മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

police

ഭാഗം 10 

സീൻ 16
രാത്രി, പള്ളിയോട് ചേർന്നുള്ള റോഡ്.

പശ്ചാത്തലത്തിൽ കുരിശിന്റെ വഴി കേൾക്കാം. അലങ്കരിച്ച ലോറിയിൽ ക്രിസ്തുവിന്റെക്രൂശിത രൂപം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വരുന്നു. കുരിശു തോളിലേന്തി ഇരുലൈനുകളിലായി അതിനെ പിന്തുടരുന്നവർ. വിലാപ യാത്ര പള്ളി പരിസരത്തോടടുക്കുംബോൾ ഇടിയും മിന്നലോടും കൂടി ശക്തിയായി മഴ പെയ്യുന്നു. ആൾക്കാർ കുറച്ചു പേർ ചിതറിയോടുന്നു. ചിലർ കുടകൾ നിവർത്തുന്നു. മറ്റു ചിലർ മഴ നനഞ്ഞു കൊണ്ട് തന്നെ വിലാപയാത്ര തുടരുന്നു. ഒരു ലൈനിലുണ്ടായിരുന്ന തെയ്യാമ്മ മഴ നനഞ്ഞ്  ഒരു പ്രദേശത്തേക്ക് ഓടുന്നത് അവ്യകതമായി കാണാം. പൊടുന്നനെ കറന്റ്റ് പോകുന്നു. ചുറ്റുമുള്ള പ്രദേശം ഇരുട്ടാകുന്നു.

ഒരു ഭാഗത്ത് നിന്നും മഴ നനഞ്ഞു കൊണ്ട് തന്നെ ടോർച്ചടിച്ച് ശശിയും സഹദേവനും മധുവും അനുമോനെയും രഘുവിനേയും തിരയുന്നുണ്ട്. പിന്നെ ടോർച്ചടിച്ച് പല പ്രദേശങ്ങളിലും. ദൃശ്യം ഇരുൾ മൂടുന്നു.

കട്ട് റ്റു


സീൻ 16 ഏ 
രാത്രി 
രജിതയുടെ വീട്

വാതിൽക്കൽ കരഞ്ഞു കൊണ്ടിരിക്കുന്ന രജിതക്കരികെ ശാന്തമ്മയുണ്ട്. മറ്റ് രണ്ട് മൂന്ന് സ്ത്രീകൾ കുടപിടിച്ച് നിൽക്കുന്നു.മുറ്റത്ത് റാന്തലിന്റെ പ്രകാശം. പുറത്തു നിന്നും ടോർച്ചടിച്ച് വരുന്ന സഹദേവനും മറ്റും.അവരുടെ കൂടെ രണ്ട് മൂന്നു പേരും കൂടെയുണ്ട്. അവർ മുറ്റം കടന്നെത്തുംബോൾ രജിത പ്രതീക്ഷയോടെ എഴുന്നേൽക്കുന്നു.

സഹദേവൻ  : ഈ പരിസരത്തെങ്ങുമില്ല അവൻ. കൊച്ചിനേയും കൊണ്ട് മുങ്ങിയതാവും നാറി.

രജിത : അയ്യോ.. എന്റെ മോൻ ......എടാ ദുഷ്ടാ...നാറി...നിന്നെ കാലപാമ്പ് കടിക്കുമെടാ.

സംഭവമറിഞ്ഞ് ലക്ഷ്മിയും ബുള്ളറ്റിൽ അവിടെ എത്തുന്നു. സഹദേവനും ശശിയും മറ്റും അവൾക്കരികിലെത്തി. അവര കാര്യങ്ങൾ ധരിപ്പിക്കുന്നത് ഇടിമിന്നലിൽ നമ്മുക്ക് കേൾക്കാനകുന്നില്ല. അവസാനം ലക്ഷ്മി തന്റെ മൊബൈൽ ഫോണിൽ നിന്നും പോലീസ്സ്റ്റേഷനിലേക്ക് വിളിക്കുന്നു.

ലക്ഷ്മി : ഹലോ ആര്യക്കര പോലീസ് സ്റ്റേഷൻ...

ആലോചനയാർന്ന ലക്ഷ്മിയുടെ മുഖം. പെട്ടെന്ന് എന്തോ ഓർത്ത് അവൾ തിരിഞ്ഞു നടന്നു കൊണ്ട് ഫോൺ ചെയ്യുന്നു.

