മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

good friday

ഭാഗം 8

സീൻ 13
പകൽ, തങ്കന്റെ വീടും  അതിനോടു ചേർന്നുള്ള പൂഴി നിരത്തും.

എമ്മാനുവേലിനേയും തങ്കനേയും കയറ്റി തന്റെ ലൂണായിൽ വരുന്ന വിജയൻ , വീടിനു മുന്നിലായി വണ്ടി നിർത്തുന്നു.തങ്കനും എമ്മാനുവേലും ലൂണായിൽ നിന്നും ഇറങ്ങുന്നു.തങ്കൻ സാവധാനം വീട്ടിലേക്ക് നടക്കുംബോൾ ,എമ്മാനുവേലിനെ നോക്കി,

വിജയൻ : സരള ജീവനോടെ മിച്ചം വെച്ചാ പിന്നെകാണാം.

വിജയൻ ലൂണായുമായി മുന്നോട്ട് നീങ്ങുന്നു.
തങ്കന്റെ വീട്ടിലോട്ട് കയറണമോ എന്ന ശങ്കയിൽ ബാഗുമായി നിൽക്കുന്ന എമ്മാനുവേലിനെ നടന്നു തുടങ്ങിയ തങ്കൻ ഒരിട നിന്ന് തിരിഞ്ഞു നോക്കുന്നു.

തങ്കൻ : കർത്താവ് പേടിക്കാതെ വാ.

പെട്ടെന്നതു കേട്ട് ധൃതിയിലവൻ തങ്കനൊപ്പം ഓടിയെത്തി നടക്കുന്നു.
വീടിന്റെ പടിഞ്ഞാറുഭാഗത്ത് നിന്നും താറാംതീറ്റയുടെ കാലിപാത്രവുമായി നടക്കാൻ അല്പം ബുധിമുട്ടി വരുന്ന  തെയ്യാമ്മ അവരെ കാണുന്നു.തങ്കനോടെന്നോണം,

തെയ്യാമ്മ : ബംബറിടിച്ച് കാശുമായി ആ വഴി കഴുവേറ്റിയെന്നാ ഞാനാദ്യം ഓർത്തത്.

തങ്കൻ : അത്യവശ്യമായി ഒരു മരിപ്പിനു പോകുവാന്ന് പറഞ്ഞ് കുഞ്ഞനെ വിട്ടതല്ലേ.

തെയ്യാമ്മ : ഏതായാലും നിങ്ങള് പോലീസ് സ്റ്റേഷനിൽ നിൽക്കുന്നത് അപ്പുറത്തെ ചീരാൻ സ്റ്റേഷനിൽ ഓട്ടം വന്നപ്പോള്  കണ്ടു.നിങ്ങളില്ലാതിരുന്നതുകൊണ്ട് ഒരു രാത്രി  സുഖം പിടിച്ച് (പരുങ്ങി  തിരുത്തി) അല്ല സമാധനത്തോടെ  ഞാനുറങ്ങി.

തങ്കൻ എമ്മാനുവേലിനെ നോക്കി ഇളിഭ്യതയിൽ ചിരിക്കുന്നു.

തങ്കൻ : പറ്റിപ്പോയി തെയ്യാമ്മേ.

എമ്മാനുവേലിനെ നോക്കി ,

തെയ്യാമ്മ : ഇതേതാ പുതിയ അവതാരം.

തങ്കൻ : കർത്താവ്. അല്ല എമ്മാനുവേൽ

തെയ്യാമ്മ : കർത്താവോ . ഈശോയെ 

അവർ പെട്ടെന്ന് കുരിശു വരക്കുന്നു.

തങ്കൻ : തെയ്യാമ്മേ എല്ലാം പറയാം....കർത്താവേ നീ കേറി വാ.

അവരെ നോ‍ക്കി  ചിരിച്ച് തങ്കന്റെ പിന്നാലെ   അകത്തേക്ക് കയറുന്ന എമ്മാനുവേൽ വീണ്ടും തെയ്യാമ്മയെ നോക്കുന്നു. തെയ്യാമ്മ പാത്രവുമായി ചിരിയോടെ അവനിൽ ആകൃഷ്ടയായ പോലെ നിൽക്കുന്നു.
തെയ്യാമക്കരികിലേക്ക് ഒരു ഭാഗത്ത് നിന്നും  മുണ്ടും ബ്ലൌസുമിട്ട ഒരു വൃദ്ധ കയ്യിൽ സഞ്ചിയുമായി വരുന്നു.

