ഭാഗം - 14
വാർഷിക പരീക്ഷ നടക്കാൻ കുറച്ച് മാസങ്ങൾ ബാക്കി നിൽക്കെയാണ് ഒരു ദിവസം കുട്ടി മാഷ് അടിയന്തിരമായൊരു ഉച്ചഭക്ഷണത്തിനു ശേഷം അസംബ്ലി വിളിച്ചത്. പരീക്ഷയെ കുറിച്ച് പറയാനാവുമെന്നാണ് എല്ലാവരും ധരിച്ചത്.
ലോകത്തെ മൊത്തം ദുരന്തത്തിലാക്കാൻ ഉതകുന്ന കോവിഡ് 19 എന്ന മഹാമാരി ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കൊറോണ എന്ന പേരിലുള്ള ഒരു വൈറസാണ് ഈ പകർച്ചവ്യാധിക്ക് കാരണം അതോണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ അടച്ചിടാൻ ഗവൺമെൻ്റ് ഉത്തരവിട്ടിട്ടുണ്ടെന്നും മാഷ് പറഞ്ഞ് കേട്ടപ്പോൾ എല്ലാവർക്കും സങ്കടമായി.
ചുമക്കുമ്പോഴും, മൂക്കു ചീറ്റുമ്പോഴും പുറത്തേക്ക് തെറിക്കുന്ന ചെറിയ തുള്ളികൾ വഴിയാണ് അധികവും രോഗം പടരുന്നത്. അതോണ്ട് വ്യക്തി ശുചിത്വം എല്ലാവരും പാലിക്കണം, കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകണം, കൂട്ടുകാരെ കാണുമ്പോൾ കെട്ടി പിടിക്കാനോ, കൈകൾ കൊടുക്കാനോ പാടില്ല അതിലൂടെ ഒക്കെ അസുഖം കൂടുതലാകും. മൂക്കും, വായയും മൂടുന്ന തരത്തിൽ മാസ്ക് ഉപയോഗിച്ചാൽ ഒരു പരിധി വരെ രോഗ വ്യാപനം തടയാനാകും.
മാഷ് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആരോ ഒരാൾ ഉച്ചത്തിൽ തുമ്മുകയും, ചുമക്കുകയും ചെയ്തു. ഒപ്പമുള്ള കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു.
''മാഷേ....ഇവൻ തുമ്മി, ഇവൻ കൊരച്ചു കൊറോണയാണെന്ന് തോന്നുന്നു".
എല്ലാ കുട്ടികളും ഭീകരജീവികളെ നോക്കുന്നതു പോലെയാണ് തുമ്മിയവനെയും, ചുമച്ചവനെയും നോക്കിയത്. ആ കുട്ടികൾ കരച്ചിലിൻ്റെ വക്കോളമെത്തിയിരുന്നു.അതു മനസ്സിലാക്കിയ കുട്ടി മാഷ് രണ്ടു പേരെയും അടുത്തേക്ക് വിളിച്ചു എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.
''നോക്ക് സാദാ തുമ്മലൊന്നും കൊറോണയല്ല. ഇത് പൊടി കൊണ്ടപ്പോൾ തുമ്മിയതാണ്.അതാണ് പറഞ്ഞത് എല്ലാവരും ഇനി മുതൽ മാസ്ക് ഇടേണ്ടി വരുമെന്ന്" മനസ്സിലായ മട്ടിൽ കുട്ടികളെല്ലാം തലയാട്ടി. അസംബ്ലി കഴിഞ്ഞതിനു ശേഷം ഒരു പിരിയ്ഡ് കഴിഞ്ഞപ്പോൾ തന്നെ സ്കൂൾ വിടാനുള്ള ബെല്ലടിച്ചു.
കുട്ടികളെയും കൊണ്ട് സ്കൂൾ ബസ് രണ്ടാമത്തെ ട്രിപ്പ് പോയിട്ടും അമ്പാടിയും, ശബരിയും, ആദിയും, മൊയ്തുവും, താരയും, ദേവുവും വീട്ടിലേക്ക് പോകാതെ ആൽമരത്തിനെ ചുറ്റിപറ്റി നിൽക്കുന്നുണ്ടായിരുന്നു.ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് കുട്ടി മാഷ് അവർക്കരികിലേക്ക് വന്നു.
"ഇതെന്താ ആരും വീട്ടിൽ പോകാത്തെ, അധികം ചുറ്റി കറങ്ങാതെ വീട്ടിൽ പോകാൻ നോക്ക്"
''മാഷേ...ഇനിയെപ്പാ സ്കൂൾ തൊറക്ക്വാ''
അവർക്ക് അറിയേണ്ടത് അതായിരുന്നു.
"കൊറോണ കൊറയുമ്പോ?" അത് എന്ന് കുറയുമെന്ന് മാഷിനും വല്യ ധാരണയില്ലായിരുന്നു.
"ഇപ്പോ എല്ലാരും വീട്ടിലേക്ക് പോയ്ക്കോ, രോഗവ്യാപനം കുറഞ്ഞാ വീണ്ടും സ്കൂൾ തുറക്കാൻ ഉത്തരവ് വരും. അപ്പൊ സ്കൂളിൽ വരാലോ? അതുവരെ വീട്ടിലിരുന്ന് നല്ലോണം വായിച്ച് പഠിക്കണംട്ടോ".
മാഷ് പറഞ്ഞത് മനസ്സിലായെങ്കിലും
പൂർണ്ണമായും അദ്ദേഹത്തിൻ്റെ വാക്കുകൾ അവരെ തൃപ്തരാക്കിയിരുന്നില്ല. വീട്ടിലേക്ക് പോവുന്ന വഴിക്കൊക്കെയും അവരുടെ സംസാരം കൊറോണയെ കുറിച്ച് തന്നെയായിരുന്നു.
