ഭാഗം 17
വീടിന് മുന്നിൽ സൈക്കിൾ നിർത്തി ബോബി ഇറങ്ങി.
" ഞാൻ കരുതിയത് അവനേതാണ്ട് മല മറിക്കാനായിട്ട് നിന്റടുത്തോട്ടു വരുവാന്നാ . അവനെന്നാ കോപ്പനാടാ... ഞാൻ ചെറിയൊരു അടിയാ പ്രതീക്ഷിച്ചത്. "
" റെജിയെ അങ്ങനെയങ്ങു എഴുതി തള്ളാൻ ഒക്കുകേല ബോബി. അവനെനിക്ക് കൈ തന്നപ്പോൾ അവന്റെ ഉള്ളിലെ സങ്കടം എനിക്ക് ശരിക്കും അനുഭവപ്പെട്ടതാ . അടി കൊണ്ട പാമ്പാ അവൻ. പതിയിരുന്നു കൊത്തും."
"കൊത്തും മുന്നേ അവന്റെ വിഷ പല്ല് ഞാൻ അടിച്ചു കൊഴിക്കും. അതുവിട്. നിന്റെ അടുത്ത പരുപാടി എന്നതാ. "
"അറിയത്തില്ല. "
"നല്ല കാര്യം. എടാ മുതുകാളെ നിന്റെ കല്യാണകാര്യത്തെ കുറിച്ചാ ഞാൻ ചോദിച്ചേ. "
"അതിപ്പോ നിന്റെ അമ്മച്ചിയെ കൊണ്ട് സമ്മതിപ്പിക്കണ്ടേ..."
"അത് നീ എനിക്ക് വിട്ടു തന്നേരെ. ഞാൻ സമ്മതിപ്പിച്ചെടുത്തോളാം."
"എനിക്ക് തോന്നുന്നില്ല. "
"സമ്മതിച്ചില്ലേലെന്നാ...അവളെ ഞാനീ സൈക്കിളിൽ ഇരുത്തി നിന്റെ വീടിന്റെ മുന്നിൽ കൊണ്ട് വന്നു ഇറക്കി വിടും. "
"ലില്ലി എവിടേന്ന് നിന്റെ അമ്മച്ചി ചോദിച്ചാലോ ? "
"ആ എനിക്കറിയത്തില്ല പോയി തിരക്കാൻ പറയും."
ജോസൂട്ടിയ്ക്ക് ചിരി വന്നു.
"ശരി ശരി. ഞാൻ പോകുവാ..."
അവൻ സൈക്കിൾ തിരിച്ചു.
" നാളെ രാവിലെ വരത്തില്യോ? "
" വരാതെ പിന്നേ.... "
അവൻ ഇരുളിൽ മറയുന്നത് വരെ ബോബി നോക്കി നിന്നു.
പിന്നെ വീട്ടിലേക്ക് കയറി.
ലില്ലി പ്രധാന മുറിയുടെ കോണിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ടായിരുന്നു.
അവൻ മുറിയിൽ നോക്കി.
പെണ്ണമ്മ പായിൽ കിടന്നു സുഖമായി ഉറങ്ങുന്നു.
ആ കിടപ്പ് കണ്ടാൽ ഇവിടെ കിടന്നു അങ്കക്കലി ഇളകിയതിന്റെ യാതൊരു ലക്ഷണവും ഇല്ല.
അവൻ ചെന്ന് ലില്ലിയുടെ അടുത്ത് കുത്തിയിരുന്ന് അവളെ തട്ടി ഉണർത്തി.
ഞെട്ടി ഉണർന്ന അവൾ ബോബിയെ കണ്ടു വീണ്ടും കരയാൻ തുടങ്ങി.
"ശ്ശ്.... "
അവൻ ചുണ്ടിൽ വിരൽ ചേർത്ത് മിണ്ടരുതെന്ന് ആംഗ്യം കാട്ടി.
പിന്നെ അവളെ പിടിച്ചുയർത്തി മുറ്റത്തേക്ക് കൊണ്ട് പോയി.