വൃദ്ധ : തങ്കന്റെ കൂടെ ഒരു ചെക്കനും ഉണ്ടാരുന്നല്ലോ.ആരാത് ?

തെയ്യാമ്മ : തങ്കന്റെ പാപ്പന്റെ മോനാ .മദ്രാസീന്ന്.

അവരെ ആക്കും വിധം തെയ്യാമ്മ പറയുന്നു    അകത്ത് ഹാളിൽ കസേരയിൽ ഇരിക്കാൻ തുടങ്ങുന്ന എമ്മാനുവേൽ മദ്രാസ്സ് എന്ന് കേട്ട് സംശയിക്കുന്നു.ഷർട്ട് മാറുന്ന തങ്കൻ അതു കേട്ട് പതിയെ ചിരിക്കുന്നു. പുറത്ത് തെയ്യാമ്മയോട് ,

വൃദ്ധ : കല്യാണം കഴിഞ്ഞ് ഞാനും കേളൂം കൂടെ കൊട്ടകയിൽ പോയി കണ്ട സിനിമയാ മദ്രാസിലെ മോൻ...ഹ  ഹ..അതൊ ക്കെ  ഒരു കാലം ... റേഷൻ വാങ്ങീട്ട് വരാം.

അവരതു പറഞ്ഞ് നിരത്തിലേക്ക് നടക്കുംബോൾ അകത്ത് നിന്നും തങ്കന്റെ സ്വരം.

തങ്കൻ : തെയ്യാമ്മോ .കഴിക്കാനെന്തെങ്കിലും ഉണ്ടാക്കി വെക്ക്.

തെയ്യാമ്മ : ഓ.... 

കട്ട് റ്റു.


അടുക്കളയുടെ പിൻവശം-

താറാം കൂട്ടത്തെ നോക്കി പല്ലു തേക്കുന്ന തങ്കൻ. ഒറ്റപ്പെട്ട് നില്ക്കുന്ന ടോയിലറ്റിൽ നിന്നുമിറങ്ങി അടുത്തു കണ്ട മാവിൽ നിന്ന് മാവില പറിച്ച് പല്ലു തേച്ചുകൊണ്ട് താറാംകൂട്ടത്തെ നോക്കി എമ്മാനുവേൽ തങ്കന്റെ അരികിലെത്തുന്നു.

എമ്മാനുവേൽ : ഇതെത്രണ്ണമുണ്ട് അച്ചായാ.

മൊന്തയിൽ നിന്നും വെള്ളമൊഴിച്ച് മുഖം കഴുകുന്നതിനിടയിൽ,

തങ്കൻ : പത്ത് ഇരുനൂറെണ്ണം ഉണ്ടാരുന്നു. പനിവന്ന് കൊറേണ്ണം ചത്തു. കൊറേണ്ണത്തിനെ കൊടുത്തു.

എമ്മാനുവേൽ : കോഴീം താറാവും ആടുവളർത്തലുമൊക്കെ വീട്ടിലുമുണ്ട്. അമ്മച്ചിയുടെ വക.

അകത്തേക്ക് നോക്കി വിളിക്കുന്ന ,

തങ്കൻ : തെയ്യാമ്മേ ആ വെളിച്ചെണ്ണക്കുപ്പിയെടുത്തേ.

അയാൾ ബക്കറ്റിൽ നിന്നും മൊന്തയിൽ വെള്ളം നിറച്ച് എമ്മാനുവേലിന് കൊടുക്കുന്നു.അവൻ അതു വാങ്ങി മുഖം കഴുകുന്നു.
വെളിച്ചെണ്ണക്കുപ്പിയുമായി നടക്കാൻ ബുദ്ധിമുട്ടി വരുന്ന തെയ്യാമ്മ തങ്കനരികിലെത്തി നിൽക്കുന്നു. കുപ്പി നീട്ടി,

തെയ്യാമ്മ : ഇന്നാ വെളിച്ചെണ്ണ.

തങ്കൻ : ഇങ്ങോട്ടൊഴിക്ക്.

