മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

 

ഉറക്കം പൂർണ്ണമായും വിട്ടുമാറാതെയാണ് അമ്പാടി എഴുന്നേറ്റ് പുറത്തെ കോലായിൽ വന്നിരുന്നത്. തലേന്ന് തകർത്തു പെയ്ത മഴ! കരിമ്പാറകളുടെ ഉപരിഭാഗത്തെ മനോഹര കാഴ്ചയാക്കി മാറ്റിയിരുന്നു. തണുത്ത കാറ്റ് കൊണ്ട് അവൻ്റെ കുഞ്ഞുമേനി കിടുത്തു. മൂടി പുതച്ച് ഒന്നൂടെ കിടന്നാലോ എന്ന് വിചാരിക്കുമ്പോഴാണ് ദൂരെ നിന്നും അച്ഛൻ്റെ തല വെട്ടം കണ്ടത്.

തലയിൽ ഒരു ചുമടോളം പച്ച ഈറ്റ യുടെ കെട്ടുണ്ട്. മഴയെ ശപിച്ചു കൊണ്ട് മാധവൻ ആ കെട്ട് വീടിൻ്റെ സൈഡിലേക്ക് ചാരിവെച്ചു. 

മാധവന്റെയും, അംബികയുടെ മക്കളാണ്  അഞ്ജുവും, അമ്പാടിയും.

സർക്കാരിൽ നിന്നും പതിച്ചു കിട്ടിയ മൂന്ന് സെൻ്റിൽ രണ്ട് മുറിയുള്ള കുഞ്ഞു വീട്ടിലാണ് അവരുടെ താമസം.മാധവന് പണയിലാണ് ജോലി.അവരുടെ വീടിൻ്റെ തിണ്ണയിൽ നിന്ന് നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കരിമ്പാറ കെട്ടുകളും അതിനടുത്തായി ഈറ്റ കൂട്ടങ്ങളെയും  കാണാം.വൈകുന്നേരം അവിടത്തെ കുളിരുള്ള കാറ്റിൽ ഈറ്റക്കാടുകൾ തമ്മിലുരഞ്ഞ് കിരുകിരാ ശബ്ദത്തിൽ ചെറിയ സംഗീതം പുറപ്പെടുവിക്കും. അതും കേട്ടു കൊണ്ടാണ് അവനും , ചേച്ചിയും സാറ്റും, കൊത്തങ്കല്ല് കളിയും ഒക്കെ കളിക്കുക.  മക്കൾ കളിക്കുന്നതും നോക്കി അംബിക കുറച്ച് മാറി ഇരുന്ന് ഈറ്റ കൊണ്ടുള്ള കുട്ടയും, മുറവും, പൂക്കൊട്ടകളും മെടയുന്നുണ്ടാവും. മഴ കനക്കുന്ന സമയം മാധവന് പണയിൽ പണിയില്ലാതാകും. അപ്പോൾ അയാളും അംബികയെ സഹായിക്കും. ഈറ്റ കൊണ്ട് നിർമ്മിക്കുന്ന സാധനങ്ങളൊക്കെ വിറ്റ് കിട്ടുന്നത് കൊണ്ടും, പണയിലെ കല്ല് ചുമന്ന് കിട്ടുന്ന കൂലിയും കൊണ്ടാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. അതിൻ്റെ കൂട്ടത്തിൽ തന്നെ ഈറ്റ കൊണ്ടുള്ള കരകൗശല വസ്തുക്കൾ കൂടി അംബിക നിർമ്മിക്കും പക്ഷെ അതൊന്നും വില്പനക്ക് കൊണ്ട് പോകാറില്ല.  വളരെ മനോഹരമായി അച്ഛനും, അമ്മയും നിർമ്മിക്കുന്ന വസ്തുക്കളെ അമ്പാടി ചിലപ്പോഴൊക്കെ നോക്കി നിൽക്കാറുണ്ട്. മാർക്കറ്റിൽ അത് വിൽക്കാൻ കൊണ്ടു പോകുമ്പോൾ ഉൽസാഹത്തോടെ അവരുടെ കൂട്ടത്തിൽ അവനും ചേച്ചിയും പോകും. തിരികെ വരുമ്പോൾ അവർക്ക് ഇഷ്ടമുള്ളതൊക്കെ അച്ഛൻ വാങ്ങി നൽകും.

അരയിൽ കെട്ടിയ മുഷിഞ്ഞ തോർത്തെടുത്ത് മുഖം തുടക്കുന്നതിനിടയിൽ ആണ് കൂനിക്കൂടി ഇരിക്കുന്ന മകനെ മാധവൻ കണ്ടത്. അത്യന്തികം വാൽസല്യത്തോടെ അയാൾ അവനെ പൊക്കിയെടുത്ത് വയറിൽ ഇക്കിളിയിട്ടു. ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു കൊണ്ട് ഞെളിപിരിയോടെ അമ്പാടി അച്ഛൻ്റെ തോളത്തിരുന്ന് പുളഞ്ഞു.

രണ്ടു പേരുടെയും കളി ചിരികൾ കേട്ടാണ് അംബിക അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നത്.

"ആഹാ... എന്താണ് രണ്ടു പേരും തമ്മിൽ ഇവിടെ ഒരു കച്ചേരി. ഇന്ന് സ്കൂൾ തുറക്കുകയാണെന്ന വിചാരമൊന്നും  ഇല്ലേ?''

''ഓ..ശരിയാണല്ലോ ഇന്നാണല്ലേ അമ്പാടിക്കുട്ടന് സ്കൂളിൽ പോകേണ്ടത്. അച്ഛൻ റെഡിയായി ഇപ്പോ വരാം. അപ്പോഴേക്കും മോനും റെഡിയാവ്".

പല്ലുതേപ്പും, കുളിയുമൊക്കെ കഴിഞ്ഞപ്പോഴേക്കും അമ്മ അവനും ചേച്ചിക്കും അവിൽ കുഴച്ചത് നൽകി. അവനത് കഴിക്കാൻ വിസമ്മതിച്ചപ്പോൾ പ്രഭാത ഭക്ഷണം നന്നായിട്ട് കഴിച്ചാൽ മാത്രമേ തലച്ചോറ് ഉണർന്ന് പ്രവർത്തിക്കുകയുള്ളു എന്നും അപ്പോൾ മാത്രമേ നല്ല കുട്ടിയായി പഠിക്കാൻ പറ്റുകയുള്ളു എന്നും അമ്മ അവന് പറഞ്ഞ് കൊടുത്തു.കൂട്ടത്തിൽ ഓരോ സ്പൂൺ അവിൽ അവൻ്റെ വായിലേക്ക് വെച്ചു കൊടുത്തു. ഒരു നേരത്തെ അന്നം പോലും കിട്ടാത്ത ഒരു പാട് പേര് നമുക്ക് ചുറ്റിലും ഉണ്ടെന്ന് കേട്ടപ്പോൾ ഇഷ്ടമില്ലാഞ്ഞിട്ട് കൂടി അവിൽ മുഴുവൻ അവൻ തിന്നു തീർത്തു.

മഴ കുറച്ച് ശമിച്ച സമയം നോക്കിയാണ് മാധവൻ മക്കളെയും കൊണ്ട്  പുറപ്പെട്ടത്.വീട്ടിൽ നിന്നും അധികദൂരമില്ല സ്കൂളിലേക്ക്. പാറ കഴിഞ്ഞ് റോഡിലെത്തിയാൽ സുഖമായി നടന്നു പോകാം.പക്ഷെ റോഡ് എത്തുന്നതിനു മുന്നേ ഒളിച്ചു നിന്ന മഴ വീണ്ടും എത്തി. കുടപിടിച്ചിട്ടും കുസൃതിക്കാറ്റ് ഉടുപ്പിലാകെ വെള്ളം തെറുപ്പിച്ചു കൊണ്ടിരുന്നു. നല്ലവണ്ണം നനയുമെന്ന് ഉറപ്പായപ്പോൾ അച്ഛൻ അവനെ എടുത്ത് തോളത്തിട്ടു. ചന്നം പിന്നം പെയ്യുന്ന മഴ കണ്ടപ്പോൾ അമ്പാടിയുടെ ഉള്ളിൽ അങ്കണവാടിയിൽ ഉഷ ടീച്ചർ പാടി കൊടുത്ത മഴപ്പാട്ട് ഓർമ്മ വന്നു.

തുള്ളിത്തുള്ളി മഴ പെയ്തു
തുള്ളിക്കൊരു കുടം മഴപെയ്തു
മഴവെള്ളത്താൽ കുളമായി
മുറ്റം നീന്തൽക്കുളമായി.
കുളവും തോടും ചെറുപുഴയും
മഴവെള്ളത്താൽ കവിയുമ്പോൾ
കുട്ടികൾ ആർപ്പു വിളിക്കുന്നു
കപ്പലുമോട്ടി രസിക്കുന്നു.

മഴ പാട്ടുകളൊക്കെ പാടിയും രസിച്ചും മൂവരും മുന്നോട്ട് നീങ്ങി.

തുടരും...


ഭാഗം  - 2

മഴ ചാറ്റലിൻ്റെ തണുപ്പിൽ അമ്പാടി അച്ഛൻ്റെ കഴുത്തിൽ ഒന്നു കൂടെ പിടിമുറുക്കി.

"എന്തെടാ കുട്ടാ... നിനക്ക് തണുക്കുന്നുണ്ടോ?" അച്ഛൻ്റെ സ്നേഹം സ്വരം അവന് ചൂടു പകർന്നു.


''ദേ നോക്ക്  നമ്മൾ സ്കൂളിൽ എത്തി പോയി" അച്ഛൻ ചൂണ്ടിയ ദിശയിലേക്ക് അവൻ്റെ കുഞ്ഞിക്കണ്ണുകൾ നീണ്ടു. അഞ്ചു വയസ്സ് പൂർത്തിയായപ്പോഴേ കേൾക്കാൻ തുടങ്ങിയതാണ്. ഇനി അമ്പാടി കുട്ടൻ സ്കൂളിലേക്ക് ആയല്ലോ എന്ന്. അപ്പോഴേ കൊതി പിടിച്ചിരിപ്പാണ് സ്കൂളിൽ ഒന്ന് വരാൻ. ചേർക്കാൻ വന്നപ്പോൾ അച്ഛൻ്റെ കൂടെ വന്നിരുന്നു.പക്ഷെ അന്ന് അധികം ഉയരമില്ലാത്ത ഒരു മാഷ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവൻ അതൊക്കെ ഓർക്കാൻ ശ്രമിക്കുന്നതിനിടയിൽ ചേച്ചി അവളുടെ പുതിയ ക്ലാസിലേക്ക് ഓടിപ്പോയി.

അച്ഛൻ അവനെ മഴ നനയാതെ സ്കൂളിൻ്റെ വരാന്തയിലേക്ക് ഇറക്കി നിർത്തി .പിന്നെ കറുത്ത കാലൻ കുട ഒരു മൂലക്ക് ചാരി വെച്ചു. ആ സമയം വിരൽ കടിച്ചു കൊണ്ട് അമ്പാടി ചുറ്റിലും നോക്കുകയായിരുന്നു. എവിടെ നിന്നൊക്കെയോ കരച്ചിലും, ബഹളവും കേൾക്കുന്നു. അത് കേട്ടപ്പോൾ അവനും കരയാൻ തോന്നി കുറേ പേര് മഴ നനയാതെ ഇറയത്തേക്ക് കയറി നിൽപ്പുണ്ട്.

ബലൂണുകളും, തോരണങ്ങളും കെട്ടി അലങ്കരിച്ച ഒരു മുറിയുടെ അടുത്ത് അവൻ്റെ കൈയ്യും പിടിച്ച്  അച്ഛൻ ചെന്നു നിന്നു. നിറയെ പൊട്ടുകൾ ഉള്ള ഒരു മഞ്ഞ ബലൂൺ !അത് കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു.

''ഇതാണ് മോൻ്റെ ക്ലാസ് " കുഞ്ഞു നിലവിളികൾക്കിടയിൽ അച്ഛൻ്റെ ശബ്ദം മുങ്ങിയതു പോലെ. അവനും കരയണമെന്നുണ്ടായിരുന്നു.പക്ഷെ നിറുകയിൽ പതിഞ്ഞ സ്നേഹസ്പർശം കരച്ചിലെന്ന പ്രവണതയെ പിന്നോക്കം വലിച്ചു.ആ സ്പർശനത്തിൻ്റെ ഉറവിടം തേടുന്നതു പോലെ അവൻ തല ചെരിച്ച് പിന്നോക്കം നോക്കി. കട്ടി കണ്ണടയിൽ വെളുക്കെ ചിരിച്ചു കൊണ്ടു നിൽക്കുന്ന കുറിയ ഒരു രൂപം. അദ്ദേഹത്തെ കണ്ടപ്പോൾ അച്ഛൻ ഭവ്യതയോടെ കൈകൾ കൂപ്പി.

''എന്താണ് മാധവാ ചെക്കൻ കരയ്ന്ന് ണ്ടോ?"

"ഇല്ല മാഷേ... എല്ലാരും കരയ്ന്നത് കണ്ടപ്പോ അവന് എന്തോ പോലെ''

''ആഹാ മോൻ്റെ പേരെന്താ...!"മാഷ് അവനെ തോളിൽ കയ്യിട്ട് തൻ്റെ ദേഹത്തോട് ചേർത്തു.

"അമ്പാടി'' പതിഞ്ഞ സ്വരത്തിൽ അവൻ മറുപടി പറഞ്ഞു.

"ഉറക്കെ പറ, മാഷ് കേട്ടില്ല" ഒന്ന് രണ്ട് പ്രാവശ്യം പറഞ്ഞപ്പോഴും മാഷ് കാത് വട്ടം പിടിച്ച് കേട്ടില്ല കേട്ടില്ല എന്ന് മറുപടി പറഞ്ഞു കൊണ്ടിരുന്നു. പേര് പറഞ്ഞ് അവൻ്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. ഒളി കണ്ണാൽ അമ്പാടി അച്ഛനെ നോക്കി. അച്ഛനെന്തോ തമാശ കേൾക്കുന്നതു പോലെ വായ പൊത്തി ചിരി അമർത്തുന്നു. അതുകൂടി കണ്ടപ്പോൾ അവനാകെ ദേഷ്യം വരാൻ തുടങ്ങി. "ഒന്നൂടെ പറ കേക്കട്ടെ" പറയുന്നതിനൊപ്പം തന്നെ മാഷ് മുറുക്കിക്കൊണ്ടിരുന്ന താംബൂല രസം മുറ്റത്തെ മഴ വെള്ളത്തിലേക്ക് ചുണ്ടുകളിൽ വിരൽ ചേർത്ത് നീട്ടി തുപ്പി. അമ്പാടി അതും നോക്കിക്കൊണ്ട് സർവ്വ ശക്തിയുമെടുത്ത് ഉറക്കെ തന്നെ പേരു പറഞ്ഞു. അവൻ്റെ ശബ്ദം കേട്ട് കരഞ്ഞുകൊണ്ടിരുന്ന ഒന്നു രണ്ടു പിള്ളേര് കരച്ചിൽ നിർത്തി വായിൽ വിരലും തിരുകി അവനെ തുറിച്ചു നോക്കുവാൻ തുടങ്ങി .അതു കണ്ടപ്പോൾ അവന് താനെന്തോ അപരാധം ചെയ്തതുപോലെ തോന്നി. പക്ഷെ കുട്ടി മാഷ് അവൻ്റെ പുറത്ത് തട്ടി 'മിടുക്കൻ എന്ത് കാര്യമായാലും ഇങ്ങനെ ഉറക്കെ പറയണം' എന്ന് പറഞ്ഞു കൊണ്ട് അഭിനന്ദിക്കുകയാണ് ചെയ്തത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമ്പാടിക്ക് കുട്ടി മാഷിനെ ഏറെ ഇഷ്ടമായി.

ഒന്നു രണ്ടാഴ്ച അച്ഛൻ്റെ കയ്യിൽ തൂങ്ങിയാണ് അമ്പാടി സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. പിന്നെ പതിയെ പതിയെ ചേച്ചിയുടെ  കൂടെയായി പോക്ക്. 

ആയിഷുമ്മ വന്ന് പോയിട്ട് ഒരാഴ്ചയോളം കഴിഞ്ഞാണ് അംബിക ആട്ടിൻ കാഷ്ഠം വാങ്ങാൻ പുറപ്പെട്ടത്. ഉമ്മയുടെ വീട്ടിലേക്കാണ് അമ്മ പോകുന്നതെന്ന് അറിഞ്ഞപ്പോൾ അവന് ക്ഷമയില്ലാതായി. അവനും കൂടെ പുറപ്പെട്ടു.ഉമ്മയുടെ വീടിന് അടുത്ത് എത്തിയപ്പോഴേ ആടുകളുടെ കരച്ചിൽ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയിരുന്നു. കൂട്ടത്തിൽ കുഞ്ഞുങ്ങളുടെ കരച്ചിലും ,അത് കേട്ടപ്പോൾ അമ്പാടിയുടെ ആകാംക്ഷ വർദ്ധിച്ചു.ഒരു കുതിപ്പിന് ആടിനെ കെട്ടിയ പ്ലാവിൻ ചുവട്ടിൽ എത്തി. അന്ന് കണ്ട വലിയ ആടിനൊപ്പം മൂന്ന് കുഞ്ഞു മണികൾ രണ്ട് വെളുപ്പും, ഒരു കറുപ്പും വെള്ളയും.തളള യാടിനു ചുറ്റും കുറുമ്പുകുത്തി നടക്കുന്നു. അവയെ കണ്ടപ്പോൾ അമ്പാടിക്ക് അതിലൊന്നിനെ കിട്ടിയാൽ കൊള്ളാമെന്നായി. പതിഞ്ഞ സ്വരത്തിൽ അവൻ അമ്മയോട് കാര്യം അവതരിപ്പിച്ചു. അത് കേട്ടപ്പോൾ അംബിക അവനെ രൂക്ഷമായിട്ട് നോക്കി. ആയിഷുമ്മ അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.

"മോനെന്താണ് അമ്മേനോട് സ്വകാര്യം പറഞ്ഞത്" മറുപടി പറയാതെ അമ്പാടി തലകുനിച്ചു.

"അവന് ആടിനെ വേണംന്ന്''

''ആഹാ മോന് അതിനെ ഇഷ്ടപ്പെട്ടോ?" ഉവ്വെന്ന് അവൻ തലയാട്ടി കാണിച്ചു.