കട്ട്


സീൻ 17 (വർത്തമാനകാലം)

പകൽ, വയലോരം.
വരംബിലൂടെ നടന്നു വരുന്ന രജിത ഒരു ദു:ഖ ഭാരത്തോടെ ഓർമ്മയിൽ നിന്നുണരുന്നു.

കട്ട് റ്റു


സീൻ 17 ഏ
പകൽ, വയലോരം.

വയലിൽ മൂന്ന് നാലു സ്ത്രീകൾ തലയിൽ തോർത്ത് ചുറ്റി വെയിലിൽ നിന്ന് രക്ഷ നേടി കളകൾ പറിക്കുന്നു. കൊയ്ത്തൊഴിഞ്ഞ വെള്ളം നിറഞ്ഞ ഒരു പാടത്ത് താറാകൂട്ടത്തെ ഇറക്കി വരംബിലെ ഒരു തൈച്ചോടിന്റെ തണലിൽ ഇരിക്കുന്ന തങ്കനും എമ്മാനുവേലും.

തങ്കൻ : ചീരപ്പഞ്ചിറ ഇവിടെ അടുത്താണെങ്കിലും അതിന്റെ ചരിത്രോ ഐതിഹ്യോമൊന്നും എനിക്കറിയില്ല. ഇടവഴി കേറി നടന്നു പോകാനുള്ള ദൂരേയുള്ളു. ആ ചുറ്റുപാടൊക്കെ കണ്ടാലല്ലേ എഴുതാൻ പറ്റു?

എമ്മാനുവേൽ : അവിടെ പോണം.

തങ്കൻ : നമ്മുടെ മെംബറ് ആഴ്ചയിൽ രണ്ട് ദിവസം അവിടെ പോകാറുണ്ട്. കളരി പഠിപ്പിക്കാനേ.

അവന് അതൊരു പുതിയ അറിവാണ്.

എമ്മാനുവേൽ : കളരിയോ ?

തങ്കൻ : കളരി , ഡാൻസ് സാഹസികത. കുളത്തിൽ മുങ്ങിപ്പോയ ഒരു വയസ്സിത്തള്ളയെ രക്ഷിച്ചതിന് രാഷ്ട്രപതിയുടെ പക്കൽ  നിന്നും  കൊച്ചിലെ  ധീരതക്കുള്ള അവാർഡ് മേടിച്ച ആളല്ലേ.

എമ്മാനുവേൽ :  അതുകൊള്ളാല്ലോ.

തങ്കൻ : ഈ നാട്ടില് എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാൻ മെംബറ് മുന്നിൽത്തന്നെയുണ്ടാകും.

എന്തോ ആലോചിച്ച് അവൻ തങ്കനെ നോക്കുന്നു.
                     

എമ്മാനുവേൽ : അച്ചായാ കഴിഞ്ഞ വർഷം ഒരു പയ്യനെ കാണാതെപോയത് ഇവിടെ നിന്നല്ലേ.?

തങ്കൻ : ഹാ .അതൊരു കഷ്ടം....അനുമോൻ നല്ല തങ്കപ്പെട്ട കുട്ടിയാരുന്നു. കഴിഞ്ഞ ദു:ഖവെള്ളിയാഴ്ച്ച അവന്റെ അച്ഛൻ രഘു തന്നെ വീട്ടീന്ന് കൂട്ടിക്കൊണ്ട് പോയതാ. രഘുവിനെ ആരോ അപായപ്പെടുത്തി. 

തങ്കൻ എന്തോ ഓർക്കുന്നു.

കട്ട് റ്റു 


സീൻ 17 ബി (ഭൂതകാലം)
രാവിലെ, ഗ്രാമാന്തരത്തിൽ-

ഒരു വീടിനോട് ചേർന്നുള്ള ഇടവഴിയിലൂടെ ആ വീട്ടിൽ പത്രമിട്ട് സൈക്കിൾ ചവിട്ടി വരുന്ന കുഞ്ഞൻ.ഒരു കുളത്തിനോട് ചേർന്നുള്ള കശുമാവിന്റെ തണ്ട് തലയിൽ തട്ടാതിരിക്കാൻ സൈക്കിൾ നിർത്തി കുനിഞ്ഞ് ഒന്നു തിരിയുംബോൾ ഒരു ജഡം കുളത്തിൽ പൊന്തിക്കിടക്കുന്നത്ത് കണ്ട്  അലറുന്നു.

കുഞ്ഞൻ : അമ്മേ ...!

അവന്റെ സ്വരം ദിക്കുകളിൽ അലയടിച്ചു.

