ഭാഗം 15
"എന്നതാടി നിന്റെ മനസ്സിലിരിപ്പ് ? ഞാനൂടൊന്ന് അറിയട്ടെ. "
അണിഞ്ഞൊരുങ്ങുന്ന മോളികുട്ടിയെ നോക്കി അവറാച്ചൻ ചോദിച്ചു.
"ലില്ലിയെ ചെറുക്കനെ കൊണ്ട് കെട്ടിക്കില്ലെന്നും പറഞ്ഞു വീറും വാശിയും കാണിച്ച നീ ഇപ്പോൾ കെട്ടി ഒരുങ്ങി അവന്റൊപ്പം പെണ്ണ് കാണലിന് പോകുന്നതിന്റെ ഉദ്ദേശം എന്നതാ ? "
"നിങ്ങൾക്ക് ഈ ചാള തടി മാത്രേ ഉള്ളെന്നു പറയുന്നത് ചുമ്മാതല്ല . കാലണയുടെ വിവരം ഇല്ല. റെജിയ്ക്കേ നിങ്ങളുടെ ബുദ്ധി അല്ല. എന്റെ വാശിയും കൂർമ്മ ബുദ്ധിയുമാ കിട്ടിയിരിക്കുന്നേ. ഒരു കാര്യം വിചാരിച്ചിട്ടുണ്ടേൽ ചെറുക്കൻ അത് നേടാതെ ഒരിടത്തും ഇരിക്കുകേല. ഇപ്പൊ ഞാനീ കല്യാണത്തിന് എതിർത്തു നിന്നാലേ ആ പെണ്ണിനേം വിളിച്ചോണ്ട് ഇവൻ വേറെ മാറി താമസിക്കും. ഒറ്റ മോനാണെന്ന് കരുതി അപ്പന്റേം അമ്മച്ചീടേം നിഴലേൽ അല്ല അവൻ കഴിയുന്നെ. പിന്നെ അവനെ ഒന്ന് കാണാൻ ഞാനും നിങ്ങളും ആ പെണ്ണിന്റ കാലു പിടിക്കേണ്ടി വരും. വഴിയേ പോകുന്ന കൊടിച്ചിപട്ടികൾക്കൊന്നും എന്റെ മോനെ അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ എനിക്ക് മനസില്ല. "
"അതാ ഞാൻ ചോദിക്കുന്നെ നിന്റെ പ്ലാൻ എന്നതാന്ന് . കല്യാണം നടത്തി വച്ചിട്ട്....? "
"ഇപ്പോൾ നമ്മൾ ആരെയൊക്കെ മുന്നിൽ നിർത്തി ഇത് മുടക്കാൻ നോക്കിയാലും റെജി ആദ്യം സംശയിക്കുന്നത് നമ്മളെ തന്നെ ആയിരിക്കും. അവന്റെ സ്വഭാവം അറിയാലോ. അവൻ ആശിച്ചത് പോലെ ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ നമ്മളവന്റെ ആജന്മ ശത്രുവാ. ആ കണ്ണിലെ അവൻ പിന്നെ കാണൂ. അപ്പോ പിന്നെ ഈ ഒരു വഴിയെ ഉള്ളൂ . കല്യാണത്തിനു നമ്മൾ കൂടെ ഉണ്ടെന്ന് തന്നെ അവന് തോന്നണം. എല്ലാം കഴിഞ്ഞു അവളിങ്ങോട്ടൊന്ന് കേറി വരട്ടെ. ഒറ്റ രാത്രി കൊണ്ട് പച്ചയ്ക്ക് കത്തിച്ചാലും ഞാനവളെ റെജിയുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കും."
"കർത്താവെ അതിനെ കൊല്ലാനോ?"
അവറാച്ചൻ അന്ധാളിച്ചു.
"മിണ്ടാതെ എന്റെ കൂടെ നിന്നോണം. കേട്ടല്ലോ "
വിരൽ ചൂണ്ടി മോളികുട്ടി ഓർമിപ്പിച്ചു.
"അമ്മച്ചി ഇതുവരെ ഒരുങ്ങി തീർന്നില്യോ? "
പുറത്തു നിന്ന് റെജിയുടെ ചോദ്യം.
