ഭാഗം - 12
മത്സരം നടക്കുന്നത് മറ്റൊരു സ്കൂളിൽ ആയിരുന്നു. സ്കൂൾ ബസിലാണ് അധ്യാപകരും കുട്ടികളും പോയിരുന്നത്. അമ്പാടി ആദ്യമായിട്ടായിരുന്നു സ്കൂൾ ബസിൽ കയറുന്നത് അതുകൊണ്ട് തന്നെ അവൻ വല്ലാത്ത ത്രില്ലിലായിരുന്നു.
തങ്ങളുടെ സ്കൂളിനെക്കാളും വലിയ സ്കൂൾ ഒക്കെ തന്നെയാണ് പക്ഷെ ആ വലിയ ആൽമരം ഇവിടെയില്ല. എന്തോരം തണലാണ് ആ വൃക്ഷം പ്രധാനം ചെയ്യുന്നത്. അതുപോലെ എത്രമാത്രം പക്ഷികളാണ് അതിൽ ചേക്കേറിയിരിക്കുന്നത്. അത്ഭുതത്തോടെ എല്ലായിടവും വീക്ഷിക്കുന്നതിനിടയിൽ അഫ്സൽ മാഷ് അവൻ്റെ പേര് വിളിച്ചു. അവന് ഇരിക്കേണ്ട സ്ഥലം കാണിച്ചു കൊടുത്ത് മാഷ് പുറത്തേക്ക് പോയി.
അമ്പാടി ക്ലാസ് മുറിയെ ആകമാനം നോക്കി. തന്നെ പോലെ പല സ്കൂളിൽ നിന്നും വന്ന കുട്ടികൾ അവരവരുടെ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. മാഷ് കാണിച്ചു കൊടുത്ത സ്ഥലത്ത് അവനും ഇരുന്നു. സാധന സാമഗ്രികൾ ഒരു സൈഡിൽ ഒതുക്കി വെച്ചു. കൺവെട്ടത്തു തന്നെ കുട്ടി മാഷിൻ്റെ വാച്ചും എടുത്തു വെച്ചു.
ബെല്ല് മുഴങ്ങിയപ്പോൾ തന്നെ മത്സരം ആരംഭിച്ചു.മൂന്ന് മണിക്കൂർ വേണ്ടി വന്നില്ല.അതിനിടയിൽ തന്നെ അമ്പാടി മത്സരം പൂർത്തീകരിച്ചിരുന്നു. തിരികെ സ്കൂളിൽ എത്തിയപ്പോൾ കയ്യിലുള്ള വാച്ച് അവൻ കുട്ടി മാഷിനെ ഏൽപ്പിച്ചു.
അന്നു വൈകുന്നേരം തന്നെ നെറ്റിൽ നിന്ന് കുട്ടി മാഷ് മത്സരത്തിൻ്റെ ഫലം ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് സ്കൂൾ നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. പിറ്റേന്ന് അസംബ്ലിയിൽ വെച്ച് മത്സരത്തിൻ്റെ ഫലം വെളിപ്പെടുത്തുകയും ചെയ്തു.
പ്രതീക്ഷിച്ചതു പോലെ തന്നെ അമ്പാടിക്ക് സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു. സന്തോഷം കൊണ്ടവൻ വീർപ്പുമുട്ടി. ഇനി ജില്ലാതലത്തിലേക്കുള്ള മത്സരമാണ്. ചെയ്ത് പഠിച്ചത് തന്നെ ഒന്നൂടെ ഭംഗിയാക്കി പഠിച്ചു.സ്കൂളിൽ നിന്ന് എൽ. പി തലത്തിൽ അവനും യു.പി തലത്തിൽ വേറൊരു കുട്ടിക്കുമായിരുന്നു ജില്ലാതലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചത്.
മത്സരത്തിന് പങ്കെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ കുട്ടി മാഷിനെയും, മാഷിൻ്റെ വാച്ചും മനസ്സിൽ തെളിഞ്ഞു. മാഷിന് കൊടുത്ത വാക്ക് അത് പ്രാവർത്തികമാക്കണം.
വൈകാതെ തന്നെ ജില്ലാതല മത്സരത്തിൻ്റെ തീയതി മാഷ് അസംബ്ലിയിൽ അനൗൺസ് ചെയ്തു. വൈകുന്നേരം സ്കൂൾ വിട്ട നേരം മാഷ് അവൻ്റെ അടുത്തേക്ക് വന്നു. രാവിലെ എട്ടു മണിക്ക് സ്കൂളിൽ എത്തണം. എൻ്റെ വണ്ടിയിൽ മത്സരം നടക്കുന്ന സ്കൂളിലേക്ക് പോകാം.