''കുറച്ചൂടെ വലുതായിട്ട് തരാം ട്ടോ"വാൽസല്യത്തോടെ അവർ അവൻ്റെ കവിളിൽ തലോടി.

"പിന്നെ ചേച്ചിക്ക് വേറെ പണിയൊന്നും ഇല്ല. പൈസ കൊട്ത്ത് വാങ്ങാനുള്ള കഴിവൊന്നും നമ്മക്കില്ലെന്ന് അറിഞ്ഞൂടെ!''

''ഓ എൻ്റെ അംബികേ ഒന്നു മിണ്ടാതിരി കൊച്ചിന് ഞാൻ കുഞ്ഞു വെളുമ്പിയെ പോറ്റാൻ കൊടുക്കാനാ ഉദ്ദേശിക്കുന്നത്. അത് വലുതാവുമ്പോ ഇതുപോലെ കുഞ്ഞി വെളുമ്പിയെ സമ്മാനിക്കൂലേ അപ്പൊ അതിലൊന്നിനെ ഞമ്മക്ക് തിരിച്ച് തന്നാ മതി". 

അമ്മയുടെയുടെയും, ഉമ്മയുടെയും സംഭാഷണമൊന്നും കുഞ്ഞമ്പാടിക്ക് മനസ്സിലായില്ലെങ്കിലും തനിക്ക് ഒരു ആട്ടിൻകുട്ടിയെ പോറ്റാൻ തരുമെന്ന് ഉമ്മ പറഞ്ഞതോർത്ത് അവൻ സന്തോഷം കൊണ്ട് ഉമ്മയെ കെട്ടിപിടിച്ചു.

തുടരും...


ഭാഗം - 3

ഊണിലും, ഉറക്കത്തിലും സ്കൂളിൽ പോകുമ്പോഴും എല്ലാം അമ്പാടിയുടെ ചിന്ത ആയിഷുമ്മ തരാൻ പോകുന്ന കുഞ്ഞു വെളുമ്പിയുടെ ചിത്രമായിരുന്നു. അതിന് പുല്ലു കൊടുക്കുന്നതും, കുളിപ്പിക്കുന്നതും ഒപ്പം കളിക്കുന്നതും അങ്ങനെ അങ്ങനെ ഒത്തിരി കാര്യങ്ങൾ.


അവൻ്റെ സുഹൃത്തുക്കളായ ആദിയോടും, മൊയ്തുവിനോടും  ആട്ടിൻകുട്ടിയുടെ കാര്യം പൊടിപ്പും, തൊങ്ങലും ചേർത്ത്പറഞ്ഞതുകൊണ്ട് അവർക്ക് അതിനെയൊന്ന് തൊടാൻ നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. തൻ്റെ ഉള്ളിലെ സ്വപ്നങ്ങളും, ചിന്തകളും പുറത്തു വിടുന്നത് അമ്മ അടുക്കള പണിയെടുക്കുമ്പോഴും, കുട്ടമെടയുമ്പോഴും ആണ്. പറച്ചിലുകൾ കൂടുമ്പോൾ ചില സമയങ്ങളിൽ സഹികെട്ട് അംബിക പറയും. "എൻ്റെ അമ്പാടിക്കുട്ടാ ആദ്യം ആടിനെയൊന്ന് തരട്ടെ എന്നിട്ട് സ്വപ്നം കണ്ടാ പോരെ" അത് കേൾക്കുമ്പോൾ അവൻ്റെ മുഖം മങ്ങും. ഉമ്മ പറഞ്ഞ് പറ്റിച്ചതാണോ എന്നറിയാൻ ആയിഷുമ്മയുടെ വീട്ടിലേക്ക് ഓടും.

ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ ആയിഷുമ്മ വാക്ക് പാലിച്ചു പറഞ്ഞതുപോലെ കുഞ്ഞു വെളുമ്പിയെ  അമ്പാടിക്ക് നൽകി. അവൻ്റെ സന്തോഷം പറഞ്ഞ് അറീക്കാൻ പറ്റാത്തതായിരുന്നു. വെളുമ്പി വീട്ടിലെത്തിയപ്പോഴാണ് അവനൊരു കാര്യം ഓർത്തത്.അതിന് താമസിക്കാനൊരു വീടില്ലല്ലോ എന്ന്. അന്നു തന്നെ അച്ഛനെ ശട്ടം കെട്ടി കൂടു പണി ആരംഭിക്കാൻ തുടങ്ങി.കവുങ്ങിൻ്റെ തടിയും, മുളചീന്തുകളും ,പ്ലാസ്റ്റിക് ഷീറ്റും ഒക്കെ ഉപയോഗിച്ച് മാധവൻ, കുഞ്ഞു വെളുമ്പിക്ക് മനോഹരമായ ഒരു കുഞ്ഞു ആല നിർമ്മിച്ചു കൊടുത്തു.

അവധി ദിനങ്ങളിൽ വെളുമ്പിയേയും കൊണ്ടാണ് അമ്പാടിയുടെ നടപ്പ്.

അതു കാണുമ്പോൾ അംബിക ദേഷ്യപ്പെടും. 

''പഠിക്കുകയൊന്നും വേണ്ടാ.. വലുതായ ആട്ടിടനാണെന്ന് പറഞ്ഞാ ആരും പെണ്ണ് തരൂല".

''അയിന് ഞാൻ കല്ല്യാണം കയിക്കുന്നില്ല. അപ്പോഴോ?" അമ്മക്കു നേരെ കോക്രി കാട്ടി അമ്പാടി മറുചോദ്യമെറിയും. അംബികക്ക് അപ്പോൾ ഉത്തരമില്ലാതാകും.

തുടരും...


ഭാഗം - 4

അമ്പാടിക്കുട്ടൻ സ്കൂളിൽ ചേർന്നിട്ട് ഒരു വർഷം കഴിഞ്ഞു. അക്ഷരങ്ങൾ പെറുക്കി പെറുക്കി വായിക്കാൻ തുടങ്ങിയിട്ടേ ഉള്ളു. എങ്കിലും കാണുന്ന ന്യൂസ് പേപ്പറുകളും, ചുമരെഴുത്തുകളും ഒന്നും അവൻ ഒഴിവാക്കാറില്ല. കളിച്ചും ചിരിച്ചും, കുറുമ്പുകൾ കാട്ടിയും അമ്പാടിയുടെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നു.


കൂട്ടുകാരൊത്ത് ചേർന്നാൽ പിന്നെ ഒരു മേളമാണ്. അതിൻ്റെ മാറ്റൊലികൾ അധികവും പൂർണ്ണമാവുന്നത് സ്കൂൾ പോകുന്നതുവഴിയോ, സ്കൂൾ വിട്ട് വരുന്ന വഴിയോ ആയിരിക്കും. ഒരു വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വരുന്ന വഴിയാണ് അമ്പാടിയുടെ കണ്ണിൽ അവൻ്റെ ശത്രു പ്രത്യക്ഷപ്പെട്ടത്. മിന്നൽ വേഗത്തിൽ റോഡിൻ്റെ സൈഡിൽ നിന്നും ഒരു കല്ല് അവൻ കൈക്കലാക്കി.

ഒന്ന്, രണ്ട്, മൂന്ന്... നോക്കിക്കോ അഞ്ചെണ്ണുമ്പോഴേക്കും നിന്നെ ഞാൻ കൊല്ലും. മഴ പെയ്ത് ഉറവ പൊട്ടി തുടങ്ങിയ മാളത്തിൽ നിന്ന് തിളങ്ങുന്ന ചുവന്ന കണ്ണുകൾ കൊണ്ട് മീശ വിറപ്പിച്ച് നോക്കുന്ന ഒരു ചുണ്ടെലിയെ നോക്കി ഉരുളൻ കല്ല് ഉയർത്തി അമ്പാടി ആക്രോശിച്ചു. അവന് ആവേശം പകർന്നു കൊണ്ട് കൂട്ടുകാരായ ആദിയും, മൊയ്തുവും.

"ജയ് ജയ് അമ്പു...ജയ് ജയ് അമ്പു".

അവരുടെ പ്രോത്സാഹനം അവനെ കൂടുതൽ ആവേശഭരിതനാക്കി. താരയും, ദേവുവും അവന്റെ പ്രവൃത്തി കണ്ട് വിഷമിച്ച് നിൽക്കുകയാണ്.

"എന്തിനാ അമ്പാടി... അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്. അത് പാവല്ലേ!" താര സങ്കടത്തോടെ ചോദിച്ചു.

"ങ്ഹും.. ഇത് അത്രക്ക് പാവമൊന്നും അല്ല. കഴിഞ്ഞ വിഷുവിന് അച്ഛൻ വാങ്ങി തന്ന പുള്ളി നിക്കറാ, ഈ കശ്മലൻ കരണ്ട് മുറിച്ചിട്ടത്. എന്റെ പുള്ളി നിക്കറ്...! ഇട്ടിട്ട് ആശ പോലും തീർന്നിട്ടില്ല". സങ്കടവും, ദേഷ്യവും നിറഞ്ഞ സ്വരത്തിൽ പറയുന്നതിനിടയിൽ കുടുക്കു പൊട്ടിയ നരച്ച നിക്കറ് എല്ലിച്ച വയറിനു മേൽ പിണച്ചു കെട്ടി വീണ്ടും ചുണ്ടെലിയിലേക്ക് കല്ലുമായി ലക്ഷ്യം പിടിച്ചു.

"അതിന് നിക്കറ് കടിച്ച് മുറിച്ചത് ഈ എലി ആണോ?. ചുണ്ടെലിയെ കൊന്നാല് ഗണപതി കോപിക്കുമെന്ന് അമ്മമ്മ പറയാറ്ണ്ട്. ഗണപതിയുടെ വാഹനാണത്രേ ചുണ്ടെലി!" ദേവുവും അവനെ പിന്തിരിപ്പിക്കാൻ ഒരു ശ്രമം നടത്തി.

"ശ്ശ്...ശ്ശ്... മിണ്ടാതിരിക്ക്" ചൂണ്ടുവിരൽ ചുണ്ടത്ത് വെച്ച് അവനെല്ലാവരോടുമായി പറഞ്ഞു.

ശബ്ദമൊന്നും കേൾക്കാത്തതു കൊണ്ടാവണം ആ മൂഷിക കുഞ്ഞ് ശിരസ്സ് വെളിയിലേക്കിട്ടത്. ആ സമയം മതിയായിരുന്നു അമ്പാടിക്ക്, മിന്നൽ വേഗത്തിൽ കയ്യിലുള്ള  ഉപലം അതിന്റെ ശിരോഭാഗം തകർത്ത് തരിപ്പണമാക്കാൻ. തെളിഞ്ഞ ഉറവ വെള്ളം അതിന്റെ മാംസള ഭാഗങ്ങൾ കൊണ്ട് ശോണിതമായി. അതു കണ്ടപ്പോൾ താരക്കും, ദേവുവിനും ഛർദ്ദിക്കാൻ തോന്നി.

"നോക്കിക്കോ, തിങ്കളാഴ്ച ഉസ്കൂളിൽ ചെന്നിട്ട് കുട്ടി മാഷിനോട് പറഞ്ഞ് കൊടുക്കുന്നുണ്ട് നിൻ്റെ ഈ വികൃതിത്തരം".

''ഓ..പിന്നേ''. 

സ്കൂളിൽ പോകാൻ ഇനിയും രണ്ട് ദിവസം ഉണ്ട് അപ്പോഴേക്കും അവളത് മറക്കുമെന്ന് അവനറിയാം. എന്തൊക്കെയോ പറഞ്ഞു കൊണ്ട് കൂട്ടുകാർ മുന്നോട്ട് നടന്നു തുടങ്ങിയിരുന്നു. ചത്തുമലച്ച ആ എലിയിലേക്ക് അമ്പാടി ഒന്നുകൂടി നോക്കി.  ഒരു വലിയ കമ്പെടുത്ത് അതിനെ അരിശം തീരുവോളം കുത്തി.

കൂട്ടുകാർ നാലു പേരും അവരവരുടെ വീടുകളിലേക്ക് പോകുന്ന വഴിയെ തിരിഞ്ഞു. അമ്പാടിയും തിടുക്കത്തിൽ വീട്ടിലേക്ക് നടന്നു. അവൻ്റെ വരവ് കാത്തിരിക്കുന്നതു പോലെ വെളുമ്പി മുറ്റത്ത് തന്നെ നിൽപ്പുണ്ടാവും.വെളുമ്പിയേയും കൂട്ടി കൊണ്ട് പാറ മുഴുവൻ നടക്കണം. അമ്മയും, ചേച്ചിയും കാണാതെ കൊട്ടക്ക പറിക്കണം.ഫെബ്രുവരി മാസം ആയപ്പോഴെ പാറക്കാടുകളിൽ നിറയെ പലതരത്തിലുള്ള കൊട്ടക്കകൾ ഉണ്ടാവാൻ തുടങ്ങിയിട്ടുണ്ട്. വെളുമ്പിയെ തീറ്റാൻ കൊണ്ട് പോവാണെന്ന് പറഞ്ഞാണ് ഇറങ്ങുക. വീട്ടിലെത്തി കുറച്ച് ചോറൊക്കെ കഴിച്ച് പുറപ്പെടുമ്പോഴേക്കും ഈറ്റക്കാടിനടുത്ത് ആദിയും, മൊയ്തുവും കാത്തു നിൽപ്പുണ്ടാവും. വെളുമ്പിക്കൊപ്പം കാട്ടു രുചികളറിഞ്ഞും, കശുമാവിൻ കൊമ്പിൽ തൂങ്ങിയാടിയും നേരം സന്ധ്യയാക്കും.പിന്നെ വീട്ടിലേക്ക് പുറപ്പെടാൻ നേരം പാറക്കുളത്തിൽ പരലുകളെ പോലെ നീന്തി തുടിക്കും.

സന്ധ്യക്ക് വീട്ടിലെത്തുമ്പോൾ കണ്ണുകളൊക്കെ ചെമ്പോത്തിൻ്റേതു പോലെ ചുവന്നിട്ടുണ്ടാവും. അതു കാണുമ്പോൾ അംബിക വഴക്ക് തുടങ്ങും. അച്ഛൻ പക്ഷെ അവന് വക്കാലത്തുമായി എത്തും കുട്ടികളായാൽ അൽപ്പസ്വല്പം കുസൃതികളൊക്കെ വേണം. അതൊന്നും ഇല്ലെങ്കിൽ പിന്നെ കുട്ടികളാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.

കുട്ടികൾ പ്രകൃതിയെ അറിഞ്ഞും, പ്രകൃതിയോട് ഇണങ്ങിയും വളരണം എന്നാണ് മാധവൻ്റെ തത്വം.

തുടരും...


ഭാഗം - 5

കുരുത്തക്കേടുകൾ ഏറെ കയ്യിൽ ഉണ്ടെങ്കിലും ക്ലാസിൽ പഠിപ്പിക്കുന്നത് മനപാഠമാക്കുന്നതിന് അമ്പാടി മിടുക്കനായിരുന്നു. അഞ്ജുവിന് അപസ്മാരത്തിൻ്റെ അസുഖമുള്ളതുകൊണ്ട് സ്കൂളിൽ പലപ്പോഴും പോകാൻ കഴിയാറില്ല.


അതു കൊണ്ട് തന്നെ മാധവൻ്റെ പ്രതീക്ഷ മുഴുവൻ അമ്പാടിയിലുണ്ട്. അതിന് കാരണം, ഏതൊരു ഇലക്ട്രിക് വസ്തു കിട്ടിയാലും അതിനെ ഒന്ന് അഴിച്ച് പണിഞ്ഞ് അവന്റേതായ സ്റ്റൈലിൽ നിർമ്മിച്ചെടുക്കുക എന്നത് അമ്പാടിക്ക് ഒരു ത്രില്ലാണ്. ആ വാസന കണ്ട് മാധവൻ ഇടക്കൊക്കെ അംബികയോട് പറയും.

"ഇവൻ വലുതാവുമ്പോ മെക്കാനിക്കൽ എഞ്ചിനീയറോ മറ്റോ ആകുമെന്ന്". ശരിയാണെന്നന്ന അർത്ഥത്തിൽ അവൾ അയാളുടെ വാക്കുകൾ കേട്ട് തല കുലുക്കും.

രണ്ടു ദിവസത്തെ അവധിക്ക് ശേഷം അഞ്ചു പേരും സ്കൂളിലേക്ക് പുറപ്പെട്ടു. താരയുടെ മനസ്സുനിറയെ വെള്ളിയാഴ്ച വൈകുന്നേരം അമ്പാടി ചതച്ചരച്ച ആ പൃകത്തിന്റെ മുഖമായിരുന്നു. സ്കൂളിൽ എത്തിയ പാടെ താര, കുട്ടി മാഷ് വന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ ഓഫീസ് മുറിയിലേക്ക് ഓടി.

അവളുടെ തല വാതിലിന് അരികിലായി കണ്ടപ്പോൾ വായിൽ നിറയെ മുറുക്കാൻ നിറച്ചു കൊണ്ട്   മൂക്കു കണ്ണാടി ഒന്നുകൂടി ഉണ്ട കണ്ണിന്റെ മുകളിലേക്ക് ഉറപ്പിച്ചു.പിന്നെ എന്താണെന്ന് ചോദിക്കുന്നതു പോലെ അവളെ നോക്കി ഉറക്കെ ഒന്നു മൂളി... 

"ഊം...'' 

ആ മൂളൽ കേട്ടപ്പോൾ തന്നെ താരയുടെ മുട്ട് രണ്ടും വിറക്കാൻ തുടങ്ങി. വല്ല വിധേനയും അമ്പാടിയെ കുറിച്ച് പരാതി പറഞ്ഞു കൊടുത്ത് അവൾ ക്ലാസിലേക്ക് ഓടിപ്പോയി. അപ്പോഴേക്കും ക്ലാസിൽ കയറേണ്ട ബെല്ല് മുഴങ്ങി.

അസംബ്ലിയും, പ്രാർത്ഥനയും കഴിഞ്ഞതിനു ശേഷം കുട്ടി മാഷ് കയ്യിലുള്ള പുളി വടിയും ചുഴറ്റി കൊണ്ട് നാലാം ക്ലാസിനു മുന്നിലെത്തി. ക്ലാസിലേക്ക് തലയിട്ട് അമ്പാടിയെ നോക്കി കൈമാടി വിളിച്ചു.

