ഭാഗം - 5
കുരുത്തക്കേടുകൾ ഏറെ കയ്യിൽ ഉണ്ടെങ്കിലും ക്ലാസിൽ പഠിപ്പിക്കുന്നത് മനപാഠമാക്കുന്നതിന് അമ്പാടി മിടുക്കനായിരുന്നു. അഞ്ജുവിന് അപസ്മാരത്തിൻ്റെ അസുഖമുള്ളതുകൊണ്ട് സ്കൂളിൽ പലപ്പോഴും പോകാൻ കഴിയാറില്ല.
അതു കൊണ്ട് തന്നെ മാധവൻ്റെ പ്രതീക്ഷ മുഴുവൻ അമ്പാടിയിലുണ്ട്. അതിന് കാരണം, ഏതൊരു ഇലക്ട്രിക് വസ്തു കിട്ടിയാലും അതിനെ ഒന്ന് അഴിച്ച് പണിഞ്ഞ് അവന്റേതായ സ്റ്റൈലിൽ നിർമ്മിച്ചെടുക്കുക എന്നത് അമ്പാടിക്ക് ഒരു ത്രില്ലാണ്. ആ വാസന കണ്ട് മാധവൻ ഇടക്കൊക്കെ അംബികയോട് പറയും.
"ഇവൻ വലുതാവുമ്പോ മെക്കാനിക്കൽ എഞ്ചിനീയറോ മറ്റോ ആകുമെന്ന്". ശരിയാണെന്നന്ന അർത്ഥത്തിൽ അവൾ അയാളുടെ വാക്കുകൾ കേട്ട് തല കുലുക്കും.
രണ്ടു ദിവസത്തെ അവധിക്ക് ശേഷം അഞ്ചു പേരും സ്കൂളിലേക്ക് പുറപ്പെട്ടു. താരയുടെ മനസ്സുനിറയെ വെള്ളിയാഴ്ച വൈകുന്നേരം അമ്പാടി ചതച്ചരച്ച ആ പൃകത്തിന്റെ മുഖമായിരുന്നു. സ്കൂളിൽ എത്തിയ പാടെ താര, കുട്ടി മാഷ് വന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ ഓഫീസ് മുറിയിലേക്ക് ഓടി.
അവളുടെ തല വാതിലിന് അരികിലായി കണ്ടപ്പോൾ വായിൽ നിറയെ മുറുക്കാൻ നിറച്ചു കൊണ്ട് മൂക്കു കണ്ണാടി ഒന്നുകൂടി ഉണ്ട കണ്ണിന്റെ മുകളിലേക്ക് ഉറപ്പിച്ചു.പിന്നെ എന്താണെന്ന് ചോദിക്കുന്നതു പോലെ അവളെ നോക്കി ഉറക്കെ ഒന്നു മൂളി...
"ഊം...''
ആ മൂളൽ കേട്ടപ്പോൾ തന്നെ താരയുടെ മുട്ട് രണ്ടും വിറക്കാൻ തുടങ്ങി. വല്ല വിധേനയും അമ്പാടിയെ കുറിച്ച് പരാതി പറഞ്ഞു കൊടുത്ത് അവൾ ക്ലാസിലേക്ക് ഓടിപ്പോയി. അപ്പോഴേക്കും ക്ലാസിൽ കയറേണ്ട ബെല്ല് മുഴങ്ങി.
അസംബ്ലിയും, പ്രാർത്ഥനയും കഴിഞ്ഞതിനു ശേഷം കുട്ടി മാഷ് കയ്യിലുള്ള പുളി വടിയും ചുഴറ്റി കൊണ്ട് നാലാം ക്ലാസിനു മുന്നിലെത്തി. ക്ലാസിലേക്ക് തലയിട്ട് അമ്പാടിയെ നോക്കി കൈമാടി വിളിച്ചു.
ലൂസായി പോകുന്ന ട്രൗസർ വയറിനു മുകളിലേക്ക് ഒന്നുകൂടി ഉറപ്പിച്ച് കെട്ടിവച്ചതിനു ശേഷം പേടിയോടെ അവൻ ഹെഡ്മാസ്റ്റർക്ക് മുന്നിലെത്തി. തല ഒരു ഭാഗത്ത് ചെരിച്ച് കുമ്പിട്ട് കൈകൾ പിറകിൽ പിണച്ച് നിന്നു.
''എന്തിനാടാ കണ്ട ജീവികളെയൊക്കെ എറിഞ്ഞ് കൊന്ന് പാപം വാങ്ങി തലേൽ വെക്കുന്നേ...?'' ചോദ്യത്തോടൊപ്പം തന്നെ കരിമ്പനടിക്കാൻ തുടങ്ങിയ അവന്റെ വെളുത്ത ഷർട്ടിലേക്ക് മാഷിന്റെ വായിലുള്ള ചുവന്ന മുറുക്കാൻ തുള്ളികൾ തെറിച്ചു വീണു.