അവൾ കുപ്പി തുറന്ന് വെളിച്ചെണ്ണ അയാളുടെ കയ്യിൽ ഒഴിച്ചു കൊടുക്കുന്നു. തങ്കൻ അത് രണ്ടു കൈയും കൊണ്ട് കൂട്ടി തിരുമ്മി തലയിലും ശരീരത്തും തേച്ച് പിടിപ്പിക്കുന്നു. എമ്മാനുവേലിന്റെ കയ്യിൽ എണ്ണ ഒഴിച്ച് കൊടുത്ത്,

തെയ്യാമ്മ : കർത്താവിനു കഴിക്കാൻ പുട്ടും മുട്ടക്കറിയും മതിയോ.

അവരുടെ വശ്യനോട്ടത്തിൽ പരിഭ്രമിച്ച് ,

എമ്മാനുവേൽ : എന്തായാലും മതി.

തെയ്യാമ്മ : എന്നാലതുണ്ടാക്കാം. 

അത് പറഞ്ഞു അവൾ തിരിഞ്ഞ് നടക്കാൻ അല്പം പ്രയാസമുള്ളത്  പോലെ നടക്കുംബോളത് കണ്ട് ,

തങ്കൻ : നിനക്കെന്താ നടക്കാൻ വയ്യേ.

നടന്നുകൊണ്ട്,

തെയ്യാമ്മ :രാത്രീല് പൊങ്ങിയെണീറ്റപ്പോൾ ഇടുപ്പൊന്ന് ഉളുക്കിയതാ.

എമ്മാനുവേൽ :  തൈലമിട്ട് തിരുമ്മണം ചേച്ചി, വെച്ചോണ്ടിരുന്നാ വേദന കൂടത്തേയുള്ളൂ.

തെയ്യാമ്മ : ആരോടു പറയാനാ.

തങ്കൻ : അവളതൊന്നും ചെയ്യില്ല.

നിസ്സാരതയിൽ തങ്കൻ പറയുന്നു.
വെറുതെ ചിരിക്കുന്ന എമ്മാനുവേൽ .

കട്ട് റ്റു


സീൻ 13 ഏ 

പകൽ, പൂഴി നിരത്ത്

കാരിയറിൽ കൊട്ടകെട്ടി സൈക്കിൾ ചവിട്ടി വരുന്ന മധ്യവയസ്കനായ മോനിച്ചൻ.
               

മോനിച്ചൻ : മൊട്ടയുണ്ടോ മൊട്ട.മൊട്ട വേണോ മൊട്ട.

കട്ട് റ്റു


സീൻ 13 ബി
പകൽ, തങ്കന്റെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും കാണാവുന്ന ദൂരത്തിലുള്ള കുളം.

കുളത്തിൽ കഴുത്തൊപ്പം മുങ്ങി ശരീരം തേച്ച് വൃത്തിയാക്കുന്ന എമ്മാനുവേൽ. കുളി കഴിഞ്ഞ് കുളത്തിൽത്തന്നെ നിന്ന് തല തുവർത്തുന്ന തങ്കൻ മോനിച്ചന്റെ വിളി കേട്ട്  ആ ഭാഗത്തേക്ക് നോക്കുന്നു.

തങ്കൻ : മോനിച്ചാ, ഇങ്ങോട്ടെന്ന് കേറണേ.

മോനിച്ചൻ : ദേ വരുന്നേ..

നിരത്തിനരികിലുള്ള പത്തലുകൾക്കിടയിലൂടെ തങ്കനെ കൈ വീശി കാണിച്ച് സൈക്കിളിൽ മോനിച്ചൻ മുന്നോട്ട് പോകുന്നു. കരക്ക് കയറി കൊണ്ട് ,

തങ്കൻ : കർത്താവേ നീ കുളിച്ചിട്ട് വാ...മോനിച്ചന് മൊട്ടയെടുത്ത് കൊടുക്കട്ടെ.

എമ്മാനുവേൽ : ആട്ടെ, അച്ചായാ.

അവൻ അയാളെ നോക്കി മറുപടി കൊടുത്തു. തങ്കൻ തോർത്ത് കുടഞ്ഞ് ഉടുത്ത്  ആയത്തിൽ അടുക്കളഭാഗത്തേക്ക് നടക്കുന്നു.

