ഉറക്കം പൂർണ്ണമായും വിട്ടുമാറാതെയാണ് അമ്പാടി എഴുന്നേറ്റ് പുറത്തെ കോലായിൽ വന്നിരുന്നത്. തലേന്ന് തകർത്തു പെയ്ത മഴ! കരിമ്പാറകളുടെ ഉപരിഭാഗത്തെ മനോഹര കാഴ്ചയാക്കി മാറ്റിയിരുന്നു. തണുത്ത കാറ്റ് കൊണ്ട് അവൻ്റെ കുഞ്ഞുമേനി കിടുത്തു. മൂടി പുതച്ച് ഒന്നൂടെ കിടന്നാലോ എന്ന് വിചാരിക്കുമ്പോഴാണ് ദൂരെ നിന്നും അച്ഛൻ്റെ തല വെട്ടം കണ്ടത്.
തലയിൽ ഒരു ചുമടോളം പച്ച ഈറ്റ യുടെ കെട്ടുണ്ട്. മഴയെ ശപിച്ചു കൊണ്ട് മാധവൻ ആ കെട്ട് വീടിൻ്റെ സൈഡിലേക്ക് ചാരിവെച്ചു.
മാധവന്റെയും, അംബികയുടെ മക്കളാണ് അഞ്ജുവും, അമ്പാടിയും.
സർക്കാരിൽ നിന്നും പതിച്ചു കിട്ടിയ മൂന്ന് സെൻ്റിൽ രണ്ട് മുറിയുള്ള കുഞ്ഞു വീട്ടിലാണ് അവരുടെ താമസം.മാധവന് പണയിലാണ് ജോലി.അവരുടെ വീടിൻ്റെ തിണ്ണയിൽ നിന്ന് നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കരിമ്പാറ കെട്ടുകളും അതിനടുത്തായി ഈറ്റ കൂട്ടങ്ങളെയും കാണാം.വൈകുന്നേരം അവിടത്തെ കുളിരുള്ള കാറ്റിൽ ഈറ്റക്കാടുകൾ തമ്മിലുരഞ്ഞ് കിരുകിരാ ശബ്ദത്തിൽ ചെറിയ സംഗീതം പുറപ്പെടുവിക്കും. അതും കേട്ടു കൊണ്ടാണ് അവനും , ചേച്ചിയും സാറ്റും, കൊത്തങ്കല്ല് കളിയും ഒക്കെ കളിക്കുക. മക്കൾ കളിക്കുന്നതും നോക്കി അംബിക കുറച്ച് മാറി ഇരുന്ന് ഈറ്റ കൊണ്ടുള്ള കുട്ടയും, മുറവും, പൂക്കൊട്ടകളും മെടയുന്നുണ്ടാവും. മഴ കനക്കുന്ന സമയം മാധവന് പണയിൽ പണിയില്ലാതാകും. അപ്പോൾ അയാളും അംബികയെ സഹായിക്കും. ഈറ്റ കൊണ്ട് നിർമ്മിക്കുന്ന സാധനങ്ങളൊക്കെ വിറ്റ് കിട്ടുന്നത് കൊണ്ടും, പണയിലെ കല്ല് ചുമന്ന് കിട്ടുന്ന കൂലിയും കൊണ്ടാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. അതിൻ്റെ കൂട്ടത്തിൽ തന്നെ ഈറ്റ കൊണ്ടുള്ള കരകൗശല വസ്തുക്കൾ കൂടി അംബിക നിർമ്മിക്കും പക്ഷെ അതൊന്നും വില്പനക്ക് കൊണ്ട് പോകാറില്ല. വളരെ മനോഹരമായി അച്ഛനും, അമ്മയും നിർമ്മിക്കുന്ന വസ്തുക്കളെ അമ്പാടി ചിലപ്പോഴൊക്കെ നോക്കി നിൽക്കാറുണ്ട്. മാർക്കറ്റിൽ അത് വിൽക്കാൻ കൊണ്ടു പോകുമ്പോൾ ഉൽസാഹത്തോടെ അവരുടെ കൂട്ടത്തിൽ അവനും ചേച്ചിയും പോകും. തിരികെ വരുമ്പോൾ അവർക്ക് ഇഷ്ടമുള്ളതൊക്കെ അച്ഛൻ വാങ്ങി നൽകും.