ലൂസായി പോകുന്ന ട്രൗസർ വയറിനു മുകളിലേക്ക് ഒന്നുകൂടി ഉറപ്പിച്ച് കെട്ടിവച്ചതിനു ശേഷം പേടിയോടെ അവൻ ഹെഡ്മാസ്റ്റർക്ക് മുന്നിലെത്തി. തല ഒരു ഭാഗത്ത് ചെരിച്ച് കുമ്പിട്ട് കൈകൾ പിറകിൽ പിണച്ച് നിന്നു.

''എന്തിനാടാ കണ്ട ജീവികളെയൊക്കെ എറിഞ്ഞ് കൊന്ന് പാപം വാങ്ങി തലേൽ വെക്കുന്നേ...?'' ചോദ്യത്തോടൊപ്പം തന്നെ കരിമ്പനടിക്കാൻ തുടങ്ങിയ അവന്റെ വെളുത്ത ഷർട്ടിലേക്ക് മാഷിന്റെ വായിലുള്ള ചുവന്ന മുറുക്കാൻ തുള്ളികൾ തെറിച്ചു വീണു.

മൂക്കു കണ്ണാടിക്കുള്ളിലൂടെ ഉണ്ടക്കണ്ണുകൾ തുറിപ്പിച്ചു കൊണ്ട് കുട്ടി മാഷ് അവന്റെ ചെവിയിൽ പിടുത്തമിട്ടു. വേദന കൊണ്ട് അമ്പാടി പുളഞ്ഞു.

"ആഹ്.. മാഷേ... വിട്, മാഷേ... വേദനയെട്ക്ക്ന്ന് മാഷേ...''

"ആഹാ... നെനക്ക് വേദന ഇണ്ടല്ലേ. അപ്പോ നീ എറിഞ്ഞു കൊന്ന ആ ജീവി എന്തോരം വേദന സയിച്ചിട്ടുണ്ടാവും. അത് നീ ഓർത്തിറ്റ്ണ്ടാടാ...? ഒണ്ടോന്ന്".

"അത് പിന്നേ... ആ ജന്തു എന്റെ പുതിയ പുള്ളി നിക്കറ് കീറി മുറിച്ചിട്ട് അല്ലേ..?''കണ്ണിൽ നിറഞ്ഞ ചൂടു ബാഷ്പം തൂത്തു കളഞ്ഞു കൊണ്ട് മാഷിന് കേൾക്കാൻ മാത്രം അവൻ വാ തുറന്നു.

"അമ്പട കുട്ടിത്തേവാങ്കേ, നീയാള് കൊള്ളാലോ?"

അമ്പാടിയുടെ കുടുംബം വളരെ പാവപ്പെട്ടതാണെന്ന് മാഷിന് അറിയാം. അവരുടെ പരാധീനകളും, ഇല്ലായ്മകളും ഏറെ കണ്ടിട്ടും ഉണ്ട്.അതുകൊണ്ട് തന്നെ ആ കുഞ്ഞു മനസ്സിന്റെ വേദന മാഷിന് മനസ്സിലാവുകയും ചെയ്തു. എന്നാലും മറ്റുള്ളവയെ അങ്ങനെ ഉപദ്രവിച്ച് കൊല്ലുന്ന കാര്യത്തിനോട് അദ്ദേഹത്തിന് വിയോജിപ്പ് ഉണ്ടായിരുന്നു.അത് അവനെ മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന് എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥ അവന് പറഞ്ഞു കൊടുത്തു. കഥ കേട്ടു കഴിഞ്ഞപ്പോൾ കുറേ സമയത്തേക്ക് അവനൊന്നും സംസാരിച്ചില്ല.

"കാര്യമൊക്കെ ശരിയാണ് മാഷേ... പക്ഷേ എന്റെ അച്ഛൻ എത്ര കഷ്ടപ്പെട്ട് വാങ്ങി തന്നതാണെന്ന് അറിയോ?അതാ എനിക്ക് സഹിക്കാൻ പറ്റാത്തേ!"അവൻ്റെ സങ്കടത്തിൽ  ഉള്ള വർത്തമാനം കേട്ടപ്പോൾ എങ്ങനെ അവനെ ആശ്വസിപ്പിക്കേണ്ടത് എന്നറിയാതെ മാഷിൻ്റെ ഉള്ളം നനച്ചു.എങ്കിലും അവൻ്റെ അത്തരം ചെയ്തികളെ പ്രോൽസാഹിപ്പിക്കാൻ മാഷ് ഒരുക്കമായിരുന്നില്ല. സഹജീവികളോട് സ്നേഹവും, കരുതലും പ്രകടിപ്പിക്കുന്ന ഒട്ടനവധി കഥകളും, വിവരണങ്ങളും മാഷ് അവനെ പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ടുകൊണ്ട് അമ്പാടി തലകുലുക്കി.

''ഹാ.. തല കുലുക്കി താഴെ ഇട്ടാ പോരാ പറയുന്നതൊക്കെ അനുസരിക്കണം മനസ്സിലായോ?" മുറുക്കാൻ നീര് നീട്ടി തുപ്പി മാഷ് ചിറി തുടച്ചു.

ഉവ്വെന്നർത്ഥത്തിൽ വീണ്ടും അവൻ തലയിളക്കി.

മാഷിൻ്റെ സാരോപദേശത്തിനു ശേഷം അമ്പാടി പിന്നെ മറ്റ് ജീവികളെ പരമാവധി ഉപദ്രവിക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

തുടരും...


ഭാഗം - 6

ദിനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. അതിനിടയിൽ വെളുമ്പി രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. വാക്ക് പ്രകാരം അതിലൊരു കുഞ്ഞിനെ ആയിഷുമ്മക്ക് തിരികെ നൽകണമെന്ന് അമ്മ പറഞ്ഞപ്പോൾ അവന് ആകെ വിഷമമായി.


ആട്ടിൻ കുട്ടികളെ അമ്മിണിയെന്നും, ഉമ്മിണിയെന്നും പേരെടുത്ത് വിളിക്കുമ്പോൾ രണ്ടു പേരും ചാടിത്തുള്ളി അവൻ്റെ അടുത്തേക്ക് ഓടി എത്തിയിരുന്നു. അതു കൊണ്ട് തന്നെ അവയെ ഒന്നിനെ ആയാലും പിരിയാൻ അമ്പാടിക്ക് സാധ്യമല്ലായിരുന്നു.

അവൻ്റെ പ്രാർത്ഥന പോലെ ആടിനോടുള്ള ഇഷ്ടവും അതിനോടുള്ള വാത്സല്യവുമൊക്കെ കണ്ടപ്പോൾ ആയിഷുമ്മ ആടിനെ തിരികെ വേണ്ടെന്ന് പറഞ്ഞു. അമ്മിണിയേയും, ഉമ്മിണിയേയും തിരികെ വേണ്ടെന്ന് പറഞ്ഞാൽ കോട്ടത്ത് ഒരു കുപ്പി വെളിച്ചെണ്ണ നൽകാമെന്നവൻ പ്രാർത്ഥിച്ചിരുന്നു. അമ്മയോട് വഴക്കുണ്ടാക്കി ചെറിയ ഒരു കുപ്പിയിൽ അവൻ വെളിച്ചെണ്ണ വാങ്ങി വെച്ചു. സ്കൂൾ വിട്ട് വന്നപാടെ കുളിച്ച് പ്രാർത്ഥന നടപ്പിലാക്കാൻ അമ്പാടി കോട്ടത്തേക്കോടി. മുത്തപ്പനാണ് അവിടത്തെ പ്രതിഷ്ഠ. വിളിച്ചാൽ വിളി കേൾക്കുമെന്നാണ് വിശ്വാസം. കോട്ടത്തു നിന്ന് വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴി പാറക്കുളത്തിനടുത്ത് എത്തിയപ്പോൾ ഒരു നിലവിളി ശബ്ദം കേട്ടു. തോന്നിയതാവുമെന്നാണ് കരുതിയത് പക്ഷേ അടുത്തെത്തിയപ്പോൾ അമ്പാടി ഞെട്ടിപ്പോയി ആരോ വെള്ളത്തിൽ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നു. അവിടവിടെയായി ആമ്പലുകൾ വിരിഞ്ഞു നിൽപ്പുണ്ട്. ചിലപ്പോൾ പൂ പറിക്കാൻ ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണു പോയതാവാം. അടുത്തൊന്നും ആരെയും കാണുന്നുമില്ല. ആരെയെങ്കിലും വിളിച്ച് വരുമ്പോഴേക്കും ചിലപ്പോൾ... അവനത് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല. പാറക്കുളത്തിൻ്റെ ആഴവും പരപ്പും നന്നായിട്ടറിയാം അതുകൊണ്ട് തന്നെ അതിൻ്റെ ഒരു അരിക് നോക്കിയാണ് ഇറങ്ങിയത് എന്നിട്ടും കാല് തെന്നി വെള്ളത്തിലേക്ക് വീണു. നീന്തലറിയാവുന്നതുകൊണ്ട് അധികം താഴ്ചയിലേക്ക് പോകാതെ പൊങ്ങി നിൽക്കാൻ അവന് സാധിച്ചു. ആമ്പൽ വേരുകൾ ചുറ്റു പിണഞ്ഞതുകൊണ്ട് മുന്നോട്ട് കുതിച്ച് പോവാനും സാധ്യമല്ലായിരുന്നു. എന്നിരുന്നാലും കഠിന പ്രയത്നത്തിന് ഫലം കണ്ടു. അവസാനം ആ കുട്ടിയുടെ മുടിയിൽ പിടിത്തം കിട്ടുകയും നിതാന്ത പരിശ്രമത്തിനൊടുവിൽ കുട്ടിയേയും കൊണ്ട് കരക്ക് കയറുകയും ചെയ്തു. അപ്പോഴേക്കും അമ്പാടി ക്ഷീണിതനായി കഴിഞ്ഞിരുന്നു. അണച്ചു കൊണ്ട് തന്നെ ആ കുട്ടിയുടെ വയറിൽ അമർത്തി പിടിച്ച് കുടിച്ച വെള്ളം മുഴുവൻ പുറത്തേക്ക് കളഞ്ഞു. ശ്വാസം കിട്ടിയതുപോലെ ആ കുട്ടിയൊന്ന് ചുമക്കുകയും എഴുന്നേറ്റിരുന്ന് കിതക്കുകയും ചെയ്തു.

 മകനെ തിരഞ്ഞ് വരുന്നതു പോലെ ദൂരെ ഒരു സ്ത്രീ അവന് മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് ഇരുവർക്കുമിടയിലേക്ക് ഓടി വന്നു. ഇടക്കിടെ വന്ന വാക്കുകളിൽ 'ശബരി' എന്നത്   അവൻ്റെ പേര് ആയിരിക്കുമെന്ന് അമ്പാടി ഊഹിച്ചു.

 അമ്മയെ കണ്ടപ്പോൾ ആ കുട്ടിയുടെ മുഖത്ത് സന്തോഷവും, ആശ്വാസവും ഒരുപോലെ പ്രത്യക്ഷപ്പെട്ടു. സംഭവിച്ച കാര്യങ്ങൾ അവൻ അവരെ പറഞ്ഞു കേൾപ്പിച്ചു. എന്നാൽ അവരുടെ സംസാരം അമ്പാടിക്ക് മനസ്സിലാകുന്നതായിരുന്നില്ല. തിരിച്ചു പോകാൻ നേരം അമ്മയും, മകനും അവനു നേരെ കണ്ണീരുകൊണ്ട് കൈകൾ കൂപ്പി. അന്നത്തെ ദിവസത്തെ സംഭവം അമ്പാടിയുടെ മനസ്സിൽ ഒരു കടലിരമ്പം സൃഷ്ടിച്ചു. രാത്രിയിൽ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. പതിവുപോലെ ഉറങ്ങാൻ കിടന്നപ്പോഴാണ് അമ്പാടി മനസ്സ് തുറന്നത്. അതുവരെ സംസാരിച്ചുകൊണ്ടിരുന്ന അംബികയും, മാധവനും പൊടുന്നനെ നിശബ്ദരായി. അവൻ്റെ ഓരോ വാക്കുകളും ശ്വാസമടക്കി പിടിച്ചാണ് അവരിരുവരും കേട്ടത്. എല്ലാം കേട്ടപ്പോൾ അംബിക അവനെ ചേർത്തണച്ച് ആ കുഞ്ഞു നെറ്റിയിൽ  കണ്ണീരിൽ കുതിർന്ന ഒരു പാട് ഉമ്മകൾ നൽകി. ഒരു ജീവൻ താൻ കാരണം രക്ഷപ്പെട്ടതോർത്ത് അമ്പാടി സമാധാനത്തോടെ  കണ്ണുകൾ ഇറുകെ അടച്ചു. ഉറങ്ങാൻ ശ്രമിച്ചിട്ടും ഉറക്കം വരുന്നതേ ഇല്ല തിരിഞ്ഞും, മറിഞ്ഞും കിടന്നപ്പോഴൊക്കെ അവൻ്റെ ഉള്ളിൽ ആ കുട്ടിയുടെ മുഖം തെളിഞ്ഞു കൊണ്ടിരുന്നു.

എപ്പൊഴോ മിഴികളെ ഉറക്കം തലോടാൻ തുടങ്ങിയപ്പോഴാണ് അച്ഛനും അമ്മയും സംസാരിക്കുന്നത് അവൻ കേട്ടത്. 

''തരിശു പാറ മുഴുവൻ ചെങ്കൽ പണകളായി തുടങ്ങി. പണയുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ അതൊക്കെ ഇങ്ങനെ ഗർത്തങ്ങളായി നിലകൊള്ളുകയല്ലേ! മഴയൊന്ന് രൂക്ഷമായാൽ പാറയും, പണയും തിരിയൂല. കുഞ്ഞുമക്കൾടെ കാര്യാ കഷ്ടം. ഇന്ന് തന്നെ കണ്ടില്ലേ, നമ്മുടെ മോൻ കണ്ടതോണ്ട് ആ കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടു. ഭൂമി തുരന്നു കൊണ്ടുള്ള ഇമ്മാതിരി ജോലി ചെയ്യേണ്ടി വരുന്നത് ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല. ഗതികേട് കൊണ്ടാണ്". അച്ഛൻ്റെ വാക്കുകളിലെ കണ്ണീരിൻ്റെ നനവ് അമ്പാടി തിരിച്ചറിഞ്ഞു.

'എന്താണ് ഇതിനൊരു പോംവഴി'കറുത്ത ഇരുട്ടിലേക്ക് തുറിച്ചു നോക്കിയപ്പോൾ അവന് ഭയം തോന്നി. മുത്തപ്പനോടും, ഗുരുവായൂരപ്പനോടും പെട്ടെന്ന് ഉറക്കം വരാൻ മനസ്സുരുകി പ്രാർത്ഥിച്ചു.

ഭയം മാറാൻ അമ്പാടി അമ്മയെ കെട്ടിപിടിച്ചു. അംബിക മകൻ്റെ  മുടിയിഴകളിൽ വിരലുകൾ കൊണ്ട് വെറുതെ പരതി കൊണ്ടിരുന്നു. സുഖകരമായ അമ്മയുടെ തലോടലിൽ ഉറക്കം പതിയെ വന്നു തുടങ്ങി.

തുടരും...


ഭാഗം - 7

അച്ഛൻ്റെയും, അമ്മയുടെയും കൈയ്യും പിടിച്ച് നടക്കുകയാണ് അമ്പാടി. അമ്മിണിയും, ഉമ്മിണിയും  പാറ മുഴുവൻ ചാടിത്തുള്ളി അവർക്കൊപ്പം മുമ്പിൽ തന്നെയുണ്ട്.


പടിഞ്ഞാറൻ കാറ്റിൻ്റെ ഇശലിൽ ഈറ്റക്കാടുകൾ മത്സരിച്ച് നാദം പൊഴിക്കുന്നു അതു കേട്ടപ്പോൾ അമ്മ പറഞ്ഞു കൊടുത്ത കൃഷ്ണ ലീലയിൽ കണ്ണൻ മനോഹരമായി പുല്ലാങ്കുഴൽ വായിക്കുന്നത് അമ്പാടിക്ക് ഓർമ്മ വന്നു. അവനും ഓടക്കുഴൽ വായിക്കാൻ ആഗ്രഹം തോന്നി. അച്ഛനോട് പറഞ്ഞാൽ നല്ല ഒന്നാന്തരം ഓടക്കുഴൽ ഉണ്ടാക്കി തരും. മനസ്സിലുള്ളത് അച്ഛനോട് അവൻ പറഞ്ഞു. കേൾക്കേണ്ട താമസം ദേ അച്ഛൻ വെട്ടുകത്തി എടുത്ത് മൂത്ത ഈറ്റ കൊത്തി എടുക്കാൻ പാറ മുകളിൽ കയറി. കാറ്റിൻ്റെ താളത്തിൽ തലകുനിച്ച് ആടി ഉലയുന്ന ഈറ്റയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അച്ഛൻ, ഒരു നിമിഷം കാലിടറി  ഈറ്റക്കാടുകൾക്കിടയിലൂടെ ഊർന്ന്  പണ്ടെപ്പോഴോ  കൊത്തിയ കൽപ്പണയുടെ മടിത്തട്ടിലേക്ക് പതിച്ചു.

''അച്ഛാ.... " അമ്പാടിയിൽ നിന്നും ഒരു ആർത്തനാദം പുറത്തേക്ക് തെറിച്ചു.

"അച്ഛൻ... ൻ്റെ അച്ഛൻ " അച്ഛൻ്റെ ഒപ്പം ചാടാൻ തുനിഞ്ഞ അവനെ അമ്മയും, ചേച്ചിയും കൂടി കരഞ്ഞുകൊണ്ട് പിടിച്ചു വെച്ചു. കരഞ്ഞു കരഞ്ഞ് അവൻ്റെ ബോധം മറഞ്ഞു.

ആരോ മുഖത്തേക്ക് വെള്ളം കുടയുകയും 'അമ്പാടി... അമ്പാടി ' എന്ന് കുലുക്കി വിളിക്കുകയും ചെയ്യുന്നത് അവൻ അറിഞ്ഞു. ഒരു നീണ്ട ഉറക്കം കഴിഞ്ഞ് ഉണർന്നതു പോലെ അമ്പാടി കൺ തുറന്ന് ചുറ്റിലും നോക്കി. അമ്മയുടെ മടിയിലാണ് കിടക്കുന്നത്.

