ഭാഗം 14
സന്ധ്യയ്ക്ക് തങ്കച്ചൻ കയറി വന്നത് പുതിയൊരു വാർത്തയുമായാണ്. ബോബി തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു. വർഗീസ്മാപ്ലയെ കണ്ട കാര്യം അവൻ വീട്ടിൽ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എങ്ങനെയാണ് അതിവിടെ അവതരിപ്പിക്കേണ്ടതെന്നുള്ള ചിന്തയിലായിരുന്നു അവൻ.മനക്കട്ടി ഉള്ളത് കൊണ്ട് അമ്മച്ചിയെ അതൊന്നും ബാധിക്കാൻ ഇടയില്ല. പക്ഷെ ലില്ലി. അവൾ സഹിക്കില്ല. അപ്പനെ പോയി കാണണമെന്ന് പറഞ്ഞു പെണ്ണ് ബഹളം തുടങ്ങും. ആരെയും വേണ്ടെന്നു പറഞ്ഞു തന്നിഷ്ടത്തിന് പോയി കിടക്കുന്ന ആളെ ഇനിയും പോയി കാലുപിടിക്കുന്നതിനോട് ബോബിയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. എപ്പോഴെങ്കിലും മനസ്സ് തോന്നി വരുന്നെങ്കിൽ വരട്ടെ. തങ്കച്ചന്റെ സംസാരം കേട്ട് പെണ്ണമ്മ പുറത്തേക്ക് ഇറങ്ങി ഇരുന്നപ്പോൾ ലില്ലി പ്രധാനമുറിയുടെ ജനാലയ്ക്കൽ ചെവി കൂർപ്പിച്ചു നിന്നു.
"നിങ്ങൾക്ക് ചക്കാലക്കൽ കുടുംബക്കാരെ അറിയത്തില്യോ? "
തങ്കച്ചന്റെ മുഖത്ത് എന്തോ നല്ല സന്തോഷം കാണുന്നുണ്ടായിരുന്നു. ബോബി പെട്ടന്ന് ജാഗരൂകനായി.
"നമ്മുടെ ഇടവകയിലുള്ളവരെ പിന്നെ അറിയാതിരിക്കോ?" പെണ്ണമ്മ ചോദിച്ചു.
"അപ്പൊ അവിടുത്തെ റെജിമോനെയും അറിയാതിരിക്കില്ലല്ലോ? "
"ആ പട്ടാളത്തിൽ പോയ ചെറുക്കനല്യോ. കണ്ടിട്ടുണ്ട്. കാര്യം എന്നാന്ന് തെളിച്ചു പറ തങ്കച്ചാ. "
"അവനിവിടുത്തെ ലില്ലിയെ കെട്ടാൻ താല്പര്യം ഉണ്ട്. വഴിയിലെങ്ങാണ്ട് വച്ചു പെങ്കൊച്ചിനെ കണ്ടു ഇഷ്ടപ്പെട്ടന്നൊക്കെയാ വീട്ടിൽ പറഞ്ഞേക്കുന്നെ. നിങ്ങളോട് ചോദിച്ചു താല്പര്യം ഉണ്ടോന്ന് തിരക്കി വരാൻ അവറാച്ചനും മോളികുട്ടിയും കൂടി എന്നോട് പറഞ്ഞേൽപ്പിച്ചു വിട്ടിരിക്കയാ."
"അത് നടക്കില്ല. "
ബോബി അറുത്തു മുറിച്ചു പറഞ്ഞു.
ഒരു പൂവ് പോലെ വിടർന്ന പെണ്ണമ്മയുടെ മുഖം പെട്ടന്ന് കറുത്തു.
"അതെന്നാ നടക്കാത്തെ? "
അവർ മുഖം ചുളിച്ചു നോക്കി.
