ഭാഗം 5
ഷാപ്പിൽ നിന്നും അവറാച്ചൻ പുറത്തേക്ക് ഇറങ്ങി വരുമ്പോഴാണ് ബോബിയും ജോസൂട്ടിയും ചെല്ലുന്നത്.
അയാളെ കണ്ട് ബോബി മുന്നിലേക്ക് കയറി നിന്നു.
" അച്ചായോ അവിടൊന്നു നിന്നേ . അങ്ങനങ്ങ് പോയാലോ. "
അവറാച്ചൻ നിന്നു." എന്നാടാ ? "
"എന്താ ബോബി? " കൂടെ ഉണ്ടായിരുന്ന ആളും ഒപ്പം ചോദിച്ചു.
" ഏയ്.... ബേബിച്ചായൻ പൊക്കോ. ഞങ്ങൾ കുറച്ചു കുടുംബകാര്യം പറയേണ്. "
അയാൾ നടന്നു നീങ്ങിയപ്പോൾ ബോബി തുടർന്നു.
" അതേ അവറാച്ചായോ ഈ ആണുങ്ങൾ തമ്മിലുള്ള കുലുക്കി കുത്തിനൊക്കെ വീട്ടിലിരിക്കുന്ന കൊച്ചു പിള്ളേരെയൊക്കെ കൂട്ടിപിടിപ്പിക്കുന്നത് എന്നാത്തിനാ. വായിൽ മുലപ്പാല് മണക്കുന്ന പിള്ളേരെ ഒക്കെ വട്ടകമ്പും വേലി പത്തലും ഒക്കെ ആയിട്ട് തല്ലിനും വഴക്കിനും പറഞ്ഞു വിടുന്നത് വെറും നാറിയ പണി അല്ലിയോ. അമ്മാതിരി തന്തയില്ലായ്മ ഇനി ബോബിടെ മേത്തോട്ടിറക്കരുത് . കേട്ടല്ലോ. ഇറക്കിയാൽ താൻ നാട്ടുകാരുടെ മുന്നിൽ കിടന്നു ഇടി കൊണ്ട് തൂറും. അതോർമ്മിച്ചു വേണം ഇങ്ങോട് മുട്ടാൻ. ?"
സംസാരം കേട്ട് ആളുകൾ ശ്രദ്ധിക്കാനും ചുറ്റിനും കൂടാനും തുടങ്ങി.
" എന്നാടാ നീയെന്നെ പേടിപ്പിക്കണേണാ. ഒന്ന് പൊയ്ക്കേണ്ട്രാർക്കാ അവിടുന്ന്. "
പുച്ഛത്തോടെ പറഞ്ഞിട്ട് അയാൾ ബോബിയുടെ തോളിൽ പിടിച്ചു തള്ളി.
പ്രതീക്ഷിക്കാത്ത നീക്കത്തിൽ ബോബി പിന്നോട്ടാഞ്ഞു.
പെട്ടന്ന് മുന്നോട്ട് കയറി ജോസൂട്ടി അവറാച്ചന്റെ കവിളടച്ചോന്ന് പൊട്ടിച്ചു.
അടിയുടെ ആയത്തിൽ അയാൾ അലച്ചു നിലത്തേക്ക് വീണു പോയി.
" ചെറ്റത്തരം കാണിച്ചിട്ട് നിന്ന് മൂപ്പിക്കുന്നാ ഊളെ ! "
" എന്താടാ ജോസൂട്ടി? "
"എന്നാ ബോബി പ്രശ്നം? "
" ആരെലും അയാളെയൊന്ന് പിടിച്ചെണീൽപ്പിക്ക്. "
ചുറ്റിനും കൂടിയവരുടെ ഒച്ച പല രീതിയിൽ മുഴങ്ങി.
നിലത്തു വീണു കിടക്കുന്ന അവറാച്ചന്റെ മുഖത്തിന് നേരെ വിരൽ ചൂണ്ടി ജോസൂട്ടി ഓർമിപ്പിച്ചു.
" താൻ കൊട്ടേഷന്റെ ആളല്ലേ. ആണാണെങ്കിൽ ഈ ചെയ്തതിനു താൻ ആളെ ഇറക്കി ബദൽ ചെയ്. മീശ മുളക്കാത്ത പിള്ളേരെ അല്ല. നല്ല നട്ടെല്ല് മുറ്റിയ ചട്ടമ്പികളെ. ഇല്ലെങ്കിൽ തനിക്കൊരു പട്ടാളക്കാരൻ മോനുണ്ടല്ലോ. ആ ഊളയെ ഇങ്ങോട്ട് പറഞ്ഞു വിട് ഞങ്ങൾക്കിട്ട് ഒണ്ടാക്കാൻ. കേട്ടോടാ... അവറാച്ചാ !"