"മോൻ എന്തിനാ കരഞ്ഞത്. വല്ല ദുസ്വപ്നവും കണ്ടോ?'' മുഖത്തെ വെള്ളത്തുള്ളികൾ തുവർത്തി എടുക്കുന്നതിനിടയിൽ അച്ഛൻ വാത്സല്യത്തോടെ ചോദിച്ചു. ഇത്രയും നേരം താൻ സ്വപ്നം കണ്ടതാണെന്ന് മനസ്സിലായപ്പോൾ അമ്പാടി ആശ്വാസത്തോടെ മാധവൻ്റെ കഴുത്തിൽ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു.

''അച്ഛനിനി പണയിൽ പണിക്ക് പോണ്ട"

"അതെങ്ങനെ ശരിയാവും കുട്ടാ... പണിക്ക് പോയാലല്ലേ പട്ടിണിയില്ലാതെ ജീവിക്കാൻ പറ്റൂ..."

''അതൊക്കെ ശരി തന്നെയാ. എന്നാലും വേറെ എന്തെല്ലാം പണിയ്ണ്ട്. ഈ പണി നമ്മക്ക് വേണ്ടച്ഛാ...'' അമ്പാടി പിന്നെയും ചിണുങ്ങി കൊണ്ടേയിരുന്നു.

''ശരി.. ശരി.. വേറെ പണി കിട്ട്വോന്ന് നോക്കാം. മോനിപ്പോ ഒറങ്ങ്" അവനെ എടുത്ത് തോളത്തിട്ട് പുറത്ത് കൈ കൊണ്ട് ഉറക്കം വരാനായി പതിയെ തട്ടിക്കൊടുത്തു. ഉറക്കപ്പിച്ച് പോലെ പിന്നെയും 'അച്ഛനിനി പണയിൽ പോണ്ട, അച്ഛനിനി പണയിൽ പോണ്ട' എന്നവൻ പിറുപിറുത്തു കൊണ്ടേയിരുന്നു.

 

തുടരും...


ഭാഗം - 8

ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്ന സമയത്താണ് അമ്പാടിയുടെ ക്ലാസിലേക്ക് പുതുതായി ഒരു കുട്ടി വന്നത്.

'ശബരീഷ്മുഖി'  ഒറ്റക്കാഴ്ചയിൽ തന്നെ അമ്പാടിക്ക് അവനെ കണ്ടപ്പോൾ നല്ല മുഖപരിചയം തോന്നി. എന്നാൽ അമ്പാടിയെ കണ്ടപ്പോൾ ശബരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.


'ഭയ്യാ...' എന്ന വിളിയോടെ ശബരി ഓടി വന്ന് അമ്പാടിയുടെ കൈകൾ കവർന്നു. അതു കണ്ട് ആദിയും, മൊയ്തുവും, താരയും, ദേവുവുമെല്ലാം വാ പൊളിച്ച് നില്പായി. അവരുടെ നില്പ് കണ്ടപ്പോൾ  അവർക്കു മുന്നിൽ താനൊരു സംഭവമാണെന്ന് കാണിക്കുന്ന രീതിയിൽ ഷർട്ടിൻ്റെ കോളർ മേലോട്ട് ആക്കി അവരെ നോക്കി ചിരിച്ചു. അവർക്ക് മനസ്സിലാകാത്ത രീതിയിൽ അമ്പാടിയോട് മാത്രം വർത്തമാനം പറയുന്നത് കണ്ടപ്പോൾ ആദിക്കും, മൊയ്തുവിനും അവനോട് അസൂയ തോന്നാതിരുന്നില്ല. ക്ലാസ് കാട്ടികൊടുക്കാൻ ഒപ്പം വന്ന കുട്ടി മാഷും ആ രംഗം കണ്ട് അത്ഭുതപ്പെട്ടു. ശബരിയുടെ അമ്മയാണ് പാറക്കുളത്തിൽ വീണുപോയ തൻ്റെ മകനെ അമ്പാടി രക്ഷിച്ച കഥ മാഷിനോട് പറഞ്ഞത്. കുട്ടി മാഷ് വാത്സല്യത്തോടെ അമ്പാടിയെ ചേർത്തണച്ചു.

പിറ്റേന്ന് സ്കൂളിൽ  വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ നടന്ന അസംബ്ലിയിൽ അമ്പാടിയെ അനുമോദിച്ചു കൊണ്ട് ഹെഡ്മാസ്റ്റർ കുട്ടികളോടായി പറഞ്ഞു; 

''കണ്ടോ നമ്മുടെ സ്കൂളിൻ്റെ അഭിമാനമാണ് ഈ മിടുക്കൻ. എല്ലാവർക്കും അമ്പാടിയെ പോലെ ആവാൻ കഴിയില്ലെങ്കിലും നമ്മുടെയൊക്കെ ഉള്ളിൽ പല തരത്തിലുള്ള നന്മയുടെ സ്പന്ദനങ്ങൾ ഉണ്ട്. അത് നിലച്ചു പോകാതെയിരിക്കാൻ ശ്രദ്ധിക്കണം. ഭാവിയുടെ വാഗ്ദാനങ്ങളായ നിങ്ങൾ കുട്ടികളിലൂടെയാണ് അത് സാധ്യമാകേണ്ടത്" മാഷിൻ്റെ വാക്കുകൾക്ക് ശ്രദ്ധയോടെ കാത് കൊടുത്തിരിക്കുകയാണ് കുട്ടികൾ. അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ശേഷം മുഴങ്ങിയ കൈയ്യടി ശബ്ദം അമ്പാടിയുടെ ഉള്ളിൽ കരച്ചിലിൻ്റെയും, സന്തോഷത്തിൻ്റെയും തിരമാല ഉയർത്തി.

ആ സംഭവത്തിനു ശേഷം അമ്പാടി സ്കൂളിലെയും, ക്ലാസിലെയും ഹീറോ ആയി മാറി തുടങ്ങി.


ശബരിയുമായി കൂട്ടുകൂടിയതിനു ശേഷം അമ്പാടിയുടെ ഉള്ളിൽ ഒരു മോഹം തലപൊക്കാൻ തുടങ്ങി. 'എങ്ങനെയെങ്കിലും ഹിന്ദി പഠിക്കണം' സ്കൂളിൽ ഹിന്ദി വിഷയം പഠിപ്പിക്കുന്നുണ്ട്, പക്ഷെ അഞ്ചാം ക്ലാസിനാണെന്ന് മാത്രം. കുട്ടി മാഷിനോട് ചോദിച്ചാലോ? മാഷ് വഴക്കൊന്നും പറയില്ലെന്ന് അറിയാം. അറിവ് നേടാനല്ലേ! തീർച്ചയായും മാഷ് ഒരു വഴി പറഞ്ഞു തരും. എന്നിട്ടും ഓഫീസ് മുറിയുടെ പടിക്കൽ എത്തിയപ്പോൾ എന്തോ ഒരു വല്ലായ്മ പോലെ  കൈകാലുകൾ വിറക്കുന്നത് അവനറിഞ്ഞു.

മാഷ് എന്താണ് ചെയ്യുന്നതെന്ന് അറിയാൻ ഒന്നു രണ്ടു പ്രാവശ്യം വരാന്തയിലൂടെ അങ്ങോട്ടും, ഇങ്ങോട്ടും നടന്നു.

നിഴൽ കണ്ടാണ് മാഷ് തല പൊക്കിയത്.

"എന്താ... അമ്പാടി ക്ലാസിൽ ടീച്ചറില്ലേ?'' മുറുക്കാൻ വായിലിട്ട് എന്തോ കുത്തി കുറിക്കുന്നതിനിടയിൽ മാഷ് ചോദിച്ചു.

"ഇപ്പോ, അറബിയാ... മാഷേ!''

"നിനക്കും അവിടെ ഇരുന്ന് അറബി പഠിച്ചൂടെ, ഇങ്ങനെ വെർതെ തേരാ പാരാ നടക്കണാ...''

''മാഷേ... അപ്പൊ നമ്മക്കും അറബി പഠിക്കാൻ പറ്റ്വോ? അതൊക്കെ മുസ്ലീം കുട്ട്യോൾക്ക് മാത്രല്ലേ പാടൂള്ളു?'' 

മാഷ് കുത്തി കുറിക്കുന്നത് നിർത്തി അവൻ്റെ അരികിലേക്ക് വന്നു. വായിലെ ചുവന്ന വെള്ളം മുറ്റത്തേക്ക് നീട്ടിത്തുപ്പി. വരാന്തയിലെ ബക്കറ്റിൽ നിന്നും കപ്പിൽ വെള്ളം കോരി വായ കഴുകി. മുണ്ടിൻ്റെ തുമ്പ് എടുത്ത് മുഖത്തെ വെള്ളം ഒപ്പിക്കളഞ്ഞു കൊണ്ട് ചോദിച്ചു.

''ആരു പറഞ്ഞു നെന്നോട് ഈ പോക്കണം കേട്, അറബി മുസ്ലീം കുട്ട്യോൾക്കെ പഠിക്കാൻ പാടുള്ളൂന്ന്. എല്ലാർക്കും എല്ലാ ഭാഷേം പഠിക്കാം. മനസ്സും, വേണം ക്ഷമയും വേണം. നിനക്ക് താൽപ്പര്യമുണ്ടെങ്കിൽ അഫ്സല് മാഷോട് ഞാൻ പറയാം. അവരുടെ കൂട്ടത്തിൽ നിന്നെ കൂടി ഇരുത്താൻ". 

അതു കൂടി കേട്ടപ്പോൾ അമ്പാടിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി. ഹിന്ദി പഠിക്കുന്ന കാര്യം ധൈര്യത്തിൽ ചോദിക്കാലോ?

"മാഷേ... എനിക്ക് അറബീം ഹിന്ദീം പഠിക്കണം"

"ഹിന്ദിയോ...!'' മാഷിൻ്റെ കണ്ണു മിഴിഞ്ഞു.

''മ്മ്ഹ്..''

''ഹിന്ദി അഞ്ച് മുതൽ അല്ലേ ഉള്ളൂ!''

മറുപടി പറയാതെ അമ്പാടി തലകുനിച്ചു.

''അല്ലപ്പാ നെനക്കിപ്പോ എന്താ ഹിന്ദി പഠിക്കാൻ മോഹം വന്നേ!''

"അത്... ശബരി... അവൻ പറയ്ന്നതൊന്നും എനക്ക് മനസ്സിലാവുന്നില്ല മാഷേ... മാഷിന് അറിയാലോ അവൻ വന്നതു തൊട്ടേ എന്നോടാ ചങ്ങാത്തംന്ന് എന്തേലും ചോയിക്കാനും പറയാനും ഇണ്ടേൽ നമ്മള് രണ്ടാളും ആംഗ്യം കാണിക്കേണ്ട അവസ്ഥയാ''. 

മാഷിന് അവൻ്റെ വിഷമം മനസ്സിലായി. ചിരിയോടും, ആലോചനയോടും കൂടി നമുക്കതിന് വഴിയുണ്ടാക്കാമെന്ന് മാഷ് അവന് ഉറപ്പു നൽകി. അപ്പോഴേക്കും അറബി പിരിയ്ഡ് കഴിഞ്ഞു കൊണ്ടുള്ള ബെല്ല് മുഴങ്ങി. പ്രത്യാശയോടെ അമ്പാടി ക്ലാസിലേക്ക് മടങ്ങി.

തുടരും...


ഭാഗം - 9

എല്ലാ ക്ലാസിലും  ആഴ്ചയിൽ ഏഴു പിരിയ്ഡിൽ ഒരു വിഷയം ഹിന്ദി പഠിപ്പിക്കാമെന്ന് സുലോചന ടീച്ചർ സമ്മതിച്ചതോടെ അമ്പാടിക്കൊപ്പം, കുട്ടി മാഷിനും സന്തോഷമായി. അങ്ങനെ അമ്പാടി ഹിന്ദി പഠനം തുടങ്ങി, സ്വരാക്ഷരങ്ങളും, വ്യഞ്ജനാക്ഷരങ്ങളും പെട്ടെന്ന് തന്നെ പഠിച്ചെടുത്തു. അത്യാവശ്യം വേണ്ടുന്ന ദൈനംദിന വാക്കുകളും ടീച്ചറുടെ സഹായത്തോടെയവൻ ഹൃദിസ്ഥമാക്കി.


വാക്കുകൾ പെറുക്കി പെറുക്കി ശബരിയുമായുള്ള സംസാരം തുടങ്ങി.ശബരിയും കുറച്ച് കുറച്ച് മലയാളത്തിൽ സംസാരിക്കാൻ തുടങ്ങിയത് അമ്പാടിക്കും ആശ്വാസമായി.

രണ്ടു പേരുടെയും ചങ്ങാത്തം പക്ഷെ ആദിക്കും, മൊയ്തുവിനും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. അമ്പാടിയുടെ വീടിനടുത്ത് തന്നെ ശബരിയുടെ കുടുംബവും വാടകക്ക് വന്നതിൽ പിന്നെ അവരുടെ ബന്ധം കൂടുതൽ ദൃഢമാവുന്നതിന് കാരണമായി.

എപ്പൊഴും, ഏത് സമയത്തും വാലു പോലെ ശബരി അമ്പാടിക്കൊപ്പം ചേർന്നു കൊണ്ടിരുന്നു. അവർക്കൊപ്പമുള്ള കുരുത്തകേടുകൾക്ക് അമ്പാടിയെ കിട്ടുന്നില്ല എന്നത്  ആദിയേയും, മൊയ്തുവിനെയും ഒരു പോലെ  ചൊടിപ്പിച്ചു കൊണ്ടിരുന്നു.  

'ഇങ്ങനെ പോയാൽ ശരിയാവില്ല. അമ്പാടിക്ക് മുട്ടൻ പണി കൊടുക്കണം. ശബരിയുമായിട്ട് തെറ്റിക്കണം. എന്നാലേ പഴേ പോലെ അമ്പാടി നമ്മുടൊപ്പം ചേരൂ' സ്കൂൾ വിട്ട് പോകുന്ന സമയം ആദിയും, മൊയ്തുവും ഗഗനമായ ചർച്ചയിൽ ഏർപ്പെട്ടു. പാറക്കുളത്തിൽ കുളിക്കുമ്പോഴും, പാറ മുഴുവൻ അലയുമ്പോഴും രണ്ടു പേരുടെയും ചിന്ത അത് തന്നെ ആയിരുന്നു. രണ്ടു പേരും അതിനുള്ള അവസരം പാർത്തിരുന്നു.

ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കാൻ ആലിൻ്റെ ചുവട്ടിൽ ഇരുന്ന സമയത്താണ് മൊയ്തു ആ കാഴ്ച കണ്ടത്. ആലിൻ്റെ കൊമ്പിൽ ഞാന്നു കിടക്കുന്ന കടന്നൽക്കൂട് അതിനെ തട്ടുകയോ മറ്റോ ചെയ്താൽ പിന്നെയുള്ള കാര്യം പറയണ്ട. അവൻ പതിയെ അടുത്തിരിക്കുന്ന ആദിയെ കാലുകൾ കൊണ്ട് തോണ്ടി. കണ്ണു കാട്ടി ആ കാഴ്ച കാണിച്ചു. ഒറ്റ നോട്ടത്തിൽ അവന് സംഗതി പിടി കിട്ടിയില്ല. ഏറെ നേരഞ്ഞിന് ശേഷമാണ് അതെന്താണെന്ന് മനസ്സിലായത്.

''അതു വെച്ച് അമ്പാടിക്കൊരു പണി കൊടുക്കണം'' ആദിക്ക് കേൾക്കാൻ മാത്രം മൊയ്തു പിറുപിറുത്തു.

''നടക്ക്വോ''ആദി സംശയം പ്രകടിപ്പിച്ചു.

"നോക്കാം വൈന്നേരം ഉസ്കൂള് വിട്ടാല് ഏറ്റവും ലാസ്റ്റ് അവനും, ശബരിയുമാ പോവാറ്"

"ടീച്ചർമ്മാര് വല്ലോം ഇണ്ടായാലോ?''

"അതൊന്നും കാണില്ല. ഉസ്കൂൾ ബസ്സ് പോയാ ടീച്ചർമാരൊക്കെ പോകും. പിന്നെ കുട്ടി മാഷ് ആണേൽ വൈന്നേരം പച്ചക്കറിത്തോട്ടത്തിലും ആയിരിക്കും".

ചങ്ങാതിമാരുടെ മനസ്സിലെ പ്ലാനുകൾ ഒന്നും അറിയാതെ അമ്പാടി; അമ്മ കൊടുത്തു വിട്ട മാങ്ങാ ചമ്മന്തി  പങ്കുവെക്കാനായി അവരുടെ അടുത്തേക്ക് ചെന്നു. ശബരി വരുന്നതുവരെ അഞ്ചു പേരും ഒന്നിച്ചായിരുന്നു.

"നിങ്ങളെന്താ ഞങ്ങളോടൊപ്പം കൂടാത്തെ താരയും, ദേവുവും അവിടെയുണ്ട് അങ്ങോട്ട് വാരണ്ടാളും'' 

"ഓ.. വേണ്ട പുതിയ കൂട്ടുകാരനെ കിട്ടിയപ്പോ നെനക്ക് നമ്മളെയൊന്നും വേണ്ടല്ലോ?'

''ആരു പറഞ്ഞു നിങ്ങളെ വേണ്ടെന്ന്. എനക്ക് എല്ലാരേം വേണം അതോണ്ടല്ലേ ചമ്മന്തീം കൊണ്ട് ഞാൻ നിങ്ങളെ തെരക്കിവന്നത്'' അതിന് ഉത്തരം പറയാതെ രണ്ടു പേരും ഓരോ ചോറെടുത്ത് കൊറിക്കുവാൻ തുടങ്ങി.

ഒത്തിരി വിളിച്ചിട്ടും അമ്പാടിയും കൂട്ടരും ഇരിക്കുന്നിടത്തേക്ക് പോവാൻ ആദിയും, മൊയ്തുവും കൂട്ടാക്കിയില്ല.