"വരുന്നടാ "
മോളികുട്ടി വിളിച്ചു പറഞ്ഞു.
പിന്നെ ഭർത്താവിന്റെ നേരെ തിരിഞ്ഞു.
"അങ്ങോട്ട് ഇറങ്ങി ചെല്ല് മനുഷ്യ ഇങ്ങനെ പെരേൽ കേറി പൊരുന്ന ഇരിക്കാതെ. "
മോളികുട്ടി രണ്ടും കല്പിച്ചാണെന്ന് അയാൾക്ക് മനസിലായി. പണ്ട് മുതലേ അവളുടെ സ്വഭാവം ഇതാണ് അവൾക്ക് കിട്ടിയില്ലെങ്കിൽ കടയോടെ നശിപ്പിച്ചു കളയും. അനുസരിച്ചു കൂടെ നിൽക്കുന്നതാണ് ശീലം.
പക്ഷെ ഒരു കൊലപാതകം എന്നൊക്ക പറഞ്ഞാൽ കളിച്ച കാര്യം ആണോ. ഇവളിത് എന്തിനുള്ള പുറപ്പാടാണ് കർത്താവെ? ശിഷ്ടകാലം ഭാര്യയുമൊത്ത് ജയിലിൽ കിടക്കാനാണോ തന്റെയും യോഗം?
അവറാച്ചവന് മനോനില തെറ്റുന്ന പോലെ ഒരു തോന്നലുണ്ടായി.
പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ കുളിച്ചൊരുങ്ങി നിൽക്കുന്ന മകനോട് ഇക്കാര്യം പറഞ്ഞാലോ എന്ന് ഒരുവേള അയാൾ ചിന്തിച്ചു. പിന്നീടുണ്ടാകുന്ന ഭൂകമ്പത്തെ കുറിച്ചോർത്തു അത് സ്വയം അടക്കി.
തങ്ങളുടെ ജീപ്പിൽ ആണ് മൂന്ന് പേരും മടത്തിൽപറമ്പിൽ എത്തിയത്. വീട്ടുകാരെക്കാൾ മുന്നേ തങ്കച്ചൻ ഓടിയിറങ്ങി ചെന്ന് അവരെ സ്വീകരിച്ചു. അവറാച്ചനും റെജിയും സൗഹൃദത്തോടെ ബോബിയ്ക്ക് കൈ കൊടുത്തു. അവരുടെ മുഖത്ത് നോക്കി സംസാരിക്കാൻ ജാള്യതയുടെ ഒരുതരം ചമ്മൽ അവനുണ്ടായിരുന്നു. അവറാച്ചനെ കണ്ടപ്പോൾ ജോസൂട്ടിയുടെ അടിയേറ്റ് അയാൾ വീഴുന്നത് അവൻ ഓർമിച്ചു.
എങ്കിലും അതൊന്നും പുറമെ കാട്ടാതെ തെളിഞ്ഞ മുഖത്തോടെ അവൻ നിന്നു.
"ഞാൻ കരുതിയത് ബോബിയ്ക്ക് ഞങ്ങളോടുള്ള ദേഷ്യമൊന്നും തീർന്നിട്ടുണ്ടാവില്ലെന്നാണ്. "
അകത്തേക്ക് ഇരിക്കുമ്പോ മോളികുട്ടി തമാശയിൽ ചിരിച്ചു.
"ബോബി അതൊക്കെ അപ്പോഴേ മറന്നു ചേടത്തി. "
തങ്കച്ചനാണ് അതിന് മറുപടി കൊടുത്തത്.
" ഇനിയിപ്പോ നിങ്ങള് ബന്ധം കൂടാൻ പോകുന്നവരല്യോ... പഴയ കാര്യങ്ങളൊക്കെ കളഞ്ഞേച്ചു പുതിയ കാര്യങ്ങൾ എന്നാന്ന് വച്ചാ തീരുമാനിക്കാൻ നോക്ക്. "
ഉള്ള് കലങ്ങി മറിയുന്നുണ്ടെങ്കിലും ബോബി മുഖത്ത് ചിരി വരുത്തി നിന്നു. വൈകുന്നേരം ഇവരൊക്കെ വരുമ്പോൾ എത്താമെന്ന് പറഞ്ഞിരുന്ന ജോസൂട്ടിയെ കാണുന്നില്ല. അവൻ കൂടെയൂണ്ടെങ്കിൽ മനസ്സിനൊരു ബലമാണ്. സമയം ആയപ്പോൾ നാറി മുങ്ങി കളഞ്ഞു.