പിന്നെ തിരിഞ്ഞു ബോബിയെ വിളിച്ചിട്ട് അവൻ ഷാപ്പിലേക്ക് നടന്നു.
"കിടന്നു ചീയാതെ എണീച്ചു പോടോ... " അവജ്ഞയോടെ പറഞ്ഞിട്ട് ബോബിയും ജോസൂട്ടിയുടെ പിന്നാലെ ചെന്നു.
ആരൊക്കെയോ ചേർന്ന് അവറാച്ചനെ പിടിച്ചെണീൽപ്പിച്ചു.
" എന്നാ അവറാച്ചോ. അവന്മാരുമായിട്ട് എന്നതാ പ്രശ്നം? "
ചോദ്യങ്ങൾക്ക് മറുപടി പറയാതെ കവിളിൽ കൈ ചേർത്ത് പിടിച്ചു അവറാച്ചൻ നിന്ന് പല്ല് ഞരിച്ചു.
അയാളുടെ ഉള്ള് തിളച്ചു മറിയുന്നത് ആരും കണ്ടില്ല.
വർഗീസ് മാപ്ലയുടെ വിളി കേട്ടാണ് പെണ്ണമ്മ കണ്ണ് തുറന്നത്.
വാതിലിൽ മുട്ടുന്ന ഒച്ചയും കേൾക്കുന്നു.
അവർ ഉരുണ്ടു പിരണ്ട് എണീറ്റു.
മുറിയിലെ ലൈറ്റിട്ടു.
ലില്ലി മൂടി പുതച്ചു നല്ല ഉറക്കം.
അവർ മുൻവശത്തെ മുറിയിലെ ലൈറ്റ് തെളിച്ചിട്ട്
പുക കറയേറ്റു നിറം മങ്ങിയ ക്ളോക്കിലേക്ക് നോക്കുമ്പോൾ മൂന്നു മണി.
ചെന്നു വാതിൽ തുറന്നു.
പുറത്തു ആരെയും കാണാനില്ല.
ഇനി തോന്നിച്ചതാണോ?
ആ വിളി വ്യക്തമായി കേട്ടതാണല്ലോ.
അവർ ഒരിക്കൽ കൂടി വാതിൽ പടിയിൽ നിന്ന് ചുറ്റിനും കണ്ണോടിച്ചു.
ദൂരെ എവിടെയോ പട്ടികളുടെ നിർത്താതെയുള്ള ഓരിയിടൽ കേൾക്കുന്നുണ്ടായിരുന്നു.
എവിടെ നിന്നെന്നറിയാതെ ഒരു ഭയം പെണ്ണമ്മയെ വന്നു പൊതിഞ്ഞു.
തിടുക്കത്തിൽ അവർ അകത്തേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടിട്ട് ബോബിയുടെ മുറിയിലേക്ക് ചെന്നു.
അവൻ കൂർക്കം വലിച്ചു സുഖമായി ഉറങ്ങുന്നു..
" ബോബി...എടാ ബോബി... "
അവർ തട്ടി വിളിച്ചു.
അവൻ ഞെരങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു.
" കള്ളും കുടിച്ചു വന്നേച്ചു പോത്ത് പോലെ കിടന്നുറങ്ങേണ് ശവം. "
അവർ വീണ്ടും തിരിച്ചു മുറിയിലേക്ക് വന്നു.
" ലില്ലി എണീറ്റേടി ഇങ്ങോട് "
അവൾ കണ്ണ് തിരുമി കൊണ്ട് മുഖം ചുളിച്ചു നോക്കി
" എന്നതാ അമ്മച്ചി. "
" നീയൊന്ന് എണീറ്റു വന്നേ. നിന്റെ അപ്പൻ ദേണ്ടെ വാതിലിൽ തട്ടി വിളിക്കുന്നു. "
" അമ്മച്ചി പോയി വാതിൽ തുറന്നു കൊടുക്ക് "
" നീ ഇങ്ങോട്ടൊന്ന് വാടി. "
അവർ അവളെ പിടിച്ചെണീൽപ്പിച്ചു.
