ്ങളാലോചിച്ചപ്പോൾ തോന്നി മെമ്പറു ഒരു കാര്യം പറഞ്ഞിട്ട് കേട്ടില്ലെങ്കിൽ അത് മോശമല്ലേന്ന്."
ബോബി ജാള്യത്തോടെ ചിരിച്ചു കൊണ്ട് തല ചൊറിഞ്ഞു.
" മതിയെടാ മതി. കൂടുതൽ ഐസ് ഇടാതെ. ഫാക്ടറി എന്റെ വക അല്ല തോന്നുമ്പോ കേറി ചെല്ലാൻ. കാവുമ്പാട്ടെ മാത്തച്ചൻ മുതലാളിടെയാ . നാല് മാസം മുമ്പല്യോ ഞാനിക്കാര്യം നിങ്ങളോട് പറയുന്നേ. അത് നിങ്ങളെയങ്ങു നന്നാക്കികളയാം എന്നുദ്ദേശിച്ച് മാത്രം അല്ല . നിന്റെ അപ്പൻ വർക്കിച്ചായൻ എന്റെ പിന്നാലെ നടന്നു പറഞ്ഞിട്ടാ. പിന്നെ നമ്മുടെ പിള്ളേരല്ലേ രക്ഷപെട്ടു പോകുന്നെങ്കിൽ അങ്ങ് പൊയ്ക്കോട്ടേന്ന് കരുതി. നിങ്ങൾക്ക് പറ്റില്ലാന്ന് പറഞ്ഞ കൊണ്ട് ഞാൻ വേറെ ആൾക്കാരെ ഏർപ്പാടാക്കി കൊടുത്തു. ഇനി വേക്കൻസി വല്ലതും ഉണ്ടോന്ന് അറിയാമ്പാടില്ല. "
" മെമ്പറ് ഒന്ന് വിളിച്ചു ചോദിക്ക്.. "
ജോസൂട്ടി അപേക്ഷിക്കുമ്പോലെ നോക്കി.
ഒന്ന് ചിന്തിച്ചിട്ട് മാണിസാർ പറഞ്ഞു .
" മം ശരി. ഞാനൊന്ന് വിളിച്ചു നോക്കട്ടെ."
അയാൾ അകത്തേക്ക് കയറി പോയി.
ബോബിയും ജോസൂട്ടിയും പറഞ്ഞാൽ മാണിസാർ എതിരഭിപ്രായം പറയില്ല.
കാരണം ഇലക്ഷൻ സമയത്ത് എന്തിനും കൂടെ നിൽക്കുന്നത് അവന്മാരാണ്.
മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ മെമ്പർ തിരിച്ചു വന്നു .
"മുതലാളി സ്ഥലത്തില്ല. ലക്ഷദീപിൽ പോയേക്കുവാ. അങ്ങേരുടെ ഭാര്യയാ ഫോൺ എടുത്തേ. ഫാക്ടറി കാര്യങ്ങൾ ഒന്നും അവർക്ക് അറിയാൻപാടില്ല. നാളെയോ മറ്റന്നാളോ അങ്ങേര് തിരിച്ചു വരും. എന്തായാലും വന്നിട്ട് ഞാനൊന്ന് ചോദിച്ചു നോക്കട്ടെ.. ശരി എന്നാ നിങ്ങള് വിട്ടോ. "
ചെറിയൊരു പ്രതീക്ഷയോടെ ഇരുവരും ഇറങ്ങി.

 



നീളമുള്ള തോട്ടിയുടെ തലക്കൽ കെട്ടി വച്ചിരുന്ന പിച്ചാത്തി ചക്കയുടെ കടക്കൽ ഇട്ട് താഴേക്കു ശക്തിയായി ലില്ലി വലിച്ചു.
രണ്ടാമത്തെ വലിയിൽ പിച്ചാത്തി കെട്ടൂരി നിലത്തു വീണു.
തോറ്റു കൊടുക്കാനൊന്നും ലില്ലി തയ്യാറല്ല.
വീണ്ടും അവൾ പിച്ചാത്തി തോട്ടിയിൽ വച്ചു കെട്ടി ഉയർത്തി.
അപ്പോഴാണ് ബോബിയും ജോസൂട്ടിയും കയറി വരുന്നത് കണ്ടത്.
" ഇച്ചായി ഒന്നിങ്ങോട്ട് വന്നേ. ഈ ചക്കയൊന്ന് കുത്തിയിട്ടേ . " അവൾ വിളിച്ചു പറഞ്ഞു.
" എടാ ജോസൂട്ടി നീ അങ്ങോട്ടൊന്നു ചെല്ലടാ." പിന്നിൽ വരുന്ന ജോസൂട്ടിയോട് നിർദേശിച്ചിട്ട് ബോബി കിണറ്റിൻ കരയിലേക്ക് ഓടി.
തിടുക്കത്തിൽ ബക്കറ്റിലേക്ക് വെള്ളവും എടുത്തു വീടിന് പിന്നിലെ കക്കൂസിലേക്ക് പാഞ്ഞു .
പെട്ടു പോയത് പോലെ ഒന്ന് പരുങ്ങി നിന്നിട്ട് ലില്ലിയുടെ മുഖത്തു നോക്കാതെ ജോസൂട്ടി വരിക്കപ്ലാവിന്റെ സമീപത്തേക്ക് ചെന്നു.
എപ്പോഴത്തെയും പോലെ അല്ല പെണ്ണിനെ കാണുമ്പോൾ പെരുമ്പറ പോലെ നെഞ്ചിടിപ്പേറുന്നു.
കൈകൾ വിറക്കുന്നുണ്ടോ?
ഉണ്ട്.
ജോസൂട്ടിക്ക് ആകെ ഒരു പരവേശം.
അത് ശ്രദ്ധിച്ചു ചുണ്ടുകൾ തമ്മിൽ കടിച്ചു പിടിച്ചു ലില്ലി ചിരി അടക്കി.
അവളെ നോക്കാതെ അവൻ തോട്ടിയ്ക്ക് നേരെ കൈ നീട്ടി.
കൈ വായുവിൽ പരതി കിട്ടാത്തത് കൊണ്ട് നോക്കുമ്പോൾ പെണ്ണ് കുസൃതി ചിരിയോടെ തോട്ടി മാറ്റി പിടിച്ചു നിൽക്കുന്നു.
കനത്ത മുഖത്തോടെ അവൻ ബലമായി തോട്ടി പിടിച്ചു വാങ്ങി മുകളിലേക്ക് ഉയർത്തി ചക്കയുടെ കടക്കൽ പിച്ചാത്തി കുടുക്കാനുള്ള ശ്രമം തുടങ്ങി.
" എന്നാ തീരുമാനിച്ചു? "
ലില്ലി പതിയെ ചോദിച്ചു.
ഏത് നിമിഷവും അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം വരുമെന്ന് പ്രതീക്ഷിച്ചു നിന്നത് പോലെ അവൻ അവളുടെ നേരെ തിരിഞ്ഞു.
" നിനക്കിത് എന്തിന്റെ കേടാ ലില്ലി .ഏ..? അല്ല എനിക്ക് അറിയാന്മേലാഞ്ഞാ ചോദിക്കുന്നെ... "
അവന്റെ ഭാവമാറ്റം കണ്ടു ലില്ലി മിഴികൾ വിടർത്തി നോക്കി.
പിന്നെ ഗൂഢമായി ചിരിച്ചു കൊണ്ട് ചോദിച്ചു.
" ഒരാളെ ഇഷ്ടപ്പെടുന്നത് എന്തെങ്കിലും കേട് വന്നിട്ടാണോ ? "
" എടി ഞാൻ നിന്റെ ഇച്ചായിയുടെ അടുത്ത കൂട്ടുകാരനല്ലേ...അങ്ങനൊരു ചിന്ത നിനക്ക് വേണ്ടേ . കുഞ്ഞുനാൾ മുതൽ ഞങ്ങൾ ഒരുമിച്ചു കളിച്ചു വളർന്നവരാ. "
അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി അവൾ അലസ മട്ടിൽ പറഞ്ഞു.
" ആ ഞാൻ നോക്കിയിട്ട് ആ ഒരു കുറവ് മാത്രേ ജോസൂട്ടിയിൽ കാണുന്നുള്ളൂ...ഇല്ലെങ്കിലെ പണ്ടേ ജോസൂട്ടി രക്ഷപെട്ടേനേ... "
"എന്നാ ? " മനസിലാവാത്ത മട്ടിൽ അവൻ മിഴി കൂർപ്പിച്ചു.
അവനെ ആകെയൊന്ന് നോക്കിയിട്ട് ലില്ലി തുടർന്നു.
"എന്റെ പോന്നു ജോസൂട്ടി... ഒരു പെണ്ണ് കൂടെ ഉണ്ടെങ്കിൽ ജീവിതം കളർ ആവും അത് ഇതുവരെ ഇയാൾക്ക് അറിയാന്മേലെ? ഇല്ലെങ്കിലേ ഇതിങ്ങനെ അവാർഡ് പടം പോലെ ഓടിക്കൊണ്ടിരിക്കത്തേ ഉള്ളൂ ."
" നീ എന്റെ മുഖത്തോട്ട് തറോ ആയിട്ട് ഒന്ന് നോക്കിക്കേ. ഇഷ്ടപെടുന്നുണ്ടോ. എന്റെ കളറ് നോക്ക് നിനക്ക് മാച്ചാവുന്നുണ്ടോ. ഇനി പറ. "
" എന്റെ ഭർത്താവായിട്ടു വരുന്ന ആൾക്ക് ഇത്രയും സൗന്ദര്യമൊക്കെ മതി. പോരാന്നു ആർക്കെങ്കിലും തോന്നുണ്ടെങ്കിലെ അവരോട് പോയി പണിനോക്കാൻ ഞാൻ പറയും. "
ജോസൂട്ടിക്ക് ഉത്തരം മുട്ടി.
" കഴിഞ്ഞോ? "
ഇടുപ്പിൽ കൈകുത്തി നിന്ന് ലില്ലി ചോദിച്ചു.
അവന്റെ മുഖഭാവം കണ്ടു ചിരി അടക്കാൻ അവൾ ശരിക്കും പാട്പെടുന്നുണ്ടായിരുന്നു.
" എന്നേം ബോബിയെം തമ്മിലടിപ്പിച്ചു തല കീറിക്കാനാണോ നീ തയ്യാറെടുക്കുന്നെ? "
" ഇച്ചായിക്ക് ജോസൂട്ടിയെ ഭയങ്കര ഇഷ്ടമാ അതുകൊണ്ട് തല്ലാനും തല കീറാനൊന്നും നിൽകുകേല "
" ഇതറിയുമ്പോ ആ ഇഷ്ടം ഒന്നോടെ തീർന്നോളും"
" ജോസൂട്ടി ഒരാണല്ലേ എന്നാത്തിനാ ഇങ്ങനെ പേടിക്കുന്നേ ? "
" പേടി ഒന്നും അല്ല. അവന്റെ സൗഹൃദം നഷ്ടപ്പെടുന്നത് എനിക്ക് താങ്ങാൻ പറ്റത്തില്ല. "
"അപ്പൊ എന്റെ ഇഷ്ടത്തിന് ഒരു വിലയും കൊടുക്കുന്നില്ലേ ? "
" അവൻ കഴിഞ്ഞിട്ടേ എനിക്കെന്റെ അമ്മച്ചി പോലും ഉള്ളു. നിന്നെ കുറിച്ച് അവനു എന്ത് വേവലാതി ആണെന്ന് അറിയോ. നിനക്ക് വേണ്ടീട്ടാ അവൻ ഈ നിലംതൊടാതെ ഓടുന്നെ."
" എങ്ങോട്ട്. ഓടുന്നേന്നാ കക്കൂസിലോട്ടോ ? "
" നിനക്കിതൊക്കെ തമാശയാ. അവന്റെ വിഷമം അവനു മാത്രേ അറിയൂ. ഇപ്പൊ തന്നെ നോക്ക് അവൻ എന്റെ അപ്പനോട് വീടിന്റെ ആധാരം ചോദിച്ചിട്ട് വരുവാ. ബാങ്കിൽ വച്ചു ലോണെടുത്ത് നിന്റെ കല്യാണം നടത്താൻ. "
" ജോസൂട്ടി നല്ലൊരു കൂട്ടുകാരനേ അല്ല ആയിരുന്നെങ്കിൽ അപ്പൊ തന്നെ പറഞ്ഞേനെ നീ ഇങ്ങനെ വിഷമിച്ചോടേണ്ട ബോബി... നിന്റെ പെങ്ങളെ ഇങ്ങ് തന്നേരെ ഞാൻ പൊന്നു പോലെ നോക്കിക്കോളാന്ന്."
ജോസൂട്ടി മിണ്ടിയില്ല.
ഇനി ഇവളോട് എന്ത് പറയാൻ ?
അവൻ ചക്ക കുത്തി ഇടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
അത് നോക്കി നിന്നിട്ട് ലില്ലി പറഞ്ഞു.
" എന്റെ കല്യാണം നടത്താനായിട്ട് കൂട്ടുകാരന്റെ ഒപ്പം നിലം തൊടാതെ ഓടുമ്പോൾ ജോസൂട്ടി ഒരു കാര്യം കൂടി മനസ്സിൽ കുറിച്ചിട്ടോ. കല്യാണത്തിന് പള്ളീലോട്ടെടുക്കുന്നത് എന്റെ ശവം ആയിരിക്കും. ഈ വരിക്കqപ്ലാവേൽ ഞാൻ തൂങ്ങി ആടുന്നത് ജോസൂട്ടി കാണും. നോക്കിക്കോ. "
ആ സമയം ചക്ക പൊട്ടി നിലത്തു വീണു.
ജോസൂട്ടി ഞെട്ടി പകച്ചു അവളെ നോക്കി.
" നീ എന്നാ പോഴത്തരമാടി ഈ പറയുന്നേ ? "
"മാതാവാണെ സത്യം എന്റെ കൂടെ നിന്നില്ലെങ്കിൽ ഞാനത് ചെയ്തിരിക്കും. "
നിലത്തു വീണു കിടന്ന ചക്കയുമെടുത്തു ലില്ലി അടുക്കള ഭാഗത്തേക്ക് നടന്നു പോയി.
ഒരു തീപ്പൊരിയാണ് താൻ ജോസൂട്ടിയുടെ മനസിലേക്ക് കോരിയിട്ടതെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.
ആ കനൽ കാറ്റൂതുമ്പോലെ അവന്റെ മനസ്സിൽ കിടന്നു ആളിക്കത്താൻ തുടങ്ങി.

 



"............നന്മ നിറഞ്ഞ മറിയമേ സ്വസ്തി...
കർത്താവെ നിന്നോട് കൂടെ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളാകുന്നു.
അങ്ങയുടെ ഉദരത്തിൽ ഫലമായ യേശു അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ,
പാപികളായ ഞങ്ങൾക്ക് വേണ്ടി
എപ്പോഴും ഞങ്ങളുടെ മരണസമയത്തും
തമ്പുരാനോട് അപേക്ഷിക്കേണമേ...
ആമേൻ. "
അമ്മയോടൊപ്പം സന്ധ്യപ്രാർത്ഥന ചൊല്ലി കഴിഞ്ഞു ലില്ലി എണീറ്റു അടുക്കളയിലേക്ക് ചെന്നു.
അടുപ്പിനു മുകളിൽ തൂക്കിയ ഉറിയിൽ നിന്നും നാലഞ്ച് ഉണക്കമീൻ എടുത്തു വെള്ളത്തിലേക്ക് ഇട്ടു.
അതെല്ലാം നുള്ളി കഴുകി മൂന്നാല് പച്ചമുളകും കീറിയിട്ട് ചേർത്ത് വറുത്തെടുത്തു വച്ചിട്ട് അമ്മയെ അത്താഴം കഴിക്കാനായി വിളിക്കാൻ ചെല്ലുമ്പോൾ പെണ്ണമ്മ പുറത്തേക്കുള്ള വാതിലിൽ റോഡിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു.
കുറച്ചു നേരം നിന്ന് അവൾ അത് വീക്ഷിച്ചു.
പിന്നെ ചിരിയിൽ ചോദിച്ചു.
" അമ്മച്ചി... ഇതാരെയായീ നോക്കുന്നെ? "
" ഓ ആരേം ഇല്ലടി. "
പെണ്ണമ്മ തിടുക്കത്തിൽ നോട്ടം മാറ്റി.
"എനിക്കറിയാം "
ലില്ലി അർത്ഥംവച്ചു ചിരിച്ചു.
" എന്നാ അറിയാന്ന് ? "
പെണ്ണമ്മ മുഖം കൂർപ്പിച്ചു.
" എനിക്ക് മനസിലായി... അപ്പനെ അല്ല്യോ ഈ നോക്കുന്നെ? "
" പിന്നേ... കുടിച്ചു കൂത്താടി അതിയാൻ കേറി വരുന്നത് കാണാഞ്ഞിട്ട് എനിക്കിവിടെ ഇരിക്ക പൊറുതി ഇല്ലാണ്ടിരിക്കുവല്ലേ . ഒന്ന് പോയെടി "
മകൾക്ക് മുഖം കൊടുക്കാതെ അവർ മുറിയിലേക്ക് കയറി പോയി.
ലില്ലി ചെല്ലുമ്പോൾ പെണ്ണമ്മ തഴപായിൽ ഭിത്തിക്ക് നേരെ തിരിഞ്ഞു കിടപ്പാണ്.
ഒരു നിമിഷം നോക്കി നിന്നിട്ട് അവളും ഒപ്പം പറ്റി ചേർന്ന് കിടന്നു.
അവരുടെ വയറിലൂടെ വട്ടം ചുറ്റി പിടിച്ചു.
"അമ്മച്ചീ... "
" എന്നാടി? "
" അമ്മച്ചി എന്നാത്തിനാ ഇങ്ങനെ വിഷമിക്കുന്നെ. അപ്പനിങ്ങ് വരുകേലെ..."
ഒരു നിമിഷം മിണ്ടാതെ കിടന്നിട്ട് അവളെ നോക്കാതെ അവർ പതിയെ പറഞ്ഞു.
" എന്നാലും ഇത്രേം ദൂരം വരെ പോകുമ്പോ എന്നോടൊന്ന് പറഞ്ഞിട്ട് പോകാൻമേലെ..."
" അപ്പൻ പോകുമ്പോ അമ്മച്ചി ഇവിടെ ഇല്ലാഞ്ഞിട്ടല്യോ..."
മറുപടി ഇല്ല.
പകരം ഒരു ദീർഘ നിശ്വാസം കേട്ടു.
" അമ്മച്ചി എണീറ്റ് വന്നേ . നമുക്ക് അത്താഴം കഴിക്കാം"
" ഓ എനിക്ക് വേണ്ടടി. "
" പിന്നെന്നാത്തിനാ ഞാൻ ഉണക്കമീനൊക്കെ വറുത്തു വച്ചേ. മീന്റെ മണം ഇല്ലാണ്ട് അമ്മച്ചിക്ക് ചോറ് ഇറങ്ങുകേലെന്ന് പറഞ്ഞിട്ടല്ല്യോ. "
" എനിക്ക് വിശപ്പില്ല. നീ പോയി കഴിച്ചോടി . ബാക്കി ചെറുക്കനും വച്ചേര്. "
"അമ്മച്ചിക്ക് വേണ്ടെങ്കി എനിക്കും വേണ്ട."
ഒന്നൂടെ ഒന്ന് ഇറുകെ ചുറ്റി പിടിച്ചിട്ട് ലില്ലി പെണ്ണമ്മയുടെ കഴുത്തിലെ ചൂടിലേക്ക് മുഖം ചേർത്ത് വച്ചു.


ഭാഗം 5

ഷാപ്പിൽ നിന്നും അവറാച്ചൻ പുറത്തേക്ക് ഇറങ്ങി വരുമ്പോഴാണ് ബോബിയും ജോസൂട്ടിയും ചെല്ലുന്നത്.
അയാളെ കണ്ട് ബോബി മുന്നിലേക്ക് കയറി നിന്നു.
" അച്ചായോ അവിടൊന്നു നിന്നേ . അങ്ങനങ്ങ് പോയാലോ. "
അവറാച്ചൻ നിന്നു." എന്നാടാ ? "
"എന്താ ബോബി? " കൂടെ ഉണ്ടായിരുന്ന ആളും ഒപ്പം ചോദിച്ചു.
" ഏയ്.... ബേബിച്ചായൻ പൊക്കോ. ഞങ്ങൾ കുറച്ചു കുടുംബകാര്യം പറയേണ്. "
അയാൾ നടന്നു നീങ്ങിയപ്പോൾ ബോബി തുടർന്നു.
" അതേ അവറാച്ചായോ ഈ ആണുങ്ങൾ തമ്മിലുള്ള കുലുക്കി കുത്തിനൊക്കെ വീട്ടിലിരിക്കുന്ന കൊച്ചു പിള്ളേരെയൊക്കെ കൂട്ടിപിടിപ്പിക്കുന്നത് എന്നാത്തിനാ. വായിൽ മുലപ്പാല് മണക്കുന്ന പിള്ളേരെ ഒക്കെ വട്ടകമ്പും വേലി പത്തലും ഒക്കെ ആയിട്ട് തല്ലിനും വഴക്കിനും പറഞ്ഞു വിടുന്നത് വെറും നാറിയ പണി അല്ലിയോ. അമ്മാതിരി തന്തയില്ലായ്മ ഇനി ബോബിടെ മേത്തോട്ടിറക്കരുത് . കേട്ടല്ലോ. ഇറക്കിയാൽ താൻ നാട്ടുകാരുടെ മുന്നിൽ കിടന്നു ഇടി കൊണ്ട് തൂറും. അതോർമ്മിച്ചു വേണം ഇങ്ങോട് മുട്ടാൻ. ?"
സംസാരം കേട്ട് ആളുകൾ ശ്രദ്ധിക്കാനും ചുറ്റിനും കൂടാനും തുടങ്ങി.
" എന്നാടാ നീയെന്നെ പേടിപ്പിക്കണേണാ. ഒന്ന് പൊയ്ക്കേണ്ട്രാർക്കാ അവിടുന്ന്. "
പുച്ഛത്തോടെ പറഞ്ഞിട്ട് അയാൾ ബോബിയുടെ തോളിൽ പിടിച്ചു തള്ളി.
പ്രതീക്ഷിക്കാത്ത നീക്കത്തിൽ ബോബി പിന്നോട്ടാഞ്ഞു.
പെട്ടന്ന് മുന്നോട്ട് കയറി ജോസൂട്ടി അവറാച്ചന്റെ കവിളടച്ചോന്ന് പൊട്ടിച്ചു.
അടിയുടെ ആയത്തിൽ അയാൾ അലച്ചു നിലത്തേക്ക് വീണു പോയി.
" ചെറ്റത്തരം കാണിച്ചിട്ട് നിന്ന് മൂപ്പിക്കുന്നാ ഊളെ ! "
" എന്താടാ ജോസൂട്ടി? "
"എന്നാ ബോബി പ്രശ്നം? "
" ആരെലും അയാളെയൊന്ന് പിടിച്ചെണീൽപ്പിക്ക്. "
ചുറ്റിനും കൂടിയവരുടെ ഒച്ച പല രീതിയിൽ മുഴങ്ങി.
നിലത്തു വീണു കിടക്കുന്ന അവറാച്ചന്റെ മുഖത്തിന് നേരെ വിരൽ ചൂണ്ടി ജോസൂട്ടി ഓർമിപ്പിച്ചു.
" താൻ കൊട്ടേഷന്റെ ആളല്ലേ. ആണാണെങ്കിൽ ഈ ചെയ്തതിനു താൻ ആളെ ഇറക്കി ബദൽ ചെയ്. മീശ മുളക്കാത്ത പിള്ളേരെ അല്ല. നല്ല നട്ടെല്ല് മുറ്റിയ ചട്ടമ്പികളെ. ഇല്ലെങ്കിൽ തനിക്കൊരു പട്ടാളക്കാരൻ മോനുണ്ടല്ലോ. ആ ഊളയെ ഇങ്ങോട്ട് പറഞ്ഞു വിട് ഞങ്ങൾക്കിട്ട് ഒണ്ടാക്കാൻ. കേട്ടോടാ... അവറാച്ചാ !"
പിന്നെ തിരിഞ്ഞു ബോബിയെ വിളിച്ചിട്ട് അവൻ ഷാപ്പിലേക്ക് നടന്നു.
"കിടന്നു ചീയാതെ എണീച്ചു പോടോ... " അവജ്ഞയോടെ പറഞ്ഞിട്ട് ബോബിയും ജോസൂട്ടിയുടെ പിന്നാലെ ചെന്നു.
ആരൊക്കെയോ ചേർന്ന് അവറാച്ചനെ പിടിച്ചെണീൽപ്പിച്ചു.
" എന്നാ അവറാച്ചോ. അവന്മാരുമായിട്ട് എന്നതാ പ്രശ്നം? "
ചോദ്യങ്ങൾക്ക് മറുപടി പറയാതെ കവിളിൽ കൈ ചേർത്ത് പിടിച്ചു അവറാച്ചൻ നിന്ന് പല്ല് ഞരിച്ചു.
അയാളുടെ ഉള്ള് തിളച്ചു മറിയുന്നത് ആരും കണ്ടില്ല.

 



വർഗീസ് മാപ്ലയുടെ വിളി കേട്ടാണ് പെണ്ണമ്മ കണ്ണ് തുറന്നത്.
വാതിലിൽ മുട്ടുന്ന ഒച്ചയും കേൾക്കുന്നു.
അവർ ഉരുണ്ടു പിരണ്ട് എണീറ്റു.
മുറിയിലെ ലൈറ്റിട്ടു.
ലില്ലി മൂടി പുതച്ചു നല്ല ഉറക്കം.
അവർ മുൻവശത്തെ മുറിയിലെ ലൈറ്റ് തെളിച്ചിട്ട്
പുക കറയേറ്റു നിറം മങ്ങിയ ക്ളോക്കിലേക്ക് നോക്കുമ്പോൾ മൂന്നു മണി.
ചെന്നു വാതിൽ തുറന്നു.
പുറത്തു ആരെയും കാണാനില്ല.
ഇനി തോന്നിച്ചതാണോ?
ആ വിളി വ്യക്തമായി കേട്ടതാണല്ലോ.
അവർ ഒരിക്കൽ കൂടി വാതിൽ പടിയിൽ നിന്ന് ചുറ്റിനും കണ്ണോടിച്ചു.
ദൂരെ എവിടെയോ പട്ടികളുടെ നിർത്താതെയുള്ള ഓരിയിടൽ കേൾക്കുന്നുണ്ടായിരുന്നു.
എവിടെ നിന്നെന്നറിയാതെ ഒരു ഭയം പെണ്ണമ്മയെ വന്നു പൊതിഞ്ഞു.
തിടുക്കത്തിൽ അവർ അകത്തേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടിട്ട് ബോബിയുടെ മുറിയിലേക്ക് ചെന്നു.
അവൻ കൂർക്കം വലിച്ചു സുഖമായി ഉറങ്ങുന്നു..
" ബോബി...എടാ ബോബി... "
അവർ തട്ടി വിളിച്ചു.
അവൻ ഞെരങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു.
" കള്ളും കുടിച്ചു വന്നേച്ചു പോത്ത് പോലെ കിടന്നുറങ്ങേണ് ശവം. "
അവർ വീണ്ടും തിരിച്ചു മുറിയിലേക്ക് വന്നു.
" ലില്ലി എണീറ്റേടി ഇങ്ങോട് "
അവൾ കണ്ണ് തിരുമി കൊണ്ട് മുഖം ചുളിച്ചു നോക്കി
" എന്നതാ അമ്മച്ചി. "
" നീയൊന്ന് എണീറ്റു വന്നേ. നിന്റെ അപ്പൻ ദേണ്ടെ വാതിലിൽ തട്ടി വിളിക്കുന്നു. "
" അമ്മച്ചി പോയി വാതിൽ തുറന്നു കൊടുക്ക് "
" നീ ഇങ്ങോട്ടൊന്ന് വാടി. "
അവർ അവളെ പിടിച്ചെണീൽപ്പിച്ചു.
ഉറക്കം നഷ്ടപെട്ട ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുത്തു മുടി വാരി കെട്ടി വച്ചു കൊണ്ട് അവൾ അവരുടെ പിന്നാലെ ചെന്നു.
പെണ്ണമ്മ മുൻ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.
" ഇവിടെങ്ങും ആരുമില്ല. അമ്മച്ചിക്ക് വെറുതെ തോന്നിയതാവും. "
വാതിൽ പടിയിൽ ചാരി നിന്ന് അവൾ തല ചൊറിഞ്ഞു.
" അല്ലടി. ഞാൻ കേട്ടതാ. നീ വന്നേ. "
അവർ റോഡ് സൈഡിലേക്ക് ചെന്നു ചുറ്റിനും നോക്കി.
ലില്ലി മുറ്റത്തേക്ക് ഇറങ്ങി നിന്നു.
" വന്നിട്ടുണ്ടെങ്കിൽ അപ്പനിങ്ങനെ ഒളിച്ചു കളിക്കോ. അമ്മച്ചി ഇങ്ങോട് വന്നേ. മുതു പാതിരായ്ക്ക് ഓരോ തോന്നിപ്പിക്കലുകള്. "
" ഞാൻ വ്യക്തമായി കേട്ടതാടി "
" കേട്ടെങ്കിൽ പിന്നെ അപ്പനെന്താ മാഞ്ഞു പോയോ ? അമ്മച്ചി സ്വപ്നം കണ്ടതായിരിക്കും . ഇങ്ങ് കേറിപ്പോരെ "
അവൾ തിരിച്ചു നടന്നു.
" അതെങ്ങനെ ആണായിട്ട് ഒരുത്തൻ ഈ വീട്ടിൽ ഉള്ളത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടോന്ന് നോക്ക് . ഇത്തിരി വെള്ളം തിളപ്പിച്ച് നാശത്തിന്റെ തലവഴി ഒഴിച്ച് കൊടുക്കണം "
പെണ്ണമ്മ അകത്തേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു.
"പുളിച്ച നാറ്റം കാരണം ആ മുറിയിലോട്ട് കേറാൻമേല. നേരം ഒന്ന് വെളുക്കട്ട്. അവന്റെ അവസാനം ആണ്. "
പ്രധാന മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു അവർ കിടപ്പ് മുറിയിലേക്ക് വന്നു.
ലില്ലി കിടന്നു കഴിഞ്ഞിരുന്നു.
" എന്നാലും പിന്നെ അതാരാടി വന്നു വിളിച്ചേ ? "
" പിന്നെ വന്നു...അമ്മച്ചി ലൈറ്റണച്ച് കിടക്കാൻ നോക്ക്. "
അവൾ പുതപ്പ് തലവഴി മൂടി.



കൂട് തുറന്നു കോഴികളെ മൊത്തം പുറത്തിറക്കി തലേന്നത്തെ എച്ചിലും പഴഞ്ചോറും എല്ലാംകൂടി അവറ്റക്ക് കുഴച്ചിട്ട് കൊടുത്തിട്ട് ലില്ലി മുൻ വശത്തേക്ക് ചെന്നു.
മുറ്റമടിച്ചു തീരാറായപ്പോഴേക്കും ഒരു ഗ്ലാസ് കട്ടനും മോത്തികുടിച്ചു കൊണ്ട് ബോബി തിണ്ണയിൽ വന്നിരുന്നു.
ചൂലിന്റെ മൂട് കയ്യിൽ തട്ടി ഉറപ്പിച്ചു കൊണ്ട് അവൾ അവനെ നോക്കി.
" ഇന്നല രാത്രി ഇവിടെ നടന്ന കാര്യങ്ങൾ വല്ലതും ഇച്ചായി അറിഞ്ഞോ? "
" എന്നാടി? "
" രാത്രി അപ്പൻ വന്നു കതകിൽ തട്ടീന്ന് പറഞ്ഞിട്ട് അമ്മച്ചി എന്നാ പുകിലായിരുന്നു. "
ബോബി ചിരിച്ചു.
" കുറേ വർഷങ്ങൾ കൂടി പോകുന്നതല്ലേ . അപ്പൻ ഹക്കീം മുതലാളിയുടെ ഒപ്പം കള്ളും കോഴിയും ഒക്കെ ആയിട്ട് അവിടെ സെറ്റായി കാണും."
"അപ്പൻ കോഴിക്കോട് പണിക്ക് പോയതായി എനിക്ക് ഒരു ഓർമ പോലും ഇല്ല "
" നീ അന്ന് തീരെ കുഞ്ഞാ. ഓർമ്മ കാണുകേല. കല്ലായിൽ ആയിരുന്നു ഹക്കീം മുതലാളിയുടെ തടി മില്ല്. "
" ഇച്ചായി പോയിട്ടുണ്ടോ അവിടെ? "
" ഇല്ലടി. അപ്പൻ പറഞ്ഞ ഓർമയെ ഉള്ളു. അത്രയും തൊഴിലാളികളുടെ ഇടക്ക് അപ്പനെ ആയിരുന്നു അന്ന് മുതലാളിക്ക് കൂടുതൽ ഇഷ്ടം. നിലമ്പൂര് കാട്ടിനുള്ളിൽ നിന്നും മരം മുറിച്ച് അത് ചങ്ങാടം പോലെ കൂട്ടികെട്ടി ചാലിയാർ പുഴയിലൂടെ കല്ലായിലേക്ക് കൊണ്ട് പോകുന്നതൊക്കെ സിനിമ കഥ പോലെ അപ്പൻ പറയുന്ന കേട്ടിട്ടുണ്ട്. "
" ഓ അപ്പനൊരു സംഭവം ആരുന്നല്ലേ. എന്നിട്ടാ അമ്മച്ചിയുടെ ആട്ടും തുപ്പും കൊണ്ട് പൊട്ടനെ പോലെ ഇവിടൊക്കെ നടന്നേ . അത്രേം നല്ല മുതലാളി അവിടെ ഉണ്ടായിട്ടും അപ്പനെന്നാ പിന്നങ്ങോട് പണിക്ക് പോവാഞ്ഞെ? "
" അത് മാത്രം അമ്മച്ചി ചോദിക്കുമ്പോൾ അപ്പൻ എണീറ്റു പൊയ്ക്കളയും. "
" ഇനി അപ്പനവിടെ ആരേലുമായി അടി ആക്കീട്ട് ചാടി പോന്നതാവോ ? "
" അറിയത്തില്ല. അപ്പന്റെ സ്വഭാവം വച്ചിട്ട് ആ ഒരു സാധ്യത ഉണ്ട്. "
അവൾ വീണ്ടും മുറ്റമടിക്കാൻ തുടങ്ങി. "ഒരുമിച്ചിരിക്കുമ്പോ എന്നാ പുകിലാ രണ്ടും. ഒരു ദിവസം അപ്പനങ്ങ് മാറിയപ്പോഴേക്കും അമ്മച്ചി ആകെ ഓഞ്ഞു. "
" നീ നോക്കിക്കോ. ഉച്ച ആവുമ്പഴേക്കും അപ്പനിങ്ങെത്തും. അമ്മച്ചിയെ കാണാതേം മിണ്ടാതേം അപ്പനങ്ങനെ മാറി നിൽക്കാൻ ഒക്കുകേല. "
ബോബി എണീറ്റ് കിണറ്റിൻ കരയിലേക്ക് നടന്നു.

 



വൈകുന്നേരം ജോലി കഴിഞ്ഞു വരുന്നവഴിക്ക് പള്ളി കവലയിൽ നിന്നും പെണ്ണമ്മ കുറച്ചു മത്തി വാങ്ങി വന്നു.
കുളി കഴിഞ്ഞു കഴുകിയ തുണികൾ വെള്ളത്തിൽ മുക്കിപിഴിയുകയായിരുന്നു ലില്ലി .
അവളെ ശ്രദ്ധിക്കാതെ അവർ അകത്തേക്ക് കയറി പോയി.
വേഷം മാറി വന്നു മീൻ വൃത്തിയാക്കാൻ ഇരുന്നപ്പോഴേക്കും ലില്ലി തുണി അയയിൽ വിരിച്ചു കഴിഞ്ഞിരുന്നു.
ബക്കറ്റിലെ വെള്ളം കളഞ്ഞു കിണറ്റുകരയിൽ കൊണ്ട് വച്ചിട്ട് അവൾ അടുത്തേക്ക് ചെന്നു.
" അമ്മച്ചി എണീറ്റോ. ഞാൻ കണ്ടിച്ചോളാം.... "
കേട്ടഭാവം നടിക്കാതെ പിച്ചാത്തി ചട്ടിയുടെ വക്കിൽ ഉരച്ചു മൂർച്ച വരുത്തിയിട്ട് അവർ ജോലി തുടർന്നു.
രംഗം അത്ര പന്തി അല്ലെന്ന് ലില്ലിക്ക് തോന്നി.
ആ മീൻ മുറിക്കുമ്പോഴുള്ള വേഗത കാണുമ്പോഴേ അറിയാം.
ആരോടോ ഉള്ള വാശി തീർക്കുമ്പോലെ.
അമ്മച്ചിയുടെ മനസ്സിൽ എന്തോ കിടന്നു തിളച്ചു മറിയുന്നുണ്ട്.
ഇനി സംസാരിക്കാൻ നിന്നാൽ മീൻ വെള്ളം എടുത്തു അവർ മുഖത്തൊഴിക്കുമെന്ന് ഉറപ്പ്.
അവൾ അടുക്കളയിലേക്ക് കയറി കറിക്കുള്ള അരപ്പിന് വേണ്ടുന്ന തേങ്ങ പൊട്ടിക്കാൻ തുടങ്ങി.
ഇടയ്ക്കിടെ അടുക്കളവാതിലിലൂടെ അവൾ മീൻ കണ്ടിക്കുന്ന പെണ്ണമ്മയെ വീക്ഷിക്കുന്നുണ്ടായിരുന്നു.
അമ്മച്ചിയോട് സംസാരിക്കാഞ്ഞിട്ട് എന്തോ ഒരു വീർപ്പുമുട്ടൽ പോലെ.
തേങ്ങ ചിരകുന്നത് നിർത്തി വച്ചിട്ട് അവൾ വാതിൽക്കലേക്ക് ചെന്നു.
പിന്നെ വേണ്ടെന്ന് വച്ച് തിരികെ വന്നു ജോലി തുടർന്നു.
അപ്പോഴേക്കും പെണ്ണമ്മ വൃത്തിയാക്കിയ മീനുമായി കയറി വന്നു.
ഉള്ളിയുടെ പുറംതൊലി കളയുന്നതിനിടയിൽ എന്തും വരട്ടെ എന്ന് കരുതി ലില്ലി പറഞ്ഞു.
" അപ്പനെ ഇതുവരെ കണ്ടില്ലല്ലോ അമ്മച്ചി. "
" കണ്ടില്ലെങ്കിൽ കാണണ്ട. അതിയാനെ കാണാഞ്ഞിട്ട് ഇവിടെ ആർക്കും ഉറക്കം വരായ്കയൊന്നുമില്ല. "
എടുത്തടിച്ചത് പോലെയുള്ള മറുപടി.
മീൻ ചട്ടി അടുപ്പ് പാതകത്തിന് മീതെ വച്ചിട്ട് അവർ അകത്തേക്ക് പോയി.
" രക്ഷപെട്ടു പോയതാ. എനിക്കറിയാം. ഇവിടെ നിന്നാലെ ഉത്തരവാദിത്തങ്ങൾ ഒരുപാട് എടുത്തു തലയിൽ വെക്കേണ്ടി വരും. ഇതാവുമ്പോ ഒന്നും അറിയേണ്ടല്ലോ. എവിടെ വേണേലും പൊക്കോട്ടെ. ഇവിടെ ആർക്കാ സങ്കടം ? ആർക്കുമില്ല... "
കുളിച്ചിട്ട് മാറാനുള്ള തുണിയുമായി അവർ ഇറങ്ങി വന്നു.
അടുക്കള വാതിലിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്ന് ലില്ലി കേൾക്കാൻ പാകത്തിന് പറഞ്ഞു.
" കല്യാണം കഴിഞ്ഞു പിറ്റേന്ന് മുതൽ ജോലിക്കിറങ്ങിയതാ പെണ്ണമ്മ. ആരെയും വക കണ്ടല്ല ഇത്രയും നാളും ജീവിച്ചത്... ഇനി മരിക്കും വരെ അങ്ങനെ തന്നെ ആയിരിക്കും. പോകുന്നവരൊക്ക പൊയ്ക്കോട്ടടി... എന്നെ തോൽപ്പിക്കാമെന്ന് ആരും കരുതണ്ട. പെണ്ണമ്മ അങ്ങനെ തോൽക്കേമില്ല. "
ആരോടൊക്കെയൊ ഉള്ള ദേഷ്യം അവരുടെ വാക്കുകളിൽ നുരയുന്നുണ്ടായിരുന്നു.
ലില്ലി എന്തെങ്കിലും പറയുമെന്ന് കരുതീട്ടോ അവർ ഒരുനിമിഷം കൂടി നിന്നു.
പിന്നെ മറപുരയിലേക്ക് നടന്നു.
അവർ പോകുന്നത് നോക്കി നിന്നിട്ട് ലില്ലി തിരിഞ്ഞു തന്റെ ജോലി തുടർന്നു.

 



ബോബി അന്ന് നേരത്തെ എത്തി.
പെണ്ണമ്മ മുൻവശത്തെ പ്രധാന മുറിയിലും ലില്ലി അതിനോട് ചേർന്ന് അടുക്കളയിലേക്കുള്ള വാതിലിന് അടുത്തും ഇരുന്നു അത്താഴം കഴിക്കുന്നുണ്ടായിരുന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
മുറ്റത്തു ചീവീടിന്റെ നിർത്താതെയുള്ള കരച്ചിൽ മാത്രം മുഴങ്ങി കേട്ടു.
അവൻ മുറിയിലേക്ക് കയറി പോയി.
ഷർട്ട് അഴിച്ചു അയയിൽ ഇട്ടിട്ട് ഇറങ്ങി വന്നു.
അപ്പോഴേക്കും ലില്ലി എണീറ്റു പോയി അവനുള്ള അത്താഴം വിളമ്പാൻ തുടങ്ങിയിരുന്നു.
പെണ്ണമ്മയെ നോക്കി അവൻ പറഞ്ഞു.
" അമ്മച്ചി... രാവിലെ ഞാനൊന്ന് കോഴിക്കോട് വരെ പോയാലോന്നാ. "
മറുപടിക്ക് വേണ്ടി അവൻ ഒരു നിമിഷം കാത്തു.
അതുണ്ടാവാതിരുന്നപ്പോൾ സ്വയമെന്നോണം പറഞ്ഞു.
" ഇത്രയും നേരം ആയിട്ടും അപ്പനെ കണ്ടില്ലല്ലോ. എന്നതാ പറ്റിയെന്നു പോയി തിരക്കണ്ടേ ? "
" എനിക്ക് വേണ്ടി ആരും ആരെയും എങ്ങും പോയി തിരയണ്ട. ആ സമയം ഉണ്ടെങ്കിൽ നീ രണ്ടു കുപ്പി കൂടി കൂടുതൽ മേടിച്ചു കുടിച്ചേച്ചു നാട്ടുകാരുടെ തോളെൽ കേറാൻ നോക്ക്. "
നിലത്തു വീണ എച്ചിൽ പെറുക്കികൊണ്ട് അവർ എണീറ്റ് അടുക്കളയിലേക്ക് പോയി.
ചോറും കറിയുമായി ലില്ലി വരുന്നത് കണ്ടു അവൻ അമ്മക്ക് എന്ത് പറ്റിയെന്ന് ആംഗ്യത്തിൽ ചോദിച്ചു.
ചെറിയ മേശക്ക് മുകളിലേക്ക് പ്ളേറ്റുകൾ വക്കുന്നതിനിടയിൽ ഒച്ച താഴ്ത്തി ലില്ലി പറഞ്ഞു.
" വൈകിട്ട് വന്നപ്പോൾ മുതൽ ഇങ്ങനെയാ. അപ്പനെ കാണാത്തതിൽ അമ്മച്ചിക്ക് നല്ല വിഷമം ഉണ്ടെന്നു തോന്നുന്നു. "
പെണ്ണമ്മ വരുന്നത് കണ്ടു ലില്ലി സംസാരം നിർത്തി.
പിന്നെ അതേ കുറിച്ച് ആരും ഒന്നും മിണ്ടിയില്ല.
അന്ന് രാത്രി ആ വീട്ടിൽ ഉറക്കം വരുന്നത് വരെ മൂന്നു പേരുടെയും ചിന്ത വർഗീസ് മാപ്ലയെ കുറിച്ചായിരുന്നു.
പിറ്റേന്ന് വെളുപ്പിനെ ബോബി ജോസൂട്ടിക്കൊപ്പം കോഴിക്കോട്ടേക്കുള്ള ആദ്യത്തെ ബസ് കയറി.


ഭാഗം 6

വള്ളം കടവത്ത് അടുത്തപ്പോൾ യാത്രക്കാർക്കൊപ്പം ബോബിയും ജോസൂട്ടിയും ഇറങ്ങി.
വള്ളകൂലി കൊടുത്തിട്ട് മുന്നോട്ട് നടക്കുമ്പോൾ ചുറ്റിനും നോക്കി ബോബി പറഞ്ഞു.
" ഈ കല്ലായി കടവിനെ കുറിച്ചൊക്കെ കുറേയേറെ കഥകൾ പണ്ട് അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട് . പക്ഷെ ഇവിടെ എവിടെയെന്ന് വച്ചിട്ടാ ജോസൂട്ടി തിരയുന്നെ? "
" ആ ചായ കടയിൽ ചോദിച്ചാലോ "
ജോസൂട്ടി റോഡിനു എതിർ വശത്തേക്ക് കൈ ചൂണ്ടി. " ഒരു നാട്ടിലെ വിശേഷങ്ങൾ മൊത്തം ചർച്ച ചെയ്യുന്ന ഇടമല്ലേ. നീവാ നമുക്കൊന്ന് ചോദിച്ചു നോക്കാം . കൂട്ടത്തിൽ ഒരു ചായേം കുടിക്കാം."
ചായ ഗ്ലാസ് മുന്നിൽ കൊണ്ട് വന്നു വച്ചിട്ട് പ്രായം ചെന്ന കടക്കാരൻ ചോദിച്ചു.
"ഇങ്ങളെ രണ്ടാളേയീന് മുമ്പീടെ കണ്ടീലല്ലോ ഇവിടെ ആദ്യാട്ടാണാ? "
" അതേ... " ചായ ഒരു കവിൾ മോത്തിയിട്ട് ബോബി തലയാട്ടി.
പിന്നെ ചോദിച്ചു.
"ചേട്ടാ ഇവിടെ നിലമ്പൂര് നിന്നും മരം കൊണ്ട് വന്നു കച്ചവടം നടത്തിയിരുന്ന ഒരു ഹക്കീം മുതലാളിയേ അറിയോ? "
"ഇവിടെ മരകച്ചോടം നടത്തുന്ന കൊറേ ആൾക്കാര്ണ്ട്. ഇങ്ങളിപറയുന്ന പേരിൽ തന്നെ നാല് കച്ചോടക്കാരീ പരിസരത്തിണ്ട്. അതിലാരെയാ ഇങ്ങക്ക് കാണണ്ടെ? "
" ഇതൊരു പത്തു പതിനെട്ട് വർഷം മുൻപ് മുതലേ ഇവിടെ മില്ലൊക്കെ ഉണ്ടായിരുന്ന ആളാ. ഹക്കിം മുതലാളി എന്ന ആ പേര് മാത്രേ അറിയൂ. "
"ഇവിടെ പലസ്ഥലത്തൂന്നും ആൾക്കാര് വന്നു കച്ചോടം നടത്ത്ന്ന്ണ്ട്. ഇങ്ങളി പറയുന്ന ആൾക്കാര് ഇവിടുള്ളോൻ തന്നാണോ? "
" ഈ കല്ലായി പുഴയുടെ തീരത്ത് എവിടെയോ ആണ് മുതലാളിയുടെ വീട്. "
"ഓന്റെ അഡ്രെസ്സ് അറിയാതെ പേര് വച്ച് മാത്രം കണ്ടുപിടിക്കാറെന്ന് പറയുന്ന ഇച്ചിരി എടങ്ങേറ് പിടിച്ച പണിയാ."
"അലിക്കാ മീൻ വേണോ? " പുറത്തു സൈക്കിളിൽ ഒരാൾ വിളിച്ചു ചോദിക്കുന്നത് കേട്ട് അയാൾ പുറത്തേക്ക് പോയി.
"ഇനിയിപ്പോ എന്നാ ചെയ്യാനാടാ? " ബോബി തളർന്നത് പോലെ ദീനമായി ജോസൂട്ടിയേ നോക്കി.
ജോസൂട്ടി അവന്റെ തോളിൽ അമർത്തി പിടിച്ചു.
"വിഷമിക്കല്ലേടാ. നമുക്ക് നോക്കാന്ന് . ഈ കോഴിക്കോട് മൊത്തം അരിച്ചു പെറുക്കിട്ടായാലും നിന്റെ അപ്പനെ കണ്ടു പിടിച്ചിട്ടേ നമ്മൾ പോകുന്നുള്ളൂ. "
മീൻ വാങ്ങി കയറി വന്നപ്പോൾ അലിക്ക ചോദിച്ചു.
"ഓനെ കണ്ടിട്ടിപ്പോ ഇങ്ങക്കെന്തിനാ പൈസ വല്ലോം കിട്ടാനിണ്ടാ ? "
ജോസൂട്ടി നീട്ടിയ ചായക്കുള്ള കാശുമായി അയാൾ കൗണ്ടറിലേക്ക് പോയി ഇരുന്നു.
ബഞ്ചിൽ നിന്നും എണീറ്റ് വരുന്നതിനിടയിൽ ബോബി വിശദീകരിച്ചു.
"വർഷങ്ങൾക്ക് മുൻപ് എന്റെ അപ്പൻ ഈ ഹക്കീം മുതലാളിയുടെ തടി മില്ലിലെ പണിക്കാരനായിരുന്നു. ജോലിയൊക്കെ വിട്ടു കുറച്ചു കാലങ്ങളായി നാട്ടിൽ തന്നെ ഉണ്ടായിരുന്നു. രണ്ടു ദിവസം മുൻപ് അപ്പൻ മുതലാളിയേ കാണാൻ ഇങ്ങോട് വന്നിട്ട് തിരിച്ചെത്തിയില്ല. എന്നതാ കാര്യമെന്ന് അറിയത്തില്ല. അപ്പനെ തിരക്കി വന്നതാ ഞാൻ."
ചായയുടെ ബാക്കി കാശ് പെട്ടിയിൽ തിരയുന്നത് നിർത്തി അലിക്കാ സംശയത്തിൽ നോക്കി.
" മോന്റെ പേരെന്താ? "
" ബോബി. "
" ബോബിയുടെ അപ്പന്റെ പേര് വർഗീസ് എന്നാണാ ? "
" അതേ." ബോബി ഉത്സാഹത്തോടെ മുന്നോട്ട് വന്നു. "അലിക്കായ്ക്ക് അപ്പനെ അറിയോ? "
"ഇന്ജെ ബാപ്പാന്റെ കാലം മുതലേ ചായ പീടിക ഈ കടവത്ത്ണ്ട്. അതോണ്ട് കൊല്ലങ്ങളായിട്ടീ കടത്തിറങ്ങി വന്നിവിടെ കൂടുന്ന ആൾക്കാരോക്കെ നിക്കൊരു വിധം അറിയാം. മോന്റപ്പൻ വർഗീസ് അന്ന് വാടകയ്ക്ക് താമസിച്ചിരുന്നയീ പീടികേന്റേ മോളിലെ മുറിയിലാരുന്നു. അതോണ്ടന്നെ ഞമ്മള് നല്ല ചങ്ങായിമാരാ. എത്ര കൊല്ലം കഴിഞ്ഞാലും ഈ കല്ലായി കടവത്ത് വർഗീസ് വന്നിറങ്ങിയ പിന്നെ ഞമ്മളെ കാണാതെ പോവൂല. ഇവിടെ വന്ന് ഇന്ജെ കയ്യീന്ന് ഒരു ഗ്ലാസ് ചായേം വാങ്ങി മോന്തീട്ടാണ് പഹയൻ അബ്ദുൽ ഹക്കീംനെ കാണാൻ പോയത് "
ബോബിയും ജോസൂട്ടിയും ആശ്വാസത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും തങ്ങളിൽ ഒന്ന് നോക്കി
പിന്നെ ബോബി ചോദിച്ചു. .
" ഈ അബ്ദുൽ ഹക്കിം മുതലാളി ഇപ്പൊ എവിടെ ഉണ്ട്? "

 



