ഭാഗം - 2
മഴ ചാറ്റലിൻ്റെ തണുപ്പിൽ അമ്പാടി അച്ഛൻ്റെ കഴുത്തിൽ ഒന്നു കൂടെ പിടിമുറുക്കി.
"എന്തെടാ കുട്ടാ... നിനക്ക് തണുക്കുന്നുണ്ടോ?" അച്ഛൻ്റെ സ്നേഹം സ്വരം അവന് ചൂടു പകർന്നു.
''ദേ നോക്ക് നമ്മൾ സ്കൂളിൽ എത്തി പോയി" അച്ഛൻ ചൂണ്ടിയ ദിശയിലേക്ക് അവൻ്റെ കുഞ്ഞിക്കണ്ണുകൾ നീണ്ടു. അഞ്ചു വയസ്സ് പൂർത്തിയായപ്പോഴേ കേൾക്കാൻ തുടങ്ങിയതാണ്. ഇനി അമ്പാടി കുട്ടൻ സ്കൂളിലേക്ക് ആയല്ലോ എന്ന്. അപ്പോഴേ കൊതി പിടിച്ചിരിപ്പാണ് സ്കൂളിൽ ഒന്ന് വരാൻ. ചേർക്കാൻ വന്നപ്പോൾ അച്ഛൻ്റെ കൂടെ വന്നിരുന്നു.പക്ഷെ അന്ന് അധികം ഉയരമില്ലാത്ത ഒരു മാഷ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവൻ അതൊക്കെ ഓർക്കാൻ ശ്രമിക്കുന്നതിനിടയിൽ ചേച്ചി അവളുടെ പുതിയ ക്ലാസിലേക്ക് ഓടിപ്പോയി.
അച്ഛൻ അവനെ മഴ നനയാതെ സ്കൂളിൻ്റെ വരാന്തയിലേക്ക് ഇറക്കി നിർത്തി .പിന്നെ കറുത്ത കാലൻ കുട ഒരു മൂലക്ക് ചാരി വെച്ചു. ആ സമയം വിരൽ കടിച്ചു കൊണ്ട് അമ്പാടി ചുറ്റിലും നോക്കുകയായിരുന്നു. എവിടെ നിന്നൊക്കെയോ കരച്ചിലും, ബഹളവും കേൾക്കുന്നു. അത് കേട്ടപ്പോൾ അവനും കരയാൻ തോന്നി കുറേ പേര് മഴ നനയാതെ ഇറയത്തേക്ക് കയറി നിൽപ്പുണ്ട്.
ബലൂണുകളും, തോരണങ്ങളും കെട്ടി അലങ്കരിച്ച ഒരു മുറിയുടെ അടുത്ത് അവൻ്റെ കൈയ്യും പിടിച്ച് അച്ഛൻ ചെന്നു നിന്നു. നിറയെ പൊട്ടുകൾ ഉള്ള ഒരു മഞ്ഞ ബലൂൺ !അത് കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു.
''ഇതാണ് മോൻ്റെ ക്ലാസ് " കുഞ്ഞു നിലവിളികൾക്കിടയിൽ അച്ഛൻ്റെ ശബ്ദം മുങ്ങിയതു പോലെ. അവനും കരയണമെന്നുണ്ടായിരുന്നു.പക്ഷെ നിറുകയിൽ പതിഞ്ഞ സ്നേഹസ്പർശം കരച്ചിലെന്ന പ്രവണതയെ പിന്നോക്കം വലിച്ചു.ആ സ്പർശനത്തിൻ്റെ ഉറവിടം തേടുന്നതു പോലെ അവൻ തല ചെരിച്ച് പിന്നോക്കം നോക്കി. കട്ടി കണ്ണടയിൽ വെളുക്കെ ചിരിച്ചു കൊണ്ടു നിൽക്കുന്ന കുറിയ ഒരു രൂപം. അദ്ദേഹത്തെ കണ്ടപ്പോൾ അച്ഛൻ ഭവ്യതയോടെ കൈകൾ കൂപ്പി.
''എന്താണ് മാധവാ ചെക്കൻ കരയ്ന്ന് ണ്ടോ?"
"ഇല്ല മാഷേ... എല്ലാരും കരയ്ന്നത് കണ്ടപ്പോ അവന് എന്തോ പോലെ''
''ആഹാ മോൻ്റെ പേരെന്താ...!"മാഷ് അവനെ തോളിൽ കയ്യിട്ട് തൻ്റെ ദേഹത്തോട് ചേർത്തു.
"അമ്പാടി'' പതിഞ്ഞ സ്വരത്തിൽ അവൻ മറുപടി പറഞ്ഞു.