അരയിൽ കെട്ടിയ മുഷിഞ്ഞ തോർത്തെടുത്ത് മുഖം തുടക്കുന്നതിനിടയിൽ ആണ് കൂനിക്കൂടി ഇരിക്കുന്ന മകനെ മാധവൻ കണ്ടത്. അത്യന്തികം വാൽസല്യത്തോടെ അയാൾ അവനെ പൊക്കിയെടുത്ത് വയറിൽ ഇക്കിളിയിട്ടു. ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു കൊണ്ട് ഞെളിപിരിയോടെ അമ്പാടി അച്ഛൻ്റെ തോളത്തിരുന്ന് പുളഞ്ഞു.
രണ്ടു പേരുടെയും കളി ചിരികൾ കേട്ടാണ് അംബിക അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നത്.
"ആഹാ... എന്താണ് രണ്ടു പേരും തമ്മിൽ ഇവിടെ ഒരു കച്ചേരി. ഇന്ന് സ്കൂൾ തുറക്കുകയാണെന്ന വിചാരമൊന്നും ഇല്ലേ?''
''ഓ..ശരിയാണല്ലോ ഇന്നാണല്ലേ അമ്പാടിക്കുട്ടന് സ്കൂളിൽ പോകേണ്ടത്. അച്ഛൻ റെഡിയായി ഇപ്പോ വരാം. അപ്പോഴേക്കും മോനും റെഡിയാവ്".
പല്ലുതേപ്പും, കുളിയുമൊക്കെ കഴിഞ്ഞപ്പോഴേക്കും അമ്മ അവനും ചേച്ചിക്കും അവിൽ കുഴച്ചത് നൽകി. അവനത് കഴിക്കാൻ വിസമ്മതിച്ചപ്പോൾ പ്രഭാത ഭക്ഷണം നന്നായിട്ട് കഴിച്ചാൽ മാത്രമേ തലച്ചോറ് ഉണർന്ന് പ്രവർത്തിക്കുകയുള്ളു എന്നും അപ്പോൾ മാത്രമേ നല്ല കുട്ടിയായി പഠിക്കാൻ പറ്റുകയുള്ളു എന്നും അമ്മ അവന് പറഞ്ഞ് കൊടുത്തു.കൂട്ടത്തിൽ ഓരോ സ്പൂൺ അവിൽ അവൻ്റെ വായിലേക്ക് വെച്ചു കൊടുത്തു. ഒരു നേരത്തെ അന്നം പോലും കിട്ടാത്ത ഒരു പാട് പേര് നമുക്ക് ചുറ്റിലും ഉണ്ടെന്ന് കേട്ടപ്പോൾ ഇഷ്ടമില്ലാഞ്ഞിട്ട് കൂടി അവിൽ മുഴുവൻ അവൻ തിന്നു തീർത്തു.
മഴ കുറച്ച് ശമിച്ച സമയം നോക്കിയാണ് മാധവൻ മക്കളെയും കൊണ്ട് പുറപ്പെട്ടത്.വീട്ടിൽ നിന്നും അധികദൂരമില്ല സ്കൂളിലേക്ക്. പാറ കഴിഞ്ഞ് റോഡിലെത്തിയാൽ സുഖമായി നടന്നു പോകാം.പക്ഷെ റോഡ് എത്തുന്നതിനു മുന്നേ ഒളിച്ചു നിന്ന മഴ വീണ്ടും എത്തി. കുടപിടിച്ചിട്ടും കുസൃതിക്കാറ്റ് ഉടുപ്പിലാകെ വെള്ളം തെറുപ്പിച്ചു കൊണ്ടിരുന്നു. നല്ലവണ്ണം നനയുമെന്ന് ഉറപ്പായപ്പോൾ അച്ഛൻ അവനെ എടുത്ത് തോളത്തിട്ടു. ചന്നം പിന്നം പെയ്യുന്ന മഴ കണ്ടപ്പോൾ അമ്പാടിയുടെ ഉള്ളിൽ അങ്കണവാടിയിൽ ഉഷ ടീച്ചർ പാടി കൊടുത്ത മഴപ്പാട്ട് ഓർമ്മ വന്നു.
തുള്ളിത്തുള്ളി മഴ പെയ്തു
തുള്ളിക്കൊരു കുടം മഴപെയ്തു
മഴവെള്ളത്താൽ കുളമായി
മുറ്റം നീന്തൽക്കുളമായി.
കുളവും തോടും ചെറുപുഴയും
മഴവെള്ളത്താൽ കവിയുമ്പോൾ
കുട്ടികൾ ആർപ്പു വിളിക്കുന്നു
കപ്പലുമോട്ടി രസിക്കുന്നു.
മഴ പാട്ടുകളൊക്കെ പാടിയും രസിച്ചും മൂവരും മുന്നോട്ട് നീങ്ങി.
തുടരും...