മുറ്റത്തിന്റെ കോണിൽ എത്തിയപ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു.
" ജോസൂട്ടിയെ നിനക്ക് ഇഷ്ടം ആയിരുന്നേൽ ഒരു വാക്കെങ്കിലും എന്നോട് പറയാൻ മേലാരുന്നോടി... ഏ? "
അവന്റെ മട്ടും ഭാവവും കണ്ട് ഇനി അടിക്കാനുള്ള പുറപ്പാടാണോ എന്നാലോചിച്ചു അവൾ ദയനീയമായി നോക്കി.
" ഇക്കണ്ട കല്യാണആലോചന മൊത്തം ഇവിടെ വന്നപ്പോൾ നിന്റെ വായിലെന്നാ കുരു ആരുന്നോ. പെണ്ണ് കാണലിന് കെട്ടി ഒരുങ്ങി ഇറങ്ങി നിൽക്കാതെ എന്നോട് പറയാഞ്ഞ എന്നാന്നാ ചോദിച്ചേ ? "
" പേടിച്ചിട്ടാ ഇച്ചായി..."
അവൾ വിതുമ്പി.
" പേടിച്ചിട്ട്.... ഒരൊറ്റ അടി. "
അവൻ അടിക്കാൻ കൈ ഓങ്ങി.
" നീ ഒറ്റ ഒരുത്തി കാരണമാ ഇന്നിവിടീ പ്രശ്നം മൊത്തം ഉണ്ടായത്. നിസാരമായി ഒതുക്കി തീർക്കാവുന്ന ഒരു കാര്യം നീ ഇവിടം വരെ കൊണ്ടെത്തിച്ചു. "
അവൾ ഒന്നും മിണ്ടാതെ കുറ്റവാളിയെ പോലെ നിന്നു.
" നിന്നെ അമ്മച്ചി ഒരുപാട് തല്ലിയോ? "
" മം..."
അവൾ സങ്കടത്തോടെ തലയാട്ടി.
" അത് നിനക്ക് കിട്ടേണ്ടതാ. ഒരു ദോഷവുമില്ല."
അവൾ ഒന്നും മിണ്ടിയില്ല.
" എന്നാ ആയാലും നടന്നത് നടന്നു. ഞാൻ ജോസൂട്ടിയുടെ വീട്ടിൽ സംസാരിച്ചിട്ടുണ്ട് . അവർക്ക്
നിങ്ങടെ കല്യാണത്തിന് ഇഷ്ടക്കുറവൊന്നും ഇല്ല. "
ലില്ലിയുടെ മുഖം ഒരു പൂവ് പോലെ വിടർന്നു.
പിന്നെ സംശയത്തിൽ ചോദിച്ചു.
" റെജി? "
" വരുന്ന വഴി അവനോടു ഞങ്ങൾ കാര്യം പറഞ്ഞിട്ടുണ്ട്. ഒഴിഞ്ഞു തന്നേക്കാമെന്നൊക്കെയാ പറയുന്നേ. അതൊരു വിഷയമുള്ള കാര്യമല്ല. ഇനിയുള്ളത് അമ്മച്ചിയാ. രാവിലെ പറഞ്ഞു നോക്കട്ടെ. കേട്ടില്ലെങ്കിൽ ജോസൂട്ടി വന്നു വിളിക്കുമ്പോ കൂടെ ഇറങ്ങി പൊയ്ക്കോണം. "
ലില്ലി ആശ്വാസത്തോടെ നിശ്വസിച്ചു.
" ഇത്രേ ഉള്ളാരുന്നു കാര്യം. ഇതിനാണ് വെറുതെ അമ്മച്ചിയെ കൊണ്ട് നാട്ടുകാരെ മൊത്തം ഇളക്കിച്ചത്. ഇപ്പൊ സമാധാനം ആയില്യോ? "
മുഖം തുടച്ചു കൊണ്ട് അവൾ ചിരിയോടെ തലയാട്ടി.
" ഇങ്ങനൊരു ഇച്ചായിയെ വേറെ എവിടെ കിട്ടോടി ?"
