ഭാഗം - 4
അമ്പാടിക്കുട്ടൻ സ്കൂളിൽ ചേർന്നിട്ട് ഒരു വർഷം കഴിഞ്ഞു. അക്ഷരങ്ങൾ പെറുക്കി പെറുക്കി വായിക്കാൻ തുടങ്ങിയിട്ടേ ഉള്ളു. എങ്കിലും കാണുന്ന ന്യൂസ് പേപ്പറുകളും, ചുമരെഴുത്തുകളും ഒന്നും അവൻ ഒഴിവാക്കാറില്ല. കളിച്ചും ചിരിച്ചും, കുറുമ്പുകൾ കാട്ടിയും അമ്പാടിയുടെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
കൂട്ടുകാരൊത്ത് ചേർന്നാൽ പിന്നെ ഒരു മേളമാണ്. അതിൻ്റെ മാറ്റൊലികൾ അധികവും പൂർണ്ണമാവുന്നത് സ്കൂൾ പോകുന്നതുവഴിയോ, സ്കൂൾ വിട്ട് വരുന്ന വഴിയോ ആയിരിക്കും. ഒരു വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വരുന്ന വഴിയാണ് അമ്പാടിയുടെ കണ്ണിൽ അവൻ്റെ ശത്രു പ്രത്യക്ഷപ്പെട്ടത്. മിന്നൽ വേഗത്തിൽ റോഡിൻ്റെ സൈഡിൽ നിന്നും ഒരു കല്ല് അവൻ കൈക്കലാക്കി.
ഒന്ന്, രണ്ട്, മൂന്ന്... നോക്കിക്കോ അഞ്ചെണ്ണുമ്പോഴേക്കും നിന്നെ ഞാൻ കൊല്ലും. മഴ പെയ്ത് ഉറവ പൊട്ടി തുടങ്ങിയ മാളത്തിൽ നിന്ന് തിളങ്ങുന്ന ചുവന്ന കണ്ണുകൾ കൊണ്ട് മീശ വിറപ്പിച്ച് നോക്കുന്ന ഒരു ചുണ്ടെലിയെ നോക്കി ഉരുളൻ കല്ല് ഉയർത്തി അമ്പാടി ആക്രോശിച്ചു. അവന് ആവേശം പകർന്നു കൊണ്ട് കൂട്ടുകാരായ ആദിയും, മൊയ്തുവും.
"ജയ് ജയ് അമ്പു...ജയ് ജയ് അമ്പു".
അവരുടെ പ്രോത്സാഹനം അവനെ കൂടുതൽ ആവേശഭരിതനാക്കി. താരയും, ദേവുവും അവന്റെ പ്രവൃത്തി കണ്ട് വിഷമിച്ച് നിൽക്കുകയാണ്.
"എന്തിനാ അമ്പാടി... അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്. അത് പാവല്ലേ!" താര സങ്കടത്തോടെ ചോദിച്ചു.
"ങ്ഹും.. ഇത് അത്രക്ക് പാവമൊന്നും അല്ല. കഴിഞ്ഞ വിഷുവിന് അച്ഛൻ വാങ്ങി തന്ന പുള്ളി നിക്കറാ, ഈ കശ്മലൻ കരണ്ട് മുറിച്ചിട്ടത്. എന്റെ പുള്ളി നിക്കറ്...! ഇട്ടിട്ട് ആശ പോലും തീർന്നിട്ടില്ല". സങ്കടവും, ദേഷ്യവും നിറഞ്ഞ സ്വരത്തിൽ പറയുന്നതിനിടയിൽ കുടുക്കു പൊട്ടിയ നരച്ച നിക്കറ് എല്ലിച്ച വയറിനു മേൽ പിണച്ചു കെട്ടി വീണ്ടും ചുണ്ടെലിയിലേക്ക് കല്ലുമായി ലക്ഷ്യം പിടിച്ചു.
"അതിന് നിക്കറ് കടിച്ച് മുറിച്ചത് ഈ എലി ആണോ?. ചുണ്ടെലിയെ കൊന്നാല് ഗണപതി കോപിക്കുമെന്ന് അമ്മമ്മ പറയാറ്ണ്ട്. ഗണപതിയുടെ വാഹനാണത്രേ ചുണ്ടെലി!" ദേവുവും അവനെ പിന്തിരിപ്പിക്കാൻ ഒരു ശ്രമം നടത്തി.
"ശ്ശ്...ശ്ശ്... മിണ്ടാതിരിക്ക്" ചൂണ്ടുവിരൽ ചുണ്ടത്ത് വെച്ച് അവനെല്ലാവരോടുമായി പറഞ്ഞു.
