ഭാഗം - 16
അച്ഛൻ്റെ വേർപാടോടെ അമ്പാടി ആകെ മാറി. ആരോടും അധികം സംസാരമില്ലാതെയായി. അവൻ്റെ മാറ്റം അംബികയെ വിഷമ വൃത്തത്തിലാക്കി കൊണ്ടിരുന്നു. മാഷിനെ കണ്ട് അവർ കാര്യം ധരിപ്പിച്ചു.
'നമുക്ക് ശരിയാക്കി എടുക്കാമെന്ന്' മാഷ് വാക്കു കൊടുത്തു.
കുട്ടി മാഷ് ഇടക്ക് വന്ന് അവനെയും കൊണ്ട് പുറത്ത് പോകാൻ തുടങ്ങി. പതിയെ പതിയെ അമ്പാടി പഴയ രീതിയിലേക്ക് വരാൻ തുടങ്ങി.
പുതിയ അധ്യയന വർഷം ഓൺലൈനായി ജൂണിൽ തന്നെ ആരംഭിച്ചപ്പോൾ ഓൺലൈൻ ക്ലാസ് കാണുവാൻ ടി വിയോ, ഫോണോ ഇല്ലാത്തവരുടെ കൂട്ടത്തിൽ അമ്പാടിയും ഉണ്ടായിരുന്നു.
സ്കൂളിൽ നിന്ന് അവനും കിട്ടി ഒരു സ്മാർട്ട് ഫോൺ. അതു വെച്ച് പഠിക്കാൻ അവന് ഒരു സുഖവും തോന്നിയില്ല. അതിൻ്റെ സ്ക്രീനിലേക്ക് നോക്കിയിരിക്കുമ്പോൾ തലക്ക് വല്ലാത്ത കനമാണ്. ഫോണിലൂടെ ടീച്ചറിനെയും, കൂട്ടുകാരെയും കാണുന്നുണ്ടെങ്കിലും പറഞ്ഞ് അറീക്കാൻ സാധിക്കാത്ത ഒരു നഷ്ടബോധം മനസ്സിൽ അലയടിക്കുന്നു.
ആ വർഷം തന്നെയായിരുന്നു കുട്ടി മാഷ് ഹെഡ്മാസ്റ്റർ സ്ഥാനം ഒഴിഞ്ഞത്. സ്കൂളിനു വേണ്ടിയും കുട്ടികൾക്കു വേണ്ടിയും ജീവിതത്തിൻ്റെയും പാതി പകുത്തു നൽകിയ ആ നന്മ ഹൃദയം സ്കൂളിൻ്റെ പടിയിറങ്ങുന്നതു കാണാൻ അമ്പാടിയും ചെന്നിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അധികം ആളും, ആരവവും ഇല്ലാതെയുള്ള മാഷിൻ്റെ വിടവാങ്ങൽ അമ്പാടിയെ തെല്ലൊന്നുമല്ല ഉലച്ചത്. മാഷ് ഇനി കൈ അകലത്തിൽ ഇല്ലെന്ന വസ്തുത അവൻ്റെ സങ്കടത്തെ ഇരട്ടിപ്പിച്ചു.
മാഷിനും സങ്കടമുണ്ടായിരുന്നു പക്ഷെ പുറത്ത് കാണിക്കാതെ അവനെ ആശ്ലേഷിച്ചു കൊണ്ട് മുതുകിൽ തട്ടി.
"പേടിക്കേണ്ട; ഞാൻ സ്കൂളിൽ നിന്ന് മാത്രല്ലേ പോകുന്നുള്ളു. നിനക്ക് എന്ത് ആവശ്യം വന്നാലും ഞാൻ ഒപ്പം തന്നെയുണ്ടാവും. മാഷേ... ന്ന് നീട്ടിയൊന്ന് വിളിച്ചാ മതി. ഞാനുണ്ടാവും നിൻ്റെ കൂടെ"
ആ വാക്കുകൾ കണ്ണീരിലൂടെയും പുഞ്ചിരിക്കാനവനെ പ്രേരിപ്പിച്ചു.
തുടരും...