ഞാനൊരു സത്യം പറയുവാൻ പോകുന്നു
പ്രാവു കുറുകുന്ന ഒച്ച കാറ്റിനൊപ്പം വന്നും പോയുമിരുന്നു. ദൂരെ മറുതലക്കൽ നിന്നെങ്ങോ ഇണപ്രാവും കുറുകി കൊണ്ട് തന്റെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. പണ്ട് പ്രാവു പിടുത്തക്കാർ വരുമായിരുന്നു. തമിഴ് പറയുന്ന നാടോടികളായ രണ്ടോ മൂന്നോ പേർ. ചിലപ്പോൾ കുട്ടികളും കൂടെക്കാണും. വീടില്ല., പഠിപ്പില്ല, നല്ല ഉടുപ്പില്ല, ഭക്ഷണമില്ല, കുളിയില്ല, പല്ലു തേപ്പില്ല. ആ കുട്ടികൾ തണലിൽ ഏതെങ്കിലും മരക്കൊമ്പിലെ തുണി തൊട്ടിലിലോ, നിലത്ത് കീറ ചാക്കുകളിലോ ഉറങ്ങുകയോ, കളിക്കുകയോ ചെയ്യും. മുതിർന്നവരുടെ കയ്യിൽ ഇണക്കമുള്ള ഒരു പ്രാവുണ്ടാകും അതിന്റെ ചിറകുകൾ അല്ലെങ്കിൽ പറക്കാൻ സാധിക്കാത്ത വിധം റബർ ബാന്റിട്ട് കെട്ടിയിട്ടുണ്ടാകും. അവരാ പ്രാവിനെ താഴ്ന്ന മരകൊമ്പിൽ വക്കും എന്നിട്ട് തൊട്ടടുത്തുള്ള ചില്ലകളിൽ ചക്കയുടെ മൊളഞ്ഞിപുരട്ടും. പ്രാവിന്റെ കുറുകൽ കേട്ട് ദൂരേ നിന്ന് മറ്റേതേങ്കിലും പ്രാവ് വന്ന് അടുത്തിരിക്കും അന്നേരം കാലുകൾ മൊളഞ്ഞിയിൽ പുരണ്ട് താഴെ വീഴും. ഓടി ചെന്ന് അവരാ പ്രാവിനെ ഓല കുട്ടകയിൽ നിക്ഷേപിക്കും' ആ പ്രാക്കളെ അവർ എന്ത് ചെയ്യുന്നു എന്ന് അറിഞ്ഞിരുന്നില്ല. ചുട്ടു തിന്നിരിക്കാം. അല്ലെങ്കിൽ അന്നത്തെ ചാരായ ഷാപ്പുകളിൽ വിറ്റിരിക്കാം.
അന്നൊക്കെ അവരുടെ ജീവിതവും സ്വാതന്ത്ര്യവും കണ്ട് കൂടെ പോയാലോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട് .
ഞാൻ നിങ്ങളോടൊരു സത്യം പറയുവാൻ പോകുന്നു. ആ സത്യം കേട്ടാൽ നിങ്ങൾ മൂക്കത്ത് വിരൽ വക്കും
അതിശയിക്കും ആശ്ചര്യപ്പെടും. ചിലർക്ക് ബോധക്ഷയമുണ്ടാകും. ചിലർ ഓടും . ചിലർ കലി തുള്ളും. ചിലർക്ക് ഭ്രാന്താകും. ചിലർ വീട് വിട്ട് ഓടി പോകും. ചിലർ വീട്ടിലേക്ക് തിരിച്ച് വരും. ഭാര്യ ഭർത്താവിനെ ഉപേക്ഷിക്കും
ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കും. ചിലരീനാട് വിടും. നാടു വിട്ടവർ തിരിച്ച് വരും.
ഞാൻ നിങ്ങളോടൊരു സത്യം പറയാൻ പോവുകയാണ്. കിണറ് കുത്തുന്ന തങ്കമണിയേട്ടനാണ് ആ കാര്യം പറഞ്ഞത്. പതിനാലും പതിനഞ്ചും കോൽ താഴ്ന്ന് വെള്ളം കാണാറായാൽ മണ്ണിരകളെ കാണുമത്രെ! ഇത്രയുമാഴത്തിൽ ഇവറ്റകൾ എങ്ങിനെ പ്രത്യക്ഷപ്പെടുന്നു ഞാൻ ആശ്ചര്യംകൂറി. മൂപ്പര് ചിരിച്ചു.
മണ്ണെന്നാൽ വെറും മണ്ണല്ല എന്ന അർത്ഥമുളവാക്കുന്ന തെളിഞ്ഞ ചിരി.
കവണയായിരുന്നു ഒരു കാലത്തെന്റെ സ്വപ്നം' നല്ല കവണയുണ്ടാക്കി കിളികളേയും അണ്ണാനേയുമൊക്കെ ഉന്നം നോക്കി വീഴ്ത്തുക. അത് എന്തിനാണെന്ന് ചോദിച്ചാൽ പ്രത്യേകിച്ച് മറുപടിയൊന്നുമില്ല. സത്യത്തിൽ ഒരു വേട്ടക്കാരൻ നാമോരുത്തരിലും ഉറക്കം തൂങ്ങിയിരുപ്പുണ്ട്. ഒരു കാരണമൊന്നുമില്ലാതെ കൗതുകമുള്ളതിനെ, നിസ്വരെ. ഒക്കെയും വേട്ടയാടാൻ.
തുടരും...