ബോബി ചിരിക്കുന്ന കണ്ടു അവൾ ചെന്ന് അവനെ കെട്ടി പിടിച്ചു.
അവൻ കളിയായി അവളുടെ മുതുകിൽ പതിയെ ഇടിച്ചു.
" എനിക്ക് വിശക്കുന്നടി... കഴിക്കാൻ ഒന്നും ഇല്ലേ? "
" ഉണ്ട്. ഇച്ചായി വാ..."
അഴിഞ്ഞു ചിതറി കിടന്നിരുന്ന മുടി വാരി കെട്ടി വച്ചു കൊണ്ട് അവൾ ഉത്സാഹത്തോടെ അടുക്കളയിലേക്ക് നടന്നു പോയി.
അപ്പൊ കിഴക്കേ ദിക്കിൽ നിന്നും മഴ ആർത്തു വരുന്നതിന്റെ ഇരമ്പൽ കേട്ടു.
ബോബി വേഗം വീട്ടിലേക്കു കയറി.
ഇടവഴിയിലൂടെ കണ്ടത്തിലേക്കുള്ള റോഡിലേക്ക് സൈക്കിളിൽ പായുമ്പോൾ മഴ പെയ്യുന്നതും നനയുന്നതും ഒന്നും ജോസൂട്ടി ശ്രദ്ധിച്ചില്ല.
മനസ്സിൽ ലില്ലിയുടെ പുഞ്ചിരി തൂകുന്ന മുഖം മാത്രം നിറഞ്ഞു നിൽക്കുന്നു.
അവൾ ഇഷ്ടമാണെന്ന് ഇങ്ങോട്ട് പറയുന്നത് വരെ അങ്ങനെയൊരു ചിന്ത മനസ്സിൽ പോലും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം.
പിന്നെ പതിയെ പതിയെ അവനും നിറമുള്ള സ്വപ്നങ്ങൾ കണ്ടു തുടങ്ങി.
ഒപ്പം അതൊക്കെ നിശബ്ദമാക്കി വയ്ക്കാനും അവൻ ശ്രമിച്ചു.
ലില്ലി പോലും ഒന്നും അറിയരുതെന്ന് അവൻ ശഠിച്ചതിന് കാരണം അവൾ ബോബിയുടെ പെങ്ങളായത് കൊണ്ടാണ്.
തങ്ങളുടെ പ്രണയം അറിഞ്ഞാൽ അവൻ തകർന്ന് പോയേക്കുമെന്നും ജീവിതകാലം മൊത്തം തന്നെ ശത്രുവിനെ പോലെ കാണുമെന്നുമാണ് കരുതിയിരുന്നത്.
പക്ഷെ സംഭവിച്ചത് മറിച്ചാണ്.
ഇപ്പോൾ ഈ ഭൂമിയിൽ തങ്ങളുടെ ഇഷ്ടത്തെ ഏറ്റവും കൂടുതൽ അനുകൂലിക്കുന്നതും ആനന്ദിക്കുന്നതും അവനാണ്.
ബോബിയ്ക്ക് തന്നോടുള്ള ആത്മാർത്ഥ സ്നേഹം ഓർത്ത് ജോസൂട്ടിയുടെ കണ്ണ് നനഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ താനാണെന്ന് അവന് തോന്നി.
ഹൃദയം നിറഞ്ഞു സ്നേഹിക്കുന്ന ഒരു കൂട്ടുകാരനും ഒപ്പത്തിനൊപ്പം തന്നെ നിൽക്കുന്ന തന്റെ പെണ്ണും.
ഇതിലും വലിയൊരു നേട്ടം ഇനി തന്റെ ജീവിതത്തിൽ വരാനുണ്ടോ?
ഇല്ലെന്ന് തന്നെ അവന്റെ മനസ് അവനോടു പറഞ്ഞു കൊണ്ടിരുന്നു
വീട്ടിൽ അപ്പനും അമ്മച്ചിക്കും ലില്ലിയെ ഇങ്ങോട്ട് കൂട്ടുന്നതിൽ പൂർണ തൃപ്തരാണ്.
മതി.
