ഭാഗം 6
വള്ളം കടവത്ത് അടുത്തപ്പോൾ യാത്രക്കാർക്കൊപ്പം ബോബിയും ജോസൂട്ടിയും ഇറങ്ങി.
വള്ളകൂലി കൊടുത്തിട്ട് മുന്നോട്ട് നടക്കുമ്പോൾ ചുറ്റിനും നോക്കി ബോബി പറഞ്ഞു.
" ഈ കല്ലായി കടവിനെ കുറിച്ചൊക്കെ കുറേയേറെ കഥകൾ പണ്ട് അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട് . പക്ഷെ ഇവിടെ എവിടെയെന്ന് വച്ചിട്ടാ ജോസൂട്ടി തിരയുന്നെ? "
" ആ ചായ കടയിൽ ചോദിച്ചാലോ "
ജോസൂട്ടി റോഡിനു എതിർ വശത്തേക്ക് കൈ ചൂണ്ടി. " ഒരു നാട്ടിലെ വിശേഷങ്ങൾ മൊത്തം ചർച്ച ചെയ്യുന്ന ഇടമല്ലേ. നീവാ നമുക്കൊന്ന് ചോദിച്ചു നോക്കാം . കൂട്ടത്തിൽ ഒരു ചായേം കുടിക്കാം."
ചായ ഗ്ലാസ് മുന്നിൽ കൊണ്ട് വന്നു വച്ചിട്ട് പ്രായം ചെന്ന കടക്കാരൻ ചോദിച്ചു.
"ഇങ്ങളെ രണ്ടാളേയീന് മുമ്പീടെ കണ്ടീലല്ലോ ഇവിടെ ആദ്യാട്ടാണാ? "
" അതേ... " ചായ ഒരു കവിൾ മോത്തിയിട്ട് ബോബി തലയാട്ടി.
പിന്നെ ചോദിച്ചു.
"ചേട്ടാ ഇവിടെ നിലമ്പൂര് നിന്നും മരം കൊണ്ട് വന്നു കച്ചവടം നടത്തിയിരുന്ന ഒരു ഹക്കീം മുതലാളിയേ അറിയോ? "
"ഇവിടെ മരകച്ചോടം നടത്തുന്ന കൊറേ ആൾക്കാര്ണ്ട്. ഇങ്ങളിപറയുന്ന പേരിൽ തന്നെ നാല് കച്ചോടക്കാരീ പരിസരത്തിണ്ട്. അതിലാരെയാ ഇങ്ങക്ക് കാണണ്ടെ? "
" ഇതൊരു പത്തു പതിനെട്ട് വർഷം മുൻപ് മുതലേ ഇവിടെ മില്ലൊക്കെ ഉണ്ടായിരുന്ന ആളാ. ഹക്കിം മുതലാളി എന്ന ആ പേര് മാത്രേ അറിയൂ. "
"ഇവിടെ പലസ്ഥലത്തൂന്നും ആൾക്കാര് വന്നു കച്ചോടം നടത്ത്ന്ന്ണ്ട്. ഇങ്ങളി പറയുന്ന ആൾക്കാര് ഇവിടുള്ളോൻ തന്നാണോ? "
" ഈ കല്ലായി പുഴയുടെ തീരത്ത് എവിടെയോ ആണ് മുതലാളിയുടെ വീട്. "
"ഓന്റെ അഡ്രെസ്സ് അറിയാതെ പേര് വച്ച് മാത്രം കണ്ടുപിടിക്കാറെന്ന് പറയുന്ന ഇച്ചിരി എടങ്ങേറ് പിടിച്ച പണിയാ."
"അലിക്കാ മീൻ വേണോ? " പുറത്തു സൈക്കിളിൽ ഒരാൾ വിളിച്ചു ചോദിക്കുന്നത് കേട്ട് അയാൾ പുറത്തേക്ക് പോയി.