ഉറക്കം നഷ്ടപെട്ട ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുത്തു മുടി വാരി കെട്ടി വച്ചു കൊണ്ട് അവൾ അവരുടെ പിന്നാലെ ചെന്നു.
പെണ്ണമ്മ മുൻ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.
" ഇവിടെങ്ങും ആരുമില്ല. അമ്മച്ചിക്ക് വെറുതെ തോന്നിയതാവും. "
വാതിൽ പടിയിൽ ചാരി നിന്ന് അവൾ തല ചൊറിഞ്ഞു.
" അല്ലടി. ഞാൻ കേട്ടതാ. നീ വന്നേ. "
അവർ റോഡ് സൈഡിലേക്ക് ചെന്നു ചുറ്റിനും നോക്കി.
ലില്ലി മുറ്റത്തേക്ക് ഇറങ്ങി നിന്നു.
" വന്നിട്ടുണ്ടെങ്കിൽ അപ്പനിങ്ങനെ ഒളിച്ചു കളിക്കോ. അമ്മച്ചി ഇങ്ങോട് വന്നേ. മുതു പാതിരായ്ക്ക് ഓരോ തോന്നിപ്പിക്കലുകള്. "
" ഞാൻ വ്യക്തമായി കേട്ടതാടി "
" കേട്ടെങ്കിൽ പിന്നെ അപ്പനെന്താ മാഞ്ഞു പോയോ ? അമ്മച്ചി സ്വപ്നം കണ്ടതായിരിക്കും . ഇങ്ങ് കേറിപ്പോരെ "
അവൾ തിരിച്ചു നടന്നു.
" അതെങ്ങനെ ആണായിട്ട് ഒരുത്തൻ ഈ വീട്ടിൽ ഉള്ളത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടോന്ന് നോക്ക് . ഇത്തിരി വെള്ളം തിളപ്പിച്ച് നാശത്തിന്റെ തലവഴി ഒഴിച്ച് കൊടുക്കണം "
പെണ്ണമ്മ അകത്തേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു.
"പുളിച്ച നാറ്റം കാരണം ആ മുറിയിലോട്ട് കേറാൻമേല. നേരം ഒന്ന് വെളുക്കട്ട്. അവന്റെ അവസാനം ആണ്. "
പ്രധാന മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു അവർ കിടപ്പ് മുറിയിലേക്ക് വന്നു.
ലില്ലി കിടന്നു കഴിഞ്ഞിരുന്നു.
" എന്നാലും പിന്നെ അതാരാടി വന്നു വിളിച്ചേ ? "
" പിന്നെ വന്നു...അമ്മച്ചി ലൈറ്റണച്ച് കിടക്കാൻ നോക്ക്. "
അവൾ പുതപ്പ് തലവഴി മൂടി.
കൂട് തുറന്നു കോഴികളെ മൊത്തം പുറത്തിറക്കി തലേന്നത്തെ എച്ചിലും പഴഞ്ചോറും എല്ലാംകൂടി അവറ്റക്ക് കുഴച്ചിട്ട് കൊടുത്തിട്ട് ലില്ലി മുൻ വശത്തേക്ക് ചെന്നു.
മുറ്റമടിച്ചു തീരാറായപ്പോഴേക്കും ഒരു ഗ്ലാസ് കട്ടനും മോത്തികുടിച്ചു കൊണ്ട് ബോബി തിണ്ണയിൽ വന്നിരുന്നു.
ചൂലിന്റെ മൂട് കയ്യിൽ തട്ടി ഉറപ്പിച്ചു കൊണ്ട് അവൾ അവനെ നോക്കി.
" ഇന്നല രാത്രി ഇവിടെ നടന്ന കാര്യങ്ങൾ വല്ലതും ഇച്ചായി അറിഞ്ഞോ? "
" എന്നാടി? "
" രാത്രി അപ്പൻ വന്നു കതകിൽ തട്ടീന്ന് പറഞ്ഞിട്ട് അമ്മച്ചി എന്നാ പുകിലായിരുന്നു. "
ബോബി ചിരിച്ചു.
" കുറേ വർഷങ്ങൾ കൂടി പോകുന്നതല്ലേ . അപ്പൻ ഹക്കീം മുതലാളിയുടെ ഒപ്പം കള്ളും കോഴിയും ഒക്കെ ആയിട്ട് അവിടെ സെറ്റായി കാണും."