"ആ പെമ്പിള്ളേം അവനും ശരിയല്ല. "
ബോബി അമ്മച്ചിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
"ഈ പറയുന്ന നീ ശരിയാന്നോ ? "
പെണ്ണമ്മയ്ക്ക് ശരിക്കും കലി വന്നിരുന്നു.
തങ്കച്ചൻ ഇടക്ക് കയറി.
"ഇക്കാര്യം കേട്ടാൽ ബോബി സമ്മതിക്കില്ലെന്നും . അവർക്ക് ബോബിയോട് ദേഷ്യം ഒന്നുമില്ലെന്നും പ്രത്യേകം പറയാൻ പറഞ്ഞിട്ടുണ്ട്. "
പെണ്ണമ്മ അമ്പരന്ന് നോക്കി.
"അതെന്നതാ തങ്കച്ചാ ഇവനുമായിട്ട് എന്നാ പ്രശ്നം? "
"മുൻപെങ്ങോ റെജിമോനും ബോബിയും കൂടി നമ്മുടെ താഴെ കണ്ടത്തിൽ വച്ചു ഒന്നും രണ്ടും പറഞ്ഞൊന്ന് കോർത്തു. അതിന്റൊരു ചൊരുക്ക്. ബോബിയുടെ മനസ്സിൽ കിടപ്പുണ്ട്. "
"ഇതാന്നോ ഇത്ര വലിയ പ്രശ്നം? "
"എനിക്കത് വലിയ പ്രശ്നം തന്നെയാ "
ബോബി അനിഷ്ടത്തോടെ പറഞ്ഞു.
"ആണെങ്കിൽ അത് മനസ്സിൽ വച്ചിരുന്നാ മതി. നീ മെക്കിട്ട് കേറാത്ത ആരെങ്കിലും നമ്മുടെ ഇടവകയിൽ ഉണ്ടോ? തിന്നാനും കുടിക്കാനും ഉണ്ടായിട്ട് കൂടി താന്തോന്നി ആയി പോവാതെ മര്യാദയ്ക്ക് പഠിച്ചു ഒരു ജോലി വാങ്ങിച്ചു സ്വന്തം കാലിൽ നിൽക്കുന്ന ചെറുക്കാനാ അത്. ഇന്നാട്ടിലെ ഒരാളും അവനെ പറ്റി മോശം പറഞ്ഞു കേട്ടിട്ടില്ല. മറിച്ചു നീയോ ? ആരെങ്കിലും നിന്നെ പറ്റി നല്ല അഭിപ്രായം പറയോ ? അത് കൊണ്ട് മറ്റുള്ളവരെ പറ്റി നീ കൂടുതൽ കുറ്റം ഒന്നും പറയണ്ട "
"ജോലി മാത്രമോ. അഞ്ചാറേക്കാർ റബ്ബർ തോട്ടവും കുരുമുളകും പത്തിരുപത് പറ കണ്ടവും എല്ലാം കൂടി അവിരിവിടുത്തെ ജന്മിമാരുടെ കൂട്ടത്തിൽ ഉള്ളവരല്ലിയോ. ഒറ്റ മോനും. പുറം നാട്ടിൽ നിന്ന് ഒരു കൂട്ടര് വന്നാൽ നമ്മുടെ അപ്പനപ്പാപ്പന്മാരുടെ ചരിത്രം പോലും ചികഞ്ഞു നോക്കും. ഇവിടത്തുകാരാവുമ്പോൾ അങ്ങനൊരു പ്രശ്നം ഇല്ല. പിന്നെ ഒറ്റ രൂപാ പോലും സ്ത്രീധനം വേണ്ടെന്നാ പറഞ്ഞേക്കുന്നെ. നിങ്ങൾക്ക് സമ്മതം ആണെങ്കി റെജി മോൻ ലീവ് കഴിഞ്ഞു പോകുന്നതിനു മുന്നേ മനസമ്മതം നടത്തി വിടാനാ അവരുടെ പ്ലാൻ. നിങ്ങടെയൊരു സമ്മതം മാത്രം മതി. "
ആലോചിക്കാനുള്ള സമയം പോലും പെണ്ണമ്മ എടുത്തില്ല.