"ഇനിയിപ്പോ എന്നാ ചെയ്യാനാടാ? " ബോബി തളർന്നത് പോലെ ദീനമായി ജോസൂട്ടിയേ നോക്കി.
ജോസൂട്ടി അവന്റെ തോളിൽ അമർത്തി പിടിച്ചു.
"വിഷമിക്കല്ലേടാ. നമുക്ക് നോക്കാന്ന് . ഈ കോഴിക്കോട് മൊത്തം അരിച്ചു പെറുക്കിട്ടായാലും നിന്റെ അപ്പനെ കണ്ടു പിടിച്ചിട്ടേ നമ്മൾ പോകുന്നുള്ളൂ. "
മീൻ വാങ്ങി കയറി വന്നപ്പോൾ അലിക്ക ചോദിച്ചു.
"ഓനെ കണ്ടിട്ടിപ്പോ ഇങ്ങക്കെന്തിനാ പൈസ വല്ലോം കിട്ടാനിണ്ടാ ? "
ജോസൂട്ടി നീട്ടിയ ചായക്കുള്ള കാശുമായി അയാൾ കൗണ്ടറിലേക്ക് പോയി ഇരുന്നു.
ബഞ്ചിൽ നിന്നും എണീറ്റ് വരുന്നതിനിടയിൽ ബോബി വിശദീകരിച്ചു.
"വർഷങ്ങൾക്ക് മുൻപ് എന്റെ അപ്പൻ ഈ ഹക്കീം മുതലാളിയുടെ തടി മില്ലിലെ പണിക്കാരനായിരുന്നു. ജോലിയൊക്കെ വിട്ടു കുറച്ചു കാലങ്ങളായി നാട്ടിൽ തന്നെ ഉണ്ടായിരുന്നു. രണ്ടു ദിവസം മുൻപ് അപ്പൻ മുതലാളിയേ കാണാൻ ഇങ്ങോട് വന്നിട്ട് തിരിച്ചെത്തിയില്ല. എന്നതാ കാര്യമെന്ന് അറിയത്തില്ല. അപ്പനെ തിരക്കി വന്നതാ ഞാൻ."
ചായയുടെ ബാക്കി കാശ് പെട്ടിയിൽ തിരയുന്നത് നിർത്തി അലിക്കാ സംശയത്തിൽ നോക്കി.
" മോന്റെ പേരെന്താ? "
" ബോബി. "
" ബോബിയുടെ അപ്പന്റെ പേര് വർഗീസ് എന്നാണാ ? "
" അതേ." ബോബി ഉത്സാഹത്തോടെ മുന്നോട്ട് വന്നു. "അലിക്കായ്ക്ക് അപ്പനെ അറിയോ? "
"ഇന്ജെ ബാപ്പാന്റെ കാലം മുതലേ ചായ പീടിക ഈ കടവത്ത്ണ്ട്. അതോണ്ട് കൊല്ലങ്ങളായിട്ടീ കടത്തിറങ്ങി വന്നിവിടെ കൂടുന്ന ആൾക്കാരോക്കെ നിക്കൊരു വിധം അറിയാം. മോന്റപ്പൻ വർഗീസ് അന്ന് വാടകയ്ക്ക് താമസിച്ചിരുന്നയീ പീടികേന്റേ മോളിലെ മുറിയിലാരുന്നു. അതോണ്ടന്നെ ഞമ്മള് നല്ല ചങ്ങായിമാരാ. എത്ര കൊല്ലം കഴിഞ്ഞാലും ഈ കല്ലായി കടവത്ത് വർഗീസ് വന്നിറങ്ങിയ പിന്നെ ഞമ്മളെ കാണാതെ പോവൂല. ഇവിടെ വന്ന് ഇന്ജെ കയ്യീന്ന് ഒരു ഗ്ലാസ് ചായേം വാങ്ങി മോന്തീട്ടാണ് പഹയൻ അബ്ദുൽ ഹക്കീംനെ കാണാൻ പോയത് "
ബോബിയും ജോസൂട്ടിയും ആശ്വാസത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും തങ്ങളിൽ ഒന്ന് നോക്കി
പിന്നെ ബോബി ചോദിച്ചു. .