ശബ്ദമൊന്നും കേൾക്കാത്തതു കൊണ്ടാവണം ആ മൂഷിക കുഞ്ഞ് ശിരസ്സ് വെളിയിലേക്കിട്ടത്. ആ സമയം മതിയായിരുന്നു അമ്പാടിക്ക്, മിന്നൽ വേഗത്തിൽ കയ്യിലുള്ള ഉപലം അതിന്റെ ശിരോഭാഗം തകർത്ത് തരിപ്പണമാക്കാൻ. തെളിഞ്ഞ ഉറവ വെള്ളം അതിന്റെ മാംസള ഭാഗങ്ങൾ കൊണ്ട് ശോണിതമായി. അതു കണ്ടപ്പോൾ താരക്കും, ദേവുവിനും ഛർദ്ദിക്കാൻ തോന്നി.
"നോക്കിക്കോ, തിങ്കളാഴ്ച ഉസ്കൂളിൽ ചെന്നിട്ട് കുട്ടി മാഷിനോട് പറഞ്ഞ് കൊടുക്കുന്നുണ്ട് നിൻ്റെ ഈ വികൃതിത്തരം".
''ഓ..പിന്നേ''.
സ്കൂളിൽ പോകാൻ ഇനിയും രണ്ട് ദിവസം ഉണ്ട് അപ്പോഴേക്കും അവളത് മറക്കുമെന്ന് അവനറിയാം. എന്തൊക്കെയോ പറഞ്ഞു കൊണ്ട് കൂട്ടുകാർ മുന്നോട്ട് നടന്നു തുടങ്ങിയിരുന്നു. ചത്തുമലച്ച ആ എലിയിലേക്ക് അമ്പാടി ഒന്നുകൂടി നോക്കി. ഒരു വലിയ കമ്പെടുത്ത് അതിനെ അരിശം തീരുവോളം കുത്തി.
കൂട്ടുകാർ നാലു പേരും അവരവരുടെ വീടുകളിലേക്ക് പോകുന്ന വഴിയെ തിരിഞ്ഞു. അമ്പാടിയും തിടുക്കത്തിൽ വീട്ടിലേക്ക് നടന്നു. അവൻ്റെ വരവ് കാത്തിരിക്കുന്നതു പോലെ വെളുമ്പി മുറ്റത്ത് തന്നെ നിൽപ്പുണ്ടാവും.വെളുമ്പിയേയും കൂട്ടി കൊണ്ട് പാറ മുഴുവൻ നടക്കണം. അമ്മയും, ചേച്ചിയും കാണാതെ കൊട്ടക്ക പറിക്കണം.ഫെബ്രുവരി മാസം ആയപ്പോഴെ പാറക്കാടുകളിൽ നിറയെ പലതരത്തിലുള്ള കൊട്ടക്കകൾ ഉണ്ടാവാൻ തുടങ്ങിയിട്ടുണ്ട്. വെളുമ്പിയെ തീറ്റാൻ കൊണ്ട് പോവാണെന്ന് പറഞ്ഞാണ് ഇറങ്ങുക. വീട്ടിലെത്തി കുറച്ച് ചോറൊക്കെ കഴിച്ച് പുറപ്പെടുമ്പോഴേക്കും ഈറ്റക്കാടിനടുത്ത് ആദിയും, മൊയ്തുവും കാത്തു നിൽപ്പുണ്ടാവും. വെളുമ്പിക്കൊപ്പം കാട്ടു രുചികളറിഞ്ഞും, കശുമാവിൻ കൊമ്പിൽ തൂങ്ങിയാടിയും നേരം സന്ധ്യയാക്കും.പിന്നെ വീട്ടിലേക്ക് പുറപ്പെടാൻ നേരം പാറക്കുളത്തിൽ പരലുകളെ പോലെ നീന്തി തുടിക്കും.
സന്ധ്യക്ക് വീട്ടിലെത്തുമ്പോൾ കണ്ണുകളൊക്കെ ചെമ്പോത്തിൻ്റേതു പോലെ ചുവന്നിട്ടുണ്ടാവും. അതു കാണുമ്പോൾ അംബിക വഴക്ക് തുടങ്ങും. അച്ഛൻ പക്ഷെ അവന് വക്കാലത്തുമായി എത്തും കുട്ടികളായാൽ അൽപ്പസ്വല്പം കുസൃതികളൊക്കെ വേണം. അതൊന്നും ഇല്ലെങ്കിൽ പിന്നെ കുട്ടികളാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.
കുട്ടികൾ പ്രകൃതിയെ അറിഞ്ഞും, പ്രകൃതിയോട് ഇണങ്ങിയും വളരണം എന്നാണ് മാധവൻ്റെ തത്വം.
തുടരും...