"അവരോട് ഞങ്ങൾക്ക് സമ്മതം ആണെന്ന് തങ്കച്ചൻ പറഞ്ഞേക്ക്. "
"ബോബി എന്നാ ഒന്നും മിണ്ടാത്തെ? "
തങ്കച്ചന് ബോബിയുടെ മറുപടി കേട്ടാൽ മതി.
ജനാലയ്ക്കൽ നിൽക്കുന്ന ലില്ലിക്കും.
"ഞാനെന്നാ പറയാനാ. പറയാനുള്ളതൊക്കെ അമ്മച്ചി പറഞ്ഞില്യോ. "
"അതാന്നോ നിന്റെ മറുപടി? "
പെണ്ണമ്മ പുരികം ചുളിച്ചു നോക്കി.
ബോബി മിണ്ടിയില്ല.
"ഈ പൊളിഞ്ഞ വീടും ചുറ്റു വട്ടവും ഇഷ്ടപെട്ടില്ലെന്ന് പറഞ്ഞാ ഒരു കൂട്ടര് ഒഴിവാക്കി പോയേ. ഇനി വരുന്നവരും അങ്ങനെയൊക്കെ തന്നെ ആയിരിക്കില്ലെന്ന് എന്നതാ ഉറപ്പ്. പിന്നെ നിന്റെ അപ്പൻ ഇറങ്ങി പോയതിന്റെ കാരണം വേറെ ബോധിപ്പിക്കണം. അത് മറ്റൊരു കുരിശ്. ഇതാവുമ്പോ ഒരേ നാട്ടുകാര്. കൂടുതൽ ചോദ്യവും പറച്ചിലും ഒന്നുമില്ല . പൊന്നും പണവും ഒന്നും വേണ്ടന്ന് കൂടി പറഞ്ഞു വിട്ടേക്കുന്നു. എല്ലാത്തിനും പുറമെ ചെറുക്കന് ഒരു ജോലി ഉണ്ട്. അത് മാത്രം നോക്കിയാലും ആരും ഈ കല്യാണത്തിന് കണ്ണടച്ചു സമ്മതിക്കും. ഇതിൽ നിനക്ക് ഇഷ്ടപ്പെടാത്തത് എന്നതാ. അതൊന്ന് അറിഞ്ഞാൽ കൊള്ളാം. "
" എന്നാന്ന് വച്ചാ തീരുമാനിച്ചു പറഞ്ഞാൽ മതി. "
ബോബി എണീറ്റ് പുറത്തേക്ക് നടന്നു റോഡിലേക്ക് ഇറങ്ങി പോയി.
അത് നോക്കി ഇരുന്നിട്ട് പെണ്ണമ്മ തങ്കച്ചനോട് പറഞ്ഞു.
"അവനെ നോക്കണ്ട. പെണ്ണിന്റ അമ്മ ഞാനാ. അവളെ ആർക്ക് കെട്ടിച്ചു കൊടുക്കണം എന്ന് ഞാനാ തീരുമാനിക്കുന്നേ. തങ്കച്ചൻ ധൈര്യമായി അവരോട് സമ്മതം പറഞ്ഞോ. "
"എങ്കിൽ അവരോട് ഞായറാഴ്ച ഇങ്ങോട്ട് വരാൻ പറയട്ടോ? "
"ഉവ്. "
തങ്കച്ചൻ സന്തോഷത്തോടെ മടങ്ങി.
പെണ്ണമ്മ അകത്തേക്ക് കയറി വരുമ്പോൾ ലില്ലി ഭിത്തിയിൽ ചാരി തുറിച്ചു നോക്കി നിൽക്കുന്നത് കണ്ടു.
