ഭാഗം 2
കുപ്പിയിലെ കള്ള് കാലി ആയപ്പോൾ വർഗീസ് മാപ്ല ഷാപ്പിലെ പണിക്കാരനോട് ഒരു കുപ്പി കൂടി എടുത്തു വരാൻ നിർദേശിച്ചു.
" വർഗീസെ നിനക്കെന്നാടാ ലോട്ടറി അടിച്ചാ..." അടുത്തിരുന്നു നാരങ്ങഅച്ചാർ തൊട്ട് നാവിൽ വക്കുന്നതിനിടയിൽ ലാസർ മൂപ്പീന്നിന്റെ ചോദ്യം കേട്ട് എതിരെ ഇരുന്നു കള്ള് മോന്തുന്ന അവറാച്ചൻ പരിഹസിച്ചു ചിരിച്ചു :
"അവന്റെ പെണ്ണുമ്പിള്ളക്ക് ശമ്പളം കിട്ടി കാണും..."
"അതേടാ നാറി ഞാൻ എന്റെ പെണ്ണുമ്പിള്ളേട ചെലവിനാ കള്ള് മോന്തുന്നെ അതിന് നിനക്കെന്നാ ഇത്ര ചൊരുക്ക്. നിന്റെ കുണ്ടി കഴക്കുന്ന."
വർഗീസ് മാപ്ല ചീറി.
"പെണ്ണുമ്പിള്ള ചെമ്മീൻ കുത്തി ഉണ്ടാക്കുന്ന കാശിനു കള്ളും വാങ്ങി മോന്തിയെച്ചു കുത്തി ഇരുന്നു വീര വാദം പറയുന്ന കെട്ടില്ലേ ചെറ്റ. അപ്പനും കണക്കാ മോനും കണക്കാ. അതെങ്ങനേണ് കാർന്നോരെ കണ്ടല്ലേ ചെറുക്കൻ പഠിക്കുന്നെ..."
ഷാപ്പിൽ ഇരിക്കുന്നവർ മൊത്തം കളിയാക്കുന്ന മട്ടിൽ ചിരിക്കുന്നു.
വർഗീസ് മാപ്ലയുടെ രക്തം തിളച്ചു.
"എന്നേം എന്റെ മോനേം നീ ഒണ്ടാക്കാൻ നിക്കണ്ട. അവന്റെ ഒരു കൊണവതിയാരം. എന്റെ പെണ്ണുമ്പിള്ള ചെമ്മീൻ കമ്പനിയിൽ പോകുന്നുണ്ടെങ്കിലേ അത് മാനം മര്യാദയ്ക്ക് പണി എടുക്കാനാ അല്ലാതെ നിന്റെ കെട്ട്യോളെ കൂട്ട് ഗൾഫിൽ പോയി കണ്ടവന്മാരുടെ കൂടെ കെടന്ന് കാശ് കൊണ്ട് വരുവല്ല."
അവറാച്ചന്റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് കുറച്ചു നാൾ ഗൾഫിൽ ജോലി ചെയ്തിരുന്നു.
എന്ത് ജോലി എന്നൊന്നും ആർക്കും അറിയില്ല.
അതെന്തായാലും കൈ നിറയെ കാശുമായാണ് അവർ നാട്ടിൽ എത്തിയത്.
" ഫ! പുണ്ടച്ചിമോനെ പോക്രിത്തരം പറയുന്ന... !"
മേശ തള്ളി മാറ്റി ഒറ്റ കുതിപ്പിന് അവറാച്ചൻ മുന്നോട്ടു ചാടി വന്നു വർഗീസ് മാപ്ലയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപിടിച്ചു വലിച്ചുയർത്തി.
അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളുമായി.
ഷാപ്പിലെ പണിക്കാരും കള്ള് മോന്താൻ വന്നവരും ഒക്കെ കൂടെ ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റാൻ നോക്കുമ്പോഴാണ് ബോബിയും ജോസൂട്ടിയും എത്തിയത്.
അപ്പന്റെ ഒച്ച കേട്ട് ബോബി അവരുടെ ഇടയിലേക്ക് പാഞ്ഞു കയറി
മകനെ കണ്ട് വർഗീസ് മാപ്ല പെട്ടന്ന് കരഞ്ഞു.