ഇത്രയൊക്കെ മതി.
ഇത്രയും പോലും താൻ ആഗ്രഹിച്ചിട്ടും ഇല്ലായിരുന്നല്ലോ.
അങ്ങനെ ചിന്തിച്ചു കണ്ടത്തിന് സൈഡിലെ റോഡിലൂടെ കലുങ്കിനടുത്തേക്ക് എത്തിയപ്പോൾ ഇരുളിൽ എന്തോ ഒരു കറുത്ത വസ്തു കണ്മുന്നിലൂടെ ചീറി പാഞ്ഞു പോകുന്നത് പോലെ ജോസൂട്ടിയ്ക്ക് തോന്നി.
അത് മുഖത്ത് തട്ടാതെ ഒഴിഞ്ഞു മാറാൻ ഹാൻഡിൽ വെട്ടിച്ചതാണ് എന്തിലോ ചെന്നിടിച്ചു അവൻ റോഡിലേക്ക് പിടച്ചു വീണു.
മഴ ശക്തി പ്രാപിച്ചു കഴിഞ്ഞിരുന്നു.
എണീൽക്കാൻ തുടങ്ങുമ്പോൾ മുന്നിലേ കലുങ്കിൽ ആരോ ഇരിക്കുന്നത് പോലെ ജോസൂട്ടിയ്ക്ക് തോന്നി.
എവിടെ നിന്നെന്നറിയാതെ ഒരു ഭയം അവനെ വന്നു പൊതിഞ്ഞു.
മുഖത്തേക്ക് വീഴുന്ന വെള്ളം തുടച്ചു കൊണ്ട് പതറിയ ഒച്ചയിൽ അവൻ വിളിച്ചു ചോദിച്ചു.
"ആരാ? "
" ജോസൂട്ടി ആന്നോടാ. കറണ്ടും പോയല്ലോ. ഞാൻ കുട്ടാപ്പിയാടാ. നീ എന്നാ വീണോ..? പിടിച്ചെണീൽപ്പിക്കണോ....? "
ജോസൂട്ടിയ്ക്ക് അപകടം മണത്തു.
തിടുക്കത്തിൽ സൈക്കിൾ ഉയർത്തി അവൻ എണ്ണീൽക്കുമ്പോൾ തലയ്ക്കു പിന്നിൽ ശക്തിയായി ഒരു അടിയേറ്റു.
സൈക്കിളുമായി അലച്ചു തല്ലി അവൻ റോഡിലേക്ക് തന്നെ വീണു പോയി.
കൊള്ളിയാൻ ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു.
ഒപ്പം കാതടപ്പിക്കുന്ന ഒച്ചയിൽ ഇടിയും.
തലയ്ക്കു പിന്നിൽ അടി കൊണ്ട ഭാഗത്തു പൊത്തിപിടിച്ചു ജോസൂട്ടി നിലത്തു കിടന്നു ഞെരങ്ങി.
മഴ വെള്ളം മുകളിൽ നിന്നും ശക്തിയായി വീഴുന്നുണ്ടായിരുന്നു.
ഒപ്പം ഭീകരമായ ആ ഇരമ്പൽ.
കയ്യിൽ കുറുവടി കറക്കി കൊണ്ട് റെജി മുൻപിലേക്ക് വന്നു അവന്റെ അടുത്തായി കുത്തിയിരുന്നു.
" വേദനിക്കുന്നുണ്ടോ ജോസൂട്ടി? "
റെജി ചോദിക്കുന്നു.
അവൻ ഒരു പ്രേതത്തെ പോലെ പല്ലിളിക്കുന്നത് മിന്നലിന്റെ വെളിച്ചത്തിൽ ജോസൂട്ടി കണ്ടു.
" അതിനേക്കാൾ വേദനയാടാ ദേ ഇവിടെ..."
അവൻ ഹൃദയത്തിന്റെ ഭാഗത്ത് തൊട്ടു കാണിച്ചു.
