ഭാഗം - 10
പൈപ്പിൽ നിന്നും വല്ല വിധേനയും പാത്രങ്ങൾ കഴുകി ബാഗിൽ തിരുകി വച്ചതിനു ശേഷം ആദിയും, മൊയ്തുവും ആലിൻ ചുവട്ടിലേക്ക് ഓടി. കുറേ പേര് ഊഞ്ഞാൽ ആടാൻ തിരക്കു കൂട്ടുന്നു. കുറച്ചു പേര് ഷട്ടിൽ കളിക്കുന്നു.
കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് പറഞ്ഞതു പോലെ ആദ്യം എത്തിയവൻ എല്ലാം കയ്യടക്കിയിരിക്കുന്നു. അവസരം കിട്ടാത്തവർ മറ്റുള്ളവരെ കുറ്റക്കാരാക്കാൻ മാഷിൻ്റെ അടുത്തേക്ക് ഓടുന്നു. അമ്പാടിയും, ശബരിയും, ദേവുവും, താരയും നിലത്ത് വട്ടം വരച്ച് അണ്ടർ ഓവർ കളിക്കുന്നു.
എന്നാൽ കളികളിലൊന്നും താൽപ്പര്യം കാണിക്കാതെ നിലത്തു വീണ കണ്ണിമാങ്ങകൾ പെറുക്കിയെടുത്ത് ചവർപ്പോടെ കടിച്ചിറക്കി കൊണ്ട് മൊയ്തുവും ആദിയും ഷോൾഡറിലൂടെ കൈകളിട്ട് വെറുതെ ആലിന് ചുറ്റും നടന്നു. എത്രയും പെട്ടെന്ന് വൈകുന്നേരം ആയെങ്കിൽ രണ്ടു പേരും ഒരു പോലെ ചിന്തിച്ചു.
ക്ലാസിൽ കയറുന്നതിന് കുറച്ച് സമയത്തിനു മുന്നേയാണ് അത് സംഭവിച്ചത്. വികൃതി പിള്ളേരിൽ ആരോ ഒരാൾ കണ്ണിമാങ്ങ ലക്ഷ്യമാക്കി എറിഞ്ഞ കമ്പിൻ്റെ കഷ്ണം നേരെ ചെന്ന് കൊണ്ടത് കടന്നൽ കൂടിനായിരുന്നു. വല്ലാത്തൊരു മൂളലോടെ അവ കുട്ടികൾക്കിടയിലേക്ക് പറന്നു.
"കടന്നല് കുത്താൻ വരുന്നേയ്...."
വിളിച്ചു കൂവി കൊണ്ട് കുട്ടികൾ ഓരോരുത്തരായി ക്ലാസ് മുറികളിലേക്ക് ഓടിക്കയറി. ഓട്ടത്തിനിടയിൽ ആരൊക്കെയോ നിലത്ത് വീണു . അക്കൂട്ടത്തിൽ ആദിയും, മൊയ്തുവും ഉണ്ടായിരുന്നു. പിടഞ്ഞെഴുന്നേറ്റ് ഓടാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു പേർക്കും അതിൻ്റെ കുത്തേറ്റു. പ്രാണൻ പോകുന്ന വേദന ഇരുവരും ഉറക്കെ നിലവിളിച്ചു പോയി. അവരുടെ കരച്ചിൽ കേട്ട് ക്ലാസിലെത്തിയ അമ്പാടി തിരികെ ഓടി അവർക്കരികിലെത്തി എങ്ങനെയൊക്കെയോ രണ്ടു പേരെയും താങ്ങിപിടിച്ച് ക്ലാസിൽ എത്തിക്കുന്നതിനിടയിൽ അവൻ്റെ കൈകൾക്കും കുത്തേറ്റു.