ബോബിയും ജോസൂട്ടിയും ഹക്കിം മുതലാളിയുടെ കട്ടിലിനു സമീപം കസേരയിൽ ഇരുന്നു.
താടിയും മുടിയും നരച്ചു മെല്ലിച്ച ഒരു രൂപം.
വർഷങ്ങളായി ശരീരം തളർന്നു ഒരേ കിടപ്പാണെന്നാണ് അലിക്കയും പിന്നെ കയറി വരുമ്പോൾ മുതലാളിയുടെ ഭാര്യയും പറഞ്ഞത്.
ബോബി അയാളെ ആകെയൊന്ന് നോക്കി.
ഇതാണ് അപ്പൻ പറയുന്ന ആ പഴയ ഹക്കിം മുതലാളി.
പഴയ പ്രതാപം ഒക്കെ നശിച്ചു ആളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരം ആയിരുന്നു.
ഒരേയൊരു മകൻ കല്യാണം കഴിഞ്ഞു ഭാര്യയും മക്കളുമായി മാറി താമസിക്കുകയാണ്.
ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല.
വീട്ടുമുറ്റത്തു ഭാര്യ നടത്തുന്ന വിറക് കച്ചോടം കൊണ്ടാണ് കാര്യങ്ങൾ ഒക്കെ നടന്നു പോകുന്നത്.
ഈ തളർന്നു കിടക്കുന്ന ആളെ കണ്ടു സഹായം ചോദിക്കാനാണോ അപ്പൻ ഇത്രയും ദൂരം വന്നത് ?
ബോബിയ്ക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു.
"ഇതിൽ ആരാ വർഗീസിന്റെ മോൻ? "
പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഹക്കീം മുതലാളി പതിയെ ചോദിക്കുന്നു.
" ഞാൻ... ഇതെന്റെ ചങ്ങാതിയാ. ജോസൂട്ടി. "
ബോബി പരിചയപ്പെടുത്തി.
അയാൾ രണ്ടു പേരെയും ഒന്ന് നോക്കിയിട്ട് പതിയെ തുടർന്നു.
"വർഗീസ് ഇഞ്ഞെ കാണാൻ വന്നീനു എന്നത് ശെരിയാ. ഇബടെ അടിത്തിരുന്നു ഇൻജെ കജ്ജില് പിടിച്ചു കൊറേ നേരം കരഞ്ഞു. ഓള് കൊടുത്ത ചായേം കുടിച്ച്... കൊറേ നേരം പഴേ വർത്തനങ്ങളൊക്കെ പറഞ്ഞ്. ഓന് രണ്ട് പിള്ളേര് ആണുന്നും മോളെ കല്യാണം പെട്ടെന്ന് ഇണ്ടാവുന്നും പറഞ്ഞ്. ചോറ് തിന്നാൻ പോലും നിന്നീല. രാത്രി ആവുംബോള്ക്കും പൊരേൽ എത്തണമെന്നും പറഞ്ഞ് അപ്പൊ തന്നെ എറങ്ങി "
" അപ്പനിവിടെ അടുത്ത് വേറെ ചങ്ങാതിമാർ ആരെങ്കിലും ഉണ്ടായിരുന്നതായ് മുതലാളിക്ക് അറിയോ ? "
അയാൾ ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി.
പിന്നെ തുടർന്നു.
"അന്നൊക്കെ നിലമ്പൂരുന്നും മുറിച്ച മരങ്ങൾ ചാലിയാർ പൊയെക്കൂടെ കൊണ്ടൊരുന്നത് വർഗീസും പിന്നെ ചക്കുംകടവത്തെ ഒരു അഹമ്മദും കൂടി ആയിനും. ഓല് രണ്ടാളും ആയിനും എപ്പളും ഒപ്പരം ഉണ്ടായിന്നത്.
ചെലപ്പോ വർഗീസ് അഹമ്മദിനെ കാണാൻ പോയിണ്ടാവും. ഇങ്ങള് എന്തായാലും ഓനെ ക്കൂടി ഒന്ന് കണ്ടാള."
ഹക്കീം മുതലാളി പറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് ബോബിയും ജോസൂട്ടിയും ചെന്നെത്തിയത് അഹമ്മദിന്റെ വീട്ട് പടിക്കൽ ആണ്.
വർഗീസിന്റെ മകൻ ആണെന്ന് അറിഞ്ഞപ്പോൾ അയാൾ സന്തോഷത്തോടെ ഓടി വന്നു സ്വീകരിച്ചിരുത്തി.
ഭാര്യ ജമീലത്തയെ വിളിച്ചു ഇരുവരെയും പരിചയപ്പെടുത്തി. പിന്നെ കുടിക്കാൻ നാരങ്ങവെള്ളം എടുക്കാൻ പറഞ്ഞു.
"വർഗീസ് ഒരു രാത്രി മുഴുമനും ഇവടെ ഉണ്ടായിന്. ഇന്നലെ രാവിലെ ആണ് ഇബടുന്നു പൊയെ.
ഞമ്മള് കൊറേ പറഞ്ഞിട്ട ഓൻ ഇബടെ കൂടിയേ...
മോന്റേം മോളേം ഓന്റെ പെണ്ണുങ്ങളേം ഒക്കെ ബിസേസം പറഞ്ഞ്. പിന്നെ പണ്ട് ഒപ്പരം പണിയെടുക്കുമ്പോൾ ഉണ്ടായ കാര്യങ്ങൾ. ഊര വയ്യാതെ പണി മതിയാക്കി വർഗീസ് പോയതോടെ ഞമ്മളും കൂപ്പിലെ മരപ്പണി നിർത്തി. പിന്നെ ഇബടെ അങ്ങാടീല് ചെറിയ ഒരു പീട്യ തൊടങ്ങി. നിക്ക് മൂന്ന് കുട്ട്യോളാ. രണ്ട് പെങ്കുട്ട്യോളുടെ നിക്കാഹും കഴിഞ്ഞ്. ഇപ്പൊ പീട്യ നോക്കുന്നത് ഇളയോനാ. ഓന്റെ നിക്കാഹ് കൂടെ ബാക്കിണ്ട്. ബോബീടെ തൊണ തന്ന്യാവും ഓനും. ഇന്ജെ ഭാഗ്യം ന്ന് പറേണത് ഓനാണ്. അങ്ങന്യാ ഓൻ ഞമ്മളെ നോക്കുന്നെ. ഞമ്മളിപ്പോ സൊകായിട്ട് പെരേല് കുത്തിരിക്കുന്നത് ഓൻ ഉള്ളെനൊണ്ട."
അയാളുടെ അവസാനവാചകങ്ങൾ ബോബിയുടെ ഹൃദയത്തിലാണ് ചെന്നു പതിഞ്ഞത്.
തന്റെ പ്രായത്തിലുള്ള ഒരു മോനാണ് ഈ അപ്പനെയും അമ്മയെയും പൊന്നു പോലെ നോക്കുന്നത്.
താനോ ?
ബോബിയ്ക്ക് തന്നോട് തന്നെ അവജ്ഞ തോന്നി.
തണുത്ത നാരങ്ങ വെള്ളം ബോബിക്കും ജോസൂട്ടിക്കും കൊടുക്കുന്നതിനിടയിൽ ജമീലത്ത പറഞ്ഞു.
"കൊറേ കാലം കൂടി കാണുന്നതല്ലേ നേരം പൊലരുന്നത് വരെ രണ്ടാളും ഓരോ കൂട്ടം പറഞ്ഞ് ഇരിക്കാരുന്നു. രാവിലേ ഇൻജെ കയ്യീന്ന് കാപ്പിയും വാങ്ങി കുടിച്ചിട്ട മൂപ്പര് പോയത് "
തുടർന്ന് പറഞ്ഞത് അഹമ്മദിക്ക ആണ്.
"പൊരേലേക്ക് പോവാണെന്നു ആണല്ലോ ഇഞ്ഞോട് പറഞ്ഞത് പിന്നെ ഓൻ എങ്ങോട്ട് പോയി"
അത് തന്നെ ആയിരുന്നു ബോബിക്കും ജോസൂട്ടിക്കും അറിയേണ്ടി ഇരുന്നത്.
" ഇക്ക അല്ലാതെ ഇവിടെ വർഗീസ് അച്ചായന് വേറെ ചങ്ങാതിമാർ ആരും ഉണ്ടായിരുന്നില്ലേ? "
ജോസൂട്ടിയാണ് ചോദിച്ചത്.
"ഞമ്മള് തന്നെ ആയിനു എപ്പളും ഓന്റെ ഒപ്പരം ഉണ്ടായിരുന്നത്. പിന്നെ ഒന്ന് ഞമ്മളെ കല്ലായില് ചായ പീട്യ നടത്തുന്ന അലിയും."
" അലിക്കായെ ഞങ്ങൾ കണ്ടിരുന്നു. ഇവിടെ ഇനി അച്ചായൻ പോകാൻ ചാൻസുള്ള വേറെ ഏതെങ്കിലും സ്ഥലം ഉണ്ടോ? '
അഹമ്മദിന് ആലോചിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല.
"ഇൻജെ അറിവിൽ ഇല്ല മോനെ."
" അപ്പനിവിടെ ശത്രുക്കൾ ആരെങ്കിലും ഉണ്ടായിരുന്നോ ? "
ബോബിയുടെ അടുത്ത ചോദ്യം കേട്ട് അഹമ്മദും ജോസൂട്ടിയും ഒരേ പോലെ അവനെ തോന്നി.
ഒരു നിമിഷം കഴിഞ്ഞാണ് അയാൾ പറഞ്ഞത്.
"കൊറേ ആള്ക്കാര് ഒരു സലത്തു പണി എടുക്കുമ്പോ അല്ലറ ചില്ലറ പെണക്കമൊക്കൊ സാധാരണ അല്ലെ . അത്രേ ഉള്ളെയിനും. അല്ലാതെ പത്തുപതിനെട്ട് കൊല്ലം മനസ്സിൽ പക വെച്ച് പ്രതികാരം ചെയ്യാനൊന്നും ശത്രുക്കൾ ആരും ഇല്ല. ഓൻ അങ്ങനെ ആരോടും മനസ്സിൽ ശത്രുത വെച്ച് നടക്കൂല. ചെറിയ കച്ചറ ഇണ്ടായാലും കൊറച്ചു കഴിയുമ്പോ ഓൻ തന്നെ പോയി സംസാരിച്ചു സബൂർ ആക്കും."
അയാൾ പറഞ്ഞു നിർത്തി.
ഇനി ചോദിക്കാനും അറിയാനും ഒന്നുമില്ല.
പോവാം എന്നർത്ഥത്തിൽ ജോസൂട്ടി ബോബിയെ നോക്കി.

 



"ഇനിപ്പോ ഇങ്ങള് ഇങ്ങോട്ട് പോന്ന സമയം കൊണ്ട് വർഗീസ് പൊരേല് എത്തിയിട്ടുണ്ടാവോ? "
അലിക്കയുടെ ചോദ്യം കേട്ടു ജോസൂട്ടിയും ബോബിയും തങ്ങളിൽ നോക്കി.
"ഓൻ പോവാൻ ഇടമുള്ള ഈ സലത്തൊന്നും ഇല്ലാത്തോണ്ട് പറയാ. ഈ സമയംകൊണ്ട് ഓൻ പൊരേല് എത്തിയിട്ടുണ്ടാവുമെന്ന ഞമ്മക് തോന്നുന്നേ. "
" ശരിയാടാ ബോബി...ചിലപ്പോൾ അച്ചായൻ വീട്ടിൽ എത്തിട്ടുണ്ടാവും. "
ജോസൂട്ടി കൂടി പറയുന്നത് കേട്ട് ബോബിയും അങ്ങനെ തന്നെ ഉറപ്പിച്ചു.
ഇവിടെ വെറുതെ കിടന്നു കറങ്ങേണ്ട കാര്യം എന്തായാലും അപ്പനില്ല.
അപ്പൻ പോകാൻ ചാൻസുള്ള ഇടത്തെല്ലാം ചെന്നിട്ടുമുണ്ട് അവിടുന്ന് പോയിട്ടുമുണ്ട്.
ഹൃദയത്തിൽ സ്നേഹം മാത്രം നിറയുന്ന ഈ രണ്ടു ചങ്ങാതിമാർ അറിയാതെ അപ്പൻ ഈ കോഴിക്കോട് വേറെ ഒരിടത്തും തങ്ങാൻ ഒരു വഴിയും കാണുന്നില്ല.
ഹക്കീം മുതലാളിയുടെ കൈയിൽ നിന്നും കാശ് കിട്ടാത്ത സ്ഥിതിക്ക് വീട്ടിലേക്ക് തന്നെ മടങ്ങിയിട്ടുണ്ടാവും.
അല്ലാതെ എവിടെ പോവാൻ?
ഊണും കഴിച്ചു അലിക്കയോട് യാത്രയും പറഞ്ഞു ഇരുവരും ഇറങ്ങി.
അവർ തിരികെ നാട്ടിൽ എത്തുമ്പോൾ പാതിരാ കഴിഞ്ഞിരുന്നു.
ബസ് സ്റ്റോപ്പിൽ വച്ചിരുന്ന സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോൾ ബോബി ജോസൂട്ടിയോട് ചോദിച്ചു.
"അഹമ്മദ്ക്ക പറഞ്ഞതൊക്കെ നീ കേട്ടാരുന്നോടാ ജോസൂട്ടി ?"
" സത്യം പറയാലോ ബോബി എനിക്ക് പാതിയും അങ്ങോട്ട് മനസിലായില്ല. "
തമാശ പറഞ്ഞത് പോലെ അവൻ ചിരിച്ചു.
അത് ആസ്വദിക്കാനുള്ള മാനസികവസ്ഥയിൽ ആയിരുന്നില്ല ബോബി.
" എന്റെ അപ്പന്റെ ഒപ്പം പണിയെടുത്തിരുന്ന ആളാ അഹമ്മദ്ക്കയും . അയാൾ ഇപ്പോൾ ജീവിക്കുന്ന സ്ഥിതി നീ കണ്ടോ? അത് നല്ലൊരു മോനെ കിട്ടിയത് കൊണ്ടാണെന്ന് അയാൾ പറയുന്നത് നീ കേട്ടില്യോ ? ഒരു രാത്രി മൊത്തം അവരുടെ ഒപ്പം അപ്പൻ ഉണ്ടായിരുന്നു. അഹമ്മദിക്കയുടെ മോൻ അപ്പനേം അമ്മയെം പൊന്നു പോലെ നോക്കുന്ന കാര്യമൊക്കെ അവർ വാ തോരാതെ പറഞ്ഞിട്ടുണ്ടാവും . പക്ഷെ അപ്പന്റെ ഈ മോനെ പറ്റി എടുത്തു പറയാൻ ഒരു നല്ല കാര്യം പോലും ഇല്ലല്ലോടാ ജോസൂട്ടി. അപ്പൻ അവരുടെ മുന്നിൽ തല കുനിച്ചു ഇരിന്നിട്ടുണ്ടാവും. അല്ല്യോ ? "
ജോസൂട്ടിയിൽ നിന്നും മറുപടി ഒന്നും കേട്ടില്ല.
" ഞാൻ ജോലി ചെയ്തു എന്റെ വീട് നന്നായി നോക്കിയിരുന്നെങ്കിൽ അപ്പന് ഇവരുടെയൊക്കെ മുമ്പിൽ ഇങ്ങനെ കൈ നീട്ടാൻ പോവേണ്ട അവസ്ഥ വരത്തില്ലായിരുന്നു. എനിക്കിങ്ങനെ അപ്പനെ തിരക്കി പോവേണ്ടിയും വരില്ലായിരുന്നു.. കൂപ്പിലും മലയിലുമൊക്കെ പണിയെടുത്തു നടു വയ്യാതെ വീട്ടിൽ വന്ന അപ്പനെ, അഹമ്മദ് ഇക്കയെ അയാളുടെ മോൻ നോക്കുന്ന പോലെ എനിക്ക് നോക്കാൻ പറ്റിയില്ലല്ലോടാ . എന്റെ പ്രായം തന്നെ അല്ലേ അവനും. അവന്റെ ആ മനസ്സ് എനിക്കില്ലാതെ പോയി. "
ബോബിക്ക് നല്ല സങ്കടം ഉണ്ടെന്ന് തോന്നി.
ജോസൂട്ടി അവന്റെ ചുമലിൽ പരതി പിടിച്ചു.
" അമ്മച്ചി പറയുമ്പോലെ പത്തിരുപത്തേഴ് വയസ് ആയിട്ടും നാടിനും വീടിനും കൊള്ളാതെ ഇത്രയും നാളും ചുമ്മാ കാളഅടിച്ചു നടന്നു. ഇനി എനിക്കതു മാറ്റണം ജോസൂട്ടി. നീ പറയുമ്പോലെ നമുക്ക് ജോലിക്ക് പോണം. ലിസിയുടെ കല്യാണം നടത്തണം. അപ്പനേം അമ്മച്ചിയേം നോക്കണം. "
" എല്ലാം ശരിയാവും ബോബി. നീ സമാധാനപ്പെട്. ഈയൊരു യാത്ര അങ്ങനൊരു ചിന്ത ഉണ്ടാവാൻ വേണ്ടി കൂടി ഉള്ളതാണെന്ന് കരുതിക്കോ. നമുക്ക് മുന്നിൽ ഇനിയും ഇഷ്ടം പോലെ സമയം ഉണ്ട്. "
ജോസൂട്ടി ആശ്വസിപ്പിക്കുമ്പോലെ പറഞ്ഞു.
വീടിന് മുന്നിൽ സൈക്കിൾ നിർത്തി ബോബി ഇറങ്ങി.
" നീ കേറുന്നില്ലേ? അപ്പൻ വന്നിട്ടുണ്ടോന്ന് നോക്കണ്ടേ ? "
" വന്നിട്ടുണ്ടാവും. വരാതെ എവിടെ പോവാനാ. പാതിരാ ആയില്യോ ? ഇനി കേറുന്നില്ല. രാവിലെ ഞാനിങ്ങ് വരാം. ജോലിയുടെ കാര്യം സംസാരിക്കാൻ നമുക്ക് മെമ്പറെ കാണാൻ പോണം. "
പറഞ്ഞു കൊണ്ട് അവൻ സൈക്കിൾ തിരിച്ചു.
രണ്ടു മൂന്ന് പ്രാവശ്യം വാതിലിൽ കൊട്ടി ലില്ലിയെ വിളിച്ചപ്പോഴാണ് അവൾ വന്നു വാതിൽ തുറന്നത്.
ബോബിയുടെ പിന്നിൽ ഒന്ന് തിരഞ്ഞിട്ട് ലില്ലി ചോദിച്ചു.
" അപ്പനെവിടെ ? "


ഭാഗം 7

ലില്ലിയുടെ കൈ പിടിച്ചു ബോബി മുറ്റത്തിന്റെ കോണിലേക്ക് മാറി.
"അപ്പനിങ്ങ് വന്നില്ല്യോടി? "
ലില്ലി അമ്പരന്ന് നോക്കി.
"ഇച്ചായി ഇതെന്നതാ ഈ പറയുന്നേ. കോഴിക്കോട് പോയിട്ട് അപ്പനെ കണ്ടില്ല്യോ? "

"അപ്പനവിടെ ചെന്നിട്ട് ഇന്നലെ തിരിച്ചു വന്നൂന്നാ അവരൊക്കെ പറയുന്നേ. ഞങ്ങൾ കരുതിയത് ഈ സമയം കൊണ്ട് അപ്പൻ വീട് പിടിച്ചിട്ടുണ്ടാവുമെന്നാ."
"കർത്താവെ അപ്പനിത് എങ്ങോട് പോയി? "
ലില്ലി അവന്റെ കയ്യിൽ മുറുകെ പിടിച്ചു. " ഇച്ചായി എനിക്കെന്തോ പേടി ആവുന്നു. അപ്പനെന്തെങ്കിലും.....? "
"നീ ഒന്ന് മിണ്ടാണ്ടിരി... ഒന്നുമില്ല. കാശ് കിട്ടാതെ വന്നാൽ അമ്മച്ചി എടുത്തിട്ട് അലക്കുമെന്ന് പേടിച്ചു എങ്ങോട്ടേലും മാറി നിക്കുന്നതാരിക്കും. "
"അമ്മച്ചിയോട് ഇനി എന്നാ പറയും? "
"അമ്മച്ചി ഉണർന്നോ? "
"ഇച്ചായിടെ വിളി കേട്ട് ഉണർന്നു കിടപ്പുണ്ട്. "
"എന്നാടാ ഒരു അടക്കം പറച്ചില് അങ്ങേര് ചത്തോ?"
പെണ്ണമ്മയുടെ ഒച്ച കേട്ടു ഇരുവരും ഞെട്ടി നോക്കി.
ഇളി കയ്യും കുത്തി വാതിൽക്കൽ അമ്മച്ചി തുറിച്ചു നോക്കി നിൽക്കുന്നു.
അവനത് കേട്ട് ദേഷ്യം വന്നു.
"അമ്മച്ചീടെ കുലുക്കി കുത്ത് കേട്ട് മടുത്തപ്പോ അപ്പന് തോന്നി കാണും എവിടേലും പോയി അങ്ങ് തീർന്നേക്കാന്ന്. "
ബോബി വാതിൽക്കലേക്ക് നടന്നു ചെന്നു.
അവനു കയറാൻ വേണ്ടി പെണ്ണമ്മ വഴി ഒഴിഞ്ഞു നിന്നു.
"അതേടാ എന്നെ കൊണ്ട് ജീവിതം മടുത്തു തന്നെയാ അങ്ങേര് ഇറങ്ങി പോയെ. അതില് ആർക്കാ ദെണ്ണം? നിനക്കോ? എന്നാ നീയും പൊയ്ക്കോടാ. ഇവിടെ ജീവിക്കാൻ പേടി ഉള്ളവരൊക്കെ ഇറങ്ങി പൊക്കോണം. "
"എനിക്കെന്നതാ. ഒന്നുമില്ല. എവിടേലും പോയി അപ്പൻ സൊയിര്യത്തോടെ ജീവിക്കട്ട്. "
അവൻ മുറിയിലേക്ക് കയറി പോയി.
"എന്നാടി നിനക്ക് ഉറക്കമൊന്നുമില്ലേ? അതോ നീയും പോകുന്നോ നിന്റെ അപ്പന്റെ വഴി? "
അകത്തെ സംസാരം ശ്രദ്ധിച്ചു മുറ്റത്തു നിൽക്കുന്ന ലില്ലിയോട് പെണ്ണമ്മ കയർത്തു.
മറുപടി പറയാതെ അവൾ വേഗം അകത്തേക്ക് കയറി വാതിൽ അടച്ചു.
ബോബി കേൾക്കാൻ വേണ്ടി ഉച്ചത്തിൽ പെണ്ണമ്മ തുടർന്നു.
"കല്യാണം കഴിച്ചിട്ടുണ്ടേലെ മര്യാദക്ക് കെട്ടി കൊണ്ട് വരുന്നവളുടെ ചെല്ലും ചെലവും നോക്കണം. അതിന് കഴിവില്ലാത്തവന്മാര് കെട്ടാനും പിടിക്കാനും നിക്കരുത്. മക്കളെ ജനിപ്പിച്ചാൽ മാത്രം പോരാ. അവര് വളർന്നു സ്വന്തം കാലിൽ നിക്കുന്ന വരെ അവരുടെ കാര്യങ്ങൾ ഒക്കെ നോക്കണം. ഇല്ലെങ്കിലെ ഒണ്ടാക്കാൻ നിക്കരുത്. കെട്ടിക്കാൻ പ്രായമായ പെണ്മക്കൾ ഉണ്ടെങ്കിൽ നേരത്തിനും കാലത്തിനും അവരെ കെട്ടിച്ചു വിടാനുള്ള വഴി നോക്കണം. അല്ലാതെ ഇതെല്ലാം കൂടി പെണ്ണുമ്പിള്ളേടെ തോളേൽ ഏറ്റി വച്ചു കൊടുത്തിട്ട് ഞാനൊന്നും അറിഞ്ഞില്ലേന്നും പറഞ്ഞു കുടിച്ചു കൂത്താടി തെക്കും വടക്കും നടന്നാ ഞാൻ ചോദിക്കും. പെണ്ണമ്മ വായിട്ടലക്കുന്നത് തെറ്റാണെന്ന് ഈ ചുറ്റുവട്ടത്തുള്ള ഒറ്റൊരാളും പറയുകേല. "
ഒന്ന് നിർത്തിയിട്ട് സമാധാനം വരാത്തത് പോലെ അവർ തുടർന്നു.
"ഒളിച്ചോടാനും മരിക്കാനുമൊക്കെ എളുപ്പമാ. ആർക്കും പറ്റും. ജീവിച്ചു കാണിക്കാനാ പാട്. അതിനെ കുറച്ചു ധൈര്യമൊക്കെ വേണം. അതില്ലാത്തവന്മാര് ഉത്തരവാദിത്തങ്ങളെ പേടിച്ചു സ്വന്തം സുഖം മാത്രം നോക്കി നാടും വീടും വിട്ടോടും. അങ്ങനെ ഓടുന്നവരുടെ പിന്നാലെ ഓടി കാലും കയ്യും പിടിച്ച് കൊണ്ട് വരാൻ പെണ്ണമ്മയെ കിട്ടുകേല. അതിനൊക്കെ നേരവും കാലവും ഉള്ളവന്മാര് ഇതിന്റെയൊക്കെ പിന്നാലെ നടന്നോണം. എനിക്കതിനു നേരവുമില്ല. താല്പര്യവും ഇല്ല. "
സഹികെട്ടത് പോലെ ബോബി വാതിൽ വലിച്ചടച്ചു.

 



" എന്നാ ചെയ്യണം എന്ന് എനിക്കറിയത്തില്ലടാ ജോസൂട്ടി. അപ്പനെ കാണാത്തതിലൊന്നും അമ്മച്ചിക്ക് ഒരു വിഷമവും ഇല്ല. എവിടേലും ചെന്നു കേറട്ടെന്നാ പറയുന്നേ. ഇങ്ങോട്ട് വരുന്ന വഴിക്ക് ആളുകളൊക്കെ ചോദിച്ചു തുടങ്ങി അപ്പനെവിടേന്ന്. ഞാനിനി എവിടെ ചെന്നു തിരക്കും.? "
താഴെ കണ്ടത്തിനോട് ചേർന്നുള്ള തെങ്ങിൻ പണയിൽ ഇരുന്നു സംസാരിക്കുകയായിരുന്നു ബോബിയും ജോസൂട്ടിയും.
" പോലീസ് സ്റ്റേഷനിൽ ചെന്നൊരു പരാതി എഴുതി ഇടാനാ വീട്ടിൽ അപ്പൻ പറയുന്നേ.അവരന്വേഷിച്ചു കണ്ടു പിടിച്ചോളുമെന്ന്. വൈകുന്നേരം രണ്ടാളും കൂടി നിങ്ങളെ അങ്ങോട്ട് വരാൻ ഇരിക്കുവാ.ഇതൊക്കെ പറയാൻ "
" ഓ എന്നാത്തിനാ. വെറുതെ അമ്മച്ചിടെ വായിൽ ഇരിക്കുന്നത് കേൾക്കാനോ. വരണ്ടാന്നു അവരോട് പറഞ്ഞേരെ. ചില നേരെത്തെ അമ്മച്ചിടെ വർത്താനം കേട്ടാ എനിക്ക് തന്നെ രണ്ടു പൊട്ടിക്കാൻ തോന്നുന്നുണ്ട് . അപ്പൊ പിന്നെ വെളീന്ന് വരുന്നവരുടെ കാര്യം പറയണോ. "
" എന്നാടാ ഇവിടെ? തേങ്ങ മോഷ്ടിക്കാനുള്ള ഗൂഡാലോചന ആന്നോടാ? "
കയ്യാലക്ക് മുകളിൽ നിന്നൊരു ഒച്ച കേട്ട് ഇരുവരും ഒരേ സമയം മുകളിലേക്ക് നോക്കി.
അവറാച്ചന്റെ മകൻ പട്ടാളക്കാരൻ റെജി ആണ്.
ബോബി എണീറ്റു.
" നിന്റെ അപ്പന്റെ തേങ്ങ മോഷ്ടിച്ചിട്ടല്ല്യോ ഞങ്ങടെ വീട്ടിൽ അരി മേടിക്കുന്നത്. പട്ടാളത്തിൽ പോയിട്ടും നിനക്ക് വിവരം വച്ചില്ലല്ലോടാ ഊളെ. "
" നീ ആരുന്നോടാ കഴുവേറി . നിന്നെ ഒന്ന് കാണാൻ ഇരിക്കുവാരുന്നു. നിനക്കെന്നാടാ എന്റെ അപ്പനെ കാണുമ്പോൾ ഒരു ചൊറിച്ചില്. നിന്റെ കാലിന്റെ ഇടെൽ അരക്കുന്നോ ? "
" ആടാ ദാ നീ വന്നു മാന്തി താ. "
ബോബി മുണ്ട് പൊക്കി കാണിച്ചു.
" നിന്റെ അരപ്പ് തീർത്തിട്ടേ റെജി ഇന്ന് കേറി പൊവുന്നുള്ളടാ കഴുവേറീടെ മോനേ.... "
ഒരു അഭ്യാസിയെപോലെ അവൻ കയ്യാലക്ക് മുകളിൽ നിന്നും താഴേക്കു മലക്കം മറിഞ്ഞു ബോബിക്ക് നേരെ മുന്നിൽ വന്നു നിന്നു.
അത് കണ്ടു ഇരുന്നിടത്ത് നിന്നും ജോസൂട്ടി എണീറ്റു.
ആലോചിക്കാനുള്ള സമയം പോലും റെജിയ്ക്ക് കൊടുത്തില്ല
കവിളടച്ചു ബോബി ഒന്ന് കൊടുത്തു.
പടക്കം പൊട്ടുന്ന ഒച്ചയിലാണ് അടി വീണത്.
അടികൊണ്ട കവിളിൽ പൊത്തിപിടിച്ചു പിന്നിലേക്ക് വേച്ച് അവൻ കയ്യാലയിൽ ഇടിച്ചു നിന്നു.
ഒരു നിമിഷം .
കാള മുക്ര ഇടുന്ന പോലെ ഒരു ഒച്ചയിട്ട് കൊണ്ട് അവൻ മുന്നിലേക്ക് ചാടി വന്നു ബോബിയുടെ അരക്കൂട്ടിൽ വട്ടം ചുറ്റി പൊക്കിയെടുത്തു തറയിൽ ഒരൊറ്റ ഇടി ഇടിച്ചു.
നട്ടെല്ല് വെട്ടി പിടിച്ചത് പോലെ ബോബി ഒന്ന് ഞെരങ്ങി.
ആദ്യമൊന്നു പകച്ചെങ്കിലും റെജിയുടെ നടുമ്പുറം നോക്കി ജോസൂട്ടി ചാടിയൊരു ചവിട്ടായിരുന്നു.
റെജി തെറിച്ചു തെങ്ങിൻ തടത്തിൽ ചെന്നു വീണു.
ആ നേരം കൊണ്ട് ബോബിയെ ജോസൂട്ടി പിടിച്ചു എണീൽപിച്ചു.
അപ്പോഴേക്കും റെജി അലറി കൊണ്ട് പാഞ്ഞു വന്നു.
ബോബിയെ വിട്ടു ജോസൂട്ടി മുന്നോട്ടു ചെന്നു.
റെജിയുടെ അടിയിൽ നിന്നും ഒഴിഞ്ഞു മാറി ജോസൂട്ടി അവന്റെ ഇടതു കാൽ മുട്ടിനു പിന്നിൽ ആഞ്ഞു ചവിട്ടി.
റെജി മുട്ടുകുത്തി വീണു.
അവന്റെ പിന്നിലൂടെ കഴുത്തിൽ വട്ടം പിടിച്ചു ഞെരിക്കാൻ തുടങ്ങുമ്പോൾ റെജി കുതറി ജോസൂട്ടിയെ മുന്നിലേക്ക് വീഴിച്ചു.
അവന്റെ മേലേക്ക് ചാടി വീണു ആ മുഖം നോക്കി ഇടിക്കാൻ മുഷ്ടി ചുരുട്ടി റെജി കൈ ഓങ്ങുമ്പോൾ ജോസൂട്ടി ഒരു കൈ കൊണ്ട് അത് തടഞ്ഞു..
പരസ്പരമുള്ള ബലപ്രയോഗത്തിൽ രണ്ടും കെട്ടി മറിഞ്ഞു ഉരുണ്ടു കണ്ടത്തിലേക്ക് വീണു.
ഇരു കയ്യും പിന്നിലേക്ക് കോർത്തു നീട്ടി പിടിച്ചു നെഞ്ചിൻ കൂട് മുന്നിലേക്ക് തള്ളി ബോബി മുതുകിൽ വീണ വിലക്ക് മാറ്റി എടുത്തു.
പിന്നെ പൊരിഞ്ഞ അടി നടക്കുന്ന കണ്ടത്തിലേക്ക് ചാടി ഇറങ്ങി.
തമ്മിലടിക്കുന്നതിനിടയിൽ ജോസൂട്ടിയെ ചെളിയിലേക്ക് വീഴ്ത്തി ചവിട്ടി മെതിക്കുകയായിരുന്നു റെജി.
കണ്ടത്തിൽ പൂഴ്ന്ന് പോകുന്ന കാലുകൾ വലിച്ചു പൊക്കി നടന്നു ചെന്നു റെജിയെ പിന്നിൽ കൂടി വാരി എടുത്തു മുകളിലേക്ക് ഉയർത്തി ഒന്ന് വട്ടം ചുറ്റി സർവ്വശക്തിയുമെടുത്തു ബോബി താഴേക്കു ഇടിച്ചു.
ചെളി ചുറ്റിനും തെറിച്ചു.
വരച്ചു വച്ചത് പോലെ റെജി കണ്ടത്തിൽ പുതഞ്ഞു കിടന്നു.
അടി നടക്കുന്നത് കണ്ടു താഴെ പണി എടുത്തു നിന്നവർ വരമ്പിലൂടെ ഓടി വരുന്നുണ്ടായിരുന്നു.
നിലത്തു വീണു കിടന്ന റെജിയുടെ ഷർട്ടിന്റെ കോളറിന് പിന്നിൽ പിടിച്ചു ബോബി അവനെ ചെളിയിലൂടെ വലിച്ചു കൊണ്ട് പോയി അവന്റെ തല വരമ്പിലേക്ക് ആഞ്ഞിടിച്ചു.
മൺതിട്ട പൊറ്റ ഉൾപ്പെടെ തെറിച്ചു പോയി.
റെജിയുടെ കാറിച്ച ചുറ്റിനും അലയടിച്ചു.
അപ്പോൾ അവറാച്ചന്റെ ഭാര്യ മോളികുട്ടി റബർ തോട്ടത്തിലൂടെ "എന്റെ കൊച്ചിനെ കൊല്ലുന്നേ...." എന്ന് ആർത്തലച്ചു കരഞ്ഞു കൊണ്ട് ഓടി വരുന്നുണ്ടായിരുന്നു. .
താഴെ തലകറങ്ങി കിടന്ന റെജിയെ ബോബി വലിച്ചു പൊക്കി ഉയർത്തി.
പിന്നെ കവിൾ പൊത്തി ആഞ്ഞടിച്ചു.
അടിയുടെ ആയത്തിൽ അവൻ ബോബിയുടെ കൈയിൽ കിടന്നു തൂങ്ങി ആടി.
അടുത്ത അടിക്ക് അവൻ കൈ ഓങ്ങും മുന്നേ മോളികുട്ടി ചാടി ഇടക്ക് വീണു ബോബിയുടെ പിടിയിൽ നിന്നും അവശനായ റെജിയെ മോചിപ്പിച്ചു.
പിന്നെ സമനില തെറ്റിയവളെ പോലെ ഒച്ചയിട്ടു.
" തിന്നുന്നത് എല്ലിന്റെടെൽ കേറുന്നുണ്ടേലെ വല്ല മുരുക്കേലും ചെന്നു കേറിക്കോണം. അല്ലാതെ എന്റെ കൊച്ചിന്റെ നെഞ്ചത്തോട്ടല്ല കേറേണ്ടത്. ഇങ്ങനെ കൊല്ലാകൊല ചെയ്യാനും മാത്രം ഇവനെന്ത് ദ്രോഹമാടാ നിന്നോടൊക്കെ ചെയ്തേ.? "
മോളികുട്ടി ദേഷ്യവും സങ്കടവും കൊണ്ട് നിന്ന് കിതച്ചു.
"അതിർത്തിയിൽ കിടന്നു ഉറക്കളക്കുന്ന ചെറുക്കാനാ. പത്തു ദിവസം സമാധാനത്തോടെ ഇവിടെ നിക്കാൻ നീയൊന്നും സമ്മതിക്കുകേലെ. അല്ല എനിക്ക് അറിയാന്മേലാഞ്ഞു ചോദിക്കുവാ നിനക്ക് എന്നാത്തിന്റെ കടി ആരുന്നടാ പട്ടി കഴുവേറിട മോനെ....."
" ദേ പെണ്ണുമ്പിള്ളേ മോനേം വിളിച്ചോണ്ട് കേറി പോവാൻ നോക്ക്. ഇല്ലെങ്കി എന്റെ കയ്യീന്ന് നിങ്ങളും മേടിക്കും "
വിരൽ ചൂണ്ടി ബോബി ഓർമിപ്പിച്ചു.
മോളികുട്ടി മകന്റെ നേരെ തിരിഞ്ഞു.
"എടാ റെജിമോനെ നീ എന്നാത്തിനാടാ ഈ നാറികളുടെ ഒക്കെ കയ്യീ കിടന്നു അടി മേടിച്ചു കെട്ടിയെ? നല്ല ചളുക്ക് വച്ചു കൊടുക്കാൻ മേലാരുന്നോ. അതിയാൻ ഇപ്പൊ ഇവിടെ ഉണ്ടാരുന്നേൽ ഇവനെയൊക്കെ വെട്ടി കൂട്ടി വാഴക്ക് വളം ഇട്ടേനെ."
റെജിയെ തള്ളി കൊണ്ട് മുന്നോട്ട് നടന്നിട്ട് കലി അടങ്ങാത്തത് പോലെ അവർ തിരിഞ്ഞു നിന്നു.
"ബോബി...നീ ഇത് മനസ്സിൽ കുറിച്ചിട്ടൊ. എന്റെ ചെറുക്കന്റെ മേലെ കൈ വച്ചതിനുള്ള കൂലി നിനക്ക് ഞാൻ തന്നിരിക്കും. ചക്കാലക്കേൽ മോളികുട്ടിയാ പറയുന്നേ. "
അത് കേട്ട് ബോബി കളിയാക്കുമ്പോലെ ഒച്ച വച്ചു ചിരിച്ചു കൊണ്ട് ഒന്ന് കൂവി വിളിച്ചു.
മകന്റെ കൈ പിടിച്ചു അവർ വരമ്പിലേക്ക് കയറി.
" മാറടോ അങ്ങോട്ട് !"
മുന്നിൽ നിന്ന ആളോട് അവർ തട്ടി കയറി.
" അടി കണ്ടു രസിച്ചോണ്ട് നിൽക്കേണ്. അവനോന്റെ ചോര ആരുന്നേൽ നീയൊക്കെ ഇങ്ങനെ കണ്ടോണ്ട് നിക്കോ. കണ്ണിൽ ചോര ഇല്ലാത്ത വർഗങ്ങള്. ഫൂ "
ആട്ടി തുപ്പി കൊണ്ട് മകനെയും കൂട്ടി മോളികുട്ടി കയറി പോയി.
" എന്നാടാ ബോബി ഇതൊക്കെ.? "
വരമ്പിൽ നിന്ന ഒരാൾ ചോദിച്ചു.
"അവന്റെ അപ്പന്റെ കൊട്ടതേങ്ങ മോഷണം പോണെന്ന്. "
ബോബി മറുപടി പറഞ്ഞു.
"അതിന് നിങ്ങടെ തോളേൽ കേറുന്ന എന്നാത്തിനാ. തെങ്ങേൽ അള്ളു വച്ചാൽ പോരായൊ ? "
"അത് ചോദിച്ചെതിനാ പന്നി മൂച്ചും കാണിച്ചോണ്ട് വന്നത്"
"വന്നാലെന്നാ വയറു നിറയെ കിട്ടിയല്ലോ "
മറ്റൊരാൾ പറഞ്ഞു ചിരിച്ചപ്പോൾ ബാക്കിയുള്ളവരും ഒപ്പം കൂടി.
അപ്പൊ കൂട്ടത്തിൽ പ്രായം ചെന്ന ഒരാൾ പറഞ്ഞു
" ആ തോട്ടിലിറങ്ങി അടിച്ചു നനച്ചു കുളിച്ചേച്ച് അവനവന്റെ വീട്ടിൽ കേറി പോവാൻ നോക്ക് പിള്ളേരെ. വെറുതെ വഴക്കിനും വക്കാണത്തിനും നിക്കാതെ "
തമ്മിൽ പലതും പറഞ്ഞു പണിക്കാർ വരമ്പിലൂടെ താഴേക്കു നടന്നു :
"അതല്ല ഈ മോളി കൊച്ചമ്മ നമ്മടെ തോളേൽ കേറിയത് എന്നാത്തിനാ? "
"അവൾക്ക് പ്രാന്ത്. "
"അവറാച്ചൻ വീട്ടിൽ ഇല്ല്യോ? "
"കാണുകേല. ഉണ്ടാരുന്നേൽ അയാളും പിള്ളേരുടേന്ന് വാങ്ങിച്ചു കെട്ടിയേനെ "
അവർ പറഞ്ഞു പോകുന്നത് കേട്ടു ചിരിച്ചു കൊണ്ട് ബോബി ജോസൂട്ടിയുടെ അടുത്തേക്ക് ചെന്നു.
അവൻ തളർന്നു വരമ്പിൽ ഇരിക്കുകയായിരുന്നു.
" നീ എങ്ങനാടാ പോത്തേ താഴെ വീണേ? "
ബോബി അവന്റെ ഒപ്പം ഇരുന്നു.
" എനിക്ക് സ്ലിപ്പായതാടാ. ബാലൻസ് കിട്ടിയില്ല "
" പിന്നേ ദിവസവും കണ്ടത്തിൽ കിടന്നു പന്ത് കളിച്ച് പ്രാക്ടീസ് ഉള്ളവന് സ്ലിപ്പായെന്ന്. അവൻ അടിച്ചു വീഴിച്ചെന്ന് പറഞ്ഞാ പോരെ. ചെളി കുറേ തിന്നോടാ ? "
മുഖം ചരിച്ചു ബോബി അവനെ ആകെയൊന്ന് നോക്കി.
അവൻ ചമ്മലോടെ ചിരിക്കുന്നത് കണ്ടു ബോബിയുടെ മുഖത്തും ചിരി വിടർന്നു.
" വാ തോട്ടിൽ പോയി കുളിച്ചിട്ട് പോവാം "
ജോസൂട്ടിയുടെ തോളിൽ കയ്യിട്ട് തോട്ടിലേക്ക് നടക്കുമ്പോ ബോബി പറഞ്ഞു.
" മെമ്പറെ കാണാൻ പോവാന്നു പറഞ്ഞു ഇറങ്ങിയതാ. അതിങ്ങനെ ആയി. നമ്മളെങ്ങോട്ട് പോയാലും വഴി മുടക്കാണല്ലോടാ ജോസൂട്ടി..."
" ആന്ന്... എന്നാലും അവൻ വല്ലാത്തൊരു സാധനം തന്നെയാ അല്ല്യോടാ "
" ആര്? "
" റെജിയെ..."
" പട്ടാളക്കാരൻ അല്ല്യോ. അതിന്റെ മെയ് വഴക്കം കാണും..."
"എന്നാ വാഴക്ക ആയാലും കണ്ടത്തിൽ കിടന്നു കുറച്ചു ചെളി തിന്നിട്ടുണ്ട് മോളികുട്ടിയുടെ റെജിമോൻ. "
"അത് നിന്നെ എടുത്തിട്ട് മെതിക്കുന്ന കണ്ടു എനിക്ക് സമനില തെറ്റിയതല്യോ. നന്നാവാന്ന് വച്ചാ ഇവറ്റോള് സമ്മതിക്കുകേലന്നേ. എന്നാ ചെയ്യാനാ? "
" അതിനിടയിൽ മോളികുട്ടി പറഞ്ഞത് നീ കേട്ടാരുന്നോ ബോബി ? അതിയാൻ ഉണ്ടാരുന്നെ നമ്മളെ വെട്ടി വാഴക്കിട്ടേനെന്ന് "
പറഞ്ഞിട്ട് ജോസൂട്ടി നിയന്ത്രണം വിട്ടു ചിരിച്ചു.
ഒപ്പം ബോബിയും.

 



ബോബിയെയും ജോസൂട്ടിയെയും കണ്ടു പഞ്ചായത്ത് ഓഫിസിൽ നിന്നും മെമ്പർ മാണി സാർ പുറത്തേക്ക് ഇറങ്ങി വന്നു.
" നിങ്ങളെ ഒന്ന് കാണാൻ ഇരിക്കുവാരുന്നു. മാത്തച്ചൻ മുതലാളിയുടെ ഓട്ടു കമ്പനിയിലെ ജോലി ശരി ആയിട്ടുണ്ട്. ഞാനൊരു എഴുത്ത് തന്നു വിടാം നാളെ തന്നെ നിങ്ങള് പോയെന്നു കണ്ടേര് "
" അതല്ല മെമ്പറെ. വേറൊരു പ്രശ്നം ഉണ്ട്. "
ബോബി മുന്നോട്ടു വന്നു.
" എന്നതാ? "
" അപ്പനെ കാണാനില്ല. എവിടാന്ന് ഒന്ന് തിരയണം. "
മാണി സാർ അമ്പരന്നു നോക്കി.
" കാണാനില്ലെന്നോ? ബന്ധുക്കളുടെ വീട്ടിലൊക്കെ തിരക്കിയോ? "
"അങ്ങനെ പോയി നിൽക്കാനും മാത്രം അടുത്ത ബന്ധുക്കൾ ഒന്നുമില്ല."
"വീട്ടിൽ എന്തേലും വഴക്കോ വക്കാണോ ഉണ്ടായോടാ ? കെറീച്ച് ഇറങ്ങി പോയതാന്നോ? "
"അല്ലന്നേ . രണ്ടു ദിവസം മുന്നേ ലിസിയെടെ കല്യാണ ആവശ്യത്തിന് കുറച്ചു കാശ് മേടിക്കാൻ കോഴിക്കോടിന് പോയതാ. അപ്പന്റെ പഴയ മൊതലാളിയുടെ അടുത്ത്. കാണാഞ്ഞിട്ട് ഞങ്ങൾ പോയൊന്നു തിരഞ്ഞാരുന്നു. അവിടെ ചെന്നിട്ടുണ്ട്. അതേപോലെ തിരിച്ചും പോയെന്നാ അവരൊക്കെ പറയുന്നേ. പക്ഷെ ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല."
" ഇനിയിപ്പോ എന്നാടാ ചെയ്യുന്നേ? "
മെമ്പർ ഒരു നിമിഷം ആലോചിച്ചു നിന്നു.
പിന്നെ പറഞ്ഞു.
" എന്തായാലും നമുക്കൊരു കംപ്ലയിന്റ് എഴുതി സ്റ്റേഷനിൽ കൊടുക്കാം. ഇല്ലെങ്കിൽ അത് പിന്നീട് വല്യ പുലിവാലാവും. നീ പേടിക്കണ്ടടാ ബോബി വർഗീസ് മാപ്ളേ നമുക്ക് കണ്ടു പിടിക്കാടാ. "
അയാൾ സാന്ത്വനിപ്പിക്കും പോലെ ബോബിയുടെ തോളിൽ ഒന്ന് തട്ടി.
" എന്തായാലും നിങ്ങളിവിടെ നില്ല്. ഞാൻ അകത്തൊന്ന് പറഞ്ഞേച്ചു ദേ വരുന്നു. "
മുണ്ടിന്റെ കോന്തല ഉയർത്തി പിടിച്ചു മെമ്പർ തിടുക്കത്തിൽ അകത്തേക്ക് കയറി പോയി.
കുറച്ചു സമയം കഴിഞ്ഞാണ് മടങ്ങി വന്നത്.
" വാ... "
വിളിച്ചു കൊണ്ട് അയാൾ ചെന്ന് ജീപ്പിൽ കയറി.
ഒപ്പം ബോബിയും ജോസൂട്ടിയും കടന്നിരുന്നു.
ചെമ്മൺ പാതയിലൂടെ പൊടി പറത്തി ജീപ്പ് പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു പോയി.