" എടാ മോനെ ഈ നാറി നിന്റെ അമ്മച്ചിയെ പറഞ്ഞത് കേട്ടില്യോടാ...കൊല്ലടാ കള്ളനായേ..."
അവറാച്ചനെ പിടിച്ചു വലിച്ചു അടുത്ത ബെഞ്ചിലേക്ക് ചായ്ച്ച് അയാളുടെ കഴുത്തിൽ കൈ അമർത്തിപ്പിടിച്ചു ബോബി അലറി.
"ന്റെ അപ്പനെ തൊട്ടാൽ കുത്തി മലർത്തും ഞാൻ പന്നി.... !"
"ഡാ ബോബി നീ അയാളെ അങ്ങോട്ട് വിട്ടേ... വിടാൻ "
ജോസൂട്ടിയും മൂന്നാല് പേരും ചേർന്ന് ബോബിയെ ബലമായി പിടിച്ചു വലിച്ചു തള്ളി കൊണ്ട് പോയി ഒരു ബെഞ്ചിലേക്ക് ഇരുത്തി.
അവരുടെ ഇടയിൽ ഇരുന്നു ബോബി ദേഷ്യം കൊണ്ട് കിതച്ചു.
"അവറാച്ചോ നിങ്ങളിങ്ങോട്ട് വന്നേ... ഇങ്ങോട്ട് വരാൻ. "
ഒരാൾ അവറാച്ചനെ വലിച്ചു പുറത്തേക്ക് കൊണ്ട് പോയി.
"നിങ്ങളെന്നാത്തിനാണ് ആവശ്യം ഇല്ലാതെ അവർടെ കുടുംബകാര്യത്തിലൊക്കെ ഇടപെടുന്നെ ? "
"ആ നാറി പറഞ്ഞത് നീ കേട്ടില്യോടാ . എന്റെ പെണ്ണുമ്പിള്ള കണ്ടവന്മാരോട് കിടക്കാൻ പോയതാണെന്ന്. "
"അതിനിപ്പോ എന്താണ് ? "
"ഫ കുരുപ്പേ കയ്യീന്ന് വിട് . നീയും അവന്റെ സെറ്റാ അല്ല്യോ. "
"തുടങ്ങി വച്ചത് ആരാ. നിങ്ങളല്യോ? വർഗീസ് മാപ്ല ജയിക്കാൻ വേണ്ടി പറഞ്ഞതാണ്ന്ന്."
അവറാച്ചന്റെ കണ്ഠം ഇടറി.
"എന്നാലും അങ്ങനെ ഒക്ക പറയാവോ. അവള് ഗൾഫിൽ കിടന്നു കഷ്ടപെട്ടാ കുറച്ചു കാശ് സമ്പാദിച്ചത്. അല്ലാതെ കാൽ കാശിന് ഗതിയില്ലാത്ത ഇവനൊക്കെ പറയുമ്പോലെ...."
അവർ ഇരുളിലേക്ക് നടന്നു മറഞ്ഞു.
തന്നെ തടഞ്ഞു വച്ചവരുടെ ഇടയിൽ നിന്നും ബോബി എണീറ്റു വന്നു.
"അപ്പനെന്ത് കാര്യത്തിനാണ് ഇങ്ങനെ നാട്ടുകാരുടെ മെക്കിട്ട് കേറണത്. മര്യാദക്ക് കുടിച്ചേച്ച് ഇരുട്ടും മുന്നേ വീട്ടിൽ പൊകാമ്പാടില്ലേ "
"പോകുവാടാ ചെറുക്കാ. "
വർഗീസ് മാപ്ല എണീറ്റു.
അഴിഞ്ഞു പോകാൻ തുടങ്ങിയ മുണ്ട് അരയിൽ ഉറപ്പിച്ചു.
പിന്നെ ആടിയാടി പുറത്തേക്ക് നടന്നു
"എടാ ബോബിയെ..."
വാതിൽ പടിയിൽ പിടിച്ചു അയാൾ തിരിഞ്ഞു നിന്നു.
"മുതുപാതിരാ വരെ ഇരിക്കാതെ അങ്ങ് വന്നേക്കണം. നിന്റെ അമ്മച്ചി വിഷമിക്കും. "
അയാളുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു.
"അപ്പൻ ഒന്ന് പോയെ. "
ആ രംഗം കണ്ടിരുന്ന ഒരാൾ പതിയെ പിറുപിറുത്തു.
