kallukuti

ഭാഗം 13

സീൻ 20
പകൽ, തങ്കന്റെ വീടിനു പിന്നിലുള്ള പരിസരം.

ഒരു മൺകൂനക്ക് മറവിൽ പറങ്കി മാവിന്റെ തണലിൽ ഇട്ടിരിക്കുന്ന പനമ്പായയിലിരുന്ന് ചീട്ട് കളിക്കുന്ന തങ്കൻ , ബഷീർ ,പൊന്നൻ. എമ്മാനുവേൽ അവരുടെ കളീ മുട്ടുകുത്തി നിന്നു നോക്കുകയാണ്.അവന്റെ നോട്ടം തങ്കന്റെ കയ്യിലാണ്. തങ്കൻ ഒരു ചീട്ട് വലിച്ച് മറ്റൊരു ചീട്ട് കമഴ്ത്തി തന്റെ സെറ്റ് വെക്കുന്നു.

പൊന്നൻ : 12

ബഷീർ : 4

എമ്മാനുവേൽ ഒരു പേപ്പറിൽ അവരുടെ  പേരുകൾ എഴുതി പോയന്റ് എഴുതുന്നു. അടുത്ത വിളംബിനായി തങ്കൻ ബഷീറിന് കൊടുത്ത്,

തങ്കൻ : വിജയനെ കണ്ടില്ലല്ലോ ഇതുവരെ?

ബഷീർ ചീട്ട് കുത്തി വിളംബുന്നു. . ഒരു ബീഡി കത്തിച്ച് ,

പൊന്നൻ : ഞായറാഴ്ചയല്ലേ.നാട്ടുകാരുമൊത്തം ക്യൂവിലുണ്ടാകും.

കട്ട് റ്റു


സീൻ 20 ഏ
പകൽ, ടാറിട്ട റോഡിനോട് ചേർന്നുള്ള  വിദേശ മദ്യ വില്പന ശാല

മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട ക്യൂവും തിരക്കും. 
റോഡിനോട് ചേർന്നുള്ള ഒരു മരത്തിനു താഴെ ബൈക്കിൽ വന്ന് നിൽക്കുന്ന എച്ച്.സി സുനിയും പി.സി.ബിജുകുമാറും. ബിജുവാണ് ബൈക്ക് ഓടിച്ചിരുന്നത്. ബ്രീത് അനലൈസറുമായി സുനി ബൈക്കിൽ നിന്നും ഇറങ്ങുന്നു.ബൈക്ക് സ്റ്റാൻഡിൽ വെച്ച് ബിജുകുമാറും.
ബൈക്കിൽ പോകുന്ന രണ്ടു മൂന്നുപേരെ കൈകാണിച്ച് നിർത്തി ഊതിക്കുന്ന സുനികുമാർ. റിസൾട്ട്. നെഗറ്റീവായതിനാൽ അവരെ പോകാൻ സുനി അനുവദിക്കുന്നു.
മദ്യം വാങ്ങി കുപ്പി കയ്യിൽ പിടിച്ച് പുറത്തു വരുന്ന ബാർബർ വിജയനെ സുനിയും ബിജുകുമാറും കാണുന്നു. കൂളിംഗ് ഗ്ലാസ്സ് വെച്ച് ടെചിംഗ്സ് വാങ്ങിക്കാൻ അടുത്ത കടയിലേക്ക് വരുന്ന വിജയനെ സുനി കൈകാട്ടി വിളിക്കുന്നു. അവരെ കണ്ട് കൂളിംഗ് ഗ്ലാസ് താഴ്ത്തി ഞാനോയെന്ന വിധംകൈകൊണ്ട് ആംഗ്യം കാണിച്ച്  അവരെ നോക്കി ചിരിച്ച് അയാൾ അവർക്കരികിലേക്ക് വന്നു.

വിജയാൻ : എന്നെ വിളിച്ചോ സാർ.

സുനി : നീയെങ്ങനാ വന്നത്.

വിജയൻ : എന്റെ സ്വന്തം ലൂണായിൽ.

സുനി : നീ കള്ളു കുടിച്ചുട്ടുണ്ടോ ?