കട്ട് റ്റു


സീൻ 17 സി
രാവിലെ, രജിതയുടെ വീട്

പരിഭ്രമത്തോടെ ശാന്തമ്മ മുറ്റത്തേക്ക് ഓടി വരുന്നു.

ശാന്തമ്മ : മോളെ ..മോളെ..

കരഞ്ഞു കലങ്ങിയ മുഖവുമായി ആകുലതയിൽ രജിത പുറത്തേക്ക് വരുന്നു.

രജിത : എന്താ.എന്താ ചേച്ചി.
ശാന്തമ്മ : രഘു , രഘു പോയി മോളെ. ശവം തീട്ടക്കൊളത്തില് പൊങ്ങിയിട്ടുണ്ട്. പത്രമിടുന്ന കുഞ്ഞനാ ആദ്യം കണ്ടത്.

മകനെക്കുറിച്ച് പ്രതീക്ഷയുണ്ടായിരുന്ന അവൾ നെഞ്ചെത്ത് കൈവെച്ച് കരഞ്ഞു.

രജിത : എന്റെ മോൻ...

കട്ട് റ്റു 


സീൻ 17 ഡി 
പകൽ
തീട്ടക്കുളവും പരിസരവും

കുറച്ചകലെ  സർക്കിളിന്റേയും എസ്.ഐ യുടേയും ജീപ്പുകൾ കിടക്കുന്നു: പിന്നെ ആംബുലൻസും. കുളത്തിനരികിൽ പഞ്ചായത്ത് പ്രസിഡന്റും,ലഷ്മിയും  സർക്കിൾ ഇൻസ്പെക്ടർ പ്രതാപനും എസ്.ഐ. റോയിയും, കയ്യിലൊരു ഫയലുമായി എച്ച്.സി.സുനിയും,പി.സി.ബിജുകുമാറുംനിൽക്കുന്നു.അവർക്കരികെ കുഞ്ഞനുമുണ്ട്. കുളത്തിൽ നിന്നും ജഡം കരക്കെത്തിക്കുന്നത് കാണാൻ എത്തിയവരുടെ കൂട്ടം കുളക്കരയിലുണ്ട്. കുളത്തിലുള്ള രണ്ടു പേർ ജഡം കരക്കെത്തിക്കുന്നു. മറ്റു രണ്ട് പേർ കുളത്തിൽ അനുമോന്റെ ജഡം  തിരയുന്നുണ്ട്. എഫ്.ഐ.ആർ തയ്യാറാക്കുന്ന എച്ച്.സി.സുനിൽകുമാറും എസ്.ഐ റോയിയും ബിജുകുമാറും. കരയിൽ നിന്നവരുടെ സഹായത്തോടെ രഘുവിന്റെ ജഡം സ്ട്രച്ചറിലേക്ക് മാറ്റി ആംബുലൻസിലേക്ക് കൊണ്ടു പോകുന്നു. ജഡം കരക്കെത്തിച്ചവർ വീണ്ടും കുളത്തിന്റെ മധ്യത്തിലേക്ക് നീന്തുന്നു. മുങ്ങാംകുഴിയിട്ട് ജഡം തപ്പുന്ന നാലുപേരേയും ആകാംക്ഷയോടെ നോക്കുകയാണ് എല്ലവരും. സർക്കിളിന്റെ അരികിലെത്തി ,

ലക്ഷ്മി : സാർ...

ലക്ഷ്മിയെ അറിയാവുന്ന റോയി സർക്കിളിനോട്,

റോയി : സാർ ,ഈ വാർഡിലെ മെംബറാ.

സർക്കിൾ  : ഉം...!

ലക്ഷ്മി : സർ ഇതൊരു അപകടമരണമാണോ അതോ?.

സർക്കിൾ: ഇങ്ക്വെസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിന് അയക്കട്ടെ. വൈകുന്നേരത്തോടെ അറിയാം. മിസ്സിംഗായ കുട്ടിയെ കണ്ടു  കിട്ടിയില്ലെങ്കിൽ കേസ് കോമ്പ്ലികേറ്റഡ് ആകും. 

പ്രസിഡന്റ് : ആ പെണ്ണ് ഒരു സാധു സ്ത്രീയാ.വളരെ കഷ്ടപ്പെട്ടാണ് ആ കൊച്ചിനെ നോക്കീരുന്നത്.

സർക്കിൾ : ഉം..(അവർക്കരികിൽ നിന്നിരുന്ന  കുഞ്ഞന്റെ തോളിൽ തട്ടി ചിരിച്ച്) നീയാണല്ലേ ബോഡി ആദ്യം കണ്ടത്.

