ഭാഗം - 13
പുതിയ വർഷം പിറന്ന സമയത്തായിരുന്നു സ്കൂളിനെയും, നാടിനെയും നടുക്കിയ ആ സംഭവം അരങ്ങേറിയത്.
രാവിലെ സ്കൂളിലേക്ക് വരികയായിരുന്ന കുട്ടികളെ അമിത വേഗതയിൽ കല്ലും കൊണ്ട് പോവുകയായിരുന്ന ലോറി ഇടിച്ചിട്ടത്. നിർത്താതെ പോയ ലോറിയെ പാറ വഴിയുള്ള എളുപ്പവഴിയിലൂടെ പിന്തുടർന്ന് ഓടി അമ്പാടിയും കൂട്ടരും റോഡിൽ നിറയെ കല്ലു പെറുക്കിയിട്ട് ബ്ലോക്കാക്കി വെച്ചു. ഇറങ്ങി ഓടാൻ ശ്രമിച്ച ഡ്രൈവറെ പിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും കുട്ടികളെ തട്ടിമാറ്റി അയാൾ ഓടി രക്ഷപ്പെട്ടു. എന്നാൽ അമ്പാടിയും ചങ്ങാതിമാരും പോലീസ് വരുന്നതുവരെ ലോറിയുടെ മുന്നിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല. സ്കൂൾ സമയത്തെ ലോറി കളുടെ പരക്കം പാച്ചിലിന് അറുതി വരുത്താൻ വല്ല മാർഗ്ഗവും കാണണമെന്ന്
മെമ്പറോട് പറഞ്ഞിട്ട് ഒരാഴ്ച ആവുന്നതേ ഉള്ളു. ഇതു വരെ അതിനൊരു നടപടി ഉണ്ടായിട്ടില്ല. അതൊക്കെയാണ് അമ്പാടിയുടെ കുഞ്ഞു മനസ്സിൽ പ്രതിഷേധത്തിൻ്റെ ജ്വാല ആളിപടർത്താൻ കാരണമായത് .
ഭൂമി തുരന്ന് കല്പണകൾ എന്ന പേരിൽ പാറ മുഴുവൻ വലിയ വലിയ കുഴികൾ നിർമ്മിക്കുകയും ആവശ്യം ഇല്ലെങ്കിൽ അത് ഉപേക്ഷിക്കുകയും ചെയ്യുന്നത് നാടിന് തന്നെ ആപത്ത് സൃഷ്ടിക്കുന്നുണ്ടെന്ന് അമ്പാടി ഇതിനോടൊകം മനസ്സിലാക്കി വെച്ചിരുന്നു. മഴ പെയ്യുന്ന സമയം ഒരു പാട് അപകടങ്ങൾ ഉണ്ടാവുന്നു.
അക്കാരണം പറഞ്ഞ് വാർഡ് മെമ്പർക്ക് പരാതി നൽകിയിരുന്നു. അതൊന്നും മെമ്പർക്ക് അറിയാത്ത കാര്യമൊന്നും അല്ല. മണ്ണെടുക്കാനും, കല്ല് പൊട്ടിക്കാനുമുള്ള ലൈസൻസ് നേടിയിട്ടാണ് അവർ ആ ജോലി ചെയ്യുന്നത്. അധികാരികൾ തന്നെയാണ് അവർക്കതിനുള്ള അനുവാദം കൊടുത്തിട്ടുള്ളതും പിന്നെ ആരോട് പറയാൻ അതൊക്കെ പറഞ്ഞാൽ അമ്പാടിക്ക് മനസ്സിലാവില്ല. എന്നാൽ ചില സമയങ്ങളിൽ ഒരു മൂന്നാം ക്ലാസുകാരൻ്റെ പക്വതയല്ല അവനെന്ന് മാധവനെ കാണുമ്പോഴൊക്കെ മെമ്പർ പറയും.
പോലീസുകാർ വന്നിട്ടും അമ്പാടിയും, കൂട്ടരും ലോറി വിട്ട് നൽകാൻ തയ്യാറായില്ല. വിട്ടു നൽകണമെങ്കിൽ രണ്ട് കാര്യം നടപ്പിലാക്കി തരണം.
"അതിലൊന്ന് പണയുടെ ആവശ്യം കഴിഞ്ഞാൽ ആ കുഴികൾ നികത്താനുള്ള വഴിയൊരുക്കണം. രണ്ടാമത്തേത് സ്കൂൾ സമയം കഴിഞ്ഞാൽ മാത്രമേ പണയിൽ നിന്ന് പോകുന്ന ലോറികൾ റോഡിലിറങ്ങാവൂ''
കുട്ടികളുടെ ആവശ്യം ന്യായമാണെന്ന് പോലീസുകാർക്ക് മനസ്സിലായി.പക്ഷെ ഇതൊക്കെ നടപ്പിലായി വരണമെങ്കിൽ കുറച്ച് സമയമെടുക്കും. കുട്ടികളാണ് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പണി പാളുമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായി.
അപ്പോഴേക്കും സംഭവമറിഞ്ഞ് ചാനലുകാരും അവിടെ എത്തി.പോലീസുകാരോട് പറഞ്ഞ കാര്യം തന്നെയായിരുന്നു. അമ്പാടിക്കും ഒപ്പമുള്ളവർക്കും ചാനലിനോടും പറയാനുണ്ടായിരുന്നത്. ആ വാർത്ത മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം കുട്ടികളുടെ ആവശ്യം അംഗീകരിച്ചു കൊടുക്കാൻ തയ്യാറായി. ലോറി ഡ്രൈവറെ അന്വേഷണ വിധേയമായി ലൈസൻസ് കട്ട് ചെയ്ത് നരഹത്യക്കെതിരെ കേസ് എടുത്തു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ആവശ്യമായ ചികിത്സാ സഹായവും നൽകാൻ മന്ത്രി ഉത്തരവിട്ടു.
അമ്പാടിയുടെ ദൃഢനിശ്ചയമാണ് കാര്യങ്ങളൊക്കെ ഭംഗിയിൽ കലാശിച്ചത്. സ്കൂളിൻ്റെ മാത്രമല്ല ഒരു നാടിൻ്റെ കൂടി അഭിമാനമായി മാറുകയായിരുന്നു അവൻ.നാട്ടുകാർ അവന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ നൽകി അനുമോദിച്ചു.
തുടരും...