"നല്ല അപ്പനും മോനും. "
ചൂടായ എണ്ണയിലേക്ക് അരപ്പ് പുരട്ടി വച്ച മീൻ കഷ്ണങ്ങൾ ഓരോന്നായി നിരത്തി ഇടുകയുമായിരുന്നു ലില്ലി .
അപ്പോഴാണ് മുറ്റത്തു നിന്നും " പെണ്ണമ്മോ " എന്നുള്ള അപ്പന്റെ നീട്ടിയുള്ള വിളി കേട്ടത്.
അവൾ കാത്തോർത്തു.
" വന്നോ കാലൻ." പിറുപിറുത്തു കൊണ്ട് പെണ്ണമ്മ പുറത്തേക്കുള്ള വാതിൽക്കലേക്ക് ചെന്നു.
വർഗീസ് മാപ്ല തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു.
"എടി പെണ്ണമ്മോ... "
" പെണ്ണമ്മ ചത്തു ! നിങ്ങളീ സന്ധ്യക്ക് കുടിച്ചു കൂത്താടി കേറി വരുന്നത് ഈ വീട് മുടിക്കാനാന്നോ. അല്ല എനിക്ക് അറിയാൻമേലാഞ്ഞ് ചോദിക്കുവാ. വയറു നിറഞ്ഞെങ്കിൽ ആ ഷാപ്പിലെങ്ങാനും പണ്ടാരം അടങ്ങാൻ പാടില്ലേ . എന്നാത്തിനാ ഇങ്ങോട്ട് കെട്ടി എടുക്കുന്നെ...? "
വർഗീസ് മാപ്ല അത് കേൾക്കാത്ത മട്ടിൽ ചോദിച്ചു.
"ലില്ലി എന്തിയെടി ? "
അവർക്ക് വിറഞ്ഞു കേറി : "പ്രായപൂർത്തിയായ ഒരു പെൺകൊച്ചു ഈ വീട്ടിൽ ഉണ്ടെന്ന് വല്ല വിചാരോ ഉണ്ടോ നിങ്ങൾക്ക്. അതിനെ കെട്ടിച്ചു വിടാൻ നിങ്ങള് അപ്പനും മോനും ഉദ്ദേശം ഇല്ലേ. അതോ അതിങ്ങനെ ജീവിതകാലം മൊത്തം നിങ്ങൾക്ക് രണ്ടിനും വെച്ച് വിളമ്പി ഇവിടെ കഴിഞ്ഞോട്ടേന്നാണോ..."
അത് കേട്ട് ലില്ലി അടുപ്പിനു മുന്നിൽ നിന്നും പ്രധാന മുറിയിലേക്കുള്ള വാതിൽക്കൽ ചെന്നു വിളിച്ചു.
"അമ്മച്ചീ..."
" അവള് കുഞ്ഞല്യോടി അതിനും മാത്രം പ്രായം ഒന്നും ആയിട്ടില്ലല്ലോ..."
" ദേ എനിക്കെന്റെ നാക്ക് ചൊറിഞ്ഞോണ്ട് വരുന്നുണ്ട്... ഓരോ മുട്ടാ പോക്കും പറഞ്ഞോണ്ട് നടക്കുവാ... പെങ്കൊച്ചിനെ കെട്ടിച്ചു വിടാൻ പാങ്ങില്ലാത്ത കാര്യം കാഞ്ഞിരത്തിലച്ചനെ ചെന്നൊന്ന് കണ്ട് പറയാൻ നിങ്ങളോട് ഞാൻ എത്ര തവണ പറഞ്ഞതാ . എന്നിട്ട് അച്ചനെ ചെന്നൊന്ന് കാണാനോ ഇതിന് വേണ്ടുന്ന നീക്ക് പോക്ക് ചെയ്യാനോ നിങ്ങൾക്ക് സമയം ഇല്ല. അതെങ്ങനെ പള്ളിയിൽ കേറില്ലല്ലോ. എന്നിട്ട് അതിനും ജോലിയും കളഞ്ഞിട്ട് ഞാൻ ഓടണം."
" അച്ചൻ എന്നാ പറഞ്ഞടി ? "
" ചെന്ന് തിരക്ക്. നിങ്ങളിത് ആരെ കെട്ടിക്കാനാ ഈ ഇറങ്ങി പോണേ. വല്ല പ്രയോജനവും ഉണ്ടെങ്കിൽ വേണ്ടില്ല ? "
"അമ്മച്ചീ..."
