ഭാഗം - 7
അച്ഛൻ്റെയും, അമ്മയുടെയും കൈയ്യും പിടിച്ച് നടക്കുകയാണ് അമ്പാടി. അമ്മിണിയും, ഉമ്മിണിയും പാറ മുഴുവൻ ചാടിത്തുള്ളി അവർക്കൊപ്പം മുമ്പിൽ തന്നെയുണ്ട്.
പടിഞ്ഞാറൻ കാറ്റിൻ്റെ ഇശലിൽ ഈറ്റക്കാടുകൾ മത്സരിച്ച് നാദം പൊഴിക്കുന്നു അതു കേട്ടപ്പോൾ അമ്മ പറഞ്ഞു കൊടുത്ത കൃഷ്ണ ലീലയിൽ കണ്ണൻ മനോഹരമായി പുല്ലാങ്കുഴൽ വായിക്കുന്നത് അമ്പാടിക്ക് ഓർമ്മ വന്നു. അവനും ഓടക്കുഴൽ വായിക്കാൻ ആഗ്രഹം തോന്നി. അച്ഛനോട് പറഞ്ഞാൽ നല്ല ഒന്നാന്തരം ഓടക്കുഴൽ ഉണ്ടാക്കി തരും. മനസ്സിലുള്ളത് അച്ഛനോട് അവൻ പറഞ്ഞു. കേൾക്കേണ്ട താമസം ദേ അച്ഛൻ വെട്ടുകത്തി എടുത്ത് മൂത്ത ഈറ്റ കൊത്തി എടുക്കാൻ പാറ മുകളിൽ കയറി. കാറ്റിൻ്റെ താളത്തിൽ തലകുനിച്ച് ആടി ഉലയുന്ന ഈറ്റയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അച്ഛൻ, ഒരു നിമിഷം കാലിടറി ഈറ്റക്കാടുകൾക്കിടയിലൂടെ ഊർന്ന് പണ്ടെപ്പോഴോ കൊത്തിയ കൽപ്പണയുടെ മടിത്തട്ടിലേക്ക് പതിച്ചു.
''അച്ഛാ.... " അമ്പാടിയിൽ നിന്നും ഒരു ആർത്തനാദം പുറത്തേക്ക് തെറിച്ചു.
"അച്ഛൻ... ൻ്റെ അച്ഛൻ " അച്ഛൻ്റെ ഒപ്പം ചാടാൻ തുനിഞ്ഞ അവനെ അമ്മയും, ചേച്ചിയും കൂടി കരഞ്ഞുകൊണ്ട് പിടിച്ചു വെച്ചു. കരഞ്ഞു കരഞ്ഞ് അവൻ്റെ ബോധം മറഞ്ഞു.
ആരോ മുഖത്തേക്ക് വെള്ളം കുടയുകയും 'അമ്പാടി... അമ്പാടി ' എന്ന് കുലുക്കി വിളിക്കുകയും ചെയ്യുന്നത് അവൻ അറിഞ്ഞു. ഒരു നീണ്ട ഉറക്കം കഴിഞ്ഞ് ഉണർന്നതു പോലെ അമ്പാടി കൺ തുറന്ന് ചുറ്റിലും നോക്കി. അമ്മയുടെ മടിയിലാണ് കിടക്കുന്നത്.
"മോൻ എന്തിനാ കരഞ്ഞത്. വല്ല ദുസ്വപ്നവും കണ്ടോ?'' മുഖത്തെ വെള്ളത്തുള്ളികൾ തുവർത്തി എടുക്കുന്നതിനിടയിൽ അച്ഛൻ വാത്സല്യത്തോടെ ചോദിച്ചു. ഇത്രയും നേരം താൻ സ്വപ്നം കണ്ടതാണെന്ന് മനസ്സിലായപ്പോൾ അമ്പാടി ആശ്വാസത്തോടെ മാധവൻ്റെ കഴുത്തിൽ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു.
''അച്ഛനിനി പണയിൽ പണിക്ക് പോണ്ട"
"അതെങ്ങനെ ശരിയാവും കുട്ടാ... പണിക്ക് പോയാലല്ലേ പട്ടിണിയില്ലാതെ ജീവിക്കാൻ പറ്റൂ..."
''അതൊക്കെ ശരി തന്നെയാ. എന്നാലും വേറെ എന്തെല്ലാം പണിയ്ണ്ട്. ഈ പണി നമ്മക്ക് വേണ്ടച്ഛാ...'' അമ്പാടി പിന്നെയും ചിണുങ്ങി കൊണ്ടേയിരുന്നു.
''ശരി.. ശരി.. വേറെ പണി കിട്ട്വോന്ന് നോക്കാം. മോനിപ്പോ ഒറങ്ങ്" അവനെ എടുത്ത് തോളത്തിട്ട് പുറത്ത് കൈ കൊണ്ട് ഉറക്കം വരാനായി പതിയെ തട്ടിക്കൊടുത്തു. ഉറക്കപ്പിച്ച് പോലെ പിന്നെയും 'അച്ഛനിനി പണയിൽ പോണ്ട, അച്ഛനിനി പണയിൽ പോണ്ട' എന്നവൻ പിറുപിറുത്തു കൊണ്ടേയിരുന്നു.
തുടരും...