വിജയൻ : ഉണ്ട് സാർ. ദേ നോക്കിക്കേ

ബലമായി സുനിയിൽ നിന്നും  ബ്രീത്ത് അനലൈസർ വാങ്ങി വിജയൻ  പല വിധത്തിൽ ഊതുന്നു. കീ കീ ശബ്ദം. കേട്ട്,

സുനി : എന്നാ  പോകാം .

വിജയൻ : എന്തിന് ? എങ്ങോട്ട് ?

ബിജുകുമാർ : കള്ളു കുടിച്ച് വണ്ടിയോടിച്ച് വന്നതിന്.

വിജയൻ : അയ്യോ സാറേ ഞാനല്ല ലൂണാ ഓടിച്ചത്.എന്റെ ഫ്രണ്ട് കുട്ടപ്പനാ വണ്ടിയോടിച്ചത്.

 സുനി : ഓഹോ.നീ വിളവെടുക്കുകയാണല്ലേ. നീ വണ്ടിയെടുത്തു കൊണ്ടുവാ.

വിജയൻ : സാറേ മദ്യപിച്ചോണ്ട് വണ്ടിയോടിച്ചാലല്ലേ സാറുമ്മാർക്ക് പിടിക്കാൻ പറ്റു. ഞാനിപ്പോ വരാം.സാറേ. സാറേ സ്റ്റേഷനീന്നെറങ്ങിയിട്ട് രണ്ട് ദിവസം ആയിട്ടില്ല.

സുനി : അറിയാമെടാ. നീ വണ്ടിയെടുത്തോണ്ട് വാ.

വിജയൻ : ഇപ്പ വരാം സാറേ.

വിജയൻ ഒരു ഭാഗത്തേക്ക് നടക്കുന്നു. അവർ റോഡിലൂടെ വരുന്ന രണ്ട് മൂന്നുപേരെകൂടേ ചെക്ക് ചെയ്യുന്നു. വിട്ടയക്കുന്നു.
എന്തോ കണ്ട് ,

ബിജുകുമാർ : സുനി സാറേ. ദാ നോക്കിക്കേ.

പെട്ടി ഓട്ടോയിൽ ലൂണാ കയറ്റി കൂളിംഗ്ലാസ്സ് വെച്ച് അതിൽ ചാരി നിന്ന് സ്റ്റൈലായി വരുന്ന വിജയനെ കാണുന്ന സുനി. ഓട്ടോ ഓടിക്കുന്നത് നല്ല താടിയും മുടിയുമുള്ള ഫ്രീക്കനാണ്. അവർക്കരികിലെത്തുംബോൾ ഓട്ടോയിൽ തട്ടിക്കൊണ്ട്,

വിജയൻ: നിർത്ത് നിർത്ത്....

ഫ്രീക്കൻ ഓട്ടൊ നിർത്തുന്നു.പോലീസുകാരെ നോക്കി ,

വിജയൻ : സാറെ .ദേ ഈ വണ്ടി ഓടിക്കുന്ന മൊതലിനെ കണ്ടൊ. ആ മൊതലിന്റെ താടിയും മുടിയും ഇറക്കിയാൽ 300 രൂപാ കിട്ടും. പെട്ടി ഓട്ടോക്കൂലി 200 രൂപാ കഴിച്ച് 100 രൂപാ മിച്ചം. അത് എനിക്കു  ലാഭം.പോട്ടെ സാറുമ്മാരെ.

ഇവനാളു  കൊള്ളാമല്ലോയെന്ന വിധം നിൽക്കുന്ന പോലീസുകാർ.

വിജയൻ : ആ വണ്ടി പോട്ടെ.

ഫ്രീക്കൻ വണ്ടിയെടുക്കുന്നു. സ്റ്റൈലായി ചിരിച്ച്  പോലീസുകാരെ നോക്കി അകന്നുപോകുന്ന പെട്ടിഓട്ടോയിൽ നിൽക്കുന്ന വിജയൻ. 

കട്ട് റ്റു


സീൻ 20 ബി
പകൽ,  തങ്കന്റ്റെ വീട്

തങ്കന്റെ വീടിനു മുന്നിലുള്ള റോഡിൽ വന്ന് നിൽക്കുന്ന പെട്ടിഓട്ടോയിൽ നിന്നും ചാടിയിറങ്ങുന്ന വിജയൻ  ഫ്രീക്കൻ ഡ്രൈവറോട് ,

വിജയൻ : യേ ബ്രോ ഒന്നു വെയ്റ്റണേ. ഓൺലി ഫൈവ് മിനിട്സ്.