കട്ട് റ്റു


സീൻ 13 സി
പകൽ, തങ്കന്റെ വീടിന്റെ അടുക്കള

തെയ്യാമ്മ പുട്ടും മുട്ടക്കറിയും പാകം ചെയ്ത് കൊണ്ടിരിക്കുന്നു. സ്റ്റൌവിൽ ആവി കേറുന്ന പുട്ട് കുറ്റിയും തിളക്കുന മുട്ടക്കറി  ചട്ടിയും. ഒരിട ജനാലയിലൂടെ നോക്കുംബോൾ അവർ കുളത്തിൽ നീന്തുന്ന എമ്മാനുവേലിനെ കാണുന്നു.തെയ്യാമ്മ തന്നെ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്ന അവൻ മുങ്ങാം കുഴിയിടുന്നു.
തെയ്യാമ്മക്ക് ചിരി വരുന്നു. അവർ തന്റെ പ്രവൃത്തി തുടരുംബോൾ പശ്ചാത്തലത്തിൽ തങ്കന്റെ സ്വരം.

തങ്കൻ : തെയ്യാമ്മേ മൊട്ടക്കൊട്ട ചായ്പിലാണോ‍? മോനിച്ചൻ വന്നിട്ടുണ്ട്.

തെയ്യാമ്മ : ചായ്പിലുണ്ട്.എണ്ണി കൊടുക്കണേ.

കട്ട് റ്റു


സീൻ 13 ഡി
പകൽ, തങ്കന്റെ വീടിന്റെ  മുറ്റം

സൈക്കിൾ സ്റ്റാൻഡിൽ വെക്കുന്ന മോനിച്ചൻ മുണ്ടൊന്നു മടക്കി കുത്ത് അഴിച്ച് കെട്ടി കാരിയറിൽ നിന്നും മുട്ടകൊട്ട  അഴിച്ചെടുത്ത് നിലത്ത് വെച്ച്  തങ്കനെയും കാത്ത് നിൽക്കുംബോൾ - തങ്കൻ താറാം മുട്ടയുടെ കൊട്ടയുമായി വരുന്നു. അത് തറയിൽ വെച്ചു കൊണ്ട് ,

തങ്കൻ : മോനിച്ചാ എണ്ണിയെടുക്ക്.

കുനിഞ്ഞിരുന്നുകൊണ്ട്,                    

മോനിച്ചൻ : കഴിഞ്ഞ പ്രാവശ്യം എടുത്തതിലഞ്ചാറെണ്ണം ചീഞ്ഞതാരുന്നു.

കൊട്ടയ്ക്കരികെ കുന്തിച്ചിരിക്കുന്ന ,

തങ്കൻ : ചീഞ്ഞതൊ .അങ്ങനെ വരാൻ വഴിയില്ലാല്ലോ ?

മുട്ട എണ്ണി തന്റെ കൊട്ടയിൽ ഇടുന്നതിനിടയിൽ,

മോനിച്ചൻ : തേങ്ങായും മൊട്ടയും പൊട്ടിച്ച് നോക്കിയെടുക്കുന്ന ഏർപ്പാടില്ലല്ലോ.                         

തങ്കൻ : നഷ്ടം വേണ്ട  ഇതീന്ന് കൊറച്ചോ.എല്ലാം പുതിയതാ.

കട്ട് റ്റു


സീൻ 13 ഈ
പകൽ, തങ്കന്റെ വീടിന്റെ അടുക്കള ഭാഗം

തല തുവർത്തിക്കൊണ്ട് അടുക്കളയിലൂടെ അകത്തേക്ക് കയറുന്ന  എമ്മാനുവേൽ തെയ്യാമ്മയെ കണ്ട് വെറുതെ നാണത്തിൽ ചിരിക്കുന്നു.

തെയ്യാമ്മ : നീന്തലൊക്കെ അറിയാമല്ലേ.

എമ്മാനുവേൽ : നാട്ടില് പുഴയിലൊക്കെ കുളിക്കാറുണ്ട്.

തെയ്യാമ്മ : നീന്തല് കാണ്ടാലറിയാം ആളൊരു മിടുക്കനാന്ന് . ആണോ?.

കുസൃതിയോടെ അവർ അവനെ നോക്കുന്നു. നാണത്തിൽ മുഖം കുനിച്ച് ,

എമ്മാനുവേൽ : അങ്ങൊനൊനുമില്ല.

തെയ്യാമ്മ : പുട്ടും മൊട്ടക്കറിയും റെഡിയായിട്ടുണ്ട്.കാപ്പി വേണോ ചായ വേണോ ?

