വീണ്ടും ഒരു യാത്ര. ഇക്കുറി സ്ഥിരം നടത്താറുള്ള ചെറു യാത്രയല്ല. ദീർഘമായ യാത്ര. ഭൂഖണ്ഡങ്ങൾ താണ്ടി ഒരിക്കലും ഒരു തിരിച്ചു പോക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ച ഇടത്തേക്ക്.
ഈ ജൻമം ഒരിക്കലും സംഭവിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച ഇത്തരമൊരു യാത്രക്ക് നിദാനമായ സംഭവഗതികളെക്കുറിച്ച് രവിചന്ദ്രൻ ഓർക്കുകയായിരുന്നു. ആറു മാസങ്ങൾക്കു മുൻപുള്ള എങ്ങും വെളുപ്പ് പടർന്നു പിടിച്ച തണുപ്പുകാലം. മഞ്ഞിൻ്റെ പടലമേറ്റ് നിറം പോയ സായം സന്ധ്യ. മഞ്ഞിൻ്റെ വെള്ളമേലാപ്പ് അണിഞ്ഞ ചുകന്ന മേപ്പിൾ വൃക്ഷങ്ങൾ നിരയൊത്തു നിൽക്കുന്ന വഴിത്താരയിലൂടെ ഒഴുകി നീങ്ങുന്ന കാറിലിരിക്കുമ്പോൾ മനസ്സ് അക്ഷരാർത്ഥത്തിൽ സന്തോഷത്താൽ തുടിക്കുകയായിരുന്നു. ഇന്ന് ഒരു പാർട്ടിയുണ്ട്. കഴിഞ്ഞ ഒരു സാമ്പത്തിക വർഷം കൊണ്ടുണ്ടാക്കിയ നേട്ടം പൊയ്പോയ വെറും മൂന്നു മാസങ്ങൾ കൊണ്ട് ഞങ്ങളുടെ കമ്പനി കൈവരിച്ചിരിക്കുന്നു. അതിനു പിന്നിലെ അദ്ധ്വാനവും നയതന്ത്രജ്ഞതയും ബൗദ്ധിക പ്രവർത്തനവും രാവുകൾ പകലാക്കി ഞാൻ കെട്ടിപ്പടുത്ത, എൻ്റെ മേൽനോട്ടത്തിലുള്ള ടീമിൻ്റെതായായിരുന്നെന്ന് അഭിമാനത്തോടെ തന്നെ പറയാൻ കഴിയും. ഈ നേട്ടം കമ്പനിയുടെ ചരിത്രത്തിലെത്തന്നെ
ഒരപൂർവ്വതയാണ്. സ്വന്തം പ്രവർത്തമേഖലയിലെ ഗംഭീര വിജയം! അതൊരു ലഹരി തന്നെയാണ്. ആരെയാണ് അത്തരം ഉജ്ജ്വല മുഹൂർത്തങ്ങൾ ലഹരിപിടിപ്പിക്കാത്തത്. മേലധികാരിയിൽ നിന്നുള്ള അഭിനന്ദന വാക്കുകൾ ആരെയാണ് ഉത്തേജിപ്പിക്കാത്തത്? ഡയറക്ടർ ബോഡിലെ എല്ലാവരുടേയും അഭിനന്ദനങ്ങൾ നൽകികൊണ്ടുള്ള മെയിലുകൾ ലഭിച്ചു കഴിഞ്ഞു. ഞാനതിൽ വച്ച് ഏറെ കൗതുകത്തോടെ കാണുന്നത് മലയാളിയായ ഡയറക്ടർ ബോർഡംഗം ശിവശങ്കറിൻ്റേതാണ്.