ഭാഗം 8

മാണി സാറിന്റെ അടുത്ത പരിചയക്കാരൻ ആയിരുന്നു ഇപ്പോഴത്തെ എസ് ഐ രാമൻകുട്ടി നായർ. എത്രയും പെട്ടന്ന് വർഗീസ് മാപ്ലയെ കണ്ടു പിടിച്ചു കൊടുത്തേക്കാമെന്നു അയാൾ മെമ്പർക്ക് ഉറപ്പ് കൊടുത്തു.എല്ലാ കാര്യങ്ങളും വിശദമായി ചേർത്ത് ഒരു പെറ്റിഷൻ എഴുതി കൊടുത്തിട്ട് പൊയ്ക്കോളാൻ പറഞ്ഞു.  റൈറ്റർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ബോബി മറുപടി കൊടുത്തു. പരാതി എഴുതി വായിച്ചു കേട്ടതിനു ശേഷം ഒപ്പിട്ട് കൊടുത്തിട്ട് മൂന്ന് പേരും പുറത്തേക്ക് ഇറങ്ങി വരുമ്പോഴാണ് ജീപ്പ് പുറത്തു നിർത്തിയിട്ട് പോലീസ് സ്റ്റേഷന്റെ ഗേറ്റ് കടന്ന് അവറാച്ചൻ കയറി വരുന്നത് കണ്ടത്.
അയാളെ കണ്ടു മെമ്പർ ചെന്നു സംസാരിച്ചു.
" എന്നാ അവറാച്ചാ പോലിസ് സ്റ്റേഷനിലോട്ടൊക്കെ എന്നതാ പ്രശ്നം? "
ബോബിയെയും ജോസൂട്ടിയെയും തുറിച്ചു ഒന്ന് നോക്കിയിട്ട് അവറാച്ചൻ പറഞ്ഞു.
" ഒരു പരാതി കൊടുക്കാൻ വന്നതാ. എന്തായാലും മെമ്പറെ കണ്ടത് നന്നായി. മെമ്പർക്കറിയൊ ലീവിന് വന്നു നിൽക്കുന്ന ചെറുക്കാനെയാ അടിച്ചു പഞ്ചറാക്കി ഇട്ടേക്കുന്നെ. പട്ടാളക്കാരനെ കൈ വച്ചാൽ കേസ് എന്നതായി വരുമെന്ന് ഞാൻ പറയാതെ തന്നെ മെമ്പർക്കറിയാലോ? "
" ആര് അടിച്ചൂന്ന്? "
" ദേണ്ടെ...മെമ്പർക്കൊപ്പം തന്നെ ഉണ്ടല്ലോ. ഇവന്മാർക്ക് എന്നെയും എന്റെ ചെറുക്കനേം കാണുമ്പോൾ എന്നതാ ഇത്ര ചൊറിച്ചില്. അതിനൊരു തീരുമാനം ഉണ്ടാക്കീട്ടെ അവറാച്ചൻ ഇവിടന്നു പോകുന്നുള്ളൂ. എന്തായാലും പ്രതികളും സ്റ്റേഷനിൽ തന്നെ ഉണ്ടല്ലോ... അത്രേം സൗകര്യം ."
" ഈ പറയുന്നതൊക്കെ നേരാന്നോടാ? "
മാണിസാർ ബോബിക്കും ജോസൂട്ടിക്കും നേരെ തിരിഞ്ഞു.
" അടി കൊടുത്തുന്നുള്ളത് നേരാ. അത് പക്ഷെ വീട്ടിൽ കേറി അടിച്ചതൊന്നുമല്ല. ഞങ്ങളാ കണ്ടത്തിൽ സംസാരിച്ചിരുന്നപ്പോൾ തേങ്ങ മോഷ്ടിക്കാൻ വന്നെന്ന് പറഞ്ഞു ഇങ്ങോട്ട് വന്നു കേറിയതാ. "
അത് കേട്ട് അവറാച്ചന് ദേഷ്യം ഇരട്ടിച്ചു.
" അതിന് ? ഇങ്ങനെ അടിക്കോ ? ചെറുക്കന്റെ കൊടലീന്ന് ചെളി എടുത്തോണ്ടിരിക്കെയാ ആശുപത്രിയേല്. അന്നേരത്തെങ്ങാനും ഞാൻ അവിടെ ഉണ്ടാരുന്നേൽ ഇതൊക്കെ പറയാൻ നീയൊക്കെ ഭൂമിക്ക് മേലെ ഉണ്ടാവുകേലായിരുന്നു."
" അതെന്നാ ഞങ്ങളുടെ കൈ മാങ്ങ പറിക്കാൻ പോകോ? "
ജോസൂട്ടി ചൂടായി.
" മിണ്ടാതിരിയെടാ. " മാണിസാർ കണ്ണുരുട്ടി "പട്ടാളക്കാരുടെ മേല് കൈ വച്ചാൽ ജാമ്യം പോലും കിട്ടാത്ത വകുപ്പാ ചുമത്തുന്നേ അറിയാവോ നിനക്കൊക്കെ. "
" കണ്ടോ മെമ്പറെ ? ഇവന്റെയൊക്കെ അഹങ്കാരം കണ്ടോ. പോലീസിനെ കൊണ്ട് ഇവന്മാരുടെ നട്ടെല്ല് വലിച്ചൂരി സൂപ്പിട്ട് കുടിച്ചിട്ടേ അവറാച്ചൻ ഇന്നിവിടുന്ന് പോകുന്നുള്ളൂ. എന്തായാലും ഇവിടിപ്പോ മെമ്പറും ഉണ്ടല്ലോ. എന്റെ കൂടെ അകത്തേക്ക് വന്നാട്ടെ. "
" പരാതിയൊക്കെ നമുക്ക് കൊടുക്കാം അതിന് മുന്നേ അവറാച്ചൻ ഇങ്ങോട്ടൊന്ന് വന്നേ. ഒരു കാര്യം ഉണ്ട്. "
മെമ്പർ അയാളെ ഒരു സൈഡിലേക്ക് കൂട്ടി കൊണ്ട് പോയി.
" ഇപ്പോ ഈ പരാതിയും കൊണ്ട് അവറാച്ചൻ അങ്ങോട്ട് പോവരുത്. "
" അതെന്നാ ഏർപ്പാടാ. അവന്മാര് മെമ്പറുടെ അണികളായത് കൊണ്ടാന്നോ? അടികൊണ്ടു പിരുന്നത് എന്റെ ചെറുക്കാനല്യോ മെമ്പർക്ക് നോവുകേലാ.... കുറച്ചു ദിവസം ഇവന്മാര് അകത്തു കിടക്കട്ടന്നേ എന്നാലേ ഇവറ്റകള് പഠിക്കത്തൊള്ളൂ"
" എനിക്ക് അവന്മാരും അവറാച്ചനും ഒക്കെ ഒരേപോലാ. വേർതിരിവ് ഒന്നുമില്ല. വർഗീസ് മാപ്ലയെ കാണാനില്ലെന്നും പറഞ്ഞൊരു കേസ് ഇപ്പോൾ പോയിട്ടുണ്ട്. അങ്ങേരെ കാണാതാവുന്നതിന് മുന്നേ അവറാച്ചനുമായൊന്ന് മുട്ടീട്ടുണ്ടെന്നൊരു സംസാരം നമ്മുടെ ഇടവകേലുണ്ട്. അതിന്റെ ചൊരുക്കിന് അവറാച്ചൻ വാശി തീർത്തോന്നാ ഇവന്മാരുടെ ഇപ്പോഴത്തെ ഡൗട്ട്. "
" അതെന്നാ വർത്താനമാ... ഞാൻ അറിയാത്ത കാര്യത്തിന്.... "
അവറാച്ചൻ ഒന്ന് പതറിയെന്ന് തോന്നി.
" ഇവന്മാർക്ക് അങ്ങനൊരു സംശയം ഉള്ള കാര്യം എന്തായാലും ഞാൻ എസ്. ഐ യോട് പറഞ്ഞിട്ടില്ല. ഇപ്പോ അവറാച്ചൻ ഈ പരാതിയുമായി മുന്നോട്ട് പോയാൽ അവൻമാരിത് എടുത്തിടും. പിന്നെ എനിക്കൊന്നും ചെയ്യാൻ ഒക്കുകേല. "
" അതിന് ഞാനൊന്നും ചെയ്തിട്ടില്ലല്ലോ മെമ്പറെ. ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമാ ഈ കേൾക്കുന്നെ..."
"അവറാച്ചൻ ഒന്നും ചെയ്തു കാണുകേല. പക്ഷെ അന്ന് ഷാപ്പില് വച്ച് നിങ്ങള് തമ്മില് ഉന്തും തള്ളും നടന്നത് കണ്ടതിനു സാക്ഷികൾ ഉണ്ട്. പോലീസിന്റെ കാര്യം അറിയാലോ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന ടീമാ. ഇനി അവറാച്ചൻ അല്ല അത് ചെയ്തെങ്കിൽ കൂടി ഇങ്ങനൊരു സംശയം നിലവിൽ ഉള്ള സ്ഥിതിക്ക് വർഗീസ് മാപ്ലയെ കിട്ടുന്നത് വരെ അവറാച്ചനെ പോലീസ്കാര് എടുത്തിട്ട് കുത്തും. അതിനിപ്പോ താനായിട്ട് ചെന്ന് നിന്ന് കൊടുക്കണോ? "
കണ്ണ് തള്ളിക്കൊണ്ട് ഒരു തുടം കുടിനീര് അവറാച്ചൻ വിഴുങ്ങിയിറക്കി.
" ശ്ശേന്നാ കഷ്ടവാ ഇത്. "
" അതാ ഞാൻ പറയുന്നേ ഈ പരാതിയുമായി ഇപ്പോ അങ്ങോട്ട് പോണ്ടാന്ന്. പിന്നെ റെജിയും മോശം ഒന്നുമല്ല. ചുമ്മാ ഇരുന്ന പിള്ളേരുടെ തോളിൽ ചെന്നു കേറീട്ടല്ലേ. കൊടുത്തപ്പോ അങ്ങോട്ടും ഇങ്ങോട്ടും കിട്ടി കാണും. അത് വെളീൽ വച്ചു പറഞ്ഞു തീർത്താൽ പോരായോ ? കേസാക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ. "
" കേസ് കൊടുത്തില്ലേ മോളികുട്ടി എന്നെ വീട്ടിൽ കേറ്റുകേല മെമ്പറെ. അവളവിടെ തള്ള വിരലേൽ നിൽക്കുവാ. മെമ്പറായോണ്ട് ഉള്ള കാര്യം പറയാം ചെറുക്കന് വലിയ ഏനക്കേട് ഒന്നുമില്ല. ചെറിയ ചതവ് ഒക്കെയേ ഉള്ളൂ. നന്നായി ഒന്നാവി പിടിച്ചാൽ മാറിക്കോളും. ആശുപത്രി പോയന്നൊക്കെ ഞാൻ പറഞ്ഞത് മോളികുട്ടിയുടെ പദ്ധതിയാന്നേ. ഇവന്മാരെ രണ്ടിനേം പിടിച്ചു അകത്തിടണം എന്ന ഒറ്റ വാശിലാ അവള് നിക്കുന്നെ. ഇതിപ്പോ ഞാൻ എന്നാ ചെയ്യുന്നേ? "
ധർമ്മസങ്കടത്തിൽ അവറാച്ചൻ നോക്കി.
ഒന്നാലോചിച്ചിട്ട് മാണിസാർ പറഞ്ഞു.
" ഒരു കാര്യം ചെയ്യാം. ഇപ്പൊ എനിക്ക് കൂടെ വരാൻ സമയം ഇല്ല. പഞ്ചായത്ത് ഓഫീസിൽ നിന്നും ഇറങ്ങി വന്നതാ. ഉച്ചക്ക് ഒരു യോഗം ഉണ്ട്. അതിന് മുന്നേ അങ്ങെത്തണം. വൈകുന്നേരം ഞാൻ വീട്ടിലേക്ക് വരാം. കാര്യങ്ങൾ ഒക്കെ മോളികുട്ടിയെ ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം. "
" അത് മതി. മെമ്പറു പറഞ്ഞാ മോളികുട്ടി കേട്ടോളും"
അവറാച്ചന്റെ മുഖം തെളിഞ്ഞു.
" ഇപ്പൊ പരാതി കൊടുത്തോന്ന് മോളികുട്ടി ചോദിച്ചാ ഉവ്വെന്നങ്ങ് പറഞ്ഞേര്. ഒപ്പം ഞാനും ഉണ്ടായിരുന്നെന്ന് കൂട്ടി പറഞ്ഞോ. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം. "
" ഏറ്റു. പക്ഷെ ഇക്കാര്യത്തിൽ മെമ്പറു എന്റെ കൂടെ നിൽക്കണം. അവന്മാരോട് പറയണം എന്റെ പേരൊന്നും ഇതിനെടേൽ വലിച്ചു വച്ചേക്കരുതെന്ന്. വയസാം കാലത്ത് പോലീസിന്റെ ഇടി കൊള്ളാൻ മേലാത്തോണ്ടാ... "
" അതൊക്കെ ഞാനേറ്റു. എന്നാ അവറാച്ചൻ വിട്ടോ."
മാണി സാർ തിരിച്ചു ജീപ്പിനു അടുത്ത് എത്തിയപ്പോൾ ബോബി ആകാംഷയോടെ ചോദിച്ചു.
" അയാൾ എന്നാ പറഞ്ഞു മെമ്പറെ. "
"കേറ് പറയാം "
ജീപ്പ് സ്റ്റാർട്ട് ചെയ്തു തിരിക്കുന്നതിനിടയിൽ മാണി സാർ തുടർന്നു.
"അവറാച്ചൻ ഒരു പേടിതൂറി ആയതു കൊണ്ട് പറഞ്ഞു വിശ്വസിപ്പിക്കാൻ എളുപ്പമാ. അതുപോലെ അല്ല മോളികുട്ടിയും റെജിയും. മെരുക്കാൻ കുറച്ചു പാടാ. നിങ്ങളെ രണ്ടിനെയും അകത്താക്കി ഉണ്ട തീറ്റിച്ചേ അടങ്ങുന്ന് വാശിയിലാ രണ്ടും. വൈകുന്നേരം പോയി അത് പറഞ്ഞൊതുക്കണം... എന്തിനാടാ നാട്ടുകാരുടെ തോളേലും കേറി ഇങ്ങനെ നടക്കുന്നെ ? . ഇനിയെങ്കിലും നന്നാവാൻമേലെ...? "
" നന്നാവാനാ മെമ്പറെ ഞങ്ങള് തീരുമാനിച്ചേക്കുന്നേ. ഇവനൊക്കെ സമ്മതിക്കണ്ടേ. എന്നാ ചെയ്യാനാ. "
" ഞാൻ കൂടെ നിക്കുമെന്ന് വിചാരിച്ചു എന്ത് തോന്ന്യാസവും കാണിച്ചേക്കാമെന്ന് വിചാരിച്ചേക്കരുത്. "
" ഞങ്ങൾ ഒന്നിനും പോയതല്ല. അവനാ ഇങ്ങോട്ട് ചൊറിഞ്ഞോണ്ട് വന്നേ. "
"മം. എന്നാ ആയാലും... ഒരു കാര്യം ചെയ്. അന്വേഷണം ഒക്കെ പോലീസ് അതിന്റ മുറക്ക് ചെയ്തോളും. ഇടക്ക് ഞാൻ വന്നു നോക്കിക്കോളാം. നാളെ തന്നെ രണ്ടും മാത്തച്ചൻ മുതലാളിയെ പോയി കണ്ടു ജോലിക്ക് കേറിക്കോണം. കേട്ടല്ലോ? "
" ഓ... " ബോബിയും ജോസൂട്ടിയും ഒരേ സ്വരത്തിൽ മൂളി.

 



ജോലി കാര്യം പറയുമ്പോൾ അമ്മച്ചി സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്നൊക്കെ ആയിരുന്നു ബോബിയുടെ ഒരു ധാരണ.
ഇത് ചില അവാർഡ് സിനിമയിലെ കഥാപാത്രങ്ങളെ പോലെ ഇരുന്നു അത്താഴം കഴിക്കുന്നു.
ലില്ലി പക്ഷെ ഉത്സാഹത്തോടെ ചോദിച്ചു.
" നിങ്ങൾ രണ്ടു പേരും പോകുന്നുണ്ടോ ഇച്ചായി ? "
" ആടി. ജോസൂട്ടിയും വരുന്നുണ്ട്. "
" ഓട്ടു കമ്പനിയിൽ എന്നാ ജോലിയാ? "
" അറിയത്തില്ല... അവിടെ ചെന്നാലല്ലേ അതൊക്കെ അറിയാൻ പറ്റത്തുള്ളൂ..."
" രാവിലെ ഇച്ചായിക്ക് കൊണ്ട് പോകാൻ ചോറ് പൊതിയണോ ? "
" ആദ്യം അവിടെ ചെന്ന് എന്താ സ്ഥിതി എന്ന് നോക്കട്ടെ. അത് കഴിഞ്ഞു ഞാൻ പറഞ്ഞിട്ട് മതി. "
ഒന്നും മിണ്ടാതെ കഴിച്ചു കഴിഞ്ഞു പെണ്ണമ്മ എണീറ്റ് പോയി.
അവരെ നോക്കി ചുണ്ട് കോട്ടി ഒരു ഗോഷ്ടി കാണിച്ചു ബോബി റൂമിലേക്ക് കയറി.
ലില്ലിക്ക് ചിരി വന്നു.
പാത്രങ്ങളുമായി അടുക്കളപുറത്തേക്ക് ഇറങ്ങി വരുമ്പോൾ അവൾ പെണ്ണമ്മയോട് ചോദിച്ചു.
" എന്നതാ അമ്മച്ചി ഇച്ചായി ജോലിക്ക് പോകുന്ന കാര്യം പറഞ്ഞിട്ട് ഒന്നും മിണ്ടാഞ്ഞേ. അതെന്നാ ഏർപ്പാടാ? "
" ഗൾഫിലോട്ടൊന്നും അല്ലല്ലോ പോകുന്നെ "
" ഗൾഫിൽ പോകുന്നെങ്കിലേ അമ്മച്ചി മിണ്ടത്തൊള്ളോ ? "
" ആ അത്രേ ഉള്ളൂ. "
" എല്ലാരും മക്കള് തല്ലും പിടിച്ചും നടക്കാതെ എന്തേലും ജോലിക്ക് പോട്ടെന്നാ ആഗ്രഹിക്കുന്നെ. "
പാത്രം കഴുകുന്നതിനിടയിൽ ലില്ലി സ്വയം എന്നോണം പറഞ്ഞു.
" പത്തിരുപത്തേഴു വയസായി ഇപ്പോഴാ ബോധോദയം ഉണ്ടായത് . ഇതൊക്കെ ആരെ ബോധിപ്പിക്കാനാ. എന്നെയോ?"
" ഇച്ചായി ജോലിക്ക് പോയാലും ആ കാശ് അമ്മച്ചിടെ കയ്യിൽ തന്നല്ല്യോ കൊണ്ട് വന്നു തരാൻ പോകുന്നെ. പിന്നെന്നാ? "
" ആദ്യം മര്യാദക്ക് പത്തു ദിവസം എങ്കിലും ജോലിക്ക് പൊട്ടടി. എന്നിട്ട് നീ ഇരുന്നു മനകണക്ക് കൂട്ടിയാ മതി. ഇങ്ങനെയൊക്കെയുള്ള കഥകളേ കുറേ കേട്ടിട്ടുള്ളതാ ഞാൻ. "
"ഇതങ്ങനെ ഒന്നുമല്ല ഇച്ചായി മര്യാദക്ക് ജോലിക്ക് പോണമെന്നു തന്നെയാ. "
" ആ എന്നാ അവനു കൊള്ളാം. "
പെണ്ണമ്മ അകത്തേക്ക് കയറി പോയി.
കഴുകി പെറുക്കിയ പാത്രങ്ങൾ എടുത്തു ലില്ലി അടുക്കളയിൽ വച്ചു.
അടുക്കള വാതിൽ അടച്ചു കൂറ്റിയിട്ടു പ്രധാന മുറിയിലേക്ക് വരുമ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു അവൾ വാതിൽക്കൽ വന്നു പുറത്തേക്ക് നോക്കി.
പിന്നെ സംശയം തോന്നി ബോബിയുടെ മുറിയിൽ ചെന്ന് തിരഞ്ഞിട്ട് അവനെ കാണാത്തത് കൊണ്ട് അവൾ വീണ്ടും തിണ്ണയിലേക്ക് ഇറങ്ങി.
" ഇച്ചായി..."
ചുറ്റും നോക്കി കൊണ്ട് വിളിച്ചു.
"ഞാൻ ഇവിടെ ഉണ്ടടി..."
റോഡിനു സൈഡിലെ പ്ലാവിന് ചുവട്ടിൽ നിന്നും അവന്റെ സ്വരം കേട്ടു.
അവൾ മുറ്റത്തേക്ക് ഇറങ്ങി ചെന്നു.
" എന്നാ ഇച്ചായി ഇവിടെ വന്നു ഒറ്റക്ക് നിക്കുന്നെ ? അമ്മച്ചി മിണ്ടാത്തോണ്ടാണോ. അതൊന്നും കാര്യാക്കണ്ടാന്നേ. എന്നോടും ഇപ്പോ അങ്ങനാ. എന്തെലും ചോദിച്ചാ തട്ടികേറും. എന്നാ ഒക്കെ ആന്നേലും അമ്മച്ചിക്ക് നല്ല വിഷമം ഉണ്ട്. അത് കൊണ്ടല്യോ... "
" അതൊന്നുമല്ലടി. "
" പിന്നെന്നാ? "
" ഞാനിന്ന് പോലീസ് സ്റ്റേഷൻ വരെ പോയിരുന്നു. "
" എന്നാത്തിന് ? "
" അപ്പനെ കണ്ടു പിടിക്കണ്ടേ. ഒരു പരാതി എഴുതി ഇടാൻ പോയതാ. മെമ്പറുടെ അടുത്ത പരിചയക്കാരനായിരുന്നു പുതിയ എസ് ഐ. എത്രയും പെട്ടന്ന് അപ്പനെ കണ്ടു പിടിച്ചു തരാന്ന് മെമ്പർക്ക് വാക്ക് കൊടുത്തേക്കുവാ. നീ ഇതൊക്കെ മനസ്സിൽ വച്ചിരുന്നാ മതി. അമ്മച്ചിയോട് പറയണ്ട. കേട്ടോ. "
അവൾ മൂളി കേട്ടു.
വീട്ടിലേക്ക് നോക്കി നിന്നിട്ട് ബോബി പതിയെ പറഞ്ഞു.
" അപ്പൻ ഇല്ലാത്തോണ്ട് വീട് ഉറങ്ങിയ മട്ടായി അല്ല്യോടി. "
" ആന്നേ. ചിലപ്പോഴൊക്കെ എനിക്കങ്ങു ദേഷ്യം പിടിച്ചിട്ടുണ്ട് ഇങ്ങനെ അമ്മച്ചിയുമായി കിടന്നു വഴക്കിടുന്നതിന്... ഇപ്പൊ ഒച്ചയും അനക്കവുമൊന്നും ഇല്ലാണ്ടിരിക്കുമ്പോഴാ... "
ഇടക്ക് നിർത്തിയിട്ട് ലില്ലി ചോദിച്ചു.
" അപ്പനിത് എവിടെ പോയതാരിക്കും ഇച്ചായി ? "
" അറിയത്തില്ലടി. "
" നമ്മളെ കാണാതെ. അമ്മച്ചിയെ കാണാതെ അപ്പനങ്ങനേ മാറി നിൽക്കാൻ ഒക്കുവോ? "
"അപ്പനിങ്ങ് വരുമെടി. വരാതെ എവിടെ പോവാനാ..."
ഒരു നിമിഷം ആലോചിച്ചിട്ട് ബോബി തുടർന്നു.
"ഒരു ജോലി ഒപ്പിച്ചിട്ട് ചെന്നാൽ വീടിന്റെ ആധാരം ലോൺ വച്ചു തരാന്ന് ജോസൂട്ടിയുടെ അപ്പച്ചൻ പറഞ്ഞിട്ടുണ്ട്. ഇപ്പൊ ജോലി ആയി. ഇനി ലോൺ കൂടി കിട്ടി കഴിഞ്ഞാ നിന്റെ കല്യാണം നമ്മൾ വിചാരിച്ച പോലെ പത്രാസായി നടത്താം. "
ലില്ലിയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി.
പ്രതീക്ഷിച്ചിരുന്ന ആപത്ത് തലയ്ക്കു മീതെ എത്തിയ പോലെ.
"അപ്പനെ കണ്ടു പിടിച്ചിട്ട് പോരായോ ഇച്ചായി കല്യാണമൊക്കെ ? "
"ലോൺ ഒക്കെ പാസായി കിട്ടാൻ ഏകദേശം രണ്ടു മൂന്നാഴ്ച എങ്കിലും എടുക്കും. അപ്പോഴേക്കും അപ്പനിങ്ങ് വരത്തില്യോ. എന്നതായാലും ഞാൻ വിചാരിച്ച പോലൊക്കെ കാര്യങ്ങൾ നീങ്ങുന്നുണ്ട്. നീയും കൂടൊന്ന് പ്രാർത്ഥിച്ചേരെ."
ലില്ലി ഒന്നും മിണ്ടിയില്ല.
എന്നും മുട്ടിപ്പായി പ്രാർത്ഥിക്കുന്നത് ജോസൂട്ടിയെ തനിക്കു തന്നെ തന്നേക്കണേ മാതാവേന്നാണ്.
പെരിങ്ങോട്ട്കരക്കാരുടെ ആലോചന ഏത് വിധേനയും മുടങ്ങി പോണേന്നും.
ഇച്ചായിയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ ആണ് ജോസൂട്ടി.
പക്ഷെ പെങ്ങളുടെ കാര്യത്തിൽ ഇച്ചായി ചിലപ്പോൾ ആ ബന്ധം മറക്കും.
പിന്നെന്തൊക്കെ പൊല്ലാപ്പാണ് നടക്കുന്നതെന്ന് മാതാവിന് മാത്രേ അറിയൂ.
അക്കാര്യത്തെപറ്റി ആലോചിക്കുമ്പോൾ തന്നെ ദേഹം തളരും.
എങ്ങനെ ഇതിൽ നിന്നും കരകേറുമെന്ന് ലില്ലിക്ക് അറിയില്ല.
" ആ എന്നാ നീ പോയി കിടന്നോടി. "
ബോബിയുടെ ഒച്ച ലില്ലിയെ ചിന്തയിൽ നിന്നും ഉണർത്തി.
" ഇച്ചായി കിടക്കുന്നില്ലേ? വെറുതെ ഉറക്കമിളക്കണ്ട രാവിലെ ജോലിക്ക് പോവാനുള്ളതല്യോ. "
" ഞാൻ കിടന്നോളാം. നീ പൊയ്ക്കോ. "
ലില്ലി അകത്തേക്ക് കയറി പോയി.
ഒരു ബീഡിക്ക് തീ കൊളുത്തിയിട്ട് പുക ഊതി വിട്ടു കൊണ്ട് അവൻ പ്ലാവിൽ ചാരി നിന്നു.
നാളെ മുതൽ മാത്തച്ചൻ മുതലാളിയുടെ ഓട്ട് കമ്പനിയിൽ ജോലിക്ക് കയറുകയാണ്.
ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ ഇപ്പൊ മടി ഒന്നും തോന്നുന്നില്ല.
പകരം മനസ്സിൽ എന്തോ ഒരു സുഖം നിറയുന്നത് പോലെ.
കാറ്റിലും ചുഴിയിലും പെട്ട് മുങ്ങി പോയേക്കുമായിരുന്ന പായ്കപ്പൽ പതിയെ പതിയെ തീരത്തേക്കടുക്കുകയാണ്.


ഭാഗം 9

ഓട്ടുകമ്പനിക്ക് മുന്നിൽ ഒരു ചെറിയ ഓഫീസ് ഉണ്ടായിരുന്നു. ഫോർമാൻ ദിവാകരേട്ടന്റെ കയ്യിൽ ബോബി മാണി സാർ തന്നു വിട്ട എഴുത്തു ഏൽപ്പിച്ചു പുതിയ രണ്ടു തൊഴിലാളികൾ കൂടി വരുന്നുണ്ടെന്ന് തലേന്നു തന്നെ മാത്തച്ചൻ മുതലാളി പറഞ്ഞു ഏൽപ്പിച്ചിരുന്നു. ഒഴിവുള്ള സെക്ഷനിലേക്ക് രണ്ടു പേരെയും നിയമിക്കാനും അനുമതിയും കൊടുത്തിരുന്നു. ഫയലിൽ രണ്ടു പേരുടെയും പേരും അഡ്രെസും എഴുതി രെജിസ്റ്റർ ചെയ്തു വച്ചിട്ട് ദിവാകരേട്ടൻ ഇരുവരെയും അകത്തേക്ക് കൂട്ടികൊണ്ട് പോയി. വിശാലമായ പറമ്പ് നിറഞ്ഞു കിടക്കുകയാണ് മാത്തച്ചൻ മുതലാളിയുടെ അന്നബ്രിക്സ് എന്ന ആ ഓട്ട് കമ്പനി.
"ദിവാകരേട്ടാ ഞങ്ങൾക്കിതൊന്ന് ചുറ്റി നടന്നു കാണാൻ പറ്റോ? "
ജോസൂട്ടിയുടെതാണ് ചോദ്യം.
"ഇപ്പഴോ ? അതിനൊക്കെ ഉച്ചക്ക് വിശ്രമിക്കാനുള്ള സമയം ഉണ്ട്. അപ്പോൾ കണ്ടാൽ മതി. ജോലിക്ക് വന്നതല്ലേ പണി എടുക്കാൻ നോക്ക് "
മുന്നിലായി വലതു വശത്തു ആദ്യം കാണുന്നത് കാർപെന്റെർ ഏരിയ ആണ്. ഒരു ഈർച്ച മില്ലും കൂട്ടത്തിൽ സെറ്റ് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. ചൂളയിലേക്ക് ആവശ്യമായ മരങ്ങൾ ആറിഞ്ച് നീളത്തിൽ മുറിച്ചു അട്ടിഅടുക്കി വച്ചിട്ടുണ്ട്. പെട്ടന്ന് കത്തുന്നത് കൊണ്ടും ചൂട് കൂടുതൽ ഉള്ളത് കൊണ്ടും റബ്ബർ മരങ്ങളാണ് ഇവിടെ കൂടുതലും ഉപയോഗിക്കുന്നത്. രണ്ടു തൊഴിലാളികൾ അവിടെ അത് കോടാലിക്ക് കൊത്തി കീറി ഇടുന്നുണ്ടായിരുന്നു. മറ്റൊരാൾ കീറിയിടുന്ന വിറകുകൾ തല ചുമടായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയി അടുക്കുന്നു. പച്ച ഓടുകൾ സെറ്റ് ചെയ്തു വയ്ക്കാനുള്ള അച്ചുകൾ രണ്ടു ആശാരിമാർ ഇരുന്നു തടിയിൽ പണിതെടുക്കുന്നത് കാണാം. പഴയ അച്ചുകൾ മെയിന്റൻസ് പണിക്കായി അവരുടെ അടുത്ത് കൂട്ടി ഇട്ടിട്ടുണ്ടായിരുന്നു.
"ഇവിടുത്തെ തൊഴിലാളികൾ എല്ലാ സെക്ഷനുകളിലും മാറി മാറി നിൽക്കേണ്ടി വരും. അത് കൊണ്ട് എല്ലാ പണിയും അറിഞ്ഞിരിക്കണം. കാരണം ഒരാൾ വന്നില്ലെങ്കിലും അടുത്തതിലേക്ക് ആളെ മാറ്റി ഇടുന്നതിനു വേണ്ടിയാണ്. ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യമേ പറഞ്ഞേക്കണം . "
മുന്നിൽ നടക്കുന്നതിനിടയിൽ ദിവാകരേട്ടൻ കാര്യങ്ങൾ വിശദമായി പറയുന്നുണ്ടായിരുന്നു.
"ഒരു ബുദ്ധിമുട്ടും ഇല്ല. "
ബോബിയും ജോസൂട്ടിയും എന്തിനും തയ്യാർ.
" മണിമേസ്തിരി ദേ ഇയാളെ കൂടെ കൂട്ടത്തിൽ നിർത്തിക്കോ."
ജോസൂട്ടിയെ ചൂണ്ടി ദിവാകരേട്ടൻ ആശാരിയോട് പറഞ്ഞിട്ട് ബോബിയെ വിളിച്ചു കൊണ്ട് പിന്നിലേക്ക് നടന്നു.
കൂട്ടുകാരനോട് ഒന്ന് യാത്ര പറയാനുള്ള സമയം കൂടി ബോബിക്ക് കിട്ടിയില്ല.
തിരിഞ്ഞു ദയനീയമായി ഒന്ന് നോക്കിയിട്ട് അവൻ അസ്ത്രം വിട്ടത് പോലെ മുന്നിൽ പാഞ്ഞു പോകുന്ന ദിവാകരേട്ടന്റെ പിന്നാലെ പോയി.
കമ്പിനിക്ക് പിന്നിലായി പുഴയോരത്തോട് ചേർന്ന്,
ഓടിന് കൂടുതൽ കളർ കൊടുക്കുന്ന മഞ്ഞ കളിമണ്ണും അലൂമിനിയം കണ്ടന്റ് കൂടുതൽ നിറഞ്ഞ പശിമയുള്ള കറുത്ത കളിമണ്ണും കൂട്ടി ഇട്ടിരിക്കുന്നത് കാണാമായിരുന്നു.
അവിടെ നിന്നാണ് രണ്ടു മണ്ണും പ്രത്യേക അനുപാതത്തിൽ കുഴച്ചെടുത്ത് കൺവെയർ ബെൽറ്റ് വഴി ഫാക്ടറിക്കുള്ളിലേക്ക് കടത്തി വിടുന്നത്.
" ദിവാകരേട്ടാ പുതിയ പണിക്കാരൻ ആന്നോ? "
ചെളി കുഴക്കുന്ന തൊഴിലാളികളുടെ ഇടയിൽ നിന്നും ആരുടെയോ ചോദ്യം.
"ആടാ..." പറഞ്ഞിട്ട് അകത്തേക്ക് കയറാതെ പുറത്തെ വരാന്ത വഴി അയാൾ പിന്നിലേക്ക് നടന്നു
ആരാണ് ചോദിച്ചതെന്ന് കൂടി ബോബി കണ്ടില്ല.
ചൂളക്ക് പിന്നിൽ ഓട് ചുട്ടെടുത്ത് അടുക്കി വച്ചിരിക്കുന്ന ഹാളിൽ അയാൾ ചെന്നു നിന്നു.
കുറച്ചു ജോലിക്കാർ അവിടെ ഉണ്ടായിരുന്നു.
ഓടുകൾ തട്ടി നോക്കി തരം തിരിച്ചു മാറ്റി വയ്ക്കുന്നുണ്ട്.
ഉപയോഗശുന്യമായ പൊട്ടിയ ഓടുകൾ ഒരു വശത്തേക്കും , നല്ല ഓടുകൾ ചക്രം പിടിപ്പിച്ച പലകയിൽ അടുക്കി മറ്റൊരിടത്തേക്ക് തള്ളി കൊണ്ട് പോകുന്നു.
മൊത്തത്തിൽ ആകെയൊരു ബഹളം.
അതിൽ ഒരാളോട് ബോബിയെ കൂടി കൂട്ടത്തിൽ നിർത്തിക്കോളാൻ നിർദേശിച്ചിട്ട് ദിവാകരേട്ടൻ ഫാക്ട്ടറിക്കുള്ളിലേക്ക് നടന്നു മറഞ്ഞു.
പുതിയ ജോലി.
പുതിയ ആളുകൾ.
ജോസൂട്ടിയും കൂടെയില്ല.
ബോബിക്ക് തലയ്ക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

 


ചെമ്മൺപാതയോട് ചേർന്നുള്ള തെങ്ങിൻതോപ്പിലെ വൈകുന്നേരത്തെ ചീട്ട് കളി സംഘത്തിൽ കുട്ടാപ്പിയും ഉണ്ടായിരുന്നു.
നാട്ടുവഴിയിലൂടെ റെജിയുടെ 80s മോഡൽ റോയൽ എൻഫീൽഡ് വരുന്നതിന്റെ കട കട ശബ്ദം കേട്ട് വട്ടം ചുറ്റി ഇരുന്ന കളിക്കാർ മൊത്തം നോക്കി.
ബുള്ളറ്റ് വന്നു കളിക്കാരുടെ നേരെ എതിരെ റോഡ് സൈഡിൽ നിന്നു.
" ബോബിടെ കയ്യീന്ന് മേടിച്ചു കെട്ടീട്ട് നിന്റെ കൂട്ടുകാരനൊരു കുഴപ്പവുമില്ലല്ലോടാ കുട്ടാപ്പി..."
അടുത്തിരുന്ന ആളുടെ കമന്റ് കേട്ട് കുട്ടാപ്പി ഒന്നും മിണ്ടിയില്ല.
ചുറ്റും ഇരുന്നവർ അത് കേട്ട് ചിരിച്ചു.
" ബോബിയുടെ നാടൻ അടിയിൽ പട്ടാളക്കാരൻ പഞ്ഞിപ്പാല് ഛർദിച്ചെന്നാ കണ്ടു നിന്നവർ പറയുന്നേ "
റോഡിൽ നിന്നും ഹോൺ മുഴങ്ങുന്നു.
അങ്ങോട്ട് ചെല്ലാനുള്ള സിഗ്നൽ ആണ്.
വരുന്നു എന്ന രീതിയിൽ കുട്ടാപ്പി കൈ ഉയർത്തി കാണിച്ചു.
" ടാ വാവച്ചാ ഇതൊന്ന് പിടിച്ചേടാ. "
കൈയിലെ ചീട്ട് പിന്നിൽ ഇരുന്നവന്റെ കയ്യിൽ പിടിപ്പിച്ചിട്ട് കുട്ടാപ്പി എണീറ്റു.
" കുട്ടാപ്പി നീ കളി നിർത്തിയെങ്കിൽ പറഞ്ഞിട്ട് പോണം. " കളിക്കാരിൽ ഒരാൾ ഓർമിപ്പിച്ചു.
" ഇല്ല. ദേ വരുന്നു. "
അഴിഞ്ഞ കൈലി അരയിൽ ഉറപ്പിച്ചു കൊണ്ട് അവൻ റെജിയുടെ സമീപത്തേക്ക് ചെന്നു.
" നീ വന്നിട്ടുണ്ടെന്ന് കുറച്ചു മുന്നെയാ അറിഞ്ഞേ. എന്നിട്ട് പുറത്തേക്കൊന്നും കണ്ടില്ലല്ലോന്ന് ആലോചിക്കുവാരുന്നു ഞാൻ ."
" ഇന്നലെ കുറച്ചു പ്രശ്നം ഉണ്ടായി."
" ഞാൻ അറിഞ്ഞു. "
" അപ്പോഴേക്കും അതിവിടെ എത്തിയോ? "
" നിന്നെ അവനെടുത്ത് കണ്ടത്തിലടിച്ചെന്നൊക്കെയാ ഇവിടൊക്കെ വാർത്ത പരന്നേക്കുന്നെ. "
" അതേ പോലെ തിരിച്ചും കൊടുത്തിട്ടുണ്ട്... "
റെജി വീറോടെ പറഞ്ഞു.
കുട്ടാപ്പിയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നും കാണാത്തത് കൊണ്ട് അവൻ സംശയത്തിൽ നോക്കി.
"നീ അവന്റെ സെറ്റായോ ? "
" അതിന് ഞാൻ ഒരിക്കൽ കൂടി ജനിക്കണം. "
" പിന്നെ അവനിട്ടു കൊടുത്തെന്ന് പറഞ്ഞിട്ടും നിന്റെ മുഖത്തെന്നാ ഒരു വൈക്ലബ്യം ?"
" അത് സന്ധ്യക്ക് രണ്ടു അന്തികള്ള് മോന്താനുള്ള കാശ് ഇതുവരെ ആയിട്ടില്ല. അതിന്റെയാ. നീ കുപ്പി ഒന്നും കൊണ്ട് വന്നില്യോ ? "
" ഉണ്ട്. രാത്രി വീട്ടിലോട്ട് ഇറങ്ങ്. നമുക്ക് തോട്ടത്തിൽ ഇരിക്കാം. "
അപ്പോൾ റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ലില്ലി നടന്നു വരുന്നത് കാണായി.
അവളെ ആകെയൊന്ന് നോക്കിയിട്ട് റെജി ചോദിച്ചു.
" അത് ലില്ലി അല്ല്യോടാ. ബോബിടെ പെങ്ങള് ? "
ഒരു നോട്ടം എറിഞ്ഞു പെട്ടന്ന് മുഖം മാറ്റി കുട്ടാപ്പി അമർത്തി ഒന്ന് മൂളി.
" ഇവളങ്ങ് ചരക്കായല്ലോടാ....."
റെജിയുടെ മുഖം വിടരുന്നതും , കണ്ണുകളിൽ കൊതി നിറയുന്നതും നോക്കി കുട്ടാപ്പി ഓർമിപ്പിച്ചു.
" ആ വെളുത്ത നിറം മാത്രേ ഉള്ളൂ. വെറും കൂറ സ്വഭാവം ആന്നേ ."
എന്തോ ചിന്തിച്ച് അവൻ പതിയെ കവിൾ തടവി.
ആരെയും ശ്രദ്ധിക്കാതെ ലില്ലി റോഡിന്റെ മറുവശം പറ്റി നടന്നു പോകുന്നത് നോക്കി മുണ്ട് മേലേക്ക് ഒതുക്കി വച്ചു തുടയിൽ താളം പിടിച്ചിരുന്നിട്ട് റെജി കുട്ടാപ്പിയോട് പറഞ്ഞു.
" എന്നാ നിന്റെ കളി നടക്കട്ടെ. നമുക്ക് രാത്രി കാണാം. "
കിക്കർ അടിച്ചു അവൻ ഒരു കള്ള ചിരിയോടെ വണ്ടി സ്റ്റാർട്ട് ചെയ്തു.
മുന്നോട്ട് പോകാതെ, ലില്ലി പോയ വഴി ആ ബുള്ളറ്റ് പുക ഊതി പാഞ്ഞു പോകുന്നത് കുട്ടാപ്പി നോക്കി നിന്നു.

 



ഉച്ചക്കാണ് ബോബിക്ക് ജോസൂട്ടിയെ ഒന്ന് കാണാൻ പറ്റിയത്.
" ടാ എന്തേലും കഴിക്കണ്ടേ? " ജോസൂട്ടി ചോദിച്ചു.
" ഓ എനിക്ക് വേണ്ടടാ. "
" അതെന്നാ? "
അവൻ ബോബിക്ക് അരുകിൽ ഇരുന്നു.
"എനിക്കിവിടെ ശരി ആവുമെന്ന് തോന്നുന്നില്ല. "
ബോബി മടുപ്പോടെ പറയുന്നത് കേട്ടപ്പോൾ ജോസൂട്ടി ശാസിച്ചു.
" എടാ അതിനും മാത്രം കഷ്ടപ്പാടൊന്നും ഇവിടെ ഇല്ലല്ലോ. കൂട്ടത്തിൽ നിന്നാൽ പോരായോ ? "
" എനിക്കെന്തോ വല്ലാതെ. നീയും അടുത്തില്ല. പരിചയം ഇല്ലാത്ത ആളുകളും. എന്നാ ചെയ്യാണമെന്ന് അറിയത്തില്ല. കിളിയെ പിടിച്ചു കൂട്ടിലിട്ട അവസ്ഥയാ. "
" അത് ആദ്യമായതോണ്ട് തോന്നുന്നതാ. കുറച്ചു ദിവസം കഴിയുമ്പോൾ നമ്മൾ ഇവിടവുമായി പൊരുത്തപ്പെടും. ഉറപ്പാ. നീ ഇപ്പൊ ഒന്ന് സമാധാനപ്പെട്. "
ബോബിയുടെ മുഖം തെളിയാത്തത് കൊണ്ട് ജോസൂട്ടി അവന്റെ കയ്യിൽ അമർത്തി പിടിച്ചു.
" ഡാ നമ്മളിവിടെ വന്നതിന്റെ ഉദ്ദേശം എന്നതാ? "
ബോബി മിണ്ടിയില്ല.
" പറ. "
" ഹ അതു നിനക്ക് അറിയത്തില്യോ? "
"നീ അത് മറന്നു പോയിട്ടൊന്നും ഇല്ലല്ലോ. അപ്പോൾ പിന്നെ കുറച്ചു കഷ്ടപെട്ടാലും സാരമില്ലെന്ന് വച്ചേക്കണം . ഇത് കളഞ്ഞിട്ടു പോയാൽ മറ്റൊരു ജോലി കാര്യം പറഞ്ഞു മെമ്പറുടെ അടുത്തേക്ക് ചെല്ലാൻ പറ്റുകേല. ഞാൻ ഇന്നലെ രാത്രി കൂടി അമ്മച്ചിയോട് എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു വച്ചേക്കുവാ. രണ്ടു ദിവസം കൂടി കഴിഞ്ഞു അപ്പനോട് പറഞ്ഞു ആധാരം മേടിച്ചു താരാന്നാ അമ്മച്ചി ഏറ്റേക്കുന്നെ. അപ്പൊ ഇതും കളഞ്ഞേച്ചു ചെന്നാൽ ആ വഴി കൂടി അടയത്തില്യോ. പിന്നെന്നാ വേറൊരു വഴി ? നീ പറ. "
ബോബി ധർമ്മസങ്കടത്തിൽ പെട്ടത് പോലെ മുഖം കുടഞ്ഞു.
" ഒരു രണ്ടു മൂന്ന് ദിവസം കൂടി നീ മനസ് കല്ലാക്കി നിൽക്ക്. അത് കഴിയുമ്പോൾ നമ്മളും ഇവരുടെ കൂട്ടത്തിൽ ഒരാളായി മാറും. അതുവരെയൊക്കെയേ ഈ മടുപ്പൊക്കെ തോന്നത്തുള്ളൂ. അതല്ല ചാടി പോണമെന്നു തോന്നിയാൽ ലില്ലിയുടെ മുഖം മാത്രം നീ ആലോചിച്ചാൽ മതി. അവളുടെ കാര്യങ്ങൾ ഒക്കെ നോക്കാൻ നീ അല്ലാതെ വേറെ ആരാടാ ഉള്ളെ? "
ബോബി മുഖം ഉയർത്തി നോക്കി.
അവന്റെ കണ്ണിൽ ചുവപ്പ് പടരുന്നത് ജോസൂട്ടി കണ്ടു.
" നീയൊന്ന് ആലോചിച്ചു നോക്ക്. അപ്പനോ ഇറങ്ങി പോയി. അമ്മച്ചി മാത്രം വിചാരിച്ചാ കൂട്ടിയാൽ കൂടോ. അപ്പൊ പിന്നെ നീ അല്ലേ ഇതിനൊക്കെ മുൻകൈ എടുക്കേണ്ടേ . ലില്ലിയുടെ കല്യാണം നമുക്ക് നടത്തണം . ഇപ്പോ അത് മാത്രം ആയിരിക്കണം നിന്റെ ചിന്ത. അപ്പൊ പിന്നെ ഇതൊന്നും വലിയ ഭാരമായി നിനക്ക് തോന്നുകേല ."
കൈകൾ കൊണ്ട് ബോബി മുഖം അമർത്തി തുടച്ചു.
പിന്നെ ചിരിയോടെ ജോസൂട്ടിയുടെ തോളിൽ കയ്യിട്ടു.
" വാ നമുക്കെന്തെങ്കിലും കഴിച്ചിട്ട് വരാം. രണ്ടു മണിക്ക് വീണ്ടും ജോലിക്ക് കേറേണ്ടതല്യോ..."
അവൻ പറയുന്നത് കേട്ടു ജോസൂട്ടിയും ചിരിച്ചു പോയി.

 



ലില്ലിയെ കടന്നു മുന്നോട്ടു ഓടിയ ബുള്ളറ്റ് ആളൊഴിഞ്ഞ ഭാഗത്തായി റെജി ഒതുക്കി നിർത്തി ഇറങ്ങി നിന്നു.
പിന്നെ ആരെങ്കിലും കണ്ടാൽ സംശയം തോന്നാത്ത രീതിയിൽ ടയറിന്റെ ഭാഗത്തായി കുത്തി കുത്തി ഇരുന്നു.
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വളവ് തിരിഞ്ഞു ലില്ലി നടന്നു വരുന്നത് കാണായി.
വലതു കയ്യിലെ സഞ്ചി ഇടതു കയ്യിലേക്ക് മാറ്റി പിടിച്ച് അവൾ ഊർന്ന് പോയ ഷാൾ ഒതുക്കി വച്ചു.
ലില്ലി ഒരു മാലഖയെ പോലെ സുന്ദരി ആണെന്ന് റെജിയ്ക്ക് തോന്നി.
ഇളം റോസ് നിറത്തിൽ വെള്ളപൂക്കൾ നിറഞ്ഞ ആ ചുരിദാർ പെണ്ണിന് നന്നായി ചേരുന്നു.
ആ നടത്തത്തിന് പോലുമുണ്ട് ഒരു പ്രത്യേക ചന്തം.
മുൻപെങ്ങും ഇവളെ കാണാഞ്ഞിട്ടാണോ അതോ താൻ ശ്രദ്ധികാത്തത് കൊണ്ടാണോ?
അവൾ അടുത്തേക്ക് വരുന്തോറും അരക്കെട്ടിൽ നിന്നും മേലേക്ക് ഒരു തരിപ്പ് കേറി വരുന്ന പോലെ.
തിടുക്കത്തിൽ അവൻ എണീറ്റ് ബുള്ളറ്റ് ഓണാക്കാതെ ചുമ്മാ കിക്കർ അടിച്ചു കൊണ്ട് നിന്നു.
" ലില്ലി..."
അവൾ അടുത്ത് എത്തിയപ്പോൾ റെജി വിളിച്ചു.
അവൾ മുഖം തിരിച്ചു നോക്കി.
" എന്നെ അറിയത്തില്യോ? "
" പിന്നെ...റെജി അല്യോ. ചക്കാലക്കലെ...? "
അവൾ സൗഹൃദത്തിൽ ചിരിച്ചു.
" അതേ. "
" എന്നാ വന്നേ? "
" രണ്ടു ദിവസായി. "
" വണ്ടിക്ക് എന്നാ പറ്റിയതാ? "
" എന്തോ ഒരു സ്റ്റാർട്ടിങ് ട്രെബിൾ. "
" പുതിയ ഒന്ന് മേടിക്കാൻ മേലെ. പൂത്ത കാശുണ്ടല്ലോ. " അവൾ തമാശയിൽ ചിരിച്ചു.
അത് ആസ്വദിക്കുമ്പോലെ ചിരിയോടെ അവൻ പറഞ്ഞു.
" പുതിയത് ഒരെണ്ണം വാങ്ങണം. പക്ഷെ അത് കല്യാണം കഴിഞ്ഞിട്ട് മതീന്ന് വിചാരിച്ചു. കെട്ടി കേറി വരുന്ന പെണ്ണിന്റെ ഇഷ്ടം കൂടിയൊക്കെ നോക്കീട്ട്.... അവൾക്ക് കാറിന്റെ മുന്നിൽ ഇരുന്നാണോ സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നാണോ യാത്ര ചെയ്യാൻ താല്പര്യം എന്ന് കൂടി അറിഞ്ഞിട്ട്. "
" അത് നല്ലതാ. അത് വരെ ഉന്താൻ ഈ ഒടങ്കൊല്ലിയൊക്കെ മതി..."
അവൾ ചിരിയോടെ യാത്ര പറഞ്ഞു നടന്നു പോയി.
" ഹോ... എന്നാ മുതലാ ഇത് "
അറിയാതെ റെജി മനസ്സിൽ പറഞ്ഞു പോയി.
"കെട്ടുന്നെങ്കിൽ ഇതുപോലൊരു ഇടിവെട്ട് ചരക്കിനെ തന്നെ കെട്ടണം "
മന്ത്രിച്ചു കൊണ്ട് അവൻ വണ്ടിയിലേക്ക് കയറി ഇരുന്നു.


ഭാഗം 10

മോളി കുട്ടി എടുത്തു കൊടുത്ത ചായ കയ്യിൽ വാങ്ങി കൊണ്ട് മാണി സാർ തുടർച്ച എന്നോണം പറഞ്ഞു.
"അത് കൊണ്ട് ഞാൻ പറയുന്നത് കേസിനും പൊല്ലാപ്പിനുമൊന്നും പോണ്ടെന്നാണ് . "
എതിരെ ഇരുന്നിട്ട് മോളികുട്ടി പറഞ്ഞു.
"മെമ്പർക്കത് പറയാം. എന്റെ മുന്നിലിട്ടല്ല്യോ ചെറുക്കനെ കണ്ടത്തിൽ വാരിയിട്ടലക്കിയത്. ആ കാഴ്ച എനിക്ക് മറക്കാൻ പറ്റുകേല. ഇത്രയും നാളും മെമ്പറ് പറഞ്ഞത് ഞങ്ങൾ കേൾക്കാതിരുന്നിട്ടില്ലല്ലോ. ഇതെന്റെയൊരു വാശി ആന്ന് കൂട്ടിക്കോ. അവന്മാരുടെ രണ്ടിന്റെയും കണ്ണീര് എനിക്ക് കാണണം. "
"അപ്പൊ എന്നെ പിടിച്ചു അകത്തിട്ടോട്ടെന്നോ? "
അവറാച്ചൻ ഭാര്യയെ തുറിച്ചു നോക്കി.
"അങ്ങനെ ഒന്നും നിങ്ങളെ ആരും പിടിച്ചു അകത്തിടാൻ പോകുന്നില്ല മനുഷ്യ. ഇതെന്നാ വെള്ളരിക്കാപട്ടണം ആന്നോ ? "
"അങ്ങനെയല്ല മോളികുട്ടി. "
മെമ്പർ വിശദീകരിച്ചു.
"സംശയം തോന്നിയാൽ പിടിച്ചു അകത്തിട്ട് ചോദ്യം ചെയ്യാനുള്ള വകുപ്പുണ്ട്. വയസ്കാലത്ത് വെറുതെ അവറാച്ചനെ പോലീസ് സ്റ്റേഷൻ കേറ്റണോ? "
"അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ രണ്ടു ദിവസം ഇങ്ങേരവിടെ കിടക്കട്ടന്നേ . തെറ്റ് ചെയ്യാത്ത സ്ഥിതിക്ക് തൂക്കികൊല്ലാനൊന്നും പോകുന്നില്ലല്ലോ."
"പോലീസ്കാര് എന്റെ കൂമ്പിനിട്ടു കുത്തിയാലും കുഴപ്പമില്ല. നിനക്ക് നിന്റെ വാശി ജയിക്കണം അല്യോടി. "
അവറാച്ചന് കലി ഇളകി.
"വയസ് കാലത്ത് വീട്ടിലിരിക്കാതെ കള്ള് ഷാപ്പിൽ കേറി മുതുകൂത്ത് നടത്തുമ്പോൾ ഓർക്കണം .നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ടോ വീട്ടിൽ ഇരുന്നു കുടിച്ചോളാൻ. ഏ? "
കണ്ണ് തുറിച്ചു മോളികുട്ടി ഭർത്താവിന് നേരെ ഒച്ചയിട്ടു.
അതോടെ അവറാച്ചൻ പത്തി താഴ്ത്തി.
അപ്പോൾ റെജിയുടെ ബുള്ളറ്റ് മുറ്റത്തെത്തി നിന്നു.
"റെജിമോൻ വന്നല്ലോ. "
മോളികുട്ടിയുടെ മുഖം വിടർന്നു.
അവൻ അകത്തേക്ക് കയറി വന്നപ്പോൾ അവർ പറഞ്ഞു.
"എടാ മോനെ... മെമ്പറു പറയുവാ നമ്മള് ആ കേസുമായി മുന്നോട്ട് പോവണ്ടാന്ന്... പറ്റത്തില്ലാന്നു ഞാൻ പറഞ്ഞോണ്ടിരിക്കുവാരുന്നു. "
അമ്മച്ചി പറയുന്നത് കേട്ട് നിന്നിട്ട് റെജി തിരിഞ്ഞു മാണിസാറിനെ നോക്കി.
"അങ്കിളെ അപ്പൻ സ്റ്റേഷനിൽ ഒരു പരാതി കൊടുത്തിട്ടുണ്ട്. അത് പിൻവലിക്കണം. ആ കേസുമായി മുന്നോട്ടു പോവാൻ എനിക്ക് താല്പര്യം ഇല്ല."
അത് കേട്ട് മെമ്പറുടെയും അവറാച്ചന്റെയും മുഖം ഒരേപോലെ തെളിഞ്ഞു.
"എന്നതാ... എന്നതാടാ നീ പറഞ്ഞെ ? "
മോളികുട്ടിയുടെ കണ്ണ് തള്ളി.
ഇരിപ്പിടത്തിൽ നിന്നും അവർ ചാടി എണീറ്റു.
"അമ്മച്ചി ഞാനും ബോബിയുമൊക്കെ കുഞ്ഞിലേ മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരാ. സ്കൂളിലും പുറത്തുമൊക്കെ ഒരുപാട് തല്ലും പിടിയും ഒക്കെ കൂടീട്ടുണ്ട്. അതൊന്നും ആരും അറിഞ്ഞിട്ടുമില്ല കേട്ടിട്ടുമില്ല. ഇതിപ്പോ എന്നെ അടിച്ചുന്നും പറഞ്ഞു ഞാൻ കേസിന് പോയാൽ അതെന്റെ ആണത്തത്തെ ചോദ്യം ചെയ്യുന്ന പോലല്യോ. എന്നെ കൊണ്ട് കഴിവില്ലാഞ്ഞിട്ടാണെന്നേ നാട്ടുകാര് പറയു. ഒന്നുമില്ലെങ്കിലും ഞാനൊരു പട്ടാളക്കാരൻ അല്യോ അമ്മച്ചി. "
അമ്പരന്ന് നിൽക്കുന്ന മോളികുട്ടിയുടെ തോളിൽ കളിയായി ഒന്ന് തട്ടിയിട്ട് റെജി അകത്തേക്ക് കയറി പോയി.