എമ്മാനുവേൽ : എന്തായാലും മതി.

അവൻ അവരുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കി ഒരു മുറിയിലേക്ക് നടക്കുന്നു.

കട്ട് റ്റു


സിൻ 13 എഫ്
പകൽ, തങ്കന്റെ വീടിന്റെ മുറ്റം 

മുട്ടകൊട്ട സൈക്കിളിന്റെ കാരിയറിൽ കെട്ടി വെക്കുന്ന,

മോനിച്ചൻ : മൊട്ടക്കൊന്നും ഇവിടെ വലിയ ഡിമാന്റില്ലച്ചായാ.കുമരകം കടന്നു കിട്ടിയാലേ താറാം മുട്ടക്ക് ആവശ്യക്കാരുള്ളൂ.

നൂറിന്റെ നോട്ടുകൾ എണ്ണി പോക്കറ്റിലിട്ട്,

തങ്കൻ : അടുത്താഴ്ച്ച വരണം.

സൈക്കിൾ തിരിച്ച്,

മോനിച്ചൻ : ഓ അടുത്താഴ്ച്ച വരുന്നുണ്ട്.

തങ്കൻ നടന്ന് ഹാളിലേക്ക് കയറി ക്രിസ്തുരൂപത്തിനു താഴെ മേശയിൽ വെച്ചിട്ടുള്ള ബൈബിളിൽ 500 രൂപാ പോക്കറ്റിൽ നിന്നും എടുത്ത് വെക്കുന്നു. ബാക്കിയുള്ള മുന്നൂറ് രൂപാ പോക്കറ്റിൽ തന്നെയിടുന്നു. അടുക്കളയിൽ നിന്നും ആഹാര പാത്രവുമായി വരുന്ന തെയ്യാമ്മ അത് ഡൈനിംഗ് ടേബിളിൽ വെച്ച് ചോദിക്കുന്നു.

തെയ്യാമ്മ : പത്ത് നൂറെണ്ണമില്ലാരുന്നോ.

ക്രിസ്തുരൂപത്തിൽ ചാർത്തിയിരിക്കുന്ന ലൈറ്റ് തെളിയാത്തതുകണ്ട് സ്വിച്ച് ഇട്ട് നോക്കി,

തങ്കൻ : കഴിഞ്ഞ തവണ കൊടുത്തതിൽ അഞ്ചാറെണ്ണം ചീഞ്ഞതായിരുന്നു.

തെയ്യാമ്മ : അതവന്റെ അഭ്യാസമാ.

തങ്കൻ : പോട്ടെ....ഇതെന്താടി കത്താത്തത്.

തെയ്യാമ്മ: വെളുപ്പിനെ വരെ കത്തിയിരുന്നതാ.

തങ്കൻ വീണ്ടും സ്വിച്ച് ഇട്ടു നോക്കുന്നു. അതു കണ്ട് ജുബ്ബായും പാന്റും ഇട്ടു വരുന്ന ,

എമ്മാനുവേൽ : അച്ചായാ മാറിക്കേ. ഞാനൊന്നു നോക്കട്ടെ.

തങ്കൻ : ഇനി കർത്താവ് നോക്കീല്ലാന്നു വേണ്ട.

അയാൾ മാറുംബോൾ എമ്മാനുവേൽ സ്വിച്ച് ഓഫ് ചെയ്ത് കസേര വലിച്ചിട്ട് അതിൽ കയറി സീരിയൽ ലൈറ്റ് പരിശോധിക്കുംബോൾ ലൈറ്റിലെ വിട്ടു പോയ കണക്ഷൻ കണ്ട് അത് കൂട്ടി യോജിപ്പിക്കുന്നു.

എമ്മാനുവേൽ : അച്ചായാ ഒന്നു ഓണാക്കിക്കേ.

തങ്കൻ സ്വിച്ചിടുംബോൾ സീരിയൽ ബൾബ് തെളിയുന്നു. ചിരിയോടെ ,

തെയ്യാമ്മ : കത്താവിന്റെ കാര്യം കർത്താവു തന്നെ നോക്കി...വാ... മണി പത്തരയായി .കഴിക്കാൻ നോക്ക്

അവർ അടുക്കളയിലേക്ക് നടക്കുന്നു. കസേരയിൽ നിന്നിറങ്ങുന്ന  എമ്മാനുവേലിനോട് ,

തങ്കൻ : വാ കഴിക്കാം.