'പാമ്പിൻപാമ്പിന്‍ വിഷത്തിനു സമാനമാണു കടന്നലിന്റെ വിഷമെന്ന്' പുസ്തകത്തിൽ വായിച്ചതായി ഓർമ്മയിൽ തെളിഞ്ഞു. കുത്തിയ ഭാഗത്തെ കൊമ്പ് ഊരി കളഞ്ഞില്ലെങ്കിൽ നീരുവന്ന് അവിടം തടിച്ച് വീർത്ത് രക്തസമ്മർദ്ദം താഴ്ന്ന് മരണവരെ സംഭവിക്കാറുണ്ടെന്ന് പത്രത്തിലും കണ്ടിരുന്നു. അമ്പാടി പിന്നെ മറ്റൊന്നും ആലോചിച്ചില്ല. തൻ്റെ കൈയ്യിലെയും, ആദിയുടെ നെറ്റിയിലെയും, മൊയ്തുവിൻ്റെ കഴുത്തിലെയും, കുത്തേറ്റവരുടെയെല്ലാം കുത്തിയ ഭാഗത്തെ കൊമ്പുകൾ ഞെക്കി പുറത്തെടുത്തു. എല്ലാവരും വേദന കൊണ്ട് തളർന്നു പോയിരുന്നു.
രാവിലെ സ്കൂളിൽ വന്നപ്പോൾ മാഷും കണ്ടതാണ് കടന്നൽകൂട്ടത്തെ രാത്രിയിൽ തീയിട്ട് കരിക്കാമെന്ന് കരുതിയതാണ് അപ്പോഴാണ് വികൃതി പിള്ളേര് ഈ വേലയൊപ്പിച്ചത്. മാഷിന് തല പെരുക്കുന്നതു പോലെ തോന്നി.
കുട്ടികളുടെ നിലവിളിയും, പരക്കം പാച്ചിലും കണ്ട് കുട്ടി മാഷിന് രംഗം അത്ര പന്തിയല്ലെന്ന് മനസ്സിലായി എല്ലാവരോടും ക്ലാസ് മുറിയുടെ വാതിലുകൾ അടച്ചിരിക്കാൻ പറഞ്ഞിട്ട് പച്ചക്കറി തൈകൾക്ക് തണലിനായി കുത്തി നിർത്തിയ വലിയൊരു ഓല വലിച്ചെടുത്ത് പറന്നു വരുന്ന ഈച്ചകൾക്കു നേരെ വീശി. ഒരു വിധത്തിൽ എല്ലാറ്റിനെയും ആട്ടിയകറ്റി കുട്ടികൾക്ക് അരികിൽ എത്തിയ മാഷ് ശരിക്കും ഞെട്ടിപ്പോയി. കുറേ പേർക്ക് പരിക്കേറ്റിരിക്കുന്നു. കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല. പരിക്കേറ്റ കുട്ടികളെയും കൊണ്ട് കുട്ടി മാഷും, അഫ്സൽ മാഷും ആസ്പത്രിയിലേക്ക് കുതിച്ചു.
കുത്തേറ്റ ഭാഗത്തെ കൊമ്പ് ഇളക്കി കളഞ്ഞതു കൊണ്ട് ആർക്കും ഉള്ളിലേക്ക് നീർവീക്കം ബാധിച്ചിരുന്നില്ല. അവസരോചിതമായി പ്രവർത്തിച്ച മിടുക്കനെ ഡോക്ടർ തിരഞ്ഞപ്പോൾ വേദന കൊണ്ട് പനിക്കാൻ തുടങ്ങിയ മൊയ്തുമാണ് അമ്പാടിയെ കാട്ടി കൊടുത്തത്.
കടന്നലിൻ്റെ വിഷം ഉള്ളിലെത്തിയപ്പോഴേ മൊയ്തുവിൻ്റെയും, ആദിയുടെയും മനസ്സിൽ അമ്പാടിയോടുള്ള ദേഷ്യമൊക്കെ എങ്ങോ പോയ് മറഞ്ഞിരുന്നു. സ്വന്തം ജീവൻ പോലും നോക്കാതെയാണ് അവൻ രണ്ടു പേരെയും ക്ലാസുകളിൽ എത്തിച്ചത്.