"ഉറക്കെ പറ, മാഷ് കേട്ടില്ല" ഒന്ന് രണ്ട് പ്രാവശ്യം പറഞ്ഞപ്പോഴും മാഷ് കാത് വട്ടം പിടിച്ച് കേട്ടില്ല കേട്ടില്ല എന്ന് മറുപടി പറഞ്ഞു കൊണ്ടിരുന്നു. പേര് പറഞ്ഞ് അവൻ്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. ഒളി കണ്ണാൽ അമ്പാടി അച്ഛനെ നോക്കി. അച്ഛനെന്തോ തമാശ കേൾക്കുന്നതു പോലെ വായ പൊത്തി ചിരി അമർത്തുന്നു. അതുകൂടി കണ്ടപ്പോൾ അവനാകെ ദേഷ്യം വരാൻ തുടങ്ങി. "ഒന്നൂടെ പറ കേക്കട്ടെ" പറയുന്നതിനൊപ്പം തന്നെ മാഷ് മുറുക്കിക്കൊണ്ടിരുന്ന താംബൂല രസം മുറ്റത്തെ മഴ വെള്ളത്തിലേക്ക് ചുണ്ടുകളിൽ വിരൽ ചേർത്ത് നീട്ടി തുപ്പി. അമ്പാടി അതും നോക്കിക്കൊണ്ട് സർവ്വ ശക്തിയുമെടുത്ത് ഉറക്കെ തന്നെ പേരു പറഞ്ഞു. അവൻ്റെ ശബ്ദം കേട്ട് കരഞ്ഞുകൊണ്ടിരുന്ന ഒന്നു രണ്ടു പിള്ളേര് കരച്ചിൽ നിർത്തി വായിൽ വിരലും തിരുകി അവനെ തുറിച്ചു നോക്കുവാൻ തുടങ്ങി .അതു കണ്ടപ്പോൾ അവന് താനെന്തോ അപരാധം ചെയ്തതുപോലെ തോന്നി. പക്ഷെ കുട്ടി മാഷ് അവൻ്റെ പുറത്ത് തട്ടി 'മിടുക്കൻ എന്ത് കാര്യമായാലും ഇങ്ങനെ ഉറക്കെ പറയണം' എന്ന് പറഞ്ഞു കൊണ്ട് അഭിനന്ദിക്കുകയാണ് ചെയ്തത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമ്പാടിക്ക് കുട്ടി മാഷിനെ ഏറെ ഇഷ്ടമായി.
ഒന്നു രണ്ടാഴ്ച അച്ഛൻ്റെ കയ്യിൽ തൂങ്ങിയാണ് അമ്പാടി സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. പിന്നെ പതിയെ പതിയെ ചേച്ചിയുടെ കൂടെയായി പോക്ക്.
ആയിഷുമ്മ വന്ന് പോയിട്ട് ഒരാഴ്ചയോളം കഴിഞ്ഞാണ് അംബിക ആട്ടിൻ കാഷ്ഠം വാങ്ങാൻ പുറപ്പെട്ടത്. ഉമ്മയുടെ വീട്ടിലേക്കാണ് അമ്മ പോകുന്നതെന്ന് അറിഞ്ഞപ്പോൾ അവന് ക്ഷമയില്ലാതായി. അവനും കൂടെ പുറപ്പെട്ടു.ഉമ്മയുടെ വീടിന് അടുത്ത് എത്തിയപ്പോഴേ ആടുകളുടെ കരച്ചിൽ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയിരുന്നു. കൂട്ടത്തിൽ കുഞ്ഞുങ്ങളുടെ കരച്ചിലും ,അത് കേട്ടപ്പോൾ അമ്പാടിയുടെ ആകാംക്ഷ വർദ്ധിച്ചു.ഒരു കുതിപ്പിന് ആടിനെ കെട്ടിയ പ്ലാവിൻ ചുവട്ടിൽ എത്തി. അന്ന് കണ്ട വലിയ ആടിനൊപ്പം മൂന്ന് കുഞ്ഞു മണികൾ രണ്ട് വെളുപ്പും, ഒരു കറുപ്പും വെള്ളയും.തളള യാടിനു ചുറ്റും കുറുമ്പുകുത്തി നടക്കുന്നു. അവയെ കണ്ടപ്പോൾ അമ്പാടിക്ക് അതിലൊന്നിനെ കിട്ടിയാൽ കൊള്ളാമെന്നായി. പതിഞ്ഞ സ്വരത്തിൽ അവൻ അമ്മയോട് കാര്യം അവതരിപ്പിച്ചു. അത് കേട്ടപ്പോൾ അംബിക അവനെ രൂക്ഷമായിട്ട് നോക്കി. ആയിഷുമ്മ അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.
"മോനെന്താണ് അമ്മേനോട് സ്വകാര്യം പറഞ്ഞത്" മറുപടി പറയാതെ അമ്പാടി തലകുനിച്ചു.
"അവന് ആടിനെ വേണംന്ന്''
''ആഹാ മോന് അതിനെ ഇഷ്ടപ്പെട്ടോ?" ഉവ്വെന്ന് അവൻ തലയാട്ടി കാണിച്ചു.
''കുറച്ചൂടെ വലുതായിട്ട് തരാം ട്ടോ"വാൽസല്യത്തോടെ അവർ അവൻ്റെ കവിളിൽ തലോടി.
"പിന്നെ ചേച്ചിക്ക് വേറെ പണിയൊന്നും ഇല്ല. പൈസ കൊട്ത്ത് വാങ്ങാനുള്ള കഴിവൊന്നും നമ്മക്കില്ലെന്ന് അറിഞ്ഞൂടെ!''
''ഓ എൻ്റെ അംബികേ ഒന്നു മിണ്ടാതിരി കൊച്ചിന് ഞാൻ കുഞ്ഞു വെളുമ്പിയെ പോറ്റാൻ കൊടുക്കാനാ ഉദ്ദേശിക്കുന്നത്. അത് വലുതാവുമ്പോ ഇതുപോലെ കുഞ്ഞി വെളുമ്പിയെ സമ്മാനിക്കൂലേ അപ്പൊ അതിലൊന്നിനെ ഞമ്മക്ക് തിരിച്ച് തന്നാ മതി".
അമ്മയുടെയുടെയും, ഉമ്മയുടെയും സംഭാഷണമൊന്നും കുഞ്ഞമ്പാടിക്ക് മനസ്സിലായില്ലെങ്കിലും തനിക്ക് ഒരു ആട്ടിൻകുട്ടിയെ പോറ്റാൻ തരുമെന്ന് ഉമ്മ പറഞ്ഞതോർത്ത് അവൻ സന്തോഷം കൊണ്ട് ഉമ്മയെ കെട്ടിപിടിച്ചു.
തുടരും...