mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 കുടംതുടി മുറുകി കന്യകമാരില്‍ നാഗങ്ങള്‍ കയറിത്തുള്ളാന്‍ തുടങ്ങി. പെട്ടെന്നാണ് മാളുവിന്‌ ആ തോന്നലുണ്ടായത്- തന്റെ ദേഹത്തേക്കും ആ പാമ്പ് ഇഴഞ്ഞു കേറുന്നു. അവള്‍ ഇരിപ്പിടത്തില്‍ നിന്നിഴഞ്ഞിറങ്ങി. മുടിയഴിച്ചാടാന്‍ തുടങ്ങി. അമ്മ ഓടി അടുത്തപ്പോള്‍ പുള്ളുവന്‍ വേണ്ടെന്നു കൈകാട്ടി. എല്ലാവരും  പരിഭ്രമത്തോടെ നില്ക്കാണ്. അവളാടി ആടി കളം മായ്ക്കാന്‍ തുടങ്ങി. അവള്‍ അവ്യക്തമായി പറഞ്ഞു, "ഞാന്‍ ...ഞാന്‍...ബ്രഹ്മരക്ഷസ്സ്." ഒരു പെണ്ണിന്റെ ബോധാബോധങ്ങളില്‍ ഇഴഞ്ഞൊരു പാമ്പ്. അവളുടെ ജീവിതം കൈമോശം വന്നു തുടങ്ങിയതവിടെ നിന്നാണ്. ആ ദുഃസ്വപ്നങ്ങളില്‍ നിന്ന്.

കുളിരുന്ന തണുത്തവെള്ളത്തിലേക്കാഴ്ന്നിറങ്ങിയപ്പോള്‍ ഒരു പുതുജീവന്‍ വെച്ചതുപോലെ തോന്നി മാളൂന്. കരിങ്കല്‍ പടവിലിരുന്ന് ഏട്ത്തി തന്നെ ആപാദചൂഢം നോക്കി കാണാണ്.

''ഏട്ത്തി എറണാകുളത്തെ ഫ്ലാറ്റിലെ അടച്ചിട്ട കുളിമുറീലെ കുളി.ഇതിന്റെ സുഖം ഒന്നു വേറെന്നെ!!'', അവള്‍ കുളിരിന്റെ ആഴങ്ങളിലേക്ക് വീണ്ടും മുങ്ങി.

''മതി ഇനി മുങ്ങിയാല്‍ പനി പിടിക്കും'', ഏട്ത്തി ശാസിച്ചു.

'' ഒരുവട്ടം കൂടി ഏട്ത്തി'', അവള്‍ കുഞ്ഞുങ്ങളെപ്പോലെ കൊഞ്ചി.

''എന്താ  നാത്തൂമ്മാര് തമ്മില് കൊളക്കടവില്?'', നനക്കാനുള്ള തുണിയും താളിയുമായി അമ്മായി പടവിറങ്ങിത്തുടങ്ങി.

''ഏയ് കുട്ടി കുളത്തീന്നു കേറണില്ല. പനി പിടിച്ചോലോന്ന് പറയേ'', ഏട്ത്തി മുഴുവനാക്കും മുന്നേ അമ്മായീടെ മറുചോദ്യം

''ഇത്തവണ നമ്മുടെ കാവില് സര്‍പ്പം പാട്ടുണ്ടല്ലേ? തിയ്യതി നിശ്ചയിച്ചൂന്നൊക്കെ അമ്മാമ പറയുന്നു. എല്ലാരും കൂടിയാലേ പൂര്‍ണ്ണാവൂ. ഡല്ലീന്ന് വലീമാമയും കുടുംബോം വര്വോ?", അമ്മായി തുളസിയെ നോക്കി.

''അറിയില്ല അമ്മായീ അച്ഛന്‍ എല്ലാരേം വിളിച്ചിരിക്കുണു.സൗകര്യം പോലെ ചെയ്യട്ടെ. '' തുളസി കൂട്ടി ചേര്‍ത്തു.

''ഇവള്‍ എത്രീസംണ്ടാവും മാളു", അമ്മായി വീണ്ടു മാളൂനോടും ഏട്ത്തിയോടുമായി ചോദിച്ചു.

''ഇല്ല അടുത്തൊന്നും ഞാന്‍ പോണില്ല അമ്മായീ'', മാളു വെള്ളത്തില്‍ നിന്നു ചിരിയോടെ പറഞ്ഞു.

