police

ഭാഗം 5

സീൻ 8 ഡി
രാത്രി - പോലീസ്സ്റ്റേഷൻ
തങ്കനും,പൊന്നനും, വിജയനും എമ്മാനുവേൽ പറയന്നത് ശ്രദ്ധാപൂർവ്വം കേട്ടിരുന്ന ശേഷം അവസാനം ചിരിക്കുന്നു.
വിജയൻ : ട്രെയിനിനു കൈകാണിച്ച അവസ്ഥ.
എമ്മാനുവേൽ : ലോക്കപ്പ് യോഗം ജീവിതത്തിലുണ്ടേലത് സംഭവിക്കും.
വിജയൻ : അതു ശരിയാ. ഇതുവെച്ച് നോക്കുംബോൾ എനിക്ക് രായോഗങ്ങൾ എന്തോരം..ഹോ !
എന്തോ ഓർത്തെന്നോണം അവൻ തലകുടയുന്നു.സംശയത്തിൽ എമ്മലുവിനോട്,
തങ്കൻ : സത്യത്തിൽ നിന്റെ വീടെവിടെയാ.
എമ്മാനുവേൽ : അതിടുക്കിയില്.ചെറുതോണി ഡാമിനടുത്താ.
പൊന്നൻ : നീയിവിടെ എന്തിന് വന്നു?
എമ്മാനുവേൽ :  ഇവിടെയടുത്തല്ലേ ചീരപ്പൻ ചിറ?
വിജയൻ : ഓ.നമ്മുടെ അയ്യപ്പനും മാളികപ്പുറത്തമ്മയും ഗണ്ടുമുട്ടിയ സ്ഥലം.
സംശയത്തിൽ ,
തങ്കൻ : അതേതു സ്ഥലം.
വിജയൻ : അത് പഴയ ഹോബീ തീയറ്ററിനു പിന്നിൽ. അതറയണമെങ്കി ചരിത്രം പഠിക്കണം ചരിത്രം.(എമ്മാനുവേലിനെ                                                        നോക്കി) അല്ലേടാ.
എമ്മാനുവേൽ : അതേ.ചീരപ്പൻ ചിറയെക്കുറിച്ച് ഒരു പഠനം...ഞാൻ കഥയും ലേഖനവുമൊക്കെയെഴുതാറുണ്ട്.
വിജയൻ : അച്ചായാ ഇവനെഴുത്തുകാരനാ.നമ്മുടെ സ്റ്റാൻഡേർഡിനു പറ്റില്ല.
എമ്മാനുവേൽ : അതിപ്പോ എത്ര തറയാകാനും എനിക്കു പറ്റും.
പൊന്നൻ : ഞങ്ങളെ തറയാക്കണ്ട.രാവിലെ നേരം വെളുത്താൽ സഖാവ് സത്യൻ മാഷിന്റെ മോളെ ഞങ്ങള്  വിളിക്കും.ഞങ്ങടെ വാർഡിലെ മെംബറാ. ഞങ്ങളിറങ്ങും.
തങ്കൻ : അല്ല നീയെങ്ങനെ ഇറങ്ങും?.
വിജയൻ : ഇടുക്കീന്നാളെപ്പവരാനാ.
എമ്മാനുവേൽ : ഏതായാലും മെംബർ നിങ്ങളെ ഇറക്കില്ലേ.ആ കൂട്ടത്തിൽ സൈഡായി എന്നെക്കൂടെ ഇറക്കിയാൽ മതി
അവർ മൂവരു പരസ്പരം നോക്കുന്നു
തങ്കൻ : അഹങ്കാരം കൊറച്ച് കുറക്കണം
കണ്ണു തുറിച്ച് അന്തം വിട്ട് ,
എമ്മാനുവേൽ : അഹങ്കാരമോ .എനിക്കോ..ശ്ശെ..ശ്ശെ..എന്തൊക്കെയായിത്.
അവരുടെ പ്രതികരണം.
കട്ട് റ്റു