"ജോലിയൊക്കെ എങ്ങനെ ഉണ്ട് ബോബി? "
അവറാച്ചൻ വെറുതെ ലോഹ്യം ചോദിച്ചു.
"കുഴപ്പമില്ല."
"ശമ്പളമൊക്കെ എങ്ങനെ? "
"അതെന്നാ ചോദ്യവാ അത് "
മോളികുട്ടി ഇടയ്ക്ക് കയറി.
"ഓട്ട് കമ്പനിയിലൊക്കെ ശമ്പളം എത്ര കിട്ടുമെന്ന് നിങ്ങൾക്ക് അറിയരുതോ. പിന്നെന്നാത്തിനാ ഇങ്ങനെ ചൊറിയുന്നേ ? ബോബിയുടെ ആവിശ്യത്തിനുള്ളതൊക്കെ കിട്ടും. അത്ര തന്നെ. "
ബോബിയുടെ മുഖം മാറുന്നത് കണ്ടു റെജി ശാസിക്കുമ്പോലെ അമ്മയെ നോക്കി. മോളികുട്ടി അത് കണ്ടില്ലെന്ന് നടിച്ചു.
"ലില്ലിയെ വിളിക്ക് ബോബി "
കൂടുതൽ സംസാരിച്ചു വഷളാക്കണ്ടെന്ന് കരുതി തങ്കച്ചൻ പെട്ടന്ന് ബോബിയോട് നിർദേശിച്ചു. അപ്പോഴേക്കും ചായയും പലഹാരവുമായി ലില്ലിയും പെണ്ണമ്മയും അവിടേക്ക് വന്നു.
ചായ കൊണ്ട് വന്നു വച്ചിട്ട് തിരികെ പോകാൻ തുടങ്ങിയ അവളെ മോളികുട്ടി എണീറ്റു വന്നു ചേർത്ത് പിടിച്ചു.
"കേട്ടോ പെണ്ണമ്മേ. ലില്ലി കൊച്ചിനെ ഞാൻ പള്ളിയിൽ വച്ചു കാണുമ്പോഴൊക്ക അതിയാനോട് പറയും നമ്മുടെ റെജിമോനും ഇതുപോലൊരു സുന്ദരിപെങ്കൊച്ചിനെ തന്നെ തിരഞ്ഞു പിടിക്കണമെന്ന്. അല്യോ അച്ചായാ?"
അവറാച്ചനോടാണ് ചോദ്യം. അയാൾ അതേ എന്ന് തലയാട്ടി. അഭിനയിക്കാൻ തന്റെ ഭാര്യയെ കഴിഞ്ഞേ മറ്റൊരു പെണ്ണുള്ളുവെന്ന് അയാൾക്ക് നന്നായി അറിയാം. മോളികുട്ടി ചിരിയിൽ തുടർന്നു.