അവസാനം ദേവുവിനെയും, താരയേയും, ശബരിയേയും വിളിച്ച് അമ്പാടി അവർക്കരികിൽ വന്നിരുന്നു. അമ്പാടി അങ്ങനെ ചെയ്യുമെന്ന് രണ്ടു പേരും തീരെ വിചാരിച്ചിരുന്നില്ല. എല്ലാവരും ഒന്നും മിണ്ടാൻ ഇല്ലാത്തതുപോലെ ഭക്ഷണം കഴിച്ചു തീർത്തു.

തുടരും...


ഭാഗം - 10

പൈപ്പിൽ നിന്നും വല്ല വിധേനയും പാത്രങ്ങൾ കഴുകി ബാഗിൽ തിരുകി വച്ചതിനു ശേഷം ആദിയും, മൊയ്തുവും ആലിൻ ചുവട്ടിലേക്ക് ഓടി. കുറേ പേര് ഊഞ്ഞാൽ ആടാൻ തിരക്കു കൂട്ടുന്നു. കുറച്ചു പേര് ഷട്ടിൽ കളിക്കുന്നു.


കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് പറഞ്ഞതു പോലെ ആദ്യം എത്തിയവൻ എല്ലാം കയ്യടക്കിയിരിക്കുന്നു. അവസരം കിട്ടാത്തവർ മറ്റുള്ളവരെ കുറ്റക്കാരാക്കാൻ മാഷിൻ്റെ അടുത്തേക്ക് ഓടുന്നു. അമ്പാടിയും, ശബരിയും, ദേവുവും, താരയും നിലത്ത് വട്ടം വരച്ച് അണ്ടർ ഓവർ കളിക്കുന്നു. 

എന്നാൽ കളികളിലൊന്നും താൽപ്പര്യം കാണിക്കാതെ നിലത്തു വീണ കണ്ണിമാങ്ങകൾ പെറുക്കിയെടുത്ത് ചവർപ്പോടെ കടിച്ചിറക്കി കൊണ്ട് മൊയ്തുവും ആദിയും ഷോൾഡറിലൂടെ കൈകളിട്ട് വെറുതെ ആലിന് ചുറ്റും നടന്നു. എത്രയും പെട്ടെന്ന് വൈകുന്നേരം ആയെങ്കിൽ രണ്ടു പേരും ഒരു പോലെ ചിന്തിച്ചു.

ക്ലാസിൽ കയറുന്നതിന് കുറച്ച് സമയത്തിനു മുന്നേയാണ് അത് സംഭവിച്ചത്. വികൃതി പിള്ളേരിൽ ആരോ ഒരാൾ കണ്ണിമാങ്ങ ലക്ഷ്യമാക്കി എറിഞ്ഞ കമ്പിൻ്റെ കഷ്ണം നേരെ ചെന്ന് കൊണ്ടത് കടന്നൽ കൂടിനായിരുന്നു. വല്ലാത്തൊരു മൂളലോടെ അവ കുട്ടികൾക്കിടയിലേക്ക്  പറന്നു. 

"കടന്നല് കുത്താൻ വരുന്നേയ്...."

വിളിച്ചു കൂവി കൊണ്ട് കുട്ടികൾ ഓരോരുത്തരായി  ക്ലാസ് മുറികളിലേക്ക് ഓടിക്കയറി. ഓട്ടത്തിനിടയിൽ ആരൊക്കെയോ നിലത്ത് വീണു . അക്കൂട്ടത്തിൽ ആദിയും, മൊയ്തുവും ഉണ്ടായിരുന്നു. പിടഞ്ഞെഴുന്നേറ്റ് ഓടാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു പേർക്കും അതിൻ്റെ കുത്തേറ്റു. പ്രാണൻ പോകുന്ന വേദന ഇരുവരും ഉറക്കെ നിലവിളിച്ചു പോയി. അവരുടെ കരച്ചിൽ കേട്ട് ക്ലാസിലെത്തിയ അമ്പാടി തിരികെ ഓടി അവർക്കരികിലെത്തി എങ്ങനെയൊക്കെയോ രണ്ടു പേരെയും താങ്ങിപിടിച്ച് ക്ലാസിൽ എത്തിക്കുന്നതിനിടയിൽ അവൻ്റെ കൈകൾക്കും കുത്തേറ്റു. 

'പാമ്പിൻപാമ്പിന്‍ വിഷത്തിനു സമാനമാണു കടന്നലിന്റെ വിഷമെന്ന്' പുസ്തകത്തിൽ വായിച്ചതായി ഓർമ്മയിൽ തെളിഞ്ഞു. കുത്തിയ ഭാഗത്തെ കൊമ്പ് ഊരി കളഞ്ഞില്ലെങ്കിൽ നീരുവന്ന് അവിടം തടിച്ച് വീർത്ത് രക്തസമ്മർദ്ദം താഴ്ന്ന് മരണവരെ സംഭവിക്കാറുണ്ടെന്ന് പത്രത്തിലും കണ്ടിരുന്നു. അമ്പാടി പിന്നെ മറ്റൊന്നും ആലോചിച്ചില്ല. തൻ്റെ കൈയ്യിലെയും, ആദിയുടെ നെറ്റിയിലെയും, മൊയ്തുവിൻ്റെ കഴുത്തിലെയും, കുത്തേറ്റവരുടെയെല്ലാം കുത്തിയ ഭാഗത്തെ കൊമ്പുകൾ ഞെക്കി പുറത്തെടുത്തു. എല്ലാവരും വേദന കൊണ്ട്  തളർന്നു പോയിരുന്നു.

രാവിലെ സ്കൂളിൽ വന്നപ്പോൾ മാഷും കണ്ടതാണ് കടന്നൽകൂട്ടത്തെ രാത്രിയിൽ തീയിട്ട് കരിക്കാമെന്ന് കരുതിയതാണ് അപ്പോഴാണ് വികൃതി പിള്ളേര് ഈ വേലയൊപ്പിച്ചത്. മാഷിന് തല പെരുക്കുന്നതു പോലെ തോന്നി.

കുട്ടികളുടെ നിലവിളിയും, പരക്കം പാച്ചിലും കണ്ട് കുട്ടി മാഷിന് രംഗം അത്ര പന്തിയല്ലെന്ന് മനസ്സിലായി എല്ലാവരോടും ക്ലാസ് മുറിയുടെ വാതിലുകൾ അടച്ചിരിക്കാൻ പറഞ്ഞിട്ട് പച്ചക്കറി തൈകൾക്ക് തണലിനായി കുത്തി നിർത്തിയ വലിയൊരു ഓല വലിച്ചെടുത്ത് പറന്നു വരുന്ന ഈച്ചകൾക്കു നേരെ വീശി. ഒരു വിധത്തിൽ എല്ലാറ്റിനെയും ആട്ടിയകറ്റി കുട്ടികൾക്ക് അരികിൽ എത്തിയ മാഷ് ശരിക്കും ഞെട്ടിപ്പോയി. കുറേ പേർക്ക് പരിക്കേറ്റിരിക്കുന്നു. കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല. പരിക്കേറ്റ കുട്ടികളെയും കൊണ്ട് കുട്ടി മാഷും, അഫ്സൽ മാഷും ആസ്പത്രിയിലേക്ക് കുതിച്ചു.

കുത്തേറ്റ ഭാഗത്തെ കൊമ്പ് ഇളക്കി കളഞ്ഞതു കൊണ്ട് ആർക്കും ഉള്ളിലേക്ക് നീർവീക്കം ബാധിച്ചിരുന്നില്ല. അവസരോചിതമായി പ്രവർത്തിച്ച മിടുക്കനെ ഡോക്ടർ തിരഞ്ഞപ്പോൾ വേദന കൊണ്ട് പനിക്കാൻ തുടങ്ങിയ മൊയ്തുമാണ് അമ്പാടിയെ കാട്ടി കൊടുത്തത്.

കടന്നലിൻ്റെ വിഷം ഉള്ളിലെത്തിയപ്പോഴേ മൊയ്തുവിൻ്റെയും, ആദിയുടെയും മനസ്സിൽ അമ്പാടിയോടുള്ള ദേഷ്യമൊക്കെ എങ്ങോ പോയ് മറഞ്ഞിരുന്നു. സ്വന്തം ജീവൻ പോലും നോക്കാതെയാണ് അവൻ രണ്ടു പേരെയും ക്ലാസുകളിൽ എത്തിച്ചത്.

അവനെ ദ്രോഹിക്കുവാൻ വിചാരിച്ചപ്പോൾ ദൈവം തിരിച്ച് തന്നെ പണി തന്നല്ലോ എന്നോർത്തപ്പോൾ രണ്ടു പേരുടെയും ഉള്ളിൽ മനസ്താപം നിറഞ്ഞു.

മാഷിൻ്റെയും, കുട്ടികളുടെയും അറിവിലേക്കായി ഡോക്ടർ കുറച്ചു കാര്യങ്ങൾ വെളിപ്പെടുത്തി. പ്രാഥമിക ചികിത്സ എന്ന രീതിയിൽ ദേ... ഈ മിടുക്കൻ ചെയ്തതുപോലെ കടന്നലിൻ്റെയൊക്കെ കുത്തേറ്റ ഭാഗങ്ങളിലെ കൊമ്പ് ഊരി കളഞ്ഞ് അവിടെ വിനാഗിരി പുരട്ടുന്നത് നല്ലതാണ്. അമ്പാടിയെ ചേർത്തു പിടിച്ചു കൊണ്ടാണ് ഡോക്ടർ പറഞ്ഞു തുടങ്ങിയത്. വിനാഗിരിക്ക് അതിൻ്റെ വിഷത്തെ ഇല്ലായ്മ ചെയ്യാനുള്ള കഴിവുണ്ട്. അതു പോലെ തേനീച്ചയുടെ കുത്തേറ്റാൽ ബൈ കാർബണേറ്റ് ലായനി അതുമല്ലെങ്കിൽ സോഡാ പൊടി കലക്കിയ വെള്ളം ഇതൊക്കെ ഉപയോഗിക്കാം. അമ്ലത്വ സ്വഭാവമുള്ള ഏത് ലായനിയും വിഷാംശത്തെ ഇല്ലാതാക്കുന്നതിന് ഉപകരിക്കും. പോരാത്തതിന് വൈദ്യസഹായം തേടുകയും വേണം. ഡോക്ടർ പറഞ്ഞതിൽ വിനാഗിരിയുടെ പേര് മാത്രമാണ് അമ്പാടിക്കും കൂട്ടുകാർക്കും മനസ്സിലായത്. ബാക്കിയുള്ളതിൻ്റെയൊക്കെ പേര് തന്നെ പറയാൻ കിട്ടുന്നില്ല. ങ്ഹും സ്കൂളിൽ ചെന്നിട്ട് മാഷോട് തന്നെ ചോദിക്കാം. അവൻ മനസ്സിൽ ഉറപ്പിച്ചു. അപ്പോഴേക്കും വേദന കൊണ്ട് അവൻ്റെ ശരീരവും ചൂടുപിടിക്കാൻ തുടങ്ങിയിരുന്നു. സ്കൂളിലെ വിവരമറിഞ്ഞ് മാധവനും, മറ്റ് കുട്ടികളുടെ രക്ഷിതാക്കളും ആസ്പത്രിയിൽ ഓടി കിതച്ചെത്തി.

മാധവൻ്റെ പരവേശം കണ്ട് കുട്ടി മാഷ് അയാളുടെ ചുമലുകളിൽ തട്ടി. 

''താൻ പേടിക്കേണ്ടടോ, ഇവനെ പോലുള്ള മോനെ കിട്ടിയത് തൻ്റെ ഭാഗ്യാ! ഒരു ആപത്ത് വന്നപ്പോൾ അവൻ അവൻ്റെ കാര്യം മാത്രമല്ല നോക്കിയത്. ദേ കണ്ടോ ഇവരൊക്കെ അധികം അപകടമില്ലാതെ നിൽക്കുന്നത് അമ്പാടി കാരണാ... " അത്രയും പറഞ്ഞപ്പോഴേക്കും മാഷിൻ്റെ തൊണ്ടയിടറി. മാധവൻ്റെ മിഴികളിലും സന്തോഷാശ്രുക്കൾ പൊടിഞ്ഞു.

തുടരും...


ഭാഗം - 11

ശാസ്ത്രമേളയുടെ അറീപ്പ് കിട്ടിയതോടെ ക്ലാസുകളിൽ  കുട്ടികളെ തെരെഞ്ഞെടുത്ത് ടീച്ചർമാർ പ്രത്യേക പരിശീലനം കൊടുത്തു തുടങ്ങി. അമ്പാടിയേയും മത്സരത്തിന് പങ്കെടുപ്പിക്കാൻ കുട്ടി മാഷ് തീരുമാനിച്ചു.


അമ്പാടിയുടെ അമ്മ നന്നായിട്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുമെന്ന് മാഷിന് അറിയാം. അതു കൊണ്ടാണ് സ്കൂൾ അവധിയുള്ള ദിവസം തന്നെ  മാധവൻ്റെ വീടു വരെ ചെല്ലാൻ തീരുമാനിച്ചത്.

പച്ചക്കറിക്ക് വെള്ളം നനക്കുകയായിരുന്ന അമ്പാടി മാഷിനെ കണ്ട് ഓടി അടുത്തേക്ക് ചെന്നു.

''അമ്പാടി എന്താ ചെയ്യുന്നേ...!" മാഷ് കുശലം ചോദിച്ചു.

"ഞാൻ വെർതെ അമ്മക്കൊപ്പം" അവൻ അമ്മ നിൽക്കുന്നിടത്തേക്ക് വിരൽ ചൂണ്ടി.

മാഷിൻ്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. പരിമിതമായ സ്ഥലത്ത് ഗ്രോബാഗുകളിലും, ചാക്കിലുമൊക്കെയായി നിരവധി പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു.ചിലതിലൊക്കെ പൂവും കായും ഉണ്ട്.

"നല്ല കാര്യാണല്ലോ? അമ്മയും മോനും രാവിലെ തന്നെ ചെയ്യണത്''.

മനസ്സിലെ സന്തോഷം അദ്ദേഹത്തിൻ്റെ വാക്കുകളിൽ ഉണ്ടായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്ത് മാഷിനെ കണ്ടപ്പോൾ അംബിക വല്ലാതായി. മാഷ് ഓരോന്നിൻ്റെയും അടുത്തേക്ക് ചെന്ന് നോക്കുവാൻ തുടങ്ങി. 

അംബിക മാഷ് കേൾക്കാതെ മകനോട് പറഞ്ഞു.

''അമ്പാടി...; ആയിഷുമ്മേടെ അട്ത്ത്ന്ന് കൊർച്ച് പാല് വാങ്ങീറ്റ് പെട്ടെന്ന് വാ. മാഷിന് എങ്ങനാ കട്ടൻ ചായ കൊടുക്ക്വാ''.

"പൈസ..."

"പൈസ അമ്മ തരൂംന്ന് പറഞ്ഞാ മതി. പിന്നെ മാഷ് കാണാതെ പോവ്വേം, വര്യേം വേണം"

''അതൊക്കെ ഞാനേറ്റു.''

റെഡി...വൺ, ടൂ, ത്രീ... വായ കൊണ്ട് വണ്ടിയുടെ ശബ്ദമുണ്ടാക്കി മുന്നോട്ട് കുതിക്കാനൊരുങ്ങിയപ്പോഴേക്കും,ചുറ്റുപാടുകൾ വീക്ഷിച്ച് കൊണ്ട് കുട്ടി മാഷ് കൃത്യം അവൻ്റെ മുന്നിൽ തന്നെ എത്തി.

''അമ്പാടി എങ്ങോട്ട് പോവാൻ നോക്ക്വാ?''

''എവിടെയും ഇല്ല മാഷേ...'' കയ്യിലുള്ള പാത്രം പിറകിലേക്ക് മാറ്റി പിടിക്കുന്നതിനിടയിൽ അബദ്ധത്തിലത് താഴെ വീണു.

പാത്രമെടുത്ത് മാഷ് അവനു നേരെ നീട്ടി. കൈ നീട്ടുന്നതിനിടയിൽ അവനൊന്ന് പരുങ്ങി.

"എന്നെ കണ്ടിട്ടാണ് ഈ പരക്കം പാച്ചില്ലെങ്കി വേണ്ട. ഞാനൊരു കാര്യം പറയാൻ വേണ്ടി വന്നതാ. അമ്മയെ ഇങ്ങോട്ട് വിളിക്ക്".

അവൻ വിളിക്കാൻ ഒരുങ്ങിയപ്പോഴേക്കും അംബിക അടുത്തേക്ക് വന്നു.

''മാഷേ... മുറ്റത്ത് തന്നെ നിക്കാതെ എറയത്തോട്ട് കേറിയിരിക്ക്"

കോലായിൽ ഇട്ട ചൂരൽ കസേരയിൽ അദ്ദേഹം അമർന്നിരുന്നു.

"ഇത് അംബിക ഇണ്ടാക്കീതാണോ?"

''അതേ...മാഷേ... ഞാൻ വെർതെ ഓരോന്ന് ഒക്കെ മെടയും".

"അതേയോ... ഇത് പോലൊരെണ്ണം എനക്കും കൂടി വേണം. പ്രായാവുകയല്ലെ വയസ്സാം കാലത്ത്  ചാരിയിരുന്ന്  നടു നിവർത്താലോ?''ചിരിയോടെ അദ്ദേഹം പറഞ്ഞു.

"പിന്നേ...അംബികേ, എനക്ക് നെൻ്റെയൊരു സഹായം വേണം".

''എന്താണ് മാഷേ...!"

"വേറൊന്നും അല്ല, ശാസ്ത്ര പ്രവൃത്തി പരിചയമേള തൊടങ്ങിയ കാര്യം അമ്പാടി പറഞ്ഞ് കാണ്വല്ലോ"

"ഉവ്വ്"

"അമ്പാടിയുടെ പേരും കൂടി കൊടുത്തിട്ടുണ്ട്"

"അവൻ പറഞ്ഞിരുന്നു"

"കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലാ അവൻ്റെ പേര് ഉൾപ്പെടുത്തിയിട്ടുള്ളത്. അവയൊക്കെ നിർമ്മിക്കാൻ നീ അവനെ പരിശീലിപ്പിക്കണം"

അങ്കലാപ്പോടെ അംബിക തല ചൊറിഞ്ഞു.

"അയ്യോ...മാഷെ അതൊക്കെ എന്നെ കൊണ്ട് പറ്റ്വോ?'' 