"അപ്പൻ കോഴിക്കോട് പണിക്ക് പോയതായി എനിക്ക് ഒരു ഓർമ പോലും ഇല്ല "
" നീ അന്ന് തീരെ കുഞ്ഞാ. ഓർമ്മ കാണുകേല. കല്ലായിൽ ആയിരുന്നു ഹക്കീം മുതലാളിയുടെ തടി മില്ല്. "
" ഇച്ചായി പോയിട്ടുണ്ടോ അവിടെ? "
" ഇല്ലടി. അപ്പൻ പറഞ്ഞ ഓർമയെ ഉള്ളു. അത്രയും തൊഴിലാളികളുടെ ഇടക്ക് അപ്പനെ ആയിരുന്നു അന്ന് മുതലാളിക്ക് കൂടുതൽ ഇഷ്ടം. നിലമ്പൂര് കാട്ടിനുള്ളിൽ നിന്നും മരം മുറിച്ച് അത് ചങ്ങാടം പോലെ കൂട്ടികെട്ടി ചാലിയാർ പുഴയിലൂടെ കല്ലായിലേക്ക് കൊണ്ട് പോകുന്നതൊക്കെ സിനിമ കഥ പോലെ അപ്പൻ പറയുന്ന കേട്ടിട്ടുണ്ട്. "
" ഓ അപ്പനൊരു സംഭവം ആരുന്നല്ലേ. എന്നിട്ടാ അമ്മച്ചിയുടെ ആട്ടും തുപ്പും കൊണ്ട് പൊട്ടനെ പോലെ ഇവിടൊക്കെ നടന്നേ . അത്രേം നല്ല മുതലാളി അവിടെ ഉണ്ടായിട്ടും അപ്പനെന്നാ പിന്നങ്ങോട് പണിക്ക് പോവാഞ്ഞെ? "
" അത് മാത്രം അമ്മച്ചി ചോദിക്കുമ്പോൾ അപ്പൻ എണീറ്റു പൊയ്ക്കളയും. "
" ഇനി അപ്പനവിടെ ആരേലുമായി അടി ആക്കീട്ട് ചാടി പോന്നതാവോ ? "
" അറിയത്തില്ല. അപ്പന്റെ സ്വഭാവം വച്ചിട്ട് ആ ഒരു സാധ്യത ഉണ്ട്. "
അവൾ വീണ്ടും മുറ്റമടിക്കാൻ തുടങ്ങി. "ഒരുമിച്ചിരിക്കുമ്പോ എന്നാ പുകിലാ രണ്ടും. ഒരു ദിവസം അപ്പനങ്ങ് മാറിയപ്പോഴേക്കും അമ്മച്ചി ആകെ ഓഞ്ഞു. "
" നീ നോക്കിക്കോ. ഉച്ച ആവുമ്പഴേക്കും അപ്പനിങ്ങെത്തും. അമ്മച്ചിയെ കാണാതേം മിണ്ടാതേം അപ്പനങ്ങനെ മാറി നിൽക്കാൻ ഒക്കുകേല. "
ബോബി എണീറ്റ് കിണറ്റിൻ കരയിലേക്ക് നടന്നു.
വൈകുന്നേരം ജോലി കഴിഞ്ഞു വരുന്നവഴിക്ക് പള്ളി കവലയിൽ നിന്നും പെണ്ണമ്മ കുറച്ചു മത്തി വാങ്ങി വന്നു.
കുളി കഴിഞ്ഞു കഴുകിയ തുണികൾ വെള്ളത്തിൽ മുക്കിപിഴിയുകയായിരുന്നു ലില്ലി .
അവളെ ശ്രദ്ധിക്കാതെ അവർ അകത്തേക്ക് കയറി പോയി.
വേഷം മാറി വന്നു മീൻ വൃത്തിയാക്കാൻ ഇരുന്നപ്പോഴേക്കും ലില്ലി തുണി അയയിൽ വിരിച്ചു കഴിഞ്ഞിരുന്നു.
ബക്കറ്റിലെ വെള്ളം കളഞ്ഞു കിണറ്റുകരയിൽ കൊണ്ട് വച്ചിട്ട് അവൾ അടുത്തേക്ക് ചെന്നു.