മാഷിൻ്റെ കൂടെ പോകാമല്ലോ എന്നോർത്ഥപ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. ആ രാത്രി എങ്ങനെ എങ്കിലും പുലർന്നാൽ മതി എന്നായിരുന്നു അവൻ്റെ ഉള്ളിൽ. ഉറങ്ങാതെ തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നതു കണ്ട് അച്ഛനും, അമ്മയും അവനെ ശാസിച്ചു.
''ഒറക്കം ഒഴിഞ്ഞാ നാളെ മത്സര സമയത്ത് ഒറക്കം തൂങ്ങും പറഞ്ഞില്ലെന്ന് വേണ്ട''
''അങ്ങനെയൊന്നും ഒണ്ടാവില്ല. നിങ്ങള് രണ്ടാളും നോക്കിക്കോ ജില്ലയിൽ ഞാൻ തന്നെ ആയിരിക്കും ഒന്നാമത്"
''ഊം... അധികം ആശിക്കണ്ട. വല്യ ക്ലാസിലെ പിള്ളേരോടാണ് മത്സരിക്കേണ്ടത് എന്ന ഓർമ്മ വേണം''
അഞ്ജു അവനെ ഓർമ്മപ്പെടുത്തി.
''അതൊന്നും ഈ അമ്പാടിക്കൊരു പ്രശ്നമേ അല്ല. ഏച്ചി നോക്കിക്കോ, ഞാൻ തന്നെ ഒന്നാമത്. അമ്മയാണ് ഈ കാര്യത്തിൽ എൻ്റെ ഗുരു. ഞാൻ വിജയിക്കുക തന്നെ ചെയ്യും''. അത്രയ്ക്കും ആത്മ വിശ്വാസമുണ്ടായിരുന്നു അവൻ്റെ വാക്കുകളിൽ.അംബികയും, മാധവനും ഒന്നും പറയാതെ ചേച്ചിയും, അനുജനും പറയുന്നതിന് കാതോർത്ത് കിടന്നു.
പിറ്റേന്ന് രാവിലെ മാഷിനൊപ്പം പുറപ്പെടുമ്പോൾ അദ്ദേഹം പറഞ്ഞു. ടെൻഷനൊന്നും വേണ്ടാട്ടോ.നന്നായിട്ട് മത്സരിച്ചിട്ട് വാ. മറുപടി പറയാതെ പുഞ്ചിരിയോടെയവൻ തല കുലുക്കി.
വൈകുന്നേരം മത്സരത്തിൻ്റെ ഫലം വന്നപ്പോൾ കുട്ടി മാഷ് അമ്പാടിയുടെ വീട്ടിലെത്തി. ജില്ലാതലത്തിലും ഒന്നാമതായ വിവരം അറീച്ചു. അവന് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു. ആദ്യമായിട്ടാണ് ഒരു മത്സരത്തിൽ പങ്കെടുക്കുന്നതും ഒന്നാമതായി വിജയിക്കുന്നതും.കുട്ടി മാഷ് കാരണമാണ് തനിക്ക് ഈ അവസരം കിട്ടിയത് നന്മയുള്ള മനസ്സാണ് അദ്ദേഹത്തിൻ്റെ. അതോണ്ടല്ലേ ആദ്യമായിട്ട് ഈ വിഷയത്തിലേക്ക് മത്സരിക്കാൻ തൻ്റെ പേര് നൽകിയതും വിജയിക്കാൻ സാധിക്കുമെന്ന് ഉറപ്പ് പറഞ്ഞതും. മാഷിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ലായിരുന്നു.
വാക്കു പറഞ്ഞത് മാഷ് നിറവേറ്റി ജില്ലാതലത്തിൽ ഒന്നാമതായാൽ തൻ്റെ കയ്യിലെ വാച്ച് നൽകാമെന്നത്. പിറ്റേന്ന് സ്കൂൾ അസംബ്ലിയിൽ വെച്ച് മാഷ് അവൻ്റെ കൈത്തണ്ടയിൽ പുതിയൊരു വാച്ച് കെട്ടി കൊടുക്കുകയും ,കൂട്ടത്തിൽ മാഷിൻ്റെ കൈയിലെ വാച്ച് സമ്മാനിക്കുകയും ചെയ്തു. വിലമതിക്കാനാവാത്ത ആ നിധി അവൻ തൻ്റെ ഹൃദയത്തോട് ചേർത്തു.
തുടരും...