ദിവസങ്ങളും, മാസങ്ങളും കടന്നു പോകുന്നതല്ലാതെ കൊറോണക്ക് കാര്യമായ കുറവൊന്നും വന്നില്ല.പത്രങ്ങളിൽ ദിനംപ്രതി കൂടുതലായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പെരുകി കൊണ്ടിരിക്കുന്നതും വായിച്ച് അമ്പാടിക്ക് മടുത്തു. സ്കൂൾ ഒന്ന് തുറന്നെങ്കിലെന്ന് ആത്മാർത്ഥമായും അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. കൂട്ടുകാരോടൊപ്പം ഒന്നിച്ച് കൂടാനും, കളിക്കാനും അവൻ്റെ മനസ്സ് കൊതിച്ചു.
അമ്മ പക്ഷെ അവനെ പുറത്തിറങ്ങാൻ സമ്മതിക്കാറില്ല. ഒന്നും രണ്ടും ലോക്ഡൗണുകൾ വന്നതോടെ മാധവന് പണിയില്ലാതായി. ജീവിതം പരിതാപകരമായി തുടങ്ങി. സർക്കാറിൻ്റെ സൗജന്യ അരിയും വീട്ടുമുറ്റത്തെ പച്ചക്കറിയും ഒരു പരിധി വരെ പട്ടിണി ഇല്ലാതാക്കിയെങ്കിലും മറ്റുള്ള ചെലവുകൾക്ക് വഴിയില്ലാതായി.
പണയിലെ പാറപൊടി ശ്വസിച്ച് ഇടക്ക് വരാറുള്ള ശ്വാസം മുട്ടലും ചുമയും കാലാവസ്ഥ മാറുന്നതിനനുസരിച്ച് അധികമായി തുടങ്ങി. ഗവആസ്പത്രിയിൽ ചെന്നാൽ അഞ്ചു മീറ്ററോളം അകലത്തിൽ ഇരുന്നാണ് ഡോക്ടർ ഓരോ കാര്യവും ചോദിച്ചറിഞ്ഞ് മരുന്ന് കുറിച്ച് കൊടുക്കുന്നത്. അതുകൊണ്ടൊന്നും പലപ്പോഴും ഭേദമാവാതെ വന്നു. പനിയും, തലവേദനയും, മേല് വേദനയും ചുമയും ഒക്കെയായുള്ള അച്ഛൻ്റെ അവസ്ഥ പലപ്പോഴും അമ്പാടിയിൽ ഭീതിയുണർത്തി. ശ്വാസം മുട്ടൽ കഠിനമായപ്പോൾ കൊറോണ ടെസ്റ്റ് ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. റിസൾട്ട് വന്നപ്പോൾ പോസറ്റീവ്. വാർഡ് മെമ്പറുടെ നേതൃത്വത്തിലായിരുന്നു ആസ്പത്രിയിൽ നിന്നും ആംബുലൻസ് വന്ന് മാധവനെ കൊണ്ടു പോയത്. കൂടെ പോകാൻ അമ്മയും മക്കളും കിണഞ്ഞ് ശ്രമിച്ചെങ്കിലും അധികൃതർ അവരെ വിലക്കി. മാത്രമല്ല ആശ വർക്കർ അവരുടെ വീടിൻ്റെ ചുവരിൽ 'ഈ വീട്ടിൽ താമസിക്കുന്നവർ നിരീക്ഷണത്തിലാണെന്ന് ' പേപ്പറിൽ എഴുതി ഒട്ടിക്കുകയും ചെയ്തു.
അച്ഛൻ ഒപ്പമില്ലാത്ത ഒരു ദിവസം പോലും അമ്പാടിക്ക് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല. അവർക്കും ചെറിയ രീതിയിൽ ജലദോഷവും, പനിയുമൊക്കെ വന്നു. മരുന്നുമായി ഹെൽത്തിൽ നിന്നും ആശാവർക്കർ വരും. വീട്ടിലേക്ക് കയറാതെ ദൂരെ നിന്ന് അംബികയെ വിളിച്ച് മരുന്ന് മുറ്റത്ത് വെച്ചിട്ട് തിരികെ പോകും.
അംബികയും മക്കളും ക്വാറൻ്റൈനിൽ ആയതു തൊട്ട് ആരും അങ്ങോട്ട് വരാതെയായി.ആയിഷുമ്മയും, കുട്ടി മാഷും, ശബരിയും എല്ലാ ദിവസവും മുറ്റത്ത് വരെ വന്ന് അവരുടെ സുഖവിവരങ്ങൾ തിരക്കിയിട്ട് പോവും.
എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ആരെയും കാണാതെയുള്ള ജീവിതം അമ്പാടിക്ക് ദുസ്സഹമായി തുടങ്ങി. എങ്ങനെയെങ്കിലും, പുറത്തിറങ്ങിയാൽ മതി. അച്ഛനെ കാണാതെ നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. അച്ഛൻ്റെ അസുഖം മാറിയിട്ടുണ്ടാവില്ലേ എന്താണ് ഇനിയും വരാൻ ഇത്ര താമസം എന്നൊക്കെ അവൻ ചിന്തിച്ചു. അമ്മയോട് ചോദിച്ചപ്പോഴൊക്കെ കരയുകയും മൂക്ക് പിഴിയുകയും ചെയ്തു.
അച്ഛൻ ഒപ്പമുണ്ടായിരുന്നെങ്കിൽ അമ്പാടിക്ക് ഇത്രേം വിഷമം വരില്ലായിരുന്നു. അവൻ എല്ലാ നേരവും അച്ഛനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു.
തുടരും...