ലില്ലി താക്കീത് പോലെ കടുപ്പിച്ചു വിളിച്ചു.
" എന്നാടി? "
"ഇങ്ങോട്ടൊന്നു വന്നേ..."
"എന്നാത്തിനാ? "
"ഇങ്ങോട്ട് വരാൻ. "
പെണ്ണമ്മ അവളുടെ അടുത്തേക്ക് ചെന്നു.
"എന്നാ? "
"അമ്മച്ചിക്കിത് എന്തിന്റെ കേടാ... അപ്പൻ വന്നു കേറുമ്പോ തുടങ്ങോലോ...."
" ഒരു കുപ്പൻ...! " പെണ്ണമ്മ പല്ല് ഞരിച്ചു.
" ലില്ലിയെ കഴിക്കാൻ എന്നാ ഉണ്ടടി ? "
തിണ്ണയിൽ നിന്ന് വർഗീസിന്റെ ഒച്ച കേട്ടു.
" മീൻ വറുക്കാനിട്ടേക്കുവാ അപ്പാ. ദേ ഇപ്പോ വിളമ്പാം. "
അവൾ വിളിച്ചു പറഞ്ഞു.
" മീനും ചോറും കൂടി കുഴച്ചുരൂട്ടി അങ്ങേരുടെ അണ്ണാക്കിലോട്ട് വച്ചു കൊടുക്കടി... തിന്നിട്ട് എവിടേലും മറിയട്ട് . ജോലി എടുത്തു ഷീണിച്ചു വന്നേക്കുവല്ലേ..."
പെണ്ണമ്മയ്ക്ക് കലി തീരുന്നില്ല.
" അമ്മച്ചി ഒന്ന് മിണ്ടാണ്ടിരിക്കാവോ."
" ഒന്ന് പോയെടി അവിടുന്ന്..."
" ആ എന്നാ ചെന്ന് നടത്ത്."
ദേഷ്യപ്പെട്ട് അവൾ അടുപ്പിനടുത്തേക്ക് തിരിച്ചു പോയി.
" ലില്ലിയെ മീൻ എവിടുന്നാടി ? "
വീണ്ടും തിണ്ണയിൽ നിന്നും വർഗീസിന്റെ ചോദ്യം.
"ഇച്ചായി കൊണ്ട് വന്നതാ..."
മീൻ ഇളക്കി ഇടുന്നതിനിടയിൽ ലില്ലി വിളിച്ചു പറഞ്ഞു.
" ഓ... വീട്ടു കാര്യങ്ങള് അന്വേഷിക്കുന്നൊരാള്..."
അമർഷത്തോടെ പിറുപിറുത്തു കൊണ്ട് പെണ്ണമ്മ മുറിയിലേക്ക് കയറി പോയി.
"ജോസൂട്ടി...ആകെ മൊത്തത്തിൽ പ്രശ്നം ആന്നല്ലോടാ "
ഷാപ്പിൽ നിന്നും ഇറങ്ങി സൈക്കിളിൽ വീട്ടിലേക്കു പോകുമ്പോൾ ബോബി പറഞ്ഞു.
" അത് കഴിഞ്ഞില്യോ . ഇനി എന്നാത്തിനാ അതിനെ പറ്റി ആലോചിക്കുന്നേ? "
" എന്നാ കഴിഞ്ഞെന്ന് ? "
"ഷാപ്പിലെ തല്ലും പിടിയുടെ കാര്യം അല്യോ നീ പറയുന്നേ? "
" അതല്ലടാ. ലില്ലിടെ കല്യാണകാര്യം. വീട്ടിൽ കേറി ചെല്ലാൻമേല അമ്മച്ചി വെടിച്ചില്ലു പോലെ നിൽക്കുവാ. എന്നാ ഇപ്പോ ചെയ്യുന്നേ. പത്തു പവനും ഇരുപത്തി അയ്യായിരം രൂപയും എങ്ങനെ ഉണ്ടാക്കും. ഇനി വല്ലിടത്തും കക്കാനും മോഷ്ടിക്കാനും പോയാലെ കാര്യം നടക്കൂ..."
" അത് നല്ലതാ. ഇനി ആ ഒരു പേര് കൂടിയേ ബാക്കി വരാൻ ഉള്ളു..."