" ഈ അബ്ദുൽ ഹക്കിം മുതലാളി ഇപ്പൊ എവിടെ ഉണ്ട്? "
ബോബിയും ജോസൂട്ടിയും ഹക്കിം മുതലാളിയുടെ കട്ടിലിനു സമീപം കസേരയിൽ ഇരുന്നു.
താടിയും മുടിയും നരച്ചു മെല്ലിച്ച ഒരു രൂപം.
വർഷങ്ങളായി ശരീരം തളർന്നു ഒരേ കിടപ്പാണെന്നാണ് അലിക്കയും പിന്നെ കയറി വരുമ്പോൾ മുതലാളിയുടെ ഭാര്യയും പറഞ്ഞത്.
ബോബി അയാളെ ആകെയൊന്ന് നോക്കി.
ഇതാണ് അപ്പൻ പറയുന്ന ആ പഴയ ഹക്കിം മുതലാളി.
പഴയ പ്രതാപം ഒക്കെ നശിച്ചു ആളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരം ആയിരുന്നു.
ഒരേയൊരു മകൻ കല്യാണം കഴിഞ്ഞു ഭാര്യയും മക്കളുമായി മാറി താമസിക്കുകയാണ്.
ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല.
വീട്ടുമുറ്റത്തു ഭാര്യ നടത്തുന്ന വിറക് കച്ചോടം കൊണ്ടാണ് കാര്യങ്ങൾ ഒക്കെ നടന്നു പോകുന്നത്.
ഈ തളർന്നു കിടക്കുന്ന ആളെ കണ്ടു സഹായം ചോദിക്കാനാണോ അപ്പൻ ഇത്രയും ദൂരം വന്നത് ?
ബോബിയ്ക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു.
"ഇതിൽ ആരാ വർഗീസിന്റെ മോൻ? "
പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഹക്കീം മുതലാളി പതിയെ ചോദിക്കുന്നു.
" ഞാൻ... ഇതെന്റെ ചങ്ങാതിയാ. ജോസൂട്ടി. "
ബോബി പരിചയപ്പെടുത്തി.
അയാൾ രണ്ടു പേരെയും ഒന്ന് നോക്കിയിട്ട് പതിയെ തുടർന്നു.
"വർഗീസ് ഇഞ്ഞെ കാണാൻ വന്നീനു എന്നത് ശെരിയാ. ഇബടെ അടിത്തിരുന്നു ഇൻജെ കജ്ജില് പിടിച്ചു കൊറേ നേരം കരഞ്ഞു. ഓള് കൊടുത്ത ചായേം കുടിച്ച്... കൊറേ നേരം പഴേ വർത്തനങ്ങളൊക്കെ പറഞ്ഞ്. ഓന് രണ്ട് പിള്ളേര് ആണുന്നും മോളെ കല്യാണം പെട്ടെന്ന് ഇണ്ടാവുന്നും പറഞ്ഞ്. ചോറ് തിന്നാൻ പോലും നിന്നീല. രാത്രി ആവുംബോള്ക്കും പൊരേൽ എത്തണമെന്നും പറഞ്ഞ് അപ്പൊ തന്നെ എറങ്ങി "
" അപ്പനിവിടെ അടുത്ത് വേറെ ചങ്ങാതിമാർ ആരെങ്കിലും ഉണ്ടായിരുന്നതായ് മുതലാളിക്ക് അറിയോ ? "
അയാൾ ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി.
പിന്നെ തുടർന്നു.
"അന്നൊക്കെ നിലമ്പൂരുന്നും മുറിച്ച മരങ്ങൾ ചാലിയാർ പൊയെക്കൂടെ കൊണ്ടൊരുന്നത് വർഗീസും പിന്നെ ചക്കുംകടവത്തെ ഒരു അഹമ്മദും കൂടി ആയിനും. ഓല് രണ്ടാളും ആയിനും എപ്പളും ഒപ്പരം ഉണ്ടായിന്നത്.