പണ്ഡിറ്റ് ജി എന്ന് ബിസിനസ് വൃത്തങ്ങളിൽ അറിയപ്പെടുന്ന ശിവശങ്കർ. ഇന്ന് എന്നെ വ്യക്തിപരമായി കാണുവാനും സംസാരിക്കാനുമുള്ള ആഗ്രഹം പങ്കുവച്ചിരിക്കുന്നു. സന്തോഷം .അദ്ധേഹത്തെ ഒരു ബോർഡ് മീറ്റിങ്ങിൽ വച്ച് കണ്ടിട്ടുണ്ടെന്നല്ലാതെ എനിക്ക് നേരിട്ട് അത്ര കണ്ട് പരിചയമില്ല.അദ്ധേഹത്തിൻ്റെ തന്ത്രപരമായ ചടുലനീക്കങ്ങൾ ഞാൻ ആദരവോടെയാണ് കാണുന്നത്. കമ്പനിയുടെ ഈയൊരു ചരിത്ര വിജയത്തിനു പിന്നിൽ അദ്ധേഹത്തിൻ്റെ മികച്ച തീരുമാനങ്ങളുടെ പിൻബലമുണ്ടെന്നത് ഏവർക്കും അറിയാവുന്ന സത്യമാണ്.
പരമ്പരാഗത ബാങ്കിങ്ങ് സൊലൂഷൻസ് നില നിർത്തിക്കൊണ്ടു തന്നെ ടെലികോം മേഖലയിലേക്ക് പ്രവർത്തനമേഖല വ്യാപിപ്പിക്കാനുള്ള ബുദ്ധികേന്ദ്രം ശിവശങ്കറായിരുന്നെന്ന് ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. കമ്മ്യൂണിക്കേഷനിൽ ഐ.ഐ.ടി ബിരുദധാരിയായ ശിവശങ്കർ മാറുന്ന കാലഘട്ടത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള തികവുറ്റ ഒരു ടെക്നോക്രാറ്റ് ആണ്. ഉന്നതമായ സാങ്കേതികജ്ഞാനം ആവശ്യമായ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ നീക്കം പെട്ടെന്ന് ആർക്കും ഉൾക്കൊള്ളാനായില്ല. ഇത്തരം അമ്പരപ്പിക്കുന്ന തീരുമാനങ്ങൾ മുൻപും അദ്ധേഹം എടുത്തു നടപ്പിൽ വരുത്തിയിട്ടുണ്ട്. പണ്ട് സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്തു കമ്പനിയെ കരകയറ്റിയത് അത്തരം ദീർഘദർശികളായ തീരുമാനങ്ങളായിരുന്നു. ആ തീരുമാനങ്ങൾ ശരിയായിരുന്നെന്ന് കാലം തെളിയിച്ചു.ഇപ്പോഴിതാ കമ്പനിയുടെ മൂന്നു മാസക്കാല സാമ്പത്തിക റിപ്പോർട്ടിൽ അറ്റാദായത്തിലെ എഴുപതു ശതമാനത്തോളം ടെലികോം സർവ്വീസ് മേഖലയിൽ നിന്നും. ഇത്ര പരിമിതമായ സമയ പരിധിയിലെ വിസ്മയകരമായ നേട്ടം.
പണ്ഡിറ്റ്ജി എന്നെ കാണാൻ ആഗ്രഹിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്തായിരിക്കും? അഭിനന്ദിക്കുക എന്നതു മാത്രമെന്ന് കരുതാനാവില്ല. അഭിനന്ദനം
അറിയിച്ചുള്ള മെയിൽ ലഭിച്ചതാണ്. അതിനെക്കാൾ ഉപരിയായി ഒരു കമ്പനി ജീവനക്കാരനോട് അങ്ങിനെ സംസാരിക്കാൻ തക്ക വിഷയമെന്താണ്.? മനസ് പല
സാദ്ധ്യതകൾ തേടിയെങ്കിലും യുക്തിഭദ്രമായ ഒരുത്തരത്തിലേക്കെത്താൻ എനിക്ക് കഴിഞ്ഞില്ല. അങ്ങിനെ പലവിധ ചിന്തയിൽ മുഴുകിയതിനാൽ സ്ഥലമെത്തിയത് അറിഞ്ഞില്ല.
പേരറിയാ പൂക്കൾ തൊങ്ങൽ ചാർത്തിയ ഫോർ സീസൺ നക്ഷത്ര ഹോട്ടലിൻ്റെ വാതായനങ്ങൾ പിന്നിട്ട് പാർക്കിങ് ഏരിയയിലേക്ക് ഡ്രൈവർ നാരായണേട്ടൻ
കാറോടിച്ചു.നാരായണേട്ടൻ ഏറെക്കാലമായി കൂടെയുള്ള ആളാണ്. ഒരു ഡ്രൈവർ ആയി അയാളെ കരുതിയിട്ടില്ല. കുടുംബത്തിലെ ഒരംഗം എന്ന നിലക്കുമാത്രമേ
നാരായണേട്ടനെ കണ്ടിട്ടുള്ളു.
