ഭാഗം - 9
എല്ലാ ക്ലാസിലും ആഴ്ചയിൽ ഏഴു പിരിയ്ഡിൽ ഒരു വിഷയം ഹിന്ദി പഠിപ്പിക്കാമെന്ന് സുലോചന ടീച്ചർ സമ്മതിച്ചതോടെ അമ്പാടിക്കൊപ്പം, കുട്ടി മാഷിനും സന്തോഷമായി. അങ്ങനെ അമ്പാടി ഹിന്ദി പഠനം തുടങ്ങി, സ്വരാക്ഷരങ്ങളും, വ്യഞ്ജനാക്ഷരങ്ങളും പെട്ടെന്ന് തന്നെ പഠിച്ചെടുത്തു. അത്യാവശ്യം വേണ്ടുന്ന ദൈനംദിന വാക്കുകളും ടീച്ചറുടെ സഹായത്തോടെയവൻ ഹൃദിസ്ഥമാക്കി.
വാക്കുകൾ പെറുക്കി പെറുക്കി ശബരിയുമായുള്ള സംസാരം തുടങ്ങി.ശബരിയും കുറച്ച് കുറച്ച് മലയാളത്തിൽ സംസാരിക്കാൻ തുടങ്ങിയത് അമ്പാടിക്കും ആശ്വാസമായി.
രണ്ടു പേരുടെയും ചങ്ങാത്തം പക്ഷെ ആദിക്കും, മൊയ്തുവിനും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. അമ്പാടിയുടെ വീടിനടുത്ത് തന്നെ ശബരിയുടെ കുടുംബവും വാടകക്ക് വന്നതിൽ പിന്നെ അവരുടെ ബന്ധം കൂടുതൽ ദൃഢമാവുന്നതിന് കാരണമായി.
എപ്പൊഴും, ഏത് സമയത്തും വാലു പോലെ ശബരി അമ്പാടിക്കൊപ്പം ചേർന്നു കൊണ്ടിരുന്നു. അവർക്കൊപ്പമുള്ള കുരുത്തകേടുകൾക്ക് അമ്പാടിയെ കിട്ടുന്നില്ല എന്നത് ആദിയേയും, മൊയ്തുവിനെയും ഒരു പോലെ ചൊടിപ്പിച്ചു കൊണ്ടിരുന്നു.
'ഇങ്ങനെ പോയാൽ ശരിയാവില്ല. അമ്പാടിക്ക് മുട്ടൻ പണി കൊടുക്കണം. ശബരിയുമായിട്ട് തെറ്റിക്കണം. എന്നാലേ പഴേ പോലെ അമ്പാടി നമ്മുടൊപ്പം ചേരൂ' സ്കൂൾ വിട്ട് പോകുന്ന സമയം ആദിയും, മൊയ്തുവും ഗഗനമായ ചർച്ചയിൽ ഏർപ്പെട്ടു. പാറക്കുളത്തിൽ കുളിക്കുമ്പോഴും, പാറ മുഴുവൻ അലയുമ്പോഴും രണ്ടു പേരുടെയും ചിന്ത അത് തന്നെ ആയിരുന്നു. രണ്ടു പേരും അതിനുള്ള അവസരം പാർത്തിരുന്നു.
ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കാൻ ആലിൻ്റെ ചുവട്ടിൽ ഇരുന്ന സമയത്താണ് മൊയ്തു ആ കാഴ്ച കണ്ടത്. ആലിൻ്റെ കൊമ്പിൽ ഞാന്നു കിടക്കുന്ന കടന്നൽക്കൂട് അതിനെ തട്ടുകയോ മറ്റോ ചെയ്താൽ പിന്നെയുള്ള കാര്യം പറയണ്ട. അവൻ പതിയെ അടുത്തിരിക്കുന്ന ആദിയെ കാലുകൾ കൊണ്ട് തോണ്ടി. കണ്ണു കാട്ടി ആ കാഴ്ച കാണിച്ചു. ഒറ്റ നോട്ടത്തിൽ അവന് സംഗതി പിടി കിട്ടിയില്ല. ഏറെ നേരഞ്ഞിന് ശേഷമാണ് അതെന്താണെന്ന് മനസ്സിലായത്.
''അതു വെച്ച് അമ്പാടിക്കൊരു പണി കൊടുക്കണം'' ആദിക്ക് കേൾക്കാൻ മാത്രം മൊയ്തു പിറുപിറുത്തു.
''നടക്ക്വോ''ആദി സംശയം പ്രകടിപ്പിച്ചു.
"നോക്കാം വൈന്നേരം ഉസ്കൂള് വിട്ടാല് ഏറ്റവും ലാസ്റ്റ് അവനും, ശബരിയുമാ പോവാറ്"
"ടീച്ചർമ്മാര് വല്ലോം ഇണ്ടായാലോ?''
"അതൊന്നും കാണില്ല. ഉസ്കൂൾ ബസ്സ് പോയാ ടീച്ചർമാരൊക്കെ പോകും. പിന്നെ കുട്ടി മാഷ് ആണേൽ വൈന്നേരം പച്ചക്കറിത്തോട്ടത്തിലും ആയിരിക്കും".
ചങ്ങാതിമാരുടെ മനസ്സിലെ പ്ലാനുകൾ ഒന്നും അറിയാതെ അമ്പാടി; അമ്മ കൊടുത്തു വിട്ട മാങ്ങാ ചമ്മന്തി പങ്കുവെക്കാനായി അവരുടെ അടുത്തേക്ക് ചെന്നു. ശബരി വരുന്നതുവരെ അഞ്ചു പേരും ഒന്നിച്ചായിരുന്നു.
"നിങ്ങളെന്താ ഞങ്ങളോടൊപ്പം കൂടാത്തെ താരയും, ദേവുവും അവിടെയുണ്ട് അങ്ങോട്ട് വാരണ്ടാളും''
"ഓ.. വേണ്ട പുതിയ കൂട്ടുകാരനെ കിട്ടിയപ്പോ നെനക്ക് നമ്മളെയൊന്നും വേണ്ടല്ലോ?'
''ആരു പറഞ്ഞു നിങ്ങളെ വേണ്ടെന്ന്. എനക്ക് എല്ലാരേം വേണം അതോണ്ടല്ലേ ചമ്മന്തീം കൊണ്ട് ഞാൻ നിങ്ങളെ തെരക്കിവന്നത്'' അതിന് ഉത്തരം പറയാതെ രണ്ടു പേരും ഓരോ ചോറെടുത്ത് കൊറിക്കുവാൻ തുടങ്ങി.
ഒത്തിരി വിളിച്ചിട്ടും അമ്പാടിയും കൂട്ടരും ഇരിക്കുന്നിടത്തേക്ക് പോവാൻ ആദിയും, മൊയ്തുവും കൂട്ടാക്കിയില്ല.
അവസാനം ദേവുവിനെയും, താരയേയും, ശബരിയേയും വിളിച്ച് അമ്പാടി അവർക്കരികിൽ വന്നിരുന്നു. അമ്പാടി അങ്ങനെ ചെയ്യുമെന്ന് രണ്ടു പേരും തീരെ വിചാരിച്ചിരുന്നില്ല. എല്ലാവരും ഒന്നും മിണ്ടാൻ ഇല്ലാത്തതുപോലെ ഭക്ഷണം കഴിച്ചു തീർത്തു.
തുടരും...