പോലീസ് സ്റ്റേഷന്റെ മുറ്റത്ത് ജീപ്പിൽ വന്നിറങ്ങി അകത്തേക്ക് കയറുന്ന ബിജു സ്റ്റേഷനിലുള്ളിലെ പുക കണ്ട് പാറാവുകാരനെ നോക്കുന്നു.
ബിജു : എന്നാ പിന്നെ അടിയോടെ കത്തിക്കാമായിരുന്നില്ലേ.
തോക്ക് തോളിൽ ചേർത്ത് കസേരയിലിരിക്കുന്ന,
പാറാവുകാരൻ : ഞാനല്ല, ലവന്മാരാ.
ബിജു : എടാ മലരന്മാരെ..
ബിജു ദേഷ്യത്തിൽ അവരുടെ അരികിലെത്തുംബോൾ കൂർക്കം വലിച്ചുറങ്ങുന്ന നാലുപേരേയുമാണ് കാണുന്നത്. ആ കാഴ്ച്ച കണ്ട് ;
ബിജു : പാവങ്ങൾ.
ബിജു തിരിഞ്ഞ് എസ്.ഐ യുടെ മുറിയിലേക്ക് കയറി മേശയിൽ കാലുകൾ കയറ്റി വെച്ച് കസേരയിലിരുന്ന് ചാരി ഉറങ്ങുന്ന സുനിയെ തട്ടി വിളിക്കുന്നു,
ബിജു : സാറേ പോകാം.
ഞെട്ടിയെഴുന്നേറ്റ് കണ്ണുകൾ തിരുമ്മി,
സുനി : എങ്ങോട്ട് ?
ബിജു :  അംബലത്തിൽ തൊഴാൻ പോകാൻ.
തലയിൽ തോർത്ത് കെട്ടിയ പോലീസുകാരൻ ഹാല്ഫ് ഡോറിലൂടെ എത്തി നോക്കി,
അയാൾ : അതിന്    നേരം വെളുത്തില്ലല്ലോ സാറേ.
അയാളുടെ സംസാരം കേട്ട്  ദേഷ്യം വന്ന് ബിജു തറയിൽ ഷൂ കൊണ്ട് ശക്തിയോടെ ചവിട്ടുംബോൾ സുനി ഭയന്ന്  എഴുന്നേൽക്കുന്നു. തലയിൽ  തോർത്ത് കെട്ടിയ പോലീസുകാരൻ തല താഴ്ത്തുന്നു.

കട്ട് റ്റു


സെല്ലിനരികെ തങ്കനും പൊന്നനും ഉറങ്ങുകയാണ്. എമ്മാനുവേൽ ഫോണിൽ ഗൂഗിളിൽ കൊമ്രേഡ് സത്യൻ മുഹമ്മ എന്ന് തിരയുന്നു. പേജിൽ സത്യന്റേയും ലക്ഷ്മിയുടേയും ഒരു മുത്തശ്ശന്റേയും ചിത്രം അവൻ കാണുന്നു. പെട്രോളിംഗിനു പോകാനിറങ്ങുന്ന ബിജുവും സുനിയും ഉറങ്ങാതിരിക്കുന്ന എമ്മാനുവേലിനെ കാണുന്നു

സുനി :എന്താടാ നിനക്ക് ഉറക്കമില്ലേ?
എമ്മാനുവേൽ : ഉറങ്ങുവാ സാറേ..
അവൻ ഫോൺ  പോക്കറ്റിലിട്ട് കാലുകൾ നിവർത്തി ഭിത്തിയിൽ ചാരിയിരുന്നു കണ്ണുകൾ അടച്ചു.
സുനി : ഉം !. ഉറങ്ങിയാൽ നിനക്കു കൊള്ളാം
മൂളി തിരിഞ്ഞ് പുറത്തേക്ക് നടക്കുന്ന സുനിയുടെ പിന്നാലെ നടക്കുന്ന ബിജു എസ്.ഐ യുടെ മുറിയിലേക്ക് നോക്കി,
ബിജു : ശശി സാറേ ഇവാന്മാരുടെമേലേ ഒരു കണ്ണ് വേണേ.
അകത്ത് നിന്നും വായുകോട്ട വിട്ട്,
ശശി : ഓ...
ഉറക്കം നടിച്ചിരുന്ന എമ്മാനുവേൽ ഒരു കണ്ണ് തുറന്ന് ചുറ്റിനും നോക്കുന്നു. പശ്ചാത്തലത്തിൽ ജീപ്പ് സ്റ്റാർട്ടാക്കുന്ന ശബ്ദം.
കട്ട് റ്റു