''നെനക്കെ പറ്റൂ, അതാ ഞാൻ അമ്പാടീൻ്റെ പേര് തന്നെ കൊട്ത്തത്. അമ്പാടി മിടുക്കനാ... എനക്കറിയാം. നിനക്കറിയുo പോലെ പറഞ്ഞ് കൊടുത്താ മതി. ടെൻഷനൊന്നും വേണ്ട. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറഞ്ഞാ മതി. ആദ്യമായിട്ടാണ് ഈ മത്സരത്തിന് പേര് കൊടക്ക്ന്നത്"

"എന്നാലും"

''ഒരു എന്നാലും ഇല്ല. അമ്പാടീ... ജില്ലാതലത്തിൽ നീ ഒന്നാം സ്ഥാനം വാങ്ങി വെരൂലേ ടാ..."

''വെരും മാഷേ...''

അവൻ്റെ വാക്കുകളിലെ ആത്മവിശ്വാസം മാഷ് തിരിച്ചറിഞ്ഞു.

"സമയം  മൂന്ന് മണിക്കൂർ ആയിരിക്കും. നോക്കി ചെയ്യണം''

അതു കേട്ടപ്പോൾ അമ്പാടിയുടെയും, അമ്മയുടെയും മുഖം ഒരു പോലെ മ്ലാനമായത് മാഷ് ശ്രദ്ധിച്ചു.

"എന്തു പറ്റി...''

''മാഷേ അത് സമയം നോക്കാൻ''

''ഓഹ് അതാണോ കാര്യം" അദ്ദേഹം കയ്യിലുള്ള വാച്ച് ഊരി അമ്പാടിയുടെ കൈ വെള്ളയിൽ വെച്ച് കൊടുത്തു.

"മാഷേ...ഇത്; മാഷ് കെട്ടുന്നതല്ലേ?''

''അതേ... മത്സരം കഴിയുന്നതുവരെ നീയാണ് ഇത് സൂക്ഷിക്കേണ്ടത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാ അത് ഞാൻ നെനക്ക് തര്ന്ന സമ്മാനായിരിക്കും".

മറുപടി പറയാൻ കഴിയാതെ അമ്മയും, മകനും മുഖത്തോട് മുഖം നോക്കി. അപ്പോഴേക്കും അഞ്ജു ആവി പറക്കുന്ന കട്ടൻ ചായയുമായി അങ്ങോട്ടു വന്നു. സ്നേഹത്തോടെ മാഷ് അവളിൽ നിന്നും ചായ വാങ്ങി ചുണ്ടോട് അടുപ്പിച്ച് അൽപ്പാൽപ്പമായി കുടിക്കാൻ തുടങ്ങി.

"നല്ല ചായ! കൊച്ചു മിടുക്കി അമ്മയെ അടുക്കളേൽ സഹായിക്കാറുണ്ടല്ലേ!"

അഞ്ജു നാണത്തോടെ അമ്മയുടെ പിറകിൽ ഒളിച്ചു. 

ഒഴിഞ്ഞ ഗ്ലാസ് തിരികെ നൽകി അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റു.പോകാൻ നേരം മാധവനോട് ഇക്കാര്യം സൂചിപ്പിക്കണമെന്ന് പറയുകയും ചെയ്തു. മാഷ് പോയതിനു ശേഷം അമ്പാടി ആ വാച്ച് തൻ്റെ  നെഞ്ചോട് ചേർത്തു. അതിലെ സൂചികളുടെ സ്പന്ദനം അവൻ്റെ ഹൃദയത്തിലേക്ക് തുളച്ച് കയറുന്നതു പോലെ  തോന്നി.

തുടരും...


ഭാഗം - 12

മത്സരം നടക്കുന്നത് മറ്റൊരു സ്കൂളിൽ  ആയിരുന്നു. സ്കൂൾ ബസിലാണ് അധ്യാപകരും കുട്ടികളും പോയിരുന്നത്. അമ്പാടി ആദ്യമായിട്ടായിരുന്നു സ്കൂൾ ബസിൽ കയറുന്നത് അതുകൊണ്ട് തന്നെ  അവൻ വല്ലാത്ത ത്രില്ലിലായിരുന്നു.


തങ്ങളുടെ സ്കൂളിനെക്കാളും വലിയ സ്കൂൾ ഒക്കെ തന്നെയാണ് പക്ഷെ ആ വലിയ ആൽമരം ഇവിടെയില്ല. എന്തോരം തണലാണ് ആ വൃക്ഷം പ്രധാനം ചെയ്യുന്നത്. അതുപോലെ എത്രമാത്രം പക്ഷികളാണ് അതിൽ ചേക്കേറിയിരിക്കുന്നത്. അത്ഭുതത്തോടെ എല്ലായിടവും വീക്ഷിക്കുന്നതിനിടയിൽ അഫ്സൽ മാഷ് അവൻ്റെ പേര് വിളിച്ചു. അവന് ഇരിക്കേണ്ട സ്ഥലം കാണിച്ചു കൊടുത്ത് മാഷ് പുറത്തേക്ക് പോയി. 

അമ്പാടി ക്ലാസ് മുറിയെ ആകമാനം നോക്കി. തന്നെ പോലെ പല സ്കൂളിൽ നിന്നും വന്ന കുട്ടികൾ അവരവരുടെ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. മാഷ് കാണിച്ചു കൊടുത്ത സ്ഥലത്ത് അവനും ഇരുന്നു. സാധന സാമഗ്രികൾ ഒരു സൈഡിൽ ഒതുക്കി വെച്ചു. കൺവെട്ടത്തു തന്നെ കുട്ടി മാഷിൻ്റെ വാച്ചും എടുത്തു വെച്ചു. 

ബെല്ല് മുഴങ്ങിയപ്പോൾ തന്നെ മത്സരം ആരംഭിച്ചു.മൂന്ന് മണിക്കൂർ വേണ്ടി വന്നില്ല.അതിനിടയിൽ തന്നെ അമ്പാടി മത്സരം പൂർത്തീകരിച്ചിരുന്നു. തിരികെ സ്കൂളിൽ എത്തിയപ്പോൾ കയ്യിലുള്ള വാച്ച് അവൻ കുട്ടി മാഷിനെ ഏൽപ്പിച്ചു.

അന്നു വൈകുന്നേരം തന്നെ  നെറ്റിൽ നിന്ന് കുട്ടി മാഷ് മത്സരത്തിൻ്റെ ഫലം ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് സ്കൂൾ നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. പിറ്റേന്ന് അസംബ്ലിയിൽ വെച്ച് മത്സരത്തിൻ്റെ ഫലം വെളിപ്പെടുത്തുകയും ചെയ്തു.

പ്രതീക്ഷിച്ചതു പോലെ തന്നെ അമ്പാടിക്ക് സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു. സന്തോഷം കൊണ്ടവൻ വീർപ്പുമുട്ടി. ഇനി ജില്ലാതലത്തിലേക്കുള്ള മത്സരമാണ്. ചെയ്ത് പഠിച്ചത് തന്നെ ഒന്നൂടെ ഭംഗിയാക്കി പഠിച്ചു.സ്കൂളിൽ നിന്ന് എൽ. പി തലത്തിൽ അവനും യു.പി തലത്തിൽ വേറൊരു കുട്ടിക്കുമായിരുന്നു ജില്ലാതലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. 

മത്സരത്തിന് പങ്കെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ കുട്ടി മാഷിനെയും, മാഷിൻ്റെ വാച്ചും മനസ്സിൽ തെളിഞ്ഞു. മാഷിന് കൊടുത്ത വാക്ക് അത് പ്രാവർത്തികമാക്കണം.

വൈകാതെ തന്നെ ജില്ലാതല മത്സരത്തിൻ്റെ തീയതി മാഷ് അസംബ്ലിയിൽ അനൗൺസ് ചെയ്തു. വൈകുന്നേരം സ്കൂൾ വിട്ട നേരം മാഷ് അവൻ്റെ അടുത്തേക്ക് വന്നു. രാവിലെ എട്ടു മണിക്ക് സ്കൂളിൽ എത്തണം. എൻ്റെ വണ്ടിയിൽ മത്സരം നടക്കുന്ന സ്കൂളിലേക്ക് പോകാം.

മാഷിൻ്റെ കൂടെ പോകാമല്ലോ എന്നോർത്ഥപ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. ആ രാത്രി എങ്ങനെ എങ്കിലും പുലർന്നാൽ മതി എന്നായിരുന്നു അവൻ്റെ ഉള്ളിൽ. ഉറങ്ങാതെ തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നതു കണ്ട് അച്ഛനും, അമ്മയും അവനെ ശാസിച്ചു.

''ഒറക്കം ഒഴിഞ്ഞാ നാളെ മത്സര സമയത്ത് ഒറക്കം തൂങ്ങും പറഞ്ഞില്ലെന്ന് വേണ്ട''

''അങ്ങനെയൊന്നും ഒണ്ടാവില്ല. നിങ്ങള് രണ്ടാളും നോക്കിക്കോ ജില്ലയിൽ ഞാൻ തന്നെ ആയിരിക്കും ഒന്നാമത്"

''ഊം... അധികം ആശിക്കണ്ട. വല്യ ക്ലാസിലെ പിള്ളേരോടാണ് മത്സരിക്കേണ്ടത് എന്ന ഓർമ്മ വേണം''

അഞ്ജു അവനെ ഓർമ്മപ്പെടുത്തി.

''അതൊന്നും ഈ അമ്പാടിക്കൊരു പ്രശ്നമേ അല്ല. ഏച്ചി നോക്കിക്കോ, ഞാൻ തന്നെ ഒന്നാമത്. അമ്മയാണ് ഈ കാര്യത്തിൽ എൻ്റെ ഗുരു. ഞാൻ വിജയിക്കുക തന്നെ ചെയ്യും''. അത്രയ്ക്കും ആത്മ വിശ്വാസമുണ്ടായിരുന്നു അവൻ്റെ വാക്കുകളിൽ.അംബികയും, മാധവനും ഒന്നും പറയാതെ ചേച്ചിയും, അനുജനും പറയുന്നതിന് കാതോർത്ത് കിടന്നു.

പിറ്റേന്ന് രാവിലെ  മാഷിനൊപ്പം പുറപ്പെടുമ്പോൾ അദ്ദേഹം പറഞ്ഞു. ടെൻഷനൊന്നും വേണ്ടാട്ടോ.നന്നായിട്ട് മത്സരിച്ചിട്ട് വാ. മറുപടി പറയാതെ പുഞ്ചിരിയോടെയവൻ തല കുലുക്കി.

വൈകുന്നേരം മത്സരത്തിൻ്റെ ഫലം വന്നപ്പോൾ  കുട്ടി മാഷ് അമ്പാടിയുടെ വീട്ടിലെത്തി. ജില്ലാതലത്തിലും ഒന്നാമതായ വിവരം അറീച്ചു. അവന് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു. ആദ്യമായിട്ടാണ് ഒരു മത്സരത്തിൽ പങ്കെടുക്കുന്നതും ഒന്നാമതായി വിജയിക്കുന്നതും.കുട്ടി മാഷ് കാരണമാണ് തനിക്ക് ഈ അവസരം കിട്ടിയത് നന്മയുള്ള മനസ്സാണ് അദ്ദേഹത്തിൻ്റെ. അതോണ്ടല്ലേ ആദ്യമായിട്ട് ഈ വിഷയത്തിലേക്ക് മത്സരിക്കാൻ തൻ്റെ പേര് നൽകിയതും വിജയിക്കാൻ സാധിക്കുമെന്ന് ഉറപ്പ് പറഞ്ഞതും. മാഷിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ലായിരുന്നു.

വാക്കു പറഞ്ഞത് മാഷ് നിറവേറ്റി ജില്ലാതലത്തിൽ ഒന്നാമതായാൽ തൻ്റെ കയ്യിലെ വാച്ച് നൽകാമെന്നത്. പിറ്റേന്ന് സ്കൂൾ അസംബ്ലിയിൽ വെച്ച് മാഷ് അവൻ്റെ കൈത്തണ്ടയിൽ പുതിയൊരു വാച്ച് കെട്ടി കൊടുക്കുകയും ,കൂട്ടത്തിൽ മാഷിൻ്റെ കൈയിലെ വാച്ച് സമ്മാനിക്കുകയും ചെയ്തു. വിലമതിക്കാനാവാത്ത ആ നിധി അവൻ തൻ്റെ ഹൃദയത്തോട് ചേർത്തു.

തുടരും...


ഭാഗം -  13

പുതിയ വർഷം പിറന്ന സമയത്തായിരുന്നു സ്കൂളിനെയും, നാടിനെയും നടുക്കിയ ആ സംഭവം അരങ്ങേറിയത്. 


രാവിലെ സ്കൂളിലേക്ക് വരികയായിരുന്ന കുട്ടികളെ അമിത വേഗതയിൽ കല്ലും കൊണ്ട് പോവുകയായിരുന്ന ലോറി ഇടിച്ചിട്ടത്. നിർത്താതെ പോയ ലോറിയെ  പാറ വഴിയുള്ള എളുപ്പവഴിയിലൂടെ  പിന്തുടർന്ന് ഓടി അമ്പാടിയും കൂട്ടരും റോഡിൽ നിറയെ കല്ലു പെറുക്കിയിട്ട് ബ്ലോക്കാക്കി വെച്ചു. ഇറങ്ങി ഓടാൻ ശ്രമിച്ച ഡ്രൈവറെ പിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും കുട്ടികളെ തട്ടിമാറ്റി അയാൾ ഓടി രക്ഷപ്പെട്ടു. എന്നാൽ അമ്പാടിയും ചങ്ങാതിമാരും പോലീസ് വരുന്നതുവരെ ലോറിയുടെ മുന്നിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല. സ്കൂൾ സമയത്തെ ലോറി കളുടെ പരക്കം പാച്ചിലിന് അറുതി വരുത്താൻ വല്ല മാർഗ്ഗവും കാണണമെന്ന്

മെമ്പറോട് പറഞ്ഞിട്ട് ഒരാഴ്ച ആവുന്നതേ ഉള്ളു. ഇതു വരെ അതിനൊരു നടപടി ഉണ്ടായിട്ടില്ല. അതൊക്കെയാണ് അമ്പാടിയുടെ കുഞ്ഞു മനസ്സിൽ പ്രതിഷേധത്തിൻ്റെ ജ്വാല ആളിപടർത്താൻ കാരണമായത് .

ഭൂമി തുരന്ന് കല്പണകൾ എന്ന പേരിൽ പാറ മുഴുവൻ വലിയ വലിയ കുഴികൾ നിർമ്മിക്കുകയും ആവശ്യം ഇല്ലെങ്കിൽ അത് ഉപേക്ഷിക്കുകയും ചെയ്യുന്നത് നാടിന് തന്നെ ആപത്ത് സൃഷ്ടിക്കുന്നുണ്ടെന്ന് അമ്പാടി ഇതിനോടൊകം മനസ്സിലാക്കി വെച്ചിരുന്നു. മഴ പെയ്യുന്ന സമയം ഒരു പാട് അപകടങ്ങൾ ഉണ്ടാവുന്നു.

അക്കാരണം പറഞ്ഞ് വാർഡ് മെമ്പർക്ക് പരാതി നൽകിയിരുന്നു. അതൊന്നും മെമ്പർക്ക് അറിയാത്ത കാര്യമൊന്നും അല്ല. മണ്ണെടുക്കാനും, കല്ല് പൊട്ടിക്കാനുമുള്ള ലൈസൻസ് നേടിയിട്ടാണ് അവർ ആ ജോലി ചെയ്യുന്നത്. അധികാരികൾ തന്നെയാണ് അവർക്കതിനുള്ള അനുവാദം കൊടുത്തിട്ടുള്ളതും പിന്നെ ആരോട് പറയാൻ അതൊക്കെ പറഞ്ഞാൽ അമ്പാടിക്ക് മനസ്സിലാവില്ല. എന്നാൽ ചില സമയങ്ങളിൽ ഒരു മൂന്നാം ക്ലാസുകാരൻ്റെ പക്വതയല്ല അവനെന്ന് മാധവനെ കാണുമ്പോഴൊക്കെ  മെമ്പർ പറയും.

പോലീസുകാർ വന്നിട്ടും അമ്പാടിയും, കൂട്ടരും ലോറി വിട്ട് നൽകാൻ തയ്യാറായില്ല. വിട്ടു നൽകണമെങ്കിൽ രണ്ട് കാര്യം നടപ്പിലാക്കി തരണം. 

"അതിലൊന്ന് പണയുടെ ആവശ്യം കഴിഞ്ഞാൽ ആ കുഴികൾ നികത്താനുള്ള വഴിയൊരുക്കണം. രണ്ടാമത്തേത്  സ്കൂൾ സമയം കഴിഞ്ഞാൽ മാത്രമേ  പണയിൽ നിന്ന് പോകുന്ന ലോറികൾ റോഡിലിറങ്ങാവൂ''

കുട്ടികളുടെ ആവശ്യം ന്യായമാണെന്ന് പോലീസുകാർക്ക് മനസ്സിലായി.പക്ഷെ ഇതൊക്കെ നടപ്പിലായി വരണമെങ്കിൽ കുറച്ച് സമയമെടുക്കും. കുട്ടികളാണ് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പണി പാളുമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായി.

അപ്പോഴേക്കും സംഭവമറിഞ്ഞ് ചാനലുകാരും അവിടെ എത്തി.പോലീസുകാരോട് പറഞ്ഞ കാര്യം തന്നെയായിരുന്നു. അമ്പാടിക്കും ഒപ്പമുള്ളവർക്കും ചാനലിനോടും പറയാനുണ്ടായിരുന്നത്. ആ വാർത്ത മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം കുട്ടികളുടെ ആവശ്യം അംഗീകരിച്ചു കൊടുക്കാൻ തയ്യാറായി. ലോറി ഡ്രൈവറെ അന്വേഷണ വിധേയമായി ലൈസൻസ് കട്ട് ചെയ്ത് നരഹത്യക്കെതിരെ കേസ് എടുത്തു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ആവശ്യമായ ചികിത്സാ സഹായവും നൽകാൻ മന്ത്രി ഉത്തരവിട്ടു.

അമ്പാടിയുടെ ദൃഢനിശ്ചയമാണ് കാര്യങ്ങളൊക്കെ ഭംഗിയിൽ കലാശിച്ചത്. സ്കൂളിൻ്റെ മാത്രമല്ല ഒരു നാടിൻ്റെ കൂടി അഭിമാനമായി മാറുകയായിരുന്നു അവൻ.നാട്ടുകാർ അവന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ നൽകി അനുമോദിച്ചു.