ഫ്രീക്കൻ : ഓക്കെ ബ്രോ.

വിജയൻ അരയിൽ നിന്നും കുപ്പിയെടുത്ത് സ്റ്റൈലിൽ തങ്കന്റെ പറംബിലേക്ക് കയറുന്നു.

കട്ട് റ്റു.


സീൻ 20 സി
പകൽ, 
ചീട്ടുകളി  സ്ഥലം.

മദ്യക്കുപ്പിയുമായി വരുന്ന വിജയനെ കളി ഒരിട നിർത്തി ഏവരും ഉറ്റു നോക്കുന്നു.

വിജയൻ : എന്താ തിരക്ക് അതിനിടക്ക് ഊതിക്കാൻ വേണ്ടി പോലീസു മാമന്മാര്.ഞാൻ പിടി കൊടുക്കുമോ ഞാൻ ആരു  മോൻ.ദാ. എനിക്ക് രണ്ടെണ്ണം ഒഴിച്ചേ.

തങ്കൻ വിജയൻ നീട്ടിയ   കുപ്പി  വാങ്ങി  പൊട്ടിച്ച് ഒരു ഗ്ലാസിൽ മദ്യം കട്ടിക്ക് ഒഴിക്കുന്നുത് പിടിച്ച് മേടിച്ച് വെള്ളം പോലുമില്ലതെ കുടിച്ച്  

വിജയൻ ഒന്നു കൂടി ഒഴിക്ക്.

വെള്ള കുപ്പി നീട്ടി,

തങ്കൻ : ഇച്ചിരി വെള്ളം കുടിക്കെടാ.

വിജയൻ കുപ്പി വാങ്ങി വെള്ളം കുടിച്ച് ,

വിജയൻ : ഒന്നു കൂടി ഒഴിക്ക്. പെട്ടിയോട്ടോ വെയ്റ്റ് ചെയ്യണ്.
പൊന്നൻ : പെട്ടിയോട്ടോയോ.

തങ്കൻ ഗ്ലാസ്സിൽ വീണ്ടും മദ്യം ഒഴിക്കുന്നു.

വിജയൻ : ങാ പോലീസിനെ വെട്ടിച്ച് ഞാൻ ലൂണായും കൊണ്ട് പെട്ടി ഓട്ടോയിൽ പോന്നു. ഊതിച്ചാൽ പതിനായിരം കോടുക്കണ്ടേ.
ബഷീർ :     വിജയാ.നീ ബുദ്ധിമാനാടാ . ബുദ്ധിമാൻ.

ഗ്ലാസ് വാങ്ങി മദ്യം അകത്താക്കി  കയ്യിലിരുന്ന വെള്ളക്കുപ്പിയിൽ നിന്നും വെള്ളം കുടിച്ച്,                     

വിജയൻ : പിന്നെ 9700 ഞാൻ ലാഭിച്ചില്ലേ.

എമ്മാനുവേലിനോട് ,

തങ്കൻ : കർത്താവേ നീ പോയി തെയ്യാമ്മയോട് കുറച്ച് ബീഫ് ഉലത്തിയത് മേടിച്ചോണ്ട് വാ.

എമ്മാനുവേൽ : ങാ.

അവൻ പേപ്പർ താഴെ വെച്ച് എഴുന്നേൽക്കുംബോൾ ബഷീർ അവനെ അത്ര തൃപ്തിയില്ലാതെ നോക്കുന്നു

കട്ട് റ്റു


സീൻ 20 ഡി
തങ്കന്റെ വീട് , അടുക്കളയിൽ-

ബീഫ് ഉലത്തുന്ന തെയ്യാമ്മ അടുക്കളയിലേക്ക്  വരുന്ന എമ്മാനുവേലിനെ കാണുന്നു.

തെയ്യാമ്മ : കളി കഴിഞ്ഞോ.

അവൻ അർത്ഥം വെച്ച് തലയാട്ടി.

എമ്മാനുവേൽ : കളി തുടങ്ങിയിട്ടേയുള്ളൂ...അച്ചായൻ കുറച്ച് ബീഫ് തരാൻ പറഞ്ഞു ടെച്ചിങ്സിനെ.