"എന്നാടി? "
അവളുടെ നോട്ടം കണ്ടു പെണ്ണമ്മ ചോദിച്ചു.
"ഇച്ചായി വേണ്ടന്ന് പറഞ്ഞിട്ടും ഈ കല്യാണം തന്നെ നടത്തി വിടണമെന്ന് അമ്മച്ചിക്ക് എന്നതാ ഇത്ര വാശി ? "
ദേഷ്യവും സങ്കടവും ഒതുക്കാൻ അവൾ പാട് പെടുന്നുണ്ടായിരുന്നു.
"പ്രായപൂർത്തി ആയ പെണ്മക്കളെ ഒറ്റയ്ക്ക് വീട്ടിൽ ഇരുത്തിയിട്ട് ജോലിക്ക് പോകുന്ന അമ്മമാരുടെ നെഞ്ചിലെ തീ നിനക്കറിയില്ല. ആ വേദന ഇപ്പോ നിനക്ക് പറഞ്ഞാലും മനസിലാവില്ല. അതറിയാൻ നീ ജീവിച്ചു എന്റെ അവസ്ഥയിൽ എത്തണം. എന്റൊരു ഗതികെട്ട ജീവിതം നിനക്ക് വരാതിരിക്കാനാണ് ഞാനിപ്പോ ഈ കല്യാണാലോചനക്ക് കേറി കൈ കൊടുത്തത്. ഞാൻ നോക്കിയിട്ട് ആ ചെറുക്കന് ഒരു കുറ്റവും കാണുന്നില്ല. അവൻ നല്ലൊരു കുടുംബത്തിൽ ജനിച്ചതും നല്ലൊരു ജോലി സമ്പാദിച്ചതും ആണ് നിന്റെ ഇച്ചായി കണ്ട പോരായ്മ എങ്കിൽ അവന് നിന്നോട് ഒരിറ്റ് സ്നേഹം പോലുമില്ലെന്ന് ഞാൻ പറയും. നമുക്കൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത സൗഭാഗ്യമാ കർത്താവ് മുന്നിൽ കൊണ്ട് വന്നു തന്നിരിക്കുന്നത്. വാശിയും വൈരാഗ്യവും കാണിച്ചു അതില്ലാതാക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കുകേല. ആരൊക്കെ കൂടെ ഇല്ലെങ്കിലും എനിക്കിത് നടത്തണം. അപ്പനുണ്ടെങ്കിലേ കെട്ടുകല്യാണത്തിന് ഇറങ്ങു എന്ന് വാശി പിടിച്ച് ഈ കല്യാണം കൂടി മുടക്കി നീ എന്നെ തോൽപ്പിക്കാൻ നോക്കരുത്. ഇവിടെയെങ്കിലും ഞാനൊന്ന് ജയിക്കട്ടെടീ..."
പറഞ്ഞു നിർത്തി പെണ്ണമ്മ അകത്തേക്ക് കയറി പോകുന്നത് നിറയുന്ന കണ്ണുകളോടെ ലില്ലി നോക്കി നിന്നു.
"ഇനി ആ പരട്ട തള്ളേം മോനും കൂടി എന്നോട് പ്രതികാരം ചെയ്യാൻ ഇറങ്ങിയേക്കുവാന്നോടാ ജോസൂട്ടി ? "
കണ്ടത്തിനോട് ചേർന്നുള്ള റോഡിലെ കലുങ്കിൽ ഇരുന്നു സംസാരിക്കുന്നതിനിടയിൽ ബോബി സംശയത്തോടെ ചോദിച്ചു.
" ഏയ്. പ്രതികാരം ചെയ്യാനായിരുന്നേൽ ലില്ലിയെ കല്യാണം കഴിക്കേണ്ട കാര്യമുണ്ടോ. വേറെന്തെല്ലാം മാർഗം കിടക്കുന്നു. "
" എന്നാലും അവന്റെ ഉള്ളിലിരിപ്പ് എനിക്കങ്ങോട്ട് മനസിലാകുന്നില്ല. "
ബോബി താടി ചൊറിഞ്ഞു.