" അമ്മച്ചി എണീറ്റോ. ഞാൻ കണ്ടിച്ചോളാം.... "
കേട്ടഭാവം നടിക്കാതെ പിച്ചാത്തി ചട്ടിയുടെ വക്കിൽ ഉരച്ചു മൂർച്ച വരുത്തിയിട്ട് അവർ ജോലി തുടർന്നു.
രംഗം അത്ര പന്തി അല്ലെന്ന് ലില്ലിക്ക് തോന്നി.
ആ മീൻ മുറിക്കുമ്പോഴുള്ള വേഗത കാണുമ്പോഴേ അറിയാം.
ആരോടോ ഉള്ള വാശി തീർക്കുമ്പോലെ.
അമ്മച്ചിയുടെ മനസ്സിൽ എന്തോ കിടന്നു തിളച്ചു മറിയുന്നുണ്ട്.
ഇനി സംസാരിക്കാൻ നിന്നാൽ മീൻ വെള്ളം എടുത്തു അവർ മുഖത്തൊഴിക്കുമെന്ന് ഉറപ്പ്.
അവൾ അടുക്കളയിലേക്ക് കയറി കറിക്കുള്ള അരപ്പിന് വേണ്ടുന്ന തേങ്ങ പൊട്ടിക്കാൻ തുടങ്ങി.
ഇടയ്ക്കിടെ അടുക്കളവാതിലിലൂടെ അവൾ മീൻ കണ്ടിക്കുന്ന പെണ്ണമ്മയെ വീക്ഷിക്കുന്നുണ്ടായിരുന്നു.
അമ്മച്ചിയോട് സംസാരിക്കാഞ്ഞിട്ട് എന്തോ ഒരു വീർപ്പുമുട്ടൽ പോലെ.
തേങ്ങ ചിരകുന്നത് നിർത്തി വച്ചിട്ട് അവൾ വാതിൽക്കലേക്ക് ചെന്നു.
പിന്നെ വേണ്ടെന്ന് വച്ച് തിരികെ വന്നു ജോലി തുടർന്നു.
അപ്പോഴേക്കും പെണ്ണമ്മ വൃത്തിയാക്കിയ മീനുമായി കയറി വന്നു.
ഉള്ളിയുടെ പുറംതൊലി കളയുന്നതിനിടയിൽ എന്തും വരട്ടെ എന്ന് കരുതി ലില്ലി പറഞ്ഞു.
" അപ്പനെ ഇതുവരെ കണ്ടില്ലല്ലോ അമ്മച്ചി. "
" കണ്ടില്ലെങ്കിൽ കാണണ്ട. അതിയാനെ കാണാഞ്ഞിട്ട് ഇവിടെ ആർക്കും ഉറക്കം വരായ്കയൊന്നുമില്ല. "
എടുത്തടിച്ചത് പോലെയുള്ള മറുപടി.
മീൻ ചട്ടി അടുപ്പ് പാതകത്തിന് മീതെ വച്ചിട്ട് അവർ അകത്തേക്ക് പോയി.
" രക്ഷപെട്ടു പോയതാ. എനിക്കറിയാം. ഇവിടെ നിന്നാലെ ഉത്തരവാദിത്തങ്ങൾ ഒരുപാട് എടുത്തു തലയിൽ വെക്കേണ്ടി വരും. ഇതാവുമ്പോ ഒന്നും അറിയേണ്ടല്ലോ. എവിടെ വേണേലും പൊക്കോട്ടെ. ഇവിടെ ആർക്കാ സങ്കടം ? ആർക്കുമില്ല... "
കുളിച്ചിട്ട് മാറാനുള്ള തുണിയുമായി അവർ ഇറങ്ങി വന്നു.
അടുക്കള വാതിലിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്ന് ലില്ലി കേൾക്കാൻ പാകത്തിന് പറഞ്ഞു.
" കല്യാണം കഴിഞ്ഞു പിറ്റേന്ന് മുതൽ ജോലിക്കിറങ്ങിയതാ പെണ്ണമ്മ. ആരെയും വക കണ്ടല്ല ഇത്രയും നാളും ജീവിച്ചത്... ഇനി മരിക്കും വരെ അങ്ങനെ തന്നെ ആയിരിക്കും. പോകുന്നവരൊക്ക പൊയ്ക്കോട്ടടി... എന്നെ തോൽപ്പിക്കാമെന്ന് ആരും കരുതണ്ട. പെണ്ണമ്മ അങ്ങനെ തോൽക്കേമില്ല. "
ആരോടൊക്കെയൊ ഉള്ള ദേഷ്യം അവരുടെ വാക്കുകളിൽ നുരയുന്നുണ്ടായിരുന്നു.