തെയ്യാമ്മ ബീഫ് പരന്ന തവികൊണ്ടിളക്കി അതിൽ രണ്ടുമൂന്ന് കഷ്ണം ബീഫ് എടുത്ത് ഊതി ചൂടാറ്റി ഒരു കഷ്ണമെടുത്ത് അവന്റെ ചുണ്ടിന് നേരേ നീട്ടി.

തെയ്യാമ്മ : ദാ.വെന്താന്നു നോക്കിക്കേ.

അവൻ തെയ്യാമ്മ  നീട്ടിയ ബീഫ് വായിൽ വെച്ചുകൊണ്ട് അവരുടെ വിരലിൽ കുസൃതിയോടെ കടിക്കുന്നു.

തെയ്യാമ്മ : ഹാ നൊന്തു...ഒരടി തരുംങും.

എമ്മാനുവേൽ : ബീഫ് സൂപ്പറായിട്ടുണ്ട്.

അവർ അവനെ  ഒരു കൈകൊണ്ട് അടിക്കനോങ്ങുംബോൾ അവൻ ഒഴിഞ്ഞു മാറി പറഞ്ഞു. ദ്വയാർതഥത്തിൽ അവനെ തെയ്യാമ്മ നോക്കി.

തെയ്യാമ്മ : അവരുടെ കൂടെക്കൂടി മൂക്കറ്റം കുടിക്കരുത്. തങ്കച്ചായന് തുടങ്ങി കിട്ടിയാൽ മതി. രാത്രിയിൽ ഒരു വെളിവുമുണ്ടാകില്ല.

അവൻ വെരുതെ ചിരിച്ചു.

തെയ്യാമ്മ : ദാ.കൊണ്ട് പോയി കൊടുക്ക് . ടെച്ചിങ്ങില്ലാതെ കരള് വാട്ടണ്ട.... ദേ കർത്താവേ ...ഞാൻ പറഞ്ഞത് കേട്ടല്ലോ.

പ്ലേറ്റിൽ ബീഫ് എടുത്ത് കൊടുത്ത്, തെയ്യാമ്മ അവനെ ഓർമ്മപ്പെടുത്തി.

എമ്മാനുവേൽ : ഓ.. കേട്ടേ.

അവൻ പ്ലേറ്റുമായി പുറത്തേക്ക് ധൃതിയിൽ നടന്നു.

കട്ട് റ്റു


സീൻ 20 ഈ
പകൽ, മണൽക്കൂനക്ക് മറവിലുള്ള സ്ഥലം

പനമ്പായയിലിരുന്ന് തങ്കനും ബഷീറും പൊന്നനും ചീട്ടുകളി നിർത്തി മദ്യപിക്കുകയാണ്. മൂവരുടേയും കയ്യിൽ മദ്യം നിറഞ്ഞ് ഗ്ലാസ്സുണ്ട്. പകുതിയായ ഫുൾബോട്ടിൽ മദ്യക്കുപ്പിയും രണ്ടു കുപ്പി വെള്ളവും ഒരു ഗ്ലാസ്സും,രണ്ട് കുത്ത് ചീട്ടും  പനമ്പായയുടെ നടുവിലുണ്ട്. ബീഫുമായി എമ്മാനുവേൽ അവരുടെ അരികിലെത്തി .

തങ്കൻ : കർത്താവെന്താ വഴിമാറിപ്പോയോ.

ബീഫ് പനമ്പായയിൽ വെച്ച് എമ്മാനുവേൽ തങ്കനിരികെ ഇരുന്നു.

എമ്മാനുവേൽ : ചേച്ചി മെഷിനോ മറ്റോ ആണോ. കറിയാകണ്ടേ അച്ചായാ.

എമ്മനുവേലിന് തെയ്യാമമയോടുള്ള സഹതാപം കണ്ട് ബഷീർ പതിയെ ഒന്നു ചിരിച്ച് കാലി ഗ്ലാസ്സ് കുപ്പിക്കരികിൽ വെച്ച് ഒരു കഷ്ണം ബീഫ് എടുത്ത് വായിലിട്ട് ചവക്കുന്നു. തങ്കനും അതുപോലെ തന്നെ ചെയ്യുന്നു. പൊന്നൻ നാല്  ഗ്ലാസ്സുകളിലും മദ്യം ഓരോ പെഗ്ഗു വീതം ഒഴിച്ച് വെള്ള മൊഴിച്ച് നേർപ്പിച്ച്  നാലാമത്തെ ഗ്ലാസ്സ് എമ്മാനുവേലിനു നീട്ടി. എമ്മാനുവേൽ മനസില്ലാ മനസ്സ് നടിച്ച് മദ്യ ഗ്ലാസ്സ് വാങ്ങി  മദ്യം വലിച്ച്  കുടിച്ച് ഗ്ലാസ്സ് പൊന്നനു തിരികെ നീട്ടി.