 



തോട്ടത്തിലെ ഇരുട്ടിൽ മിന്നാമിനുങ്ങുകൾ അങ്ങിങ്ങ് മിന്നി പറക്കുന്നുണ്ടായായിരുന്നു.
ചീവീടുകൾ കരയുന്ന ഒച്ച ചുറ്റും കേൾക്കാം
ടോർച്ചിന്റെ വെളിച്ചത്തിൽ രണ്ടു ഗ്ലാസിലേക്ക് മദ്യം പകർന്നത് കുട്ടാപ്പിയാണ്.
ദിവസവും ഷാപ്പിലെ കലക്ക് കള്ളടിക്കുന്ന അവന് റെജി നാട്ടിൽ വരുമ്പോൾ കൊടുക്കുന്ന വിദേശമദ്യം അമൃതിന് തുല്യം ആണ്.
അപ്പോൾ മുന്നിൽ ഇരിക്കുന്നത് ദൈവതമ്പുരാൻ ആണോ എന്ന് പോലും അവന് തോന്നിപോകും.
ലീവിന് റെജി വരുമ്പോഴൊക്കെ പല രാത്രികളിലും അവർ ഇങ്ങനെ ഒത്തു കൂടാറുണ്ട്.
പഴയകാലത്തെ തമാശകളും , റെജി പോയി വരുന്നത് വരെയുള്ള നാട്ടു വിശേഷങ്ങളും പറഞ്ഞു പാതിരാവോളം ഇരിക്കും.
ചിലപ്പോൾ കണ്ടത്തിലിറങ്ങി തവളയെ തപ്പി പിടിച്ചു വൃത്തിയാക്കി മസാല പുരട്ടി രണ്ടു പേരും കൂടി പൊരിച്ചടിക്കും.
ഇല്ലെങ്കിൽ പോളയിൽ പോയി കുളക്കോഴികളെ പൊന്തയിൽ നിന്നും അടിച്ചിട്ട് കൊണ്ട് വന്നു പൂടപറിച്ചു വറുക്കും.
രണ്ടു ഗ്ലാസ് മദ്യം അകത്തു ചെന്നാൽ കുട്ടാപ്പിതന്നെ എല്ലാത്തിനും മുന്നിട്ടു നിന്നോളും.
റെജി ആരെയെങ്കിലും കൊന്നിട്ട് വരാൻ പറഞ്ഞാലും അവനത് ചെയ്യും.
അമ്മാതിരി ആവേശം ആണ് ആ സമയത്ത് അവന്റെ സംസാരത്തിലും പ്രവർത്തിയിലുമൊക്കെ.
നാട്ടുകാര്യങ്ങൾ പറഞ്ഞു വരുന്ന കൂട്ടത്തിൽ സംസാരം ബോബിയിലേക്കും പിന്നെ അത് ലില്ലിയിലേക്കും എത്തി നിന്നു.
" ഞാനവളെ അങ്ങ് കെട്ടിയാലോടാ കുട്ടാപ്പി? "
റെജിയുടെ ചോദ്യത്തിന് കുട്ടാപ്പിയിൽ നിന്നും മറുപടി ഒന്നും കേട്ടില്ല.
" നിനക്ക് അവളിലൊരു നോട്ടം ഉണ്ടെന്ന് എനിക്കറിയാം. ബോബി എടുത്തിട്ടടിച്ചാലൊന്നും ഉള്ളിൽ തോന്നിയ സ്നേഹം മാറുകേലെന്നും അറിയാം. പക്ഷെ എനിക്ക് വേണ്ടി നീ അവളെ മറക്കും. മറന്നേപറ്റൂ. കാരണം ഞാൻ അത്രക്കങ്ങ് അവളെ ആഗ്രഹിച്ചു പോയടാ. ചില ഇഷ്ടങ്ങളൊക്കെ കരളിലോട്ടങ്ങ് വെട്ടി പിടിച്ചു കേറാൻ കൊല്ലങ്ങളോളം സ്നേഹിക്കേണ്ട കാര്യം ഒന്നുമില്ല. വെറുതെ ഒരു നോക്ക് കണ്ടാൽ പോലും മതിയാവും. ഇത്രയും നാളും അവളീ ഇടവകയിൽ ഒക്കെ ഉണ്ടായിട്ടും ഞാൻ ഇമ്മാതിരി ശ്രദ്ധിക്കുന്നത് ആദ്യമായിട്ടാ. ആ നോട്ടം ചിരി ഒക്കെ എന്റെ ചങ്കിൽ കൊത്തിവലിക്കുവാടാ കുട്ടാപ്പി. നിന്നോടാണ് ഞാൻ ഇതൊക്കെ ആദ്യമായിട്ട് പറയുന്നേ. നീ എന്റെ കൂടെ നിക്കൂലേ ? "
മറുപടി ഇല്ല.
ഇരുളിൽ അവൻ ബീഡിക്ക് തീ കൊളുത്തുന്നത് കാണായി.
" എന്നാടാ കുട്ടാപ്പി നീ ഒന്നും മിണ്ടാത്തെ? ".
" അവന്മാര് സമ്മതിക്കുമെന്ന് തോന്നുണ്ടോ? "
പുക ഊതി വിട്ടു കൊണ്ട് കുട്ടാപ്പി ചോദിച്ചു.
" അവൾ കേറി വരുന്നത് ചക്കാലക്കൽ കുടുംബത്തോട്ടാ. അപ്പോ പിന്നെ സമ്മതിക്കാതിരിക്കോ? പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു പിന്നാലെ നടക്കാൻ അല്ല. എനിക്കതിന് സമയവും ഇല്ല. അപ്പനെയും അമ്മച്ചിയെം നേരെ അവളുടെ കുടുംബത്തോട്ട് പറഞ്ഞു വിട്ട് ചോദിപ്പിക്കും. അപ്പോഴോ? "
" അവറാച്ചായനേം മോളികുട്ടി ചേട്ടത്തിയെം സമ്മതിപ്പിക്കാൻ പാടാ. "
" അതൊക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം. നിന്റെ ഒരു അഭിപ്രായം പറ. "
ഒരു നിമിഷം തികഞ്ഞ നിശബ്ദത.
പിന്നെ ഇരുളിൽ നിന്നും കുട്ടാപ്പിയുടെ സ്വരം കേട്ടു.
" നിനക്ക് ഓർമ ഉണ്ടോ റെജി നമ്മുടെ ആ പഴയ കുട്ടിക്കാലം. നമ്മൾ സ്കൂളിൽ പോകുന്നതും കണ്ടത്തിൽ കളിക്കുന്നതും. തോട്ടിൽ നീന്തുന്നതും ഒക്കെ...അന്ന് മിക്കവാറും എന്റെ ഉച്ച ഊണ് നമ്മുടെ സ്കൂളിന്റെ താഴെയുള്ള തോട്ടത്തിലെ മാമ്പഴവും കശുമാങ്ങായും പഴുത്ത ആഞ്ഞിലിചക്കയും ഒക്കെ ആയിരിക്കും. അന്നൊക്കെ ഞാൻ വയറു നിറച്ചും ചോറും കപ്പയും മീനും ഒക്കെ കൂട്ടി കഴിക്കുന്നത് നിന്റെ വീട്ടിൽ നിന്നാ. പലപ്പോഴും നീ എനിക്ക് ഊണ് ഇലപൊതി കെട്ടി കൊണ്ട് വന്നു തന്നിട്ടുണ്ട്. പെരുന്നാളിന് വീട്ടിൽ വാശി പിടിച്ചു നീ എനിക്ക് പുത്തനെടുത്തു തന്നിട്ടുണ്ട്. ഒരു കൂടപ്പിറപ്പിനെ പോലെ നീ എന്നെ സ്നേഹിച്ചു....."
" അതൊക്കെ എന്നാത്തിടാ ഇപ്പൊ പറയുന്നേ? "
" ഒരു കൂടപ്പിറപ്പിനെക്കാളും അപ്പുറം നിന്നെ ഞാൻ സ്നേഹിക്കാനുണ്ടായ കാരണം നീ അറിയണ്ടായോടാ....? "
കുട്ടാപ്പിയുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു. "ആരൊക്കെ അകറ്റിയപ്പോഴും നീ എന്നെ ഒപ്പം ചേർത്ത് പിടിച്ചിട്ടുണ്ട്. ആ നിന്റെ ഇഷ്ടത്തിന് ഞാൻ എതിര് നിൽക്കുമെന്ന് നിനക്ക് തോന്നുണ്ടോടാ. അവളോട് എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നത് സത്യമാ. അത് പക്ഷെ ദിവ്യപ്രേമം ഒന്നുമല്ല. ഒരിഷ്ടം. അത്രേ ഉള്ളൂ. നീ പറഞ്ഞാ ഞാനത് മറക്കും. അതിന് റെജി...നീ എന്നോട് യാചിക്കരുത്. നീ എന്നോട് ആജ്ഞാപിക്കണം. ഞാൻ അനുസരിക്കും. "
റെജി ഉത്സാഹത്തോടെ ടോർച്ച് തെളിച്ചിട്ട് ഒരു ഗ്ലാസിലേക്ക് മദ്യം പകർന്നു.
വെള്ളം ചേർക്കാതെ അത് കുട്ടാപ്പിക്ക് നേരെ നീട്ടി.
"നീ ഇതങ്ങോട്ട് പിടിപ്പിച്ചേ..."
കണ്ണടച്ചു പിടിച്ചു ഒറ്റവലിക്ക് അവൻ ആ ഗ്ലാസ് കാലിയാക്കി.



"ബോബി വന്നില്യോ പെണ്ണമ്മ ചേടത്തി? "
തിണ്ണയിലേക്ക് കയറി ഇരിക്കുന്നതിനിടയിൽ ബ്രോക്കർ തങ്കച്ചായൻ പെണ്ണമ്മയോട് ചോദിച്ചു.
"പകല് വരാന്ന് വച്ചാ നിങ്ങള് രണ്ടും വെളുപ്പിന് ജോലിക്ക് പോവും. ഈ നേരത്ത് ഇവിടെ കാണുമല്ലോന്ന് ഓർത്താ ഞാൻ കേറി വന്നേ..."
" അവൻ വരാറായിട്ടുണ്ട്. പെരിങ്ങോട്ട്കരക്കാര് എന്നാ പറയുന്നു തങ്കച്ചാ ? "
" അവരേതാണ്ട് ഉറപ്പിച്ച മട്ടാ. ചെറുക്കന്റെ പെങ്ങളും കെട്ട്യോനും ഈയാഴ്ച ഡൽഹിന്ന് വരുന്നുണ്ട്. അവരുടെ ഒന്ന് വന്നു കണ്ടിട്ടാവട്ടേന്ന് കരുതി വെച്ചു താമസിപ്പിക്കുവാ. നാട്ടുനടപ്പനുസരിച്ച് ഒന്ന് വന്നു പോകുന്നു. അത്രേ ഉള്ളൂ. അതവിടെ നിക്കട്ടെ ബാക്കിയുള്ള കാര്യങ്ങളൊക്കെ എങ്ങനാ ?"
" സത്യം പറയാലോ തങ്കച്ചാ പൊന്നും പണവും ഒന്നും ആയിട്ടില്ല... മനസമ്മതത്തിന് മുന്നേ അവർക്ക് പൈസ കൊടുക്കണ്ടായോ. അതൊക്കെ എങ്ങനെയെന്ന് ആലോചിച്ചു എനിക്കിപ്പോ ഊണും ഉറക്കവും ഇല്ല. ഞാനിനി പൈസ ചോദിക്കാനായിട്ട് ഈ ഇടവകയിൽ ഇനി ആളില്ല. സഹായിക്കാൻ മനസുള്ള ആരെങ്കിലും ഉണ്ടോന്ന് നോക്കട്ടെ എന്ന് കാഞ്ഞിരത്തിലച്ചൻ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു പ്രതീക്ഷയാ. കിട്ടീട്ട് കിട്ടിയെന്ന് പറഞ്ഞാ മതി. മുൻപിൻ നോക്കാണ്ട് അതിയാനിറങ്ങി ഒരു പോക്ക് പോയില്യോ . അല്ല നിന്നിട്ടും കാര്യം ഒന്നുമില്ല. ഞാൻ ഒറ്റക്ക് എന്നാ ചെയ്യാനാന്നേ. ബോബിയുടെ തീരുമാനം എന്താണെന്ന് തങ്കച്ചൻ തന്നെ നേരിട്ട് ചോദിച്ചു നോക്കിയാട്ടെ."
"കല്യാണം ആവുമ്പളേക്കും അങ്ങേരിങ്ങെത്തും. അല്ലാതെ എവിടെ പോവാനാ. പുള്ളിക്കാരൻ സ്ഥലത്തില്ലാത്തോണ്ട് ഇനിയിപ്പോ ബോബി അല്യോ മുന്നിട്ട് നിന്ന് കാര്യങ്ങളൊക്കെ നോക്കീം കണ്ടും തീരുമാനിക്കേണ്ടേ ? "
" ഉം... തീരുമാനിച്ചോണ്ടിരുന്നാ മതിയോ. കാര്യങ്ങൾ ഒക്കെ നടത്തണ്ടായോ? "
" പെണ്ണമ്മ ചേടത്തി... ഞാനൊരു കാര്യം പറയാം ഇതുപോലൊരു ചെറുക്കനെ ഇനി കയ്യിൽ കിട്ടുമെന്ന് നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട. അഞ്ചക്ക ശമ്പളം വാങ്ങുന്ന സർക്കാർ ജോലിക്കാരൻ. നിങ്ങടെ ഇവിടുത്തെ സ്ഥിതി വച്ചു നോക്കിയാ അവിടെ സ്വർഗ്ഗം അല്യോ. ലില്ലിക്ക് അവിടെ രാജകുമാരിയെ പോലെ ജീവിച്ചൂടായോ. അവളെ ചെറുക്കന് ഇഷ്ടപെട്ടത് കൊണ്ട് മാത്രം ആണ് അവനീ കല്യാണത്തിന് സമ്മതിച്ചത്. ഇല്ലെങ്കിൽ മിനിമം ഡിഗ്രി എങ്കിലും എടുത്തൊരു പെങ്കൊച്ചിനെ തെരഞ്ഞോണ്ട് നടന്ന ചെറുക്കനല്യോ."
അപ്പോഴേക്കും ബോബി പടികയറി മുറ്റത്തേക്ക് വന്നു.
" ബോബി വന്നല്ലോ... " തങ്കച്ചൻ ഒന്നിളകി ഇരുന്നു. "ജോലിയൊക്കെ എങ്ങനെയുണ്ട് ബോബി ? "
" നല്ലതാ. "
" ഞാനും ചേടത്തിയുംകൂടി നമ്മുടെ ലില്ലിടെ കല്യാണകാര്യത്തെ കുറിച്ച് സംസാരിക്കുവാരുന്നു. പെണ്ണമ്മ ചേടത്തി പറയുന്നത് ബോബി കൂടി വന്നിട്ട് തീരുമാനം പറയാന്നാ. "
" നമ്മളതൊക്കെ പറഞ്ഞൊറപ്പിച്ചതല്യോ? "
പെണ്ണമ്മയ്ക്ക് ദേഷ്യം ഇരച്ചു കയറി.
" മനസമ്മതത്തിന് മുന്നേ അവർക്ക് ഇരുപത്തിഅയ്യായിരം രൂപ കൊടുക്കണം..."
" അതിനെന്നാ. കൊടുക്കാം. അങ്ങനെ ആണല്ലോ നമ്മള് വാക്ക് കൊടുത്തേക്കുന്നേ..."
ബോബി നിസാരം പോലെ പറയുന്ന കേട്ട് പെണ്ണമ്മയുടെ നിയന്ത്രണം വിട്ടു.
" എവിടുന്നെടുത്ത് കൊടുക്കുമെന്നാ നീയീ പറയുന്നേ ? "
" അതൊന്നും ഓർത്തു അമ്മച്ചി ചങ്കിടിപ്പിക്കണ്ട. പെരിങ്ങോട്ട് കരക്കാർക്ക് എന്നാ ഒക്കെ കൊടുക്കാമെന്ന് നമ്മൾ വാക്ക് പറഞ്ഞിട്ടുണ്ടെങ്കിലും അതൊക്കെ കൊടുത്തിരിക്കും. അത് പോരായോ? "
" അതെങ്ങനെയാന്നാ ചോദിച്ചേ ? "
" ഹ അതിപ്പോ എന്നാത്തിനാ അറിയുന്നേ? "
അവൻ അമ്മച്ചിയെ നോക്കി മുഖം ചുളിച്ചിട്ട് അയാളോട് തുടർന്നു.
" തങ്കച്ചായൻ ബാക്കി ഉള്ള കാര്യങ്ങൾ എന്നാന്ന് വച്ചാ നീക്ക് പോക്ക് ഉണ്ടാക്കിക്കോ. ഇവിടുത്തെ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കണ്ട."
" നിങ്ങൾ റെഡി ആണെങ്കിൽ പിന്നെനിക്കെന്നാ ടെൻഷൻ ? "
തങ്കച്ചൻ സന്തോഷത്തോടെ എണീറ്റു.
"എന്നാ ഞാൻ ഇറങ്ങുവാന്നേ . ചേട്ടത്തി... അപ്പോ എല്ലാം പറഞ്ഞ പോലെ. "
അയാൾ വഴിയിലേക്ക് നടന്നു പോയപ്പോൾ ബോബി അകത്തേക്ക് കയറി.
വസ്ത്രം മാറി കുളിക്കാനായി തോർത്തുമെടുത്തു ഒരു മൂളി പാട്ടും പാടി പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ പെണ്ണമ്മ പിന്നാലെ ചെന്നു.
" എടാ ബോബി നീ അവിടൊന്നു നിന്നേ."
ബോബി തിരിഞ്ഞു നിന്നു.
" ഇപ്പോഴത്തെ സ്വർണ്ണത്തിന്റെ വില എത്രയാണെന്ന് നിനക്കറിയോ. പവന് ആയിരത്തി എണ്ണൂറ് രൂപ വച്ചു നീ ഒന്ന് കണക്ക് കൂട്ടി നോക്കിക്കേ . എത്രയാണെന്നാ. അവർക്ക് കൊടുക്കാനുള്ള ഇരുപത്തി അയ്യായിരം വേറെ. പിന്നെ ബാക്കി കല്യാണ ചിലവ്. എല്ലാം കൂടി ഒരു ലക്ഷം രൂപയെങ്കിലും കുറയാതെ കയ്യേൽ വേണം. ഇത്രയും രൂപ എവിടുന്ന് ഒപ്പിക്കുമെന്നാ നീയീ പറയുന്നേ ? ബോബി...നീ വഴി കണ്ടിട്ടാണോ? ഇത് തമാശയല്ല. "
" അമ്മച്ചി എന്നാത്തിനാ ഇങ്ങനെ ആധിപിടിക്കുന്നെ. കല്യാണാവശ്യത്തിനുള്ള പൈസ ലോണെടുത്തു തരാന്ന് കഴിഞ്ഞ ആഴ്ച ജോസൂട്ടിയുടെ അപ്പൻ എന്നോട് പറഞ്ഞിട്ടുള്ളതാ . ഇപ്പൊ വരുന്ന വഴി ഞാൻ അവിടെ കേറി സംസാരിച്ച് ഉറപ്പിച്ചിട്ടാ വരുന്നേ. എനിക്കൊരു ജോലി ഉള്ളത് കൊണ്ട് കുറേശ്ശേ അടച്ച് തിരിച്ചെടുത്തു കൊടുത്താ മതി. ഈ ബോബി വിചാരിച്ചാലും ഇവിടെ ചിലതൊക്കെ നടക്കുമെന്ന് പെണ്ണമ്മയ്ക്ക് ഇപ്പോ മനസിലായില്യോ ?"
കുറച്ചു നാളുകളായി ചൂട് പിടിച്ചു എരിപൊരി സഞ്ചാരം ആയി നടന്നിരുന്ന പെണ്ണമ്മയുടെ മേലെ ഒരു കുടം തണുത്ത വെള്ളം വീണത് പോലെ അവർ ഒന്ന് കുളിർന്നു.
"കർത്താവെ സത്യം ആന്നോടാ? "
വിശ്വാസം വരാത്തത് പോലെ അവർ ചോദിച്ചു.
" അല്ല കള്ളം. അമ്മച്ചി ഒന്ന് പോയേ... "
അവൻ കിണറ്റുകരയിലേക്ക് നടന്നു.
സന്തോഷം കൊണ്ട് പെണ്ണമ്മയ്ക്ക് എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്ത അവസ്ഥ.
വർഗീസ് മാപ്ലയെ കാണാതായതിനേക്കാൾ ആധി ആയിരുന്നു അവർക്ക് ലില്ലിയുടെ കല്യാണം എങ്ങനെ നടത്തുമെന്നുള്ള ചിന്ത.
അതിനാണ് ഇപ്പൊ ഒരു അറുതി വന്നിരിക്കുന്നത്.
ഭർത്താവ് ഇറങ്ങി പോയപ്പോൾ തനിച്ചായി പോയെന്ന് വിചാരിച്ചു.
എന്നാൽ ഇപ്പോൾ ഒറ്റക്കല്ല. താങ്ങാൻ തന്റെ മകൻ കൂടി ഒപ്പമുണ്ട്.
ഒരമ്മയ്ക്ക് സന്തോഷിക്കാൻ അതിനേക്കാൾ വലുതായിട്ട് വേറെന്തു വേണം?
സമാധാനത്തോടെ അവർ അകത്തേക്ക് കയറി വന്നു.
" മാതാവേ ഇതുവരെ മെഴുകുതിരി കത്തിച്ചില്യോ. ഇവളിത് എവിടെ ? ലില്ലീ.... എടി ലില്ലിയേ.. "
അവർ മുറിയിലേക്ക് കയറി നോക്കി.
പായിൽ അവൾ ചുരുണ്ടു കൂടി കിടക്കുന്നു.
" സന്ധ്യപ്രാർത്ഥന നേരത്ത് കേറി കിടക്കുന്നോ. എടി മൂധേവി എണീരടി... എടി നിന്നോടാ പറഞ്ഞെ എണീക്കാൻ. "
അവരുടെ ഒച്ച കേട്ട് ലില്ലി പതിയെ എണീറ്റിരുന്നു.
" മുഖം കഴുകിയേച്ചു പ്രാർത്ഥിക്കാൻ ഇറങ്ങി വാടി വീട് മുടിപ്പിക്കാതെ..."
പറഞ്ഞിട്ട് അവർ പുറത്തേക്ക് ഇറങ്ങാൻ തുനിയുമ്പോൾ ലില്ലിയുടെ തണുത്ത ഒച്ച കേട്ടു.
"അമ്മച്ചി..."
" എന്നാടി? "
അവൾ സങ്കടത്തോടെ നോക്കുന്നത് കണ്ടു അവർ ചോദിച്ചു.
" എന്നാടി സുഖം ഇല്യോ? "
" എനിക്കീ കല്യാണം വേണ്ടമ്മച്ചി... "
ലില്ലിയുടെ ചുണ്ടുകൾ വിതുമ്പി.
പെണ്ണമ്മ അന്തംവിട്ട് നോക്കി.

 


ഭാഗം 11

ആദ്യത്തെ പകപ്പ് മാറിയപ്പോൾ പെണ്ണമ്മ മകളുടെ നേരെ ചീറികൊണ്ട് ചെന്നു.
" നിനക്കെന്നാത്തിന്റെ കേടാടി? "
" അപ്പനില്ലാതെ എന്റെ കല്യാണം നടത്തണ്ട. "
അവൾ കണ്ണീരോടെ പറഞ്ഞു.

"ഒരു കുപ്പൻ ! ആ പേര് പറഞ്ഞാൽ നിന്റെ കിറിക്കിട്ട് ഞാൻ കുത്തും. എങ്ങനെയെങ്കിലും നിന്റെയീ മുടിഞ്ഞ കല്യാണം നടത്താനായിട്ട് ഇവിടുള്ളോര് ഓടാൻ തുടങ്ങിയിട്ട് എത്ര നാളായെന്ന് അറിയോടി നിനക്ക്. നീ കാണുന്നുണ്ടോ അതൊക്കെ. നേർച്ച നേർന്നും പ്രാർത്ഥിച്ചും എല്ലാം ഒന്ന് കരയെത്തിയപ്പോ അവളുടെ ഒരു പൂങ്കണ്ണീര്. തടസം ഒന്നുമില്ലാതെ കല്യാണം നടക്കാൻ വന്നിരുന്നു മുട്ടിപ്പായി പ്രാർത്ഥിക്കാൻ നോക്കടി എരണംകെട്ടവളേ..."
ലില്ലി അനങ്ങിയില്ല.
"എടി നിന്നോട് ഇങ്ങോട്ട് എണീറ്റു വരാനാ പറഞ്ഞെ..."
പെണ്ണമ്മ ഒച്ചയിട്ടു.
ലില്ലി നിലത്തു നിന്നും പതിയെ എണീറ്റു.
"അപ്പനില്ലാതെ കെട്ടിയൊരുങ്ങി ഞാൻ പള്ളീലോട്ട് വരുമെന്ന് അമ്മച്ചി കരുതണ്ട."
മുഖം തുടച്ചു വാശിയോടെ അവൾ പറഞ്ഞു.
അതോടെ പെണ്ണമ്മയുടെ ക്ഷമയറ്റു.
"തോന്ന്യാസം പറയുന്നോ? "
മകളുടെ തോളിൽ അവർ കൈ വീശി അടിച്ചു. "നിന്നേ പെറ്റത് ഞാനാടി... മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചോണം. നാശം പിടിച്ച ജന്തു. ഇതിവിടെ പെറ്റു വീണപ്പോ തുടങ്ങിയതാ കാലകേട്. ആരുടെയെങ്കിലും തലേൽ വച്ചു കെട്ടി വിട്ടേച്ച് എവിടേലും സമാധാനം ആയിട്ട് ഇരിക്കാന്ന് വിചാരിച്ചപ്പോ അവളുടെ ഒരു മറ്റേടത്തെ... "
കലി തീരാതെ അവർ അവളെ പിടിച്ചു പുറത്തേക്ക് തള്ളി.
ലില്ലി ചെന്നു വീണത് ബോബിയുടെ നെഞ്ചിൽ.
ദേഷ്യം പിടിച്ചു അവൻ അമ്മയുടെ നേരെ തിരിഞ്ഞു.
"നിങ്ങൾക്കെന്നാ തള്ളേ ഭ്രാന്ത് പിടിച്ചോ? "
"നീയത് ഇവളോട് ചോദിക്കടാ... എന്തിന്റെ ഏനക്കേടാണെന്ന്......? "
പെണ്ണമ്മ നിന്ന് വിറക്കുകയാണ്. അത് കേട്ട് അവൻ ലില്ലിയുടെ മുഖത്തേക്ക് നോക്കി. പെട്ടന്ന് അവൾ ഏങ്ങലടിച്ചു കരഞ്ഞു.
"അവള് അപ്പനില്ലാതെ പള്ളീലോട്ട് കെട്ടിയിറങ്ങുകേലെന്ന്. അപ്പന്റെ ഒരു പുന്നാര മോള്... അങ്ങേര് വന്നില്ലെങ്കിൽ നിനക്കിനി കല്യാണം വേണ്ടേടി. പിന്നെ ഇനിയങ്ങോട്ട് ആര് നോക്കുമെന്ന് പറഞ്ഞാ നീയീ കെട്ടി കേറി കിടക്കുന്നെ. നിന്റെ മറ്റവന്മാര് ആരെങ്കിലും വരാന്ന് പറഞ്ഞാ...? "
"ഹോ നിങ്ങളൊന്ന് അടങ്ങ് ! "
ബോബി ശാസിച്ചു.
"നീ ഇങ്ങോട്ട് വന്നേ... " ലില്ലിയെ ചേർത്ത് പിടിച്ചു അവൻ പുറത്തേക്ക് കൊണ്ട് പോയി.
മുറ്റത്തേക്ക് ഇറങ്ങിയിട്ട് ചിരിയിൽ തുടർന്നു.
"അയ്യേ...നീ എന്നാ മണ്ടിയാടി ലില്ലീ . ഏ ? നീ അല്ലാതെ ആരെങ്കിലും അമ്മച്ചിയോട് ഇകാര്യങ്ങളൊക്കെ. പറയാൻ പോവോ. നിനക്കിത് എന്നോട് പറഞ്ഞാൽ പോരാരുന്നോ. വെറുതെ ആ തള്ളേടെ വായിലിരിക്കുന്ന കേൾക്കേണ്ട വെല്ല കാര്യവും ഉണ്ടായിരുന്നാ...അവരാണെങ്കിൽ ആരുടെ മെക്കിട്ട് കേറണം എന്ന് അറിയാതെ നടപ്പാ. നീ കണ്ണ് തുടച്ചേ..."
പറഞ്ഞിട്ട് അവൻ തന്നെ തോർത്ത് കൊണ്ട് അവളുടെ മുഖം തുടച്ചു കൊടുത്തു.
"നിന്റെ കരച്ചിലും വെപ്രാളവും കണ്ടാ തോന്നും നാളെയോ മറ്റന്നാളോ ആണ് കല്യാണമെന്ന്. എടി... കാര്യങ്ങൾ ഒക്കെ ഒന്ന് കരയ്ക്കടിപ്പിച്ചു കൊണ്ട് വരുന്നേ ഉള്ളൂ. കല്യാണത്തിനൊക്കെ ഇനിയും സമയം എടുക്കും. അപ്പോഴേക്കും അപ്പനിങ്ങ് വരത്തില്യോ . നീ സമാധാനപ്പെട്. നിന്റെ കൈ പിടിച്ചു അപ്പൻ തന്നെ പള്ളിയിലോട്ട് ഇറക്കും. വാക്ക് തരുന്നത് ഞാനാ. നിനക്ക് നിന്റെ ഇച്ചായിയെ വിശ്വാസം ഇല്ലേ...? "
കരച്ചിലടക്കി ലില്ലി ബോബിയുടെ മുഖത്തേക്ക് നോക്കി.
കൈപിടിച്ച് ഇറക്കാൻ അപ്പനില്ല എന്ന സങ്കടത്തേക്കാളുപരി അവളുടെ മനസിനെ മഥിച്ചിരുന്നത് ജോസൂട്ടിയോടുള്ള ഇഷ്ടം ഇവരുടെയൊക്കെ മുന്നിൽ എങ്ങനെ അവതരിപ്പിക്കും എന്ന ചിന്ത ആയിരുന്നു.

 



നാട്ടു വഴിയിൽ വച്ചു ലില്ലിയുമായി സംസാരിക്കുന്ന ആ രംഗം റെജിയുടെ മനസ്സിൽ നിന്നും മായുന്നില്ല.
അതിങ്ങനെ തിരശീലയിൽ എന്ന വണ്ണം വീണ്ടും കാണുന്നു.
ഉച്ചയൂണ് കഴിഞ്ഞു കേറി കിടന്നതാണ്.
ഒന്ന് മയങ്ങാൻ.
പക്ഷെ ഉറങ്ങുന്നതെങ്ങനെ ?
പെണ്ണിങ്ങനെ കണ്മുന്നിൽ വന്നു പൂത്തു വിടർന്നു നിൽക്കുവല്ലേ.
തലയിണയെ കെട്ടിപിടിച്ചു അവൻ കണ്ണടച്ച് ചരിഞ്ഞു കിടന്നു.
ഒരു രക്ഷയുമില്ല.
ആ സുന്ദരരൂപം വീണ്ടും തെളിഞ്ഞു വരികയാണ്.
കിളികൊഞ്ചൽ പോലെ ആ സ്വരം വീണ്ടും കേൾക്കുന്നു.
ഈ ഇരുപത്തിയേഴു വയസ്സിനുള്ളിൽ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും ഇത് പോലെ ഉറക്കം കളഞ്ഞു മനസ്സിൽ കേറിയൊരു രൂപം ആദ്യമായിട്ടായിരുന്നു.
എങ്ങനെയും അവളെ സ്വന്തമാക്കണമെന്നുള്ള ചിന്ത ഓരോ നിമിഷവും കൂടി കൂടി വരുന്നു.
പക്ഷെ അതിന് ഒരുപാട് കടമ്പകൾ കടക്കേണ്ടി വരും.
കുട്ടാപ്പി പറഞ്ഞത് പോലെ ബോബി സമ്മതിക്കോ?
ആദ്യം എതിർക്കും.
പക്ഷെ അവസാനം സമ്മതിക്കും എന്ന് തന്നെയാണ് വിശ്വാസം.
കാരണം അവരുടെ സ്ഥിതി വച്ചിട്ട് സ്വപ്നം പോലും കാണാൻ പറ്റുന്ന ഒരു ബന്ധം അല്ല ഇത്.
മാത്രമല്ല സ്വന്തം കാലിൽ നിൽക്കാൻ തനിക്കൊരു ജോലി ഉണ്ട്.
ആരും കുറ്റം പറയാത്തൊരു രൂപവും.
തന്നെ അംഗീകരിക്കാൻ ഇതൊക്കെ പോരെ?
പൊന്നും പണവും ഒന്നും വേണ്ട തനിക്ക് ലില്ലിയെ മാത്രം തന്നാൽ മതിയെന്ന് കൂടി പറഞ്ഞാൽ അവരൊക്കെ കണ്ണടച്ചു പെണ്ണിനെ പിടിച്ചെന്റെ കയ്യിൽ തരും.
ഉറപ്പാണ്.
പക്ഷെ അതിനേക്കാൾ വലിയ പുകിലാണ് ഇവിടെ അപ്പനെയും അമ്മച്ചിയെയും പറഞ്ഞു സമ്മതിപ്പിക്കുന്നത്.
തന്നെ അടിച്ചെന്ന് പറഞ്ഞു ബോബിയെ പിടിച്ചു ജയിലിൽ കേറ്റാൻ തുനിഞ്ഞ ആളാണ് അമ്മച്ചി.
ആ ബോബിയുടെ പെങ്ങളെ താൻ ഇഷ്ടപ്പെടുന്നുവെന്ന് കേട്ടാലോ.
ഈ വീടെടുത്തു തിരിച്ചു വയ്ക്കും.
പക്ഷെ ആരൊക്കെ തടഞ്ഞാലും തനിക്ക് ലില്ലിയെ വേണം.
ആരുടെ എതിർപ്പും തനിക്കൊരു പ്രശ്നം അല്ല.
അതിനി അപ്പനായാലും ശരി അമ്മച്ചി ആയാലും ശരി.
ഇപ്പോ തന്നെ അമ്മച്ചിയോടൊന്ന് സൂചിപ്പിച്ചു നോക്കിയാലോ?
എന്താണ് ഭാവം എന്നറിയാം.
സമ്മതിപ്പിച്ചാൽ മടങ്ങും മുന്നേ വാക്ക് പറഞ്ഞു ഉറപ്പിക്കാം.
പിന്നെ അവളെ ആരെങ്കിലും കൊത്തികൊണ്ട് പോകുമെന്ന പേടി വേണ്ട.
അവൻ എണീറ്റു പുറത്തേക്ക് വന്നു.
വീടിന് പിന്നിലെ നീളൻ വരാന്തയിൽ വലിയ തൂണ് ചാരി ഇരുന്നു മോളികുട്ടി എന്തോ ബുക്കിൽ കുറിക്കുന്നത് കണ്ടു.
"എന്നാ അമ്മച്ചി ഈ എഴുതുന്നേ? "
അവൻ അടുത്തേക്ക് ചെന്നു.
" ഷീറ്റും കുരുമുളകും വിറ്റതിന്റെ കണക്കാടാ ചെറുക്കാ..."
"അതങ്ങോട്ട് മാറ്റി വച്ചേ പിന്നെഴുതാം..."
അവൻ ബുക്ക് പിടിച്ചു വാങ്ങി മോളികുട്ടിക്ക് കയ്യെത്താത്ത അകലത്തിൽ തൂണിന് പിന്നിലേക്ക് വച്ചു.
" ശ്ശെടാ... ഇതെന്നാ ഇടപാടാ. ഞാനത് എഴുതി തീർന്നില്ലടാ. പിന്നെ ആയാൽ എല്ലാം മറന്നു പോവുമല്ലോ എന്റെ കർത്താവെ . "
"ഓ പിന്നെ വലിയൊരു കണക്ക് "
അവൻ അവരുടെ മടിയിൽ തല വച്ചു കിടന്നു.
"അമ്മച്ചി പണ്ടൊക്കെ ചെയ്യുമ്പോലെ എന്റെ തലയൊന്ന് മസാജ് ചെയ്തെ... "
"അയ്യോടാ ഇതെന്നാ വട്ടാ ഇത്. കണക്കൊക്കെ കൃത്യം എഴുതി വച്ചില്ലേ എനിക്കൊരു സമാധാനം കാണുകേല..."
" എന്റെ കാര്യങ്ങളൊക്കെ നോക്കാൻ അമ്മച്ചിക്ക് നേരവും കാലവും കിട്ടുന്നില്ലെങ്കിലെ ഞാൻ എവിടുന്നേലും ഒരു പെണ്ണിനെ വിളിച്ചോണ്ട് വരാൻ പോകുവാ. "
" ഹാ അത് നല്ല കാര്യായിപോയി..."
മോളികുട്ടി റെജിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു.
" എന്നോട് ചോദിക്കാതെയും പറയാതെയും ഏതവളെയെങ്കിലും ഇതിനകത്തോട്ട് വിളിച്ചോണ്ട് വന്നാ നിന്റെ മുട്ട് കാലു ഞാൻ തല്ലിയൊടിക്കും. ഞങ്ങൾക്ക് ആകെയുള്ളൊരു മോനാ നീ. നിന്റെ കല്യാണം എങ്ങനെ നടത്തണമെന്ന് ഞങ്ങള് തീരുമാനിച്ചിട്ടുണ്ട്. നിന്റെ അമ്മാച്ചന്മാരോട് അതെല്ലാം ഞാൻ പറഞ്ഞു ഏൽപ്പിച്ചിട്ടുമുണ്ട്. ഈ ഓണംകേറാ മൂലേന്ന് എന്തായാലും വേണ്ട. നമ്മുടെ കുടുംബത്തിന് ചേരുന്ന നല്ല ബന്ധം അവന്മാര് കണ്ടു പിടിച്ചു കൊണ്ട് വന്നു തരും . അത് വരെ എന്റെ കൊച്ചു ഞാൻ തരുന്നതും തിന്നോണ്ട് മര്യാദക്ക് ഇരുന്നോണം. കേട്ടോ. "
" അതെന്നാ ഏർപ്പാടാ. അമ്മാച്ചന്മാരുടെ ഇഷ്ടത്തിനാന്നോ ഞാൻ കെട്ടേണ്ടേ? "
" പെണ്ണിനെ നിനക്കും കൂടി ബോധിച്ചിട്ട് മതിയെന്നേ."
" അത്രേം കഷ്ടപ്പെടുന്ന എന്നാത്തിനാ. എനിക്ക് ചേരുന്നത് ഞാൻ തന്നെ കണ്ടു പിടിച്ചാൽ പോരായോ. അതല്ലേ അതിന്റൊരു മര്യാദ. "
"എണീറ്റെ അങ്ങോട്ട്. "
മസാജ് ചെയ്യുന്നത് നിർത്തി അവർ അവനെ ഉന്തി എണീൽപ്പിച്ചു.
" റെജി സത്യം പറഞ്ഞോ ഇപ്പോ എന്നതാ നിന്റെ പ്രശ്നം? "
അമ്മയുടെ മുഖം മാറിയത് കണ്ടു റെജി കുസൃതി ചിരിയോടെ അവരുടെ കൈ എടുത്തു പതിയെ വിരലുകൾ ഞൊട്ട വിടുവിച്ചു.
" ഉള്ള കാര്യം അമ്മച്ചിയോട് തുറന്നു പറയാം. എനിക്കൊരു പെണ്ണിനെ ഇഷ്ടമാ. "
മോളികുട്ടി അവന്റെ കൈ കുടഞ്ഞു മാറ്റി.
" നീ എന്നതാടാ ഈ പറയുന്നേ തമാശ ആന്നോ? "
" അല്ല എന്റെ പൊന്നമ്മച്ചി. സത്യം."
" ആരാടാ പെണ്ണ്. ഇനി ഡൽഹിയിലോ കശ്മീരോ മറ്റോ ഉള്ളതാന്നോ? ഹിന്ദിക്കാരെയൊന്നും ഇവിടെ കേറ്റാൻ പറ്റത്തില്ല. അതിപ്പൊഴേ പറഞ്ഞേക്കാം. "
"അതൊന്നുമല്ല. ഇത് നമ്മുടെയീ ഇടവകയിൽ ഉള്ളതാ. "
"നമ്മുടെ ഇടവകയിലോ ? "
മോളികുട്ടിയുടെ ഒച്ച പതറി.
പതിയെ കിതക്കാൻ തുടങ്ങി.
" ആന്ന്. മടത്തിപ്പറമ്പിലെ ലില്ലി ഇല്യോ... ബോബിടെ പെങ്ങൾ..."
പിശാചിനെ മുന്നിൽ കണ്ടത് പോലെ മോളികുട്ടിയുടെ മുഖം വിളറി വെളുത്തു.
ഒരു കാര്യം മകൻ വിചാരിച്ചാൽ ഇനി മിശിഹാ തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നു പറഞ്ഞാലും പിന്മാറുന്നവനല്ലന്ന് മോളികുട്ടിക്ക് നന്നായി അറിയാം.
അപ്പൊ ഇനി ആകെ ചെയ്യാനുള്ളത് വാവിട്ട് നിലവിളിക്കുക എന്ന പ്രക്രിയ മാത്രം.
അതിന് തയ്യാറെടുക്കുന്നതിനു മുന്നുള്ള ഭീകരമായ നിശബ്ദത ആണ് ഇപ്പൊ നടക്കുന്നത്.
അമ്മച്ചിയുടെ മറുപടിയ്ക്ക് വേണ്ടി റജി ഉറ്റുനോക്കി.
" അയ്യോ എന്റെ കർത്താവെ... ഞാൻ എന്നതാ ഈ കേൾക്കുന്നേ........"
ഇടി വെട്ടുന്ന പോലെയുള്ള ഒച്ചയും ഒപ്പം നെഞ്ചത്ത് ആഞ്ഞിടിയും.
റജി പകച്ചു പോയി.
തിടുക്കത്തിൽ അവൻ തടഞ്ഞു.
" അമ്മച്ചി...ബഹളം വയ്ക്കല്ലേ "
ആര് കേൾക്കാൻ.
പള്ളി പെരുന്നാളിന് ബാൻഡ് മേളം മുറുകുന്നത് പോലെ മോളികുട്ടി തകർക്കുകയാണ്.
അപ്പോഴേക്കും " എന്നതാടി മോളികുട്ടി "എന്ന് ചോദിച്ചു അവറാച്ചനും എവിടുന്നോ ഓടി പാഞ്ഞെത്തി.
അതോടെ കാര്യങ്ങൾ പൂർണ്ണമായെന്ന് റെജിയ്ക്ക് ബോധ്യമായി.
ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല.
അവൻ പതിയെ മുന്നോട്ടു നടന്നു.
പിന്നിൽ മരണവീട് പോലെ ആകെയൊരു ബഹളം.
പടക്കത്തിന് തീ കൊളുത്തി കഴിഞ്ഞു.
ഇനി മൊത്തത്തിൽ പൊട്ടി തീരുന്നത് വരെ ഒന്ന് മാറി നിൽക്കുന്നതാണ് ബുദ്ധി.
മുൻവശത്തേക്കിറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പരമാവധി വേഗത്തിൽ അവൻ പുറത്തേക്ക് ഓടിച്ചു പോയി.

 



റോഡിൽ നിന്നും തുടരെ സൈക്കിൾ ബെൽ കേട്ട് ലില്ലി പുറത്തേക്ക് ഇറങ്ങി.
ബോബി അകത്തു റെഡി ആവുന്നതേ ഉള്ളൂ.
പെണ്ണമ്മ പോയികഴിഞ്ഞിരുന്നു.
തിടുക്കത്തിൽ ആടിനെ അഴിച്ച് അവൾ റോഡ് സൈഡിലെ പ്ലാവിന്റെ ചുവട്ടിലേക്ക് പോയി.
റോഡിൽ ജോസൂട്ടി, ബോബിയെ കാത്തു നിൽപ്പുണ്ട്.
ലില്ലിയെ കണ്ടു അവൻ പെട്ടന്ന് മുഖം മാറ്റി കളഞ്ഞു.
അതോടെ അവളുടെ സങ്കടം ഇരട്ടിച്ചു.
" എന്തിനാ ജോസൂട്ടി എന്നോട് ഇങ്ങനെ? ഞാനെന്നാ ചെയ്തിട്ടാ? "
കേട്ട ഭാവം ഇല്ല.
അവൾ ഇടറിയ സ്വരത്തിൽ തുടർന്നു.
" ജോസൂട്ടി ഇല്ലാതെ എനിക്ക് പറ്റില്ല . ഇനിയെങ്കിലും അതൊന്ന് മനസിലാക്കികൂടെ. ഇവിടെ വീണ്ടും കല്യാണം കേറി മുറുകിയിരിക്കയാ. അത് ജോസൂട്ടിക്കും അറിയാലോ. ഞാൻ എന്നാ ചെയ്യണം . അതൊന്ന് പറഞ്ഞു തരു."
മറുപടിയ്ക്ക് വേണ്ടി അവൾ കാത്തു. സൈക്കിളിന്റെ ഹാൻഡിലിൽ പിടിച്ചു തിരിച്ചു കൊണ്ട് അവൻ മുഖം തിരിച്ചു നിൽക്കുന്നു.
അവന്റെ മനസ് വായിച്ചെടുക്കാൻ പറ്റുന്നില്ല.
ലില്ലി ഒഴുകി വരുന്ന കണ്ണീർ തുടച്ചു.
" ശരിയാ. ഞാൻ ചെയ്തത് തെറ്റാ. ജോസൂട്ടിയുടെ അനുവാദം ചോദിക്കാതെ ഞാൻ സ്നേഹിച്ചു. . അറിയാതെ പറ്റി പോയി. അത് പക്ഷെ ഇങ്ങനെയൊക്കെ ആയി തീരുമെന്ന് ഞാനും വിചാരിച്ചില്ല. മറക്കാൻ ആവുന്നത്ര ശ്രമിച്ചു നോക്കി. എന്നെകൊണ്ട് പറ്റണ്ടേ ജോസൂട്ടി.... ഓരോ നിമിഷവും ഞാൻ ഉരുകി കൊണ്ട് ഇരിക്കുവാ... "
അവൾ നിന്ന് വിങ്ങി പൊട്ടി.
ലില്ലി കരയുന്നത് കണ്ടു ആട് സ്നേഹത്തോടെ അവളോട് ചേർന്ന് മുട്ടിഉരുമി നിന്നു.
"എന്നെ ഒന്ന് നോക്ക് എങ്കിലും ചെയ്തൂടെ ജോസൂട്ടി....ഇത്രയ്ക്കും വെറുക്കേണ്ട കാര്യം ഉണ്ടോ. മനസ് നിറഞ്ഞു സ്നേഹിച്ചതാണോ ഞാൻ ചെയ്തു കുറ്റം.. ആണോ? "
" എന്റെ ലില്ലി നീ എന്നെയൊന്ന് വെറുതെ വിട്. "
ഒടുവിൽ സഹികെട്ടത് പോലെ അവൻ അവളെ നോക്കാതെ തൊഴുതു പറഞ്ഞു.
" നീ കേറി പോ. ബോബി ഇപ്പൊ ഇറങ്ങി വരും. അവനെങ്ങാനും ഇത് കണ്ടാൽ തീർന്നു. "
" ഞാൻ എന്നാ ചെയ്യണം ? അത് പറ. "
" എനിക്കറിയത്തില്ല. "
"ഞാൻ മരിക്കട്ടെ? "
" നിന്റെ പ്രശ്നം അതോടെ തീരും. ഞാനോ? ജീവിതകാലം മൊത്തം ഉരുകി തീരട്ടേന്നോ? "
" പിന്നെ എന്നെ കൂടെ കൂട്ടുന്നതിൽ ജോസൂട്ടിയ്ക്ക് എന്നതാ തടസം ? "
അവൻ മിണ്ടിയില്ല.
" എന്നയിട്ടിങ്ങനെ ഉരുക്കാതെ എന്നതാണേലും ഒന്ന് തുറന്നു പറ. എന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടാണോ. അതോ ഞാൻ അറിയാമ്പാടില്ലാത്ത എന്തെങ്കിലും പ്രശ്നം ജോസൂട്ടിയ്ക്കുണ്ടോ ? "
ജോസൂട്ടി എന്തോ പറയാൻ തുടങ്ങുമ്പോൾ ബോബിയുടെ ചുമ കേട്ടു.
അവൻ പുറത്തേക്ക് വരികയാണ്.
പെട്ടന്ന് ലില്ലി ആടിനെ വലിച്ചു കൊണ്ട് പോയി പ്ലാവിലേക്ക് കെട്ടി.
അവൾക്ക് സങ്കടം അടക്കാൻ കഴിയുമായിരുന്നില്ല.
ഓർമ വയ്ക്കുന്ന നാൾ മുതൽ ബോബിയ്ക്കൊപ്പം ജോസൂട്ടിയേയും കാണാൻ തുടങ്ങിയതാണ്.
അടുത്ത് വരുമ്പോഴൊക്കെ കളിയാക്കിയും തമാശ പറഞ്ഞും പിന്നാലെ നടക്കുന്ന അവനെ എപ്പോഴൊക്കെയൊ അവളും ഇഷ്ടപ്പെട്ടു തുടങ്ങി.
ലില്ലിയുടെ ആ ചെറിയ ലോകത്ത് ജോസൂട്ടിയായിരുന്നു നായകൻ.
പലപ്പോഴും തന്റെ ഉള്ളിലെ ഇഷ്ടം അവനോട് തുറന്നു പറയണമെന്ന് കരുതിയിട്ടുണ്ട്.
പിന്നെ എന്തുകൊണ്ടോ അത് വേണ്ടന്ന് വച്ചു.
പിന്നീട് ആ ഇഷ്ടം മനസ്സിൽ കിടന്നു പടർന്നു പന്തലിച്ചു ഒരു വടവൃക്ഷമായി മാറുകയായിരുന്നു.
അതിന്റെ വേരുകൾ ഹൃദയം തുരന്നു ആഴങ്ങളിലേക്ക് പടർന്നിരിക്കുന്നു.
ഇനി ജോസൂട്ടിയുടെ സ്ഥാനത്ത് മറ്റൊരാളെ അവൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല .
കല്യാണം കേറി മുറുകിയതോടെ ഇനിയും വച്ചു താമസിപ്പിക്കുന്നത് ആപത്താണെന്ന് തോന്നിയപ്പോഴാണ് എല്ലാം അവനോട് തുറന്നു പറയുന്നത്.
അറിയുമ്പോൾ അവൻ സന്തോഷത്തോടെ തന്റെ ഇഷ്ടത്തെ സ്വീകരിക്കും എന്ന് കരുതി.
എന്നിട്ട് ഇപ്പോൾ....
എവിടെയെങ്കിലും തനിയെ ചെന്നിരുന്നു കരയണം. ഇല്ലെങ്കിൽ ചങ്കു പൊട്ടി മരിക്കും.
അടുക്കളപ്പടിയിൽ പോയിരുന്നു അവൾ മുഖം മടിയിൽ ചേർത്ത് വച്ചു നിയന്ത്രണം വിട്ടു കരഞ്ഞു.