സീൻ 8 ഈ
രാത്രി
തങ്കന്റെ വീട്
പുറത്ത് ചെറിയ വെളിച്ചം.
തെയ്യാമ്മയുടെ മുറിയിൽ -
മിന്നുന്ന സീരിയൽ വെളിച്ചത്തിൽ ,കട്ടിലിൽ അർദ്ധനഗ്നയായി കിടക്കുന്ന തെയ്യാമ്മയെ നിഴലുപോലെ കാണാം.അവ്യക്ത രൂപം കമഴ്ന്നി കിടക്കുന്ന അവരുടെമുകളിലാണ്.ആ രൂപം മുകളിലേക്കും താഴേക്കും ഉയരുന്നു. വേദനയിൽ ഞരങ്ങുന്ന,
തെയ്യാമ്മ.: എത്ര ചെയ്താലും അവസാനം ഇങ്ങനെ കുത്തി പഴുപ്പിക്കതെ പറ്റില്ലല്ലേ.ഹോ എന്റെ തൊട വേദനിക്കുന്നു.
അടക്കിയ സ്വരത്തിൽ,
അവ്യക്തരൂപം : ഇത് വേറെ ഒരു സുഖാ...
ഹാളിൽ ക്രിസ്തു രൂപത്തിനെ അലങ്കരിച്ചിരിക്കുന്ന സീരിയൽ ലൈറ്റ് ചീറ്റിയണയുന്നു.
കട്ട്.


സീൻ 9

രാവിലെ - ആര്യക്കര പോലീസ് സ്റ്റേഷൻ
സെല്ലിനപ്പുറത്തിട്ടിരിക്കുന്ന ഫയലുകൾ അടങ്ങിയ മേശയും കസേരയും. ചായയുമായി കസേരയിൽ വന്നിരിക്കുന്ന സുനി. ഭിത്തിയുടെ ഒരരികിലിട്ടിരിക്കുന്ന ബഞ്ചിലിരുന്ന് ചായ കുടിക്കുന്ന തങ്കനും പൊന്നനും വിജയനും. വാഷ് റൂമിൽ നിന്ന് മുഖം കഴുകി ടൊവലുകൊണ്ട് തുടച്ച് തങ്കന്റേയും മറ്റും അരികിലെത്തുന്ന എമ്മാനുവേലിന് ബഞ്ചിലിരുന്ന ചായ  എടുത്ത് കൊടുക്കുന്ന,
തങ്കൻ : ദാ. കുടിക്ക്.
എമ്മാനുവേൽ : താങ്ക്യു
അവൻ ചായ വാങ്ങി കൊണ്ട് സുനിയെ നോക്കുന്നു. സുനി എമ്മാനുവേലിനെ തലയാട്ടി വിളീക്കുന്നു.
സുനി : ഇങ്ങോട്ട് വാടാ.
അവൻ പതിയെ ചായയുമായി സുനിക്കരികെയെത്തുന്നു.
എമ്മാനുവേൽ  : എന്താ സാറേ .
കാലിയാക്കിയ ചാ‍യ ഗ്ലാസ്സ് മേശയിൽ വെച്ച്,
സുനി : കേസാക്കിയിട്ടുണ്ട്.  നിന്നെയിറക്കാൻ ആരെങ്കിലും വരുമോ ?
ചുറ്റും നോക്കി ആരും കാണാതെ പോക്കറ്റിൽ നിന്നും ആയിരം രൂപായെടുത്ത് അയാളുടെ ചായ ഗ്ലാസ്സിനടിയിൽ വെച്ച്,
എമ്മാനുവേൽ : അവരിറങ്ങുംബോൾ സൈഡായിട്ട് ഞാൻ പൊയ്ക്കോളാം.
ചുറ്റും നോക്കി   ആ കാശ് പോക്കറ്റിൽ തിരുകി,
സുനി : ഏതായാലും എസ്.ഐ സാർ വരട്ടെ.നീയവിടിരിക്ക്
നന്ദിയോടെ  സുനിയെ നോക്കി,
എമ്മാനുവേൽ : താങ്ക്യു സാറേ   
സുനിയുടെ സംസാരം കേട്ട്,
വിജയൻ   :  എസ്.ഐ സാറ്   റോക്കറ്റ് പോലെ വന്നാൽ മതിയായിരുന്നു.
ദേഷ്യത്തിൽ ചായയുമായി വിജയനരികിലെത്തി,
എമ്മാനുവേൽ : പോലീസ്സ്റ്റേഷനിലാണോ തമാശ.
വിജയൻ : ങേ.. എപ്പോ ?
അതിശയിച്ച്  വിജയൻ കണ്ണുകൾ തള്ളി .
കട്ട്

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