അവനെ ദ്രോഹിക്കുവാൻ വിചാരിച്ചപ്പോൾ ദൈവം തിരിച്ച് തന്നെ പണി തന്നല്ലോ എന്നോർത്തപ്പോൾ രണ്ടു പേരുടെയും ഉള്ളിൽ മനസ്താപം നിറഞ്ഞു.
മാഷിൻ്റെയും, കുട്ടികളുടെയും അറിവിലേക്കായി ഡോക്ടർ കുറച്ചു കാര്യങ്ങൾ വെളിപ്പെടുത്തി. പ്രാഥമിക ചികിത്സ എന്ന രീതിയിൽ ദേ... ഈ മിടുക്കൻ ചെയ്തതുപോലെ കടന്നലിൻ്റെയൊക്കെ കുത്തേറ്റ ഭാഗങ്ങളിലെ കൊമ്പ് ഊരി കളഞ്ഞ് അവിടെ വിനാഗിരി പുരട്ടുന്നത് നല്ലതാണ്. അമ്പാടിയെ ചേർത്തു പിടിച്ചു കൊണ്ടാണ് ഡോക്ടർ പറഞ്ഞു തുടങ്ങിയത്. വിനാഗിരിക്ക് അതിൻ്റെ വിഷത്തെ ഇല്ലായ്മ ചെയ്യാനുള്ള കഴിവുണ്ട്. അതു പോലെ തേനീച്ചയുടെ കുത്തേറ്റാൽ ബൈ കാർബണേറ്റ് ലായനി അതുമല്ലെങ്കിൽ സോഡാ പൊടി കലക്കിയ വെള്ളം ഇതൊക്കെ ഉപയോഗിക്കാം. അമ്ലത്വ സ്വഭാവമുള്ള ഏത് ലായനിയും വിഷാംശത്തെ ഇല്ലാതാക്കുന്നതിന് ഉപകരിക്കും. പോരാത്തതിന് വൈദ്യസഹായം തേടുകയും വേണം. ഡോക്ടർ പറഞ്ഞതിൽ വിനാഗിരിയുടെ പേര് മാത്രമാണ് അമ്പാടിക്കും കൂട്ടുകാർക്കും മനസ്സിലായത്. ബാക്കിയുള്ളതിൻ്റെയൊക്കെ പേര് തന്നെ പറയാൻ കിട്ടുന്നില്ല. ങ്ഹും സ്കൂളിൽ ചെന്നിട്ട് മാഷോട് തന്നെ ചോദിക്കാം. അവൻ മനസ്സിൽ ഉറപ്പിച്ചു. അപ്പോഴേക്കും വേദന കൊണ്ട് അവൻ്റെ ശരീരവും ചൂടുപിടിക്കാൻ തുടങ്ങിയിരുന്നു. സ്കൂളിലെ വിവരമറിഞ്ഞ് മാധവനും, മറ്റ് കുട്ടികളുടെ രക്ഷിതാക്കളും ആസ്പത്രിയിൽ ഓടി കിതച്ചെത്തി.
മാധവൻ്റെ പരവേശം കണ്ട് കുട്ടി മാഷ് അയാളുടെ ചുമലുകളിൽ തട്ടി.
''താൻ പേടിക്കേണ്ടടോ, ഇവനെ പോലുള്ള മോനെ കിട്ടിയത് തൻ്റെ ഭാഗ്യാ! ഒരു ആപത്ത് വന്നപ്പോൾ അവൻ അവൻ്റെ കാര്യം മാത്രമല്ല നോക്കിയത്. ദേ കണ്ടോ ഇവരൊക്കെ അധികം അപകടമില്ലാതെ നിൽക്കുന്നത് അമ്പാടി കാരണാ... " അത്രയും പറഞ്ഞപ്പോഴേക്കും മാഷിൻ്റെ തൊണ്ടയിടറി. മാധവൻ്റെ മിഴികളിലും സന്തോഷാശ്രുക്കൾ പൊടിഞ്ഞു.
തുടരും...