ഭാഗം 12

രാത്രിയോടെയാണ് റെജി വീട്ടിൽ മടങ്ങി എത്തിയത്. ഹാളിലെ സെറ്റിയിൽ മോളികുട്ടി മരണ വീട്ടിൽ ഇരിക്കുമ്പോലെ താടിക്ക് കൈ കൊടുത്തു ഇരിപ്പുണ്ടായിരുന്നു. വാതിൽ പടിയിൽ പിടിച്ചു നിന്ന് അവൻ നോക്കി. അവർക്ക് കണ്ട ഭാവം പോലും ഇല്ല. അവൻ ചിരിച്ചു കൊണ്ട് വന്നു അമ്മയുടെ അടുത്ത് ഇരുന്നു. വെറുപ്പോടെ മോളിക്കുട്ടി മാറിയിരുന്നു. അപ്പോൾ രണ്ടു ഗ്ലാസിൽ കാപ്പിയുമായി അവറാച്ചൻ ഹാളിലേക്ക് കയറി വന്നു.
" ഓ വന്നോ...? "
മകനെ കണ്ടു അയാൾ അനിഷ്ടത്തോടെ നോക്കി. പിന്നെ മോളികുട്ടിക്കുള്ള കാപ്പി അവർക്ക് മുന്നിൽ ടീപ്പോയിൽ വച്ചിട്ട് തന്റെ ഗ്ലാസുമായി എതിരെ സെറ്റിയിൽ ചെന്നിരുന്നു.
'ചോദിക്ക് 'എന്നർത്ഥത്തിൽ മോളികുട്ടി മകൻ കാണാതെ അയാളോട് കണ്ണാൽ ആംഗ്യം കാണിച്ചു.
അത് ശ്രദ്ധിച്ച് അയാൾ റെജിയെ നോക്കി.
"പിന്നെന്നാ ഒറ്റയ്ക്കിങ്ങ് പൊന്നേ...ആരെയൊക്കെയോ കൂട്ടികൊണ്ട് വരാൻ പോകുന്നുന്ന് പറഞ്ഞിട്ടല്ലേ ഇറങ്ങി പോയേ ? "
"അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് ഒരാളോട് തോന്നിയ ഇഷ്ടം ഞാൻ അമ്മച്ചിയോട് പറഞ്ഞിരുന്നു. "
ഇനി എന്ത് ചോദിക്കണം എന്ന രീതിയിൽ അവറാച്ചൻ നോക്കുന്നത് കണ്ടു മോളിക്കൂട്ടി മകന് നേരെ തിരിഞ്ഞു.
"എന്റെ തൊണ്ടക്കുഴിയിൽ ശ്വാസം ഉള്ള കാലത്തോളം ആ നാറ്റംവച്ചതിനെ ഈ കുടുംബത്ത് ഞാൻ കേറ്റുകേല. റെജി... ആ വെള്ളം നീയങ്ങു വാങ്ങി വച്ചേരെ. "
മുറുകിയ മുഖത്തോടെ കനത്ത സ്വരത്തിൽ അവർ തുടർന്നു.
"നീയെന്നാ ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥനാണെന്ന് വിചാരിച്ചോ. എന്ത് ധൈര്യത്തിലാ നീ അത് എന്നോട് പറഞ്ഞിട്ട് പോയേ. ആലോചിച്ചിട്ട് തന്നെ എനിക്ക് അറയ്ക്കുന്നു. ഈ കുടുംബത്ത് കേറി വരാനുള്ള എന്നാ യോഗ്യതയാടാ അവർക്കുള്ളെ. എന്റെ ആങ്ങളമാരെങ്ങാനും അറിഞ്ഞാലുള്ള സ്ഥിതി എന്നതാ. മാതാവേ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല..."
റെജി ഒന്നും മിണ്ടാതെ അവരെ നോക്കി ഇരുന്നു.
"നീ പറയുന്നതിനൊക്കെ ഞങ്ങൾ കൂട്ട് നിന്നിട്ടുണ്ട്. ഇത് ഒക്കുകേലന്ന് പറഞ്ഞാൽ ഒക്കുകേല. അതിനപ്പുറം ഇനി പറയാൻ ഒന്നുമില്ല. "
ദേഷ്യം അടങ്ങാത്തത് പോലെ കിതച്ചു കൊണ്ട് അവർ ആകെ ഒന്ന് ഉലഞ്ഞു സെറ്റിയുടെ സൈഡിലേക്ക് ഒതുങ്ങി വീണ്ടും പഴയത് പോലെ താടിക്ക് കൈ കൊടുത്തു ഇരിപ്പായി.
ഭാര്യയെ നോക്കിയിരുന്നു അവറാച്ചൻ കാപ്പി ഊതി കുടിക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല.
"കഴിഞ്ഞോ? " റെജി ചോദിച്ചു.
"നിനക്കാ ബോബിടെ പെങ്ങളെ അല്ലാതെ വേറെ ആരേം കിട്ടിയില്യോടാ? "
അവറാച്ചൻ ചോദിച്ചു.
ബാക്കി മോളികുട്ടി ഏറ്റു പിടിച്ചു.
"കുടിച്ചും പെടുത്തും നാട്ടുകാരുടെ മെക്കിട്ട് കെറിയും താന്തോന്നിയായി നടക്കുന്നവനാ. ആ കുടുംബത്തീന്ന് തന്നെ.... എടാ നിന്നെ അല്യോടാ അവനാ കണ്ടത്തിൽ എടുത്തിട്ടടിച്ചത്. ആ ഒരു വൈരാഗ്യ ബുദ്ധി നിനക്കില്ലേ. കർത്താവെ ഇതെന്റെ വയറ്റിൽ കുരുത്തത് തന്നെ ആന്നോ? "
"ഞാൻ കെട്ടുന്നത് ബോബിയെ അല്ലല്ലോ. ലില്ലിയെ അല്യോ "
"കെട്ടാൻ നീയങ്ങു തീരുമാനിച്ചോ? "
അവറാച്ചൻ ചോദിച്ചു.
"തീരുമാനിക്കാനുള്ള പ്രായമൊക്കെ എനിക്കായില്യോ അപ്പാ....? "
മോളികുട്ടി സൂക്ഷിച്ചു നോക്കി.
"എന്ന് വച്ചാൽ ഞങ്ങളുടെ അനുവാദം ഇല്ലെങ്കിലും നീ അവളെ കെട്ടുമെന്നോ? "
"അവൾക്ക് എന്നതാ അമ്മച്ചി ഒരു കുറവ്? "
"അവളാ കുടുംബത്തിൽ ജനിച്ചു പോയി അത്ര തന്നെ. "
"അതിനി മാറ്റാൻ ഒക്കുകേല. ഞാൻ എന്തായാലും അവളെ ഇഷ്ടപ്പെട്ടു പോയി. എന്റിഷ്ടം ഞാൻ നിങ്ങളോട് പറഞ്ഞും കഴിഞ്ഞു. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഇത് നടത്തി താ. "
"ഞങ്ങൾക്ക് താല്പര്യം ഇല്ല. ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ അവളെ ഇതിനകത്ത് കയറ്റത്തുമില്ല."
"അതാണോ നിങ്ങളുടെ തീരുമാനം? "
"ആ അത് തന്നെയാ. "
"എങ്കിൽ അവളെ കെട്ടി ഇങ്ങോട്ട് കൊണ്ട് വരാനാ ഞാൻ തീരുമാനിച്ചേക്കുന്നേ."
"എങ്ങോട്ട്...? ഇതെന്റെ പേരിലുള്ള വീടാ. ഇവിടെ പറ്റത്തില്ല. "
മോളികുട്ടി അറുത്തുമുറിച്ചു പറഞ്ഞു.
"ഓഹോ..."
അവരെ ഒന്ന് നോക്കി കൊണ്ട് റെജി എണീറ്റു മുണ്ട് മാടി കുത്തി.
" അങ്ങനെയങ്ങ് വാശി ആണെങ്കിൽ അവളെയും കെട്ടി പുറത്തു വീടെടുത്തു ഞാൻ അങ്ങോട്ടങ്ങു മാറും. ഇനി അത്രേ ഉള്ളൂ. "
അവൻ തിരിഞ്ഞു നടന്നു.
" നേരം ഒന്ന് വെളുക്കട്ടെ. എന്നാ കാണിച്ചിട്ടാണ് ഇവനെ പാട്ടിലാക്കിയതെന്ന് എനിക്കവളുടെ മുഖത്ത് നോക്കി ചോദിക്കണം. "
മോളികുട്ടി പല്ല് ഞെരിച്ചു കൊണ്ട് അവറാച്ചനോടായി പറഞ്ഞു
അത് കേട്ട് റെജി തിരിച്ചു വന്നു.
" ഇതിന്റെ പേരിൽ അമ്മച്ചി അവിടെങ്ങാനും ചെന്ന് പോക്കണം കേട് പറഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ..... റെജിയെ നിങ്ങൾക്ക് അറിയാലോ.? "
താക്കീത് പോലെ അവൻ നിർത്തി.
" നീ എന്നാടാ എന്നെ ഭീഷണിപെടുത്തുന്നോ? "
മോളികുട്ടി ചാടി എണീറ്റു.
" എങ്ങനെ വേണമെങ്കിലും എടുക്കാം. എനിക്ക് തോന്നിയ ഇഷ്ടം ഞാൻ അവളോട് പോലും പറഞ്ഞിട്ടില്ല. അതാദ്യം വന്നു പറയുന്നത് അമ്മച്ചിയോടാ. നിങ്ങളൊക്കെ എന്റെ കൂടെ നിൽക്കുമെന്നായിരുന്നു എന്റെ വിചാരം. തെറ്റിയത് എനിക്കാ . ഒറ്റ നിമിഷം കൊണ്ടല്യോ ഞാനീ വീട്ടിൽ അന്യനായതു . ഇങ്ങനെയെങ്കിലും നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് അറിഞ്ഞത് നന്നായി. ഇനി എനിക്ക് എന്റെ കാര്യം മാത്രം നോക്കി പോയാൽ മതിയല്ലോ."
പറഞ്ഞു നിർത്തി രണ്ടു പേരെയും ഒന്ന് നോക്കിയിട്ട് റെജി അകത്തേക്ക് കയറി പോയി.



ഇന്നാണ് ലില്ലിയെ കെട്ടാൻ പോകുന്ന ചെറുക്കൻ ജോകുട്ടന്റെ പെങ്ങളും ഭർത്താവും മടത്തിപറമ്പിലേക്ക് വരുന്നത്.
അതുകൊണ്ട് പെണ്ണമ്മ ചെമ്മീൻ കമ്പനിയിൽ പോയിരുന്നില്ല.
ജോലിക്ക് കയറിയതല്ലേ ഉള്ളൂ വെറുതെ ലീവ് എടുക്കണ്ടാന്ന് പറഞ്ഞു ബോബിയെ അവർ നിർബന്ധിച്ചു പറഞ്ഞു വിട്ടു.
ഉച്ചകഴിഞ്ഞാണ് അവരൊക്കെ എത്തിയത്.
പെങ്ങളും ഭർത്താവും ബ്രോക്കർ തങ്കച്ചനും മാത്രം.
പ്രധാനമുറിയിൽ അഥിതികളെ സ്വീകരിച്ചിരുത്തി തലേന്നേ വാങ്ങി വച്ചിരുന്ന പലഹാരവും പിന്നെ ചായയും വിളമ്പി.
ഇരുവരും സന്തോഷപൂർവ്വം പെണ്ണമ്മയോടും ലില്ലിയോടും സംസാരിച്ചിരുന്ന് ചായ കുടിച്ചു.
പെങ്ങളുടെ പേര് സൂസമ്മ. ഡൽഹിയിൽ നഴ്സ് ആണ്.
ഭർത്താവ് ആന്റോ അവിടെ എം ആർ എഫ് കമ്പനിയിൽ സൂപ്പർവൈസർ.
അങ്ങോട്ടുമിങ്ങോട്ടും വീട്ടുകാരെയൊക്കെ പരിചയപ്പെടുത്തി കഴിഞ്ഞു വീട്ടു വിശേഷങ്ങളും പറഞ്ഞിരുന്നിട്ട് സൂസമ്മ ലില്ലിയെ വിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.
"കൊച്ച് ഏത് ക്ലാസ്സ് വരെ പോയിട്ടുണ്ട് ? "
അതിരിലെ പ്ലാവിൻ ചുവട്ടിലേക്ക് നടക്കുമ്പോൾ സൂസമ്മ ചോദിച്ചു.
"പത്താം ക്ലാസ്സ് വരെ."
"പിന്നെന്നാ പഠിക്കാഞ്ഞേ? "
"തുടർന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് നിർത്തി. "
"ഇനി പഠിക്കാൻ താല്പര്യം ഉണ്ടോ? "
ലില്ലി വെറുതെ ചിരിച്ചു.
" നമ്മൾ പെണ്ണുങ്ങൾക്ക് എന്തെങ്കിലും ഒരു ജോലി വേണം കൊച്ചേ. ഇല്ലെങ്കിൽ ഏത് കാര്യത്തിനും ഭർത്താവിന്റെ മുന്നിൽ കൈ നീട്ടി നിക്കേണ്ടി വരും. പുതുമോടി കഴിഞ്ഞാ പിന്നെ നമുക്കൊന്നും ഒരു വിലയും കാണില്ലന്നെ... "
ലില്ലിയുടെ കയ്യിൽ പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് സൂസമ്മ തുടർന്നു.
" എന്നേക്കാൾ ഏഴു വയസിനു ഇളപ്പമുണ്ട് ജോകുട്ടന്. അമ്മച്ചി അവനെ പെറ്റെന്നേ ഉള്ളൂ. ചെറുക്കനെ വളർത്തിയാതൊക്കേ ഞാനാ. ചേച്ചിയമ്മ എന്നാ അവൻ എന്നെ വിളിക്കുന്നെ. ഞാൻ പറയുന്നതിന് അപ്പുറം അവൻ പോവത്തില്ല. അതുകൊണ്ടാ ഒത്തിരി ഇഷ്ടായിട്ടും എന്റെ അഭിപ്രായത്തിന് വേണ്ടി അവൻ ഇത്രയും ദിവസം കാത്തിരുന്നത്. "
ലില്ലിയുടെ പാറിക്കളിക്കുന്ന മുടിയിഴകൾ സൂസമ്മ ഒതുക്കി വച്ചു കൊടുത്തു.
"നിന്നെ എനിക്കും ഒത്തിരി ഇഷ്ടായി . എന്റെ ജോക്കുട്ടന് നീ നന്നായി ചേരും. ഒരു കുറവും വരാതെ പൊന്നുപോലെ നിന്നെ അവൻ നോക്കിക്കോളും. നിനക്കെങ്ങനെയാ അവനെ ഇഷ്ടായോ ? "
തന്റെ കൈത്തലത്തിൽ പിടിച്ചിരുന്ന സൂസമ്മയുടെ കയ്യിൽ ലില്ലി മുറുകെ പിടിച്ചു.
"ചേച്ചിയ്ക്ക് എന്നോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ എനിക്കൊരു സഹായം ചെയ്തു തരണം ? "
"ചോദിച്ചോ. എന്നാ വേണ്ടേ? "
"ദൈവത്തെ ഓർത്ത് നിങ്ങളീ കല്യാണത്തിൽ നിന്നും മാറി തരണം ."
സൂസമ്മ അമ്പരന്നു നോക്കി.
"എനിക്ക് വേറൊരാളെ ഇഷ്ടമാ. കെട്ടുന്നെങ്കിൽ അയാളെ മാത്രേ ഞാൻ കെട്ടൂ. "
"നീ എന്നതാ കൊച്ചേ ഈ പറയുന്നേ? "
സൂസമ്മ ലില്ലിയുടെ കയ്യിൽ നിന്നുമുള്ള പിടി വിട്ടു.
അമ്മച്ചി ഇത് വല്ലതും കേൾക്കുന്നോ എന്നറിയാൻ അവൾ വീട്ടിലേക്ക് ഒന്ന് നോക്കി.
"നിനക്കിത് ജോകുട്ടൻ വന്നപ്പോൾ അവനോട് പറയാൻമേലാരുന്നോ? വെറുതെ എന്റെ ചെറുക്കനെ കൂടി ആശിപ്പിച്ചിട്ട്... "
"എനിക്കിതൊന്നും പറയാനുള്ള സാഹചര്യം അന്നുണ്ടായിരുന്നില്ല ചേച്ചി..."
"എന്നാ പിന്നെ ഇങ്ങനൊരു ഇഷ്ടം ഉള്ള കാര്യം വീട്ടുകാരോട് പറയാൻ മേലെ. വെറുതെ എന്നാത്തിനാ കെട്ടി ഒരുങ്ങി പെണ്ണുകാണലിന് നിന്ന് കൊടുക്കുന്നെ? "
സൂസമ്മയുടെ സ്വരം മാറി.
"പ്രതീക്ഷിക്കാതെ ഈ കല്യാണം കേറി മുറുക്കിയത് കൊണ്ട് എനിക്കൊന്നും പറയാൻ പറ്റത്തില്ല. ഇപ്പൊ ഇതെങ്ങാനും അറിഞ്ഞാ അമ്മച്ചി എന്നെ കൊന്നു കുഴിച്ചു മൂടും ."
"ഞാനിപ്പോ എന്നതാ ചെയ്യണ്ടേ? "
അനിഷ്ടത്തോടെ സൂസമ്മ ചോദിച്ചു.
"ഇപ്പോ ഒന്നും ഇവിടെ പറയണ്ട. വീടും ചുറ്റുവട്ടവുമൊന്നും ചേച്ചിക്ക് ഇഷ്ടപെട്ടില്ലെന്നും അത് കൊണ്ട് ഒഴിയുകയാണെന്നും തങ്കച്ചായനോട് പറഞ്ഞു വിട്ടാൽ മതി. "
"നല്ല കാര്യായിപ്പോയി. ഞാനെങ്ങനെയാ ഇതിപ്പോ ചെറുക്കനോട് ചെന്നു പറയുന്നേ. ഈ ഒരു കാര്യത്തിന് വേണ്ടി മാത്രമാ ഞങ്ങള് രണ്ടും ഇല്ലാത്ത ലീവും എടുത്ത് ഇങ്ങോട്ട് ഓടി പിടിച്ചു വന്നേ . വെറുതെ മനുഷ്യനെ മെനക്കെടുത്താൻ...നിനക്ക് ഒന്നൂടെ ഒന്ന് ആലോചിക്കാൻമേലെ കൊച്ചേ? "
"ഈ കല്യാണവുമായി മുന്നോട്ടു പോകാനാണെങ്കിൽ ഞാനെന്റെ ജീവൻ കളയും. ഉറപ്പാ...അതിപ്പോ അവിടെ വന്നിട്ടായാലും ഞാനത് ചെയ്യും. "
തീരുമാനിച്ചുറപ്പിച്ച പോലെ ലില്ലി പറഞ്ഞു.
"മാതാവേ..."
സൂസമ്മ വായിൽ കൈ ചേർത്തു.
" എന്നതാ സൂസമ്മോ പറഞ്ഞു തീർന്നില്യോ...മതിയടി...ലില്ലി അങ്ങോട്ട് തന്നല്യോ വരുന്നേ...? "
ആന്റോയുടെ ഒച്ച കെട്ടു ഇരുവരും അവിടേക്ക് ശ്രദ്ധിച്ചു. വീടിന് പുറത്തു നോക്കി നിന്ന് എല്ലാവരും ചിരിക്കുന്നു. ലില്ലിയെ സൂക്ഷിച്ചു നോക്കിയിട്ട് ഒന്നും മിണ്ടാതെ സൂസമ്മ അവരുടെ സമീപത്തേക്ക് നടന്നു.

 



നേരം വെളുത്തു പത്തു മണി ആയിട്ടും റെജി എണീറ്റു വരാത്തത് കൊണ്ട് മോളികുട്ടി മുറിയിൽ ചെന്ന് നോക്കി.
ജനലിലൂടെ പുറത്തേക്ക് നോക്കി അവൻ വെറുതെ കിടക്കുന്നത് കണ്ടു.
അവർ ചെന്നു കിടക്കയിൽ ഇരുന്നു.
" റെജി... എണീറ്റു വാ മോനെ വല്ലതും കഴിക്കാം. ഇന്നലെയും നീ ഒന്നും കഴിച്ചില്ലല്ലോ. "
" എനിക്കൊന്നും വേണ്ട."
അവൻ അവരെ നോക്കാതെ കടുത്ത സ്വരത്തിൽ പറഞ്ഞു.
"ഇതെന്റെ വീടല്ലല്ലോ. ഇവിടെ ഉള്ളവരൊന്നും എന്റെ ആരുമല്ല. ഞാൻ ലീവ് ക്യാൻസൽ ചെയ്തു മടങ്ങി പോകാൻ തീരുമാനിച്ചേക്കുവാണ്...ഇനി എന്നാത്തിനാ ഞാനിവിടെ കെട്ടിക്കേറി കിടക്കുന്നെ? ഒരു കാര്യം ഞാൻ ഇപ്പോഴേ ഉറപ്പിച്ചു കഴിഞ്ഞു. ഇനി ജീവനോടെ ഞാൻ ഈ വീട്ടിലേക്കു തിരിച്ചു വരുകേല. ഏതെങ്കിലും ശത്രുക്കളുടെ വെടിയുണ്ടയ്ക്ക് മുന്നിൽ ഞാൻ ചെന്നു നിന്നു കൊടുക്കും. തീരട്ടെ എന്റെയീ ജീവിതം. "
" എന്നതാടാ നീയീ പറയുന്നേ? "
മോളികുട്ടി കരയാൻ തുടങ്ങി.
" എന്റെ മരണത്തെ പറ്റി പറയുമ്പോ നിങ്ങളെന്നാത്തിനാ കരയുന്നെ.നിങ്ങൾക്കൊന്നും ഞാൻ ആരുമല്ല. പിന്നെന്നാ ഇത്ര സങ്കടം? "
അമർഷത്തോടെയാണ് അവൻ സംസാരിച്ചത്.
" ഇങ്ങനെ ഒന്നും പറയല്ലേടാ പൊന്നു മോനെ... അമ്മച്ചിക്കിതൊന്നും താങ്ങത്തില്ല. ഞങ്ങൾക്ക് പത്തും പലതും ഇല്ല. നീ ആകെയുള്ളോരു കുഞ്ഞാ. ഞങ്ങളെന്തെങ്കിലും പറയുന്നത് നിന്റെ നല്ലതിന് വേണ്ടീട്ടല്യോ. നല്ലൊരു കുടുംബത്തിൽ നിന്നു നിന്നെ കൊണ്ട് കെട്ടിക്കണമെന്നുള്ളത് ഞങ്ങളുടെ സ്വപ്നം ആയിരുന്നു. അത് നടക്കത്തില്ലെന്ന് അറിയുമ്പോഴുള്ള വിഷമം കൊണ്ട് അന്നേരം പല കെട്ടതും പറഞ്ഞു കാണും. അമ്മച്ചീടെ ദെണ്ണം കൊണ്ടല്യോ. നീ ക്ഷമിക്ക്. "
" എന്റെ സന്തോഷമാണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ എന്റെ ഇഷ്ടങ്ങൾക്ക് കൂടെ നിൽക്കണം. അല്ലാതെ... "
" അവളുടെ അപ്പൻ നിന്റെ അപ്പനോട് വഴക്കിട്ടതും ബോബി നിന്നോട് തല്ലും പിടിയും കൂടിയതും ഒന്നും പെട്ടന്നെനിക്കങ്ങോട്ട് ക്ഷമിക്കാൻ പറ്റിയില്ല. അതുകൊണ്ടും കൂടിയൊക്കെയാ അമ്മച്ചി അങ്ങനൊക്കെ ദേഷ്യപ്പെട്ടു സംസാരിച്ചേ... അല്ലാതെ അവളോട് എനിക്കെന്നതാ ശത്രുത. ഇന്നലെ രാത്രി മൊത്തം നിന്റെ അപ്പനും എന്നെ കുറ്റപ്പെടുത്തി പറയുന്ന കേട്ടപ്പോ അമ്മച്ചിയുടെ തെറ്റ് അമ്മച്ചിക്ക് ബോധ്യപ്പെട്ടു. നിന്റെ ഇഷ്ടം എന്നതായാലും അത് നടക്കട്ടെ. ആരെയെന്ന് വച്ചാ നീ കെട്ടിക്കോ. നിന്റെ ജീവിതം അല്യോ. ഞങ്ങളിനി വഴക്കിടാനും തടയാനുമൊന്നും വരുന്നില്ല. പോരെ? "
റെജി തിടുക്കത്തിൽ എണീറ്റ് കട്ടിലിൽ ഇരുന്നു.
വിശ്വാസം വരാത്തത് പോലെ അവൻ നോക്കി.
" ആരെ കെട്ടിയാലും ആരുടെ കൂടെ ജീവിച്ചാലും നീ സന്തോഷമായി ഇരിക്കുന്നത് അമ്മച്ചിക്ക് കണ്ടാൽ മതി. പട്ടിണി കിടക്കാതെ നീ എണീറ്റ് വന്നു വല്ലതും കഴിക്കാൻ നോക്ക്. "
അവൻ ആഹ്ലാദത്തോടെ അവരുടെ കൈ പിടിച്ച് അതിൽ മുത്തി
" താങ്ക്സ് അമ്മച്ചി. "
റെജിയുടെ മുറിയിൽ നിന്നും മോളികുട്ടി അടുക്കളയിലേക്ക് വന്നപ്പോൾ അവറാച്ചൻ ചോദിച്ചു.
"അവൻ എന്നാ പറഞ്ഞടി? "
" നമ്മൾ കല്യാണത്തിന് സമ്മതിച്ചെന്നും കൂടെ തന്നെ ഉണ്ടെന്നും അവനൊരു തോന്നൽ വന്നിട്ടുണ്ട്. നിങ്ങളും ആ രീതിയിൽ അങ്ങ് നിന്നേച്ചാ മതി കേട്ടല്ലോ. "
അയാൾ സമ്മതിച്ചു തലകുലുക്കി.
മോളികുട്ടിയുടെ മുഖം മുറുകുന്നതും കണ്ണുകൾ വന്യമായി തിളങ്ങുന്നതും അയാൾ കണ്ടു.
" അവള് വലതു കാൽ വച്ചു ഇങ്ങോട്ട് കെട്ടി കേറി വരട്ടെ. ഒരു രാത്രി പോലും ഞാനവളെ ഈ വീട്ടിൽ വാഴിക്കുകേല. എന്നതാ ഈ മോളികുട്ടി ചെയ്യാൻ പോകുന്നതെന്ന് നിങ്ങള് കണ്ടോ... "
കുടിലബുദ്ധിയുടെ കോട്ടയാണ് തന്റെ ഭാര്യയെന്ന് അവറാച്ചന് നന്നായി അറിയാം.
അതിന് പിന്നാലെ വരുന്ന ആപത്ത് എന്താണെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി.


ഭാഗം 13

ചായ കുടിച്ചു കഴിഞ്ഞു മാണി സാർ വഴിയരികിൽ ഒതുക്കി ഇട്ടിരുന്ന ജീപ്പിനടുത്തേക്ക് നടക്കുമ്പോഴാണ് ജോലി കഴിഞ്ഞു വരുന്ന ബോബിയേയും ജോസൂട്ടിയേയും കാണുന്നത്. അയാളുടെ വിളി കേട്ട് ബോബി സൈക്കിൾ തിരിച്ചു മാണിസാറിന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി.
"മെമ്പറെന്താ ഇവിടെ? "
"വകയാർ വരെ പോയതാ. എൽസമ്മേടെ വല്യമ്മച്ചി കുളിമുറിയിൽ ഉരുണ്ടു പിരണ്ട് വീണു. കാണാൻ പോയേച്ചു വരുന്ന വഴിയാ.. എന്നാ പിന്നെ ഒരു ചായ കുടിച്ചിട്ട് വീട്ടിലേക്കു പോവാന്നു വിചാരിച്ചു. ജോലിയൊക്കെ എങ്ങനെയുണ്ടടാ. "
"കുഴപ്പമില്ല. പക്ഷെ തുടക്കക്കാർക്ക് അവിടെ ശമ്പളം കുറച്ചു കുറവാന്ന് ജോലിക്കാര് പറയുന്നുണ്ട്. "
"കേറിയതല്ലേ ഉള്ളൂ. ആത്മാർത്ഥമായിട്ട് നിന്നോ. നമുക്ക് മാത്തച്ചൻ മുതലാളിയോട് സംസാരിച്ചു വേണ്ടുന്നത് ചെയ്യാം..."
പിന്നെ ജോസൂട്ടിയെ നോക്കി മാണിസാർ തുടർന്നു
"ജോസൂട്ടി...വർക്കിച്ചനോട് പറയണം ബാങ്കിൽ കൊടുത്ത ഡോക്കുമെന്റിൽ ഒരു മുൻ പ്രമാണത്തിന്റെ കുറവുണ്ടെന്ന്. ഞാൻ മാനേജരെ കണ്ടു സംസാരിച്ചിരുന്നു. അതുകൂടി ചേർത്ത് വച്ചാ ഈ ആഴ്ചത്തെ ബോർഡ് കമ്മറ്റിയിൽ അവരത് സബ്മിറ്റ് ചെയ്തോളും. പിന്നെ ബോബി... വേറൊരു അര്ജന്റ് കാര്യം ഉണ്ട്. അത് പറയാൻ വേണ്ടിയാ നിന്നെ ഞാൻ വിളിച്ചേ. "
"എന്നതാ മെമ്പറെ? "
"നാളെ നീ ജോലിക്ക് പോവണ്ട. നമുക്കൊരു സ്ഥലം വരെ പോവണം."
"പാർട്ടികാര്യം വല്ലോം അന്നോ? "
" അതൊന്നുമല്ല. കാര്യം എന്നതാന്ന് ഞാൻ നാളെ പറയാം."
" ജോസൂട്ടി കൂടി വരുന്നോണ്ട് കുഴപ്പംവല്ലതും ഉണ്ടോ? "
" ജോലിക്ക് പോകുന്നില്ലെങ്കിൽ അവനും പോന്നോട്ടെ. രാവിലെ ഒരു ഏഴ് മണിയൊക്കെ ആവുമ്പോഴേക്കും രണ്ടും വീട്ടിലേക്കു പോന്നേരേ. നമുക്ക് എന്റെ ജീപ്പിൽ പോകാം. "
" ശരി . മെമ്പറെ...മാനേജരോട് പറഞ്ഞിട്ട് ലോൺ പെട്ടന്ന് കിട്ടാനുള്ളൊരു വഴി കണ്ടേക്കണേ... "
" അതൊക്കെ ഞാനേറ്റു. നിങ്ങള് കല്യാണത്തിന് വേണ്ടുന്ന ബാക്കി കാര്യങ്ങളൊക്കെ നോക്കിക്കോ."
"ശരി എന്നാ ഞങ്ങൾ പൊയ്ക്കോട്ടേ ? "
മെമ്പർ തലകുലുക്കി.
അവർ പോകുന്നത് നോക്കി നിന്നിട്ട് മാണി സാർ ചെന്ന് ജീപ്പിലേക്ക് കയറി.
രാവിലെ മെമ്പർ പറഞ്ഞ സമയത്തു തന്നെ ഇരുവരും അയാളുടെ വീട്ടിൽ എത്തി.
" നമുക്ക് പള്ളിയിൽ കേറി അച്ചനെ കൂടി കൂട്ടണം "
ജീപ്പ് മുന്നോട്ടു പായിക്കുമ്പോൾ മാണി സാർ പറഞ്ഞു.
" മെമ്പറെ പ്രശ്നം എന്നതാന്നു പറഞ്ഞില്ല. "
"പറയാം. "
മാണിസാർ മറുപടി ഒറ്റ വാക്കിൽ ഒതുക്കി.
മഞ്ഞു പുതഞ്ഞു കിടക്കുന്ന പ്ലാന്റേഷൻ റോഡിലൂടെ ഓടി ജീപ്പ് പള്ളിക്ക് മുന്നിൽ ചെന്നു നിന്നു.
" നിങ്ങളിറങ്ങി പിന്നിലേക്ക് ഇരുന്നോ. "
മാണിസാർ പറയുന്നത് കേട്ട് ഇരുവരും ഇറങ്ങി.
കാത്തു നിന്നത് പോലെ കാഞ്ഞിരത്തിലച്ചൻ പടിയിറങ്ങി വന്നു സ്തുതി ഏറ്റു ചൊല്ലി കൊണ്ട് ജീപ്പിന്റെ മുന്നിൽ കയറി ഇരുന്നു.
ജീപ്പ് വീണ്ടും ഓടി തുടങ്ങി.
പിന്നിലേക്ക് നോക്കി അച്ചൻ സൗഹൃദത്തിൽ ചിരിച്ചു.
" എന്നാ ഉണ്ട് പിള്ളേരെ? "
" ഓ ഇങ്ങനെ പോകുന്നച്ചോ. "
" ജോലിക്കൊക്കെ പോകുന്നുണ്ടോ? "
" ഉവ്വ്. "
അച്ചൻ പിന്നെ മാണിസാറിനെ നോക്കി.
" ബോബിയോട് കാര്യം പറഞ്ഞോ? "
" ഇല്ല. അച്ചൻ വന്നിട്ടാവട്ടേന്ന് വച്ചു "
കാര്യം അറിയാതെ ബോബിയും ജോസൂട്ടിയും തങ്ങളിൽ നോക്കി.
" ബോബി..."
അച്ചൻ വിളിച്ചു.
" എന്നാ അച്ചോ. എന്നതാ പ്രശ്നം? "
ബോബി മുന്നോട്ടു നീങ്ങി ഇരുന്നു.
അച്ചൻ പതിയെ കാര്യങ്ങൾ വിശദീകരിച്ചു.
" ഞാൻ അച്ചൻ പട്ടത്തിന് പഠിക്കുന്ന സമയം ഒപ്പം ഉണ്ടായിരുന്ന ഒരു ഫാദർ മാത്യു വടക്കേൽ ഇപ്പൊ നമ്മുടെ തന്നെ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു ഓർഫനേജിന്റെ ചുമതല കൂടി നോക്കുന്നുണ്ട്. പ്രായം ചെല്ലുമ്പോൾ നോക്കാനും കാണാനും ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന അന്തേവാസികൾ മാത്രം കഴിയുന്ന ഒരു ഓർഫനേജ്. ഇടയ്ക്കിടെ ഞാൻ അവിടെ സന്ദർശിക്കാറുണ്ട് . ഇന്നലെ അവിടെ ചെന്നപ്പോൾ അവിചാരിതമായി ഞാൻ അവരുടെ ഇടയിൽ വർഗീസ് മാപ്ലയെ കണ്ടു."
ബോബിയും ജോസൂട്ടിയും ഒരേപോലെ ഞെട്ടി.
" അപ്പനോ? ഓർഫനേജിലോ? അതെന്നാത്തിനാ അപ്പൻ അവരുടെ കൂടെ പോയി നിൽക്കുന്നെ? "
ശ്വാസം മുട്ടിയത് പോലെ ബോബി കിതച്ചു.
" ഞാൻ ചോദിച്ചിട്ട് അയാൾ ഒന്നും വിട്ടു പറയുന്നില്ല. കൂടെ വരാനും തയ്യാറാവുന്നില്ല. എനിക്ക് നിർബന്ധിക്കുന്നതിന് പരിമിതികൾ ഉണ്ട്. നമ്മളിപ്പോ അവിടേക്കാ പോകുന്നത്. എന്താണ് വർഗീസ് മാപ്ലയുടെ പ്രശ്നമെന്ന് ബോബി തന്നെ നേരിട്ട് സംസാരിച്ചു നോക്ക്...."
അച്ചൻ പറഞ്ഞു നിർത്തി.
ഒരു നിമിഷത്തെ നിശബ്ദത.
ഒടുവിൽ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മെമ്പർ ശബ്ദിച്ചു.
" നീ വിഷമിക്കണ്ടടാ ബോബി. നിന്നെ കാണുമ്പോൾ വർഗീസ് മാപ്ല കൂടെയിങ്ങ് പോരും. അല്ലേൽ നോക്കിക്കോ."
ചുവപ്പ് പടരുന്ന മിഴികളുയർത്തി ബോബി ജോസൂട്ടിയെ നോക്കി.
അവന്റെ മുഖത്ത് സമ്മിശ്രവികാരങ്ങൾ അലയടിക്കുന്നു.
കൂട്ടുകാരന്റെ ഉള്ള് തിളച്ചു മറിയുന്നത് ജോസൂട്ടിയ്ക്ക് അറിയാം.
ആശ്വസിപ്പിക്കുമ്പോലെ അവൻ ബോബിയുടെ കയ്യിൽ അമർത്തി പിടിച്ചു.



പെണ്ണമ്മ കമ്പനിയിലേക്ക് പോകാൻ സഞ്ചിയും തൂക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് തങ്കച്ചൻ കേറി വന്നത്.
" എന്നതാ തങ്കച്ചാ കാലത്ത് തന്നെ ? "
" ചേട്ടത്തി ജോലിക്ക് പോയിട്ടുണ്ടാവോന്ന് സംശയിച്ചാ വന്നേ. എന്തായാലും കണ്ടല്ലോ.."
സംസാരം കേട്ട് ആരെന്നറിയാൻ ലില്ലിയും വാതിൽക്കൽ വന്നു നോക്കി.
" പെരിങ്ങോട്ട്കരക്കാര് ആ ആലോചന വിട്ടു ചേടത്തി. സൂസമ്മയ്ക്ക് നമ്മുടെ വീടും ചുറ്റു വട്ടവുമൊന്ന് ഇഷ്ടപെട്ടില്ലെന്ന്. "
ഒന്ന് ഞെട്ടിയെങ്കിലും പെണ്ണമ്മ അത് പുറമെ കാട്ടിയില്ല.
" ഇതൊക്കെ വിശദമായി പറഞ്ഞിട്ടല്യോ തങ്കച്ചൻ അവറ്റകളെ ഇങ്ങോട്ട് കെട്ടി എടുത്തേ ? "
" ആന്നേ. എല്ലാം സമ്മതിച്ചിട്ടല്യോ ആ ചെറുക്കൻ വന്നു ലില്ലി കൊച്ചിനെ കണ്ടിട്ട് പോയത്. ഇത് തന്നെ മതിയെന്ന് എന്നോട് ഉറപ്പിച്ചു പറഞ്ഞതുമല്യോ. "
" ചെറുക്കന് ഇഷ്ടപ്പെട്ടെങ്കിൽ പിന്നെ അവൾക്ക് എന്നാത്തിന്റെ കടിയാ. അവള് അവളുടെ കെട്ടിയോന്റെ കാര്യം നോക്കിയാ പോരായോ ? "
" ഇതിനിടയിൽ ആരോ കേറി കളിച്ചോന്ന് എനിക്കൊരു സംശയം... "
"പിന്നെ കളിക്കുന്നു. നാട്ടുകാർക്ക് അതല്യോ പണി. ഇങ്ങനെ പെങ്ങടെ വാക്കിനു തുള്ളുന്ന ആണും പെണ്ണും കെട്ടവന്മാരല്ലാതെ നല്ല നട്ടെല്ലുള്ള ആൺപിള്ളേര് ആരും ഇല്ലേ തങ്കച്ചന്റെ കയ്യിൽ? "
" ചേടത്തി വിഷമിക്കണ്ടന്നേ നമുക്ക് വേറെ നോക്കാം. "
" വിഷമിക്കാൻ എന്റെ പെണ്ണിവിടെ കെട്ടാ ചരക്കായിട്ട് നിൽക്കുവല്ല. എന്റെ ഒരു ദിവസത്തെ പണി പോയതിലുള്ള സങ്കടം മാത്രേ എനിക്കുള്ളൂ ദൈവത്തെ ഓർത്തു ഇങ്ങനെ വാക്കിനു നെറിയില്ലാത്തവന്മാരെ ഒന്നും ഇങ്ങോട്ട് കൊണ്ട് വന്നേക്കല്ലേ എന്റെ പൊന്നു തങ്കച്ചാ. "
"അവനേക്കാൾ മിടുക്കൻ പയ്യന്മാരെ ഞാൻ കൊണ്ട് വരും ചേടത്തി. ഇന്നൊരു ദിവസം കൂടി എനിക്ക് സമയം താ. ലില്ലിക്ക് പറ്റിയൊരു ചെറുക്കനെയും കൊണ്ട് നാളെ വൈകുന്നേരത്തിന് മുന്നേ ഞാനിവിടെ എത്തിയിരിക്കും. "
തങ്കച്ചൻ വാക്ക് പറഞ്ഞു ഇറങ്ങിയപ്പോൾ പെണ്ണമ്മ തിരിഞ്ഞു ലില്ലിയെ കടുപ്പിച്ചോന്ന് നോക്കി.
" നിനക്കിപ്പോ തൃപ്തി ആയല്ലോ? "
" അതിനിപ്പോ ഞാൻ എന്നാ ചെയ്തിട്ടാ? "
" എന്നെ കൊണ്ട് നീ കൂടുതൽ പറയിക്കല്ലേ ലില്ലി... എന്റെ നാവ് ചൊറിഞ്ഞു വരുന്നുണ്ട്. "
സഞ്ചിയുമെടുത്ത മുറ്റത്തേക്കു ഇറങ്ങിയിട്ട് അവർ എന്തോ ഓർമിച്ചു തിരിഞ്ഞു നിന്നു.
" ആ പ്ലാവിന്റെ ചിവട്ടിൽ വിളിച്ചോണ്ട് നിർത്തി ആ മുടിയാനുണ്ടവൾ നിന്നോട് എന്നാ വർത്താനമാടി പറഞ്ഞെ? "
" എന്നോട് എന്നാ പറഞ്ഞു? "
ലില്ലി ആലോചിക്കുന്നത് കണ്ടു പെണ്ണമ്മ പല്ലിറുമ്മികൊണ്ട് മുന്നോട്ടു വന്നു.
" കഴിഞ്ഞ കൊല്ലം നടന്ന കാര്യമല്ല നിന്നോട് ചോദിക്കുന്നേ? "
" അവരെന്നോട് പഠിക്കാൻ താല്പര്യം ഉണ്ടോന്നൊക്കെയാ ചോദിച്ചേ . "
ലില്ലി പെട്ടന്ന് മറുപടി പറഞ്ഞു.
" ഉണ്ടെങ്കിലെന്നാ... അവള് പഠിപ്പിക്കൊ? "
"ആ എനിക്കറിയാന്മേല അമ്മച്ചി പോയി ചോദിക്ക് "
സൂക്ഷിച്ചോന്ന് നോക്കിയിട്ട് പെണ്ണമ്മ തിരിഞ്ഞു നടന്നു.
" വീടും കുടിയുമൊന്നും ഇഷ്ടപെട്ടില്ലെങ്കിലെന്നാ ഒരു പാത്രം പലഹാരം അവള് ഒറ്റ ഇരുപ്പിനിരുന്നു തിന്നു തീർത്തു. ശീമപോർക്ക്...."
അത് കേട്ട് ലില്ലിക്ക് ചിരി വന്നു.
പെട്ടന്ന് ചിരി ഒതുക്കി ഒരാപത്ത് ഒഴിപ്പിച്ചു തന്നതിന് അവൾ മാതാവിന് കുരിശ് വരച്ചു.

 



"ഇതാണ് വർഗീസ് മാപ്ലയുടെ മകൻ. ബോബി. "
കാഞ്ഞിരത്തിലച്ചൻ ബോബിയെ ഫാദർ മാത്യു വടക്കേലിന് പരിചയപ്പെടുത്തി.
"വർഗീസിനെ തിരക്കിയാണ് ഇക്കണ്ട ദിവസം മൊത്തം ബോബി നടന്നത്. കോഴിക്കോട് പോകുന്നെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ ആളാ. ഒരു ദിവസം കാത്തിട്ട് ഇവര് അവിടെയും തിരഞ്ഞു പോയിരുന്നു. പിന്നെ കാണാത്തത് കൊണ്ട് നാട്ടിലെ പോലിസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു. "
മാത്യുസച്ചൻ ബോബിയെ നോക്കി.
"ബോധമില്ലാതെ റോഡിൽ കിടന്ന വർഗീസിനെ ഞങ്ങളുടെ പ്രവർത്തകരാണ് ഹോസ്പിറ്റലിലേക്കും അവിടെ നിന്ന് ഇവിടെയും എത്തിച്ചത്. ഞങ്ങളോട് വർഗീസ് പറഞ്ഞിരിക്കുന്നത് ഭാര്യയോ മക്കളോ ആരും ഇല്ലെന്നും. അനാഥൻ ആണെന്നുമാണ്. ഇവിടുത്തെ ഫയലിലും അങ്ങനെയാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നെ. "
"ഇനി തലക്കെങ്ങാനും ഏറ്റ ക്ഷതം കൊണ്ടോ മറ്റോ ഫാമിലിയെ മറന്നു പോയതായിരിക്കുമോ ? "
മാണി സാർ സംശയം പ്രകടിപ്പിച്ചു.
"അല്ല അങ്ങനെയൊക്കെയുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടല്ലോ . "
"അങ്ങനെ വരാൻ ഒരു ചാൻസുമില്ല. കാരണം ഫുൾ ഡീറ്റെയിൽഡ് ചെക്കപ്പ് കഴിഞ്ഞിട്ടാണ് വർഗീസിനെ ഇങ്ങോട്ട് മാറ്റുന്നത്. അങ്ങനെ ഒരു ആക്സിഡന്റ് ഉണ്ടായിട്ടുണ്ടെങ്കിൽ ഡോക്ടർ അത് പറയേണ്ടതല്ലേ. മാത്രമല്ല അപ്നോർമലിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നുമില്ല. അദ്ദേഹം ഇവിടെ നല്ല ഹാപ്പി ആണ്. യാതൊരു മടിയുമില്ലാതെ പറയുന്ന ജോലികൾ ഒക്കെ ചെയുന്നുണ്ട്. ഇവിടുത്തെ അന്തേവാസികളുമായി പെട്ടന്ന് കൂട്ടാവുകയും പ്രാർത്ഥനയിലൊക്കെ മുടങ്ങാതെ പങ്കെടുക്കുകയും രോഗികളായവരെ ശുശ്രൂക്ഷിക്കുന്നതിലും മറ്റും മുൻപന്തിയിലും നിൽക്കുന്നുണ്ട് . ഇവിടുത്തെ ഒരു സ്റ്റാഫിനെ പോലെയാ വർഗീസ് പെരുമാറുന്നത്. അത് കൊണ്ടൊക്കെതന്നെ ഞങ്ങൾക്ക് മറ്റൊരു രീതിയിൽ സംശയം തോന്നേണ്ട കാര്യവുമില്ല. "
"അച്ചോ എനിക്ക് അപ്പനെ ഒന്ന് കാണാൻ പറ്റോ? "
ബോബി ചോദിച്ചു.
"തീർച്ചയായും. "
അച്ചൻ ഓർഫനേജിലെ ഒരു സ്റ്റാഫിനെ വിളിച്ചു ബോബിയെ വർഗീസിന്റെ അടുത്ത് എത്തിക്കാൻ നിർദേശിച്ചു.
ബോബിക്കൊപ്പം ജോസൂട്ടിയും അയാളുടെ പിന്നാലെ പോയി.
വർഗീസ് മാപ്ലയെ മുന്നിൽ കണ്ടപ്പോൾ ബോബിയുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.
" അപ്പനിത് എന്നാ പരിപാടിയാ ഈ കാണിച്ചേ . അല്ല എനിക്ക് അറിയാന്മേലാഞ്ഞു ചോദിക്കുവാ. എന്നെ നാട് മൊത്തം വട്ടം ചുറ്റി ഓടിച്ചേച്ചു ഇവിടെ വന്നിരിക്കുവാന്നോ . വീട്ടിലേക്കു വരാതിരിക്കാനും മാത്രം എന്നതാ അപ്പന്റെ പ്രശ്നം? "
ദേഷ്യം കൊണ്ട് ബോബി വിറക്കുകയായിരുന്നു.
"കോഴിക്കോട് അപ്പൻ പോകാവുന്ന സകല സ്ഥലവും ഞങ്ങൾ അരിച്ചു പെറുക്കി. പോലീസ് സ്റ്റേഷനിൽ വരെ പരാതി കൊടുത്തു. അറിയോ. വീടും ഭാര്യയും മക്കളും ഉള്ളപ്പോ ആരും ഇല്ലെന്നും പറഞ്ഞു എഴുതി കൊടുത്തിട്ട് ഇവിടെ വന്നു കിടക്കുന്ന എന്നാത്തിനാ. ഒന്ന് വാ തുറന്നു പറയാവോ. "
" ഞാനിനി എങ്ങോട്ടും വരുന്നില്ലടാ. നീ തിരിച്ചു പൊയ്ക്കോ.. "
" ദേ എന്നെ കൊണ്ട്..... " ദേഷ്യം കൊണ്ട് പറഞ്ഞു വന്നത് നിർത്തി പല്ല് കടിച്ചു അവൻ തിരിഞ്ഞു ജോസൂട്ടിയെ നോക്കി.
അത് കണ്ടു അവൻ മുന്നോട്ട് വന്നു
" അച്ചായാ നിങ്ങള് വീട്ടിലോട്ട് വാ. എന്നാത്തിനാ ഇങ്ങനെയൊക്കെ വന്നു കിടന്നു ബോബിയെ കൂടി വിഷമിപ്പിക്കുന്നേ. അച്ചായന് ഒരു മുട്ടും വരാതെ നോക്കാനുള്ള ജോലിയൊക്കെ ഇപ്പൊ അവനുണ്ട് . ലിസിയുടെ കല്യാണത്തിന് വേണ്ടുന്ന പൊന്നും പണവും എല്ലാം ഞങ്ങൾ റെഡി ആക്കിയിട്ടുമുണ്ട് അച്ചായൻ ഇനി അതിനെ കുറിച്ചോർത്തൊന്നും തല പുകയ്ക്കണ്ട. അവളുടെ കൈ പിടിച്ചു പള്ളിയിലോട്ട് ഇറക്കിയാൽ മാത്രം മതി. വാ എണീക്ക്. നമുക്ക് വീട്ടിൽ പോവാം."
ബോബി വീണ്ടും അടുത്തേക്ക് വന്നു.
"അപ്പാ...അമ്മച്ചി ഇനി വഴക്കൊന്നും ഇടുകേല. അങ്ങനെ ഒന്നും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം. അപ്പൻ എന്റെ കൂടെ വാ. "
അയാളുടെ മറുപടിയ്ക്ക് വേണ്ടി രണ്ടു പേരും ഒരു നിമിഷം കാത്തു.
" റോഡിൽ എവിടെയോ ബോധമില്ലാതെ കിടന്ന എന്നെ ആരോ ഇവിടെ കൊണ്ട് വന്നതാണ്. പള്ളിയിൽ പോകാതെയും കുർബാന കൊള്ളാതെയും പാപിയായി നടന്നിരുന്ന എന്നെ മാനസാന്തരത്തിനായി മാത്യുസച്ചൻ ജലം കൊണ്ട് സ്നാനപ്പെടുത്തി. ആ നിമിഷം ദൈവാന്മാവ് പ്രാവിന്റെ രൂപത്തിൽ എന്റെ മേൽ ഇറങ്ങി വരുന്നത് ഞാൻ കണ്ടു. ഇവൻ എന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നുവെന്ന് ആ സ്വരം ഞാൻ കേട്ടു. ഞാനിപ്പോൾ ദൈവപുത്രനാണ്. എനിക്കിപ്പോ ഭാര്യയില്ല. മക്കളില്ല. എന്റെ ജീവനും രക്തവും ഞാൻ കർത്താവിൽ അർപ്പിച്ചു കഴിഞ്ഞു."
" അപ്പനിത് എന്നാ വർത്താനമാ ഈ പറയുന്നേ. അപ്പൻ വരാതെ കല്യാണം വേണ്ടന്ന് പറഞ്ഞു ഒരു പെണ്ണ് വീട്ടിൽ ഇരുപ്പുണ്ട്. അവളോട് ഞാൻ എന്നാ പറയണം. അമ്മച്ചിയോടു ഞാൻ എന്നാ പറയണം? "
" എന്ത് ഭക്ഷിക്കും എന്ത് പാനം ചെയ്യും എന്ന് ജീവനെ കുറിച്ചോ എന്ത് ധരിക്കും എന്ന് ശരീരത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ നിങ്ങൾ ഉത്കണ്ഠാകുലരാകേണ്ട. ആകാശത്തിലെ പക്ഷികളെ നോക്കുവിൻ അവ വിതക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു. അവയേക്കാൾ എത്രയോ വിലപ്പെട്ടതാണ് നിങ്ങൾ. ആയതിനാൽ നാളെയെ കുറിച്ച് നിങ്ങൾ ആകുലരാകരുത്. എല്ലാ ദുഖവും കർത്താവിൽ അർപ്പിച്ചു പ്രാർത്ഥിക്കുവിൻ. പിതാവ് ആരെയും കൈവെടിയുകയില്ല. "
ബോബിയുടെ സകല നിയന്ത്രണവും വിട്ടു.
" നിങ്ങളൊരു മനുഷ്യനാണോ......? "
അവന്റെ ഒച്ച ഉയർന്നു.
പല്ല് ഞെരിച്ചു അവൻ മുന്നോട്ടു ചാടി കൊണ്ട് ചെല്ലുന്ന കണ്ടു ജോസൂട്ടി അവനെ വട്ടം പിടിച്ചു വലിച്ചു.
" ആദ്യം സ്വന്തം ഉത്തരവാദിത്തങ്ങളും കടമകളും ചെയ്തു തീർക്കാൻ നോക്ക്. അല്ലാതെ ഭാര്യയെം മക്കളേം പാതിവഴിയിൽ ഉപേക്ഷിച്ചു കളഞ്ഞിട്ട് ഇവിടെ വന്നു കിടന്നു എത്ര മുട്ടുകുത്തി പ്രാർത്ഥിച്ചാലും എന്ത് സുവിശേഷം പ്രസംഗിച്ചാലും നിങ്ങൾക്ക് സമാധാനത്തോടെ മരിക്കാൻ ഒക്കുകേല... മരിച്ച് മണ്ണടിഞ്ഞങ്ങ് മുകളിൽ ചെന്നാലും ഇതിനൊക്കെയുള്ള മറുപടി നിങ്ങള് അവിടെ കൊടുക്കേണ്ടി വരും. നോക്കിക്കോ...."
ബഹളം കേട്ട് എല്ലാവരും മുറ്റത്തേക്ക് ഇറങ്ങി വന്നു.
" ബോബി എന്നാടാ ഇത്? "
മാണി സാർ വന്നു അവനെ പിടിച്ചു. മാത്യുസച്ചൻ മുന്നോട്ടു വന്നു.
" ഇവിടെ കിടന്നു ബഹളം വയ്ക്കരുത്. നമുക്ക് സമാധാനമായി സംസാരിക്കാം. വാ... "
" ഇനി ഒന്നും സംസാരിക്കാൻ ഇല്ലച്ചോ. അങ്ങേര് വരുകേല. അത്ര മനക്കട്ടിയാ അങ്ങേർക്ക്...അല്ലെങ്കിൽ ഞാൻ ഇത്രയും കാലുപിടിച്ചു പറയുന്ന കേട്ടിട്ട്..... "
സങ്കടം കൊണ്ട് ബോബിയുടെ തൊണ്ട ഇടറി.
അവൻ തിരിഞ്ഞു മാണിസാറിനെ നോക്കി.
" മെമ്പറെ... ഇതെന്റെ അപ്പനല്ല. എന്റെ അപ്പന് ഇങ്ങനൊന്നും കടുംപിടുത്തം പിടിക്കാൻ ഒക്കുകേല. ഇനി ഇവിടെ നിക്കണ്ട . വാ നമുക്ക് പോയേക്കാം. "
നിറയുന്ന കണ്ണുകൾ തുളുമ്പി ഒഴുകുന്നതിന് മുൻപ് മുണ്ടിന്റെ കോന്തലയിൽ തുടച്ചു കൊണ്ട് ബോബി തിരിഞ്ഞു നടന്നു. അപ്പോൾ വർഗീസ് മാപ്ലയുടെ പ്രാർത്ഥന ഉച്ചത്തിൽ കേട്ടു. എല്ലാവരുടെയും ശ്രദ്ധ ബോബിയെ വിട്ട് അവിടേക്ക് തിരിഞ്ഞു.
" കർത്താവെ എന്റെ പ്രാർത്ഥന ചെവി കൊള്ളേണമേ...
എന്റെ നെടുവീർപ്പുകൾ ശ്രദ്ധിക്കേണമേ...
എന്റെ രാജാവേ, എന്റെ ദൈവമേ...
എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കേണമേ... "


ഭാഗം 14

സന്ധ്യയ്ക്ക് തങ്കച്ചൻ കയറി വന്നത് പുതിയൊരു വാർത്തയുമായാണ്. ബോബി തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു. വർഗീസ്മാപ്ലയെ കണ്ട കാര്യം അവൻ വീട്ടിൽ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എങ്ങനെയാണ് അതിവിടെ അവതരിപ്പിക്കേണ്ടതെന്നുള്ള ചിന്തയിലായിരുന്നു അവൻ.മനക്കട്ടി ഉള്ളത് കൊണ്ട് അമ്മച്ചിയെ അതൊന്നും ബാധിക്കാൻ ഇടയില്ല. പക്ഷെ ലില്ലി.  അവൾ സഹിക്കില്ല. അപ്പനെ പോയി കാണണമെന്ന് പറഞ്ഞു പെണ്ണ് ബഹളം തുടങ്ങും. ആരെയും വേണ്ടെന്നു പറഞ്ഞു തന്നിഷ്ടത്തിന് പോയി കിടക്കുന്ന ആളെ ഇനിയും പോയി കാലുപിടിക്കുന്നതിനോട് ബോബിയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. എപ്പോഴെങ്കിലും മനസ്സ് തോന്നി വരുന്നെങ്കിൽ വരട്ടെ. തങ്കച്ചന്റെ സംസാരം കേട്ട് പെണ്ണമ്മ പുറത്തേക്ക് ഇറങ്ങി ഇരുന്നപ്പോൾ ലില്ലി പ്രധാനമുറിയുടെ ജനാലയ്ക്കൽ ചെവി കൂർപ്പിച്ചു നിന്നു.