അവള്‍ കൈകാലടിച്ച് നീന്തിയപ്പൊ അമ്മായി തുളസിയോടൊരു രഹസ്യം ചോദിച്ചു.

''ഇവക്ക് എന്തോ പന്തിയല്ലാന്നു പറയുന്നു. മീന്വേടത്തി  പറഞ്ഞേ അമ്പലത്തീന്നു കണ്ടപ്പൊ.''

അമ്മായി മുഴുവനാക്കും മുന്നേ മാളു കരക്കു കയറി തോര്‍ത്താന്‍ തുടങ്ങി. തുളസി കണ്ണിറുക്കി മിണ്ടല്ലേന്നു!! കാണിച്ചു അമ്മായിയോട്. 

തുളസി തുടര്‍ന്നു, ''അമ്മായീ വീട്ടിലോട്ടൊന്നിറങ്ങൂ അമ്മ പറയുണു അമ്മായിക്കിപ്പോ തിരക്കു കൂടീന്ന്. ''

''വരാം മാളൂന്റെ നായരില്ലെ അവടെ. കുറെ ആയി കണ്ടിട്ട്. '' അമ്മായി രണ്ടുപേരോടുമായി പറഞ്ഞു.

അമ്മായിയോട് യാത്ര പറഞ്ഞ് തൊടീലൂടെ വീട്ടിലേക്ക് നടന്നു തുളസിയും അമ്മുവും.

 

പൂമുഖത്ത് അച്ഛനും ഏട്ടനും വേറെ കുറെ ആള്‍ക്കാരും  ഉച്ചത്തില്‍ സംസാരാണ്. കളം പാട്ട് നടത്തേണ്ടതിന്റെ ചര്‍ച്ചയാണ്. അമ്മുവും തുളസിയും വടക്കു പുറത്തൂടെ അകത്തേക്ക് കേറി. മുകളിലെ അറയാണ്  മാളൂന്റെ മനു
കിടക്കയിലുണ്ട്. ഏതോ പുസ്തകവായനയാണ്.

''താഴെ എല്ലാരൂണ്ട് അങ്ങോട്ട് ഒന്നു പോവായിരുന്നില്ലെ?'', മനൂനോട് മാളു ചോദിച്ചു.

''പോവാം ഇത്തിരി നേരം ഇവിടിരിക്ക് എന്റെ അമ്മാള്വോമ '' മനു മാളൂനെ അടുത്തിരിക്കാന്‍ ക്ഷണിച്ചു.

അമ്മാള്വോമ - വല്ലാതെ സ്നേഹം വന്നാലെ മനു  മാളൂനെ അങ്ങിനെ വിളിക്കു.

അവള്‍ കിടക്കയില്‍ അവനരുകില്‍ ഇരുന്നു. അവള്‍ ആകെ തുടുത്തിരിക്കുന്നു മനു അവളെ ചേര്‍ത്തിരുത്തി.

''ആഹാ ചന്ദനമണം ഏത് സോപ്പാ ഇട്ടു കുളിച്ചെ എന്റെ അമ്മാളു.''

അവള്‍ ഒന്നും മിണ്ടീല.മിഴി താഴ്ത്തി ഇരുന്നു.
വാതിലടച്ചു വന്ന മനു അവളെ കിടക്കയിലേക്ക് മറിച്ചിട്ടു. അവളുടെ കവിളില്‍ കഴുത്തില്‍..അവന്റെ ചുണ്ടു കള്‍ അമര്‍ന്നു.

വികാരത്തിന്റെ നിമിഷങ്ങളില്‍ അവള്‍ കണ്ണടച്ചു അവനെ അറിയാന്‍ കാത്ത നിമിഷങ്ങളില്‍ അവളുടെ ബോധം മറയാന്‍ തുടങ്ങി. അവളുടെ ശരീരത്തിലൂടെ ഒരു പാമ്പ് ഇഴഞ്ഞു കയറുന്നു. അവള്‍ അറപ്പോടും ഞെട്ടലോടും നിലവിളിയോടെ അതിനെ കുടഞ്ഞു കളയാന്‍ തുടങ്ങി.പിന്നീടെല്ലാം നിശ്ച ലം.!!!!!!

അവള്‍ ബോധരഹിതയായി.


തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