" എന്നാ നീയൊരു വഴി പറ."
" പറയട്ടെ ? "
" പറഞ്ഞോ..."
" വീട്ടിൽ സമ്മതിക്കോന്ന് അറിയത്തില്ല. എന്നാലും ചോദിച്ചു നോക്കാം. "
" എന്നതാ ? "
" വീടിന്റേം പറമ്പിന്റേം ആധാരം. "
ബോബി സൈക്കിൾ നിർത്തി മുഖം തിരിച്ചു നോക്കി.
"നിന്റെ വീടിന്റെയോ ? "
"ആ. "
" നിന്റെ അപ്പന്റെ അടുത്തോ? "
"ആന്ന്... "
" ഒരു കുപ്പി അല്ലെ അടിച്ചുള്ളു അപ്പളേക്കും നീ ഫിറ്റായാ? "
ബോബി തമാശയിൽ ചിരിച്ചു.
" ഒന്ന് പോയേടാ. ഞാനേ സീരിയസ് ആയിട്ട് പറഞ്ഞതാ."
ബോബി വീണ്ടും സൈക്കിൾപെഡൽ ചവിട്ടി ഉരുട്ടി.
" ഇതും പറഞ്ഞു അങ്ങോട്ട് കേറി ചെന്നേച്ചാ മതി... നിന്റപ്പനുണ്ടല്ലോ കാളവർക്കി റബ്ബർ വെട്ടുന്ന കത്തിക്ക് നിന്റെ ദേഹം മൊത്തം വരഞ്ഞു മസാല തേച്ചു പൊരിക്കും...കള്ളടിക്കാനുള്ള കാശ് ഒപ്പിക്കാൻ വീട്ടീന്ന് ഒട്ടുകറ അടിച്ചുമാറ്റുമ്പോലെ എളുപ്പമല്ലിത്. അറിയാലോ ഒരിക്കൽ കോഴിഫം തുടങ്ങാൻ നിന്റെ വീടിന്റെ ആധാരം ചോദിച്ചോണ്ട് നീ ചെന്നത്. പിന്നെ ഒരാഴ്ച കഴിഞ്ഞല്യോ നിന്നെ വീട്ടിൽ കേറ്റിയേ . ഇത് കുറഞ്ഞത് രണ്ട് വർഷം എങ്കിലും കഴിയേണ്ടി വരും."
പോസ്റ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കുറച്ചു മുന്നിലായി മൂന്നു പേർ കുറുവടിയും കയ്യിലിട്ട് കറക്കി നടുവഴിയിൽ നിൽക്കുന്നത് കണ്ട് ഒന്നൂടെ ഒന്ന് സൂക്ഷിച്ചു നോക്കി ബോബി പറഞ്ഞു.
" നമുക്കിട്ടൊരു ചെറിയ പണി മൂന്ന് ആൾ രൂപത്തിൽ റോഡുമേൽ നിൽപ്പുണ്ടല്ലോ ജോസൂട്ടി..."
"എവിടെ? "
ജോസൂട്ടി മുഖം എത്തിച്ചു നോക്കി.
അടുക്കുന്തോറും റോഡിലെ മുഖങ്ങൾ വ്യക്തമായി തെളിഞ്ഞു തുടങ്ങി.
പക്ഷെ ആളെ മനസിലാവാതെ ബോബി സംശയത്തിൽ ജോസൂട്ടിയോട് ചോദിച്ചു.
" എടാ ആ ചുവപ്പ് ടീഷർട്ട് ഇട്ടേക്കുന്നവൻ അവറാച്ചന്റെ പെങ്ങടെ മോനല്യോ...? "
"ആന്ന്. ഇവൻ ബാംഗ്ലൂർ ഏതാണ്ട് പഠിക്കാൻ പോയതാണല്ലോ. അപ്പളേക്കും പഠിച്ചേച്ച് തിരിച്ചു വന്നോ? "
ജോസൂട്ടി സംശയം പ്രകടിപ്പിച്ചു.
"അപ്പൊ കൊട്ടേഷൻ ആണ്. മറ്റേ രണ്ടെണ്ണത്തിനെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോടാ ."
" ഫ്രഡ്സ് ആയിരിക്കും. "
"ഫ്രഡ്സ് ഇന്ന് തൂറി വലയും "
ബോബി ഈണത്തിൽ പറയുന്നത് കേട്ട് ജോസൂട്ടി ചിരിച്ചു.