ചെലപ്പോ വർഗീസ് അഹമ്മദിനെ കാണാൻ പോയിണ്ടാവും. ഇങ്ങള് എന്തായാലും ഓനെ ക്കൂടി ഒന്ന് കണ്ടാള."
ഹക്കീം മുതലാളി പറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് ബോബിയും ജോസൂട്ടിയും ചെന്നെത്തിയത് അഹമ്മദിന്റെ വീട്ട് പടിക്കൽ ആണ്.
വർഗീസിന്റെ മകൻ ആണെന്ന് അറിഞ്ഞപ്പോൾ അയാൾ സന്തോഷത്തോടെ ഓടി വന്നു സ്വീകരിച്ചിരുത്തി.
ഭാര്യ ജമീലത്തയെ വിളിച്ചു ഇരുവരെയും പരിചയപ്പെടുത്തി. പിന്നെ കുടിക്കാൻ നാരങ്ങവെള്ളം എടുക്കാൻ പറഞ്ഞു.
"വർഗീസ് ഒരു രാത്രി മുഴുമനും ഇവടെ ഉണ്ടായിന്. ഇന്നലെ രാവിലെ ആണ് ഇബടുന്നു പൊയെ.
ഞമ്മള് കൊറേ പറഞ്ഞിട്ട ഓൻ ഇബടെ കൂടിയേ...
മോന്റേം മോളേം ഓന്റെ പെണ്ണുങ്ങളേം ഒക്കെ ബിസേസം പറഞ്ഞ്. പിന്നെ പണ്ട് ഒപ്പരം പണിയെടുക്കുമ്പോൾ ഉണ്ടായ കാര്യങ്ങൾ. ഊര വയ്യാതെ പണി മതിയാക്കി വർഗീസ് പോയതോടെ ഞമ്മളും കൂപ്പിലെ മരപ്പണി നിർത്തി. പിന്നെ ഇബടെ അങ്ങാടീല് ചെറിയ ഒരു പീട്യ തൊടങ്ങി. നിക്ക് മൂന്ന് കുട്ട്യോളാ. രണ്ട് പെങ്കുട്ട്യോളുടെ നിക്കാഹും കഴിഞ്ഞ്. ഇപ്പൊ പീട്യ നോക്കുന്നത് ഇളയോനാ. ഓന്റെ നിക്കാഹ് കൂടെ ബാക്കിണ്ട്. ബോബീടെ തൊണ തന്ന്യാവും ഓനും. ഇന്ജെ ഭാഗ്യം ന്ന് പറേണത് ഓനാണ്. അങ്ങന്യാ ഓൻ ഞമ്മളെ നോക്കുന്നെ. ഞമ്മളിപ്പോ സൊകായിട്ട് പെരേല് കുത്തിരിക്കുന്നത് ഓൻ ഉള്ളെനൊണ്ട."
അയാളുടെ അവസാനവാചകങ്ങൾ ബോബിയുടെ ഹൃദയത്തിലാണ് ചെന്നു പതിഞ്ഞത്.
തന്റെ പ്രായത്തിലുള്ള ഒരു മോനാണ് ഈ അപ്പനെയും അമ്മയെയും പൊന്നു പോലെ നോക്കുന്നത്.
താനോ ?
ബോബിയ്ക്ക് തന്നോട് തന്നെ അവജ്ഞ തോന്നി.
തണുത്ത നാരങ്ങ വെള്ളം ബോബിക്കും ജോസൂട്ടിക്കും കൊടുക്കുന്നതിനിടയിൽ ജമീലത്ത പറഞ്ഞു.
