ഭാഗം - 6
ദിനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. അതിനിടയിൽ വെളുമ്പി രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. വാക്ക് പ്രകാരം അതിലൊരു കുഞ്ഞിനെ ആയിഷുമ്മക്ക് തിരികെ നൽകണമെന്ന് അമ്മ പറഞ്ഞപ്പോൾ അവന് ആകെ വിഷമമായി.
ആട്ടിൻ കുട്ടികളെ അമ്മിണിയെന്നും, ഉമ്മിണിയെന്നും പേരെടുത്ത് വിളിക്കുമ്പോൾ രണ്ടു പേരും ചാടിത്തുള്ളി അവൻ്റെ അടുത്തേക്ക് ഓടി എത്തിയിരുന്നു. അതു കൊണ്ട് തന്നെ അവയെ ഒന്നിനെ ആയാലും പിരിയാൻ അമ്പാടിക്ക് സാധ്യമല്ലായിരുന്നു.
അവൻ്റെ പ്രാർത്ഥന പോലെ ആടിനോടുള്ള ഇഷ്ടവും അതിനോടുള്ള വാത്സല്യവുമൊക്കെ കണ്ടപ്പോൾ ആയിഷുമ്മ ആടിനെ തിരികെ വേണ്ടെന്ന് പറഞ്ഞു. അമ്മിണിയേയും, ഉമ്മിണിയേയും തിരികെ വേണ്ടെന്ന് പറഞ്ഞാൽ കോട്ടത്ത് ഒരു കുപ്പി വെളിച്ചെണ്ണ നൽകാമെന്നവൻ പ്രാർത്ഥിച്ചിരുന്നു. അമ്മയോട് വഴക്കുണ്ടാക്കി ചെറിയ ഒരു കുപ്പിയിൽ അവൻ വെളിച്ചെണ്ണ വാങ്ങി വെച്ചു. സ്കൂൾ വിട്ട് വന്നപാടെ കുളിച്ച് പ്രാർത്ഥന നടപ്പിലാക്കാൻ അമ്പാടി കോട്ടത്തേക്കോടി. മുത്തപ്പനാണ് അവിടത്തെ പ്രതിഷ്ഠ. വിളിച്ചാൽ വിളി കേൾക്കുമെന്നാണ് വിശ്വാസം. കോട്ടത്തു നിന്ന് വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴി പാറക്കുളത്തിനടുത്ത് എത്തിയപ്പോൾ ഒരു നിലവിളി ശബ്ദം കേട്ടു. തോന്നിയതാവുമെന്നാണ് കരുതിയത് പക്ഷേ അടുത്തെത്തിയപ്പോൾ അമ്പാടി ഞെട്ടിപ്പോയി ആരോ വെള്ളത്തിൽ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നു. അവിടവിടെയായി ആമ്പലുകൾ വിരിഞ്ഞു നിൽപ്പുണ്ട്. ചിലപ്പോൾ പൂ പറിക്കാൻ ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണു പോയതാവാം. അടുത്തൊന്നും ആരെയും കാണുന്നുമില്ല. ആരെയെങ്കിലും വിളിച്ച് വരുമ്പോഴേക്കും ചിലപ്പോൾ... അവനത് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല. പാറക്കുളത്തിൻ്റെ ആഴവും പരപ്പും നന്നായിട്ടറിയാം അതുകൊണ്ട് തന്നെ അതിൻ്റെ ഒരു അരിക് നോക്കിയാണ് ഇറങ്ങിയത് എന്നിട്ടും കാല് തെന്നി വെള്ളത്തിലേക്ക് വീണു. നീന്തലറിയാവുന്നതുകൊണ്ട് അധികം താഴ്ചയിലേക്ക് പോകാതെ പൊങ്ങി നിൽക്കാൻ അവന് സാധിച്ചു. ആമ്പൽ വേരുകൾ ചുറ്റു പിണഞ്ഞതുകൊണ്ട് മുന്നോട്ട് കുതിച്ച് പോവാനും സാധ്യമല്ലായിരുന്നു. എന്നിരുന്നാലും കഠിന പ്രയത്നത്തിന് ഫലം കണ്ടു. അവസാനം ആ കുട്ടിയുടെ മുടിയിൽ പിടിത്തം കിട്ടുകയും നിതാന്ത പരിശ്രമത്തിനൊടുവിൽ കുട്ടിയേയും കൊണ്ട് കരക്ക് കയറുകയും ചെയ്തു. അപ്പോഴേക്കും അമ്പാടി ക്ഷീണിതനായി കഴിഞ്ഞിരുന്നു. അണച്ചു കൊണ്ട് തന്നെ ആ കുട്ടിയുടെ വയറിൽ അമർത്തി പിടിച്ച് കുടിച്ച വെള്ളം മുഴുവൻ പുറത്തേക്ക് കളഞ്ഞു. ശ്വാസം കിട്ടിയതുപോലെ ആ കുട്ടിയൊന്ന് ചുമക്കുകയും എഴുന്നേറ്റിരുന്ന് കിതക്കുകയും ചെയ്തു.