"നിങ്ങൾക്ക് ചക്കാലക്കൽ കുടുംബക്കാരെ അറിയത്തില്യോ? "
തങ്കച്ചന്റെ മുഖത്ത് എന്തോ നല്ല സന്തോഷം കാണുന്നുണ്ടായിരുന്നു. ബോബി പെട്ടന്ന് ജാഗരൂകനായി.
"നമ്മുടെ ഇടവകയിലുള്ളവരെ പിന്നെ അറിയാതിരിക്കോ?" പെണ്ണമ്മ ചോദിച്ചു.
"അപ്പൊ അവിടുത്തെ റെജിമോനെയും അറിയാതിരിക്കില്ലല്ലോ? "
"ആ പട്ടാളത്തിൽ പോയ ചെറുക്കനല്യോ. കണ്ടിട്ടുണ്ട്. കാര്യം എന്നാന്ന് തെളിച്ചു പറ തങ്കച്ചാ. "
"അവനിവിടുത്തെ ലില്ലിയെ കെട്ടാൻ താല്പര്യം ഉണ്ട്. വഴിയിലെങ്ങാണ്ട് വച്ചു പെങ്കൊച്ചിനെ കണ്ടു ഇഷ്ടപ്പെട്ടന്നൊക്കെയാ വീട്ടിൽ പറഞ്ഞേക്കുന്നെ. നിങ്ങളോട് ചോദിച്ചു താല്പര്യം ഉണ്ടോന്ന് തിരക്കി വരാൻ അവറാച്ചനും മോളികുട്ടിയും കൂടി എന്നോട് പറഞ്ഞേൽപ്പിച്ചു വിട്ടിരിക്കയാ."
"അത് നടക്കില്ല. "
ബോബി അറുത്തു മുറിച്ചു പറഞ്ഞു.
ഒരു പൂവ് പോലെ വിടർന്ന പെണ്ണമ്മയുടെ മുഖം പെട്ടന്ന് കറുത്തു.
"അതെന്നാ നടക്കാത്തെ? "
അവർ മുഖം ചുളിച്ചു നോക്കി.
"ആ പെമ്പിള്ളേം അവനും ശരിയല്ല. "
ബോബി അമ്മച്ചിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
"ഈ പറയുന്ന നീ ശരിയാന്നോ ? "
പെണ്ണമ്മയ്ക്ക് ശരിക്കും കലി വന്നിരുന്നു.
തങ്കച്ചൻ ഇടക്ക് കയറി.
"ഇക്കാര്യം കേട്ടാൽ ബോബി സമ്മതിക്കില്ലെന്നും . അവർക്ക് ബോബിയോട് ദേഷ്യം ഒന്നുമില്ലെന്നും പ്രത്യേകം പറയാൻ പറഞ്ഞിട്ടുണ്ട്. "
പെണ്ണമ്മ അമ്പരന്ന് നോക്കി.
"അതെന്നതാ തങ്കച്ചാ ഇവനുമായിട്ട് എന്നാ പ്രശ്നം? "
"മുൻപെങ്ങോ റെജിമോനും ബോബിയും കൂടി നമ്മുടെ താഴെ കണ്ടത്തിൽ വച്ചു ഒന്നും രണ്ടും പറഞ്ഞൊന്ന് കോർത്തു. അതിന്റൊരു ചൊരുക്ക്. ബോബിയുടെ മനസ്സിൽ കിടപ്പുണ്ട്. "
"ഇതാന്നോ ഇത്ര വലിയ പ്രശ്നം? "
"എനിക്കത് വലിയ പ്രശ്നം തന്നെയാ "
ബോബി അനിഷ്ടത്തോടെ പറഞ്ഞു.
"ആണെങ്കിൽ അത് മനസ്സിൽ വച്ചിരുന്നാ മതി. നീ മെക്കിട്ട് കേറാത്ത ആരെങ്കിലും നമ്മുടെ ഇടവകയിൽ ഉണ്ടോ? തിന്നാനും കുടിക്കാനും ഉണ്ടായിട്ട് കൂടി താന്തോന്നി ആയി പോവാതെ മര്യാദയ്ക്ക് പഠിച്ചു ഒരു ജോലി വാങ്ങിച്ചു സ്വന്തം കാലിൽ നിൽക്കുന്ന ചെറുക്കാനാ അത്. ഇന്നാട്ടിലെ ഒരാളും അവനെ പറ്റി മോശം പറഞ്ഞു കേട്ടിട്ടില്ല. മറിച്ചു നീയോ ? ആരെങ്കിലും നിന്നെ പറ്റി നല്ല അഭിപ്രായം പറയോ ? അത് കൊണ്ട് മറ്റുള്ളവരെ പറ്റി നീ കൂടുതൽ കുറ്റം ഒന്നും പറയണ്ട "
"ജോലി മാത്രമോ. അഞ്ചാറേക്കാർ റബ്ബർ തോട്ടവും കുരുമുളകും പത്തിരുപത് പറ കണ്ടവും എല്ലാം കൂടി അവിരിവിടുത്തെ ജന്മിമാരുടെ കൂട്ടത്തിൽ ഉള്ളവരല്ലിയോ. ഒറ്റ മോനും. പുറം നാട്ടിൽ നിന്ന് ഒരു കൂട്ടര് വന്നാൽ നമ്മുടെ അപ്പനപ്പാപ്പന്മാരുടെ ചരിത്രം പോലും ചികഞ്ഞു നോക്കും. ഇവിടത്തുകാരാവുമ്പോൾ അങ്ങനൊരു പ്രശ്നം ഇല്ല. പിന്നെ ഒറ്റ രൂപാ പോലും സ്ത്രീധനം വേണ്ടെന്നാ പറഞ്ഞേക്കുന്നെ. നിങ്ങൾക്ക് സമ്മതം ആണെങ്കി റെജി മോൻ ലീവ് കഴിഞ്ഞു പോകുന്നതിനു മുന്നേ മനസമ്മതം നടത്തി വിടാനാ അവരുടെ പ്ലാൻ. നിങ്ങടെയൊരു സമ്മതം മാത്രം മതി. "
ആലോചിക്കാനുള്ള സമയം പോലും പെണ്ണമ്മ എടുത്തില്ല.
"അവരോട് ഞങ്ങൾക്ക് സമ്മതം ആണെന്ന് തങ്കച്ചൻ പറഞ്ഞേക്ക്. "
"ബോബി എന്നാ ഒന്നും മിണ്ടാത്തെ? "
തങ്കച്ചന് ബോബിയുടെ മറുപടി കേട്ടാൽ മതി.
ജനാലയ്ക്കൽ നിൽക്കുന്ന ലില്ലിക്കും.
"ഞാനെന്നാ പറയാനാ. പറയാനുള്ളതൊക്കെ അമ്മച്ചി പറഞ്ഞില്യോ. "
"അതാന്നോ നിന്റെ മറുപടി? "
പെണ്ണമ്മ പുരികം ചുളിച്ചു നോക്കി.
ബോബി മിണ്ടിയില്ല.
"ഈ പൊളിഞ്ഞ വീടും ചുറ്റു വട്ടവും ഇഷ്ടപെട്ടില്ലെന്ന് പറഞ്ഞാ ഒരു കൂട്ടര് ഒഴിവാക്കി പോയേ. ഇനി വരുന്നവരും അങ്ങനെയൊക്കെ തന്നെ ആയിരിക്കില്ലെന്ന് എന്നതാ ഉറപ്പ്. പിന്നെ നിന്റെ അപ്പൻ ഇറങ്ങി പോയതിന്റെ കാരണം വേറെ ബോധിപ്പിക്കണം. അത് മറ്റൊരു കുരിശ്. ഇതാവുമ്പോ ഒരേ നാട്ടുകാര്. കൂടുതൽ ചോദ്യവും പറച്ചിലും ഒന്നുമില്ല . പൊന്നും പണവും ഒന്നും വേണ്ടന്ന് കൂടി പറഞ്ഞു വിട്ടേക്കുന്നു. എല്ലാത്തിനും പുറമെ ചെറുക്കന് ഒരു ജോലി ഉണ്ട്. അത് മാത്രം നോക്കിയാലും ആരും ഈ കല്യാണത്തിന് കണ്ണടച്ചു സമ്മതിക്കും. ഇതിൽ നിനക്ക് ഇഷ്ടപ്പെടാത്തത് എന്നതാ. അതൊന്ന് അറിഞ്ഞാൽ കൊള്ളാം. "
" എന്നാന്ന് വച്ചാ തീരുമാനിച്ചു പറഞ്ഞാൽ മതി. "
ബോബി എണീറ്റ് പുറത്തേക്ക് നടന്നു റോഡിലേക്ക് ഇറങ്ങി പോയി.
അത് നോക്കി ഇരുന്നിട്ട് പെണ്ണമ്മ തങ്കച്ചനോട് പറഞ്ഞു.
"അവനെ നോക്കണ്ട. പെണ്ണിന്റ അമ്മ ഞാനാ. അവളെ ആർക്ക് കെട്ടിച്ചു കൊടുക്കണം എന്ന് ഞാനാ തീരുമാനിക്കുന്നേ. തങ്കച്ചൻ ധൈര്യമായി അവരോട് സമ്മതം പറഞ്ഞോ. "
"എങ്കിൽ അവരോട് ഞായറാഴ്ച ഇങ്ങോട്ട് വരാൻ പറയട്ടോ? "
"ഉവ്. "
തങ്കച്ചൻ സന്തോഷത്തോടെ മടങ്ങി.
പെണ്ണമ്മ അകത്തേക്ക് കയറി വരുമ്പോൾ ലില്ലി ഭിത്തിയിൽ ചാരി തുറിച്ചു നോക്കി നിൽക്കുന്നത് കണ്ടു.
"എന്നാടി? "
അവളുടെ നോട്ടം കണ്ടു പെണ്ണമ്മ ചോദിച്ചു.
"ഇച്ചായി വേണ്ടന്ന് പറഞ്ഞിട്ടും ഈ കല്യാണം തന്നെ നടത്തി വിടണമെന്ന് അമ്മച്ചിക്ക് എന്നതാ ഇത്ര വാശി ? "
ദേഷ്യവും സങ്കടവും ഒതുക്കാൻ അവൾ പാട് പെടുന്നുണ്ടായിരുന്നു.
"പ്രായപൂർത്തി ആയ പെണ്മക്കളെ ഒറ്റയ്ക്ക് വീട്ടിൽ ഇരുത്തിയിട്ട് ജോലിക്ക് പോകുന്ന അമ്മമാരുടെ നെഞ്ചിലെ തീ നിനക്കറിയില്ല. ആ വേദന ഇപ്പോ നിനക്ക് പറഞ്ഞാലും മനസിലാവില്ല. അതറിയാൻ നീ ജീവിച്ചു എന്റെ അവസ്ഥയിൽ എത്തണം. എന്റൊരു ഗതികെട്ട ജീവിതം നിനക്ക് വരാതിരിക്കാനാണ് ഞാനിപ്പോ ഈ കല്യാണാലോചനക്ക് കേറി കൈ കൊടുത്തത്. ഞാൻ നോക്കിയിട്ട് ആ ചെറുക്കന് ഒരു കുറ്റവും കാണുന്നില്ല. അവൻ നല്ലൊരു കുടുംബത്തിൽ ജനിച്ചതും നല്ലൊരു ജോലി സമ്പാദിച്ചതും ആണ് നിന്റെ ഇച്ചായി കണ്ട പോരായ്മ എങ്കിൽ അവന് നിന്നോട് ഒരിറ്റ് സ്നേഹം പോലുമില്ലെന്ന് ഞാൻ പറയും. നമുക്കൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത സൗഭാഗ്യമാ കർത്താവ് മുന്നിൽ കൊണ്ട് വന്നു തന്നിരിക്കുന്നത്. വാശിയും വൈരാഗ്യവും കാണിച്ചു അതില്ലാതാക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കുകേല. ആരൊക്കെ കൂടെ ഇല്ലെങ്കിലും എനിക്കിത് നടത്തണം. അപ്പനുണ്ടെങ്കിലേ കെട്ടുകല്യാണത്തിന് ഇറങ്ങു എന്ന് വാശി പിടിച്ച് ഈ കല്യാണം കൂടി മുടക്കി നീ എന്നെ തോൽപ്പിക്കാൻ നോക്കരുത്. ഇവിടെയെങ്കിലും ഞാനൊന്ന് ജയിക്കട്ടെടീ..."
പറഞ്ഞു നിർത്തി പെണ്ണമ്മ അകത്തേക്ക് കയറി പോകുന്നത് നിറയുന്ന കണ്ണുകളോടെ ലില്ലി നോക്കി നിന്നു.

 



"ഇനി ആ പരട്ട തള്ളേം മോനും കൂടി എന്നോട് പ്രതികാരം ചെയ്യാൻ ഇറങ്ങിയേക്കുവാന്നോടാ ജോസൂട്ടി ? "
കണ്ടത്തിനോട് ചേർന്നുള്ള റോഡിലെ കലുങ്കിൽ ഇരുന്നു സംസാരിക്കുന്നതിനിടയിൽ ബോബി സംശയത്തോടെ ചോദിച്ചു.
" ഏയ്. പ്രതികാരം ചെയ്യാനായിരുന്നേൽ ലില്ലിയെ കല്യാണം കഴിക്കേണ്ട കാര്യമുണ്ടോ. വേറെന്തെല്ലാം മാർഗം കിടക്കുന്നു. "
" എന്നാലും അവന്റെ ഉള്ളിലിരിപ്പ് എനിക്കങ്ങോട്ട് മനസിലാകുന്നില്ല. "
ബോബി താടി ചൊറിഞ്ഞു.
ഒന്ന് ചിന്തിച്ചിട്ട് ജോസൂട്ടി പറഞ്ഞു.
" ഒരു കണക്കിന് നോക്കിയാൽ തങ്കച്ചൻ പറഞ്ഞതിലും കാര്യമുണ്ട്. ചക്കാലക്കൽക്കാര് നമ്മുടെ ഇടവക ആയതോണ്ട് നിങ്ങളുടെ കാര്യങ്ങളൊന്നും പ്രത്യേകിച്ച് പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. പെരിങ്ങോട്ട്കരക്കാരുടെ കല്യാണം ആരെങ്കിലും മുടക്കിയതാണെങ്കിൽ കൂടി ഇത് അത് പോലെ ആർക്കും മുടക്കി വിടാനും പറ്റത്തില്ല. പിന്നെയുള്ളത് അവന് നമ്മളെ കാണുമ്പോഴുള്ള ആ ചൊറിച്ചിൽ. ഈ ബന്ധം കൂടുന്നതോടെ അത് നിൽക്കും. നിന്റെ അമ്മച്ചി പറഞ്ഞത് പോലെ നമ്മടെ കൂട്ട് സ്കൂളിൽ കേറാതെയും വെള്ളമടിച്ചും നാട്ടുകാരുടെ തോളിൽ കേറിയും താന്തോന്നിയായി നടന്നില്ല. പഠിക്കാൻ വിട്ടപ്പോൾ മര്യാദക്ക് പഠിച്ചു. ഒറ്റ മോനാണ് . അടിച്ചു പൊളിച്ചു ജീവിക്കാൻ ഇക്കണ്ട സ്വത്തു മൊത്തം ഉണ്ടായിട്ടും സ്വന്തമായിട്ട് ഒരു ജോലി സമ്പാദിച്ചു . മോളികുട്ടി തടഞ്ഞിട്ടും അവന്റെ ഇഷ്ടത്തിനാണ് പോയി പട്ടാളത്തിൽ ചേർന്നതെന്നാണ് അന്ന് കേട്ട കഥ. അവനൊരു ആൺകുട്ടിയാണ് എന്ന് എന്റെ അപ്പൻ എനിക്കിട്ട് കുത്തുന്ന പോലെ ഇടയ്ക്കിടെ പറയുമായിരുന്നു. ശരിക്കും നമുക്ക് അവനോടൊരു വൈരാഗ്യം തോന്നിയതിന്റെ കാരണം ഇതൊക്കെ തന്നെയല്ലേ. നമ്മളെ കൊണ്ട് കഴിയാത്തതൊക്കെ അവൻ നേടുന്നത് കാണുമ്പോഴുള്ള അസൂയ. "
ബോബി ഒന്നും മിണ്ടിയില്ല.
ജോസൂട്ടി തുടർന്നു.
" നീ ഓർക്കുന്നുണ്ടോ ബോബി. ചെറിയ പ്രായത്തിൽ പലപ്പോഴും അവൻ നമ്മളോട് കൂട്ട് കൂടാൻ വരുന്നത്. അന്നൊക്കെ കൂടെ കൂട്ടാതെ അവനെ നമ്മൾ ആട്ടി വിട്ടിട്ടുണ്ട്. അതവൻ ഇടുന്ന പുതിയ കുപ്പായത്തിന്റെ പളപളപ്പും അവനടിക്കുന്ന അത്തറിന്റെ ഗന്ധവുമൊന്നും നമുക്കങ്ങോട്ട് ദഹിക്കാത്തത് കൊണ്ടല്ലേ. നമുക്കില്ലാത്തതൊന്നും അവനും വേണ്ടാന്നൊരു ചിന്താഗതി. നമ്മുടെ മുന്നിൽ കൂടി അവൻ ബുള്ളറ്റിൽ പായുന്നത് കണ്ടു സഹിക്കാൻ വയ്യാതെ അവനെ അള്ളു വച്ച് വീഴിച്ചത്...ശരിക്കും നമ്മളല്ലേ അവനെ ദ്രോഹിച്ചിട്ടുള്ളത് ? "
ഒരു നിമിഷം അതൊക്കെ ചിന്തിച്ച് രണ്ടു പേരും മിണ്ടാതെ ഇരുന്നു.
"നീ എന്ത് തീരുമാനിച്ചു? "
ഒടുവിൽ ജോസൂട്ടി ചോദിച്ചു.
" എനിക്കറിയത്തില്ലടാ. ഒന്നും തീരുമാനിക്കാൻ പറ്റുന്നില്ല. നീ പറഞ്ഞോ. ഞാൻ എന്നാ ചെയ്യണം. നീ പറയുമ്പോലെ ചെയ്യാം. "
അപ്പോൾ വളവ് തിരിഞ്ഞു റെജിയുടെ ബുള്ളറ്റ് ഇരുട്ടിലൂടെ വെളിച്ചം വീശി വരുന്നത് കണ്ടു.
ഈ വഴിക്ക് ആകെയുള്ളൊരു ഇരു ചക്രവാഹനം റെജിയുടെതാണെന്ന് ബോബിയ്ക്കും ജോസൂട്ടിയ്ക്കും അറിയാം.
അതിന്റെ വെളിച്ചം മുഖത്ത് വന്നു തട്ടിയപ്പോൾ കണ്ണ് പുളിച്ചിട്ട് ഇരുവരും കൈ കൊണ്ട് മറ പിടിച്ചു.
മുൻപായിരുന്നെങ്കിൽ എണീറ്റ് നിന്ന് ഒരുമിച്ചു ചീത്ത വിളിച്ചേനെ.
എന്നാൽ ഇപ്പോൾ റെജിയോട് ക്ഷമിക്കാനുള്ളൊരു മനസ് കൈ വന്നിരിക്കുന്നു.
വണ്ടി വന്നു അവരുടെ സമീപം നിന്നു.
" എന്നതാ പരിപാടി? "
ചിരിയിൽ റെജി ലോഹ്യം ചോദിച്ചു.
കാണുമ്പോഴൊക്കെ മുഖം തിരിച്ചു പോകുന്നവനാണ്.
ഇരുവരും മറുപടി പറഞ്ഞില്ല.
" ബോബി... തങ്കച്ചനോട്, അമ്മച്ചിയും അപ്പനും ഒരു കാര്യം പറഞ്ഞു വിട്ടിരുന്നു. എന്നോടുള്ള വാശിക്ക് താൻ അതൊന്നും കേറി എതിർത്തേക്കരുത്. നമ്മുടെ കുട്ടികാലം മുതലേ ഉള്ള അടിയും വഴക്കുമൊക്കെ ഞാൻ അതിന്റെ തമാശയിലെ എടുത്തിട്ടുള്ളു. എനിക്കൊരു ദേഷ്യവും ഇപ്പോൾ തന്നോട് ഇല്ല. ഉണ്ടെങ്കിൽ ഇങ്ങനെ ഒരു കല്യാണത്തിന് ഞാൻ ഒരുങ്ങില്ലെന്ന് നിനക്കറിയാലോ. എനിക്കിനി അധികം ദിവസം ലീവില്ല. പോകും മുന്നേ നിയമപരമായി നിന്നെയെനിക്ക് അളിയാ എന്നൊന്ന് വിളിച്ചിട്ട് പോവാനുള്ള കൊതിയുള്ളത് കൊണ്ട് കൂടിയാ പറയുന്നേ... "
തമാശ പറയുമ്പോലെ റെജി ചിരിക്കുന്നു.
അവരിൽ നിന്നും പ്രതികരണം ഒന്നും കിട്ടാഞ്ഞപ്പോൾ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
" അപ്പോൾ ശരി... "
യാത്ര പറഞ്ഞു അവൻ ബുള്ളറ്റ് ചെമ്മൺ പാതയിലൂടെ മുകളിലേക്ക് ഓടിച്ചു കയറി പോകുന്നത് നോക്കിയിരുന്നു ജോസൂട്ടി പതിയെ ചിരിച്ചു.
" നിന്റെ ഭാവി അളിയൻ... "

 



അത്താഴം കഴിച്ചു കഴിഞ്ഞു ഒരു ബീഡി പുകയ്ക്കാൻ പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു ബോബി.
പെണ്ണമ്മ കിടന്നിരുന്നു.
ലില്ലി മുറ്റത്തേക്ക് ഇറങ്ങി ചെന്നു.
" റെജിയുമായുള്ള കല്യാണം നടത്തിയേ പറ്റു എന്ന് അമ്മച്ചി വാശി പിടിച്ചിരിക്കുവാ ഇച്ചായി. എന്റിച്ചായിയ്ക്ക് ഇഷ്ടമല്ലാത്ത ഒരു കല്യാണത്തിനും എനിക്കും താല്പര്യമില്ല. അതിനി ഏത് ദൈവതമ്പുരാൻ ആയാലും. "
എങ്ങനെയെങ്കിലും കല്യാണം തടയുകയായിരുന്നു അവളുടെ ലക്ഷ്യം.
" അമ്മച്ചി പറയുന്നതിലും കാര്യം ഇല്യോടി? "
" എങ്ങനേലും എന്റെ ഭാരം ഒഴിപ്പിച്ചു വിടാനാ അമ്മച്ചി തിടുക്കപ്പെടുന്നേ. അതിലെന്നാ കാര്യവാ? ഇച്ചായിയുമായി വഴക്കുള്ള ഒരാളെ കെട്ടാൻ എനിക്കിത്തിരി ബുദ്ധിമുട്ട് ഉണ്ട് . അത് കൊണ്ട് ഇച്ചായി അവരോട് ഇതും പറഞ്ഞു ഇങ്ങോട്ട് വരണ്ടാന്നു പറഞ്ഞേക്ക്. "
" അതിനിപ്പോ ഞങ്ങൾ തമ്മിൽ വഴക്കൊന്നും ഇല്ലടി "
" എന്നിട്ടാണോ ഈ കല്യാണത്തിന് താല്പര്യമില്ലെന്ന് ഇച്ചായി തങ്കച്ചായനോട് അറുത്തു മുറിച്ചു പറഞ്ഞെ. അമ്മച്ചിയുടെ സംസാരവും കുറ്റപ്പെടുത്തലും കേട്ട് മനം മാറിയതാ. അല്യോ ? "
" അതൊന്നുമല്ല. ഞാനിപ്പോൾ റെജിയുമായ് സംസാരിച്ചിട്ടാ വരുന്നേ. അവനും എന്നോട് ദേഷ്യം ഒന്നുമില്ല. മനസിലെ വൈരാഗ്യം വച്ചിട്ട് നിന്നെ അവന് കൊടുക്കാതിരിക്കല്ലേ എന്നാ അവൻ പറയുന്നേ. പിന്നെ ഞാനും ആലോചിച്ചപ്പോൾ അവൻ എന്നെപോലെ ജോലിയും കൂലിയും ഒന്നുമില്ലാതെ തെണ്ടിതിരിഞ്ഞു നടക്കുന്നവനൊന്നും അല്ലായിരുന്നല്ലോ. അമ്മച്ചിയും അപ്പനും പറയുന്നത് മാത്രം കേട്ട് അടുക്കളപുറത്ത് കിടക്കുന്നവനുമല്ല. അവന് അവന്റേതായ നിലപാടുകൾ ഉണ്ട്. ജീവിതകാലം മൊത്തം അവന്റൊപ്പം നിനക്ക് പട്ടിണി ഒന്നുമില്ലാതെ സുഖമായി കഴിയാം. അത് മാത്രമാണ് ഞാൻ നോക്കുന്നെ. "
ലില്ലി ഇനി എന്ത് പറയണം എന്ന് ആലോചിച്ചു.
ഇച്ചായിയും മറുകണ്ടം ചാടി കഴിഞ്ഞു.
ഇനി എന്ത് പറഞ്ഞാലും ഏൽക്കുകയുമില്ല.
" നീ കൂടുതൽ ഒന്നും ആലോചിക്കണ്ട. നിനക്ക് അവൻ നന്നായി ചേരും. ജോസൂട്ടിയോട് സംസാരിച്ചപ്പോൾ അവനും പറയുന്നത് ഇത് തന്നെ ഉറപ്പിക്കാനാ..."
ആ പേര് കേട്ടതോടെ ലില്ലിയുടെ തൊണ്ട കുഴിയിൽ ഒരു വേദന വന്നു നിറഞ്ഞു.
ഒരക്ഷരം മിണ്ടാൻ പറ്റാത്ത വിധം വിലക്ക് വീണു കഴിഞ്ഞു.
ഇനിയും ഇവിടെ നിന്നാൽ ഒന്നുകിൽ കരയും അല്ലെങ്കിൽ നിയന്ത്രണം വിട്ടു എല്ലാം പറഞ്ഞു പോകും.
അവൾ തിരിഞ്ഞു നടന്നു.
ലോകത്ത് ഒരു പെൺകുട്ടിയും ഇതുപോലൊരു ധർമ്മ സങ്കടത്തിൽ പെട്ടിട്ടുണ്ടാവില്ലെന്ന് അവൾക്ക് തോന്നി.
ഒന്നുമില്ലെങ്കിലും സ്നേഹിക്കുന്ന ആളെങ്കിലും കൂടെ കാണും.
ഇവിടെ അതേ ആൾ തന്റെ കല്യാണം നടത്തിവിടാൻ ഇച്ചായിക്കൊപ്പം ഓടി നടക്കുന്നു.
തന്റെ സ്നേഹം കാണാനുള്ള മനസ്സ് കാണിക്കുന്നില്ല.
തിരിച്ചു കിട്ടാത്ത സ്നേഹം ആണോ ലോകത്തെ ഏറ്റം വലിയ സങ്കടം?
ആയിരിക്കും.
താനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഹൃദയവേദനയെക്കാൾ വലിയൊരു നൊമ്പരം തന്റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല.
ഇങ്ങനെ ഒരാളെ സ്നേഹിക്കേണ്ടിയിരുന്നില്ല.
പക്ഷെ ഇഷ്ടപ്പെട്ടു പോയില്ലേ.
പലകുറി മനസ്സിൽ നിന്നും പറിച്ചെറിയാൻ നോക്കി.
കഴിയുന്നില്ല.
കൂടുതൽ ശക്തിയോടെ ഹൃദയത്തെ പിടി മുറുക്കുന്നു.
കർത്താവെ എനിക്കിതിൽ നിന്നും ഒരു മുക്തിയില്ലേ?
ഒരാളെ മനസ്സിൽ വച്ചു കൊണ്ട് മറ്റൊരാളുടെ ഭാര്യയാകാനാണോ തന്റെ വിധി ?
അതോ ഇതോടെ എല്ലാം അവസാനിപ്പിച്ചു നിന്റെ അരുകിലേക്ക് എന്നെ വിളിക്കയാണോ ?
ഉള്ളിലെ സങ്കടം ഒന്ന് കരഞ്ഞു തീർക്കാൻ പോലുമാകാതെ അവൾ പായയിൽ ചുരുണ്ടു കൂടി.


ഭാഗം 15

"എന്നതാടി നിന്റെ മനസ്സിലിരിപ്പ് ? ഞാനൂടൊന്ന് അറിയട്ടെ. "
അണിഞ്ഞൊരുങ്ങുന്ന മോളികുട്ടിയെ നോക്കി അവറാച്ചൻ ചോദിച്ചു.
"ലില്ലിയെ ചെറുക്കനെ കൊണ്ട് കെട്ടിക്കില്ലെന്നും പറഞ്ഞു വീറും വാശിയും കാണിച്ച നീ ഇപ്പോൾ കെട്ടി ഒരുങ്ങി അവന്റൊപ്പം പെണ്ണ് കാണലിന് പോകുന്നതിന്റെ ഉദ്ദേശം എന്നതാ ? "

"നിങ്ങൾക്ക് ഈ ചാള തടി മാത്രേ ഉള്ളെന്നു പറയുന്നത് ചുമ്മാതല്ല . കാലണയുടെ വിവരം ഇല്ല. റെജിയ്ക്കേ നിങ്ങളുടെ ബുദ്ധി അല്ല. എന്റെ വാശിയും കൂർമ്മ ബുദ്ധിയുമാ കിട്ടിയിരിക്കുന്നേ. ഒരു കാര്യം വിചാരിച്ചിട്ടുണ്ടേൽ ചെറുക്കൻ അത് നേടാതെ ഒരിടത്തും ഇരിക്കുകേല. ഇപ്പൊ ഞാനീ കല്യാണത്തിന് എതിർത്തു നിന്നാലേ ആ പെണ്ണിനേം വിളിച്ചോണ്ട് ഇവൻ വേറെ മാറി താമസിക്കും. ഒറ്റ മോനാണെന്ന് കരുതി അപ്പന്റേം അമ്മച്ചീടേം നിഴലേൽ അല്ല അവൻ കഴിയുന്നെ. പിന്നെ അവനെ ഒന്ന് കാണാൻ ഞാനും നിങ്ങളും ആ പെണ്ണിന്റ കാലു പിടിക്കേണ്ടി വരും. വഴിയേ പോകുന്ന കൊടിച്ചിപട്ടികൾക്കൊന്നും എന്റെ മോനെ അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ എനിക്ക് മനസില്ല. "
"അതാ ഞാൻ ചോദിക്കുന്നെ നിന്റെ പ്ലാൻ എന്നതാന്ന് . കല്യാണം നടത്തി വച്ചിട്ട്....? "
"ഇപ്പോൾ നമ്മൾ ആരെയൊക്കെ മുന്നിൽ നിർത്തി ഇത് മുടക്കാൻ നോക്കിയാലും റെജി ആദ്യം സംശയിക്കുന്നത് നമ്മളെ തന്നെ ആയിരിക്കും. അവന്റെ സ്വഭാവം അറിയാലോ. അവൻ ആശിച്ചത് പോലെ ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ നമ്മളവന്റെ ആജന്മ ശത്രുവാ. ആ കണ്ണിലെ അവൻ പിന്നെ കാണൂ. അപ്പോ പിന്നെ ഈ ഒരു വഴിയെ ഉള്ളൂ . കല്യാണത്തിനു നമ്മൾ കൂടെ ഉണ്ടെന്ന് തന്നെ അവന് തോന്നണം. എല്ലാം കഴിഞ്ഞു അവളിങ്ങോട്ടൊന്ന് കേറി വരട്ടെ. ഒറ്റ രാത്രി കൊണ്ട് പച്ചയ്ക്ക് കത്തിച്ചാലും ഞാനവളെ റെജിയുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കും."
"കർത്താവെ അതിനെ കൊല്ലാനോ?"
അവറാച്ചൻ അന്ധാളിച്ചു.
"മിണ്ടാതെ എന്റെ കൂടെ നിന്നോണം. കേട്ടല്ലോ "
വിരൽ ചൂണ്ടി മോളികുട്ടി ഓർമിപ്പിച്ചു.
"അമ്മച്ചി ഇതുവരെ ഒരുങ്ങി തീർന്നില്യോ? "
പുറത്തു നിന്ന് റെജിയുടെ ചോദ്യം.
"വരുന്നടാ "
മോളികുട്ടി വിളിച്ചു പറഞ്ഞു.
പിന്നെ ഭർത്താവിന്റെ നേരെ തിരിഞ്ഞു.
"അങ്ങോട്ട് ഇറങ്ങി ചെല്ല് മനുഷ്യ ഇങ്ങനെ പെരേൽ കേറി പൊരുന്ന ഇരിക്കാതെ. "
മോളികുട്ടി രണ്ടും കല്പിച്ചാണെന്ന് അയാൾക്ക് മനസിലായി. പണ്ട് മുതലേ അവളുടെ സ്വഭാവം ഇതാണ് അവൾക്ക് കിട്ടിയില്ലെങ്കിൽ കടയോടെ നശിപ്പിച്ചു കളയും. അനുസരിച്ചു കൂടെ നിൽക്കുന്നതാണ് ശീലം.
പക്ഷെ ഒരു കൊലപാതകം എന്നൊക്ക പറഞ്ഞാൽ കളിച്ച കാര്യം ആണോ. ഇവളിത് എന്തിനുള്ള പുറപ്പാടാണ് കർത്താവെ? ശിഷ്ടകാലം ഭാര്യയുമൊത്ത് ജയിലിൽ കിടക്കാനാണോ തന്റെയും യോഗം?
അവറാച്ചവന് മനോനില തെറ്റുന്ന പോലെ ഒരു തോന്നലുണ്ടായി. 

പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ കുളിച്ചൊരുങ്ങി നിൽക്കുന്ന മകനോട് ഇക്കാര്യം പറഞ്ഞാലോ എന്ന് ഒരുവേള അയാൾ ചിന്തിച്ചു. പിന്നീടുണ്ടാകുന്ന ഭൂകമ്പത്തെ കുറിച്ചോർത്തു അത് സ്വയം അടക്കി.
തങ്ങളുടെ ജീപ്പിൽ ആണ് മൂന്ന് പേരും മടത്തിൽപറമ്പിൽ എത്തിയത്. വീട്ടുകാരെക്കാൾ മുന്നേ തങ്കച്ചൻ ഓടിയിറങ്ങി ചെന്ന് അവരെ സ്വീകരിച്ചു. അവറാച്ചനും റെജിയും സൗഹൃദത്തോടെ ബോബിയ്ക്ക് കൈ കൊടുത്തു. അവരുടെ മുഖത്ത് നോക്കി സംസാരിക്കാൻ ജാള്യതയുടെ ഒരുതരം ചമ്മൽ അവനുണ്ടായിരുന്നു. അവറാച്ചനെ കണ്ടപ്പോൾ ജോസൂട്ടിയുടെ അടിയേറ്റ് അയാൾ വീഴുന്നത് അവൻ ഓർമിച്ചു.
എങ്കിലും അതൊന്നും പുറമെ കാട്ടാതെ തെളിഞ്ഞ മുഖത്തോടെ അവൻ നിന്നു. 

"ഞാൻ കരുതിയത് ബോബിയ്ക്ക് ഞങ്ങളോടുള്ള ദേഷ്യമൊന്നും തീർന്നിട്ടുണ്ടാവില്ലെന്നാണ്. "
അകത്തേക്ക് ഇരിക്കുമ്പോ മോളികുട്ടി തമാശയിൽ ചിരിച്ചു.
"ബോബി അതൊക്കെ അപ്പോഴേ മറന്നു ചേടത്തി. "
തങ്കച്ചനാണ് അതിന് മറുപടി കൊടുത്തത്.
" ഇനിയിപ്പോ നിങ്ങള് ബന്ധം കൂടാൻ പോകുന്നവരല്യോ... പഴയ കാര്യങ്ങളൊക്കെ കളഞ്ഞേച്ചു പുതിയ കാര്യങ്ങൾ എന്നാന്ന് വച്ചാ തീരുമാനിക്കാൻ നോക്ക്. "
ഉള്ള് കലങ്ങി മറിയുന്നുണ്ടെങ്കിലും ബോബി മുഖത്ത് ചിരി വരുത്തി നിന്നു. വൈകുന്നേരം ഇവരൊക്കെ വരുമ്പോൾ എത്താമെന്ന് പറഞ്ഞിരുന്ന ജോസൂട്ടിയെ കാണുന്നില്ല. അവൻ കൂടെയൂണ്ടെങ്കിൽ മനസ്സിനൊരു ബലമാണ്. സമയം ആയപ്പോൾ നാറി മുങ്ങി കളഞ്ഞു.
"ജോലിയൊക്കെ എങ്ങനെ ഉണ്ട് ബോബി? "
അവറാച്ചൻ വെറുതെ ലോഹ്യം ചോദിച്ചു.
"കുഴപ്പമില്ല."
"ശമ്പളമൊക്കെ എങ്ങനെ? "
"അതെന്നാ ചോദ്യവാ അത് "
മോളികുട്ടി ഇടയ്ക്ക് കയറി.
"ഓട്ട് കമ്പനിയിലൊക്കെ ശമ്പളം എത്ര കിട്ടുമെന്ന് നിങ്ങൾക്ക് അറിയരുതോ. പിന്നെന്നാത്തിനാ ഇങ്ങനെ ചൊറിയുന്നേ ? ബോബിയുടെ ആവിശ്യത്തിനുള്ളതൊക്കെ കിട്ടും. അത്ര തന്നെ. "
ബോബിയുടെ മുഖം മാറുന്നത് കണ്ടു റെജി ശാസിക്കുമ്പോലെ അമ്മയെ നോക്കി. മോളികുട്ടി അത് കണ്ടില്ലെന്ന് നടിച്ചു.
"ലില്ലിയെ വിളിക്ക് ബോബി "
കൂടുതൽ സംസാരിച്ചു വഷളാക്കണ്ടെന്ന് കരുതി തങ്കച്ചൻ പെട്ടന്ന് ബോബിയോട് നിർദേശിച്ചു. അപ്പോഴേക്കും ചായയും പലഹാരവുമായി ലില്ലിയും പെണ്ണമ്മയും അവിടേക്ക് വന്നു.
ചായ കൊണ്ട് വന്നു വച്ചിട്ട് തിരികെ പോകാൻ തുടങ്ങിയ അവളെ മോളികുട്ടി എണീറ്റു വന്നു ചേർത്ത് പിടിച്ചു.
"കേട്ടോ പെണ്ണമ്മേ. ലില്ലി കൊച്ചിനെ ഞാൻ പള്ളിയിൽ വച്ചു കാണുമ്പോഴൊക്ക അതിയാനോട് പറയും നമ്മുടെ റെജിമോനും ഇതുപോലൊരു സുന്ദരിപെങ്കൊച്ചിനെ തന്നെ തിരഞ്ഞു പിടിക്കണമെന്ന്. അല്യോ അച്ചായാ?" 
അവറാച്ചനോടാണ് ചോദ്യം. അയാൾ അതേ എന്ന് തലയാട്ടി. അഭിനയിക്കാൻ തന്റെ ഭാര്യയെ കഴിഞ്ഞേ മറ്റൊരു പെണ്ണുള്ളുവെന്ന് അയാൾക്ക് നന്നായി അറിയാം. മോളികുട്ടി ചിരിയിൽ തുടർന്നു.

"എന്റെ മനസ് വായിച്ചത് പോലെ അവൻ കൃത്യം ഈ കൊച്ചിനെ തന്നെ കണ്ടു പിടിച്ചു കളഞ്ഞു. പിന്നെന്നാ അവന്റെ ഒരിഷ്ടത്തിനും ഞങ്ങള് എതിര് നിന്നിട്ടില്ല. ഞാൻ ആകെ എതിർത്തിട്ടുള്ളത് പട്ടാളത്തിൽ അവൻ ജോലിക്ക് പോയത് മാത്രമാ. അവനും അവൻ കെട്ടുന്ന പെണ്ണിനും കഴിയാനുള്ളതൊക്കെ ഞങ്ങൾ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. പിന്നെന്നാത്തിനാന്നേ വെടിയുണ്ടയുടെയും പീരങ്കിയുടെയും ഇടയിൽ കിടന്ന് ജീവൻ പണയം വച്ചൊരു ജോലി. ലീവിന് ചെറുക്കൻ വരുന്നത് വരെ മനുഷ്യനിവിടെ ആധി എരിഞ്ഞാ ഇരിക്കുന്നെ. അത് വല്ലതും പറഞ്ഞാൽ ഇതുങ്ങളുടെയൊക്കെ തലയിൽ കേറുമോ. പിന്നെ റെജി ഒരു കാര്യം വിചാരിച്ചാൽ തല പോയാലും അതിന്റെ പിന്നാലെ പോയി അവനത് നേടിയിരിക്കും . അതുകൊണ്ടൊക്കെ തന്നെ അവന്റെ കല്യാണം ഞങ്ങൾ അവന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തേക്കുവാരുന്നു. ഞങ്ങൾ കണ്ടു പിടിച്ചു കൊണ്ട് വരുന്ന പെങ്കൊച്ചുങ്ങളെ ഒന്നും അവന് പിടിക്കുകേലെന്നും ഉറപ്പായിരുന്നു. ഏതെങ്കിലും ഒരു പാവപെട്ട വീട്ടിലേ പെങ്കൊച്ചിനെ മതിയെന്ന് മാത്രേ ഞാൻ പറഞ്ഞിട്ടുള്ളൂ. തിന്നാനും കുടിക്കാനും ഒന്നും ഇല്ലേലും കുഴപ്പമില്ല . കൂടെ കൊണ്ട് നടക്കാൻ കുറച്ചു വർക്കത്തൊക്കെ വേണമെന്ന് മാത്രം. ഇതിപ്പോ എല്ലാം കൊണ്ടും ഒത്തു. "
പറഞ്ഞിട്ട് അവർ പെണ്ണമ്മയോട് ചോദിച്ചു.
" പെണ്ണമ്മ എന്നാ ഒന്നും മിണ്ടാത്തെ ? "
" ഞാൻ എന്നാ പറയാനാ. എല്ലാവരും കൂടി തീരുമാനിച്ചാൽ മതി. "
" വർഗീസ് മാപ്ലയെ കുറിച്ച് വിവരം ഒന്നും കിട്ടിയില്ല അല്യോ? "
അവറാച്ചൻ ചോദിച്ചു.
" തിരയുന്നുണ്ട് "
മറുപടി പറഞ്ഞത് ബോബിയാണ്.
ഇടയ്ക്കിടെ ലില്ലിയെ ഒളി കണ്ണാൽ നോക്കി ചായ ഊതി കുടിക്കുകയായിരുന്നു റെജി.
അടുത്ത് തന്നെ അവളെ സ്വന്തമാക്കാൻ കഴിയും എന്ന ചിന്ത ചില്ലറയൊന്നുമല്ല അവനെ ആനന്ദിപ്പിക്കുന്നത്.
ഇവരുടെയൊക്കെ ഇടയിൽ നിന്നും പെണ്ണിനെ വലിച്ചു കൊണ്ട് പുറത്തേക്ക് ഓടാൻ മനസ് കൊതിക്കുന്നു.
ബുള്ളറ്റിനു പിന്നിൽ തന്നോട് ചേർത്തിരുത്തി ഈ ലോകം മൊത്തം ചുറ്റണം.
തങ്ങളുടെ ലോകത്ത് താനും ലില്ലിയും മാത്രം.
ആ ഓർമ്മകൾ തന്നെ എത്ര മധുരതരം.
ലില്ലിക്കാണെങ്കിൽ അവിടുന്ന് എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ.
അർഹതയില്ലാത്ത ഒരു സദസ്സിൽ ഒറ്റ പെട്ടു പോയൊരു അവസ്ഥ.
അവളുടെ ചെറിയ ലോകത്ത് ഇല്ലാത്ത കഥാപാത്രങ്ങളാണ് ചുറ്റിനും.
അവരൊന്നും പറയുന്ന വലിയ കാര്യങ്ങൾ ഒന്നും അവളുടെ തലയിൽ കേറുന്നില്ല.
ആകെ ചിന്തിക്കുന്നത് മുറുകി കൊണ്ടിരിക്കുന്ന ഈ കുരുക്കിൽ നിന്നും എങ്ങനെ ഊരി പോകാം എന്നാണ്.
" എന്നതായാലും പിള്ളേർക്ക് തങ്ങളിൽ ഇഷ്ടപെട്ട സ്ഥിതിയ്ക്ക് ഇനിയിത് വെച്ച് താമസിപ്പിക്കണ്ടന്നാണ് ഞങ്ങളുടെ തീരുമാനം. "
അവറാച്ചന്റെ ഒച്ച കേട്ടു നടുങ്ങലിൽ ലില്ലി നോക്കി.
തന്റെ മരണകയർ ഇതാ ഒരുങ്ങി കഴിഞ്ഞു.
ഇനി കഴുമരത്തിലേറ്റുന്ന സമയം കൂടി നിശ്ചയിച്ചാൽ മതി.
ബാക്കിയെന്നോണം മോളികുട്ടി തുടർന്നു.
" റെജിയ്ക്ക് അടുത്ത മാസം ആദ്യം ലീവ് കഴിഞ്ഞു തിരിച്ചു പോകേണ്ടി വരും . അതിനു മുന്നേ കെട്ടുകല്യാണം നടത്തി വയ്ക്കണം . അത് അവന്റെ കൂടി നിർബന്ധം ആണ്. നിങ്ങൾക്ക് അസൗകര്യം ഒന്നുമില്ലല്ലോ ? "
" ഇല്ല "
ബോബി സമ്മതിച്ചു.
ലില്ലി അടുക്കളയിലേക്ക് ഇറങ്ങി പോയി.
ഇനി അറിയാൻ ഒന്നുമില്ല.
ഈ ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കാൻ പോകുന്നു.
തന്റെ മരണമണി മുഴങ്ങുന്നത് ലില്ലി കേട്ടു.
അകത്തു അവറാച്ചൻ തുടർച്ചയെന്നോണം പറഞ്ഞു.
" എങ്കിൽ പിന്നെ ഈ മാസ അവസാനം ഒരു ദിവസം കാഞ്ഞിരത്തിലച്ചന്റെ സൗകര്യം കൂടി നോക്കി നമുക്ക് ഇതങ്ങു ഉറപ്പിക്കാം. "
ബോബിയ്ക്കും പെണ്ണമ്മയ്ക്കും മറുത്തൊരു അഭിപ്രായം ഇല്ല.
" നിനക്കെന്നതേലും ചോദിക്കാനോ പറയാനോ ഉണ്ടോ റെജി ? "
മോളികുട്ടി മകനെ നോക്കി.
" ഇനി വീട്ടിൽ ചെന്നിട്ട് അതുമിതുമൊക്കെ പറയാൻ വിട്ടുപോയി എന്നും പറഞ്ഞു എന്റെ നേരെ വന്നേക്കരുത്. "
കളിയായി അവർ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.
"ലില്ലി എവിടെ? "
ഇറങ്ങും മുന്നേ മോളികുട്ടി ചോദിച്ചു.
പെണ്ണമ്മയുടെ വിളി കേട്ടു ലില്ലി വാതിൽക്കൽ വന്നു നിന്നു.
" ഞങ്ങളങ്ങോട്ട് ഇറങ്ങുവാ കൊച്ചേ..."
അവൾ പതിയെ തലയാട്ടി.
അവളെ ഒന്ന് നോക്കികൊണ്ട് റെജിയും
യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ ബോബിയുടെ കൈ കവർന്നു അവനോട് മാത്രമായി പറഞ്ഞു.
" പെട്ടന്ന് നടത്തുന്ന ചടങ്ങുകളുടെ പേരിൽ നിങ്ങൾ ആധി എരിഞ്ഞു ഓടേണ്ട കാര്യമൊന്നുമില്ല.. പള്ളിയിലെ കാര്യങ്ങളെല്ലാം ഞങ്ങൾ നോക്കികൊള്ളാം...ഇവിടുത്തെ ആവിശ്യങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി. "
ബോബി അതിന് മറുപടി പറഞ്ഞില്ല.
"പോട്ടേടാ... "
അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് റെജിയും മറ്റുള്ളവരുടെ പിന്നാലെ റോഡിലേക്ക് ഇറങ്ങി.

