ഭാഗം - 8
ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്ന സമയത്താണ് അമ്പാടിയുടെ ക്ലാസിലേക്ക് പുതുതായി ഒരു കുട്ടി വന്നത്.
'ശബരീഷ്മുഖി' ഒറ്റക്കാഴ്ചയിൽ തന്നെ അമ്പാടിക്ക് അവനെ കണ്ടപ്പോൾ നല്ല മുഖപരിചയം തോന്നി. എന്നാൽ അമ്പാടിയെ കണ്ടപ്പോൾ ശബരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
'ഭയ്യാ...' എന്ന വിളിയോടെ ശബരി ഓടി വന്ന് അമ്പാടിയുടെ കൈകൾ കവർന്നു. അതു കണ്ട് ആദിയും, മൊയ്തുവും, താരയും, ദേവുവുമെല്ലാം വാ പൊളിച്ച് നില്പായി. അവരുടെ നില്പ് കണ്ടപ്പോൾ അവർക്കു മുന്നിൽ താനൊരു സംഭവമാണെന്ന് കാണിക്കുന്ന രീതിയിൽ ഷർട്ടിൻ്റെ കോളർ മേലോട്ട് ആക്കി അവരെ നോക്കി ചിരിച്ചു. അവർക്ക് മനസ്സിലാകാത്ത രീതിയിൽ അമ്പാടിയോട് മാത്രം വർത്തമാനം പറയുന്നത് കണ്ടപ്പോൾ ആദിക്കും, മൊയ്തുവിനും അവനോട് അസൂയ തോന്നാതിരുന്നില്ല. ക്ലാസ് കാട്ടികൊടുക്കാൻ ഒപ്പം വന്ന കുട്ടി മാഷും ആ രംഗം കണ്ട് അത്ഭുതപ്പെട്ടു. ശബരിയുടെ അമ്മയാണ് പാറക്കുളത്തിൽ വീണുപോയ തൻ്റെ മകനെ അമ്പാടി രക്ഷിച്ച കഥ മാഷിനോട് പറഞ്ഞത്. കുട്ടി മാഷ് വാത്സല്യത്തോടെ അമ്പാടിയെ ചേർത്തണച്ചു.
പിറ്റേന്ന് സ്കൂളിൽ വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ നടന്ന അസംബ്ലിയിൽ അമ്പാടിയെ അനുമോദിച്ചു കൊണ്ട് ഹെഡ്മാസ്റ്റർ കുട്ടികളോടായി പറഞ്ഞു;
''കണ്ടോ നമ്മുടെ സ്കൂളിൻ്റെ അഭിമാനമാണ് ഈ മിടുക്കൻ. എല്ലാവർക്കും അമ്പാടിയെ പോലെ ആവാൻ കഴിയില്ലെങ്കിലും നമ്മുടെയൊക്കെ ഉള്ളിൽ പല തരത്തിലുള്ള നന്മയുടെ സ്പന്ദനങ്ങൾ ഉണ്ട്. അത് നിലച്ചു പോകാതെയിരിക്കാൻ ശ്രദ്ധിക്കണം. ഭാവിയുടെ വാഗ്ദാനങ്ങളായ നിങ്ങൾ കുട്ടികളിലൂടെയാണ് അത് സാധ്യമാകേണ്ടത്" മാഷിൻ്റെ വാക്കുകൾക്ക് ശ്രദ്ധയോടെ കാത് കൊടുത്തിരിക്കുകയാണ് കുട്ടികൾ. അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ശേഷം മുഴങ്ങിയ കൈയ്യടി ശബ്ദം അമ്പാടിയുടെ ഉള്ളിൽ കരച്ചിലിൻ്റെയും, സന്തോഷത്തിൻ്റെയും തിരമാല ഉയർത്തി.
ആ സംഭവത്തിനു ശേഷം അമ്പാടി സ്കൂളിലെയും, ക്ലാസിലെയും ഹീറോ ആയി മാറി തുടങ്ങി.
ശബരിയുമായി കൂട്ടുകൂടിയതിനു ശേഷം അമ്പാടിയുടെ ഉള്ളിൽ ഒരു മോഹം തലപൊക്കാൻ തുടങ്ങി. 'എങ്ങനെയെങ്കിലും ഹിന്ദി പഠിക്കണം' സ്കൂളിൽ ഹിന്ദി വിഷയം പഠിപ്പിക്കുന്നുണ്ട്, പക്ഷെ അഞ്ചാം ക്ലാസിനാണെന്ന് മാത്രം. കുട്ടി മാഷിനോട് ചോദിച്ചാലോ? മാഷ് വഴക്കൊന്നും പറയില്ലെന്ന് അറിയാം. അറിവ് നേടാനല്ലേ! തീർച്ചയായും മാഷ് ഒരു വഴി പറഞ്ഞു തരും. എന്നിട്ടും ഓഫീസ് മുറിയുടെ പടിക്കൽ എത്തിയപ്പോൾ എന്തോ ഒരു വല്ലായ്മ പോലെ കൈകാലുകൾ വിറക്കുന്നത് അവനറിഞ്ഞു.