അല്പം, പേടിച്ച്,

കുഞ്ഞൻ : അതേ സാറേ. രാവിലെ പേപ്പറിടാൻ വന്നപ്പോ.

ലക്ഷ്മി അവനെ ചേർത്തു പിടിക്കുന്നു.

സർക്കിൾ : പേടിക്കണ്ട. കേട്ടോ. എന്താ നിന്റെ പേര് ?

കുഞ്ഞൻ : കുഞ്ഞൻ

സുനിയെ നോക്കി,

റോയി : സുനി കുഞ്ഞന്റെ അഡ്രസ്സൊക്കെ എഴുതി എടുത്തിട്ടില്ലേ.

സുനി : കുഞ്ഞന്റേയും ഇന്നലെ മുതൽ ഈ സംഭവത്തിൽ ആക്റ്റീവായിട്ടുള്ളവരുടേയും നംബറും അഡ്രസ്സും  എടുത്തിട്ടുണ്ട്  സാർ.

സർക്കിൾ : ഗുഡ്.

കുളത്തിൽ നിന്നും ഒരാൾ വിളിച്ചു പറയുന്നു.

അയാൾ : സാറേ  ഓരോ ഇഞ്ച്ചും അരിച്ച് പെറുക്കി . ഇതിലൊന്നും ഇല്ല.

സർക്കിൾ അവരോട് കയറിപോരാൻ ആംഗ്യം കാണിച്ച് തിരിഞ്ഞ് ജീപ്പിനരികിലേക്ക് നടക്കുന്നു. പിന്നാലെ മറ്റുള്ളവരും

കട്ട് റ്റു


സീൻ 17 ഈ
പകൽ 
രജിതയുടെ വീട്

പുറത്ത് എസ്.ഐ റോക്കറ്റ് റോയി, എച്ച്.സി.സുനിൽകുമാർ, ഡോഗ് സ്ക്വാഡിന്റെ കൂടെയെത്തിയ ഒരു പോലീസുകാരാനും. സഹദേവനും മധുവും ശശിയും പൊന്നനും ശാന്തമ്മയും മറ്റ് രണ്ട് മൂന്ന് സ്ത്രീകളും വീടിന്റെ അതിരുകളിൽ ആകാംഷയോടെ നിൽക്കുന്നു. അകത്ത് അനുമോന്റെ നിക്കറിൽ നിന്നും പോലീസ് ഡോഗായ ജൂലിയെ കൊണ്ട് മണം പിടിപ്പിക്കുന്ന  പോലീസുകാരൻ. അത് ശ്രദ്ധിച്ച് വിഷമത്തോടെ നിൽക്കുന്ന രജിത. ജൂലി കുരച്ച് കൊണ്ട് വീടിനു പുറത്തേക്ക് ഓടുന്നു. പരിഭ്രമിക്കുന്ന നാട്ടുകാർ. പല വഴികളിലൂടെ കുരച്ച് കൊണ്ട് ഓടുന്ന ജൂലിയെ പിന്തുടരുന്ന ഡോഗ് സ്ക്വാഡിലെ രണ്ട് പോലീസുകാർ. അതിന്റെ കഴുത്തിൽ ചങ്ങലയിട്ട്    ഒരു പോലീസുകാരൻ അതിന്റെ ഓട്ടം നിയന്ത്രിക്കുന്നുണ്ട്. ജൂലിയോടുംബോൾ നാട്ടുകാർ ഭീതിയോടെ നോക്കുന്നു. ജൂലി അവസാനം കുരച്ച് കൊണ്ട് തീട്ടക്കുളത്തിനരികെ വന്നു നിൽക്കുന്നു. എസ്.ഐ റോയിയും എച്ച്.സി.സുനിയും ,പൊന്നനും സഹദേവനും അടങ്ങുന്ന കുറച്ചു പേർ അവരുടെ അടുത്തേക്ക് വരുന്നു.
ജൂലി കുര നിർത്തിയിരുന്നു. നടന്നെത്തിയ റോയിയോട്, ഡോഗ് സ്ക്വാഡിലെ പോലീസുകാരൻ പറയുന്നു.

പോലീസുകാരാൻ: ഇന്നലെ ഇടിച്ചു കുത്തിയുള്ള മഴയല്ലാരുന്നോ സാറേ. ഇവൾക്ക് ട്രേസു ചെയ്യാൻ ബുദ്ധിമുട്ടാകും.

എസ്.ഐ .റോയി. : ഉം.!

അയാൾ ആലോചനയോടെ തലയാട്ടി.

കട്ട് റ്റു

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