 



" എല്ലാരും കൂടി എന്നാ തീരുമാനിച്ചു? "
ഓട്ടു കമ്പിനിയിലേക്ക് സൈക്കിളിൽ പോകുമ്പോൾ ജോസൂട്ടി ചോദിച്ചു.
" വൈകുന്നേരം അവരൊക്കെ വരുമ്പോൾ നിന്നോട് വീട്ടിലേക്കു വരാൻ പറഞ്ഞിരുന്നതല്യോ...എന്നിട്ടെന്നാ വരാഞ്ഞേ? "
ജോസൂട്ടി ചിരിച്ചതേ ഉള്ളൂ.
"ഈ മാസം അവസാനത്തോടെ മനസമ്മതം നടത്തി വച്ചിട്ട് അവന് തിരിച്ചു പോണമെന്നാ പറയുന്നേ. കല്യാണം ഇനി വരുമ്പോൾ. "
" അങ്ങനെ ലില്ലീടെ കാര്യത്തിൽ ഒരു തീരുമാനം ആയി. അല്യോടാ. "
" കയ്യിൽ അഞ്ചു പൈസയില്ല. പണത്തിനൊക്കെ എന്നാ ബുദ്ധിമുട്ട് ആന്നേലും പറഞ്ഞോളാനാ റെജി പറഞ്ഞേക്കുന്നെ. അതു ശരിയല്ലല്ലോ. കെട്ടുകല്യാണത്തിന്റെ ചിലവ് നമുക്ക് തന്നെ നോക്കണ്ടെ . പിന്നീട് അതിനെ പറ്റി ഒരു സംസാരം വരാൻ ഇടയാവരുത്. മോളികുട്ടിയും അവറാച്ചനും ഒക്കെ അർക്കീസിന്റെ ആൾക്കാരാ. തന്നതും തിന്നതുമൊക്ക വിളിച്ചു പറയും. ലില്ലിക്ക് അവിടെ ഇരുന്നു കരയേണ്ടിയും വരും. "
" അതു ശരിയാ. ലോൺ ഈയാഴ്ച്ച തന്നെ ശരിയാവുമെന്നാ അപ്പൻ പറഞ്ഞേക്കുന്നെ. അങ്ങനെ ആണെങ്കിൽ പിന്നെ നമുക്ക് പേടിക്കേണ്ട കാര്യമില്ല. "
" വൈകുന്നേരം എന്തായാലും നിന്റെ അപ്പനെ കണ്ടൊന്ന് സംസാരിക്കണം. ലോൺ കിട്ടിയാൽ രക്ഷപെട്ടു. ഒന്നും ചോദിച്ചില്ലെങ്കിലും കല്യാണത്തിന് ദേഹം നിറയെ പോന്നിട്ട് അവളെ ഇറക്കണം. റെജിയുടെ ആൾക്കാരുടെ മുന്നിൽ ചൂളി നിൽക്കേണ്ടി വരരുത്. എല്ലാം ഒന്ന് കരയെത്തി കിട്ടീട്ടുണ്ട്. പിന്നെ നീ ഇന്നലെ കാണിച്ചത് പോലെ സമയത്തു മുങ്ങിയേക്കരുത്. എല്ലാ കാര്യത്തിനും എന്റെ കൂടെ ഉണ്ടാവണം."
ജോസൂട്ടി വീണ്ടും ചിരിക്കുന്നു.
" എന്നതാ...എന്നാ പറഞ്ഞാലും ഒരു കിണി. ഇന്നലെ അവരുടെയൊക്കെ മുന്നിൽ ഒറ്റപെട്ടു നിന്നതിന്റെ കേട് എനിക്കറിയാം. എത്രയൊക്കെ മറക്കാൻ നോക്കിയിട്ടും അതിനെയൊക്കെ കാണുമ്പോൾ പഴയതൊക്കെ തികട്ടി വരുന്നു. അവറ്റകൾക്കൊക്കെ ആണെങ്കിൽ അങ്ങനെയൊക്കെയുള്ള സംഭവം നടന്നതിന്റെ യാതൊരു ലക്ഷണവും ഇല്ല. മോളികുട്ടി പോകുന്ന വരെ വായീ നാക്കിട്ടിട്ടില്ല. ചിരിക്കുന്നു. പറയുന്നു. ആകെയൊരു ബഹളം. ചില നാടക നടിമാരെ കൂട്ട്. ആളുകൾ ഇങ്ങനെയൊക്കെ മാറുവോ ? "
" എന്നതായാലും ശക്തരായ ബന്ധുക്കളെ അല്യോ കിട്ടിയിരിക്കുന്നേ..... ഇനി എന്നാത്തിന്റെ കുറവാ. "
" പിന്നേ....... "
ബോബി അനിഷ്ടത്തോടെ താളത്തിൽ നീട്ടി പറയുന്നത് കേട്ട് ജോസൂട്ടി ചിരിച്ചു.
അന്ന് കമ്പനിയിൽ ഇരുവരും ഒരേ സെക്ഷനിൽ ആയിരുന്നു.
താഴത്തെ അച്ചുകളിൽ വാർത്തെടുക്കുന്ന പച്ച ഓടുകൾ കൺവെയർ ബെൽറ്റ് വഴി മുകളിൽ എത്തുന്നത്, ഹാളിൽ സെറ്റ് ചെയ്തിരിരിക്കുന്ന റാക്കുകളിൽ അടുക്കി വയ്ക്കുന്ന ജോലി.
ഒരാഴ്ച വരെ ഓടുകൾ ഇങ്ങനെ റാക്കിൽ തന്നെ വച്ചിരിക്കും.
വെള്ളം പൂർണ്ണമായി വലിഞ്ഞു ഉണങ്ങിയതിന് ശേഷമാണ് ചൂളയിലേക്ക് എടുക്കുന്നത്.
അവരെ കൂടാതെ രണ്ടു മൂന്ന് ജോലിക്കാർ കൂടി വേറെയും മുകളിൽ ഉണ്ടായിരുന്നു.
എല്ലാവരുമായി ഇപ്പോൾ നല്ല കമ്പനി ആയതു കൊണ്ട് തന്നെ ജോലിയൊക്കെ നല്ല രസകരമായി തോന്നി തുടങ്ങിയിരുന്നു.
വൈകുന്നേരം പതിവിലും കുറച്ചു നേരത്തെ ഇരുവർക്കും ഇറങ്ങാൻ കഴിഞ്ഞു.
തിരികെ വീടിനു മുന്നിൽ എത്തി സൈക്കിളിൽ നിന്നും ഇറങ്ങുമ്പോൾ ബോബി പറഞ്ഞു.
" ടാ ഞാനും വരുന്നു. നീ കേറി വാ. എനിക്ക് രണ്ടു തൊട്ടി വെള്ളം തലയിൽ ഒഴിക്കുന്ന താമസം മാത്രേ ഉള്ളൂ. "
സൈക്കിൾ ഒതുക്കി ജോസൂട്ടിയും അവന്റെ കൂടെ കയറി വന്നു.
" കേറി ഇരിയടാ.."
അവനോട് പറഞ്ഞിട്ട് ബോബി അടുക്കളയിലേക്ക് പോയി.
" ഡീ ലില്ലീ . നീ കുറച്ചു കട്ടനിട്ടേ..."
അവളോട് നിർദേശിച്ചിട്ട് അവൻ തോർത്തുമെടുത്തു കിണറ്റിൻ കരയിലേക്ക് നടന്നു.
പെണ്ണമ്മ വന്നിട്ടുണ്ടായിരുന്നില്ല.
മേശയ്ക്ക് മുകളിൽ കിടന്ന മാസികയെടുത്തു ജോസൂട്ടി വെറുതെ മറിച്ചു നോക്കിയിരുന്നു.
" എന്നെ ഒരു പണക്കാരന് കെട്ടിച്ചു കൊടുത്തിട്ട് സന്തോഷമായി കഴിയാന്ന് വിചാരിച്ച് ഇരിക്കുവാണോ? "
ഒച്ച കേട്ട് അവൻ മാസിക മാറ്റി നോക്കി.
അടുക്കളവാതിലിൽ ലില്ലി കണ്ണിൽ കനലെരിച്ചു നിൽക്കുന്നു.
അവൾ അകത്തേക്ക് കയറി വന്നു.
" നിങ്ങളുടെ ഹൃദയം എന്നതാ ജോസൂട്ടി കല്ലാണോ. ഒരു പെണ്ണ് കരഞ്ഞു കാലു പിടിച്ചിട്ടും അലിയാത്ത വിധം അതു ഉറഞ്ഞു പോയോ? "
തൊട്ടടുത്തു വന്നു നിന്ന് അവൾ ചോദിക്കുന്നു.
അതു കേൾക്കാത്ത മട്ടിൽ അവൻ മാസികയിലേക്ക് നോക്കി ഇരുന്നു.
അവൾ ബാധ കേറിയത് പോലെ അതു പിടിച്ചു വാങ്ങി മൂലയിലേക്ക് എറിഞ്ഞു.
" ഞാൻ പറയുന്നത് വല്ലതും ജോസൂട്ടി കേൾക്കുന്നുണ്ടോ? അതോ നിങ്ങളുടെ ചെവിയും അടഞ്ഞു പോയോ? "
" ലില്ലി ഒന്ന് പതുക്കെ. ബോബി കേൾക്കും "
അവൻ ഓർമിപ്പിച്ചു.
" കേൾക്കട്ടെ. കേട്ടിട്ട് വന്നു ചോദിക്കട്ടേ ഞാൻ എന്നാത്തിനാ ഒച്ച ഇടുന്നേന്ന് . തീ പിടിച്ചു നിൽക്കുവാ ഞാൻ. എനിക്കിനി ഒന്നും നോക്കാനുമില്ല. ആരെയും നോക്കേണ്ട കാര്യവുമില്ല ."
അവളെ മനോനില തെറ്റിയത് പോലെ തോന്നിച്ചു.
മുറുകിയ മുഖത്തോടെ അവൻ എണീറ്റ് പുറത്തേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ അവൾ മുന്നിൽ കയറി വഴി തടഞ്ഞു നിന്നു.
" ലില്ലി മാറ്..."
ജോസൂട്ടി സ്വരം കടുപ്പിച്ചു.
പെട്ടന്ന് അവൾ തേങ്ങി കരയാൻ തുടങ്ങി.
" എന്നോട് ഒരിത്തിരി എങ്കിലും ദയ കാണിച്ചൂടെ ജോസൂട്ടി... നെഞ്ചു പൊട്ടി ഞാൻ മരിച്ചു പോകും ജോസൂട്ടി... ഞാൻ മരിച്ചു പോകും.... "
അവൾ ഏങ്ങലടിച്ചു കരയുന്നത് കണ്ടു ജോസൂട്ടിയുടെ നെഞ്ച് പിടഞ്ഞു.
എന്തോ അവനത് സഹിക്കാൻ പറ്റുമായിരുന്നില്ല.
അടക്കി പിടിച്ചു നിർത്തിയിരുന്ന ധൈര്യമൊക്കെ മെഴുകുതിരി പോലെ ഉരുകാൻ തുടങ്ങി.
" ഞാൻ മരിക്കണോ ജോസൂട്ടി....നിനക്കത് കണ്ടാൽ മതിയോ... ഞാൻ വെള്ളപുതച്ച് കിടക്കുന്നത് നിനക്ക് കാണണോ......പറ. "
അവന്റെ ഷർട്ടിൽ കൂട്ടി പിടിച്ചു അവൾ ഉലച്ചു.
തകർന്നത് പോലെ നിൽക്കുകയായിരുന്ന
അവന്റെ ചുണ്ടുകൾ വിതുമ്പി വിറച്ചു.
" പറഞ്ഞിരുന്നതല്ലേ ഞാൻ.....നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലെന്ന് പറഞ്ഞതല്ലേ ഞാൻ.... എന്നിട്ട് ഇത്രയും വെറുത്ത് മാറി നിൽക്കാനും മാത്രം എന്നാ തെറ്റാ ഞാൻ ചെയ്തേ... എനിക്കറിയണം. പറ ജോസൂട്ടി.... പറയാതെ ഞാൻ വിടില്ല...വിടില്ല... "
പെട്ടന്ന് സർവ്വ നിയന്ത്രണവും തകർന്ന് അവൻ അവളെ വാരി പുണർന്നു.
" എന്റെ പോന്നു മോളെ.... നീ എന്നെ ഇങ്ങനെ കൊല്ലല്ലേടി... "
ഹൃദയം പൊടിഞ്ഞത് പോലെ ജോസൂട്ടി കരയുകയായിരുന്നു.
" എടീ......... !"
ഒരു അലർച്ച കേട്ട് ഇരുവരും ഞെട്ടിപിടഞ്ഞു നോക്കി.
കലിതുള്ളി വിറച്ചു പെണ്ണമ്മ മുന്നിൽ.


ഭാഗം 16

കയ്യിലിരുന്ന സഞ്ചി വലിച്ചെറിഞ്ഞ് പെണ്ണമ്മ മുന്നോട്ടു പാഞ്ഞു വന്നു
" പോക്രിത്തരം കാണിക്കുന്നോടാ നായേ.....! "
എന്ന് ആക്രോശിച്ചു കൊണ്ട് ജോസൂട്ടിയുടെ ഷർട്ടിൽ കൂട്ടി പിടിച്ചു വലിച്ചു കൊണ്ട് വന്നു മുറ്റത്തേക്ക് തള്ളി.
"അമ്മച്ചി... വേണ്ടമ്മച്ചി.. "
ലില്ലി കരഞ്ഞു കൊണ്ട് പിന്നാലെ വന്നു തടഞ്ഞു.
" മിണ്ടരുത് മൂധേവി....."
പെണ്ണമ്മ സമനില തെറ്റിയവളെ പോലെ അവളെ തലങ്ങും വിലങ്ങും അടിച്ചു.
പടിയിലൂടെ ബാലൻസ് തെറ്റി ജോസൂട്ടി ചെന്നു വീണത് മുറ്റത്തേക്കാണ്.
തലതുവർത്തി കഴിഞ്ഞു തോർത്ത് അയയിൽ വിരിക്കുമ്പോഴാണ് ബോബി ആ കാഴ്ച്ച കാണുന്നത്.
അമ്പരപ്പോടെ അവൻ ഓടി വന്നു ജോസൂട്ടിയേ പിടിച്ചു എണീൽപ്പിച്ചു.
" എന്നാടാ ജോസൂട്ടി ? "
കാര്യമറിയാതെ ബോബി അകത്തേക്കും കൂട്ടുകാരന്റെ മുഖത്തേക്കും മാറി മാറി നോക്കി.
ജോസൂട്ടി കരയുന്നത് അവൻ ആദ്യം കാണുകയായിരുന്നു.
അത് കണ്ടിട്ട് ബോബിയ്ക്ക് സഹിച്ചില്ല.
അപ്പോഴേക്കും പെണ്ണമ്മ മുറ്റത്തേക്ക് ചാടി ഇറങ്ങി വന്നു.
ബോബിയുടെ കൈയിൽ നിന്നും ജോസൂട്ടിയെ പിടിച്ചു വലിച്ചു മുന്നോട്ട് തള്ളി.
" കെട്ടുറപ്പിച്ചു നിൽക്കുന്ന പെണ്ണിനോടാണോടാ നായെ നീ തോന്ന്യാസം കാണിക്കുന്നേ.....ഇറങ്ങി പോടാ എന്റെ മുറ്റത്തൂന്ന് ... "
പല്ല് ഞെരിച്ചു കൊണ്ട് ബോബി മുന്നോട്ട് വന്നു അമ്മച്ചിയുടെ മുന്നിൽ കയറി നിന്നു.
"നിങ്ങളെന്നാ തള്ളേ ഈ കാണിക്കുന്നേ. നിങ്ങൾക്കെന്നാ ഭ്രാന്ത് പിടിച്ചോ . എന്നാ തെറ്റ് ചെയ്തിട്ടാ നിങ്ങളവനെയീ തള്ളിയിറക്കുന്നേ? "
കയ്യെത്തിച്ച് മകന്റെ കവിളടച്ചു അവരൊന്ന് പൊട്ടിച്ചു.
" കെട്ടിക്കാറായ പെണ്ണിവിടെ ഉള്ളപ്പോഴാണോടാ പട്ടി...നീ അമ്മയേം പെങ്ങളേം തിരിച്ചറിയാത്ത ഈ നായിന്റെ മക്കളെയൊക്കെ പിടിച്ചു പെരേൽ കേറ്റുന്നേ....ആദ്യം കൊല്ലേണ്ടത് നിന്നെയാ..."
കവിളിൽ കൈ ചേർത്തു ബോബി പകച്ചു നോക്കി.
" അമ്മച്ചി... ജോസൂട്ടി ഒന്നും ചെയ്തിട്ടില്ല അമ്മച്ചി..."
കരഞ്ഞു കൊണ്ട് ലില്ലി ഇടയ്ക്ക് വന്നു കയറി.
"മാറടി.... "
ശക്തിയോടെ അവർ അവളെ തള്ളി എറിഞ്ഞു.
അവൾ നിലത്തേക്ക് അലച്ചു വീണു.
പെണ്ണമ്മ വീണ്ടും തളർന്നു തകർന്നു നിൽക്കുന്ന ജോസൂട്ടിയ്ക്ക് നേരെ തിരിഞ്ഞു.
"ഇറങ്ങടാ... ഇറങ്ങി പോടാ നായേ.... "
ഭ്രാന്ത് പിടിച്ചത് പോലെ അവർ ജോസൂട്ടിയെ മുന്നോട്ടു തള്ളി കൊണ്ട് പോയി.
ബഹളം കേട്ട് അയൽക്കാർ അവരുടെ മുറ്റത്തും റോഡിലും ഇറങ്ങി നിന്ന് നോക്കുന്നുണ്ടായിരുന്നു.
അവനെ റോഡിലേക്ക് തള്ളിയിറക്കി പെണ്ണമ്മ കാറി തുപ്പി.
" പട്ടി കഴുവേറീട മോനെ ഈ പടിയ്ക്കകത്ത് നീയിനി കേറി പോവരുത്...വീട്ടി കേറി വന്നു തോന്ന്യാസം കാണിക്കുന്നോ...? "
ലില്ലി ചെന്ന് മരവിച്ചു നിൽക്കുന്ന ബോബിയുടെ കയ്യിൽ പിടിച്ചു കരഞ്ഞു.
" ഇച്ചായി ജോസൂട്ടി ഒരു തെറ്റും ചെയ്തിട്ടില്ല ഇച്ചായി. അവനെ ഇറക്കി വിടല്ലേന്ന് അമ്മച്ചിയോട് പറ....തെറ്റ് ചെയ്തത് ഞാനല്ലേ.... എന്നെ അടിച്ചോ... എന്നെ കൊന്നോ.... ജോസൂട്ടിയെ ഒന്നും ചെയ്യല്ലേന്ന് പറ ഇച്ചായി.... "
ദേഷ്യവും സങ്കടവും കൊണ്ട് അവന്റെ മുഖം വിറക്കുന്നത് ലില്ലി കണ്ടു.
അവളുടെ കൈ പിടിച്ചു മാറ്റി അവൻ അകത്തേക്ക് കയറി പോയി.
കരഞ്ഞു യാചിച്ചു കൊണ്ട് അവന്റെ പിന്നാലെ ചെന്നിട്ട് അവൾ വീണ്ടും റോഡിലേക്ക് ഓടി ചെന്നു.
റോഡിൽ നിന്നും കേറി വരുന്ന പെണ്ണമ്മ അവളെ തടഞ്ഞു.
" കേറി പോടീ...."
" തെറ്റ് ചെയ്തത് ഞാനല്ലേ അമ്മച്ചി..... എന്നെയല്ലേ തല്ലണ്ടേ... പിന്നെന്നാത്തിനാ ജോസൂട്ടിയെ അടിച്ചിറക്കി വിട്ടേ....എനിക്കിനി ജീവിക്കണ്ട അമ്മച്ചി.... എനിക്കിനി ജീവിക്കണ്ട.....എന്നെ അങ്ങ് കൊന്നേക്ക്......."
നെഞ്ചിലിടിച്ചു കരയുന്ന ലില്ലിയെ അവർ വലിച്ചു കൊണ്ട് വന്നു മുറിയിലേക്ക് തള്ളി വാതിൽ കൊട്ടിഅടച്ചു.

 



ബോബി ചെല്ലുമ്പോൾ വർക്കി മുൻവശത്തെ വരാന്തയിൽ ഉണ്ടായിരുന്നു.
അയാളുടെ മുഖ ഭാവം മാറിയത് കണ്ടപ്പോൾ കാര്യങ്ങൾ എല്ലാം അവരും അറിഞ്ഞെന്ന് അവന് മനസിലായി.
ബോബി അകത്തേക്ക് കയറാതെ അയാൾ എണീറ്റ് വന്നു വഴി തടയുന്നത് പോലെ പടിയിലേക്ക് ഇറങ്ങി നിന്നു.
" വർക്കിച്ചായാ ജോസൂട്ടി എവിടെ? "
" അവനെ ഇപ്പോൾ കാണാൻ പറ്റില്ല. ബോബി പോ..."
മുഖത്തു നോക്കാതെ കനത്ത സ്വരത്തിൽ അയാൾ കല്പ്പിച്ചു.
നിസ്സഹായതയോടെ ബോബി നോക്കി നിന്നു.
ജോസൂട്ടിയെ കാണാതെ അവന് തിരിച്ചു പോകാൻ പറ്റില്ല.
അത്രമാത്രം അവൻ സ്നേഹിക്കുന്നുണ്ട് അവന്റെ കൂട്ടുകാരനെ.
ഹൃദയം പൊടിയുന്ന പോലെ വേദനിക്കുന്നത് അവൻ അറിഞ്ഞു.
അപ്പോഴേക്കും സാറാമ്മ ഇറങ്ങി വന്നു.
കരഞ്ഞു കലങ്ങിയ മുഖം തുടച്ചു കൊണ്ട് അവർ പറഞ്ഞു.
" എന്റെ കുഞ്ഞൊരു പാവമാ. ഒരിക്കലും നിങ്ങളുടെ കുടുംബത്തിൽ കേറി അവനൊരു തോന്ന്യാസം കാണിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ചോദിക്കാമായിരുന്നു അവനോട്. എന്നതാ കാര്യമെന്ന്. ആ പെങ്കൊച്ചിനു ജോസൂട്ടിയെ അത്ര ഇഷ്ടം ആയിരുന്നെങ്കിൽ അതിനെ അവന് തന്നെ കൊടുക്കായിരുന്നില്ലേ... ഞങ്ങള് നോക്കിയേനല്ലോ അതിനെ കൂടി. പകരം നാട്ടുകാരുടെയൊക്കെ മുന്നിൽ വച്ചു എന്റെ കൊച്ചിനെ നാണം കെടുത്തി അടിച്ചിറക്കി വിട്ടു..... സ്വന്തം മക്കള് ജീവൻ കളയാൻ ശ്രമിക്കുന്നത് കണ്ടു നിൽക്കാനുള്ള ശക്തി ലോകത്തു ഒരമ്മമാർക്കും കാണില്ല. ഒരു വിധമാ ഞങ്ങളവനെ അതിൽ നിന്നൊക്കെ സമാധാനിപ്പിച്ചു നിർത്തിയിരിക്കുന്നെ. ഇനിയും കൊല്ലാകൊല ചെയ്യാതെ അവനെയൊന്നു വെറുതെ വിട്... നിന്റെ കാലു ഞാൻ പിടിക്കാം. "
അവർ കരച്ചിലോടെ തൊഴുതു.
"അമ്മച്ചി.....! "
താക്കീത് പോലെ വിളിച്ചു കൊണ്ട് ജോസൂട്ടി ഇറങ്ങി വന്നു.
" തെറ്റ് ചെയ്തത് ഞാനല്യോ. പിന്നെന്നാത്തിനാ ബോബിയുടെ മേലെ കേറുന്നേ...അവനെ ആരും ഒന്നും പറയണ്ട. പറയാൻ ഞാൻ സമ്മതിക്കുകേല."
ഒരുനിമിഷം !
സർവ്വനിയന്ത്രണവും തകർന്ന് ബോബി ഓടി വന്നു ശ്വാസം മുട്ടുന്ന വിധത്തിൽ ജോസൂട്ടിയെ കെട്ടി വരിഞ്ഞു.
വർക്കിയും സാറാമ്മയും അമ്പരന്ന് നോക്കി.
" പറയാരുന്നില്ലേടാ നിനക്ക് എന്നോടെങ്കിലും ഒരു വാക്ക്...."
ജോസൂട്ടിയുടെ തോളിലേക്ക് മുഖം ചേർത്തു പരിസരം മറന്നു ബോബി വിങ്ങിപ്പൊട്ടി.
" രാത്രിയിൽ ഉറങ്ങാൻ വേണ്ടി മാത്രം അല്യോടാ നമ്മൾ രണ്ടു വഴി പോകുന്നെ. അത് വരെ ഒരുമിച്ചല്യോ... ആ സമയം എപ്പോഴെങ്കിലും നീ എന്നോട് ഒരു വാക്ക് സൂചിപ്പിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാകത്തില്ലായിരുന്നു. അമ്മച്ചിയെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചേനല്ലോ . എന്നിട്ട് അവസാനം എന്റെ മുന്നിൽ വച്ചു നിന്നെ.... "
ഗദ്ഗദം കൊണ്ട് ബോബിയുടെ വാക്കുകൾ മുറിഞ്ഞു.
" നിന്നെ നഷ്ടപ്പെടുമെന്നുള്ള പേടി ആരുന്നെടാ എനിക്ക്...ആരെക്കാളും എന്തിനേക്കാളും എനിക്ക് വലുത് നീയാ ബോബി...നിന്റെ കൂട്ട് വിടുന്നത് എനിക്ക് താങ്ങാൻ പറ്റത്തില്ലടാ...."
ബോബിയെ കൂടുതൽ തന്നിലേക്ക് ചേർത്ത് പിടിച്ചു ജോസൂട്ടി ഏങ്ങലടിച്ചു.
ആ നിറയുന്ന സ്നേഹം കണ്ടു സങ്കടം താങ്ങാതെ വർക്കിയുടെ തോളിലേക്ക് മുഖം ചേർത്തു സാറാമ്മ തേങ്ങി കരഞ്ഞു.

 



നേരം ഇരുട്ടിയിരുന്നു.
കലുങ്കിനു മുന്നിലെ പോസ്റ്റിൽ ലൈറ്റ് തെളിഞ്ഞു.
"ശരിക്കും ഇപ്പൊഴാടാ എനിക്ക് സമാധാനം ആയെ.... "
കലുങ്കിൽ ജോസൂട്ടിയോട് ചേർന്ന് ഇരിക്കുമ്പോൾ ബോബി ആഹ്ലാദത്തോടെ പറഞ്ഞു.
" അവളെ ചക്കാലക്കലേക്ക് വിടാൻ എനിക്കൊരു താല്പര്യവും ഇല്ലായിരുന്നു. അവരുമായി ബന്ധം കൂടാനുള്ള ആഗ്രഹം അമ്മച്ചിയ്ക്കായിരുന്നു. പെണ്ണ് കാണലിന് എല്ലാരും വന്നപ്പോൾ എത്ര മാത്രം ശ്വാസം മുട്ടിയാണ് ഞാനവിടെ നിന്നതെന്ന് എനിക്ക് മാത്രേ അറിയൂ. അപ്പോൾ ഞാൻ ശരിക്കും ചിന്തിച്ചത് ഇതിൽ നിന്നും എങ്ങനെ ഊരാം എന്നായിരുന്നു....മറ്റൊരു വഴിയും കാണാത്തത് കൊണ്ട് മാത്രമാ ഒന്നും മിണ്ടാതെ ഞാൻ കൂടെ നിന്നേ..."
ജോസൂട്ടി ചിരിക്കുക മാത്രം ചെയ്തു.
ബോബി അവന്റെ തോളിലൂടെ കൈയിട്ടു.
" ഇപ്പൊ എന്റെ ഹൃദയം ഇങ്ങനെ നിറയുകയാടാ ജോസൂട്ടി. എന്റെ മനസ് എത്ര മാത്രം സന്തോഷിക്കുന്നുണ്ടെന്ന് നിനക്ക് അറിയത്തില്ല . നിന്റെ വീട്ടിൽ ലില്ലിക്ക് കിട്ടുന്ന ആ സുരക്ഷിതത്വം സ്നേഹം അതൊന്നും റെജിയുടെ വീട്ടിൽ കിട്ടുകേലെന്ന് എനിക്ക് ഉറപ്പാണ്. ചക്കാലക്കൽ ചെന്ന് കയറുന്നതിലും സ്വാതന്ത്ര്യത്തോടെ എനിക്ക് നിന്റെ വീട്ടിലേക്ക് ഓടി കയറി വരാം. ഏത് നേരത്തും. അളിയാ എന്ന് വിളിച്ചു അവന്റെ തോളിൽ കയ്യിടുന്നതിലും അടുപ്പത്തോടെയും കൂടതൽ ഇഷ്ടത്തോടെയും എനിക്ക് നിന്റെ തോളിൽ ദേ ഇങ്ങനെ കയ്യിട്ടിരിക്കാം. പണമല്ല നമ്മുടെ സ്വാതന്ത്ര്യവും ഈയൊരു സന്തോഷവുമൊക്കെയല്ലേടാ വലുത്. അവൾ എന്റെ പെങ്ങളാ . നമുക്ക് തോന്നുന്നതൊക്കെയേ അവളും ചിന്തിക്കൂ. അല്യോടാ... എന്റെ സ്വന്തം അളിയാ....! "
പറഞ്ഞിട്ട് ബോബി ഒച്ച വച്ചു ചിരിച്ചു.
ഒപ്പം ജോസൂട്ടിയും.
കണ്ടത്തിലൂടെ വീശിയടിച്ചു വന്ന തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി.
അപ്പോൾ അവർ ഇരിക്കുന്ന കലുങ്കിന്റെ താഴെകൂടി ഒഴുകുന്ന ഇടതോടിന്റെ വരമ്പിലൂടെ ടോർച്ചു തെളിച്ചു റെജിയും കുട്ടപ്പായിയും നടന്നു വരുന്നത് കാണായി.
അവർ എന്തൊക്കെയോ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് കേൾക്കാം.
നടന്നു വന്നു കലുങ്കിന്റെ സൈഡിലെ പടി ചവിട്ടി അവർ റോഡിലേക്ക് കയറി.
നാലഞ്ച് കുളക്കോഴികളെ കുട്ടാപ്പി തൂക്കി പിടിച്ചിട്ടുണ്ടായിരുന്നു.
ബോബിയെയും ജോസൂട്ടിയേയും കണ്ടു ചിരിയോടെ റെജി അവരുടെ അടുത്തേക്ക് വന്നു.
" ഞങ്ങള് പോള വരെ ഒന്ന് പോയതാ...ചുമ്മാ ഇരിക്കുവാണെങ്കിൽ വാ നമുക്ക് തോട്ടത്തിലേക്ക് ഇരിക്കാം. ഞാൻ കൊണ്ട് വന്ന നല്ല സ്വയമ്പൻ സാധനം അവിടെ ഇരിപ്പുണ്ട്. കൂട്ടത്തിൽ ദേ ഇവന്മാരെയും പൊരിച്ചടിക്കാം. "
റെജിയുടെ ക്ഷണം ബോബി നിരസിച്ചു.
" വേണ്ട... നീ വിട്ടോ "
"പിന്നേ ബോബി... അപ്പനിന്ന് കാഞ്ഞിരത്തിലച്ചനുമായി സംസാരിച്ചാരുന്നു. ഈ മാസം ഇരുപത്തിയേഴിനു മനസമ്മതം നടത്താനുള്ള അനുമതി അച്ചന്റെ കയ്യീന്ന് വാങ്ങീട്ടുണ്ട്. നാളെ ഇത് പറയാൻ അമ്മാച്ചന്മാരെയും കൂട്ടി അപ്പനങ്ങോട്ട് വരാൻ ഇരിക്കുവാ ."
" ഇനി അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല റെജി. ഞങ്ങളാ ആലോചന വിട്ടു. "
അത് കേട്ട് റെജിയും കുട്ടാപ്പിയും ഒരേ നിമിഷം അന്തം വിട്ടു നോക്കി.
" എന്നതാ...? "
മനസിലാവാത്തത് പോലെ റെജി ചോദിച്ചു.
ബോബി വ്യക്തമായി വിശദീകരിച്ചു.
" നിന്നെ കെട്ടാൻ ലില്ലിക്ക് താല്പര്യമില്ല. അത് കൊണ്ട് ഞങ്ങൾ ഈ കല്യാണം വിട്ടു. ദേ ഈ ഇരിക്കുന്ന ജോസൂട്ടിയ്ക്ക് ഞാനവളെ കെട്ടിച്ചു കൊടുക്കാൻ തീരുമാനിച്ചേക്കുവാ . ഇപ്പൊ കാര്യങ്ങളൊക്കെ ഒരുമാതിരി വ്യക്തത വന്നു കാണുമല്ലോ. "
നിയന്ത്രണം വിടാതിരിക്കാൻ റെജി പാട് പെടുന്നുണ്ടായിരുന്നു .
" അതൊരുമാതിരി തന്തയില്ലായ്ഴ്ക അല്യോടാ നീ കാണിച്ചേ......? "
കുട്ടാപ്പി പൊട്ടിത്തെറിച്ചു.
" ഫ ഊളെ.... നിനക്കിതിലെന്നാടാ കാര്യം ? "
ചാടി എണ്ണീറ്റു ബോബി കുട്ടാപ്പിയുടെ കുത്തിനു പിടിച്ചുലച്ചു.
" ഇവന്റെ കള്ള് വാങ്ങി നക്കീട്ടുണ്ടെങ്കിലെ... അതിന് നീ ചേടി വേല അങ്ങോട്ട് ചെയ്തോ. അല്ലാതെ നിന്റെ കൊണച്ച വർത്താനം കൊണ്ട് ഇങ്ങോട്ട് വന്നാൽ പൊലയാടി മോനെ അടിച്ചു നിൻറെ അണപ്പല്ല് ഞാൻ തെറിപ്പിക്കും. "
അവന്റെ പിടി വിടുവിപ്പിക്കാൻ കുട്ടാപ്പി കുതറി.
ജോസൂട്ടിയും റെജിയും വന്നു രണ്ടുപേരെയും പിടിച്ചു വലിച്ചു മാറ്റി.
" റെജി... നീ ഇവനെ വിളിച്ചു കൊണ്ട് പോവാൻ നോക്ക്. എന്റെ പെങ്ങളെ ഞാൻ എനിക്കിഷ്ടം ഉള്ളവന് കെട്ടിച്ചു കൊടുക്കും . അതിനു കണ്ട ചെറ്റകളൊന്നും അതിൽ ഇടപെടേണ്ട കാര്യമില്ല. "
ജോസൂട്ടിയുടെ കൈയിൽ കിടന്നു കുതറി കൊണ്ട് വിരൽ ചൂണ്ടി ബോബി ഓർമിപ്പിച്ചു.
" കുട്ടാപ്പി നീ പൊയ്ക്കോ ഞാൻ വന്നേക്കാം. "
റെജി അവനെ അനുനയിപ്പിച്ചു മുകളിലേക്ക് പറഞ്ഞു വിട്ടു.
" നീ വാടാ ജോസൂട്ടി.... "
പറഞ്ഞിട്ട് ബോബി സൈക്കിളിന്റെ അടുത്തേക്ക് നടന്നു.
പിന്നാലെ ജോസൂട്ടിയും.
അപ്പോൾ റെജി പിന്നിൽ വിളിച്ചു.
" ഒന്ന് നിന്നേടാ ജോസൂട്ടി... "
റെജിയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നിന്നു.
ഒപ്പം ബോബിയും
റെജി അവരുടെ അടുത്തേക്ക് നടന്നു ചെന്നു.
അവന്റെ ഭാവം എന്തെന്ന് ശ്രദ്ധിക്കുകയായിരുന്നു ബോബി.
ഒരാക്രമണത്തിന് അവൻ മുതിർന്നാൽ പ്രതിരോധിക്കാനുള്ള മുൻകരുതൽ അവൻ മനസ്സിൽ കുറിച്ചു.
പ്രതീക്ഷിച്ചതല്ല മുന്നിൽ സംഭവിച്ചത്.
"കൺഗ്രാറ്റ്സ്..."
ചിരിയോടെ റെജി ജോസൂട്ടിയുടെ കൈ കവർന്നു.
"എടാ ജോസൂട്ടി എനിക്ക് ലില്ലിയെ കണ്ടപ്പോൾ ഒരിഷ്ടമൊക്കെ തോന്നിയെന്നുള്ളത് നേരാ. എന്നാ പിന്നെ എല്ലാർക്കും സമ്മതം ആണെങ്കിൽ അവളെയങ്ങ് കെട്ടിയേക്കാമെന്ന് വിചാരിച്ചു. അത്രേയുള്ളൂ . അല്ലാതെ അവളെ കെട്ടാൻ പറ്റിയില്ലെങ്കിൽ ഭ്രാന്ത് പിടിച്ചു പോകുന്ന അവസ്ഥ ഒന്നും ആയിട്ടില്ല . എന്നാ ആയാലും ഞാനൊരു പട്ടാളക്കാരൻ അല്യോടാ. അതിനൊക്കെയുള്ള മനക്കട്ടി എനിക്ക് കാണാതെ ഇരിക്കോ . പിന്നെ നീ അവളെ കെട്ടാൻ ഉദേശിച്ചിട്ടുണ്ടെങ്കിൽ ആയിക്കോ. അതിന് ഞാനൊരു തടസ്സമേ അല്ല. ഞങ്ങള് പള്ളിയിൽ പോയി മനസമ്മതത്തിനുള്ള കാര്യങ്ങളൊക്കെ ഏകദേശം റെഡി ആക്കി വച്ചേക്കുവാ . എന്നതായേലും ഇരുപത്തിയേഴിനുള്ള ആ ചടങ്ങ് മുടക്കണ്ട. എനിക്ക് പകരം ആ സ്ഥാനത്ത് നീ . അത്രേ ഉള്ളൂ. നിങ്ങടെ കെട്ടു കല്യാണവും കൂടിയേച്ച് ഞാനങ്ങു പോയേക്കാം....എന്നാ ശരി. നീ പൊയ്ക്കോ. ബോബി ദേ നിന്നെ കാത്തു നിൽക്കുന്നു. "
പറഞ്ഞു നിർത്തി റജി തിരിഞ്ഞു നടന്നു കഴിഞ്ഞു.


ഭാഗം 17

വീടിന് മുന്നിൽ സൈക്കിൾ നിർത്തി ബോബി ഇറങ്ങി.
" ഞാൻ കരുതിയത് അവനേതാണ്ട് മല മറിക്കാനായിട്ട് നിന്റടുത്തോട്ടു വരുവാന്നാ . അവനെന്നാ കോപ്പനാടാ... ഞാൻ ചെറിയൊരു അടിയാ പ്രതീക്ഷിച്ചത്. "
" റെജിയെ അങ്ങനെയങ്ങു എഴുതി തള്ളാൻ ഒക്കുകേല ബോബി. അവനെനിക്ക് കൈ തന്നപ്പോൾ അവന്റെ ഉള്ളിലെ സങ്കടം എനിക്ക് ശരിക്കും അനുഭവപ്പെട്ടതാ . അടി കൊണ്ട പാമ്പാ അവൻ. പതിയിരുന്നു കൊത്തും."

"കൊത്തും മുന്നേ അവന്റെ വിഷ പല്ല് ഞാൻ അടിച്ചു കൊഴിക്കും. അതുവിട്. നിന്റെ അടുത്ത പരുപാടി എന്നതാ. "
"അറിയത്തില്ല. "
"നല്ല കാര്യം. എടാ മുതുകാളെ നിന്റെ കല്യാണകാര്യത്തെ കുറിച്ചാ ഞാൻ ചോദിച്ചേ. "
"അതിപ്പോ നിന്റെ അമ്മച്ചിയെ കൊണ്ട് സമ്മതിപ്പിക്കണ്ടേ..."
"അത് നീ എനിക്ക് വിട്ടു തന്നേരെ. ഞാൻ സമ്മതിപ്പിച്ചെടുത്തോളാം."
"എനിക്ക് തോന്നുന്നില്ല. "
"സമ്മതിച്ചില്ലേലെന്നാ...അവളെ ഞാനീ സൈക്കിളിൽ ഇരുത്തി നിന്റെ വീടിന്റെ മുന്നിൽ കൊണ്ട് വന്നു ഇറക്കി വിടും. "
"ലില്ലി എവിടേന്ന് നിന്റെ അമ്മച്ചി ചോദിച്ചാലോ ? "
"ആ എനിക്കറിയത്തില്ല പോയി തിരക്കാൻ പറയും."
ജോസൂട്ടിയ്ക്ക് ചിരി വന്നു.
"ശരി ശരി. ഞാൻ പോകുവാ..."
അവൻ സൈക്കിൾ തിരിച്ചു.
" നാളെ രാവിലെ വരത്തില്യോ? "
" വരാതെ പിന്നേ.... "
അവൻ ഇരുളിൽ മറയുന്നത് വരെ ബോബി നോക്കി നിന്നു.
പിന്നെ വീട്ടിലേക്ക് കയറി.
ലില്ലി പ്രധാന മുറിയുടെ കോണിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ടായിരുന്നു.
അവൻ മുറിയിൽ നോക്കി.
പെണ്ണമ്മ പായിൽ കിടന്നു സുഖമായി ഉറങ്ങുന്നു.
ആ കിടപ്പ് കണ്ടാൽ ഇവിടെ കിടന്നു അങ്കക്കലി ഇളകിയതിന്റെ യാതൊരു ലക്ഷണവും ഇല്ല.
അവൻ ചെന്ന് ലില്ലിയുടെ അടുത്ത് കുത്തിയിരുന്ന് അവളെ തട്ടി ഉണർത്തി.
ഞെട്ടി ഉണർന്ന അവൾ ബോബിയെ കണ്ടു വീണ്ടും കരയാൻ തുടങ്ങി.
"ശ്ശ്.... "
അവൻ ചുണ്ടിൽ വിരൽ ചേർത്ത് മിണ്ടരുതെന്ന് ആംഗ്യം കാട്ടി.
പിന്നെ അവളെ പിടിച്ചുയർത്തി മുറ്റത്തേക്ക് കൊണ്ട് പോയി.
മുറ്റത്തിന്റെ കോണിൽ എത്തിയപ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു.
" ജോസൂട്ടിയെ നിനക്ക് ഇഷ്ടം ആയിരുന്നേൽ ഒരു വാക്കെങ്കിലും എന്നോട് പറയാൻ മേലാരുന്നോടി... ഏ? "
അവന്റെ മട്ടും ഭാവവും കണ്ട് ഇനി അടിക്കാനുള്ള പുറപ്പാടാണോ എന്നാലോചിച്ചു അവൾ ദയനീയമായി നോക്കി.
" ഇക്കണ്ട കല്യാണആലോചന മൊത്തം ഇവിടെ വന്നപ്പോൾ നിന്റെ വായിലെന്നാ കുരു ആരുന്നോ. പെണ്ണ് കാണലിന് കെട്ടി ഒരുങ്ങി ഇറങ്ങി നിൽക്കാതെ എന്നോട് പറയാഞ്ഞ എന്നാന്നാ ചോദിച്ചേ ? "
" പേടിച്ചിട്ടാ ഇച്ചായി..."
അവൾ വിതുമ്പി.
" പേടിച്ചിട്ട്.... ഒരൊറ്റ അടി. "
അവൻ അടിക്കാൻ കൈ ഓങ്ങി.
" നീ ഒറ്റ ഒരുത്തി കാരണമാ ഇന്നിവിടീ പ്രശ്നം മൊത്തം ഉണ്ടായത്. നിസാരമായി ഒതുക്കി തീർക്കാവുന്ന ഒരു കാര്യം നീ ഇവിടം വരെ കൊണ്ടെത്തിച്ചു. "
അവൾ ഒന്നും മിണ്ടാതെ കുറ്റവാളിയെ പോലെ നിന്നു.
" നിന്നെ അമ്മച്ചി ഒരുപാട് തല്ലിയോ? "
" മം..."
അവൾ സങ്കടത്തോടെ തലയാട്ടി.
" അത് നിനക്ക് കിട്ടേണ്ടതാ. ഒരു ദോഷവുമില്ല."
അവൾ ഒന്നും മിണ്ടിയില്ല.
" എന്നാ ആയാലും നടന്നത് നടന്നു. ഞാൻ ജോസൂട്ടിയുടെ വീട്ടിൽ സംസാരിച്ചിട്ടുണ്ട് . അവർക്ക്
നിങ്ങടെ കല്യാണത്തിന് ഇഷ്ടക്കുറവൊന്നും ഇല്ല. "
ലില്ലിയുടെ മുഖം ഒരു പൂവ് പോലെ വിടർന്നു.
പിന്നെ സംശയത്തിൽ ചോദിച്ചു.
" റെജി? "
" വരുന്ന വഴി അവനോടു ഞങ്ങൾ കാര്യം പറഞ്ഞിട്ടുണ്ട്. ഒഴിഞ്ഞു തന്നേക്കാമെന്നൊക്കെയാ പറയുന്നേ. അതൊരു വിഷയമുള്ള കാര്യമല്ല. ഇനിയുള്ളത് അമ്മച്ചിയാ. രാവിലെ പറഞ്ഞു നോക്കട്ടെ. കേട്ടില്ലെങ്കിൽ ജോസൂട്ടി വന്നു വിളിക്കുമ്പോ കൂടെ ഇറങ്ങി പൊയ്ക്കോണം. "
ലില്ലി ആശ്വാസത്തോടെ നിശ്വസിച്ചു.
" ഇത്രേ ഉള്ളാരുന്നു കാര്യം. ഇതിനാണ് വെറുതെ അമ്മച്ചിയെ കൊണ്ട് നാട്ടുകാരെ മൊത്തം ഇളക്കിച്ചത്. ഇപ്പൊ സമാധാനം ആയില്യോ? "
മുഖം തുടച്ചു കൊണ്ട് അവൾ ചിരിയോടെ തലയാട്ടി.
" ഇങ്ങനൊരു ഇച്ചായിയെ വേറെ എവിടെ കിട്ടോടി ?"
ബോബി ചിരിക്കുന്ന കണ്ടു അവൾ ചെന്ന് അവനെ കെട്ടി പിടിച്ചു.
അവൻ കളിയായി അവളുടെ മുതുകിൽ പതിയെ ഇടിച്ചു.
" എനിക്ക് വിശക്കുന്നടി... കഴിക്കാൻ ഒന്നും ഇല്ലേ? "
" ഉണ്ട്. ഇച്ചായി വാ..."
അഴിഞ്ഞു ചിതറി കിടന്നിരുന്ന മുടി വാരി കെട്ടി വച്ചു കൊണ്ട് അവൾ ഉത്സാഹത്തോടെ അടുക്കളയിലേക്ക് നടന്നു പോയി.
അപ്പൊ കിഴക്കേ ദിക്കിൽ നിന്നും മഴ ആർത്തു വരുന്നതിന്റെ ഇരമ്പൽ കേട്ടു.
ബോബി വേഗം വീട്ടിലേക്കു കയറി.

 



ഇടവഴിയിലൂടെ കണ്ടത്തിലേക്കുള്ള റോഡിലേക്ക് സൈക്കിളിൽ പായുമ്പോൾ മഴ പെയ്യുന്നതും നനയുന്നതും ഒന്നും ജോസൂട്ടി ശ്രദ്ധിച്ചില്ല.
മനസ്സിൽ ലില്ലിയുടെ പുഞ്ചിരി തൂകുന്ന മുഖം മാത്രം നിറഞ്ഞു നിൽക്കുന്നു.
അവൾ ഇഷ്ടമാണെന്ന് ഇങ്ങോട്ട് പറയുന്നത് വരെ അങ്ങനെയൊരു ചിന്ത മനസ്സിൽ പോലും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം.
പിന്നെ പതിയെ പതിയെ അവനും നിറമുള്ള സ്വപ്നങ്ങൾ കണ്ടു തുടങ്ങി.
ഒപ്പം അതൊക്കെ നിശബ്ദമാക്കി വയ്ക്കാനും അവൻ ശ്രമിച്ചു.
ലില്ലി പോലും ഒന്നും അറിയരുതെന്ന് അവൻ ശഠിച്ചതിന് കാരണം അവൾ ബോബിയുടെ പെങ്ങളായത് കൊണ്ടാണ്.
തങ്ങളുടെ പ്രണയം അറിഞ്ഞാൽ അവൻ തകർന്ന് പോയേക്കുമെന്നും ജീവിതകാലം മൊത്തം തന്നെ ശത്രുവിനെ പോലെ കാണുമെന്നുമാണ് കരുതിയിരുന്നത്.
പക്ഷെ സംഭവിച്ചത് മറിച്ചാണ്.
ഇപ്പോൾ ഈ ഭൂമിയിൽ തങ്ങളുടെ ഇഷ്ടത്തെ ഏറ്റവും കൂടുതൽ അനുകൂലിക്കുന്നതും ആനന്ദിക്കുന്നതും അവനാണ്.
ബോബിയ്ക്ക് തന്നോടുള്ള ആത്മാർത്ഥ സ്നേഹം ഓർത്ത് ജോസൂട്ടിയുടെ കണ്ണ് നനഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ താനാണെന്ന് അവന് തോന്നി.
ഹൃദയം നിറഞ്ഞു സ്നേഹിക്കുന്ന ഒരു കൂട്ടുകാരനും ഒപ്പത്തിനൊപ്പം തന്നെ നിൽക്കുന്ന തന്റെ പെണ്ണും.
ഇതിലും വലിയൊരു നേട്ടം ഇനി തന്റെ ജീവിതത്തിൽ വരാനുണ്ടോ?
ഇല്ലെന്ന് തന്നെ അവന്റെ മനസ് അവനോടു പറഞ്ഞു കൊണ്ടിരുന്നു
വീട്ടിൽ അപ്പനും അമ്മച്ചിക്കും ലില്ലിയെ ഇങ്ങോട്ട് കൂട്ടുന്നതിൽ പൂർണ തൃപ്തരാണ്.
മതി.
ഇത്രയൊക്കെ മതി.
ഇത്രയും പോലും താൻ ആഗ്രഹിച്ചിട്ടും ഇല്ലായിരുന്നല്ലോ.
അങ്ങനെ ചിന്തിച്ചു കണ്ടത്തിന് സൈഡിലെ റോഡിലൂടെ കലുങ്കിനടുത്തേക്ക് എത്തിയപ്പോൾ ഇരുളിൽ എന്തോ ഒരു കറുത്ത വസ്തു കണ്മുന്നിലൂടെ ചീറി പാഞ്ഞു പോകുന്നത് പോലെ ജോസൂട്ടിയ്ക്ക് തോന്നി.
അത് മുഖത്ത് തട്ടാതെ ഒഴിഞ്ഞു മാറാൻ ഹാൻഡിൽ വെട്ടിച്ചതാണ് എന്തിലോ ചെന്നിടിച്ചു അവൻ റോഡിലേക്ക് പിടച്ചു വീണു.
മഴ ശക്തി പ്രാപിച്ചു കഴിഞ്ഞിരുന്നു.
എണീൽക്കാൻ തുടങ്ങുമ്പോൾ മുന്നിലേ കലുങ്കിൽ ആരോ ഇരിക്കുന്നത് പോലെ ജോസൂട്ടിയ്ക്ക് തോന്നി.
എവിടെ നിന്നെന്നറിയാതെ ഒരു ഭയം അവനെ വന്നു പൊതിഞ്ഞു.
മുഖത്തേക്ക് വീഴുന്ന വെള്ളം തുടച്ചു കൊണ്ട് പതറിയ ഒച്ചയിൽ അവൻ വിളിച്ചു ചോദിച്ചു.
"ആരാ? "
" ജോസൂട്ടി ആന്നോടാ. കറണ്ടും പോയല്ലോ. ഞാൻ കുട്ടാപ്പിയാടാ. നീ എന്നാ വീണോ..? പിടിച്ചെണീൽപ്പിക്കണോ....? "
ജോസൂട്ടിയ്ക്ക് അപകടം മണത്തു.
തിടുക്കത്തിൽ സൈക്കിൾ ഉയർത്തി അവൻ എണ്ണീൽക്കുമ്പോൾ തലയ്ക്കു പിന്നിൽ ശക്തിയായി ഒരു അടിയേറ്റു.
സൈക്കിളുമായി അലച്ചു തല്ലി അവൻ റോഡിലേക്ക് തന്നെ വീണു പോയി.
കൊള്ളിയാൻ ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു.
ഒപ്പം കാതടപ്പിക്കുന്ന ഒച്ചയിൽ ഇടിയും.
തലയ്ക്കു പിന്നിൽ അടി കൊണ്ട ഭാഗത്തു പൊത്തിപിടിച്ചു ജോസൂട്ടി നിലത്തു കിടന്നു ഞെരങ്ങി.
മഴ വെള്ളം മുകളിൽ നിന്നും ശക്തിയായി വീഴുന്നുണ്ടായിരുന്നു.
ഒപ്പം ഭീകരമായ ആ ഇരമ്പൽ.
കയ്യിൽ കുറുവടി കറക്കി കൊണ്ട് റെജി മുൻപിലേക്ക് വന്നു അവന്റെ അടുത്തായി കുത്തിയിരുന്നു.
" വേദനിക്കുന്നുണ്ടോ ജോസൂട്ടി? "
റെജി ചോദിക്കുന്നു.
അവൻ ഒരു പ്രേതത്തെ പോലെ പല്ലിളിക്കുന്നത് മിന്നലിന്റെ വെളിച്ചത്തിൽ ജോസൂട്ടി കണ്ടു.
" അതിനേക്കാൾ വേദനയാടാ ദേ ഇവിടെ..."
അവൻ ഹൃദയത്തിന്റെ ഭാഗത്ത് തൊട്ടു കാണിച്ചു.
" സഹിക്കാൻ പറ്റുന്നില്ലെടാ എനിക്ക്... എല്ലാം ഉറപ്പിച്ചതായിരുന്നില്ലേ ? അവൾ... എന്റെ ലില്ലി . കർത്താവെ.... അവളില്ലാത്തൊരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ലല്ലോ..."
മുകളിലേക്ക് തല മാത്രം ഉയർത്തി അവൻ ഒരു നിമിഷം ഇരുന്നു.
അവൻ എന്തോ പതിയെ പിറുപിറുക്കുന്നു.
പിന്നെ അലറി കൊണ്ട് ചാടി എണീറ്റു ജോസൂട്ടിയുടെ കഴുത്തിൽ ശക്തിയോടെ ചവിട്ടി പിടിച്ചു.
" എന്തിനാടാ..... എന്തിനാടാ സാത്താനെ നീ ഞങ്ങളുടെ ഇടയിലേക്ക് കയറി വന്നേ.......... എല്ലാം കൈപ്പിടിയിൽ വന്നപ്പോൾ ഒറ്റ നിമിഷം കൊണ്ട് നീ......എല്ലാം തകർത്തു കളഞ്ഞില്ലേടാ കഴുവേറി..."
ശ്വാസം കിട്ടാതെ ജോസൂട്ടി തറയിൽ കിടന്നു പിടഞ്ഞു.
പുളഞ്ഞു.
അവന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചുന്തി വന്നു.
മരണം കണ്മുന്നിൽ എത്തിയത് അവൻ അറിഞ്ഞു.
റെജി കാലു മാറ്റി പിന്നിലേക്ക് ഒന്ന് വട്ടം ചുറ്റി നടന്നു വന്നു നിന്നു.
അപ്പോൾ ഏങ്ങി കൊണ്ട് വളഞ്ഞു കൂടി കിടന്നു കഴുത്തിൽ പൊത്തിപിടിച്ചു ജോസൂട്ടി ശക്തിയായി ചുമച്ചു.
ശ്വാസമെടുക്കാൻ അവൻ പാട് പെടുന്നുണ്ടായിരുന്നു.
റെജി വീണ്ടും ജോസൂട്ടിയുടെ തലയുടെ ഭാഗത്തായി വന്നിരുന്നു ഉറ്റു നോക്കി.
" ഇപ്പോൾ വേദനിക്കുന്നുണ്ടോ ജോസൂട്ടി...?"
മുരൾച്ച പോലെ ഒച്ച കേട്ട് ജോസൂട്ടി കണ്ണ് തുറന്നു നോക്കി.
റെജിയുടെ തലയിലൂടെ മഴവെള്ളം ജോസൂട്ടിയുടെ മുഖത്ത് ചെന്ന് പതിക്കുന്നുണ്ടായിരുന്നു.
മുഖം തുടച്ചു കൊണ്ട് അവൻ നിലത്തു കൈ കുത്തി എണീൽക്കാൻ ശ്രമിച്ചു.
നിലത്തേക്ക് തന്നെ വീണുപോയ അവനെ
റെജി കുത്തിപിടിച്ചുയർത്തി തെങ്ങിലേക്ക് ചാരി നിർത്തി.
" പറയടാ..... ലില്ലി എന്റെയാണെന്ന് പറ....നിനക്കവളെ വേണ്ടന്ന് പറ....പറയാൻ..."
ചെകുത്താനെ പോലെ റെജി അലറി.
താൻ മരിക്കാൻ പോവുകയാണെന്ന് ജോസൂട്ടിയ്ക്ക് മനസിലായി.
ഈ രാവും മഴയും അതിനായി കളമൊരുങ്ങിയിരിക്കുന്നു.
സർവ്വ ശക്തിയുമെടുത്ത് റെജിയെ തള്ളി മാറ്റി ജോസൂട്ടി മുന്നോട്ടു പാഞ്ഞു.
രക്ഷപെടണം.
അത് മാത്രമായിരുന്നു ചിന്ത.
പക്ഷെ കുട്ടാപ്പി അവനെ മുന്നിലിട്ട് ചാടി വട്ടം ചുറ്റി പിടിച്ചു.
കുതറി പിടി വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജോസൂട്ടി കൈ ചുരുട്ടി കുട്ടാപ്പിയുടെ മൂക്ക് നോക്കി ഒരൊറ്റ ഇടി ഇടിച്ചു.
മുഖം പൊത്തിപിടിച്ചു കരഞ്ഞു കൊണ്ട് അവൻ പിന്നിലേക്ക് പോയി.
അപ്പോൾ വീണ്ടും റെജിയുടെ അടി ജോസൂട്ടിയുടെ തലയ്ക്കു പിന്നിൽ വീണു.
ആദ്യ അടി കൊണ്ട അതേ ഭാഗത്ത്.
തലയോട്ടി പൊട്ടിപിളർന്നത് പോലെ അലറികരഞ്ഞു കൊണ്ട് അവൻ പിന്നിലേക്ക് മലർന്നു വീണു.
ശക്തമായ ഇടിയൊച്ചയിൽ അവന്റെ നിലവിളി ലയിച്ചു ചേർന്നു.
നടു വില്ല് പോലെ വളച്ചു ജോസൂട്ടി മണ്ണിൽ കിടന്നു പിടഞ്ഞു.
ആ ശരീരത്തിൽ നിന്നും പ്രാണൻ വേർപെടുകയാണ്.
കുറുവടി കയ്യിലിട്ട് കറക്കി റെജി അവനു ചുറ്റും നടന്നു.
ആസ്വദിക്കുകയായിരുന്നു.
കണ്മുന്നിൽ ജോസൂട്ടി പിടഞ്ഞു തീരുന്നത്.
അവന്റെ ശിരസ്സിന്റെ മുൻഭാഗത്തായി വന്നു നിന്നിട്ട് നെറുകുംതല നോക്കി കുറുവടി വീശി ഒരൊറ്റ അടി കൂടി അടിച്ചു.
അതോടെ അവസാനപിടച്ചിലും നിന്നു.
കാല് കൊണ്ട് റെജി ജോസൂട്ടിയെ ചവിട്ടി മറിച്ചു.
അവന്റെ ശരീരം ഉരുണ്ടു കലുങ്കിനടുത്തേക്ക് ചേർന്നു കിടന്നു.
മൂക്കിനേറ്റ ഇടിയുടെ വേദന തെല്ലൊന്ന് മാറിയപ്പോൾ കുട്ടാപ്പി അടുത്തേക്ക് വന്നു സൂക്ഷിച്ചു നോക്കി.
" റെജി.... അനക്കമൊന്നും ഇല്ലല്ലോടാ... തീർന്നോ നാറി ? "
" തീർന്നതല്ലടാ കുട്ടാപ്പി. . ഞാനിവനെ തീർത്തതാ. എനിക്കും ലിസിക്കും ഇടയിൽ ഇനി ജോസൂട്ടി വേണ്ട. ഞാനിവനെ സ്വർഗത്തിലെ മാലാഖമാരുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. "
" ആയ്കോട്ടെ. ഇനി ഈ ജീവനറ്റ ശരീരം എന്നാ ചെയ്യാനാ പദ്ധതി ? "
" നമ്മളിവനെ പോളയിൽ കൊണ്ട് പോയി ചതുപ്പിൽ ചവിട്ടി താഴ്ത്തും....ഇന്നത്തെ ഈ മഴ നമുക്ക് വേണ്ടി പെയ്തതാടാ കുട്ടാപ്പി. എല്ലാ തെളിവുകളും ഈ വെള്ളത്തിൽ ഒലിച്ചു പോയ്ക്കോളും. നോക്കി നിൽക്കാതെ നീ ഇവനെ എടുത്തു തോട്ടിലേക്കിട്. "
" അപ്പോളിവന്റെ സൈക്കിൾ? "
"ഇവന്റൊപ്പം അതും നമുക്ക് ചെളിയിൽ താഴ്ത്തണം."
കുട്ടാപ്പി ഒറ്റയ്ക്ക് ശ്രമിച്ചിട്ട് നടക്കാഞ്ഞത് കൊണ്ട്
ഇരുവരും ചേർന്ന് അനക്കമറ്റ് കിടക്കുന്ന ജോസൂട്ടിയെ ഇരു കയ്യിലും പിടിച്ചു വലിച്ചിഴച്ചു കലുങ്കിന്റെ സൈഡിലൂടെ താഴേ തോട്ടു വരമ്പിലേക്ക് ഇറക്കിയിട്ടു.
കണ്ണഞ്ചിക്കുന്ന രീതിയിൽ മിന്നലും ഒപ്പം ഇടിയും.
ലോകം അവസാനിക്കാൻ പോകുന്നത് പോലെയാണ് മഴ പെയ്തു തകർക്കുന്നത്.
കുട്ടാപ്പി പോയി സൈക്കിളുമായി വന്നു.
ജോസൂട്ടിയുടെ ശരീരം റെജി തോട്ടിലേക്ക് ചവിട്ടി ഉരുട്ടിയിട്ടു.
വെള്ളത്തിന്റെ ഒഴുക്കിനൊപ്പം ആ ശരീരം താഴേക്കു ഒഴുകി.
മുന്നിലും പിന്നിലുമായി ഇരുവരും മഴയിൽ നനഞ്ഞു വരമ്പിലൂടെ നടന്നു
ഇടയ്ക്ക് തോട്ടിലെ പൊറ്റയിൽ ജോസൂട്ടിയുടെ ശരീരം കുടുങ്ങിയാൽ റെജി കാല് കൊണ്ട് ചവിട്ടി തള്ളി വിടുന്നുണ്ടായിരുന്നു.
ഒടുവിൽ പോളയിൽ അവൻ ഉദേശിച്ച സ്ഥലത്തു എത്തി.
തോട്ടിലേക്ക് ഇറങ്ങി റെജിയും കുട്ടാപ്പിയും ചേർന്ന് ജോസൂട്ടിയുടെ ജീവനറ്റ ശരീരം വലിച്ചു വരമ്പിലേക്കിട്ടു.
തൊട്ടടുത്ത ചതുപ്പ് കണ്ടത്തിലേക്ക് ആദ്യം ചവിട്ടി താഴ്ത്തിയത് അവന്റെ സൈക്കിൾ ആയിരുന്നു.
കോരിചൊരിയുന്ന മഴയിൽ ജോസൂട്ടിയെ ചതുപ്പിനുള്ളിലേക്ക് താഴ്ത്തുന്നത് കുറച്ചു ശ്രമപ്പെട്ട ജോലി ആയിരുന്നു.
ഒടിവിൽ അത് പൂർത്തിയാക്കി ഇരുവരും കരയിലേക്ക് കയറി.
മിന്നലിന്റെ വെളിച്ചത്തിൽ എല്ലാം സുരക്ഷിതമാണെന്ന് റെജി ഒരിക്കൽ കൂടി ഉറപ്പിച്ചു.
തുടർന്ന് ഇരുവരും തോട്ടിലേക്ക് ഇറങ്ങി മുങ്ങി കുളിച്ചു.
ദേഹത്തെ ചെളിയും അഴുക്കും ആ വെള്ളത്തിൽ ഒഴുക്കി കളഞ്ഞു.
പിന്നെ വരമ്പിലൂടെ തിരിച്ചു നടന്നു.
ഭൂമിയെ വെട്ടിമുറിക്കുന്നത് പോലെ വീണ്ടും ഇടി വെട്ടി.
അപ്പോൾ ചതുപ്പിനുള്ളിൽ നിന്നും ജോസൂട്ടിയുടെ വലതു കൈപത്തി മാത്രം ചെളിക്ക് മുകളിലേക്ക് ഉയർന്നു വന്നു നിന്നത് റെജിയോ കുട്ടാപ്പിയോ കണ്ടില്ല.
മുകളിൽ നിന്നും പെയ്തിറങ്ങുന്ന മഴയിൽ ജോസൂട്ടിയുടെ കൈപത്തിയിലെ ചേറും ചെളിയും കണ്ടത്തിലേക്ക് ഒഴുകിയിറങ്ങി.