"കൊറേ കാലം കൂടി കാണുന്നതല്ലേ നേരം പൊലരുന്നത് വരെ രണ്ടാളും ഓരോ കൂട്ടം പറഞ്ഞ് ഇരിക്കാരുന്നു. രാവിലേ ഇൻജെ കയ്യീന്ന് കാപ്പിയും വാങ്ങി കുടിച്ചിട്ട മൂപ്പര് പോയത് "
തുടർന്ന് പറഞ്ഞത് അഹമ്മദിക്ക ആണ്.
"പൊരേലേക്ക് പോവാണെന്നു ആണല്ലോ ഇഞ്ഞോട് പറഞ്ഞത് പിന്നെ ഓൻ എങ്ങോട്ട് പോയി"
അത് തന്നെ ആയിരുന്നു ബോബിക്കും ജോസൂട്ടിക്കും അറിയേണ്ടി ഇരുന്നത്.
" ഇക്ക അല്ലാതെ ഇവിടെ വർഗീസ് അച്ചായന് വേറെ ചങ്ങാതിമാർ ആരും ഉണ്ടായിരുന്നില്ലേ? "
ജോസൂട്ടിയാണ് ചോദിച്ചത്.
"ഞമ്മള് തന്നെ ആയിനു എപ്പളും ഓന്റെ ഒപ്പരം ഉണ്ടായിരുന്നത്. പിന്നെ ഒന്ന് ഞമ്മളെ കല്ലായില് ചായ പീട്യ നടത്തുന്ന അലിയും."
" അലിക്കായെ ഞങ്ങൾ കണ്ടിരുന്നു. ഇവിടെ ഇനി അച്ചായൻ പോകാൻ ചാൻസുള്ള വേറെ ഏതെങ്കിലും സ്ഥലം ഉണ്ടോ? '
അഹമ്മദിന് ആലോചിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല.
"ഇൻജെ അറിവിൽ ഇല്ല മോനെ."
" അപ്പനിവിടെ ശത്രുക്കൾ ആരെങ്കിലും ഉണ്ടായിരുന്നോ ? "
ബോബിയുടെ അടുത്ത ചോദ്യം കേട്ട് അഹമ്മദും ജോസൂട്ടിയും ഒരേ പോലെ അവനെ തോന്നി.
ഒരു നിമിഷം കഴിഞ്ഞാണ് അയാൾ പറഞ്ഞത്.
"കൊറേ ആള്ക്കാര് ഒരു സലത്തു പണി എടുക്കുമ്പോ അല്ലറ ചില്ലറ പെണക്കമൊക്കൊ സാധാരണ അല്ലെ . അത്രേ ഉള്ളെയിനും. അല്ലാതെ പത്തുപതിനെട്ട് കൊല്ലം മനസ്സിൽ പക വെച്ച് പ്രതികാരം ചെയ്യാനൊന്നും ശത്രുക്കൾ ആരും ഇല്ല. ഓൻ അങ്ങനെ ആരോടും മനസ്സിൽ ശത്രുത വെച്ച് നടക്കൂല. ചെറിയ കച്ചറ ഇണ്ടായാലും കൊറച്ചു കഴിയുമ്പോ ഓൻ തന്നെ പോയി സംസാരിച്ചു സബൂർ ആക്കും."
അയാൾ പറഞ്ഞു നിർത്തി.
ഇനി ചോദിക്കാനും അറിയാനും ഒന്നുമില്ല.
പോവാം എന്നർത്ഥത്തിൽ ജോസൂട്ടി ബോബിയെ നോക്കി.
"ഇനിപ്പോ ഇങ്ങള് ഇങ്ങോട്ട് പോന്ന സമയം കൊണ്ട് വർഗീസ് പൊരേല് എത്തിയിട്ടുണ്ടാവോ? "
അലിക്കയുടെ ചോദ്യം കേട്ടു ജോസൂട്ടിയും ബോബിയും തങ്ങളിൽ നോക്കി.
