ഭാഗം - 3
ഊണിലും, ഉറക്കത്തിലും സ്കൂളിൽ പോകുമ്പോഴും എല്ലാം അമ്പാടിയുടെ ചിന്ത ആയിഷുമ്മ തരാൻ പോകുന്ന കുഞ്ഞു വെളുമ്പിയുടെ ചിത്രമായിരുന്നു. അതിന് പുല്ലു കൊടുക്കുന്നതും, കുളിപ്പിക്കുന്നതും ഒപ്പം കളിക്കുന്നതും അങ്ങനെ അങ്ങനെ ഒത്തിരി കാര്യങ്ങൾ.
അവൻ്റെ സുഹൃത്തുക്കളായ ആദിയോടും, മൊയ്തുവിനോടും ആട്ടിൻകുട്ടിയുടെ കാര്യം പൊടിപ്പും, തൊങ്ങലും ചേർത്ത്പറഞ്ഞതുകൊണ്ട് അവർക്ക് അതിനെയൊന്ന് തൊടാൻ നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. തൻ്റെ ഉള്ളിലെ സ്വപ്നങ്ങളും, ചിന്തകളും പുറത്തു വിടുന്നത് അമ്മ അടുക്കള പണിയെടുക്കുമ്പോഴും, കുട്ടമെടയുമ്പോഴും ആണ്. പറച്ചിലുകൾ കൂടുമ്പോൾ ചില സമയങ്ങളിൽ സഹികെട്ട് അംബിക പറയും. "എൻ്റെ അമ്പാടിക്കുട്ടാ ആദ്യം ആടിനെയൊന്ന് തരട്ടെ എന്നിട്ട് സ്വപ്നം കണ്ടാ പോരെ" അത് കേൾക്കുമ്പോൾ അവൻ്റെ മുഖം മങ്ങും. ഉമ്മ പറഞ്ഞ് പറ്റിച്ചതാണോ എന്നറിയാൻ ആയിഷുമ്മയുടെ വീട്ടിലേക്ക് ഓടും.
ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ ആയിഷുമ്മ വാക്ക് പാലിച്ചു പറഞ്ഞതുപോലെ കുഞ്ഞു വെളുമ്പിയെ അമ്പാടിക്ക് നൽകി. അവൻ്റെ സന്തോഷം പറഞ്ഞ് അറീക്കാൻ പറ്റാത്തതായിരുന്നു. വെളുമ്പി വീട്ടിലെത്തിയപ്പോഴാണ് അവനൊരു കാര്യം ഓർത്തത്.അതിന് താമസിക്കാനൊരു വീടില്ലല്ലോ എന്ന്. അന്നു തന്നെ അച്ഛനെ ശട്ടം കെട്ടി കൂടു പണി ആരംഭിക്കാൻ തുടങ്ങി.കവുങ്ങിൻ്റെ തടിയും, മുളചീന്തുകളും ,പ്ലാസ്റ്റിക് ഷീറ്റും ഒക്കെ ഉപയോഗിച്ച് മാധവൻ, കുഞ്ഞു വെളുമ്പിക്ക് മനോഹരമായ ഒരു കുഞ്ഞു ആല നിർമ്മിച്ചു കൊടുത്തു.
അവധി ദിനങ്ങളിൽ വെളുമ്പിയേയും കൊണ്ടാണ് അമ്പാടിയുടെ നടപ്പ്.
അതു കാണുമ്പോൾ അംബിക ദേഷ്യപ്പെടും.
''പഠിക്കുകയൊന്നും വേണ്ടാ.. വലുതായ ആട്ടിടനാണെന്ന് പറഞ്ഞാ ആരും പെണ്ണ് തരൂല".
''അയിന് ഞാൻ കല്ല്യാണം കയിക്കുന്നില്ല. അപ്പോഴോ?" അമ്മക്കു നേരെ കോക്രി കാട്ടി അമ്പാടി മറുചോദ്യമെറിയും. അംബികക്ക് അപ്പോൾ ഉത്തരമില്ലാതാകും.
തുടരും...