സൈക്കിൾ അടുത്തപ്പോൾ നടുവിൽ നിന്നവൻ കുറച്ചു മുന്നോട്ട് കയറി ഇരുവശത്തേക്കും കൈ വിടർത്തി വഴി തടഞ്ഞു.
" എന്നതാ മക്കളെ കുറ്റികമ്പും വേലി പത്തല്മൊക്കെആയിട്ട്. പാതിരായ്ക്ക് ആരുടെ അതിരേൽ വേലികെട്ടാൻ ഇറങ്ങിയതാ? "
"ഷാപ്പ് നിന്റെ അപ്പന്റെ വക ആണോടാ? "
അവറാച്ചന്റെ പെങ്ങളുടെ മോന്റെ ആണ് ചോദ്യം.
സൈക്കിളിൽ മുന്നോട്ട് ആഞ്ഞിരുന്നു ബോബി മറുപടി പറഞ്ഞു.
" അതെ. എന്റെ അപ്പന്റെ വകയാ. എന്നാടാ നിനക്ക് വേണോ. ഒരു കാര്യം ചെയ് രാവിലെ ഒരു ലക്ഷം രൂപയുമായി വീട്ടിലേക്കു പോര് ഷാപ്പ് നിന്റെ പേരിൽ ഞാൻ എഴുതി തരാം. "
" നാളെ എഴുത്തു നടക്കത്തില്ല ബോബി... " ജോസൂട്ടി പെട്ടന്ന് ഇടക്ക് കയറി.
" അതെന്നാ? "
" ഇവന്മാർ ആശുപത്രിന്ന് ഇറങ്ങാൻ കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കും. പിന്നെങ്ങനാ? "
"ഓ അത് ശരിയാണല്ലോ. ഞാനത് ഓർത്തില്ല. എടാ അവറാച്ചന്റെ പെങ്ങട മോനെ...എഴുത്തു ഒരു മാസം കഴിഞ്ഞു നടത്തിയാ മതിയോ ? കുഴപ്പംല്ലല്ലോ...? "
"സംസാരിച്ചു നിൽക്കാതെ അടിച്ചു വീഴ്ത്തു റോബിനെ."
കൂട്ടത്തിൽ ഒരുത്തൻ അലറി
റോബിൻ കുറുവടി ഉയർത്തും മുന്നേ മിന്നൽ വേഗത്തിൽ സൈക്കിൾ എടുത്തുയർത്തി ബോബി അവന്മാരുടെ നേരെ എറിഞ്ഞു.
രണ്ടു പേർ അലച്ചു തല്ലി നിലത്തു വീണു.
ഒഴിഞ്ഞു മാറിയ ഒരുത്തൻ കുറുവടി ഓങ്ങി മുന്നോട്ടു കുതിച്ചു വന്നു.
അവനെ വടി ഉൾപ്പെടെ കൂട്ടിപിടിച്ചു ബോബി താഴേക്കു എറിഞ്ഞു.
റോഡ് സൈഡിലെ പൊന്തയും മറിച്ചു അവൻ താഴേ തോട്ടിലേക്ക് ഉരുണ്ടു പോയി.
ഇരുട്ടിൽ അവന്റെ നിലവിളി കേട്ടു.
റോഡിൽ വീണു കിടക്കുന്ന ഒരുത്തന്റെ മുഖം ജോസൂട്ടി നിലത്തിട്ട് ഉരച്ചു.
അവൻ വേദനിച്ചു കാറി കരഞ്ഞപ്പോൾ ജോസൂട്ടി മുരണ്ടു.
"മിണ്ടരുത് മാക്കാനെ...കുത്തിക്കഴപ്പ് നെറുകുംതലേൽ കേറിയപ്പോ ഞങ്ങടെ മെക്കിട്ടു കേറാൻ ഇറങ്ങിയതല്യോടാ ഊളെ... ഇന്ന് നിന്റെ മുപ്പത്തിരണ്ട് പല്ലും ഞാൻ റോഡുമേൽ നിരത്തും. "
ഈ സമയം അവറാച്ചന്റെ അനന്തിരവൻ റോബിന്റെ ചന്തി നോക്കി ബോബി കുറുവടിക്ക് പ്രഹരിക്കുകയായിരുന്നു.
ഓരോ അടിയിലും അവൻ തുള്ളിച്ചാടി പോയി.