എമ്മാനുവേൽ : ഒന്നുടെ.

അവൻ നീട്ടിയ ഗ്ലാസ്സ് വങ്ങി പൊന്നൻ ഒരു പെഗ്ഗ് കൂടി ഒഴിച്ച് വെള്ളം ഒഴിച്ച് നേർപ്പിച്ച് എമ്മാനുവേലിന് നീട്ടി. ബഷീറും തങ്കനും എമ്മാനുവേലിന്റെ മദ്യപാന രീതി അല്പം അതിശയോടെ നോക്കിയിരിക്കുകയാണ്. പൊന്നൻ നീട്ടിയ ഗ്ലാസ്സ് വാങ്ങി പഴയതു പോലെ തന്നെ മദ്യം അകത്താക്കി ഗ്ലാസ് തിരികെ പനംബായിൽ വെച്ച് ഒരു കഷ്ണം ബീഫ് എടുത്ത് രുചിച്ച് ചവച്ചു.

എമ്മാനുവേൽ : ഹാ...പൊളി ടേസ്റ്റ്.

ബഷീർ : തെയ്യാമ്മ ചേച്ചിക്ക് അണ്ടർകട്ടേ ഞാൻ കൊടുക്കത്തൊള്ളു.

എമ്മാനുവേൽ വീണ്ടും ഒരു കഷണം ബീഫ് എടുത്ത് കഴിച്ചു.

എമ്മാനുവേൽ : അണ്ടർ കട്ട് നല്ലതാ.

തങ്കൻ : തെയ്യാമ്മക്ക് ബീഫ് ഫ്രൈ വെക്കാൻ ഒരു കൈപ്പുണ്ണ്യമുണ്ട്.

എമ്മാനുവേൽ :  ബഷീറിക്കാ. നമ്മള് തെക്കോട്ട് പോയാൽ ഇപ്പറയുന്ന ബീഫ് വിശ്വസിച്ച് കഴിക്കൻ പറ്റത്തില്ല .നൈസായിട്ട്  പട്ടിയിറച്ചി കേറ്റി വിടും.

ഒരു കഷ്ണം ബീഫ് കഴിച്ച് പൊന്നൻ നെറ്റി ചുളിച്ച് എമ്മാനുവേലിനെ നോക്കി.

പൊന്നൻ : കർത്താവേ . വെറുതെ വിടുവാ പറയല്ലേ.

ചീട്ട് കുത്തെടുത്ത് ഓരോ ചീട്ട് നാലു പേർക്കും വിളംബുന്നതിനിടയിൽ പൊന്നനുത്തരമായി എമ്മാനുവേൽ നിസ്സരതയോടെ പറഞ്ഞു.

എമ്മാനുവേൽ : സത്യം ചേട്ടാ .ഇനീപ്പോ എന്തിറച്ചിയും   ബീഫിന്റെ കൂടേ നൈസായിട്ട് ചേർത്താൽ ആരെങ്കിലും അറിയുമോ. അറിയുമോ ഇക്കാ?.

ഗ്ലാസ്സെടുത്ത് മദ്യം കുടിച്ചു കൊണ്ടിരുന്ന ബഷീറിനെ തട്ടി എമ്മാനുവേൽ ചോദിച്ചു. മദ്യം കുടിച്ച് തലകുടഞ്ഞ് ബഷിർ അല്പം തീക്ഷണതയോടെ എമ്മാനുവേലിനെ നോക്കി.

ബഷീർ : അങ്ങനെയുള്ള ഒരറാമ്പെറപ്പും  ഞാൻ ചെയ്യില്ല.

എമ്മാനുവേൽ : അല്ല. ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ.

പൊന്നൻ എമ്മാനുവേലിനെ നോക്കി.