ഭാഗം 18

രാത്രി മൊത്തം സംഹാരതാണ്ഡവമാടിയ മഴ വെളുപ്പിനെ എപ്പോഴോ ആണ് പെയ്തു തോർന്നത്. എന്നിട്ടും മരങ്ങൾ പെയ്യുന്നുണ്ടായിരുന്നു. ചാറൽ മഴ പോലെ. നേരം പുലർന്നിട്ടും പുകമറ പോലെ അന്തരീക്ഷം മങ്ങി കിടന്നു. അലസമായി ഉണരാൻ മടിച്ചു കൊണ്ട്.
കിണറ്റിൻ കരയിലെ തുണി കഴുകുന്ന കല്ലിൽ കുന്തിച്ചിരുന്നു ബോബി പല്ല് തേച്ചു.
കോഴികൂട് തുറന്നു ലില്ലി കോഴികൾക്ക് തീറ്റ കൊടുത്ത് നിൽക്കുമ്പോഴാണ് റോഡിൽ നിന്നും വർക്കിയുടെ വിളി കേട്ടത്. അവൾ ബോബിയെ നോക്കി.
മുഖം കഴുകി കൈലിതുമ്പിൽ വെള്ളം തുടച്ചു കൊണ്ട് അവൻ റോഡിലേക്കുള്ള പടിയിലേക്ക് ഇറങ്ങി
ജോസൂട്ടിയുടെ അപ്പൻ ഇത്ര രാവിലെ എന്തിനാണ് വന്നതെന്ന് ചിന്തിച്ചു ലില്ലി കയ്യാലയ്ക്ക് സമീപത്തെയ്ക്ക് ചെന്നു.
"ജോസൂട്ടി എവിടെ? "
പരിഭ്രാന്തി കലർന്ന വർക്കിയുടെ ചോദ്യം കേട്ട് ബോബി ഒന്ന് അമ്പരന്നു
"അവനങ്ങ് വന്നില്യോ?"

അപ്പോൾ ആരൊക്കെയോ ധൃതിയിൽ താഴേക്ക് ഓടുന്നുണ്ടായിരുന്നു.
"വീട്ടിൽ ഉണ്ടെങ്കിൽ ഞാൻ ഇങ്ങോട്ട് തിരക്കി വരുമോ? ഇന്നലെ രാത്രി നിന്റെ കൂടെ അല്യോ അവൻ ഇറങ്ങി വന്നേ. ഞങ്ങൾ കരുതിയത് രാത്രിയിലെ പെരുമഴ കാരണം അവൻ ഇവിടെ കിടന്നിട്ടുണ്ടാവുമെന്നാ. രാവിലെയും കാണാഞ്ഞിട്ട് വീട്ടിൽ അവള് കിടന്നു ബഹളം വയ്ക്കുന്നത് കാരണമാ ഞാൻ തിരക്കി വന്നേ. "
" എന്നെ ഇവിടെ കൊണ്ട് വിട്ടിട്ട് അവൻ അപ്പോൾ തന്നെ അങ്ങോട്ട് വന്നല്ലോ വർക്കിച്ചായാ. "
" പിന്നെന്റെ മോൻ എവിടെ പോയി ബോബി? "
വർക്കിയുടെ സ്വരത്തിലെ ആന്തൽ ലില്ലി തിരിച്ചറിഞ്ഞു.
അവളുടെ നെഞ്ചു പിടക്കാൻ തുടങ്ങി.
അപ്പോൾ എതിരെ വീട്ടിലേ ആൾ ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് റോഡിലേക്ക് ഇറങ്ങി വന്നു.
" ബോബി അറിഞ്ഞില്യോ താഴെ പോളയിലെ ചതുപ്പിൽ ആരുടെയോ ജഡം പൊങ്ങി കിടക്കുന്നു....."
അപ്പോഴാണ് റോഡിലൂടെ ആളുകൾ താഴേക്കു പോകുന്നത് അവൻ ശ്രദ്ധിക്കുന്നത്.
ബോബിയുടെ നെഞ്ചിലൊരു വെള്ളിടി വെട്ടി.
അകാരണമായൊരു ഭയം ചങ്കിലേക്ക് കത്തി കയറി വന്നു.
ഷർട്ട് പോലും ഇടാൻ മെനക്കെടാതെ പടിക്കെട്ടിൽ കൈ കുത്തി ബോബി റോഡിലേക്ക് ചാടി ഇറങ്ങി.
പിന്നെ തികട്ടി വരുന്ന ഭയാശങ്കകളോടെ താഴേക്ക് ഓടി.
അത് കണ്ടു ഒരു നിമിഷം പകച്ചു നിന്ന വർക്കിയും സമചിത്തത വീണ്ടെടുത്ത് തൊട്ട് പിന്നാലെ പാഞ്ഞു.
എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നുവെന്ന് ലില്ലിക്ക് തോന്നി.
"എന്നാടി? "
അടുക്കളമുറ്റത്തു നിന്ന് പെണ്ണമ്മയുടെ ഒച്ച കേട്ട് അവൾ ഞെട്ടിപകച്ചു തിരിഞ്ഞു നോക്കി.

 



ഒറ്റയ്ക്കും കൂട്ടമായുമൊക്കെ കണ്ടത്തിലൂടെയും തോട്ടു വരമ്പിലൂടെയും വാർത്ത അറിഞ്ഞു കൂടുതൽ ആളുകൾ താഴേക്കു പൊയ്ക്കൊണ്ടിരുന്നു .
അവരുടെ ഇടയിലൂടെ ബോബി പോളയിലേക്ക് കുതിച്ചു.
അത് തന്റെ ജോസൂട്ടി ആയിരിക്കരുതെന്ന് മാത്രമായിരുന്നു അവിടെ എത്തുന്നത് വരെയും ബോബിയുടെ പ്രാർത്ഥന.
ഓടി വന്നു കിതച്ചു കൊണ്ട് ചതുപ്പിനു മുന്നിലെ വരമ്പിൽ തടിച്ചു കൂടി നിൽക്കുന്ന ആളുകളുടെ പിന്നിലേക്ക് അവൻ കയറി.
അവരൊക്കെ തമ്മിൽ ഓരോന്ന് സംസാരിക്കുന്നത് കേൾക്കാമായിരുന്നു.
" രാവിലെ പുല്ലറുക്കാൻ വന്ന വറീതേട്ടനാണ് ആദ്യം കണ്ടേ. "
"ആരാണെന്ന് മനസ്സിലായോ? "
"ഇല്ല. മെമ്പർ പോലീസിനെ വിളിക്കാൻ പോയിട്ടുണ്ട്"
" പോലീസ് വന്നിട്ട് പുറത്തെടുത്താൽ മതി. ഇല്ലെങ്കിൽ എടുക്കുന്നവർ കൂടി കുടുങ്ങും. "
" എന്നാലും ഇത് ആര് ചെയ്ത ചെയ്ത്താണാവോ. "
എന്നിങ്ങനെയുള്ള ഒച്ചകൾ ഒരു മുഴക്കമായ് അവന്റെ കാതിൽ അലയടിച്ചു .
ആദ്യമായിരുന്നു അന്നാട്ടിൽ ഇങ്ങനെ ഒരു സംഭവം.
അതുകൊണ്ട് തന്നെ കാഴ്ചക്കാരുടെ എണ്ണം നിമിഷംപ്രതി കൂടി കൂടി വന്നു.
ആളുകളെ വകഞ്ഞു മാറ്റി അവൻ മുന്നിലേക്ക് ചെന്നു.
ചതുപ്പു നിലമായത് കൊണ്ട് വർഷങ്ങളായി കൃഷി ഇറക്കാതെ ഇട്ടിരിക്കുന്ന മൂന്നാലു കണ്ടങ്ങൾ.
അതിലൊന്നിൽ മുകളിലെ പൊറ്റ, ചവിട്ടി കുഴച്ചത് പോലെയുള്ള ചെളി വെള്ളത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന ആ കൈത്തലത്തിലേക്ക് ബോബി സൂക്ഷിച്ചു നോക്കി.
ഒന്നേ നോക്കിയുള്ളൂ.
ഏത് ആൾക്കൂട്ടത്തിനിടയിലും ഏതു പാതിരാവിലും ഒറ്റ നോട്ടത്തിൽ തന്നെ അവന് തിരിച്ചറിയാൻ പറ്റുന്ന അവന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ അതേ കൈത്തലം !
വിറച്ചു പോയി ബോബി.
തലയിൽ വെള്ളിടി വെട്ടിയ പോലെ ഒരു മരവിപ്പ്.
ചെളിക്കടിയിൽ നിന്നും കാലുകളിലേക്ക് വൈദ്യുതി പ്രവഹിക്കുന്നു.
ബോബിയുടെ നെഞ്ചിൻ കൂട് ശക്തമായി ഉയർന്നു താഴ്ന്നു.
ഹൃദയം നിലച്ചുപോകുമെന്ന് തോന്നി..
ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു.
അത് തൊണ്ടക്കുഴിയിൽ ഉറച്ചുപോകുകയും അവന്റെ മുഖത്തെ മാംസ പേശികൾ വിറകൊള്ളുകയും ചെയ്തു.
ഒരുനിമിഷം.
ഒരൊറ്റ നിമിഷം.
" എന്റെ പോന്നുമോനേ...... ജോസൂട്ടീ......!"
അതൊരു അലർച്ചയായിരുന്നു.
ദിക്കുകൾ പൊട്ടിത്തെറിക്കുമാറുച്ചത്തിലു ള്ള അലർച്ച.
ആഴിതിരമാലകൾ പ്രകമ്പനം കൊള്ളുന്ന അലർച്ച.
അപ്രതീക്ഷിതമായി കേട്ട നിലവിളിയിൽ
ചുറ്റും നിൽക്കുന്നവർ ഞെട്ടിവിറച്ചു. ആളുകൾ നോക്കി നിൽക്കെ അലറിക്കരഞ്ഞുകൊണ്ട് അവൻ കണ്ടത്തിലേക്ക് ചാടി ഇറങ്ങി.
ചേറിൽ പുതഞ്ഞുപോകുന്ന കാലുകൾ പ്രയാസത്തോടെ
വലിച്ചു നീക്കി സർവശക്തിയുമെടുത്ത് അവൻ മുന്നോട്ട് പാഞ്ഞു.
ചെളിക്കുഴമ്പിന് മീതെ, മുകളിലേക്ക് ഉയർന്നു നിൽക്കുന്ന അവന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ആ കൈപ്പത്തിയ്ക്കരികിലേക്ക്.
ഹൃദയഭേദകമായ കാഴ്ച.
ആളുകൾക്ക് അപകടം മണത്തു.
ചെളിക്കുള്ളിൽ താഴ്ന്നത് ജോസൂട്ടിയുടെ ദേഹം ആണെന്നവർ മനസിലാക്കിയത് അപ്പോഴാണ്.
കരഞ്ഞുവിളിച്ചോടുന്ന ബോബിയ്ക്ക് പിന്നാലെ രണ്ടുമൂന്നു പേർകൂടി ചതുപ്പിലേക്കിറങ്ങി .
അവന്റെ പിന്നാലെ ഓടി.
എന്നാൽ അവർ വിചാരിച്ചതുപോലെ കാലുകൾ നീങ്ങിയില്ല.
പൊങ്ങിനിൽക്കുന്ന കൈപ്പത്തിയ്ക്കരികിലേക്കെത്തിയ ബോബി ആ വിരലുകളിൽതൊട്ടു.
ഒരു ആർത്തനാദം അവന്റെ നെഞ്ചിൽ നിന്ന് മുഴങ്ങി.
ഒരു ഭ്രാന്തനെപ്പോലെ ജോസൂട്ടിയുടെ കൈയ്ക്ക് ചുറ്റുമുള്ള ചെളി രണ്ടു കൈ കൊണ്ടും അവൻ വാരി വാരി എറിഞ്ഞു.
തോരാമഴ പോലെ പെയ്യുന്ന കണ്ണുകൾ അവന്റെ കാഴ്ച മറച്ചെങ്കിലും ഒരുന്മാദിയെപ്പോലെ അവന്റെ കൈകൾ ചലിച്ചു കൊണ്ടിരുന്നു.
ഒപ്പം "ജോസൂട്ടീ...... " എന്ന് ഉറക്കെയുറക്കെ വിളിച്ചു കരയുന്നുണ്ടായിരുന്നു. ബോബിയുടെ സമനില തെറ്റിയെന്ന് കണ്ടു നിന്നവർക്ക് തോന്നി.
എപ്പോഴും ഒരുമിച്ച് കാണുന്നവർ.
അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും പരപ്പും അറിയുന്നവരാണ് അന്നാട്ടിലെ ഓരോരുത്തരും.
അതുകൊണ്ട് തന്നെ ആ ചെളിക്കുണ്ടിൽ താഴ്ന്നു കിടക്കുന്നത് ജോസൂട്ടിയാണെങ്കിൽ ഒരിക്കലും ബോബി സഹിക്കില്ലെന്ന് അവർക്ക് ഉറപ്പുണ്ട്.
അത് ജോസൂട്ടി തന്നെ ആണോ എന്നുറപ്പിക്കാൻ എല്ലാവരും കണ്ടത്തിലേക്ക് തന്നെ ഉറ്റു നോക്കി ശ്വാസമടക്കി നിന്നു.
ഓടി പാഞ്ഞെത്തിയ വർക്കി ഒറ്റ നോട്ടമേ നോക്കിയുള്ളൂ.
നെഞ്ചിലിടിച്ചു കരഞ്ഞു കൊണ്ട് അയാൾ വരമ്പിലേക്ക് കുഴഞ്ഞു വീണു.
ചങ്ക് പിളർക്കുന്നതായിരുന്നു കണ്ടത്തിലെ കാഴ്ച.
വർക്കി വീഴുന്നത് കണ്ടു കുറച്ചു പേർ അയാൾക്ക് ചുറ്റും കൂടി.
ബോബിയും കൂടെയുള്ള രണ്ടു പേരും ചേർന്ന് ചെളി വാരി മറുവശത്തേക്ക് മാറ്റുന്നതിന് അനുസരിച്ചു ജോസൂട്ടിയുടെ വിറങ്ങലിച്ച ദേഹം തെളിഞ്ഞു വന്നു.
ഒടുവിൽ ചെളികുഴിയിൽ ആ മുഖം വ്യക്തമായതോടെ ബോബി മുഴു ഭ്രാന്തനെ പോലെയായി.
അടുത്ത് നിന്ന രണ്ടു പേരെയും തള്ളി മാറ്റി കൊണ്ട് അവൻ ജോസൂട്ടിയെ ഒരു കുഞ്ഞിനെ എന്നപോലെ വലിച്ചുയർത്തി നെഞ്ചോട് ചേർത്തു.
അവന്റെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല .
ആടുകയാണ്.
അവന്റെ ഭ്രാന്തൻ ചെയ്തികൾ കണ്ടു ഭയന്നത് പോലെ ഒപ്പം ഉള്ളവർ മാറി നിന്നു.
അപ്പോഴും ജോസൂട്ടി ബോബിയുടെ നെഞ്ചോട് ചേർന്നു കിടന്നു.
പൊട്ടി കരഞ്ഞു കൊണ്ട് ആ മുഖത്തെ ചെളി ബോബി വിറയാർന്ന കരങ്ങൾ കൊണ്ട് തുടച്ചു മാറ്റി.
പിന്നെ ജോസൂട്ടിയെ വലിച്ചുയർത്തി അവൻ തോളിൽ ഏറ്റി .
മുന്നോട്ടു നടന്നു വരാൻ ബോബി കുറെയേറെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
ആളുകളുടെ ഇരമ്പൽ ചുറ്റും ഉയർന്നു. ഇരമ്പം മുഴക്കമായി.
ബോബി തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ വരമ്പിലേക്ക് കൊണ്ട് വന്നു കിടത്തിയപ്പോൾ ആ കാഴ്ച കാണാൻ ജനക്കൂട്ടം മുന്നിലേക്ക് തിക്കിതിരക്കി കയറി വന്നു.
ചെളിപുരണ്ട ജോസൂട്ടിയുടെ ശരീരം നെഞ്ചോട് ചേർത്ത് പിടിച്ചു തോട്ട് വരമ്പിലിരുന്നു ബോബി നെഞ്ച് പൊട്ടി കരഞ്ഞു.
ആരുടേയും കണ്ണ് നനയിക്കുന്ന കാഴ്ച ആയിരുന്നു അത്.
അപ്പോഴേക്കും ഓടി അണച്ചു വന്ന ലില്ലി തന്റെ പ്രിയപ്പെട്ടവന്റെ മുഖത്തേക്ക് ഒരു നിമിഷം ഉറ്റു നോക്കി നിന്നിട്ട് അലമുറയിട്ട്കൊണ്ട് ആ ദേഹത്തേക്ക് വീണു.
അവളെ വാരി മാറ്റാൻ ശ്രമിച്ചിട്ട് കഴിയാതെ , തലയിൽ കൈ വച്ചു കരഞ്ഞു കൊണ്ട് പെണ്ണമ്മയും അവരുടെ അടുത്തേയ്ക്കിരുന്നു. .
അപ്പോൾ പോളയുടെ കുറുകെയുള്ള റോഡിൽ വന്നു നിന്ന ജീപ്പുകളിൽ നിന്നും മെമ്പറും പോലീസ് സംഘവും വരമ്പിലൂടെ അവരുടെ സമീപത്തേയ്ക്ക് വരുന്നുണ്ടായിരുന്നു.

 



എന്നാലും ആ നാറിയുടെ കൈ എങ്ങനെ പൊന്തി വന്നൂന്നാ ? "
രാത്രിയിൽ തോട്ടത്തിൽ ഇരുന്നു വെള്ളമടിക്കുമ്പോൾ റെജി സ്വയമെന്നോണം ചോദിച്ചു.
തന്റെ ഗ്ലാസിലെ മദ്യം കാലിയാക്കുന്നതിനിടയിൽ തുടർച്ചയെന്നോണം കുട്ടാപ്പി പറഞ്ഞു.
" ഇവനൊക്കെ ചത്താലും സമാധാനം തരില്ലെന്ന് പറഞ്ഞാൽ എന്നാ ചെയ്യാനാന്നേ . രാവിലെ ഞാനൊന്ന് പോളയിൽ പോയി നോക്കണമെന്ന് വിചാരിച്ചാ പോയി കിടന്നേ . മുടിഞ്ഞ തണുപ്പല്ലായിരുന്നോ. എണീൽക്കാൻ തോന്നിയില്ല."
" ആരാടാ ആദ്യം കണ്ടേ? "
" ആ ഏതവനോ അവന്റെ അമ്മേ കെട്ടിക്കാൻ വെളുക്കും മുന്നേ ചെന്ന് കേറിയതാ. അതോടെ നാട് മൊത്തം ഇളകി. റെജി കണ്ടില്ലല്ലോ. എന്നാ ആളാരുന്നു. ഞാൻ ചെന്നപ്പോഴേക്കും ബോബി ശവം മാന്തിപൊളിച്ചു എടുത്തു കഴിഞ്ഞിരുന്നു. "
" ആർക്കെങ്കിലും സംശയം ഉണ്ടോടാ. "
" ആരും ഒന്നും പറയുന്ന കേട്ടില്ല. വല്ല കുഴപ്പവും ഉണ്ടാകുവോ റെജി? "
" ഒരു തെളിവും കിട്ടില്ലടാ . അമ്മാതിരി മഴ അല്ലായിരുന്നോ. ചെളിയിൽ ചവിട്ടി താഴ്ത്തിയത് കൊണ്ട് പോലിസ് നായ മണം പിടിച്ചാലും ഒന്നും കിട്ടുകേല. അഥവാ എന്നതേലും പ്രശ്നം ഉണ്ടായാൽ കാശ് കൊടുത്തു ഞാനത് ഒതുക്കി തീർത്തോളാം. എടാ പണവും സ്വാധീനവും ഉണ്ടെങ്കിൽ ഈ നാട്ടിലെ നീതിയും നിയമവുമൊക്കെ നമ്മുടെയീ പോക്കറ്റേൽ ഇരിക്കും. അതറിയോ നിനക്ക്... "
റെജിയുടെ കണ്ണുകൾ പൈശാചികമായി തിളങ്ങുന്നുണ്ടായിരുന്നു.
താൻ മോഹിച്ചതിനെ അതെന്നായാലും സ്വന്തമാക്കും എന്നൊരു ധ്വനി അവന്റെ വാക്കുകളിൽ കരിങ്കല്ല് പോലെ ഉറച്ചു കിടന്നു .
കുറച്ചു നേരമായി തൊട്ട് താഴെ റബ്ബറിന്റ അടുത്ത് ആരോ പതുങ്ങി നിൽക്കുന്നത് പോലെ റെജിയ്ക്ക് തോന്നി.
ഇരുൾ വീണു വ്യക്തമല്ലാത്തത് കൊണ്ട് അവൻ ഒന്നൂടെ ഒന്ന് സൂക്ഷിച്ചു നോക്കി.
കണ്ണുകൾ ആ നിഴൽവെട്ടം പിടിച്ചെടുത്തു ഒപ്പം ഉള്ളിലൊരു ആധി ഉണർന്നു.
"ആരടാ അത്? "
ചോദ്യത്തിനൊപ്പം കയ്യിലെ ടോർച്ച് അവൻ അവിടേക്ക് മിന്നിച്ചു.
അപ്പോൾ ബോബി തട്ട് കേറി അവരുടെ അടുത്തേക്ക് നടന്നു വന്നു.
പേടി കിട്ടിയത് പോലെ ഒരേ പോലെ നടുങ്ങികൊണ്ട് ഇരുവരും തിടുക്കത്തിൽ എണീറ്റു.
ടോർച്ചിന്റെ വെളിച്ചത്തിൽ കുളിച്ചു ബോബി മുന്നിൽ നിൽക്കുന്നു.
അവനെ കണ്ടാൽ ഒരു ഭ്രാന്തനെ പോലെ തോന്നിച്ചു.
രണ്ടു പേരെയും അവൻ മാറി മാറി നോക്കി.
" എന്നാ ബോബി? "
എത്ര ശ്രദ്ധിച്ചിട്ടും റെജിയുടെ സ്വരം ഒന്ന് പതറി.
കുട്ടാപ്പി ഓടാൻ തയ്യാറെടുക്കുകയായിരുന്നു.
ബോബി പെട്ടന്ന് മുഖം അമർത്തി തുടച്ചു.
പിന്നെ തളർന്ന സ്വരത്തിൽ പറഞ്ഞു.
" മരണ വീട്ടിൽ നിന്നും വരുവാടാ. ഇനി പച്ചയ്ക്ക് വീട്ടിൽ ചെന്നു കിടന്നാ ഉറക്കം വരുകേല. അക്കരെ ഷാപ്പ് വരെ ഒറ്റയ്ക്ക് പോകാൻ ഒരു മടി . ജോസൂട്ടി ഉള്ളപ്പോൾ ഏത് പാതിരായ്ക്കും എവിടെ പോകാനും ഒരു ധൈര്യമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ എന്തോ ഒരു പേടി പോലെ. എങ്ങോട്ട് നോക്കിയാലും അവൻ മുന്നിൽ വന്നു നിന്ന് ചിരിക്കുന്നു. അപ്പോൾ തോന്നി നിങ്ങൾ ഇവിടെ ഉണ്ടെങ്കിൽ ഒരു തൊണ്ണൂറ് പിടിപ്പിച്ചിട്ട് വീട്ടിലേക്കു പോകാന്നു "
" അത്രേ ഉള്ളോ. "
റെജി ആശ്വാസത്തോടെ ചിരിച്ചു ഒപ്പം ഇടം കണ്ണിട്ട് കുട്ടാപ്പിയെ ഒന്ന് നോക്കി.
ബോബി നിലത്തേയ്ക്ക് ഇരുന്നു കഴിഞ്ഞു.
കുട്ടാപ്പി മുഖം കൊണ്ട് എന്തോ ആംഗ്യം കാണിച്ചു.
അതെന്താണെന്ന് റെജിക്ക് മനസിലായില്ല.
"ഇരിക്ക് റെജി "
ബോബിയുടെ ഒച്ച.
അറിയാതെ ഇരുവരും താഴേക്ക് ഇരുന്നു.
ടോർച്ച് റെജിക്ക് അരുകിൽ കത്തി തന്നെ കിടന്നു.
റെജി തന്നെ ഗ്ലാസിലേക്ക് മദ്യം പകർന്നു വച്ചു.
അതിലേക്ക് വെള്ളം ചേർക്കാൻ ബോട്ടിൽ എടുക്കും മുന്നേ തിടുക്കത്തിൽ അതെടുത്തു ബോബി ഒറ്റ വലിക്ക് അകത്താക്കി.
" സിഗരറ്റ് ഉണ്ടോ റെജി ? "
ചുണ്ട് തുടച്ചു കൊണ്ട് ബോബി കൈ നീട്ടി.
റെജി സിഗരറ്റും ലൈറ്ററും അവന്റെ കൈ വെള്ളയിൽ വച്ചു കൊടുത്തു.
സിഗരറ്റ് കത്തിച്ചു പുക ഊതി വിട്ടു കൊണ്ട് ഒരു പെഗ് കൂടി ഒഴിക്കാൻ അവൻ നിർദേശിച്ചു.
അവന്റെ ഓരോ നീക്കവും നിരീക്ഷിക്കുകയായിരുന്നു കുട്ടാപ്പി.
അവന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഊറികൂടുന്നുണ്ടായിരുന്നു.
ഏത് നിമിഷവും ഒരു ബോംബ് പോലെ ബോബി ഒരു പൊട്ടിത്തെറിച്ചേക്കും എന്നവൻ പ്രതീക്ഷിച്ചു.
റെജി കൊടുത്ത അടുത്ത പെഗും വെള്ളം തൊടാതെ ബോബി വിഴുങ്ങി.
" ഇങ്ങനെ കുടിക്കല്ലേ ബോബി കൂമ്പ് കത്തി പോകും "
റെജി ഓർമിപ്പിച്ചു.
" ഓ ഇനി എന്നാ നോക്കാനാ "
" അങ്ങനെ അല്ലല്ലോ....മരിച്ചവരോ മരിച്ചു. ബോബിക്ക് ഇനിയും ജീവിക്കണ്ടായോ? "
" അത് ശരിയാ റെജി. "
ബോബി വീണ്ടും സിഗരറ്റ് വലിച്ചു പുക ഊതി വിട്ടു.
" ചത്തു കഴിഞ്ഞാ പിന്നെ അവരെ കൊണ്ടൊക്കെ എന്നാ ഗുണമാ. അല്യോ ? എന്നാലും ഏത് നേരവും നിഴല് പോലെ കൂടെ നടന്ന ചെറുക്കനല്യോ. ഇനി കാണാൻ പറ്റില്ലെന്നോർക്കുമ്പം നെഞ്ചിലൊരു പിടപ്പ്. "
ബോബി വീണ്ടും മുഖം അമർത്തി തുടച്ചു.
ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല.
തുടർന്നു ബോബി ശബ്ദിച്ചു.
" അത് വിട്...ഞാനൊരു കാര്യം ചോദിക്കട്ടെ റെജി ? "
" എന്നതാ? "
" നീ ഒന്നും വിചാരിക്കരുത്. ഒരു ആങ്ങളയുടെ നെഞ്ചിലെ സങ്കടം കൊണ്ട് പറയുവാന്ന് കരുതിക്കോ. "
" എന്നതായാലും ബോബി പറഞ്ഞോ. "
" റെജിക്ക് ഇപ്പോഴും ആ പഴയ ഇഷ്ടം അവളോട് ഉണ്ടെങ്കിൽ എന്റെ ലില്ലിയെ നിനക്ക് തന്നെ കെട്ടിക്കൂടെ...."
ബോബിയുടെ ശബ്ദം ഇടറിയ പോലെ തോന്നിച്ചു.
വിശ്വാസം വരാത്തത് പോലെ റെജി നോക്കി.
ബോബി തുടർന്നു.
" അവളെ ജോസൂട്ടിയെ കൊണ്ട് കെട്ടിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഇനി അത് നടക്കില്ല. അതും ആലോചിച്ചു സമയം കളഞ്ഞിട്ടു കാര്യമില്ലല്ലോ. "
" ലില്ലിയെ ഞാൻ കെട്ടിക്കോളാം ബോബി. എനിക്ക് യാതൊരു ഇഷ്ടക്കുറവും ഇല്ല. "
ഉത്സാഹത്തോടെ റെജി പറഞ്ഞു.
അവന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞു കവിഞ്ഞു.
ആവേശത്തോടെ മുന്നോട്ട് ആഞ്ഞിരുന്നു ഗ്ലാസിലേക്ക് കുറച്ചു കൂടുതൽ മദ്യം പകർന്നു അവന്റെ നേരെ നീട്ടി.
" ബോബി ഇതങ്ങോട്ട് പിടിപ്പിച്ചേ. ലില്ലിയുടെ കാര്യം ഓർത്ത് ബോബി വിഷമിക്കണ്ട. ലില്ലിക്ക് സമ്മതമാണെങ്കിൽ നമ്മൾ ആദ്യം തീരുമാനിച്ച പോലെ ഇരുപത്തിയേഴാം തീയതി കെട്ടു കല്യാണം നടത്തി വയ്ക്കാം. "
ബോബിയുടെ മുഖത്ത് ഒരു തെളിച്ചം വന്നു.
" എല്ലാം ഒന്ന് മറക്കാൻ അവൾക്ക് കുറച്ചു സാവകാശം കൊടുക്കണം. "
" അങ്ങനാന്നേൽ ഞാൻ പോയിട്ട് വന്നിട്ട് മതിയോ?"
" കുറച്ചു വൈകിയാലും കുഴപ്പമില്ല എനിക്കിപ്പോ റെജിയുടെ ഒരു ഉറപ്പ് കിട്ടിയാൽ മതി..."
" വാക്ക് റെജിയുടെയാ. മാറില്ല. "
" എന്നാ പിന്നെ എല്ലാവർക്കും കൂടി ഒഴിച്ചാട്ടെ... "
ബോബി ഉഷാറായി കഴിഞ്ഞതായി റെജിക്കും കുട്ടാപ്പിയ്ക്കും തോന്നി.
കുപ്പി കാലിയാവുന്നത് വരെ അവർ പല കാര്യങ്ങൾ സംസാരിച്ചിരുന്നു.
ഒടുവിൽ ബോബി ഒരു നിർദേശം വച്ചു.
" എന്നതായാലും ഇന്നിനി ഉറങ്ങാൻ പറ്റുകേല. എന്നാ പിന്നെ നമുക്ക് എല്ലാർക്കും കൂടി പോളയിലേക്ക് വിട്ടാലോ. കുറച്ചു കുളക്കോഴിയെയൊക്കെ തപ്പിപിടിച്ചു കൊണ്ട് വരാം. കുറേ നാളായി ഒന്ന് പൊരിച്ചടിച്ചിട്ട്.. എന്നാ പറയുന്നു. "
റെജിക്കും കുട്ടാപ്പിക്കും പൂർണ്ണ സമ്മതം.
ബോബി മുന്നിലും ടോർച്ചു തെളിച്ചു കൊണ്ട് തൊട്ട് പിന്നിൽ റെജിയും കുട്ടാപ്പിയും എന്ന കണക്കിൽ അവർ തോട്ടം ഇറങ്ങി.
റോഡിൽ എത്തിയപ്പോൾ ബോബി കലുങ്കിലേക്ക് കയറി ഇരുന്നു.
ടോർച്ചു തെളിച്ചു റെജി തൊട്ട് വരമ്പിലേക്ക് ഇറങ്ങി.
പിന്നാലെ ഇറങ്ങും മുന്നേ കുട്ടാപ്പി തിരിഞ്ഞു നോക്കി വിളിച്ചു.
" വാ ബോബി. "
" വരുവാ... പെട്ടന്ന് നടുവിൽ എന്തോ മിന്നി പിടിച്ചത് പോലെ. നിങ്ങൾ നടന്നോ ഞാൻ കൂടെ ഉണ്ട്. "
ഒരു നിമിഷം കൂടി കണ്ണടച്ചിരുന്നിട്ട് ബോബി എണീറ്റു അവർക്ക് പിന്നാലെ നടന്നു.
റോഡിലൂടെ മരണ വീട്ടിലേക്ക് ആളുകൾ ഒറ്റപെട്ടു പോവുകയും വരുകയും ചെയ്യുന്നുണ്ടായിരുന്നു.
വിശാലമായ കണ്ടത്തിനു മുകളിൽ തെളിഞ്ഞ ആകാശം.
ടോർച്ചു വെളിച്ചം ഇല്ലെങ്കിലും മുന്നിൽ നടന്നു പോകുന്നവരെ ബോബിയ്ക്ക് വ്യക്തമായി കാണാമായിരുന്നു.
ചീവീടുകളുടെ ഒച്ച മാത്രം ചുറ്റും കേൾക്കാം.
തന്റെ പട്ടാള കഥകളൊക്കെ മുന്നിൽ പോകുന്ന റെജി പറയുന്നത് ബോബി ശ്രദ്ധിച്ചില്ല.
പോളയിൽ എത്താൻ ഇനി കുറച്ചു ദൂരം മാത്രം.
പൊടുന്നനെ മുന്നിൽ പോകുന്ന കുട്ടാപ്പിയെ ഇളികൂട്ടിൽ പൊക്കിയെടുത്തു ബോബി തോട്ടിലേക്ക് ചാടി.
അവനൊന്നു ഒച്ച വയ്ക്കാനുള്ള സാവകാശം പോലും കിട്ടുന്നതിന് മുന്നേ കുട്ടാപ്പിയുടെ തല വെള്ളത്തിനടിയിലേക്ക് ബോബി ചവിട്ടി പിടിച്ചു കഴിഞ്ഞു.
ഒറ്റ നിമിഷം കൊണ്ടാണ് ഇത്രയും നടന്നത്.
വെള്ളത്തിൽ എന്തോ ചെന്നു വീഴുന്ന ഒച്ച കേട്ട് റെജി വെട്ടി തിരിഞ്ഞു നോക്കി.
പിന്നിൽ ആരുമില്ല.
അപ്പോൾ തോട്ടിലേ വെള്ളത്തിൽ പിടച്ചടിക്കുന്നത് പോലെ ഒരു ഒച്ച കെട്ടു.
ടോർച്ചു തെളിച്ചു കൊണ്ട് അവൻ അവിടേക്ക് ഓടി വന്നു.
ബോബി വരമ്പിലേക്ക് ചേർന്ന് ചിരിച്ചു കൊണ്ട് നിൽപ്പുണ്ട്.
ചെകുത്താൻ നിന്ന് ചിരിക്കുന്ന പോലെ റെജിക്ക് തോന്നി.
കുഴിമാടത്തിൽ നിന്നുയിർത്തെഴുന്നേറ്റ പിശാച് ഇരയെ കണ്ടത് പോലെ ഭീതി തോന്നിപ്പിക്കുന്ന ചിരി.
അമ്പരപ്പോടെ അവൻ തോട്ടിലേക്ക് ടോർച്ച് അടിച്ചു നോക്കി.
കുട്ടാപ്പിയുടെ കൈ കാലുകൾ വെള്ളത്തിൽ അടിച്ചു തള്ളുന്ന ഭീകരമായ കാഴ്ച.
ഒറ്റ നിമിഷം കൊണ്ട് റെജിയുടെ കെട്ടിറങ്ങി.
അവന്റെ കണ്ണുകളിൽ പേടി നിറഞ്ഞു.
എന്ത് ചെയ്യണമെന്ന് ചിന്തിക്കും മുന്നേ ബോബി കൈ വീശി അവന്റെ കാലിൽ ഒരൊറ്റ വെട്ടു വെട്ടി.
റെജി കമഴ്ന്നടിച്ചു വരമ്പിൽ വീണു.
കയ്യിലെ ടോർച്ച് തെറിച്ചു തോട്ടിലേക്ക് പോയി.
മുഖമടിച്ചു വീണ റെജി തിരിഞ്ഞു പിടച്ചെണീൽക്കാൻ തുടങ്ങും മുന്നേ ബോബിയുടെ കൈ ഒരു കത്രിക പൂട്ട് പോലെ കഴുത്തിൽ വീണു കഴിഞ്ഞു.
ആ കൈ വിടുവിക്കുവാൻ ശ്രമിച്ചു കൊണ്ട് റെജി കുതറി.
അതിനനുസരിച്ചു അത് മുറുകി മുറുകി വന്നു.
ഒടുവിൽ ശ്വാസം കിട്ടാത്ത അവസ്ഥ.
ആ സമയം തോട്ടിലെ പിടച്ചിലിന് ശക്തി കുറഞ്ഞു വന്നു.
രക്ഷയ്ക്ക് വേണ്ടി കൈ പിന്നിലേക്ക് നീട്ടി ബോബിയുടെ തലയിലും മുതുകിലും റെജി പരതി പിടിച്ചു
അപ്പോൾ കാതിനരുകിൽ ബോബിയുടെ മുരൾച്ച കെട്ടു.
" എന്റെ ജീവന്റെ പാതിയെ ചെളിയിൽ ചവിട്ടി താഴ്ത്തിയിട്ട് നിന്നെയൊക്കെ ഞാൻ സുഖമായി ജീവിക്കാൻ വിടുമെന്ന് കരുതിയോടാ പൊലയാടി മക്കളെ.... !"
അത് മരണമണി പോലെ റെജിക്ക് തോന്നി.
വെള്ളത്തിൽ കുട്ടാപ്പിയുടെ പിടച്ചിൽ അവസാനിച്ചു കഴിഞ്ഞിരുന്നു.
കുമിളകൾ മാത്രം തള്ളി അവന്റെ ജീവൻ പൊലിഞ്ഞു.
രക്ഷപെടാനുള്ള അവസാന ശ്രമം പോലെ റെജിയുടെ കൈകൾ ബോബിയുടെ മുതുകിലായി ഷർട്ടിൽ കൂട്ടി പിടിച്ചു സർവ്വ ശക്തിയുമെടുത്തു അവനെ പൊക്കിയെടുത്തു തന്റെ മുകളിലൂടെ കണ്ടത്തിലേക്ക് എറിഞ്ഞു.
ശ്വാസം തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കഴുത്തിൽ പൊത്തി പിടിച്ചു റെജി വരമ്പിൽ ഇരുന്നു ചുമച്ചു.
അപ്പോൾ കുട്ടാപ്പിയുടെ ദേഹം തോട്ടിലൂടെ പോളയിലേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു.
കണ്ടത്തിൽ ഇരു കൈ കുത്തി ബോബി എണീറ്റ് നിന്നു.
മദമിളകി നിൽക്കുന്ന ഒറ്റയാനെ പോലെ തോന്നിച്ചു ബോബിയെ.
മസ്തകമിളക്കി ചിഹ്നം വിളിച്ചു അത് തന്റെ നേരെ പാഞ്ഞടുക്കുന്നു.
ഭയപ്പാടോടെ റെജി എണ്ണീറ്റു വരമ്പിലൂടെ റോഡ് ലക്ഷ്യമാക്കി ഓടി.
ഒപ്പം സമനിരയിൽ കണ്ടത്തിലൂടെ ഓടി വന്ന ബോബി ചാടിയൊരൊറ്റ ചവിട്ടിന് റെജിയെ തോട്ടിലേക്ക് വീഴിച്ചു.
ഒപ്പം ബോബിയും വെള്ളത്തിലേക്ക് ചാടിയിറങ്ങി.
മരണ വെപ്രാളത്തോടെ റെജി വരമ്പിലേക്ക് പൊത്തി പിടിച്ചു കയറാൻ തുടങ്ങുമ്പോൾ ബോബി അവന്റെ കാലിൽ പിടിച്ചു തോട്ടിലേക്ക് വലിച്ചിറക്കി. ബോബിയെ ചവിട്ടി തള്ളിയെറിഞ്ഞു കൊണ്ട് റെജി വരമ്പിലേക്ക് ചാടി കയറി വെപ്രാളത്തോടെ ഓടിയത് പോളയിലേക്കാണ്. ബോബി പിന്നാലെ പാഞ്ഞു വന്നു റെജിയുടെ കഴുത്തു ലക്ഷ്യം വച്ചു കൈ വീശി ആഞ്ഞടിച്ചു. തല്ലിയലച്ചു അവൻ കണ്ടത്തിൽ വീണു. അവന്റെ ഇടതു കാലിൽ പിടിച്ചു ബോബി ഒരൊറ്റ കറക്കിന് തിരിച്ചു കിടത്തി. അപ്പോൾ വലത് കാലുയർത്തി റെജി ബോബിയുടെ വയറ്റിൽ ആഞ്ഞു ചവിട്ടി.
ബോബി പിന്നിലേക്ക് തെറിച്ചു വീണു.

എന്തായാലും പെട്ടു എന്നാലിനി പോരാടാൻ തന്നെ തീരുമാനിച്ചു റെജി കരുത്താർജിച്ചു എണീറ്റ് വന്നു ബോബിയുടെ മേലേക്ക് ചാടി വീണു. ബോബിയുടെ കഴുത്തിൽ ശ്വാസം മുട്ടിക്കുമ്പോലെ കുത്തി പിടിച്ചു. അവന്റെ കൈ തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ട് ബോബി കണ്ണുകൾ കൊണ്ട് ചുറ്റും പരതി. കണ്ടത്തിൽ പശുവിനെ കെട്ടാൻ കുറ്റി അടിച്ചു വച്ചതിനു സമീപം കിടക്കുന്ന പാറ കഷ്ണം അവൻ കൈ നീട്ടി പരതി എടുത്തു. ശക്തിയായ് മുഖത്തേറ്റ ഇടിയിൽ അലറി വിളിച്ചു കൊണ്ട് മുഖം പൊത്തിപിടിച്ചു റെജി പിന്നോക്കം വീണു. പാറ കഷ്ണവുമായി ബോബി ഉയർന്നു. മുഖം പൊത്തി പിടയുന്ന റെജിയുടെ കാൽ മുട്ടു നോക്കി അവൻ ആഞ്ഞിടിച്ചു. 

പച്ചമാംസം തകർന്നു എല്ലിൽ ചെന്നിടിച്ച ഒച്ച കേട്ടു റെജിയുടെ അലർച്ച കണ്ടം ചുറ്റി അലയടിച്ചു. രാത്രിയുടെ നിശബ്ദതയിൽ ആർത്തനാദമായി അത് നാലു കരകളിലേക്കും മുഴങ്ങി കേട്ടു. മരണ വീട്ടിൽ നിന്നും മടങ്ങുന്ന നാൽവർ സംഘമാണ് അത് ആദ്യം കേട്ടത്. അപ്പോൾ പ്രാണൻ വേർപെടുന്നത് പോലെയുള്ള അലർച്ച വീണ്ടും കേൾക്കുന്നു. കല്ല് കൊണ്ട് ഇടിച്ചു പൊട്ടിച്ച കാലിൽ പിടിച്ചു ബോബി കണ്ടത്തിലൂടെ റെജിയെ വലിച്ചിഴച്ചു കൊണ്ട് പോയി.

"കൊല്ലല്ലേ....... ബോബി എന്നെ കൊല്ലല്ലേ......" അവശനായ റെജി ഭീതിയോടെ കൈ ഉയർത്തി വിലക്കി കൊണ്ട് കരഞ്ഞു. ബോബി അത് കേട്ടില്ല.

അവന്റെ മനസ് മൊത്തം ചെളിയിൽ മൂടിയ അവന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മുഖം മാത്രം ആയിരുന്നു.
അവനെ ഇല്ലാതാക്കിയവനെ ജീവനോടെ വിടാൻ ബോബിയ്ക്ക് ഒരിക്കലും കഴിയില്ല.
അതിനി ആരെന്തൊക്കെ പറഞ്ഞാലും ആരൊക്കെ തടഞ്ഞാലും.
ആളുകൾ പാടവരമ്പിലൂടെ ടോർച്ചു തെളിച്ച് ഓടി വരുന്നുണ്ടായിരുന്നു.
ജോസൂട്ടിയെ ചവിട്ടി താഴ്ത്തിയ കണ്ടത്തിലേക്ക് റെജിയെ ബോബി വലിച്ചിറക്കി .
വരമ്പിലൂടെ ഓടി അണച്ചു വന്നു നിന്നവർ ചതുപ്പ് കണ്ടത്തിലേക്ക് ടോർച്ചു അടിച്ചു നോക്കി.
ജോസൂട്ടി കിടന്നിരുന്ന അതേ കണ്ടത്തിൽ, ചേറ് മാന്തി പൊളിച്ചു മാറ്റി ഇട്ടിരുന്ന അതേ കുഴിയിലേക്ക് ജീവനോടെ റെജിയെ ചവിട്ടി താഴ്ത്തുകയാണ് ബോബി.
ആ രംഗം കണ്ടു ഞെട്ടി വിറച്ചു അവർ വിളിച്ചു പറഞ്ഞു.

"ബോബി..... വേണ്ട അവനെയൊന്നും ചെയ്യരുത്... "
ബോബി അത് കേട്ടില്ല.
" രക്ഷിക്കണേ....... എന്നെ രക്ഷിക്കണേ...."
ആളുകളെ കണ്ടു ഉടൽ മൊത്തം ചെളിയിലേക്ക് താഴ്ന്ന റെജി പ്രാണഭയത്തോടെ ഉറക്കെയുറക്കെ കരഞ്ഞു.
"ഒറ്റൊരെണ്ണം ഇങ്ങോട്ട് ഇറങ്ങിയേക്കരുത്..."
വിരൽ ചൂണ്ടി ബോബി ഗർജ്ജിച്ചു.
"എന്റെ ജോസൂട്ടിയെ ഇല്ലാതാക്കിയത് ഇവനാണ്. ഈ ചെറ്റ. എന്റെ ചെറുക്കൻ അനുഭവിച്ച വേദന ഈ നെറികെട്ട നായയും അറിയണം. അതറിഞ്ഞു തന്നെ മരിക്കണം. അല്ലാതെ കാശ് കൊടുത്ത് രക്ഷപെടുന്ന ഒരു നിയമത്തിനും ഒരു കോടതിയ്ക്കും ഞാനിവനെ വിട്ടു കൊടുക്കില്ല. ഇവന്റെ ശിക്ഷ ഞാൻ വിധിക്കും. ഇവനുള്ള ശിക്ഷ ഞാൻ നടപ്പാക്കും...! "

അരുതെന്ന് ഒച്ചയിട്ട് വിലക്കുന്നവരെ അവഗണിച്ചു കൊണ്ട് ചെളിക്ക് മുകളിലെ റെജിയുടെ തല ബോബി അലറി വിളിച്ചു കൊണ്ട് താഴേക്ക് ചവിട്ടി താഴ്ത്തി. പിന്നെ ആടി ഉലഞ്ഞു അവൻ പിന്നിലെക്ക് നീങ്ങി.
ചെളിവെള്ളത്തിന് മുകളിലേക്ക് റെജിയുടെ പ്രാണൻ കുമിളകളായി ഉയർന്നു വന്നുകൊണ്ടിരുന്നു.
ചതുപ്പ് നിലത്തിന് മുകളിൽ കട്ടിയേറിയ ആവരണമായി പൊതിഞ്ഞിരിക്കുന്ന പൊറ്റയ്ക്ക് മേലേക്ക് ബോബി മലർന്ന് കിടന്നു.

പിന്നെ മുകളിലേക്ക് നോക്കി "ജോസൂട്ടീ..."എന്ന് ഹൃദയം പൊടിയുന്ന വേദനയോടെ ഉറക്കെ വിളിച്ചു.
അതിന് മറുപടി എന്നോണം ആകാശത്ത് നിന്നും മാലാഖമാർ വിശുദ്ധജലം തൂകുന്നത് പോലെ മഴത്തുള്ളികൾ അവന്റെ മേലേക്ക് പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

(നോവൽ ഇവിടെ അവസാനിക്കുന്നു.)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