"ഓൻ പോവാൻ ഇടമുള്ള ഈ സലത്തൊന്നും ഇല്ലാത്തോണ്ട് പറയാ. ഈ സമയംകൊണ്ട് ഓൻ പൊരേല് എത്തിയിട്ടുണ്ടാവുമെന്ന ഞമ്മക് തോന്നുന്നേ. "
" ശരിയാടാ ബോബി...ചിലപ്പോൾ അച്ചായൻ വീട്ടിൽ എത്തിട്ടുണ്ടാവും. "
ജോസൂട്ടി കൂടി പറയുന്നത് കേട്ട് ബോബിയും അങ്ങനെ തന്നെ ഉറപ്പിച്ചു.
ഇവിടെ വെറുതെ കിടന്നു കറങ്ങേണ്ട കാര്യം എന്തായാലും അപ്പനില്ല.
അപ്പൻ പോകാൻ ചാൻസുള്ള ഇടത്തെല്ലാം ചെന്നിട്ടുമുണ്ട് അവിടുന്ന് പോയിട്ടുമുണ്ട്.
ഹൃദയത്തിൽ സ്നേഹം മാത്രം നിറയുന്ന ഈ രണ്ടു ചങ്ങാതിമാർ അറിയാതെ അപ്പൻ ഈ കോഴിക്കോട് വേറെ ഒരിടത്തും തങ്ങാൻ ഒരു വഴിയും കാണുന്നില്ല.
ഹക്കീം മുതലാളിയുടെ കൈയിൽ നിന്നും കാശ് കിട്ടാത്ത സ്ഥിതിക്ക് വീട്ടിലേക്ക് തന്നെ മടങ്ങിയിട്ടുണ്ടാവും.
അല്ലാതെ എവിടെ പോവാൻ?
ഊണും കഴിച്ചു അലിക്കയോട് യാത്രയും പറഞ്ഞു ഇരുവരും ഇറങ്ങി.
അവർ തിരികെ നാട്ടിൽ എത്തുമ്പോൾ പാതിരാ കഴിഞ്ഞിരുന്നു.
ബസ് സ്റ്റോപ്പിൽ വച്ചിരുന്ന സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോൾ ബോബി ജോസൂട്ടിയോട് ചോദിച്ചു.
"അഹമ്മദ്ക്ക പറഞ്ഞതൊക്കെ നീ കേട്ടാരുന്നോടാ ജോസൂട്ടി ?"
" സത്യം പറയാലോ ബോബി എനിക്ക് പാതിയും അങ്ങോട്ട് മനസിലായില്ല. "
തമാശ പറഞ്ഞത് പോലെ അവൻ ചിരിച്ചു.
അത് ആസ്വദിക്കാനുള്ള മാനസികവസ്ഥയിൽ ആയിരുന്നില്ല ബോബി.
" എന്റെ അപ്പന്റെ ഒപ്പം പണിയെടുത്തിരുന്ന ആളാ അഹമ്മദ്ക്കയും . അയാൾ ഇപ്പോൾ ജീവിക്കുന്ന സ്ഥിതി നീ കണ്ടോ? അത് നല്ലൊരു മോനെ കിട്ടിയത് കൊണ്ടാണെന്ന് അയാൾ പറയുന്നത് നീ കേട്ടില്യോ ? ഒരു രാത്രി മൊത്തം അവരുടെ ഒപ്പം അപ്പൻ ഉണ്ടായിരുന്നു. അഹമ്മദിക്കയുടെ മോൻ അപ്പനേം അമ്മയെം പൊന്നു പോലെ നോക്കുന്ന കാര്യമൊക്കെ അവർ വാ തോരാതെ പറഞ്ഞിട്ടുണ്ടാവും . പക്ഷെ അപ്പന്റെ ഈ മോനെ പറ്റി എടുത്തു പറയാൻ ഒരു നല്ല കാര്യം പോലും ഇല്ലല്ലോടാ ജോസൂട്ടി. അപ്പൻ അവരുടെ മുന്നിൽ തല കുനിച്ചു ഇരിന്നിട്ടുണ്ടാവും. അല്ല്യോ ? "
ജോസൂട്ടിയിൽ നിന്നും മറുപടി ഒന്നും കേട്ടില്ല.