മകനെ തിരഞ്ഞ് വരുന്നതു പോലെ ദൂരെ ഒരു സ്ത്രീ അവന് മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് ഇരുവർക്കുമിടയിലേക്ക് ഓടി വന്നു. ഇടക്കിടെ വന്ന വാക്കുകളിൽ 'ശബരി' എന്നത് അവൻ്റെ പേര് ആയിരിക്കുമെന്ന് അമ്പാടി ഊഹിച്ചു.
അമ്മയെ കണ്ടപ്പോൾ ആ കുട്ടിയുടെ മുഖത്ത് സന്തോഷവും, ആശ്വാസവും ഒരുപോലെ പ്രത്യക്ഷപ്പെട്ടു. സംഭവിച്ച കാര്യങ്ങൾ അവൻ അവരെ പറഞ്ഞു കേൾപ്പിച്ചു. എന്നാൽ അവരുടെ സംസാരം അമ്പാടിക്ക് മനസ്സിലാകുന്നതായിരുന്നില്ല. തിരിച്ചു പോകാൻ നേരം അമ്മയും, മകനും അവനു നേരെ കണ്ണീരുകൊണ്ട് കൈകൾ കൂപ്പി. അന്നത്തെ ദിവസത്തെ സംഭവം അമ്പാടിയുടെ മനസ്സിൽ ഒരു കടലിരമ്പം സൃഷ്ടിച്ചു. രാത്രിയിൽ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. പതിവുപോലെ ഉറങ്ങാൻ കിടന്നപ്പോഴാണ് അമ്പാടി മനസ്സ് തുറന്നത്. അതുവരെ സംസാരിച്ചുകൊണ്ടിരുന്ന അംബികയും, മാധവനും പൊടുന്നനെ നിശബ്ദരായി. അവൻ്റെ ഓരോ വാക്കുകളും ശ്വാസമടക്കി പിടിച്ചാണ് അവരിരുവരും കേട്ടത്. എല്ലാം കേട്ടപ്പോൾ അംബിക അവനെ ചേർത്തണച്ച് ആ കുഞ്ഞു നെറ്റിയിൽ കണ്ണീരിൽ കുതിർന്ന ഒരു പാട് ഉമ്മകൾ നൽകി. ഒരു ജീവൻ താൻ കാരണം രക്ഷപ്പെട്ടതോർത്ത് അമ്പാടി സമാധാനത്തോടെ കണ്ണുകൾ ഇറുകെ അടച്ചു. ഉറങ്ങാൻ ശ്രമിച്ചിട്ടും ഉറക്കം വരുന്നതേ ഇല്ല തിരിഞ്ഞും, മറിഞ്ഞും കിടന്നപ്പോഴൊക്കെ അവൻ്റെ ഉള്ളിൽ ആ കുട്ടിയുടെ മുഖം തെളിഞ്ഞു കൊണ്ടിരുന്നു.
എപ്പൊഴോ മിഴികളെ ഉറക്കം തലോടാൻ തുടങ്ങിയപ്പോഴാണ് അച്ഛനും അമ്മയും സംസാരിക്കുന്നത് അവൻ കേട്ടത്.
''തരിശു പാറ മുഴുവൻ ചെങ്കൽ പണകളായി തുടങ്ങി. പണയുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ അതൊക്കെ ഇങ്ങനെ ഗർത്തങ്ങളായി നിലകൊള്ളുകയല്ലേ! മഴയൊന്ന് രൂക്ഷമായാൽ പാറയും, പണയും തിരിയൂല. കുഞ്ഞുമക്കൾടെ കാര്യാ കഷ്ടം. ഇന്ന് തന്നെ കണ്ടില്ലേ, നമ്മുടെ മോൻ കണ്ടതോണ്ട് ആ കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടു. ഭൂമി തുരന്നു കൊണ്ടുള്ള ഇമ്മാതിരി ജോലി ചെയ്യേണ്ടി വരുന്നത് ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല. ഗതികേട് കൊണ്ടാണ്". അച്ഛൻ്റെ വാക്കുകളിലെ കണ്ണീരിൻ്റെ നനവ് അമ്പാടി തിരിച്ചറിഞ്ഞു.
'എന്താണ് ഇതിനൊരു പോംവഴി'കറുത്ത ഇരുട്ടിലേക്ക് തുറിച്ചു നോക്കിയപ്പോൾ അവന് ഭയം തോന്നി. മുത്തപ്പനോടും, ഗുരുവായൂരപ്പനോടും പെട്ടെന്ന് ഉറക്കം വരാൻ മനസ്സുരുകി പ്രാർത്ഥിച്ചു.
ഭയം മാറാൻ അമ്പാടി അമ്മയെ കെട്ടിപിടിച്ചു. അംബിക മകൻ്റെ മുടിയിഴകളിൽ വിരലുകൾ കൊണ്ട് വെറുതെ പരതി കൊണ്ടിരുന്നു. സുഖകരമായ അമ്മയുടെ തലോടലിൽ ഉറക്കം പതിയെ വന്നു തുടങ്ങി.
തുടരും...