മാഷ് എന്താണ് ചെയ്യുന്നതെന്ന് അറിയാൻ ഒന്നു രണ്ടു പ്രാവശ്യം വരാന്തയിലൂടെ അങ്ങോട്ടും, ഇങ്ങോട്ടും നടന്നു.
നിഴൽ കണ്ടാണ് മാഷ് തല പൊക്കിയത്.
"എന്താ... അമ്പാടി ക്ലാസിൽ ടീച്ചറില്ലേ?'' മുറുക്കാൻ വായിലിട്ട് എന്തോ കുത്തി കുറിക്കുന്നതിനിടയിൽ മാഷ് ചോദിച്ചു.
"ഇപ്പോ, അറബിയാ... മാഷേ!''
"നിനക്കും അവിടെ ഇരുന്ന് അറബി പഠിച്ചൂടെ, ഇങ്ങനെ വെർതെ തേരാ പാരാ നടക്കണാ...''
''മാഷേ... അപ്പൊ നമ്മക്കും അറബി പഠിക്കാൻ പറ്റ്വോ? അതൊക്കെ മുസ്ലീം കുട്ട്യോൾക്ക് മാത്രല്ലേ പാടൂള്ളു?''
മാഷ് കുത്തി കുറിക്കുന്നത് നിർത്തി അവൻ്റെ അരികിലേക്ക് വന്നു. വായിലെ ചുവന്ന വെള്ളം മുറ്റത്തേക്ക് നീട്ടിത്തുപ്പി. വരാന്തയിലെ ബക്കറ്റിൽ നിന്നും കപ്പിൽ വെള്ളം കോരി വായ കഴുകി. മുണ്ടിൻ്റെ തുമ്പ് എടുത്ത് മുഖത്തെ വെള്ളം ഒപ്പിക്കളഞ്ഞു കൊണ്ട് ചോദിച്ചു.
''ആരു പറഞ്ഞു നെന്നോട് ഈ പോക്കണം കേട്, അറബി മുസ്ലീം കുട്ട്യോൾക്കെ പഠിക്കാൻ പാടുള്ളൂന്ന്. എല്ലാർക്കും എല്ലാ ഭാഷേം പഠിക്കാം. മനസ്സും, വേണം ക്ഷമയും വേണം. നിനക്ക് താൽപ്പര്യമുണ്ടെങ്കിൽ അഫ്സല് മാഷോട് ഞാൻ പറയാം. അവരുടെ കൂട്ടത്തിൽ നിന്നെ കൂടി ഇരുത്താൻ".
അതു കൂടി കേട്ടപ്പോൾ അമ്പാടിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി. ഹിന്ദി പഠിക്കുന്ന കാര്യം ധൈര്യത്തിൽ ചോദിക്കാലോ?
"മാഷേ... എനിക്ക് അറബീം ഹിന്ദീം പഠിക്കണം"
"ഹിന്ദിയോ...!'' മാഷിൻ്റെ കണ്ണു മിഴിഞ്ഞു.
''മ്മ്ഹ്..''
''ഹിന്ദി അഞ്ച് മുതൽ അല്ലേ ഉള്ളൂ!''
മറുപടി പറയാതെ അമ്പാടി തലകുനിച്ചു.
''അല്ലപ്പാ നെനക്കിപ്പോ എന്താ ഹിന്ദി പഠിക്കാൻ മോഹം വന്നേ!''
"അത്... ശബരി... അവൻ പറയ്ന്നതൊന്നും എനക്ക് മനസ്സിലാവുന്നില്ല മാഷേ... മാഷിന് അറിയാലോ അവൻ വന്നതു തൊട്ടേ എന്നോടാ ചങ്ങാത്തംന്ന് എന്തേലും ചോയിക്കാനും പറയാനും ഇണ്ടേൽ നമ്മള് രണ്ടാളും ആംഗ്യം കാണിക്കേണ്ട അവസ്ഥയാ''.
മാഷിന് അവൻ്റെ വിഷമം മനസ്സിലായി. ചിരിയോടും, ആലോചനയോടും കൂടി നമുക്കതിന് വഴിയുണ്ടാക്കാമെന്ന് മാഷ് അവന് ഉറപ്പു നൽകി. അപ്പോഴേക്കും അറബി പിരിയ്ഡ് കഴിഞ്ഞു കൊണ്ടുള്ള ബെല്ല് മുഴങ്ങി. പ്രത്യാശയോടെ അമ്പാടി ക്ലാസിലേക്ക് മടങ്ങി.
തുടരും...