"എന്റെ മനസ് വായിച്ചത് പോലെ അവൻ കൃത്യം ഈ കൊച്ചിനെ തന്നെ കണ്ടു പിടിച്ചു കളഞ്ഞു. പിന്നെന്നാ അവന്റെ ഒരിഷ്ടത്തിനും ഞങ്ങള് എതിര് നിന്നിട്ടില്ല. ഞാൻ ആകെ എതിർത്തിട്ടുള്ളത് പട്ടാളത്തിൽ അവൻ ജോലിക്ക് പോയത് മാത്രമാ. അവനും അവൻ കെട്ടുന്ന പെണ്ണിനും കഴിയാനുള്ളതൊക്കെ ഞങ്ങൾ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. പിന്നെന്നാത്തിനാന്നേ വെടിയുണ്ടയുടെയും പീരങ്കിയുടെയും ഇടയിൽ കിടന്ന് ജീവൻ പണയം വച്ചൊരു ജോലി. ലീവിന് ചെറുക്കൻ വരുന്നത് വരെ മനുഷ്യനിവിടെ ആധി എരിഞ്ഞാ ഇരിക്കുന്നെ. അത് വല്ലതും പറഞ്ഞാൽ ഇതുങ്ങളുടെയൊക്കെ തലയിൽ കേറുമോ. പിന്നെ റെജി ഒരു കാര്യം വിചാരിച്ചാൽ തല പോയാലും അതിന്റെ പിന്നാലെ പോയി അവനത് നേടിയിരിക്കും . അതുകൊണ്ടൊക്കെ തന്നെ അവന്റെ കല്യാണം ഞങ്ങൾ അവന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തേക്കുവാരുന്നു. ഞങ്ങൾ കണ്ടു പിടിച്ചു കൊണ്ട് വരുന്ന പെങ്കൊച്ചുങ്ങളെ ഒന്നും അവന് പിടിക്കുകേലെന്നും ഉറപ്പായിരുന്നു. ഏതെങ്കിലും ഒരു പാവപെട്ട വീട്ടിലേ പെങ്കൊച്ചിനെ മതിയെന്ന് മാത്രേ ഞാൻ പറഞ്ഞിട്ടുള്ളൂ. തിന്നാനും കുടിക്കാനും ഒന്നും ഇല്ലേലും കുഴപ്പമില്ല . കൂടെ കൊണ്ട് നടക്കാൻ കുറച്ചു വർക്കത്തൊക്കെ വേണമെന്ന് മാത്രം. ഇതിപ്പോ എല്ലാം കൊണ്ടും ഒത്തു. "
പറഞ്ഞിട്ട് അവർ പെണ്ണമ്മയോട് ചോദിച്ചു.
" പെണ്ണമ്മ എന്നാ ഒന്നും മിണ്ടാത്തെ ? "
" ഞാൻ എന്നാ പറയാനാ. എല്ലാവരും കൂടി തീരുമാനിച്ചാൽ മതി. "
" വർഗീസ് മാപ്ലയെ കുറിച്ച് വിവരം ഒന്നും കിട്ടിയില്ല അല്യോ? "
അവറാച്ചൻ ചോദിച്ചു.
" തിരയുന്നുണ്ട് "
മറുപടി പറഞ്ഞത് ബോബിയാണ്.
ഇടയ്ക്കിടെ ലില്ലിയെ ഒളി കണ്ണാൽ നോക്കി ചായ ഊതി കുടിക്കുകയായിരുന്നു റെജി.
അടുത്ത് തന്നെ അവളെ സ്വന്തമാക്കാൻ കഴിയും എന്ന ചിന്ത ചില്ലറയൊന്നുമല്ല അവനെ ആനന്ദിപ്പിക്കുന്നത്.
ഇവരുടെയൊക്കെ ഇടയിൽ നിന്നും പെണ്ണിനെ വലിച്ചു കൊണ്ട് പുറത്തേക്ക് ഓടാൻ മനസ് കൊതിക്കുന്നു.
ബുള്ളറ്റിനു പിന്നിൽ തന്നോട് ചേർത്തിരുത്തി ഈ ലോകം മൊത്തം ചുറ്റണം.
തങ്ങളുടെ ലോകത്ത് താനും ലില്ലിയും മാത്രം.
ആ ഓർമ്മകൾ തന്നെ എത്ര മധുരതരം.
ലില്ലിക്കാണെങ്കിൽ അവിടുന്ന് എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ.
അർഹതയില്ലാത്ത ഒരു സദസ്സിൽ ഒറ്റ പെട്ടു പോയൊരു അവസ്ഥ.
അവളുടെ ചെറിയ ലോകത്ത് ഇല്ലാത്ത കഥാപാത്രങ്ങളാണ് ചുറ്റിനും.
അവരൊന്നും പറയുന്ന വലിയ കാര്യങ്ങൾ ഒന്നും അവളുടെ തലയിൽ കേറുന്നില്ല.
ആകെ ചിന്തിക്കുന്നത് മുറുകി കൊണ്ടിരിക്കുന്ന ഈ കുരുക്കിൽ നിന്നും എങ്ങനെ ഊരി പോകാം എന്നാണ്.
" എന്നതായാലും പിള്ളേർക്ക് തങ്ങളിൽ ഇഷ്ടപെട്ട സ്ഥിതിയ്ക്ക് ഇനിയിത് വെച്ച് താമസിപ്പിക്കണ്ടന്നാണ് ഞങ്ങളുടെ തീരുമാനം. "
അവറാച്ചന്റെ ഒച്ച കേട്ടു നടുങ്ങലിൽ ലില്ലി നോക്കി.