" സഹിക്കാൻ പറ്റുന്നില്ലെടാ എനിക്ക്... എല്ലാം ഉറപ്പിച്ചതായിരുന്നില്ലേ ? അവൾ... എന്റെ ലില്ലി . കർത്താവെ.... അവളില്ലാത്തൊരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ലല്ലോ..."
മുകളിലേക്ക് തല മാത്രം ഉയർത്തി അവൻ ഒരു നിമിഷം ഇരുന്നു.
അവൻ എന്തോ പതിയെ പിറുപിറുക്കുന്നു.
പിന്നെ അലറി കൊണ്ട് ചാടി എണീറ്റു ജോസൂട്ടിയുടെ കഴുത്തിൽ ശക്തിയോടെ ചവിട്ടി പിടിച്ചു.
" എന്തിനാടാ..... എന്തിനാടാ സാത്താനെ നീ ഞങ്ങളുടെ ഇടയിലേക്ക് കയറി വന്നേ.......... എല്ലാം കൈപ്പിടിയിൽ വന്നപ്പോൾ ഒറ്റ നിമിഷം കൊണ്ട് നീ......എല്ലാം തകർത്തു കളഞ്ഞില്ലേടാ കഴുവേറി..."
ശ്വാസം കിട്ടാതെ ജോസൂട്ടി തറയിൽ കിടന്നു പിടഞ്ഞു.
പുളഞ്ഞു.
അവന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചുന്തി വന്നു.
മരണം കണ്മുന്നിൽ എത്തിയത് അവൻ അറിഞ്ഞു.
റെജി കാലു മാറ്റി പിന്നിലേക്ക് ഒന്ന് വട്ടം ചുറ്റി നടന്നു വന്നു നിന്നു.
അപ്പോൾ ഏങ്ങി കൊണ്ട് വളഞ്ഞു കൂടി കിടന്നു കഴുത്തിൽ പൊത്തിപിടിച്ചു ജോസൂട്ടി ശക്തിയായി ചുമച്ചു.
ശ്വാസമെടുക്കാൻ അവൻ പാട് പെടുന്നുണ്ടായിരുന്നു.
റെജി വീണ്ടും ജോസൂട്ടിയുടെ തലയുടെ ഭാഗത്തായി വന്നിരുന്നു ഉറ്റു നോക്കി.
" ഇപ്പോൾ വേദനിക്കുന്നുണ്ടോ ജോസൂട്ടി...?"
മുരൾച്ച പോലെ ഒച്ച കേട്ട് ജോസൂട്ടി കണ്ണ് തുറന്നു നോക്കി.
റെജിയുടെ തലയിലൂടെ മഴവെള്ളം ജോസൂട്ടിയുടെ മുഖത്ത് ചെന്ന് പതിക്കുന്നുണ്ടായിരുന്നു.
മുഖം തുടച്ചു കൊണ്ട് അവൻ നിലത്തു കൈ കുത്തി എണീൽക്കാൻ ശ്രമിച്ചു.
നിലത്തേക്ക് തന്നെ വീണുപോയ അവനെ
റെജി കുത്തിപിടിച്ചുയർത്തി തെങ്ങിലേക്ക് ചാരി നിർത്തി.
" പറയടാ..... ലില്ലി എന്റെയാണെന്ന് പറ....നിനക്കവളെ വേണ്ടന്ന് പറ....പറയാൻ..."
ചെകുത്താനെ പോലെ റെജി അലറി.
താൻ മരിക്കാൻ പോവുകയാണെന്ന് ജോസൂട്ടിയ്ക്ക് മനസിലായി.
ഈ രാവും മഴയും അതിനായി കളമൊരുങ്ങിയിരിക്കുന്നു.
സർവ്വ ശക്തിയുമെടുത്ത് റെജിയെ തള്ളി മാറ്റി ജോസൂട്ടി മുന്നോട്ടു പാഞ്ഞു.
രക്ഷപെടണം.
അത് മാത്രമായിരുന്നു ചിന്ത.
പക്ഷെ കുട്ടാപ്പി അവനെ മുന്നിലിട്ട് ചാടി വട്ടം ചുറ്റി പിടിച്ചു.