മൂക്കു കണ്ണാടിക്കുള്ളിലൂടെ ഉണ്ടക്കണ്ണുകൾ തുറിപ്പിച്ചു കൊണ്ട് കുട്ടി മാഷ് അവന്റെ ചെവിയിൽ പിടുത്തമിട്ടു. വേദന കൊണ്ട് അമ്പാടി പുളഞ്ഞു.
"ആഹ്.. മാഷേ... വിട്, മാഷേ... വേദനയെട്ക്ക്ന്ന് മാഷേ...''
"ആഹാ... നെനക്ക് വേദന ഇണ്ടല്ലേ. അപ്പോ നീ എറിഞ്ഞു കൊന്ന ആ ജീവി എന്തോരം വേദന സയിച്ചിട്ടുണ്ടാവും. അത് നീ ഓർത്തിറ്റ്ണ്ടാടാ...? ഒണ്ടോന്ന്".
"അത് പിന്നേ... ആ ജന്തു എന്റെ പുതിയ പുള്ളി നിക്കറ് കീറി മുറിച്ചിട്ട് അല്ലേ..?''കണ്ണിൽ നിറഞ്ഞ ചൂടു ബാഷ്പം തൂത്തു കളഞ്ഞു കൊണ്ട് മാഷിന് കേൾക്കാൻ മാത്രം അവൻ വാ തുറന്നു.
"അമ്പട കുട്ടിത്തേവാങ്കേ, നീയാള് കൊള്ളാലോ?"
അമ്പാടിയുടെ കുടുംബം വളരെ പാവപ്പെട്ടതാണെന്ന് മാഷിന് അറിയാം. അവരുടെ പരാധീനകളും, ഇല്ലായ്മകളും ഏറെ കണ്ടിട്ടും ഉണ്ട്.അതുകൊണ്ട് തന്നെ ആ കുഞ്ഞു മനസ്സിന്റെ വേദന മാഷിന് മനസ്സിലാവുകയും ചെയ്തു. എന്നാലും മറ്റുള്ളവയെ അങ്ങനെ ഉപദ്രവിച്ച് കൊല്ലുന്ന കാര്യത്തിനോട് അദ്ദേഹത്തിന് വിയോജിപ്പ് ഉണ്ടായിരുന്നു.അത് അവനെ മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന് എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥ അവന് പറഞ്ഞു കൊടുത്തു. കഥ കേട്ടു കഴിഞ്ഞപ്പോൾ കുറേ സമയത്തേക്ക് അവനൊന്നും സംസാരിച്ചില്ല.
"കാര്യമൊക്കെ ശരിയാണ് മാഷേ... പക്ഷേ എന്റെ അച്ഛൻ എത്ര കഷ്ടപ്പെട്ട് വാങ്ങി തന്നതാണെന്ന് അറിയോ?അതാ എനിക്ക് സഹിക്കാൻ പറ്റാത്തേ!"അവൻ്റെ സങ്കടത്തിൽ ഉള്ള വർത്തമാനം കേട്ടപ്പോൾ എങ്ങനെ അവനെ ആശ്വസിപ്പിക്കേണ്ടത് എന്നറിയാതെ മാഷിൻ്റെ ഉള്ളം നനച്ചു.എങ്കിലും അവൻ്റെ അത്തരം ചെയ്തികളെ പ്രോൽസാഹിപ്പിക്കാൻ മാഷ് ഒരുക്കമായിരുന്നില്ല. സഹജീവികളോട് സ്നേഹവും, കരുതലും പ്രകടിപ്പിക്കുന്ന ഒട്ടനവധി കഥകളും, വിവരണങ്ങളും മാഷ് അവനെ പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ടുകൊണ്ട് അമ്പാടി തലകുലുക്കി.
''ഹാ.. തല കുലുക്കി താഴെ ഇട്ടാ പോരാ പറയുന്നതൊക്കെ അനുസരിക്കണം മനസ്സിലായോ?" മുറുക്കാൻ നീര് നീട്ടി തുപ്പി മാഷ് ചിറി തുടച്ചു.
ഉവ്വെന്നർത്ഥത്തിൽ വീണ്ടും അവൻ തലയിളക്കി.
മാഷിൻ്റെ സാരോപദേശത്തിനു ശേഷം അമ്പാടി പിന്നെ മറ്റ് ജീവികളെ പരമാവധി ഉപദ്രവിക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
തുടരും...