തന്റെ മരണകയർ ഇതാ ഒരുങ്ങി കഴിഞ്ഞു.
ഇനി കഴുമരത്തിലേറ്റുന്ന സമയം കൂടി നിശ്ചയിച്ചാൽ മതി.
ബാക്കിയെന്നോണം മോളികുട്ടി തുടർന്നു.
" റെജിയ്ക്ക് അടുത്ത മാസം ആദ്യം ലീവ് കഴിഞ്ഞു തിരിച്ചു പോകേണ്ടി വരും . അതിനു മുന്നേ കെട്ടുകല്യാണം നടത്തി വയ്ക്കണം . അത് അവന്റെ കൂടി നിർബന്ധം ആണ്. നിങ്ങൾക്ക് അസൗകര്യം ഒന്നുമില്ലല്ലോ ? "
" ഇല്ല "
ബോബി സമ്മതിച്ചു.
ലില്ലി അടുക്കളയിലേക്ക് ഇറങ്ങി പോയി.
ഇനി അറിയാൻ ഒന്നുമില്ല.
ഈ ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കാൻ പോകുന്നു.
തന്റെ മരണമണി മുഴങ്ങുന്നത് ലില്ലി കേട്ടു.
അകത്തു അവറാച്ചൻ തുടർച്ചയെന്നോണം പറഞ്ഞു.
" എങ്കിൽ പിന്നെ ഈ മാസ അവസാനം ഒരു ദിവസം കാഞ്ഞിരത്തിലച്ചന്റെ സൗകര്യം കൂടി നോക്കി നമുക്ക് ഇതങ്ങു ഉറപ്പിക്കാം. "
ബോബിയ്ക്കും പെണ്ണമ്മയ്ക്കും മറുത്തൊരു അഭിപ്രായം ഇല്ല.
" നിനക്കെന്നതേലും ചോദിക്കാനോ പറയാനോ ഉണ്ടോ റെജി ? "
മോളികുട്ടി മകനെ നോക്കി.
" ഇനി വീട്ടിൽ ചെന്നിട്ട് അതുമിതുമൊക്കെ പറയാൻ വിട്ടുപോയി എന്നും പറഞ്ഞു എന്റെ നേരെ വന്നേക്കരുത്. "
കളിയായി അവർ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.
"ലില്ലി എവിടെ? "
ഇറങ്ങും മുന്നേ മോളികുട്ടി ചോദിച്ചു.
പെണ്ണമ്മയുടെ വിളി കേട്ടു ലില്ലി വാതിൽക്കൽ വന്നു നിന്നു.
" ഞങ്ങളങ്ങോട്ട് ഇറങ്ങുവാ കൊച്ചേ..."
അവൾ പതിയെ തലയാട്ടി.
അവളെ ഒന്ന് നോക്കികൊണ്ട് റെജിയും
യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ ബോബിയുടെ കൈ കവർന്നു അവനോട് മാത്രമായി പറഞ്ഞു.
" പെട്ടന്ന് നടത്തുന്ന ചടങ്ങുകളുടെ പേരിൽ നിങ്ങൾ ആധി എരിഞ്ഞു ഓടേണ്ട കാര്യമൊന്നുമില്ല.. പള്ളിയിലെ കാര്യങ്ങളെല്ലാം ഞങ്ങൾ നോക്കികൊള്ളാം...ഇവിടുത്തെ ആവിശ്യങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി. "
ബോബി അതിന് മറുപടി പറഞ്ഞില്ല.
"പോട്ടേടാ... "
അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് റെജിയും മറ്റുള്ളവരുടെ പിന്നാലെ റോഡിലേക്ക് ഇറങ്ങി.
" എല്ലാരും കൂടി എന്നാ തീരുമാനിച്ചു? "
ഓട്ടു കമ്പിനിയിലേക്ക് സൈക്കിളിൽ പോകുമ്പോൾ ജോസൂട്ടി ചോദിച്ചു.