കുതറി പിടി വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജോസൂട്ടി കൈ ചുരുട്ടി കുട്ടാപ്പിയുടെ മൂക്ക് നോക്കി ഒരൊറ്റ ഇടി ഇടിച്ചു.
മുഖം പൊത്തിപിടിച്ചു കരഞ്ഞു കൊണ്ട് അവൻ പിന്നിലേക്ക് പോയി.
അപ്പോൾ വീണ്ടും റെജിയുടെ അടി ജോസൂട്ടിയുടെ തലയ്ക്കു പിന്നിൽ വീണു.
ആദ്യ അടി കൊണ്ട അതേ ഭാഗത്ത്.
തലയോട്ടി പൊട്ടിപിളർന്നത് പോലെ അലറികരഞ്ഞു കൊണ്ട് അവൻ പിന്നിലേക്ക് മലർന്നു വീണു.
ശക്തമായ ഇടിയൊച്ചയിൽ അവന്റെ നിലവിളി ലയിച്ചു ചേർന്നു.
നടു വില്ല് പോലെ വളച്ചു ജോസൂട്ടി മണ്ണിൽ കിടന്നു പിടഞ്ഞു.
ആ ശരീരത്തിൽ നിന്നും പ്രാണൻ വേർപെടുകയാണ്.
കുറുവടി കയ്യിലിട്ട് കറക്കി റെജി അവനു ചുറ്റും നടന്നു.
ആസ്വദിക്കുകയായിരുന്നു.
കണ്മുന്നിൽ ജോസൂട്ടി പിടഞ്ഞു തീരുന്നത്.
അവന്റെ ശിരസ്സിന്റെ മുൻഭാഗത്തായി വന്നു നിന്നിട്ട് നെറുകുംതല നോക്കി കുറുവടി വീശി ഒരൊറ്റ അടി കൂടി അടിച്ചു.
അതോടെ അവസാനപിടച്ചിലും നിന്നു.
കാല് കൊണ്ട് റെജി ജോസൂട്ടിയെ ചവിട്ടി മറിച്ചു.
അവന്റെ ശരീരം ഉരുണ്ടു കലുങ്കിനടുത്തേക്ക് ചേർന്നു കിടന്നു.
മൂക്കിനേറ്റ ഇടിയുടെ വേദന തെല്ലൊന്ന് മാറിയപ്പോൾ കുട്ടാപ്പി അടുത്തേക്ക് വന്നു സൂക്ഷിച്ചു നോക്കി.
" റെജി.... അനക്കമൊന്നും ഇല്ലല്ലോടാ... തീർന്നോ നാറി ? "
" തീർന്നതല്ലടാ കുട്ടാപ്പി. . ഞാനിവനെ തീർത്തതാ. എനിക്കും ലിസിക്കും ഇടയിൽ ഇനി ജോസൂട്ടി വേണ്ട. ഞാനിവനെ സ്വർഗത്തിലെ മാലാഖമാരുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. "
" ആയ്കോട്ടെ. ഇനി ഈ ജീവനറ്റ ശരീരം എന്നാ ചെയ്യാനാ പദ്ധതി ? "
" നമ്മളിവനെ പോളയിൽ കൊണ്ട് പോയി ചതുപ്പിൽ ചവിട്ടി താഴ്ത്തും....ഇന്നത്തെ ഈ മഴ നമുക്ക് വേണ്ടി പെയ്തതാടാ കുട്ടാപ്പി. എല്ലാ തെളിവുകളും ഈ വെള്ളത്തിൽ ഒലിച്ചു പോയ്ക്കോളും. നോക്കി നിൽക്കാതെ നീ ഇവനെ എടുത്തു തോട്ടിലേക്കിട്. "
" അപ്പോളിവന്റെ സൈക്കിൾ? "
"ഇവന്റൊപ്പം അതും നമുക്ക് ചെളിയിൽ താഴ്ത്തണം."