ഒന്ന് ചിന്തിച്ചിട്ട് ജോസൂട്ടി പറഞ്ഞു.
" ഒരു കണക്കിന് നോക്കിയാൽ തങ്കച്ചൻ പറഞ്ഞതിലും കാര്യമുണ്ട്. ചക്കാലക്കൽക്കാര് നമ്മുടെ ഇടവക ആയതോണ്ട് നിങ്ങളുടെ കാര്യങ്ങളൊന്നും പ്രത്യേകിച്ച് പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. പെരിങ്ങോട്ട്കരക്കാരുടെ കല്യാണം ആരെങ്കിലും മുടക്കിയതാണെങ്കിൽ കൂടി ഇത് അത് പോലെ ആർക്കും മുടക്കി വിടാനും പറ്റത്തില്ല. പിന്നെയുള്ളത് അവന് നമ്മളെ കാണുമ്പോഴുള്ള ആ ചൊറിച്ചിൽ. ഈ ബന്ധം കൂടുന്നതോടെ അത് നിൽക്കും. നിന്റെ അമ്മച്ചി പറഞ്ഞത് പോലെ നമ്മടെ കൂട്ട് സ്കൂളിൽ കേറാതെയും വെള്ളമടിച്ചും നാട്ടുകാരുടെ തോളിൽ കേറിയും താന്തോന്നിയായി നടന്നില്ല. പഠിക്കാൻ വിട്ടപ്പോൾ മര്യാദക്ക് പഠിച്ചു. ഒറ്റ മോനാണ് . അടിച്ചു പൊളിച്ചു ജീവിക്കാൻ ഇക്കണ്ട സ്വത്തു മൊത്തം ഉണ്ടായിട്ടും സ്വന്തമായിട്ട് ഒരു ജോലി സമ്പാദിച്ചു . മോളികുട്ടി തടഞ്ഞിട്ടും അവന്റെ ഇഷ്ടത്തിനാണ് പോയി പട്ടാളത്തിൽ ചേർന്നതെന്നാണ് അന്ന് കേട്ട കഥ. അവനൊരു ആൺകുട്ടിയാണ് എന്ന് എന്റെ അപ്പൻ എനിക്കിട്ട് കുത്തുന്ന പോലെ ഇടയ്ക്കിടെ പറയുമായിരുന്നു. ശരിക്കും നമുക്ക് അവനോടൊരു വൈരാഗ്യം തോന്നിയതിന്റെ കാരണം ഇതൊക്കെ തന്നെയല്ലേ. നമ്മളെ കൊണ്ട് കഴിയാത്തതൊക്കെ അവൻ നേടുന്നത് കാണുമ്പോഴുള്ള അസൂയ. "
ബോബി ഒന്നും മിണ്ടിയില്ല.
ജോസൂട്ടി തുടർന്നു.
" നീ ഓർക്കുന്നുണ്ടോ ബോബി. ചെറിയ പ്രായത്തിൽ പലപ്പോഴും അവൻ നമ്മളോട് കൂട്ട് കൂടാൻ വരുന്നത്. അന്നൊക്കെ കൂടെ കൂട്ടാതെ അവനെ നമ്മൾ ആട്ടി വിട്ടിട്ടുണ്ട്. അതവൻ ഇടുന്ന പുതിയ കുപ്പായത്തിന്റെ പളപളപ്പും അവനടിക്കുന്ന അത്തറിന്റെ ഗന്ധവുമൊന്നും നമുക്കങ്ങോട്ട് ദഹിക്കാത്തത് കൊണ്ടല്ലേ. നമുക്കില്ലാത്തതൊന്നും അവനും വേണ്ടാന്നൊരു ചിന്താഗതി. നമ്മുടെ മുന്നിൽ കൂടി അവൻ ബുള്ളറ്റിൽ പായുന്നത് കണ്ടു സഹിക്കാൻ വയ്യാതെ അവനെ അള്ളു വച്ച് വീഴിച്ചത്...ശരിക്കും നമ്മളല്ലേ അവനെ ദ്രോഹിച്ചിട്ടുള്ളത് ? "
ഒരു നിമിഷം അതൊക്കെ ചിന്തിച്ച് രണ്ടു പേരും മിണ്ടാതെ ഇരുന്നു.