" വൈകുന്നേരം അവരൊക്കെ വരുമ്പോൾ നിന്നോട് വീട്ടിലേക്കു വരാൻ പറഞ്ഞിരുന്നതല്യോ...എന്നിട്ടെന്നാ വരാഞ്ഞേ? "
ജോസൂട്ടി ചിരിച്ചതേ ഉള്ളൂ.
"ഈ മാസം അവസാനത്തോടെ മനസമ്മതം നടത്തി വച്ചിട്ട് അവന് തിരിച്ചു പോണമെന്നാ പറയുന്നേ. കല്യാണം ഇനി വരുമ്പോൾ. "
" അങ്ങനെ ലില്ലീടെ കാര്യത്തിൽ ഒരു തീരുമാനം ആയി. അല്യോടാ. "
" കയ്യിൽ അഞ്ചു പൈസയില്ല. പണത്തിനൊക്കെ എന്നാ ബുദ്ധിമുട്ട് ആന്നേലും പറഞ്ഞോളാനാ റെജി പറഞ്ഞേക്കുന്നെ. അതു ശരിയല്ലല്ലോ. കെട്ടുകല്യാണത്തിന്റെ ചിലവ് നമുക്ക് തന്നെ നോക്കണ്ടെ . പിന്നീട് അതിനെ പറ്റി ഒരു സംസാരം വരാൻ ഇടയാവരുത്. മോളികുട്ടിയും അവറാച്ചനും ഒക്കെ അർക്കീസിന്റെ ആൾക്കാരാ. തന്നതും തിന്നതുമൊക്ക വിളിച്ചു പറയും. ലില്ലിക്ക് അവിടെ ഇരുന്നു കരയേണ്ടിയും വരും. "
" അതു ശരിയാ. ലോൺ ഈയാഴ്ച്ച തന്നെ ശരിയാവുമെന്നാ അപ്പൻ പറഞ്ഞേക്കുന്നെ. അങ്ങനെ ആണെങ്കിൽ പിന്നെ നമുക്ക് പേടിക്കേണ്ട കാര്യമില്ല. "
" വൈകുന്നേരം എന്തായാലും നിന്റെ അപ്പനെ കണ്ടൊന്ന് സംസാരിക്കണം. ലോൺ കിട്ടിയാൽ രക്ഷപെട്ടു. ഒന്നും ചോദിച്ചില്ലെങ്കിലും കല്യാണത്തിന് ദേഹം നിറയെ പോന്നിട്ട് അവളെ ഇറക്കണം. റെജിയുടെ ആൾക്കാരുടെ മുന്നിൽ ചൂളി നിൽക്കേണ്ടി വരരുത്. എല്ലാം ഒന്ന് കരയെത്തി കിട്ടീട്ടുണ്ട്. പിന്നെ നീ ഇന്നലെ കാണിച്ചത് പോലെ സമയത്തു മുങ്ങിയേക്കരുത്. എല്ലാ കാര്യത്തിനും എന്റെ കൂടെ ഉണ്ടാവണം."
ജോസൂട്ടി വീണ്ടും ചിരിക്കുന്നു.
" എന്നതാ...എന്നാ പറഞ്ഞാലും ഒരു കിണി. ഇന്നലെ അവരുടെയൊക്കെ മുന്നിൽ ഒറ്റപെട്ടു നിന്നതിന്റെ കേട് എനിക്കറിയാം. എത്രയൊക്കെ മറക്കാൻ നോക്കിയിട്ടും അതിനെയൊക്കെ കാണുമ്പോൾ പഴയതൊക്കെ തികട്ടി വരുന്നു. അവറ്റകൾക്കൊക്കെ ആണെങ്കിൽ അങ്ങനെയൊക്കെയുള്ള സംഭവം നടന്നതിന്റെ യാതൊരു ലക്ഷണവും ഇല്ല. മോളികുട്ടി പോകുന്ന വരെ വായീ നാക്കിട്ടിട്ടില്ല. ചിരിക്കുന്നു. പറയുന്നു. ആകെയൊരു ബഹളം. ചില നാടക നടിമാരെ കൂട്ട്. ആളുകൾ ഇങ്ങനെയൊക്കെ മാറുവോ ? "
" എന്നതായാലും ശക്തരായ ബന്ധുക്കളെ അല്യോ കിട്ടിയിരിക്കുന്നേ..... ഇനി എന്നാത്തിന്റെ കുറവാ. "
" പിന്നേ....... "
ബോബി അനിഷ്ടത്തോടെ താളത്തിൽ നീട്ടി പറയുന്നത് കേട്ട് ജോസൂട്ടി ചിരിച്ചു.