കുട്ടാപ്പി ഒറ്റയ്ക്ക് ശ്രമിച്ചിട്ട് നടക്കാഞ്ഞത് കൊണ്ട്
ഇരുവരും ചേർന്ന് അനക്കമറ്റ് കിടക്കുന്ന ജോസൂട്ടിയെ ഇരു കയ്യിലും പിടിച്ചു വലിച്ചിഴച്ചു കലുങ്കിന്റെ സൈഡിലൂടെ താഴേ തോട്ടു വരമ്പിലേക്ക് ഇറക്കിയിട്ടു.
കണ്ണഞ്ചിക്കുന്ന രീതിയിൽ മിന്നലും ഒപ്പം ഇടിയും.
ലോകം അവസാനിക്കാൻ പോകുന്നത് പോലെയാണ് മഴ പെയ്തു തകർക്കുന്നത്.
കുട്ടാപ്പി പോയി സൈക്കിളുമായി വന്നു.
ജോസൂട്ടിയുടെ ശരീരം റെജി തോട്ടിലേക്ക് ചവിട്ടി ഉരുട്ടിയിട്ടു.
വെള്ളത്തിന്റെ ഒഴുക്കിനൊപ്പം ആ ശരീരം താഴേക്കു ഒഴുകി.
മുന്നിലും പിന്നിലുമായി ഇരുവരും മഴയിൽ നനഞ്ഞു വരമ്പിലൂടെ നടന്നു
ഇടയ്ക്ക് തോട്ടിലെ പൊറ്റയിൽ ജോസൂട്ടിയുടെ ശരീരം കുടുങ്ങിയാൽ റെജി കാല് കൊണ്ട് ചവിട്ടി തള്ളി വിടുന്നുണ്ടായിരുന്നു.
ഒടുവിൽ പോളയിൽ അവൻ ഉദേശിച്ച സ്ഥലത്തു എത്തി.
തോട്ടിലേക്ക് ഇറങ്ങി റെജിയും കുട്ടാപ്പിയും ചേർന്ന് ജോസൂട്ടിയുടെ ജീവനറ്റ ശരീരം വലിച്ചു വരമ്പിലേക്കിട്ടു.
തൊട്ടടുത്ത ചതുപ്പ് കണ്ടത്തിലേക്ക് ആദ്യം ചവിട്ടി താഴ്ത്തിയത് അവന്റെ സൈക്കിൾ ആയിരുന്നു.
കോരിചൊരിയുന്ന മഴയിൽ ജോസൂട്ടിയെ ചതുപ്പിനുള്ളിലേക്ക് താഴ്ത്തുന്നത് കുറച്ചു ശ്രമപ്പെട്ട ജോലി ആയിരുന്നു.
ഒടിവിൽ അത് പൂർത്തിയാക്കി ഇരുവരും കരയിലേക്ക് കയറി.
മിന്നലിന്റെ വെളിച്ചത്തിൽ എല്ലാം സുരക്ഷിതമാണെന്ന് റെജി ഒരിക്കൽ കൂടി ഉറപ്പിച്ചു.
തുടർന്ന് ഇരുവരും തോട്ടിലേക്ക് ഇറങ്ങി മുങ്ങി കുളിച്ചു.
ദേഹത്തെ ചെളിയും അഴുക്കും ആ വെള്ളത്തിൽ ഒഴുക്കി കളഞ്ഞു.
പിന്നെ വരമ്പിലൂടെ തിരിച്ചു നടന്നു.
ഭൂമിയെ വെട്ടിമുറിക്കുന്നത് പോലെ വീണ്ടും ഇടി വെട്ടി.
അപ്പോൾ ചതുപ്പിനുള്ളിൽ നിന്നും ജോസൂട്ടിയുടെ വലതു കൈപത്തി മാത്രം ചെളിക്ക് മുകളിലേക്ക് ഉയർന്നു വന്നു നിന്നത് റെജിയോ കുട്ടാപ്പിയോ കണ്ടില്ല.
മുകളിൽ നിന്നും പെയ്തിറങ്ങുന്ന മഴയിൽ ജോസൂട്ടിയുടെ കൈപത്തിയിലെ ചേറും ചെളിയും കണ്ടത്തിലേക്ക് ഒഴുകിയിറങ്ങി.