അവൻ മേശക്കരികിലേക്ക് കസേര വലിച്ചിടുന്നു.

കട്ട് റ്റു.


അടുക്കളയിൽ -

സ്റ്റൌവ്വിൽ വെച്ചിരിക്കുന്ന കലത്തിൽ പാൽ ചായ തിളച്ച് പൊങ്ങുന്നു.സ്റ്റൌ ഓഫ് ചെയ്ത് അവർ രണ്ട് ഗ്ലാസ്സിലേക്ക് ചായ പകർത്തുന്നു.
പശ്ചാത്തലത്തിൽ തങ്കന്റെ സ്വരം.

തങ്കൻ : കർത്തവിന്റെ വീട്ടിൽ ആരൊക്കെയുണ്ട്.

തെയ്യാമ്മ ചായയുമായി ഹാളിലേക്ക് നടക്കുന്നു.

കട്ട് റ്റു


ഹാൾ

ഭക്ഷണം കഴിക്കുന്ന തങ്കനും എമ്മാനുവേലും.

എമ്മാനുവേൽ : അപ്പച്ചനും അമ്മച്ചിയും ചേച്ചിയും.അപ്പച്ചനു കൃഷിയാ,

തങ്കൻ : റബറും ജാതീം ഏലക്കായുമൊക്കെ ആവശ്യത്തിനുണ്ടാകുമല്ലോ.

എമ്മാനുവേൽ : കുറച്ച്.

ചായ ഗ്ലാസ്സ് മേശയിൽ അവർക്കരികെ വെച്ച്,

തെയ്യാമ്മ : ചേച്ചിയെ കെട്ടിച്ച് മക്കളൊക്കെ ആയിക്കാണുമല്ലേ? 

എമ്മാനുവേൽ : ഏയ് .കന്യാസ്ത്രീയാ.അടിമാലിയിലെ മദർ തെരേസാ കോൺവെന്റില്..

തെയ്യാമ്മ : ഈ കർത്താവിന് ദൈവവിളി കിട്ടിയില്ലേ?.

എമ്മാനുവേൽ : കുട്ടിക്കാലത്ത് ആഗ്രഹമുണ്ടായിരുന്നു.

തങ്കൻ : അപ്പന്റേം അമ്മയുടേം വയസ്സുകാലത്ത് നോക്കാനൊരാളുവേണ്ടേ...ങാ തെയ്യാമ്മേ.ഇവനിവിടെ രണ്ടു മൂന്നു  ദിവസമുണ്ടാകും.

തെയ്യാമ്മ :  കർത്താവ്    ജോലി അന്വേഷിച്ച് വന്നതാണോ? .

എമ്മാനുവേൽ : ഏയ് അല്ല.

തങ്കൻ : കംബ്യൂട്ടറിലൊക്കെ കഥയെഴുതുന്ന കൂട്ടത്തിലാ എന്തോന്നാ  അതിന്റെ പേര് ?
 ചിരിയിൽ,

എമ്മാനുവേൽ : ബ്ലോഗർ.

തെയ്യാമ്മ : അതെന്തു കുന്താ. അല്ല മംഗളത്തിലും മനോരമയിലുമൊന്നും എഴുതാറില്ലേ?.ഞാൻ സ്ഥിരം വായനക്കാരിയാ.

എമ്മാനുവേൽ വെറുതെ ചിരിക്കുന്നു. ആഹാരം കഴിച്ച് മതിയാക്കി,

തങ്കൻ : ആഴ്ച്ചയിൽ നാലു മൊട്ടേടെ കാശ് ആ വഴി പോകും.

തെയ്യാമ്മ : ഓ വലിയ ലാഭക്കാരൻ ..

എമ്മാനുവേലും ആഹാരം മതിയാക്കുന്നു. പാത്രം എടുക്കുന്നതിനിടയിൽ,

തെയ്യാമ്മ :     കർത്താവിനെ പുറത്തേക്ക് കൊണ്ട് പോകുന്നതൊക്കെ കൊള്ളാം .മാത്തന്റെ ഷാപ്പിൽ കൊണ്ട് പോയി  അടിമയിരുത്തരുത്.

ചായകുടിക്കുന്ന തങ്കനും എമ്മാനുവേലും ചിരിക്കുന്നു.

കട്ട്

( തുടരും )

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