" ഞാൻ ജോലി ചെയ്തു എന്റെ വീട് നന്നായി നോക്കിയിരുന്നെങ്കിൽ അപ്പന് ഇവരുടെയൊക്കെ മുമ്പിൽ ഇങ്ങനെ കൈ നീട്ടാൻ പോവേണ്ട അവസ്ഥ വരത്തില്ലായിരുന്നു. എനിക്കിങ്ങനെ അപ്പനെ തിരക്കി പോവേണ്ടിയും വരില്ലായിരുന്നു.. കൂപ്പിലും മലയിലുമൊക്കെ പണിയെടുത്തു നടു വയ്യാതെ വീട്ടിൽ വന്ന അപ്പനെ, അഹമ്മദ് ഇക്കയെ അയാളുടെ മോൻ നോക്കുന്ന പോലെ എനിക്ക് നോക്കാൻ പറ്റിയില്ലല്ലോടാ . എന്റെ പ്രായം തന്നെ അല്ലേ അവനും. അവന്റെ ആ മനസ്സ് എനിക്കില്ലാതെ പോയി. "
ബോബിക്ക് നല്ല സങ്കടം ഉണ്ടെന്ന് തോന്നി.
ജോസൂട്ടി അവന്റെ ചുമലിൽ പരതി പിടിച്ചു.
" അമ്മച്ചി പറയുമ്പോലെ പത്തിരുപത്തേഴ് വയസ് ആയിട്ടും നാടിനും വീടിനും കൊള്ളാതെ ഇത്രയും നാളും ചുമ്മാ കാളഅടിച്ചു നടന്നു. ഇനി എനിക്കതു മാറ്റണം ജോസൂട്ടി. നീ പറയുമ്പോലെ നമുക്ക് ജോലിക്ക് പോണം. ലിസിയുടെ കല്യാണം നടത്തണം. അപ്പനേം അമ്മച്ചിയേം നോക്കണം. "
" എല്ലാം ശരിയാവും ബോബി. നീ സമാധാനപ്പെട്. ഈയൊരു യാത്ര അങ്ങനൊരു ചിന്ത ഉണ്ടാവാൻ വേണ്ടി കൂടി ഉള്ളതാണെന്ന് കരുതിക്കോ. നമുക്ക് മുന്നിൽ ഇനിയും ഇഷ്ടം പോലെ സമയം ഉണ്ട്. "
ജോസൂട്ടി ആശ്വസിപ്പിക്കുമ്പോലെ പറഞ്ഞു.
വീടിന് മുന്നിൽ സൈക്കിൾ നിർത്തി ബോബി ഇറങ്ങി.
" നീ കേറുന്നില്ലേ? അപ്പൻ വന്നിട്ടുണ്ടോന്ന് നോക്കണ്ടേ ? "
" വന്നിട്ടുണ്ടാവും. വരാതെ എവിടെ പോവാനാ. പാതിരാ ആയില്യോ ? ഇനി കേറുന്നില്ല. രാവിലെ ഞാനിങ്ങ് വരാം. ജോലിയുടെ കാര്യം സംസാരിക്കാൻ നമുക്ക് മെമ്പറെ കാണാൻ പോണം. "
പറഞ്ഞു കൊണ്ട് അവൻ സൈക്കിൾ തിരിച്ചു.
രണ്ടു മൂന്ന് പ്രാവശ്യം വാതിലിൽ കൊട്ടി ലില്ലിയെ വിളിച്ചപ്പോഴാണ് അവൾ വന്നു വാതിൽ തുറന്നത്.
ബോബിയുടെ പിന്നിൽ ഒന്ന് തിരഞ്ഞിട്ട് ലില്ലി ചോദിച്ചു.
" അപ്പനെവിടെ ? "