അന്ന് കമ്പനിയിൽ ഇരുവരും ഒരേ സെക്ഷനിൽ ആയിരുന്നു.
താഴത്തെ അച്ചുകളിൽ വാർത്തെടുക്കുന്ന പച്ച ഓടുകൾ കൺവെയർ ബെൽറ്റ് വഴി മുകളിൽ എത്തുന്നത്, ഹാളിൽ സെറ്റ് ചെയ്തിരിരിക്കുന്ന റാക്കുകളിൽ അടുക്കി വയ്ക്കുന്ന ജോലി.
ഒരാഴ്ച വരെ ഓടുകൾ ഇങ്ങനെ റാക്കിൽ തന്നെ വച്ചിരിക്കും.
വെള്ളം പൂർണ്ണമായി വലിഞ്ഞു ഉണങ്ങിയതിന് ശേഷമാണ് ചൂളയിലേക്ക് എടുക്കുന്നത്.
അവരെ കൂടാതെ രണ്ടു മൂന്ന് ജോലിക്കാർ കൂടി വേറെയും മുകളിൽ ഉണ്ടായിരുന്നു.
എല്ലാവരുമായി ഇപ്പോൾ നല്ല കമ്പനി ആയതു കൊണ്ട് തന്നെ ജോലിയൊക്കെ നല്ല രസകരമായി തോന്നി തുടങ്ങിയിരുന്നു.
വൈകുന്നേരം പതിവിലും കുറച്ചു നേരത്തെ ഇരുവർക്കും ഇറങ്ങാൻ കഴിഞ്ഞു.
തിരികെ വീടിനു മുന്നിൽ എത്തി സൈക്കിളിൽ നിന്നും ഇറങ്ങുമ്പോൾ ബോബി പറഞ്ഞു.
" ടാ ഞാനും വരുന്നു. നീ കേറി വാ. എനിക്ക് രണ്ടു തൊട്ടി വെള്ളം തലയിൽ ഒഴിക്കുന്ന താമസം മാത്രേ ഉള്ളൂ. "
സൈക്കിൾ ഒതുക്കി ജോസൂട്ടിയും അവന്റെ കൂടെ കയറി വന്നു.
" കേറി ഇരിയടാ.."
അവനോട് പറഞ്ഞിട്ട് ബോബി അടുക്കളയിലേക്ക് പോയി.
" ഡീ ലില്ലീ . നീ കുറച്ചു കട്ടനിട്ടേ..."
അവളോട് നിർദേശിച്ചിട്ട് അവൻ തോർത്തുമെടുത്തു കിണറ്റിൻ കരയിലേക്ക് നടന്നു.
പെണ്ണമ്മ വന്നിട്ടുണ്ടായിരുന്നില്ല.
മേശയ്ക്ക് മുകളിൽ കിടന്ന മാസികയെടുത്തു ജോസൂട്ടി വെറുതെ മറിച്ചു നോക്കിയിരുന്നു.
" എന്നെ ഒരു പണക്കാരന് കെട്ടിച്ചു കൊടുത്തിട്ട് സന്തോഷമായി കഴിയാന്ന് വിചാരിച്ച് ഇരിക്കുവാണോ? "
ഒച്ച കേട്ട് അവൻ മാസിക മാറ്റി നോക്കി.
അടുക്കളവാതിലിൽ ലില്ലി കണ്ണിൽ കനലെരിച്ചു നിൽക്കുന്നു.
അവൾ അകത്തേക്ക് കയറി വന്നു.
" നിങ്ങളുടെ ഹൃദയം എന്നതാ ജോസൂട്ടി കല്ലാണോ. ഒരു പെണ്ണ് കരഞ്ഞു കാലു പിടിച്ചിട്ടും അലിയാത്ത വിധം അതു ഉറഞ്ഞു പോയോ? "
തൊട്ടടുത്തു വന്നു നിന്ന് അവൾ ചോദിക്കുന്നു.