ഒടുവിൽ നിവർത്തികെട്ട് അവൻ കരഞ്ഞു കൊണ്ട് ഓടി.
ബോബി പിന്നാലെ ഓടിച്ചിട്ട് അടിച്ചു.
ഇരുട്ടിൽ നിന്നും അവന്റെ ചെവിക്ക് പിടിച്ചു വലിച്ചു കൊണ്ട് വരുമ്പോഴേക്കും ജോസൂട്ടി മറ്റവനെ ഒരു പരുവം ആക്കി കഴിഞ്ഞിരുന്നു.
"എടാ കൊച്ചു കഴുവേറിട മോനെ... " റോബിന്റെ ചെവിയിൽ നിന്നും പിടി വിടാതെ വട്ടം തിരിച്ചു തനിക്ക് മുന്നിൽ നിർത്തിയിട്ട് ബോബി ചോദിച്ചു.
" ആരാടാ നിന്നെയൊക്കെ കമ്പും തടിയും തന്ന് പറഞ്ഞു വിട്ടത്. അവറാച്ചൻ ആന്നോ. ആണെങ്കിൽ നാളെ ഇതിന്റെ ബാക്കി ഞങ്ങൾ അയാൾക്കിട്ട് കൊടുത്തോളാം... എടാ മരമാക്രി കൊട്ടേഷൻ പിടിച്ചിട്ട് വരുമ്പോൾ നട്ടെല്ല് മൂത്ത നാലെണ്ണത്തിനെ കൂടെ കൊണ്ട് വരണമെന്ന് ഇന്നാട്ടുകാരൻ ആയിട്ടും നിനക്ക് അറിയാന്മേലെ? "
അപ്പോൾ താഴെ തോട്ടിൽ നിന്നും വലിയ വായിലെ നിലവിളിച്ചു കൊണ്ട് പൊന്തയിൽ പിടിച്ചു പിടിച്ചു അടുത്തവൻ കേറി വന്നു.
എല്ലാവരും ഒരേ സമയം അവിടേക്ക് നോക്കി.
" എടാ റോബിനെ എന്നെ പാമ്പ് കടിച്ചടാ. വേഗം എന്നെ ഏതെങ്കിലും ആശുപത്രി കൊണ്ട് പോടാ... ഞാനിപ്പോ ചാവും."
"എവിടെ നോക്കട്ടെ..."
കാലിൽ പിടിച്ചു കുന്തി കുന്തി അവൻ വന്നപ്പോൾ ജോസൂട്ടി അടുത്ത് ചെന്നിരുന്നു പരിശോധിച്ചു.
" എടാ ബോബി. ഇത് കൂടിയ ഇനം ഏതാണ്ടാ. കടിച്ചു പറിച്ചേക്കുന്നു..."
ബോബിയെ നോക്കി കണ്ണിറുക്കി ജോസൂട്ടി പറഞ്ഞു.
അത് കേട്ട് ചെറുക്കന്റെ നിയന്ത്രണം വിട്ടു.
" അയ്യോ.... ഞാനിപ്പോ ചാവും... റോബിനേ....നീ എന്നതാടാ ഈ നോക്കി നിക്കുന്നെ...എന്നെ ഏതെങ്കിലും ആശുപത്രിയിൽ എത്തിക്കടാ..."
ചോദിക്കാതെ തന്നെ റോബിന്റെ ചുവന്ന ടീഷർട്ട് ബോബി വലിച്ചൂരി എടുത്തു.
അത് കീറി എടുത്തു കടിയേറ്റ കാലിന്റെ മുകളിലായി വലിച്ചിറുക്കി കെട്ടി.
എന്നിട്ട് എണീറ്റു റോബിനോട് പറഞ്ഞു.
" എടാ റോബിനേ ദാ ഈ കാണുന്ന കണ്ടം വഴി ഓടിയാൽ ഒരു പത്തു മിനിറ്റ് കൊണ്ട് വിഷവൈദ്യരുടെ വീട്ടിൽ എത്താം...വേഗം രണ്ടും കൂടി കൂട്ടുകാരനെ ചുമന്നോ. "
" വാടാ.. " റോബിൻ വിളിച്ചു.
" എടുത്തോണ്ട് ഓടടാ... " ബോബി അടിക്കാൻ കയ്യോങ്ങി.