"നീ എന്ത് തീരുമാനിച്ചു? "
ഒടുവിൽ ജോസൂട്ടി ചോദിച്ചു.
" എനിക്കറിയത്തില്ലടാ. ഒന്നും തീരുമാനിക്കാൻ പറ്റുന്നില്ല. നീ പറഞ്ഞോ. ഞാൻ എന്നാ ചെയ്യണം. നീ പറയുമ്പോലെ ചെയ്യാം. "
അപ്പോൾ വളവ് തിരിഞ്ഞു റെജിയുടെ ബുള്ളറ്റ് ഇരുട്ടിലൂടെ വെളിച്ചം വീശി വരുന്നത് കണ്ടു.
ഈ വഴിക്ക് ആകെയുള്ളൊരു ഇരു ചക്രവാഹനം റെജിയുടെതാണെന്ന് ബോബിയ്ക്കും ജോസൂട്ടിയ്ക്കും അറിയാം.
അതിന്റെ വെളിച്ചം മുഖത്ത് വന്നു തട്ടിയപ്പോൾ കണ്ണ് പുളിച്ചിട്ട് ഇരുവരും കൈ കൊണ്ട് മറ പിടിച്ചു.
മുൻപായിരുന്നെങ്കിൽ എണീറ്റ് നിന്ന് ഒരുമിച്ചു ചീത്ത വിളിച്ചേനെ.
എന്നാൽ ഇപ്പോൾ റെജിയോട് ക്ഷമിക്കാനുള്ളൊരു മനസ് കൈ വന്നിരിക്കുന്നു.
വണ്ടി വന്നു അവരുടെ സമീപം നിന്നു.
" എന്നതാ പരിപാടി? "
ചിരിയിൽ റെജി ലോഹ്യം ചോദിച്ചു.
കാണുമ്പോഴൊക്കെ മുഖം തിരിച്ചു പോകുന്നവനാണ്.
ഇരുവരും മറുപടി പറഞ്ഞില്ല.
" ബോബി... തങ്കച്ചനോട്, അമ്മച്ചിയും അപ്പനും ഒരു കാര്യം പറഞ്ഞു വിട്ടിരുന്നു. എന്നോടുള്ള വാശിക്ക് താൻ അതൊന്നും കേറി എതിർത്തേക്കരുത്. നമ്മുടെ കുട്ടികാലം മുതലേ ഉള്ള അടിയും വഴക്കുമൊക്കെ ഞാൻ അതിന്റെ തമാശയിലെ എടുത്തിട്ടുള്ളു. എനിക്കൊരു ദേഷ്യവും ഇപ്പോൾ തന്നോട് ഇല്ല. ഉണ്ടെങ്കിൽ ഇങ്ങനെ ഒരു കല്യാണത്തിന് ഞാൻ ഒരുങ്ങില്ലെന്ന് നിനക്കറിയാലോ. എനിക്കിനി അധികം ദിവസം ലീവില്ല. പോകും മുന്നേ നിയമപരമായി നിന്നെയെനിക്ക് അളിയാ എന്നൊന്ന് വിളിച്ചിട്ട് പോവാനുള്ള കൊതിയുള്ളത് കൊണ്ട് കൂടിയാ പറയുന്നേ... "
തമാശ പറയുമ്പോലെ റെജി ചിരിക്കുന്നു.