കടലിനു അഭിമുഖമായി ഉയർന്നു നിൽക്കുന്ന ,ആഡംബരത്തിൻ്റെ അവസാന വാക്കായ ഫോർ സീസൺ റിസോർട്ട്. ഇവിടം പതിവ് പാർട്ടി സ്ഥലമല്ല. അപൂർവ്വമായി വല്ലപ്പോഴും നടത്താറുമുണ്ട്. തീർത്തും വിശേഷപ്പെട്ട അവസരങ്ങളിൽ മാത്രം. നീലക്കടലിൽ നിന്നും അലയടിച്ചെത്തുന്ന കാറ്റിന് മത്തുപിടിപ്പിക്കുന്ന ഗന്ധം .നീണ്ട
ഇടനാഴികൾ കടന്ന് കമ്പനിക്കായി ബുക്കു ചെയ്തിരിക്കുന്ന മനോഹരമായ ഹാളിലെത്തി. വിലയേറിയ പെയിന്റിങ്ങുകളും കൗതുക വസ്തുക്കളും കൊണ്ട് അലങ്കരിച്ച വിശാലമായ ഹാൾ ഭാഗികമായി നിറഞ്ഞിരിക്കുന്നു. പരിചിതരായ മുഖങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു. കമ്പനിയുടെ ഉജ്വലനേട്ടം ഏവരും ആഘോഷിക്കുകയാണ്. ചിലർ ഭക്ഷ്യസാധനങ്ങൾ രുചിക്കുന്നു. വിലയേറിയ മദ്യം രുചിക്കുന്നു. ലഹരി നുരയുന്ന സായാഹ്നം.
ഒന്നു ഫ്രഷാകാൻ ബാത്ത് റൂമിലേക്ക് പോയി വരുമ്പോഴാണ് ഇടനാഴിയിൽ വച്ച് ഏറെ പരിചിതമായ ഒരു മുഖം കണ്ടത്. വിഷ്ണു! വിഷ്ണു നമ്പീശൻ. ഒന്നേ നോക്കിയുള്ളൂ. പത്തു വർഷത്തെ ദീർഘമായ ഇടവേളക്കുശേഷം കാണുകയാണ്. കാലഘട്ടം വലിയ മാറ്റമൊന്നും അവനിൽ വരുത്തിയിട്ടില്ല. അവനും എന്നെ കണ്ടു. പൊടുന്നനെ ഒരു പാട് ഓർമ്മകൾ മനസ്സിൽ കടലേറ്റം പോലും തിരതല്ലി. മനസ് പറഞ്ഞു. അരുത് ! ഒന്നുമോർക്കരുത്. മനസിന്റെ അറിയാതീരങ്ങളിൽ എന്നേ കുഴിച്ചു മൂടിയ ആ ഓർമകളെ മനസ്സിൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിച്ചുകൂടാ. ഓർമ്മകളുടെ പ്രവാഹത്തെ പണിപ്പെട്ട് അടക്കി അവൻ്റെ അത്ഭുതം വഴിയുന്ന മുഖം അവഗണിച്ച് ഞാൻ വേഗം ഹാളിലേക്ക് നടന്നു. ഹാളിൽ ബോർഡംഗങ്ങളുടെ ചെറുപ്രഭാഷണങ്ങൾ തുടരുന്നു. അവയെല്ലാം ഏറെ
ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു. ഏതു പ്രവർത്തന മേഖലയിലായാലും, ഔദ്യോഗിക തലത്തിലും ജീവിതത്തിലും വമ്പൻ വിജയങ്ങൾ കരസ്ഥമാക്കിയവരുടെ വാക്കുകൾ ഞാൻ ഏറെ താത്പര്യത്തോടെ ശ്രദ്ധിക്കാറുണ്ട്. അവ ഉൾക്കൊള്ളാനും എൻ്റെതായ സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ടു തന്നെ സ്വജീവിതത്തിൽ നടപ്പിൽ വരുത്താൻ കഴിയുമോ എന്നുള്ള കാര്യങ്ങൾ ഗൗരവപൂർവം വിചിന്തനം നടത്താറുമുണ്ട്. പണ്ഡിറ്റ്ജിയുടെ കാര്യമാത്ര പ്രസക്തമായ പ്രഭാഷണം ഏറെ ആകർഷകമായിത്തോന്നി. പ്രഭാഷണം ഒരു ഉദാത്തമായ കലാരൂപമാണ് എന്ന് ബോധ്യപ്പെടുക ഇത്തരം അവസരങ്ങളിലൂടെയാണ്.