തുടരും...


ഭാഗം -  14

വാർഷിക പരീക്ഷ നടക്കാൻ കുറച്ച് മാസങ്ങൾ ബാക്കി നിൽക്കെയാണ് ഒരു ദിവസം കുട്ടി മാഷ് അടിയന്തിരമായൊരു ഉച്ചഭക്ഷണത്തിനു ശേഷം അസംബ്ലി വിളിച്ചത്. പരീക്ഷയെ കുറിച്ച് പറയാനാവുമെന്നാണ് എല്ലാവരും ധരിച്ചത്. 


ലോകത്തെ മൊത്തം ദുരന്തത്തിലാക്കാൻ ഉതകുന്ന കോവിഡ് 19 എന്ന മഹാമാരി ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കൊറോണ എന്ന പേരിലുള്ള ഒരു വൈറസാണ് ഈ പകർച്ചവ്യാധിക്ക് കാരണം അതോണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ അടച്ചിടാൻ ഗവൺമെൻ്റ് ഉത്തരവിട്ടിട്ടുണ്ടെന്നും മാഷ് പറഞ്ഞ് കേട്ടപ്പോൾ എല്ലാവർക്കും സങ്കടമായി.

ചുമക്കുമ്പോഴും, മൂക്കു ചീറ്റുമ്പോഴും പുറത്തേക്ക് തെറിക്കുന്ന ചെറിയ തുള്ളികൾ വഴിയാണ് അധികവും രോഗം പടരുന്നത്. അതോണ്ട് വ്യക്തി ശുചിത്വം എല്ലാവരും പാലിക്കണം, കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകണം, കൂട്ടുകാരെ കാണുമ്പോൾ കെട്ടി പിടിക്കാനോ, കൈകൾ കൊടുക്കാനോ പാടില്ല അതിലൂടെ ഒക്കെ അസുഖം കൂടുതലാകും. മൂക്കും, വായയും മൂടുന്ന തരത്തിൽ മാസ്ക് ഉപയോഗിച്ചാൽ ഒരു പരിധി വരെ രോഗ വ്യാപനം തടയാനാകും.

മാഷ് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആരോ ഒരാൾ ഉച്ചത്തിൽ തുമ്മുകയും, ചുമക്കുകയും ചെയ്തു. ഒപ്പമുള്ള കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു.

''മാഷേ....ഇവൻ തുമ്മി, ഇവൻ കൊരച്ചു കൊറോണയാണെന്ന് തോന്നുന്നു".

എല്ലാ കുട്ടികളും ഭീകരജീവികളെ നോക്കുന്നതു പോലെയാണ് തുമ്മിയവനെയും, ചുമച്ചവനെയും നോക്കിയത്. ആ കുട്ടികൾ കരച്ചിലിൻ്റെ വക്കോളമെത്തിയിരുന്നു.അതു മനസ്സിലാക്കിയ കുട്ടി മാഷ് രണ്ടു പേരെയും അടുത്തേക്ക് വിളിച്ചു എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.

''നോക്ക് സാദാ തുമ്മലൊന്നും കൊറോണയല്ല. ഇത് പൊടി കൊണ്ടപ്പോൾ തുമ്മിയതാണ്.അതാണ് പറഞ്ഞത് എല്ലാവരും ഇനി മുതൽ മാസ്ക് ഇടേണ്ടി വരുമെന്ന്" മനസ്സിലായ മട്ടിൽ കുട്ടികളെല്ലാം തലയാട്ടി. അസംബ്ലി കഴിഞ്ഞതിനു ശേഷം ഒരു പിരിയ്ഡ് കഴിഞ്ഞപ്പോൾ തന്നെ സ്കൂൾ വിടാനുള്ള ബെല്ലടിച്ചു.

കുട്ടികളെയും കൊണ്ട്  സ്കൂൾ ബസ് രണ്ടാമത്തെ ട്രിപ്പ് പോയിട്ടും അമ്പാടിയും, ശബരിയും, ആദിയും, മൊയ്തുവും, താരയും, ദേവുവും വീട്ടിലേക്ക് പോകാതെ ആൽമരത്തിനെ ചുറ്റിപറ്റി നിൽക്കുന്നുണ്ടായിരുന്നു.ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് കുട്ടി മാഷ് അവർക്കരികിലേക്ക് വന്നു.

"ഇതെന്താ ആരും വീട്ടിൽ പോകാത്തെ, അധികം ചുറ്റി കറങ്ങാതെ വീട്ടിൽ പോകാൻ നോക്ക്"

''മാഷേ...ഇനിയെപ്പാ സ്കൂൾ തൊറക്ക്വാ''

അവർക്ക് അറിയേണ്ടത് അതായിരുന്നു.

"കൊറോണ കൊറയുമ്പോ?" അത് എന്ന് കുറയുമെന്ന് മാഷിനും വല്യ ധാരണയില്ലായിരുന്നു.

"ഇപ്പോ എല്ലാരും വീട്ടിലേക്ക് പോയ്ക്കോ, രോഗവ്യാപനം കുറഞ്ഞാ വീണ്ടും സ്കൂൾ തുറക്കാൻ ഉത്തരവ് വരും. അപ്പൊ സ്കൂളിൽ വരാലോ? അതുവരെ വീട്ടിലിരുന്ന് നല്ലോണം വായിച്ച് പഠിക്കണംട്ടോ".

മാഷ് പറഞ്ഞത് മനസ്സിലായെങ്കിലും 

പൂർണ്ണമായും അദ്ദേഹത്തിൻ്റെ വാക്കുകൾ അവരെ തൃപ്തരാക്കിയിരുന്നില്ല. വീട്ടിലേക്ക് പോവുന്ന വഴിക്കൊക്കെയും അവരുടെ സംസാരം കൊറോണയെ കുറിച്ച് തന്നെയായിരുന്നു.

ദിവസങ്ങളും, മാസങ്ങളും കടന്നു പോകുന്നതല്ലാതെ കൊറോണക്ക് കാര്യമായ കുറവൊന്നും വന്നില്ല.പത്രങ്ങളിൽ ദിനംപ്രതി  കൂടുതലായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  പെരുകി കൊണ്ടിരിക്കുന്നതും വായിച്ച് അമ്പാടിക്ക് മടുത്തു. സ്കൂൾ ഒന്ന് തുറന്നെങ്കിലെന്ന് ആത്മാർത്ഥമായും അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. കൂട്ടുകാരോടൊപ്പം ഒന്നിച്ച് കൂടാനും, കളിക്കാനും അവൻ്റെ മനസ്സ് കൊതിച്ചു.

അമ്മ പക്ഷെ അവനെ പുറത്തിറങ്ങാൻ സമ്മതിക്കാറില്ല. ഒന്നും രണ്ടും ലോക്ഡൗണുകൾ വന്നതോടെ മാധവന് പണിയില്ലാതായി. ജീവിതം പരിതാപകരമായി തുടങ്ങി. സർക്കാറിൻ്റെ സൗജന്യ അരിയും വീട്ടുമുറ്റത്തെ പച്ചക്കറിയും ഒരു പരിധി വരെ പട്ടിണി ഇല്ലാതാക്കിയെങ്കിലും മറ്റുള്ള ചെലവുകൾക്ക് വഴിയില്ലാതായി.

പണയിലെ പാറപൊടി ശ്വസിച്ച് ഇടക്ക് വരാറുള്ള ശ്വാസം മുട്ടലും ചുമയും കാലാവസ്ഥ മാറുന്നതിനനുസരിച്ച് അധികമായി  തുടങ്ങി. ഗവആസ്പത്രിയിൽ ചെന്നാൽ അഞ്ചു മീറ്ററോളം അകലത്തിൽ ഇരുന്നാണ് ഡോക്ടർ ഓരോ കാര്യവും ചോദിച്ചറിഞ്ഞ് മരുന്ന് കുറിച്ച് കൊടുക്കുന്നത്. അതുകൊണ്ടൊന്നും പലപ്പോഴും ഭേദമാവാതെ വന്നു. പനിയും, തലവേദനയും, മേല് വേദനയും ചുമയും ഒക്കെയായുള്ള അച്ഛൻ്റെ അവസ്ഥ പലപ്പോഴും അമ്പാടിയിൽ ഭീതിയുണർത്തി. ശ്വാസം മുട്ടൽ കഠിനമായപ്പോൾ കൊറോണ ടെസ്റ്റ് ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. റിസൾട്ട് വന്നപ്പോൾ പോസറ്റീവ്. വാർഡ് മെമ്പറുടെ നേതൃത്വത്തിലായിരുന്നു ആസ്പത്രിയിൽ നിന്നും ആംബുലൻസ് വന്ന് മാധവനെ കൊണ്ടു പോയത്. കൂടെ പോകാൻ അമ്മയും മക്കളും കിണഞ്ഞ് ശ്രമിച്ചെങ്കിലും അധികൃതർ അവരെ വിലക്കി. മാത്രമല്ല ആശ വർക്കർ അവരുടെ വീടിൻ്റെ ചുവരിൽ  'ഈ വീട്ടിൽ താമസിക്കുന്നവർ നിരീക്ഷണത്തിലാണെന്ന് ' പേപ്പറിൽ എഴുതി ഒട്ടിക്കുകയും ചെയ്തു.

അച്ഛൻ ഒപ്പമില്ലാത്ത ഒരു ദിവസം പോലും അമ്പാടിക്ക് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല. അവർക്കും ചെറിയ രീതിയിൽ ജലദോഷവും, പനിയുമൊക്കെ വന്നു. മരുന്നുമായി ഹെൽത്തിൽ നിന്നും ആശാവർക്കർ വരും. വീട്ടിലേക്ക് കയറാതെ ദൂരെ നിന്ന് അംബികയെ വിളിച്ച് മരുന്ന് മുറ്റത്ത് വെച്ചിട്ട് തിരികെ പോകും.

അംബികയും മക്കളും ക്വാറൻ്റൈനിൽ ആയതു തൊട്ട് ആരും അങ്ങോട്ട് വരാതെയായി.ആയിഷുമ്മയും, കുട്ടി മാഷും, ശബരിയും എല്ലാ ദിവസവും മുറ്റത്ത് വരെ വന്ന് അവരുടെ സുഖവിവരങ്ങൾ തിരക്കിയിട്ട് പോവും.

എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ആരെയും കാണാതെയുള്ള ജീവിതം അമ്പാടിക്ക് ദുസ്സഹമായി തുടങ്ങി. എങ്ങനെയെങ്കിലും, പുറത്തിറങ്ങിയാൽ മതി. അച്ഛനെ കാണാതെ നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. അച്ഛൻ്റെ അസുഖം മാറിയിട്ടുണ്ടാവില്ലേ എന്താണ് ഇനിയും വരാൻ ഇത്ര താമസം എന്നൊക്കെ അവൻ ചിന്തിച്ചു. അമ്മയോട് ചോദിച്ചപ്പോഴൊക്കെ കരയുകയും മൂക്ക് പിഴിയുകയും ചെയ്തു.

അച്ഛൻ ഒപ്പമുണ്ടായിരുന്നെങ്കിൽ അമ്പാടിക്ക് ഇത്രേം വിഷമം വരില്ലായിരുന്നു. അവൻ എല്ലാ നേരവും അച്ഛനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു.

തുടരും...


ഭാഗം -  15

വാർഡ് മെമ്പറും, കുട്ടി മാഷും വീട്ടിൽ വന്ന് പോയതു തൊട്ട് അമ്മ ഒരേ കരച്ചിലാണല്ലോ എന്ന് അമ്പാടി ഓർത്തു. കരച്ചിലിനിടയിലും 'ഞങ്ങൾക്ക് ഇനി ആരുണ്ട് ' എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള വിലാപം കേട്ടപ്പോൾ അമ്പാടിക്ക് സങ്കടം വന്നു. അമ്മയുടെ കരച്ചിലിൻ്റെ കാരണം ആരോടാണ് ഒന്ന് ചോദിച്ച് മനസ്സിലാക്കുക.


പുറത്തിറങ്ങാൻ ഇനിയും ദിവസങ്ങൾ ബാക്കി. നാശം പിടിച്ച കൊറോണ കാരണം അടച്ചിരിക്കേണ്ടി വന്നല്ലോ എന്നാക്കെ അവൻ തനിയെ പിറുപിറുത്തു. അവസാനം അമ്മയോട് തന്നെ കരച്ചിലിൻ്റെ കാരണം തിരക്കി. അമ്മ അവനെയും ചേച്ചിയേയും കെട്ടിപിടിച്ച്   അച്ഛൻ ദൈവത്തിൻ്റെ അടുക്കലേക്ക് പോയെന്ന് പറഞ്ഞു കൊണ്ട് പൊട്ടിക്കരഞ്ഞു.

മനുഷ്യർ മരിച്ചു കഴിഞ്ഞാലല്ലെ ദൈവത്തിൻ്റെ അടുക്കലേക്ക് പോകുന്നത്. അപ്പോ അമ്പാടിയുടെ അച്ഛൻ മരിച്ചു പോയെന്നോ? അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ വാർഡ് മെമ്പറ് കള്ളം പറഞ്ഞതാവും. അല്ലല്ലോ മെമ്പറുടെ കൂടെ കുട്ടി മാഷും ഉണ്ടായിരുന്നല്ലോ? ദേഷ്യവും, സങ്കടവും കൊണ്ട് അമ്പാടിക്ക് എന്താണ് ചെയ്യേണ്ടതെന്ന് തിരിയാതെയായി. വലിയ വായിൽ കരഞ്ഞുകൊണ്ട് അവൻ നിലത്ത് വീണ് ഉരുണ്ടു. തല പിച്ചി പറിച്ചു. അമ്മയും ചേച്ചിയും അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ്റെ കരുത്തിനു മുന്നിൽ അവർ കുഴഞ്ഞു പോയി. കരച്ചിലിന് ഇത്തിരി ശമനം വന്നപ്പോൾ അമ്പാടി എഴുന്നേറ്റ് അമ്മക്കരികിൽ ചെന്നിരുന്നു.

"എനിക്ക് അച്ഛനെ കാണണം'' അവൻ്റെ ചിണുങ്ങലിന് അംബികക്ക് മറുപടി ഇല്ലായിരുന്നു. അമ്മ കേട്ടിട്ടില്ലെന്ന് കരുതി അവൻ ഒന്നൂടെ ഉറക്കെ പറഞ്ഞു.

''അമ്മേ... എനിക്ക് അച്ഛനെ കാണണംന്ന്''

"അച്ഛന് കൊറോണ ആയതോണ്ട് നമ്മളെ കാണാൻ വിടൂല അമ്പൂട്ടാ...'' അംബികയുടെ സ്വരം ദൈന്യമായി.

"പറ്റില്ല എനിക്ക് അവസാനമായിട്ട് എൻ്റെ അച്ഛനെ കാണണം''

വീടിനുള്ളിലെ ബഹളം! അങ്ങോട്ട് വരികയായിരുന്ന കുട്ടി മാഷ് വഴിയിൽ നിന്നേ കേൾക്കുന്നുണ്ടായിരുന്നു.

മുറ്റത്ത് എത്തിയപ്പോൾ അദ്ദേഹം അമ്പാടിയെ ഉറക്കെ വിളിച്ചു.

മാഷിൻ്റെ ശബ്ദം കേട്ടപ്പോൾ അമ്പാടിക്ക് ആശ്വാസമായി. മുന്നിലെ ജനൽ പാളികൾ തുറന്ന് തൻ്റെ ആഗ്രഹം അവൻ മാഷിനെ അറീച്ചു.

അച്ഛനെ അവസാനമായിട്ട് ഒന്ന് കാണാൻ വേണ്ടിയുള്ള ആ കുഞ്ഞിൻ്റെ യാചന മാഷിൻ്റെ കരളലിയിച്ചു.

അവിടെ നിന്നു തന്നെ മാഷ് ആരെയൊക്കെയോ ഫോണിൽ വിളിച്ച് സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ആരൊക്കെയോ അങ്ങോട്ട് വരുന്നത് അമ്പാടി കണ്ടു. മൊത്തം കവർ ചെയ്ത അവരെയൊന്നും അവന് മനസ്സിലായില്ല. വാതിൽ തുറന്ന് പുറത്ത് വരാൻ അവർ അവരോട് ആവശ്യപ്പെട്ടു. അതിനു ശേഷം കയ്യിലുള്ള പി.പി ഇ കിറ്റ് അവർക്ക് നൽകി പെട്ടെന്ന് ധരിച്ച് വരാൻ അവരോട് പറഞ്ഞു. അതും ധരിച്ച് അവർക്കൊപ്പം പോകുമ്പോൾ നന്ദിയോടെയവൻ കുട്ടി മാഷിനെ നോക്കി. ദയനീയമായ ആ കുഞ്ഞുനോട്ടത്തെ നേരിടാൻ കെല്പില്ലാതെ അദ്ദേഹവും അവർക്കൊപ്പം റോഡു വരെ ചെന്നു.

വണ്ടിയിൽ   മൊത്തം കവർ ചെയ്തിട്ടുള്ള അച്ഛൻ്റെ ശരീരം ദൂരെ നിന്ന് മാത്രമേ അവന് കാണാൻ സാധിച്ചുളളു. കെട്ടി പിടിച്ച് പൊട്ടിക്കരയാനോ,അവസാനമായി ഒന്ന് ഉമ്മവെക്കാനോ സാധിക്കാതെ അമ്പാടി വിങ്ങിപൊട്ടി നിന്നു. ആരുടെയും സാമീപ്യം നുകരാതെ ഏകനായി ആംബുലൻസിൽ മറ്റൊരു ലോകത്തിലേക്ക് യാത്രയാകുന്ന അച്ഛന് മൗനമായി അവൻ യാത്രാമംഗളങ്ങൾ നൽകി.

തുടരും...


ഭാഗം - 16

അച്ഛൻ്റെ വേർപാടോടെ അമ്പാടി ആകെ മാറി. ആരോടും അധികം സംസാരമില്ലാതെയായി. അവൻ്റെ മാറ്റം അംബികയെ വിഷമ വൃത്തത്തിലാക്കി കൊണ്ടിരുന്നു. മാഷിനെ കണ്ട്  അവർ കാര്യം ധരിപ്പിച്ചു.