പൊന്നൻ : ഒന്ന് കൂടി ഒഴിക്കട്ടെ.

എമ്മാനുവേൽ : കൊറച്ചല്ലേയുള്ളൂ .അതു നാലായിട്ട് ഒഴിച്ച് തീർത്തേക്ക്.

പൊന്നൻ മിച്ചമുണ്ടായിരുന്ന മദ്യം നാലായിട്ട് ഗ്ലാസ്സുകളിൽ ഒഴിക്കുന്നു. എല്ലാവരുടേയും മുന്നിൽ ഓരോ ചീട്ട് കണ്ട് തങ്കൻ എമ്മാനുവേലിനെ നോക്കുന്നു.

തങ്കൻ : കർത്താവെന്തിനാ ഓരോ ചീട്ട് വിളംബി ഇട്ടിരിക്കുന്നത്?.

എമ്മാനുവേൽ : അതൊരു മാജിക്ക് കാണിക്കാനാ. നിങ്ങളാ ചീട്ടിങ്ങു തന്നേ. ഹാ താന്നേ.

അവർ ചീട്ട് എമ്മാനുവേലിനു നൽകി.അതെടുത്ത് അവൻ കുത്തിന്റെ മുകളിൽ വെച്ചു.

തങ്കൻ : അപ്പോ മാജിക്കില്ലെ.

എമ്മാനുവേൽ : മാജിക്കിനു ഒരു മൂടില്ല...ദേ ഞാൻ അടി നിർത്തി.

വെള്ളമൊഴിച്ച് നേർപ്പിച്ച് പൊന്നൻ ഗ്ലാസിൽ വെച്ചിരുന്ന മദ്യം എമ്മാനുവേൽ ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ്സ് കമഴ്ത്തി തങ്കനെ നോക്കി .

എമ്മാനുവേൽ : അപ്പഴേ എന്റെ താമസസ്ഥലത്തിന്റെ കാര്യം എന്തായി .എനിക്ക് എഴുത്ത് തുടങ്ങാനുള്ളതാ.

തങ്കൻ : ങാ ഞാനത് മറന്നു.  (ബഷീറിനെ നോക്കി) ബഷീറേ .  കർത്താവ്നു പറ്റിയ ഒരു ചെറിയ സെറ്റപ്പുള്ള വീട് വേണം  വാടകക്ക്.

പൊന്നൻ : നമ്മുടെ പ്രാന്തൻ തോമ്മാച്ചന്റെ വീട് നോക്കിയാലൊ.

തങ്കൻ : അത് ബഷീറിന്റെ കസ്റ്റഡിയിൽ ത്തന്നെയല്ലേ..അതു നോക്കിയാപ്പോരേ ബഷീറേ.

എമ്മാനുവേൽ : പ്രാന്തൻ  തോമ്മാച്ചനെന്നു പറയുംബോൾ.

പൊന്നൻ : അയാളൊന്നും ജീവിച്ചിരിപ്പില്ലന്നേ.

എമ്മാനുവേലിനോട് പൊന്നൻ നിസ്സരതയിൽ പറഞ്ഞു.

ബഷീർ : നിങ്ങൾ കരുതണപോലെ വലിയ സൌകര്യമൊന്നും ഇല്ലവിടെ. അല്ലെങ്കിൽ തന്നെ സത്യൻ മാഷിനെയല്ലേ അവര്  ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഞാൻ വെല്ലപ്പോഴും അതു തുറന്ന് മാറാല അടിക്കുമെന്നല്ലാതെ...!

തങ്കൻ : കർത്താവേ... നാളെ നമ്മുക്ക് മാഷിനെയൊന്നു പോയി കാണാം.കുറച്ച് ദിവസത്തേക്കല്ലേ വലിയ സൌകര്യമൊന്നും വേണ്ടല്ലോ.

എമ്മാനുവേൽ : മതി അച്ചായാ.

മറ്റ് മൂവരും  ഒരുമിച്ച് ഗ്ലാസ്സെടുത്ത് മദ്യ കഴിക്കുംബോൾ എമ്മാനുവേൽ ചീട്ടിലെ മുകളിലത്തെ നാലു ചീട്ടുകൾ എടുത്ത് ദുരൂഹതയോടെ തന്റെ പോക്കറ്റിലേക്കിടുന്നു.

കട്ട്

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