ഭാഗം - 15
വാർഡ് മെമ്പറും, കുട്ടി മാഷും വീട്ടിൽ വന്ന് പോയതു തൊട്ട് അമ്മ ഒരേ കരച്ചിലാണല്ലോ എന്ന് അമ്പാടി ഓർത്തു. കരച്ചിലിനിടയിലും 'ഞങ്ങൾക്ക് ഇനി ആരുണ്ട് ' എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള വിലാപം കേട്ടപ്പോൾ അമ്പാടിക്ക് സങ്കടം വന്നു. അമ്മയുടെ കരച്ചിലിൻ്റെ കാരണം ആരോടാണ് ഒന്ന് ചോദിച്ച് മനസ്സിലാക്കുക.
പുറത്തിറങ്ങാൻ ഇനിയും ദിവസങ്ങൾ ബാക്കി. നാശം പിടിച്ച കൊറോണ കാരണം അടച്ചിരിക്കേണ്ടി വന്നല്ലോ എന്നാക്കെ അവൻ തനിയെ പിറുപിറുത്തു. അവസാനം അമ്മയോട് തന്നെ കരച്ചിലിൻ്റെ കാരണം തിരക്കി. അമ്മ അവനെയും ചേച്ചിയേയും കെട്ടിപിടിച്ച് അച്ഛൻ ദൈവത്തിൻ്റെ അടുക്കലേക്ക് പോയെന്ന് പറഞ്ഞു കൊണ്ട് പൊട്ടിക്കരഞ്ഞു.
മനുഷ്യർ മരിച്ചു കഴിഞ്ഞാലല്ലെ ദൈവത്തിൻ്റെ അടുക്കലേക്ക് പോകുന്നത്. അപ്പോ അമ്പാടിയുടെ അച്ഛൻ മരിച്ചു പോയെന്നോ? അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ വാർഡ് മെമ്പറ് കള്ളം പറഞ്ഞതാവും. അല്ലല്ലോ മെമ്പറുടെ കൂടെ കുട്ടി മാഷും ഉണ്ടായിരുന്നല്ലോ? ദേഷ്യവും, സങ്കടവും കൊണ്ട് അമ്പാടിക്ക് എന്താണ് ചെയ്യേണ്ടതെന്ന് തിരിയാതെയായി. വലിയ വായിൽ കരഞ്ഞുകൊണ്ട് അവൻ നിലത്ത് വീണ് ഉരുണ്ടു. തല പിച്ചി പറിച്ചു. അമ്മയും ചേച്ചിയും അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ്റെ കരുത്തിനു മുന്നിൽ അവർ കുഴഞ്ഞു പോയി. കരച്ചിലിന് ഇത്തിരി ശമനം വന്നപ്പോൾ അമ്പാടി എഴുന്നേറ്റ് അമ്മക്കരികിൽ ചെന്നിരുന്നു.
"എനിക്ക് അച്ഛനെ കാണണം'' അവൻ്റെ ചിണുങ്ങലിന് അംബികക്ക് മറുപടി ഇല്ലായിരുന്നു. അമ്മ കേട്ടിട്ടില്ലെന്ന് കരുതി അവൻ ഒന്നൂടെ ഉറക്കെ പറഞ്ഞു.
''അമ്മേ... എനിക്ക് അച്ഛനെ കാണണംന്ന്''
"അച്ഛന് കൊറോണ ആയതോണ്ട് നമ്മളെ കാണാൻ വിടൂല അമ്പൂട്ടാ...'' അംബികയുടെ സ്വരം ദൈന്യമായി.
"പറ്റില്ല എനിക്ക് അവസാനമായിട്ട് എൻ്റെ അച്ഛനെ കാണണം''
വീടിനുള്ളിലെ ബഹളം! അങ്ങോട്ട് വരികയായിരുന്ന കുട്ടി മാഷ് വഴിയിൽ നിന്നേ കേൾക്കുന്നുണ്ടായിരുന്നു.
മുറ്റത്ത് എത്തിയപ്പോൾ അദ്ദേഹം അമ്പാടിയെ ഉറക്കെ വിളിച്ചു.
മാഷിൻ്റെ ശബ്ദം കേട്ടപ്പോൾ അമ്പാടിക്ക് ആശ്വാസമായി. മുന്നിലെ ജനൽ പാളികൾ തുറന്ന് തൻ്റെ ആഗ്രഹം അവൻ മാഷിനെ അറീച്ചു.
അച്ഛനെ അവസാനമായിട്ട് ഒന്ന് കാണാൻ വേണ്ടിയുള്ള ആ കുഞ്ഞിൻ്റെ യാചന മാഷിൻ്റെ കരളലിയിച്ചു.
അവിടെ നിന്നു തന്നെ മാഷ് ആരെയൊക്കെയോ ഫോണിൽ വിളിച്ച് സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ആരൊക്കെയോ അങ്ങോട്ട് വരുന്നത് അമ്പാടി കണ്ടു. മൊത്തം കവർ ചെയ്ത അവരെയൊന്നും അവന് മനസ്സിലായില്ല. വാതിൽ തുറന്ന് പുറത്ത് വരാൻ അവർ അവരോട് ആവശ്യപ്പെട്ടു. അതിനു ശേഷം കയ്യിലുള്ള പി.പി ഇ കിറ്റ് അവർക്ക് നൽകി പെട്ടെന്ന് ധരിച്ച് വരാൻ അവരോട് പറഞ്ഞു. അതും ധരിച്ച് അവർക്കൊപ്പം പോകുമ്പോൾ നന്ദിയോടെയവൻ കുട്ടി മാഷിനെ നോക്കി. ദയനീയമായ ആ കുഞ്ഞുനോട്ടത്തെ നേരിടാൻ കെല്പില്ലാതെ അദ്ദേഹവും അവർക്കൊപ്പം റോഡു വരെ ചെന്നു.
വണ്ടിയിൽ മൊത്തം കവർ ചെയ്തിട്ടുള്ള അച്ഛൻ്റെ ശരീരം ദൂരെ നിന്ന് മാത്രമേ അവന് കാണാൻ സാധിച്ചുളളു. കെട്ടി പിടിച്ച് പൊട്ടിക്കരയാനോ,അവസാനമായി ഒന്ന് ഉമ്മവെക്കാനോ സാധിക്കാതെ അമ്പാടി വിങ്ങിപൊട്ടി നിന്നു. ആരുടെയും സാമീപ്യം നുകരാതെ ഏകനായി ആംബുലൻസിൽ മറ്റൊരു ലോകത്തിലേക്ക് യാത്രയാകുന്ന അച്ഛന് മൗനമായി അവൻ യാത്രാമംഗളങ്ങൾ നൽകി.
തുടരും...