അവരിൽ നിന്നും പ്രതികരണം ഒന്നും കിട്ടാഞ്ഞപ്പോൾ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
" അപ്പോൾ ശരി... "
യാത്ര പറഞ്ഞു അവൻ ബുള്ളറ്റ് ചെമ്മൺ പാതയിലൂടെ മുകളിലേക്ക് ഓടിച്ചു കയറി പോകുന്നത് നോക്കിയിരുന്നു ജോസൂട്ടി പതിയെ ചിരിച്ചു.
" നിന്റെ ഭാവി അളിയൻ... "
അത്താഴം കഴിച്ചു കഴിഞ്ഞു ഒരു ബീഡി പുകയ്ക്കാൻ പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു ബോബി.
പെണ്ണമ്മ കിടന്നിരുന്നു.
ലില്ലി മുറ്റത്തേക്ക് ഇറങ്ങി ചെന്നു.
" റെജിയുമായുള്ള കല്യാണം നടത്തിയേ പറ്റു എന്ന് അമ്മച്ചി വാശി പിടിച്ചിരിക്കുവാ ഇച്ചായി. എന്റിച്ചായിയ്ക്ക് ഇഷ്ടമല്ലാത്ത ഒരു കല്യാണത്തിനും എനിക്കും താല്പര്യമില്ല. അതിനി ഏത് ദൈവതമ്പുരാൻ ആയാലും. "
എങ്ങനെയെങ്കിലും കല്യാണം തടയുകയായിരുന്നു അവളുടെ ലക്ഷ്യം.
" അമ്മച്ചി പറയുന്നതിലും കാര്യം ഇല്യോടി? "
" എങ്ങനേലും എന്റെ ഭാരം ഒഴിപ്പിച്ചു വിടാനാ അമ്മച്ചി തിടുക്കപ്പെടുന്നേ. അതിലെന്നാ കാര്യവാ? ഇച്ചായിയുമായി വഴക്കുള്ള ഒരാളെ കെട്ടാൻ എനിക്കിത്തിരി ബുദ്ധിമുട്ട് ഉണ്ട് . അത് കൊണ്ട് ഇച്ചായി അവരോട് ഇതും പറഞ്ഞു ഇങ്ങോട്ട് വരണ്ടാന്നു പറഞ്ഞേക്ക്. "
" അതിനിപ്പോ ഞങ്ങൾ തമ്മിൽ വഴക്കൊന്നും ഇല്ലടി "
" എന്നിട്ടാണോ ഈ കല്യാണത്തിന് താല്പര്യമില്ലെന്ന് ഇച്ചായി തങ്കച്ചായനോട് അറുത്തു മുറിച്ചു പറഞ്ഞെ. അമ്മച്ചിയുടെ സംസാരവും കുറ്റപ്പെടുത്തലും കേട്ട് മനം മാറിയതാ. അല്യോ ? "
" അതൊന്നുമല്ല. ഞാനിപ്പോൾ റെജിയുമായ് സംസാരിച്ചിട്ടാ വരുന്നേ. അവനും എന്നോട് ദേഷ്യം ഒന്നുമില്ല. മനസിലെ വൈരാഗ്യം വച്ചിട്ട് നിന്നെ അവന് കൊടുക്കാതിരിക്കല്ലേ എന്നാ അവൻ പറയുന്നേ. പിന്നെ ഞാനും ആലോചിച്ചപ്പോൾ അവൻ എന്നെപോലെ ജോലിയും കൂലിയും ഒന്നുമില്ലാതെ തെണ്ടിതിരിഞ്ഞു നടക്കുന്നവനൊന്നും അല്ലായിരുന്നല്ലോ. അമ്മച്ചിയും അപ്പനും പറയുന്നത് മാത്രം കേട്ട് അടുക്കളപുറത്ത് കിടക്കുന്നവനുമല്ല. അവന് അവന്റേതായ നിലപാടുകൾ ഉണ്ട്. ജീവിതകാലം മൊത്തം അവന്റൊപ്പം നിനക്ക് പട്ടിണി ഒന്നുമില്ലാതെ സുഖമായി കഴിയാം. അത് മാത്രമാണ് ഞാൻ നോക്കുന്നെ. "
ലില്ലി ഇനി എന്ത് പറയണം എന്ന് ആലോചിച്ചു.