അതു കേൾക്കാത്ത മട്ടിൽ അവൻ മാസികയിലേക്ക് നോക്കി ഇരുന്നു.
അവൾ ബാധ കേറിയത് പോലെ അതു പിടിച്ചു വാങ്ങി മൂലയിലേക്ക് എറിഞ്ഞു.
" ഞാൻ പറയുന്നത് വല്ലതും ജോസൂട്ടി കേൾക്കുന്നുണ്ടോ? അതോ നിങ്ങളുടെ ചെവിയും അടഞ്ഞു പോയോ? "
" ലില്ലി ഒന്ന് പതുക്കെ. ബോബി കേൾക്കും "
അവൻ ഓർമിപ്പിച്ചു.
" കേൾക്കട്ടെ. കേട്ടിട്ട് വന്നു ചോദിക്കട്ടേ ഞാൻ എന്നാത്തിനാ ഒച്ച ഇടുന്നേന്ന് . തീ പിടിച്ചു നിൽക്കുവാ ഞാൻ. എനിക്കിനി ഒന്നും നോക്കാനുമില്ല. ആരെയും നോക്കേണ്ട കാര്യവുമില്ല ."
അവളെ മനോനില തെറ്റിയത് പോലെ തോന്നിച്ചു.
മുറുകിയ മുഖത്തോടെ അവൻ എണീറ്റ് പുറത്തേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ അവൾ മുന്നിൽ കയറി വഴി തടഞ്ഞു നിന്നു.
" ലില്ലി മാറ്..."
ജോസൂട്ടി സ്വരം കടുപ്പിച്ചു.
പെട്ടന്ന് അവൾ തേങ്ങി കരയാൻ തുടങ്ങി.
" എന്നോട് ഒരിത്തിരി എങ്കിലും ദയ കാണിച്ചൂടെ ജോസൂട്ടി... നെഞ്ചു പൊട്ടി ഞാൻ മരിച്ചു പോകും ജോസൂട്ടി... ഞാൻ മരിച്ചു പോകും.... "
അവൾ ഏങ്ങലടിച്ചു കരയുന്നത് കണ്ടു ജോസൂട്ടിയുടെ നെഞ്ച് പിടഞ്ഞു.
എന്തോ അവനത് സഹിക്കാൻ പറ്റുമായിരുന്നില്ല.
അടക്കി പിടിച്ചു നിർത്തിയിരുന്ന ധൈര്യമൊക്കെ മെഴുകുതിരി പോലെ ഉരുകാൻ തുടങ്ങി.
" ഞാൻ മരിക്കണോ ജോസൂട്ടി....നിനക്കത് കണ്ടാൽ മതിയോ... ഞാൻ വെള്ളപുതച്ച് കിടക്കുന്നത് നിനക്ക് കാണണോ......പറ. "
അവന്റെ ഷർട്ടിൽ കൂട്ടി പിടിച്ചു അവൾ ഉലച്ചു.
തകർന്നത് പോലെ നിൽക്കുകയായിരുന്ന
അവന്റെ ചുണ്ടുകൾ വിതുമ്പി വിറച്ചു.
" പറഞ്ഞിരുന്നതല്ലേ ഞാൻ.....നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലെന്ന് പറഞ്ഞതല്ലേ ഞാൻ.... എന്നിട്ട് ഇത്രയും വെറുത്ത് മാറി നിൽക്കാനും മാത്രം എന്നാ തെറ്റാ ഞാൻ ചെയ്തേ... എനിക്കറിയണം. പറ ജോസൂട്ടി.... പറയാതെ ഞാൻ വിടില്ല...വിടില്ല... "
പെട്ടന്ന് സർവ്വ നിയന്ത്രണവും തകർന്ന് അവൻ അവളെ വാരി പുണർന്നു.
" എന്റെ പോന്നു മോളെ.... നീ എന്നെ ഇങ്ങനെ കൊല്ലല്ലേടി... "
ഹൃദയം പൊടിഞ്ഞത് പോലെ ജോസൂട്ടി കരയുകയായിരുന്നു.
" എടീ......... !"
ഒരു അലർച്ച കേട്ട് ഇരുവരും ഞെട്ടിപിടഞ്ഞു നോക്കി.
കലിതുള്ളി വിറച്ചു പെണ്ണമ്മ മുന്നിൽ.