അടികൊള്ളാതെ ഒഴിഞ്ഞു മാറി കൊണ്ട് രണ്ടു പേരും ചേർന്ന് അവനെ താങ്ങിപിടിച്ചു കണ്ടത്തിലേക്കിറങ്ങി ഇരുട്ടിലേക്ക് ഓടി.
അത് കണ്ടു ബോബിയും ജോസൂട്ടിയും ഒരേപോലെ ചിരിച്ചു പോയി.
അപ്പനും അമ്മയും കിടന്നിട്ടും ലില്ലി അവളുടെ ഇച്ചായിയെ കാത്തു കുറച്ചു നേരം കൂടി ഇരുന്നു.
പിന്നെ വാതിൽ അടച്ചു കിടക്കാൻ തുനിയുമ്പോൾ മുറ്റത്തു ബോബിയുടെ വിളി കേട്ടു.
അവൾ ചെന്ന് വാതിൽ തുറന്നു.
" അപ്പനും അമ്മച്ചിയും കിടന്നോടി. "
"ആം കിടന്നു. ഇച്ചായിക്ക് ചോറ് വിളമ്പട്ടെ? "
"ജോസൂട്ടിയും ഉണ്ട്. നീ ഇങ്ങോട്ട് എടുത്തോ. "
ബോബി തിണ്ണയിൽ ഇരുന്നപ്പോൾ ജോസൂട്ടിയും അടുത്ത് വന്നിരുന്നു.
ലില്ലി അടുക്കളയിലേക്ക് ചെന്നു.
രണ്ടു പ്ളേറ്റിലേക്ക് ചോറും കറിയും വിളമ്പി വറുത്ത മീൻ രണ്ടായി പകുത്തു ചോറിന്റെ സൈഡിലേക്ക് വച്ചു മുൻവശത്തേക്ക് ചെന്നു.
" നീ കിടന്നോടി. ഇതൊക്ക ഞാൻ എടുത്തു വച്ചോളാം. "
അടുത്ത് ലില്ലി നോക്കി നിൽക്കുന്നത് കണ്ടു ബോബി പറഞ്ഞു.
മൂളികേട്ട് കൊണ്ട് അവൾ അകത്തേക്ക് കയറി പോയി.
നിമിഷ നേരം കൊണ്ട് ജോസൂട്ടി പാത്രം കാലിയാക്കി.
അവൻ എച്ചിൽ പ്ളേറ്റ് എടുക്കാൻ തുനിഞ്ഞപ്പോൾ ബോബി വിലക്കി.
" അവിടെ വച്ചോടാ. അതൊക്കെ അവള് രാവിലെ കഴുകിക്കോളും. "
വായും കയ്യും കഴുകാൻ ജോസൂട്ടി കിണറ്റിൻ കരയിലേക്ക് ചെന്നപ്പോൾ അടുക്കള വാതിലിന്റ അടുത്ത് നിന്ന് ലില്ലിയുടെ ശബ്ദം കേട്ടു.
"ശ്ശസ്സ്...."
"എന്നാടി? "
പതിയെ എന്ന് അവൾ ആംഗ്യം കാണിച്ചിട്ട് കൈ കാട്ടി അടുത്തേക്ക് വിളിച്ചു.
ബോബി കാണുന്നുണ്ടോ എന്ന് മുൻവശത്തേക്ക് നോക്കി കൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു.
" എന്നാ? " കാറ്റൂതുന്ന ഒച്ചയിൽ ജോസൂട്ടി ചോദിച്ചു.
നാലായി മടക്കിയ ഒരു വെള്ള പേപ്പർ കഷ്ണം അവൾ അവന്റെ നേരെ നീട്ടി.
" ഇതെന്നതാ? "
അവൻ സംശയത്തിൽ നോക്കി.
മറുപടി പറയാതെ അവൾ അത് അവന്റെ കയ്യിൽ പിടിപ്പിച്ചു.
" ഇച്ചായി കാണരുത്. വീട്ടിൽ ചെന്നിട്ട് നോക്കിയാൽ മതി..."
ഓർമിപ്പിച്ചിട്ട് അവൾ തിരിഞ്ഞു നടന്നു കഴിഞ്ഞു.
പേപ്പർ കഷ്ണം കയ്യിൽ പിടിച്ചു ജോസൂട്ടി ഇരുളിൽ അന്തംവിട്ടു നിന്നു.