ലില്ലി എന്തെങ്കിലും പറയുമെന്ന് കരുതീട്ടോ അവർ ഒരുനിമിഷം കൂടി നിന്നു.
പിന്നെ മറപുരയിലേക്ക് നടന്നു.
അവർ പോകുന്നത് നോക്കി നിന്നിട്ട് ലില്ലി തിരിഞ്ഞു തന്റെ ജോലി തുടർന്നു.
ബോബി അന്ന് നേരത്തെ എത്തി.
പെണ്ണമ്മ മുൻവശത്തെ പ്രധാന മുറിയിലും ലില്ലി അതിനോട് ചേർന്ന് അടുക്കളയിലേക്കുള്ള വാതിലിന് അടുത്തും ഇരുന്നു അത്താഴം കഴിക്കുന്നുണ്ടായിരുന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
മുറ്റത്തു ചീവീടിന്റെ നിർത്താതെയുള്ള കരച്ചിൽ മാത്രം മുഴങ്ങി കേട്ടു.
അവൻ മുറിയിലേക്ക് കയറി പോയി.
ഷർട്ട് അഴിച്ചു അയയിൽ ഇട്ടിട്ട് ഇറങ്ങി വന്നു.
അപ്പോഴേക്കും ലില്ലി എണീറ്റു പോയി അവനുള്ള അത്താഴം വിളമ്പാൻ തുടങ്ങിയിരുന്നു.
പെണ്ണമ്മയെ നോക്കി അവൻ പറഞ്ഞു.
" അമ്മച്ചി... രാവിലെ ഞാനൊന്ന് കോഴിക്കോട് വരെ പോയാലോന്നാ. "
മറുപടിക്ക് വേണ്ടി അവൻ ഒരു നിമിഷം കാത്തു.
അതുണ്ടാവാതിരുന്നപ്പോൾ സ്വയമെന്നോണം പറഞ്ഞു.
" ഇത്രയും നേരം ആയിട്ടും അപ്പനെ കണ്ടില്ലല്ലോ. എന്നതാ പറ്റിയെന്നു പോയി തിരക്കണ്ടേ ? "
" എനിക്ക് വേണ്ടി ആരും ആരെയും എങ്ങും പോയി തിരയണ്ട. ആ സമയം ഉണ്ടെങ്കിൽ നീ രണ്ടു കുപ്പി കൂടി കൂടുതൽ മേടിച്ചു കുടിച്ചേച്ചു നാട്ടുകാരുടെ തോളെൽ കേറാൻ നോക്ക്. "
നിലത്തു വീണ എച്ചിൽ പെറുക്കികൊണ്ട് അവർ എണീറ്റ് അടുക്കളയിലേക്ക് പോയി.
ചോറും കറിയുമായി ലില്ലി വരുന്നത് കണ്ടു അവൻ അമ്മക്ക് എന്ത് പറ്റിയെന്ന് ആംഗ്യത്തിൽ ചോദിച്ചു.
ചെറിയ മേശക്ക് മുകളിലേക്ക് പ്ളേറ്റുകൾ വക്കുന്നതിനിടയിൽ ഒച്ച താഴ്ത്തി ലില്ലി പറഞ്ഞു.
" വൈകിട്ട് വന്നപ്പോൾ മുതൽ ഇങ്ങനെയാ. അപ്പനെ കാണാത്തതിൽ അമ്മച്ചിക്ക് നല്ല വിഷമം ഉണ്ടെന്നു തോന്നുന്നു. "
പെണ്ണമ്മ വരുന്നത് കണ്ടു ലില്ലി സംസാരം നിർത്തി.
പിന്നെ അതേ കുറിച്ച് ആരും ഒന്നും മിണ്ടിയില്ല.
അന്ന് രാത്രി ആ വീട്ടിൽ ഉറക്കം വരുന്നത് വരെ മൂന്നു പേരുടെയും ചിന്ത വർഗീസ് മാപ്ലയെ കുറിച്ചായിരുന്നു.
പിറ്റേന്ന് വെളുപ്പിനെ ബോബി ജോസൂട്ടിക്കൊപ്പം കോഴിക്കോട്ടേക്കുള്ള ആദ്യത്തെ ബസ് കയറി.