ഇച്ചായിയും മറുകണ്ടം ചാടി കഴിഞ്ഞു.
ഇനി എന്ത് പറഞ്ഞാലും ഏൽക്കുകയുമില്ല.
" നീ കൂടുതൽ ഒന്നും ആലോചിക്കണ്ട. നിനക്ക് അവൻ നന്നായി ചേരും. ജോസൂട്ടിയോട് സംസാരിച്ചപ്പോൾ അവനും പറയുന്നത് ഇത് തന്നെ ഉറപ്പിക്കാനാ..."
ആ പേര് കേട്ടതോടെ ലില്ലിയുടെ തൊണ്ട കുഴിയിൽ ഒരു വേദന വന്നു നിറഞ്ഞു.
ഒരക്ഷരം മിണ്ടാൻ പറ്റാത്ത വിധം വിലക്ക് വീണു കഴിഞ്ഞു.
ഇനിയും ഇവിടെ നിന്നാൽ ഒന്നുകിൽ കരയും അല്ലെങ്കിൽ നിയന്ത്രണം വിട്ടു എല്ലാം പറഞ്ഞു പോകും.
അവൾ തിരിഞ്ഞു നടന്നു.
ലോകത്ത് ഒരു പെൺകുട്ടിയും ഇതുപോലൊരു ധർമ്മ സങ്കടത്തിൽ പെട്ടിട്ടുണ്ടാവില്ലെന്ന് അവൾക്ക് തോന്നി.
ഒന്നുമില്ലെങ്കിലും സ്നേഹിക്കുന്ന ആളെങ്കിലും കൂടെ കാണും.
ഇവിടെ അതേ ആൾ തന്റെ കല്യാണം നടത്തിവിടാൻ ഇച്ചായിക്കൊപ്പം ഓടി നടക്കുന്നു.
തന്റെ സ്നേഹം കാണാനുള്ള മനസ്സ് കാണിക്കുന്നില്ല.
തിരിച്ചു കിട്ടാത്ത സ്നേഹം ആണോ ലോകത്തെ ഏറ്റം വലിയ സങ്കടം?
ആയിരിക്കും.
താനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഹൃദയവേദനയെക്കാൾ വലിയൊരു നൊമ്പരം തന്റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല.
ഇങ്ങനെ ഒരാളെ സ്നേഹിക്കേണ്ടിയിരുന്നില്ല.
പക്ഷെ ഇഷ്ടപ്പെട്ടു പോയില്ലേ.
പലകുറി മനസ്സിൽ നിന്നും പറിച്ചെറിയാൻ നോക്കി.
കഴിയുന്നില്ല.
കൂടുതൽ ശക്തിയോടെ ഹൃദയത്തെ പിടി മുറുക്കുന്നു.
കർത്താവെ എനിക്കിതിൽ നിന്നും ഒരു മുക്തിയില്ലേ?
ഒരാളെ മനസ്സിൽ വച്ചു കൊണ്ട് മറ്റൊരാളുടെ ഭാര്യയാകാനാണോ തന്റെ വിധി ?
അതോ ഇതോടെ എല്ലാം അവസാനിപ്പിച്ചു നിന്റെ അരുകിലേക്ക് എന്നെ വിളിക്കയാണോ ?
ഉള്ളിലെ സങ്കടം ഒന്ന് കരഞ്ഞു തീർക്കാൻ പോലുമാകാതെ അവൾ പായയിൽ ചുരുണ്ടു കൂടി.