പ്രഭാഷണങ്ങൾക്കു ശേഷം ബോർഡംഗങ്ങൾ വിശാലമായ തളത്തിലെക്കു വന്നു. ഈയൊരവസരം സ്റ്റാഫുകൾക്ക് അപൂർവമായി ലഭിക്കുന്ന ഒന്നാണ്. കമ്പനിയുടെ സ്ഥാപകർ തങ്ങളിൽ ഒരാളായി മാറുന്ന അസുലഭമുഹൂർത്തം കമ്പനിയിലെ ജോലിക്കാരിൽ ആർക്കും അവരോട് സംസാരിക്കാം, വ്യക്തിപരമായ വിവരങ്ങൾ പങ്കുവക്കാം. ഏവരിലും സന്തോഷം മാത്രം. മ്ലാനമായ ഒരു മുഖവും അവിടില്ല. പൊട്ടിച്ചിരികളാലും ഉച്ചത്തിലുള്ള സംഭാഷണങ്ങളാലും അന്തരീക്ഷം ശബ്ദായനമായി. അതിന് അകമ്പടിയായി നേർത്ത പാശ്ചാത്യ സംഗീതം അലയടിച്ചു. രുചികരമായ ഫ്രൈഡ് ചിക്കൻ വിങ്സും ആൽമണ്ട് റോസ്റ്റമെടുത്ത് ഞാൻ രുചിച്ചു നോക്കി. നാവിനെ മയക്കുന്ന അതിന്റെ രുചിക്കൊപ്പം ഒരു ഗ്ലാസ്സിൽ ബൈയ്ലിസ് മദ്യവും പകർന്നു. മദ്യം ഉപയോഗിക്കുക പതിവില്ല.
മദ്യത്തോട് അശേഷം താത്പര്യവും ഇല്ല. പക്ഷേ പാർട്ടികളിൽ പങ്കെടുക്കുമ്പോൾ ഒരു ഗ്ലാസ്സ് ഒഴിച്ചെടുക്കും.പാർട്ടി തീരും വരെ ആ ഒരു ഗ്ലാസ്സ് കയ്യിലുണ്ടാവുകയും
ചെയ്യും.പാർട്ടികളിൽ മദ്യപിക്കാതെ ഇരിക്കുന്നതിനേക്കാൾ ഈയൊരു നയം ഗുണം ചെയ്യുന്നതായാണ് അനുഭവം. സൗഹൃദങ്ങളിൽ ഒരു ഇഴയടുപ്പം ഉണ്ടാക്കാൻ അതു കൊണ്ടു കഴിഞ്ഞിട്ടുണ്ട്. കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായ എഡ്വേർഡ് ബ്രയാൻ എന്റെ അടുത്തെത്തി കമ്പനിയിലെ ജീവനക്കാരുടെ മെഡിക്കൽ ക്ലെയിം റീഇമ്പേഴ്‌സ്‌മെന്റ് വിഷയവുമായി ബന്ധപ്പെട്ട ചില അപാകതകൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്കുവച്ചു. അടുത്ത മീറ്റിങ്ങിൽ അതു ചർച്ചക്ക് വക്കുമെന്നും അതു നടപ്പിൽ വരുത്തുന്നതിനായി പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. അയാൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ട് അതവതരിപ്പിക്കാനുള്ള പ്രോത്സാഹനം നല്കി. ഫ്രൈഡ് ചിക്കൻ കഴിച്ചുതീർത്തു പുകച്ച ബേക്കൺ റാപ്പ് എടുക്കാനായി തിരിഞ്ഞപ്പോഴാണ് പുറത്ത് മൃദുവായ കൈത്തലം സ്പർശിച്ചത്.
(തുടരും...