'നമുക്ക് ശരിയാക്കി എടുക്കാമെന്ന്' മാഷ് വാക്കു കൊടുത്തു.

കുട്ടി മാഷ് ഇടക്ക് വന്ന് അവനെയും കൊണ്ട് പുറത്ത് പോകാൻ തുടങ്ങി. പതിയെ പതിയെ അമ്പാടി പഴയ രീതിയിലേക്ക് വരാൻ തുടങ്ങി. 

പുതിയ അധ്യയന വർഷം ഓൺലൈനായി ജൂണിൽ തന്നെ ആരംഭിച്ചപ്പോൾ ഓൺലൈൻ ക്ലാസ് കാണുവാൻ ടി വിയോ, ഫോണോ ഇല്ലാത്തവരുടെ കൂട്ടത്തിൽ അമ്പാടിയും ഉണ്ടായിരുന്നു.

സ്കൂളിൽ നിന്ന് അവനും കിട്ടി ഒരു സ്മാർട്ട് ഫോൺ. അതു വെച്ച് പഠിക്കാൻ അവന് ഒരു സുഖവും തോന്നിയില്ല. അതിൻ്റെ സ്ക്രീനിലേക്ക് നോക്കിയിരിക്കുമ്പോൾ തലക്ക് വല്ലാത്ത കനമാണ്. ഫോണിലൂടെ ടീച്ചറിനെയും, കൂട്ടുകാരെയും കാണുന്നുണ്ടെങ്കിലും പറഞ്ഞ് അറീക്കാൻ സാധിക്കാത്ത ഒരു നഷ്ടബോധം മനസ്സിൽ അലയടിക്കുന്നു.

ആ വർഷം തന്നെയായിരുന്നു കുട്ടി മാഷ് ഹെഡ്മാസ്റ്റർ സ്ഥാനം ഒഴിഞ്ഞത്. സ്കൂളിനു വേണ്ടിയും കുട്ടികൾക്കു വേണ്ടിയും ജീവിതത്തിൻ്റെയും പാതി പകുത്തു നൽകിയ ആ നന്മ ഹൃദയം സ്കൂളിൻ്റെ പടിയിറങ്ങുന്നതു കാണാൻ അമ്പാടിയും ചെന്നിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അധികം  ആളും, ആരവവും ഇല്ലാതെയുള്ള മാഷിൻ്റെ വിടവാങ്ങൽ അമ്പാടിയെ തെല്ലൊന്നുമല്ല ഉലച്ചത്. മാഷ് ഇനി കൈ അകലത്തിൽ ഇല്ലെന്ന വസ്തുത അവൻ്റെ സങ്കടത്തെ ഇരട്ടിപ്പിച്ചു.

മാഷിനും സങ്കടമുണ്ടായിരുന്നു പക്ഷെ പുറത്ത് കാണിക്കാതെ അവനെ ആശ്ലേഷിച്ചു കൊണ്ട് മുതുകിൽ തട്ടി.

"പേടിക്കേണ്ട; ഞാൻ സ്കൂളിൽ നിന്ന് മാത്രല്ലേ പോകുന്നുള്ളു. നിനക്ക് എന്ത് ആവശ്യം വന്നാലും ഞാൻ ഒപ്പം തന്നെയുണ്ടാവും.  മാഷേ... ന്ന് നീട്ടിയൊന്ന് വിളിച്ചാ മതി. ഞാനുണ്ടാവും നിൻ്റെ കൂടെ"

ആ വാക്കുകൾ കണ്ണീരിലൂടെയും പുഞ്ചിരിക്കാനവനെ പ്രേരിപ്പിച്ചു.

തുടരും...


ഭാഗം -  17

വീട് സന്ദർശനത്തിന് അഫ്സൽ മാഷിനൊപ്പം പുതിയ ഹെഡ്മാസ്റ്റർ ദേവൻ മാഷും ഉണ്ടായിരുന്നു. മാഷാണ് അഞ്ചാം ക്ലാസിൻ്റെ ക്ലാസ് ടീച്ചർ. ഓൺ ലൈൻ ക്ലാസിലൂടെ  മാഷിനെ അമ്പാടി പലകുറി കണ്ടിട്ടുണ്ട്. 


കുട്ടി മാഷും, അഫ്സൽ മാഷുമൊക്കെ പറഞ്ഞ് അമ്പാടിയുടെ അവസ്ഥ ദേവൻ മാഷിന് നന്നായിട്ട് അറിയാമായിരുന്നു. അതു കൊണ്ടാണ് അമ്പാടിയുടെ വീട്ടിലേക്ക് മാഷ് നേരിട്ട് എത്തിയത്. കാത്തിരിപ്പുകൾക്ക് വിരാമമെന്ന പോലെ സ്കൂൾ തുറക്കാൻ പോവുകയാണെന്ന കാര്യം ഗൂഗിൾ മീറ്റിലൂടെ മാഷ് എല്ലാവരെയും അറീച്ചു.

സ്കൂളിൽ പോവുന്നതിലൂടെ കൂട്ടുകാരെയും, ടീച്ചേഴ്സിനെയും വീണ്ടും കാണാമല്ലോ എന്നോർത്തപ്പോൾ അമ്പാടിക്ക് സന്തോഷം തോന്നി. പക്ഷേ പഴേ പോലെ കുട്ടി മാഷ് ഇല്ലല്ലോ എന്നോർത്തപ്പോൾ വല്ലാത്തൊരു ശൂന്യത നിറയുകയും ചെയ്തു.

കേരള പിറവി ദിനത്തിൽ  രണ്ട് ബാച്ചുകളായുള്ള സ്കൂൾ ദിനങ്ങൾ അമ്പാടിയെ ശരിക്കും ബോറടിപ്പിച്ചു. മുഖത്തുള്ള മാസ്ക് കാരണം തമ്മിലുള്ള പുഞ്ചിരി പോലും മറന്നിരിക്കുന്നു.

ഒരേ സ്ഥലത്തു നിന്ന് വരുന്നവരായ ആദിയും, മൊയ്തുവും, ശബരിയും, ദേവുവും, താരയും അമ്പാടിയുടെ ബാച്ചിൽ തന്നെയായിരുന്നു.

കൂട്ടുകാരൊന്നും പഴയ പോലൊരു അടുപ്പം കാണിക്കാതിരുന്നത് അമ്പാടിയെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. മാസ്കിനുള്ളിൽ ശ്വാസം മുട്ടിയുള്ള ഇരിപ്പിനെക്കാളും ഓൺലൈൻ ക്ലാസായിരുന്നു നല്ലതെന്ന് ഇടക്കിടെ തോന്നാൻ തുടങ്ങി. വീർപ്പുമുട്ടിയുള്ള നടത്തത്തിൽ അവന് കുട്ടി മാഷിനെ കാണണമെന്ന ആഗ്രഹം കലശലായി.

സ്കൂൾ വിട്ട പാടെ അവൻ മാഷിൻ്റെ വീട് ലക്ഷ്യം വെച്ചു. മാഷ് അപ്പോൾ തലയിലൊരു കെട്ടൊക്കെ കെട്ടി മുഷിഞ്ഞൊരു ബനിയനും ഇട്ട് തെങ്ങിന് തടം കോരുകയായിരുന്നു. അവനെ കണ്ടപ്പോൾ മാഷിൻ്റെ മുഖം വിടർന്നു.

"ആഹാ... ഇതാര്  അമ്പാടിയോ? ഞാൻ നിന്നെ പറ്റി ഓർക്കുകയായിരുന്നു''.

"മാഷ് ഓർത്തതോണ്ട് അല്ലേ ഞാൻ ഓടിയിങ്ങ് പോന്നത്" മാഷിൻ്റെ കൈയിൽ നിന്നും തൂമ്പ പിടിച്ചു വാങ്ങി കൊണ്ട് അവൻ മറുപടി പറഞ്ഞു.

"ആ... അതോണ്ട് കളിക്കണ്ട. കയ്യോ, കാലോ മുറിഞ്ഞാ സ്കൂളിൽ വരാൻ പറ്റൂല" മാഷ് തൂമ്പ തിരികെ വാങ്ങിച്ചു.

"അല്ലേലും സ്കൂളിൽ വരാൻ മടി തോന്നുന്നു മാഷേ..."

"അതെന്തേ''

''ഈ മാസ്ക്കൊക്കെ ഇട്ട് പഠിക്കാൻ ഒരു സുഖോം ഇല്ല. പഴേ പോലെ മതിയായ്രുന്നു."

"അതൊക്കെ പറഞ്ഞിട്ട് കാര്യമില്ലല്ലോ? സാഹചര്യത്തിന് അനുസരിച്ച് നമ്മള് മാറണ്ടെ. ആട്ടെ അമ്മ എന്തു പറയുന്നു"

''അമ്മ തിരക്കിൽ തന്നെ ചൂരലിൻ്റെ കസേരക്കും, കുട്ടക്കും ഒക്കെ ഇപ്പോ ഒരു പാട് പേര് ചോയിക്കുന്നുണ്ട്. പലരും വീട്ടിൽ വന്നിട്ടാ സാധനം വാങ്ങിക്കൊണ്ട് പോകുന്നത്"

''ഊം... വൈന്നേരം ഞാൻ അങ്ങോട്ട് ഇറങ്ങുന്നുണ്ട്. അമ്മയോട് ഒരു കാര്യം പറയാനുണ്ട്".

ശബരിയെ കണ്ടപ്പോൾ മാഷിനോടവൻ യാത്ര പറഞ്ഞു. 

വൈകുന്നേരം ദേവൻ മാഷിനെയും കൂട്ടിയാണ് കുട്ടി മാഷ് അമ്പാടിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. മുറ്റത്തിരുന്ന് കുട്ടമെടയുന്ന തിരക്കിലായിരുന്നു അംബിക. മാധവൻ്റെ വിയോഗത്തോടെ അവൾ മുന്നേ ചെയ്തു കൊണ്ടിരുന്ന ജോലിയിൽ കുറേക്കൂടി  വ്യാപൃതയായി. രണ്ട് മാഷിനെയും ഒന്നിച്ച് കണ്ടപ്പോൾ അവളുടെ മുഖത്ത് ആശങ്കയുടെ നിഴൽ പരന്നു. അവർ എന്തിനാണ് വന്നതെന്ന് അറിയാനുള്ള ആകാംക്ഷയോടെ അമ്പാടി അവിടെയൊക്കെ ചുറ്റിപറ്റി നടന്നു.

കുട്ടിമാഷാണ് വന്ന കാര്യം അറീച്ചത്.

"അമ്പാടി ഇപ്പോൾ അഞ്ചാം ക്ലാസിലാണല്ലോ? നമുക്കവനെ ആറാം ക്ലാസിലേക്കുള്ള നവോദയ പരീക്ഷ എഴുതിക്കണം. കിട്ടിയാൽ ആറാം ക്ലാസ് തൊട്ട് പ്ലസ് ടു വരെ അവൻ്റെ കാര്യത്തെപറ്റി അംബികക്ക്  ഒന്നും ചിന്തിക്കണ്ട"

"അത് എന്ത് പരീക്ഷയാ മാഷേ...''

''ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്ക് ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി ഭാരത സർക്കാർ ഇറക്കിയ പദ്ധതിയാണ് നവോദയ പരീക്ഷ.എഴുതി കിട്ടിയാൽ അംബികക്ക് അമ്പാടിയുടെ കാര്യത്തിൽ പിന്നെ ടെൻഷനടിക്കേണ്ടി വരില്ല. പിന്നെ പാസായാൽ അവിടെ തന്നെ നിന്ന് പഠിക്കേണ്ടി വരും അത്രയേ ഉള്ളു".

"അതൊന്നും ശരിയാവൂല. ഞാൻ അമ്മയേയും, ചേച്ചിയേയും വിട്ട് എങ്ങോട്ടും പോവില്ല." എല്ലാം കേട്ടു നിൽക്കുകയായിരുന്ന അമ്പാടി അമ്മക്കു മുന്നേ മറുപടി പറഞ്ഞു.

"മോനിങ്ങ് വന്നേ" കുട്ടി മാഷ് അവനെ പിടിച്ച് അരികിലിരുത്തി.

''നോക്ക്  മാഷ് പറയുന്നത് മോൻ ശ്രദ്ധിച്ച് കേക്കണം. അച്ഛൻ പോയതോടെ അമ്മ നിങ്ങളെ വളർത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് മാഷിനറിയാം. പുസ്തകം വാങ്ങാനും, യൂണിഫോം വാങ്ങാനുമൊക്കെ ഇപ്പൊ ഒത്തിരി ചെലവ് ഉണ്ടെന്ന് അമ്പാടിക്കുട്ടന് അറിയാലോ? അങ്ങനെ കഷ്ടത അനുഭവിക്കുന്നവർക്കുള്ള ആശ്വാസമാണ് ഇങ്ങനെയുള്ള പരീക്ഷകൾ. ദൈവമായിട്ട് തരുന്ന അവസരങ്ങൾ നമ്മളായിട്ട് തട്ടിത്തെറിപ്പിക്കാൻ പാടില്ല. പരീക്ഷ പാസാകുമെന്ന് മാഷിന് നല്ല ഉറപ്പുണ്ട്. പരീക്ഷക്ക് പഠിക്കാൻ വേണ്ട എല്ലാ സഹായവും ദേവൻ മാഷ് ചെയ്യും. നീയൊന്ന് പഠിച്ച് പരീക്ഷ എഴുതിയാൽ മാത്രം മതി. അമ്മക്കും, ചേച്ചിക്കും ഇനി നീയേ ഉള്ളുവെന്ന് ഓർക്കുക."

"ഞാൻ പോയാൽ ഇവര് ഒറ്റക്കാവൂലേ... ചേച്ചിക്ക് സുഖമില്ലാത്തതല്ലേ?''

അതൊക്കെ ആയിരുന്നു അവൻ്റെ ആശങ്കകൾ.

"അതൊന്നും ഓർത്ത് മോൻ ബേജാറാകണ്ട. ഞാനില്ലേ... ദേവൻ മാഷില്ലേ, ആയിഷുമ്മയില്ലേ?''

അംബികയ്ക്ക് അവർ ഒറ്റക്കാവുന്നതിലായിരുന്നില്ല വേവലാതി. ''അവൻ കുഞ്ഞല്ലേ ഇപ്പോഴേ ഒറ്റക്കൊക്കെ നിക്ക്വാന്ന് പറഞ്ഞാല്"

"അതൊക്കെ ഇപ്പൊ തോന്നും. കുറേ കഴിയുമ്പോഴാണ് ചിലപ്പോ നഷ്ടം മനസ്സിലാവുക. അന്ന് ചെലപ്പോ അമ്പാടി തന്നെ ചോയിച്ചേക്കും അമ്മ എന്നെ അയക്കാഞ്ഞിട്ടല്ലേന്ന്. അപ്പോ അംബികക്ക് മറുപടി ഇണ്ടാവോ" 

മാഷിൻ്റെ ഓരോ ചോദ്യത്തിനും അംബികക്ക് മിണ്ടാട്ടം ഇല്ലായിരുന്നു.

"പരീക്ഷക്ക് വേണ്ട ഫോം മാഷ് ഫില്ല് ചെയ്ത്  അയക്കും പിന്നെ നാളെ സ്കൂൾ വിട്ട് കഴിഞ്ഞാല് ദേവൻ മാഷ് നിന്നെ പഠിപ്പിക്കും. നല്ല കുട്ടിയായിരുന്ന് പഠിക്കുക മനസ്സിലായോ?'' മാഷിൻ്റെ സ്വരത്തിലെ ശാസനയും, വാത്സല്യവും അംബികക്കും, അമ്പാടിക്കും മനസ്സിലാവുന്നുണ്ടായിരുന്നു.

പിറ്റേന്ന് വൈകുന്നേരം മുതൽ ദേവൻ മാഷ് ഗൈഡൊക്കെ നോക്കി പരീക്ഷക്ക് വേണ്ട കാര്യങ്ങളൊക്കെ അമ്പാടിയെ പഠിപ്പിച്ചു. ടെൻഷനൊന്നും ഇല്ലാതെ ആയിരുന്നു അവൻ പരീക്ഷ എഴുതിയത്. റിസൾട്ട് വന്നപ്പോൾ നൂറിൽ നൂറ് മാർക്കും ഉണ്ടായിരുന്നു. ആ വിജയം കുട്ടി മാഷ് മുൻകൂട്ടി കണ്ടതാണ്.

പുതിയ സ്കൂളിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു അമ്പാടി. കുട്ടി മാഷും, ദേവൻ മാഷും അവന് ഈ രണ്ട് ജോഡി പുതിയ ഡ്രസുകളും, ചെരുപ്പുമൊക്കെ വാങ്ങി നൽകിയിരുന്നു. ആയിഷുമ്മ നൽകിയ സ്യൂട്ട് കേസിൽ നിശബ്ദം എല്ലാം അവൻ അടുക്കി. എറ്റവും അവസാനം അച്ഛൻ്റെ ഫോട്ടോയും, കുട്ടി മാഷ് സമ്മാനിച്ച വാച്ചും എടുത്ത് വെച്ചു.ആ പെട്ടി നിറയെ നന്മയുടെ സ്പന്ദനങ്ങൾ തുടിക്കുന്നത് അവനറിഞ്ഞു.

കുട്ടി മാഷിനൊപ്പമായിരുന്നു  അമ്പാടി; നവോദയ വിദ്യാലയത്തിലേക്ക് പുറപ്പെടാൻ തീരുമാനിച്ചത്. പുതിയ വിദ്യാലയം, അവിടത്തെ കൂട്ടുകാർ എല്ലാം എങ്ങനെ ആയിരിക്കും എന്നതായിരുന്നു പുറപ്പെടുമ്പോൾ  അവൻ്റെ മനസ്സുനിറയെ.

അമ്മയോടും, ചേച്ചിയോടും, യാത്ര ചോദിക്കുമ്പോൾ  സങ്കടത്തിൻ്റെ പെരുമഴ കുതിച്ചെത്തുകയാണെന്ന് അവന് മനസ്സിലായി. മുഖഭാവം അമ്മ കാണാതിരിക്കാൻ അവനോടി ചെന്ന് കുട്ടി മാഷിൻ്റെ കൈകൾ കവർന്നു. പിന്നെ തിരിഞ്ഞ് നോക്കാതെ മാഷിനൊപ്പം പുതിയ  ലോകത്തിലേക്കവൻ കൈകൾ വീശി നടന്നു.

(അവസാനിച്ചു)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